

ഒന്ന്
വേദാന്തം
സംശയരോഗിയായ
ഭർത്താവിനോട് അവൾ പറഞ്ഞു:
കാരണങ്ങൾ നിന്നിലാണ്
രണ്ട്
ആനന്ദം
ഇഷ്ടപ്പെട്ട് ചെയ്യുന്ന പ്രവൃത്തി
അദ്ധ്വാനമറിയുന്നില്ല.
ചില കയറ്റങ്ങൾ
കയറിയാലും
കയറിയാലും
മതിവരില്ല.
വിയർത്തൊലിച്ച്
കൂടെക്കിടന്നവൾ
ഉപകാരസ്മരണ പാടും
മിഴികൾ കൊണ്ടവനെ നോക്കുന്നു.
മൂന്ന്
മേക്കപ്പ്
യേശുദാസാണ്
മലയാള സിനിമയിലെ
വലിയ മേക്കപ്പ്മാൻ
കാമുകനടന്മാർ
നമ്മെ പാട്ടിലാക്കിയത്
അയാൾ മേക്കപ്പ് ചെയ്തതിനാൽ.
നാല്
തെറ്റിക്കയറിയ വണ്ടിയിൽ
തെറ്റിക്കയറിയ വണ്ടിയിൽ
ധാരാളം ഇരിപ്പിടങ്ങൾ.
എനിക്ക് പ്രിയതരമായ
ജനലരികിലെ സീറ്റിലിരുന്ന് ഒന്ന് മയങ്ങി
മയക്കം വിട്ടുണർന്ന്‌നോക്കുമ്പോൾ
ഒന്നുകൂടി വർദ്ധിതവേഗത്തിൽ വണ്ടി
എനിക്കിറങ്ങേണ്ട സ്റ്റേഷൻ
പിന്തള്ളി വണ്ടി കുതിക്കുന്നു
അഞ്ച്
എന്തതിശയമേ!
പിന്നീട്
യേശു എഴുന്നേറ്റ്
കാറ്റിനേയും കടലിനേയും ശാസിച്ചു.
എങ്ങും വലിയ ശാന്തത ഉളവായി
ആ മനുഷ്യർ വിസ്മയിച്ചു പറഞ്ഞു:
ഇതെന്തൊരു മനുഷ്യൻ?
കാറ്റും കടലും കൂടി
ഇവനെ അനുസരിക്കുന്നല്ലോ
കൂട്ടത്തിലൊരുവൻ മാത്രം പറഞ്ഞു:
കൊടുങ്കാറ്റിന് ശേഷമുള്ള ശാന്തതയെ
അവൻ അവന്റെ കണക്കിലെഴുതിയതാണ്
ആറ്
പരിഹാസ്യൻ
പരിഹാസപാത്രമായി ജീവിക്കുന്നത്
ഒട്ടും സുഖകരമല്ല
ശത്രുക്കൾ
അവർ കാത്തിരുന്ന ദിവസം
വന്നെത്തിയെന്ന് കണ്ട്
നിങ്ങളുടെ മുന്നിലൂടെ
പല തവണ
വിജയികളെപ്പോലെ
മാറ് വിരിച്ച് കടന്നുപോവും.
മിത്രങ്ങൾ
ഉള്ളിലൂറിയൂറി ചിരിക്കും.
കാരണമറിയാവുന്ന ബന്ധുക്കൾ
എന്തായിരുന്നു കാരണമെന്ന്
കുത്തിക്കുത്തിച്ചോദിക്കും
നിങ്ങൾ തന്നെ അതോർത്ത്
പിൽക്കാലത്തൊരിക്കൽ പൊട്ടിച്ചിരിക്കും.
ബ്രൂട്ടസ്സേ നീയും
എന്ന് നിങ്ങൾ
അത് വരെ വിശ്വസ്തനായി കാണപ്പെട്ട നിങ്ങളോട് ചോദിക്കും.
ഏഴ്
ഒന്നുകൂടി
അസുഖം മാറി
സുഖമാവുമ്പോഴത്തെ സുഖമാണ്
സുഖങ്ങളിൽ വെച്ച്
വലിയ സുഖം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates