മിത്രനീലിമ എഴുതിയ കവിത നീല ചൂണ്ടയില്‍ കോര്‍ത്തു കോര്‍ത്തങ്ങനെ...

Image of Mitra Neelima
Mitra NeelimaSamakalika Malayalam
Updated on
1 min read

പ്പച്ചി മരിച്ച ദിവസം

എന്നത്തേയുംപോലെ

ഒരു സാധാരണ ദിവസംപോലെ തുടങ്ങി.

പക്ഷേ,

പക്ഷികൾക്കും അവയുടെ ചുറ്റുവട്ടത്തിനും

അറിയാമായിരുന്നു

ഇന്ന് വേരൊടുങ്ങുന്നൊരു

ഓർമ

പടരാൻ പോകുന്നു എന്ന്.

കിളി-

അന്നെനിക്ക്

ഉറക്കത്തിൽനിന്ന് പിണങ്ങി

വാതിലിൽത്തതട്ടി നിലത്തുവീണ

ഒരു കിളിയുടെ കരച്ചിൽ കേട്ടപോലെ തോന്നി.

മീനുകൾ-

വീടിന്റെ പിന്നാമ്പുറത്തെ തോട്ടിൽ

ഇന്നലെയുണ്ടായിരുന്ന ചലനം ഇന്നില്ല.

മീനുകൾ വെള്ളത്തിൽ സ്വയം മറന്നു കിടക്കുന്നതുപോലെ.

പകരം

വെള്ളത്തിന്റെ തലത്തിൽ

അപ്പച്ചിയുടെ തുമ്പച്ചിരിയിൽ

വീണൊലിച്ചു പിഴിഞ്ഞൊരാഴ്ചയെ

ഒരു നിറമില്ലാ കാഴ്ചയായി

കാലം പകർത്തുന്നപോലെ തോന്നി.

വാക്ക്, കാലം-

പതിവെന്നപോലെ അടുക്കളയിൽ

ഒരു വാക്ക് പൊട്ടിയെങ്കിലും

അത് ശബ്ദം പരത്തിയില്ല,

പകരം ഒരു പഴയ പാത്രം

താഴെ വീണ ഒച്ചയിൽ

അവിടെയുണ്ടായിരുന്ന

ശൂന്യത ഒറ്റക്ക് നൂറായി

വലിച്ചെറിയപ്പെട്ടു.

അടുക്കളയിൽ

വരണ്ടപൊടിയടിഞ്ഞ

വക്ക് പൊട്ടിയ

അപ്പച്ചി തോരൻ അരിഞ്ഞിരുന്ന

ഒട്ടുമുക്കാലും കൈപ്പണികളെടുത്തു

തേഞ്ഞുപോയ ആ പഴയ ഡസ്‌ക്

അന്നേ രാത്രി പൊട്ടിപ്പൊളിഞ്ഞു.

പൊടുന്നനെ കാലം പൊട്ടി

തകർന്നുപോയപോലെ.

പൂച്ച

ഒറ്റയായ പൂച്ച

പുറകിലെ അര പ്ലേസിൽ കിടപ്പുണ്ട്

പടിഞ്ഞാറേ കാറ്റ് കടന്നുപോകുമ്പോൾ

അവളുടെ കണ്ണുകളിൽ

അപ്പച്ചിയുടെ കയ്യിലെ

നീല ചൂണ്ടകളെപ്പോലെയൊരു തീപ്പുല്ല്!

കിണറ്റിന് സമീപത്തെ തെങ്ങിൻ ചോട്ടിൽ

അപ്പച്ചിയുടെ സ്ലിപ്പറിന്റെ ഒച്ച കേൾക്കുമ്പോൾ

ഒരിക്കൽ തലയുയർത്തിയിരുന്നവൾ,

അടഞ്ഞ വാതിലിനപ്പുറം

തണുത്തു കിടന്നു.

മഴ

മഞ്ഞുപോലെ ഇറങ്ങി,

നിറമില്ലാതെ, ശബ്ദമില്ലാതെ,

അപ്പച്ചിയുടെ ശ്വാസംപോലെ

അന്ന് ആകാശം പൊട്ടിയപോലെ

പച്ചമരങ്ങളുടെ പിറകിൽനിന്നും

വീടിന്റെ നെറുകയിൽ

ചോരപോലെ വീണ മഴവെള്ളം

ഓരോന്നിലേക്കും നടുങ്ങിയിറങ്ങി.

നിലാവ് -

നിലാവ് വിളറി വെളുത്തിരുന്നു.

അപ്പച്ചിയുടെ കവിള് തുടുക്കുമ്പോൾ

കാണാറുണ്ടായിരുന്ന വെളിച്ചം

വിളറിപ്പോയപോലെ

ഓർമയുടെ ഒരു തൂവൽ.

കുയിൽ -

രാത്രി കുയിൽ ഉറക്കെ പാടിയില്ല.

പാടാമെന്ന

തോന്നലുണ്ടായിരുന്നെങ്കിൽ

പോലും

നേർത്ത ആ പാട്ട് മണ്ണിന്റെ ആഴങ്ങളിലേക്കാണ് പോയത്.

മണ്ണതു കേട്ടു,

നിലാവ് നൊന്തു,

അന്ന് അപ്പച്ചിയോടൊപ്പം

ഒരുപാട് ചെറുചിലമ്പലുകൾ കൂടി

പോയതുപോലെ.

അവസാനം-

അപ്പച്ചി പോയത് മരണത്തിലേക്കല്ല,

ഓർമയുടെ നിഴലിലേക്ക്

ആയിരുന്നു.

അവർ ഒറ്റപ്പെട്ട പൂച്ചയുടെ

പുഞ്ചിരിയിലും

മഴയുടെ ശീതളതയിലും

തോട്ടിലെ കാൽനിഴലിലും

ഇനിയുമുണ്ട്.

അവർ പോയെന്നു തോന്നിപ്പിക്കുമെങ്കിലും

പോകുന്നില്ല.

നോക്കൂ

ഒറ്റക്കായി പോവുന്ന

പെണ്ണുങ്ങൾ

വീട് വിടുമ്പോൾ

ആകാശം വരെ

പിറകെ നടക്കുന്നത്!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com