എം.പി. അനസ് എഴുതിയ കവിത ആനത്താര
അന്നു നാടറിഞ്ഞ മട്ടിൽ
ആനകൾ രണ്ടാണെടോ
ഒറ്റയാനൊരു ജന്മിയവനുടെ
മാളികപ്പുര ചേർന്നെടോ
മാളികപ്പുര മണ്ണിലേറെ
പടർപ്പു പുല്ലുകൾ, കാടുകൾ,
വാവുപോലെ ഇരുണ്ടുകൂടും
വൻമരങ്ങൾ, പനകളും
ഇരുട്ടതാലെയുടുത്ത രണ്ടു
പാറകൾ പോലന്നെടോ
കാടതൊന്നിലെന്നപോലെ
മറഞ്ഞുനിൽക്കുകയായെടോ
കാടറിഞ്ഞു പാകമാകും
വൻമരം വലിയാണെടോ
കാവിലുള്ളോരുത്സവത്തിന്
വരവ് കൂടാനുണ്ടെടോ
ആണ്ടുനാളിൽ, പെട്ടിയേറ്റി,
നടകൾ കൂടുകയായെടോ
കാരിരുമ്പു വിലങ്ങതൊന്നിൻ
നോവു തിന്നുകയാണെടോ
മദമുറങ്ങാൻ ജന്മിയവനുടെ
മൂർച്ച നോട്ടം മതിയെടോ
ആരുമറിയാത്താനയുളളിൽ,
മെരുങ്ങിനിൽക്കുകയാണെടോ
ആരുമവരെന്നായുണർന്നാൽ,
ആരു തടയാനെന്നെടോ
മെരുങ്ങിയുള്ള നിൽപ്പതെല്ലാം
ഒരു കുതിപ്പിൽ തീർന്നെടോ
അകമെയന്നൊരു കാടിളക്കം,
ആരവങ്ങളുയർന്നെടോ
ആനപോലെ ആന വന്നു
ശിരസ്സുയുർത്തി നിൽപ്പെടോ
വരവ്, പെട്ടി, ജന്മിയവനും
കെട്ടിലാവുകയാണെടോ
കാടകമിൽ ചെന്നു കൂടും
മറവ് നീങ്ങുകയായെടോ.
പുഴ കടന്നും മല കടന്നും
മുകിലുപോലെയാണെടോ
വഴി മറന്നു നടന്ന പഥികർ
വഴിയിലെന്നതുപോലെടോ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

