

മണൽ വാരാൻ താഴുമ്പോൾ
മനസ്സു വാരുന്നവളെ
ഓർക്കുന്നു
സുബൈർ
മൂന്നരമിനിറ്റും
ശ്വാസത്തിൽ
അവളെ
നിറച്ചുവയ്ക്കുന്നു
പുല്ലൂറ്റുപുഴയുടെ
അടിത്തട്ടിൽ
പരൽമീനുകൾ
പുളഞ്ഞുവന്ന്
ഓളെയോർമിപ്പിച്ച്
സുബൈറിന്റെ ചുണ്ടുകളെ
പ്രാണായാമം പഠിപ്പിക്കുന്നു
എന്നിട്ടും
കൈവിട്ടുപോകുമെന്നറിയുമ്പോൾ
അഞ്ചിൽ
ബഷീറിന്റെ പ്രേമലേഖനം
തെറ്റി വായിച്ചതിന്
കുമാരൻമാഷിന്റെ
ചൂരൽച്ചൂട് കുറയ്ക്കാൻ
ശ്വാസം പിടിച്ച് നിന്നത്
തുണയാകുന്നു സുബൈറിന്
ഉപ്പ കക്ക വാരിയ
കായലുകളുടെ നിശ്വാസം
ചങ്കിൽ പ്രാണൻ പകരുന്നു
സുബൈറിന്
കക്കയം ക്യാമ്പിൽ
ശ്വാസംമുട്ടിച്ച്
ഉപ്പയെ
ഗരുഡൻ തൂക്കിയതിന്റെ
തലകറക്കത്തിൽ
വാരുന്നു വാരുന്നു
പത്തിൽ ജയിച്ചിട്ടും
മുങ്ങാങ്കുഴിയിടുന്ന
എന്റെ മുഹമ്മദ് സുബൈർ
മാർത്തോമാ നഗറിലെ
ഒറ്റമുറിവീട്ടിൽ
വരാൽ വറുത്തരച്ച്
കുടംപുളിയിട്ട ചെമ്മീനിൽ മുക്കി
ഉമ്മയെ ചോറൂട്ടുമ്പോൾ
കടലിനോളം വിസ്തൃതിയിൽ
പഴനെഞ്ചിൽനിന്ന്
ആസ്മയുടെ കിളികൾ
പറന്നുപോകുന്നു
രാത്രിയിൽ
പതിവുപോലെ അന്നും
സുബൈർ വിറ്റ മണൽക്കൂനകൾ
മത്സ്യകന്യകകൾ
പുഴയിലേയ്ക്ക്
തിരികെ നിക്ഷേപിക്കുന്നു
എന്റെ,
അല്ല
ഞങ്ങളുടെ സുബൈർ
കുറ്റവിമുക്തനാകുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates