

1
എത്രയാണ്
മാതളമരത്തിനും ജനാലയ്ക്കുമിടക്കുള്ള ദൂരം?
ഉറക്കിച്ചെരിച്ചുനിർത്തിയ ബൈക്കിൽച്ചാരി
ഞാൻ നിൽക്കുന്നു
എന്റെ വസ്ത്രവും
പൂശിയ സുഗന്ധവും പുതിയത്.
2
മാതളമരം
ഇതേപോലെ കായ്ച്ചുനിന്ന
പോയകാലത്ത്
നീ മലമുകളിലും
ഞാൻ താഴ്വരയിലും ആയിരുന്നു.
അന്നെന്റെ ചാരത്ത്
വെള്ളക്കുതിര.
അന്നെത്ര ദൂരം
മലയ്ക്കും മാതളമരത്തിനും ഇടയിൽ?
വനപുഷ്പത്തിന്റെ സുഗന്ധം
നിന്റെ ഓർമയ്ക്ക്.
3
വിലാപത്തിന്റെ
വിരുദ്ധ ദൂരങ്ങളിൽ നിന്നപ്പോൾ
ഇടയിൽ തളം കെട്ടിയത്
എത്ര ജലകാലം?
നിറഞ്ഞു കായ്ച്ച്
അന്നും അരികത്തുണ്ടായിരുന്നു
മാതളമരം.
മിടിച്ചും നിലച്ചും നിഷ്ഫല സമയം
ശൂന്യതയിലേക്കു പോകുമ്പോൾ
ഒരേ നിൽപ്പിൽ
പേരും രൂപവും മാറ്റാനാവാതെ
4
ഞാൻ
ചില്ലയിൽനിന്ന്
നിറംപകച്ച ഒരു പഴം പറിച്ചു
അതുപിളർന്ന്
രക്തത്തുള്ളികൾ രുചിച്ചു
മാതളത്തിന്റെ ഉടലിലും
ഇലകളിലും കൈ തുടച്ചു.
നൂറ്റാണ്ടുകൾക്കിപ്പുറത്തുള്ള
ചെരിച്ചുനിർത്തിയ
എന്റെ അതിവേഗബൈക്ക്
നിന്റെ ജനാലയെ
എന്റെ അരികിലെത്തിക്കും
എന്നു മോഹിച്ചു.
5
വ്യർത്ഥതയെ വിട്ടുപോകാൻ
ആരോ നിർബന്ധിക്കുന്നതുപോലെ
ഒരിക്കലും
നീ അവളുടെ
നിഴലിനെപ്പോലും കാണില്ലെന്ന്
ആരോ ശപിക്കുന്നതുപോലെ
ചുറ്റും ചുവരുകളില്ലാത്ത
ഒരു ജനാലയുടെ തുറന്ന കിടപ്പിനെ
കാറ്റ് വലിച്ചടക്കുന്നത്
മകനേ
നിന്റെ കണ്ണുകൾ കാണണ്ട
എന്ന്
അമ്മയുടെ ശബ്ദത്തിൽ
ആരോ നിലവിളിക്കുന്നതുപോലെ
6
ഞാൻ അവൻ തന്നെ
സമുദ്രനീലത്തിൽ നിന്നെ വരച്ചവൻ
ഇപ്പോൾ ചുളിഞ്ഞ വിരലുകളും
എന്നാൽ,
മരിക്കാത്ത കണ്ണുകളും
പ്രണയവുമുള്ള വൃദ്ധൻ
കണ്ണാടിയിൽനിന്ന് അയാൾ
നിന്റെ പേരിൽ എന്നോടു കയർക്കുന്നു
സ്വയം നിറയൊഴിച്ചൊഴിച്ച്
ഓരോ നരകവും കണ്ട്
തീരാറായി അയാളുടെ യുദ്ധം.
അപഹരിക്കപ്പെട്ട എന്റെ രൂപത്തിൽ
അയാൾ
ഒരു ദിവസം നിന്നെ തിരഞ്ഞുവരും
7
നിന്റെ മട്ടുപ്പാവിലിറങ്ങാൻ
എന്റെ മോട്ടോർ ബൈക്കിന്
കുതിരവെളുപ്പുള്ള
ചിറകുകൾ വേണം.
ബൈക്കിന്റെ ചക്രവേഗം
ചത്തകുതിരയുടെ മുടന്ത്.
8
നിൽപ്പിൽനിന്നു സ്വതന്ത്രനാവാതെ
ഞാനെങ്ങനെ നിന്റെ ജനാലയിക്കലെത്തും?
വെള്ളക്കുതിരയെ
ബൈക്കാക്കി മാറ്റിയ ചിത്രകാരൻ
തൊടാതെ നിർത്തി
മാതളമരത്തിനെ
എന്നെ
ജനാലയ്ക്കൽ നിന്നെയും.
9
ചിറകുമുളപ്പിക്കാനറിവുള്ള വിരലുകൾ
ചരിത്രത്തെ അസംബന്ധമാക്കി
അവ
നൂറ്റാണ്ടുകളുടെ പഴക്കത്താൽ
നനവറ്റ മണ്ണിലേക്ക്
പൊടിഞ്ഞുപാറി.
വേഗം വരിക്കാനാവാത്ത
കറുത്ത ബൈക്കിനെ
വരൾച്ചയിൽ തനിച്ചാക്കി
ഇനിയുള്ള കാലവും നമ്മൾ
ചലനമറ്റവരായി
ചിത്രത്തിൽ നിൽക്കേണ്ടവർ
10
ഞാൻ നിന്നിലേക്കെത്തുന്ന നിമിഷം
മറ്റെല്ലാം ഇല്ലാതാകും
മാതളമരം അതിന്റെ
ആദിമ വനപ്രദേശത്തേക്കു പോകും
നിന്ന നിൽപ്പിൽ
ഒറ്റ നിമിഷംകൊണ്ട്
മോട്ടോർ ബൈക്ക് തുരുമ്പിച്ചു മണ്ണാകും
ശൂന്യത മാത്രം വിട്ടുപോകാതെ
കാൻവാസിൽ പറ്റിനിൽക്കും
മഞ്ഞുപുതച്ച മലയുടെ നിരവത്തേക്ക്
നക്ഷത്രങ്ങൾ ഇമചിമ്മാതെ നോക്കും
11
നമുക്കറിഞ്ഞുകൂട
ആദ്യമായി നമ്മെ വരച്ച
ചിത്രകാരന്റെ പേര്.
കുതിരയും മാതളമരവും നീയും
നിശ്ശബ്ദരായിരുന്നപ്പൊഴും
ജീവനുള്ള ഒരാളെപ്പോലെ
ഞാൻ സംസാരിച്ചു.
എല്ലാം നീ കേട്ടു,
വിശ്വസിച്ചു.
തീർച്ചയായും
ശൂന്യമായ കാൻവാസിനു പുറത്ത്
ചായങ്ങൾ പുരണ്ട നമ്മൾ ഒന്നാകുന്നു
ഇപ്പോൾ
യുഗങ്ങൾക്കുമേൽ
വാശിയോടെ പെയ്യുന്ന
ഈ മഴയിൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates