രേഖ ആര്‍. താങ്കള്‍ എഴുതിയ കവിത- തെന്നിവീഴല്‍

Illustration
ചിത്രീകരണംസചീന്ദ്രന്‍ കാറഡുക്ക
Updated on: 

ഉച്ചസൂര്യനീമച്ചകത്തട്ടിന്റെ ഉച്ചിയേറി ചിരിച്ചുനിൽക്കുമ്പൊഴും

അമ്മയ്‌ക്കെന്തൊരു പേടിയാ കാലടി വയ്‌പിലിപ്പൊഴും!

മക്കൾ ചിരിക്കുന്നു

വാക്കുപൂക്കുന്ന ചില്ലമേലൊറ്റയ്ക്ക്

പേക്കിനാവിനെ ധ്യാനിച്ചുനിൽക്കവേ

മിണ്ടുവാൻ

മറന്നൊറ്റയ്ക്കിതെന്തിന്?

എന്നു കൂട്ടുകാർ കുറ്റപ്പെടുത്തുന്നു.

പിച്ചവെച്ച നാൾവേച്ചുപോയ് വീണപോൽ

ഇപ്പൊഴും കഷ്ടം തെന്നുന്നു മാനസം

ചെന്നുവീഴുന്നു വാക്കിന്റെ തിട്ടയിൽ

അറ്റം കൂർത്തൊരു നോക്കിന്റെ മൂർച്ചയിൽ

കട്ടയായിട്ടിരുട്ടുകുത്തിപ്പണി-

ഞ്ഞൊറ്റ രാവായി മാറിയ ഭൂലോക-

ത്തിണ്ണമേലരകല്ലിലിടംവലം കത്തിവായ്ത്തല രാകുന്ന ഒച്ചയിൽ

മർത്ത്യബോധത്തളിർപ്പിൽ നിരന്തരം

പുഞ്ചിരിക്കുന്ന പൂത്ത കിനാക്കളാൽ

സൃഷ്ടിവൈഭവസാക്ഷികൾ, സ്ഥാവര

ജംഗമങ്ങളെ ഭസ്മീകരിക്കുമ്പോൾ

അഗ്‌നിമോന്തി പുകഞ്ഞുതീരുന്നതും

എണ്ണകൊണ്ടു മുറിഞ്ഞുപോകുന്നതും

ഒറ്റ വീർപ്പിന്മേലൊന്നാശ്വസിക്കുവാൻ

പോലുമാകാതെ പൊട്ടിത്തെറിപ്പതും

കണ്ടു മോങ്ങിക്കരയുന്നു ജീവിതം

കെട്ടിയിട്ടതിൻ ചുറ്റിലും ഞൊണ്ടിയായ്

കെട്ടുപൊട്ടിച്ചു പായവേ ടോറസിൻ

കീഴെയെന്നതുപോലെയരയുന്നു

എത്ര മോന്തിലും പോരാതെ ചോരയിൽ

ആർത്തി മൂത്ത ശവഘോഷ നൃത്തങ്ങൾ

കോപ്പുകൂട്ടുന്ന കേൾക്കവേ

ജീവന്റെ

ആദിബോധത്തിൽ ആണവസ്‌ഫോടനം

മങ്ങിമൂടുന്നു കാഴ്ചകൾ, പാതത -

ന്നോരമാകെ കബന്ധപ്പിടപ്പുകൾ

കാറ്റിലാകെപ്പരക്കും കുടിലത

ചീഞ്ഞമുട്ടപോൽ നാറുന്നു ചുറ്റിലും

ആവതെങ്ങനെ? തെന്നാതിരിക്കുവാൻ

ഉള്ളുപൊള്ളിക്കുടിരാതിരിക്കുവാൻ

സൂക്ഷ്മമാം ചുവടെങ്കിലും പിന്നെയും

തെന്നിവീഴുവാൻ തന്നെയീ ജീവിതം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER