രേഷ്‌മ സി. എഴുതിയ കവിത അനെഡോണിയ

Illustration
ചിത്രീകരണംസചീന്ദ്രന്‍ കാറഡുക്ക
Updated on

ഒരു ദിവസം

പെണ്‍കുട്ടിയുടെ ദൈവത്തിന്

സൃഷ്ടികര്‍മത്തിലടക്കം

സര്‍വതിലും

താല്പര്യം നഷ്ടപ്പെട്ടു.

അവള്‍ക്ക് വായിക്കാന്‍ വേണ്ടി

എഴുതിക്കൊണ്ടിരുന്ന കവിതാപുസ്തകം

പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു.

അവള്‍ക്ക് ഉറങ്ങാന്‍ വേണ്ടി

പറഞ്ഞുകൊണ്ടിരുന്ന കഥകളില്‍

വഴിത്തിരിവുകള്‍ ഇല്ലാതെയായി.

രണ്ട് വിദൂരരാജ്യങ്ങളില്‍

ഒരേ ദിവസം ജനിച്ച

ഇരട്ടക്കുട്ടികളെക്കുറിച്ചുള്ള സിനിമ

അസാധ്യമാംവിധം

വിരസമായി അവസാനിച്ചു.

ദീര്‍ഘദൂരബസ്സുകളില്‍

കേള്‍ക്കാനുണ്ടായ

പാട്ടുകളുടെ പല്ലവികള്‍

പലവിധമായി.

സൂര്യകാന്തികളുടേയും

ബദാംപൂക്കളുടേയും ചിത്രങ്ങള്‍

കട്ടിലിനെതിരെ

ആരുടേയും നോട്ടമെത്താതെ

പൊടിപിടിച്ചുതുടങ്ങി.

അലങ്കോലമായതിനാല്‍

അലങ്കരിക്കേണ്ടിയിരുന്ന ഉടല്‍

അതിവിരൂപമായി.

അനാദികാലം മുതല്‍

അടിമുടി തരിപ്പിച്ച

അനുരാഗത്തിന്റെ നിഴല്‍

അകന്നുതുടങ്ങി.

നിലയില്ലാത്ത ലോകത്തിന്റെ

ദയയില്ലാത്ത നടപ്പുകള്‍

കണ്ണില്‍ പിടിക്കാതെയായി.

വിഷാദത്തിന്റെ ചിറകിനടിയില്‍

ഉല്‍ക്കണ്ഠയുടെ കുഞ്ഞ്

സുരക്ഷിതമായി വളര്‍ന്നു.

ആഘാതങ്ങളുടെ തൊഴുത്തില്‍

ആത്മനിന്ദയുടെ കിടാവ്

നിലാവ് തിന്ന് കൊഴുത്തു.

നിര്‍മമതയുടെ ദൈവമേ,

ഇരുള്‍ മൂടുമ്പോള്‍ ഉറങ്ങാനും

വെയിലടിക്കുമ്പോള്‍ ഉണരാനും

ഉയിര്‍ കൊടുക്കണമേ.

നിസ്സഹായതയുടെ ദൈവമേ,

സങ്കടം വരുമ്പോള്‍

ജലച്ചായ ചിത്രങ്ങള്‍ വരയാനും

ആവശ്യത്തിന്റെ കാലത്ത്

ആഹാരമുണ്ടാക്കാനും

ആവതുണ്ടാക്കണമേ.

നിര്‍വികാരതയുടെ ദൈവമേ,

അകമുറികളില്‍

അകപ്പെട്ടുപോയവളെ

അഭാവങ്ങളില്‍

അപൂര്‍ണതയുടെ

ആനന്ദം കൊണ്ടെങ്കിലും

അനുഗ്രഹിക്കേണമേ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com