

1
ട്രൗസറിൽ പിടികൂടി
പിടിച്ചിഴച്ച്
മതിലിനപ്പുറം
കൊണ്ടുപോകുന്നത്
കണ്ടതാണ്.
ഒരു
കയറുമായയാൾ
പോയതാണ്
പാമ്പിൻ വാലായ്
കയറിനറ്റം
മതിൽ മറഞ്ഞു
കിടക്കുന്നുണ്ട്.
2
ഒറാങ്ങ് ഒട്ടാങ്ങിന്റെ മുഖമുള്ള ഗുഹ
റ എന്നോ ഋ എന്നോ
ഉറപ്പില്ലാത്തൊരാകൃതിയിൽ
വാ തുറക്കുന്നു
ദേഹം നിറയെ
അമ്മിഞ്ഞകൾ ഉള്ള ഒട്ടാങ്ങ്
വാതിൽക്കലേക്ക്
വന്നു
ദീർഘചിഹ്നംപോലെ വളഞ്ഞ്
വയറു തുറന്ന്
ഛർദിക്കുന്നു
ഒരു കടലിനെ!
3
വെള്ളത്തിൽ
കറുത്ത പോത്തിൻ തല മാത്രം
നീന്തുന്നു
ഉടലെങ്ങോ?
അതുവാതുറക്കുന്നു
ഒരു കടൽച്ചുഴി
കോടി മീനിനെ
വിഴുങ്ങുന്നത്
പിന്നെയും
തുറക്കുന്നു
വാ
ഒരു
പെരും വെൺവല
അതു
നിവർന്നു വിരിയുന്നു
നിറയെ
കൊരുത്ത
മീനുമായ്!
4
വെള്ളത്തിനടിയിൽ
തെളിയുന്ന വേരിൽ
കായ് പോലൊരു
കണ്ണ്
അതടർന്നുവീഴുന്നു
വാപിളർന്നൊരു മീൻ വന്ന്
‘പ്ലം’ എന്നു കപ്പുന്നു.
മീൻവാൽ
ഒരു വിശറി!
അതു വീശുന്നു
ചുറ്റും തെറിക്കുന്നു
തുള്ളികൾ
പിന്നെയതു മായുന്നു
5
വെള്ളപ്പരപ്പിൽ
പൊങ്ങുന്നു
വെള്ളനിറത്തിൽ
ഒരാടിന്റെ തല മാത്രം
വേരിൽ കുടുങ്ങിപ്പഴകി
പിന്നിയ വർണത്തുണി
നീണ്ട് നിവർന്നൊഴുകി
അകലും പോലെ
അറ്റൊഴുകി മായുന്നു
അതിന്റെ
നീൾ നാക്ക്
പരൽക്കൂട്ടങ്ങൾ
പായുന്നു
ആട്ടിൻ തല മായുന്നു
വെളുത്തരോമങ്ങൾ
വെള്ളപ്പരപ്പിൽ
പൊടിമീൻ
കൂട്ടമായ് പൊങ്ങുന്നു!
6
അടിയിൽ
അതിന്
കാലുകൾ
ഇല്ല
ചക്രങ്ങൾ ഇല്ല
അത്
വെള്ളത്തിനുമുകളിലൂടെ
നീങ്ങുന്നു.
അതിനടിയിൽ
ഊർന്നുവീഴുന്ന
ആണികൾപോലെ
മീനുകൾ
ചലിക്കുന്നു.
പെട്ടെന്നതു
വാതുറക്കുന്നു.
ഇറക്കത്തിലിരുവശങ്ങളിലും
നിരന്ന
കൈവരിത്തൂൺ പോലെ
ആണികൾ
കൂർത്തത്.
7
കരിമ്പനീച്ചകളാർക്കും
ജ്യൂസുകടയിൽ
ഓർക്കാപ്പുറത്ത്
നിശാശലഭം
പറന്നുപറ്റിയത്
അടർന്നുമാറാതെ
ഇരിക്കുമ്പോലുള്ള
ചെമ്പുനിറ
ചുണ്ടുമായി
ഒരു
പെൺകുട്ടി!
ചുണ്ടിനു നേരേ
പറക്കുന്നു ഈച്ചകൾ !
8
ഇഴയാനാവാതെ
കിടക്കുന്നു
റോഡിനോടു ചേർന്നുള്ള
നീണ്ട നടവഴിയിൽ
നീണ്ട വാലില്ല
പുറത്തേക്കു നീളുന്ന
നാക്കിന്
പിളർപ്പില്ല
നടക്കുമാളുകൾ
ഒന്നു മാറി
ഒന്നു നോക്കി
വിട്ടുപോകുന്നു.
പാതി തുറന്ന കണ്ണിലൂടെ
അറിയുന്നു
കഴുത്തിൽ കയറു ചുറ്റുന്നത്
കാലും കൊണ്ട് തൊഴിച്ച്
എഴുന്നേല്പിക്കുന്നത്.
നാലുകാലിൽ
അയാൾക്കൊപ്പം
നടക്കുന്നത്.
ദേഹമാകെ
മൺനിറ രോമം
കിളിർക്കുന്നത്.
അപ്പോഴും തിരയുന്നു മുന്നേ അയാൾക്കൊപ്പം പോയ പയ്യനെ!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates