സ്വാമിദാസ് എഴുതിയ കവിത പെണ്ണത്തിയമ്മാൾ
പെണ്ണെത്തിയമ്മാളിന്റെ
അടുക്കളപ്പാത്രങ്ങൾ
വീണുപിടയുന്ന ശബ്ദംകേട്ട്
ഞാന്നെന്നുമുണരുക പതിവായി.
അതുപോലൊരു പുലർച്ചെ,
ന്യൂട്ടെല്ല പുരട്ടിയ
ഉണക്കചപ്പാത്തിയും തിന്ന്,
ധൃതിയിൽ
രണ്ട് ബക്കറ്റ് കിണർ വെള്ളം
തലയിലൊഴിച്ചപ്പോൾ
ഇന്നലെ, അഴുക്കുപറ്റിക്കിടന്ന ഓർമകൾ
മിന്നിത്തിളങ്ങി.
പഴകിയഴിച്ചിട്ട ഉടുപ്പുകൾ
പ്ലാസ്റ്റിക് കൊട്ടയിൽ കിടന്ന്
റ്റാ...റ്റാ... അടിച്ചു.
മച്ചിൻമോളിലെ
താരാട്ട്പല്ലി
‘ഷർട്ടിൻ ചെയ്യൂ’എന്ന്
ഇഷ്ടമറിയിച്ചു.
നേരെതാഴോട്ടിറങ്ങി
അമ്പലത്തിലെ പാട്ടുംകേട്ട്
നടക്കുന്നേരം
പിന്നിൽനിന്നൊരു
ചൂളംവിളി!
എന്നും കാണാറുള്ള
മൂർഖനാകും എന്നു കരുതി
തിരിഞ്ഞുനോക്കി.
അയൽവീട്ടിലെ
പെണ്ണെത്തിയമ്മാളിന്റെ ജാരൻ!
പൊക്കൊ... പൊക്കോ...
എന്നയാൾ കണ്ണിറുക്കി.
ഇന്നലെ
പെണ്ണെത്തിയമ്മാളും
ടുബാക്കോ കച്ചവടക്കാരൻ
ഷേണായണ്ണനും
പതിവിലും നേരത്തെ
വിളക്കണച്ചപ്പോൾ
ജാരന്റെ ആൻഡ്രോയിഡ് ലൈറ്റ്
റെയിൽവേ ട്രാക്കും കടന്ന്
പെണ്ണെത്തിയമ്മാളിന്റെ
അടുക്കള വാതിൽവരെ ചെല്ലുന്നത്
ഞാൻ കണ്ടുകൊണ്ട് നിന്നത്
ജാരനും കണ്ടതാ.
“പോയിക്കിടന്നുറങ്ങിക്കോ”യെന്ന്
മൊബൈൽ ടോർച്ചുയർത്തി
അയാളെനിക്ക് സിഗ്‌നൽ തന്നതാ...
ഞാൻ മൂത്രമൊഴിച്ച്
വിളക്കൂതി
കിടന്നുറങ്ങി.
ഇറക്കം കഴിഞ്ഞ്
റോഡെത്തും മുന്‍പേ
പിന്നിൽനിന്നും
വീണ്ടുമൊരു ചൂളംവിളി.
സാധാരണകാണാറുള്ള
മൂർഖനാ...
കൂടെയൊരു നീർക്കോലിയുമുണ്ട്!
പറഞ്ഞും ചിരിച്ചും അവർ
കിഴക്കോട്ടിഴഞ്ഞ് പോയി.
ജീവിച്ചോടിപ്പോയ അനേകം ഒച്ചകൾ
ചീവീടുകളുടെ കൂട്ടത്തിൽ
കരയുന്നത് കേൾക്കാം.
ആൽമരവും കടന്ന്
റയിൽവേ ട്രാക്കിലൂടെ നടക്കുമ്പോൾ
പരപ്പനങ്ങാടിയും കടന്നുവരുന്ന
തീവണ്ടി പോകുന്നുണ്ടായിരുന്നു.
മിണ്ടാനാരുമില്ലാത്ത കാലങ്ങളിൽ
തീവണ്ടിശബ്ദം
അനുരാഗഗാനം പൊഴിക്കുമായിരുന്നു.
അതിലിരുന്ന്
ഏതോയാത്രക്കാരി
എനിക്ക് പുഞ്ചിരിയിട്ട് തരുമായിരുന്നു.
നാളത്തെമഴക്ക്
കുടയെവിടെ എന്ന സംശയം
ഭാവിച്ച്
വയൽവരമ്പിലെ പുൽത്തണ്ടൊടിച്ച്
വിരലുകൾക്കിടയിലിട്ടൊടിച്ച്
ഞെരിക്കുമ്പോൾ
പിന്നിൽനിന്ന്
വീണ്ടുമൊരു ചൂളംവിളി
തെക്കോട്ട് പായുന്ന
തീവണ്ടിയായിരുന്നു.
പെണ്ണെത്തിയമ്മാളിന്റെ
ഉടലും തലയും
വെവ്വേറെയാക്കി
അതോടുന്നതായിരുന്നു.
മറന്നുവെച്ച കുടകൾ
മഴവില്ലിന് കീഴെയെവിടെയോ
വിടർന്ന് നിൽപ്പുണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

