

തീവണ്ടിയാപ്പീസി-
ല,തിരാവിലെ ഞാനു-
മവളും മകനും
ഓണാവധി കഴിഞ്ഞു,
താമസിച്ചു പഠിക്കുന്ന
സ്കൂളിലേക്കവനു
തിരിച്ചുപോകാറായ്
ചാരുബഞ്ചിൽ ഞങ്ങൾ മൂവരും
നടുക്ക,വൻ, വദനം വിഷാദഭരിതം
എങ്ങു കളഞ്ഞുപോയ്
അവന്റെയുത്സാഹം!
ഇന്നലെവരെ, പൂത്ത കൊന്ന-
പോൽ നിന്നോൻ
പനിപോലെ പകരുമോ വിഷാദവും?
ചെറുചൂടിനാൽ വിളറുന്നൂ പുലരി!
മേലെ, കിഴക്കു ദിക്കിൽ
ഏതൊരു പുഞ്ചിരിപ്പയ്യൻ!
കണ്ണു മഞ്ഞളിച്ചിട്ടു വയ്യ!
തഞ്ചത്തിൽ കണ്ണാടിയിളക്കി വെളിച്ചം
മുഖത്തെറിഞ്ഞു രസിക്കുന്ന,വൻ
ഓ... അവന്റെയാ മടുക്കാകുസൃതി
ആഹ്..! വെള്ളിത്തെളിവാർന്ന വാനം
പലജാതിയിൽ പക്ഷികൾ
പലപാട് ചിറകു നിവർത്തുന്ന,വിടെ,
വിരിയുന്നൂ ഓരോ ചിറകിൻതുമ്പിലും
അവര,വരുടെ ആകാശം
എന്തൊരാശ്ചര്യ,മാനന്ദ-
ലോകമവരുടെ!
മകനെന്തേ കണ്ണെടുക്കാതെ, ആ
പറവകളിൽത്തന്നെ-
യെന്നു ഞാൻ ചിന്തിക്കെ
പതിഞ്ഞമട്ടിലവൻ പറയുന്നു:
“പക്ഷികൾക്കൊക്കെ എന്തൊരു സുഖാണ്!
സ്കൂളിലും പോകണ്ട, പരീക്ഷകളുമില്ല,
ആരേം പേടിക്കാതെ, സന്തോഷമായി-
ട്ടങ്ങനെ പറന്ന് പറന്ന് നടക്കാം...
ഹോ..! ഒരു പക്ഷ്യായ്ട്ട് ജനിച്ചാ മതിയായ്‌രുന്നു”
ആ ദൈന്യവാക്കിൻ ശരം പിടിച്ചുവന്ന കരച്ചിലിനെ
ശ്വാസത്തിൽ കലർത്തി നേർപ്പിച്ചു;
മെല്ലെയവനെ ചേർത്തുപിടിച്ചു ഞാ-
നൊന്നും പറഞ്ഞില്ല പക്ഷേ...
(ആരറിയുന്നൂ കുട്ടികളുടെ ലോകം,
പാട്ടിന്നീണം, മഴവിൽപ്പതാക,
സൗന്ദര്യം എക്കാലവും തടവിലാക്കപ്പെട്ടു)
പഠിച്ചാലെന്തെന്തു ഭാവി-
യെന്ന,മ്മയവനെ തിരുത്തുന്നു
മുന്തിയ ലോകത്തിൻ ചന്തം തൊടുന്നു
ഭൂമി കീഴ്‌മേൽമറിച്ചിടുംപോലെ ഉച്ചത്തി
ല,ലറി വിളിച്ച,തിവേഗത്തിൽ വന്ന്, കിതച്ചു-
നിന്നു,ടനെ പാഞ്ഞുമറഞ്ഞുപോയ്
ഒരു തീവണ്ടി
അപ്പുറത്തെ പ്ലാറ്റ്‌ഫോമി-
ലിപ്പോളെല്ലാം മാറിമറഞ്ഞല്ലോ!
കടന്നുപോയ ആ തീവണ്ടി ഏതു മാന്ത്രികന്റെ തൂവാല?
അവിടെ, ചാരുബഞ്ചിൽ, ഞങ്ങളുടെ അതേ
ഛായയുണ്ടായിരുന്ന ആ രണ്ടു
പേരിപ്പോഴെവിടെ, നടുവിലിരുന്ന
വിഷാദവാനായ കുട്ടി മാത്രമെന്തേ തനിച്ച്!
കുതിച്ചുവരുമോ ഒരു മാന്ത്രികത്തീവണ്ടി?
വിഷാദവീചികളെയാകെ ഒറ്റ വീശിനാ-
ലപ്രത്യക്ഷമാക്കും തൂവാലയായ്
തെളിയുമോ കുട്ടികളുടെ ലോകം
ഉയരുമോ മണ്ണു പറ്റിയ അവരുടെ പാട്ടും
പതാകയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates