പ്രേംനസീര്‍: മലയാള സിനിമയുടെ പാഠപുസ്തകം
സിനിമ കണ്ടുപിടിച്ചത് ലൂമിയര്‍ ബ്രദേഴ്സാണെങ്കിലും ലോകത്ത് ആദ്യമായി അറുനൂറില്‍പ്പരം സിനിമകളില്‍ നായകനായിട്ടഭിനയിച്ചതും ഒരേ നായികയുടെകൂടെ നൂറില്‍പ്പരം ചിത്രങ്ങളില്‍ കാമുകനായി വേഷമിട്ടതും, യേശുദാസിന്റെ ശബ്ദത്തില്‍ ഏറ്റവുമധികം ഗാനങ്ങള്‍ ആലപിച്ചതും നമ്മുടെ കൊച്ചു കേരളത്തിലെ ചിറയിന്‍കീഴുകാരനായ അബ്ദുഖാദറെന്ന പ്രേംനസീറാണെന്ന് ഇപ്പോഴത്തെ പുതിയ തലമുറയ്ക്ക് ഒരുപക്ഷേ, അറിവുണ്ടായിരിക്കണമെന്നില്ല.
എഴുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് സിനിമയില്‍ ആദ്യമായി മുഖം കാണിച്ച ഇരുപത്തിരണ്ടുകാരനായ നസീര്‍സാറിന്റെ അപദാനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളും പത്രദൃശ്യമാധ്യമങ്ങളില്‍ വരുമ്പോള്‍ എനിക്ക് അടുപ്പമുള്ള പല യുവരക്തങ്ങളും എന്നെ വിളിച്ച് അദ്ദേഹത്തിന്റെ ആദ്യകാല സിനിമാചരിത്രമൊക്കെ അന്വേഷിക്കാറുണ്ട്.
അന്നത്തെ നടനവിസ്മയങ്ങളായ സത്യന്റേയും മധുവിന്റേയും അഭിനയ മികവൊന്നുമില്ലെങ്കിലും ഏറ്റവും കൂടുതല്‍ താരമൂല്യമുണ്ടായിരുന്നത് നസീര്‍സാറിനായിരുന്നു. പണ്ടൊരിക്കല്‍ ഒരു സ്കൂള്‍കുട്ടി പറഞ്ഞതുപോലെ മലയാള സിനിമയെന്നുവെച്ചാല്‍ അതു പ്രേംനസീറാണെന്നു വിശ്വസിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. അന്നത്തെ യുവതീ യുവാക്കന്മാരടക്കം എല്ലാവരേയും ഒരേപോലെ മോഹിപ്പിച്ചിരുന്ന സൗന്ദര്യത്തിനുടമയായിരുന്നു നസീര്‍സാര്‍. അക്കാലത്ത് അദ്ദേഹത്തെപ്പോലെ സുന്ദരനായ ഒരാളെ നാട്ടിലെവിടേയും ഞാന്‍ കണ്ടിട്ടില്ല. ഇത്രയധികം സ്ക്രീന്‍ പ്രസ്സന്‍സുള്ള ഒരു നായക നടന്‍ മലയാള സിനിമയില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നതും. ക്യാമറയുടെ ഏത് ആംഗിളില്‍ നിന്നാലും നസീര്‍സാറിന് സൗന്ദര്യം വര്‍ദ്ധിക്കുകയേയുള്ളൂ.
ഇനി ഞാനും നസീര്‍സാറുമായുള്ള ഇഴയടുപ്പത്തിലേയ്ക്കു വരാം. 1981-ലാണ് അദ്ദേഹത്തിനുവേണ്ടി ആദ്യമായി തൂലിക ചലിപ്പിക്കാനുള്ള ഭാഗ്യം എനിക്ക് വന്നുചേര്‍ന്നത്. അതും നസീറും മധുവും സോമനും ഒന്നിച്ചഭിനയിച്ച ജോഷി സംവിധാനം ചെയ്ത ‘രക്ത’മെന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം. തുടര്‍ന്ന് യുദ്ധം, പ്രതിജ്ഞ, അലകടലിനക്കരെ തുടങ്ങിയ ചിത്രങ്ങള്‍ക്കുകൂടി നസീര്‍സാറിനുവേണ്ടി തിരക്കഥ എഴുതാനുള്ള അവസരം എനിക്കുണ്ടായി. എല്ലാ ചിത്രങ്ങളും വന്‍ വിജയങ്ങളായിമാറുകയും ചെയ്തു.
ഇന്ന് നസീര്‍സാര്‍ നമ്മോടൊപ്പമില്ല. അദ്ദേഹം നമ്മെ വിട്ടുപോയിട്ട് മുപ്പത്തിയഞ്ചാണ്ടുകള്‍ കഴിഞ്ഞെങ്കിലും ഇന്നും എന്റെ ഓര്‍മയില്‍ മായാതെ നില്‍ക്കുന്ന ഒന്നുരണ്ട് അനുഭവ സാക്ഷ്യങ്ങള്‍ ഞാനിവിടെ കുറിക്കാം.
മലയാള സിനിമയിലെ നിത്യഹരിത നായകനായിരുന്ന നസീര്‍സാറിനെ ഫീല്‍ഡൗട്ടാക്കാന്‍ വേണ്ടി എറണാകുളത്തുനിന്നു മദ്രാസിലേയ്ക്ക് ട്രെയിന്‍ കയറിയ ഒരു നാല്‍വര്‍ സംഘത്തിന്റെ രസകരമായ ഒരു കഥയാണിത്. ചിത്രകൗമുദി സിനിമാ വാരികയുടെ പത്രാധിപരും നസീര്‍സാറിന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ എം.ഡി. ജോര്‍ജാണ് സംഘത്തലവന്‍. അദ്ദേഹത്തിന്റെ അകമ്പടിക്കാരായി ഞാനും കിത്തോയും ജോണ്‍പോളുമുണ്ട്. പ്രേംനസീറിന്റെ വിപണനമൂല്യവും അവര്‍ തമ്മിലുള്ള സൗഹൃദവും വെച്ചുകൊണ്ടു വര്‍ഷത്തില്‍ രണ്ടും മൂന്നും നസീര്‍ പതിപ്പുകള്‍ ഇറക്കുന്ന ആളായിരുന്നു ജോര്‍ജേട്ടന്‍.
ആ സമയത്താണ് നസീര്‍സാറിനെ നായകനാക്കി ഒരു സിനിമ നിര്‍മിക്കണമെന്ന മോഹം ജോര്‍ജേട്ടന്റെ മനസ്സിലുദിക്കുന്നത്. അന്നത്തെ ഹിറ്റ് മേക്കറായ ശശികുമാറിന്റെ സംവിധാനവും എസ്.എല്‍.പുരം സദാനന്ദനന്റെ തിരക്കഥയുമൊക്കെ പറഞ്ഞുറപ്പിച്ചശേഷം നസീര്‍സാറിന്റെ കോള്‍ഷീറ്റിനുവേണ്ടി മദ്രാസ്സിലേയ്ക്കു പോകുന്ന കാര്യം ഞങ്ങളെ അറിയിക്കാനായി വളരെ നാടകീയതയോടെയാണ് ജോര്‍ജേട്ടന്‍ കയറിവന്നിരിക്കുന്നത്.
“ഈ വെള്ളിയാഴ്ച വൈകിട്ട്, നസീര്‍സാറിന്റെ കോള്‍ഷീറ്റ് വാങ്ങാനായി ഞാന്‍ മദ്രാസ്സിലേയ്ക്ക് പോവുകയാണ്. എന്റെ ആദ്യ ചലച്ചിത്ര സംരംഭമായതുകൊണ്ട് നിങ്ങളും എന്റെ കൂടെ ഉണ്ടാവണമെന്നാണെന്റെ ആഗ്രഹം.”
കേട്ടപ്പോള്‍ ഞങ്ങള്‍ക്കും വലിയ സന്തോഷം തോന്നി. ഇതിനുമുന്‍പ് ഞാന്‍ നസീര്‍സാറിനെ നേരില്‍ കണ്ടിട്ടില്ല. അതിനുള്ള അവസരം പാഴാക്കാതെ ഞങ്ങള്‍ മൂവരും ജോര്‍ജേട്ടന്റെ കൂടെ പോകാമെന്ന് തീരുമാനിക്കുന്നു.
എന്നാലും എന്റെ ഉള്ളില്‍ ചെറിയൊരു സംശയം തോന്നിയതുകൊണ്ട് ഞാന്‍ ജോര്‍ജേട്ടനോട് ചോദിച്ചു:
“നസീര്‍സാര്‍ ഭയങ്കര ബിസി അല്ലേ? രണ്ടു മാസത്തിനുള്ളില്‍ ഡേറ്റ് കിട്ടുമോ?”
“അദ്ദേഹത്തിന്റെ ഡേറ്റ് എനിക്ക് എപ്പോള്‍ വേണമെങ്കിലും കിട്ടും. ഞങ്ങള്‍ തമ്മിലുള്ള ബന്ധം അങ്ങനെയാണ്?”
ജോര്‍ജേട്ടന്റെ വാക്കുകളിലെ പ്രത്യാശ എന്നിലും വിശ്വാസം നിറച്ചു.
പിറ്റേന്ന് വെള്ളിയാഴ്ച വൈകിട്ട് തന്നെ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍നിന്ന് ഞങ്ങള്‍ ട്രെയിന്‍ കയറുന്നു.
ശനിയാഴ്ച രാവിലെ എട്ടു മണിയോടെ ഞങ്ങള്‍ മദ്രാസ് സെന്‍ട്രലില്‍ എത്തുന്നു.
ടി നഗറിലുള്ള സുധാര ഹോട്ടലിലാണ് ഞങ്ങള്‍ റൂമെടുത്തത്. കോടമ്പാക്കത്തുള്ള മുരുകാലയ സ്റ്റുഡിയോയിലാണ് നസീര്‍സാറിന് ഷൂട്ട് ഉള്ളത്.
രാവിലെ പ്രാതലും കഴിച്ച് പത്തുമണിയോടെ ഞങ്ങള്‍ മുരുകാലയ സ്റ്റുഡിയോയിലെത്തി കാറില്‍ നിന്നിറങ്ങിയപ്പോള്‍ ഒരു താരനിശയ്ക്ക് എത്തിയപോലെയാണ് എനിക്കു തോന്നിയത്. നസീര്‍, ജയഭാരതി, അടൂര്‍ ഭാസി, ഉമ്മര്‍, ജോസ് പ്രകാശ്, ശങ്കരാടി, വിധുബാല, മീന, ശ്രീലത തുടങ്ങിയ ഒട്ടുമിക്ക താരങ്ങളും അവിടെയുണ്ട്.
ജോര്‍ജേട്ടന്‍ വെളുക്കെ ചിരിച്ചുകൊണ്ട് നേരെ നസീര്‍സാറിന്റെ അടുത്തേക്കാണ് ചെന്നത്. അല്പം അകലം പാലിച്ചുകൊണ്ട് ഞങ്ങള്‍ ഒതുങ്ങിനിന്നു. “വരണം... വരണം... മിസ്റ്റര്‍ ജോര്‍ജ്...” എന്ന സ്വതസിദ്ധമായ നസീറിയന്‍ ചിരിയോടെ അദ്ദേഹം ജോര്‍ജേട്ടനെ വരവേറ്റു.
മിക്ക ആര്‍ട്ടിസ്റ്റുകള്‍ക്കും ജോര്‍ജേട്ടനെ പരിചയമുള്ളതുകൊണ്ട് കുശലം പറഞ്ഞശേഷം അവര്‍ സ്റ്റുഡിയോ ഫ്ലോറിനകത്തേയ്ക്ക് കയറിപ്പോയി.
ജോര്‍ജേട്ടനും നസീര്‍സാറും എന്തൊക്കെയോ സംസാരിക്കുന്നുണ്ടെങ്കിലും ഞങ്ങള്‍ മാറി നില്‍ക്കുന്നതുകൊണ്ട് ഒന്നും വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ല.
പെട്ടെന്നാണ് നസീര്‍സാറിന്റെ ശബ്ദം ഉയര്‍ന്നുകേട്ടത്.
“എന്താ മിസ്റ്റര്‍ ജോര്‍ജ് ഈ പറയുന്നത്... ഒക്ടോബറില്‍ ഷൂട്ട് തുടങ്ങുന്നതിന് ഓഗസ്റ്റില്‍ വന്നാണോ, ഡേറ്റ് ചോദിക്കുന്നത്. അടുത്ത ഏപ്രില്‍ വരെയുള്ള ഡേറ്റ് ഞാന്‍ ഓരോരുത്തര്‍ക്കും കൊടുത്തിരിക്കുകയാണ്.”
നസീര്‍സാറിന്റെ മുഖത്ത് പെട്ടെന്ന് നീരസം പടര്‍ന്നു. അതു കണ്ട് ജോര്‍ജേട്ടന്‍ ആകെ വല്ലാതായി.
“ഞാന്‍... ഞാന്‍... ശശി കുമാര്‍ സാറിന്റേയും എസ്.എല്‍. പുരത്തിന്റേയും ഡേറ്റ് പറഞ്ഞുവെച്ചിരിക്കുകയാണ്. എങ്ങനെയെങ്കിലും എന്നെ...”
ജോര്‍ജേട്ടന്‍ വാക്കുകള്‍ പൂര്‍ത്തിയാക്കുന്നതിനും മുന്‍പേ നസീര്‍സാര്‍ എന്തോ പറയാനൊരുങ്ങിയപ്പോള്‍ സ്റ്റുഡിയോ ഫ്ലോറില്‍നിന്നും അസോസിയേറ്റ് ഡയറക്ടര്‍ അദ്ദേഹത്തിന്റെ അടുത്തു വന്നുകൊണ്ടു പറഞ്ഞു:
“സാര്‍, ഷോട്ട് റെഡി.”
നസീര്‍സാര്‍ തലയാട്ടി. അല്പം മിതത്വം പാലിച്ചുകൊണ്ട് പറഞ്ഞു:
“ജോര്‍ജ് എന്താണീ പറയുന്നത്? എന്നോടു ചോദിച്ചിട്ടാണോ അവരുടെയൊക്കെ ഡേറ്റ് വാങ്ങിച്ചത്. മറ്റുള്ളവര്‍ക്ക് കൊടുത്ത ഡേറ്റ് എങ്ങനെയാണ് ഞാന്‍ ജോര്‍ജിനു തരുന്നത്. ജോര്‍ജിനെന്താ സിനിമ അറിഞ്ഞൂടേ?”
അത്രയും കൂടെ കേട്ടപ്പോള്‍ ജോര്‍ജേട്ടന്റെ മുഖത്ത് വിളറിയ മഞ്ഞവെളിച്ചം പരന്നു. ഞങ്ങള്‍ ഇതൊന്നും കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത ഭാവത്തില്‍ ജോര്‍ജേട്ടന് മുഖം കൊടുക്കാതെ നിന്നു.
നസീര്‍സാറിനെ വെയിറ്റ് ചെയ്തു നില്‍ക്കുന്ന അസോസിയേറ്റിനെ കണ്ട് അദ്ദേഹം പതുക്കെ എഴുന്നേറ്റു.
“ജോര്‍ജിന് പോയിട്ട് തിരക്കുണ്ടോ? ഞാനാ സീന്‍ തീര്‍ത്തിട്ടു വരാം.”
“എനിക്ക് പോയിട്ട് അല്പം തിരക്കുണ്ട് സാര്‍. ഒന്നുരണ്ട് സ്ഥലത്ത് കൂടി പോകാനുണ്ട്. ഞാന്‍ വൈകുന്നേരം വരാം സാര്‍.”
നസീര്‍സാര്‍ തലകുലുക്കിക്കൊണ്ട് ഫ്ലോറിനകത്തേയ്ക്ക് കയറിപ്പോയി.
ഞങ്ങള്‍ അപ്പോള്‍ത്തന്നെ അവിടെ നിന്നിറങ്ങി. നസീര്‍സാറിനെ കാണാന്‍ പോയപ്പോഴുണ്ടായ ജോര്‍ജേട്ടന്റെ മുഖത്തെ തെളിച്ചവും ഊര്‍ജവും പൂര്‍ണമായും മങ്ങിയിരുന്നു. അതു കണ്ടപ്പോള്‍ ഞങ്ങള്‍ക്കും വിഷമമായി.
മൗണ്ട് റോഡിലുള്ള ഒന്നുരണ്ടു പേരെ കണ്ടതിനുശേഷം ഞങ്ങള്‍ റൂമില്‍ തിരിച്ചെത്തിയപ്പോള്‍ രാത്രി ഏഴുമണിയായിക്കഴിഞ്ഞിരുന്നു.
രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴും ജോര്‍ജേട്ടന്റെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. ഞങ്ങള്‍ ചില തമാശകളൊക്കെ പറഞ്ഞ് ജോര്‍ജേട്ടന്റെ മൂഡ് മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ പെട്ടെന്നെന്തോ ഓര്‍ത്തതുപോലെ കക്ഷി പറഞ്ഞു:
“നമുക്കൊരു സെക്കന്റ് ഷോയ്ക്കു പോയാലോ? ഇവിടെ അടുത്തുള്ള രാജകുമാരി തിയേറ്ററില്‍ ‘സിരി സിരി മൂവാ’ എന്ന ഒരു തെലുങ്ക് ചിത്രം കളിക്കുന്നുണ്ട്.”
അപ്പോള്‍ സിനിമ കാണാന്‍ ഒട്ടും താല്പര്യമുണ്ടായിരുന്നില്ലെങ്കിലും ജോര്‍ജേട്ടനുവേണ്ടി ഞങ്ങള്‍ കൂടെ പോകാന്‍ തയ്യാറായി.
തിയേറ്ററില്‍ ചെന്നപ്പോള്‍ സിനിമ തുടങ്ങിയിരുന്നു. അതൊരു തെലുങ്ക് ചിത്രമായിരുന്നു. ജോര്‍ജേട്ടന്‍ അതിലെ നായകനെ ശ്രദ്ധിച്ചുകൊണ്ട് പെട്ടെന്നൊരു ഉണര്‍വുണ്ടായതുപോലെ പറഞ്ഞു:
“നമുക്ക് സിനിമ ഉടനെ തുടങ്ങണം. ഇതിലെ നായകനെങ്ങനെയുണ്ട്? ഇവനെ വെച്ചെടുത്താലോ?”
“നസീര്‍സാറിന് പകരം ഈ നരുന്ത് പയ്യനോ?”
ഞാന്‍ ചോദിച്ചു.
“എന്താ ഇവന്‍ സ്മാര്‍ട്ടല്ലേ? ഡാന്‍സും ഫൈറ്റുമൊക്കെ നന്നായിട്ട് ചെയ്യുന്നുണ്ടല്ലോ? മറ്റുള്ളവരുടെ പുറകെ നടക്കുന്നതിലും ഭേദമല്ലേ?”
“ജോര്‍ജേട്ടന് ഇതെന്തു പറ്റി? നസീര്‍സാറിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ വേണ്ടി ഇവനെ വെച്ച് പടമെടുത്താല്‍ എട്ടുനിലയില്‍ പൊട്ടുമെന്നുള്ള കാര്യം ഉറപ്പാ. സിനിമ കണ്ടതൊക്കെ മതി... വാ നമുക്ക് പോകാം.”
ഞാന്‍ തറപ്പിച്ചു പറഞ്ഞു. എന്റെ അഭിപ്രായം തന്നെയായിരുന്നു ജോണ്‍ പോളിനും കിത്തോയ്ക്കും. ഇന്റര്‍വെല്‍ ആകുന്നതിനു മുന്‍പ് തന്നെ ഞങ്ങള്‍ തിയേറ്ററില്‍നിന്നും പുറത്തേയ്ക്കിറങ്ങി.
തിരിച്ചു മുറിയില്‍ എത്തിയപ്പോഴും ഞങ്ങളുടെ ബ്രയിന്‍ വാഷ് തുടര്‍ന്നുകൊണ്ടിരുന്നു. അങ്ങനെ ഉറങ്ങുന്നതിനു മുന്‍പ് തന്നെ ജോര്‍ജേട്ടന്റെ ആദ്യ സിനിമാസംരംഭത്തിന് അവിടെ വെച്ച് തിരശ്ശീല വീഴുകയായിരുന്നു.
പിന്നീട് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ജോര്‍ജേട്ടന്‍ എയ്ഞ്ചല്‍ ഫിലിംസ് എന്ന പേരില്‍ പുതിയ ഒരു വിതരണക്കമ്പനി തുടങ്ങി. നസീര്‍സാര്‍ അഭിനയിച്ച ഒരു ചിത്രമായിരുന്നു ആദ്യം വിതരണത്തിന് എടുത്തത്. സിനിമയുടെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല. ആ ചിത്രം വന്‍ വിജയമായി മാറിയതോടെ നസീര്‍സാറിനോടുള്ള ജോര്‍ജേട്ടന്റെ പിണക്കത്തിന് അന്ത്യം സംഭവിക്കുകയായിരുന്നു. അതിനുശേഷവും നസീര്‍സാറിന്റെ നാലഞ്ചു ചിത്രങ്ങള്‍ കൂടി ജോര്‍ജേട്ടന്‍ വിതരണത്തിന് എടുക്കുകയുണ്ടായി.
ഇതേപോലെത്തന്നെ മറ്റൊരു പത്രക്കാരനുമായി ഒരിക്കലും നടക്കാന്‍ പാടില്ലാത്തതായ ഒരു അനിഷ്ട സംഭവം കൂടി ഉണ്ടായിട്ടുണ്ട്. അതും നസീര്‍സാറുമായി ആത്മബന്ധമുള്ള, വര്‍ഷത്തില്‍ മൂന്നാലു നസീര്‍ പതിപ്പുകള്‍ ഇറക്കുന്ന ‘സിനിമാ മാസിക’യുടെ ഉടമയായ ശങ്കരന്‍ നായരായിരുന്നു ആ കക്ഷി.
എറണാകുളത്തുവെച്ച് നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ നസീര്‍സാര്‍ പ്രത്യേക ക്ഷണിതാവായിരുന്നു. ചടങ്ങുകള്‍ ആരംഭിച്ച് അല്പം കഴിഞ്ഞപ്പോഴാണ് ശങ്കരന്‍ നായര്‍ കയറിവരുന്നത്. കക്ഷി നന്നായി മദ്യപിച്ചിരുന്നു. നസീര്‍സാറിനെ കണ്ടപ്പോള്‍ ശങ്കരന്‍ നായര്‍ അദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്നു. മദ്യത്തിന്റെ ലഹരിയില്‍, ശങ്കരന്‍ നായരുടെ സംസാരവും പെരുമാറ്റവും അതിരുവിട്ട് പോകുന്നത് കണ്ടപ്പോള്‍ നസീര്‍സാര്‍ പലവട്ടം സൗമ്യപൂര്‍വം താക്കീതു ചെയ്തെങ്കിലും അയാളുടെ ശല്യം സഹിക്കവയ്യാതായപ്പോള്‍ അദ്ദേഹത്തോട് അയാളെ കയ്യുയര്‍ത്തി അടിക്കേണ്ടിവന്നു. ചടങ്ങ് അല്പനേരം അലങ്കോലമായി മാറി.
അന്ന് ജോര്‍ജേട്ടനെക്കാള്‍ കൂടുതല്‍ സൗഹൃദമുണ്ടായിരുന്ന ശങ്കരന്‍ നായരെ നസീര്‍സാര്‍ അടിച്ചത് വലിയ വിവാദമുള്ള വാര്‍ത്തയായിരുന്നു. എല്ലാ പത്രങ്ങളും നസീര്‍സാറിനെ അനുകൂലിച്ചാണ് എഴുതിയത്. ആ വാര്‍ത്ത കണ്ടപ്പോള്‍ എന്നിലെ പത്രക്കാരന്റെ ആത്മരോഷം പെട്ടെന്ന് ഉണര്‍ന്നു. ശങ്കരന്‍ നായരെപ്പോലുള്ള ഒരു സീനിയര്‍ പത്രക്കാരനോട് നസീര്‍സാര്‍ ഇങ്ങനെ പെരുമാറിയത് ഒട്ടും ശരിയായില്ലെന്നുള്ള പക്ഷക്കാരനായിരുന്നു ഞാന്‍.
അടുത്ത ലക്കം ‘ചിത്രപൗര്‍ണമി’യില്‍ നസീര്‍സാറിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഒരു നീണ്ട ലേഖനം തന്നെ ഞാനെഴുതി. ഒപ്പം നസീര്‍സാറും ഉമ്മറും തമ്മിലുള്ള സ്റ്റണ്ട് സീനിന്റെ സ്റ്റില്ലും കൊടുത്ത് ഒരു കമന്റും ഞാന്‍ പാസ്സാക്കി: “സിനിമയിലെ സ്റ്റണ്ടല്ല, അവാര്‍ഡ് ദാനചടങ്ങിലെ സ്റ്റണ്ട്.” ചിത്രപൗര്‍ണമിയിലെ ലേഖനം കണ്ട് എന്റെ അടുത്ത സുഹൃത്തുക്കള്‍ വരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്.
പിന്നീട് കുറെ ദിവസങ്ങള്‍ക്കുശേഷമാണ് സംഭവത്തിന്റെ നിജസ്ഥിതി ഞാനറിയുന്നത്. അത് അറിഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. നസീര്‍സാറിന്റെ കാര്‍മികത്വത്തില്‍ ആരംഭിച്ച ചിത്രപൗര്‍ണമിയില്‍ത്തന്നെ അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട് ഇങ്ങനെയൊരു ലേഖനമെഴുതാന്‍ പാടില്ലായിരുന്നു. എന്നെങ്കിലും സാറിനെ കണ്ട് ക്ഷമാപണം നടത്തണമെന്ന് ഞാന്‍ മനസ്സില്‍ കരുതുകയും ചെയ്തു.
ഏറെ നാളുകള്‍ക്കുശേഷം ചില സുഹൃത്തുക്കള്‍ വഴി നസീര്‍സാറും ശങ്കരന്‍ നായരും തമ്മിലുള്ള പിണക്കം പറഞ്ഞുതീര്‍ത്തെങ്കിലും ഒരു പൊതുപരിപാടിയില്‍ വെച്ച് ശങ്കരന്‍ നായരോട് ക്ഷമാപണം നടത്താന്‍ നസീര്‍സാറിന് ഒട്ടും മടിയുണ്ടായില്ല. അതും സിനിമാ താരങ്ങളേയും വന്‍ ജനാവലിയേയും സാക്ഷിനിര്‍ത്തി. കോട്ടയത്ത് ശങ്കരന്‍ നായര്‍ നടത്തുന്ന ‘സിനിമാമാസിക’യുടെ അവാര്‍ഡ് ദാന ചടങ്ങില്‍വെച്ച്. ശത്രുക്കളോട് വരെ ക്ഷമിക്കാന്‍ മനസ്സു കാണിക്കുന്ന ഇതുപോലൊരു മഹനീയ വ്യക്തിത്വം സിനിമാലോകത്ത് വേറെ ആരാണുണ്ടാവുക?
വര്‍ഷങ്ങള്‍ കഴിഞ്ഞ് ഞാന്‍ സിനിമാക്കാരനായതിനുശേഷം ഞാനെഴുതിയ ‘രക്ത’ത്തിന്റെ സെറ്റില്‍ വെച്ചാണ് നസീര്‍സാറിനെ വീണ്ടും കാണുന്നത്. ഇങ്ങനെയൊരു സംഭവം നടന്നതിന്റെ പിണക്കമോ വിദ്വേഷമോ എന്തിനേറെ പറയുന്നു, ഒരു ചെറിയ പരിഭവത്തിന്റെ നിഴല്‍വെട്ടം പോലും അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നില്ല.
ഒരു ദിവസം ‘രക്ത’ത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടയില്‍ ഇടവേള സമയത്ത് നസീര്‍സാറിനെ തനിച്ചുകിട്ടിയപ്പോള്‍ എന്റെ മനസ്സിലെ കുറ്റബോധം മുഴുവന്‍ ഞാന്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ തുറന്നുവെച്ചു.
എല്ലാം കേട്ടിരുന്നതിനുശേഷം പതുക്കെ ചിരിച്ചുകൊണ്ട്, സൗമ്യഭാവത്തില്‍ അദ്ദേഹം പറഞ്ഞ വാചകമിതാണ്:
“നിങ്ങളെന്തിനാണ് അസ്സേ എന്നോട് സോറി പറയുന്നത്. സ്വന്തം പ്രൊഫഷന്റെ കൂടെയല്ലേ നിങ്ങള്‍ നില്‍ക്കേണ്ടത്. തെറ്റുപറ്റിയത് എനിക്കാണ്... എന്ത് പ്രലോഭനങ്ങള്‍ ഉണ്ടായാലും ഞാനദ്ദേഹത്തെ അടിക്കാന്‍ പാടില്ലായിരുന്നു.”
അദ്ദേഹം ഉരുവിട്ട മൊഴികള്‍ കേട്ടപ്പോള്‍ എന്തു പറയണമെന്നറിയാതെ ഞാന്‍ നിമിഷനേരം മരവിച്ചിരുന്നുപോയി.
അദ്ദേഹത്തോട് എനിക്കുണ്ടായിരുന്ന സ്നേഹബഹുമാനങ്ങളുടെ വ്യാപ്തി പതിന്മടങ്ങ് ഉയരുകയായിരുന്നു. അതോടെ ഞങ്ങള്‍ തമ്മിലുള്ള വ്യക്തിബന്ധം കൂടുതല്‍ ഊഷ്മളമാവുകയായിരുന്നു.
നസീര്‍ അഭിനയിച്ച സിനിമ റിലീസ് ചെയ്യുന്ന ദിവസം രാത്രി എന്നെ വിളിക്കുമായിരുന്നു.
“എങ്ങനെയുണ്ടസ്സേ പടം? എന്താണ് റിപ്പോര്‍ട്ട് കിട്ടിയത്?”
ചിത്രം വിജയിച്ചുവെന്നു കേള്‍ക്കുമ്പോള്‍ പ്രകടിപ്പിക്കുന്ന സന്തോഷത്തെക്കാള്‍ പരാജയപ്പെട്ടുവെന്നറിയുമ്പോഴുള്ള വിഷമവും അസ്വസ്ഥതയും അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്ന് എനിക്ക് പലപ്പോഴും മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. താനഭിനയിച്ച പടം പരാജയപ്പെട്ടുവെന്നറിഞ്ഞാല്‍ ഉടനെതന്നെ ആ നിര്‍മാതാവിനെ വിളിച്ച് അഡ്വാന്‍സ് പോലും വാങ്ങാതെ ഡേറ്റ് കൊടുത്തു രക്ഷകനായി മാറിയിട്ടുള്ള പല സംഭവങ്ങളും എനിക്കറിയാം.
ഇതേപ്പോലെ ഒരു ദിവസം ഞാനെഴുതിയ ‘പ്രതിജ്ഞ’യുടെ ഷൂട്ടിംഗ് മദ്രാസ് അരുണാചലം സ്റ്റുഡിയോയില്‍ നടക്കുകയാണ്. ഈ ചിത്രത്തില്‍ നസീര്‍സാറിനൊപ്പം മകന്‍ ഷാനവാസ്, മമ്മൂട്ടി, ശ്രീവിദ്യ, ജലജ, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. നസീര്‍സാറും ഗുണ്ടകളുമായിട്ടുള്ള ഒരു ഫൈറ്റ് സീനാണ് അന്ന് എടുത്തുകൊണ്ടിരുന്നത്. അതുകൊണ്ട് മറ്റ് ആര്‍ട്ടിസ്റ്റുകളാരും വന്നിട്ടില്ല.
ബ്രേക്ക്ടൈമില്‍ നസീര്‍സാര്‍ ഒറ്റയ്ക്കിരിക്കുന്നതു കണ്ട് ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് ചെന്നു. തനിച്ചിരിക്കുമ്പോഴാണ് നസീര്‍സാര്‍ കൂടുതല്‍ മനസ്സു തുറക്കുന്നതെന്ന് പലരും പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. ഇത്രയധികം സിനിമ ചെയ്തിട്ടുള്ളതിന്റെ അനുഭവജ്ഞാനത്തെക്കുറിച്ചും ആകാശത്തിനു കീഴെയുള്ള മറ്റേത് വിഷയത്തെക്കുറിച്ചും അദ്ദേഹത്തിനു നന്നായിട്ട് സംസാരിക്കാനറിയാം. ചില സമയങ്ങളില്‍ അദ്ദേഹം ഒരു ഫിലോസഫറായി മാറുന്നതും കാണാം.
‘ചിരി’യെക്കുറിച്ച് സംസാരിച്ചപ്പോള്‍ നസീര്‍സാര്‍ പറഞ്ഞ രസകരമായൊരു കമന്റുണ്ട്:
“ചിരി ഒരു മാനസിക ടോണിക്കാണ്. മറ്റുള്ളവര്‍ക്ക് സൗജന്യമായി കൊടുക്കാവുന്നത് ഈ ചിരി മാത്രമല്ലേ ഉള്ളൂ...”
സംസാരത്തിനിടയില്‍ പെട്ടെന്ന് അറിയാതെ അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞുപോയ ജയനെക്കുറിച്ചായി പിന്നെ നസീര്‍സാറിന്റെ സംസാരം. അദ്ദേഹം ഇടറിയ സ്വരത്തില്‍ പറഞ്ഞ വാചകം ഇന്നും എന്റെ ഓര്‍മയിലുണ്ട്:
“ജയന്‍ ഇത്ര പെട്ടെന്ന് നമ്മെ വിട്ടുപോവുമെന്ന് ഞാന്‍ ഒരിക്കലും കരുതിയതല്ല. അപൂര്‍വ ഭംഗികള്‍ അല്പായുസ്സാണെന്ന് പറഞ്ഞുകേട്ടിട്ടേ ഉള്ളൂ. പക്ഷേ, ഇവിടെ?”
വാചകം പൂര്‍ത്തിയാക്കാതെ നിമിഷനേരം, ഏതോ ഓര്‍മയിലിരുന്ന ശേഷം അദ്ദേഹം പതുക്കെ വീണ്ടും തുടര്‍ന്നു:
“എന്തിനും ഏതിനും മരുന്ന് കണ്ടുപിടിച്ചെന്ന് സ്വയം അഹങ്കരിക്കുന്ന മനുഷ്യര്‍ എന്തുകൊണ്ട് മരണത്തെ പ്രതിരോധിക്കാനുള്ള ഔഷധം കണ്ടുപിടിക്കുന്നില്ല.”
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

