മതേതരാനന്തരകാലത്തെ മതം: ചില ആമുഖ ചിന്തകൾ

Image
People in indiaSamakalika Malayalam
Updated on

ധുനിക കാലത്ത് മതത്തെ അടയാളപ്പെടുത്തിയ ഭാവുകത്വമാണ് സെക്കുലറിസം അഥവാ മതേതരത്വം. ആധുനിക ദേശരാഷ്ട്രം, ഏതെങ്കിലും ഒരു പ്രത്യേക മതത്തോടോ അല്ലെങ്കിൽ മതരഹിത സമൂഹത്തോടോ വിവേചനമോ കൂടുതൽ മമതയോ കാണിക്കാൻ പാടില്ല എന്ന ചിന്തയിൽനിന്നാണ് സെക്കുലറിസം എന്ന സങ്കല്പം യൂറോപ്യൻ ജ്ഞാനോദയ ചിന്താമണ്ഡലത്തിൽ ഉരുവംകൊള്ളുന്നത്. ഒരുവശത്ത് വ്യത്യസ്ത മതസമൂഹങ്ങളും മറുവശത്ത് മതരഹിത രാഷ്ട്രീയ സമൂഹങ്ങളും നിലയുറപ്പിക്കുമ്പോൾ ആധുനിക ഭരണകൂട ക്രമത്തിൽ മതങ്ങൾക്ക് നൽകാവുന്ന നിഷ്‌പക്ഷ(neutral)സ്ഥാനം എന്ന നിലയിലാണ് സെക്കുലറിസത്തെ മനസ്സിലാക്കിയിരുന്നത്. മതനിഷേധമോ അല്ലെങ്കിൽ മതമൗലികതയോ അല്ലാതെ മതത്തെ നിലനിർത്താനായി ഒരു ആധുനിക പരിഷ്‌കൃതസമൂഹം കണ്ടെത്തിയ പുരോഗമനപരമായ ചിന്താപദ്ധതിയായിരുന്നു സെക്കുലറിസം.

എന്നാൽ, ആധുനിക സെക്കുലർ സങ്കല്പത്തിലെ മതം, പൊതുയിടങ്ങളിൽ അനിവാര്യമല്ലാത്ത സ്വകാര്യ വ്യവഹാരം എന്ന നിലയിൽ വിവക്ഷിക്കപ്പെടുകയും അത് പലപ്പോഴും മത നിഷേധത്തിനോ അല്ലെങ്കിൽ സങ്കുചിതവും മൗലികപരവുമായ നിലപാടുകളിലേക്ക് മതത്തെ കൊണ്ടെത്തിക്കുകയോ ചെയ്ത ചരിത്രപശ്ചാത്തലത്തിലാണ് മതേതരാനന്തരത അഥവാ പോസ്‌റ്റ് സെക്കുലറിസം എന്ന ചിന്താപദ്ധതി അനിവാര്യമായി വന്നത്. സെക്കുലർ കാലത്തെ മതചിന്തയുടെ വിമർശനം എന്ന നിലയിൽ ആധുനികാനന്തര കാലത്തെ മതത്തിന്റെ മടങ്ങിവരവാണ് (return of religion) മതേതരാനന്തരത ലക്ഷ്യമാക്കുന്നത്. മതേതരാനന്തര കാലത്ത് മതങ്ങൾ കൂടുതൽ തുറവിയുള്ളതാവുകയും അത് അംഗീകരിക്കാൻ കഴിയുന്ന ഒരു സംവാദാത്മകമായ പൊതുസമൂഹം (civil society) സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് പോസ്റ്റ് സെക്കുലറിസത്തെ ഗൗരമായിക്കാണാൻ നമ്മെ പ്രേരിപ്പിക്കുന്നത്.

മതേതരാനന്തരതയെക്കുറിച്ചുള്ള ചിന്തകൾക്ക് തുടക്കം കുറിച്ചതിൽ വളരെ വലിയ പങ്ക് വഹിച്ച പഠനമാണ് ഹോസെ കാസനോവയുടെ (Jose Casanova) ‘ആധുനിക ലോകത്തിലെ പൊതുമതങ്ങൾ’ എന്ന ഗ്രന്ഥം. അമേരിക്കയിലെ ബെർക്കിലി സെന്ററിൽ സോഷ്യോളജി അദ്ധ്യാപകനായ കാസനോവ, ആഗോളവല്‍ക്കരണ കാലത്തെ മതത്തെക്കുറിച്ചും മതേതരവല്‍ക്കരണം, കുടിയേറ്റം, ദേശാന്തരീയ മതങ്ങൾ എന്നിവയെക്കുറിച്ചുമുള്ള ആഴമായ പഠനങ്ങൾ ചെയ്തിട്ടുള്ള ആളാണ്. സെക്കുലറിസം, ആധുനിക ലിബറൽ സാമ്പത്തിക ക്രമത്തിനും ഭരണകൂട ജനാധിപത്യ പ്രക്രിയയ്ക്കും ശാസ്ത്ര-സാങ്കേതിക യുക്തിബോധത്തിനും അനുഗുണമായൊരു മതബോധം സൃഷ്ടിച്ചെടുക്കുകയായിരുന്നു എന്ന വിമര്‍ശനമാണ് കാസനോവ ഉന്നയിച്ചത്. പിന്നീട്, യൂർഗൻ ഹാബെർമാസും (Jurgan Habermas) ചാൾസ് ടെയ്‌ലറും (Charles Taylor) തലാൽ ആസാദും (Talal Asad) ക്ലെയ്ടൺ ക്രോക്കറ്റുമൊക്കെ (Clayton Crockett) ആധുനിക സെക്കുലറിസത്തിന്റെ വ്യത്യസ്ത മാനങ്ങളിലുള്ള വിമർശനങ്ങൾ ഉന്നയിക്കുകയായിരുന്നു.

Image
india Samakalika Malayalam

സെക്കുലർ എന്ന ആശയം

Saeculum എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം ഇഹലോകത്തിലെ സമഗ്രമായൊരു ജീവിതം എന്നാണെങ്കിലും പരലോക ജീവിതത്തിന് വിരുദ്ധമായൊരു ഈ ലോക ജീവിതം എന്ന ഗ്രീക്ക് വ്യാഖ്യാനമാണ് കൂടുതൽ പ്രചാരത്തിലായത്. സെന്റ് അഗസ്റ്റിന്റെ ദൈവനഗരവും (City of God) മനുഷ്യനഗരവും (City of Man) എന്ന ദ്വന്തസങ്കല്പങ്ങൾ സെക്കുലര്‍-സേക്രഡ് എന്ന വിരുദ്ധതയിലാണ് നിൽക്കുന്നതെങ്കിലും പ്ലേറ്റോണിക് മെറ്റാഫിസിക്‌സിന്റെ സ്വാധീനത്തിൽ അവ തമ്മിൽ ഒരു അന്തർധാര നിലനിർത്തിയിരുന്നു. ഈ അതിഭൗതിക അന്തർധാര (metaphysics) ആധുനികതയിൽ പാടെ തകരുകയും അവ തമ്മിലുള്ള കടുത്ത വൈപരീത്യം ഉറപ്പിക്കുകയും ചെയ്തു. പ്രസ്തുത ഭിന്നാത്മക വ്യവഹാരത്തിന്റെ സൈദ്ധാന്തിക അടിസ്ഥാനത്തിലാണ് പാശ്ചാത്യ ജ്ഞാനോദയം രൂപപ്പെട്ടത്. അങ്ങനെ സെക്കുലർ-സേക്രഡ് സംഘർഷം പുതിയ രാഷ്ട്രീയ-ഭരണകൂട പ്രത്യയശാസ്ത്ര നിർമിതിക്ക് വഴിമരുന്നായി.

പ്രൊട്ടസ്റ്റന്റ് നവീകരണ കാലഘട്ടത്തിൽ സെക്കുലറൈസേഷൻ എന്ന വിവക്ഷ വ്യാപകമായി ഉപയോഗിച്ചിരുന്നു. മൊണാസ്റ്റിക് ജീവിതത്തിൽനിന്നും സാധാരണ ജീവിതത്തിലേക്കുള്ള മാറ്റത്തെ സഭാവ്യവഹാരങ്ങളിൽ സെക്കുലറൈസേഷൻ എന്നാണ് വിളിച്ചിരുന്നത്. സഭാപരമായ വസ്തുവകകളും സമ്പാദ്യങ്ങളും പൊതുസമൂഹത്തിനോ അല്‍മായർക്കോ നല്‍കുന്നതിനേയും സെക്കുലറൈസേഷൻ എന്ന് വിളിച്ചിരുന്നു. ആധുനിക സെക്കുലർ ചിന്തയുടെ മാത്രമല്ല, പാശ്ചാത്യ ജ്ഞാനോദയത്തിന്റേയും ആധുനിക ലിബറൽ സാമ്പത്തിക ക്രമത്തിന്റേയും മനുഷ്യയുക്തിയുടേയും ശാസ്ത്രസാങ്കേതിക അവബോധത്തിന്റേയും സൈദ്ധാന്തിക ബീജങ്ങൾ പ്രൊട്ടസ്റ്റന്റ് ആശയങ്ങളിൽ കാണാൻ സാധിക്കുമെന്ന് വ്യക്തമാക്കിയത് മാർട്ടിൻ ബൂബർ ആയിരുന്നു (Protestant Ethics and the Spirit of Capitalism, 1904). എന്നാൽ, സഭയും രാഷ്ട്രവും തമ്മിലുള്ള 300 കൊല്ലക്കാലത്തെ ശീതയുദ്ധം അവസാനിപ്പിച്ച് അവ തമ്മിലുള്ള വ്യതിരിക്തത വ്യക്തമാക്കിയ വെസ്റ്റ് ഫാലിയൻ ട്രീറ്റി(1648)യാണ് ആധുനിക സെക്കുലർ ചിന്താധാരയ്ക്ക് അടിസ്ഥാനമായതെന്നു പറയാം.

യുർഗൻ ഹാബെർമാസിന്റെ അഭിപ്രായത്തിൽ, പൊതുയിടത്തിന്റെ മതേതരവല്‍ക്കരണവും മതത്തിന്റെ സ്വകാര്യവൽക്കരണവും സംഭവിക്കുന്നത് ആധുനിക രാഷ്ട്രസങ്കല്പത്തിന്റേയും ജനാധിപത്യ ക്രമത്തിന്റേയും ഉത്ഭവ പശ്ചാത്തലത്തിലാണ് എന്നതാണ്. പൊതുഭരണത്തിന്റെ ചുമതല ഭരണകൂടത്തിനും മതപരമായ ഉത്തരവാദിത്വം സഭയ്ക്കുമാണെന്ന ജോൺ ലൊക്കെയുടെ (John Locke) ചിന്തയിൽ അത് വ്യക്തമാണ്. പൊതുസമൂഹത്തെ നിയന്ത്രിക്കേണ്ടത് മതചിന്തകളല്ല മറിച്ച്, യുക്തിഭദ്രമായ ശാസ്ത്രീയ-മാനവിക ചിന്തകളാണ് എന്ന മാക്‌സ് വെബ്ബറിന്റെ (Max Weber) അഭിപ്രായവും ആധുനിക ലിബറൽ കാലത്തിന്റെ അടയാളപ്പെടുത്തലായിരുന്നു.

കാസനോവയുടെ പഠനത്തിൽ ആധുനിക സെക്കുലറൈസേഷൻ പദ്ധതിയുടെ മൂന്ന് പശ്ചാത്തലങ്ങൾ വ്യക്തമാക്കുന്നുണ്ട്: (1) മതവിശ്വാസത്തിന്റേയും ആചാരാനുഷ്ഠാനങ്ങളുടേയും കാര്യത്തിലുണ്ടായ പിന്നോട്ട് പോകൽ; (2) ആധുനിക ലിബറൽ ഭരണകൂടത്തിനും ജനാധിപത്യ ക്രമത്തിനും മതസ്വത്വങ്ങൾ ഉയർത്തുന്ന വെല്ലുവിളി; (3) ആധുനിക മൂലധനാധിഷ്ഠിത സാമ്പത്തിക ക്രമത്തിന് മതവിശ്വാസ പ്രയോഗങ്ങളും പഠിപ്പിക്കലുകളും ഉയർത്തുന്ന വെല്ലുവിളി. എന്നാൽ, മതേതരവല്‍ക്കരണം അഥവാ സെക്കുലറൈസേഷൻ എന്നത് മതാധിഷ്ഠിത സമൂഹത്തിൽനിന്നും ആധുനിക വികസിത സമൂഹത്തിലേക്കുള്ള സാംസ്‌കാരിക വ്യതിയാനം മാത്രമല്ലെന്നും പ്രത്യുത, യൂറോപ്പ് കേന്ദ്രീകൃതമായൊരു രാഷ്ട്രീയ സാമ്പത്തിക ആധിപത്യ ക്രമത്തിന്റെ പ്രത്യയശാസ്ത്ര നിർമിതി കൂടിയാണെന്നും കാസനോവ തന്റെ പഠനത്തിൽ വ്യക്തമാക്കുന്നു. ഇവിടെയാണ് സെക്കുലർ, സെക്കുലറിസം, സെക്കുലറൈസേഷൻ തുടങ്ങിയ സംജ്ഞകൾ വിമർശനാത്മകമായി വിലയിരുത്തപ്പെടുന്നത്.

പോസ്റ്റ്സെക്കുലറിസം എന്ന ആശയം

മതേതരത്വത്തിന് ശേഷമുള്ള മതം അഥവാ പോസ്റ്റ്സെക്കുലറിസത്തിന്റെ കാലത്തെ മതം ചരിത്രപരമായി നാല് രാഷ്ട്രീയ സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാസനോവ പറയുന്നു. (1) 1979-ലെ ഇറാനിയൻ വിപ്ലവം; (2) പോളണ്ടിലെ സോളിഡാരിറ്റി മൂവ്‌മെന്റിന്റെ വളർച്ച; (3) ലാറ്റിനമേരിക്കയിൽ കത്തോലിക്കാസഭയിലുണ്ടായ രാഷ്ട്രീയ-ദൈവശാസ്ത്ര മുന്നേറ്റം; (4) നോർത്ത് അമേരിക്കൻ രാഷ്ട്രീയത്തിലുണ്ടായ ക്രിസ്ത്യൻ മനുഷ്യാവകാശ പ്രസ്ഥാനം. ഈ ചരിത്രസംഭവങ്ങൾ വ്യക്തമാക്കുന്നത് കടുത്ത സെക്കുലർ ചിന്താപദ്ധതിക്കുശേഷവും മതങ്ങളുടെ പൊതു രാഷ്ട്രീയ ഇടപെടലുകൾക്കുള്ള സാധ്യതകൾ അവസാനിച്ചിട്ടില്ലെന്നും പൊതുഭരണ ക്രമങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ബഹു രാഷ്ട്രീയ പ്രക്രിയകൾക്കുവേണ്ടി ഇടപെടലുകൾ നടത്തുവാൻ മതങ്ങൾക്ക് ഇനിയും കഴിയുമെന്നും തന്നെയാണെന്ന് കാസനോവ വാദിച്ചു. ആധുനികാനന്തര കാലത്തിലെ മതങ്ങളുടെ മടങ്ങിവരവെന്നോ മതങ്ങളുടെ തന്നെ പൊതുവല്‍ക്കരണമെന്നോ (de-privatization) ഇതിനെ വിളിക്കാമെന്ന് കാസനോവ അഭിപ്രായപ്പെട്ടു. ആധുനികത നിർവചിച്ച സ്വകാര്യ ഇടങ്ങളിൽനിന്നും മതങ്ങൾ ഇറങ്ങിപ്പുറപ്പെട്ട് പൊതുസാമൂഹ്യ രാഷ്ട്രീയ പ്രക്രിയയിൽ ഇടപെടുന്ന ഈ രാഷ്ട്രീയ ദൈവശാസ്ത്ര ഭാവുകത്വത്തെ പോസ്റ്റ്സെക്കുലറിസം അഥവാ മതേതരാനന്തരത എന്ന് കാസനോവ വിളിച്ചു.

പൊതു ഇടം (Public Sphere) എന്ന തന്റെ ചിന്താമണ്ഡലവുമായി ബന്ധപ്പെട്ടാണ് പോസ്റ്റ്സെക്കുലറിസത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന യുർഗൻ ഹാബെര്‍മാസ് ഈ സംവാദത്തിൽ ഇടപെടുന്നത്. ഹാബെർമാസിന്റെ ചിന്തയിൽ പൊതു ഇടം എന്നത്, മതരഹിതമോ രാഷ്ട്രീയ രഹിതമോ ആയ ഒരു ന്യൂട്രൽ സ്‌പേസ് അല്ല. പ്രത്യുത, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ സംവാദാത്മക നിലപാടുകളും മതപാരമ്പര്യങ്ങളുടെ ചിഹ്നാത്മക വ്യവഹാരങ്ങളും രൂപപ്പെടുത്തുന്ന ഇടമാണ്. ആധുനിക പാശ്ചാത്യ സെക്കുലറിസം, മതത്തെ സ്വകാര്യവല്‍ക്കരിക്കുകയും രാഷ്ട്രീയമായി നിർവീര്യമാക്കുകയും ചെയ്തപ്പോഴും ആധുനികാനന്തര കാലത്ത് മതം ഇല്ലാതായിപ്പോയില്ല എന്നു മാത്രമല്ല, അത് കൂടുതൽ കൂടുതൽ ശക്തമാവുകയാണ് ചെയ്തതെന്ന് ഹാബെര്‍മാസ് ചൂണ്ടിക്കാണിക്കുന്നു. ആ പ്രതിഭാസം ചിലപ്പോഴൊക്കെ മതമൗലികവാദമായിപ്പോലും തിരിച്ചുവരുന്നുവെന്ന് സെപ്തംബർ 9/11 ആസ്‌പദമാക്കിക്കൊണ്ട് അദ്ദേഹം വിശദീകരിക്കുന്നു. ഇത്തരത്തിലുള്ള മതബോധ്യങ്ങളുടെ രൂപമാറ്റങ്ങൾ സെക്കുലറിസം വിഭാവന ചെയ്തതിലും അപ്പുറമാണെന്നും മത-വിശ്വാസ പാരമ്പര്യങ്ങൾക്ക് മനുഷ്യജീവിതത്തിൽ ചെലുത്താനാകുന്ന സ്വാധീനം സെക്കുലറിസം നിർവചിച്ചതിലും വലുതാണെന്നും ഹാബെർമാസ് നിരീക്ഷിക്കുന്നു.

മതേതരാനന്തരകാലത്ത് മതം സെക്കുലർ ഇടവുമായി ഒരു സംവാദാത്മകവും സംവേദനാത്മകവുമായ ബന്ധം (communicative action) നിലനിർത്തുന്നുവെന്ന് ഹാബെര്‍മാസ് വിലയിരുത്തുന്നു. ഈ സംവാദാത്മക പ്രയോഗം ആധുനിക യുക്തിബോധത്തെ ന്യായാധിപസ്ഥാനത്തുനിന്നും മാറ്റുന്നതും അതേസമയം മതങ്ങളോട് ഇതര മതങ്ങൾക്കും മതരഹിതസമൂഹങ്ങൾക്കും സംവേദനം ചെയ്യുന്ന തരത്തിൽ അവയുടെ ദൈവശാസ്ത്ര വ്യവഹാരങ്ങൾ വ്യാഖ്യാനിക്കാൻ നിര്‍ബന്ധിക്കുന്നതും ആയിരിക്കും. ഈ പോസ്റ്റ്സെക്കുലർ സംവാദാത്മക ബോധ്യം മതങ്ങളുടെ സത്യശാസനകൾ (truth claims) സംവേദനാത്മകമായി വ്യാഖ്യാനിക്കാനും മാത്രമല്ല, തുറന്ന സത്യങ്ങളിലേക്ക് (open truths) വളരാനും പ്രേരിപ്പിക്കുന്നതായിരിക്കും. മതവും സെക്കുലറിസവും തമ്മിൽ പരസ്പരം മനസ്സിലാക്കുന്നതും തിരുത്തുന്നതും പഠിക്കുന്നതുമായ ഒരു റാഡിക്കൽ പൊതു ഇടമാണ് ഹാബെര്‍മാസ് വിഭാവന ചെയ്യുന്നത്. ഹാബെർമാസിന്റെ പബ്ലിക് സ്‌ഫിയർ, ഉഭയസമ്മതത്തിന്റെ വ്യവഹാര ഇടമാണ്.

എന്നാൽ, ഹാബെര്‍മാസിന്റെ പൊതു ഇടം എന്ന സങ്കല്പം ആധുനിക യുക്തികേന്ദ്രീകരണത്തെ മറികടക്കുന്നില്ലായെന്നും; മാത്രമല്ല, ആധുനിക ക്രിസ്ത്യാനിറ്റിയെ അത് നോർമലൈസ് ചെയ്യുന്നുവെന്നും തലാൽ ആസാദിനേയും സഭാ മുഹമ്മദിനേയും പോലുള്ള ചിന്തകർ വിമർശിക്കുന്നുണ്ട്. ഹാബെര്‍മാസ്, സിവിൽ സൊസൈറ്റിയെ നിർവചിക്കുമ്പോൾ, അതിന്റെ വരേണ്യത (elitism) നിലനിർത്തുന്നുവെന്നും സ്ത്രീകളുടേയും കീഴാള സമൂഹങ്ങളുടേയും രാഷ്ട്രീയ വ്യവഹാരങ്ങളെ അത് അവഗണിക്കുന്നുവെന്നുമാണ് നാൻസി ഫ്രെസറുടെ (Nancy Fraser) വിമര്‍ശനം. ഇതിനുപകരമായി, കീഴാള ബദൽ പൊതുയിടം (Subaltern Counter-Public) എന്ന ആശയമാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. കീഴാള ബദൽ, പൊതു ഇടം, സിവിൽ സൊസൈറ്റി വ്യവഹാരങ്ങളുടെ വരേണ്യത വെളിപ്പെടുത്തുകയും നിഷ്‌കാസിതരുടെ ശബ്ദങ്ങൾ പ്രതിധ്വനിപ്പിക്കുകയും ചെയ്യും. ഇവിടെ മതങ്ങൾ, ഇത്തരം കീഴാള പ്രതിനിധാനങ്ങളെ ശാക്തീകരിക്കുന്ന വ്യവഹാരങ്ങൾ ആകണമെന്നും ഫ്രെസർ പറയുന്നു.

മറ്റൊരു പോസ്റ്റ്സെക്കുലർ ചിന്തകനായ ചാൾസ് ടെയ്‌ലർ (Charles Taylor) തന്റെ Secular Age എന്ന സങ്കല്പവുമായി ബന്ധപ്പെട്ടാണ് സംസാരിക്കുന്നത്. മതങ്ങൾ തങ്ങളുടെ പരലോകോന്മുഖമായ ദൈവശാസ്ത്ര വ്യാഖ്യാന-നിർബന്ധങ്ങൾ ഉപേക്ഷിക്കുകയും ഇഹലോകത്തിന്റെ അതിജീവന വ്യഥകൾ ആശ്ലേഷിക്കുകയും ചെയ്യുന്ന പ്രതീക്ഷാനിർഭരമായ കാലമായിട്ടാണ് സെക്കുലർ ഏജ് എന്ന പുതിയകാലത്തെ അദ്ദേഹം കാണുന്നത്. എന്നാൽ, ഈ റാഡിക്കൽ സെക്കുലർ ചിന്തപോലും ക്രൈസ്തവ നവീകരണ ചിന്തയുടെ തുടർച്ചയാണെന്നും മാത്രമല്ല, ക്രിസ്ത്യാനിറ്റി കേന്ദ്രീകൃത ചിന്തയ്ക്കപ്പുറം അത് പോകുന്നില്ലായെന്നുമുള്ള വിമർശനങ്ങൾ സഭാ മുഹമ്മദിനെ പോലുള്ളവർ ഉയർത്തുന്നുണ്ട്.

സഭാ മുഹമ്മദിന്റെ വിമർശനങ്ങളുടെ തുടർച്ച തന്നെയാണ് തലാൽ ആസാദിലും കാണുന്നത്. ക്രിസ്ത്യാനിറ്റിയെ അടിസ്ഥാനമാക്കി പോസ്റ്റ്‌സെക്കുലർ ചിന്തകൾ രൂപപ്പെടുത്തുമ്പോൾ ഇസ്‌ലാം പോലെയുള്ള ആധുനികതയ്ക്ക് പുറത്ത് രൂപംകൊണ്ട മതങ്ങൾ അപരവല്‍ക്കരണത്തിന് വിധേയമാകുന്നുവെന്ന് തലാൽ ആസാദ് വിലയിരുത്തുന്നു. ശരിയായ മതം തെറ്റായ മതം തുടങ്ങിയ ദ്വന്ദീകരണങ്ങൾക്ക് ഇത് വഴിവയ്ക്കുന്നു. ആധുനിക ലിബറൽ ആശയങ്ങൾക്ക് അനുഗുണമായി മാറാൻ ക്രിസ്ത്യാനിറ്റിക്ക് എളുപ്പം കഴിയുന്നു. ആധുനികതയ്ക്കു പുറത്ത് രൂപംകൊണ്ട ഇസ്‌ലാം പോലെയുള്ള മതങ്ങളുടെ വ്യവഹാരങ്ങൾ മനസ്സിലാക്കാൻ ഹാബെർമാസിന്റേയോ ടെയ്‌ലറുടേയോ പോസ്റ്റ്സെക്കുലർ ചിന്തകൾക്ക് സാധിക്കുന്നില്ലായെന്ന് തലാൽ ആസാദ് വ്യക്തമാക്കുന്നു. തലാൽ ആസാദിന്റെ അഭിപ്രായത്തിൽ ആധുനിക മതം, സെക്കുലർ ചിന്തയുടെ തന്നെ നിര്‍മിതിയാണ് എന്നാണ്. ആധുനിക സെക്കുലർ ചിന്തയിൽ മതം ഒരു സത്താപരമായ സ്വത്വം സ്വീകരിക്കുന്നുവെന്നും അതുകൊണ്ടുതന്നെ ആധുനിക മതവും സെക്കുലറിസവും സയാമീസ് ഇരട്ടകളാണെന്നും ആസാദ് പറയുന്നു. അതുകൊണ്ടുതന്നെ മതത്തെ ഒരു സത്താപരമായ ഘടന എന്നതിനപ്പുറം എപ്പോഴും അഴിച്ചുപണിയാവുന്ന വിശ്വാസ പാരമ്പര്യമായി പുനർ വിഭാവന ചെയ്യണമെന്ന് ആസാദ് പറയുന്നു.

റാഡിക്കൽ രാഷ്ട്രീയ ദൈവശാസ്ത്രജ്ഞനായ ക്ലെയ്ടൺ ക്രോക്കറ്റ് (Clayton Crockett), പക്ഷേ, സെക്കുലറിസവും നവമുതലാളിത്ത സാമ്പത്തിക ക്രമവും തമ്മിലുള്ള ബന്ധമാണ് അന്വേഷിക്കുന്നത്. ആധുനിക ലിബറൽ മൂല്യങ്ങളായ വികസനവും മിച്ചമൂല്യ വ്യവസ്ഥിതിയും ലാഭേച്ഛയും എങ്ങനെയാണ് മണ്ണിനേയും മനുഷ്യനേയും ഉല്പാദന - പ്രത്യുല്പാദന ക്രമങ്ങളേയും നശിപ്പിക്കുന്നതെന്നും മാത്രമല്ല, ഭൂമിയിലെ പാരിസ്ഥിതിക സംതുലനം ഇല്ലാതാക്കുന്നതെന്നും അദ്ദേഹം പഠിക്കുന്നു. ഇവിടെയാണ്, മതങ്ങൾക്ക് ഭൗതികാത്മകമായ ദൈവശാസ്ത്രങ്ങൾ രൂപീകരിക്കേണ്ടിവരുന്ന ആവശ്യകതയുണ്ടെന്ന് പറയുന്ന ക്രോക്കേറ്റിന്റെ അഭിപ്രായം പ്രധാനമായി മാറുന്നത്.

Image
Image Samakalika Malayalam

മതേതരാനന്തരത: ചില ഇന്ത്യൻ വ്യവഹാരങ്ങൾ

പാശ്ചാത്യ ആധുനികത രൂപപ്പെടുത്തിയ സെക്കുലറിസത്തിന് ഇന്ത്യൻ ബോധമണ്ഡലം നൽകിയ തിരുത്തുകളെക്കുറിച്ചാണ് രാജീവ് ഭാർഗവ, തന്റെ ‘റീഇമാജിനിംഗ് ഇന്ത്യൻ സെക്കുലറിസം’ (Reimagining Indian Secularism, 2023) എന്ന പുസ്തകത്തിൽ പറയുന്നത്. ആധുനിക സെക്കുലറിസത്തിന്റെ മറ്റു വിമര്‍ശകരോടൊപ്പം ചേർന്ന്, ആധുനികപൂർവ ഇന്ത്യൻ മതബോധത്തെ സൈദ്ധ്യാന്തികമായി പുനരടയാളപ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. ‘പ്രാദേശിക വിശ്വാസ പാരമ്പര്യങ്ങൾ’ ആയിട്ടാണ് പ്രീമോഡേൺ ഇന്ത്യൻ മതങ്ങളെ രാജീവ് ഭാർഗവ കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇന്ത്യയിലെ ആധുനികപൂർവ പ്രാദേശിക, വിശ്വാസ പാരമ്പര്യങ്ങളെ ആധുനിക മതങ്ങളായി കാണാനാകില്ല. ഒരു പ്രത്യേക ചരിത്രകാലത്ത് ഇന്ത്യയിലേക്ക് എത്തിക്കപ്പെട്ട ഒരു ഭാവുകത്വമാണ് മതം. “വളരെ അടുത്ത കാലം വരെ അത് (മതം) ഒരു അന്യഗ്രഹ ആശയമായിരുന്നു, ഒരു പരിധിവരെ ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു.” ആധുനിക മതബോധത്തേയും പ്രാദേശിക വിശ്വാസ പാരമ്പര്യത്തേയും രണ്ടായിത്തന്നെയാണ് ഭാർഗവ കാണുന്നത്. മതത്തിന്റേയും മതേതരത്വത്തിന്റേയും ആധുനിക പാശ്ചാത്യ സങ്കല്പങ്ങളെ ഇന്ത്യയിൽ അടിച്ചേല്പിക്കുന്നതിനെ വിമർശിച്ചുകൊണ്ട് മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ബി.ആർ. അംബേദ്കർ തുടങ്ങിയ ഇന്ത്യൻ വ്യക്തിത്വങ്ങൾ ആധുനിക ഇന്ത്യയിൽ മതേതരത്വത്തിന്റെ വ്യത്യസ്തമായ ഒരു പതിപ്പ് എങ്ങനെ വിഭാവനം ചെയ്തുവെന്ന് ഭാർഗവ അന്വേഷിക്കുന്നു.

പിൽക്കാലത്ത് ഇന്ത്യൻ മതേതരത്വത്തിന്റെ ഭരണഘടനാ വ്യാഖ്യാനത്തിന് അടിത്തറയായി മാറിയ ‘സർവ ധർമ സമഭാവ’ എന്ന ഗാന്ധിയൻ ആദർശത്തെ എടുത്തുകാണിച്ചുകൊണ്ട്, ഇന്ത്യൻ പശ്ചാത്തലത്തിൽ പോസ്റ്റ്സെക്കുലറിസം മതത്തിനും സ്റ്റേറ്റിനും ഇടയിൽ ഒരു ‘തത്ത്വപരമായ അകലം’ പാലിക്കുകയും അതേസമയം തന്നെ മതത്തിനുള്ളിലും പുറത്തുമുള്ള ആധിപത്യ പ്രശ്നങ്ങൾ, ജാതി, പുരുഷാധിപത്യം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിനായി അതിനെ പുനഃക്രമീകരിക്കുകയുമാണെന്ന് ഭാർഗവ വാദിക്കുന്നു. ഭാർഗവയെ സംബന്ധിച്ചിടത്തോളം ‘സർവ ധർമ സമഭാവ’ എന്ന ഗാന്ധിയൻ ആശയം ഒരു വൈവിധ്യമാർന്ന മതപരതയോ വിവിധ മതങ്ങളുടെ സംയോജനമോ അല്ല, മറിച്ച് മതങ്ങളെ ‘വിശ്വാസ പാരമ്പര്യങ്ങൾ’ ആയി മാറാനും അങ്ങനെ സാമൂഹിക ജനാധിപത്യം, സാമൂഹിക നീതി, സമത്വ രാഷ്ട്രീയം എന്നിവ വളർത്തിയെടുക്കുന്ന ‘പൊതുമതങ്ങൾ’ (കാസനോവ) ആയി മാറാനും ആഹ്വാനം ചെയ്യുന്നതിനുള്ള ഒരു പൊതുവേദിയാണ്.

വ്യത്യസ്തമായ ഒരു സമീപനം സ്വീകരിച്ചുകൊണ്ട്, നിവേദിത മേനോൻ തന്റെ Secularism as Misdirection (2023) എന്ന ഗ്രന്ഥത്തിൽ പാശ്ചാത്യവും ദേശീയവുമായ മതേതരത്വ ദർശനങ്ങളെ ഒരുപോലെ വിമർശിക്കുന്നു. നിവേദിത മേനോന്റെ അഭിപ്രായത്തിൽ പാശ്ചാത്യ മതേതരത്വം സ്ത്രീകളുടെ സാമൂഹ്യസ്ഥാനം, ജാതിയുടേയും മുതലാളിത്ത സാമ്പത്തിക ക്രമത്തിന്റേയും പ്രശ്‌നങ്ങൾ തുടങ്ങിയ ഇന്ത്യൻ സവിശേഷ സാമൂഹ്യ പ്രതിസന്ധികൾ ഗൂഢമായി അദൃശ്യമാക്കുന്നു. പാശ്ചാത്യമോ ദേശീയമോ ആകട്ടെ, ഇന്ത്യൻ മതേതരത്വം, ആഗോള ശാസ്ത്രബോധം, ചരിത്രപരമായ പുരോഗതി, പൊതുവികസനം, വ്യക്തിഗത സ്വാതന്ത്ര്യം, യുക്തിസഹമായ തെരഞ്ഞെടുപ്പ് തുടങ്ങിയ അനുബന്ധ ആധുനിക ആശയങ്ങളുടെ ഒരു ശ്രേണിയെ സൂചിപ്പിക്കുന്ന ഒരു പ്രധാന പദമായി നിലകൊള്ളുന്നുവെന്നും ലിംഗവിവേചനം, വിഭവങ്ങളുടെ അസമമായ വിതരണം, ഇന്ത്യയിലെ അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളെ ദുർബലപ്പെടുത്തുന്നുവെന്നും മേനോൻ വാദിക്കുന്നു. മേനോന്റെ അഭിപ്രായത്തിൽ മതേതരത്വം കേവലം ഭരണതന്ത്രം മാത്രമാണ്. അത് ഒരേസമയം ജനാധിപത്യത്തോടും സ്വേച്ഛാധിപത്യത്തോടും മുതലാളിത്തത്തോടും സോഷ്യലിസത്തോടും സമത്വവാദത്തോടും ഭൂരിപക്ഷവാദത്തോടും പൊരുത്തപ്പെടുന്നു. കൂടാതെ ജനാധിപത്യത്തിന്റെ അഭാവം, ലിംഗഅസമത്വം, പാരിസ്ഥിതിക ചൂഷണം തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുന്നതിൽനിന്ന് നമ്മെ വഴിതെറ്റിക്കുകയും ചെയ്യുന്നു (Secularism as Misdirection, 2023).

കർണാടകയിലെ ഹിജാബ് വിവാദം, കേരളത്തിലെ ശബരിമല സ്ത്രീപ്രവേശന വിവാദം തുടങ്ങിയ വിഷയങ്ങളിൽ പ്രതിഫലിക്കുന്നതുപോലെ, മതേതരത്വത്തിന്റെ ചെലവ് വഹിച്ച ഇന്ത്യൻ സ്ത്രീകളുടെ, പ്രത്യേകിച്ച് ന്യൂനപക്ഷ, കീഴാള സ്ത്രീകളുടെ ഭാരം അവർ തുറന്നുകാട്ടുന്നു. (കീഴാള) സ്ത്രീകളുടേയും പരിസ്ഥിതിയുടേയും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മതങ്ങളുടെ, പ്രത്യേകിച്ച് തദ്ദേശീയ കീഴാള മത-വിശ്വാസ പാരമ്പര്യങ്ങളുടെ സാധ്യതകളെ പിന്താങ്ങുന്ന ഗബ്രിയേൽ ഡയട്രിച്ചിൽ(Gabriele Dietrich)നിന്ന് സൂചന സ്വീകരിച്ചുകൊണ്ട്, മതത്തെ ഒരു ‘സ്വകാര്യ കാര്യം’ മാത്രമായി അല്ലെങ്കിൽ വ്യവസ്ഥാപിത മതത്തിനും ഭരണകൂടത്തിനും ഇടയിലുള്ള ഒരു രാഷ്ട്രീയ പരിഹാരമായി കാണുന്ന ‘ഇടുങ്ങിയ ലിബറൽ’ പരിധികൾക്കുമപ്പുറത്തേക്കു സഞ്ചരിക്കുന്ന ഒരു ‘റാഡിക്കൽ മതേതരത്വത്തിന്’ മേനോൻ ആഹ്വാനം ചെയ്യുന്നു. ഇന്ത്യയിലെ അരികുവൽക്കരിക്കപ്പെട്ട ആളുകളുടെ മത രാഷ്ട്രീയ ജീവിത അനുഭവത്തിൽനിന്ന് മതേതരത്വത്തെ പുനർവിചിന്തനം ചെയ്യുന്ന മേനോൻ, നവലിബറലിസത്തിന്റേയും നവ മുതലാളിത്തത്തിന്റേയും സമകാലിക സാഹചര്യത്തിൽ ഒഴിവാക്കപ്പെട്ടവർക്കും അരികുവൽക്കരിക്കപ്പെട്ടവർക്കും അനുകൂലമായി പുനർവിഭാവന ചെയ്യേണ്ട റാഡിക്കൽ മതേതരത്വത്തേയും സാമൂഹിക ജനാധിപത്യത്തേയും കുറിച്ചുള്ള സുപ്രധാന ചർച്ചകൾക്ക് തുടക്കം കുറിക്കുന്നു. ആധിപത്യ മതബോധത്തിനും രാഷ്ട്രീയ ഘടനകൾക്കും അപ്പുറമായി ഒഴിവാക്കപ്പെട്ടവർക്കും അരികുവൽക്കരിക്കപ്പെട്ടവർക്കും അനുകൂലമായി രാഷ്ട്രീയമായ പുനർവിചിന്തനം ചെയ്യാനുള്ള അംബേദ്കറുടെ ശ്രമത്തെ മേനോൻ ഏറെ പ്രാധാന്യത്തോടെ സൂചിപ്പിക്കുന്നു; അങ്ങനെ, അംബേദ്കറിന്റെ മതേതരാനന്തര മത/രാഷ്ട്രീയ ബോധത്തെ നമ്മുടെ സാമൂഹിക ധാർമികതയുമായും ബദൽ ജനാധിപത്യവുമായും മേനോൻ ബന്ധിപ്പിക്കുന്നു.

ഉപസംഹാരം

മതത്തേയും മതേതരത്വത്തേയും കുറിച്ചുള്ള ഒരു പുതിയ സംവാദത്തിന് പോസ്റ്റ്സെക്യുലറിസം തുടക്കമിടുന്നു. ഇവ പരമ്പരാഗതമായി നമ്മുടെ സാധാരണ ചർച്ചകളിൽ നിശ്ചലമായ വിപരീത സങ്കല്പങ്ങളായാണ് കരുതപ്പെട്ടിരുന്നത്. പോസ്റ്റ്‌ലിബറലിസത്തിന്റേയും നവക്യാപിറ്റലിസത്തിന്റേയും ജ്ഞാനശാസ്ത്രപരവും രാഷ്ട്രീയവുമായ ഉലയിലേക്ക് മാറ്റി, പോസ്റ്റ്സെക്യുലറിസം അവ രണ്ടും തമ്മിലുള്ള നിയമവിരുദ്ധമായ ബന്ധത്തെ തുറന്നുകാട്ടുകയും അവർ സ്വയം ‘സയാമീസ് ഇരട്ടകൾ’ (ആസാദ്) ആയി എങ്ങനെ മാറി എന്ന് വിശദീകരിക്കുകയും ചെയ്യുന്നു. ഹേബർമാസ് ശരിയായി വിശദീകരിക്കുന്നതുപോലെ, ആധുനിക മതം ഒരു ‘സ്വത്വവൽക്കരിക്കപ്പെട്ട മതമാണ്’, അത് ആധുനിക മതേതരത്വത്തിന്റെ മാനദണ്ഡങ്ങൾക്ക് വിധേയമാണ്. ആധുനിക മതേതരത്വം ബഹുസ്വരമായ പൊതു ഇടത്തെ നിരാകരിക്കുന്നുവെന്നും അതുവഴി മതമൗലികവാദവും സാംസ്‌കാരിക പാരമ്പര്യങ്ങൾക്കിടയിൽ സംഘർഷങ്ങളും വളർത്തുന്നുവെന്നും തലാൽ ആസാദ് വാദിക്കുന്നു. നമ്മൾ ചർച്ച ചെയ്തതുപോലെ, പോസ്റ്റ്സെക്യുലർ മുദ്രാവാക്യം - ‘മതത്തിന്റെ തിരിച്ചുവരവ്’ - ഒരു ‘സ്വത്വവല്‍ക്കരിക്കപ്പെട്ട മതത്തിന്റെ’ തിരിച്ചുവരവല്ല ലക്ഷ്യമാക്കുന്നത്, മറിച്ച് ഒരു ‘പൊതുമതത്തിന്റെ’ (public religion) ആവിർഭാവമാണ് - ഭൂമിയെ അടിസ്ഥാനമാക്കിയുള്ള മതേതര ജീവിതവുമായി അതിന്റെ പരസ്പര പ്രതിപ്രവർത്തനങ്ങൾ കണ്ടെത്തുന്ന സാമൂഹികമായി ഉൾക്കൊള്ളുന്നതും ഭൗതികമായി ഉത്തേജിപ്പിക്കപ്പെട്ടതുമായ ഒന്നായിത്തീരുകയാണ് ഇവിടെ മതങ്ങൾ.

മതേതരാനന്തര കാലഘട്ടത്തിൽ, മതത്തിന്റെ തിരിച്ചുവരവ് ജീവിതത്തിന്റെ ഉള്ളടക്കമായ ഭൗതികതയിലേക്കുള്ള ഒരു രാഷ്ട്രീയ വഴിത്തിരിവ് മുൻകൂട്ടി കാണുന്നു. സമകാലിക നവ മുതലാളിത്തം ഭൂമിയുടേയും ഭൂവിഭാവങ്ങളെ ആശ്രയിച്ചുകഴിയുന്ന സമൂഹങ്ങളുടേയും അവകാശങ്ങളേയും കര്‍തൃത്വത്തേയും നിരാകരിക്കുമ്പോൾ ഈ റാഡിക്കൽ മതേതരത്വം അഥവാ മതേതരാനന്തര ഭൂമിയുടേയും ഭൂമി സമൂഹങ്ങളുടേയും മൂർത്തീഭാവമുള്ള ചരിത്രസാധ്യതകളിൽ വിശ്വസിക്കുന്നു. ഈ മതേതരാനന്തരത, രാഷ്ട്രീയ ക്രമത്തിന്റേയും സമ്പദ്‌വ്യവസ്ഥയും മാത്രമല്ല, ദൈവം, ദൈവശാസ്ത്രം, ദേവാലയം ആത്മീയത, നൈതികത തുടങ്ങിയ സങ്കല്പങ്ങളേയും പുനർവിഭാവന ചെയ്യുന്നു. ആത്യന്തികമായി ഇത് മതത്തെ/വിശ്വാസത്തെ/ദൈവശാസ്ത്രത്തെ ഇന്നത്തെ ലോകത്തെ പുനർനിർമിക്കുന്ന ഒരു രാഷ്ട്രീയ പ്രക്രിയയായി പുനർവ്യാഖ്യാനം ചെയ്യുന്നു. ക്ലെയ്ടൺ ക്രോക്കറ്റ് (Clayton Crockett) ശരിയായി നിരീക്ഷിക്കുന്നതുപോലെ, “(റാഡിക്കൽ) സെക്കുലർ അഥവാ പോസ്റ്റ്സെക്കുലറിസം മതബോധത്തിന്റെ ഒരു സമ്പൂർണ ഡിറ്ററിറ്റോറിയലൈസേഷനാണ്, അത് ഏറ്റവും മികച്ച സാഹചര്യത്തിൽ നമുക്കായി ഒരു പുതിയ ഭൂമി സൃഷ്ടിക്കാൻ പ്രവർത്തിക്കുന്നു” (Postsecularism, Secular Theology, and the Names of the Real, 2015).

ആശ്രയിച്ച ഗ്രന്ഥങ്ങൾ

Asad, Talal. 2001. Thinking about Secularism and Law in Egypt. Leiden: ISIM.

Asad, Talal. 2003. Formation of the Secular: Christianity, Islam, Modernity. Stanford: Stanford University Press.

Asad, Talal. 1993. Genealogies of Religion: Discipline and Reaosns of Power in Christianity and Islam. New York: The Johns Hopkins University Press.

Ashraf k.2022. Postsecularism (Malayalam). Kozhikodu: Islamic Public House.

Bhargava, Rajeev. 2023. Reimagining Indian Secularism. London, New York & Calcutta: Seagull Books.

Casanova, Jose. 1980. Public Religions in the Modern World. Chicago: Chicago University Press.

Crockett, Clayton. 2013. Radical Political Theology. New York: Columbia University Press.

Deleuze, Gilles and Guattari, Felix Guattari. 1987. A Thousand Plateaus: Capitalism and Schizophrenia. Minneapolis: University of Minneosta Press

Deleuze, Gilles. 2005. Pure Immanence: Essays on a Life. New York: Zone Books.

Habermas, Jürgen. 2002. Religion and Relationality: Essays on Reaosn, God, and Modernity. Cambridge: The MIT Press.

Habermas, Jürgen. 2002. Religion and Relationality: Essays on Reaosn, God, and Modernity. Edited by Eduardo Mendieta. Cambridge: The MIT Press. .

Menon, Nivedita. 2023. Secularism as Misdirection: Critical Thought from the Global South. Ranikher: Permanent Black & Ashoka University

Taylor, Charles. 2007. A Secular Age. New York: Belknap.

Vinayaraj, Y.T. 2025. Passion for the Real: Political Theology and the Postsecular. Bangalore and Delhi: CISRS & ISPCK.

Vinayaraj, Y.T. 2025. Public Religions in a Postsecular Era. Bangalore and Delhi: CISRS & ISPCK.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com