S Jayachandran Nair
Murali Remembers the Life and Writings of the Former Malayalam Weekly Editor S. Jayachandran Nair, Samakalika Malayalam

പുസ്തകങ്ങളില്‍ ജീവിച്ച ഒരാള്‍

മലയാളം വാരികയുടെ പത്രാധിപരായിരുന്ന എസ്. ജയചന്ദ്രന്‍ നായര്‍ നിര്യാതനായിട്ട് ഒരു വർഷം പിന്നിടുന്നു. അദ്ദേഹത്തെ കുറിച്ച് മുരളി എഴുതുന്നു.
Published on

“ഹലോ മിസ്റ്റർ” എന്നൊരു വിളി, “നിങ്ങൾ എന്തു ചെയ്യുന്നുവെന്ന” ചോദ്യം പിന്നാലെ. ആ ചോദ്യത്തിന് അർത്ഥം “നിങ്ങൾ എന്തു വായിക്കുന്നുവെന്നാണ്.'' അക്ഷരങ്ങൾക്കിടയിൽ ജീവിച്ച് എഴുത്തും വായനയും ജീവിതമാക്കിയ ഒരു മനുഷ്യന്റെ ചോദ്യമാണ്: കഴിഞ്ഞ ഒരു വർഷമായി എന്റെ ഫോണിലേക്ക് ഈ ചോദ്യം വരുന്നില്ല. പക്ഷേ, മിക്കവാറും സായാഹ്നങ്ങളിലും ആ ചോദ്യം മനസ്സിൽ കയറിവരും, ഞാൻ നിശ്ശബ്ദനായിരിക്കും, മങ്ങിയ ഒരു ശബ്ദം, നേർത്ത ഒരു ചിരി, മടിപിടിച്ചിരിക്കുകയാണോ എന്നു ചോദിക്കുമ്പോലെ.

നിങ്ങൾ വായിക്കണം, എഴുതണം എന്ന് ആവർത്തിച്ചുകൊണ്ടേയിരുന്ന ഒരാൾ, എനിക്ക് അദ്ദേഹം പിതൃതുല്യനായിരുന്നു. എനിക്ക് അദ്ദേഹം എസ്. ജയചന്ദ്രൻ നായർ എന്ന പത്രാധിപരായിരുന്നില്ല. എന്റെ വീട്ടിലെ കാരണവർ, എഴുത്തിൽ ഗുരുനാഥൻ, വായനയിൽ വഴികാട്ടി. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും നിറഞ്ഞ വാത്സല്യത്തോടെ തോളിൽത്തട്ടി അരികിൽനിന്ന ഒരാൾ. എന്റെ ഈ മാനസികാവസ്ഥ പങ്കുപറ്റുന്ന നിരവധി പേരുണ്ടെന്ന് എനിക്ക് അറിയാം. ജയൻസാർ ഇല്ലാത്ത ഒരു വർഷം അവരുടെ മനസ്സുകളിൽ നിറയുന്നത് ഞാൻ കാണുന്നു.

പട്ടത്തെ വൃന്ദാവനം കോളനിയിലെ വീട്ടിൽ, പുസ്തകങ്ങൾക്ക് നടുവിൽ ഇരിക്കുകയാണ്. ഞായറാഴ്ചയിലെ ഉച്ചനേരം വിയർത്തൊലിച്ചാണ് കയറിച്ചെന്നത്. ഉള്ളിൽ പോയി എനിക്കൊരു ഗ്ലാസ് വെള്ളവുമായി വന്നു. ഭാര്യയും മകളും ബാംഗ്ലൂരിലാണ്, മകൻ വിദേശത്തും. “നിങ്ങൾ ഇതൊന്ന് വായിച്ചുനോക്കുക.” ഒരു കൊച്ചു നോവലിന്റെ പ്രിന്റ്ഔട്ടാണ്. ‘ആ വാക്കിന്റെ അർത്ഥം’ “എന്റെ വിചാരങ്ങൾ ഏതാണ്ട് അതുപോലെ പകർത്തിയിരിക്കുകയാണ്.” ശൈലീനിഘണ്ടു ഉൾപ്പെടെ മലയാളത്തിന് മഹത്തായ ഡിക്ഷണറികൾ നൽകിയ ടി. രാമലിംഗം പിള്ള Redemption എന്ന വാക്കിന് നൽകിയിരിക്കുന്ന അർത്ഥം തേടവെ മനസ്സിലേക്ക് കയറിയ ജീവിതചിത്രങ്ങളാണ് പകർത്തിയിരിക്കുന്നത്. തുക്കാറാമിനെ ഉദ്ധരിച്ചുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്.” എന്റെ കയ്യിൽ വാക്കുകൾ മാത്രമേ ഉള്ളൂ. എനിക്ക് ചൂട് പകരുന്ന വസ്ത്രങ്ങളായി, അതുമാത്രമാണ് എനിക്ക് സ്വന്തമായുള്ളത്. ഞാൻ ഭക്ഷിക്കുന്ന ഒരേയൊരാഹാരം അതു മാത്രമാണ്. അതുമാത്രമാണ് സുലഭമായി ചെലവാക്കാൻ എന്റെ കയ്യിലുള്ള സ്വത്ത്...”

ആ പ്രിന്റ്ഔട്ടും കൂട്ടത്തിൽ ഒരു പുതിയ പുസ്തകവുമെടുത്തു ഞാൻ മടങ്ങി. ആ ചെറിയ നോവലിൽ തിരുവനന്തപുരത്തെ മണക്കാടും ശ്രീവരാഹവും വഞ്ചിയൂരിലും നടന്നലഞ്ഞ് തന്റെ തന്നെ ഓർമകളാണ് പകർത്തിയിരിക്കുന്നത്. ഒരു പത്രപ്രവർത്തകന്റെ വികാരരാഹിത്യത്തിലേക്ക് വീണുപോയിട്ടും പുസ്തകങ്ങളെ ഉറ്റ സുഹൃത്തുക്കളാക്കിയത് കൊണ്ടുമാത്രമാണ് വാക്കിന്റെ അർത്ഥം തേടി അലഞ്ഞതെന്ന് ഓർത്തുകൊണ്ടാണ്.

എന്നിട്ട് കുറിക്കുകയാണ്: “എനിക്ക് പരിചയക്കാരേയുള്ളൂ, സ്നേഹിതന്മാരില്ല, കളിക്കളത്തിൽ നില്‍ക്കുന്ന കളിക്കാരനെപ്പോലെ... മുന്നിൽ ഒരുപാട് പേർ ദിനവും വന്നുപോകുന്നു, സ്നേഹം നടിക്കുന്നു. അവരിൽ ഒരാൾപോലും ആത്മാർത്ഥ സ്നേഹിതനായി മാറുന്നില്ലെന്നത് ഇപ്പോൾ അമ്പരപ്പിക്കുന്നില്ല. വാക്കുകളുടെ അർത്ഥം തേടിയുള്ള അന്വേഷണങ്ങളിൽ ഇടവേളകൾ ഉണ്ടായിരുന്നില്ല. കുടുംബത്തെപ്പോലും മറന്നുപോയിരുന്നു. എങ്കിലും ചില നിമിഷങ്ങളിൽ ഒർത്തുപോകും, ജീവിതം ഇങ്ങനെയാകേണ്ടതായിരുന്നില്ല. ഓരോ തൊഴിലിനും അതിന്റേതായ സവിശേഷതകളുണ്ടായിരിക്കാം. കായികാധ്വാനത്തെ ആശ്രയിക്കുന്ന തൊഴിലുകളിൽ അതിൽ പങ്കാളിയാകുന്നവർ പ്രധാനപ്പെട്ടവരാകുന്നു. മറിച്ചാണ്, വിയർപ്പൊഴുക്കാത്ത തൊഴിലിടങ്ങൾ. വ്യക്തിത്വങ്ങൾ ഇല്ലാതാകുന്ന വ്യക്തികൾ. മേൽവിലാസങ്ങളില്ലാത്ത ആൾക്കൂട്ടം, അതിൽനിന്നും വേറിട്ട ഒരു തൊഴിലാണ് പത്രപ്രവർത്തനം എന്ന തൊഴിലെന്ന എന്റെ വിശ്വാസത്തിന് പോറലേറ്റു തുടങ്ങാൻ ഏറെനാൾ വേണ്ടിവന്നില്ല. ഇപ്പോൾ തോന്നുന്നു, ഇതൊരു പണിയല്ല, ജീവിതം മുഴുവൻ നീളുന്ന തടവാണ്.”

ചിതറിക്കിടക്കുന്ന ഇത്തരം കുടുംബചിത്രങ്ങൾ ജയൻസാർ എഴുതിയ നോവലുകളിലും കഥകളിലുമുണ്ട്. പത്രപ്രവർത്തനം തുടങ്ങുംമുൻപ് കഥകൾ എഴുതി തുടങ്ങിയതാണ്. പത്രപ്രവർത്തനത്തിനു തിരശ്ശീല വീണശേഷമാണ് നോവലുകൾ എഴുതിയത്. ‘ആത്മഹത്യയിലേക്കുള്ള കുറുക്കുവഴി’, ‘മരക്കുതിര’, ‘ബാക്കിപത്രം’, ‘ഒരു നിലവിളി’ തുടങ്ങിയ നോവലുകളിലൊക്കെ ആത്മാംശങ്ങൾ നിറഞ്ഞുകിടക്കുന്നു. ‘മരക്കുതിര’ എന്ന നോവലിലെ രാജഗോപാലൻ നായരിലൂടെ വരച്ചിട്ടതും സ്വന്തം ജീവിതചിത്രമായിരുന്നു. ആദ്യം എൻ.ബി.എസ്സും പിന്നെ ഗ്രീൻബുക്സും നോവൽ പ്രസിദ്ധീകരിച്ചു.

ആത്മാംശം കലർന്നുകിടക്കുന്ന ആ നോവലിന്റെ തുടക്കം വായനക്കാർ ഓർക്കുന്നുണ്ടാകും. പുസ്തകം വായിക്കാത്തവർക്കുവേണ്ടി ആ തുടക്കം ഞാനൊന്ന് പകർത്തുകയാണ്, എസ്. ജയചന്ദ്രൻ നായർ എന്ന എഴുത്തുകാരന്റെ മനസ്സ് വായിക്കാനായി: “രാജഗോപാലൻ നായർ ഒരദ്ധ്യാപകനായിരുന്നു. പിന്നെ അയാൾ പത്രപ്രവർത്തകനായി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അതും അയാളെ മടുപ്പിച്ചു. പക്ഷേ, വിട്ടുപോകാൻ അയാൾക്ക് മറ്റൊരിടമില്ലായിരുന്നു. ആദർശസമ്പന്നർക്കിടയിൽ തന്റേതായ പങ്ക് ചെറുതായെങ്കിലും നിർവഹിക്കാനാകുമല്ലോ എന്ന ചാരിതാർത്ഥ്യമായിരുന്നു സമനില തെറ്റാതെ അയാളെ രക്ഷിച്ചത്. അത് പക്ഷേ, അധികകാലം അയാൾക്ക് തുണയായില്ല. മൈത്രേയ ബുദ്ധനെ തേടിപ്പോയ ഭിക്ഷുവിന്റെ അനുഭവമായിരുന്നു രാജഗോപാലൻ നായരുടേതും. മൈത്രേയനെ തേടി കഠിനമായ തപസ്സിരുന്ന ഭിക്ഷു ധ്യാനമുപേക്ഷിച്ച് ഗ്രാമത്തിലേക്കു മടങ്ങി. അവിടെ കണ്ടത് ഒരു കഷണം സിൽക്ക് തുണികൊണ്ട് വലിയൊരു ഇരുമ്പുദണ്ഡിനെ ഉരച്ചുകൊണ്ടിരിക്കുന്ന ഒരു വൃദ്ധനെയായിരുന്നു. സിൽക്കു തുണികൊണ്ടുരച്ച് ഇരുമ്പുദണ്ഡിൽനിന്നു തുന്നാനുള്ള സൂചി ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് താനെന്ന് വൃദ്ധൻ ഭിക്ഷുവിനോട് പറയുന്നു. ഭിക്ഷു ചിന്താധീനനായി. വെറും മണ്ടൻ കാര്യങ്ങൾക്കുപോലും ആളുകൾ ജീവിതം അർപ്പിക്കുമ്പോൾ അമൂല്യമെന്ന് കരുതാവുന്ന ആത്മീയ പ്രവർത്തനത്തിൽ പൂർണമായി മുഴുകാൻ തനിക്കാവുന്നില്ലല്ലോയെന്ന ഖേദത്തോടെ അയാൾ വീണ്ടും ധ്യാനത്തിലേക്കു മടങ്ങി.

പിന്നെയും മൂന്ന് കൊല്ലങ്ങൾ. എന്നിട്ടും മൈത്രേയൻ പ്രത്യക്ഷപ്പെട്ടില്ല. നിരാശനായി മടങ്ങിയ ഭിക്ഷു വഴിയരികിൽ ഒരു പട്ടി കിടക്കുന്നതു കണ്ടു. രണ്ട് കാലുകളില്ലാത്ത ആ പട്ടിയുടെ പിൻഭാഗം പുഴുക്കളെക്കൊണ്ട് നിറഞ്ഞിരുന്നു. വഴിപോക്കരെ നോക്കി പട്ടി ദയനീയമായി മോങ്ങിക്കൊണ്ടിരുന്നു. ഭിക്ഷു പട്ടിയുടെ അരികിൽ ചെന്ന് പുഴുക്കളെ എടുത്തുമാറ്റാൻ തുടങ്ങി, അതിനു കൂടുതൽ വേദനിക്കുമെന്നു തോന്നിയ ഭിക്ഷു നാക്കുകൊണ്ട് പുഴുക്കളെ നക്കിയെടുക്കാൻ നിലത്തു കുത്തിയിരുന്നു. കണ്ണ് തുറന്നപ്പോൾ അവിടെ പട്ടിയില്ലായിരുന്നു. പകരം അനുഗ്രഹങ്ങളുമായി മൈത്രേയൻ. ദീർഘമായ 12 കൊല്ലത്തെ ധ്യാനത്തിനുശേഷം കർമദോഷത്തെ അതിജീവിച്ചതുകൊണ്ടാണ് താൻ എത്തിയതെന്നും ഭിക്ഷുവിനു മാത്രമേ തന്നെ കാണാൻ കഴിയുവെന്നും ശരിയാണോയെന്ന് അറിയാനായി തന്നെ ചുമലിൽ വഹിച്ച് കമ്പോളത്തിൽ പോകാൻ മൈത്രേയൻ നിർദേശിച്ചു. മൈത്രേയനേയും ചുമന്ന് കമ്പോളത്തിൽ എത്തിയ ഭിക്ഷു പലരോടും ചോദിച്ചു. എന്റെ ചുമലിൽ എന്താണുള്ളത്. യാതൊന്നുമില്ലെന്നായിരുന്നു അവരുടെ മറുപടി. എന്നാൽ, അപ്പോൾ അവിടെ വന്ന കർമദോഷങ്ങളിൽനിന്നു മുക്തയായ ഒരു വൃദ്ധ പറഞ്ഞു, പുഴുത്തു ചത്ത ഒരു പട്ടിയുടെ ജഡമാണ് നിങ്ങൾ വഹിക്കുന്നത്. എന്നാൽ, താൻ വഹിക്കുന്നത് സ്നേഹത്തിന്റെ മൃതദേഹങ്ങളാണെന്ന് രാജഗോപാലൻ നായർക്കു തോന്നി. എത്ര കാലമായി ഇതും വഹിച്ച് യാത്ര ചെയ്യുന്നു. ആരെയൊക്കെ കാണുകയും പരിചയപ്പെടുകയും ചെയ്തു. എന്നിട്ടും ചുമലിൽ വഹിക്കുന്നതെന്തെന്ന് ആരും ആരാഞ്ഞില്ലല്ലോ എന്ന് അയാൾ സങ്കടപ്പെട്ടു... ജീവിതം മറക്കാനുള്ളതാണെന്ന് അയാൾ പഠിച്ചിരുന്നു. ശബ്ദം കേൾപ്പിക്കാത്ത ഒരു കളിപ്പാട്ടംപോലെയായിരുന്നു അയാളുടെ ജീവിതം.” രാജഗോപാലൻ നായരിലൂടെ തന്റെ മനസ്സ് പകർത്തുകയാണ് ജയൻസാർ.

ബോറിസ് പാസ്റ്റർനാക്കിന്റെ ഉദ്ധരണിയിലൂടെ ‘ഒരു നിലവിളി’ എന്ന ചെറിയ നോവൽ ആരംഭിക്കുകയാണ്.

“Death’s odour is in the air

To open a window is

to open a vein.”

മരണത്തിന്റെ ഗന്ധം നിറഞ്ഞുകിടക്കുന്ന ഈ കൃതിയിലുമുണ്ട് മണക്കാടും കേരളഗാമ നാരായണപിള്ളയും. നീണ്ട ഒരു ചെറുകഥപോലെ ഒറ്റ അധ്യായത്തിൽ ഒരു നോവൽ.

റോസാദലങ്ങൾ

ആത്മാംശങ്ങൾ കൂടിക്കലർന്ന നോവലുകളെക്കാൾ എസ്. ജയചന്ദ്രൻ നായർ എന്ന പത്രാധിപരെ മലയാള സാഹിത്യത്തിൽ അടയാളപ്പെടുത്തിയത് സാഹിത്യ ലേഖനങ്ങളായിരുന്നു. എം. കൃഷ്ണൻനായരുടെ സാഹിത്യവാരഫലം മലയാളത്തിലെ ലിറ്റററി ജേണലിസത്തിനു നൽകിയ നവോത്മേഷത്തെ ‘റോസാദലങ്ങളി’ലൂടെ അസാധാരണമായൊരു സാഹിത്യാനുഭവമാക്കി.

സമകാലിക മലയാളം വാരികയിൽ ആകസ്മികമായിട്ടായിരുന്നു ‘റോസാദലങ്ങളും കുപ്പിച്ചില്ലുകളും’ എന്ന പരമ്പര എഴുതിത്തുടങ്ങിയത്. ‘കുപ്പിച്ചില്ലുകൾ’ പിന്നെ ഇല്ലാതായി റോസാദലങ്ങൾ മാത്രമായി. ആ പംക്തി തുടങ്ങിയ പശ്ചാത്തലം ഓർത്തുപോവുകയാണ്. 1998-ൽ എം.പി. നാരായണപിള്ള മരണമടയുന്നു, 2006-ൽ പ്രൊഫ. എം. കൃഷ്ണൻനായരും. ഒരു പത്രാധിപർ എന്ന നിലയിൽ ജയൻസാർ വല്ലാതെ ഉലഞ്ഞുപോയ സന്ദർഭങ്ങളായിരുന്നു രണ്ടും. എം.പി. നാരായണപിള്ളയുടെ ആത്മകഥാക്കുറിപ്പുകൾ പെട്ടെന്ന് നിലച്ചു. കൃഷ്ണൻനായർ സാറിന്റെ സാഹിത്യവാരഫലവും നിലച്ചു. ഒരു എഴുത്തുകാരൻ സൂക്ഷ്മമായി എങ്ങനെ വാക്കുകൾ ഉപയോഗിച്ച് വായനക്കാരുടെ ഹൃദയത്തിൽ കടക്കുന്നുവെന്ന് തെളിയിച്ചവരാണ് രണ്ടുപേരും ലളിതമായി സാധാരണക്കാരുടെ ഭാഷയിൽ എഴുതുക. എം.പി. നാരായണപിള്ളയുടെ ലേഖനങ്ങളും കൃഷ്ണൻനായർ സാറിന്റെ പ്രതിവാരക്കുറിപ്പുകളും വ്യത്യസ്തങ്ങളായിരുന്നു. രണ്ടുപേരും. വായനക്കാരുടെ ഹൃദയങ്ങളെ കീഴടക്കി. ചിന്തകൾക്കു തീകൊളുത്തി. എം.പി. നാരായണപിള്ള ഇല്ലാത്ത വാരിക, വാരഫലമില്ലാത്ത മലയാളം വാരിക. വലിയ വിഷമമായിരുന്നു. ‘റോസാദലങ്ങൾ’ എഴുതിത്തുടങ്ങുന്ന പശ്ചാത്തലമിതായിരുന്നു.

സാഹിത്യ ലേഖനങ്ങൾ എഴുതുന്ന പണ്ഡിതന്മാർ ഒരുപാട് ഉണ്ടായിരുന്നു. സാദാ സാഹിത്യനിരൂപണങ്ങളുടെ പരിമിതി മനസ്സിലാക്കിയ ഒരു പത്രാധിപർക്കേ ‘റോസാദലങ്ങൾ’ എഴുതാനാവൂ. അതിരുകളില്ലാത്ത ഒരു ലോകത്തെ പുസ്തകങ്ങളിലൂടെ കണ്ടെത്തുകയായിരുന്നു. കഥ, കവിത, ലേഖനം, ആത്മകഥ, ജീവചരിത്രം, ചരിത്രം, ശാസ്ത്രം തുടങ്ങി ഏത് ലോകത്തിലും കടന്നുചെല്ലുന്ന കുറിപ്പുകളായിരുന്നു റോസാദലങ്ങൾ. വെറുമൊരു ആസ്വാദകൻ, ഒരു കാഴ്ചക്കാരൻ, അതായിരുന്നു എഴുത്തുകാരന്റെ റോൾ. സാഹിത്യനിരൂപണം നടത്തുക എന്നതായിരുന്നില്ല. വെറുമൊരു ജേണലിസ്റ്റാകുകയുമായിരുന്നില്ല. റോസാദലങ്ങളുടെ മുഖവുരയിൽ എഴുതുകയാണ്: “വായിച്ച പുസ്തകങ്ങളിലെ ചില ഭാഗങ്ങളാണ് ഇതിൽ. ഒരു ആസ്വാദകനെന്ന നിലയ്ക്കാണ് എഴുത്തുകാരേയും അവരുടെ രചനകളേയും ഞാൻ സമീപിച്ചത്. പലപ്പോഴും പുസ്തകങ്ങൾ എനിക്ക് അളവറ്റ സന്തോഷം നൽകിയിരുന്നു. ഏകാന്തനിമിഷങ്ങളിൽ ഓർമിക്കാൻ സാധിക്കുന്ന ആർദ്രനിമിഷങ്ങളും...” ജീവിതം മുഴുവൻ പുസ്തകങ്ങൾക്കു നടുവിൽ ജീവിച്ച ഒരു പത്രാധിപരുടെ ഓർമക്കുറിപ്പുകൾകൂടിയാണ് റോസാദലങ്ങൾ എന്ന മനോഹരമായ പുസ്തകം. അതിനു പല എഡിഷനുകളുമുണ്ടായി. ബെസ്റ്റ് സെല്ലറായി മലയാളം ആ പുസ്തകത്തെ ആഘോഷിച്ചു.

റോസാദലങ്ങളുടെ അതേ ഗണത്തിൽ എഴുതിയ പുസ്തകക്കുറിപ്പുകളായിരുന്നു ‘തേരൊലികളും’, ‘ഇലകൾ കൊഴിയാത്ത മരങ്ങളും’ ‘സ്വാതന്ത്ര്യത്തിന്റെ ഉപ്പും’ ‘നിശ്ശബ്ദ ഭവനങ്ങളും’ ഒക്കെ. അസാധാരണമായ ഒരു പുസ്തകപ്രേമിയും വായനക്കാരനുമായിരുന്നു ജയൻസാർ. അതിവേഗതയിലുള്ള വായനയ്ക്കും അതിവേഗതയിലുള്ള എഴുത്തിനും സാക്ഷിയാണ് ഈ ലേഖകൻ. ഒരു ക്ലാസിക് മണിക്കൂറുകൾക്കകം വായിച്ച് കുറിപ്പെഴുതുന്നതു കണ്ട് ഞാൻ പകച്ചുപോയിരുന്നു. അറുന്നൂറോ എഴുന്നൂറോ പേജുകൾ വരുന്ന ഒരു ഇംഗ്ലീഷ് നോവൽ വായിച്ച്, സാരാംശം നഷ്ടപ്പെടാതെ മനോഹരമായൊരു ശൈലിയിൽ മലയാളം വാരികയുടെ ആറേഴ് പേജുകളിൽ ഒതുക്കിനിറുത്തുക. ഏതു പുസ്തകപ്രേമിയേയും അതിശയിപ്പിക്കുന്ന ക്രാഫ്റ്റ്. ഫിഡൽ കാസ്‌ട്രോയുമായി നൂറു മണിക്കൂർ സംഭാഷണം നടത്തിയ ഇഗ്നോഷ്യാ റമോനെ (Ignacio Ramone) രചിച്ച ‘മൈ ലൈഫ്, ഫിഡൻ കാസ്‌ട്രോ’ (My Life. A spoken Autobiography. fidel castro) എന്ന 626 പേജുകൾ വരുന്ന പുസ്തകം മലയാളം വാരികയിൽ നാലു പേജുകളിൽ ഒതുക്കിയിരിക്കുന്നു, സാരാംശം നഷ്ടപ്പെടാതെ. ഇംഗ്ലീഷ് പുസ്തകം വായിച്ച വായനക്കാരൻ അത്ഭുതത്തോടെ കൈകൾ കൂപ്പും.

പത്രപ്രവർത്തകൻ, പത്രാധിപർ എന്നൊക്കെ നമ്മൾ സാധാരണ ഭാഷയിൽ വിളിക്കപ്പെടുന്നവരിൽ ഒരാളായിരുന്നില്ല എസ്. ജയചന്ദ്രൻ നായർ. അദ്ദേഹത്തിന്റെ വാക്കുകളിൽ മാന്ത്രികസ്പർശമുണ്ടായിരുന്നു. ചില കുറിപ്പുകൾ കവിതപോലെ മനോഹരമായിരുന്നു. ആ കുറിപ്പുകളിൽ ചരിത്രവും ഭൂമിശാസ്ത്രവുമുണ്ടായിരുന്നു. ആ കുറിപ്പുകളിൽ മനുഷ്യരുടെ സങ്കടങ്ങളും കിനാവുകളും തകർച്ചകളും ഉണ്ടായിരുന്നു. ഒരേസമയം എഴുത്തുകാരനായ പത്രാധിപരും പത്രാധിപരായ എഴുത്തുകാരനുമായിരുന്നു.

ഷാസെ സാരമാഗു (Jose Saramago) വിന്റെ ‘ഡെത്ത് അറ്റ് ഇന്റർവെൽസ്’ (Death at intervals) നോവലിനെ അവതരിപ്പിക്കുന്നത് നോക്കൂ, ‘കാലനില്ലാത്ത കാലം’ എന്ന ശീർഷകത്തിൽ. ഡിസംബർ 31-ന് അർദ്ധരാത്രിക്ക് ഒരു മിനിട്ടുള്ളപ്പോൾ രാജമാതാവിന്റെ അവസാന ശ്വാസത്തിനായി ഏവരും കാത്തുനിൽക്കുകയായിരുന്നു. എന്നാൽ, ആ കാത്തിരിപ്പിൽ സമയം സ്തംഭിക്കുന്നതുപോലെ, പക്ഷേ, യാതൊന്നും സംഭവിച്ചില്ല. രാജമാതാവിന്റെ അവസ്ഥ മെച്ചപ്പെടുകയോ മോശമാവുകയോ ചെയ്തില്ല. ഒരു കൊടുങ്കാറ്റിന്റെ ആരംഭമായിരുന്നു ആ അനുഭവം. പുതുവത്സരദിനം ഉച്ചയായതോടെ രാജ്യമാസകലം ഒരു അഭ്യൂഹം പരന്നു. ആരും മരിക്കുന്നില്ല. എന്തു സംഭവിക്കുന്നുവെന്ന് ആർക്കും ഒരു തിട്ടമുണ്ടായിരുന്നില്ല. എല്ലാവരും പരിഭ്രാന്തരായി. മരണങ്ങൾ സംഭവിക്കുന്നില്ല. ഒരു ടെലിവിഷൻ പത്രപ്രവർത്തക ആ സംഭവം ഒരു വാർത്തയാക്കി. കാലനില്ലാത്ത കാലത്ത് പൊതു ജീവിതം എങ്ങനെ താളംതെറ്റുന്നുവെന്ന് അതീവ രസകരമായി സാരമാഗു പറയുകയാണ്.

സാരമാഗുവിന്റെ ക്ലാസിക്കിനെ മൂന്നു പേജുകളിൽ രസകരമായിത്തന്നെ മലയാളം വാരികയിൽ അവതരിപ്പിച്ചുകൊണ്ട് എഴുതുകയാണ്: “ഈ നോവൽ വായിക്കണമെന്ന് വായനക്കാരോട് ഞാൻ അഭ്യർത്ഥിക്കുന്നു. ഒരു കൂടിക്കാഴ്ചയിൽ സാരമാഗു പറഞ്ഞു. ഈ ഭൂമിയിൽ ഏവർക്കും കൃഷിയിറക്കാനുള്ള ഇടമുണ്ട്. എത്രമാത്രം ആഴത്തിൽ കുഴിക്കുന്നുവെന്നതാണ് പ്രധാനം. അദ്ദേഹം ആഴത്തിൽത്തന്നെ കുഴിക്കുന്നുവെന്ന് ഈ നോവൽ സാക്ഷ്യപ്പെടുത്തുന്നു. നോവൽ എന്ന ശില്പ രൂപത്തെ അഴിച്ചുപണിയുന്നതാണ് ഈ കൃതി. ചില നോവലുകൾ സ്നേഹിതന്മാരെപ്പോലെയാണ്. അവ നമ്മോട് സംസാരിച്ചുകൊണ്ടേയിരിക്കുന്നു...”

സാരമാഗുവിന്റെ ‘ബ്ലൈൻഡ്‌നെസും’ ‘സീയിങ്ങു’മൊക്കെ ഇതുപോലെ ചെറിയ കുറിപ്പുകളിൽ അവതരിപ്പിച്ചിരിക്കുന്നു. ഴാൻ ഷെനെയുടെ വ്യക്തിസ്വരൂപത്തിന്റെ സങ്കീർണത അനാവരണം ചെയ്യുന്ന ജീവചരിത്രമാണ് എഡ്മൺഡ് വൈറ്റ് (Edmand White) എഴുതിയ ‘ഷെനെ’ (Genet) എന്ന ബൃഹദ് കൃതി. നോവലെഴുത്തുകാരനും നാടകകൃത്തും മാത്രമായിരുന്നില്ല ‘സെയിന്റ്‌ഷെനെ’ എന്ന് ഴാൻ പോൾ സാർത്രേ വിശേഷിപ്പിച്ച ഴാൻഷെനെ. ക്രൂരമായ ബാല്യത്തിൽനിന്നു കുഴിച്ചെടുത്ത അസാധാരണമായ ജീവിതത്തിന്റെ ഉടമയായിരുന്നു ഷെനെ. നാടോടിയും മോഷ്ടാവും കുറ്റവാളിയുമായിരുന്നു. ഷെനെയുടെ ആ ജീവചരിത്രം വായനക്കാരെ അസ്വസ്ഥരാക്കും. ജീവിതത്തെ തലകീഴായി നിർത്തി അതിൽനിന്നും ഊറിവരുന്ന ചോരയെ കൈകളിൽ കോരിയെടുത്തു ശരീരത്തിൽ പൂശി രസിക്കുന്നവരിൽ ആഹ്ലാദം കണ്ടെത്തിയിരുന്ന ഷെനെയുടെ ജീവിതം ഒരു കാലുഷ്യക്കടലായിരുന്നു.

നോവലുകൾക്കും കഥകൾക്കുമൊപ്പം എല്ലാത്തരത്തിലുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങളും മലയാളി വായനസമൂഹത്തിനു മുന്നിലെത്തിക്കാൻ അതീവ ജാഗ്രതയും അസാധാരണ പാടവവും കാട്ടിയ പത്രാധിപരാണ് ജയചന്ദ്രൻ നായർ. കേസരി ബാലകൃഷ്ണപിള്ളയും കെ. ബാലകൃഷ്ണനും എം. കൃഷ്ണൻനായരുടേയുമൊക്കെ തുടർച്ചയെന്നൊണം ലോകസാഹിത്യത്തെ ചരിത്രത്തേയും രാഷ്ട്രീയത്തേയും സംസ്കാരത്തേയും മലയാള വായനക്കാർക്ക് പരിചയപ്പെടുത്താൻ ജയചന്ദ്രൻ നായർ നടത്തിയ അസാധാരണമായ ഇടപെടലുകളായിരുന്നു ‘റോസാദലങ്ങളും’ ‘ഇലകൾ കൊഴിയാത്ത മരങ്ങളും’, ‘തേരൊലികളും’, ‘സ്വാതന്ത്ര്യത്തിന്റെ ഉപ്പും’ ഒക്കെ ഓർമിക്കുക. വായന ഡിജിറ്റലാകും മുൻപുള്ള കാലം. പുസ്തകം പ്രിയപ്പെട്ടതായിരുന്ന കാലം. ആ കാലത്തെ മലയാളികൾക്കു മുന്നിലാണ് എല്ലാത്തരത്തിലുള്ള പുതുമകളുടേയും വാതിൽ തുറന്നിട്ട് കടന്നുവരൂ, വായിക്കൂ, ആഹ്ലാദിക്കൂ, ഇതാ ഇങ്ങനെയുമൊരു എഴുത്തുകാരനുണ്ട്. ഇങ്ങനെയുമൊരു ലോകമുണ്ട് എന്നു വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നത്.

ജയചന്ദ്രൻ നായരുടെ മുകളിൽ സൂചിപ്പിച്ച പുസ്തകങ്ങൾ തുറന്ന് ഒരു വായനക്കാരൻ ആഹ്ലാദാരവങ്ങളോടെ നമിച്ചുപോകുന്നുവെങ്കിൽ അതിനു കാരണം അസാധാരണമായ ആ ശൈലിയും നാം ജീവിച്ച കാലത്തെക്കുറിച്ചുള്ള അഗാധമായ അറിവുമായിരുന്നു. എത്ര വൈവിദ്ധ്യസുന്ദരവും വർണാഭവുമായൊരു പുസ്തകപ്രപഞ്ചമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ പുസ്തക പ്രപഞ്ചം അടുക്കിവെച്ചും അടുക്കാതെ ചിതറിയിട്ടും പഴയ കാർഡ് ബോർഡ് പെട്ടികളിൽ ഒതുക്കിവച്ചും ജനാലപ്പടികളിൽ പൊടിയടിച്ചും കിടക്കുന്നതുകണ്ട് അമ്പരപ്പും ആഹ്ലാദവും വിഷാദവുമൊക്കെ അനുഭവിച്ച ഒരാളാണ് ഈ ലേഖകൻ. ആ മുറികൾക്കുള്ളിലേക്ക് ആസ്തമാരോഗിയായ ഞാൻ പേടിയോടെ കടന്നുചെന്നിരുന്നു. യാതൊരു കൂസലുമില്ലാതെ ചാരുകസേരയിൽ ജയൻസാർ കിടക്കുകയാണ്. കയ്യിലിരുന്ന തോർത്ത് എനിക്ക് തന്നു. സ്റ്റൂളിലെ പൊടി തുടച്ച് അവിടെ ഇരിക്കാൻ പറയുന്നു. രണ്ട് മിനിട്ട് കഴിഞ്ഞ് ഞാൻ തുമ്മാൻ തുടങ്ങുമ്പോൾ “നിനക്ക് പറ്റിയതല്ല ഈ മുറി, നമുക്കു പുറത്തുപോകാം.” പുസ്തകം ഭ്രാന്തായിരുന്നോ? എനിക്കറിയില്ല. “പുസ്തകപ്രേമികളും ഭ്രാന്തന്മാരും” എന്നൊരു ലേഖനം റോസാദലങ്ങളിലുണ്ട്. നിക്കളോസ് എ ബാസ്‌ബേൻസ് (Nicholas A. Basbanes) രചിച്ച ‘എ ജന്റിൽ മാഡ്‌നസ്’ (A Gentle Madness. Bibliophiles, Bibliomanes and the eternal passion for Books) എന്ന കൃതിയെ പരിചയപ്പെടുത്തുകയാണ്. 286 ലൈബ്രറികളിൽനിന്ന് 19 ടൺ ഭാരം വരുന്ന പുസ്തകങ്ങൾ, 20 മില്യൺ ഡോളർ വിലമതിക്കുന്ന ഈ പുസ്തകങ്ങൾ സ്റ്റീഫൻ ബ്യൂംബർഗ് എന്ന നാല്‍പ്പതുകാരന്റെ കൈവശം എങ്ങനെ എത്തി? പിടിക്കപ്പെട്ടപ്പോൾ അയാൾ പറഞ്ഞു, വിൽക്കാൻ വേണ്ടിയല്ല ഞാൻ പുസ്തകങ്ങൾ മോഷ്ടിക്കുന്നത്, അവയെ ഭദ്രമായി സൂക്ഷിക്കാനാണെന്ന്. പുസ്തകങ്ങൾ സൂക്ഷിക്കുന്ന ഇടം അയാൾ കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. ആധുനിക കാലത്തെ അസാധാരണമായ ഒരു മോഷണത്തിന്റെ കഥയാണത്. അത്യന്തം രസകരവും അസാധാരണവുമായ പുസ്തകപ്രേമങ്ങളുടെ കഥകളാണ് നിക്കളോസിന്റെ പുസ്തകത്തിൽ നിറയെ.

പുസ്തക ശേഖരണത്തെ കലയാക്കി മാറ്റിയ ഫ്രെഞ്ച് പണ്ഡിതനായ സിൽവസ്ത്ര് ദി സാസി തന്റെ വിൽപ്പത്രത്തിൽ ഇങ്ങനെ രേഖപ്പെടുത്തി: “എന്റെ ഓമനപ്പുസ്തകങ്ങളെ, നിങ്ങളെയെല്ലാം വില്പനശാലയുടെ മേശപ്പുറത്ത് നിരത്തിവയ്ക്കുന്ന ഒരു ദിവസം ആഗതമാകും. വിയർപ്പൊഴുക്കി ഓരോന്നായി ഞാൻ സംഭരിച്ച പുസ്തകങ്ങൾ അങ്ങനെ പലരുടേയും കൈകളിൽ എത്തിച്ചേരും...” എഴുപത്തിയഞ്ചാമത്തെ വയസ്സിൽ നിര്യാതനായ എഴുത്തുകാരനും ഭിഷഗ്വരനുമായ സർ തോമസ് ബ്രൗൺ വിൽപ്പത്രത്തിൽ രേഖപ്പെടുത്തിയത് ഇങ്ങനെയായിരുന്നു: “എൽസെവിയറിന്റെ ഹൊറേസ് എന്ന കൃതി അത് പൊതിഞ്ഞുസൂക്ഷിച്ചിരിക്കുന്ന തുകൽ സഞ്ചിയോടൊപ്പം എന്റെ ശവപേടകത്തിൽ അടക്കം ചെയ്യണം.” ചരിത്രത്തെ തിരുത്തിക്കുറിക്കുന്ന ഗ്രന്ഥങ്ങളുടെ ആദ്യപ്രതി സ്പർശിക്കുമ്പോൾ ആ കാലഘട്ടത്തിന്റെ മിന്നൽ ശരീരത്തിൽ പുളകപ്രസരണമാകാറുള്ളതായി പല പുസ്തകപ്രേമികളും എഴുതിയിട്ടുണ്ട്. ഡാർവിന്റെ ‘ഒറിജിൻ ഓഫ് സ്പീഷിസിന്റേയും’ ന്യൂട്ടന്റെ ‘പ്രിൻസിപ്പിയ മാത്തമറ്റിക്കയുടേയും’ ആദ്യപ്രതി സ്പർശിക്കുമ്പോൾ അതൊരു പുനർജന്മമായി തോന്നുന്നു എന്ന് എഴുതിയത് വാൾട്ടർ ബെന്യാമിനാണ്.

പുസ്തകപ്രേമികളെക്കുറിച്ചുള്ള ഈ കുറിപ്പ് ജയൻസാർ അവസാനിപ്പിക്കുകയാണ്: “പുസ്തകപ്രേമം ഒരു രോഗമല്ല, അതൊരു ആത്മീയത്വരയാണ്.” ഈ വാചകം വായിച്ച് ഞാൻ പുറത്തേയ്ക്ക് നോക്കിയിരുന്നു. എന്റെ മുന്നിൽ ചുവന്ന രാജമല്ലിപ്പൂക്കൾ വിടർന്ന് കിടക്കുന്നു. തെച്ചി പൂത്തുലഞ്ഞ് കിടക്കുന്നു. പനിനീർപ്പൂവും തൂവെള്ള റോസാപ്പൂവും അരികിലൊരു കൃഷ്ണതുളസിയും. അശോകം ഇപ്പോൾ പൂക്കാറുതന്നെയില്ല. പട്ടത്തെ വൃന്ദാവൻ കോളനിയിലെ ജയൻസാറിന്റെ വീട്ടുമുറ്റത്ത് ഒരു അശോകമരമുണ്ട്. ഒരിക്കൽ പൂത്തുലഞ്ഞു കിടന്നിരുന്നു. ഇപ്പോൾ ആ വീട് നിശ്ശബ്ദമാണ്. അടഞ്ഞുകിടക്കുകയാണ്. രണ്ട് വർഷങ്ങൾക്കു മുൻപാണ് ജയൻസാർ അവസാനമായി അവിടെ വന്നത്. എന്നെ വിളിച്ചു, ശങ്കരൻകുട്ടിയേയും പ്രസാദ് ലക്ഷ്മണനേയും. വീടാകെ മാറാലപിടിച്ചു കിടന്നിരുന്നു. രണ്ട് പണിക്കാർ വീട് വൃത്തിയാക്കുന്നുണ്ട്. പ്രധാന ഹാളിലേക്കോ മുകൾനിലയിലേക്കോ കയറാനായില്ല. ആ ഹാളിലും മുറികളിലാകെയും പുസ്തകങ്ങളാണ്. പൊടിയിലമർന്ന പുസ്തകങ്ങളെ ഓർത്തു വിഷണ്ണനായി വരാന്തയിലെ ചാരുകസേരയിൽ. എന്നോട് പറഞ്ഞു: “എനിക്ക് ആകെയുള്ള സമ്പാദ്യം ഈ പുസ്തകങ്ങളാണ്. എന്റെ മരണം വരെ എന്നോടൊപ്പം ഇവർ ഉണ്ടാകണം.” എനിക്ക് ആകെയുള്ള സ്നേഹിതർ പുസ്തകങ്ങൾ മാത്രമാണെന്ന് എത്രയോ പ്രാവശ്യം പറഞ്ഞതാണ്. പുസ്തകങ്ങളെ അനാഥരാക്കിയാണ് ജയൻസാർ വിടപറഞ്ഞത്. ലണ്ടനിൽനിന്ന് മകൻ ജയദീപ് ഒരിക്കലോ മറ്റോ വന്നിരുന്നു. വൃന്ദാവൻ കോളനിക്ക് മുന്നിലൂടെ പതിവായി കടന്നു പോകുന്ന ഒരാളാണ് ഞാൻ. ചിലപ്പോഴൊക്കെ അടഞ്ഞ വീട്ടിലെ പുസ്തകങ്ങൾ മനസ്സിലേക്ക് കയറിവരും. പ്രിയപ്പെട്ട വായനക്കാരെ എത്രയോ ദിവസങ്ങൾ, സുധീറിന്റെ മോഡേൺ ബുക്സ്, ഹിഗ്ഗിൻ ബോദംസ്, പൈ ആൻഡ് കോയിലും കറന്റ് ബുക്സിലും ജയൻസാറിനൊപ്പം കയറി ചെന്നിരിക്കുന്നു. ജയൻസാർ എറണാകുളത്തേക്ക് പോയി, പിന്നെ ബാംഗ്ലൂരിലേക്കും. പുസ്തകങ്ങൾ വൃന്ദാവൻ കോളനിയിൽ അനാഥരായി. ആ പുസ്തകങ്ങളെ തൊട്ടും തഴുകിയും ഒരുമിച്ച് ചേർത്തുപിടിച്ചും ജീവിച്ച ഒരാളെ അവയ്ക്ക് ഓർക്കാനാവുമോ, ആവോ?

പുസ്തകം മരിക്കുന്നില്ല

‘റോസാദലങ്ങളും’ ‘ഇലകൾ കൊഴിയുന്ന മരങ്ങളും’ തുടങ്ങി ജയൻസാർ എഴുതിയ ഇരുപതോളം പുസ്തകങ്ങൾക്ക് നടുവിലിരുന്നാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. റോസാദലങ്ങൾ വീണ്ടും ഞാനൊന്നു തുറന്നു. ‘ജീവിതത്തിന്റെ വിശുദ്ധതയിൽ’ തുടങ്ങി ഹെറിഡോട്ടസിന്റെ നിഴലും മാർക്വേസിന്റെ ജീവിതത്തിലെ വെളിച്ചങ്ങളും അമിതാവ്‌ഘോഷും മദർതെരേസയുടെ കത്തുകളും ഗുന്തർഗ്രാസ്സും റിച്ചാർഡ് ഡോക്കിൻസും ദസ് കാപ്പിറ്റലിന്റെ ജീവചരിത്രവും തുടങ്ങി ചിതാനന്ദ ദാസ് ഗുപ്തയിൽ അവസാനിക്കുന്ന ഏതാണ്ട് നൂറ്റിയന്‍പതോളം കുറിപ്പുകൾ. മനുഷ്യ ജീവിതത്തിന്റെ നൂറ്റിയന്‍പതോളം വ്യത്യസ്ത ഭാവങ്ങൾ, സങ്കടങ്ങൾ, ആഹ്ലാദങ്ങളും പ്രണയവും വിരഹവും മരണവുമൊക്കെ ഇടകലർന്നൊരു മഹാപ്രപഞ്ചം സൃഷ്ടിക്കുകയാണ്.

പ്രിയപ്പെട്ട വായനക്കാരെ ഈ പുസ്തകക്കുറിപ്പുകൾ വായിക്കുക. പുസ്തകം മരിച്ചുവെന്ന നിരീക്ഷണം എത്ര ഭോഷ്‌കാണെന്ന് നിങ്ങൾ അറിയും. ഇല കൊഴിയാത്ത മരങ്ങളിലെ ആദ്യ ലേഖനത്തിന്റെ തലക്കെട്ടും അതാണ്. പുസ്തകം അവസാനിക്കുന്നില്ല” This is not the end of the Book എന്ന പുസ്തകത്തെപ്പറ്റിയുള്ള കുറിപ്പാണ്. വിശ്രുത നോവലിസ്റ്റും ചിന്തകനുമായ ഉമ്പർട്ടോ എക്കോയും പ്രശസ്ത തിരക്കഥാ രചയിതാവും നാടകകൃത്തുമായ ഴാൻ ക്ലോദ് കരിയറും തമ്മിൽ നടന്ന പുസ്തകത്തിന്റെ ഭാവിയെക്കുറിച്ചുള്ള സംഭാഷണമാണ് ഇതിവൃത്തം. ഡിജിറ്റൽ വിപ്ലവത്തെ പുസ്തകങ്ങൾ അതിജീവിക്കുമോ? വിവരവിപ്ലവം അതിർത്തിയില്ലാതെ പടർന്നുപരക്കുമ്പോഴും അവസാനം അവശേഷിക്കുന്നത് പുസ്തകമായിരിക്കുമെന്ന് എക്കോയും കരിയറും നിരീക്ഷിക്കുന്നു. വികാരവിചാരങ്ങളുടെ ഹെർബേറിയത്തോട് ഗ്രന്ഥാലയങ്ങളെ സാമ്യപ്പെടുത്തുകയാണ് കരിയർ. അദ്ദേഹം ഫ്രെഞ്ച് ചിന്തകനായ പോൾ ക്ലോദലിനെ ഉദ്ധരിക്കുന്നു. ഈ ലോകം ഒരു ടെക്സ്റ്റാണെന്ന് നമുക്കറിയാം. അത് നമ്മോട് വിനയവും സൗമ്യതയും നിറഞ്ഞ സ്വരത്തിൽ സംസാരിക്കുന്നു. അതിനു മറുപടിയായി എക്കോ കൂട്ടിച്ചേർക്കുന്നതിങ്ങനെ. എന്റെ ഒരു സ്നേഹിതൻ പുസ്തകങ്ങളെ ഒരു രോമക്കുപ്പായത്തോടാണ് സാമ്യപ്പെടുത്തുന്നത്. തെറ്റുകൾക്കും അനിശ്ചിതത്വങ്ങൾക്കും ശൈത്യത്തിനുമെതിരെ അത് പ്രതിരോധം സൃഷ്ടിക്കുന്നു. ലോകത്തെ എല്ലാ ആശയങ്ങളും വികാരങ്ങളും അറിവുകളും നമ്മെ പൊതിഞ്ഞുനില്‍ക്കുന്നത് സാന്ത്വനപ്രദമാണ്. നിങ്ങൾക്കു ചുറ്റും പുസ്തകങ്ങൾ ഉണ്ടാകുമ്പോൾ തണുപ്പനുഭവപ്പെടില്ല. അജ്ഞതയുടെ തണുത്ത ഭീഷണികൾക്കെതിരെ പുസ്തകങ്ങൾ നിങ്ങൾക്ക് പ്രതിരോധമാകുന്നു... ഇന്റർനെറ്റ് വിപ്ലവവും എ.ഐയുമൊക്കെ പുസ്തകങ്ങളെ അപ്രസക്തമാക്കില്ലെന്നതാണ് രണ്ടുപേരുടേയും നിരീക്ഷണം.

എന്റെ പ്രദക്ഷിണവഴികൾ

പ്രിയപ്പെട്ട വായനക്കാർ ‘എന്റെ പ്രദക്ഷിണവഴികൾ’ എന്ന ആത്മകഥാപരമായ കുറിപ്പുകൾ വായിച്ചിരിക്കും. മലയാള ഭാഷയിലെ ഏറ്റവും ചേതോഹരമായ ഓർമക്കുറിപ്പുകളിലൊന്നാണിത്; “എന്റെ പത്രപ്രവർത്തന ജീവിതം ഇറങ്ങിയും കയറിയും സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ എത്രയോ പേരുമായി പരിചയപ്പെട്ടു. വേനൽക്കാലത്ത് മരച്ചില്ലകളിലിരുന്ന് കലപില കൂട്ടുന്ന കിളികളെപ്പോലെ അവരിൽ കുറേപ്പേർ എന്റെ ജീവിതത്തിൽ കയറിയിരുന്നു. അതിൽ വളരെക്കുറച്ചുപേർ പരിമളം പരത്തിക്കൊണ്ട് എവിടെയോ പോയി മറഞ്ഞു. അവർക്കിടയിലൂടെ നടന്ന കാലത്തെക്കുറിച്ചുള്ള മുറിഞ്ഞുപോകുന്ന ഓർമകളാണിവയെന്ന്' മുഖവുരയിൽ കുറിച്ചിരിക്കുന്നു. ഒരു കാലഘട്ടത്തിന്റെ സത്ത് എന്ന് റ്റി.ജെ.എസ്. ജോർജ് മുഖവുരയായി എഴുതിയ ഈ ഓർമപ്പുസ്തകത്തിലെ ചില താളുകൾ പുസ്തകം വായിക്കാത്ത പ്രിയപ്പെട്ട വായനക്കാരുടെ മുന്നിൽ തുറന്നുവയ്ക്കുകയാണ്.

പുസ്തകത്തിലെ 58-ാമത്തെ കുറിപ്പിലാണ് മാധവിക്കുട്ടി എന്ന കമലാദാസ് എന്ന മലയാളിയുടെ പ്രിയപ്പെട്ട ആമി പ്രത്യക്ഷപ്പെടുന്നത്. “നിന്റെ കണ്ണുകൾക്കു മാത്രം കാണാൻ കഴിഞ്ഞ ആ മഞ്ഞപ്പൂക്കൾക്കിടയിൽ ഞാൻ നിന്നിരുന്നു. നിന്റെ കൈപിടിച്ച് നിന്നെ എത്തേണ്ടിടത്തേക്ക് എത്തിക്കുവാൻ... പക്ഷേ, അന്നു നീ വന്നില്ല. നിനക്ക് എന്റെ സ്നേഹത്തെപ്പറ്റി അറിയുമായിരുന്നില്ല.” ‘പക്ഷിയുടെ മണം’ എന്ന കഥയിലെ ഈ വരികൾക്ക് ആത്മഭാഷണത്തിന്റെ ചാരുതയുള്ളതായി എനിക്കു തോന്നിയിട്ടുണ്ട്.

1961-ൽ എഴുതിയതാണ് ഈ കഥ. എന്നാൽ, ഈ കഥയിലൂടെ നമ്മുടെ മനസ്സിൽ വീണ ഈ വരികൾ മാധവിക്കുട്ടിയുടെ ജീവിതത്തിലെ സ്ഥായിയായ ഭാവമായിരുന്നുവെന്ന് നാം മനസ്സിലാക്കിയില്ല. സ്നേഹത്തിന്റെ മാന്തളിരിനുവേണ്ടി ജീവിച്ച ഒരാൾ. തീർച്ചയായും അവർക്കു സ്നേഹം കിട്ടിയിരുന്നു. പക്ഷേ, അതുകൊണ്ടെന്നും അവർ തൃപ്തയായിരുന്നില്ലെന്നു മാത്രം. മലയാളികൾ അവരെ സ്വന്തം ഗൃഹാങ്കണത്തിൽ കുടിയിരുത്തി, മനസ്സുകൊണ്ട് ആരാധിച്ചു. മലയാളത്തിൽ മറ്റൊരു എഴുത്തുകാരനും എഴുത്തുകാരിക്കും കിട്ടാത്ത സ്നേഹവും ആരാധനയും. മാധവിക്കുട്ടിക്കും അതറിയാമായിരുന്നു. എങ്കിലും കളിപ്പാട്ടം കളഞ്ഞുപോയ ഒരു കുട്ടിയെപ്പോലെ അവർ ശാഠ്യം പിടിച്ചിരുന്നു. അതവരുടെ നിഷ്കളങ്കത കൊണ്ടായിരുന്നു. അതുപക്ഷേ, മലയാളികൾ മനസ്സിലാക്കിയില്ല. അവരെ അത് ആകുലയാക്കിയിരുന്നു. കയ്യിലുള്ളതെല്ലാം ഞാൻ നൽകിയില്ലേ? എന്നിട്ടും നിങ്ങൾ എന്താണ് എന്നെ മനസ്സിലാക്കാത്തതെന്ന് അവർ ചോദിച്ചു കൊണ്ടിരുന്നു. കേരളം വിട്ട് പൂനയിലേയ്ക്ക് പോകാനുള്ള കാരണം ഇതായിരുന്നുവെന്ന് അവർ പറഞ്ഞിരുന്നു.

“കലാകൗമുദിയിൽ അവരെക്കൊണ്ട് എഴുതിപ്പിക്കാൻ ഞാൻ നടത്തിയ പരിശ്രമങ്ങൾ ഫലം കണ്ടത് അവർ തിരുവനന്തപുരത്ത് ശാസ്തമംഗലത്ത് താമസിക്കാൻ വന്നതോടെയായിരുന്നു. പല ദിവസങ്ങൾ ശാസ്തമംഗലത്തെ വീട്ടിൽ പോയി, ദാസേട്ടൻ അവസാനം സമ്മതിച്ചു, ഒരു വ്യവസ്ഥയോടെ. എല്ലാ ബുധനാഴ്ചയും 750 രൂപയുമായി എത്തണം. അങ്ങനെയാണ് ‘നീർമാതളം’ കലാകൗമുദിയിൽ വരുന്നത്. കൃത്യമായി ബുധനാഴ്ച ദിവസം അവിടെയെത്തുമ്പോൾ മേശയിൽനിന്ന് ദാസേട്ടൻ മാനുസ്‌ക്രിപ്റ്റ് പുറത്തെടുക്കും. 750 രൂപ എണ്ണിവാങ്ങിയശേഷം ആമിയെ വിളിച്ച് മാനുസ്‌ക്രിപ്റ്റ് കൊടുക്കുകയാണെന്ന് അറിയിക്കുന്നതോടെ ആ ആഴ്ച പൂർത്തിയായിരുന്നു. മാധവിക്കുട്ടിയുടെ ജീവിതത്തിൽ നിറഞ്ഞുനിന്ന ഒരു വടവൃക്ഷമായിരുന്നു ദാസേട്ടൻ. ദാസേട്ടൻ യാത്രയായതിനോട് ഒരിക്കലും മാധവിക്കുട്ടിക്ക് പൊരുത്തപ്പെടാനായില്ല. അവർ ഏകാന്തതയിലായി. പോക്കുവെയിൽ മറഞ്ഞ സന്ധ്യയുടെ തണുത്ത രാശി സാവധാനം പടരുന്നതുപോലെയായിരുന്നു അത്. അവർ അനുഭവിച്ച ആത്മീയമായ നഷ്ടത്തെപ്പറ്റി ആരും പക്ഷേ, ശ്രദ്ധിച്ചില്ല. എഴുത്തുകാരിയായ മാധവിക്കുട്ടിയെ മാത്രം അവർക്കു മതിയായിരുന്നു.”

മലയാളത്തിൽ നമ്മൾ ഹൃദയത്തോട് ചേർത്തുവെച്ച കഥകൾ ഓർത്തുനോക്കുക. വിഷാദം നിറഞ്ഞ കഥകളും നൊമ്പരപ്പെടുത്തിയ കഥകളും തകഴിയുടെ വെള്ളപ്പൊക്കം, കാരൂരിന്റെ പൊതിച്ചോറ്, എം.ടിയുടെ വാനപ്രസ്ഥം, ടി. പത്മനാഭന്റെ മഖൻസിങ്ങിന്റെ മരണം, മാധവിക്കുട്ടിയുടെ പക്ഷിയുടെ മണം, ഒ.വി. വിജയന്റെ കടൽതീരത്ത്, എൻ.എസ്. മാധവന്റെ ഹിഗ്വിറ്റ... ആ നീണ്ട നിരയിൽ നമ്മൾ മലയാളികൾ മനസ്സിൽ അടയാളപ്പെടുത്തിയ എക്കാലത്തേയും മികച്ച കഥയിലൊന്നാണ് മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ ‘മൂന്നാമതൊരാൾ.’

മലയാള മനസ്സിൽ നീറിപ്പിടിച്ചു നില്‍ക്കുന്ന ആ കഥയെ, അതെഴുതിയ മുണ്ടൂർ കൃഷ്ണൻകുട്ടിയെ ജയൻസാർ ഓർക്കുകയാണ്, തന്റെ പ്രദക്ഷിണവഴികളിലെ 61-ാം കുറിപ്പിൽ എന്താണ് മുണ്ടൂരിന്റെ മൂന്നാമതൊരാൾ എനിക്ക് പ്രിയപ്പെട്ടതാകാൻ കാരണം? അതിഭാവുകതയാണോ? അതോ കൃഷ്ണൻകുട്ടിയുടെ ജീവിതത്തിന്റെ ചോരസ്പർശമുള്ള ഒരു ഖണ്ഡമായതുകൊണ്ടാണോ? സായംസന്ധ്യയിൽ വിജനമായ കൽമണ്ഡപത്തിൽ കൊളുത്തിവച്ച ഒറ്റത്തിരിനാളമാണ് ആ കഥയെന്ന് എനിക്കു തോന്നിയിട്ടുണ്ട്. കത്തുകളിലൂടെ പരിചയപ്പെട്ടിരുന്ന മുണ്ടൂർ കൃഷ്ണൻകുട്ടി ഒരു ദിവസം കലാകൗമുദി ഓഫീസിൽ കയറിവന്നു. അദ്ധ്യാപക ജോലിയിൽനിന്നു റിട്ടയർ ചെയ്ത ശേഷം ഒരു ജോലിയുമായി ബന്ധപ്പെട്ട് നാഗർകോവിലിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു അദ്ദേഹം വന്നത്. ഏറെക്കാലത്തിനുശേഷം വീണ്ടും കാണുന്നതുപോലെ. പ്രസന്നമായ മുഖം, തോൾസഞ്ചി, പരുക്കൻ നാടൻ വേഷം. ഒറ്റപ്പെടലിന്റെ കെടുതിയിൽനിന്നു രക്ഷപ്പെടാൻ ഏതെങ്കിലും കാര്യത്തിൽ മുഴുകി കഴിയണമെന്ന് മനസ്സിലെ ആഗ്രഹം. കലാകൗമുദിയിൽ തനിക്കൊരു ജോലി കിട്ടുമോയെന്ന് അന്വേഷിച്ചു. അനുകൂലമല്ലാത്ത മറുപടിയിൽ കൃഷ്ണൻകുട്ടി നിരാശനായില്ല. എത്രയെത്ര ഇല്ലായ്മകളെ പിന്നിട്ടാണ് യാത്രയെന്ന തിരിച്ചറിവ് അദ്ദേഹത്തിന്റെ മനസ്സിനെ ബലപ്പെടുത്തിയിരുന്നു. ജീവിതം മുഴുവൻ കമ്യൂണിസ്റ്റ് വിശ്വാസിയായിരുന്ന അദ്ദേഹം നിരാശയോടെ പാർട്ടിയെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു. ഇങ്ങനെയൊരു തലകുത്തി വീഴൽ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവസാനം വരെ ഇങ്ങനെയൊരു നിരാശ അദ്ദേഹത്തെ പൊതിഞ്ഞുനിന്നിരുന്നു. അവസാനം വരെ അതിൽനിന്നു തെന്നിമാറാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നുമില്ല. സത്യത്തിൽ മൂന്നാമതൊരാൾ എന്ന കഥയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു കൃഷ്ണൻകുട്ടി എന്ന മനുഷ്യൻ. ഒരിക്കലും ആ കഥയിൽനിന്ന് അദ്ദേഹത്തിനു മോചനമുണ്ടായില്ല. മനസ്സിൽ എടുത്തുവെച്ച ഒരു ഭാരമാവുകയായിരുന്നു ആ കഥ. കൊണ്ടുനടക്കാൻ ഇഷ്ടം തോന്നുന്ന ഭാരം...”

എം. സുകുമാരന്റെ കഥകളെപ്പറ്റി സച്ചിദാനന്ദന്റെ ദീർഘമായ പഠനങ്ങൾ നാം വായിച്ചു. മറ്റു പലരും നിരൂപണങ്ങൾ എഴുതിയിട്ടുണ്ട്. എന്നാൽ, എം. സുകുമാരൻ എന്ന സ്നേഹജ്വാലയെ നെഞ്ചോട് ചേർത്തുവയ്ക്കുന്നുണ്ട് ഈ പുസ്തകത്തിൽ. “എം. സുകുമാരനെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം മനസ്സിൽ തെളിഞ്ഞുവരുന്നത് തിരുവനന്തപുരത്തെ ഫോർട്ട് ഹൈസ്കൂളിനടുത്തുള്ള വേട്ടയ്ക്കൊരു മകന്റെ ക്ഷേത്രമാണ്. ഇടതുവശത്ത് പദ്മവിലാസം കൊട്ടാരം. ദലമർമരംപോലും അലോസരപ്പെടുത്താത്ത മൗനം. ക്ഷേത്രത്തിനും കൊട്ടാരത്തിനും ഇടയിലൂടെയുള്ള വഴിയിലൂടെ പോയാൽ, വലതുവശത്തെ ഫ്ലാറ്റുകളിലൊന്നിലാണ് സുകുമാരൻ താമസിച്ചിരുന്നത്. ഭാര്യയും മകളുമൊത്ത്. ആധുനിക ജീവിതത്തിലെ മറ്റൊരു വേട്ടയ്ക്കൊരു മകൻ.

ജോലി നഷ്ടപ്പെട്ട്, പാർട്ടി നഷ്ടപ്പെട്ട് (പുറത്താക്കിയ) സുകുമാരനു നഷ്ടപ്പെടാത്തതായി ഒന്നുണ്ടായിരുന്നു, സഹപ്രവർത്തകരുടെ അതിരുകളില്ലാത്ത സ്നേഹം. ആ സ്നേഹത്തിന്റെ പിൻബലത്തിലായിരുന്നു ശിഷ്ടജീവിതം. രോഗപീഡകളിൽ വലഞ്ഞ് ഫ്ലാറ്റിനുള്ളിൽ സുകുമാരൻ ഒതുങ്ങി. മുടികൾ കൊഴിഞ്ഞ്, ശരീരം ക്ഷീണിച്ച അവസ്ഥയിൽ സുകുമാരൻ എല്ലാവരിൽനിന്നും അകന്നു. യാതൊന്നും ചെയ്യാതെ മൗനത്തിന്റെ തടവറയിൽ. ജീവിതാവസാനം വരെ കമ്യൂണിസ്റ്റായി ജീവിക്കണമെന്ന ആഗ്രഹം മനസ്സ് നിറഞ്ഞുകിടന്നു. പക്ഷേ, വിശ്വസിച്ച പ്രസ്ഥാനം അദ്ദേഹത്തെ വഞ്ചിച്ചു. ശരിക്കും പാർട്ടി സുകുമാരനെ ചതിക്കുകയായിരുന്നു, നിർദയം പാർട്ടി എം. സുകുമാരനെ പീഡിപ്പിച്ചു (എം. സുകുമാരൻ മരണമടഞ്ഞപ്പോൾ പാർട്ടി അദ്ദേഹത്തിന്റെ പേരിൽ അവാർഡ് ഏർപ്പെടുത്തി, എത്ര വിചിത്രവും അപഹാസ്യവുമായ കമ്യൂണിസം! എം.എ. ബേബിയും രാജേഷും ചേർന്ന് സുകുമാരന്റെ പേരിലുള്ള അവാർഡ് കൊടുക്കുന്ന ചിത്രം കേരളം കണ്ടതാണ്. എത്ര അപഹാസ്യമായ കമ്യൂണിസ്റ്റ് കാപട്യം).

എന്തിനാണ് എഴുതുന്നത്, ആർക്കുവേണ്ടി എഴുതുന്നുവെന്ന് ഒരിക്കൽ സുകുമാരൻ എന്നോട് ചോദിച്ചു. ഞാൻ നിർബന്ധിച്ചുകൊണ്ടേയിരുന്നു. എം. സുകുമാരന് എഴുതാതിരിക്കാനാവില്ലെന്ന് എനിക്ക് അറിയാമായിരുന്നു. ‘പിതൃതർപ്പണവു’മായി ഒരു ദിവസം അദ്ദേഹം വരുമ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ആവേശഭരിതമായി. ഫുൾസ്‌കാപ്പ് കടലാസിൽ വെട്ടും തിരുത്തുമില്ലാതെ, മുഴുത്ത അക്ഷരങ്ങളിൽ ചിതറിക്കിടന്ന ആ നോവൽ മനസ്സിലെ അടച്ചിട്ട വാതിലുകൾ തുറന്നിടുന്നതായിരുന്നു. പിന്നാലെ ‘ജനിതകം’, അദ്ദേഹത്തിന്റെ മോചനമായിരുന്നു ആ കൃതി. അതിനുശേഷം അദ്ദേഹം മൗനത്തെ പുൽകി. സ്വന്തം സാഹിത്യത്തെപ്പറ്റി എം. സുകുമാരൻ സംസാരിക്കാൻ മുതിർന്നിരുന്നില്ല. നിങ്ങൾക്ക് ഞാനൊരു ജീവിതം വായിക്കാനായി തന്നു. അതേപ്പറ്റി ഇനി എന്ത് സംസാരിക്കാനെന്ന ഭാവം. ജെ.ഡി. സാലിംഗറിനെയാണ് ഞാൻ ഓർമിച്ചുപോകുന്നത്. ‘കാച്ചർ ഇൻ ദ റെ’യിലൂടെ അമേരിക്കൻ സാഹിത്യത്തിൽ ഭൂകമ്പം സൃഷ്ടിച്ചിട്ട്, കര വിഴുങ്ങിയ ശേഷം കടൽ പിന്മാറുന്നതുപോലെ സാലിംഗർ സ്വകാര്യതയിലേക്ക് മടങ്ങിപ്പോയി. അദ്ദേഹം ആൾകൂട്ടത്തെ ഒഴിവാക്കി. അതുപോലെയാണ് എം. സുകുമാരനെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഒരിക്കൽ അദ്ദേഹം ആൾകൂട്ടത്തിന്റെ നടുവിലായിരുന്നു. അതിന്റെ ആരവം ഒടുങ്ങുംമുൻപ് എം. സുകുമാരൻ നിശ്ശബ്ദനായി. കിനാവുകൾ ഉപേക്ഷിച്ച് സ്വകാര്യതയുടെ ഉൾഭൂമിയിലേക്ക്.”

പ്രിയപ്പെട്ട വായനക്കാരെ, മലയാള ജീവിതത്തിന്റെ ഒരു കണ്ണാടിയാണ് ‘എന്റെ പ്രദക്ഷിണ വഴികൾ.’ തന്റെ മുന്നിലൂടെ പോയ ജീവിതങ്ങളിൽനിന്ന് മലയാളഭൂമികയും ചരിത്രവും കഥകളും കലകളും സിനിമയും ശാസ്ത്രവും സംഗീതവും സാഹിത്യവും രാഷ്ട്രീയവുമൊക്കെ ഒപ്പിയെടുത്തു നമുക്കു മുന്നിൽ നിവർത്തിവെച്ചിരിക്കുന്നു. ഓരോ “കുറിപ്പും ഓരോ കൊച്ചു ചിത്രങ്ങൾപോലെ ശില്പങ്ങൾപോലെ നമ്മുടെ മനസ്സിനെ കീഴടക്കും.

“രാമുകാര്യാട്ട് എന്ന ‘സിംഫണി കണ്ടക്ടറിലേക്ക്” നോക്കുക. പ്രത്യേകിച്ച് ജോലിയൊന്നുമുണ്ടായിരുന്നില്ലെങ്കിലും കാര്യാട്ട് ബിസി ആയിരുന്നു. ചുവന്ന കാർപ്പറ്റ് വിരിച്ച വലിയ മുറി. അതിനു നടുക്കു വലിയ മേശയും കസേരകളും. ആജാനുബാഹുവായ കാര്യാട്ട് അവിടെ, തിരിയുന്ന കസേരയിലിരിക്കുമ്പോൾ മുറിയിലേക്കുള്ള കവാടം സ്വയം അടയും. അതിന്റെ ട്രിക് എന്താണെന്നാരാഞ്ഞപ്പോൾ വലിയ ഒരു ചിരിയായിരുന്നു ഉത്തരം. മേശക്കടിയിൽ കാലുകൊണ്ടു അമർത്താവുന്ന ഒരു മെക്കാനിസം, അക്കാലത്ത് അത് അപൂർവമായിരുന്നു. ഒരു സിംഫണി കണ്ടക്ടറെപ്പോലെ വ്യത്യസ്ത സ്വരമേളങ്ങളിലൂടെ ഒരു ദൃശ്യവിരുന്ന് ഒരുക്കുകയായിരുന്നു ചെമ്മീനിലൂടെ. തിയേറ്ററിലിരുന്ന് ആ ചലച്ചിത്രം കാണുന്നതിനെക്കാൾ ഹൃദ്യമായ അനുഭവം തിയേറ്ററിനു പുറത്തിരുന്ന് അതു കേൾക്കുകയാണെന്ന് ആരോ ആയിടക്ക് പറഞ്ഞിരുന്നു. ഒരിക്കൽ അദ്ദേഹം കലാകൗമുദി ഓഫീസിൽ വന്നു. ദൈവത്തെ കാത്തിരിക്കുകയായിരുന്നു അദ്ദേഹം അപ്പോൾ. ഡോക്ടർമാരുടെ പരിശോധനകൾക്കുശേഷം കാര്യാട്ട് മടങ്ങി. തൃശൂരിൽ അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ ദൈവം കാത്തിരിക്കുകയായിരുന്നു.”

ജയൻസാർ എഴുതിയ ചെറിയ പുസ്തകങ്ങളിൽ ഒന്നാണ് ‘അലകളില്ലാത്ത ആകാശം.’ ഒ.വി. വിജയന്റെ ഓർമകളാണ്. വിജയൻ എന്ന അഗാധതയെ ഒരു ചിമിഴിൽ ഒതുക്കിയിരിക്കുന്നു. ഒ.വി. ഉഷയുടെ സ്നേഹത്തിന്റെ നനവ് എന്ന മുഖക്കുറിപ്പുമുണ്ട്. വിജയനെക്കുറിച്ച് ‘പ്രദക്ഷിണവഴികളിൽ’ എഴുതിയിരിക്കുകയാണ്; ‘ട്രാജിക് ഇഡിയം’ എന്ന് പേരിട്ട് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച വിജയന്റെ കാർട്ടൂൺ സമാഹാരത്തിലൂടെ കടന്നുപോയപ്പോൾ ഒരു ഉറുമ്പിന്റെ ചിത്രവുമായി ഏകാന്ത താപസിയെപ്പോലെ ആരെയോ കാത്തിരിക്കുന്ന വിജയനെ ഞാൻ ഓർമിച്ചു. വിറയ്ക്കുന്ന വിരലുകളിൽ പേന കുത്തിച്ചുപ്പിടിച്ച് വെളുത്ത താളിനു മുൻപിൽ അന്യമനസ്കനായിരിക്കുന്ന വിജയൻ. ബാഹ്യസ്വരങ്ങളിൽനിന്ന് അകന്ന് ഹൃദയതാളത്തിൽ വിലപിച്ചിരിക്കുന്ന വിജയൻ. മുട്ടോളം നീളുന്ന, കൈകളില്ലാത്ത പരുക്കൻ ഷർട്ടും കാവിനിറത്തിലുള്ള തോർത്തുമുണ്ടും ധരിച്ച് സ്വാതന്ത്ര്യത്തിലേക്ക് നടന്നുപോകാൻ ഒരുങ്ങുന്ന വിജയൻ. കൃത്യമായ ഒരു രാഷ്ട്രീയ വിശ്വാസം വിജയനുണ്ടായിരുന്നു. അതാകട്ടെ, അഗ്നിപോലെ ജ്വലിക്കുന്നതുമായി. അധികാരത്തിന്റെ മുന്നിൽ നിസ്സഹായനായി നില്‍ക്കുന്ന പാവം മനുഷ്യന്റെ പക്ഷത്തായിരുന്നു വിജയൻ. പത്തു മൈലകലെയുള്ള കുടിവെള്ളത്തിനായി ഒഴിഞ്ഞ ഒരു കൂടും തലയിലേറ്റി ഒരു സ്ത്രീ പോകുന്നത് വരച്ച വിജയൻ അതിൽ എഴുതിച്ചേർത്തിരിക്കുന്നത്, ‘Ma, what is Heavy water’ എന്നായിരുന്നു. കോൺഗ്രസ്സിന്റെ ചിഹ്നമായ കൈപ്പത്തിയിൽ, ‘The palm that works, grease it’ എന്നു കുറിക്കുന്നു. വിജയന് കാർട്ടൂണുകൾ കലാപങ്ങളായിരുന്നു.

എഴുപതുകളിൽ ‘ഇത്തിരി നേരമ്പോക്കും ഇത്തിരി ദർശനവും’ കലാകൗമുദിയിൽ വരച്ചുതുടങ്ങുന്നതോടെയാണ് ഖസാക്കുകാരന്റെ രാഷ്ട്രീയ ദർശനം മലയാളികൾ അറിഞ്ഞുതുടങ്ങിയത്. അലകളില്ലാത്ത ആകാശത്തിൽ വിജയനെക്കുറിച്ച് എഴുതുകയാണ്; “എനിക്കറിയുന്ന വിജയൻ സൗമ്യനായിരുന്നു. ഒരു ഈച്ചയപ്പോലും നോവിക്കാത്ത ബോധിസത്വൻ. പക്ഷേ, അദ്ദേഹത്തിനു സദാ പേടിയായിരുന്നു. ആരെയൊക്കെയോ ഏതോ അജ്ഞാതശക്തികൾ അദൃശ്യരായി നിൽക്കുകയാണെന്നും ഏതു നിമിഷവും താൻ ആക്രമിക്കപ്പെടുമെന്നും അദ്ദേഹം പേടിച്ചിരുന്നു. ആ പേടി പലപ്പോഴും ചിലന്തികളുടെ രൂപംകൊണ്ടിരുന്നു. തൂശനിലയിൽ വിഭവങ്ങൾ ഒരുക്കിയ സദ്യ ഉണ്ണണമെന്ന ആഗ്രഹത്തോടെയായിരുന്നു. പരിമിതമായ ചുറ്റുപാടുകളിൽ രണ്ടറ്റം മുട്ടിക്കാൻ പാടുപെട്ടിരുന്ന എന്റെ വീട്ടിൽ വിജയൻ വന്നത്. നാലുതരം പ്രഥമനുള്ള സദ്യ ഒരുക്കി. ആ സദ്യയുടെ സ്വാദ് ആസ്വദിച്ചുകൊണ്ട് വിരൽ ഇഞ്ചിക്കറിയിൽ തൊട്ടുനക്കിയിരുന്ന വിജയന് ഡൽഹിയിൽ ഇതൊന്നും കിട്ടുകയില്ലല്ലോയെന്ന വിചാരമായിരുന്നു അപ്പോൾ.

ഒരുപാട് തോൽവികൾ അനുഭവിച്ചതായിരുന്നു വിജയന്റെ ജീവിതം. ഖസാക്കിന്റെ ഇതിഹാസവും വൺ ഹൺഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റ്യൂഡും അടുത്തടുത്താണ് പുറത്തുവന്നത്. സ്പാനിഷിൽ എഴുതിയ മാർക്വേസിന്റെ രചനയുടെ ഇംഗ്ലീഷ് പരിഭാഷ ഉണ്ടാക്കിയ ചലനം നോബൽ സമ്മാനത്തിലാണ് ചെന്നുനിന്നത്. സാഹിത്യ ഭൂമിശാസ്ത്രത്തിലെ ഒരു നാഴികക്കല്ലായി ‘മാക്കൊണ്ട’ മാറിയത് പെട്ടെന്നായിരുന്നു. ആ കാലത്തുതന്നെ ഖസാക്കിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തു വന്നിരുന്നെങ്കിലോ? പല എങ്കിലുകളും ചേർന്നതാണ് ചരിത്രം. വിജയന് അത് അറിയാമായിരുന്നു. ഡേവിഡ് സെൽബോൺ പരിഭാഷയ്ക്ക് തയ്യാറായതാണ്. പക്ഷേ, എന്തുകൊണ്ടോ അങ്ങനെ സംഭവിച്ചില്ല. വളരെക്കഴിഞ്ഞാണ് വിജയൻ തന്നെ ഖസാക്കിന്റെ ഇംഗ്ലീഷ് പരിഭാഷ നടത്തിയത്. പെൻഗ്വിൻ അത് ഇന്ത്യൻ എഡിഷനായി പുറത്തുകൊണ്ടുവന്നു; അതുകൊണ്ട് അതിന് ഇന്ത്യൻ തീരങ്ങൾക്കപ്പുറം പോകാനായില്ല.”

തെരേസാ വിജയൻ എന്ന ഒ.വി. വിജയന്റെ സഹധർമിണിയെക്കുറിച്ച് പ്രദക്ഷിണവഴികളിൽ എഴുതിയ കുറിപ്പുകൂടി ചേർത്തുവെയ്ക്കട്ടെ, “എഴുപത്തിയഞ്ചാമത്തെ വയസ്സിൽ മരണമടഞ്ഞ തെരേസാ വിജയൻ ഒരർത്ഥത്തിൽ ഒരു ട്രാജിക് കഥാപാത്രമായിരുന്നു. രണ്ടുമാസം മുൻപ് അവർ ചിതാഭസ്മം സംബന്ധിച്ച ചില കോടതിരേഖകളുടെ കോപ്പി എനിക്കയച്ചു തന്നിരുന്നു. അതു കിട്ടിയോ എന്നു തിരക്കിയ കൂട്ടത്തിൽ അതേപ്പറ്റി സംസാരിക്കുമ്പോൾ അവരുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. ഈ വിധമൊരനുഭവം ആർക്കും ഉണ്ടാകരുതേയെന്ന പ്രാർത്ഥനയോടെ ആ കുശലാന്വേഷണം അവസാനിക്കുമ്പോൾ തർക്കം തീർത്ത് ചിതാഭസ്മം നിമജ്ജനത്തിൽ എല്ലാവരും പങ്കാളികളാകുന്ന ദിവസം ഒരിക്കലും വരാൻപോകുന്നില്ലെന്ന തോന്നലായിരുന്നു മനസ്സിൽ. അദ്ദേഹം അവശേഷിപ്പിച്ച ഒരുപിടി ചാരം ആരുടെയൊക്കെയോ അഹന്തകളേയും വാശികളേയും ഊതിവീർപ്പിച്ചുകൊണ്ടിരുന്നു. ഏതു പാപമാണ് മരണത്തിലും വിജയനെ പിന്തുടരുന്നത്.

വിജയന്റെ കാര്യത്തിൽ തെരേസ ഒരു അമ്മക്കോഴിയായിരുന്നു. ആരെങ്കിലും വിജയനെ അപഹരിക്കുമെന്ന ഉല്‍ക്കണ്ഠയോടെ മുട്ടയ്ക്ക് അടയിരിക്കുന്ന തള്ളക്കോഴിയെപ്പോലെ അവർ വിജയനു ചുറ്റും ഓടിനടന്നിരുന്നു. പാർക്കിൻസൺ വിജയന്റെ ശാരീരിക ചലനങ്ങളെ തളർത്തിയപ്പോൾ അവരുടെ ഭീതി വല്ലാത്ത ആകുലതയായി മാറി. വിജയനില്ലാത്ത ഒരു ജീവിതം അവരുടെ സങ്കല്പങ്ങൾക്കപ്പുറമായിരുന്നു. വിജയൻ തന്റെ സ്വത്ത് മാത്രമാണെന്ന് അവരുടെ തോന്നൽ മറ്റു പലരിലും നീരസമുണ്ടാക്കുന്നുണ്ടെന്ന് തെരേസാ മനസ്സിലാക്കിയിരുന്നു. എന്നെ ആരും മനസ്സിലാക്കുന്നില്ലല്ലോ എന്നതായിരുന്നു അവരുടെ ദുഃഖം. യൗവ്വനത്തിന്റെ നല്ലകാലം മുഴുവൻ കൈവിരലിലൂടെ ഊർന്നുപോവുകയും സായാഹ്നവും സന്ധ്യയും ക്ഷണിക്കപ്പെടാത്ത അതിഥികളായെത്തി ജീവിതത്തിന്റെ തരിശുകളെപ്പറ്റി ഓർമിപ്പിക്കുകയും ചെയ്യുന്ന ജീവിതങ്ങളിലൊന്നായി മാറിയതാണ് തെരേസയുടെ ജീവിതം.”

പ്രിയപ്പെട്ട വായനക്കാരെ, ഏതാണ്ട് അറുപതിലധികം വർഷങ്ങൾ മലയാള സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായിരുന്ന ഒരാൾ ഒരിക്കലും സാംസ്കാരിക നായകനായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതെ ഒതുങ്ങി നിശ്ശബ്ദനായി നിന്ന ഒരാൾ, പത്രാധിപന്മാരുടെ ജാഡകളൊന്നും കാണിക്കാതിരുന്ന ഒരാൾ. തൂവെള്ള വസ്ത്രത്തിൽ മാന്യതയുടെ പര്യായമായി നീണ്ടുമെലിഞ്ഞ കണ്ണടക്കാരൻ. ഒരു പത്രപ്രവർത്തകൻ എന്നും പ്രതിപക്ഷത്തായിരിക്കണമെന്ന് തന്റെ തൊഴിലിലൂടെ ലോകത്തെ അറിയിച്ച ഒരാൾ. അങ്ങനെ ഒരാളെക്കുറിച്ചുള്ള ഓർമകളിൽ ചിലതാണ്. ഞാൻ പകർത്താൻ ശ്രമിച്ചത്.

പത്ത് നാല്പത് വർഷങ്ങളിലധികം ജയൻസാറിനെ അടുത്തറിഞ്ഞ ഒരാൾ എന്ന നിലയിൽ, പ്രത്യേകിച്ച് പത്രാധിപരായിരുന്ന അവസാന നാളുകൾ എനിക്ക് മറക്കാനാവുന്നില്ല. പിണറായിസം തകർത്താടിയ കാലം. ഇടത് ആശയങ്ങളെ എന്നും നെഞ്ചേറ്റിയ ആളെന്ന നിലയിൽ പിണറായിസത്തിന്റെ ആരംഭം മുതൽ അതിനെ നിശിതമായി ജയൻസാർ എതിർത്തിരുന്നു. ടി.പി. ചന്ദ്രശേഖരന്റെ വധത്തോടെ പിണറായിസം എന്ന സ്റ്റാലിനിസം കേരളത്തെ ഭയത്തിന്റെ തടവറയിലാക്കി. സർവ സാംസ്കാരിക നായകരും റിട്ടയേഡ് നക്സലൈറ്റ് കവികളും പിണറായിസത്തിന്റെ വാഴ്ത്തുപാട്ടുകാരായി. പാർട്ടിപ്പത്രത്തിൽ ടി.പി. വധത്തെ പ്രതിരോധിക്കുക മാത്രമല്ല, അതൊരു ആഘോഷമാക്കി മാറ്റുകയും ചെയ്ത കവിയുടെ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്ന കവിത ജയചന്ദ്രൻ നായർ മലയാളം വാരികയിൽ നിർത്തിവെച്ചു. 60 വർഷത്തിലധികം പത്രപ്രവർത്തനം നടത്തിയ ജയചന്ദ്രൻ നായർക്ക് പെൻഷൻ നല്‍കാതെ അപമാനിച്ച് ഇടതു സർക്കാർ പ്രതികാരം വീട്ടി. കേരളത്തിലെ ഒരു സാംസ്കാരിക നായകനും പ്രതികരിച്ചില്ല. അവർക്ക് ഭയമായിരുന്നു. ഈ അടുത്തകാലത്ത് റ്റി.ജെ.എസ്. ജോർജ് അന്തരിച്ച വാർത്തയോടൊപ്പം പാർട്ടിപ്പത്രത്തിൽ പിണറായിയുടെ പ്രസംഗമെഴുത്തുകാരനായ കവിയുടെ കുറിപ്പ് വായിച്ചു. അത് വായിച്ചാൽ ‘നാണക്കേട്’ എന്ന വാക്കുപോലും നാണിച്ചുപോകും. നാട്ടിലും പുറത്തുമുള്ള സർവ അവാർഡുകളും തൂത്തുവാരിക്കൂട്ടി വിജയശ്രീലാളിതനായി നില്‍ക്കുന്ന ഈ കവി പിണറായിസം സൃഷ്ടിച്ച ‘നവകേരള’ത്തിലെ സാംസ്കാരിക മുഖമാണ്. പ്രിയപ്പെട്ട വായനക്കാർ ക്ഷമിക്കുക, കൂട്ടത്തിൽ എഴുതിപ്പോയതാണ്. ഒരു മനുഷ്യന്റെ ഒറ്റപ്പെടലും വീർപ്പുമുട്ടലും അടുത്തുനിന്നു കണ്ട ഒരാൾക്കു തോന്നുന്ന രോഷം മാത്രമായി കാണുക.

ഏതാണ്ട് ഇരുപതോളം പുസ്തകങ്ങളിൽ ജയൻസാർ വരച്ചിട്ട ലോകത്തെക്കുറിച്ചാണ് ഞാൻ പറഞ്ഞുവന്നത്. അതിലെ മനുഷ്യരും ജീവിതവും എത്ര അഴകാർന്നതും ചാരുതയുള്ളതുമായിരുന്നുവെന്ന് വായനക്കാർ ഓർക്കും. കലാകൗമുദിയുടെ മലയാളത്തിന്റെ എണ്ണമറ്റ എഡിറ്റോറിയലുകൾ, അസംഖ്യം വരുന്ന സാഹിത്യക്കുറിപ്പുകളും രാഷ്ട്രീയ കുറിപ്പുകളും. ഒരു ധാരാളിയെപ്പോലെ വാക്കുകൾ വാരിവിതറുകയായിരുന്നു. അക്ഷരങ്ങളുടെ ഉത്സവമായിരുന്നു. വായനക്കാർ ഓർമിക്കുന്നുണ്ടാകും ജയൻസാർ എഴുതിയ മാർക്വേസിന്റെ ജീവിതവും എഴുത്തും, എം.ടിയെക്കുറിച്ചുള്ള കഥാസരിത്‌സാഗരം, അരവിന്ദനെക്കുറിച്ചുള്ള മൗനപ്രാർത്ഥനപോലെ, ജെന്നി മാർക്സിന്റെ ജീവിതം, ആന്ദ്രേ തർക്കോവ്‌സ്‌കിയുടെ ജീവിതവും ചലച്ചിത്രവും, ഗാന്ധിജിയുടെ അവസാന ദിവസങ്ങൾ, വാൻഗോഗിനെപ്പറ്റി എഴുതിയ ഉന്മാദത്തിന്റെ സൂര്യകാന്തികൾ, ബർഗ്മാന്റെ ജീവിതകഥയായ ആത്മഭാഷണങ്ങളും ജീവിതനിരാസങ്ങളും, ഏണസ്റ്റോ ചെഗുവേരയുടെ ജീവിതത്തെക്കുറിച്ച് പാടിത്തീരാത്ത പാട്ടിന്റെ സംഗീതം. എത്ര വിഭിന്നവും വിസ്മയകരവുമായ എഴുത്തുജീവിതം. ഇതിനൊപ്പം ചേർത്തുവയ്ക്കാവുന്ന ഒരു ചലച്ചിത്ര ജീവിതവും. ‘പിറവി’യും ‘സ്വം’ ഉം മാത്രം മതി ആ ചലച്ചിത്ര മനസ്സറിയാൻ. ജീവിതം പക്ഷേ, ഉൾക്കടലിൽപ്പെട്ട് പോയൊരു നൗകയായിരുന്നു. വീർപ്പുമുട്ടലുകൾ, ഒറ്റപ്പെടലുകൾ. ജയൻസാറിന്റെ ജീവിതം വീർപ്പടക്കി വായിക്കാവുന്ന ഒരു നോവലായിരുന്നു. 80 കഴിഞ്ഞപ്പോൾ വല്ലാതെ പതറിപ്പോയി. “മടങ്ങിപ്പോകാൻ എനിക്ക് കഴിയുന്നില്ലല്ലോ” എന്നതായിരുന്നു ദുഃഖം, ജീവിതം വെറുത്തപോലെ. പുസ്തകങ്ങൾ വായിക്കാൻ ബുദ്ധിമുട്ടായി. എഴുതുക ആയാസകരമായെങ്കിലും അക്ഷരങ്ങളെ അവസാനം വരെ നെഞ്ചോട് ചേർത്തുപിടിച്ചിരുന്നു. ബാംഗ്ലൂരിൽ ഒറ്റപ്പെട്ടുപോയി. ജനുവരി രണ്ടിന് ജയൻസാറിന്റെ ഒന്നാം ചരമദിനമാണ്. ഓർമകളായി അദ്ദേഹം എഴുതിയ വാക്കുകൾ പകർത്തുകയായിരുന്നു. ചിത്രങ്ങൾപോലെ മനോഹരമായ കയ്യക്ഷരങ്ങളിൽ എഴുതുന്ന കത്തുകൾ ഇപ്പോൾ വരാറില്ല. എല്ലാ കത്തുകളിലും അവസാനം സ്നേഹത്തോടെ, എസ്.ജെ.

Summary

Murali reflects on the life and writings of S. Jayachandran Nair, former editor of Malayalam Weekly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com