മിഥ്യാബോധത്തിന്റെ മൂടുപടം
കോർപറേഷൻ സെക്രട്ടറിയുടെ ഉത്തരവിനെതിരെ ഇന്ത്യൻ രാഷ്ട്രപതിയുടെ വിധിയുമായി എത്തിയ ഒരു ‘സുപ്രീം കോടതി വക്കീൽ’ കഥയാണിത്. കണ്ണൂർ ഫോർട്ട് റോഡിലുള്ള ഒരു ഷോപ്പിംഗ് കോംപ്ലക്‌സിൽ നടത്തിയ ചില നിർമാണപ്രവൃത്തികൾ അനധികൃതം ആണെന്നും ആയത് പൊളിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഉടമയ്ക്ക് കണ്ണൂർ കോർപറേഷന്റെ സെക്രട്ടറി നോട്ടീസ് അയച്ചു.
1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ വകുപ്പുകൾ പ്രകാരമാണ് കോർപറേഷൻ നോട്ടീസ് അയച്ചത്. എന്നാൽ, കേരള മുനിസിപ്പൽ ആക്ട് നിയമസഭ പാസാക്കിയത് നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് അല്ല എന്നും ആയതിനാൽ പ്രസ്തുത നിയമം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ പ്രസിഡന്റിന് ഉടമ ഉമ്മർ കുഞ്ഞി പരാതി അയച്ചു എന്നും പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ പ്രസിഡന്റ് കേരള മുനിസിപ്പൽ ആക്ട് റദ്ദ് ചെയ്ത് ഉത്തരവായി എന്നും കാണിച്ചുകൊണ്ട് കോർപറേഷൻ സെക്രട്ടറിക്ക് ഉമ്മർ കുഞ്ഞി മറുപടി നൽകി.
മാത്രമല്ല, ഈ കാര്യം വിശദീകരിച്ചുകൊണ്ട് ലോക്കൽ സെൽഫ് ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റ് ചാർജുള്ള തിരുവനന്തപുരത്തുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും പൊലീസ് കമ്മിഷണർക്കും പ്രസിഡൻഷ്യൽ ഡിക്രിയുടെ കോപ്പി സഹിതം പ്രത്യേകം പരാതികൾ അയച്ചിട്ടുണ്ട്. വളരെ ഗൗരവതരമായ നിയമപ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ട് നല്ല ഇംഗ്ലീഷിലെഴുതിയ പരാതിയാണ്. നിയമനിർമാണവുമായി ബന്ധപ്പെട്ട് ചില ഗുരുതരമായ ഭരണഘടനാലംഘനങ്ങൾ കേരള മുനിസിപ്പൽ ആക്ടില്‍ ഉണ്ടായിട്ടുള്ളതായി പരാതിയിൽ ആരോപിച്ചിരിക്കുന്നു.
കേരളത്തിലെമ്പാടും കെട്ടിടനിർമാണവുമായി ബന്ധപ്പെട്ടുള്ള പതിനായിരക്കണക്കിനു ഫയലുകളെ ബാധിക്കുന്ന ഇത്തരമൊരു നടപടി വ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതാണ്. ഒരു പത്രവാർത്തപോലും വരാതെ ഇത്തരത്തിലുള്ള ഒരു പ്രസിഡൻഷ്യൽ ഉത്തരവ് വന്നിട്ടുണ്ടെങ്കിൽ അത് ഗൗരവതരമാണെന്ന് കണ്ണൂർ കോർപറേഷൻ സെക്രട്ടറി എന്നെ ഫോണിൽ വിളിച്ചുപറഞ്ഞു. ഇതുസംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ പരാതികൾ എല്ലാം തുടർനടപടിക്കായി കോർപറേഷൻ സെക്രട്ടറി മുന്‍പാകെ എത്തിയിട്ടുണ്ട്. തിരുവനന്തപുരത്തും സുൽത്താന്‍ ബത്തേരിയിലും ഉൾപ്പെടെ പല കേസുകളിലും ഈ പ്രസിഡൻഷ്യൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇതിനകം തീരുമാനമെടുത്തിട്ടുണ്ട് എന്നുകൂടി പരാതിക്കാരൻ പറയുന്നു.
ഇന്ത്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പരാതിക്കാരൻ നൽകിയ ഉത്തരവിന്റെ കോപ്പി ലഭ്യമാണെന്നും പരാതിക്കാരന് നൽകുന്ന രഹസ്യ പാസ്‌വേർഡ് ഉപയോഗിച്ചുകൊണ്ട് പ്രവേശിച്ചാൽ പ്രസ്തുത ഉത്തരവ് കാണാൻ കഴിയും എന്നുകൂടി കോർപറേഷൻ സെക്രട്ടറിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാൻ കഴിയുമോ എന്നുള്ളതാണ് കോർപറേഷൻ സെക്രട്ടറിയുടെ ആവശ്യം.
അത്തരമൊരു പരിശോധനയ്ക്ക് ഒരു കേസ് ആവശ്യമാണ്. കമ്മിഷണർക്ക് നൽകിയ പരാതിയുടെ കോപ്പി എനിക്ക് അയച്ചുതന്നു. പ്രസ്തുത പരാതി ഒരു പ്രാഥമിക അന്വേഷണം നടത്തുന്നതിനായി കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഉമ്മർ കുഞ്ഞിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. കാര്യങ്ങൾ അന്വേഷിച്ചതിൽ പ്രസിഡന്റിന് പരാതി അയച്ചതും മറ്റ് കാര്യങ്ങളെല്ലാം ചെയ്തതും കോർപറേഷൻ സെക്രട്ടറി മുതൽ അഡീഷണൽ ചീഫ് സെക്രട്ടറി വരെയുള്ളവർക്ക് പരാതി അയച്ചതും അയാളുടെ സഹോദരനും സുപ്രീംകോടതി വക്കീലുമായ കോഴിക്കോട് സ്വദേശി പി.കെ.പി അഷ്‌റഫ് ആണെന്ന് ഉമ്മർ കുഞ്ഞു പറയുന്നു.
അഷ്‌റഫിനെ ഞാൻ എന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു. അയാൾ സുപ്രീം കോടതി വക്കീൽ ആണെന്ന് സ്വയം പരിചയപ്പെടുത്തി. 75 വയസ്സിൽ ഏറെ പ്രായം തോന്നിക്കുന്ന വെളുത്ത് ഉയരം കൂടിയ മനുഷ്യൻ. നല്ല ഇംഗ്ലീഷ് ഭാഷയിലുള്ള ശാന്തമായ സംസാരം. വളരെ ആകർഷകമായ വ്യക്തിത്വം.
ഭരണഘടന അനുശാസിക്കുന്ന പല തത്ത്വങ്ങളും നിയമനിർമാണസഭകൾ പാലിക്കുന്നില്ല എന്ന വിമർശനം അദ്ദേഹത്തിനുണ്ട്. ഭരണഘടനയെക്കുറിച്ച് രണ്ട് പുസ്തകങ്ങൾ ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട് എന്നുകൂടി പറഞ്ഞു. തുടർന്നുള്ള സംഭാഷണത്തിൽ ഭരണഘടനയുടെ ചില പ്രത്യേക മേഖലകളിൽ അദ്ദേഹത്തിന് ആഴത്തിലുള്ള അറിവുള്ളതായി തോന്നി.
“Under Article 72 of the Indian Constitution, the President possesses the extraordinary power to grant pardons, reprieves or remissions of punishment, even in cases involving the death penalty. This is a profound constitutional safeguard, a reflection of our nation's commitment to justice tempered with mercy. The President steps in not just as ceremonial head, but as the ultimate guardian of compassion, offering the convict a chance at life even when all judicial avenues have been exhausted.”
“ഇന്ത്യൻ ഭരണഘടനയുടെ 72-ാം അനുച്ഛേദപ്രകാരം ശിക്ഷകൾക്ക് മാപ്പ് നൽകാനും വധശിക്ഷയിൽനിന്നുപോലും ഇളവുനൽകാനുള്ള അസാധാരണമായ അധികാരങ്ങൾ രാഷ്ട്രപതിക്ക് ഉണ്ട്. ഇത് ഒരു ശക്തമായ ഭരണഘടനാപരമായ സംരക്ഷണമാണ്, നീതിയും കരുണയും തമ്മിലുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ പ്രതിഫലനം കൂടിയാണ്. രാഷ്ട്രപതി സാങ്കേതികതലത്തിൽ മാത്രമുള്ള ഒരു പദവി അല്ല, മറിച്ച് ഏറ്റവും ഉയർന്ന കരുണയുടെ പ്രതിനിധിയാകുന്നു, കോടതികളിലെ എല്ലാ സാധ്യതകളും അവസാനിച്ചു കഴിഞ്ഞാൽ പോലും ഒരു കുറ്റവാളിക്ക് ജീവിതം തിരിച്ചുനൽകാനുള്ള അധികാരം വരെ രാഷ്ട്രപതിക്ക് ഉണ്ട്.”
നിയമത്തിന്റെ വകുപ്പുകൾ പറയുന്നതിനു പകരം അതിന്റെ പുറകിലെ ദാർശനിക സമസ്യകളിലേക്ക് ഉയരുന്ന സംസാരരീതി.
“ചില പ്രത്യേക സാഹചര്യത്തിൽ ഇന്ത്യൻ പ്രസിഡന്റിനെ ചില ഉത്തരവുകൾ ഇറക്കാൻ ഭരണഘടന അനുവദിക്കുന്നു എങ്കിലും പ്രസിഡൻഷ്യൽ ഡിക്രി എന്താണെന്ന് ഭരണഘടനയിൽ എവിടെയും വ്യക്തമായി പരാമർശിച്ചു കാണുന്നില്ലല്ലോ” - എന്റെ ചോദ്യം.
“ഈ കേസിൽ ഉണ്ടായിട്ടുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ ഉത്തരവ് ഉന്നത ഉദ്യോഗസ്ഥന്മാരെ എല്ലാം കാണിച്ചു ബോധ്യപ്പെടുത്തിയിട്ടുണ്ട്” - അയാളുടെ മറുപടി.
“ഞാൻ ചോദിച്ചത് ഈ കേസിനെ സംബന്ധിച്ച് അല്ല, മറിച്ച് പ്രസിഡൻഷ്യൽ വിധി എന്ന് നിങ്ങൾ ആവർത്തിച്ച് ഉപയോഗിക്കുന്ന പദം ഭരണഘടനയിൽ എവിടെയുണ്ട് എന്നതിനെ സംബന്ധിച്ചാണ്.”
“ഭരണഘടനയുടെ 73, 123 വകുപ്പുകൾ പ്രസിഡന്റിന് വിശാലമായ അധികാരങ്ങൾ നൽകുന്നുണ്ട്” എന്നായി അദ്ദേഹം.
പ്രസ്തുത വകുപ്പുകൾ എടുത്തു വായിച്ച് അദ്ദേഹത്തിന് കേൾപ്പിച്ചു കൊടുത്തതിനു ശേഷം ഇത്തരത്തിലുള്ള കേസുകളിൽ വിധി പറയുന്നതിനുള്ള അധികാരമല്ല അത് എന്നു പറഞ്ഞു. മേൽപ്പറഞ്ഞ ഭരണഘടനാവകുപ്പുകളിൻമേൽ അദ്ദേഹം നടത്തുന്ന വ്യാഖ്യാനങ്ങൾ ഒരു ഇരുത്തം വന്ന നിയമവിദഗ്ദ്ധനിൽനിന്ന് ഉണ്ടാകേണ്ടതല്ല എന്ന തോന്നൽ ഉണ്ടായി. അതോടെ അദ്ദേഹത്തിന്റെ നിയമപാണ്ഡിത്യത്തെ സംബന്ധിച്ച് സംശയം ഉളവായി.
“നിങ്ങൾ എഴുതിയ ഭരണഘടനയെ സംബന്ധിച്ച പുസ്തകങ്ങൾ എവിടെയാണ് ലഭിക്കുക” എന്ന് ചോദിച്ചു.
ഔട്ട് ഓഫ് പ്രിന്റാണ് എന്നും കോപ്പി കോഴിക്കോട് വീട്ടിൽ ഉണ്ട് എന്നും പറഞ്ഞു. അവിടെയുള്ള പൊലീസിനെക്കൊണ്ട് കോപ്പി വാങ്ങി ഇവിടെ എത്തിക്കാൻ ശ്രമിച്ചപ്പോൾ അയാൾ സഹകരിക്കുന്നില്ല. അതോടെ പുസ്തകം എഴുതി എന്നു പറഞ്ഞതും സംശയത്തിന് നിഴലിലായി.
ഈ കേസിലുള്ള പ്രസിഡണ്ടിന്റെ ഉത്തരവ് വെബ്‌സൈറ്റിൽ കാണിച്ചുതരണം എന്ന് പറഞ്ഞു. പരാതിക്കാരൻ എന്ന നിലയിൽ അഷറഫിന് നൽകിയ രഹസ്യ പാസ്‌വേഡ് ഉപയോഗിച്ച് മാത്രമേ വെബ്‌സൈറ്റിലേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളൂ. അയാളുടെ ഫോൺ നമ്പറാണ് പാസ്‌വേർഡ്. അദ്ദേഹം ഒരു വെബ്‌സൈറ്റ് തുറന്ന് കേരള മുനിസിപ്പൽ ആക്ട് റദ്ദ് ചെയ്യുന്നു എന്നു പറഞ്ഞുകൊണ്ടുള്ള ഇന്ത്യൻ പ്രസിഡണ്ടിന്റെ ഉത്തരവ് കാണിച്ചുതരുന്നു.
ആ വെബ്‌സൈറ്റ് യു.ആർ.എൽ സൂക്ഷ്മമായി പരിശോധിച്ചു. ഇന്ത്യൻ പ്രസിഡന്റിന്റെ പബ്ലിക്ക് ഗ്രീവൻസ് പോർട്ടലാണ്. അതായത് പൊതുജനങ്ങൾക്ക് പരാതി നൽകാനുള്ള വെബ് പോർട്ടൽ. അവിടെ ഉമ്മർ കുഞ്ഞിയുടെ പരാതി 2021-ൽ പ്രത്യേകമായ നമ്പറിട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
വെബ് പോർട്ടലിനെപ്പറ്റി വിശദമായി പഠിക്കാൻ തിരുവനന്തപുരത്ത് സൈബർ വിദഗ്ദ്ധനായ എസ്.പി. ബിജുമോനെ വിളിച്ച് ഒന്നുകൂടി ഏല്പിച്ചു. ഇത് ഇന്ത്യൻ പ്രസിഡന്റിന് പൊതുജനങ്ങളിൽനിന്നും പരാതി സ്വീകരിക്കുന്നതിനുള്ള പോർട്ടൽ തന്നെയാണെന്ന് അദ്ദേഹവും സ്ഥിരീകരിച്ചു.
പ്രസിഡന്റിന്റെ ഉത്തരവായി അദ്ദേഹം കാണിച്ചുതരുന്നത് പ്രസിഡന്റിന് അയച്ച പരാതിയോട് ചേര്‍ത്ത് അദ്ദേഹം അറ്റാച്ച് ചെയ്ത ഡ്രാഫ്‌റ്റാണ്. അതായത് മുനിസിപ്പൽ ആക്ട് സംബന്ധിച്ച് വിശദമായ നിയമപ്രശ്‌നങ്ങളൊക്കെ പറഞ്ഞതിനുശേഷം അത് ക്യാബിനറ്റ് പ്രത്യേകാനുമതി ഇല്ലാതെ പാസാക്കിയതാണെന്നും ആയതിനാൽ റദ്ദ് ചെയ്യണം എന്നും അപേക്ഷിക്കുന്നു. അതിനോടൊപ്പം റദ്ദ് ചെയ്തുകൊണ്ട് ഇന്ത്യൻ പ്രസിഡന്റ് തയ്യാറാക്കേണ്ട ഡ്രാഫ്‌റ്റ് കൂടി പ്രസിഡന്റിന് അങ്ങോട്ട് കൊടുത്തതാണ് അത്. പ്രസിഡന്റിന്റെ ഉത്തരവല്ല ഇന്ത്യൻ രാഷ്ട്രപതിയുടെ ഉത്തരവായി വിവിധ ഉന്നത തലത്തിലുള്ള ഓഫീസുകളിൽ ഹാജരാക്കിയിട്ടുള്ളത്, വ്യാജരേഖയാണെന്ന് തെളിയുന്നു. അതീവ ഗൗരവതരമായ കുറ്റമാണ്.
പബ്ലിക് ഗ്രിവൻസ് ഡിപ്പാർട്ട്‌മെന്റ് ആ പെറ്റീഷൻ അഭിപ്രായത്തിനായി കേരള സംസ്ഥാനത്തിലേക്ക് അയച്ചിട്ടുണ്ട്, എന്റെ അപേക്ഷ നിരസിച്ചിട്ടില്ല എന്നു പറഞ്ഞ് ഇതു സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിക്കുകയാണ് അഷ്‌റഫ്.
പരാതികളുടെമേൽ അഭിപ്രായം തേടുന്നത് സ്വാഭാവിക നടപടിയാണ്. നിങ്ങൾ ഇന്ത്യൻ രാഷ്ട്രപതിയുടെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയെന്നും അത് ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി. വാദങ്ങളെല്ലാം അതോടെ അവസാനിച്ചു.
കണ്ണൂർ കോർപറേഷൻ മുമ്പാകെ കേരള മുനിസിപ്പൽ ആക്ട് ഇന്ത്യൻ രാഷ്ട്രപതി റദ്ദാക്കിയിട്ടുണ്ട് എന്നുപറഞ്ഞ് ഉമ്മർ കുഞ്ഞു നൽകിയ പരാതിയിന്മേൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോർപറേഷൻ സെക്രട്ടറി കമ്മിഷണർക്ക് നേരത്തെ നൽകിയ പരാതി അതോടെ എഫ്.ഐ.ആർ ആക്കി മാറ്റി.
ഉമ്മർ കുഞ്ഞിയുടെ കെട്ടിടങ്ങളിൽ നടത്തിയ അനധികൃത നിർമാണങ്ങളുടെ സുരക്ഷാവശങ്ങൾ പഠിക്കുന്നതിനായി കോർപറേഷൻ സെക്രട്ടറി റീജണൽ ഫയർ ഓഫീസിലേക്ക് പരിശോധനയ്ക്കായി ലെറ്റർ അയച്ചിരുന്നു. പരിശോധനയ്‌ക്കെത്തിയ ഓഫീസറുടെ മുമ്പാകേയും വ്യാജ പ്രസിഡൻഷ്യൽ decree ഹാജരാക്കിയിട്ടുണ്ട്. വ്യാജരേഖ ഉണ്ടാക്കി ഒറിജിനൽ എന്ന വ്യാജേന സർക്കാർ ഉദ്യോഗസ്ഥന്മാരുടെ മുമ്പാകെ ഹാജരാക്കി സർക്കാർ ഓഫീസുകളിൽ അനുകൂല ഉത്തരവ് വാങ്ങാൻ ശ്രമിച്ചിരിക്കുന്നു. ഉമ്മർകുട്ടിയും. അഷ്റഫും പ്രതികളാണ്.
വ്യാജരേഖകൾ ഉണ്ടാക്കി അതിനെ രാഷ്ട്രപതിയുടെ ഉത്തരവായി സർക്കാർ ഓഫീസുകളിൽ അവതരിപ്പിച്ചത് ഇന്ത്യൻ പീനൽകോഡിലെ വിവിധ വകുപ്പുകൾ പ്രകാരം ഏഴുവർഷംവരെ കടുത്ത ശിക്ഷ വിധിക്കാവുന്ന കുറ്റമാണ്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തേണ്ടതുണ്ട്. അതിനുമുന്നേ എല്ലാ കാര്യങ്ങളും വിശദമായി പഠിക്കേണ്ടതുണ്ട്.
ചോദ്യം ചെയ്യൽ ഒരല്പം കടുപ്പിച്ചു.
“സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി സ്വന്തമായി ഓഫീസ് ഉണ്ടോ? ആരൊക്കെയാണ് ജൂനിയർ വക്കീലന്മാർ? ഏതൊക്കെ പ്രധാന കേസുകളിൽ ഹാജർ ആയിട്ടുണ്ട്?”
ഒരു ചോദ്യത്തിനും ഉത്തരമില്ല.
പിന്നെയും തുടരുന്ന ചോദ്യങ്ങൾ. ഏതു കോളേജിലാണ് എൽ.എൽ.ബിക്ക് പഠിച്ചത്? സഹ വിദ്യാർത്ഥികൾ ആരൊക്കെയാണ്?
ഒടുവിൽ പിടിച്ചുനിൽക്കാൻ കഴിയാതെ അയാൾ പറഞ്ഞു: “ഞാൻ നിയമം പഠിച്ചിട്ടില്ല സാർ. വക്കീലും അല്ല. ഒരു ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ബാങ്കിന്റെ ചില കേസുകളുമായി ബന്ധപ്പെട്ട് നിരന്തരം വക്കീൽ ഓഫീസുകളിൽ കയറി ഇറങ്ങിയിട്ടുണ്ട്. ചില ഭരണഘടന വിഷയങ്ങൾ വായിക്കുന്നത് കൗതുകമായി തോന്നി അത്രയേ ഉള്ളൂ.”
ഏതാനും മണിക്കൂറുകൾക്കു മുൻപേ ഭരണഘടനാവിദഗ്ദ്ധനായ ഒരു സീനിയർ അഭിഭാഷകന് നൽകേണ്ട എല്ലാ ആദരവുകളും ഏറ്റുവാങ്ങിയ മനുഷ്യനു സംഭവിച്ച ദയനീയമായ പതനം. തിരുവനന്തപുരത്തും സുൽത്താന്‍ബത്തേരിയിലും ഉൾപ്പെടെ ചില കേസുകളിൽ വ്യാജ ഉത്തരവുകൾ നൽകി വലിയ പണം കൈപ്പറ്റിയിട്ടുണ്ട്. അയാൾ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കി അറസ്റ്റ് രേഖപ്പെടുത്തി.
അതിനിടയിൽ വിദേശത്തുനിന്നും എനിക്കൊരു ഫോൺ കോൾ: “സാർ ഞാൻ അഷ്‌റഫിന്റെ ബന്ധുവാണ്. ഒരു സൈക്യാട്രിസ്റ്റ് കൂടിയാണ്. പാരനോയ്ക്ക് സ്‌കിസോഫ്രീനിയ എന്ന ഗണത്തിൽ ഉൾപ്പെടുത്താവുന്ന ഒരു മാനസിക രോഗിയാണ് അയാൾ. ഇത് ഞങ്ങൾ തിരിച്ചറിഞ്ഞ് അദ്ദേഹത്തെ ചികിത്സയ്ക്ക് വിധേയമാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം വഴങ്ങിയില്ല. ദയവുചെയ്ത് ഉപദ്രവിക്കരുത്.”
“കാര്യങ്ങൾ നിങ്ങൾ കോടതിയോട് പറഞ്ഞുകൊള്ളൂ. ഞങ്ങൾ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നാളെ കോടതിയിൽ ഹാജരാക്കും” എന്ന് അദ്ദേഹത്തോട് പറഞ്ഞു.
“സുപ്രീം കോടതി വക്കീലായി ഭാവിക്കുന്ന ആളല്ലേ. നാളെ കോടതിയിൽ ഹാജരാക്കുമ്പോൾ സ്വന്തമായി കേസ് വാദിക്കാൻ കഴിയുമോ” എന്ന് ഞാൻ ചോദിച്ചു. നോക്കാമെന്ന് ഉത്തരം.
“നിങ്ങളുടെ ഭാഗം നിങ്ങളാണ് പറയുന്നതെങ്കിൽ പബ്ലിക് പ്രോസിക്യൂട്ടർക്കുവേണ്ടി ഞാൻ കാര്യങ്ങൾ അവതരിപ്പിക്കും” - ഞാൻ അയാളെ പ്രകോപിപ്പിച്ചു. അയാളുടെ പ്രകടനം കോടതിയിലും ബോധ്യപ്പെടുത്താൻ കഴിയുമല്ലോ.
പിറ്റേദിവസം രാവിലെ കണ്ണൂർ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് മുമ്പാകെ അദ്ദേഹത്തെ ഹാജരാക്കി. രാവിലെ 11 മണിക്ക് നിറഞ്ഞുകവിഞ്ഞ കോടതിയിലാണ് ഹാജരാക്കിയത്. കോഴിക്കോട് നിന്നുള്ള പ്രഗല്‍ഭനായ വക്കീൽ എത്തിയിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂട്ടറെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. റിമാന്റ് അപേക്ഷയിൽ കാര്യങ്ങൾ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഞാൻ കോടതിയിലുണ്ട്.
എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് പ്രതിഭാഗം വക്കീലിന്റെ വിചിത്രമായ വാദം. പ്രസിഡൻഷ്യൽ ഡിക്രി എന്താണെന്ന് മനസ്സിലാക്കാൻ പൊലീസിന് കഴിയാത്തതാണ് പ്രശ്‌നം. നേരത്തെ പ്രതി ഉന്നയിച്ച വാദങ്ങളെല്ലാം വക്കീൽ കോടതിയിൽ ഉന്നയിക്കുകയാണ്.
റിമാന്റ് അപേക്ഷ വിശദമായി വായിച്ച് കോടതി പ്രോസിക്യൂട്ടറുടെ അഭിപ്രായം പോലും തേടാതെ പ്രതിയെ റിമാന്റ് ചെയ്തു.
അബദ്ധം മനസ്സിലാക്കിയ വക്കീൽ പിന്നീട് എന്റെ ഓഫീസിലെത്തി കാര്യങ്ങൾ പറഞ്ഞു. അഷറഫുമായി കുറെ കാലങ്ങളായി ഭരണഘടനാവിഷയങ്ങൾ ചർച്ച ചെയ്യുകയാണ്. നിരന്തരമായി പ്രസിഡൻഷ്യൽ ഡിക്രി എന്ന അദ്ദേഹത്തിന്റെ പദപ്രയോഗം കേട്ടുകേട്ട് യഥാർത്ഥത്തിൽ അങ്ങനെയൊന്നുണ്ട് എന്ന് ഞാനും വിശ്വസിച്ചുപോയി. വക്കീൽ പറഞ്ഞ ഉദാഹരണമാണ് ഏറെ തമാശ.
“ഒരു മണിക്ക് പൊലീസ് ക്ലബ്ബിൽ വച്ച് ഫ്രീയായി ബിരിയാണി വിതരണം ചെയ്യുന്നുണ്ട് എന്ന് നിങ്ങൾ ഒരു ദിവസം 100 പേരോട് കളവ് പറഞ്ഞുനോക്കൂ. ഒരു മണിയാകുമ്പോൾ നിങ്ങളും ബിരിയാണി വാങ്ങിക്കാൻ പൊലീസ് ക്ലബ്ബിലേക്ക് ആളെ അയയ്ക്കും. അഥവാ ആരെങ്കിലും ബിരിയാണി ഫ്രീയായി വിതരണം ചെയ്യുന്നുണ്ടെങ്കിലോ എന്ന് സംശയിച്ച്” - വക്കീൽ ഒരു സഹൃദയനാണ്.
പാരാനോയ്ക്ക് സ്‌കിസോഫ്രീനിയ എന്ന ഒരു മാനസികാവസ്ഥ ഉണ്ടോ. അതോ കേസിൽനിന്ന് രക്ഷപ്പെടാൻ മാനസികരോഗിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതാണോ. ഇത് ഒരുതരം രോഗാവസ്ഥ ആണെന്ന് തന്നെയാണ് ഉത്തരം. എന്റെ സുദീർഘമായ സർവീസ് ചരിത്രത്തിൽ ഇടപെടേണ്ടിവന്ന ചില വ്യക്തികൾക്കെങ്കിലും ഇത്തരത്തിലുള്ള വ്യക്തിത്വ വൈകല്യങ്ങൾ ഉള്ളതായി പിന്നീട് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യം പൊലീസ് ഉദ്യോഗസ്ഥർക്ക് ശരിയായ രീതിയിൽ തിരിച്ചറിയാൻ കഴിയേണ്ടതുണ്ട്. ഇല്ലെങ്കിൽ അബദ്ധങ്ങൾ പറ്റും. ആരൊക്കെയോ എന്നെ പിന്തുടരാൻ ശ്രമിക്കുന്നു, കൊല്ലാൻ ശ്രമിക്കുന്നു എന്നൊക്കെ പറഞ്ഞുവരുന്ന ചില പരാതികൾക്കെങ്കിലും പുറകിൽ ഇത്തരം മാനസികാവസ്ഥ ഉണ്ടാകാം.
അഷ്‌റഫിനെ ചോദ്യം ചെയ്യുന്നതിന്റെ ഒരു ഘട്ടം പിന്നിട്ടപ്പോൾ തന്നെ ഗ്രാൻഡ്യോസിറ്റി എന്ന ഒരുതരം മാനസികാവസ്ഥയിലാണ് അയാൾ എന്ന് മനസ്സിലായിരുന്നു. അത്തരക്കാർ എപ്പോഴും സ്വയം മഹത്വവല്‍കരിച്ചുകൊണ്ടേയിരിക്കും. ഞാൻ ഏതോ ഉൽകൃഷ്ട വ്യക്തിയാണ് എന്ന് സ്വയം കല്പിച്ച് അതിനനുസരിച്ച് പ്രവർത്തിക്കുന്ന നാർസിസിസ്റ്റിക് പേഴ്‌സണാലിറ്റി ഡിസോർഡറാണ് ഇത്. കുളക്കരയിലെത്തി വെള്ളത്തിൽ സ്വന്തം പ്രതിബിംബത്തെ കണ്ട് അതിൽ അഭിരമിക്കുന്ന ഗ്രീക്ക് മിത്തോളജിയിലെ നായകൻ നാർസിസ്സിനെ ഓർമിപ്പിക്കുന്ന വാക്ക്. മിഥ്യാബോധത്തിന്റെ മൂടുപടം മാറ്റിയാൽ മാത്രമേ അത്തരം മനുഷ്യരെ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുകയുള്ളൂ.
നാർസിസിസ്റ്റിക് പേഴ്‌സണാലിറ്റി ഡിസോർഡറിന്റെ ചിഹ്നങ്ങൾ പ്രകടിപ്പിച്ച അഷ്‌റഫിന്റെ മനസികാവസ്ഥയെ തിരിച്ചറിയാതെയാണ് പലരും അദ്ദേഹത്തെ നിയമപണ്ഡിതനായും സുപ്രീം കോടതിയിലെ അഭിഭാഷകനായും വിശ്വസിച്ചത്. സ്വയം മഹത്വവൽക്കരണവും ഏത് അധികാര വേദികളിലും അതിനനുസരിച്ച് പ്രവർത്തിക്കാനുള്ള അഭിവാഞ്ഛയും സത്യത്തിനും നിയമത്തിനും എത്രത്തോളം ഭീഷണിയാവാമെന്ന് ഈ സംഭവവികാസം പ്രകടമാക്കുന്നു.
ഇതിനാൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നിയമത്തിലെ മാത്രമല്ല, പ്രതികളുടെ മാനസികാവസ്ഥയെ തിരിച്ചറിയാനുള്ള ധാരാളം സൈക്കോളജിക്കൽ അവബോധവും അത്യാവശ്യമാണ്. ഇത്തരം വ്യക്തിത്വവൈകല്യങ്ങളെ തിരിച്ചറിയാനുള്ള ഉൾക്കാഴ്ച പൊലീസ് ഉദ്യോഗസ്ഥന് ഇല്ലായെങ്കിൽ അത് നീതിയിലേക്കുള്ള വഴിയിൽ ഇരുട്ട് വീഴ്‌ത്തുകയും കുറ്റവാളികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുകയും ചെയ്യാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

