ഗ്രേസിയുടെ കഥ മുടി
അവളുടെ മുടിയോടായിരുന്നു അയാൾക്ക് ഏറ്റവും പ്രണയം.
കറുത്ത് മിനുത്ത് വളവുകളും തിരിവുകളുമില്ലാത്ത ഒരു പുഴപോലെ ചന്തി കവിഞ്ഞങ്ങനെ ഒഴുകിപ്പോകുന്ന മുടിയിൽ മുഖം പൂഴ്‌ത്തി കുറേനേരം കിടന്നിട്ടാണ് അയാൾ രതിയിലേയ്ക്ക് കടക്കുക. അവളുടെ ഇടത്തേ ചെവിയിൽ പല്ല് കൊണ്ട് ആദ്യാക്ഷരം കുറിച്ചാണ് തുടക്കം.
അവളുടെ ഇടത്തേ ചെവിയിൽ പല്ല് കൊണ്ട് ആദ്യാക്ഷരം കുറിച്ചാണ് തുടക്കം. കണ്ണുകളിലുദിച്ച നക്ഷത്രങ്ങൾക്ക് ഒരു മിന്നൽച്ചിരി എറിഞ്ഞുകൊടുത്ത് ചുണ്ടുകളിൽ ഒന്ന് മൊത്തി അയാൾ തിടുക്കത്തിലെത്തിച്ചേരുന്നത് അവളുടെ പരിസ്ഥിതിലോലമായ കഴുത്തിലാണ്. അവളുടെ ആനന്ദത്തിന്റെ കമ്പനം ആരംഭിക്കുന്നത് അവിടെനിന്നാണെന്ന് അയാൾ അതിശയത്തോടെ കണ്ടെത്തിയിട്ടുണ്ട്. അയാൾ ചുണ്ടുകൾകൊണ്ട് വിചിത്രമായ ചില ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങുമ്പോൾത്തന്നെ അവളുടെ ഉടൽ തരംഗിതമായിത്തീരും. ഉടൽപ്പെരുക്കങ്ങളടങ്ങിക്കഴിഞ്ഞാലും കെട്ടിപ്പുണർന്നുതന്നെയാണ് അവർ പുലരുവോളം ഉറങ്ങുക.
അവളുടെ ഉടലളവുകളിൽ എന്തെങ്കിലും മാറ്റം വന്നെങ്കിലോ എന്നു ഭയന്ന് അവളെ പെറാൻകൂടി സമ്മതിച്ചില്ല അയാൾ. പക്ഷേ, ഉറക്കത്തിലും ഉണർച്ചയിലും അവളുടെ ഗർഭപാത്രം ഒരു ജീവനുവേണ്ടി തുടിച്ചു. മുലകൾ ഇളം ചുണ്ടുകൾക്കുവേണ്ടി തരിച്ചു. തുടിപ്പും തരിപ്പും താങ്ങാനാവാതെ വന്നപ്പോൾ അവൾ പറഞ്ഞു:
“എനിക്ക് പെറണം!”
അയാൾ വേവലാതിപ്പെട്ടു.
“വേണ്ട! വേണ്ട! ശരീരം ഉടഞ്ഞുപോവും!”
നിത്യവും അയാൾ അവളിലേയ്ക്ക് പ്രവേശിച്ച് അവളിൽത്തന്നെ വിലയം പ്രാപിച്ചു. അപ്പോഴൊക്കെയും ആവർത്തനംകൊണ്ട് അയാൾ വാക്കുകളുടെ വീര്യം കൂട്ടി.
“നമുക്ക് നമ്മൾ മാത്രം മതി!”
ആദ്യമൊക്കെ പഞ്ഞിപോലെ ലാഘവപ്പെട്ട അവളുടെ ഉടലിന് ക്രമേണ കനംവച്ചു. അയാളുടെ കൈച്ചുറ്റിൽ ഉടലുപേക്ഷിച്ച് അവൾ ഇരുണ്ട ഇടവഴിയിലൂടെ നിരന്തരം അലഞ്ഞു. ഒടുവിൽ അവളുടെ മുന്നിൽ ഒരു വെളിച്ചം വഴികാട്ടിയായി. അയാൾ കാണാതെ അവൾ ഗർഭനിരോധന ഗുളികകൾ ഒന്നൊന്നായി ജനാലവഴി പുറത്തേയ്‌ക്കെറിഞ്ഞു. ഏതെങ്കിലും പെണ്ണെലി അവയൊക്കെയും കരണ്ട് തിന്നുന്നതും തങ്ങളിരുവരും ജീവിതം വച്ചുമാറുന്നതുമോർത്ത് അവൾ ഗൂഢമായി മന്ദഹസിച്ചു.
രണ്ടുമാസം കഴിഞ്ഞപ്പോൾ അയാളുടെ വിത്ത് അവളുടെ ഉള്ളിൽ കുരുത്തു. അതോടെ അവളൊരു നിധിയുടെ രഹസ്യസൂക്ഷിപ്പുകാരിയായി. പക്ഷേ, ഉടൽ അവളെ ഒറ്റിക്കൊടുത്തു. ക്ഷോഭംകൊണ്ട് അയാളുടെ വാക്കുകൾ ആളിക്കത്തി.
“നീയാ ഗുളികകൾ എന്തുചെയ്തു?”
കണ്ണുകളടച്ച് അവൾ പിറുപിറുത്തു.
“എനിക്ക് പെറണം!”
ഒരു നിമിഷം ആലോചിച്ച് അയാളൊരു വഴി തെളിച്ചെടുത്തു.
“നമ്മുടെ ജീവിതത്തിലേയ്ക്ക് മൂന്നാമതൊരാൾ കടന്നുവരുന്നത് എനിക്ക് തീരെ ഇഷ്ടമല്ല! നാളെത്തന്നെ നമ്മളൊരു ഡോക്ടറെ കാണുന്നു; ഇത് വേണ്ടെന്ന് വയ്ക്കുന്നു!”
പൊള്ളുന്ന വാക്കുകൾകൊണ്ട് അവൾ ആ വഴി അടച്ചു.
“ഇതിപ്പോ നാലാം മാസമാണ്! ഇനിയത് വേണ്ടെന്ന് വയ്ക്കുമ്പോൾ പാതി പ്രസവം തന്നെയാവും!”
തങ്ങൾക്കിടയിൽ അദൃശ്യമായൊരു കിടങ്ങ് വാപിളർന്ന് കിടക്കുന്നതുകണ്ട് അവർ സ്തബ്‌ധരായി. ക്രമേണ കിടങ്ങ് വളരുകയും അവർ രണ്ട് കരകളായിത്തീരുകയും ചെയ്തു.
നാട്ടുനടപ്പനുസരിച്ച് ഏഴാം മാസം അവൾ പിറന്ന വീട്ടിലേയ്ക്കു പോയി. നെടുകെ കീറിപ്പോയ ജീവിതംകൊണ്ട് എന്തുചെയ്യണമെന്നറിയാതെ അയാൾ ഉഴറി. ഉച്ചയൂണ് പോലും ഉപേക്ഷിച്ച് അയാൾ ഓഫീസ് ഫയലുകളിലേയ്ക്ക് ഊളിയിട്ടുപോയി. അയാൾ പുറത്തിറങ്ങാൻ വൈകുന്തോറും ശിപായി കെണിയിൽപ്പെട്ടതുപോലെ മുറികളിലെല്ലാം പരതിനടന്നു. ഒടുവിൽ നിസ്സഹായനായി നിലവിളിച്ചു.
“സാറേ!”
ശിപായിയുടെ നേർക്ക് മിഴിച്ചുനോക്കി കുറേനേരമിരുന്ന് അയാൾ പുറത്തുകടന്നു. കാലുകൾ കഴച്ച് വിങ്ങും വരെയും അയാൾ നഗരത്തിൽ അലഞ്ഞുനടന്നു. ഏതോ തിരിവിൽ അഭയമുദ്രയിൽ നിലകൊള്ളുന്ന ബാറിൽ കയറിയിരുന്ന് ഒരു മുഴുവൻ കുപ്പിയും കുടിച്ചുതീർത്തിട്ടും അയാളെ ലഹരി തൊട്ടുതീണ്ടിയില്ല. അയാളുടെ ലഹരി അവളുടെ ഉടലായിരുന്നു. അയാൾ ഒരു ഓട്ടോ പിടിച്ച് അവളുടെ വീട്ടിലേയ്ക്ക് പോയി. അവളുടെ ഉടൽ ചീർത്ത് മദഗന്ധം വറ്റി അപരിചിതമായ ഒരു ഗന്ധം ചുരത്തിയപ്പോൾ അയാൾ കുടിച്ചതത്രയും ഛർദ്ദിച്ചു. അവൾ ഒരു നിമിഷം പകച്ചുനിന്ന് അയാളുടെ പുറം ഉഴിയാൻ തുടങ്ങി. പോ! പോ! എന്ന് അയാളുടെ വലംകൈയിലെ വിരലുകളൊരുമിച്ച് അവളെ ആട്ടിയകറ്റി. പിന്നെ വേച്ചുവേച്ച് അയാൾ പടി കടന്നു.
പിറ്റേന്ന് മുതൽ അയാൾ ദീർഘമായ അവധിയിൽ പ്രവേശിച്ചു. പകലൊക്കെ അയാൾ കിടന്നുറങ്ങി. രാത്രി മുഴുവൻ ഉറക്കമൊഴിച്ച് ഇരുട്ടിലേയ്ക്ക് തുറിച്ചുനോക്കി വരാന്തയിലിരുന്നു.
അവൾക്കൊരു ആൺകുഞ്ഞ് ജനിച്ചു എന്ന വിവരം കിട്ടിയപ്പോൾ അയാൾ മുറ്റത്ത് തെക്കുവടക്ക് പരവേശപ്പെട്ട് നടന്നു. ഒരുപക്ഷേ, വയറൊഴിഞ്ഞ് അവൾക്ക് പഴയ രൂപം വീണ്ടുകിട്ടിയിട്ടുണ്ടാവുമോ എന്ന് ഒരുമാത്ര അയാൾ ശങ്കിച്ചു. തിരക്കിട്ട് അയാൾ ആശുപത്രിയിലെത്തി. മുറിയിലേയ്ക്ക് കാലെടുത്തുവച്ചതും മുലപ്പാൽമണം അയാളെ ചെടിപ്പിച്ചു. കണ്ണ് തുറക്കാതെ ഇടയ്ക്കിടെ മുഖം ചുളിച്ച് അവളുടെ മുല ചപ്പിവലിക്കുന്ന കുഞ്ഞിനെ ആജന്മശത്രുവിനെപ്പോലെ അയാൾ തുറിച്ചുനോക്കി. അവളുടെ ഉടഞ്ഞുപോയ ശരീരത്തിൽ പുതിയൊരു ആനന്ദത്തിന്റെ തിരയിളക്കം കണ്ട് അയാൾക്ക് മനംപുരട്ടി.
തളർച്ചയോടെ മുറിയിൽനിന്ന് പുറത്തുകടന്ന അയാൾ എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞു. മഞ്ഞും മഴയും വെയിലും അയാളെ തൊടാതെ കടന്നുപോയി. അയാളുടെ അഭാവത്തിൽ കുഞ്ഞിന്റെ അരയിൽ നൂല് കെട്ടിയതും ചെവിയിൽ പേര് ചൊല്ലിയതും അവളുടെ ആങ്ങളയായിരുന്നു.
ആറ് മാസം കഴിഞ്ഞ് തിരിച്ചെത്തിയ അയാളെ കാത്ത് അവളുടെ കത്തുകൾ വരാന്തയിൽ ചിതറിക്കിടന്നു. ഗേറ്റിൽനിന്ന് പോസ്റ്റുമാൻ വലിച്ചെറിഞ്ഞ ആ കത്തുകൾക്കൊക്കെയും കണ്ണീരിന്റേയും മുലപ്പാലിന്റേയും മണമായിരിക്കുമെന്നറിഞ്ഞ് അവജ്ഞയോടെ അയാൾ കാർക്കിച്ചുതുപ്പി. അവയൊക്കെയും കാലുകൾകൊണ്ട് ഇരുവശത്തേയ്ക്കും വകഞ്ഞുമാറ്റി അയാൾ വാതിൽ തുറന്നു. കെട്ടിക്കിടന്ന വായു വാതിൽവഴി ഞെരുങ്ങി പുറത്തിറങ്ങി. ചില പെണ്ണുങ്ങൾ പേറ്റുമരുന്നുകളുടെ ബലത്തിൽ ഉടലിന്റെ കാന്തിയും മുറുക്കവും വീണ്ടെടുക്കുമെന്ന് ആരോ പറഞ്ഞത് അപ്പോഴാണ് അയാൾക്ക് ഓർമവന്നത്. വാതിൽ ചാരാൻപോലും മെനക്കെടാതെ അയാൾ പുറപ്പെട്ടു.
അവളുടെ വീട്ടിലെത്തിയ അയാളെ എതിരേറ്റത് മകന്റെ നിർത്താതെയുള്ള കരച്ചിലായിരുന്നു. എല്ലും തോലുമായിത്തീർന്ന അവളുടെ ശുഷ്‌കിച്ച മുലകൾ കടിച്ചുവലിക്കുന്ന മകനെ കണ്ട് അയാൾ വെറുപ്പോടെ മുഖം തിരിച്ചു. ചെറുക്കൻ അവളുടെ പ്രാണനാണ് ഊറ്റിക്കുടിക്കുന്നതെന്ന കാര്യത്തിൽ അയാൾക്ക് തെല്ലും സംശയമുണ്ടായില്ല. അവളുടെ പാതിയിലേറെയും കൊഴിഞ്ഞുപോയ മുടിയിൽ നോട്ടം കുരുങ്ങിയപ്പോൾ അയാൾ വെപ്രാളപ്പെട്ടു.
“നിന്റെ മുടിക്കിതെന്ത് പറ്റി?”
ക്ഷീണിച്ച ഒരു ചിരി അവളുടെ ചുണ്ടിൽ വന്ന് എത്തിനോക്കി. അന്നേരം ക്ഷോഭത്തിന്റെ ചുഴിയിൽപ്പെട്ട് അയാളുടെ വാക്കുകൾ വട്ടം കറങ്ങി.
“ഇനി നീ ഇവിടെത്തന്നെ നിന്നോ!”
അവളുടെ കവിളിലൂടെ കുതിച്ചൊഴുകാൻ തുടങ്ങിയ കണ്ണീർപ്പുഴയ്ക്ക് മുമ്പേ അയാൾ എങ്ങോട്ടെന്നില്ലാതെ പാഞ്ഞുപോയി.
mudi malayalam story gracy
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

