Image of MG Soman
സോമന്‍സമകാലിക മലയാളം വാരിക

എം.ജി. സോമനും ചെറിയ വലിയ സൂത്രങ്ങളും

Published on

സിനിമയെന്ന യന്ത്രവല്‍ക്കൃതകലയുടെ സഞ്ചാരവഴികളിലൂടെയുള്ള എന്റെ യാത്ര തുടങ്ങിയത് 1977-ലാണ്.

അന്നു ഞാന്‍ സിനിമ തിരക്കഥാകാരനൊന്നുമായിട്ടില്ല.

 Image of soman
സോമന്‍ സമകാലിക മലയാളം വാരിക

സിനിമാകമ്പവും താരാരാധനയുമൊക്കെയുമായി നടന്നിരുന്നെങ്കിലും സിനിമയെന്ന മായാലോകത്തേയ്ക്കു കടന്നുചെല്ലണമെന്നുള്ള അതിമോഹമൊന്നും എന്റെ മനസ്സിന്റെ ഏഴയല്‍പ്പക്കത്തുകൂടിപ്പോലും പോയിരുന്നില്ല.

ആ സമയത്താണ് ഒരു വൈകുന്നേരം പാറപ്പുറത്തിന്റെ തിരക്കഥയില്‍ ഐ.വി. ശശി സംവിധാനംചെയ്യാന്‍ പോകുന്ന ‘ഈ മനോഹരതീരം’ എന്ന ചിത്രത്തിന്റെ നിര്‍മാതാവും മകനും കൂടി ഞങ്ങളുടെ ചിത്രപൗര്‍ണമി ഓഫീസിലേയ്ക്ക് കടന്നുവരുന്നത്. ഞാനും ഐ.വി. ശശിയുമായുള്ള സൗഹൃദവും ചിത്രപൗര്‍ണമി സിനിമാവാരികയുടെ പത്രാധിപരെന്ന നിലയില്‍ ചില നടന്മാരോടുള്ള അടുപ്പവും കിത്തോയില്‍നിന്നും മനസ്സിലാക്കിക്കൊണ്ടുള്ള വരവായിരുന്നു അത്. കിത്തോ ‘ഈ മനോഹരതീര’ത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ കൂടിയാണ്. അപ്പോള്‍ ഐ.വി. ശശി സംവിധാനം ചെയ്യുന്ന, ശ്രീദേവിയും രവികുമാറും സുകുമാരനും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ‘അംഗീകാര’ത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ നടന്നുവരികയാണ്. പാറപ്പുറവുമായി അവിടെച്ചെന്ന് ഐ.വി. ശശിയെ സ്ക്രിപ്റ്റ് വായിച്ച് കേള്‍പ്പിക്കാനും ഒന്നുരണ്ട് ആര്‍ട്ടിസ്റ്റുകളെ ബുക്ക്ചെയ്യാനുംവേണ്ടി ഞാനുംകൂടി ഉണ്ടെങ്കില്‍ എല്ലാം സുഗമമായി നടക്കുമെന്നുള്ള വിശ്വാസത്തിലാണ് എന്റെ സാമീപ്യം തേടി അവര്‍ വന്നിരിക്കുന്നത്. എന്നാല്‍, എനിക്ക് ഹൈദരാബാദില്‍പോകാന്‍ ഒട്ടും താല്പര്യമില്ലായിരുന്നു. എല്ലാ വെള്ളിയാഴ്ചയും ചിത്രപൗര്‍ണമി ഇറക്കേണ്ടതാണ്. ഇതുവരെയും ഒരു ലക്കം പോലും മുടക്കിയിട്ടില്ല.

ചിത്രപൗര്‍ണമി മുടങ്ങുമെന്നു പറഞ്ഞിട്ടും കിത്തോയ്ക്ക് എന്നെ വിടാന്‍ ഭാവമില്ലായിരുന്നു.

“ഹാ, താനുംകൂടി വാടോ... താനില്ലാതെ തനിച്ച് പോവാന്‍ എനിക്ക് മടിയാണ്... മൂന്നാലു ദിവസത്തെ കാര്യമല്ലേ ഉള്ളൂ. അടുത്ത ലക്കം ചിത്രപൗര്‍ണമി നമുക്ക് ജോണിനേയും സെബാസ്റ്റ്യന്‍ പോളിനേയും ഏല്പിച്ചിട്ട് പോവാം...”

അവസാനം ജോണ്‍പോളും സെബാസ്റ്റ്യന്‍പോളുംകൂടി കിത്തോയുടെ പക്ഷം ചേര്‍ന്നതോടെ ഞാനും ഹൈദരാബാദിലേയ്ക്കു പോകാന്‍ തീരുമാനിക്കുന്നു.

അടുത്തദിവസം തന്നെ പാറപ്പുറവും ഞാനും കിത്തോയും നിര്‍മാതാവും മകനുംകൂടി ഒരു അംബാസിഡര്‍ കാറിലാണ് ഹൈദരാബാദിലേയ്ക്ക് പോയത്.

പിറ്റേന്ന് വൈകുന്നേരം നാലുമണിയോടുകൂടി ഞങ്ങള്‍ ഹൈദരാബാദിലെത്തി. അന്നു രാത്രി തന്നെ ശശിയുടെ റൂമിലിരുന്ന് പാറപ്പുറത്ത് സ്ക്രിപ്റ്റ് വായിച്ചു കേള്‍പ്പിച്ചു.

അടുത്തദിവസം തന്നെ നടന്‍ സുകുമാരനേയും ഒന്നുരണ്ടു ടെക്നീഷ്യന്‍സ്സിനേയും ബുക്ക് ചെയ്ത ശേഷം കെ.പി.എ.സി ലളിതയേയും കുതിരവട്ടം പപ്പുവിനേയും കാണാനായി ഞങ്ങള്‍ അവിടെനിന്നും മദ്രാസ്സിലേയ്ക്ക് തിരിക്കുന്നു.

പിന്നെ എല്ലാക്കാര്യങ്ങളും ധ്രുതഗതിയിലാണ് നടന്നത്.

എറണാകുളത്ത് വെച്ചായിരുന്നു ‘ഈ മനോഹരതീര’ത്തിന്റെ ഷൂട്ടിംഗ്. ഞാന്‍ മിക്ക ദിവസങ്ങളിലും ലൊക്കേഷനില്‍ പോവുമായിരുന്നു. അവിടെവെച്ചാണ് ഞാന്‍ പോലുമറിയാതെ എന്റെ ജീവിതത്തിന്റെ തലവര മാറുന്നത്.

ഞാന്‍ ചിത്രപൗര്‍ണമിയില്‍ എഴുതിയ ‘അനുഭവങ്ങളെ നന്ദി’ എന്ന നീണ്ടകഥ സിനിമയാക്കണമെന്നു പറഞ്ഞ് എന്റെ സുഹൃത്ത് സി.സി. ആന്റണി നിര്‍മാതാവായ തൃപ്പൂണിത്തുറയിലുള്ള രാമഭദ്രന്‍ തമ്പുരാനേയും കൂട്ടിവരുന്നതും ഐ.വി. ശശിക്ക് അഡ്വാന്‍സ് കൊടുക്കുന്നതുമെല്ലാം ‘ഈ മനോഹരതീര’ത്തിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു.

ഞാന്‍ സിനിമയ്ക്കുവേണ്ടി എഴുതിയ കഥയല്ലായിരുന്നെങ്കിലും ആന്റണിക്കും ഐ.വി. ശശിക്കും കഥ വളരെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് ‘അനുഭവങ്ങളെ നന്ദി’ എന്ന സിനിമ ജനിക്കുന്നത്. എന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയത് എസ്.എല്‍.പുരം സദാനന്ദനായിരുന്നു.

പ്രധാനപ്പെട്ട ആര്‍ട്ടിസ്റ്റുകളേയും സംഗീതസംവിധായകനായ ദേവരാജന്‍ മാഷിനേയും ബുക്ക് ചെയ്യാനായി ഞാനും ആന്റണിയും കിത്തോയും കൂടിയാണ് മദ്രാസ്സിലേക്ക് പോയത്. അന്ന് ഭൂരിഭാഗം മലയാള സിനിമയുടേയും ഷൂട്ടിംഗ് കോടമ്പാക്കത്തെ സ്റ്റുഡിയോ ഫ്ലോറുകളിലാണ് നടന്നിരുന്നത്.

Image of MG Soman and Jayabharati
സോമനും ജയഭാരതിയും സമകാലിക മലയാളം വാരിക

മദ്രാസ് തമിഴ്‌സിനിമയുടെ ആസ്ഥാനമായിരുന്നെങ്കിലും മലയാളചലച്ചിത്ര പ്രവര്‍ത്തകരായിരുന്നു കോടമ്പാക്കത്ത് കൂടുതലും തമ്പടിച്ചിരുന്നത്. പ്രേംനസീര്‍, ഉമ്മര്‍, അടൂര്‍ഭാസി, രവികുമാര്‍, ഷീല, ശാരദ, ജയഭാരതി, റാണിചന്ദ്ര, റീന, ഹരിഹരന്‍, സേതുമാധവന്‍, വിന്‍സെന്റ്മാസ്റ്റര്‍, ടി.ഇ. വാസുദേവന്‍, എം.ഒ. ജോസഫ്, കെ.പി. കൊട്ടാരക്കര തുടങ്ങിയ പ്രമുഖര്‍ക്കു മാത്രമേ അന്ന് അവിടെ സ്വന്തമായി വീടുണ്ടായിരുന്നുള്ളൂ.

‘അനുഭവങ്ങളെ നന്ദി’യുടെ ജോലികളുമായി പലവട്ടം മദ്രാസില്‍ പോകേണ്ടി വന്നതുകൊണ്ടാവാം എനിക്ക് മലയാള സിനിമയിലെ പല പ്രമുഖ നിര്‍മാതാക്കളേയും സംവിധായകരേയും നടീനടന്മാരേയുമൊക്കെ പരിചയപ്പെടാനുള്ള അവസരം ഉണ്ടായത്.

അന്ന് എല്ലാവരും ഒരേ മനസ്സോടെ കുടക്കീഴില്‍ കോടമ്പാക്കത്ത് വസിക്കുന്നതുപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. അക്കാലത്ത് പരസ്പരം പാരവയ്‌പോ, കുതികാല്‍വെട്ടോ ഉള്ളതായി ആരും പറഞ്ഞു ഞാന്‍ കേട്ടിട്ടുമില്ല.

മാവേലി നാടുവാണീടും കാലം മനുഷ്യരെല്ലാം ഒന്നുപോലെ എന്നു പറയുന്നതുപോലെയായിരുന്നു നസീര്‍ സാര്‍ ഭരിച്ചിരുന്ന അക്കാലത്തെ മലയാള സിനിമ എന്ന് നിര്‍മാതാവായ ടി. വാസുദേവന്‍ സാറടക്കം പലരും പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്.

എന്നാല്‍, ഇതിനു വിപരീതമായി അപൂര്‍വം ചില നടന്മാരെപ്പറ്റി പ്രശ്നക്കാരും ശല്യക്കാരുമാണെന്നുമുള്ള മോശംവാര്‍ത്തകള്‍ കോടമ്പാക്കത്തെ വാടക്കാറ്റില്‍ ഒരു കോറസുപോലെ ഒഴുകിനടന്നിരുന്നു.

അക്കാലത്ത് കൂടുതലും നെഗറ്റീവ് പറഞ്ഞുകേട്ടിട്ടുള്ളത് അടൂര്‍ഭാസിയെക്കുറിച്ചാണ്. നസീര്‍ സാറാണ് മാര്‍ക്കറ്റ് വാല്യുവുള്ള നടനെങ്കിലും ഒരു സമയത്ത് അടൂര്‍ഭാസിയുടെ കോമഡിയുംകൂടി ഉണ്ടെങ്കിലേ പടം ഓടുകയുള്ളൂ എന്ന സ്ഥിതിവിശേഷം അന്ന് മലയാള സിനിമയില്‍ ഉണ്ടായിരുന്നു. ഏതു നായകന്‍വന്നാലും പുട്ടിനു പീര ഇടുന്നതുപോലെ അടൂര്‍ഭാസിയുടെ അഞ്ചെട്ട് കോമഡി സീനെങ്കിലും ഉണ്ടായിരിക്കണം. താനില്ലെങ്കില്‍ മലയാള സിനിമയില്ലെന്നുള്ള അഹങ്കാരത്തിന്റെ കൊമ്പുമായാണ് അദ്ദേഹം പല സെറ്റുകളിലും കയറിച്ചെന്നിരുന്നത്. നസീര്‍ സാറിനുവരെ ഭാസിയുടെ വരവും പ്രതീക്ഷിച്ചു മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നിട്ടുണ്ട്.

അടൂര്‍ഭാസിയുടെ പരിധിവിട്ടുള്ള ഈ പോക്ക് പല സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും വലിയ തലവേദനയായി മാറിയപ്പോള്‍ അന്നത്തെ പ്രശസ്ത സംവിധായകരായ കെ.എസ്. സേതുമാധവന്‍, വിന്‍സെന്റ്മാസ്റ്റര്‍, ഐ.വി. ശശി, ഹരിഹരന്‍, എ.ബി. രാജ് തുടങ്ങിയവരെല്ലാവരുംകൂടി ഒരു തീരുമാനമെടുത്തു. അവരുടെ ആരുടേയും സിനിമകളില്‍ ഇനി അടൂര്‍ഭാസിയെ അഭിനയിപ്പിക്കില്ല. അതു ഭാസിക്ക് വലിയൊരു ഷോക്കായിമാറി. കുറേക്കാലം മെയിന്‍സ്ട്രീം സിനിമയിലുള്ള സംവിധായകരുടെ പടങ്ങള്‍ കിട്ടാതായപ്പോള്‍ അടൂര്‍ഭാസി ‘നല്ലപിള്ള’യായി മാറുകയായിരുന്നു.

അടൂര്‍ഭാസിയുടെ അഹങ്കാരകാലംകഴിഞ്ഞ് മൂന്നാലുവര്‍ഷത്തിനുശേഷം നമ്മുടെയെല്ലാം പ്രിയപ്പെട്ട നായകനായ എം.ജി. സോമനും ഭാസിക്ക് പഠിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നുള്ള അടക്കം പറച്ചില്‍ സിനിമാപ്രവര്‍ത്തകരുടെ ഇടയില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. അല്പംകൂടി ആലങ്കാരികമായി പറഞ്ഞാല്‍ പിടിച്ചതിലും വലുതാണ് അളയിലിരിക്കുന്ന പാമ്പ് എന്ന പഴഞ്ചൊല്ല് പോലെയായിരുന്നു എം.ജി. സോമന്റെ മുന്നോട്ടുള്ള ചെയ്തികള്‍.

ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്, പലരുടേയും ശുപാര്‍ശയില്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ വരുന്നവര്‍ കാണിക്കുന്ന ലാളിത്യവും വിനയവും ഭവ്യതയുമെല്ലാം ഒന്നുരണ്ടു സിനിമകള്‍ വിജയിച്ചു കഴിയുമ്പോള്‍ പെട്ടെന്നുതന്നെ തലക്കനവും അഹങ്കാരവുമൊക്കെയായി മാറുന്നത് ഏതു രാസപ്രക്രിയയില്‍ നിന്നുണ്ടാകുന്നതാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്.

സോമനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ പറഞ്ഞു കേട്ടതിനെക്കാള്‍ എന്റെ ആദ്യ സിനിമയായ ‘അനുഭവങ്ങളെനന്ദി’യുടെ ലൊക്കേഷനില്‍വെച്ച് എനിക്കുണ്ടായ ചില നേരനുഭവങ്ങളാണ് എന്റെ മനസ്സില്‍ തെളിഞ്ഞുവരുന്നത്.

കാടിന്റെ പശ്ചാത്തലത്തിലുള്ള കഥയായതുകൊണ്ട് ‘അനുഭവങ്ങളെ നന്ദി’യുടെ ലൊക്കേഷന്‍ നിലമ്പൂരായിരുന്നു. ഷൂട്ടിംഗ്തുടങ്ങി നാലാംദിവസം ഉച്ചകഴിഞ്ഞാണ് സോമനെത്തുന്നത്. കൂടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു. അവര്‍തമ്മില്‍ സംസാരിച്ചിരുന്നതിനുശേഷം മൂന്നര മണിയോടെയാണ് സോമന്‍ ലൊക്കേഷനിലെത്തുന്നത്.

സോമന്‍ വരാന്‍ വൈകിയതുകൊണ്ട് ഷൂട്ടിംഗ് ബ്രേക്കായിരിക്കുകയാണ്.

സോമനെ കണ്ട മാത്രയില്‍ത്തന്നെ ഐ.വി. ശശി ചൂടായി:

“നീ എന്താ ഇത്ര വൈകിയത്? ഉച്ചയ്ക്കുശേഷം എല്ലാരും വര്‍ക്കില്ലാതെ ഇരിക്കുകയാണിവിടെ. രണ്ടു മണിക്ക് എത്താമെന്നല്ലേ നീ പറഞ്ഞത്?”

“ഞാന്‍ ഒരു മണിക്കുതന്നെ റൂമിലെത്തിയതാണ്. വണ്ടി അയയ്ക്കാതെ ഞാനെങ്ങനെയാ വരുന്നത്?”

സോമനങ്ങനെ പറഞ്ഞതു കേട്ടപ്പോള്‍ പെട്ടെന്നറിയാതെ ഞാന്‍ സത്യം പറഞ്ഞുപോയി:

“സോമേട്ടന്‍ റൂമിലെത്തിയത് രണ്ടരമണിക്കല്ലേ?”

അദ്ദേഹം എന്നെ കണ്ടില്ലെങ്കിലും സുഹൃത്തുമായി വരുന്നത് ഞാനെന്റെ മുറിയിലിരുന്ന് കണ്ടതാണ്.

family photo of MG Soman
സോമനും ഭാര്യ സുജാതയും സമകാലിക മലയാളം വാരിക

ബഹുമാനപുരസരം ഞാനെന്റെ സത്യസന്ധത വെളിപ്പെടുത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന മധുസാറും ജയഭാരതിയും ശശിയും പരസ്പരം മുഖത്തോട് മുഖംനോക്കുന്നത് ഞാന്‍ കണ്ടു. ഞാനങ്ങനെ പറയുമെന്ന് സോമന്‍ ഒട്ടും പ്രതീക്ഷിച്ചതല്ല. ആരാടാ ഈ പുതിയ അവതാരമെന്ന മട്ടില്‍ രൂക്ഷമായി എന്നെ ഒന്നു നോക്കിയിട്ട് എന്റെ നേരെ സോമന്‍ തട്ടിക്കയറി. ഞാനും ഒട്ടും വിട്ടുകൊടുക്കാന്‍ പോയില്ല. എന്റെ ഉള്ളിലെ പത്രക്കാരന്‍ സടകുടഞ്ഞെഴുന്നേറ്റു. പിന്നെ ഞാന്‍ ഈ ചിത്രത്തിന്റെ കഥാകൃത്തും ചിത്രപൗര്‍ണമി വാരികയുടെ പത്രാധിപരുമാണെന്ന് അറിഞ്ഞപ്പോഴാണ് സോമന്റെ ദേഷ്യമൊന്നടങ്ങിയത്.

പെട്ടെന്നുതന്നെ ശശി എഴുന്നേറ്റുകൊണ്ട് പറഞ്ഞു:

“മതി... മതി... ലൈറ്റ് പോകുന്നതിനു മുന്‍പ് ഈ സീനെടുത്തു തീര്‍ക്കേണ്ടതാണ്. സോമാ നീ വാ...”

ശശി എഴുന്നേറ്റ് ക്യാമറാമാന്‍ വിപിന്‍ ദാസിന്റെ അടുത്തേയ്ക്ക് പോയി. കൂടെ സോമനും. അപ്പോള്‍ ജയഭാരതി ചിരിച്ചുകൊണ്ടു പറഞ്ഞു:

“സോമേട്ടന്‍ റൂമില്‍ വൈകി എത്തിയത് ഇവിടെയാരും അറിഞ്ഞിട്ടില്ലെന്ന് കരുതിയായിരിക്കും ഇങ്ങനെയൊരു കള്ളം പറഞ്ഞത്... ഡെന്നീസ് അത് പൊളിക്കുമെന്ന് സോമേട്ടന്‍ വിചാരിച്ചു കാണില്ല.”

ആ സംഭവത്തിനുശേഷം സോമന്‍ എന്നോട് സംസാരിക്കാതെ മുഖം കനപ്പിച്ചു നടന്നു. മൂന്നാം ദിവസം രാത്രി അപ്രതീക്ഷിതമായി അദ്ദേഹം എന്റെ മുറിയിലേയ്ക്ക് കടന്നുവന്നിട്ടു പറഞ്ഞു:

“താനെന്താടോ എന്നോട് പിണങ്ങി നടക്കുകയാണോ? താന്‍ പറഞ്ഞതൊക്കെ സത്യമാ... പക്ഷേ, സിനി ഫീല്‍ഡില്‍ നില്‍ക്കുമ്പോള്‍ നിര്‍ദോഷമായ ചില കള്ളങ്ങളൊക്കെ പറയേണ്ടി വരും. താന്‍ സിനിമയില്‍ പുതിയ ആളായതുകൊണ്ടാ... കുറെ കഴിയുമ്പോള്‍ തനിക്കും ഇങ്ങനെയൊക്കെ പറയേണ്ടിവരും. അപ്പോള്‍ ശരി. ഗുഡ്നൈറ്റ്. നാളെ കാണാം.”

അത്രയുംപറഞ്ഞുകൊണ്ട് സോമന്‍ മുറിയിലേയ്ക്ക് പോയപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ ക്യാരക്ടറിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. സോമനെപ്പോലെ വലിയൊരു നടന്‍ എന്റെയടുത്ത് വന്ന് പിണക്കം മാറ്റേണ്ട ഒരു കാര്യവുമില്ല. രണ്ടുതരം മൈന്‍ഡ്സെറ്റുള്ള ആളാകണം സോമനെന്ന് എനിക്ക് അപ്പോള്‍ തോന്നുകയും ചെയ്തു.

‘അനുഭവങ്ങളെ നന്ദി’യുടെ പാക്കപ്പ്ദിവസം മധു, സോമന്‍, ബാലന്‍ കെ. നായര്‍, പപ്പു, ജയഭാരതി, സീമ തുടങ്ങിയ വലിയ താരനിരയുള്ള ക്ലൈമാക്സ് സീനെടുക്കാനാണ് ശശി പ്ലാന്‍ ചെയ്തിരിക്കുന്നത്.

ഷൂട്ടിംഗ് തുടങ്ങി രാത്രി ഏഴുമണിയായപ്പോള്‍ സോമനെ കാണാന്‍ മഫ്തിയിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അവിടെയെത്തി. സോമന്‍ ഏത് ലൊക്കേഷനിലെത്തിയാലും അവിടെ അദ്ദേഹത്തിനു പരിചയമുള്ള ഏതെങ്കിലും പൊലീസ് ഓഫീസര്‍മാര്‍ എത്താതിരിക്കില്ല. അവരെ കണ്ടാല്‍പ്പിന്നെ സോമന്റെ മൂഡ് മാറും. പൊലീസ് അധികാരികള്‍ സോമന് ഒരു വീക്ക്നെസ്സാണെന്ന് അന്ന് സിനിമാരംഗത്ത് പരക്കെ ഒരു സംസാരമുണ്ടായിരുന്നു. ആ പൊലീസ് ഉദ്യോഗസ്ഥനുമായി സോമനെന്തോ കുശുകുശുത്തശേഷം അയാളുമൊന്നിച്ച് എറണാകുളത്തേയ്ക്ക് പോകാനുള്ള പരിപാടി ആസൂത്രണം ചെയ്തിരിക്കുകയാണ്. സോമന്‍ചെന്ന് ശശിയോട് വിവരം പറഞ്ഞു. മൂന്നു മണിക്കൂര്‍ കൂടി നിന്നാല്‍ പടത്തിന്റെ ഷൂട്ട് തീരും. അതു കഴിഞ്ഞിട്ട് പോയാല്‍ മതിയെന്ന് ശശിയും ഞങ്ങളുമൊക്കെ പറഞ്ഞെങ്കിലും സോമന്‍ കൂട്ടാക്കിയില്ല. എറണാകുളത്ത് പോയിട്ട് വളരെ സീരിയസ്സായ ഒരു കാര്യമുണ്ടെന്നും നാളെ വന്നിട്ട് ബാക്കി സീന്‍ എടുക്കാമെന്നും പറഞ്ഞ് ആ പൊലീസ് ഉദ്യോഗസ്ഥനോടൊപ്പം സോമന്‍ അപ്പോള്‍ത്തന്നെ സ്ഥലം വിട്ടു. അങ്ങനെ അപൂര്‍ണാവസ്ഥയില്‍ പടം പാക്കപ്പായി.

ഇതോടെ ശശിക്ക് സോമനോട് വല്ലാത്ത ദേഷ്യമായി.

ഒരു മാസത്തിനുശേഷം നിലമ്പൂരില്‍ ഇട്ടിരുന്ന ഏറുമാടംസെറ്റ് എറണാകുളം കലൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തുള്ള വൃക്ഷങ്ങള്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ഒരിടത്ത് കൊണ്ടുവന്ന് വീണ്ടും സെറ്റിട്ട് ഷൂട്ടിംഗ് ആരംഭിച്ചു. രാത്രി എട്ടു മണിയായപ്പോള്‍ ഇവിടെയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ പ്രത്യക്ഷപ്പെട്ടു. അയാളെകണ്ട് സംസാരിച്ചുകഴിഞ്ഞപ്പോള്‍ സോമന് പെട്ടെന്നൊരു ‘വയറുവേദന’ ഉണ്ടായി. മരുന്നുകള്‍ പലതും വാങ്ങിക്കൊടുത്തെങ്കിലും അതുകൊണ്ടൊന്നും തന്റെ വയറുവേദന മാറില്ലെന്നും ഡോക്ടറെപോയികണ്ട് മരുന്നു കഴിച്ച്, റെസ്റ്റെടുത്താലേ മാറുകയുള്ളൂവെന്നും പറഞ്ഞ് സോമന്‍ ആ പൊലീസ് ഉദ്യോഗസ്ഥനോടൊപ്പം അവിടെനിന്നും മുങ്ങി. അതു ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ക്കും മറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്നീഷ്യന്‍സ്സിനുമെല്ലാം വലിയ ഷോക്കായി മാറി.

പിന്നീട് ഒന്നൊന്നര മാസം കഴിഞ്ഞ് മദ്രാസിലെ അരുണാചലം സ്റ്റുഡിയോയില്‍ ഏറുമാടം കൊണ്ടുപോയി സെറ്റിട്ടാണ് ‘അനുഭവങ്ങളെ നന്ദി’ പൂര്‍ത്തിയാക്കിയത്.

ഈ സംഭവത്തോടെ ഐ.വി. ശശിയും സോമനുംതമ്മില്‍ വല്ലാതെ അകന്നു. അഞ്ചാറു വര്‍ഷത്തോളം ഐ.വി. ശശിയുടെ ഒറ്റച്ചിത്രത്തിലും സോമനെ അഭിനയിപ്പിച്ചില്ല.

പിന്നെ കാലം മാറി കഥ മാറിയെന്നു പറയുംപോലെ ശശിയും സോമനും തമ്മിലുള്ള പിണക്കവും മാറുകയായിരുന്നു. സോമന്‍ ആദ്യമായി നിര്‍മിച്ച ‘ഭൂമിക’ എന്ന ചിത്രം സംവിധാനം ചെയ്തത് ഐ.വി. ശശിയായിരുന്നു. ജയറാമായിരുന്നു നായകന്‍. ഒരു നിര്‍മാതാവ് അനുഭവിക്കുന്ന ബുദ്ധിമുട്ടും വിഷമതകളും ശരിക്കും സോമന്‍ മനസ്സിലാക്കിയത് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ്. രണ്ട് ഷെഡ്യൂളായിട്ടും ഷൂട്ടിംഗ് തീര്‍ന്നില്ല.

ആറു മാസങ്ങള്‍ക്കുശേഷം ഒരുദിവസം തിരുവനന്തപുരം അമൃതാ ഹോട്ടലില്‍ ഞാന്‍ താമസിക്കുമ്പോള്‍ സോമനും അവിടെ മുറിയെടുത്തിരുന്നു. ഭൂമികയിലെ നായകനായ ജയറാമിനെ കാണാനെത്തിയതായിരുന്നു സോമന്‍. രണ്ടു ഷെഡ്യൂളായിട്ടും ചിത്രം പൂര്‍ത്തിയാക്കാനാവാതെ നായകന്റെ ഡേറ്റിനുവേണ്ടി വന്നിരിക്കുകയാണ്. ജയറാമാണെങ്കില്‍ സോമന് പിടികൊടുക്കാതെ മുങ്ങി നടക്കുകയാണ്. ജയറാമിന്റെ അഞ്ച് ദിവസത്തെ ഡേറ്റ് കിട്ടിയാല്‍ പടം കംപ്ലീറ്റ് തീരും. സോമന്റെ സംസാരം കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത വിഷമം തോന്നി.

വൈകിട്ട് ജയറാമിനെ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു:

“ജയറാമേ നീ എന്തു പരിപാടിയാ ഈ കാണിക്കുന്നത്? ഇത്രയും സീനിയറായിട്ടുള്ള സോമനെ ഇങ്ങനെ വട്ടം ചുറ്റിക്കുന്നത് ശരിയാണോ? അഞ്ച് ദിവസത്തെ കാര്യമല്ലേ ഉള്ളൂ. എങ്ങനെയെങ്കിലും അത് തീര്‍ത്തു കൊടുക്കൂ.”

ഞാന്‍ പറഞ്ഞതുകൊണ്ടോ അതോ സോമന്റെ അവസ്ഥ മനസ്സിലാക്കിയതുകൊണ്ടോ എന്തോ ഒരു മാസത്തിനുള്ളില്‍ തന്നെ ജയറാം സോമന് ഡേറ്റു കൊടുത്തു. അങ്ങനെ ഭൂമിക പൂര്‍ത്തിയായി.

കാലം ഒരു മഹാമാന്ത്രികനെപ്പോലെയാണല്ലോ. തന്റെ മാന്ത്രികവടികൊണ്ട് മനുഷ്യരുടെ ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിത്തീര്‍ക്കുന്നത്.

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും വരവോടെ സോമന്റെ നായകപദവിക്ക് സ്ഥാനഭ്രംശം സംഭവിച്ചെങ്കിലും അഭിനയപ്രാധാന്യമുള്ള കരുത്തുറ്റ ക്യാരക്ടര്‍ റോളുകളാണ് പിന്നെ അദ്ദേഹത്തെ തേടിയെത്തിയത്.

ഞാനെഴുതി ജോഷി സംവിധാനംചെയ്ത ‘മിനിമോള്‍ വത്തിക്കാനില്‍’ എന്ന ചിത്രത്തില്‍ സോമന്‍ സരിതയുടെ അച്ഛന്‍ വേഷത്തിലാണ് വരുന്നതെങ്കിലും നായകനോടൊപ്പം തന്നെ പ്രാധാന്യമുള്ള ഒരു കഥാപാത്രമായിരുന്നു. ജര്‍മനിയിലും റോമിലുംവെച്ചായിരുന്നു ഷൂട്ടിംഗ്. ജോഷി, ഞാന്‍, സോമന്‍, സരിത, സ്വപ്ന, രതീഷ്, ക്യാപ്റ്റന്‍ രാജു, ബേബി ശാലിനി, ലാലു അലക്സ്, രവീന്ദ്രന്‍, സണ്ണി തുടങ്ങിയവരെല്ലാം ഒന്നിച്ചൊരു ഫ്ലൈറ്റിലായിരുന്നു യാത്ര. സോമന്‍ എന്റെ തൊട്ടടുത്ത സീറ്റിലായിരുന്നു ഇരുന്നത്. പത്തു മണിക്കൂര്‍ നീണ്ട ആ യാത്രയില്‍ സോമന്‍ തന്റെ മനസ്സിന്റെ തിരശ്ശീല പതുക്കെ തുറക്കുകയായിരുന്നു. അതോടെ ഞങ്ങള്‍ തമ്മിലുള്ള പിണക്കവും പരിഭവവുമൊക്കെ അലിഞ്ഞ് ഇല്ലാതായി.

തൃശൂരുള്ള സ്വപ്ന ഫിലിംസ് ബേബിയും ജര്‍മന്‍ പൗരനായ അഗസ്റ്റ്യന്‍ ഇലഞ്ഞിപ്പള്ളിയുമായിരുന്നു നിര്‍മാതാക്കള്‍. ഞങ്ങള്‍ക്ക്, താമസസൗകര്യം ഒരുക്കിയിരുന്നത് അവിടുത്തെ സെന്റ് ജോസഫ് ക്രാങ്കണ്‍ ആശുപത്രിയോട് ചേര്‍ന്നുള്ള നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിനടുത്തുള്ള ഒരു ഹോംസ്റ്റേയിലായിരുന്നു. ഞാനും സോമനും അടുത്തടുത്ത മുറികളിലായിരുന്നു താമസിച്ചിരുന്നത്.

ജര്‍മനിയിലെ ഷൂട്ടിംഗ് തുടങ്ങി പത്തു ദിവസം കഴിഞ്ഞപ്പോഴാണ് വത്തിക്കാനില്‍ ഷൂട്ട് ചെയ്യാനുള്ള അനുവാദം ലഭിക്കുന്നത്. സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ചിത്രീകരിക്കാന്‍ അനുവാദം കിട്ടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ബേബി ശാലിനിയെ മാര്‍പാപ്പ ആശീര്‍വദിക്കുന്ന രംഗമാണ് ഞങ്ങള്‍ക്ക് അവിടെ ഷൂട്ട് ചെയ്യേണ്ടത്.

അന്നത്തെ മാര്‍പാപ്പ ജോണ്‍പോള്‍ രണ്ടാമനായിരുന്നു. ബേബി ശാലിനിയോടൊപ്പം ആ സീനില്‍ സോമനും സരിതയുമാണ് ഉണ്ടായിരുന്നത്.

ഇരുപത്തിയഞ്ചു ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞ് ജര്‍മനിയില്‍നിന്നു പോരുമ്പോള്‍ ഞാന്‍ അടുത്തതായി ചെയ്യാന്‍ പോകുന്ന മൂന്നു സിനിമകളിലും സോമനുണ്ടാകുമെന്നുള്ള ഉറപ്പും കൊടുത്താണ് വില്ലിംഗ്ടണ്‍ ഐലന്റിലുള്ള എയര്‍പ്പോര്‍ട്ടില്‍ ഞങ്ങളൊന്നിച്ച് വിമാനമിറങ്ങിയത്. അക്കാലത്ത് എന്റെ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച നടനസ്വരൂപം സോമനായിരുന്നു. അനുഭവങ്ങളെ നന്ദി, ഇവിടെ കാറ്റിനു സുഗന്ധം, അകലങ്ങളില്‍ അഭയം, വയല്‍, സംഭവം, താറാവ്, ആ രാത്രി, രക്തം, കര്‍ത്തവ്യം, ഒരു വിളിപ്പാടകലെ, ചക്കരയുമ്മ, മിനിമോള്‍ വത്തിക്കാനില്‍, ഇവിടെ എല്ലാവര്‍ക്കും സുഖം, കോടതി, ഈ കൈകളില്‍, അലകടലിനക്കരെ, ഇനിയും കഥ തുടരും, വന്നു കണ്ടു കീഴടക്കി, ജനുവരി ഒരോര്‍മ തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ സോമന്‍ ഉണ്ടായിരുന്നു.

വര്‍ഷങ്ങള്‍ പലതു കടന്നുപോയപ്പോള്‍ ഒരു ദിവസം ഉച്ചയ്ക്ക് പെട്ടെന്നാണ് നടന്‍ ജഗദീഷിന്റെ ഫോണ്‍ വരുന്നത്, സോമനെ കലൂരുള്ള പി.വി.എസ്. ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്തിരിക്കുന്നു. അസുഖവിവരം കേട്ടപ്പോള്‍ ഞാനാകെ വല്ലാതായി. ഞാനപ്പോള്‍ ഏതോ സിനിമയുടെ ആവശ്യത്തിനയി മദ്രാസിലായിരുന്നു. മൂന്നാലുദിവസം കഴിഞ്ഞേ തിരിച്ചു വരാനാവൂ. ഞാന്‍ എന്റെ സുഹൃത്തുക്കള്‍ പലരേയും വിളിച്ചു അന്വേഷിച്ചു. ആരില്‍നിന്നും ആശാവഹമായ മറുപടിയല്ല ലഭിച്ചത്.

തിരിച്ചു നാട്ടിലെത്തി അന്നു വൈകുന്നേരംതന്നെ ഞാന്‍ ആശുപത്രിയില്‍ പോയി സോമനെ കണ്ടു. അദ്ദേഹത്തിന്റെ വയറ്, വല്ലാതെ വീര്‍ത്തിരിക്കുന്നു. ആളല്പം പരിക്ഷീണനായിരുന്നെങ്കിലും തനതു ശൈലിയില്‍ തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് എന്നോട് സംസാരിച്ചത്. നാലഞ്ചുദിവസംകഴിഞ്ഞ് ഡിസ്ചാര്‍ജ്ചെയ്തു ഭാര്യയേയുംകൂട്ടി വീട്ടില്‍പോയി റെസ്റ്റെടുക്കാമെന്നുള്ള പ്രത്യാശയിലായിരുന്നു സോമനെങ്കിലും പെട്ടെന്ന് മരണം വന്ന് റൂട്ടുമാറ്റി അദ്ദേഹത്തെ അനന്തതയുടെ വിഹായസ്സിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com