Sreenivasan
Sreenivasan: A Continuum of Thought and Laughterസമകാലിക മലയാളം വാരിക

ശ്രീനിവാസന്‍: ചിന്തയുടെയും ചിരിയുടെയും തുടര്‍ച്ച

Published on

ശ്രീനിവാസൻ ഒരു തുടർച്ചയായിരുന്നു. കുഞ്ചനും സഞ്ജയനും പൊട്ടിച്ചിരിപ്പിച്ച പൗരസ്ത്യപാരമ്പര്യവും ചാർലി ചാപ്ലിനും വൂഡി അലനുമൊക്കെ നിറഞ്ഞാടിയ പാശ്ചാത്യ പാരമ്പര്യവും ഒരുപോലെ ചേർന്നൊഴുകിയ ഒരു പ്രതിഭയാണ് കേരളം സമാനതകളില്ലാത്ത സ്‌നേഹാദരവുകളോടെ യാത്രയാക്കിയ ശ്രീനിവാസൻ. കാലുഷ്യമില്ലാത്ത പരിഹാസച്ചിരിയുടെ ഉറവിടം സ്‌ഫടികസമാനമായ ചിന്തയാണ്. കുഞ്ചന്റെ ചിരി, സഞ്ജയന്റെ ചിരിയും അതാണെങ്കിൽ ഉറപ്പാണ് ശ്രീനിവാസന്റെ ചിരിയും തെറ്റുകളുടെ നെഞ്ചുപിളർക്കുന്ന പരിഹാസബാണങ്ങളാണ്. നാനൃഷി കവി (ഋഷിയല്ലാത്തവൻ കവിയല്ല. ഋഷി എന്നാൽ ജ്ഞാനി) എന്നതു വിപുലീകരിക്കാൻ സമയമായി, എഴുത്താളുകളും, അഭിനേതാക്കളും സംവിധായകരും ജ്ഞാനികളാവുമ്പോഴാണ് ആക്ഷേപഹാസ്യം സാമൂഹിക ബോധ്യങ്ങളെ തിരുത്തിയെഴുതുന്നൊരു ടൂളാവുന്നത്. സിനിമകൾ ആക്ഷേപഹാസ്യ കാവ്യങ്ങളായി കാലത്തെ അതിജീവിക്കുന്നത്.

എഴുത്തായാലും അഭിനയമായാലും ലോകത്തേറ്റവും ബുദ്ധിമുട്ടുള്ളത് ഹാസ്യം കൈകാര്യം ചെയ്യുവാനാണ്. മറ്റു മാനുഷികവികാരങ്ങൾ, ദുഃഖമായാലും മരണമായാലും വ്യത്യസ്തമാണ്. നമ്മെ അങ്ങനെ ഒരു സാഹചര്യത്തിൽ സ്വയം പ്രതിഷ്ഠിച്ചാൽ തന്നെയും നമുക്ക് ദുഃഖം, വിരഹവും അനുഭവിക്കാം. പക്ഷേ, ഹാസ്യം, ചിരി അങ്ങനെ അനുഭവിക്കാൻ കഴിയുന്ന ഒന്നല്ല. ഇടിയും മിന്നലും പോലെ ഒരു പ്രതിഭാസമാണ് ഹാസ്യം. ഒരു മിന്നലിനെ ആവാഹിച്ച് ആ ഊർജം നാളേക്ക് കരുതിവെയ്ക്കുവാൻ ശാസ്ത്രത്തിന് ഒരു സംഭരണി സാധ്യമല്ലാത്തതുപോലെ ഹാസ്യത്തേയും മറ്റൊരു ഭാഷയിലേക്ക് ആവാഹിച്ച് ശിഷ്ടലോകത്തിന് പകരുക സാധ്യമല്ല. ലോകത്ത് ആർക്കാണ് കുഞ്ചനേയും സഞ്ജയനേയും മൊഴിമാറ്റാനാവുക. വിവർത്തനത്തിൽ നഷ്ടമാവുന്നതെന്ന ഖ്യാതി കവിതയ്ക്കു മാത്രമല്ല, ഹാസ്യത്തിനുമുണ്ട്.

സുതാര്യതയുടെ പുതുലോകത്തും കാലത്തും ചിരിക്കു വിഷയമാവുക ബോധപരിമിതരാണ്, പഴയപോലെ അംഗപരിമിതരല്ല. അതൊരു ബോധത്തിന്റെ കുതിച്ചുചാട്ടമോ മഹാപ്രവാഹമോ ആണ്. സ്വേച്ഛാധിപതികൾ ചരിത്രത്തിൽ ചിരിക്ക് വകയായാണ് ചത്തുപോവുക. ഹിറ്റ്‌ലറുടേയും സ്റ്റാലിന്റേയും കോമാളിവേഷം ചിരിപ്പിച്ച ചരിത്രമാണ് നമ്മുടേത്. ഹാസ്യം ആവശ്യമായ അളവിലും തൂക്കത്തിലും പ്രയോഗിക്കേണ്ട സമയത്ത്, പ്രയോഗിക്കേണ്ട രീതിയിൽ പ്രയോഗിക്കുക എന്നത് നല്ല പ്രാസംഗികർക്ക്, നല്ല എഴുത്തുകാർക്ക്, അഭിനേതാക്കൾക്ക് മാത്രം കഴിയുന്നതാണ്. അളന്നുമുറിച്ച വാക്കുകൾ, ആ വാക്കുകൾ ശ്രോതാക്കളിലേക്ക് വിക്ഷേപിക്കാൻ ആവശ്യമായ അംഗവിക്ഷേപങ്ങൾ. ഒരു മഹാമാന്ത്രികന്റെ കയ്യടക്കത്തോടെ ആക്ഷേപഹാസ്യത്തിന്റെ അനന്തസാദ്ധ്യതകളെ, ടൂളുകളെ അതിവിദഗ്ദ്ധമായി ഉപയോഗിച്ച മലയാളത്തിന്റെ ശ്രീയായിരുന്നു ശ്രീനിവാസൻ.

Image of Sreenivasan
SreenivasanAlbin Mathew

വ്യത്യസ്തനാമൊരു തിരക്കഥാകാരനാം ശ്രീനിവാസൻ

സഞ്ജയന്റെ ‘സൂക്ഷ്മതയും’ കുഞ്ചന്റെ ‘ജനകീയതയും’ ചേർത്തുവെച്ചതാണ് ശ്രീനിവാസൻ ശൈലി. സന്ദേശത്തിലെ രാഷ്ട്രീയ പരിഹാസം സഞ്ജയന്റെ ലേഖനങ്ങളുടെ ദൃശ്യാവിഷ്‌കാരം പോലെ തോന്നിപ്പിക്കും. കേവലം ചിരിപ്പിക്കുക എന്നതിലുപരി ചിന്തിപ്പിക്കുക എന്ന വലിയ ദൗത്യമായിരുന്നു ശ്രീനിവാസന്റേത്. രാഷ്ട്രീയവും സാമൂഹികവുമായ ആക്ഷേപഹാസ്യം ദൈനംദിന ജീവിതവുമായി അത്രമേൽ ഇഴചേർന്നിരിക്കുന്നതു കാരണമാണ് ശ്രീനിവാസന്റെ സിനിമ വേറിട്ടുനിൽക്കുന്നത്. ആ ടൂളുകൾ മൂർച്ചയുള്ളതാണ്, ഒരേസമയം രസിപ്പിക്കുന്നതും അസ്വസ്ഥതയുളവാക്കുന്നതും ആഴത്തിൽ ചിന്തിപ്പിക്കുന്നതും മാനുഷികവുമാണ്. നടൻ-എഴുത്തുകാരൻ-ചിന്തകൻ എന്നീ നിലകളിൽ സാമൂഹികവും രാഷ്ട്രീയവുമായ എത്രയെത്ര കഥാപാത്രങ്ങളെ നമുക്ക് നല്‍കിയിട്ടാണ് അദ്ദേഹം വിടപറയുന്നത്, അതും താരതമ്യേന ചെറിയ പ്രായത്തിൽ! എഴുത്തിലെ കുഞ്ചൻ-സഞ്ജയ ചാരുത സ്‌ക്രീനിൽ നൂറുമേനി വിളയിച്ച് സമൂഹത്തിന് വ്യക്തമായ സന്ദേശം പകർന്ന എത്രയെത്ര കഥാപാത്രങ്ങളാണ് ഓർമകളിലേക്ക് ഓടിയെത്തുന്നത്? കലാസൃഷ്ടികൾ കാലത്തെ അതിജീവിക്കുന്നത് അവ ഭാവിയിലെ ചുവരെഴുത്തുകൾ ആവുന്നതുകൊണ്ടുകൂടിയാണ്.

കൂർത്തൊരു കല്ലെടുക്കാതെ മുഴുത്തൊരു തെറിയെടുത്തെറിഞ്ഞ ആദ്യമനുഷ്യനാവണം നാഗരികതയുടെ സ്ഥാപകൻ എന്നു നിരീക്ഷിച്ചിരുന്നു ന്യൂറോളജിസ്റ്റായ ഡോൺ ഹഗ്ലിങ്‌സ് ജാക്‌സൺ. ഒന്നാലോചിച്ചാൽ മനുഷ്യനെ മൃഗങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്ന, മുന്നോട്ടു നടത്തിക്കുന്ന ഒന്ന് ചിരിയാണ്. നാൽക്കാലിയിൽനിന്നും ഇരുകാലിയായി വളർന്ന മനുഷ്യന് മാത്രം രണ്ടു കാര്യങ്ങൾ സാധ്യമായി - ചിരിയും പ്രേമവും. ഊഷ്മളമായ മാനുഷികബന്ധങ്ങളുടെ ഊടും പാവുമായത് ഇതു രണ്ടുമാണ്. മതങ്ങളും ഇസങ്ങളും മറ്റുള്ളവരെ പരിഹസിക്കാനുള്ള അവസരം എടുക്കുമെങ്കിലും തങ്ങൾക്കെതിരെ വരുന്ന ഒന്നും സഹിക്കുക പതിവില്ല. തങ്ങൾക്കുമാത്രം കറക്കാനും അറക്കാനും അവകാശമുള്ള ആടാണ് ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന ധാരണ അവർ വച്ചുപുലർത്തുമ്പോൾ ചിരിയുടേയും പരിഹാസത്തിന്റേയും മഹനീയ പാരമ്പര്യവുമായി പൊതുസമൂഹവുമുണ്ട് എന്നത് ആശാവഹമാണ്. ശ്രീനിവാസനെ യാത്രയാക്കാൻ എത്തിയ ജനാവലി അതിനു തെളിവാണ്.

യേശുദാസിന്റെ ഗാനാലാപനം കേൾക്കാത്ത ഒരു ദിവസം ഇല്ലാത്തതുപോലെ മലയാളിക്ക് ശ്രീനിവാസന്റെ ഒരു സംഭാഷണശകലം കേൾക്കാതെ കടന്നുപോവുക സാധ്യമല്ല. കാരണം, ശരാശരി മലയാളികളുടെ സാമൂഹിക രാഷ്ട്രീയ വ്യവഹാരങ്ങളിലേക്ക് തിരിച്ചുവച്ച ആറന്മുളകണ്ണാടിയാണ് ശ്രീനിവാസൻ ഡയലോഗുകൾ. ‘എന്റെ തല എന്റെ ഫുൾ ഫിഗർ’ എന്ന കേവലം അഞ്ചു വാക്കുകളിലൂടെ മലയാളിയുടെ ഈഗോയുടെ മീതെ ശ്രീനിവാസൻ നടത്തിയതൊരു കാർപെറ്റ് ബോംബിങ്ങ് ആണ്. പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന ഡയലോഗ് മൂന്നു പതിറ്റാണ്ടുകളായി നമ്മുടെ കാതിൽ പലപ്പോഴായി അലയടിക്കുന്നുണ്ട്, ഒരു യാദൃച്ഛികത ആവാം ശ്രീനിവാസിന്റെ മരണദിനത്തിൽ പോളണ്ടിൽ കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചിരിക്കുന്നു. ഇയാൾ ഒരു ശല്യക്കാരനാണ്, പോരാത്തേന് ഒരു നോവലിസ്റ്റും എന്നൊരു ക്ലാസ്സിക് ഡയലോഗിൽ അദ്ദേഹം കുടഞ്ഞിട്ടുണ്ട് സ്വയം പ്രഖ്യാപിത എഴുത്തുകാരുടെ ബോധമില്ലായ്മയെ. “വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരുന്നെങ്കിലും അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു എന്നുവേണം കരുതാൻ” എന്നൊരു ക്ലാസ്സിക്ക് ഡയലോഗിലെ ആക്ഷേപഹാസ്യം ആരാധനാലയങ്ങളിലെ മുടങ്ങാത്ത പ്രാർത്ഥന, ഭക്തിഗാനങ്ങൾ പോലെയോ മലയാളികൾ നിത്യവും നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു. ‘സന്ദേശം’ എന്ന സിനിമ ശ്രീനിവാസന് നേടിക്കൊടുത്ത ശത്രുക്കളുടെ എണ്ണം ഏറെയായത് സ്വാഭാവികം.

Image of Sreenivasan
SreenivasanAlbin Mathew

പരിഹാസത്തിന്റെ എഴുത്ത്-നടനവിസ്മയം

തനിക്ക് കിട്ടിക്കൊണ്ടിരുന്ന കത്തുകളെ പരിഹാസരൂപേണയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അതിലൊന്ന് ഞങ്ങളാണ് തനിക്ക് സ്വാതന്ത്ര്യം തന്നത് എന്നായിരുന്നു. പരിഷ്‌കൃത ലോകത്തെ, പുതിയ ബോധത്തെ ചിരിപ്പിക്കുവാൻ ആ കത്തു തന്നെ ധാരാളമാണ് എന്നൊരു തോന്നലിലേക്ക് സമൂഹത്തെ ഉയർത്തുന്നതിൽ ഒരു വലിയ പങ്ക് വഹിച്ചുവെന്നതാണ് ശ്രീനിവാസന്റെ ഏറ്റവും കനത്ത സംഭാവന. ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ ഔദാര്യമാണ് എന്ന് ധരിച്ചുവെച്ച് പോകുന്ന പ്രത്യയശാസ്ത്രപ്പാവങ്ങളുടെ ബോധത്തിന് മൂന്നു പതിറ്റാണ്ടായിട്ടും വലിയ പുരോഗതിയൊന്നും ഇല്ലെന്നതിന് ഉദാഹരണങ്ങൾ നിത്യേനയെന്നോണം നമ്മൾ കാണുന്നു. ഒരു മതത്തിന്റെ നന്മയെ പരീക്ഷിക്കാൻ എളുപ്പമാണ്, ആ മതത്തെപ്പറ്റി ഒരു തമാശ പറഞ്ഞാൽ മതി എന്നൊരു ചെസ്റ്റേർട്ടൻ നിരീക്ഷണമുണ്ട്. ഇത് ഇസങ്ങൾക്കും ബാധകമാണ്. പ്രത്യയശാസ്ത്രങ്ങളുടെ മതവൽക്കരണത്തെ നിർദയം പരിഹസിക്കുകയായിരുന്നു ശ്രീനിവാസൻ ‘സന്ദേശ’ത്തിൽ.

‘ഒരു അറബിക്കഥ’യിൽ വെട്ടിനിരത്തൽ പരിപാടി സംഭാഷണങ്ങളുമായി നടന്നുനീങ്ങുന്ന അച്ഛനും മകനും സ്‌ക്രീനിൽ മുന്നോട്ടേക്ക് നടന്നുനീങ്ങുമ്പോൾ പിന്നിലേക്ക് ഓടിപ്പോവുന്ന പുതിയ തലമുറയിലെ വിദ്യാർത്ഥികളുടെ ചിത്രണമുണ്ട്. ആക്ഷേപഹാസ്യത്തിന്റെ മർമം ആ ഷോട്ടിൽ ഒളിപ്പിക്കുന്നുണ്ട് ശ്രീനിവാസൻ. വെട്ടിനിരത്തലിനോട് ആഭിമുഖ്യമില്ലാതെയാണെങ്കിലും മകനൊപ്പം നടന്നുനീങ്ങുന്ന അച്ഛൻ നിസംഗരായി എല്ലാം നോക്കിക്കാണുന്ന, ഒടുവിൽ വിപ്ലവം തന്നെ കൊന്നുതിന്നുന്ന ഒരു വലിയ സമൂഹത്തെ പ്രതിനിധീകരിക്കുന്നു.

കേവലം ഒരു കോമഡി കഥാപാത്രത്തിനപ്പുറം ആണിന്റെ അപകർഷതാബോധത്തേയും അരക്ഷിതാവസ്ഥയേയും സംശയരോഗത്തേയും ആഴത്തിൽ വിശകലനം ചെയ്ത ‘തളത്തിൽ ദിനേശൻ’ അവിസ്മരണീയമായ ഒരു കഥാപാത്രമാണ്. ഷേക്‌സ്‌പീരിയൻ കാലം മുതൽ ലോകസാഹിത്യം കൈകാര്യം ചെയ്ത വിഷയമാണത്. ഒഥല്ലോ സിൻഡ്രോം ‘വടക്കുനോക്കി യന്ത്ര’ത്തിലേക്ക് ശ്രീനിവാസൻ സന്നിവേശിപ്പിച്ചത് ആ കാലത്തെ കൃത്യമായി നോക്കിക്കണ്ടുകൊണ്ടാണ്. നിറമില്ലാത്തവർ പൗഡർ പൂശിയും നീളമില്ലാത്തവർ ഹൈഹീൽ ചെരുപ്പിൽ ആടിയുലഞ്ഞും നടന്നൊരു കാലത്തെ, പലരുടേയും അനാവശ്യമായ അപകർഷതാബോധത്തേയും ശാരീരിക വെല്ലുവിളികളേയും മാനസികസംഘർഷങ്ങളേയും ‘വടക്കുനോക്കി യന്ത്രം’ കൈകാര്യം ചെയ്യുമ്പോഴും കോമഡിക്കും ട്രാജഡിക്കുമിടയിലെ അതിർവരമ്പുകൾ മായാതെ അദ്ദേഹം നോക്കുന്നുണ്ട്. ചിരിക്കൊപ്പം ദിനേശനോട് ഏറെ സഹതാപവും പ്രേക്ഷകരിൽ ജനിപ്പിക്കുന്നിടത്ത് എഴുത്തും സിനിമയും ലക്ഷ്യത്തിലേക്ക് എത്തുന്നു. സിനിമയുടെ അവസാനം മാനസികാരോഗ്യം വീണ്ടെടുത്ത് മടങ്ങുന്ന ദിനേശൻ, തന്നെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഭാര്യയുടെ കൈകൾ മാറ്റി ടോർച്ചെടുത്ത് ഭീതിയോടെ പുറത്തേക്ക് വെളിച്ചമടിച്ചു നോക്കുന്നിടത്ത് സംശയരോഗം അത്ര പെട്ടെന്ന് മാറ്റിയെടുക്കാൻ കഴിയുന്ന ഒന്നല്ല എന്നൊരു സന്ദേശവും പകരുന്നു. സാധാരണക്കാരന്റെ മനസ്സിലെ ഇരുണ്ട കോണുകളേയും ഭയങ്ങളേയും ഇത്രത്തോളം സത്യസന്ധമായും ഹാസ്യാത്മകമായും അവതരിപ്പിച്ച തളത്തിൽ ദിനേശൻ ‘ആന്റി-ഹീറോ’ സങ്കല്പത്തോട് ചേർന്നുനിൽക്കുന്ന മികച്ച കഥാപാത്രമാണ്, മലയാളിയുടെ അപകർഷതാബോധത്തിന്റേയും സംശയരോഗത്തിന്റേയും ഒക്കെ ബ്രാന്റ് അംബാസിഡർ.

ചിരിയും ചിന്തയും ഒരുപോലെ കുത്തിയൊഴുകിവരുമ്പോഴെ സമൂഹികമുഖം പ്രതിഫലിപ്പിക്കുന്ന മികച്ച ആക്ഷേപഹാസ്യ തിരക്കഥകളും സിനിമകളും സാധ്യമാവുകയുള്ളൂ. പനിനീർപുഷ്പമായി സഞ്ജയൻ അടയാളപ്പെടുത്തിയ ഹാസ്യവും അതിന്റെ തന്നെ മുള്ളായ പരിഹാസവും ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ വഴുതുമ്പോഴേക്കും ആഭാസത്തിന്റെ പടുകുഴിയിലേക്കാണു പതിക്കുക. ജീവിതത്തിലെ വലിയ ചില തമാശകൾ സൃഷ്ടിക്കപ്പെടുന്നത് ദിനേന, സാധാരണയായി സംഭവിക്കുന്ന പലതിനേയും അസാധാരണമായ ഒരു കണ്ണിലൂടെ നോക്കിക്കാണുമ്പോഴാണ്. ആയൊരു ഉൾക്കാഴ്ച ഉള്ളവർക്കുമാത്രം പറ്റിയ മേഖലയാണത്. ആ കഴിവുകളാണ് ശ്രീനിവാസൻ സറ്റയർ സിനിമകളെ ലോകനിലവാരത്തിലേക്ക് ഉയർത്തിയത്.

Sreenivasan
Sreenivasanവിഡിയോ സ്ക്രീൻഷോട്ട്

എഴുത്തിലെ ആക്ഷേപഹാസ്യം സ്‌ക്രീനിലേക്ക് മാറുമ്പോൾ

മലയാള സാഹിത്യത്തിൽ ആക്ഷേപഹാസ്യത്തിന് ശക്തമായ ഒരു പാരമ്പര്യമുണ്ട്. അധികാരത്തേയും കപടനീതിയേയും വാക്കുകളുടെ മൂർച്ചകൊണ്ട് ചോദ്യം ചെയ്ത തുള്ളൽ പ്രസ്ഥാനത്തിലൂടെ, സാമൂഹിക-രാഷ്ട്രീയ ആക്ഷേപഹാസ്യ ലേഖനങ്ങളിലൂടെ, കാർട്ടൂണുകളിലൂടെ, നാടകങ്ങളിലൂടെ ആ സാഹിത്യപാരമ്പര്യം സിനിമയിലേക്ക് കടന്നുവന്നു. തിരക്കഥാകൃത്തുക്കൾ അതിന് പുതിയൊരു ദൃശ്യഭാഷ നല്‍കുകയായിരുന്നു. എഴുത്തിൽ ആശയമായി നിലകൊണ്ട വിമർശം സിനിമയിൽ ശ്രീനിവാസൻ കഥാപാത്രങ്ങളായും സംഭവങ്ങളായും മാറ്റി അനശ്വരമാക്കി. കേവലം ഏതാനും നാളുകളോട് വിസ്മൃതമാവാതെ, ആ സിനിമകൾ കാലത്തെ അതിജീവിക്കുന്ന കലാസൃഷ്ടികളായി, കഥാപാത്രങ്ങൾ അനശ്വരരായി. ഇന്ത്യൻ സിനിമാചരിത്രത്തിൽതന്നെ ഒരു സവിശേഷ സ്ഥാനമാണ് മലയാള സിനിമയിലെ ആക്ഷേപഹാസ്യത്തിനുള്ളത്. അതിൽ ശ്രീനിവാസന്റെ സംഭാവന കനത്തതാണ്. സാഹിത്യബോധവും സാമൂഹികാവബോധവും ജ്വലിപ്പിച്ചെടുത്ത പുതിയൊരു ആക്ഷേപഹാസ്യശൈലി അദ്ദേഹത്തിലൂടെ സിനിമയിലേക്ക് ഒഴുകിയെത്തുകയായിരുന്നു.

സഞ്ജയൻ വാക്കുകളിലൂടെ വരച്ചിട്ട കാലത്തെ അബദ്ധജടില ബോധത്തെ സിനിമയിൽ ശ്രീനിവാസൻ ആവിഷ്‌കരിക്കുന്നത് വലിയ സിദ്ധാന്തങ്ങൾ തലനാരിഴ കീറി പരിശോധിച്ചല്ല, മറിച്ച് കേവല പാർട്ടി രാഷ്ട്രീയം എങ്ങനെ മനുഷ്യബന്ധങ്ങളെ അർത്ഥശൂന്യമാക്കി കളയുന്നു, എങ്ങനെ കുടുംബബന്ധങ്ങളെ വഷളാക്കുന്നു, ആശയങ്ങൾ എങ്ങനെ വ്യക്തികളെ വിഴുങ്ങുന്നു എന്നെല്ലാമുള്ള ചോദ്യങ്ങൾ പരിഹാസത്തിലൂടെ ഉയർത്തിയാണ്. ഇടതും വലതുമെന്ന ആശയവ്യത്യാസങ്ങളോട് സമദൂരം പാലിച്ച് പരിഹാസത്തിനു തന്നെയും ഒരു പുതിയ മാനം തേടുകയായിരുന്നു ‘സന്ദേശം.’ ആക്ഷേപഹാസ്യം നേതാക്കളെ ലക്ഷ്യമിടുന്നില്ല; മറിച്ച് ആശയാന്ധതയെ കൃത്യമായി പരിഹാസത്തിനു പാത്രമാക്കുന്നു.

ഭരണകൂടത്തിന്റെ നിർദയത്വത്തെ കണക്കറ്റ് പരിഹസിക്കുകയായിരുന്നു അദ്ദേഹം ‘വരവേൽപ്പി’ലൂടെ. പ്രവാസജീവിതം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒരു സാധാരണ മനുഷ്യൻ വ്യവസ്ഥിതികളുടെ ഇരയായി സിനിമ മുന്നേറുമ്പോൾ പ്രേക്ഷകരെ അസ്വസ്ഥരാക്കുകയാണ് യൂണിയനിസവും ബ്യൂറോക്രസിയും അഴിമതിയും ചേർന്ന് ഒരാളുടെ സ്വപ്നത്തെ തകർത്തെറിയുന്നതിന്റെ നേർക്കാഴ്ചകൾ. ഒറ്റപ്പെട്ടതായി പലപ്പോഴും വ്യാഖ്യാനിക്കപ്പെടുന്ന കാണുന്ന സംഭവങ്ങളുടെ നൈരന്തര്യത്തിലൂടെ സ്ഥിതിക്ക് പതിറ്റാണ്ടുകളായും ഏറെ മാറ്റമൊന്നുമില്ലെന്ന് ‘വരവേൽപ്പ്’ മലയാളികളെ ഓർമിപ്പിക്കുന്നു. ട്രോളുകളിലൂടെ അതിന്നും സമൂഹത്തോട് കലഹിച്ചുകൊണ്ടിരിക്കുന്നു. കഥാപാത്രങ്ങൾ തന്നെ ആശയങ്ങളുടെ ശരീരമാവുകയാണ് സറ്റയർ മൂവികളിൽ. ‘സന്ദേശ’ത്തിലെ സഹോദരങ്ങൾ വ്യത്യസ്ത രാഷ്ട്രീയധാരകളുടെ പ്രതിനിധികളാണ്. ‘വരവേൽപ്പി’ലെ ഉദ്യോഗസ്ഥരും യൂണിയൻ നേതാക്കളും നമ്മുടെ ചൂഷണവ്യവസ്ഥിതിയുടെ സംവിധാനങ്ങളുടെ മുഖങ്ങളാണ്. ആക്ഷേപഹാസ്യത്തെ അമൂർത്തമായ രാഷ്ട്രീയത്തിൽനിന്ന് മനുഷ്യാനുഭവത്തിന്റെ തലത്തിലേക്ക് ഇറക്കുകയാണ് ശ്രീനിവാസൻ.

പൊതുവേ ഒരു ലഘുഹാസ്യചിത്രമായി വായിക്കപ്പെടുമ്പോഴും ‘നാടോടിക്കാറ്റ്’ അതിന്റെ അടിത്തട്ടിൽ ശക്തമായ സാമൂഹിക ആക്ഷേപഹാസ്യവുമായി ഏതാണ്ട് നാലുപതിറ്റാണ്ടാവാറായി. വിദ്യാഭ്യാസം നേടിയെങ്കിലും തൊഴിൽ ലഭിക്കാത്ത യുവതലമുറയുടെ അസ്ഥിരതയാണ് സിനിമയുടെ കേന്ദ്രവിഷയം. ‘നാടോടിക്കാറ്റി’ലെ ദാസനും വിജയനും ഏതെങ്കിലും ആശയത്തിന്റെ വക്താക്കളല്ല; അവർ ഒരു സാമൂഹിക അവസ്ഥയുടെ ഫലങ്ങളാണ്. സർക്കാർ സംവിധാനങ്ങളുടെ പരാജയവും ‘വിദേശം’ എന്ന മിഥ്യാധാരണയും സിനിമയിലെ ചിരിയായി മാറുന്നു. വിദ്യാഭ്യാസമെന്നത് കേവലം സർട്ടിഫിക്കറ്റിലെ ബിരുദം മാത്രമാണെന്ന്, യാതൊരു ലോകപരിചയമോ ഭൂമിശാസ്ത്ര അറിവോ തൊഴിലറിവോ ഒന്നും അതുണ്ടാക്കുന്നില്ലെന്ന് മാമുക്കോയയുടെ ഗഫൂർക്ക എന്ന കഥാപാത്രത്താൽ പറ്റിക്കപ്പെടുന്ന ദാസനിലൂടെയും വിജയനിലൂടെയും സിനിമ നമ്മോടു പറയുന്നു. ആ വ്യവസ്ഥിതി ഏതാണ്ടിന്നും മാറാതെ തുടരുന്നതുകൊണ്ടുതന്നെയാണ് ആ ദൃശ്യനിമിഷങ്ങൾ ട്രോളുകളായി പുതിയ കാലത്തോട് നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്നത്.

Image of film
ചിന്താവിഷ്ടയായ ശ്യാമള Samakalika Malayalam

പ്രേക്ഷകനുമായുള്ള ശ്രീനിവാസന്റെ ബന്ധം

ശ്രീനിവാസൻ സിനിമകളിലെ നായകൻമാർ സൂപ്പർമാൻമാരല്ല. അവർ തൊഴിലില്ലാത്തവരും ജീവിതപ്രാരാബ്ധങ്ങളിൽ പെട്ടുഴലുന്നവരും ചെറിയ അസൂയകളും കുശുമ്പുകളുമുള്ള സാധാരണ മനുഷ്യരാണ്. അവർ നമുക്കിടയിലെ, നമ്മൾതന്നെയുമാവുന്ന, അല്ലെങ്കിൽ ഏതെങ്കിലും ഘട്ടത്തിൽ ആയിരുന്ന ദാസനും വിജയനും ഒക്കെയാണ്. ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ അന്ധമായ ഭക്തിയും കുടുംബത്തോടുള്ള ഉത്തരവാദിത്വമില്ലായ്മയേയും എത്ര ആഴത്തിലാണ് ശ്രീനിവാസൻ ചോദ്യം ചെയ്തത്! ‘ഉദയനാണ് താര’ത്തിലൂടെ സിനിമാലോകത്തെ ദുഷ്‌പ്രവണതകളെ, താരജാഡകളെ അദ്ദേഹം വലിച്ചു പുറത്തിട്ടു പരിഹസിച്ചു ശരിയാക്കി. മലയാളി എവിടെയൊക്കെ കാപട്യം കാണിക്കുന്നുവോ അവിടെയൊക്കെ ശ്രീനിവാസന്റെ തൂലിക ചെന്നെത്തിയിട്ടുണ്ട് എന്നു ചുരുക്കം. ശ്രീനിവാസൻ സിനിമകൾ വെറും വിനോദോപാധികൾ മാത്രമല്ല, അവ മലയാളി സമൂഹത്തിന് നേരെ പിടിച്ച കണ്ണാടികൾ കൂടിയാണ്. ഇന്നും ട്രോളുകളായും മീമുകളായും അദ്ദേഹത്തിന്റെ സിനിമകൾ സജീവമായി നിൽക്കുന്നത് ആ തിരക്കഥകളുടെ കരുത്തുകൊണ്ടാണ്.

മലയാള സിനിമയിലെ ആക്ഷേപഹാസ്യം പ്രേക്ഷകനെ നേരിട്ട് അഭിസംബോധന ചെയ്യുന്നു. ചിരി ഇവിടെ വിനോദമല്ല; തിരിച്ചറിവിന്റെ ഒരു നിമിഷമാണ്. എഴുത്തിലെ ആക്ഷേപഹാസ്യം മലയാളസിനിമയിലേക്ക് മാറുമ്പോൾ, അത് ഒരേസമയം രാഷ്ട്രീയവും സാമൂഹികവും മാനസികവുമായ ദൃശ്യാനുഭവമായി മാറുന്നു; ആശയാന്ധതയെ, സാമൂഹികമായ ദുരവസ്ഥയെ തുറന്നുകാട്ടുന്നു, പരിഹസിക്കുന്നു. എഴുത്ത് ചിന്തിപ്പിക്കുന്നിടത്ത്, സിനിമ ചിരിയിലൂടെ അസ്വസ്ഥത സൃഷ്ടിച്ച് സമൂഹത്തെ ആത്മപരിശോധനയ്ക്ക് നിർബന്ധിതമാക്കുന്നു. ഇതാണ് മലയാള സിനിമയിലെ ആക്ഷേപഹാസ്യത്തിന്റെ കാലാതീതമായ ശക്തി. ശ്രീനിവാസന് കിട്ടിയ യാത്രാമൊഴി പ്രേക്ഷകരുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തിന്റെ പ്രതിഫലനമാണ്.

‘പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്ന ഡയലോഗിലൂടെ അന്താരാഷ്ട്ര രാഷ്ട്രീയം പറയുകയും സ്വന്തം വീട്ടിലെ കാര്യങ്ങൾ മറക്കുകയും ചെയ്യുന്ന മലയാളിയുടെ പൊള്ളത്തരത്തേയും വൈരുദ്ധ്യത്തേയുമാണ് ശ്രീനിവാസൻ പരിഹസിച്ചത്. സഞ്ജയന്റെ ലേഖനങ്ങളിലെ ഏറ്റവും വലിയ പ്രത്യേകത വിഷയാനുസൃതമായി ഗൗരവമേറുന്ന ഭാഷയാണ്. വളരെ ഗൗരവത്തിൽ കാര്യങ്ങൾ പറഞ്ഞ് വായനക്കാരെ ചിരിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ‘സന്ദേശ’ത്തിലെ കുമാരപ്പിള്ളസാറിന്റെ സംഭാഷണങ്ങളിൽ ആ ഭാഷാവൈദഗ്ദ്ധ്യത്തെ അതിസുന്ദരമായി ആവാഹിക്കാൻ അദ്ദേഹത്തിനായി.

താൻ മറ്റുള്ളവരെക്കാൾ വലിയവനാണെന്ന ഭാവം പലരുടേയും കൂടപ്പിറപ്പാണ്. ‘നാടോടിക്കാറ്റി’ലെ വിജയനും ‘സന്ദേശ’ത്തിലെ കോട്ടപ്പള്ളിയും കെ.ആർ.പിയും ഒക്കെ ഇതേ വർഗത്തിൽപ്പെട്ടവരാണ്. ഉള്ളിൽ ഒന്നുമില്ലെങ്കിലും പുറമെ ബുദ്ധിമാനാണെന്ന് നടിക്കുന്ന മലയാളിയുടെ സ്വഭാവത്തെ പരിഹസിക്കുന്നതിൽ ശ്രീനിവാസനുള്ള കഴിവും കയ്യടക്കവും അപാരമാണ്. ശ്രീനിവാസന്റെ സിനിമകൾ കാണുമ്പോൾ നാം വെറുതെ ചിരിക്കുകയല്ല, മറിച്ച് നമ്മുടെ തന്നെ പരിമിതികളെ, വിഡ്ഢിത്തങ്ങളെ ഓർത്ത് ലജ്ജിക്കുകയാണ് ചെയ്യുന്നത്. സമൂഹത്തിന്റെ പൊള്ളത്തരങ്ങളേയും മലയാളിയുടെ കാപട്യങ്ങളേയും ആഡംബരഭ്രമത്തേയും സ്വഭാവരീതികളേയും ഇത്രത്തോളം കൃത്യമായി പരിഹസിച്ച മറ്റൊരു തിരക്കഥാകൃത്ത് മലയാളത്തിലുണ്ടാവില്ല. മലയാളിയുടെ പൊതുബോധത്തിന്റെ മിടിപ്പ് കൃത്യമായി വായിക്കാൻ ശ്രീനിവാസനിലെ പ്രതിഭയ്ക്ക് സാധ്യമായപ്പോഴാണ് ടെലിവിഷനുകളിലൂടെ ആ സിനിമകൾ നിരന്തരം പൊതുബോധത്തെ ചോദ്യം ചെയ്തതും വ്യവസ്ഥിതികളോട് കലഹിച്ചതും.

ഒരു സദാ ഗൗരവക്കാരനും ഒരു കഴുതയും തമ്മിൽ എന്തുണ്ട് വ്യത്യാസം? മനുഷ്യനെ മൃഗത്തിൽനിന്നും വേർതിരിക്കുന്ന ഒന്ന് നർമബോധമാണ്, ചിരിക്കാനുള്ള കഴിവ്. ഓഷോ മനോഹരമായി പറയുന്നുണ്ട് - പൂർണമായും നർമബോധത്തിൽ അധിഷ്ഠിതമായ ഒരു മതം കണ്ടെത്താനാണ് ഞാൻ ശ്രമിക്കുന്നത്! എന്നെ സംബന്ധിച്ചിടത്തോളം നർമബോധം മനുഷ്യന്റെ ഭാവി മതബോധത്തിന്റെ അടിത്തറയായിരിക്കണം. നമ്മൾ അത്ര സീരിയസ് ആവേണ്ട കാര്യമില്ല. പ്രകൃതിയിൽ നർമബോധമുള്ള ഒരേയൊരു മൃഗം മനുഷ്യനാണ്. എരുമകളോ കഴുതകളോ ചിരിക്കുന്നതായി കണ്ടിട്ടില്ല. പരിഹാസ്യമായ, അസംബന്ധത്തിന്റെ അനുഭവം മനുഷ്യന് മാത്രമേ ഉണ്ടാകൂ. നർമബോധത്തിന് വലിയ ബൗദ്ധിക ഔന്നത്യം ആവശ്യമാണ്; ബുദ്ധിയുടെ താഴ്‌ന്നതലങ്ങളിൽ അതുണ്ടാവുകയില്ല. ബുദ്ധിയുടെ താഴ്‌ന്നതലങ്ങളിൽ വിഹരിക്കുന്നവർ തീർച്ചയായും ഗൗരവമുള്ളവരായിരിക്കും - കഴുതകളെപ്പോലെ സദാ ഗൗരവം മാത്രം. അവിടെയാണ്, നിരന്തരം ചിരിച്ചും ചിരിപ്പിച്ചും നിർദാക്ഷിണ്യം പറയേണ്ടത് വിളിച്ചുപറഞ്ഞും ശ്രീനിവാസൻ വിടപറയുന്നത്.

Summary

The pride of Malayalam cinema, Sreenivasan turned satire into an art, revealing its endless possibilities.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com