മാജിക് മഷ്റൂം: മരുന്നും മായാജാലവും
ഒരു മഷ്റൂം ട്രിപ്പ്!
കുറച്ചുനാൾ മുൻപ് യുവസുഹൃത്തുക്കളുടെ ഒരു സംഘം കൊടൈക്കനാലിലേക്കൊരു യാത്രപോയി. നവദമ്പതികൾക്കൊപ്പം ചെറുപ്പക്കാരുമായ കൂട്ടുകാരും വീട്ടുകാരുമൊക്കെയുള്ള ഒരു ആഹ്ലാദസംഘം അടിപൊളി മൂഡിൽ. സുന്ദരസുരഭിലമായ കാലാവസ്ഥ. യൗവ്വനതീക്ഷ്ണമായ വൈബുകൾക്കിടയിൽ പണ്ടെങ്ങോ പറഞ്ഞുമാത്രം കേട്ടിട്ടുള്ള മാന്ത്രിക മഷ്റൂമിന്റെ സ്രോതസ്സ്, സംഘം തേടിക്കണ്ടുപിടിച്ചു. ഹിൽസ്റ്റേഷനിലെ വെളുപ്പാൻകാലത്തെ മഞ്ഞിന്റെ നനവുള്ള പുൽമേടുകളിൽ അവർ മാന്ത്രികലോകം തേടിയെത്തി. നവദമ്പതികളൊഴികെ സംഘത്തിലെ ഏഴെട്ടു ചെറുപ്പക്കാരും മാജിക് മഷ്റൂം ‘ട്രിപ്പ്’ എടുത്തു അഥവാ ‘ഷ്റൂം’ വിഴുങ്ങി! നോബിളിനാണ് ആദ്യത്തെ പ്രതികരണമുണ്ടായത്. അവന്റെ തലയ്ക്കുള്ളിൽ നിറങ്ങളുടെ മഹാവിസ്‌ഫോടനം. കണ്‍മുന്നിൽ വിവരിക്കാനാകാത്ത വർണപ്രപഞ്ചം. വണ്ടിയിൽ പാട്ടുകേൾക്കുമ്പോൾ അതിനൊപ്പം എന്തൊക്കെയോ ഗന്ധങ്ങൾ ഓർമവരുന്നു. കൂടെ പാടിയെന്ന്, അല്ല ഓളിയിട്ടെന്ന് ഡ്രൈവർ പിന്നീട് പറഞ്ഞു. ഭയങ്കര സന്തോഷം, ഓരോ ഇലയും ചെടിയും തിരിവും കല്ലും മതിലും ഇങ്ങനെ ഉജ്ജ്വലിച്ചു നിൽക്കുന്നു. കൂട്ടത്തിലുള്ളവർക്കൊക്കെ അസാമാന്യ സൗന്ദര്യം. എല്ലാവരോടും ഒരുപാടു സ്‌നേഹം, പിന്നെ ഒന്നും അറിഞ്ഞില്ല, അഹംബോധം മാഞ്ഞുപോയി, മയങ്ങിവീണെന്നു തോന്നുന്നു. കൂടെയുള്ള രണ്ടുപേർക്ക് വയറ്റിൽ അസ്വസ്ഥത തുടങ്ങി. ഊഴമിട്ടു ഛർദിയും വയറ്റിളക്കവും. കുറച്ചുനേരത്തെ യുദ്ധത്തിനുശേഷം അവരും ഒരരുക്കായി. ഇനിയൊരാൾ തുറിച്ചുനോക്കിയിരുപ്പുണ്ട്. ഇനിയുമൊരു കുട്ടി ആകെ ദുഃഖത്തിലാണ്, എപ്പോൾ വേണമെങ്കിലും കരയാം. രണ്ടുമൂന്നു മണിക്കൂറിനകം എല്ലാവരും ഒരുതരം മയക്കത്തിലേക്ക് വഴുതിവീണു. പടച്ചോനെ, ഇനി ഇവരെ നമ്മൾ നോക്കണ്ടേ എന്ന് ആദ്യത്തെ ജോയിന്റ് പ്രൊജക്റ്റ് ഏറ്റെടുത്തുകൊണ്ട് പാവം മണവാളനും മണവാട്ടിയും കണ്ണോടു കണ്ണും നോക്കി കാവലിരുന്നു. കൂട്ടത്തിലെ പലർക്കും കുറഞ്ഞ അളവിൽ മേല്‍പ്പറഞ്ഞ ലക്ഷണങ്ങൾ കുറച്ചു ദിവസങ്ങൾ ആവർത്തിച്ചു എന്നാണ് കേട്ടത്. ആരുടെ ഭാഗ്യംകൊണ്ടോ വലിയ കുഴപ്പമൊന്നും ഉണ്ടായില്ല, അല്ലെങ്കിൽ നമുക്കറിയില്ല. നമ്മുടെ ദമ്പതികളുടെ ഹണിമൂൺ കുട്ടിച്ചോറായതൊഴിച്ച്!
ചലച്ചിത്രതാരം ലെന തന്റെ മാജിക് മഷ്റൂം അനുഭവങ്ങൾ തുറന്നുപറഞ്ഞത് നമ്മിൽ പലരും കേട്ടിരിക്കും. ഇരുപത്തിമൂന്നാം വയസ്സിൽ കൗതുകത്തിനുവേണ്ടി മാജിക് മഷ്റൂം കഴിച്ചു സ്വയം പരീക്ഷണം നടത്തിയ ലെനയ്ക്ക് പിന്നീട് പതിന്നാലു വർഷത്തോളം ഡിപ്രെഷനും മാനസികസംതുലനത്തിനും വേണ്ടി ചികിത്സ വേണ്ടി വന്നു എന്നാണ് അവർ പറയുന്നത്. മാജിക് മഷ്റൂം അനുഭവത്തിനുശേഷം അവർക്കുണ്ടായ മാറ്റങ്ങളെക്കുറിച്ച് ലെനയുടെ, നമുക്ക് അപഗ്രഥിക്കാൻ എളുപ്പമല്ലാത്ത കാര്യങ്ങളാണെന്നിരിക്കിലും അവരുടെ തുറന്നുപറച്ചിൽ സൈലോസിബിൻ മഷ്റൂമിന്റെ സൈക്കഡലിക് പ്രവർത്തനത്തിന്റെ സാക്ഷ്യമാണ്.
നൂറ്റാണ്ടുകളായി മാജിക് മഷ്‌റൂമുകൾ ഉപയോഗിച്ചവർ അവർക്കുണ്ടായ അനുഭവത്തെ വാക്കുകളിലാക്കാൻ പാടുപെട്ടിട്ടുണ്ട്. സമയം മന്ദഗതിയിലാകുകയോ പൂർണമായി ലയിക്കുകയോ ചെയ്യുന്നുവെന്ന അനുഭവം. നിറങ്ങൾ കൂടുതൽ ആഴമുള്ളതാകുന്നു. സംഗീതത്തിന് സ്പർശനഗുണം ഉണ്ടെന്നപോലെ തോന്നുന്നു (Synaesthesia). ചിലർക്ക് ‘സ്വയം’ എന്ന ബോധം ദുർബലമാകുന്നതായി അനുഭവപ്പെടുന്നു-മനസ്സ് തന്റെ പതിവ് അതിരുകൾ കുറച്ചുനേരത്തേക്ക് വിട്ടുപോയതുപോലെ. മറ്റു ചിലർക്ക് സന്തോഷം, ദുഃഖം, അത്ഭുതബോധം പോലുള്ള വികാരങ്ങൾ അതിശയകരമായ വ്യക്തതയോടെ ഉയർന്നുവരുന്നു. സാധാരണയായി ‘ട്രിപ്പ്’ എന്ന് വിളിക്കപ്പെടുന്ന ഇത്തരം അനുഭവങ്ങളാണ് മാജിക് മഷ്‌റൂമുകളെ ഒരേസമയം ആകർഷകവും ഭീതിജനകവും ആരാധിക്കപ്പെടുകയും നിരോധിക്കപ്പെടുകയും ചെയ്യുന്നവയുമാക്കി മാറ്റിയത്. കൗതുകമുള്ള ഒരാളുടെ കാഴ്ചപ്പാടിൽ, ബോധത്തെ താൽക്കാലികമായിത്തന്നെ പുനഃസംഘടിപ്പിക്കാൻ കഴിവുള്ള ഒരു ലളിതമായ കൂൺ ആണ് മാജിക് മഷ്റൂം - പൗരാണികമായ ഒരു മാന്ത്രിക മരുന്ന്. ആലിസ് ഇൻ വണ്ടർലാന്റിൽ, “ഈ കൂൺ കഴിച്ചാൽ നീ വലുതാകും, അല്ല വേറെ കൂണാണ് കഴിക്കുന്നതെങ്കിൽ ചെറുതാകും” എന്ന് പറയുന്നത് ഓർത്തുനോക്കൂ. അത് ഫാന്റസിയുമാകാം സ്വാവബോധത്തെ ബാധിക്കുന്ന ഇത്തരമൊരു കൂണിനെക്കുറിച്ചുള്ള രൂപകവുമാകാം.
മീസോ അമേരിക്കൻ സംസ്‌കാരങ്ങളിലെ ദിവ്യഔഷധം
മാജിക് മഷ്‌റൂമുകൾ ചില പുരാതന സംസ്‌കാരങ്ങളുടെ ആത്മീയ ജീവിതത്തിന്റെ പ്രധാന ഭാഗമായിരുന്നു, ലബോറട്ടറികൾക്കും ബ്രെയിൻ സ്‌കാനറുകൾക്കും ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും നൂറ്റാണ്ടുകൾ മുൻപേ! മീസോ അമേരിക്കൻ (മധ്യ അമേരിക്കൻ) സംസ്‌കാരങ്ങളിൽ അവ വിനോദവസ്തുക്കളോ മരുന്നുകളോ ആയിരുന്നില്ല-അവ ദൈവങ്ങളിലേക്കുള്ള ഇടനിലക്കാരായിരുന്നു.
ഇന്നത്തെ മെക്‌സിക്കോ പ്രദേശങ്ങളിൽ ജീവിച്ചിരുന്ന അസ്റ്റെക്കുകൾ, മിക്‌സ്‌റെക്കുകൾ, മസാറ്റേക്കുകൾ എന്നീ സംസ്‌കാരങ്ങളിൽ സൈലോസൈബിൻ അടങ്ങിയ കൂണുകൾ ‘ദേവന്മാരുടെ മാംസം’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ‘കൂൺ കല്ലുകൾ’ എന്നറിയപ്പെടുന്ന കൊത്തുപണികൾ ഉള്ള കല്ലുകളും കൂൺ ആകൃതിയിലുള്ള തലകളുള്ള മനുഷ്യരുടേയോ മൃഗങ്ങളുടേയോ രൂപങ്ങളുടെ ചുവർചിത്രങ്ങളും ഗ്വാട്ടിമാലയിലും തെക്കൻ മെക്‌സിക്കോയിലും കണ്ടെത്തിയിട്ടുണ്ട്. ഇവ 3000 വർഷത്തോളം പഴക്കമുള്ളതായി കരുതപ്പെടുന്നു. പ്രത്യേക ആചാരങ്ങളോടുകൂടിയ രാത്രികാല ചടങ്ങുകളിൽ മന്ത്രോച്ചാരണം, താളമേളങ്ങൾ, പ്രാർത്ഥന, നിശ്ശബ്ദത എന്നിവയുടെ അകമ്പടിയോടെ ഷാമൻമാർ (ആത്മീയ വൈദ്യർ) ഈ കൂണുകൾ കഴിച്ചിരുന്നു. രോഗം, വരൾച്ച, സാമൂഹിക സംഘർഷങ്ങൾ, അല്ലെങ്കിൽ ആത്മീയ പ്രതിസന്ധികൾ പോലുള്ള നിർണായക ഘട്ടങ്ങളിലാണ് ഇവ ഉപയോഗിച്ചിരുന്നത്. കൂണുകളുടെ സ്വാധീനത്തിൽ ഷാമൻമാർക്ക് ദർശനങ്ങൾ ഉണ്ടാവുകയും ദേവന്മാരോടോ പൂർവികരോടോ സംവദിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുകയും ചെയ്തു. അവിടെ ‘ചികിത്സ’ എന്നത് ശരീരത്തെ മാത്രം സുഖപ്പെടുത്തൽ അല്ല-മനുഷ്യനെ പ്രപഞ്ചക്രമത്തോടൊപ്പം വീണ്ടും പൊരുത്തപ്പെടുത്തലായിരുന്നു.
16-ാം നൂറ്റാണ്ടിൽ സ്പാനിഷ് അധിനിവേശക്കാർ എത്തിയപ്പോൾ, ഈ ആചാരങ്ങൾ അവരെ ആകർഷിക്കുകയും അതേസമയം ഭയപ്പെടുത്തുകയും ചെയ്തു. ക്രൈസ്തവ മിഷനറിമാർ ഇത്തരം ദർശനങ്ങളെ പൈശാചികമെന്നോ പൗരാണികമെന്നോ വിശേഷിപ്പിച്ചു. ഇതോടെ മഷ്‌റൂം ആചാരങ്ങൾ അടിച്ചമർത്തപ്പെട്ടു; പക്ഷേ, അവ പൂർണമായി അപ്രത്യക്ഷമായില്ല. കാടുകളിലും കുടുംബപരമ്പരകളിലും രഹസ്യമായി അവ തുടർന്നു. 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, ആർ. ഗോർഡൺ വാസ്സൺ പോലുള്ള എത്‌നോ മൈക്കോളജിസ്റ്റുകൾ (ഫംഗസുകളും മനുഷ്യരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രജ്ഞർ) ഈ പാരമ്പര്യങ്ങളെ വീണ്ടും ലോകത്തിനു പരിചയപ്പെടുത്തി. മസാറ്റേക്ക് ചികിത്സകയായ മരിയ സബീന പറഞ്ഞത് പ്രശസ്തമാണ്: “കൂണുകൾ സംസാരിക്കും. അവ ദർശനങ്ങൾ പകർന്നു തരും.” അവർക്കു മഷ്‌റൂമുകൾ ലഹരിവസ്തുക്കളല്ല-ആത്മീയ വഴികാട്ടികൾ ആയിരുന്നു.
വിശുദ്ധ കൂണുകൾ പാരമ്പര്യ വൈദ്യത്തിൽ പുറത്തേയ്ക്ക് വന്ന കഥ
മാജിക് മഷ്‌റൂമുകളുടെ ആധുനിക ശാസ്ത്രീയ കഥ ആരംഭിക്കുന്നത് മെക്‌സിക്കോയുടെ തെക്കൻ മലനിരകളിലുള്ള ഒരു ചെറുപട്ടണത്തിലാണ്. 1950-കളുടെ തുടക്കത്തിൽ, ന്യൂയോർക്കിലെ ഒരു ബാങ്കറായിരുന്ന ആർ. ഗോർഡൺ വാസ്സൺ, കൂണുകളാൽ വശീകരിക്കപ്പെട്ട് വിശുദ്ധ കൂണുകളുടെ ജൈവികവും ആചാരപരവുമായ ഉപയോഗം തേടിയിറങ്ങി. നാമാവശേഷമായെന്നു പാശ്ചാത്യലോകം കരുതിയിരുന്ന ഒരു പാരമ്പര്യമാണത് . അദ്ദേഹത്തിന്റെ ഭാര്യയായ വാലന്റിന പാവ്‌ലോവ്‌ന വാസ്സൺ, ഒരു ഡോക്ടറും എത്‌നോമൈക്കോളജിസ്റ്റുമായിരുന്നു. ഇരുവരും വർഷങ്ങളോളം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൂൺകഥകളും വിശ്വാസങ്ങളും ശേഖരിച്ച് പഠിച്ചിരുന്നു. ഇതിലൂടെ അവർ ഒരു ശ്രദ്ധേയമായ സാംസ്‌കാരിക വ്യത്യാസം തിരിച്ചറിഞ്ഞു: ചില സമൂഹങ്ങൾ കൂണുകളെ ആരാധിച്ചപ്പോൾ, ചിലർ അവയെ ഭയപ്പെട്ടു. ഈ കൗതുകമാണ് വാസ്സണിനെ മെക്‌സിക്കോയിലേക്ക് നയിച്ചത്.
വർഷങ്ങളുടെ അന്വേഷണത്തിനും യാത്രകൾക്കും ശേഷം, വാസ്സൺ ഹ്വാട്ട്‌ലാ ഡി ഹിമെനെസ് എന്ന മസാറ്റേക്ക് പട്ടണത്തിലെത്തി. ഇവിടെ രാത്രികാലങ്ങളിൽ രഹസ്യമായി നടക്കുന്ന കൂൺചടങ്ങുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. പ്രാദേശിക ഇടനിലക്കാരുടെ സഹായത്തോടേയും സൂക്ഷ്മമായ സമീപനത്തിലൂടെയും വാസ്സൺ ഒടുവിൽ മരിയ സബീന എന്ന പ്രഗത്ഭയായ മസാറ്റേക്ക് ചികിത്സകയെ (ഷാമൻ) കണ്ടുമുട്ടി. 1955-ൽ, അവരുടെ മാർഗനിർദേശത്തിൽ നടന്ന ‘വെലാദ’ എന്ന വിശുദ്ധ കൂൺചടങ്ങിൽ പങ്കെടുത്ത ആദ്യത്തെ പാശ്ചാത്യരിൽ ഒരാളായി വാസ്സൺ. ആ അനുഭവം, സാധാരണ ബോധാവസ്ഥയിൽനിന്ന് പൂർണമായും വ്യത്യസ്തമായ ഒന്നായി, വെറും ഒരു കൗതുകം എന്നതിലുപരി അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചതായി അദ്ദേഹം പിന്നീട് രേഖപ്പെടുത്തി.
ചടങ്ങുകളുടെ പശ്ചാത്തലം, മന്ത്രോച്ചാരണങ്ങൾ, പ്രതീകാത്മകത, കൂണുകളുടെ സാംസ്‌കാരിക അർത്ഥങ്ങൾ എന്നിവ അദ്ദേഹം സൂക്ഷ്മമായി രേഖപ്പെടുത്തി. 1957-ൽ ലൈഫ് മാസികയിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘Seeking the Magic Mushroom’ എന്ന ലേഖനം, മില്യൺകണക്കിന് വായനക്കാരെ ആദ്യമായി മാജിക് മഷ്‌റൂമുകളെക്കുറിച്ച് പരിചയപ്പെടുത്തി. എന്നാൽ അതോടെ ഹ്വാട്ട്‌ലയിലേക്കുള്ള ‘വിദേശികളുടെ’ ഒഴുക്ക് അനിയന്ത്രിതമായി വർദ്ധിച്ചു, തദ്ദേശീയ ആചാരങ്ങൾ അസ്ഥിരമായി, ഇതിന്റെ പേരിൽ ഏറ്റവും വലിയ വ്യക്തിപരമായ വില കൊടുത്തത് മരിയ സബീനതന്നെയായിരുന്നു. പിന്നീട് അവൾ വിശുദ്ധ അറിവുകൾ പുറത്തുപറഞ്ഞതിൽ ഖേദം പ്രകടിപ്പിച്ചതായി രേഖകളുണ്ട്.
ശാസ്ത്രീയമായി നോക്കുമ്പോൾ, വാസ്സണിന്റെ സംഭാവന അത്യന്തം നിർണായകമായിരുന്നു. മസാറ്റേക്ക് പ്രദേശങ്ങളിൽ നിന്നുള്ള കൂൺസാംപിളുകൾ അദ്ദേഹം ശേഖരിച്ച് സ്വിറ്റ്‌സർലാൻഡിലെ സാൻഡോസ് ലാബോറട്ടറികളിലെ രസതന്ത്രജ്ഞനായ ആൽബർട്ട് ഹോഫ്‌മാന് അയച്ചു. 1958-ൽ ഹോഫ്‌മാൻ സൈലോസൈബിൻ, സൈലോസിൻ എന്നീ സജീവഘടകങ്ങളെ വേർതിരിച്ച് തിരിച്ചറിഞ്ഞു. ഇതോടെയാണ് സൈക്കഡെലിക് ഗവേഷണങ്ങളുടെ മുഴുവൻ രാസ-ജീവശാസ്ത്ര അടിത്തറ സ്ഥാപിതമായത്. ഈ അർത്ഥത്തിൽ, തദ്ദേശീയ അറിവും നരവംശശാസ്ത്രവും രസതന്ത്രവും ന്യൂറോസയൻസും തമ്മിൽ ബന്ധിപ്പിച്ച ഒരു പാലമായിരുന്നു വാസ്സൺ.
മാജിക് മഷ്‌റൂമുകളെ അന്ധവിശ്വാസമോ വിവാദമോ എന്ന നിലയിൽ അല്ല, ഗൗരവമേറിയ അക്കാദമിക് പഠനവിഷയമായി പരിഗണിക്കേണ്ടതാണെന്ന് വാസ്സൺ ലോകത്തിനു മുന്നിൽ സ്ഥാപിച്ചു. അതേസമയം, ഈ കഥ ശാസ്ത്രീയ കൗതുകവും മാധ്യമപ്രചാരവും സാംസ്‌കാരിക അസമത്വങ്ങളും ഒരുമിച്ച് വരുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു മുന്നറിയിപ്പുമാണ്. ഇന്ന് (സൈക്കഡെലിക് ആത്മാവിനെ വെളിപ്പെടുത്തുന്നത്) ഗവേഷണങ്ങളിൽ നൈതികത, തദ്ദേശീയ അവകാശങ്ങൾ, ലാഭവിഹിതം പങ്കിടൽ എന്നിവയ്ക്ക് നൽകുന്ന പ്രാധാന്യം, വാസ്സണിന്റേയും മരിയ സബീനയുടേയും ഈ ചരിത്രസന്ദർഭത്തിൽ നിന്നുള്ള പാഠങ്ങളുടെ തുടർച്ചയായാണ് കാണേണ്ടത്.
മാജിക് മഷ്റൂം എന്ന ആഗോള ഫംഗസ്:
മാജിക് കൂണുകളുടെ ‘ട്രിപ്പിംഗ്’ പ്രഭാവങ്ങൾ പ്രധാനമായും അവ നിർമിക്കുന്ന ‘സൈലോസിബിൻ’ എന്ന രാസതന്മാത്ര മൂലമാണ് ഉണ്ടാകുന്നത്, ഇത് തലച്ചോറിൽ സൈലോസിൻ ആയി പരിവർത്തനം ചെയ്യപ്പെടുന്നു, ബയോസിസ്റ്റിൻ, നോർബയോസിസ്റ്റിൻ, എരുജിനാസിൻ തുടങ്ങിയ അനുബന്ധ സംയുക്തങ്ങളിൽ നിന്നുള്ള ചെറിയ സംഭാവനയുമുണ്ട്. Psi genes എന്ന നാലു ജീനുകളാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. ഒരുകാലത്ത് വെറും കൗതുകവിഷയമായി കരുതപ്പെട്ടിരുന്ന ഈ ഫംഗൽ സംയുക്തം ഇന്ന് മാനസികാരോഗ്യ ചികിത്സയിൽ സാധ്യതയുള്ള ഒരു സ്വാഭാവിക ഫംഗൽ ഔഷധമായി ശാസ്ത്രീയ ശ്രദ്ധ നേടുകയാണ്.
സൈലോസിബിൻ അടങ്ങിയ ‘മാജിക് കൂണുകൾ’ നമ്മൾ ചിന്തിക്കുന്നതിനെക്കാൾ വ്യാപകമാണ്, അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ജനവാസ ഭൂഖണ്ഡങ്ങളിലുമായി 200-ലധികം സ്പീഷീസുകൾ സ്വാഭാവികമായി കാണപ്പെടുന്നു. അവയുടെ വിതരണം മനുഷ്യന്റെ ചലനത്തെ മാത്രമല്ല, പരിണാമ ചരിത്രത്തേയും പ്രതിഫലിപ്പിക്കുന്നു; മനുഷ്യർ അതിന്റെ സൈക്കോ ആക്‌റ്റീവ് (മനോനിലയെ ബാധിക്കുന്ന) ഗുണങ്ങൾ തിരിച്ചറിയുന്നതിന് വളരെ മുമ്പുതന്നെ, പ്രാണികൾക്കെതിരായ കൂണിന്റെ ഒരു പ്രതിരോധമായി സൈലോസിബിൻ പരിണമിച്ചതായി കരുതപ്പെടുന്നു.
ഈർപ്പം, ജൈവവസ്തുക്കൾ, അനുയോജ്യമായ താപനില എന്നിവ ഒത്തുചേരുന്നിടത്തെല്ലാം ഈ കൂൺ വളരുന്നു. അതിനാൽ ഉഷ്ണമേഖലാ പ്രദേശങ്ങളിലും മിതശീതോഷ്ണ വനങ്ങളിലും കാലാനുസൃതമായി നനവുള്ള പുൽമേടുകളിലും അവ സാധാരണമാണ്. മെക്‌സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, ഓസ്‌ട്രേലിയ, യൂറോപ്പ്, വടക്കേ അമേരിക്കയുടെ പസഫിക് വടക്കുപടിഞ്ഞാറ് എന്നിവിടങ്ങളിൽ ഈ കൂണുകളുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ആഗോള പാരിസ്ഥിതിക ഭൂപ്രകൃതിയുടെ സ്വാഭാവിക ഭാഗമാണ് ഇന്ത്യ. സൈലോസിബിൻ കൂണുകൾ ഉപഭൂഖണ്ഡത്തിൽ അവതരിപ്പിക്കപ്പെട്ടതല്ല, മറിച്ച് മൺസൂൺ നയിക്കുന്ന ആവാസവ്യവസ്ഥകൾ, മേച്ചിൽപ്പുറങ്ങൾ, ദീർഘകാലമായി സ്ഥാപിതമായ ഫംഗസ് ജൈവവൈവിധ്യം എന്നിവയ്ക്കുള്ള പ്രതികരണമായാണ് വളരുന്നത്. കാറ്റിലൂടെയും മൃഗങ്ങളിലൂടെയും, ദേശാടനപ്പക്ഷികളിലൂടെയും സ്‌പോറുകളുടെ വ്യാപനം അവയുടെ സാന്നിധ്യത്തെ കൂടുതൽ രൂപപ്പെടുത്തി. മെക്‌സിക്കോയിൽനിന്ന് വ്യത്യസ്തമായി, ആചാരപരമായ ഉപയോഗത്തിന്റെ വ്യക്തമായ ചരിത്രരേഖകൾ ഇന്ത്യയിൽ ഇല്ല.
ഇന്ത്യയിൽ, സൈലോസിബിൻ അടങ്ങിയ കൂണുകൾ പ്രധാനമായും മണ്ണിലോ ചാണകത്തിലോ വസിക്കുന്ന ഇനങ്ങളാണ്, മൺസൂൺ മഴയ്ക്ക് ശേഷം മേച്ചിൽപ്പുറങ്ങളിൽ മിക്കപ്പോഴും പ്രത്യക്ഷപ്പെടുന്നു. സൈലോസിബ് ക്യൂബെൻസിസ്, സൈലോസിബ് സബ്ക്യൂബെൻസിസ്, സൈലോസിബ് ഹിമാലയെൻസിസ്, പാനിയോലസ് (കോപ്പലാൻഡിയ) സയനെസെൻസ് എന്നിവയാണ് ഇന്ത്യയിൽ കാണപ്പെടുന്ന ഇനങ്ങൾ. രാസപരമായി, ഈ കൂണുകൾ ലോകമെമ്പാടും കാണപ്പെടുന്ന അതേ പ്രധാന സൈക്കോ ആക്‌റ്റീവ് സംയുക്തങ്ങൾ ഉല്പാദിപ്പിക്കുന്നു - സൈലോസിബിൻ, സൈലോസിൻ, ചിലപ്പോൾ ബയോസിസ്റ്റിൻ പോലുള്ള അനുബന്ധ തന്മാത്രകളും.
മെക്‌സിക്കോയിലും മധ്യ അമേരിക്കയിലും മണ്ണ്, മരം എന്നിവയിൽ വളരുന്ന കൂണുകളാണ് കൂടുതൽ, കൂടാതെ ഈ ഫംഗസുകളുമായി അവിടുത്തുകാർക്ക് ദീർഘകാല സാംസ്‌കാരിക ബന്ധവുമുണ്ടല്ലോ. ഇതിനു വിപരീതമായി പസഫിക് വടക്കുപടിഞ്ഞാറൻ, യൂറോപ്പിന്റെ ചില ഭാഗങ്ങൾ തുടങ്ങിയ മിതശീതോഷ്ണ പ്രദേശങ്ങള്‍ മരത്തിൽ വളരുന്ന നിരവധി സൈലോസിബിൻ സ്പീഷീസുകളുടെ ആവാസകേന്ദ്രമാണ്, അവ അഴുകുന്ന മരത്തിൽ വളരുന്നു, കൂടാതെ അധികവും ഇപ്പോഴും പഠിക്കപ്പെടാത്ത സംയുക്തങ്ങളും അടങ്ങിയിരിക്കാം. ഈ പാരിസ്ഥിതിക വ്യത്യാസങ്ങൾ ശരീരശാസ്ത്രപരമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുകയും ‘മരപ്രേമികളുടെ രോഗം’ എന്ന് അനൗപചാരികമായി വിളിക്കപ്പെടുന്ന ന്യൂറോളജിക്കൽ പ്രതിഭാസത്തിനു കാരണം ആവുകയും ചെയ്യാം. ഈ രോഗം ഇന്ത്യയിൽ രേഖപ്പെടുത്താത്തതിന്റെ കാരണം ഇവിടെ മരത്തിൽ വളരുന്ന സൈലോസിബിൻ കൂണുകൾ കുറവാണ് എന്നതു തന്നെ.
കുറഞ്ഞത് ഏഴ് വ്യത്യസ്ത ജനീറകളിലായി നൂറുകണക്കിന് കൂൺ ഇനങ്ങൾ സൈലോസൈബിൻ ഉല്പാദിപ്പിക്കുന്നതായി ഇന്ന് ശാസ്ത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയെല്ലാം തന്നെ സാപ്രോട്രോഫിക് (ചത്ത ജൈവപദാര്‍ത്ഥങ്ങളിൽ ജീവിക്കുന്ന) സ്വഭാവമുള്ളവയാണ്; അതിനാൽ തന്നെ ഇവ മണ്ണിലും പുല്ലുകളിലും വേരുകളിലും മരക്കഷണങ്ങളിലും കൂടാതെ സസ്യഭുക്കുകളായ മൃഗങ്ങളുടെ മലത്തിലുമാണ് സാധാരണയായി വളരുന്നത്. വിശാലമായ അർത്ഥത്തിൽ സൈലോസിബിൻ കൂൺ ഒരു സാംസ്‌കാരിക അല്ലെങ്കിൽ രാസവസ്തുവല്ല, മറിച്ച് വൈവിധ്യമാർന്നതും പുരാതനവുമായ ഒരു ഫംഗസ് വംശപരമ്പരയാണ്.
എന്നാൽ അടുത്തകാലത്ത് മാജിക് മഷ്‌റൂമുകളെക്കുറിച്ചുള്ള കഥകൾ ഒരു അപ്രതീക്ഷിത വഴിത്തിരിവ് എടുത്തിരിക്കുന്നു. ഒരു ക്ലിനിക്കൽ പഠനത്തിൽ പങ്കെടുത്ത മധ്യവയസ്‌കനായ കാൻസർ രോഗി, നിയന്ത്രിതമായ ഒരൊറ്റ സൈലോസിബിൻ സെഷനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ: “വർഷങ്ങളായി ആദ്യമായാണ് മരണം എന്ന ചിന്ത എന്നെ ഭയപ്പെടുത്താതിരിക്കുന്നത്” ദീർഘകാല ഡിപ്രഷനുമായി പോരാടിയ മറ്റൊരു ചികിത്സാർത്ഥി(വോളന്റീയർ), തന്റെ അനുഭവം “എന്റെ മനസ്സ് റീസെറ്റ് ചെയ്തതുപോലെ-സുഖപ്പെടുത്തപ്പെട്ടില്ല, പക്ഷേ കുടുങ്ങിക്കിടക്കുന്നത് വിട്ടു” എന്ന് വിശേഷിപ്പിച്ചു. പിന്നീട് നടത്തിയ ബ്രെയിൻ സ്‌കാനുകൾ ഇത് വെറും തോന്നൽ മാത്രമല്ലെന്ന് സ്ഥിരീകരിച്ചു: സാധാരണയായി ചിന്തകളെ കർശനമായി നിയന്ത്രിക്കുന്ന തലച്ചോറിലെ നെറ്റ്‌വർക്കുകൾ കുറച്ചുനേരത്തേക്ക് ശമിക്കുകയും വികാരങ്ങൾക്കും അർത്ഥബോധത്തിനും പുതിയ പാതകൾ തുറക്കുകയും ചെയ്തിരുന്നു. ഈ രോഗികൾക്ക് ‘ട്രിപ്പ്’ യാഥാർത്ഥ്യത്തിൽനിന്ന് ഒളിച്ചോട്ടം ആയിരുന്നില്ല, മറിച്ച് അതിനെ കൂടുതൽ ആഴത്തിൽ നേരിടലായിരുന്നു.
വിനോദത്തിനുവേണ്ടി മാജിക് മഷ്റൂം കഴിച്ചുനോക്കിയവർ മറ്റൊരു (എന്നാൽ ചില ഭാഗങ്ങളിൽ സമാനമായ) കഥയാണ് പറയുന്നത്. ചിലർ ചിരി, ദൃശ്യവികൃതികൾ, പ്രകൃതിയോടുള്ള ശക്തമായ ബന്ധബോധം എന്നിവയെക്കുറിച്ച് പറയുന്നു; മറ്റു ചിലർ ഉല്‍ക്കണ്ഠയും വികാരപരമായ കടുത്ത അനുഭവങ്ങളും നിറഞ്ഞ യാത്രകളെ ഓർക്കുന്നു. ഈ വിവരണങ്ങളിലുടനീളം ഒഴുകുന്ന ഒരു പൊതുസൂത്രം ഇതാണ്: മാജിക് മഷ്‌റൂമുകൾ മനസ്സിനെ വിനോദിപ്പിക്കുക മാത്രമല്ല, അത് മനസ്സിനെ ശക്തിപ്പെടുത്തുന്നു. ചിന്തകൾ കൂടുതൽ ഉച്ചത്തിൽ കേൾക്കപ്പെടുന്നു, വികാരങ്ങൾ കൂടുതൽ സമൃദ്ധമാകുന്നു, ഉള്ളിലെ കഥകൾ അവഗണിക്കാൻ ബുദ്ധിമുട്ടാകുന്നു. അത്ഭുതവും ദൗർബല്യവും ചികിത്സയും അപകടസാധ്യതയും തമ്മിലുള്ള ഈ ഇരട്ടിക്കലാണ് ഇന്ന് ശാസ്ത്രജ്ഞരെ മാജിക് മഷ്‌റൂമുകളിലേക്ക് ആകർഷിക്കുന്നത്. ഒരുകാലത്ത് പ്രതിസംസ്‌കാരത്തിന്റെ (കൗണ്ടർ-കൾച്ചറിന്റെ) വിനോദമായി തള്ളിക്കളഞ്ഞിരുന്ന ഒന്നാണ്, ഇന്ന് മനുഷ്യന്റെ തലച്ചോർ യാഥാർത്ഥ്യവും അർത്ഥവും ‘സ്വയം’ എന്ന ആശയവും എങ്ങനെ നിർമിക്കുന്നു എന്നതിലേക്കുള്ള ശക്തമായ ഒരു ജാലകമായി പുനഃപരിശോധിക്കപ്പെടുന്നത്.
മഷ്റൂമിനെന്തിനാണ് സൈലോസിബിൻ?
പതിറ്റാണ്ടുകളായി, സൈലോസിബിൻ ജിജ്ഞാസയുണർത്തുന്ന ഒരു തന്മാത്രയാണല്ലോ. മനുഷ്യമനസ്സിനെ അപ്രതീക്ഷിത വഴികളിൽ സ്വാധീനിക്കുന്നു എന്നതിനപ്പുറം മറ്റു ജൈവ ഉദ്ദേശങ്ങളില്ലാത്ത ഒരു തന്മാത്രയാണിതെന്നായിരുന്നു പൊതുധാരണ. എന്നാൽ, സമീപ വർഷങ്ങളിൽ, ശാസ്ത്രജ്ഞർ കൂടുതൽ അടിസ്ഥാനപരമായ ഒരു വിശദീകരണം കണ്ടെത്തിയിട്ടുണ്ട്. വർദ്ധിച്ചുവരുന്ന തെളിവുകൾ സൂചിപ്പിക്കുന്നത് സൈലോസിബിൻ അതുള്ള കൂണിന്റെ ഒരു പ്രതിരോധ സംവിധാനമായി പരിണമിച്ചിരിക്കാമെന്നും പ്രാണികളും മറ്റ് ചെറിയ ഇരപിടുത്തക്കാരും നിറഞ്ഞ അന്തരീക്ഷത്തിൽ കൂണിനെ അതിജീവിക്കാൻ സഹായിക്കുന്നു എന്നുമാണ്. പ്രാണി-ഫംഗസ് ഇടപെടലുകൾ പരിശോധിക്കുന്ന പഠനങ്ങൾ കാണിക്കുന്നത് സൈലോസിബിനും അതിന്റെ സജീവ രൂപമായ സൈലോസിനും പ്രാണികളുടെ ചലനം, ഭക്ഷണം, ഏകോപനം എന്നിവയടക്കമുള്ള പെരുമാറ്റത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്നാണ്. പ്രാണികൾക്ക് പരിണാമപരമായി പുരാതനവും മനുഷ്യരിൽ കാണപ്പെടുന്നവയുമായി ഘടനാപരമായി ബന്ധപ്പെട്ടതുമായ സെറോടോണിൻ റിസപ്റ്ററുകൾ ഉണ്ട്. ഈ റിസപ്റ്ററുകളുമായി ഇടപഴകാനുള്ള സൈലോസിബിന്റെ കഴിവ് മൂലം ചെറിയ ഡോസുകൾ പോലും പ്രാണികളെ നാഡീപരമായി ആശയക്കുഴപ്പത്തിലാക്കുകയും അവയെ കൊല്ലാതെ തന്നെ കൂൺ കഴിക്കുന്നതിൽനിന്ന് നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. പരിണാമ വീക്ഷണകോണിൽ, ശത്രുവിന്റെ താൽക്കാലിക വൈകല്യം പലപ്പോഴും മതിയാകും.
കൂണുകളുടെ വ്യത്യസ്ത ഗ്രൂപ്പുകളിൽ സൈലോസിബിൻ ഉല്പാദനം പലതവണ സ്വതന്ത്രമായി പരിണമിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പരിണാമ ജീവശാസ്ത്രത്തിൽ, ഈ രീതി ഒരു ബയോകെമിക്കൽ ആകസ്മികതയല്ല, ഉപയോഗപ്രദമായ ഒരു സ്വഭാവവിശേഷത്തിന്റെ നിർമിതിയെയാണ് സൂചിപ്പിക്കുന്നത്. സൈലോസിബിൻ പോലുള്ള സങ്കീർണമായ ആൽക്കലോയിഡുകൾ നിർമിക്കുന്നതിലേക്കുള്ള ശ്രമകരമായ പരിണാമങ്ങൾ വ്യക്തമായ അതിജീവന നേട്ടം നൽകിയാൽ മാത്രമേ നിലനിൽക്കൂ.
കൗതുകകരമായ മറ്റൊരു വസ്തുത, തിരശ്ചീന ജീൻ കൈമാറ്റം വഴി, പരസ്പരബന്ധമില്ലാത്ത ജനുസുകളിലേക്കും പ്രതിരോധത്തിനുവേണ്ടിയുള്ള ഈ സൈലോസിബിൻ നിർമാണം വ്യാപിച്ചിട്ടുണ്ട് എന്നതാണ്. സൈലോസിബിൻ ഉല്പാദിപ്പിക്കുന്ന കൂണുകൾ പലപ്പോഴും കീടങ്ങൾ നിറഞ്ഞ ചുറ്റുപാടുകളായ ചാണകം, അഴുകുന്ന മരം, വനമാലിന്യങ്ങൾ എന്നിവയിൽ കാണപ്പെടുന്നു. രാസപ്രതിരോധം ഏറ്റവും ഉപയോഗപ്രദമാകുന്ന സാഹചര്യങ്ങൾ കൃത്യമായി ഇവിടെയാണ്. ഇത്തരം പരിസ്ഥിതികളിൽ സൈലോസിബിൻ കൂണുകൾ തഴച്ചുവളരുന്നു. ഒരു കൂൺ അതിന്റെ ബീജകോശങ്ങൾ പുറത്തുവിടാൻ അതായത് പ്രത്യുല്പാദനം നടത്താൻ വേണ്ടത്ര കാലം കേടുകൂടാതെയിരിക്കേണ്ടതുണ്ട് അത്രതന്നെ. അല്ലാതെ മനുഷ്യന്റെ ആത്മീയതയേയോ മനോവ്യാപാരത്തേയോ സർഗാത്മകതയേയോ സ്വാധീനിക്കാനായി ഈ കൂണുകൾ പരിണമിച്ചതായി യാതൊരു ശാസ്ത്രീയ തെളിവുകളുമില്ല.
ഇങ്ങനെ നോക്കുമ്പോൾ, സൈലോസിബിൻ ഒരു പരിണാമ രഹസ്യമല്ല, മറിച്ച് പ്രകൃതി എങ്ങനെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നു എന്നതിന്റെ ഒരു മനോഹരമായ ഉദാഹരണമാണ്. സൂക്ഷ്മമായി പ്രാണികളെ വഴിതെറ്റിക്കുന്ന ഒരു സംയുക്തം, യാദൃച്ഛികമായി മനുഷ്യമനസ്സിനെ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഏറ്റവും ശക്തമായ ഉപകരണങ്ങളിലൊന്നായി മാറിയിരിക്കുന്നു.
സൈലോസിബിൻ തുറക്കുന്ന മായാജാലകം
നമ്മുടെ അർത്ഥബോധം എവിടെനിന്നാണ് വരുന്നത് എന്ന കാലാകാലങ്ങളായി നിലനിൽക്കുന്ന ആഴമുള്ള മാനുഷിക ചോദ്യത്തിന് ചുറ്റും തത്ത്വചിന്ത, മനശ്ശാസ്ത്രം, നാഡീശാസ്ത്രം എന്നിവയുടെ ഒരു അത്ഭുതകരമായ സംയോജനം ഉയർന്നുവന്നിട്ടുണ്ട്.
ആധുനിക മസ്തിഷ്‌ക ഇമേജിംഗിന് വളരെ മുമ്പുതന്നെ, മനശ്ശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ വില്യം ജെയിംസ് വാദിച്ചത് മിസ്റ്റിക്, മതപരമായ അനുഭവങ്ങൾ ഇവയെ ഒക്കെ തള്ളിക്കളയുകയല്ല, ഗൗരവമായ ശാസ്ത്രീയ ശ്രദ്ധയോടെ പഠിക്കേണ്ടതാണ് എന്നാണ്. ‘ദി വെറൈറ്റീസ് ഓഫ് റിലീജിയസ് എക്‌സ്‌പീരിയൻസ്’ (1902) എന്ന പുസ്തകത്തിൽ, ഐക്യം, അതീതമായ അവസ്ഥ (Transcendence); ആഴത്തിലുള്ള വ്യക്തിപരമായ അനുഭവം എന്നിവയാൽ അടയാളപ്പെടുത്തിയ അത്തരം അവസ്ഥകളെ, അതിഭൗതികം അഥവാ മെറ്റാഫിസിക്കൽ ആയി വ്യാഖ്യാനിച്ചാലും മനുഷ്യബോധത്തിന്റെ യഥാർത്ഥ സവിശേഷതകളാണെന്ന് ജെയിംസ് അഭിപ്രായപ്പെട്ടു. ഇന്ന്, സൈക്കഡെലിക്‌സിന്റെ ശാസ്ത്രീയ പഠനത്തിൽ, പ്രത്യേകിച്ച് സൈലോസിബിനിൽ, അദ്ദേഹത്തിന്റെ ആശയങ്ങൾ പുതിയ പ്രസക്തി കണ്ടെത്തി.
20-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, മനോരോഗ വിദഗ്ദ്ധനായ സ്റ്റാനിസ്ലാവ് ഗ്രോഫ്, എൽ.എസ്.ഡി പോലുള്ള സൈക്കഡെലിക്കുകളാൽ പ്രേരിതമായ അസാധാരണ ബോധാവസ്ഥകളെക്കുറിച്ച് പഠിച്ചുകൊണ്ട് ഈ ചിന്താഗതി വികസിപ്പിച്ചു. ഈ അവസ്ഥകൾക്ക് ‘ട്രാൻസ്‌പേഴ്‌സണൽ’ (വ്യക്തിക്കപ്പുറത്തേയ്ക്ക് വികസിക്കുന്ന) അനുഭവങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഗ്രോഫ് നിർദേശിച്ചു, അതിൽ വ്യക്തികൾക്ക് സ്വത്വത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് വ്യാപിക്കുന്ന ഒരു ബന്ധം അനുഭവപ്പെടുന്നു. എൽ.എസ്.ഡിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ആദ്യകാല പ്രവർത്തനങ്ങൾക്ക്, സൈലോസിബിൻ അനുഭവങ്ങളുമായി ശ്രദ്ധേയമായ സമാനതകൾ ഉണ്ടെന്ന് പിൽക്കാല ഗവേഷകർ രേഖപ്പെടുത്തിയിട്ടുണ്ട്, പ്രത്യേകിച്ച് സംസ്‌കാരങ്ങളിലും സന്ദർഭങ്ങളിലും ആവർത്തിക്കുന്ന ഐക്യം, അർത്ഥം, പരസ്പര ബന്ധിതത്വം എന്നീ വിഷയങ്ങൾ.
ആധുനിക സൈക്കഡെലിക് ശാസ്ത്രം ഈ ആശയങ്ങൾ ലബോറട്ടറിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ, റോളണ്ട് ഗ്രിഫിത്തും സഹപ്രവർത്തകരും സൈലോസിബിനിനെക്കുറിച്ച് ഇന്നുവരെയുള്ളതിൽ വച്ച് ഏറ്റവും കർശനമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. അവരുടെ ഗവേഷണം മിസ്റ്റിക്കൽ എക്‌സ്‌പീരിയൻസ് ചോദ്യാവലി പോലുള്ള മാനക ഉപകരണങ്ങൾ അവതരിപ്പിച്ചു, പങ്കെടുക്കുന്നവർ പലപ്പോഴും സൈലോസിബിൻ അനുഭവങ്ങളെ അവരുടെ ജീവിതത്തിലെ ഏറ്റവും അർത്ഥവത്തായ സംഭവങ്ങളിൽ ഒന്നായി റാങ്ക് ചെയ്യുന്നു! ഈ പഠനത്തിൽ ദീർഘകാല നേട്ടം പ്രവചിക്കുന്നത് ഭ്രമാത്മകതയുടെ തീവ്രതയല്ല, മറിച്ച് അനുഭവത്തിന്റെ നിഗൂഢമോ അർത്ഥപൂർണമോ ആയ വശങ്ങളുടെ ആഴമാണ്.
ഈ അവസ്ഥകളിൽ തലച്ചോറിൽ എന്താണ് സംഭവിക്കുന്നതെന്ന് ന്യൂറോ സയൻസ് വെളിപ്പെടുത്തുന്ന ഏറ്റവും സ്ഥിരതയുള്ള കണ്ടെത്തലുകളിൽ ഒന്ന്, സ്വയം പ്രതിഫലനം, ആത്മകഥാപരമായ ചിന്ത, നമ്മുടെ ആത്മബോധം നിലനിർത്തൽ എന്നിവയിൽ സജീവമായ പരസ്പരബന്ധിതമായ മസ്തിഷ്‌ക മേഖലകളുടെ ഒരു കൂട്ടമായ ഡിഫോൾട്ട് മോഡ് നെറ്റ്‌വർക്ക് (DMN) ഉൾപ്പെടുന്നു. സൈലോസിബിന്റെ സ്വാധീനത്തിൽ, ഈ ശൃംഖലയ്ക്കുള്ളിലെ പ്രവർത്തനവും കണക്‌റ്റിവിറ്റിയും കുറയുന്നു. ഈ മാറ്റം ‘അഹം ലയന’ത്തിന്റെ അനുഭവങ്ങളുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു; അതിൽ സ്വത്വത്തിനും ലോകത്തിനും ഇടയിലുള്ള സാധാരണ അതിരുകൾ അയഞ്ഞതായി അല്ലെങ്കിൽ താൽക്കാലികമായി ഇല്ലാതാകുന്നതായി തോന്നുന്നു. അതായത് അതുവരെയുള്ള ധാരണകളുടേയും അനുഭവങ്ങളുടേയും മുറുക്കിപ്പിടുത്തത്തിൽനിന്ന് മാറി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു.
മാത്രമല്ല, സൈലോസിബിൻ സാധാരണയായി കൂടുതൽ വേർതിരിക്കപ്പെട്ട മസ്തിഷ്‌ക ശൃംഖലകളിലുടനീളം ആശയവിനിമയം വർദ്ധിപ്പിക്കുന്നു. ധാരണ, വികാരം, ഓർമ, അമൂർത്ത ചിന്ത എന്നിവയിൽ ഉൾപ്പെട്ടിരിക്കുന്ന മേഖലകൾ കൂടുതൽ സ്വതന്ത്രമായി ഇടപഴകാൻ തുടങ്ങുന്നു, ഇത് പുതിയ ബന്ധങ്ങളും ഉയർന്ന ഐക്യബോധവും സൃഷ്ടിക്കുന്നു. തന്മാത്രാതലത്തിൽ, ഈ ഫലങ്ങൾ പ്രധാനമായും നയിക്കുന്നത് സെറോടോണിൻ 5-HT2A റിസപ്റ്ററുകളിൽ സൈലോസിബിന്റെ പ്രവർത്തനമാണ്, പ്രത്യേകിച്ച് അറിവിലും അർത്ഥനിർമാണത്തിലും ഉൾപ്പെട്ടിരിക്കുന്ന ഉയർന്ന ശ്രേണിയിലുള്ള കോർട്ടിക്കൽ മേഖലകളിൽ.
കൗതുകകരമെന്നു പറയട്ടെ, മയക്കുമരുന്നിന്റെ സ്വാധീനമില്ലാത്ത ആഴത്തിലുള്ള ധ്യാനത്തേയും മറ്റ് ആത്മീയ രീതികളേയും കുറിച്ചുള്ള പഠനങ്ങളിൽ സമാനമായ മസ്തിഷ്‌ക പാറ്റേണുകൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, പരിചയസമ്പന്നരായ ധ്യാനികൾ, ദ്വന്ദ്വമല്ലാത്തതോ ട്രാൻസെൻഡന്റലോ ആയ അവസ്ഥകളിൽ പലപ്പോഴും ഡിഫോൾട്ട് മോഡ് കുറവും മസ്തിഷ്‌ക സംവിധാനങ്ങളിലുടനീളം വർദ്ധിച്ച സംയോജനവും കാണിക്കുന്നു. ഈ സമാനത സൂചിപ്പിക്കുന്നത് സൈലോസിബിൻ അടിസ്ഥാനപരമായി പുതിയൊരു തരം അനുഭവം സൃഷ്ടിച്ചേക്കില്ല, മറിച്ച് മനുഷ്യമസ്തിഷ്‌കത്തിന് മറ്റ് മാർഗങ്ങളിലൂടെ പ്രവേശിക്കാൻ കഴിയുന്ന ബോധരീതികളെ വർദ്ധിപ്പിക്കുകയോ വേഗത്തിൽ സമീപസ്ഥമാക്കുകയോ ചെയ്‌തേക്കാം എന്നാണ്.
സൈലോസിബിൻ എന്ന ചികിത്സാപദ്ധതി
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ജോൺസ് ഹോപ്കിൻസ്, ഇംപീരിയൽ കോളേജ് ലണ്ടൻ, ന്യുയോർക്ക് യൂണിവേഴ്‌സിറ്റി, യേൽ തുടങ്ങിയ സ്ഥാപനങ്ങളിൽ നടത്തിയ നിയന്ത്രിത പരീക്ഷണങ്ങളിൽ, മേജർ ഡിപ്രെസ്സിവ് ഡിസോർഡർ, ചികിത്സയെ പ്രതിരോധിക്കുന്ന വിഷാദം, ജീവിതാവസാന ഉല്‍ക്കണ്ഠ, ലഹരിവസ്തുകൾക്ക് അടിമപ്പെടൽ എന്നിവയാൽ ബുദ്ധിമുട്ടുന്ന ആളുകളിൽ സൈലോസിബിൻ സഹായത്തോടെയുള്ള തെറാപ്പി ശീഘ്രവും ശാശ്വതവുമായ പരിഹാരമാകാം എന്ന് തെളിയിച്ചിട്ടുണ്ട്. വിഷാദരോഗമുള്ള രോഗികളിൽ - പ്രത്യേകിച്ച് ഒന്നിലധികം സാമ്പ്രദായിക ആന്റിഡിപ്രസന്റുകൾ കഴിച്ചിട്ടും രോഗം ഭേദപ്പെടാത്തവരിൽ സൈക്കോതെറാപ്പിയുമായി സംയോജിപ്പിച്ച ഒന്നോ രണ്ടോ ഗൈഡഡ് സൈലോസിബിൻ സെഷനുകൾ ആഴ്ചകൾ മുതൽ മാസങ്ങൾ വരെ നീണ്ടുനിൽക്കുന്ന ശ്രദ്ധേയമായ രോഗലക്ഷണ ആശ്വാസത്തിന് കാരണമായി. ചിന്താശേഷിയും നെഗറ്റീവ് സെൽഫ്-ഫോക്കസുമായി ബന്ധപ്പെട്ട കർക്കശമായ മസ്തിഷ്‌ക ശൃംഖലകളിൽ ഇത് താൽക്കാലിക അയവ് കാണിക്കുന്നു.
മദ്യം, പുകയില ആസക്തികളിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ, നിലവിലുള്ള ചികിത്സകളുമായി താരതമ്യപ്പെടുത്തുമ്പോൾ അമിതമായ മദ്യപാനത്തിലും അസാധാരണമാംവിധം ഉയർന്ന ദീർഘകാല പുകവലി നിരോധന നിരക്കുകളിലും സൈലോസിബിൻ മൂലം ഗണ്യമായ കുറവുണ്ടായതായി കണ്ടെത്തി. സൈലോസിബിൻ ആസക്തികളെ അടിച്ചമർത്തുന്നില്ല; പകരം ഇത് ആഴത്തിൽ വേരൂന്നിയ ചിന്താരീതികളേയും പെരുമാറ്റരീതികളേയും തടസ്സപ്പെടുത്തുന്നതായി കാണപ്പെടുന്നു. ഇത് ഒരിക്കൽ യാന്ത്രികമോ അനിവാര്യമോ ആണെന്ന് തോന്നിയ ശീലങ്ങളെ പുനർനിർണയിക്കാൻ രോഗികളെ അനുവദിക്കുന്നു. ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഭാഗമായ പലരും ഈ രീതികൊണ്ട് ‘പുറത്തുനിന്ന്’ അവരുടെ ആസക്തിയെ കാണാൻ സാധിച്ചതായി വിശേഷിപ്പിച്ചു, പലപ്പോഴും ഒരു പുതുക്കിയ ഉദ്ദേശ്യബോധം, അർത്ഥം അല്ലെങ്കിൽ സ്വാനുകമ്പ ഇവയൊക്കെ സുസ്ഥിരമായ വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്ന മാനസിക ഘടകങ്ങളാണ്. അതിനുള്ള അയവാണ് സൈലോസിബിൻ നൽകുന്നത്. സൈലോസിബിൻ ഉപയോഗം അഡിക്ഷന് കാരണമാകുന്നില്ല എന്നൊരു സന്തോഷവാർത്തയുണ്ട്! മദ്യം അല്ലെങ്കിൽ ഒപിയോയിഡുകൾ പോലുള്ള വസ്തുക്കളിൽനിന്ന് വ്യത്യസ്തമായി, ആസക്തി വർദ്ധിപ്പിക്കുന്ന തലച്ചോറിന്റെ ഡോപാമൈൻ പ്രതിഫല പാതകളെ ആശ്രയിക്കാത്തതിനാലാണ് ഇങ്ങനെ. കൂടാതെ, ഒന്നോ രണ്ടോ ഉപയോഗങ്ങൾക്ക് ശേഷം ഇത് വേഗത്തിൽ സഹിഷ്ണുതയെ പ്രേരിപ്പിക്കുന്നു, ഇത് ജൈവശാസ്ത്രപരമായി ആവർത്തിച്ചുള്ള നിർബന്ധിത ഉപയോഗസാധ്യത കുറയ്ക്കുന്നു.
ജീവശാസ്ത്ര തലത്തിൽ, സൈലോസിബിൻ തലച്ചോറിൽ സൈലോസിൻ ആയി പരിവർത്തനം ചെയ്യപ്പെടുന്നു, ഇത് സെറോടോണിൻ 5-HT2A റിസപ്റ്ററുകളെ സജീവമാക്കുന്നു, പ്രത്യേകിച്ച് ഉയർന്ന ഓർഡർ കോർട്ടിക്കൽ മേഖലകളിൽ. ഈ സജീവമാക്കൽ തലച്ചോറിന്റെ ഡിഫോൾട്ട് മോഡ് നെറ്റ്‌വർക്കിന്റെ ആധിപത്യം താൽക്കാലികമായി കുറയ്ക്കുന്നു (സ്വയം പ്രതിഫലനം, പതിവ് ചിന്ത, അഹം പരിപാലനം എന്നിവയിൽ ഉൾപ്പെട്ടിരിക്കുന്നതും സാധാരണയായി വേർതിരിക്കപ്പെട്ടിരിക്കുന്നതുമായ തലച്ചോറ് മേഖലകൾ തമ്മിലുള്ള ആശയവിനിമയം വർദ്ധിപ്പിക്കുന്നു). വിഷാദത്തിൽ, ഇത് കർശനമായ നെഗറ്റീവ് ചിന്തയിൽനിന്ന് ആശ്വാസം നൽകിയേക്കാം; ചികിത്സ-പ്രതിരോധശേഷിയുള്ള വിഷാദത്തിൽ, ഇത് വൈകാരിക പ്രതികരണശേഷി പുനഃസ്ഥാപിച്ചേക്കാം; ആസക്തിയിൽ, ഇത് നിർബന്ധിത ലൂപ്പുകളെ ദുർബലപ്പെടുത്തിയേക്കാം; ഉല്‍ക്കണ്ഠയിൽ, പ്രത്യേകിച്ച് ജീവിതാവസാനത്തോട് അടുക്കുമ്പോൾ, അത് ജീവിതത്തോടും മരണത്തോടുമുള്ള ഒരാളുടെ ബന്ധത്തെ പുനർനിർമിച്ചുകൊണ്ട് ഭയത്തെ മയപ്പെടുത്തിയേക്കാം. ഈ ഫലങ്ങൾ പ്രധാനമായും സന്ദർഭത്തെ ആശ്രയിച്ചിരിക്കുന്നു: ക്ലിനിക്കൽ നേട്ടം മരുന്നിൽനിന്ന് മാത്രമല്ല, തയ്യാറെടുപ്പ്, മാർഗനിർദേശം, അനുഭവാനന്തര സംയോജനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു ഘടനാപരമായ ചികിത്സാക്രമീകരണത്തിൽ നിന്നാണ് ഉണ്ടാകുന്നത്.
ഇത്രയും പ്രോത്സാഹകമായ ഫലങ്ങൾ ഉണ്ടായിരുന്നിട്ടും ഫലപ്രദമായ സൈക്കോട്രോപിക് മരുന്നായി അംഗീകരിക്കപ്പെടുന്നതിനു മുൻപ് സൈലോസിബിൻ ചികിത്സ ഇനിയും പരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. സ്റ്റാൻഡേർഡ് പ്രോട്ടോക്കോളുകൾ, ദീർഘകാല സുരക്ഷ, നിയന്ത്രണ അംഗീകാര പാതകൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള വലിയ ഘട്ടം 3 പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വിജയകരമാണെങ്കിൽ, സൈലോസിബിൻ സഹായത്തോടെയുള്ള തെറാപ്പി സൈക്യാട്രിയിൽ അടിസ്ഥാനപരമായി ഒരു പുതിയ മാതൃകയെ പ്രതിനിധീകരിക്കും - ദൈനംദിന രോഗലക്ഷണ അടിച്ചമർത്തലിലൂടെയല്ല, മറിച്ച് നിലനിൽക്കുന്ന മാനസിക മാറ്റത്തെ ഉത്തേജിപ്പിക്കുന്ന ഹ്രസ്വവും ഉൾക്കാഴ്ചയാൽ നയിക്കപ്പെടുന്നതുമായ ഇടപെടലുകളിലൂടെ.
ആരോഗ്യപരവും നിയമപരവുമായ മുന്നറിയിപ്പുകൾ
മാജിക് കൂണുകളും ശുദ്ധീകരിച്ച സൈലോസിബിനും നിരവധി മാനസിക പാർശ്വഫലങ്ങൾ പങ്കിടുന്നുണ്ടെങ്കിലും കൂൺ മുഴുവനായും കഴിക്കുന്നത് ഡോസ് വ്യത്യാസം, അധിക ബയോആക്ടീവ് സംയുക്തങ്ങൾ, ദഹനനാളത്തിന്റെ പ്രകോപനം, ക്ലിനിക്കൽ മേൽനോട്ടത്തിന്റെ അഭാവം എന്നിവ കാരണം അപകടസാധ്യതകൾ കൂട്ടുന്നു. ഉല്‍ക്കണ്ഠ, പരിഭ്രാന്തി, ആശയക്കുഴപ്പം, ഓക്കാനം, ഛർദി, തലകറക്കം, ഹൃദയമിടിപ്പിലും രക്തസമ്മർദത്തിലും ക്ഷണികമായ വർദ്ധനവ് എന്നിവ സാധാരണമായ പാർശ്വഫലങ്ങളിൽ ഉൾപ്പെടുന്നു. മാനസികമായി ദുർബലരായ വ്യക്തികളിൽ സൈലോസിബിൻ തീവ്രമായ ഭയം, ഭ്രമം അല്ലെങ്കിൽ വൈകാരിക ക്ലേശം എന്നിവയ്ക്ക് കാരണമായേക്കാം, ഇത് ചിലപ്പോൾ ‘ബാഡ് ട്രിപ്പ്’ എന്ന് വിളിക്കപ്പെടുന്നു. നീണ്ടുനിൽക്കുന്ന സൈക്കോസിസ്, മാനിക് എപ്പിസോഡുകൾ, അല്ലെങ്കിൽ സ്‌കീസോഫ്രീനിയ ബൈപോളാർ ഡിസോർഡർ പോലുള്ള ഒളിഞ്ഞിരിക്കുന്ന മാനസികാവസ്ഥകളുടെ താല്‍ക്കാലിക ശമനം എന്നിവയുൾപ്പെടെ അപൂർവവും എന്നാൽ ക്ലിനിക്കലി പ്രാധാന്യമുള്ളതുമായ പ്രതികൂല ഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിയന്ത്രിത സാഹചര്യങ്ങളിൽ സൈലോസിബിൻ പലപ്പോഴും ചികിത്സാപരമായി സുരക്ഷിതമാണെന്ന് വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും മേൽനോട്ടത്തിന്റെ അഭാവത്തിൽ അപകടകരമായ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്, അത്യന്ത ശ്രദ്ധ വേണ്ട കാര്യമാണിത്.
1985-ലെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് (NDPS ആക്ട്) പ്രകാരം, മാജിക് കൂണുകളിലെ സൈക്കോ ആക്‌റ്റീവ് സംയുക്തമായ സൈലോസിബിൻ ഒരു നിയന്ത്രിത സൈക്കോട്രോപിക് പദാർത്ഥമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. സൈലോസിബിൻ കൈവശം വയ്ക്കുന്നത്, ഉപയോഗിക്കുന്നത്, നിർമിക്കുന്നത്, കൊണ്ടുപോകുന്നത് അല്ലെങ്കിൽ വിൽക്കുന്നത് നിയമവിരുദ്ധവും നിയമപ്രകാരം ശിക്ഷാർഹവുമാണ്. ഇന്ത്യയിലെ സമീപകാല ഹൈക്കോടതി വിധികൾ അനുസരിച്ച്, സ്വാഭാവിക ഫംഗസ് രൂപത്തിലുള്ള മാജിക് കൂണുകളെ NDPS ആക്ടിന് കീഴിൽ ഷെഡ്യൂൾ ചെയ്ത മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് പദാർത്ഥമായി പട്ടികപ്പെടുത്തിയിട്ടില്ല. എന്നാൽ, അത് നിയമപരമായ വ്യാഖ്യാനത്തിനു വിധേയമാണ്.
സൈലോസൈബിൻ ഉല്പാദിപ്പിക്കുന്ന ‘മഷ്റൂമുകൾ നഗോയ പ്രോട്ടോക്കോളി’ന്റെ സംരക്ഷണ പരിധിയിൽ വരുന്നു എന്നത് അതിന്റെ ഉപഭോഗത്തെ സംബന്ധിച്ചിടത്തോളം തികച്ചും പ്രാധാന്യമർഹിക്കുന്നു. നഗോയ പ്രോട്ടോക്കോൾ എന്നത് ജൈവവൈവിധ്യത്തിൽ നിന്നുള്ള ജനിതക വിഭവങ്ങൾ ഉപയോഗിക്കുമ്പോൾ, അവയുടെ ഉറവിടമായ രാജ്യങ്ങളുടേയും പ്രാദേശിക സമൂഹങ്ങളുടേയും അവകാശങ്ങൾ സംരക്ഷിക്കുകയും ലാഭം നീതിപൂർവം പങ്കിടുകയും ചെയ്യുന്നതിനായി രൂപപ്പെടുത്തിയ ഒരു അന്താരാഷ്ട്ര കരാറാണ്. അതിനാൽ തന്നെ സൈലോസൈബിൻ മഷ്റൂമുകൾ ശാസ്ത്രീയമായി മാത്രമല്ല, നീതിശാസ്ത്രപരവും നിയമപരവുമായ ഒരു ആഗോള പശ്ചാത്തലത്തിലൂടെയാണ് ഇന്ന് പഠിക്കപ്പെടുന്നത്
സമഗ്രമായി നോക്കിയാൽ വളർന്നുവരുന്ന ഈ ഗവേഷണ വിഭാഗം വിശാലമായ ഒരു സിദ്ധാന്തത്തിലേക്ക് വിരൽചൂണ്ടുന്നു: മനുഷ്യർ അതിജീവനത്തിനു മാത്രമല്ല, അർത്ഥത്തിനും ജൈവശാസ്ത്രപരമായി സജ്ജരാണെന്ന് കാണപ്പെടുന്നു. അതായത് സൈലോസിബിൻ ഒന്നുമില്ലായ്മയിൽനിന്ന് അർത്ഥം നിർമിക്കുന്നില്ല; പകരം അർത്ഥം, ബന്ധം, ഉൾക്കാഴ്ച എന്നിവ വ്യക്തമായി യാഥാർത്ഥ്യമാകുന്ന വിധത്തിൽ അത് താൽക്കാലികമായി തലച്ചോറിന്റെ ചലനാത്മകതയെ മാറ്റുന്നു. അങ്ങനെ ചെയ്യുമ്പോൾ, മനുഷ്യപ്രകൃതിയുടെ ഒരു അടിസ്ഥാന വശത്തേക്ക് ഇത് ഒരു ജാലകം തുറക്കുകകൂടി ചെയ്യുന്നു! ന്യൂറോ സയൻസിന് അത് കാണാനുള്ള ഉപകരണങ്ങൾ ഉണ്ടാവുന്നതിനും വളരെ മുന്‍പുതന്നെ ലോകമെമ്പാടുമുള്ള സംസ്‌കാരങ്ങൾ കാലങ്ങളായി പര്യവേക്ഷണം ചെയ്ത ഉൾപ്രകൃതിയുടെ രഹസ്യങ്ങളിലേയ്ക്കാണ് ഈ മായാജാലക വാതിൽ തുറക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

