

ഞങ്ങൾക്കിടയിലേക്ക് അനോന കടന്നുവന്ന രാത്രി ഞാൻ വ്യക്തമായോർക്കുന്നു. രാത്രിയിലെ ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ പതിവുപോലെ ഊണുമേശയ്ക്ക് ചുറ്റും സംസാരിച്ചിരിക്കുകയായിരുന്നു. മുൻവാതിലിൽ ആരോ തുടർച്ചയായി മുട്ടുന്ന ശബ്ദം കേട്ടു. ഈ സമയത്താരാണെന്ന ആത്മഗതത്തോടെ അച്ഛൻ ഇരിപ്പുമുറിയിലേക്ക് നടന്നു. അച്ഛൻ പെട്ടെന്നങ്ങനെ എഴുന്നേറ്റ് പോയതുകൊണ്ടോ എന്തോ അനിയൻ കരയാൻ തുടങ്ങി. താഴെ ചിതറിക്കിടന്ന കളിപ്പാട്ടങ്ങളിലേക്ക് ശ്രദ്ധ തിരിച്ച് അവന്റെ കരച്ചിൽ മാറ്റാൻ അമ്മ പണിപ്പെട്ടുകൊണ്ടിരുന്നു. ഞാനോ? ഞാനെന്തു ചെയ്യുകയായിരുന്നു? ഞാൻ അച്ഛൻ കുട്ടിയായിരുന്നു. അച്ഛന്റെ വാല് എന്നാണ് അമ്മ എന്നെ വിളിച്ചിരുന്നത്. അച്ഛൻ പോയ പുറകെ ഞാനും പോയി. വാതിൽ തുറക്കുന്നതിനു മുൻപ് അച്ഛൻ എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട് ആരായിരിക്കും എന്ന മട്ടിൽ ഒരാംഗ്യം കാണിച്ചു. അച്ഛന്റെ അഭിനയം കണ്ട് ഞാൻ ചിരിച്ചു. വാതിൽ തുറന്നയുടനെ ആ ചിരി നിന്നുപോവുകയും ചെയ്തു. വാതിൽക്കൽ നിന്ന ആജാനുബാഹുവായ മനുഷ്യന്റെ പുറകിൽനിന്ന് ഒരു പെൺകുട്ടി ചാടി അകത്തേക്ക് കയറി. ഞാൻ ഞെട്ടി അച്ഛന്റെ പുറകിലൊളിച്ചു. അച്ഛനും പകച്ചു പോയിരുന്നു. ആ മനുഷ്യനും വളരെ ധൃതിയിലാണ് അകത്തേക്ക് കയറിയത്. അപ്പോൾ അച്ഛന് ആളെ മനസ്സിലായി. വളരെ സന്തോഷത്തോടെ അച്ഛൻ അതിഥികളെ സ്വീകരിച്ചു. ഞാൻ ആ പെൺകുട്ടിയെ നോക്കുകയായിരുന്നു. എന്നെക്കാൾ ഒന്നോ രണ്ടോ വയസ്സ് പ്രായമേറിയ അവൾ സോഫയുടെ വക്കിൽ മുറുകെപ്പിടിച്ച് അച്ഛനേയും എന്നേയും മാറി മാറി നോക്കി. കണങ്കാൽ വരെയെത്തുന്ന തവിട്ടു നിറമുള്ള ഉടുപ്പിട്ട, എണ്ണമയമില്ലാത്ത ഒഴുക്കൻ മുടി രണ്ടായി പിന്നിയിട്ട അവൾ ഇടുങ്ങിയ കണ്ണുകൾ വീണ്ടും ചെറുതാക്കി എന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കുന്നത് കണ്ടപ്പോൾ ഞാൻ ഭയന്നു. അച്ഛൻ പഴയ കൂട്ടുകാരനെ അമ്മയ്ക്ക് പരിചയപ്പെടുത്തി. അനിയന്റെ കരച്ചിലിന്റെയിടയിൽ ചിരിക്കുകയും തലകുലുക്കുകയും ചെയ്യാൻ അമ്മ ബുദ്ധിമുട്ടി. ഞാനിടയ്ക്കിടെ ആ പെൺകുട്ടിയെ പാളിനോക്കി. അവൾ അപ്പോഴും എന്റെ മുഖത്ത് തന്നെ കണ്ണുകളുറപ്പിച്ചിരിക്കുകയായിരുന്നു. അച്ഛന്റെ ചരിത്രം പറച്ചിൽ തുടരുകയും അനിയന്റെ കരച്ചിൽ പൂർവാധികം ശക്തിപ്രാപിക്കുകയും ചെയ്തപ്പോൾ അമ്മ വലഞ്ഞു. അപ്പോൾ ആ കുട്ടി അമ്മയുടെയടുത്തേക്ക് ചെല്ലുകയും ഒന്നും പറയാനോ ചോദിക്കാനോ നിൽക്കാതെ അനിയനെ അവളുടെ ഒക്കത്തേക്ക് വലിച്ചെടുക്കുകയും ചെയ്തു. ആ നിമിഷം മുതൽ എന്റെ ലോകം തിരിഞ്ഞു കറങ്ങാൻ തുടങ്ങി.
ഞാൻ മാത്രമല്ല അത്ഭുതപ്പെട്ടത്. നിർത്താതെയുള്ള വർത്തമാനത്തിനിടയിലും അച്ഛന്റെ മുഖത്ത് അതിശയം വിടർന്നത് ഞാൻ കണ്ടു. അനിയന്റെ കരച്ചിൽ നിന്ന ആശ്വാസത്തിൽ അമ്മ അവിശ്വസനീയതയോടെയെങ്കിലും ചിരിച്ചു. അനിയൻ സ്വതവേ വിടർന്ന കണ്ണുകളിളക്കി പുതിയ ആളുടെ തോളിൽ പറ്റിച്ചേർന്നിരുന്നു. കരച്ചിൽ നിർത്തിയെങ്കിലും അവൻ ഭയന്നാണിരിക്കുന്നതെന്ന് എനിക്ക് തോന്നി. ആ പെൺകുട്ടിക്കാകട്ടെ, പരിചയക്കേടൊക്കെ മാറിപ്പോയതുപോലെ. അവൾ ചിരിച്ചുകൊണ്ട് അനിയനെ കൊഞ്ചിക്കാൻ തുടങ്ങി. നടുമുറിയിലെ ഒഴിഞ്ഞുകിടന്ന നാലു കസേരകളിലുമായി ചടുലതയോടെ മാറിമാറിയിരുന്ന് അവൾ കുട്ടിയെ രസിപ്പിച്ചു. എങ്കിലും അവൻ ഇടയ്ക്കിടെ നിസ്സഹായതയോടെ എന്നെ നോക്കുന്നുണ്ടെന്ന് എനിക്ക് തോന്നി.
“അവനെ എടുക്കമ്മേ” ഞാൻ അമ്മയുടെ അടുത്തുപറ്റിച്ചേർന്നുനിന്ന് തീരെ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു. വർത്തമാനത്തിൽ മുഴുകിയിരുന്ന അമ്മ അത് കേട്ടതായി ഭാവിച്ചതേയില്ല. പക്ഷേ, അച്ഛന്റെ സുഹൃത്തെന്ന് പരിചയപ്പെടുത്തിയ അതിഥി അത് കേട്ടു. അയാൾ ചുവപ്പ്‌രാശി പടർന്ന കണ്ണുകളിടുക്കി എന്നെ സൂക്ഷിച്ചു നോക്കി: “എന്തിനാണ് അവനെ അമ്മ എടുക്കുന്നത്? അമ്മ ഇത്തിരി നേരം സ്വസ്ഥമായിരിക്കട്ടെ. നിന്നെക്കൊണ്ടോ ഒരു സഹായവുമില്ല.”
അമ്മ അത് ശരിവയ്ക്കുന്ന മട്ടിൽ ശാസിക്കുന്ന ഒരു നോട്ടം നോക്കി. അച്ഛൻ അത് തമാശയാണെന്ന മട്ടിൽ ചിരിക്കാൻ ശ്രമിക്കുകയും എന്നെ ആശ്വസിപ്പിക്കുന്നതുപോലെ നോക്കുകയും ചെയ്തു. ഞാൻ പരിഭ്രമിച്ചു. ഇതുവരെ ഈ രീതിയിൽ എന്നോടാരും പറഞ്ഞിട്ടില്ല. എന്റെ വീട്ടിൽ മറ്റാരോ അധികാരം സ്ഥാപിക്കാൻ പോകുന്നുവെന്ന തോന്നൽ എങ്ങനെയോ ഉണ്ടായി. അതെന്നെ കരയിച്ചു. ആ കരച്ചിൽ മറ്റാരും കാണാതിരിക്കാനുള്ള കരുതലോടെ അടുക്കളയിലേക്ക് നടന്നു. അനിയൻ വന്നതിനു ശേഷവും ഞാനായിരുന്നു ആ വീട്ടിലെ രാജകുമാരി. “അവൾക്കിഷ്ടമുള്ളതുണ്ടാക്കിയാൽ മതി. അല്ലെങ്കിൽ എനിക്ക് രാത്രിയിലൊന്നും കഴിക്കാൻ വേണ്ട” അച്ഛൻ എന്നെ ചേർത്തുപിടിച്ചുകൊണ്ട് അമ്മയോട് തർക്കിച്ചിരുന്നു. “കുട്ടി എത്ര നാളായിട്ട് ആ ബിസ്‌കറ്റ് വേണമെന്ന് പറയുന്നു? എന്താ വാങ്ങിച്ചോണ്ട് വരാത്തത്?” അമ്മ അച്ഛനോട് കയർക്കും. കരയാനോ ദേഷ്യപ്പെടാനോ ഉറക്കെ ചിരിക്കാനോ ഒന്നും ഒരിക്കലും നിയന്ത്രണങ്ങളുമുണ്ടായിരുന്നില്ല. ആ വീട്ടിലാണ് ഇപ്പോൾ രാജകുമാരി കരച്ചിൽ പൊതിഞ്ഞെടുത്ത് ഇരുട്ടിലൊളിക്കാൻ നോക്കുന്നത്!
“നീ എന്തായാലും പോയില്ലേ? നാലഞ്ച് ചായേം കൂടി എടുത്തോ” അയാൾ വീണ്ടും വിളിച്ചു പറഞ്ഞു. എന്നോടാണ്! എനിക്ക് സങ്കടവും ദേഷ്യവും ഒന്നിച്ചുവന്നു.
“ഓ, അത് ഞാൻ മറന്നു. ഇപ്പൊ എടുക്കാം” എന്ന് പറഞ്ഞുകൊണ്ട് അമ്മ എഴുന്നേറ്റപ്പോൾ ഞാൻ എന്റെ മുറിയിലേക്കുള്ള വഴിയിലെ അലമാരയുടെ മറവിൽ കേറിയിരുന്നു.
“മമ്മിയിരിക്കൂ. ചായ ഞാനുണ്ടാക്കാം” അത് പറഞ്ഞത് ആ കുട്ടിയാണ്. അവൾ അനിയനെ വളരെ ശ്രദ്ധയോടെ താഴെയിരുത്തി, കളിക്കാനെന്തോ ഒന്ന് മുന്നിൽ വെച്ചു കൊടുത്തിട്ട് അടുക്കളയിലേക്കോടി വരുന്നത് ഞാൻ ഭീതിയോടെ കണ്ടു. എന്റമ്മ എങ്ങനെയാണ് ഏതാനും മിനിറ്റുകൾ മുൻപ് വന്ന ഇവളുടെ മമ്മിയാകുന്നത്! ഞാൻ ക്ഷോഭത്താൽ സഹികെട്ടു.
“കുട്ടിക്ക് അതുമറിയുമോ?” അമ്മ അത്ഭുതത്തോടെ ചോദിക്കുന്നത് കേട്ടു.
“അവൾക്കെന്താണ് അറിയാത്തതെന്ന് ചോദിക്ക്” അയാൾ അഭിമാനത്തോടെ ഉറക്കെ.
തുടർന്ന് അയാൾ അവളെക്കുറിച്ച് വർണിക്കാനാരംഭിച്ചു. ഞാൻ ചൂണ്ടുവിരൽ ചെവിക്കുള്ളിലേക്ക് കഴിയുന്നത്ര തിരുകിവെച്ചു. അടുക്കളയിൽനിന്നുള്ള പാത്രങ്ങളുടെ കലമ്പലും അവളെക്കുറിച്ചുള്ള വർണനകളും കേൾക്കാതിരിക്കാമല്ലോ.
അധികം വൈകാതെ തന്നെ അടുക്കളയലമാരയിൽ മുകളിലത്തെ തട്ടിൽ സൂക്ഷിച്ചു വെച്ചിരുന്ന വെളുത്ത താമ്പാളത്തിൽ നിരത്തിയ മൂന്ന് ചായക്കപ്പുകളുമായി അവൾ ഇരിപ്പുമുറിയിലേക്ക് നടക്കുന്നത് കണ്ടു. ഞാൻ ഇരുട്ടിലേക്ക് ഒന്നുകൂടി ചുരുണ്ടു. അലമാരയുടെ അടുത്തെത്തിയപ്പോൾ അവൾ നിന്നു. ഞാനിരിക്കുന്നയിടത്തേക്ക് തറപ്പിച്ചു നോക്കി. അവളുടെ ചുണ്ടുകളുടെ അഗ്രം കീഴ്‌പോട്ട് വളയുന്നതും ക്രൂരമായ ഒരു മന്ദഹാസം അവിടെ സ്ഥാനം പിടിക്കുന്നതും കണ്ട് ഭയന്ന് ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. ഞാനവിടെയുണ്ടെന്ന് അവൾക്കെങ്ങനെ മനസ്സിലായി?
മുൻവശത്തെ മുറിയിൽനിന്ന് ചായയെത്തിയതിന്റെ സൂചനകൾ കേട്ടു തുടങ്ങി.
അമ്മയും അച്ഛനും അവരവരുടെ പ്രശംസിക്കൽ ഭാഗം പൂർത്തിയാക്കിക്കഴിഞ്ഞപ്പോൾ അയാൾ വീണ്ടും വർണന തുടങ്ങി. ചായയിൽ തുടങ്ങി പലഹാരങ്ങളുണ്ടാക്കൽ, ഉടുപ്പു തയ്ക്കൽ, കൃഷിപ്പണി, തോട്ടമുണ്ടാക്കൽ, വീട് വൃത്തിയാക്കൽ ഇവയുടെയൊക്കെ ഭാഗം കഴിഞ്ഞപ്പോൾ അച്ഛനിടപെട്ടു: “അപ്പൊ നീ ഇവളെ സ്കൂളിലയക്കുന്നില്ലേ?”
അയാൾ ഉറക്കെ ചിരിച്ചു: “അതിലേക്കല്ലേ ഞാൻ പറഞ്ഞുവരുന്നത്. അവളാണ് സ്കൂളിലേക്കും തന്നെ ഫസ്റ്റ്. പഠിത്തം മാത്രമല്ല, പടംവര, പാട്ട്, ഡാൻസ്, ഓട്ടം, ചാട്ടം ഒക്കെയുണ്ട്. ഈ കൊച്ച് ഒരു ദിവസം പോയില്ലെങ്കിൽ അവിടെ സ്കൂളൊറങ്ങിപ്പോയെന്ന് പറയും ടീച്ചേഴ്സൊക്കെ.”
“ഓ, എത്ര വയസ്സായി? പന്ത്രണ്ടോ അതോ പതിമൂന്നോ? എന്നിട്ടും! മിടുമിടുക്കിയാണല്ലോ!” അമ്മ സ്നേഹത്തോടെ പറഞ്ഞു.
അച്ഛനെന്താണ് പറയുകയെന്ന് ഞാൻ ശ്രദ്ധിച്ചു. പക്ഷേ, അച്ഛനൊന്നും പറഞ്ഞില്ല.
ആ കുട്ടി അനിയനെ കൊഞ്ചിക്കുന്നതിന്റെ ശബ്ദം കേട്ടു. അച്ഛനും അയാളും പണ്ടൊരുമിച്ച് ജോലിചെയ്ത കാലത്തേക്ക് സംസാരം തിരിച്ചുവെച്ചു. അമ്മ അത്താഴമൊരുക്കാനായി അടുക്കളയിലേക്ക് നീങ്ങി. ആരും ശ്രദ്ധിക്കുന്നില്ലെന്ന് മനസ്സിലായപ്പോൾ ഞാൻ അലമാരയുടെ മറവിൽനിന്ന് പുറത്തുകടന്നു.
ഒരു കാൽ നിരക്കി പുറത്തുവെച്ച് കണ്ണുകൾ ഇരിപ്പുമുറിയിലേക്ക് നീട്ടി സൂക്ഷ്മതയോടെയാണ് പുറത്തുകടന്നതെങ്കിലും പിടിക്കപ്പെട്ടു. തൊട്ടു മുന്നിൽ അവൾ! എന്നെ കണ്ടപ്പോൾ പരിഹാസച്ചിരിയോടെ കൈ നീട്ടിപ്പിടിച്ചു: “ഞാൻ അനോന. നിന്റെ പേരെന്താ?”
തിരികെ കൈ കൊടുക്കാതെ ഞാൻ ചൂളിനിന്നു. അമ്പിളി എന്ന് പേര് പറഞ്ഞാൽ മുൻവശത്ത് നിന്ന് വീണ്ടും കളിയാക്കലുണ്ടാകുമോ എന്ന് പേടി തോന്നി. കുറച്ചുനേരം കഴിഞ്ഞ് അനോന കൈ പിൻവലിച്ചു.
“നിങ്ങൾ കൊച്ചിനെ മാനേഴ്‌സ് ഒന്നും പഠിപ്പിച്ചില്ലേ?” കൊണ്ടുപിടിച്ച സംസാരത്തിനിടയിലും അയാൾ അച്ഛനോട് ചോദിക്കുന്നത് കേട്ടു.
അച്ഛന്റെ മറുപടി കേൾക്കാൻ നിൽക്കാതെ ഞാൻ എന്റെ മുറിയിലേക്കോടി. കയറിയ ഉടനെ വാതിൽ കുറ്റിയിട്ടു. അഞ്ചുനാൾ കൂടിക്കഴിഞ്ഞാൽ എന്റെ പിറന്നാളാണ്. അന്ന് വാങ്ങേണ്ട കേക്കിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഞങ്ങൾ. അപ്പോഴാണ് അവർ വന്നത്. പിറന്നാളിനിടേണ്ട ഉടുപ്പ് അച്ഛൻ വാങ്ങിയിട്ടുണ്ടെന്ന് അമ്മ രഹസ്യം പറഞ്ഞിരുന്നു. സർപ്രൈസാക്കി വെച്ചിരിക്കുകയാണ്. എന്റെ ആഗ്രഹംപോലെ അതിൽ രണ്ട് മഞ്ഞ ചിത്രശലഭങ്ങളെ തുന്നിച്ചേർത്തുകൊണ്ടിരിക്കുകയാണ് അമ്മ. ഞാൻ പിറന്നാൾ ദിവസത്തെക്കുറിച്ചാലോചിച്ചു. ഉടുപ്പിലെ ചിത്രശലഭങ്ങളെക്കണ്ട് മിയയും ദേവുവും അതിശയിക്കും. സ്കൂളിൽ കൊടുക്കാൻ ഇത്തവണ എക്ലയേഴ്‌സിനു പകരം മറ്റെന്തെങ്കിലും മതിയെന്ന് അച്ഛനോട് പറയണം.
വാതിൽക്കൽ മുട്ടു കേട്ടപ്പോൾ എന്റെ നല്ല വിചാരങ്ങളൊക്കെ നിന്നു പോയി. മടിച്ചുമടിച്ചാണ് വാതിൽ തുറന്നത്. അത് അവൾ തന്നെയായിരുന്നു. ഒപ്പം അമ്മയുമുണ്ട്.
“എന്താ വാതില് കുറ്റിയിട്ടേ? മോള് അനോനയെ കണ്ടില്ലേ? അച്ഛന്റെ കൂട്ടുകാരന്റെ മോളാണ്. കുറച്ചു നാള് അനോന നമ്മടെ കൂടെയുണ്ടാവും. ഇനീപ്പം അമ്പിളിക്കുട്ടിക്ക് കളിക്കാനൊരു കൂട്ടായി.” പിന്നെ തിരിഞ്ഞ് ആ കുട്ടിയോട് പറഞ്ഞു: “അമ്പിളീടെ കയ്യിൽ ഒരുപാട് കഥാപുസ്തകങ്ങളുണ്ട്. അവളെഴുതിയ കഥകളുമുണ്ട്. പക്ഷേ, ഇഷ്ടമുള്ളവർക്കേ വായിക്കാൻ കൊടുക്കൂ. ല്ലേ കുട്ടാ? അനോനയ്ക്ക് തരും. വേഗം കൂട്ടായിക്കോ.” വലിയൊരു തമാശ പറഞ്ഞതുപോലെ കണ്ണിറുക്കി ചിരിച്ചിട്ട് അമ്മ മുറിയിൽനിന്നിറങ്ങി.
ഞാൻ തരിച്ചുനിന്നുപോയി. കുറച്ചു ദിവസങ്ങൾ എന്നു പറയുമ്പോൾ? എന്റെ പിറന്നാളിനും? അതുകഴിഞ്ഞിട്ടും?
അനോന എന്റെ കട്ടിലിലിരുന്നു. മുറി മുഴുവനുമൊന്നു നോക്കി: “വൃത്തിയൊക്കെയുണ്ട്” -അവൾ ചുണ്ടു കോട്ടി: “പക്ഷേ, എല്ലാം പഴയ സാധനങ്ങളാണ്.”
ഞാൻ മേശയിൽ ചാരി പകപ്പോടെ നിന്നതേയുള്ളൂ.
കട്ടിലിൽ മലർന്നുകിടന്ന് അനോന സംസാരം തുടങ്ങി. അവളുടേത് വീടല്ല, ഫ്ലാറ്റാണ്. ബാൽക്കണി തുറന്നാൽ ദൂരെനിന്ന് കായൽക്കാറ്റ് വരും. അവളുടെ മുറി ഇതിനെക്കാൾ ചെറുതാണ്. പക്ഷേ, എ.സിയുണ്ട്. ബെഡിനു മുകളിൽ കൊതുകുവലയുണ്ട്. മേശപ്പുറത്തെ ഫ്ലാസ്‌കിൽ സ്‌നോവൈറ്റിന്റെ പടമുണ്ട്, ജനലുകളിൽ വെള്ളക്കർട്ടനുണ്ട്. മുറിയിൽനിന്ന് പുറത്തിറങ്ങുന്നയിടത്തുള്ള സ്ഥലത്തിരുത്തിയാണ് അവളുടെ ട്യൂഷൻ ടീച്ചർ പഠിപ്പിക്കാറ്. അവരവിടെ ഉള്ളപ്പോഴൊക്കെ ഒരു വൃത്തികെട്ട മണം അവിടെയുണ്ടാവും. അതെന്തിന്റെയാണെന്ന് ഇതുവരെ കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല. പണ്ടവൾക്ക് ഒരു പൂച്ചയുണ്ടായിരുന്നു. അതിന്റെ ഒരു കാൽ മാത്രം വെളുത്തും ബാക്കിയൊക്കെ കറുത്തുമിരുന്നു. പിന്നതിനെ കാണാതായി. ഫ്ലാറ്റിന്റെ മുൻവാതിൽ തുറന്ന് പുറത്തേക്കിറങ്ങുന്നയിടത്ത് അവരൊരു ചെടി വെച്ചിട്ടുണ്ട്. ഇതുവരെ പൂത്തിട്ടില്ല. ഡാഡിക്ക് മൂന്നു ഫോണുണ്ട്. പക്ഷേ. ഓഫീസ് കാര്യങ്ങൾക്കായി മാത്രമേ ഡാഡി ഫോണെടുക്കൂ. ബാക്കിസമയം മുഴുവൻ അവൾക്കൊപ്പമുണ്ടാവും.
ഇത്രയധികം സമയം നിർത്താതെ സംസാരിക്കുന്നവരെ ആദ്യമായി കാണുകയായിരുന്നു. എനിക്ക് കൗതുകം തോന്നി. ഒന്നും പറയാതെ നോട്ടം മാറ്റാതെ ഞാനവളെ ശ്രദ്ധിച്ചു. മറ്റൊരു കാര്യം കൂടിയുണ്ട്. അവൾ അമ്മയെപ്പറ്റി ഇത്ര നേരവും ഒന്നും പറഞ്ഞിട്ടില്ല. അമ്മ മരിച്ചു പോയതാകുമോ? അമ്മയില്ലാത്ത കുട്ടികൾ എങ്ങനെ ജീവിക്കുമെന്ന് ആ നിമിഷം വരെ ഞാനാലോചിച്ചിരുന്നില്ല.
“ഞാനിനി കുറച്ചുനാൾ ഇവിടെയുണ്ടാവും. നിനക്ക് കിടക്കാൻ വേറെ മുറിയുണ്ടോ?” അനോന ചോദിക്കുന്നു. എന്തുകൊണ്ടോ എനിക്ക് ആദ്യത്തെയത്ര ഈർഷ്യ തോന്നിയില്ല. കയ്യിൽ തടഞ്ഞ ഒരു പുസ്തകവുമായി ഞാൻ ജനലിനടുത്തുള്ള കസേരയിലേക്ക് ചുരുണ്ടു.
അവൾ കാൽകൊണ്ട് കട്ടിലിന്റെ അറ്റത്ത് താളത്തിൽ തട്ടുന്ന ശബ്ദം കേട്ടു: “ഇതിനകത്ത് വാഷ്റൂമുണ്ടോ?”
“ഇല്ല.”
“നീയെന്തൊരു കഴുതയാണ്! ഈ പ്രായത്തിലെ പെൺകുട്ടിക്ക് അകത്തൊരു ബാത്‌റൂം അത്യാവശ്യമാണ്. നിന്റെ പേരെന്റ്സിനറിയില്ലെങ്കിൽ നീ ആവശ്യപ്പെടണം.”
ഞാൻ മറുപടി പറഞ്ഞില്ല.
അല്പനേരത്തേക്ക് അവളൊന്നും മിണ്ടിയില്ല. ഒരുപക്ഷേ, ഉറങ്ങിപ്പോയോ എന്ന് ഞാൻ സംശയിച്ചപ്പോൾ വീണ്ടും ചോദ്യം വന്നു: ‘നീ എങ്ങനെയുള്ള കഥകളാണെഴുതുന്നത്?”
ഇത്തവണ അവൾ ഉത്തരമൊന്നും പ്രതീക്ഷിക്കുന്നേയില്ലെന്ന് തോന്നി.
“ഞാനൊരു കഥ പറയാം. നിനക്കത് പൂരിപ്പിക്കാനാവുമോ എന്ന് നോക്ക്.”
കൗതുകം തോന്നിയെങ്കിലും മൗനം തുടർന്നു.
“ഇതൊരു വിഡ്ഢിയായ രാജകുമാരിയുടെ കഥയാണ്. അവൾക്കൊരു പാവക്കുട്ടിയുണ്ടായിരുന്നു. താഴത്തു വയ്ക്കാതെ അവളതിനെ കൊണ്ടുനടന്നു. അന്നേ ദിവസം ആകസ്മികമായി കൊട്ടാരത്തിന്റെ ആകാശത്തുകൂടി പറന്ന ഒരു മന്ത്രവാദിനിക്ക് ആ പാവക്കുട്ടിയെ വേണമെന്ന് തോന്നി. ഒന്നിനുമല്ല, ചുമ്മാ അതിന്റെ ഒരു കണ്ണ് തുരന്നെടുക്കാനും രണ്ടു വിരലുകളൊടിച്ചെടുക്കാനും ചെവിയിലൊരോട്ടയിടാനും തോന്നി. പക്ഷേ, രാജകുമാരി അതിനെ താഴത്തു വയ്ക്കുന്നേയില്ലല്ലോ. പിന്നെന്തു ചെയ്യും? മന്ത്രവാദിനിക്കൊരു സൂത്രം തോന്നി. അത് ഫലിച്ചു. പാവയെക്കിട്ടി. ഇനിയാണ് നിനക്ക് പൂരിപ്പിക്കേണ്ട ചോദ്യം. അവരെന്തു സൂത്രം ചെയ്തിട്ടാണ് പാവയെ കിട്ടിയത്?”
“എന്റെ കഥയാണെങ്കിൽ മന്ത്രവാദിനിക്ക് പാവയെ കിട്ടില്ല” ഞാൻ വളരെ സാവധാനം മറുപടി പറഞ്ഞു.
അനോന ഉറക്കെ ചിരിച്ചു: “നീയൊരു മണ്ടിയാണ്. ഈ ലോകത്ത് വിച്ച് ടൈപ്പ് ഡീഡ്സ് ചെയ്യുന്നവർക്കാണ് ഏറ്റോം ബുദ്ധി. അവർക്ക് പാവയെ കിട്ടുകതന്നെ ചെയ്യും.”
മറുപടി പറഞ്ഞത് അബദ്ധമായിപ്പോയെന്ന് എനിക്ക് തോന്നി. കയ്യിലെ പുസ്തകത്തിന്റെ പേജുകൾ അങ്ങോട്ടുമിങ്ങോട്ടും മറിച്ചുകൊണ്ട് ഞാൻ കുനിഞ്ഞിരുന്നു.
പിന്നീട് സംസാരമൊന്നുമുണ്ടായില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates