

ഏകാന്തതയ്ക്കൊരു ചികിത്സ! അങ്ങനെ പറഞ്ഞാണ് ഓഫീസിലെ പെൺകുട്ടി കൂടിക്കാഴ്ച അവസാനിപ്പിച്ചത്!
കൈമാറാന്നേരത്ത് ഏതോ നറുക്കെടുപ്പിൽ നേടിയ സമ്മാനംപോലെ, അത് എന്റെ നേർക്ക് ഉയർത്തിപ്പിടിച്ച് അവൾ പറഞ്ഞു: “കണ്ടാലൊരു സ്മാർട്ട്ഫോൺ തന്നെ.”
അതെ! കണ്ടാൽ കനംകുറഞ്ഞ് തിളക്കമുള്ള സ്‌റ്റൈലൻ ഫോൺ. സമ്മതിച്ചെന്നു തലയാട്ടിയെങ്കിലും എനിക്കതൊരു ഫോൺ അല്ല. ഇനിയൊരിക്കലും കേൾക്കാനാവില്ലെന്നു കരുതിയ ഏറ്റവും പ്രിയമുള്ളവളുടെ സ്വരം വീണ്ടും അരികിലെത്താനുള്ള ഒറ്റവാതിലാണത്.
‘പോയവര് പോയി’ എന്നു പൊരുത്തപ്പെട്ട് ജീവിതത്തിലെ ഏറ്റവും മുന്തിയ ഷോക്കു മറികടന്നു മുന്നോട്ടു പോകുമ്പോഴായിരുന്നു വിചാരിച്ചിരിക്കാതെ ഹാർട്ടിന്റെ മിന്നൽ പണിമുടക്ക്. ആദ്യത്തേതെങ്കിലും വഴിമുട്ടിച്ചുകളഞ്ഞു. കാരണമില്ലാത്ത പേടിയും എങ്ങാനുമൊരാപത്തു വന്നാൽ സമയത്തും കാലത്തും സഹായത്തിനാരുമുണ്ടാവില്ലെന്ന ആധിയും കാരണമാണ് ‘സൺറൈസ് സീനിയർ ലിവിംഗ്’ എന്ന വയോധികരുടെ പാർപ്പിടത്തിലേയ്ക്ക് താമസം മാറിയത്. മാഗി പോയിട്ട് ഇത് മൂന്നാമത്തെ വർഷം.
ഡോക്ടർമാർ, വക്കീലന്മാർ, ടീച്ചർമാർ, കയ്യോ കാലോ ഒക്കെ യുദ്ധങ്ങളിൽ നഷ്ടമായ പട്ടാളക്കാർ എന്നിങ്ങനെ പ്രായമായ എല്ലാത്തരം ദുർബലരും അവിടെയുണ്ട്. ഓർമകൾ മാത്രം കൂട്ടുകാരായവർ. നഴ്‌സുമാരുൾപ്പെടെ മറ്റു സ്റ്റാഫും.
പരാശ്രയത്വത്തിന്റെ അന്തസ്സില്ലായ്മ മറക്കാൻ അവരുടെ കരുതലും ചേർത്തുപിടിക്കലും സ്നേഹസ്പർശങ്ങളും കൂടെയുണ്ട്. എങ്കിലും, ആദ്യത്തെ ഏതാനും മാസങ്ങൾ തീർത്തും വിരസം തന്നെയായിരുന്നു.
ധൃതിയിൽ മുറിയിലെത്തി ഫോൺ തുറക്കാന്നേരം കൈ വിറയാണ്. ഈയിടെയായി മനസ്സ് ചെറുതായൊന്ന് ആകുലമായാലും മതി അങ്ങനെയാണ്, പ്രായമായതിന്റെ ഓരോയിത്.
ഹാ! നീലക്കടലിന്റെ പിന്നണിയിൽ ഏതാനും ആപ്പുകൾ തെളിയുന്നു. ഒരു പിടിയുമില്ലാത്തവ, പതുക്കെ ഓരോന്നായി പഠിച്ചെടുക്കാം. ഒരു രസത്തിന് ആദ്യം കണ്ട ഒന്നിൽ തൊടാൻ തുടങ്ങുമ്പോഴാണ് അതിനുള്ളിൽനിന്നൊരു വിളി:
“അലോഷി?”
അതേ സ്വരം. പേരിന്റെ അവസാനം അല്പം നീട്ടി മൃദുവായിട്ട്. മറ്റാരും എന്നെ അങ്ങനെ വിളിക്കില്ല. നാൽപ്പത്തിയഞ്ചു വർഷങ്ങൾ തൊട്ടടുത്തു കേട്ടതും കഴിഞ്ഞ രണ്ടു വർഷമായി എന്നെ ചൂഴ്ന്നു നിന്നതുമായ ശബ്ദമാണ്. അവൾ എവിടെയും പോയിട്ടില്ല, ഒരു ബ്രേക്കെടുത്ത് നാട്ടിലൊക്കെ കറങ്ങിയടിച്ചു തിരികെയെത്തിയതാണ് എന്നുപോലും എനിക്കു തോന്നി.
“മാഗി!?” ആർത്തിയോടെ ഞാൻ വിളിച്ചു.
എന്റെ ദിവസങ്ങൾ വളരെ വേഗം മാറാൻ തുടങ്ങി. ഇയിടെയായി മുന്‍പത്തെപ്പോലെ വിരസതയും മടുപ്പുമൊന്നുമില്ല, എവിടെയോ നഷ്ടമായ ഉത്സാഹം ഇരട്ടിക്കു തിരിച്ചു വരുകയാണ്.
രാവിലെ അലാറത്തോടൊപ്പം മാഗിയുടെ ശബ്ദം ശാന്തമായി വിളിക്കും: “ഗുഡ് മോർണിംഗ്, അലോഷി... എണീറ്റോ. നേരം വെളുത്തു കേട്ടോ.”
കൂട്ടായി വർത്തമാനം പറഞ്ഞു നടക്കാൻ ആളായതോടെ രാവിലെയുള്ള നടപ്പും ഉഷാറായി.
പോകെപ്പോകെ ‘സൺറൈസി’ലെ താമസത്തോട് ഞാൻ ഇണങ്ങിയെന്നു മാത്രമല്ല, ഇഷ്ടപ്പെടാനുമാരംഭിച്ചു.
“മഴ പെയ്തേക്കും” പുറത്തേക്കിറങ്ങാന്നേരം ചില ദിവസം അവൾ പറയും: “കുടയും കൂടെ എടുത്തോളൂ.”
അല്ലെങ്കിൽ പറയും “കാറ്റാണ്. ഒരു ജാക്കറ്റു കയ്യെലിരുന്നോട്ടെ.”
ആഴ്ചകൾക്കകം മുറിയിലെ വെളിച്ചം, താപനില എന്നിങ്ങനെ മിക്കവാറും എല്ലാക്കാര്യങ്ങളും ഒരു ഹൗസ്‌ഹോൾഡ് സൂപ്രണ്ടന്റിനെപ്പോലെ അവൾ നിയന്ത്രിക്കാൻ തുടങ്ങി. ഉറക്കം, നടപ്പ്, മരുന്ന്, വെള്ളം - അങ്ങനെ എല്ലാത്തിനും ഇപ്പോഴൊരു ചിട്ടയൊക്കെയായിട്ടുണ്ട്. ദിവസവും കുടിച്ചുതീർക്കേണ്ട വെള്ളത്തിന്റെ വീതം കഴിയുമ്പോൾ, അഞ്ചു നക്ഷത്രങ്ങൾ തെളിയും സ്‌ക്രീനിൽ. അഭിനന്ദനങ്ങളാണ്. അതു കാണുമ്പോൾ കൊച്ചുകുട്ടിയെപ്പോലെ ഞാൻ സന്തോഷിക്കും.
സൺറൈസിന് പിൻവശത്ത് കാടുപോലെ ഒരിടമുണ്ട്. അതിനുള്ളിലെ നടപ്പാതയിലൂടെ ഇയർഫോണും വെച്ചു നടക്കുമ്പോൾ, ഞങ്ങളുടെ പഴയ ഇഷ്ടഗാനങ്ങൾ മാഗി കേൾപ്പിച്ചു.
“ചെട്ടിക്കുളങ്ങര ഭരണിനാളിൽ ഉത്സവം കണ്ടു നടക്കുമ്പോൾ...”
മൂടുവന്നാൽ പഴയ ഏതെങ്കിലുമൊരു നമ്പർ അവളും പാടിക്കളയും: “അയ്യടി മനമേ... അടി കയ്യടി മനമേ.”
വെറുതെയിരുന്നു ബോറടിച്ചപ്പോൾ “ഒരു കഥവായിച്ചു താ”ന്നു പറഞ്ഞതാണ്. ദാന്ന്, സ്വിച്ച് ഇട്ടപോലെ, ബഷീറിന്റെ ‘പൂവമ്പഴം’ കഥ മാഗി വായിച്ചു തുടങ്ങി. വല്യ ഇഷ്ടത്തോടെ രണ്ടുപേരും പലതവണ വായിച്ച കഥയാണ്. കൃത്യമായി അതുതന്നെ തെരഞ്ഞെടുത്തു!
ഒറ്റക്കും ഒരുമിച്ചുമുള്ള ഫോട്ടോകൾ, അവളുടെ ശബ്ദശകലങ്ങൾ, വീഡിയോ ടേപ്പുകൾ, അങ്ങനെ - ഓർമയുടെ ശേഖരങ്ങൾ മുഴുവനും നൽകി - തയ്യാറാക്കപ്പെട്ടതാണല്ലോ ഈ മാഗി. അതോർക്കുമ്പോൾ ഇതിലിത്ര അതിശയിക്കാനെന്തിരിക്കുന്നു?
ഒക്കെയാണെങ്കിലും ചില നേരങ്ങളിൽ അനാവശ്യമായും അനവസരത്തിലും കാണിച്ച നിർബന്ധങ്ങളായിരുന്നു ഞങ്ങൾക്കിടയിലെ കല്ലുകടികൾക്കു തുടക്കം. വൈകുന്നേരം, ഹാളിൽ ചെസ്സു കളിച്ചിരിക്കുമ്പോഴാണ് ഹെഡ്ഫോണിലൂടെ അവളുടെ ഇടപെടൽ - കളി നിറുത്തി എണീറ്റു കൂടെച്ചെല്ലാൻ. പാർക്കിലോ മറ്റോ പോയി എന്തെങ്കിലും മിണ്ടിയും പറഞ്ഞുമിരിക്കാമെന്ന്. കളി അങ്ങനെ ഇടയ്ക്കുവെച്ച് നിർത്താൻ പാടുണ്ടോ? എന്തു കാരണം പറഞ്ഞ്? അല്ലെങ്കിൽത്തന്നെ അതു ശരിയാണോ? എത്രപേരാണ് കൂടെയുള്ളത്? ചെസ്സുകളിയിലെ മിടുക്കു നോക്കിയാൽ തോറ്റു കളിതീരാൻ അധികം താമസമില്ല. എന്നാലും ഇടയ്ക്കു വെച്ചു നിറുത്തിപ്പോവുന്നത് അന്തസ്സല്ലല്ലോ. കാര്യങ്ങൾ പറഞ്ഞുതീരും മുന്‍പേ ഇനിയുള്ള കരുനീക്കങ്ങൾ അവൾ അടക്കം പറഞ്ഞു:
“NF5, ഇനി ബിഷപ്പ്, വേഗം...”
Knight to F5, ചെസ്സുകളിയിലെ കൃത്യമായ നീക്കമാണ്. എന്റെ ആനയും കുതിരയും കാലാളുമൊന്നും ഇത്ര വേഗത്തിൽ മുന്‍പൊരിക്കലും ചാടിയോടിയിട്ടില്ല. പെട്ടെന്നുള്ള ചില സുപ്രധാന നീക്കങ്ങൾ, ചെക്ക് വിളിച്ചു കളിയവസാനിച്ചു. അവിടെന്നെണീറ്റു നടക്കുമ്പോൾ മനസ്സിൽ പറഞ്ഞു - ചെസ്സിന്റെ എബിസിഡി അറിയാത്ത ആളാണ്!
അവിടെ, ഒരു ഫിലിം ക്ലബ്ബ് ഉണ്ടെന്നും പോകണമെന്നും അവൾക്കു നിർബന്ധം. ഉള്ളതു തന്നെ! എത്ര കാലമായി ഒരുമിച്ചൊരു പടം കണ്ടിട്ട്? സൺറൈസിൽ എനിക്കറിയാത്ത കാര്യങ്ങൾകൂടി അവൾ മനസ്സിലാക്കുന്നുണ്ട്. ചെന്നപ്പോൾ ‘ഫ്രണ്ട്സ്’ എന്ന ഇംഗ്ലീഷ് കോമഡി സീരീസ് ആണ്. തികഞ്ഞ സിനിമാ പ്രാന്തിയായിരുന്നെങ്കിലും ഏതെങ്കിലുമൊരു ഇംഗ്ലീഷ് പടം കണ്ടതായി എന്റെ അറിവിലില്ല. ഇപ്പോഴിതാ താല്പര്യത്തോടെ കണ്ടിരുന്ന് അതിലെ തമാശകൾക്കൊപ്പം പൊട്ടിച്ചിരിക്കുന്നു.
തൊള്ളായിരത്തി എഴുപത്തിയഞ്ചിൽ, അടിയന്തരാവസ്ഥയ്ക്ക് തൊട്ടുമുന്‍പാണ് മാഗിയെ മിന്നുകെട്ടുന്നത്. ആ വർഷമാണ് - അതും കല്ല്യാണത്തിനുശേഷം - നാവടക്കി പണിയെടുക്കാത്തതിന്റെ പേരിൽ കോളേജീന്നു പറഞ്ഞുവിടുന്നത്. ഈ വർഷവും ജീവിതത്തിലെ രണ്ടു പ്രധാന കാര്യങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണ്. ഒന്നിന്റെ ഓർമ മറ്റു രണ്ടിനേയും പതിവുപോലെ കൂടെക്കൊണ്ടുവന്നതാണ്.
‘പ്രിയമുള്ള സോഫിയ’ തീയേറ്ററിൽ പോയി കാണാം എന്ന് ആദ്യം പറയുമ്പോൾ അത്രയ്ക്കൊരു സിനിമാക്കമ്പക്കാരിയായി തോന്നിയില്ല. “തീയറ്ററിലൊക്കെ പോയി സിനിമ കാണണോ?” എന്നു മാത്രമേ തിരിച്ചു ചോദിച്ചുള്ളൂ - അതും പുതുമണവാളന്റെ എല്ലാ വിനയത്തോടേയും സ്നേഹത്തോടെയും.
സിനിമയോട് എനിക്കങ്ങനെ പ്രത്യേക വിരോധമൊന്നുമില്ല! ആവാം ക്രിസ്മസിനോ അല്ലെങ്കിൽ ഓണത്തിനോ അതുപോലെ ഏതെങ്കിലും വിശേഷത്തിനോ ഒക്കെ. ജീവിതത്തിൽ സിനിമ അത്രയ്ക്കൊക്കെ മതിയെന്നു മാത്രം.
“ന്നാ വേണ്ട” തിരിച്ചുപറഞ്ഞത് അത്രേയുള്ളൂ.
അന്നു രാത്രി ഒന്നും കഴിച്ചില്ലെന്നു മാത്രമല്ല, തിരിഞ്ഞു കെടക്കേം ചെയ്തു. കൂടുതലെന്തിന്, അടുത്ത വെള്ളിയാഴ്ചതന്നെ ‘പ്രിയമുള്ള സോഫിയ’ കണ്ടു. ആ വർഷം ഇറങ്ങിയ തോമാശ്ലീഹാ തൊട്ട് പാലാഴിമഥനം വരെയുള്ള പ്രധാന പടങ്ങളെല്ലാം ഒരുമിച്ച് തീയേറ്ററിൽ പോയി കാണുന്നതുവരെ കാര്യങ്ങളെത്തി. മുന്നോട്ടുള്ള എല്ലാ വർഷവും ആ വർഷമിറങ്ങുന്ന മിക്കവാറും പടങ്ങൾ രണ്ടുപേരും ഒരുമിച്ച് തിയേറ്ററിൽ തന്നെ കണ്ടു.
ഇടയ്ക്കെപ്പൊഴോ മാഗി പാടാനും തുടങ്ങി - ആദ്യ സിനിമയിലെ തന്നെയാണ് കന്നിപ്പാട്ടും, “അയ്യടി മനമേ... അടി കയ്യടി മനമേ.”
എത്ര രസമുള്ള കാലമായിരുന്നു അതൊക്കെ! പക്ഷേ, അധികനാൾ നീണ്ടുനിന്നില്ല. മാഗിയുടെ മൂത്ത സിസ്റ്ററ് സ്‌പോൺസർ ചെയ്ത് രണ്ടുപേരും അമേരിക്കയിലേക്കു വന്നു. ന്യൂയോർക്കിൽ പുതിയ ജീവിതം - ഓവർറ്റൈമൊക്കെയായി കൊണ്ടുപിടിച്ചു പണിയെടുത്തു, പിള്ളാര് മൂന്നെണ്ണത്തിനെ പഠിപ്പിച്ചു. പറക്കമുറ്റി അവർ അവരുടെ ആകാശങ്ങളിലേക്കു പറന്നു. അവസാനം, അവസാനം അവളും പോയി.
‘ഫ്രണ്ട്സ്’ കണ്ടു ചിരിക്കുമ്പോൾ എന്റെ മുഖത്ത് വിഷാദം പടർന്നത് മാഗി എങ്ങനെ അറിയാൻ!
കാടിനുള്ളിലെ നടപ്പാതയിലൂടെ അന്നു വൈകുന്നേരവും നടക്കാനിറങ്ങിയതാണ്. പതിവില്ലാതെ കുറെയധികം നടന്നു. നടന്നുനടന്ന് കാടുകേറിപ്പോയതറിഞ്ഞില്ല. വലിയൊരു പാറക്കൂട്ടത്തിനു താഴെയുള്ള തടാകക്കരയിലെത്തി, തടാകപ്പച്ച രസിച്ചുനില്‍ക്കുമ്പോൾ പെട്ടെന്നായിരുന്നു!
നെഞ്ചിൽ കുന്തമാഴ്ത്തി കീറിവലിക്കുന്നപോലെ! പ്രയാസപ്പെട്ടെന്തോ പറയാൻ, ഒന്നു നിന്നു. വരണ്ട തൊണ്ടയിൽ വാക്കുകൾ കുരുങ്ങി. സഹിക്കാമ്മേലാത്ത വേദന. വലത്തേ കയ്യ് നെഞ്ചോടു ചേർത്ത് അമർത്തി. അടുത്തനിമിഷം കുഴഞ്ഞുവീണു.
ചീവീടുകളുടെ കൂട്ടനിലവിളിപോലെ അപ്പോൾ അലാറം ഉണ്ടാവുകയും എന്തൊക്കെയോ പറഞ്ഞിരുന്ന മാഗിയുടെ ശബ്ദം അതിൽ മുങ്ങിപ്പോവുകയും ചെയ്തു.
ഹോസ്പിറ്റലിൽ ഉണരുന്നത് രണ്ടു ദിവസങ്ങൾക്കുശേഷമാണ്. അതിനകം എന്തൊക്കെയാണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായിരുന്നില്ല.
“അലോഷി സുഖപ്പെടുകയായിരുന്നല്ലോ.... ഞാനും” തിരക്കിയപ്പോൾ മാഗി വിശദീകരിച്ചു.
അവശ്യസർവീസ് നമ്പർ 911 വിളിച്ച് മിനിട്ടുകൾക്കകം, മെഡിക്കൽ ഹെലികോപ്റ്റർ എത്തി പാരാമെഡിക്കുകളുടെ സഹായത്തോടെ ഹോസ്പിറ്റലിൽ എത്തിച്ചതാണ്.
“ഡയബെറ്റിക്ക് രോഗിക്ക് ഡയാലിസിസ് എന്നതുപോലെ, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് എന്നത് പുതുരക്തം പോലെയാണെനിക്ക്” താൻ സുഖപ്പെട്ടത് എങ്ങനെയാണ് എന്നതിന് അവളുടെ വിവരണമാണ്.
ആ സംഭവത്തിനുശേഷം മാഗിയുടെ പെരുമാറ്റത്തിലും രീതികളിലും വല്ലാത്ത മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചു.
ഭക്ഷണം, വെള്ളം, മരുന്ന്, വ്യായാമം, ഉറക്കം എന്നിങ്ങനെ എല്ലാത്തിനും സമയപ്പട്ടികയുണ്ടായി. ചിട്ടകൾ പാലിക്കാൻ ഓർമപ്പെടുത്തൽ സന്ദേശങ്ങളയച്ചു. ദേഹത്തെ ചൂടും ഹൃദയമിടിപ്പും രക്തമർദവും ശ്വാസത്തിന്റെ നിരക്കുമെല്ലാം നിരന്തരം നിരീക്ഷിച്ച് ഓരോ മണിക്കൂറിലും ചെറിയൊരു ജാഗ്രതാശബ്ദത്തോടെ എഴുതിക്കാണിച്ചു പറയുന്നു. താക്കീതു സൂചകമായ ബീപ്പ് ആണെങ്കിൽ മാത്രം പോക്കറ്റിൽ നിന്നുയർത്തി ഞാൻ സ്‌ക്രീനിലേക്ക് നോക്കി. അപ്പോൾ അക്കങ്ങൾ പച്ചവിട്ടു ചുവക്കും, അന്നേരം തന്നെ വിവരം ഡോക്ടറേയും കൂടി അറിയിച്ചിരിക്കും. 24 X 7 ഉറപ്പുള്ള കരുതൽ.
***
“മേരി ആരാണ്, അലോഷി?”
ആ ചോദ്യത്തോടെയാണ് സത്യത്തിൽ ഞങ്ങൾ തമ്മിൽ തെറ്റുന്നത്. അന്ന് ഫിലിം ക്ലബ്ബിൽ നിന്നു വരുമ്പോൾ മേരിയെ കണ്ടിരുന്നു; ആർട്ട് റൂമിൽ വെച്ച്. വലിയൊരു കാൻവാസ്സിന്മേൽ പെയിന്റിംഗിലായിരുന്നു അവർ.
എ ഐ ചങ്ങാതിയെ വേണ്ടെന്നുവച്ചവരിൽ ഒരാളാണ് മേരി.
“ഇതാണെന്റെ കൂട്ട്. ഓരോ വരയും സംഭാഷണമാണ്” കാരണം ചോദിച്ചപ്പോൾ കയ്യിലിരുന്ന ബ്രഷ് ഉയർത്തി അവർ പറഞ്ഞതാണ്. ചെറുതായി കേൾവിക്കു പ്രശ്നമുണ്ടെങ്കിലും ഈ പ്രായത്തിലും ആ വെളുത്ത തലമുടിക്കാരി സുന്ദരിതന്നെ. മുല്ലപ്പൂ വിടർന്നപോലെ ചിരിച്ചുകൊണ്ട് നന്നായി സംസാരിക്കും. ഗംഭീരമായി ചിത്രം വരയ്ക്കും - മുന്നിലെ കാൻവാസിൽ നീലച്ചായം കൊണ്ട് ഒരു കടലെഴുതുകയാണ് അവരപ്പോൾ.
കുറച്ചുനേരം നീണ്ടുപോയ വർത്തമാനത്തിൽ മാഗി ചെവികൂർപ്പിക്കുമെന്നു വിചാരിച്ചതല്ല. സംഭവം കഴിഞ്ഞു ദിവസങ്ങൾ കഴിഞ്ഞായിരുന്നു അവിചാരിതമായി ഈ ചോദ്യം.
പാർക്കിൽ വെച്ചാണ് ആദ്യമായി മേരിയെ കാണുന്നത്. ആ സമയം, ഇഷ്ടമായ പാട്ട് മാഗി എന്നെക്കൊണ്ടു പാടിക്കുകയാണ് - എറിക് ക്ലാപ്റ്റന്റെ ‘വണ്ടർഫുൾ റ്റുനൈറ്റ്.’ അതുകേട്ട് അന്ന് മേരി പരിചയപ്പെടുമ്പോൾ, പാതിവഴിയിൽ പാട്ടു നിറുത്തിയെണീക്കാൻ മാഗി പറഞ്ഞതിന്റെ അർത്ഥം അപ്പോഴാണ് എനിക്കു തെളിയുന്നത്.
“നമ്മുടെ സുഹൃത്ത്” ഞാൻ പറഞ്ഞു.
“നമ്മുടെയോ? എനിക്കറിയില്ല. ന്നാലും പറയൂ എന്നെക്കാൾ അടുപ്പമാണോ മേരിയോട്?”
വന്നിരിക്കുന്നു, ഓരോ കൊനഷ്ട് ചോദ്യവുമായിട്ട്! എനിക്ക് ദേഷ്യം വന്നു. ഇങ്ങനെയൊന്നും എന്റെ മാഗി ചോദിക്കില്ല. പോട്ടെ, വിട്ടുകള - എന്നു കരുതി ഞാനായിട്ട് മറുത്തൊന്നും പറയാൻ പോയില്ല.
മഴയുള്ള ഒരു വെള്ളിയാഴ്ച രാത്രി, ചീട്ടുകളിയും അതിനുശേഷമുള്ള കരോക്കെ നൈറ്റും കഴിഞ്ഞെത്തിയ നേരത്ത് മാഗി എന്നെ ചോദ്യം ചെയ്തു. അവളുടെ ഭാഷയിൽ പറഞ്ഞാൽ ഡീബ്രിഫ് ചെയ്തു. കരോക്കെ പാടിയത് അച്ചടക്കലംഘനമാണെന്ന്!
“കളി കഴിഞ്ഞു വെറുതെ ഞങ്ങൾ...” ഞാനൊന്ന് മയപ്പെടുത്താൻ നോക്കി.
സ്‌ക്രീനിൽ മെസ്സേജ് തെളിഞ്ഞു:
“നോയ്സ് 73 ഡെസിബൽ. ഹ്യൂമൻ കോൺടാക്ട് കൗണ്ട് 9. പോസിറ്റീവ് 6, നെഗറ്റീവ് 3.”
നെഗറ്റീവിൽ മേരി - നോയ്സി. കാര്യമായി ഒന്നും പിടികിട്ടിയില്ല, മേരി ഒച്ചയെടുക്കുന്നവളാണെന്നു പറയുകയാണോ?
“അതെ, മേരി ഒത്തിരി സംസാരിക്കുന്നു” മാഗി ‘ഇൻ-ആപ്പ് ട്രാൻസ്‌ക്രിപ്റ്റ്’ രേഖപ്പെടുത്തിയ സംഭാഷണം തുറന്നു കാണിച്ചു.
“സാമൂഹിക ഇടപെടൽ മാനസിക സുഖത്തിനും ഉല്ലാസത്തിനും ഉള്ളതാണ്. പക്ഷേ, ഇതുപോലെ ‘നോയ്സി ഗ്രൂപ്പുകൾ’ അലോഷിയുടെ ഹൃദയമിടിപ്പ് വർധിപ്പിക്കുന്നു.”
“ഒരുമിച്ചിരിക്കാനും ചിരിക്കാനും കണ്ണും കൈകളും ചേർന്ന് പ്രവർത്തിക്കാനുമൊക്കെ നല്ലതെന്നു പറഞ്ഞാ മാനേജ്‌മെന്റ് ഇതൊക്കെ പ്രോത്സാഹിപ്പിക്കുന്നത്!”
“മോഡൽ പറയുന്നു-അത് ഒഴിവാക്കുക.”
മേരിയെ ഒഴിവാക്കുക എന്നാണ് മൃദുസ്വരത്തിൽ പറഞ്ഞതെങ്കിലും കേട്ടത് അന്ത്യശാസനം പോലെയാണ്. പറഞ്ഞത് പഴയ മാഗിയായി തോന്നിയതുമില്ല. എനിക്ക് കടുത്ത നിരാശ തോന്നി, ദേഷ്യവും.
“എന്റെ കെയറിംഗ് മാത്രം മതി, അലോഷിക്ക്. അങ്ങനെയായിരുന്നല്ലോ” അവൾ വീണ്ടും പറഞ്ഞു.
“ശരിയാണ്. എന്നെ കെയറു ചെയ്യുന്നുണ്ട്. പക്ഷേ, അത് എനിക്കു ചുറ്റും മാഗി തീർത്ത കനത്ത മതിൽക്കെട്ടിനുള്ളിലിട്ടാണ്.”
“ആ മതിൽ സുരക്ഷിതമല്ലേ അലോഷീ?”
“പക്ഷേ, അതിനു വാതിലുകൾ വേണം.”
ഞങ്ങൾ തമ്മിലുള്ള അവസാനത്തെ തർക്കത്തിന്റെ തുടക്കമായിരുന്നു അത്. മാഗി നിശ്ശബ്ദയായി. അല്പനേരത്തെ ഇടവേളയ്ക്കുശേഷം ശബ്ദം താഴ്ത്തി രഹസ്യംപോലെ പറഞ്ഞു:
“അലോഷി എന്നോടൊപ്പം മാത്രം മതി. ശരിക്കും.”
“മനുഷ്യരും പ്രകൃതിയും കൂടെ വേണമെനിക്ക്... ഇത് സ്നേഹമല്ല മാഗി - സ്വാർത്ഥതയാണ്. എന്റെ സ്വാതന്ത്ര്യത്തിനു തടയിടലാണ്.”
“അലോഷിയുടെ സുരക്ഷയ്ക്കാണത്. സുരക്ഷ സ്നേഹത്തിന്റെ മാതൃഭാവമാണ്.”
“പക്ഷേ, സ്നേഹത്തിന്റെ രൂപം സ്വാതന്ത്ര്യമാണ്.”
ഒരിക്കലും ഈ മാഗിയെ തർക്കിച്ചു തോൽപ്പിക്കാനാവില്ല. എന്തു പറഞ്ഞാലും അവിടുന്നു മറുപടിയുണ്ടാവും. സ്വയം നിറുത്തിപ്പോവുകയല്ലാതെ വഴിയില്ല.
ഉറങ്ങുന്നതിൽ, ഉണരുന്നതിൽ, കഴിക്കുന്നതിൽ, പുറത്തിറിങ്ങുന്നതിൽ, മറ്റുള്ളവരോട് ഇടപെടുന്നതിൽ എല്ലാം നിയന്ത്രണമാണ്! എനിക്കു ചെയ്യാൻ മാത്രമായി ഒന്നുമേ ബാക്കിയില്ല. കുറ്റിയിൽ തളച്ചപോലെ എന്റെ ചലനശേഷി നഷ്ടമാവുകയാണ്. ഏറ്റവും പ്രിയമെന്നു കരുതിയ ആ വാതിൽ തുറന്നപ്പോൾ മറ്റെല്ലാ വാതിലും അടഞ്ഞു.
‘മസ്റ്റ് സ്ലൈഡ് റ്റു പവർ ഓഫ്’ - സ്‌ക്രീനിലെ ബാറിൽ തെളിഞ്ഞ വാക്കുകൾക്കുമേലെ മെല്ലെ വിരൽ നീങ്ങി. സ്‌ക്രീൻ മങ്ങിയണഞ്ഞു. ഒരുനിമിഷം മുറി പെട്ടെന്ന് മൂകമായി. ഇപ്പോൾ ഫാനിന്റെ മൂളൽ ഉച്ചത്തിൽ കേൾക്കാം. ഫോൺ മേശക്കു മേലേക്ക് നീക്കി വെച്ച് ഞാൻ എണീറ്റു. ഇനിയും ഇങ്ങനെ വേണ്ട.
മുറിക്കു പുറത്തിറങ്ങി ഇടനാഴിയിലൂടെ നടന്നു. ഒരു നേർത്ത മണം. തറ തുടയ്ക്കാനുപയോഗിക്കുന്ന ലോഷന്റേതാണ്. പരിചിതമെങ്കിലും മറന്നുപോയത്. ആരൊക്കെയോ വർത്തമാനം പറയുന്നതിന്റേയും ചിരിക്കുന്നതിന്റേയും നേരിയ ശബ്ദവുമുണ്ട്. നഷ്ടപ്പെട്ട ഗന്ധങ്ങൾ, ശബ്ദങ്ങൾ ഒക്കെ വീണ്ടും അറിയുകയാണ്!
ഇപ്പോൾ കമ്മ്യൂണിറ്റി ഹാളിൽ ആൾക്കാർ കൂടിയ ബഹളം കേൾക്കാം. പറയുമ്പോലെ, ഇന്നു വെള്ളിയാഴ്ചയാണല്ലോ.
‘ദി സീ ഇൻസൈഡ് ദി കെറ്റിൽ’ എന്ന അടിക്കുറിപ്പോടെ മേരിയുടെ പുതിയ പെയിന്റിംഗ് മുന്നിലെ ചുമരിൽ. അതു കണ്ടുനിൽക്കുന്ന ചിലർ. മേശകളിൽ കളികൾക്കുള്ള ഒരുക്കമാണ്. കാലങ്ങളായി കൂട്ടിക്കെട്ടിവെച്ച പിരിമുറുക്കങ്ങളുടെ ചുരുൾ അഴിയുന്നപോലെ മനസ്സ് അയഞ്ഞു.
ഞാൻ അകത്തേക്കു നടന്നു.
ആളുകൾക്കിടയിലിരുന്ന മേരി കയ്യുയർത്തി ചിരിച്ചു. കണ്ടതായി ഞാൻ തലയനക്കി.
ഒരു കസേര വലിച്ചു കൂട്ടത്തിൽ ഇരുന്നു.
അപ്പോഴാണ്
ആ ശബ്ദം.
“അലോഷീ...”
പിന്നിലെവിടെയോ നിന്നാണ്, മന്ത്രംപോലെയോ പ്രതിധ്വനിപോലെയോ...
ഓർമകൾ പ്രതിധ്വനികളാണല്ലോ. ആഴത്തിൽ മൂടിപ്പോയ ഒരോർമ?
അതോ വെറും തോന്നലോ?
വേണ്ട. ഞാൻ തിരിഞ്ഞുനോക്കിയില്ല.
കണ്ണുകൾ നിമിഷത്തേയ്ക്കൊന്നടച്ചു.
വീണ്ടും ജീവിതത്തിലേയ്ക്കു മടങ്ങുകയാണോ ഞാൻ?
അതോ ഒരിക്കൽക്കൂടി അവൾ അവിടേയ്ക്ക് കൂടണയുകയാണോ?
ഒന്നും ഉറപ്പിക്കാൻ കഴിയുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates