ക്യാപ്റ്റന്‍ ഗോവിന്ദന്‍ എഴുതിയ കഥ ചുവന്ന നേര്‍ത്ത വര
കടലാമകൾ മുട്ടയിടുന്നത് കരയിലാണ്. കടൽത്തീരത്തെ പുതമണലിൽ മുട്ടയിട്ടു മൂടി സമുദ്രഗർഭത്തിലേക്കു തിരികെപ്പോകുന്ന ആമകൾ. സമയക്രമത്തിൽ വിരിയുന്ന മുട്ടകൾ. കഴുകനും പരുന്തും മനുഷ്യനും കൊല്ലാതെ പ്രപഞ്ചത്തിലേക്കു കണ്ണു തുറക്കുന്ന കുഞ്ഞുങ്ങൾ. ആദ്യ ജലശ്വാസം. നീണ്ട പ്രയാണത്തിനിടെ അവ വലുതാകും. ഇരയായില്ലയെങ്കിൽ മാത്രം. ജീവിതചക്രം മുഴുവൻ തന്റെ കുഞ്ഞുങ്ങളെത്തേടുന്ന കടലാമകൾ. അവ പ്രതീക്ഷകളോടെ പല തീരങ്ങളിൽ അലയും. ആമകളുടെ ദീർഘപ്രയാണത്തിനെക്കുറിച്ചു ഞാൻ ഓർത്തു. ഒപ്പം ഇന്ദുവിനേയും. അവളുടെ ജീവിതവും അങ്ങനെത്തന്നെയാണ്. ഞങ്ങളുടെ പാച്ചുവിനെ ഒരു ദിവസം കാണാം എന്ന പ്രതീക്ഷ. അതിന്റെ കുത്തൊത്തൊഴുക്കിൽപ്പെട്ടു മുങ്ങിയും പൊങ്ങിയും ജീവിതം തുടരുകയാണ്. സംഭവം നടന്നു വർഷങ്ങൾ കഴിഞ്ഞു. എങ്കിലും എല്ലാം ഇന്നലെ നടന്നതുപോലെ...
മുറ്റത്തു വേരുപിടിച്ചു തുടങ്ങിയ കണിക്കൊന്നയുടെ ചുവട്ടിൽ മണ്ണുവാരി എറിഞ്ഞു കളിച്ചുകൊണ്ടിരുന്ന പാച്ചു. ഓഫീസിൽനിന്നു വന്ന ഫോണിൽ സംസാരിച്ചുകൊണ്ട് അകത്തേയ്ക്കു കയറിയ ഇന്ദു. ഇത്രയും കണ്ടുകൊണ്ടു വടക്കേപ്പറമ്പിലേക്കു പോയ ഞാൻ. പിന്നെ കേൾക്കുന്നത് ഇന്ദുവിന്റെ അണപ്പും നിലവിളിയുമായിരുന്നു. പാച്ചനെ കാണുന്നില്ല!.. അലമാരക്കുള്ളിലും കട്ടിലിനടിയിലും പറമ്പിലെ മരങ്ങളുടെ പിന്നിലും ഒളിച്ചിരിക്കാൻ അവനു ഭയങ്കര ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് അവന്റെ കാലിൽ ഒരുപാടു വെള്ളിമണികളുള്ള പാദസരം അണിയിക്കാൻ ഇന്ദു തീരുമാനിച്ചത്. അനങ്ങിയാൽ കിലുക്കം കേട്ട് ആളെപ്പിടിക്കുന്ന സൂത്രം. എന്നിട്ടും !...
അവനെ ഇടവഴികളും ഊടുവഴികളിലും തിരഞ്ഞു. വീട്ടിലെ കിണറ്റിലും സമീപത്തുള്ള തോട്ടിലും ആറ്റിലും അവളോടൊപ്പം ഞാൻ അവനെ തേടിയലഞ്ഞു. പൊലീസിൽ പരാതിപ്പെട്ടു. പ്രാർത്ഥിച്ചു. വഴിപാടുകൾ നേർന്നു. മുറ്റത്തുനിന്നു കിട്ടിയ ഒറ്റക്കൊലുസു മാത്രമായി പാച്ചൻ മാറുമ്പോൾ ചുവന്ന നേർത്ത വരകളുള്ള കുട്ടിനിക്കറും കയ്യില്ലാത്ത ബനിയനുമായിരുന്നു ഇട്ടിരുന്നത്. സ്വർണമാലയും രണ്ടു സ്വർണവളകളുമുണ്ടായിരുന്നു. വെള്ളിമണികളുടെ അറ്റത്തു പുരണ്ട ചുവന്ന നിറത്തിലേയ്ക്കു ഞാൻ പിടപ്പോടെ നോക്കിനിന്നു. അന്നു മുതൽ പാച്ചന്റെ ഒറ്റക്കൊലുസ് ഇന്ദുവിന്റെ കൈകളിലും തലയിണക്കടിയിലും കാണും. രാത്രിയിൽ ദുഃസ്വപ്നം കണ്ടു ഞെട്ടിയുണരുമ്പോൾ അവൾ ആ മുറിപ്പാദസരം കിലുക്കി നോക്കുകയും പിന്നീട് ഉള്ളംകയ്യിൽ മുറുകെപ്പിടിക്കുന്നതും കാണാം. പാച്ചനേയുംകൊണ്ടു തീയാളുന്ന, കറുത്ത പുക തുപ്പുന്ന ആഴമറിയാത്ത ഏതോ ഗുഹയിലേക്കു നടന്നു കയറുന്ന എന്നെ സ്വപ്നം കണ്ട രാത്രിയിൽ ഇന്ദു മുറിയുടെ മൂലയ്ക്കു കുത്തിയിരുന്നു നിലവിളിച്ചു. അവളെന്നെ പകയോടേയും വെറുപ്പോടേയും നോക്കുന്ന രാത്രികൾ. വിള്ളലുകൾ വീണു തുടങ്ങിയ ജീവിതം പതിയെ രണ്ടായി മുറിഞ്ഞുതൂങ്ങി. പാച്ചുവിനു മുൻപും അവനു ശേഷവും. അതിലെവിടെയോ ഞങ്ങൾ നോട്ടങ്ങളും ഏങ്ങലുകളിലുമായി കടിച്ചുതൂങ്ങി. പതിയെ ഞങ്ങൾ, ഗോവർദ്ധൻ എന്ന ഞാനും അവൾ എന്ന ഇന്ദുവുമായി പരിണാമപ്പെട്ടു.
രണ്ടാംനിലയിലെ മുറിയുടെ ജനാലയിലൂടെ പറമ്പിന്റെ വടക്കുവശത്തെ പൊന്തക്കാട്ടിലേയ്ക്കു നോക്കിനിന്ന എന്റെ ചിന്തകളെ മുറിച്ചുകൊണ്ടു താഴത്തെ നിലയിൽ എന്തോ വീണ ശബ്ദം. ഞാൻ തിരിഞ്ഞോടി. ഒന്നാംനിലയിലേയ്ക്കുള്ള പടിയിറങ്ങി വലത്തേയ്ക്കു തിരിഞ്ഞാൽ അടുക്കളയാണ്. അടുപ്പിന്റെ അടുത്തുനിന്ന ഇന്ദുവിന്റെ കാൽക്കൽ പാലു ചിതറിത്തെറിച്ചിട്ടുണ്ട്. ഇനിയും ആളെത്തിപ്പെടാത്ത ഏതോ ദ്വീപിന്റെ നടുവിൽ അവൾ നിൽക്കുന്നതുപോലെ എനിക്കു തോന്നി. കൈക്കല തുണി അതിലേക്കിട്ടു, ഇന്ദുവിനെ ഞാൻ കൈപിടിച്ചു മെല്ലെ പുറത്തേയ്ക്കു നടത്തി. ഇന്ദുവിന്റെ കൈകൾക്കു പഴയ ബലമില്ല. അവളെ കസേരയിലിരുത്തിയ ശേഷം, ഞാൻ ചോദിച്ചു: “എന്തിനാടോ ഇപ്പോ?...”
“ആറു മണി ആയില്ലേ, പാച്ചനിപ്പോ വരും...”
അവളുടെ കൈകളിൽ ഞാൻ മുറുകെപ്പിടിച്ചു.
“...എങ്കിലും...സൂക്ഷിക്കണ്ടേ...?”
ഇന്ദുവിന്റെ കൈകൾ തണുത്തിരുന്നു. മരിച്ചു നേരത്തോടു നേരം കഴിഞ്ഞതിന്റെ തണുപ്പ്. പൊള്ളലുണ്ടോ എന്നു പരിശോധിക്കുന്നതിനിടെ, അവളുടെ കയ്യിൽനിന്നു പാച്ചന്റെ കൊലുസു താഴെ വീണു. അവന്റെ ചിരികളും ഉറക്കാത്ത ശബ്ദങ്ങളുമായി അതു കിലുങ്ങി. പാച്ചുവിന്റെ ചിരിയുടെ സന്തോഷങ്ങളും കുരുന്നുപല്ലുകൾ കയ്യിൽ മുറുകുമ്പോളുള്ള വേദനകളും. ഒരു നിമിഷം. ഞാൻ അറിയാതെ അവളുടെ മുഖത്തേയ്ക്കു നോക്കി. മൗനം. വെളിച്ചമെത്താത്ത കടൽഗർഭങ്ങളുടെ നിഗൂഢത. വീങ്ങിയ കണ്ണുകൾക്കു ചുറ്റും ഇരുട്ടിന്റെ വളയം. കെട്ടുപിണഞ്ഞ താലി. ചുരുണ്ടമുടി നെറ്റിയിലേയ്ക്കു വീണു കിടക്കുന്നു. അതിൽ നരകൾ. ഊർജം വറ്റിയ യന്ത്രപ്രതിമയെപ്പോലെ അവൾ താഴേയ്ക്കു നോക്കി. ജീവിതത്തിൽ സന്തോഷത്തിന്റെ മർമം പാച്ചുവായിരുന്നു എന്ന് ഇടയ്ക്കിടെ പറയുമായിരുന്ന ഇന്ദു ഇന്ന് മൗനിയാണ്. കൊലുസെടുത്തു കയ്യിൽ കൊടുത്ത ഞാൻ വീണ്ടും അവളുടെ കാലിലേയ്ക്കു സൂക്ഷിച്ചു നോക്കി. കാര്യമായ പൊള്ളലില്ല. ഞാൻ ഇന്ദുവിനെ എണീപ്പിച്ചു.
“ഒന്നു മുറ്റത്തേയ്ക്കിറങ്ങാം. ഒരുപാടായില്ലേ ഇങ്ങനെ...?”
ഇന്ദു ഒന്നും പറയാതെ താഴേയ്ക്കുതന്നെ നോക്കിനിന്നു. ഉൾത്തടങ്ങളിലെ ഖനീഭവിച്ച വിഷാദം കണ്ണുകളിലൂടെ ഉരുകിവീണു. എന്റെ ഉള്ളാഴങ്ങളിൽ അതു തീർക്കുന്ന കമ്പനങ്ങൾ. ഓർമകൾ ഭ്രാന്തൻ തിരമാലകളായി. അന്തരാളങ്ങളിലേയ്ക്കു ഓളം വെട്ടാതിരിക്കാൻ ഹൃദയത്തിൽ ഞാൻ തീർത്ത പുലിമുട്ടുകളെ അവറ്റകൾ ചിതറിച്ചു. എന്റെ പിടി തനിയെ അയഞ്ഞു. തഞ്ചത്തിൽ നോട്ടം വെട്ടിച്ചു മുറ്റത്തേയ്ക്കിറങ്ങി.
വേരിറങ്ങി, പൊക്കംവെച്ചു വീടിനു മുകളിലേക്കു ചാഞ്ഞുനിൽക്കുന്ന കൊന്നയുടെ ചുവട്ടിൽ ഞാൻ വെറുതേ നിന്നു. കാൽവിരലുകൾ ചരലിൽ പൂഴ്ത്തി. നഖംകൊണ്ടു മാന്തി. എവിടനിന്നോ വന്നു മതിൽക്കെട്ടിനുള്ളിൽ കുടുങ്ങിയ കുഞ്ഞിക്കാറ്റ് കരിയിലകളേയുംകൊണ്ടു മുറ്റത്തു ഓടിക്കളിച്ചു. കാലത്തിനു മുകളിലെവിടയോ നടുക്കട്ടയിളകിയ പത്തേമാരിയുടെ മുകളിൽ ഞാൻ. ഓർമ്മത്തിരമാലകൾ ആർത്തലക്കുകയാണ്. കാറ്റിലും കോളിലും എന്റെ മേലങ്കികൾ കീറിപ്പറിഞ്ഞുപോയിരിക്കുന്നു. കൊടുംകാറ്റത്ത് പെയ്യുന്ന മഴ ഉടലിലേയ്ക്കു കൊണ്ടുകയറുമ്പോൾ, അതിനു പ്രണയത്തിന്റെ ചൂരോ ഉദാത്ത ദാമ്പത്യത്തിന്റെ കുളിരോ തോന്നുന്നില്ല. ഓർമകൾ സമ്മാനിച്ച അസംഘ്യം മുറിവുകൾക്കുമീതെ ഉപ്പുവെള്ളം തെറിക്കുന്നു. അസഹ്യമാം വേദനകൾ. ചുറ്റും പാച്ചുവിന്റെ ശബ്ദം. മുകളിൽ ചുവന്ന നേർത്ത വരകളുള്ള ആകാശം. ആരു നോക്കിയാലും അവരുടേതു മാത്രമാകുന്ന ആകാശം. അവിടെപ്പടർന്ന ചുവന്ന നേർത്ത വരകൾ പുളക്കുന്നു. ഞാൻ കൊന്നയുടെ കമ്പിൽ മുറുകെപ്പിടിച്ചു. ചിലപ്പോൾ വീണുപോയെങ്കിലോ?
പിടിച്ചത് ഇളം കമ്പിലായിരുന്നു. അതരിഞ്ഞു മാറ്റി. തെക്കേ പറമ്പിലേക്കിട്ടു. പതിയെ അകത്തേയ്ക്കു നടന്നു. മുറ്റത്തെവിടയോ പാച്ചനുണ്ടാവും എന്നു കരുതി ജനലുങ്കൽ നോക്കിനിന്ന ഇന്ദുവിനെ ഞാൻ അകത്തേയ്ക്കു നടത്തി. കിടക്കയിൽ കിടത്തി. ഇന്ദു കണ്ണടച്ചതും ഞാൻ പതിയെ എണീറ്റ് രണ്ടാംനിലയിലെ തെക്കേ മുറിയിലേയ്ക്കു നടന്നു. അലമാര തുറന്ന് ആൽബങ്ങളും പേപ്പറുകെട്ടുകളും പുറത്തെടുത്തു. അതിലെല്ലാം പല മാസത്തിലുള്ള പാച്ചന്റെ സ്കാനുകളാണ്. മൂന്നു വയസ്സായിട്ടും അവൻ സംസാരിക്കാത്തതിന്റെ കാരണം കാണിച്ചുള്ള പല റിപ്പോർട്ടുകൾ. സ്പീച്ച് തെറാപ്പിയുടെ ബില്ലുകൾ. അങ്ങനെ കുറേ പേപ്പറുകൾ. അതെല്ലാം കിടക്കയിൽ വെച്ച ശേഷം ഞാൻ അതിനു മുകളിലേയ്ക്കു തലവെച്ചു കിടന്നു. ചെവിയിൽ കരച്ചിൽ. അതു പാച്ചന്റെയാണ്. അന്നൊരിക്കൽ പാച്ചൻ കൈവിരലുകൾ പിരിച്ചുവെച്ചുകൊണ്ട് ഒരു രാത്രി മുഴുവൻ കരഞ്ഞ കരച്ചിൽ. അങ്ങനെയാണ് അവനെ വീണ്ടും ആശുപത്രിയിൽ കൊണ്ടുപോകുന്നത്. ഒരുപാടു ടെസ്റ്റുകൾ നടത്തിയതിനു ശേഷം ഞങ്ങൾ ഡോക്ടറുടെ മുന്നിലെത്തി.
“ശാന്തമായ രാത്രികളിൽ പാച്ചൻ ഞെട്ടിയുണരുകയും കരയുകയും ചെയ്യും. അവന്റെ വർത്തമാനങ്ങൾ ആർക്കും മനസ്സിലാവാത്ത ചില ശബ്ദങ്ങളാണ്. ചിലപ്പോൾ അമറലുകൾ, കൂവലുകൾ അങ്ങനെയങ്ങനെ. മേശയുടെ വക്കത്ത് ലവലേശം ഭയമില്ലാതെ നിൽക്കുകയും താഴേയ്ക്കു ചാടുകയും ചെയ്യും. എത്രയോ മുറിവുകൾ. ചെറിയ വേദനകൾക്ക് അവൻ കരയുന്നതു കണ്ടിട്ടില്ല. എപ്പോഴും കുന്തൻ കാലിൽനിന്ന് ആടുന്നതു കാണാം. നമ്മൾ മടിയിലിരുത്തി എന്തുപറഞ്ഞാലും കൈകൾ കാണിച്ചാലും അവന്റെ നോട്ടം മറ്റു ചില ദിശയിലേയ്ക്കായിരിക്കും. ഇടയ്ക്കിടെ ഒളിച്ചിരിക്കും. കണ്ണുതെറ്റിയാൽ ഇറങ്ങിയോടും. ഇത്രയും പറഞ്ഞ ശേഷം ഇന്ദു എന്നെ നോക്കി. ഞാൻ ഒന്നും മിണ്ടിയില്ല. ഡോക്ടറുടെ മേശയിലെ സ്ഥടികഗോളത്തിൽ ചിതറിപ്പടർന്ന നിറങ്ങളുള്ള പേപ്പർ വെയ്റ്റിലേയ്ക്ക് നോക്കിയിരുന്നു. റിപ്പോർട്ടുകൾ വായിച്ച ഡോക്ടർ പറഞ്ഞു: “ഓട്ടിസം സ്‌പെക്ട്രം ഡിസോഡർ എന്ന അവസ്ഥയാണിത്. കുട്ടികളിൽ ഇതുണ്ടാവാൻ മൂലകാരണങ്ങൾ ഒരുപാടുണ്ട്.”
“ഇതു വിക്കുപോലെയാണോ?... മരുന്നു കഴിച്ചാൽ മാറില്ലേ?” എന്റെ ചോദ്യത്തിനു ഡോക്ടർ മറുപടി പറഞ്ഞില്ല.
“നിങ്ങളുടെ കുട്ടിക്കു സ്പെഷ്യൽ കെയർ ആവശ്യമുണ്ട്. സ്പീച്ച് തെറാപ്പി ചെയ്യാം. പിന്നെ ഈ അവസ്ഥയിലുള്ള കുട്ടിയെ ഒരുപാടു ശ്രദ്ധിക്കണം. മരുന്നുകൾ ഉണ്ട് പക്ഷേ, ഇതൊരു ആജീവനാന്ത അവസ്ഥയാണ്. പേടിക്കണ്ട. ഇങ്ങനെയുള്ള കുട്ടികൾക്കു പഠിക്കാൻ സ്‌പെഷ്യൽ സ്കൂളുകളൊക്കെയുണ്ട്.” ഇത്രയും കേട്ടപ്പോൾത്തന്നെ എന്റെയുള്ളിൽ ഒരു പിടച്ചിൽ അനുഭവപ്പെട്ടു. ഉള്ളംകാലിൽ വർഷങ്ങൾ പഴകിയ കിടുകിടുപ്പ്. അതു ഉച്ചിവരെയെത്തി. പിന്നീട് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എന്താണെന്നു ഞാൻ ശ്രദ്ധിച്ചതേയില്ല. പാച്ചനേയുംകൊണ്ടു തിരികെ യാത്ര ചെയ്ത വഴിയിലെല്ലാം ഞാൻ മിണ്ടാതെ ബസ്സിലിരുന്നു. വീട്ടിലെത്തിയ ഞാൻ കുറേനേരം വരാന്തയിലെ തൂണിൽ തോളു ചായ്‌ചു. വഴിയിലൂടെ പോയ വണ്ടികൾ അലക്ഷ്യമായി എണ്ണിക്കൊണ്ടിരുന്ന എന്റെ മുന്നിൽ ഒരു മൈക്കും കർട്ടനും ഒരുപാടു കാണികളും പ്രത്യക്ഷപ്പെട്ടു.
ഞാനന്ന് നാലാം ക്ലാസ്സിലായിരുന്നു. അതിനു മുൻപുള്ള സംഭവങ്ങൾ തുമ്പൊടിഞ്ഞ മഷിപ്പേന കൊണ്ട് എഴുതിയതുപോലെയുള്ളവയാണ്. നാലാം ക്ലാസ്സിലെ കലോത്സവവേദിയിൽ നിന്നായിരുന്നു ചില ചിന്തകകൾക്കു വേരു പൊട്ടിയത്. എന്റെ അമ്മ അതേ സ്കൂളിൽ പഠിപ്പിക്കുന്നു. തലേന്നു രാത്രിയിൽ എൻ.എൻ. കക്കാടിന്റെ ‘സഫലമീ യാത്ര’യിലെ ഏതാനും വരികൾ ഉദ്ധരിക്കാൻ അമ്മ പഠിപ്പിച്ചു. മറന്നുപോയാൽ നോക്കി വായിക്കാൻ കടലാസിൽ കവിത പകർത്തി പോക്കറ്റിലും ഇട്ടുതന്നു. സഭാകമ്പം എന്ന വള്ളിപ്പിശാചു പിടിമുറുക്കിയാൽ, എനിക്കുണ്ടാവാൻ പോകുന്ന ഭയപ്പാടു ഒഴിവാക്കുവാനാവും അമ്മ അങ്ങനെ ചെയ്തത്. വലിയ വേദി. ചെസ്റ്റ് നമ്പർ വിളിച്ചു. മൈക്കിലൂടെ ‘ഗോവർദ്ധൻ’ എന്ന പേരുകേട്ട അമ്മ മുൻവരിയിൽ വന്നു നിന്നു. ഞാൻ വേദിയിൽക്കയറി. കർട്ടനുയർന്നു. ആമുഖം പറഞ്ഞു പദ്യം ചൊല്ലിത്തുടങ്ങി.
“ആർദ്രമീ ധനുമാസ രാവുകളിലൊന്നിൽ ... അ... ആ... ആ...”
അക്ഷരങ്ങൾ തൊണ്ടയിൽ കുടുങ്ങി. അവയെ പുറത്തേയ്ക്കെടുക്കാൻ ഞാൻ ആവതു ശ്രമിച്ചു. പറ്റുന്നില്ല. അകാരണമായി കാലുകൾ വിറച്ചുതുടങ്ങി. അമ്മയുൾപ്പെടെയുള്ള കാണികൾ എന്റെ മുഖത്തേയ്ക്കുതന്നെ നോക്കിനിൽക്കുന്നു. കഴുത്തിൽ കുടുങ്ങിയ അക്ഷരങ്ങൾ നാവിനു കെട്ടിട്ടു. കഴുത്തിലെ ഞരമ്പുകൾ പൊന്തി. ചുണ്ടുകൾ കോടിയിട്ടും അടുത്തവരി ചൊല്ലുവാനുള്ള എന്റെ വിഫലമായ പരിശ്രമങ്ങൾ. അതു ചേഷ്ടകളും ഗോഷ്ടികളുമായി. അതു കണ്ടുനിന്നവരിൽ ആരോ ഒരാളാണ് എന്നെ ആദ്യം വിക്കനെന്നു വിളിക്കുന്നത്. മുൻനിരയിലെ ചിരികൾ പകർച്ചവ്യാധിപോലെ അവിടമാകെ പരന്നു. പക്ഷേ, എന്റെ ശ്രമം തുടർന്നു. ഒടുക്കം രണ്ടാമത്തെ വരി ഈണവും താളവും മറന്ന് ഒരു മുറവിളിപോലെ പുറത്തുവന്നു.
“അ... ആ... ആതിര വരും പോകുമല്ലേ സഖീ...”
ഞ… ഞ... ഞ്ഞ...”
നൂലുപോലെയുള്ള അക്ഷരങ്ങൾക്കു വടത്തിന്റെ ഘനം. അതിന്റെ അറ്റത്തു കൊരുത്ത ‘ഞ’യുടെ കൂർത്തയറ്റം ചൂണ്ടക്കൊളുത്തുപോലെ തൊണ്ടയിൽ ഉടക്കി വലിഞ്ഞു. ഇത്രയുമായപ്പോൾ കൂട്ടുകാരുടേയും അവരുടെ രക്ഷിതാക്കളുടേയും ചിരി ഉച്ചത്തിലായി. ഇടയ്ക്കു കണ്ണു പൊന്തിച്ച ഞാൻ അമ്മയെ നോക്കിയെങ്കിലും കൂട്ടത്തിൽ കണ്ടില്ല. കർട്ടൻ വീണു. ഞാൻ മൈക്കിൽ മുറുകെപ്പിടിച്ചു നിന്നു. അനങ്ങുവാൻ പറ്റുന്നില്ല. ഭയം, നിസ്സഹായാവസ്ഥ. സംഭ്രമത്തിന്റെ പരകോടിയിൽ ഞാൻ പോലുമറിയാതെ നിക്കറിന്റെ മുൻവശം നനഞ്ഞു. അപ്പോഴേയ്ക്കും അമ്മ വന്നു. സാരിത്തലപ്പു കൊണ്ടു വട്ടംമൂടി എന്നെ പിൻവാതിലിലൂടെ പുറത്തേയ്ക്കു നടത്തി.
“ടീച്ചറിന്റെ മോനു വിക്കുണ്ടല്ലേ...?”
എതിരേ വന്ന കണക്ക് മാഷ് എന്നെ നോക്കിച്ചിരിക്കുകയും പിന്നെ പത്തുപേരു കേൾക്കെ അമ്മയോട് ഉറക്കെ ചോദിക്കുകയും ചെയ്തു. അങ്ങനെ നാലാം ക്ലാസു മുതൽ ഞാൻ വിക്കനായി. പലരീതിയിൽ ശ്രമിച്ചിട്ടും ചില വാക്കുകൾ പുറത്തേയ്ക്കു വരുവാൻ കൂട്ടാക്കാതെ എന്റെ കുറുനാവിൽ കടുംകെട്ടിട്ടു. പിന്നിട് പത്താംതരം വരെയുള്ള നാളുകളിൽ ഗോവർദ്ധൻ എന്ന പേര് ഞാൻ തന്നെ മറന്നുപോയി. ‘വിക്കൻ വിളി’ പരാതിയുമായി ചെന്നപ്പോഴെല്ലാം അമ്മ ഇ.എം.എസ്സിന്റേയും കണക്കു മാഷ് ഹിറ്റ്‌ലറുടേയും ക്ലാസ് ടീച്ചർ വിക്കുള്ള വിക്ടോറിയൻ രാജാവായ ജോർജ് ആറാമന്റേയും കഥകൾ പറഞ്ഞുതന്നു. എന്നുവെച്ചാൽ വെറുതേ പറഞ്ഞു. മേൽപ്പറഞ്ഞവർ പരാതി പറഞ്ഞപ്പോൾ ആരും കേൾക്കാത്തതുകൊണ്ടാവാം, ഇ.എം.എസ്സിനു ജഡ്ജി ഹിദായത്തുള്ള 50 രൂപ കോടതിയലക്ഷ്യത്തിനു വിധിച്ചതും, ജോർജ് ആറാമൻ വിക്കുമാറിയ ഹിറ്റ്‌ലറുടെ ജര്‍മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതും പാവം അമ്മ. പിന്നീടൊരിക്കലും എന്നെ പൊതു സമക്ഷത്തിൽ സംസാരിക്കാൻ വിളിച്ചിട്ടില്ല. ബന്ധുമിത്രാദികൾ ആരെങ്കിലും വിരുന്നുവന്നാൽ എന്നെ അയലത്തെ വീട്ടിലേയ്ക്കയക്കും. തെറ്റു പറയാൻ പറ്റില്ല. എവിടെയാണങ്കിലും ഒഴിക്കുന്ന ജലംകൊണ്ടു നൂറുമേനി കൊയ്യണം എന്ന ദുരാഗ്രഹമുള്ളവരല്ലേ മനുഷ്യരത്രയും. കാലം കടന്നുപോയി. ഉപരിപഠനത്തിന്റെ നാളുകളിലെവിടയോ വെച്ച് നാവിന്റെ കെട്ടു താനെ അഴിഞ്ഞു. പിന്നെയും നാളുകളെടുക്കുന്നു എനിക്ക് ഗോവർദ്ധൻ എന്ന സ്വന്തം പേര് തിരികെക്കിട്ടാൻ. അപ്പോഴേയ്ക്കും ഉദാഹരണ കഥാപാത്രങ്ങളെല്ലാം പുസ്തകത്താളുകളിലെ മരിച്ചവരും ആത്മഹത്യ ചെയ്തവരുമായി പല സ്ഥലങ്ങളിൽ പരകായപ്രവേശം നടത്തിയിരുന്നു.
ഇതിനിടയ്ക്ക് ഒരു പുസ്തകത്തിലും എഴുതപ്പെടാത്ത ഒരു സംഭവം നടന്നു. ഹിറ്റ്‌ലറുടെ കഥ പറഞ്ഞ കണക്കു മാഷിന്റെ ഇളയ മകൻ സ്കൂളിന്റെ പിൻവശത്ത ഇഞ്ചക്കാടിന്റെ വശത്തുള്ള വെള്ളം നിറഞ്ഞ കല്ലുവെട്ടാം കുഴിയുടെ തെക്കേമൂലയ്ക്ക് ചത്തുപൊങ്ങി. മകന്റെ ചുഴലിദീനത്തെക്കുറിച്ചു കണക്കു മാഷിന്റെ ഭാര്യ അമ്മയോട് പറയുന്നത് പലപ്പോഴും ഞാൻ കർട്ടനു പിന്നിൽ പതുങ്ങിയിരുന്നു കേട്ടിട്ടുണ്ട്. കരക്കിരുന്ന് കരയുന്ന കണക്കു മാഷിനോട് ബാക്കിയുള്ളവർ കേൾക്കെ ഞാൻ ചോദിച്ചു:
“മ... മ്... മാഷിന്റെ... മാഷിന്റെ ഇളയ മകനു ചുഴലിദീനമുണ്ടായിരുന്നു അല്ലേ?” മാഷൊന്നും മിണ്ടിയില്ല. എങ്കിലും അവനെന്തിനാണ് ഈ പൊന്തക്കാട്ടിൽ ഒറ്റയ്ക്കു വന്നത് എന്ന മട്ടിൽ ആളുകൾ പരസ്പരം നോക്കുന്നതിനിടെ ഞാൻ തിരികെ നടന്നു.
“സൈക്കിൾ റാലി പോലൊരു ലോറി റാലി.”
“സൈക്കിൾ റാലി പോലൊരു ലോറി റാലി.”
വീട്ടിലേയ്ക്കു നടന്ന വഴിയെല്ലാം ഞാൻ ഉറക്കെയുറക്കെപ്പറഞ്ഞു. എന്റെ വിക്ക് മാറിയത് അന്നാണ്. കല്ലുവെട്ടാം കുഴിയിലെ പൊന്തയ്ക്കരികിൽ ഒറ്റക്കൊമ്പുള്ള കുതിരയെ കാണുവാൻ പോയ കണക്കു മാഷിന്റെ മകനെക്കുറിച്ച് ഓർത്തപ്പോൾ, ജീവിതത്തിൽ ആദ്യമായി ഒരു കിടുക്കം വിരലിൽനിന്ന് ഉച്ചിവരെയെത്തി. എന്റെ മൂക്കിൽ ശവം നാറി പൂക്കളുടെ ഗന്ധം നിറഞ്ഞു. ആ മണം അവിടമാകെ പരന്നു.
ഓർമകളുമായി ഞാൻ വടക്കേപ്പറമ്പിലെ പൊന്തക്കാട്ടിലേക്കു നോക്കിയിരുന്നപ്പോൾ ഇരുട്ടിന്റെ കൊളുത്തുകളിൽ തൂങ്ങിയാടുന്ന ഒരുപാടു പാച്ചന്മാരെ കണ്ടു. പല പ്രായത്തിലുള്ള ഇരുട്ട് എന്നെ മൂടി. നേരിയ നിലാവിന്റെ അറ്റത്തെവിടെയോ ചന്ദ്രൻ കാലൊടിഞ്ഞ വെള്ളി മഴുവിന്റെ രൂപത്തിൽ ഉദിച്ചു. വീടിനകത്തുനിന്ന് ഇന്ദു എന്നെ വിളിക്കുന്നതുവരെ ഞാനതു കണ്ടുകൊണ്ടിരുന്നു. അവളുടെ ശബ്ദം ഉറച്ചുവന്നപ്പോൾ ഞാൻ വിളികേൾക്കാൻ ശ്വാസമെടുത്തു. പക്ഷേ, ശബ്ദം പുറത്തേയ്ക്കു വന്നില്ല. നാക്കിനു കട്ടികൂടിയതുപോലെ. അക്ഷരങ്ങൾക്കു മൂർച്ച കൂടി കഴുത്തിലെവിടെയോ തറച്ചു കയറി. അവൾ തൊട്ടുപിന്നിലെത്തിയതറിഞ്ഞ് ഞാൻ വിളികേൾക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. പിന്നെ മെല്ലെ എണീറ്റ് അവൾക്കൊപ്പം അകത്തേക്കു നടന്നു. കുളികഴിഞ്ഞു വന്നപ്പോൾ ഇന്ദുവിനൊപ്പം പാച്ചൻ തളർന്നുകിടന്ന് ഉറക്കം പിടിച്ചിരുന്നു. പതിയെ കസേര വലിച്ചിട്ടു കട്ടിലിന്റെ ഓരമിരുന്ന ഞാൻ അവന്റെ മുഖത്തെ അടുത്തു കണ്ടു. അവന്റെ തലയിലൂടെ കൈ ഓടിച്ചു. കുഞ്ഞുവിരലുകൾ വളർന്നുനിൽക്കുന്ന കൈകൾ എന്റെ കൈക്കുള്ളിൽ വെച്ചു. അവന്റെ കൊലുസുകളുള്ള കാലിൽ പിടിച്ചുകൊണ്ടു പുലരുവോളം അതേ ഇരുപ്പിരുന്നു.
രാത്രികൾ കടന്നുപോകുംതോറും അതു ശീലമായി. അങ്ങനെ പാച്ചനെ കാണാതാവുന്നതിന്റെ തലേന്നു രാത്രി. പാച്ചന്റെ കാൽക്കൽ കിടന്നു മയങ്ങിപ്പോയ ഞാൻ ഉറക്കം തെളിഞ്ഞപ്പോൾ കണ്ടത് എന്നെത്തന്നെ തുറിച്ചുനോക്കിയിരിക്കുന്ന ഇന്ദുവിനെയാണ്. ഇരുട്ടത്ത് അവളിലേയ്ക്കു തന്നെ സൂക്ഷിച്ചു നോക്കിയപ്പോൾ ഞാൻ കണ്ടത് വെട്ടിത്തിളങ്ങുന്ന തള്ളപ്പൂച്ചയുടെ കണ്ണുകളും. അപ്പോഴേയ്ക്കും ഇന്ദുവിന്റെ മുഖത്തുനിന്നു വിദഗ്ദ്ധമായി നോട്ടം വെട്ടിക്കാൻ ഞാൻ പഠിച്ചിരുന്നു. അവൾ തിരികെ ഉറക്കം പിടിക്കുന്നതുവരെ ഞാൻ അനങ്ങാതെ കണ്ണടച്ചുകിടന്നു. രാവിലെ, ചായയുമായി വന്ന ഇന്ദു എന്നോടു പറഞ്ഞു; “ആ നശിച്ച സ്വപ്നം! എന്തായാലും കണ്ട സ്വപ്നം പറഞ്ഞാൽ ഫലിക്കില്ല എന്നല്ലേ!”
അവൾ പറഞ്ഞുതീർന്നതും എന്റെ ഉള്ളിൽ അകവാളു വെട്ടി. “അതെ” എന്നു ഒറ്റവാക്കിൽ മറുപടി പറഞ്ഞ ഞാൻ സംസാരം അവസാനിപ്പിച്ചു. ഫോണുമായി ഇന്ദു അകത്തേയ്ക്കു പോയപ്പോൾ കൊന്നയുടെ ചുവട്ടിൽ മണ്ണുവാരിക്കളിച്ചുകൊണ്ടിരുന്ന പാച്ചൻ എന്റെ പിന്നാലെ ഓടി ഒപ്പമെത്തി. ഞാനവനെ വാരിയെടുത്തു. നെറ്റിയിൽ ഉമ്മവെച്ചു. ശേഷം ആ വിരിഞ്ഞ കണ്ണുകളിലേയ്ക്കു നോക്കി നെടുവീർപ്പിട്ടു. അവനെ ഞാൻ മാറോടുചേർത്തു കെട്ടിപ്പിടിച്ചു. ശക്തമായ ആലിംഗനത്തോടെ അവനും ഞാനും വടക്കേ പറമ്പിലേക്കു നടന്നു. കാർമേഘം മൂടിയ ആകാശം. അവിടമാകെ ചുവന്ന നേർത്ത വരകൾ. മരങ്ങളും ചെടികളും മുളങ്കാടുകളും ശ്വാസം പിടിച്ചുനിന്നു. അപ്പോഴേയ്ക്കും ഇന്ദുവിന്റെ കരച്ചിൽ എന്നിലേയ്ക്കു ഓടിയെത്തി. കിടുകിടുപ്പോടെ തിരികെ നടക്കുമ്പോൾ എനിക്കു പിന്നിലെ കരിയിലകൾക്കു മീതെ കാറ്റിന്റെ പിച്ചവെപ്പ്. കാലടിയിൽ പുഴുക്കുത്തേറ്റു കൊഴിഞ്ഞ മാമ്പൂക്കൾ. ഞാൻ മുറ്റത്തേയ്ക്കോടി. അപ്പോൾ വടക്കുവശത്തെ കുറ്റിക്കാടിന്റെ ഓരമുള്ള ചേറ്റിൽ നിന്നൊരു കാട്ടുകോവലിന്റെ നാമ്പ് പ്രപഞ്ചത്തിലേയ്ക്കു വള്ളിവീശുവാൻ ഒരുങ്ങുന്നുണ്ടായിരുന്നു... ആർത്തിയോടെ !...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

