

വയലിനപ്പുറം റോഡ്. അതിനപ്പുറം സ്കൂള്. അതിന്റെ അപ്പുറത്ത് തീവണ്ടിപ്പാത. അതിന്റെയുമപ്പുറത്ത് തോട്. വീണ്ടും വയല്. അപ്പുറത്ത് വീടുകൾ. അവിടുന്ന് അപ്പുറത്തേക്ക് അപ്പുറത്തേക്ക് നീങ്ങിയാൽ അറബിക്കടൽ. ആ കടലിനറ്റത്ത് മറ്റൊരു ദുനിയാവ്, ഇതുപോലെയേ അല്ലാത്തത്. അവിടെ കുറേ മനുഷ്യരും, നമ്മളെപ്പോലെ ഉള്ളത്.
അത് ക്ലാസ്സിൽ പറയാനുള്ള കഥയുടെ തുടക്കമായിരുന്നു. ഉർദുമാഷ് എന്നും അങ്ങനെയാണ്. ബസ്സിൽ പോകവെ കഥയോർത്ത്, മനസ്സിൽ പറഞ്ഞിരിക്കും. ചില ദിവസം കവിതയോർത്ത്, ചൊല്ലിക്കൊണ്ടിരിക്കും. എന്നും ഒൻപതേ മുപ്പതിന് സ്‌കൂളിനു മുന്നിലെത്തുന്ന അതേ ബസ്സിൽ വന്നിറങ്ങും. എന്നും ഒരേ വേഷത്തിൽ-കൈമുട്ടിനുതാഴെ വരെ മടക്കിവെച്ച വെള്ളക്കുപ്പായവും വെളുത്ത മുണ്ടും. കയ്യിൽ തവിട്ടുനിറമുള്ള ലെതർ വാച്ച്, തോളിലൊരു ബാഗ്. അതിൽ ചോറും വല്യൊരു കുപ്പി വെള്ളവും. മാഷ് ബസ്സിറങ്ങി വളരെ സാവധാനം സ്റ്റാഫ്റൂമിലേക്ക് നടക്കും. നടക്കുമ്പോഴും കഥയും കവിതയും തന്നെയാവും. അവിടെത്തി ഇരുന്നാലും അധികം വർത്തമാനമൊന്നും ആരോടും പറയാനില്ല. മാഷിനോട് ബാക്കിയുള്ളവർക്കുമില്ല. ചിലരാണെങ്കിൽ മാറിനിന്ന് കളിയാക്കുകകൂടി ചെയ്യും, കാലത്തിനു ചേരാത്ത ഒരാളെന്നോ നേരം വെളുക്കാത്ത ആളെന്നോ ഒക്കെ. മാഷ് അതറിയുന്നുണ്ടാവണം. അതിനും പരാതികളില്ല. ഇന്റർവെല്ലിന് ബെല്ലടിക്കവെ, ബാക്കിയുള്ള അദ്ധ്യാപകർ സ്റ്റാഫ്റൂമിലേക്ക് പോകുമ്പോൾ മാഷ് നേരെ ലൈബ്രറിയിലേക്കാണ് നടക്കുക. അവിടെ ആരും തൊടാത്ത പുസ്തകങ്ങളുടെ അലമാരയിൽ മൂലയ്ക്ക് കുറച്ച് ഉർദു പുസ്തകങ്ങൾ ഇരിപ്പുണ്ട്. ഓരോ ദിവസവും അവരെ പോയി ഒരു തവണ കാണും, പരിചയം പുതുക്കും. ശരിക്കു പറഞ്ഞാൽ ഉർദുമാഷിന്റെ ഭാഷ അറിയുന്ന ആ സ്കൂളിലെ മറ്റുള്ളവർ പത്തിലൊതുങ്ങുന്ന ആ പുസ്തകങ്ങൾ മാത്രമായിരുന്നു. വായിക്കാൻ ആരുമില്ലെങ്കിലും പുസ്തകങ്ങളെ ഉപേക്ഷിക്കരുതെന്ന് അദ്ദേഹം വിശ്വസിച്ചത്, അവർ കൂട്ടുകാരാണെന്ന ചിന്തകൊണ്ടാണ്.
കുട്ടികൾ പാവം മാഷെന്നു വിളിക്കുന്നത് ഉർദുമാഷിനെയാണ്. തല്ലില്ല, ചീത്തവിളിയില്ല, പരീക്ഷ കഠിനമാക്കാറില്ല, കഥ പറയും, ഉപദേശിക്കില്ല, അവരുടെ ഒരു കാര്യങ്ങളിലും ഇടപെടില്ല. കുട്ടികൾക്ക് സന്തോഷിക്കാൻ അത്രയൊക്കെയേ വേണ്ടൂ. എത്ര ക്ലാസ്സിൽ ശ്രദ്ധിക്കാത്തവരും മാഷിന്റെ കഥയും കവിതയും കേൾക്കും. ചില ദിവസങ്ങളിൽ അത് വാക്കുകളായിരിക്കും. ചെറുതെന്നു തോന്നുന്ന എന്നാൽ വലിയ വാക്കുകൾ. പറയുന്നതിൽ പകുതി തിരിഞ്ഞില്ലെങ്കിലും അതു കേട്ടിരിക്കാൻ രസമായിരുന്നു. വലുതാകുമ്പോ ആവശ്യം വരുന്ന എന്തെല്ലാമോ ആണ് അതിലുള്ളതെന്ന് കുട്ടികൾക്കു തോന്നും. ആ വിവരങ്ങൾ ഓരോ തലമുറ വരുമ്പോഴും കൈമാറ്റം ചെയ്യപ്പെടുന്നതുകൊണ്ടാണോ എന്നറിയില്ല, ഉർദു പഠിക്കാൻ കുട്ടികളുണ്ടാവില്ലെന്നു കരുതുന്ന വർഷങ്ങളിലും മൂന്നോ നാലോ കുട്ടികളെങ്കിലും കാണും.
ഓരോ വർഷവും അഡ്‌മിഷൻ തുടങ്ങുമ്പോൾ ഹെഡ്‌മാസ്റ്റർ ചോദിക്കും:
“മാഷേ, ഈ വർഷം ഉർദുവിന് എത്ര കുട്ടികളുണ്ടാകും?”
മാഷ് ചിരിച്ചുകൊണ്ട് പറയും.
“ഒരു ഭാഷ ജീവിച്ചിരിക്കാൻ ഒരാൾ വന്നാലും മതി മാഷേ.”
ഹെഡ്‌മാസ്റ്റർ തിരിച്ചൊരു ചിരി ചിരിക്കും. അത് സഹതാപത്തിന്റെ ചിരിയാണോ പരിഹാസത്തിന്റെ ചിരിയാണോ എന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നു. അതങ്ങനെ വേർതിരിച്ചെടുക്കണമെന്ന് ഉർദുമാഷിനു തോന്നാറുമില്ല. ഗാലിബിന്റെ കവിതകളിലെ പ്രണയമെത്ര, വേദനയെത്ര, പരിഹാസമെത്ര എന്നളക്കാൻ നിൽക്കാത്തതുപോലെ ആളുകൾ പറയുന്നതും അദ്ദേഹം വേർതിരിച്ചെടുക്കാറില്ലായിരുന്നു. അതുകൊണ്ടാണ് ഉർദു മുസ്‌ലിങ്ങളുടെ ഭാഷയാണെന്ന വിഭജനസിദ്ധാന്തം അവതരിപ്പിക്കുന്നവരുടെ മുന്നിൽ നിരന്തരമായി ഉർദുമാഷ് പരാജയമേറ്റ് വാങ്ങിയത്.
ഒരിക്കൽ എട്ടാം ക്ലാസ്സിലെ ഒരു കുട്ടി ഉർദു ക്ലാസ്സിൽനിന്ന് എഴുന്നേറ്റ് പോയി. കാരണം കേട്ടപ്പോൾ മാഷിന് അദ്ഭുതം തോന്നിയില്ല. “ഉർദു നമ്മുടെ ഭാഷയല്ല. പഠിക്കേണ്ടെന്ന് അച്ഛൻ പറഞ്ഞു.” അവന്റെ മറുപടിക്ക് അന്നത്തെ ക്ലാസ്സിൽ മാഷ് ഒരു വാക്ക് പരിചയപ്പെടുത്തി.
“മൊഹബ്ബത്ത്”
“സ്നേഹം”
കൂടുതൽ വിശദീകരിക്കാനൊന്നും നിന്നില്ല. അതിലെല്ലാം അടങ്ങിയിരിക്കുന്നുവെന്ന് മാഷിനും കുട്ടികൾക്കും തോന്നി. ആ ചോദ്യം വർഷത്തിൽ എല്ലാ ആദ്യക്ലാസ്സിലും അദ്ദേഹം പതിവായി കേൾക്കുന്നതായിരുന്നു.
“ഉർദു മുസ്‌ലിങ്ങളുടെ ഭാഷയല്ലേ മാഷേ?”
അതിന് ഉത്തരം പറഞ്ഞാണ് യഥാർത്ഥത്തിൽ എല്ലാ അധ്യായന വർഷത്തേയും ഉർദു ക്ലാസ്സ് ആരംഭിക്കാറ്. ഉത്തരം മാഷ് ബോർഡിൽ വലിയ അക്ഷരത്തിൽ എഴുതും.
“ഇൻസാൻ”
“മനുഷ്യൻ”
“ഉർദു സാധാരണ മനുഷ്യരുടെ ഭാഷയാണ്. ഭാഷയ്ക്ക് മതമില്ല.”
ക്ലാസ്സ്മുറി നിശ്ശബ്ദമാകും. അപ്പോൾ മാഷ് ഉർദുവിന്റെ പിറവിയെക്കുറിച്ചുള്ള കഥ പറയും. രാജാക്കന്മാരുടെ, സൈനികരുടെ, കച്ചവടക്കാരുടെ, കവികളുടെ, സാധാരണക്കാരുടെ കാലം അതിൽ നിവർന്നുവരും. ഭാഷയുടെ ആദ്യത്തെ ക്ലാസ്സ് എപ്പോഴും അതിന്റെ രൂപപ്പെടലിനെക്കുറിച്ച് പറഞ്ഞുകൊണ്ടാവണമെന്ന് മാഷിനു നിർബന്ധമുണ്ടായിരുന്നു. അദ്ദേഹം കഥ തുടങ്ങും.
“ഒരുകാലത്ത്, ഇന്ത്യയുടെ വടക്കൻ ദേശത്ത് പല ദേശങ്ങളിൽനിന്ന് പലപല ആവശ്യങ്ങൾക്കായി ദിവസവും കുറേ ആളുകൾ വരുമായിരുന്നു. കുറേയെന്നു പറഞ്ഞാൽ കുറേക്കുറേ. കുതിരപ്പുറത്തും ഒട്ടകപ്പുറത്തും കാൽനടയായും പേർഷ്യയിൽനിന്നോ തുർക്കിയിൽനിന്നോ അഫ്ഗാനിസ്താനിൽനിന്നോ അവരെത്തി. അവരോരോരുത്തരും പറഞ്ഞത് ഓരോ ഭാഷയായിരുന്നു. അന്നാട്ടുകാരുടേതാവട്ടെ, ഇതൊന്നുമല്ലാത്ത വേറെ ഭാഷയും. എങ്കിലും അവർ പരസ്പരം സംസാരിച്ചു. ആദ്യ ദിവസം കൈകൊണ്ടും വിരൽചൂണ്ടിയും മിണ്ടി. രണ്ടാം ദിവസം ശബ്ദങ്ങളിലൂടെ. മൂന്നാമത്തെ ദിവസം ഓരോരുത്തരുടേയും ഭാഷയിൽനിന്ന് ഓരോ വാക്കുകൾ വീതം കടം വാങ്ങി.
‘വെള്ളം’ ചോദിക്കാൻ ഒരാളുടെ വാക്ക്. ‘റൊട്ടി’ ആവശ്യപ്പെടാൻ മറ്റൊരാളുടെ വാക്ക്. ‘നന്ദി’ അറിയിക്കാൻ അടുത്തയാളുടെ വാക്ക്. ‘സുഹൃത്ത്’ എന്നുപറയാൻ വേറൊരാളുടെ വാക്ക്.
അങ്ങനെ ഓരോ ദിവസവും പുതിയ വാക്കുകൾ കിട്ടി പുതിയൊരു ഭാഷയുണ്ടായി. അത് മനുഷ്യരെ തമ്മിൽ കൂട്ടിക്കെട്ടി യാത്ര തുടർന്നു. ചന്തകളിൽ അത് കേട്ടു. സൈനികപ്പാളയങ്ങളിൽ മുഴങ്ങി. രാജകൊട്ടാരങ്ങളിൽ എത്തി. കവികളുടെ ഹൃദയത്തിലേക്ക് പ്രവേശിച്ചു. ഒരു കവി അതിൽ പ്രണയമെഴുതി, ഒരാൾ വിരഹം. ചിലർ ദൈവത്തെ വിളിച്ചപ്പോൾ മറ്റു ചിലർ മനുഷ്യനെ തിരഞ്ഞു. ആ ഭാഷ അങ്ങനെ വളർന്നു. പല പേരുകൾ മാറിമാറി അതിന് ‘ഉർദു’ എന്നു പേരുവന്നു. സൈനികപ്പാളയം എന്നർത്ഥമുള്ള തർക്കിഷ് വാക്കിൽനിന്നായിരുന്നു ആ പേര്. സൈനികരൊഴിഞ്ഞപ്പോഴും ഭാഷ അവശേഷിച്ചു. അതു പിന്നെയും വളർന്നു. സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും സ്നേഹത്തിനും വേണ്ടി ഉറക്കെ സംസാരിച്ചു. പോരാടി. എങ്കിലുമൊടുവിൽ വിഭജനത്താൽ അതിനു മുറിവേറ്റു. ചോര ചിന്തി, വാക്കുകൾ വസ്ത്രങ്ങൾപോലെ അഴിച്ചുമാറ്റപ്പെട്ടു. അതൊരു വിഭാഗം വിശ്വാസത്തിന്റെ മാത്രം ഭാഷയായി എണ്ണിത്തുടങ്ങി.”
കഥ തീരുമ്പോൾ മാഷ് ചരിത്രമോർക്കും. മുന്‍പ് ഈ നാട്ടിൽ ഉർദു പഠിച്ചിരുന്നത് മുസ്‌ലിങ്ങൾ മാത്രമായിരുന്നില്ല. ഗസലുകളും ശേറുകളും തരംമാറ്റി നിർത്തപ്പെട്ടിരുന്നില്ല. പ്രണയിക്കാൻ വേണ്ടി ഉർദു പഠിച്ചവർ, പ്രേമലേഖനമെഴുതാൻ കവിത വായിച്ചവർ. കച്ചവടത്തിനു ഭാഷ പഠിച്ച സാധാരണക്കാർ. കുട്ടികൾക്കു പറഞ്ഞുകൊടുക്കാനല്ലാതെ വീട്ടിലേക്കുള്ള ഉർദുവിന്റെ വഴി മാഷിന്റെ മനസ്സിൽ തെളിയും. നാട് തെളിയും. അവിടുത്തെ പാടങ്ങൾ തെളിയും. അത് ദില്ലി വരെ വ്യാപിക്കുന്നതു കാണും. താജ് മഹലിന്റെ വെണ്ണക്കല്ലുകൾപോലെ തിളങ്ങുന്ന സ്പടികക്കട്ടകളായ ആഗ്ര പേഠയിലത് ചെന്നുമുട്ടും.
അങ്ങ് ആഗ്രയിൽ-പ്രിയതമയ്ക്കുവേണ്ടി സ്മാരകം പണിയുമ്പോൾ ഷാജഹാന് അവിടെ രാവും പകലും അധ്വാനിക്കുന്നവർക്ക് ഒരു മധുരം സമ്മാനിക്കണമെന്നു തോന്നി. അന്നോളമാരും കണ്ടിട്ടില്ലാത്ത, കഴിച്ചിട്ടില്ലാത്ത മധുരപലഹാരം. അതു കാണുമ്പോൾ താജ്മഹൽപോലെ തോന്നണം, അതിന്റെ തെളിമ ഓർമവരണം. വെളുത്ത, കലർപ്പുകളില്ലാത്ത തന്റെ പ്രണയംപോലെ പരിശുദ്ധമായ ഒരു പലഹാരം. കൊട്ടാരത്തിലെ പാചകക്കാർക്ക് അറിയിപ്പ് കിട്ടി. രാജാവ് പറഞ്ഞ ആവശ്യങ്ങൾ പാലിക്കപ്പെടുന്ന വിഭവത്തിനായി തലകൾ പുകഞ്ഞു. പല പല പരീക്ഷണങ്ങൾ അവർ നടത്തിനോക്കി-പാൽക്കട്ടികൊണ്ടും കരിമ്പ് കുറുക്കിയും അരിയും പഞ്ചസാരയും കലക്കിയുമൊക്കെ. പക്ഷേ, ഒന്നിലും ഷാജഹാന്റെ നിബന്ധനപോലെ വേറിട്ട രുചിയോ മണമോ സ്വഭാവമോ വന്നില്ല. എല്ലാം പരാജയം. അങ്ങനെ നീണ്ട യത്നങ്ങൾക്കൊടുവിൽ അവരൊരു പുതിയ മധുരം കണ്ടെത്തുകതന്നെ ചെയ്തു. വെളുത്ത കുമ്പളങ്ങ ചുണ്ണാമ്പുവെള്ളത്തിൽ മുക്കി ഉറപ്പുള്ളതാക്കി, സുതാര്യമാവുന്നതുവരെ വേവിച്ച്, പഞ്ചസാരപ്പാനിയിൽ കുതിർത്തിവെച്ച്, കണ്ണാടിപോലെ തിളങ്ങുന്ന ചതുരക്കട്ടകളായി വിളമ്പുന്ന വിശിഷ്ടമായ ഒരു പലഹാരം. പുറത്തു തൊടുമ്പോൾ നേരിയ കാഠിന്യവും ഉള്ളിൽ കുഞ്ഞുങ്ങളുടെ കവിൾത്തടംപോലെ മൃദുത്വവുമുള്ള ആഗ്ര പേഠ. ഷാജഹാൻ അതു രുചിച്ചു. ഇഷ്ടപ്പെട്ടു. വെണ്ണക്കൽകൊട്ടാരം പണിയുന്നവർക്കു നൽകി. അവർക്കും ഇഷ്ടപ്പെട്ടു. അങ്ങനെ ഷാജഹാനും മുംതാസിനും താജിനുമൊപ്പം കുമ്പളങ്ങാമധുരവും ആഗ്ര എന്ന സ്ഥലനാമത്തിനൊപ്പം പരന്നു.
സംവത്സരങ്ങൾ കഴിഞ്ഞു. മുഗളന്മാർ നാടുനീങ്ങി. വ്യാപാരത്തിനു വന്നവർ അധിനിവേശകരായി. സ്വാതന്ത്ര്യസമര പോരാളികൾ തീച്ചൂളകൾ താണ്ടി. ജനാധിപത്യം നിവർന്നും ചുരുങ്ങിയുമിരുന്നു. ചരിത്രം അങ്ങനെ പല ചാലുകളിൽ ഒഴുകി. പക്ഷേ, അപ്പോഴും മാറ്റമില്ലാതെ തുടർന്നുപോന്നിരുന്ന ഒന്നായിരുന്നു ആഗ്ര സന്ദർശിക്കുന്നവർ മടങ്ങുമ്പോൾ പ്രിയപ്പെട്ടവർക്കായി കരുതുന്ന പൊതിയിലെ ആ വെളുത്ത മഞ്ഞുകട്ടകൾ. താജ്മഹലിന്റെ വെണ്മയ്ക്ക് രുചിയുണ്ടായിരുന്നെങ്കിൽ അത് ആഗ്ര പേഠ പോലെയിരിക്കുമെന്നു വിളിച്ചുപറഞ്ഞ പലഹാരക്കടകളിൽ നിന്നത് യാത്രികരിലൂടെ സഞ്ചരിച്ചു. ആ യാത്രയുടെ സുഗമമായ ഒഴുക്കിന് കുമ്പളങ്ങകൾ വേണമായിരുന്നു. അതു തേടിയിറങ്ങിയ കച്ചവടക്കാർ തെക്കൻ ദേശത്തെത്തി. ആ ദേശമാണ് ഉർദുമാഷിന്റെ ദേശം. മാഷിനെപ്പോലെ ഉർദു പഠിച്ച, ശ്വസിക്കുന്ന കുറേപേരുടെ ദേശം.
കുമ്പളങ്ങ തേടി വടക്കേയിന്ത്യയിൽനിന്ന് എഴുപതുകളിലാണ് ആളുകൾ കോഡൂരിലെത്തുന്നത്. അതോടെ കിഴക്കേ പാടത്തും പടിഞ്ഞാറേ പാടത്തുമൊക്കെ കുമ്പളവള്ളികൾ പടർന്നുപിടിച്ചു. ഇളം-കരിംപച്ചക്കാടുകൾക്ക് ഇടയിൽ മഞ്ഞപ്പൂക്കൾ വിരിഞ്ഞു. ആ പൂവിന്റെ ഉദരത്തിൽ കുഞ്ഞുകായകൾ പിറന്നു. അതു മുതിർന്ന് പാകമാവുമ്പോൾ കൊണ്ടുപോവാൻ കച്ചവടക്കാർ വന്നുതുടങ്ങി. അപ്പോഴാണ് വിലപേശലിനും ലാഭമുറപ്പിക്കുന്നതിനും തടസ്സമായി ഭാഷ വിലങ്ങാവുന്നത്. ഒറ്റ പരിഹാരമേ കോഡൂരുകാർ കണ്ടെത്തിയുള്ളൂ-അവരുടെ ഭാഷ പഠിക്കുക. അഥവാ ഉർദു പഠിക്കുക. അതായിരുന്നു ആരംഭം.
അങ്ങനെ കച്ചവടക്കാരോട് കച്ചവടം പറയാൻ കൃഷിക്കാർ ഉർദു പഠിക്കാൻ തുടങ്ങി. അതങ്ങനെ വ്യാപിച്ച് വ്യാപിച്ച് കൃഷിക്കാരുടെ മക്കളും ഉർദു പഠിക്കാൻ തുടങ്ങി. അവസാനം ഒരു നാടാകെ ഉർദു പഠിക്കാൻ തുടങ്ങി. പിന്നെ അവിടെ ഉർദുവിനു മാത്രമൊരു കോളേജായി. പിറക്കുന്ന കുഞ്ഞുങ്ങൾക്കും പുതിയ വീടുകൾക്കും ഉർദു പേരുകളായി. പിന്നെപ്പിന്നെ ആ നാടിന്റെ പേരുതന്നെ ഉർദു എന്നായി. അഥവാ ഉർദു നഗർ എന്നായി.
കുമ്പളങ്ങാക്കൃഷി നിലച്ച് ഉത്തരേന്ത്യക്കാർ വരാതായെങ്കിലും ആ ഭാഷയും അതിൽ അന്നം തേടുന്നവരും ആ നാടും അവശേഷിച്ചു. ആ ചരിത്രമോർക്കുമ്പോഴൊക്കെ ഉർദുമാഷ് മനസ്സിലൊരു വാക്ക് ഓർക്കും. തന്റെ നാടിനെ കുറിക്കാൻ ഏറ്റവും യോജിച്ച വാക്ക്.
“ഇസ്സത്ത്.”
“അഭിമാനം.”
പക്ഷേ, പഠിപ്പിക്കുന്ന സ്കൂളിൽ അതൊരിക്കലും അങ്ങനെയായിരുന്നില്ല. അഭിമാനം തോന്നേണ്ട ഒരവസ്ഥയിലേക്കും അത് മാഷിനെ കൊണ്ടുനിർത്തിയില്ല. അതുകൊണ്ട് അതിനു മാഷ് കല്പിച്ച പദത്തിന് ആഴം കൂടുതലായിരുന്നു.
“ഗം”
“ദുഃഖം”
സ്കൂളിൽ ഉർദു വീണ്ടും വിഭജിക്കപ്പെടുകയായിരുന്നു. നിരന്തരമതിനു മുറിവേറ്റു. ഭാഷ പഠിപ്പിക്കുക എന്നത് വേർതിരിവിനുള്ള ആദ്യത്തെ കാരണമാണെങ്കിൽ അത് ഉർദുവാകുക എന്നത് രണ്ടാമത്തെ കാരണമായി. ഇംഗ്ലീഷ് മാത്രമായിരുന്നു പഠിക്കാനും പഠിപ്പിക്കാനുമുള്ള ഭാഷ. ബാക്കിയെല്ലാം നേരംപോക്കിനുള്ളതെന്നായിരുന്നു അന്തരീക്ഷം. ഇംഗ്ലീഷിനു പിന്നിൽ മലയാളവും അതിന്റേയും പിന്നിൽ മറ്റു രണ്ടാം ഭാഷകളും. നിശ്ചയമായും അതിന്റെ ഏറ്റവും പിന്നിലെ ബെഞ്ചിലായിരുന്നു ഉർദു. എപ്പോൾ വേണമെങ്കിലും ക്ലാസ്സിൽനിന്നും പിന്നെ സ്കൂളിൽനിന്നും പുറത്താകാമെന്ന മട്ടിൽ. ഇടയ്ക്ക് കുട്ടികളുടെ എണ്ണമാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് വരും. അടുത്ത വർഷം ആവശ്യത്തിനു വിദ്യാർത്ഥികളില്ലെങ്കിൽ ഉർദു അദ്ധ്യാപക തസ്തിക റദ്ദാക്കുമെന്ന ഭീഷണി അതിലുണ്ടാവും. ഇടവേളകളിൽ കടന്നുവരുന്ന ശ്വാസംമുട്ടിക്കൽ പ്രക്രിയയായാണ് മാഷ് അതിനെ കാണാറ്. അതിനോടുള്ള സഹ അദ്ധ്യാപകരുടെ പ്രതികരണം അവർ പഠിപ്പിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് കിടന്നിരുന്നു. ശാസ്ത്രത്തിന്റെ യുക്തിയും സാമൂഹ്യപാഠത്തിന്റെ വിലയിരുത്തലും ആംഗലേയത്തിന്റെ തൻപോരിമയും അതിൽ നിഴലിക്കും. മാഷിനത് മനസ്സിലാവുകയും ചെയ്യും. ഓരോരുത്തരും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ശൈലി അവരുടെ അഭിപ്രായങ്ങളെ സ്വാധീനിക്കുമെന്ന് അദ്ദേഹത്തിനറിയാം. അതായത് മാഷിന്റെ ചിന്തയുടെ രൂപം നസ്തലീഖിലാണെന്നതുപോലെ. അതിലെ അക്ഷരങ്ങളുടെ വളവുകളും ചെരിവുകളും പോലെയായിരുന്നു മാഷിന്റെ തലച്ചോറിന്റെ പ്രവർത്തനവും ഒഴുക്കും. കാണാൻ ചിത്രംപോലെ തോന്നിക്കുന്നവ. വായിക്കുന്നതിനേക്കാൾ എഴുതാൻ പ്രയാസമുള്ളത്. അതുകൊണ്ടാവും മാഷിനെ ആർക്കും മനസ്സിലാവാതിരുന്നത്.
സ്കൂളിന്റെ ഏറ്റവും അറ്റത്തെ മുറിയിലായിരുന്നു ഉർദു ക്ലാസ്സ് നടക്കാറ്. തീവണ്ടിപ്പാതയോട് ഏറ്റവുമടുത്ത മുറി. ക്ലാസ്സിനിടയിൽ ഇടയ്ക്ക് തീവണ്ടി ഇരമ്പിപ്പാഞ്ഞുപോകുന്ന ശബ്ദം മുഴങ്ങും. അത് ക്ലാസ്സിനെ പലതായി പകുക്കും. അവിടെ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളും അവയുടെ അർത്ഥങ്ങളും ചിതറിത്തെറിക്കും. ശബ്ദമകലുമ്പോൾ ശിഥിലമായ വാക്കുകളെ മാഷ് ക്ഷമയോടെ പെറുക്കിക്കൂട്ടും. എന്നിട്ട് വീണ്ടും ക്ലാസ്സ് തുടരും. ചിലർ ശ്രദ്ധിക്കും, മറ്റു ചിലർ തീവണ്ടിയിൽ കയറി അടുത്ത സ്റ്റേഷനിൽ എത്തിയിട്ടുണ്ടാകും. അവരെ മാഷ് തിരികെ കൂട്ടിക്കൊണ്ടുവരും. മറ്റ് അദ്ധ്യാപകർ കാണിക്കുന്നതുപോലെ ഭാഷകളേയും അതു പഠിപ്പിക്കുന്ന അദ്ധ്യാപകരേയും രണ്ടാംതരക്കാരായി കുട്ടികൾ കണ്ടിരുന്നില്ല. അവർക്ക് ആ അദ്ധ്യാപകരെ ഇഷ്ടമായിരുന്നു. മറ്റുള്ളതിൽനിന്ന് ആശ്വാസം തേടുംപോലെ അവർ ഭാഷകളെ കണ്ടു. ഒരിക്കെ അഞ്ചുപേർ മാത്രമുള്ള ക്ലാസ്സിൽ ഒരു പെൺകുട്ടി അതേപ്പറ്റി പറഞ്ഞപ്പോൾ ഉർദുമാഷ് പുഞ്ചിരിച്ചു. എന്താവും കാരണമെന്നു ചോദിച്ചപ്പോൾ കുട്ടികൾക്കറിയില്ല. അപ്പോഴൊരു വാക്ക് മാഷ് ബോർഡിലെഴുതി.
“ഖ്വാബ്”
“സ്വപ്നം”
“കാരണം നിങ്ങൾ സ്വപ്നം കാണാൻ പഠിക്കുന്നത് ഭാഷയിലാണ്. അതുകൊണ്ട് നിങ്ങളിതിനെ സ്നേഹിക്കുന്നു.”
അവൾക്ക് ആ മറുപടി മതിയായില്ല. എങ്ങനെയാണ് ഭാഷ സ്വപ്നം കാണാൻ പഠിപ്പിക്കുന്നതെന്നു മനസ്സിലായതുമില്ല. ക്ലാസ്സ് കഴിഞ്ഞു പോകുമ്പോൾ അവൾ മാഷിനരികിലെത്തി. വിശദീകരണം ചോദിച്ചു. അപ്പോൾ മാഷ് ഒരു വാക്ക് അവളുടെ കാതിൽ സ്വകാര്യമായി പറഞ്ഞു.
“തൻഹായി”
“ഏകാന്തത”
“തനിച്ചിരിക്കുമ്പോൾ നിങ്ങൾ സ്വപ്നങ്ങൾ കാണുന്നു. ഭാഷ പഠിക്കുമ്പോൾ നമ്മളോരോരുത്തരും ഓരോ ലോകമാവുന്നു. ഏകാന്തരാവുന്നു.”
അവൾക്ക് തൃപ്തി തോന്നി.
കടൽക്കരയിലായിരുന്നു അവളുടെ വീട്. ദിവസവും കടലിൽപോകുന്നവരെ കണ്ടാണ് അവൾ വളർന്നത്. കടൽ തരുന്നതുകൊണ്ടാണ് അവർ ജീവിച്ചത്. തിരകളുടേയും തീരത്തിന്റേയും ഒച്ചകൾ ചേർന്നതായിരുന്നു അവരുടെ ഭാഷ. അതിലവർക്ക് കുറേ കഥകളുണ്ടായിരുന്നു. ആ കഥകൾ കേട്ട് വലുതായതുകൊണ്ട് തന്നെ ഉർദുമാഷിന്റെ കഥകളുടെ പൊരുളുകൾ കണ്ടെത്താൻ അവൾക്കിഷ്ടമായിരുന്നു. മാഷോട് പറയാനായി വെല്ലിമ്മ പറഞ്ഞൊരു കഥയും അതിലൊരു ചോദ്യവും അവൾ കരുതിവെച്ചിരുന്നു. ഏതു വാക്കുകൊണ്ട് മാഷതിനെ നിർവചിക്കുമെന്ന് അറിയാനുള്ള കൗതുകം.
കൊല്ലങ്ങൾക്കു മുന്‍പേ, കപ്പൽ കയറിവന്ന ഒരു അറബിയുടെ കഥയാണത്. അയാൾ മലബാറിന്റെ തീരത്തു വന്നിറങ്ങി. കച്ചവടത്തിനായി നിറയെ അറബികൾ വന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. ഇയാളും അപ്രകാരം വന്നതുതന്നെ. പക്ഷേ, എല്ലാവരും പടിഞ്ഞാറേക്കാറ്റിൽ വന്ന് കിഴക്കേക്കാറ്റിൽ വ്യാപാരവും തീർത്ത് പണവും കീശയിലിട്ട് മടങ്ങിയപ്പോൾ ഈ അറബി മാത്രം തിരികെ പോയില്ല. മൂപ്പരിവിടെ കൂടി, മരിക്കുന്നതുവരെ. കാലംകൊണ്ട് അയാൾ കോലത്തിൽ മാത്രം അറബിയും കാര്യത്തിൽ മലയാളിയുമായി തീർന്നുവെന്നാണ് വെല്ലിമ്മ പറയാറ്. അതെങ്ങനെ സാധിക്കുമെന്നാണ് മാഷിൽനിന്ന് അവൾക്കറിയേണ്ടിയിരുന്നത്. സ്വന്തമെന്നു കരുതുന്ന എല്ലാത്തിനേയും ഉപേക്ഷിച്ച് കാതങ്ങളകലെ ഉറ്റവരാരുമില്ലാത്ത നാട്ടിലെങ്ങനെ ഒരാൾക്കു കഴിയാനാവുമെന്ന്. ആ മണ്ണിനെ എങ്ങനെ സ്വന്തമായി കരുതാനാവുമെന്ന്. ഏതു വാക്കാണ് ഉർദുവിലത് സൂചിപ്പിക്കുന്നതെന്ന്.
മാഷ് അവൾക്കതിനുള്ള ഉത്തരം പറഞ്ഞുകൊടുത്തു.
“ഫനാ”
“ആത്മവിലയം”
“സ്വയം അലിഞ്ഞില്ലാതാകൽ.”
മനുഷ്യരെപ്പോഴൊക്കെയാണ് ആ വിധത്തിൽ അലിഞ്ഞ് ഇല്ലാതെയാവുക? അതു വിശദീകരിച്ചാൽ ആ കുഞ്ഞുങ്ങൾക്കു മനസ്സിലാവുമോ? മാഷ് ലളിതമായൊരു ക്ലാസ്സിൽ കഥ പറഞ്ഞുകൊടുത്തു, രാവിലെ ബസ്സിൽവെച്ച് കോർത്തെടുത്ത് കരുതിയത്.
“മറ്റൊരു ദുനിയാവിലെ മനുഷ്യര് കാഴ്ചയിലും ജീവിതത്തിലും ഇവിടുള്ളവരെപ്പോലെ തന്നെയായിരുന്നു. സ്നേഹവും കലഹവും സന്തോഷവും സന്താപവും വിശപ്പും ദാഹവുമൊക്കെ ഇതുപോലെതന്നെ. സ്നേഹിക്കുന്ന മനസ്സുകളുടെ ചിന്തകളും പ്രവൃത്തികളും ഇതുപോലെതന്നെ. ലോകത്ത് മനുഷ്യർ ഉള്ളിടത്തൊക്കെ പ്രണയമുണ്ട്. പക്ഷേ, അവിടെയെല്ലാം ആ സ്നേഹം നേടാൻ തന്നെയാണ് ഏറ്റവും കൂടുതൽ തടസ്സങ്ങളുള്ളതും. സ്നേഹം മഹത്തരമാണ് എന്നു പറയുമ്പോൾതന്നെ അതംഗീകരിക്കാൻ സമൂഹത്തിനു പ്രയാസമാണ്. അതുകൊണ്ട് പരസ്പരം സ്നേഹിക്കുന്നതിനെ വിലക്കുമ്പോൾ അതിനെ മറികടക്കാൻ പ്രണയികൾ പല ഉപാധികൾ തേടുന്നു. ആ നാട്ടിലും അതങ്ങനെ തന്നെയായിരുന്നു.
ഇവിടുന്ന് കുറേ ദൂരെ അറബിക്കടലിൽ പടിഞ്ഞാറൻ ഭാഗത്തായി യമൻ എന്ന രാജ്യത്തിന്റെ ഭാഗമായ ചെറിയൊരു ദ്വീപുണ്ട്. വിചിത്രമായ, വിശേഷപ്പെട്ട, ഒരുപാട് പ്രത്യേകതകളുള്ള ആ ദ്വീപിന്റെ പേരാണ് സൊകോത്ര. കുറച്ചാളുകളേ അവിടുള്ളൂ. മീൻപിടിച്ചും ഈന്തപ്പന കൃഷി ചെയ്തും ആടിനെ വളർത്തിയുമൊക്കെയാണ് അവർ ജീവിക്കുന്നത്. അറബിക്കടലിന്റെ നെഞ്ചിൽ കാലം സൊകോത്രയെ നീണ്ടനാൾ ഒളിപ്പിച്ചുവെച്ചു. പിന്നെ ലോകത്തിനു മുന്നിൽ വെളിപ്പെട്ടപ്പോൾ ആരും അദ്ഭുതപ്പെടുന്ന പ്രകൃതിയുടെ മായാജാലങ്ങളാണ് അവിടെ കണ്ടത്. കാരണം ലോകത്ത് പലയിടത്തും കാണാത്ത ചെടികളും മരങ്ങളും പക്ഷികളും ജീവജാലങ്ങളും അവിടുണ്ടായിരുന്നു. നീണ്ട തണ്ടിൽനിന്ന് ശിഖരങ്ങളായി പിരിഞ്ഞ് ആകാശത്തേക്ക് നിവർത്തിവെച്ച കുടപോലെ നിൽക്കുന്ന, തൊലി കീറിയാൽ ചുവന്നരക്തം ഒലിപ്പിക്കുന്ന ഡ്രാഗൺ ബ്ലഡ് മരങ്ങൾ. മേഘങ്ങളോട് സ്വകാര്യം പറയുന്ന മലകൾ. നൂറ്റാണ്ടുകളുടെ രഹസ്യങ്ങൾ ഒളിപ്പിച്ചുവെച്ച ഗുഹകൾ. ശാന്തതയുടെ ആഴമുള്ള നീലിമ. അതിന്റെ വെളുത്ത മണൽത്തീരങ്ങൾ. മരുഭൂമിയിലെ മണലിലും പുറത്തേയ്ക്ക് തലനീട്ടി വളരുന്ന അനവധി അനവധി സസ്യങ്ങൾ. വരണ്ട മണ്ണിൽ കല്ലുകൾക്കിടയിലൂടെ കട്ടിയുള്ള വേരുകളാഴ്ത്തി വളരുന്ന, വീർത്തുന്തിയ തടിക്കു മുകളിൽ പുഞ്ചിരിക്കുന്ന പിങ്ക് പൂക്കൾ വിരിയിക്കുന്ന ഡെസേർട്ട് റോസ. നഗരവെളിച്ചങ്ങളിലും മായാത്ത രാത്രിയുടെ ആകാശവും അതിലെ നക്ഷത്രങ്ങളും. അതായിരുന്നു സൽമയുടേയും മൻസൂറിന്റേയും നാട്.
അവരൊരുമിച്ചാണ് വളർന്നത്, അടുത്തടുത്ത വീടുകളിലായി. എല്ലാവർക്കും അവരോട് സ്നേഹമായിരുന്നു, ഇരുവരും പ്രണയിക്കാൻ തീരുമാനിക്കുന്നതുവരെ. ആ തീരുമാനത്തോടെ അതുവരെയുണ്ടായിരുന്ന സ്നേഹങ്ങളെല്ലാം എതിർപ്പുകളായി മാറി. പരസ്പരം മിണ്ടാൻ പോലുമാവാതെ അവർ കുരുക്കിലായി. അഥവാ എന്തെങ്കിലും സംസാരിക്കാനായാൽ തന്നെ ചാരക്കണ്ണുകൾ പിന്തുടർന്നു. എന്നാൽ, തടസ്സങ്ങൾ അവരെ കൂടുതൽ ശക്തരാക്കി. ഒന്നിനും അവരെ വേർപിരിക്കാൻ ആകുമായിരുന്നില്ല. ആശയക്കൈമാറ്റത്തിന് അവരൊരു മാർഗം കണ്ടെത്തി. എല്ലാവരും മിണ്ടുന്ന അറബിയിൽ മിണ്ടാതെ തങ്ങളുടെ പാരമ്പര്യഭാഷയായ സൊഖോത്രിയിൽ സംസാരിക്കുക. അതിലൂടെ സ്നേഹിക്കുക. ആലോചന നല്ലതാണെങ്കിലും ഒരു കുഴപ്പമതിലുണ്ടായിരുന്നു. രണ്ടുപേർക്കും അത്ര നന്നായി സൊഖോത്രി അറിയില്ല. പക്ഷേ, വിട്ടുകൊടുക്കാൻ വയ്യല്ലോ... പ്രണയത്തിനുവേണ്ടി മനുഷ്യരെത്ര ദൂരം വേണമെങ്കിലും പോവും.
അങ്ങനെ കാലഹരണപ്പെട്ടുകൊണ്ടിരുന്ന ആ ഭാഷ പഠിക്കാൻ അവരിറങ്ങി. അതത്ര എളുപ്പമായിരുന്നില്ല. കാരണം, സൊഖോത്രിക്ക് ലിപിയുണ്ടായിരുന്നില്ല! അത് തലമുറകളിലൂടെ പടർന്ന ഭാഷയായിരുന്നു. അതിലെ വാക്കുകളും ശബ്ദങ്ങളുമൊക്കെ നാവിൽനിന്ന് ഹൃദയത്തിലേക്ക് പകർന്നതാണ്. സൽമയും മൻസൂറും അത് തേടിയിറങ്ങി. സൊഖോത്രി പറയുന്ന പ്രായമായവരിൽനിന്ന് അതിനെ സ്വീകരിച്ചു. അവരുടേതായ ലിപിയിൽ അതിനെ രേഖപ്പെടുത്തി. അറബി ലിപിയിൽ പരിഷ്‌കാരം വരുത്തി എഴുതപ്പെട്ട സൊഖോത്രി രേഖകൾ അവർ ശേഖരിച്ചു. അതു വായിച്ചു. പഠിക്കുന്നതെല്ലാം പരസ്പരം ഉരുവിട്ട് ഉറപ്പിച്ചു. അതിലവർ പ്രണയിച്ചു തുടങ്ങി, അതിനുമുന്നേ പ്രണയിച്ചതിനേക്കാൾ തീവ്രമായി. അവരുടെ രഹസ്യങ്ങൾ അതിൽ അടക്കം ചെയ്യപ്പെട്ടു. സൊഖോത്രിയെ അവർ അവർക്കായി പുനർനിർമിച്ചു. അതിനേയും പ്രണയിച്ചു തുടങ്ങി, തങ്ങളുടെ സ്നേഹത്തിന് ഒളിക്കാനിടം തന്നതിന്. കാവൽനിന്നതിന്. അങ്ങനെയാണ് ആ ഭാഷയ്ക്ക് ഒരു സമ്മാനം നൽകാൻ അവർ തീരുമാനിക്കുന്നത്.
ആ സമ്മാനമായിരുന്നു- ‘പ്രണയത്തിനൊരു നിഘണ്ടു.’ അന്യംനിന്നുകൊണ്ടിരിക്കുന്ന സൊഖോത്രി ഭാഷയിൽ പ്രണയത്തിനായി ഒരു നിഘണ്ടു. സൊഖോത്രി പഠിക്കുന്നതിനേക്കാൾ പ്രയാസം നേരിട്ട പ്രക്രിയയായിരുന്നു അത്. പക്ഷേ, അതു നൽകിയ ആനന്ദം ചെറുതായിരുന്നില്ല. അറബിഭാഷയുടെ വരവ് അപ്പാടെ വിഴുങ്ങിക്കൊണ്ടിരുന്ന സൊഖോത്രിക്ക് പുതുജീവനായിരുന്നു ആ പ്രയത്നം. അതിന്റെ സംരക്ഷണത്തിനുള്ള മാർഗങ്ങളിലൊന്നായി അതും കണ്ണിച്ചേർക്കപ്പെട്ടു. അനുരാഗത്തിന്റെ പുതിയ ലിപികൾ മഷി പുരണ്ടു. പ്രണയംകൊണ്ട് അവരങ്ങനെ പ്രബുദ്ധരായി.”
കഥ തീർന്നത് കുട്ടികൾ അറിഞ്ഞില്ല. അവർ ബാക്കിയുണ്ടെന്ന മട്ടിൽ ഇരിപ്പ് തുടർന്നു. അപ്പോഴേക്കും അന്നത്തെ വാക്ക് മാഷ് ബോർഡിലെഴുതിയിരുന്നു.
“ഇഷ്ഖ്”
“തീവ്രാനുരാഗം”
“മനുഷ്യരെ പറക്കാൻ പഠിപ്പിക്കാനും ഭ്രാന്തിലേക്ക് തള്ളിവിടാനും ഒരുപോലെ കഴിയുന്ന ഹൃദയത്തിന്റെ അവസ്ഥ.”
കഥ തീർന്നപ്പോൾ ആ വാക്കിനേക്കാൾ അതിലെ അവസ്ഥയാണ് മാഷിനുള്ളിൽ ബാക്കിയായത്. സൊഖോത്രി വിദൂരമായെവിടെയോ ഉർദുവിനെ പ്രതിനിധീകരിക്കുന്നതായി തിരിച്ചറിഞ്ഞു. അതിനെ വിഴുങ്ങുന്ന ഭൂതമായി ദേവനാഗരി ലിപിയിലുള്ള മുഴക്കങ്ങളും ജയ് വിളികളും വടക്കുദിക്കിൽ ഒരുങ്ങുന്നതായും. വിഭജനത്തിന്റെ നാളുകൾക്ക് ആവർത്തനമുണ്ടാകുമോ എന്ന ഭയം വന്നുതൊട്ടു. ദേശത്തെ പ്രതിയും ശ്വാസത്തെ പ്രതിയുമുള്ള ആ ആശങ്കയ്ക്ക് ഇപ്പോൾ ഇടവേള കുറവാണ്. ഫൈസിന്റെ കവിതയാണ് മാഷ് അന്നേരങ്ങളിൽ പതിവായി ഉരുവിടാറ്.
“ലാസിം ഹേ കെ ഹം ഭീ ദേഖേംഗെ
വോ ദിൻ കെ ജിസ് കാ വാദാ ഹേ, ജോ ലൗഹെ അസൽ മേ ലിഖാ ഹേ
ഹം മഹ്കൂമോൻ കെ പാവോൻ തലേ, യേ ധർത്തി ധഡ് ധഡ് ധഡ്‌കേഗി
സബ് താജ് ഉഛാലെ ജായേംഗെ, സബ് തഖ്ത് ഗിരായേ ജായേംഗെ
ഔർ രാജ് കരേഗി ഖൽഖ്-ഇ-ഖുദാ, ജോ മേം ഭീ ഹൂം ഔർ തും ഭീ ഹോ...”
നമുക്കു വാഗ്ദാനം ചെയ്യപ്പെട്ട, വിധിയിൽ നേരത്തെ തന്നെ എഴുതിവെക്കപ്പെട്ട ആ ദിവസം നമ്മൾ കാണും
അടിച്ചമർത്തപ്പെട്ട നമ്മൾ സാധുക്കളുടെ കാൽക്കീഴിൽ ഈ ഭൂമി ശക്തമായി പ്രകമ്പനം കൊള്ളുമ്പോൾ
അധികാരത്തിന്റെ എല്ലാ കിരീടങ്ങളും വായുവിൽ തെറിക്കും, എല്ലാ സിംഹാസനങ്ങളും നിലംപൊത്തും
പിന്നീട് ഇവിടെ ഭരണം നടത്തുക ദൈവത്തിന്റെ സൃഷ്ടികളായ സാധാരണ ജനങ്ങളായിരിക്കും; ആ ജനങ്ങൾ എന്നു പറയുന്നത് ഞാനുമാണ്, നിങ്ങളുമാണ്!”
ഫൈസിനെ മനസ്സിൽ മുഴുമിപ്പിച്ചു. ചെന്നുമുട്ടാൻ വാക്കുകളുടെ വാതിലുകളുണ്ടെങ്കിൽ ആരുമൊരിക്കലും ഒറ്റയ്ക്കാവില്ല. ക്ലാസ്സ് കഴിഞ്ഞ് എന്നത്തേയുംപോലെ മാഷ് പുസ്തകങ്ങൾക്കിടയിലേക്ക് നൂണ്ടു. നാലരയ്ക്ക് സ്കൂളിൽനിന്ന് ഇറങ്ങി. ബസ്സ് കയറി. കുട്ടികളും കണ്ടക്ടറും തമ്മിലുള്ള മൽപ്പിടുത്തത്തിൽ നിസ്സഹായപ്പെട്ടു. ടൗണിലെത്തി സാധനങ്ങളും വാങ്ങി വീട്ടിലേക്ക് നടന്നു. രാവിലെ പോകുമ്പോൾ ഉണ്ടായിരുന്ന വഴിയിലേക്ക് ചാഞ്ഞുകിടന്നിരുന്ന കാടുകൾ തൊഴിലുറപ്പുകാർ വൃത്തിയാക്കിയതായി ശ്രദ്ധയിൽപ്പെട്ടു. വീട്ടിൽനിന്നിറങ്ങി തിരികെ വീട്ടിൽ കയറുന്നതുവരെയാണ് ഉർദുമാഷിന്റെ ഒരു ദിവസം. അതുകഴിഞ്ഞ് പുലർച്ചെ വരെയുള്ള സമയത്തെ അദ്ദേഹം വേറൊരു ദിവസമായാണ് കാണാറ്.
അന്നത്തെ സൊഖോത്രി കഥ മനസ്സിലുള്ളതുകൊണ്ട് വീട്ടിലെത്തിയതു മുതൽ മാഷിന്റെ സഞ്ചാരം ഇരുപതു കൊല്ലം മുന്നത്തെ സമയപഥത്തിലായിരുന്നു. പഴയ കടലാസുകെട്ടുകളിലും പെട്ടികളിലുമുള്ള കുരുങ്ങിക്കിടപ്പ്. മൗനം. ആലോചനകൾ. നിശ്വാസങ്ങൾ. നെടുവീർപ്പ്. പുഞ്ചിരി. ഒടുവിൽ രണ്ട് താളുകൾ മാത്രം കയ്യിലെടുത്ത് ബാക്കിയെല്ലാം സുഭദ്രമായി മുൻപത്തേതുപോലെ അടുക്കിപ്പെറുക്കി അദ്ദേഹം വർത്തമാനത്തിലെത്തി. പരസ്പരം ഖുദാ ഹാഫിസ് കൊണ്ട് അഭിവാദ്യം ചെയ്ത് അവർ പിരിഞ്ഞു. അടുത്ത തലോടലിന് അധികം കാലതാമസമുണ്ടാവില്ലെന്ന് പൊതിഞ്ഞുകെട്ടിയ ഓരോ അക്ഷരത്തിനും അറിയാമായിരുന്നു.
ആദ്യം, നാലുവരികൾ മാത്രമുള്ള, അവൾക്ക് അവസാനം അയച്ച കത്തെടുത്ത് മാഷ് വായിച്ചു.
“റൂഹ്”
“നൂർ”
“ദുആ”
“എന്റെ ആത്മാവിന്റെ ദിവ്യപ്രകാശമായവൾക്ക് പ്രാർത്ഥനകൾ.”
അതു മടക്കി. രണ്ടാമത്തെ താൾ നിവർത്തി. അതിൽ നാലിലധികം വരികളുണ്ടായിരുന്നു. അത് അയാൾ അവൾക്കയച്ച ആദ്യത്തെ കത്തായിരുന്നു.
“മെഹർ...
നീയെനിക്ക് ഓരോ ദിവസം കഴിയുംതോറും ഏറെ പ്രിയപ്പെട്ടവളായി മാറിക്കൊണ്ടിരിക്കുകയാണ്. അതിങ്ങനെ കൂടിക്കൂടി എന്നെയും നിന്നെയും നമ്മുടെ നാടിനേയും രാജ്യത്തേയും കടന്ന് ലോകത്തോളം വലുതാവുന്നു. ഞാനാണെങ്കിൽ നിസ്സഹായനായി അതു നോക്കിനിൽക്കുന്നു. വൈകാതെ നീ തന്നെ എന്റെ ലോകമായി തീരുമെന്നാണ് തോന്നുന്നത്. എനിക്കാണെങ്കിൽ അതിൽ ആനന്ദമേയുള്ളൂതാനും. ദൂരം കുറഞ്ഞുകുറഞ്ഞ് വരട്ടെ...
പ്രിയപ്പെട്ടവർക്ക് പ്രിയമുള്ളതൊക്കെ നമുക്കും പ്രിയപ്പെടുന്നതിനെ പ്രണയമെന്ന് വിളിക്കാമെന്നു പറഞ്ഞുതന്നത് നീയാണ്. പാവം എന്റെ മനസ്സ് അത് അക്ഷരംപ്രതി അനുസരിച്ചിരിക്കുന്നു. നിന്റെ പ്രിയങ്ങളെല്ലാം ഇപ്പോൾ എന്റേതുംകൂടി ആയിക്കൊണ്ടിരിക്കുകയാണ്. എന്റെ പ്രിയങ്ങളെല്ലാം നിന്റേതുകൂടിയാവുന്ന സമയത്തിനുവേണ്ടി ഞാൻ കാത്തിരിക്കുന്നുവെന്ന് പറയാനാണീ എഴുത്ത്. നിനക്കെത്ര സമയവുമെടുക്കാം, അതുണ്ടാകുന്നതുവരെ അടുത്തുതന്നെ ഞാനുണ്ടാവും. ഇനിയുണ്ടായില്ലെങ്കിലും അടുത്തുതന്നെ ഞാനുണ്ടാവും.
പക്ഷേ, ഒന്ന് ഞാൻ ഉറപ്പുതരുന്നു- എന്റെ പ്രിയങ്ങൾ നിന്റേത് കൂടിയാവുന്ന ദിവസംതൊട്ട് നിനക്കേറെ പ്രിയപ്പെട്ട ഉർദുവാണ് നമ്മുടെ ഭാഷ. നിനക്കുള്ള എന്റെ ആദ്യത്തെ പ്രണയലേഖനം തീർച്ചയായും ആ അക്ഷരങ്ങളിലും ആഴത്തിലുമായിരിക്കും. ഞാനത് പഠിക്കാൻ തുടങ്ങിക്കഴിഞ്ഞു.
“അലിഫ്.”
“ഒന്നിൽനിന്ന്, നിന്നിൽനിന്ന് എല്ലാം ആരംഭിച്ചിരിക്കുന്നു.”
സ്നേഹത്തോടെ,
ഹർഷൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates