ഇതൊന്നുമല്ലെങ്കിൽ പിന്നെന്ത്?

ഞാനും എഴുതിയിട്ടുണ്ട് ചില ഓർമകൾ. അവ എഴുതി ഉപേക്ഷിച്ച ഓർമകളാണ്. എന്നാൽ, എഴുതി ഉപേക്ഷിക്കാനാകാത്ത ഒരു സൗഹൃദത്തിന്റെ ഓർമയാണ് എനിക്ക് സദാനന്ദൻ.
AI Image
ലേഖകന്‍ചിത്രീകരണം എ.ഐ
Updated on

മനുഷ്യർ എന്തിനാണ് ഓർമകൾ എഴുതി സൂക്ഷിക്കുന്നത്? അതും സങ്കടകരമായ ഓർമകൾ. സങ്കടങ്ങളിൽനിന്നും അവരെല്ലാം ഊർജം സംഭരിക്കുന്നുണ്ടാകണം. ഞാനും എഴുതിയിട്ടുണ്ട് ചില ഓർമകൾ. അവ എഴുതി ഉപേക്ഷിച്ച ഓർമകളാണ്. എന്നാൽ, എഴുതി ഉപേക്ഷിക്കാനാകാത്ത ഒരു സൗഹൃദത്തിന്റെ ഓർമയാണ് എനിക്ക് സദാനന്ദൻ.

സദാനന്ദനും ഞാനും സ്കൂളിൽ ഒന്നിച്ചായിരുന്നു. അവന്റെ ചിരിയും വർത്തമാനവും നല്ല ഭംഗിയുള്ളതായിരുന്നു. സ്കൂളിനു തൊട്ടുള്ള കുളത്തിലെ പരൽമീനുകൾക്കു നേരെയും സ്കൂൾ മൈതാനത്തിന് അതിരിട്ടു വളരുന്ന ചെന്തൊട്ടിയുടെ പഴങ്ങൾക്കുവേണ്ടിയും അബ്ദുൾഖാദർ സാറിന്റെ ചൂരലിനു മുന്നിലേയ്ക്കും കയ്യാലകളിലെ മഴക്കുടിയന്മാരിലേയ്ക്കും ഞങ്ങൾ ഒരുമിച്ച് കൈനീട്ടിയിട്ടുണ്ട്. അത്ര കൂട്ടായിരുന്നു.

ഒരുച്ചയ്ക്ക് ഊണുനേരത്ത് പാലായിക്കുന്നിലെ അവന്റെ വീട്ടിൽ പോയത് മറക്കാനാകില്ല.

ചെങ്കല്ല് വെട്ടിമിനുക്കി മതിൽപോലെ നിർത്തിയതിനു മുകളിലാണ് അവന്റെ വീട്. മതിലിൽ, കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണവാചകം. കുമ്മായം മുക്കി വഴിയേ പോകുന്നവർക്കൊക്കെ വായിക്കാൻ വേണ്ടി എഴുതിയിരിക്കയാണ്.

“എന്റെ ദൈവമേ... ഇത്തവണയും കൈപ്പത്തി ചിഹ്നത്തിൽ പി.പി. തങ്കച്ചനെ തന്നെ ജയിപ്പിക്കണേ...”

ഞാനത് വായിക്കുന്ന കണ്ടപ്പോൾ സദാനന്ദൻ ചിരിച്ചു:

“അച്ഛനെഴുതിയതാ... തങ്കച്ചൻ സാറാ അച്ഛന്റെ ദൈവം...”

ഓട് മേഞ്ഞ കുഞ്ഞൊരു വീടാണ്. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അമ്മയും അച്ഛനും പണിക്കു പോയെന്ന് സദാനന്ദൻ പറഞ്ഞു. ചേട്ടൻ പഠിക്കുന്നത് മറ്റൊരു സ്കൂളിൽ. പേര് ശിവൻ. അരമതിലിൽ ഒരു പൂച്ചയിരുന്ന് ഉറങ്ങുന്നുണ്ട്. താഴെ ഒരു ചെമ്പൻ പട്ടിയും. കാൽപ്പെരുമാറ്റം കേട്ട് ഉറക്കപ്പിച്ചിൽ പൂച്ചയൊന്ന് കൺചിമ്മി. എഴുന്നേറ്റുനിന്ന് കുര തുടങ്ങിയ പട്ടിയെ സദാനന്ദൻ ശാസിച്ചു: “രവീ ഒന്നു മിണ്ടാതിരിയെടാ...”

വാതിലിനു പൂട്ടും കൊളുത്തും ഉണ്ടായിരുന്നില്ല. ചക്കരക്കയർ ഉപയോഗിച്ച് കെട്ടിവെച്ച നിലയിലാണത്.

കെട്ടഴിച്ച് ഞങ്ങൾ അകത്തുകയറി. മുറികളെന്നു പറയാനൊന്നുമില്ല. അടുക്കള ഒരു പനമ്പ് തട്ടികകൊണ്ട് തിരിച്ചിട്ടുണ്ട്. അത്രമാത്രം. മരപ്പലകയുടെ ചുവരിൽ മോഹൻലാൽ മയമാണ്. പല പോസുകളിൽ ലാലേട്ടൻ. ഇരിക്കുന്നു. കിടക്കുന്നു. ചാഞ്ഞും ചെരിഞ്ഞും നിൽക്കുന്നു. തോക്ക് ചൂണ്ടുന്നു. ആരെയോ ഇടിക്കാൻ കയ്യോങ്ങുന്നു. ജീപ്പോടിക്കുന്നു. കാറിൽ ചാരിനിന്ന് സിഗാർ പുകയ്ക്കുന്നു. പെണ്ണുങ്ങൾക്കു പിന്നാലെ ഓടുന്നു. അങ്ങനെയങ്ങനെ.

സദാനന്ദൻ പറഞ്ഞു: “ഒക്കെ ചേട്ടന്റെ പണിയാ...”

അവൻ, അവനുണ്ടാക്കിയ ചില കളിപ്പാട്ടങ്ങൾ, വരച്ച ചിത്രങ്ങൾ, വിഷുക്കൈനീട്ടം കിട്ടിയ ഒറ്റരൂപാ നോട്ട് എന്നിങ്ങനെ ചിലതൊക്കെ എന്നെ കാണിച്ചെങ്കിലും എന്റെ ശ്രദ്ധ മോഹൻലാലിലേയ്ക്ക് തന്നെ പൊയ്‌ക്കൊണ്ടിരുന്നു. സദാനന്ദനും ചേട്ടനും കിടന്നുറങ്ങുന്ന മൂലയിൽ മാസികകളും പത്രങ്ങളും അട്ടിയട്ടിയായി വെച്ചിട്ടുണ്ട്. അതിലൊക്കെയും മോഹൻലാലിനെക്കുറിച്ച് വന്ന വാർത്തകളും ഫീച്ചറുകളും ലേഖനങ്ങളും ആണെന്ന് അവൻ പറഞ്ഞതുകേട്ട് ഞാൻ വാപൊളിച്ചു. ഒരു പീഞ്ഞപ്പെട്ടി നിറയെ കാസറ്റുകൾ കണ്ടു. അതെല്ലാം മോഹൻലാൽ അഭിനയിച്ച സിനിമകളിലെ പാട്ടുകളാണ്. ബാറ്ററിയിൽ ഓടുന്ന ടേപ്‌റെക്കോർഡറിൽ സദാനന്ദൻ കൈതൊട്ടപ്പോൾ കരകരപ്പൻ ശബ്ദത്തിൽ ലാലേട്ടൻ പറഞ്ഞു: “ആനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, മൈ ഫോൺ നമ്പറീസ് ഡബിൾ ടു ഡബിൾ ഫൈവ്...”

ശിവൻ ചേട്ടന്റെ പരിഗണനയിൽ മറ്റു നടന്മാർ ആരുമില്ലെന്നു ഞാൻ അത്ഭുതത്തോടെ ഓർത്തു.

ബെല്ലടിക്കും മുൻപ് സ്കൂളിലെത്താൻ ധൃതിയിൽ ഓടുമ്പോഴും ക്ലാസ്സിലിരിക്കുമ്പോഴും ദിവസങ്ങളോളവും ശിവൻ ചേട്ടന്റെ ‘ലാൽഭ്രമം’ തന്നെയായിരുന്നു എന്റെ ഉള്ളിൽ.

അക്കൊല്ലം സദാനന്ദനും ഞാനും സ്കൂൾ മാറിപ്പോയി. പിന്നീട് തമ്മിൽ കാണുകതന്നെ ഉണ്ടായില്ല. കുറേക്കാലം കഴിഞ്ഞ്, ഒരു കല്ല്യാണവീട്ടിൽ വെച്ചാണ് വീണ്ടും കാണുന്നത്. അന്ന് സദാനന്ദനൊപ്പം ശിവൻ ചേട്ടനുമുണ്ട്. സംസാരത്തിനിടയിൽ ‘മോഹൻലാൽ കളക്ഷ’നെക്കുറിച്ച് ചോദിക്കാതിരിക്കാനായില്ല.

സദാനന്ദൻ പറഞ്ഞു:

“പഴയ വീടൊക്കെ പൊളിച്ചുപണിതു. ഇപ്പോ ഒരു മുറി തന്നെ ലാലേട്ടനായി മാറ്റിവെച്ചിരിക്ക്യാണ്.”

ഞാൻ തിരക്കി: “'മോഹൻലാലിനെ നേരിട്ട് കാണാൻ ഇടയായോ?”

ശിവൻ ചേട്ടൻ പറഞ്ഞു: “ഒരിക്കെ പട്ടണപ്രവേശത്തിന്റെ ഷൂട്ടിങ്ങിന് പെരുമ്പാവൂര് വന്നപ്പോ ആദ്യായിട്ട് കണ്ടു. പിന്നേം ഒന്നുരണ്ടുവട്ടം കണ്ടിട്ട്ണ്ട്.”

“മിണ്ടിയോ?”

“ചിരിച്ചു. കൈതന്നു. ഫോട്ടോ എടുത്ത്.”

“എന്തെങ്കിലും ചോദിക്ക്യായിരുന്നില്ലേ? ചിത്രങ്ങളും കാസറ്റുകളും സി.ഡികളും ഫീച്ചറുകളും സൂക്ഷിക്കുന്ന കാര്യമൊക്കെ പറയാരുന്നു...”

ശിവൻ ചേട്ടൻ ഉറക്കെ ചിരിച്ചു.

“എനിക്കദ്ദേഹത്തെ നേരിൽ കാണണമെന്നൊന്നും ഉണ്ടായിരുന്നില്ലന്നേ. വല്യ ആൾക്കാരെ ഇമ്മള് ബുദ്ധിമുട്ടിക്കാൻ പാടുണ്ടോ? അവർക്കെപ്പോഴും തിരക്കല്ലേ. കൂട്ടുകാർ നിർബന്ധിച്ചിട്ടു പോയതാ.”

ഞങ്ങളുടെ വർത്തമാനം മറ്റേതോ വഴികളിലൂടെ കറങ്ങിത്തിരിഞ്ഞ് വീണ്ടും ‘ലാൽ ഭ്രമ’ത്തിൽ തന്നെ എത്തിയപ്പോൾ ശിവൻ ചേട്ടൻ തന്റെ നയം വ്യക്തമാക്കി: “ഞാനങ്ങനെ വല്യ ആരാധകനൊന്നുമല്ല. സിനിമാ പ്രാന്തനുമല്ല.”

“പിന്നെ?”

“പിന്നെ...”

പിന്നെന്തിനാണ് അയാളീ വിഫലശ്രമം തുടരുന്നത്. അതാണറിയേണ്ടത്.

മോഹൻലാലിന്റെ ചിത്രങ്ങളും അഭിമുഖവും ഫീച്ചറുകളും മറ്റുംമറ്റും ശേഖരിച്ച് തുടങ്ങിയത് വെറും കൗതുകത്തിനാണത്രെ. പിന്നെയത് ഒരു രസമായി. പിന്നെ ശീലമായി. ഇപ്പോൾ അയാൾക്കത് ജീവിതമാണ്. താൻ ശേഖരിച്ച ഓരോന്നും വീണ്ടും കയ്യിലെടുക്കുമ്പോൾ പലപല ഓർമകൾ അയാളെ വന്നു തൊടുന്നു. അവ സ്വന്തമാക്കാൻ നടത്തിയ ശ്രമങ്ങൾക്കിടയിൽ നേരിട്ട പരിഹാസങ്ങൾ, പണമില്ലായ്മ, അപമാനങ്ങൾ, കഷ്ടതകൾ, അലച്ചിലുകൾ, സങ്കടങ്ങൾ...

അയാൾ പറയുകയാണ്:

“സങ്കടാണെങ്കിലും ഓർക്കുമ്പോ അതൊക്കെയൊരു സന്തോഷല്ലേ... ഒര് രസല്ലേ. നിലാവത്ത് കോഴിയെ അഴിച്ചുവിട്ട മാതിരി നടക്ക്വല്ലേ ഇമ്മള്. ഇതൊക്കെയല്ലെങ്കി പിന്നെ എന്തൂട്ടാണ് ജീവിതം?”

എനിക്കത് അന്നു മനസ്സിലായിരുന്നില്ല. പക്ഷേ, ഇപ്പോൾ മനസ്സിലാകുന്നുണ്ട്. കാരണം ഞാനും ചിലതെല്ലാം സൂക്ഷിച്ചുവെച്ചിട്ടുണ്ട്. മറ്റൊന്നുമല്ല. പുസ്തകങ്ങളാണ്. കുറച്ചധികം പുസ്തകങ്ങൾ. പല കാലങ്ങളിൽ എഴുതപ്പെട്ടവ. ഏതോ ദേശത്തെ എഴുത്തുകാർ. അവിടങ്ങളിൽ പെയ്ത മഞ്ഞും മഴയും വെയിലും നിലാവും. മനുഷ്യരുടെ കണ്ണീരും രക്തവും നെടുനിശ്വാസങ്ങളും. മണ്ണിന്റെ മണം. ഭാവന. സ്വപ്നങ്ങൾ. സി.വി., പൂന്താനം, ഗോഗോൾ, ദസ്തയേവ്‌സ്‌കി, ടോൾസ്റ്റോയ്, കുന്ദേര, ഷെനെ, തകഴി, എം.ടി., മാധവിക്കുട്ടി, ആശാപൂർണാദേവി, ഒ.വി. വിജയൻ, ആനന്ദ്, മേതിൽ, ബാലാമണിയമ്മ, കോവിലൻ, പി.എഫ്. മാത്യുസ്, താരാശങ്കർ ബാനർജി, ടാഗോർ, ബൽസാക്ക്, ബോർഹെസ്, അക്കിത്തം, ബൈബിൾ...

ഇവയ്ക്കരികിൽ ഇരിക്കുമ്പോൾ ഞാനും ഓർക്കുന്നു:

അവ സമ്പാദിക്കാൻ ഓടിത്തീർത്ത ദൂരം. അമർത്തിയ നിലവിളി. വിശപ്പ്. പത്ത് പൈസ എടുക്കാനില്ലാത്ത ദാരിദ്ര്യം. ആലുവ മണപ്പുറത്ത് നിന്നും മോഷ്ടിച്ച ഒരു പുസ്തകം ഒറ്റരാത്രിയിൽ പകർത്തിയെഴുതി തിരികെ അതേ സ്ഥാനത്ത് ആരുമറിയാതെ കൊണ്ടുചെന്നു വച്ചിട്ടും തീരാത്ത കുറ്റബോധം. കടം വാങ്ങിയ നോവൽ തിരിച്ചുതരാൻ മടിച്ചവനെ കൊല്ലണോ, അതോ ഞാൻ സ്വയം കുത്തിച്ചാവണോ എന്നു നിശ്ചയിക്കാനാകാതെ കുഴങ്ങിയ ആത്മരോഷം. ‘മയ്യഴിപ്പുഴയുടെ തീരങ്ങൾ’ കീറിയ കവറോടെ മടക്കിനൽകിയതിനു കലഹിച്ചവസാനിപ്പിച്ച പ്രേമം. ‘ബോദ്‌ലെയർ’ നൽകാൻ വിസമ്മതിച്ച പ്രൊഫസറെ മോശം വാക്കുകളാൽ അവഹേളിച്ച ലക്കില്ലാത്ത കോപം. “പാറപ്പുറത്തിനെ വായിച്ചിട്ടുണ്ടോ... എന്നാ ഒരിതാ” എന്നു ചോദിച്ച അരിമുറുക്ക് വിൽപ്പനക്കാരിയെ നടുറോഡിൽ കയ്യോടെ വാരിപ്പിടിച്ചുമ്മ വച്ച ആവേശം. ഓരോ പുസ്തകങ്ങൾക്കായി അലഞ്ഞ ദൂരങ്ങൾ. ഉപ്പൂറ്റിയിൽ തുളവീണ നീലനിറമുള്ള പാരഗൺ ചെരുപ്പുകൾ. വിയർപ്പ്. ഉപ്പ്. ഓർക്കാൻ അങ്ങനെ എന്തൊക്കെ.

പുറത്താകെ നിലാവാണ്. അകത്തും. പി. കുഞ്ഞിരാമൻനായർ എഴുതി ഭംഗിയിലാക്കിയ ആ തൂവെള്ള. നൂറുവെള്ള. പുസ്തകങ്ങൾക്കിടയിലിരുന്നു താഴെ വയലിലും മേലെ മരങ്ങളിലും നിലാവ് വീഴുന്നത് നോക്കിയിരിപ്പാണ് ഞാൻ. എ.ഐ കാലത്തെ വിഡ്ഢിയായ ഒരു വായനക്കാരൻ.

മനസ്സിൽ സങ്കടങ്ങളുണ്ട്.

സന്തോഷം തരുന്ന സങ്കടങ്ങൾ. ഓർമകൾ.

മരണത്തിലേയ്ക്ക് മറഞ്ഞുപോയ എഴുത്തുകാർ എഴുതാൻ വിട്ടുപോയ വാക്കുകളിൽനിന്നും ചറംപോലെ ഊറുന്നതാണോ നിലാവ്?

അവരുടെ ഹൃദയരക്തം?

എങ്കിൽ എന്റെ ഉള്ളിൽ ആ നിലാവാണ്. “അതൊന്ന് എഴുതി മുഴുമിക്കാൻ അവരെന്നെ അനുവദിച്ചില്ല...” എന്ന ഉഴറ്റോടെ ജയിലിലേയ്ക്കും തോക്കിനു മുന്നിലേയ്ക്കും നടന്നുപോയ ഇസക് ബാബേലിന്റെ ഖേദം സമം നിലാവ്. അയാൾ എന്താകും തുടർന്ന് എഴുതാൻ ആലോചിച്ചുറപ്പിച്ചിരുന്നത്? അതൊന്നറിയാൻ എന്തുവഴി? അയാളെ വെടിവച്ചു കൊന്നവരേ, തെമ്മാടികളേ... നിങ്ങൾക്ക് നിത്യനരകം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com