എൻ. രാജൻ എഴുതിയ കഥ കൊക്കർണി

Illustration
ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക
Updated on

കാവടിക്ക് വരാൻ പറഞ്ഞ് ഭാസ്‌കരൻ വിളിച്ചത്, ജയനന്ദൻ ആദ്യം കാര്യമാക്കിയില്ല. എന്നാൽ, പിന്നീടത് ആവർത്തിച്ചപ്പോൾ മറുത്തുപറയാനായില്ല. ഉപചാരത്തിനുവേണ്ടിയുള്ള ക്ഷണമല്ലെന്ന്, ഭംഗിവാക്കല്ലെന്ന് ശബ്ദത്തിൽ ത്രസിച്ച അടുപ്പം തോന്നിപ്പിച്ചു.

എത്ര കൊല്ലായി നീയിവിടന്ന് പോയിട്ട്. അഞ്ചെട്ടു നാഴിക ചുറ്റുവട്ടത്തിരുന്നിട്ടും ഒന്നു വന്നുപോവാൻ തോന്ന്ണില്ലല്ലോ. പഴേ ആൾക്കാരിൽ കൊറച്ചു പേരൊക്കെ ഇവിടെണ്ട്. കണ്ടാ നെനക്ക് മനസ്സിലാവും. അവർക്കും നെന്നെ ഓർമേണ്ടാവും.

ഭാസ്‌കരൻ പ്രലോഭിപ്പിച്ചു.

അങ്ങനെ കണ്ടിട്ടും ഓർത്തിട്ടും എന്തു കിട്ടാനെന്ന് തുടക്കത്തിലേ അവന്റെ ആഗ്രഹത്തിന്റെ മുനയൊടിച്ചില്ല. ആകാംക്ഷയുടെ കിളിരങ്ങൾ ഉണ്ടെങ്കിൽ പൊടിക്കട്ടെ.

ഭാസ്‌കരന്റെ വാദം മറ്റൊന്നായിരുന്നു.

എല്ലാം പണ്ടേ പരുവപ്പെട്ടെന്നും പിന്നീടുള്ള മാറ്റം മോടികളിൽ മാത്രമാണെന്നും സത്തയും ആഭിമുഖ്യങ്ങളും മാറുന്നില്ലെന്നും എന്തായിരുന്നുവോ അതുതന്നെയാണ് തുടരുന്നതെന്നും വ്യാഖ്യാനിക്കാൻ ശ്രമിച്ചു.

അവന് സാഹിത്യ താല്പര്യമോ അത്തരം വായനയോ ഉണ്ടായിരുന്നതായി അറിയില്ല. എങ്കിലും വർത്തമാനത്തിലെ ചാരുത രസിപ്പിച്ചു. അല്ലെങ്കിലും ഒരാൾ കവിയാവാൻ എത്ര കാതം വേണം?

പത്തു കഴിഞ്ഞ് ഐ.ടി.ഐയിൽ ചേർന്ന ഘട്ടത്തിലാണ് ഒടുവിൽ കാണുന്നത്. പിന്നീട് ബോംബെക്ക് പോയെന്നറിഞ്ഞു. അന്നൊക്കെ അകന്ന ബന്ധുക്കളോ വകയിൽ ഏതെങ്കിലും അമ്മാവനോ നാട്ടുകാരോതന്നെ ഉണ്ടെങ്കിൽ ആ വള്ളിയിൽ തൂങ്ങി ആളുകൾ നാടു വിട്ടിരുന്നു.

ഏതെല്ലാമോ കാരണങ്ങളാൽ കുറച്ചിട, ഇടപഴകി കഴിയേണ്ടിവന്നെന്ന ന്യായം മാത്രമേ ജയനന്ദന് ആ പ്രദേശത്തോടുള്ളു. യാദൃച്ഛികമെങ്കിലും ഇപ്പോളൊരു പിൻമടക്കത്തിലെ യുക്തി അസംബന്ധമാണ്. തിരിഞ്ഞുനോക്കാൻ ഒട്ടും സാധുത കണ്ടില്ല ജയനന്ദൻ.

പല നാടുകളിലും മാറിമാറി താമസിക്കേണ്ടിവന്നതുകൊണ്ട് അങ്ങനെ ഒരു പ്രദേശത്തോടും പ്രത്യേക താല്പര്യം തോന്നിച്ചിട്ടില്ല. ജയനന്ദന്റെ ജന്മദേശത്തെപ്പറ്റി അച്ഛനും അമ്മയും തർക്കിച്ചിരുന്നു. പ്രസവം കഴിഞ്ഞ് നാലാംപക്കമാണ് ചോരക്കുഞ്ഞിനെ തുണിക്കെട്ടിൽ പൊതിഞ്ഞ്, ചേറ്റുവയിൽനിന്ന് ചേറ്റുപുഴയിലെത്തിയതെന്നായിരുന്നു അച്ഛൻ. ആ നിലയ്ക്ക് ജയനന്ദന്റെ ജന്മനാട് ചേറ്റുവയാണ്. പ്രസവിച്ചത് ചേറ്റുപുഴ കൃഷ്ണനെഴുത്തച്ഛന്റെ ചായ്പിലായിരുന്നുവെന്ന് അമ്മ. വീർത്തുപൊട്ടുമെന്ന് തോന്നിച്ച വയറുമായി ചേറ്റുവ-ചേറ്റുപുഴ റൂട്ടിലോടിയിരുന്ന കെ.കെ. മേനോൻ ബസിലായിരുന്നു സന്ധ്യാനേരത്തെ യാത്ര. മുൻസീറ്റുകളിലൊന്ന് സ്ത്രീകളിലാരോ ഒഴിഞ്ഞുകൊടുത്തതുവരെ അമ്മയ്ക്ക് കണിശമാണ്. രണ്ടുപേരും അവരവരുടെ ഓർമയാണ് ശരിയെന്ന് ശഠിച്ചു. എസ്.എസ്.എൽ.സി ബുക്കിൽ ജന്മനാട് ചേറൂർ എന്നെഴുതി തർക്കം റദ്ദാക്കി ജയകൃഷ്ണൻ.

സ്കൂളിൽ ചേർക്കാൻ ജനന സർട്ടിഫിക്കറ്റോ മറ്റ് രേഖകളോ വേണ്ടിയിരുന്നില്ല. അങ്ങനെയൊന്ന് കേട്ടുകേൾവിപോലുമില്ല ആളുകൾക്ക്. കുട്ടികൾ ജനിച്ച തീയതിയും വർഷവും ഒപ്പം വരുന്നവർ പറയുമ്പോലെയാണ്. പേരും മാറിപ്പോവും. അത്തരം അബദ്ധങ്ങളിൽ ചിലരുടെ മൂപ്പ് കൂടി. ചിലർക്കാകട്ടെ, നന്നേ ഇളപ്പവും. ആരും അതൊന്നും അത്ര കാര്യമാക്കിയില്ല. ജനിക്കുന്നതും മരിക്കുന്നതുംപോലും.

എന്റമ്മ എട്ടു പെറ്റതാ. എല്ലാം അഞ്ചാറു മാസമാവുമ്പോഴേക്കും ദീനംവന്ന് മണ്ണടിഞ്ഞു. ചെലത് ചാപിള്ളയായി പോയി. കണ്ണുമിഴിഞ്ഞു കിട്ടിയത് ഞങ്ങൾ രണ്ടാളെ. ഞാനും പ്രഭയും. ഞങ്ങൾ തമ്മിൽ പന്ത്രണ്ടു വയസ്സിന്റെ മാറ്റാ.

പ്രഭയെന്നു കേട്ടപ്പോൾ, റിബണിട്ടു വരിഞ്ഞുകെട്ടിയ ചെമ്പൻ മുടിയോടെ മെല്ലിച്ചൊരു രൂപം ഓർമവന്നു. വയറ്റിൽ ചെളി പറ്റിയ പാടുണ്ടാവും. വിശന്നിട്ടെന്നപോലെ സദാ വാവിട്ട് കരഞ്ഞിരുന്നൊരു പാവ.

പ്രഭ അബുദാബി ഓയിൽ കോർപ്പറേഷനിൽ ജിയോളജി കൺസൾട്ടന്റാണ്. കുസാറ്റിലെ ആദ്യ ബാച്ച്. കാൻപുർ ഐ.ഐ.ടിയിലാണ് എം.ടെക്കും ഡോക്ടറേറ്റും.

ഭാസ്‌കരന്റെ വിശദീകരണം നീളുമെന്നായപ്പോൾ ഫോൺ ഹോൾഡിങ് മോഡിലിട്ട് അല്പം കഴിഞ്ഞ് സോറി പറഞ്ഞു ജയനന്ദൻ.

ഒഴിവുകഴിവിന് എന്തെല്ലാം സൗകര്യങ്ങൾ.

കാവടി അടുക്കുംതോറും പഴയ ലോട്ടറിവിൽപ്പനക്കാരെപോലെ ഭാസ്‌കരൻ അക്ഷമനായി. അടുത്താഴ്ചയാണ്, മറ്റന്നാളാണ്, നാളെയാണ്, അതിന്നാണ്, ഇന്നാണ് ഇന്നാണ്.

കുസൃതികൾ മാറിയിട്ടില്ല.

Illustration
ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക

സ്കൂൾ വിട്ട് തേക്കിൻകാട് കടക്കുമ്പോൾ മരച്ചോട്ടിലെ ലോട്ടറി വണ്ടികളിൽ ഒരേമട്ടിൽ ഉയരാറുള്ള വായ്ത്താരി ഓർമവന്നു.

നിങ്ങളിൽ ആരാണ് ഭാഗ്യവാൻ, ആരാണ് ഭാഗ്യവതി എന്ന് ഒരാൾക്കും പ്രവചിക്കാനാവില്ല കേട്ടോ.

ഭാഗ്യം, എപ്പോൾ, ഏതു നിമിഷം കടന്നുവരുമെന്ന് ആർക്കും അറിയില്ല കേട്ടോ.

ശങ്കിക്കാതെ, മടിക്കാതെ കടന്നുവരൂ.

ഊർധ്വൻ വലിക്കുന്ന കിടപ്പുരോഗിയെപ്പോലെ കടന്നുപോകുന്നവരെ നോക്കി ഭാഗ്യം വിൽക്കാൻ മത്സരിച്ചിരുന്ന ഹതഭാഗ്യർ. കുറച്ചുകഴിഞ്ഞാണ് ടേപ്പ് റെക്കോർഡർ വരുന്നത്. പിറകെ റെക്കോഡിങ് സ്റ്റുഡിയോകളായി. മുപ്പത് മിനിറ്റിന്റെ സോണി കാസറ്റ് രണ്ടുപുറം റെക്കോഡിങ്ങിന് ഇരുപതു രൂപ. ഭാഗ്യമന്ത്രം ഉരുവിടുന്നതിനിടെ ഹിന്ദിപ്പാട്ടു കേൾപ്പിക്കും.

പരസ്യബാനറുകൾ തലയിൽ ചുറ്റിയ, ടയറുന്തിയ ആ വണ്ടികളൊന്നും നിരത്തിൽ ഓടാറില്ല. രാത്രി ടർപ്പാളിനിട്ട് മൂടി വിൽപ്പനക്കാർ മടങ്ങും. താഴെ തെരുവുപട്ടികൾ ഉറങ്ങും.

നഗരത്തോട് ചേർന്നുകിടന്നിരുന്ന നാടുവിട്ട് ഉള്ളിലോട്ടുമാറി പാർപ്പു തുടങ്ങിയിട്ട് വർഷം കുറച്ചായി. എന്നിട്ടും ആ പ്രദേശവുമായി ഭാസ്‌കരൻ ഇപ്പോഴും കണ്ണിചേർക്കുന്നു.

കണ്ണടപ്പൻ കേശവനെ ഓർമേണ്ടല്ലോ? സദാനേരം മിന്നിമിന്നി കണ്ണടച്ചും തുറന്നും വെകിളി കാട്ടും. ഞരമ്പെനെന്നും കണ്ണടപ്പനെന്നും പേരുവീണു. അവന്റെ ഏനക്കേടിൽ നീയടക്കം വർക്കിമാഷിന്റെ തല്ലു വാങ്ങീണ്ട്. പെൺകുട്ടികളെ സൈറ്റടിക്കുന്നുവെന്ന രത്നകുമാരിയുടെ പരാതി. സൈറ്റടി ലോക്കപ്പിൽ കേറ്റി ഇടിക്കാവുന്ന അപരാധമായിരുന്നു അന്ന്.

ഭാസ്‌കരൻ ചിരിച്ചു.

കണ്ണടപ്പൻ ഉറങ്ങുന്നത് എങ്ങനെയാവുമെന്ന് ഭാവനയിൽ കാട്ടി കളിയാക്കാറുണ്ട്. ഇടവിട്ട് കണ്ണടച്ചും തുറന്നുമുള്ള ഉറക്കം.

കണ്ണടപ്പൻ കാവടിക്ക് വരണണ്ട്. ആളിപ്പോ ലോസ് ഏഞ്ചൽസിലാ. കാവടിക്ക് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയപ്പോൾ ആദ്യം തംസപ്പിട്ട് പ്രതികരിച്ചത് അവനാ.

അഞ്ചിലോ ആറിലോ ആണ് ഞങ്ങൾ ഒന്നിച്ചു പഠിച്ചിട്ടുണ്ടാവുക. അത്ര നിശ്ചയമില്ല. അക്കാലം സ്കൂളിൽ പോയിരുന്നത് തേക്കിൻകാട് വഴിയായിരുന്നു.

പൂരപ്പറമ്പിന്റെ മുക്കും മൂലയും ഹൃദിസ്ഥമായി. ഏതുവഴി പോകരുതെന്നും ഏതൊക്കെ വഴി നടക്കാമെന്നും സ്കൂൾ പോക്കിനൊപ്പം പഠിച്ചു.

മുനിസിപ്പൽ പാർക്കിന്റെ പിറകുവശം ക്ഷേത്രമതിൽക്കെട്ടിനോട് ചേർന്ന് വടക്കേ സ്റ്റാന്റിലേക്കുള്ള എളുപ്പവഴിയായിരുന്നു അപകടം. ഉച്ചനേരത്തും ആ ഊടുവഴിയിൽ ഇരുൾ മയങ്ങിയ മട്ടാണ്. ചീഞ്ഞ തേക്കിലകളുടെ പൂതലിച്ച മണമുയരും. ആശുപത്രി വളപ്പിൽനിന്നു തള്ളുന്ന ബാൻഡേജുകളുടേയും രക്തവും ചലവും കട്ടപിടിച്ച പഞ്ഞിക്കെട്ടുകളുടേയും മലമൂത്രം നിറച്ച പ്ലാസ്റ്റിക് കവറുകളുടേയും ഒടിഞ്ഞ സിറിഞ്ചുകളുടേയും കൂമ്പാരം അറപ്പുളവാക്കും. ശാഖകൾ പടർന്ന് നടവഴി കയ്യേറി മരുതും വാകയും വെയിലന്വേഷിച്ച് വാട്ടർ ടാങ്കിന്റെ മുകളിൽ മുട്ടിയും ഉരുമ്മിയും കെട്ടിമറിയും.

പൂവരശിന്റെ പടർപ്പുകളിൽ മറപറ്റി മനുഷ്യർ നിഴലുപോലെ കെട്ടിപ്പുണർന്ന് കിതയ്ക്കുന്നുണ്ടാവും. ചില പെണ്ണുങ്ങൾ വലിയ ശബ്ദത്തിൽ നിലവിളിക്കും. എന്റമ്മോ.

ചുണ്ടിൽ ചായംതേച്ച് പുരികം വടിച്ച് ഹൈബ്രോ പെൻസിലിൽ വരച്ചുവെക്കുന്ന ആൺവേശ്യകളുടേയും തെരുവു പെണ്ണുങ്ങളുടേയും കൂട്ടിക്കൊടുപ്പുകാരുടേയും പോക്കറ്റടിക്കാരുടേയും മുച്ചീട്ടു കളിക്കാരുടേയും സങ്കേതമായിരുന്നു അവിടം. സ്കൂൾ വിട്ട് വൈകുന്നേരം ചില ദിവസം ഭാസ്‌കരൻ ആ വഴി പോകാമെന്ന് പറഞ്ഞ് ജയനന്ദനെ കൂട്ടും.

എളുപ്പം വീടെത്താം.

വാട്ടർ ടാങ്കിന്റെ തൂണുചാരി ഇടപാടുകാരെ കാത്തിരിക്കുന്നവർ സൊറ പറയുകയാവും. ചിലരാകട്ടെ, മടിക്കുത്തിലെ മുറുക്കാൻ പൊതിയഴിച്ച് കുന്തിച്ചിരിക്കുന്നുണ്ടാവും. വേറെ ചിലർ തുടയറ്റത്തോളം ഉടുമുണ്ടു തെരുത്ത് തലേന്നത്തെ പരിക്കും പാടും നോക്കി ജന്മം തന്നവരെ പ്രാകുന്നുണ്ടാവും.

പറഞ്ഞ കാശ് കൊടുക്കാതെ പറ്റിച്ചു കടന്നവന്റെ അമ്മേം പെങ്ങളേം ഭാര്യേം മുട്ടൻ തെറി വിളിച്ച് കാർക്കിത്തുപ്പി അഭിഷേകം നടത്തുന്ന വയസ്സികളുണ്ടായിരുന്നു കൂട്ടത്തിൽ.

പൊലയാടിമോനിന്ന് വരട്ടെ, ചൊറിച്ചില് തീർക്കണണ്ട്. അവന്റാസനത്തില് നായ്ക്കൊരണപൊടി കേറ്റും. ചൊറിഞ്ഞ് പുകഞ്ഞ് ഉടുമുണ്ടുപൊക്കി തേക്കിൻകാട് റോന്തുചുറ്റണത് കാണണം. പ്രായം ചെന്ന സ്ത്രീകളിലാരോ വായിലെ മുറുക്കാൻ കരണ്ടി ചൂണ്ടുവിരലിൽ തോണ്ടി, ഫൂ എന്നാട്ടി ദൂരേക്കെറിഞ്ഞ് പറയും.

ഒരു ദിവസം നാട്ടിലെ പരിചയക്കാരിയെ അക്കൂട്ടത്തിൽ കണ്ടു. മരച്ചോട്ടിലിരുന്ന് മറ്റൊരുത്തിയുടെ മുടി ചീകി മെടഞ്ഞിടുകയായിരുന്നു.

ഞങ്ങളെ കണ്ടതും വായിൽ കടിച്ചുപിടിച്ചിരുന്ന ചീർപ്പെടുത്ത് ശാസിക്കും മട്ടിൽ അവർ ചോദിച്ചു:

കുട്ടികളെന്താ ഈ വഴിക്ക്?

Ilustration
ചിത്രീകരണംസചീന്ദ്രന്‍ കാറഡുക്ക

ഞങ്ങൾ പരുങ്ങി.

വഴ്യേളുപ്പം നോക്കീതാ.

ഭാസ്‌കരൻ പറഞ്ഞൊപ്പിച്ചു.

ഇനീങ്ങനെ എളുപ്പം നോക്കണ്ട. ഈ വഴി പെശകാ.

ഉം, പൊക്കോ വേഗം.

ഓടാൻ തുടങ്ങിയ ഞങ്ങളെ കൈകൊട്ടി വിളിച്ചുനിർത്തി അവർ ഒച്ചകൂട്ടി പറഞ്ഞു:

പിന്ന്യേ, എന്നെ ഇവ്ട കണ്ടത് നാട്ടിപ്പോയി പാട്ടാക്ക്യാ രണ്ടിന്റേം കുടുമ്മത്തു വന്ന് കുളിച്ചാ പോവാത്ത അസ്സല് പൂരപ്പാട്ട് പാടും. അത് കേപ്പിക്കണ്ട.

കടവാരത്തുണ്ടായിരുന്ന ചീരോത്തെ വേശമ്മേടെ മോളാ, മീനാക്ഷി.

ഓട്ടത്തിനിടെ ഭാസ്‌കരൻ പരിചയപ്പെടുത്തി.

വേശമ്മ മരിച്ചപ്പോ മീനാക്ഷിയെ, കെട്ട്യോൻ കുമാരനും ഉപേക്ഷിച്ചു. അമ്മേം മോളേം വെച്ചോണ്ടിരിക്ക്യാരുന്നു കുമാരൻ.

മുഖപരിചയമുള്ള മറ്റൊരാളെക്കൂടി ആ വഴി കണ്ടിട്ടുണ്ട്. ആട് മാധവൻ. തള്ളയാടും കൊറ്റനും മക്കളുമായി ആട്ടിൻ പറ്റങ്ങളുടെ അകമ്പടിയുണ്ടാവും കൂടെ. ഉച്ചവരെ ആടുകളെ തൊട്ടാവാടിയും വേലിയിറമ്പിലെ മുള്ളിലകളും തീറ്റിക്കും. കലപിലകൂട്ടി അവ മേയുന്നതിനിടെ കാറ്റിൽ അടിഞ്ഞുകൂടിയ അമ്പലപ്പറമ്പിലെ ആലിലകൾ ഇരുമ്പുകമ്പിയിൽ കോർത്തെടുക്കുകയാവും മാധവൻ. മുഖം ഉയർത്താറേയില്ല. കുനിഞ്ഞുനിന്ന് കമ്പിയിൽ ഇലകൾ കോർത്തുകൊണ്ടിരിക്കും. മാമാ മാധവനെന്നാണ് ചിലർ വിളിച്ചിരുന്നത്.

തീറ്റ മതിയാക്കിയ ആടുകൾക്ക് കാടി കാട്ടി കൂട്ടിലാക്കിയ ശേഷമാണ് നഗരത്തിലേക്ക് ബസു കയറുക. വെയിലാറിയിട്ടുണ്ടാവും. എങ്കിലും മഞ്ഞിലാസിന്റെ വളഞ്ഞ മരക്കാലൻ കുട നിവർത്തി പിടിച്ചിരിക്കും. കള്ളിഷർട്ടിന്റ കോളറിൽ ടവൽ മടക്കിവെക്കും.

അതയാളുടെ ട്രേഡ് മാർക്കാണ്.

ഭാസ്‌കരൻ പറയും.

നഗരത്തിൽ അറിയപ്പെടുന്ന കൂട്ടിക്കൊടുപ്പുകാരനായിരുന്നു മാധവൻ. കമ്മീഷനടക്കം കച്ചവടം ഉറപ്പിച്ചാൽ ആവശ്യക്കാരുടെ ഡിമാന്റനുസരിച്ച് ആളെ പറഞ്ഞ സ്ഥലത്ത്, പറഞ്ഞ നേരത്ത് എത്തിക്കും. കോളറിൽനിന്ന് ടവലെടുത്ത് മാധവൻ മുഖം തുടച്ചാൽ ഇടപാടുകാർക്ക് മടങ്ങാം. അതായിരുന്നു അടയാളം. വേറെ സംസാരമില്ല. ബാക്കി മാധവന്റെ ചുമതലയാണ്. അതിനിടെ റെയ്ഡോ ഒറ്റോ വന്ന് ആരെങ്കിലും ചതിയിലായാൽ മാധവൻ പ്രതിസ്ഥാനത്തു നിൽക്കും. വാങ്ങുന്ന കാശിനുള്ള വിശ്വസ്തതയായിരുന്നു മാധവന്റെ കീർത്തി. അത് ജില്ലയ്ക്കു പുറത്തും മാധവന്റെ തൊഴിലിടങ്ങൾ വ്യാപിപ്പിച്ചു.

അയാൾ ഒരിടത്തും സ്ഥിരവാസമുറപ്പിച്ചില്ല. ആടുകൾക്കൊപ്പം പലപല മേച്ചിൽപ്പുറം തേടി.

ആളിപ്പോ നമ്മടെ നാട്ടീത്തന്നെ തിരിച്ചെത്തീട്ട്ണ്ട്.

കാണണോ? ഭാസ്‌കരൻ ചോദിച്ചു.

കണ്ടാലും ഇല്ലെങ്കിലുമെന്ത്?

ജയനന്ദൻ അരിശം കാണിക്കാതിരുന്നില്ല.

അല്ലെങ്കിലും ആളുകളെ കാണണത് എന്തെങ്കിലും ആവശ്യണ്ടായിട്ടാ. വെറുതെ ഒരു രസത്തിന് കാണാലോ. അപ്പോ ഓരോരോ ദെവസങ്ങളങ്ങനെ മുന്നിൽവരും.

മാധവനെ കാലം അരികിൽപോലും നുള്ളിനോവിച്ചിട്ടില്ല. ചിലരങ്ങനെയാണ്. ഒരു മാറ്റവും ബാധിക്കില്ല. എന്നു കാണുന്നോ അതേ മട്ടിൽ, കണ്ട മാതിരി, സ്തംഭിച്ച് നിൽക്കുകയാവും. കോളറിൽ ടവൽ മടക്കിവെച്ച്. മുഖാമുഖം നോക്കാൻ മടിച്ച്, തലകുനിച്ച്.

പഴേ കച്ചോടോം, ണ്ടോ ഇപ്പഴും?

അതിന്റെയൊക്കെ ലെവല് മാറീല്യേ. ഹൈടെക് ഓൺലൈൻ വ്യാപാരല്ലേ ആളുകൾ പ്രിഫർ ചെയ്യാ. ഇടനിലക്കാർ വേണ്ടല്ലോ. ആടും കോഴിയും പശുവും മീനും പോത്തും പച്ചക്കറിക്കൃഷിയുമുള്ള ഫാംഹൗസുണ്ട് കക്ഷിക്ക്. പത്തേക്കർ പുഞ്ചപ്പാടം വാങ്ങി ഹെറിറ്റേജ് വില്ലേജാക്കിയതാണ്. യുട്യൂബ് കണ്ട് അത്യാവശ്യം സഞ്ചാരികൾ വന്നുതുടങ്ങി. പെയ്ഡ് വ്‌ലോഗർമാരുണ്ട്. താമസിക്കാൻ ഓലയും മുളയുംകൊണ്ട് കുടിലുപോലുള്ള ഔട്ട്ഹൗസുകളുടെ പണി നടക്കുന്നു. ‘ശാന്തിഘട്ട്’ എന്നാണ് പേരിട്ടിരിക്കുന്നത്. പേരിലെ പരിവേഷം വ്യാപാരത്തിന് ഗുണം ചെയ്യുമെന്ന് മാധവൻ മനസ്സിലാക്കിയിരിക്കും. നേരംപോക്കിന് മീൻ ചൂണ്ടയിടാം. പാടത്ത് വെള്ളം കേറുമ്പോൾ ചെറുവഞ്ചി തുഴഞ്ഞ് ചുറ്റിയടിക്കാം. ഭജനയ്ക്കും മെഡിറ്റേഷനും വെവ്വേറെ പുൽമേടുണ്ട്. താറാവുവളർത്തലാണ് മാധവന്റെ വിശ്രമജീവിതത്തെ സമാധാനപൂർവം മുന്നോട്ടു നയിക്കുന്നത്.

ചില ദിവസം പൊലീസ് ജീപ്പ് വന്ന് ആ വഴി കണ്ടവരെയെല്ലാം പിടിച്ചുകേറ്റി ലോക്കപ്പിലിട്ടിരുന്നത് ഭാസ്‌കരൻ ഓർമിപ്പിച്ചു. നമ്മളൊരിക്കൽ ഇഞ്ചുകൾക്കാണ് രക്ഷപ്പെട്ടത്. വടക്കുംനാഥന്റെ കൊക്കർണി കാണാൻ പോയതുകൊണ്ട്. ഒരർത്ഥത്തിൽ വടക്കുന്നാഥൻ കാത്തു. കഷ്ടകാലത്തിന് അന്നാ വഴീന്ന് നമ്മളേം പൊക്കീരുന്നെങ്കിൽ എന്തായേനെ? കട്ടപ്പൊക.

ജോലി കിട്ടി ഖത്തറിൽ പോകും വരെ എല്ലാ ശിവരാത്രിക്കും ഭാസ്‌കരൻ ശയനപ്രദക്ഷിണം നടത്തി. കഷ്ടി ഒരു കിലോമീറ്ററാ ഒരു വട്ടം ചുറ്റാൻ. അങ്ങനെ മൂന്നെണ്ണം. നടവഴീലെ ചരലുരഞ്ഞ് മേലാകെ പൊട്ടിനീറും. ന്നാലും അതൊരു ആശ്വാസാ.

പ്രാർത്ഥനപോലെ ഭാസ്‌കരൻ പറഞ്ഞു.

ആളനക്കമില്ലാത്ത വടക്കേ നടയിലാണ് പച്ചിലപടർപ്പു മൂടിയ കൊക്കർണി. നടതള്ളിയ പശുക്കളും കൂറ്റനും മേയുന്നുണ്ടാവും. ഭാസ്‌കരൻ പിടിച്ചുവലിച്ച് സാഹസികമായി കൊണ്ടുപോയ നട്ടുച്ച ജയനന്ദന്റെ ഉള്ളിൽ കത്തി. ഗാന്ധിജയന്തി സേവനവാരത്തിൽ തേക്കിൻകാട് വൃത്തിയാക്കാൻ കുട്ടികളെ സ്കൂളിൽനിന്ന് കൊണ്ടുവന്നതായിരുന്നു.

കൂട്ടത്തിൽനിന്ന് മാറ്റി ആരുടേയും കണ്ണിൽപ്പെടാതെ അവൻ ക്ഷേത്രമതിൽക്കെട്ടിനകത്തേക്ക് കേറ്റി.

നീ കൊക്കർണി കണ്ടിട്ടുണ്ടോ? വടക്കുന്നാഥന്റെ തേവാരം ഈ കൊളത്തിലാണ്. ശിവരാത്രിക്കും തിരുവാതിരയ്ക്കും പൊലർച്ച ശിവനും പാർവതീം കുളിക്കാനിറങ്ങും. ഇലഞ്ഞി പൂത്ത വാസനയുണ്ടാവും. നീന്തിത്തുടിക്കുന്ന ശബ്ദം കേൾക്കാം. നിലാവ് ഓളം വെട്ടും. മനുഷ്യമ്മാർക്ക് കാണാൻ പറ്റില്ല.

ആരെങ്കിലും നോക്ക്യാത്തന്നെ കണ്ണ് മൂടിക്കെട്ടും ഭഗവാൻ. അടുത്ത ജന്മം കണ്ണുപൊട്ടമ്മാരായി ജനിക്കും.

നെന്നോടിതെല്ലാം ആരാ പറഞ്ഞേ?

അച്യുതൻമാഷ്. കൊക്കർണിയിലെ വെള്ളം ഗംഗാസമാനമാണെന്നും ആ വെള്ളം ദേഹത്തിറ്റിക്കുന്നത് മോക്ഷപ്രാപ്തിയാണെന്നും മാഷ് പറഞ്ഞിട്ട്ണ്ട്.

ഈ പൊട്ടക്കൊളത്തിലെ വെള്ളോ.

അങ്ങനെ ചോദിച്ചതും കളിക്കും മട്ടിൽ അവൻ തലയിലും മുഖത്തും വെള്ളം തെറിപ്പിച്ചു. തുടയ്ക്കാനെന്നപോലെ കൈകൊണ്ടമർത്തി. ഇലകളും മരക്കൊമ്പുകളും വീണളിഞ്ഞ വെള്ളത്തിന് വഴുവഴുപ്പാണ്. കെട്ടമുട്ടയുടെ നാറ്റവും.

പടവിലേക്ക് കാൽ കേറ്റി വെപ്പിച്ച് കാലും തുടയും കഴുകുംപോലെ തഴുകിക്കൊണ്ടിരുന്നു. അടുത്തടുത്തേക്ക് ചേർന്നിരുന്ന് കിതച്ചു.

നീയെന്താ കാട്ടണ്.

മരച്ചോട്ടിലെ നിഴലുപോലെ കെട്ടുപിണയുകയും കിതയ്ക്കുകയും ചെയ്തു. ആ വൃത്തികെട്ട വഴീക്കൂടെ നടന്നിട്ടാണ് ഓരോന്ന്. ജയനന്ദൻ പറയുന്നതോ തള്ളി മാറ്റാൻ നോക്കുന്നതോ അവനറിഞ്ഞില്ല.

ജയനന്ദൻ കൂടുതൽ അസ്വസ്ഥനാവുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഭാസ്‌കരൻ ചുമ്മാ ചൊറിഞ്ഞു.

പൊലീസിനെ കണ്ടാ നെനക്കിപ്പോഴും ചങ്കിടിപ്പാല്ലേ?

ഫോണിൽ അവന്റെ ചിരി കേട്ടതായി ജയനന്ദൻ ഭാവിച്ചില്ല.

അച്ഛനെ കയ്യാമം വെച്ച് നടത്തിച്ചതും തേക്കിൻകാട്ടിലൂടെയാണ്.

പൂരക്കാലമായിരുന്നു. എക്സിബിഷനു മുന്നിൽ ചൂതാട്ടവിരുദ്ധസമരം കൊടുമ്പിരി കൊണ്ട വർഷം. പ്രസംഗിക്കാൻ അഴീക്കോടുമാഷും പൗലോസ് തിരുമേനിയും കുമാരപ്പിള്ളസാറും വരും. എക്സിബിഷനു വരുന്നവർ അകത്തു കേറാതെ പ്രസംഗം കേട്ടുനിൽക്കും. ഒരു ദിവസം മുദ്രാവാക്യം വിളിച്ചിരുന്നവരെ റൗഡികൾ വളഞ്ഞിട്ടു തല്ലി. സമരപ്പന്തൽ പൊളിച്ചടക്കി. അച്ഛനടക്കം നാലഞ്ചുപേർ രാപകൽ നിരാഹാരമിരുന്നു. ചില ദിവസം കവിയരങ്ങുണ്ടാവും. അല്ലെങ്കിൽ ജോസിന്റെ കൂട്ടരുടെ നാടകം. അവർക്ക് കർട്ടനും സ്റ്റേജും ലൈറ്റും മൈക്കുമൊന്നും വേണ്ട. മൈതാനത്തിന്റെ പല ഭാഗത്തുനിന്ന് ഒച്ചവെച്ചും അപ്പപ്പോ തോന്നുന്ന ഡയലോഗു പറഞ്ഞും ഓടിക്കൂടി കുമ്മായംകൊണ്ടു വരച്ചിട്ട വൃത്തത്തിൽ പുഷ്പംപോലെ അവർ നാടകം കളിക്കും. കളി തീരുമ്പോഴാണ് നാടകമായിരുന്നുവെന്ന് ആളുകൾ ഓർക്കാറ്.

ട്രാൻസ്‌പോർട്ട് സ്റ്റാന്റിനടുത്ത് ഇടിഞ്ഞുവീഴാറായൊരു കെട്ടിടത്തിൽ അച്ഛനന്ന് ഒരു മാസിക നടത്തുന്നുണ്ട്. സമരക്കാരുടെ കൂട്ടത്തിൽ അച്ഛനാണ് കവികളും എഴുത്തുകാരുമായി അടുപ്പം.

അച്ഛൻ വിളിച്ചാൽ അവരെല്ലാം വരും. കടമ്മനിട്ട വന്ന് കുറത്തി പാടി. എന്തോരം ആൾക്കാരായിരുന്നു കേക്കാൻ. ആനയിടഞ്ഞാലും തേക്കിൻകാട്ടിലെ ചീട്ടുകളിക്കാർ ഇളകാറില്ല. എന്നാലാ സന്ധ്യക്ക് കളിനിർത്തി അവർ കവിത കേൾക്കാൻ വന്നു. കടമ്മനിട്ടക്ക് തിരിച്ചുപോകാൻ ബസ്‌കാശ് കൊടുക്കാൻ അച്ഛന്റെ കൈയിലില്ലായിരുന്നു. രാത്രി ആരും ഉറങ്ങിയില്ല. ശാന്തയും കോഴിയും ചക്കാലയും പാടി. കവിത കേട്ട് ഇഷ്ടം തോന്നിയ അയൽക്കാരും വേലിപ്പുറത്തുനിന്നു.

പിറ്റേന്ന് അതിരാവിലെ വീട്ടുടമസ്ഥൻ വന്ന് ഒഴിയണമെന്ന് പറഞ്ഞു.

ആ വർഷം നാലാമത്തെ വാടകവീടായിരുന്നു അത്. ജയനന്ദന്റെ കൊല്ലപ്പരീക്ഷ നടക്കുന്ന സമയം. അതിന്റെ ദയപോലും കാട്ടിയില്ല.

അച്ഛന് വാടകയ്ക്ക് വീടു കൊടുക്കുന്നത് ബാധ്യതയാവുമെന്ന് ആരെല്ലാമോ പറഞ്ഞു പരത്തിയിരുന്നു. ഒഴിഞ്ഞുകിട്ടില്ല. തോക്കെടുക്കുന്ന വർഗമാണ്. ഗത്യന്തരംകെട്ട് ഒരിക്കൽ ഓടിയെത്തിയതാണ് ചേറ്റുപുഴയിലെ ചായ്പിൽ. ആ വീട്ടുകാരുടെ വിറകുപുരയായിരുന്നു. അതാണ് പനമ്പട്ട വെച്ച് മറച്ച് താമസിക്കാൻ പാകമാക്കിയത്. അച്ഛന്റെ ആൾക്കാരോട് അനുകമ്പയുണ്ടായിരുന്ന എഴുത്തച്ഛൻ വാടക വാങ്ങാൻ കൂട്ടാക്കിയില്ല. അഭിമാനിയായ അച്ഛന് അത് സഹിക്കാവുന്നതിലേറെയായി.

പൊലീസിന്റെ ഇടി കൊള്ളാം. ഇതു വയ്യ.

അച്ഛനുമായി അമ്മ ഇടയാൻ തുടങ്ങുന്നത് അങ്ങനെയാണ്.

കൈയിൽ കിട്ടിയതു കെട്ടിപ്പെറുക്കി വലിച്ചുവാരി രായ്ക്ക്‌രാമാനം ഈ ചെക്കനേംകൊണ്ട് വീടു മാറി നെരങ്ങാൻ വയ്യ. മതിയായി.

സ്ഥിരം ഒരിടത്തു കെട്ടിക്കിടക്കുന്നതിൽപരം ദുഷിക്കാനെന്തുവേണം?

അച്ഛന്റെ ന്യായീകരണമായിരിക്കണം അമ്മയെ ശുണ്ഠിപിടിപ്പിച്ചിരിക്കുക. എല്ലാ പ്രാക്കും പൊടുന്നനെ മതിയാക്കി അമ്മ പോയത് നന്നായി.

ഇന്നാലോചിക്കുമ്പോൾ എത്ര ചെറുപ്പമാണ്.

നാൽപ്പത്തിയാറാമത്തെ വയസിൽ.

കാവടിയുടെ തകിലടി അടുത്ത് വരാൻ തുടങ്ങിയപ്പോൾ ഭാസ്‌കരൻ ചോദിച്ചു:

കാണേണ്ടെ? ഒന്നിറങ്ങീട്ട് വരാം.

നേരിൽ കാണാനുള്ളള ഉത്സാഹമൊന്നും തോന്നിയില്ല ജയനന്ദന്. അതിനിടെ കണ്ണടപ്പൻ വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ട് കാവടിക്ക് വരാൻ പറ്റാത്തതിൽ ക്ഷമാപണം നടത്തി. നാലഞ്ചു ദിവസം വിട്ടുനിന്നാൽ ചെലപ്പോ തിരിച്ച് ചെല്ലേണ്ടിവരില്ല. സിറ്റുവേഷൻ അത്രക്ക് മോശാ. ട്രംപിന്റെ തീരുവക്കാലമല്ലേ? എന്താവും നാളെ തീട്ടൂരമെന്ന് പറയാൻ പറ്റില്ല.

സംസാരത്തിനിടെ അവൻ കണ്ണടയ്ക്കുന്നതും തുറക്കുന്നതും ജയനന്ദൻ കൗതുകത്തോടെ ശ്രദ്ധിച്ചു. ആളുകൾക്ക് മാറ്റമില്ല.

അവൻ കാവടി വിശേഷങ്ങൾ ചോദിച്ചു. ആരാണ് ഇക്കുറി നാഗസ്വരക്കാർ? പഴേ പീതാംബരനും സംഘവും ഇപ്പോഴുണ്ടോ?

നാഗസ്വരം മേലോട്ടുയർത്തി “നക്ഷത്രദീപങ്ങൾ തിളങ്ങി, നവരാത്രി മണ്ഡപം ഒരുങ്ങീ”ന്ന് പീതാംബരൻ വായിക്കുമ്പോ അതൊരു സംഭവായിരുന്നൂ, ല്ലേടാ. കാവടി തീരാറാകുമ്പോഴേക്കും പീതാംബരന്റെ നാഗസ്വരത്തിൽ അഞ്ചിന്റേയും പത്തിന്റേയും നോട്ടുകൾ നിറയും. പാട്ടുപാടി നിർത്തുമ്പോൾ ആരാധകർ ചാർത്തുന്ന പാരിതോഷികമാണ്.

ചില്ലുഗ്ലാസിനു മേലെ നിലക്കാവടിവെച്ച് പലാപ്പൂപോലെ തിരിഞ്ഞിരുന്ന അരിമ്പൂക്കാരെ കൊണ്ടുവന്നു ഒരുകാല്ലം. മറ്റൊരിക്കൽ മധുരയിൽനിന്ന് കരകാട്ടക്കാർ വന്നു. ഫോണിൽ തകിലടി ശബ്ദം കേൾക്കാനുണ്ടെന്ന് കണ്ണടപ്പൻ പറഞ്ഞപ്പോൾ ഭാസ്‌കരൻ വർത്തമാനം മതിയാക്കി. ബാക്കി നാളെയാവാം.

കശുമാങ്ങകൊണ്ടുള്ള നാടൻ വാറ്റായിരുന്നു സൽക്കാരത്തിന് സ്പെഷ്യൽ. മൂന്നെണ്ണം കഴിഞ്ഞപ്പോൾ ഭാസ്‌കരൻ പറഞ്ഞു. ഇതിന്റെ പവറ് ഒരു വിദേശിക്കുമില്ലെടാ. ജയനന്ദൻ കാവടിയുടെ ആർപ്പും ആരവവും ശ്രദ്ധിക്കുകയായിരുന്നു. ഭാസ്‌കരന്റെ ടെറസിലിരുന്നാൽ ആളുകളെ കാണാം. അതിൽ പരിചിതമുഖങ്ങളില്ല. നാഗസ്വരത്തിൽ പീതാംബരൻ പാടുന്നപോലെ ആകാശത്ത് നക്ഷത്രദീപങ്ങൾ തിളങ്ങുന്നുണ്ട്. എപ്പോഴാണ് കിടന്നതെന്ന് പിടിയില്ല. ഒന്നുണർന്നപ്പോൾ കാവടി കഴിഞ്ഞിരിക്കുന്നു. കാറ്റിൽ മകരമഞ്ഞിന്റെ കട്ടിത്തണുപ്പുണ്ട്.

ഭാസ്‌കരൻ ജയനന്ദന്റെ തൊട്ടടുത്തുണ്ട്. അവൻ നെഞ്ചിൽ തടവുകയാണ്.

പതുക്കെ, ഓപ്പൺ ഹാർട്ട് കഴിഞ്ഞതാ, ജയനന്ദൻ തടഞ്ഞു.

അമർത്തിയാൽ തീരും.

ആളുകളൊന്നും മാറുന്നില്ലടാ. മയക്കത്തിലെന്നവണ്ണം, ഭാസ്‌കരന്റെ ശബ്ദം ദൂരെ, കാവടികൊട്ടിനിടെ കേട്ടപോലെ തോന്നി. തരിമ്പുള്ള ആഗ്രഹാണങ്കി അതങ്ങനെ കെടക്കും. ആ കനലങ്ങനെ നീറും.

അവൻ കുറേക്കൂടി പറ്റിച്ചേർന്നു. നല്ലപോലെ കിതയ്ക്കുന്നുണ്ട്.

അടുത്താഴ്ച ബയോപ്സിയുടെ ഫലമറിയും. എന്നിട്ടുവേണം ഡയാലിസിസ് തുടങ്ങാൻ. ഉള്ളു പൂതലിച്ച ഭാസ്‌കരന്റെ ശരീരത്തെ ജയനന്ദൻ ആദ്യമായി കാണുന്നപോലെ നോക്കി.

താഴെ വഴികളിൽ ആട്ടം കഴിഞ്ഞ് ഉറക്കം തൂങ്ങുന്ന കാവടിസംഘങ്ങൾ മടങ്ങുന്നു. കൊട്ടും തുടിയുമില്ല. ആരവമില്ല. ആഘോഷം തീർന്നിരിക്കുന്നു.

തലയ്ക്കകം പെരുക്കുന്നുണ്ട്. ബാക്കിവന്ന ഇറച്ചിക്കറിയിൽ ഈച്ചയാർക്കുന്നു. ഓക്കാനം വരുത്തുന്നൊരു കെട്ട മണം പരന്നിട്ടുണ്ട്.

ഇപ്പോളിറങ്ങിയാൽ വെയിൽ മൂക്കും മുമ്പേ വീടെത്താമെന്ന് പറഞ്ഞ് ജയനന്ദൻ എഴുന്നേറ്റു. ഭാസ്‌കരൻ അതൊന്നും കേട്ടതായി തോന്നിയില്ല. ആളുകളുടെ ചവിട്ടേറ്റ് ചതഞ്ഞ, പല നിറത്തിലുള്ള കാവടിപ്പൂക്കൾ, വഴിനീളെ കൊഴിഞ്ഞുകിടക്കുന്നത് ജയനന്ദൻ ശ്രദ്ധിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com