നിധീഷ് ജി. എഴുതിയ കഥ ‘ഷോവിനിസ്റ്റ്’

Illustration
ചിത്രീകരണംസചീന്ദ്രന്‍ കാറഡുക്ക
Updated on

“സൺസെറ്റിന് ശേഷമേ അത് തെളിയൂ. രാത്രിയിൽ, മീൻപിടുത്തം കഴിഞ്ഞുവരുന്ന ബോട്ടുകൾക്കും പുറംകടലിലൂടെ പോകുന്ന ഷിപ്പുകൾക്കും ദിശയറിയാനുള്ള വെളിച്ചം.”

“നമുക്കത് ഓണായിക്കഴിഞ്ഞ് പോയാ മതി കേട്ടോ.”

“നോക്കാം.”

“എന്ത് നോക്കാന്ന്? അങ്ങനെ മതി!”

കുട്ടിത്തം നിറഞ്ഞ അധികാരത്തോടെ അവൾ പറഞ്ഞു. പാലത്തിലൂടെ വലത്തേക്കിറങ്ങി പുലിമുട്ടിന്റെ തുമ്പ് വരെയുള്ള ദീർഘമായ നടപ്പിനിടയിൽ അവളുടെ ചോദ്യങ്ങൾ ലൈറ്റ് ഹൗസിനെ ചുറ്റിപ്പറ്റി മാത്രമായിരുന്നു. കേട്ടിട്ടേയുള്ളൂ, ചിത്രങ്ങളും കണ്ടിട്ടുണ്ട്. നേരിൽ ആദ്യമായിട്ടാണത്രേ! ഉള്ളാകെ കലുഷിതമായിരുന്നെങ്കിലും അവളുടെ എല്ലാ സംശയങ്ങൾക്കും ഞാൻ വ്യക്തമായ മറുപടി നൽകി. സത്യത്തിൽ അവൾ പോലുമറിയാതെ ഞാനാ വിളക്കുമാടത്തെ ഞങ്ങളുടെ രഹസ്യജീവിതത്തിന്റെ താക്കോലാക്കി മാറ്റിയിരുന്നു.

അവധിദിനമല്ലാത്തതിനാൽ ബീച്ചിൽ അധികമാളുകൾ ഉണ്ടായിരുന്നില്ല. കായലിന്റെ കൈകൾ നീണ്ടുവന്ന് കടലിനെ തൊടുന്ന ഭാഗത്ത് നീലയും പച്ചയുമല്ലാത്ത ഒരു നിറം വ്യാപിച്ചു കിടക്കുന്നത് കാണാം. പണ്ട് അവിടം ഒരു മണൽത്തിട്ടയായിരുന്നു. പൊഴിയിലെ പൂഴിമണലിൽ കാലുറപ്പിച്ച് നിന്ന് വീശുകാർ ഇരുവശത്തേക്കും വലയെറിഞ്ഞ് കണമ്പുകളേയും ഏട്ടക്കൂരികളേയും പിടിക്കുന്ന നിറം മങ്ങിയ കാഴ്ച ഉള്ളിൽ മിന്നിപ്പൊലിഞ്ഞു. വർഷകാലത്ത് പൊഴി മുറിയും. പൊഴിമുഖം അഴിമുഖമാകും.

കരിങ്കല്ലുകൾക്കിടയിലിരുന്ന മെലിഞ്ഞ യുവാവ് ഒരു ഇടത്തരം ഏട്ടയെ റീൽ ചെയ്‌തെടുക്കുന്നത് കണ്ട് അവൾ ആഹ്ലാദത്തോടെ അവിടേക്ക് പാറി. കിട്ടുണ്ണിയേക്കാൾ കഷ്ടമാണല്ലോ ഇവളുടെ കാര്യം! കിട്ടുണ്ണി കൂടെ ഉണ്ടായിരുന്നെങ്കിൽ ഇതൊന്നുമല്ല. നേരമിരുട്ടിയാലും ഇന്നവിടെ നിന്ന് ചലിക്കില്ല. ജിജ്ഞാസ നിറഞ്ഞ കണ്ണുകളോടെ മണിക്കൂറുകൾ നിന്നുകളയും. ഫിഷിംഗ് വ്ലോഗുകൾ സ്ഥിരമായി കാണാറുള്ള അവൻ ഇടയ്ക്കിടെ പറയുന്ന കാസ്റ്റിംഗ്, ബെയ്റ്റ്, ബോബർ തുടങ്ങിയ വിചിത്രപദങ്ങൾ ഇതുവരെ മനസ്സിലായിട്ടില്ല. അവന് താല്പര്യമുള്ള മേഖലകൾ എനിക്ക് തീർത്തും അപരിചിതമാണ്. എന്റേത് അവനും. ഓളങ്ങളിൽ ചാഞ്ചാടി ഇരമ്പലോടെ നീങ്ങുന്ന നീലച്ചായമടിച്ച ബോട്ടിലേക്ക് ഞാൻ വെറുതെ നോക്കി. അപ്പോഴേക്കും അവൾ ഓടിവന്നു.

“നിനക്ക് കുറച്ച് മര്യാദയ്ക്ക് നടന്നൂടെ?” ഞാൻ മുഖം കനപ്പിച്ചു.

അതുകേട്ട് അവൾ ചൂണ്ടുവിരലും നടുവിരലും ചേർത്തു പിരിച്ച് അടിവയറ്റിൽ ആഞ്ഞുകുത്തി. ഞാൻ പുളഞ്ഞുപോയി.

ബലൂണുകൾ പാറുന്ന ഐസ്‌ക്രീം വണ്ടിയിൽനിന്നും രണ്ട് ചോക്കോബാർ വാങ്ങി, ഞങ്ങൾ പാറപ്പുറത്തേക്ക് വലിഞ്ഞുകയറി, അസ്തമയം കാണാവുന്ന മട്ടിൽ ഇരുന്നു. അവൾ എന്റെ തോളിലേക്ക് തലചായ്‌ച്ച്, കാലുകളാട്ടിയിരുന്ന് തണുപ്പ് നുണഞ്ഞു. പരിചയക്കാർ ആരും കാണാതിരുന്നാൽ മതിയായിരുന്നു. ഞാൻ ചുറ്റും നോക്കി.

ഇല്ല, അങ്ങനെയാരുമില്ല.

പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നവണ്ണം അവൾ തിരിഞ്ഞ് ലൈറ്റ്ഹൗസിലേക്ക് നോക്കി.

“സമയമാകുന്നതേയുള്ളൂ.” ഞാൻ പറഞ്ഞു.

അവൾ കാലുകളുയർത്തി താളത്തിൽ വശത്തേക്ക് കറങ്ങി സൂര്യന് പുറംതിരിഞ്ഞു. ശേഷം, അതേമട്ടിൽ എന്റെ തോളിലേക്ക് തന്നെ ചാരി കണ്ണിറുക്കി ചിരിച്ചു. അങ്ങനെ, ലോകത്തിന്റെ രണ്ടറ്റങ്ങളിലേക്ക് മിഴികളയച്ച് വെളിച്ചം കെടാൻ ഞാനും തെളിയാൻ അവളും കാത്തിരുന്നു.

വെയിലിന്റെ മൂർച്ചയുള്ള മുനകൾ പോളകളിൽ ശക്തിയായി കുത്തുന്നതിന്റെ നീറ്റൽ സഹിക്കവയ്യാതെയാണ് കണ്ണുകൾ വലിച്ചുതുറന്നത്. വെളിച്ചം വേദനയോടെ ഉള്ളിലേക്കിരച്ചു. കുറേ നേരത്തേക്ക് ഒന്നും കാണാനായില്ല. തീഗോളങ്ങളുടെ നടുവിൽപ്പെട്ട പ്രതീതി. മെല്ലെ മെല്ലെ കാഴ്ച തെളിവാർന്നു. ചിരപരിചിതമായ ജനാല. പുറത്ത് മുരിങ്ങയിലകളിൽ തട്ടിച്ചിതറുന്ന സൂര്യൻ.

വീട്ടിലെത്തിയത് എപ്പോഴാണ്? ആരാണ് എന്നെ ഇവിടെ കൊണ്ടുവന്നത്? ദിവസങ്ങൾ കുറേ ആയതുപോലെ തോന്നുന്നു. കൈകൾ അനക്കാൻ പറ്റുന്നില്ല. എഴുന്നേൽക്കണമെന്നുണ്ട് പക്ഷേ, സാധിക്കുന്നില്ല. ശരീരം തളർന്നതുപോലെ. എന്താണ് എനിക്ക് സംഭവിച്ചത്?

“ഷീജേ... ഷീജേ...”

പറ്റാവുന്നത്ര ഒച്ചയിൽ ഞാൻ വിളിച്ചു. അടുക്കളയിൽ ഒരു പാത്രം തട്ടിമറിഞ്ഞു. വാതിൽക്കലേക്ക് ഓടിവന്ന ഷീജ ഒരു നിമിഷം കണ്ണുമിഴിച്ച് എന്നെ നോക്കി. പൊട്ടിവന്ന കരച്ചിൽ ഒതുക്കാൻ പറ്റാതെ അവൾ പാഞ്ഞുവന്ന് എന്നെ കെട്ടിപ്പിടിച്ചു. കണ്ണുനീർ ധാരയായി എന്റെ നെഞ്ചിലേക്ക് ഒഴുകി. ഏങ്ങലടി നിയന്ത്രിക്കാൻ അവൾ പാടുപെട്ടു. കാണാതിരുന്ന് കാണുന്നതുപോലെ അവൾ കരച്ചിലിനിടയിലൂടെ എന്നെ നോക്കി. സന്തോഷമോ സമാധാനമോ സ്നേഹമോ സങ്കടമോ ആശ്വാസമോ... എന്തെന്ന് വേർതിരിച്ചറിയാനാവാത്ത ഒരു ഭാവം അവളിൽ പ്രകാശിച്ചു.

“എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ല ഷീജേ.”

പൊടുന്നനെ അവളുടെ കരച്ചിൽ നിന്നു. കയ്യിലും തോളിലുമായി ശ്രദ്ധാപൂർവം താങ്ങി ഷീജ എന്നെ മെല്ലെ എഴുന്നേൽപ്പിച്ച് ജനാലയുടെ വശത്തായി തലയണ വെച്ച്, ചാരിയിരുത്തി. സ്ഥിരമായി ആ പ്രവൃത്തി ചെയ്യുന്ന ഒരാളുടെ വഴക്കം അവൾക്ക് എങ്ങനെ കിട്ടി എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു.

“കുറച്ച് ഓറഞ്ചുനീര് തരട്ടെ?”

“ഓറഞ്ചോ? എനിക്കോ?”

അതുകേട്ട് അവൾ ചിരിച്ചു.

“എനിക്ക് ചോറ് വേണം. ചമ്മന്തിയും മുട്ട പൊരിച്ചതും.”

ഷീജ വീണ്ടും ചിരിച്ചു. എനിക്ക് ദേഷ്യം വന്നു. എന്താണിവൾക്കിത്ര സന്തോഷം? ഡ്യൂട്ടിക്ക് പോകാതെ ഇവളിവിടെ എന്ത് ചെയ്യുകയാണ്? ചിലപ്പോൾ ഇന്നലെ നൈറ്റ് ഷിഫ്റ്റ് ആയിരുന്നിരിക്കും. പെട്ടെന്നാണ് ഒരു കാര്യം ഓർമവന്നത്.

“കിട്ടുണ്ണി എവിടെ?”

“സ്കൂളിൽ പോയി...”

സ്വാഭാവികമെന്നോണം പറഞ്ഞിട്ട് അവൾ അടുക്കളയിലേക്ക് നീങ്ങി. സ്കൂളോ? എപ്പോഴാണ് അവനെ സ്കൂളിൽ ചേർത്തത്? എനിക്ക് ഒരു വാലും തുമ്പും കിട്ടിയില്ല. എന്ത് നാടകമാണ് ഇവിടെ നടക്കുന്നതെന്ന് ഷീജയോട് ചോദിക്കണമെന്നുണ്ട്. വരട്ടെ.

ഫോണെവിടെ? ഞാൻ ചുറ്റും നോക്കി. മുറിയിലെ വസ്തുക്കളുടെ സ്ഥാനം എല്ലാം മാറിമറിഞ്ഞിരിക്കുന്നു. ടേബിൾ കട്ടിലിനോട് ചേർന്നാണ് ഇപ്പോൾ കിടക്കുന്നത്. അതിൽ നിറയെ മരുന്നുകൾ, ഫ്ലാസ്‌ക്, വൈപ്പ്‌സ്, ഡയപ്പറുകൾ. അലമാര കാണാനില്ല. ഡൈനിംഗ് റൂമിൽ കിടന്നിരുന്ന കസേര എങ്ങനെ ഇവിടെ വന്നു? നിലത്ത് ചിതറിക്കിടക്കുന്ന കിട്ടുണ്ണിയുടെ ഹോട്ട് വീൽസ്. ഭിത്തിയിൽ പുതിയ കലണ്ടർ.

ആർക്കാണിപ്പോ ഡയപ്പറുകൾ?

ഞാൻ വലതുകൈ മെല്ലെ ചലിപ്പിക്കാൻ നോക്കി. ഭാഗ്യം, ഇപ്പോൾ ചെറുതായി അനങ്ങുന്നുണ്ട്. അരക്കെട്ടിന് താഴെ ചുറ്റിയിരുന്ന പതുപതുപ്പിൽ വിരലുകൾ ചെന്ന് തൊട്ടപ്പോൾ എനിക്ക് വല്ലായ്മ തോന്നി. സത്യത്തിൽ എത്ര ദിവസമായി ഞാനീ കിടപ്പ് തുടങ്ങിയിട്ട്? എനിക്ക് എന്താണ് പറ്റിയത്?

അടുക്കളയിൽ ഷീജ ആരോടോ ഫോണിൽ സംസാരിക്കുന്നത് കേൾക്കാം. വ്യക്തമല്ല. അവളുടെ അമ്മയോടാവും. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞപ്പോൾ ഞാൻ ഫാനിലേക്ക് നോക്കി. പതുക്കെയാണതിന്റെ കറക്കം. നിറയെ പൊടിപിടിച്ച് കറുത്തിരിക്കുന്നു. ആരോ മുറ്റത്ത് വന്നിട്ടുണ്ടല്ലോ? ആരാണ്? ശബ്ദം അടുത്തടുത്ത് വന്നു. അപ്പുറത്തെ വീട്ടിലെ സോമണ്ണനും രാധേച്ചിയും. സോമണ്ണൻ ഏതോ ലോകാത്ഭുതം മുന്നിൽ കണ്ടതുപോലെ കണ്ണുകൾ മിഴിച്ചു. രാധേച്ചി അന്തംവിട്ട മട്ടിൽ താടിക്ക് കൈകൊടുത്ത് നിന്നു. ഇത്ര അതിശയപ്പെടാൻ ഇവിടെ എന്താണ്? ഇവർക്കൊക്കെ ഭ്രാന്തായോ?

സോമണ്ണൻ അടുത്തുവന്നിരുന്ന് അനുകമ്പയോടെ കൈപിടിച്ചു.

“അണ്ണൻ ഇന്ന് ഓഫീസിൽ പോയില്ലേ?”

ആ ചോദ്യത്തിൽ അയാളുടെ കൈ യാന്ത്രികമായി അയഞ്ഞു.

“എടോ, കഴിഞ്ഞ ജൂണിൽ ഞാൻ റിട്ടയറായി.”

ആ വാചകം കേട്ടതോടെ എന്റെ സമനില തെറ്റി. മറ്റേതോ ഗ്രഹത്തിൽനിന്നും ഭൂമിയിലേക്ക് വന്നുവീണ അജ്ഞാത ജീവിയെപ്പോലെ ജനാലയുടെ അഴികളിലേക്ക് ചുരുണ്ട്, മുറ്റത്തേക്ക് നോട്ടം പതിപ്പിച്ചു. ഇനി എന്തു പറയുമെന്ന് വീർപ്പുമുട്ടിയ സോമണ്ണന്‍

“ഇപ്പ വരാടോ” എന്നു പറഞ്ഞ് രാധേച്ചിയുമായി അടുക്കളഭാഗത്തേക്ക് പോയി.

മുറ്റത്താകെ പുല്ലുകൾ പടർന്നുകയറിയിരിക്കുന്നു. ഗന്ധരാജന്റെ ഇലകളൊക്കെ ഉണങ്ങി കൊമ്പുകൾ മാത്രമായി. ക്രോട്ടണുകൾ നിറം വാർന്ന്, ക്രമമില്ലാതെ പരസ്പരം ചുറ്റിപ്പടർന്നു കിടക്കുന്നു. വായുവിൽ പാറുന്ന മഞ്ഞ മുരിങ്ങയിലകൾ. നാലഞ്ച് പിടക്കോഴികൾ മതിലിനോട് ചേർന്നുള്ള പൊന്തയ്ക്കിടയിൽ കൊത്തിപ്പെറുക്കുന്നത് കണ്ണുകൾ അത്ഭുതത്തോടെ കണ്ടെത്തി. ഷീജ കോഴിവളർത്തൽ തുടങ്ങിയോ? ഇതിനൊക്കെ ഇവൾക്ക് എപ്പോഴാണ് സമയം?

“ഷീജേ... ഷീജേ...” ഞാൻ നീട്ടിവിളിച്ചു.

മുഷിഞ്ഞ ടോപ്പിൽ കൈ തുടച്ചുകൊണ്ട് അവൾ ഓടിവന്നു.

“അവര് പോയോ?”

“പോയി.”

“എന്റെ ഫോണെവിടെ?”

അതുകേട്ട് അവൾ ഒരു നിമിഷം തറഞ്ഞുനിന്നു. ശേഷം വീണ്ടും അടുക്കളയിൽ പോയി ഫോണുമായി വന്ന് എന്റെ വലതുകയ്യിലേക്ക് വെച്ചു തന്നു. കവർ നഷ്ടപ്പെട്ടിരിക്കുന്നു. സ്‌ക്രീൻ ഗാർഡിൽ നിറയെ പോറലുകൾ.

“എന്റേത് ചീത്തയായപ്പോ ആ സിം കൂടി ഇതിലേക്കിട്ടു.” അവൾ പറഞ്ഞു.

ഉള്ളിൽനിന്നും ഒരാന്തൽ പുറത്തേക്ക് വന്നത് തൊണ്ടയിൽ തടഞ്ഞു. ഫോണിലെ തീയതിയും സമയവും ആ വേള, എന്റെ സ്ഥലകാല ബോധത്തെ നിർദയം കൊത്തിവലിച്ചു. ധൃതിയോടെ ഞാൻ ലോക്ക് തുറക്കാൻ നോക്കി. ശരിയാകുന്നില്ല, വിരലുകൾ വഴങ്ങുന്നില്ല. ഷീജ, പെട്ടെന്ന് ഓർമ വന്നിട്ടെന്നപോലെ അടുത്തുവന്ന് പുതിയ പാറ്റേൺ ലോക്കഴിച്ചു. ഞാൻ തലയുയർത്തി അവളെ നോക്കി. ഇല്ല, ഒരു ഭാവമാറ്റവുമില്ല. സമാധാനം.

അവൾ അടുക്കളയിലെത്തി മിക്‌സി ഓൺ ചെയ്യുന്ന ശബ്ദം കേൾക്കുന്ന നേരം വരെ ഞാൻ അതേ ഇരിപ്പിരുന്നു. പിന്നെ ലിസ്റ്റിൽനിന്നും പേര് കണ്ടെത്തി ഡയൽ ബട്ടണിൽ തൊട്ടു. ‘ലൈറ്റ് ഹൗസ്’ എന്ന നാമം ഫോണിൽനിന്നിറങ്ങി മുറ്റം കടന്ന്, മുരിങ്ങപ്പടർപ്പുകൾക്ക് ഇടയിലൂടെ ദൂരേക്ക് പറന്നുനീങ്ങുന്നത് ഞാൻ വിസ്മയത്തോടെ നോക്കി. ഫോൺ കാതിലേക്ക് ചേർക്കാൻ എത്ര ആയാസപ്പെട്ടിട്ടും കൈ പകുതി വരെ മാത്രമേ ഉയർന്നുള്ളു. ഞാൻ സ്പീക്കർ ഓൺ ചെയ്തു.

“ഹലോ...”

ഇന്നലെ കേട്ടതുപോലെ ആ ശബ്ദം! എനിക്ക് മറുപടി കൊടുക്കാനായില്ല. നാവ് താഴേക്ക് ഇറങ്ങിപ്പോയത് പോലെ.

“ഷീജേച്ചീ...”

ആ വിളി എന്നെ നടുക്കി. ഇത്രനേരം അടക്കിവെച്ച ശ്വാസം അപ്പുറത്ത് ചെന്നുമുട്ടിയോ? ഇരുട്ടിന്റെ നൂലുകളാൽ തുന്നിയ കനമേറിയ ഒരു മൗനം ആ നേരം ഞങ്ങൾക്കിടയിൽ നിറഞ്ഞു. അവിടേക്ക് മിന്നൽപോലെ വീണ പ്രകാശം, മെല്ലെ ഭ്രമണം ചെയ്തുകൊണ്ട്, ഇരു ജലവിതാനങ്ങളേയും മാറിമാറി തെളിച്ചമുള്ളതാക്കി. നീലച്ചായമടിച്ച ബോട്ട് അകന്നകന്ന് ഒരു പൊട്ടുപോലെയാകുന്നത് ഞാൻ കണ്ടു.

പെട്ടെന്ന് കോൾ കട്ടായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com