രാജേഷ് നാരായണന്‍ എഴുതിയ കഥ ‘ചെല്ലാനം’

Art
ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക
Updated on

ദ്യരാത്രിയിൽ കടൽ വന്ന് തങ്ങൾക്കൊപ്പം കിടക്കുമെന്ന് അഥീന വിചാരിച്ചിരുന്നേയില്ല, അങ്ങനെ സംഭവിച്ചതും അവൾക്ക് ചിരി വന്നു. നമ്മുടെ മക്കളും ഇതുപോലെ നമുക്കിടയിൽ കയറി കിടക്കുമല്ലേയെന്ന് ചോദിക്കാനാഞ്ഞതും ഗബ്രിയേലിന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ ചേർത്തു കളഞ്ഞു.

“ഗബ്രിയേ... ഏറ്റമാടാ... എടാ ഗബ്രി കടല് കയറുകയാണ്. എടാ എഴുന്നേൽക്ക്.”

“അമ്മ” എന്നു പറഞ്ഞ് അഥീന ഗബ്രിയേലിനെ വേർപെടുത്തി.

വെളുക്കുവോളം കടൽക്കരയിലിരുന്ന് വർത്തമാനം പറയണമെന്നും, കടലിൽ നേരം വെളുക്കുന്നത് കാണണമെന്നുമെല്ലാം നിശ്ചയിച്ചിരുന്നെങ്കിലും അതിനൊന്നും പറ്റിയില്ല.

രജിസ്റ്റർ ഓഫീസിൽനിന്ന് ഇറങ്ങുമ്പോൾ തന്നെ വൈകി. പിന്നെ ഗബ്രിയുടെ ബന്ധുക്കളും അവരുടെ സംശയങ്ങളും സ്നേഹങ്ങളും രാത്രി ഒരുപാട് എത്തിച്ചു. കേട്ടറിഞ്ഞു വന്നവര് ആദ്യം മടിച്ചു നിന്നെങ്കിലും പിന്നെ പെട്ടെന്ന് കൂട്ടായി.

കടലിലേക്ക് തുറക്കുന്ന ജനൽ പാളി മാത്രം കിടക്കുന്നതിനു മുൻപ് അടക്കേണ്ടെന്ന് അഥീന ഗബ്രിയേലിനോട് പറഞ്ഞിരുന്നു. അന്നേരത്തെ ചതുരക്കാഴ്ചയിൽ കടൽ, നിലാവ് പുതച്ച് മയങ്ങി കിടക്കുന്നതും ചില തിരകൾ ഒന്നുയർന്നു താഴുന്നതും മാത്രം കണ്ടു.

പിന്നെ ജനാലച്ചതുരം കാണാതായി, കടൽ കാണാതായി, അവർ രണ്ടുപേരും മാത്രമായി, ഇപ്പോൾ കടൽ തൊട്ടു വിളിക്കുന്നത് വരെ.

അഥീന നിവർന്നു നോക്കി.

ജനാല ചതുരത്തിലൂടെ കടൽത്തിരകൾ തിക്കി തിരക്കുന്നു. ഗബ്രി അവളെ ചേർത്തുപിടിച്ചു. കടൽ വെള്ളം അവരുടെ മേൽ വീണ് തിളച്ചു.

“പുതുപ്പെണ്ണും ചെറുക്കനും എഴുന്നേറ്റില്ലേ സെൽവി.”

ആരോ ചോദിക്കുന്നു.

“ആ ഇനിയങ്ങോട്ട് ഏറ്റവും ഇറക്കവും ശീലിക്കാനൊള്ളതല്ലേ.”

ആരോ മറുപടി പറഞ്ഞു.

മുട്ടിനു മുകളിലെ വെള്ളത്തില് നിന്ന് അഥീന ഒരു കൈവെള്ളം കോരിയെടുത്തു. അവളത് ചുണ്ടോട് ചേർത്തു.

ഉപ്പിന്റെ കവർപ്പ്...

ഗബ്രി അവളോട് പറഞ്ഞു: “പുതുപ്പെണ്ണിനെ കാണാൻ കടലമ്മ വന്നതാ.”

അവൾക്കത് ഇഷ്ടമായി. അടുത്ത ബന്ധുവിനെ ചേർത്തു പിടിച്ചതുപോലെ, അവൾ കയ്യിലെ വെള്ളം അവർക്ക് മുകളിൽ ഉയർത്തിപ്പിടിച്ചു.

കൈക്കുമ്പിളിലെ കടൽ ആദിജലംപോലെ അവരുടെ നാവിലേക്ക് ഇറ്റു വീണു.

“മനുഷ്യൻ ആദ്യം രുചിച്ച സ്വാദ്, ഉപ്പ് ആയിരിക്കുമല്ലേ?” -അഥീന ചോദിച്ചു.

“ആയിരിക്കും, കണ്ണീരിന്റെ ഉപ്പ്” -ഗബ്രിയേൽ മറുപടി പറഞ്ഞു.

കടലിനും കണ്ണീരിനും ഒരേ രുചി എന്നവൾ കൂട്ടിച്ചേർത്തതും:

“പിള്ളേരെ, വർത്തമാനോം പറഞ്ഞ് നിൽക്കാതെ ഇറങ്ങാൻ നോക്ക്, ഗബ്രി, ആ പാവത്തിനെ ഉപ്പു വെള്ളത്തിൽ കൂടെ നടത്തല്ലേടാ, ഈ ചെരുവത്തിലോട്ട് കേറ്റടാ” മാർഗരിറ്റ, ഗബ്രിയുടെ ചേച്ചി വാതിൽക്കലേക്ക് ഒരു വട്ടചരുവം നീക്കിവെച്ചു. അടുത്ത വീട്ടിലെ മേർളി മീൻ വിൽക്കാൻ കൊണ്ടുപോകുന്ന അലുമിനിയം ചെരുവം ആയിരുന്നത്. അഥീന ആ ചെരുവത്തിലേക്ക് നോക്കി, ഒരാൾക്ക് ഇരിക്കാം.

“മോള് കയറിക്കോ, ഇവൻ തള്ളി വിട്ടോളും” മാഗിയെന്ന് സ്വയം വിളിക്കുന്ന മാർഗരിറ്റ പ്രോത്സാഹിപ്പിച്ചു.

അഥീനയ്ക്ക് വീണ്ടും തമാശ.

വട്ടച്ചെരുവത്തിൽ കടൽ വെള്ളത്തിലൂടെ ആദ്യരാത്രിയിൽ സഞ്ചരിക്കുന്നതിന്റെ ഉത്സാഹം അവളെ ചെരുവത്തിലേക്ക് കയറ്റി.

“തള്ളിക്കോ.”

ഗബ്രിയെ നോക്കി കണ്ണിറുക്കി അവൾ പറഞ്ഞു.

കടൽ ഒന്നു മുരണ്ടു.

ഒരു കനത്ത തിര വന്നതും ചെരുവം ഒന്ന് ഉലഞ്ഞുയർന്നു. അഥീന ഇത്തവണ ഒന്നു വിരണ്ടു.

ഗബ്രി ചരുവത്തിന്റെ വക്കിൽ പിടിച്ച് ഒഴുക്കിനൊപ്പം മുന്നോട്ടു നടന്നു. മുറ്റത്തിന്റെ അതിരിലെ സിമന്റ് തൂണുകളിൽ തട്ടി നിൽക്കുന്ന വീട്ടുപാത്രങ്ങൾ, പ്ലാസ്റ്റിക് കസേരകൾ.

“ഇറക്ക വലിവ് കഴിയുമ്പോൾ അതൊക്കെ തറയിൽ കാണും.” അഥീനയുടെ നോട്ടം കണ്ട് സെൽവി, ഗബ്രിയുടെ അമ്മ പറഞ്ഞു. ആളുകൾ വീടുകളിൽനിന്ന് മാറി തുടങ്ങി.

“നാളെ നേരം പുലരുമ്പോൾ ഇറക്ക വലിവ് തുടങ്ങും. അത്രേം നേരം പള്ളിക്കെട്ടിടത്തിലായിരിക്കും എല്ലാവരും.” ലാസർ, ഗബ്രിയുടെ അപ്പൻ അഥീനയോട് പറഞ്ഞു. അവൾ ചിരിച്ചു.

ലാസർ ആ നേരത്ത് ചിന്തിച്ചത് ഇന്ന് ഉച്ച മുതൽ ആലോചിച്ച കാര്യമായിരുന്നു.

ഈ പെൺകൊച്ചിന് ഭ്രാന്ത് ആയിരിക്കുമോ? മാനസികരോഗമില്ലാത്ത ഒരാൾ ഇങ്ങനെയൊക്കെ ചെയ്യുമോ?

എത്ര ചിന്തിച്ചിട്ടും അയാൾക്ക് ഇതിനൊരു ഉത്തരം കിട്ടിയില്ല, അയാൾ സെൽവിയെ നോക്കി. അവൾക്കൊരു കുലുക്കവുമില്ല. അയാൾ അഥീനയെ നോക്കി. വട്ടച്ചെരുവത്തിലിരുന്ന് ഏറ്റു വെള്ളത്തിൽ വിരൽ ഓടിക്കുകയാണവൾ.

കടല് കലിതുള്ളി വരുന്നതുപോലെ ആണോ ഇത്? വേലിയേറ്റം കഴിഞ്ഞാൽ വേലിയിറക്കം ഉണ്ട്. ഇത് അങ്ങനെയല്ലല്ലോ.

“നിങ്ങൾ ഇത് എന്തോർത്തു നിൽക്കുകയാണ്, ആ ഗെയ്റ്റ് അങ്ങട് അടക്ക്, ഉള്ളതെല്ലാം ഇപ്പോൾ കടല് കൊണ്ടുപോകും.”

അരക്കൊപ്പം വെള്ളത്തിലൂടെ നടന്ന് അയാൾ ഗേറ്റ് അടച്ചു. തുരുമ്പിച്ച ഗേറ്റിന്റെ കമ്പികൾക്കിടയിലൂടെ കടൽ വെള്ളം ഉയർന്നും താഴ്ന്നും നിൽക്കുന്നു. തൊട്ടപ്പുറത്തെ ഈനാശുവിന്റെ കൊച്ചുമോന്റെ ക്രിക്കറ്റ് ബാറ്റ് ഒന്ന് വട്ടംചുറ്റി കടലിലേക്ക് നൂണ്ടു.

“ഗേറ്റ് അടച്ചാൽപ്പിന്നെ ഒഴുകി നടക്കണതൊക്കെ കടലിറങ്ങി കഴിയുമ്പോൾ ഇവിടെ കാണും” സെൽവി അഥീനയോട് പറയുകയായിരുന്നു. താനിനി ഇതൊക്കെ പഠിക്കണം

അവൾ മനസ്സിൽ കരുതിയതും വട്ടച്ചെരുവം എവിടെയോ തട്ടി, “ഇത്രയേ ഉള്ളൂ, ഇനി രാജകുമാരി നടന്നോ.”

“കൊച്ചിനെ കളിയാക്കല്ലേടാ.”

ചവിട്ടു നാടകത്തിൽ രാജ്ഞിയായി വേഷം കെട്ടുന്ന മാഗി, ഗബ്രിയോട് ദേഷ്യപ്പെട്ടു.

മാഗിയുടെ കയ്യിൽ രാജ്ഞിയുടെ വസ്ത്രങ്ങളും കിരീടവും ആയിരുന്നു. എല്ലാ വേലിയേറ്റത്തിലും മാഗിയത് കൊണ്ടുപോകും. മറ്റെന്ത് കടലെടുത്ത് പോയാലും രാജ്ഞിയാകാനുള്ള വേഷം കടലു കൊണ്ടുപോകരുതെന്ന് അവൾക്ക് നിർബന്ധമുണ്ട്.

മാഗി അവിവാഹിതയാണ്, ചവിട്ടു നാടകത്തിലെ രാജ്ഞിക്ക് രാജാവുണ്ട്, രണ്ട് മക്കളുണ്ട്.

മാഗിക്ക് തന്നെക്കാളും ഇഷ്ടം രാജ്ഞിയോട് ആയിരുന്നു, പിന്നെ ഇപ്പോൾ അവൾക്ക് അഥീനയോടും ഇഷ്ടമുണ്ട്.

അഥീന ചിരിയോടെ ചെരുവത്തിൽനിന്നും ബാലൻസ് തെറ്റാതെ ഇറങ്ങാനായി ഗബ്രിയുടെ തോളിൽ പിടിച്ചു. ഒരു കാലെടുത്തതും വട്ടച്ചെരുവം തെന്നിമാറി, മറ്റൊരു വഴിയുമില്ലാതെ അഥീന ഗബ്രിയുടെ കഴുത്തിൽ ചുറ്റിപ്പിടിച്ച് ചെരുവത്തെ ഒഴിവാക്കി.

മാഗിയും സെൽവിയും ചിരിച്ചു.

ലാസർ, “പുണ്യാളാ, എന്റെ മകന്റെ തലയില് നീയൊരു ഭ്രാന്തിയെ വെച്ച് കൊടുത്തല്ലോ” എന്നു പറഞ്ഞതും ഒരു കൈ കടൽ വെള്ളം കോരി സെൽവി ലാസറിന്റെ മുഖത്തേക്ക് ഒഴിച്ചു. ശക്തമായി തന്നെ.

“മിണ്ടാതെ നടന്നോ...”

പള്ളിയുടെ ഒരിക്കലും അടയ്ക്കാത്ത പരിഷ് ഹാളിൽ കടലേറ്റിൽനിന്ന് രക്ഷ പ്രാപിച്ച് വന്നവരൊക്കെ എത്തിയിരുന്നു. തങ്ങളുടെ സ്ഥിരം ഇടങ്ങളിലായവർ വീട്ടിൽനിന്നും പെറുക്കി കൊണ്ടുവന്നതൊക്കെ വെച്ചു.

അഥീനയ്ക്ക് അതും ഒരു കൗതുകമായി

Art
ചിത്രീകരണംസചീന്ദ്രന്‍ കാറഡുക്ക

“കടല് ഇങ്ങോട്ട് വരില്ല അല്ലേ?” അഥീന ചോദിച്ചത് ഗബ്രിയേലിനോടാണെങ്കിലും ലാസർ മാത്രമേ കടൽമുഴക്കത്തിൽ അത് കേട്ടുള്ളൂ... കടൽ കേറി മുടിഞ്ഞാ ഇവിടെ മനുഷ്യന്മാർ നിൽക്കുന്നത്, അപ്പഴിവടേക്കും വെള്ളം കയറണമെന്നാണോ ഈ പെണ്ണ് പറയുന്നതെന്ന് ലാസറ് ആശങ്കപ്പെട്ടു. നട്ടപ്രാന്ത്, അല്ലാണ്ടെന്താ...

അയാൾ പാരിഷ് ഹാളിന്റെ വടക്കേ അറ്റത്തേക്ക് നടന്നു.

അവിടെയാണ് ആണുങ്ങളുടെ സ്ഥാനം.

കുഞ്ഞു ബൾബുകൾ പള്ളിക്ക് മുന്നിലെ കുരിശടിയിൽ മാതാവിന് വെളിച്ചമായി നിൽക്കുന്നുണ്ട്. ഗബ്രിയും അഥീനയും മാതാവിനു മുന്നിൽ നിന്നു.

“അഥീ ഞാൻ നിന്നെ വീട്ടിൽ കൊണ്ടുചെന്നാക്കട്ടെ.”

ഗബ്രി ഒരു മറുപടിക്കായി കാത്തു.

അഥീന മറുപടി പറഞ്ഞില്ല

“ഇപ്പോൾ പോയാൽ ഒരു മണിക്കൂർ കൊണ്ട് നിന്നെ ഞാൻ വീട്ടിൽ എത്തിക്കാം. അഥൂ, നിനക്ക് പറ്റിയ സ്ഥലമല്ലടാ ഇത്.

കടല് കണ്ടു പോകാനാ നല്ലത്, ചേർന്നുനിൽക്കാൻ പറ്റിയതല്ല.”

ഗബ്രിയേൽ പറയുന്നതൊന്നും അഥീന ശ്രദ്ധിച്ചില്ല, അല്ലെങ്കിലും ഇങ്ങനെ എത്ര പ്രാവശ്യം ഇവൻ പറഞ്ഞിരിക്കുന്നു.

അഥീനയെ കടലിൽനിന്നും വീശിയ കാറ്റ് ചുറ്റിപ്പിടിച്ചു.

“എനിക്ക് തണുക്കുന്നു.”

ഗബ്രിയെ പിന്നിൽ നിന്നവൾ കെട്ടിപ്പിടിച്ചു. മാതാവ് ഇപ്പോഴാണ് ചിരിച്ചതെന്ന് അവൾക്ക് തോന്നി.

“നോക്ക്, നിന്നെ കെട്ടിപ്പിടിച്ചപ്പോൾ മാതാവിന് ചിരി വന്നു.”

ഗബ്രി സംശയത്തോടെ മാതാവിനെ നോക്കി, ഉണ്ടോ? ...മാതാവിന്റെ മുഖത്തൊരു നാണം.

“സെൽവി താത്തി, നുമ്മടെ കരേലേക്ക് അടുത്ത കാലത്ത് ഒരു പെൺകൊച്ച് കെട്ടി കയറി വന്നിട്ടുണ്ടോ? ഇത് നമുക്ക് ആഘോഷിക്കണം താത്തീ.”

സെൽവിക്ക് ചുറ്റും കൂടിയ പെണ്ണുങ്ങൾക്ക് ഇടയിൽനിന്നും റോസ്‌മേരി പറഞ്ഞു.

“അത് ഒള്ളതാണല്ലോടീ റോസെ, ഇവിടുത്തെ ആൺപിള്ളേർക്ക് കെട്ട് നടക്കണമെങ്കിൽ ഈ കരയിൽനിന്നു മാറി താമസിക്കണം എന്നല്ലേ പറയാറ്. ഇതിപ്പോ ഒന്നാന്തരം മോദ മീൻ പോലൊരു പെൺകൊച്ച് നിന്റെ മോന്റെ കൂടെ വന്നേക്കണ്, ചൂണ്ടയാണോടി, അതോ വലയോ? എന്തില് കുരുക്കിയാ അവൻ അതിനെ പിടിച്ചത്?”

വേലിയേറ്റം വന്നാൽ ശ്വാസംമുട്ടുകൊണ്ട് സംസാരിക്കാൻ പറ്റാത്ത ഫിലോ ചേട്ടത്തി നീണ്ട ഒരു ശ്വാസത്തിന്റെ ഇടയിൽ പറഞ്ഞ് ഒപ്പിച്ച്, ശ്വാസം കിട്ടാനായി ഒരു വലിയ മത്സ്യം ചെകിള തുറക്കുന്നത് പോലെ വായ തുറന്നു.

സെൽവി ഒന്നും പറഞ്ഞില്ല. പെണ്ണുങ്ങളെല്ലാം പാരിഷ് ഹാളിന്റെ അകത്തെ ഇരുട്ടിലായിരുന്നു.

ഫ്യൂസായ ബൾബ് മാറ്റിയിടാനായി അവിടെയെല്ലാം തിരഞ്ഞ് ആന്റപ്പൻ അവിടേക്ക് വന്നു.

“ഒരു രക്ഷയും ഇല്ല, ആകെയുള്ളത് പള്ളിയുടെ മുന്നിലെ കുരിശടിയിലെ ബൾബാ അതെടുത്താ നാളെ അച്ചൻ ദേഷ്യപ്പെടും.”

“നീ അത് ഇങ്ങോട്ടെടുക്കടാ ചെറുക്കാ, ഈ രാത്രി മുഴുവൻ ഇരുട്ടത്തിരിക്കാൻ പറ്റുകേല...”

“എങ്കിൽ ആരെങ്കിലും ഒരു സ്റ്റൂളോ കസേരയോ എടുത്തുകൊണ്ട് എന്റെ കൂടെ വാ.”

ആന്റപ്പന്റെ നോട്ടം, ഇരുട്ടിലാണെങ്കിലും ചെന്ന് മുട്ടുന്നത് സിസ്സിയുടെ മുഖത്താണെന്ന് അറിഞ്ഞ് ജോസ്‌ലിൻ പറഞ്ഞു.

“സിസ്സി, ഒന്ന് ചെല്ലടീ.”

ആന്റപ്പൻ ഹാളിൽനിന്ന് തനിക്ക് ആരു വന്നാലെന്തെന്ന മട്ടിൽ വേഗത്തിൽ പുറത്തേക്ക് നടന്നു.

കുരിശടിയുടെ മുന്നിലെ തൂക്ക് ബൾബിന് ചുറ്റും ഈയലുകളുണ്ട്.

അവത്തുങ്ങളെ നോക്കി ആന്റപ്പൻ സിസ്സിയുടെ വരവ് കാത്ത് നിന്നു.

“സത്യത്തിൽ ഞാൻ ഈ കടലേറ്റം സ്വപ്നം കണ്ടാ ഇപ്പം കഴിയണത്...

തന്റെ കൂടെ ഇങ്ങനെ ഒരു രാത്രി എങ്കിൽ ഒരു രാത്രി ഒരു കൂരയ്ക്ക് ഉള്ളിൽ കഴിയാലോ...”

“ദേ... ആന്റപ്പൻ ചേട്ടാ, എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കല്ലേട്ടോ...”

സിസ്സി ദേഷ്യപ്പെട്ടു.

“എടോ... താൻ ഒന്നോർത്ത് നോക്ക്, എന്നേക്കാൾ പത്ത് വയസ്സ് എളേതാണ് ഗബ്രി. അവൻ പെണ്ണ് കെട്ടി, താൻ പേടിക്കണ്ടടോ, നുമ്മ കെട്ടിയാൽ ഒരാളും എതിര് നിൽക്കില്ല, എന്റെ വീട്ടില് നുമ്മക്ക് സുഖമായിട്ട് ജീവിക്കാം.”

“ആന്റപ്പൻ ചേട്ടാ, നിങ്ങളെ ഇഷ്ടമല്ലാ എന്നു ഞാൻ ഇതുവരെ പറഞ്ഞിട്ടില്ലല്ലോ.”

“അതാടോ എനിക്ക് ഒരു ആശ്വാസം...” ആന്റപ്പൻ സിസ്സിയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

“നിങ്ങ ബൾബ് എടുക്ക്...”

സിസ്സി താൻ കൊണ്ടുവന്ന സ്റ്റൂള് കുരിശടിക്ക് മുന്നിലിട്ടു.

ആന്റപ്പൻ സ്റ്റൂളിൽ കയറി.

“സിസ്സി ഒന്നു പിടിച്ചോ...”

അവൾ പിടിക്കാനൊന്നും തയ്യാറായില്ല. അങ്ങ് മാറി നിന്നു.

“ആന്റപ്പൻ ചേട്ടാ ഈ കടല് കേറണ പ്രദേശത്തു നിന്ന് എങ്ങോട്ട് വേണമെങ്കിലും പോകാൻ ഞാൻ തയ്യാറാണ്. അതിപ്പോ നിങ്ങടെ കൂടെ ആണെങ്കിലും വേറെ ആരുടെ കൂടെയാണെങ്കിലും.”

സിസ്സി ഇത് പറഞ്ഞതും, ഇരുട്ട് വന്നു വീണു.

കത്തി നിന്ന ബൾബിന്റെ ചൂട് ആന്റപ്പന്റെ കയ്യിലെ തോർത്തും കടന്ന് പൊള്ളിച്ചു. ഇരുട്ടിലൂടെ നടക്കുമ്പോൾ സിസ്സി ഒപ്പം ആന്റപ്പൻ ഉണ്ടെന്ന വിശ്വാസത്തിൽ പറഞ്ഞു.

“ഉപ്പുവെള്ളം ചവുട്ടി നടന്ന് എന്റെ കാലിലെ തൊലി മുഴുവൻ അഴുകുകയാണ്. അതുകൊണ്ട് ഈ പ്രദേശത്തുനിന്ന് പോകണ കാര്യമാണെങ്കിൽ നമുക്ക് ആലോചിക്കാം. അല്ലാതെ ഈ സ്ഥലത്തുതന്നെ, എന്റെ വീട്ടിൽനിന്ന് നിങ്ങടെ വീട്ടിലേക്ക് മാറിയിട്ട് എന്താ കാര്യം? എല്ലാ വീടിനകത്തും ഒരേ ഉപ്പുവെള്ളമല്ലേ?”

ആന്റപ്പൻ അത് കേട്ടോ? സിസ്സി കൂടുതൽ ഒന്നും ചിന്തിച്ചില്ല.

വെളിച്ചം വന്നതോടെ പെണ്ണുങ്ങൾ പിന്നെയും സെൽവിയോട് കല്ല്യാണം നടത്തേണ്ട കാര്യം പറയാൻ തുടങ്ങി.

Art
ചിത്രീകരണംസചീന്ദ്രന്‍ കാറഡുക്ക

“നുമ്മടെ പ്രദേശത്തേക്കും ഇങ്ങനെയുള്ള പെൺകുട്ടികളും വരും എന്ന് നാട്ടുകാർ അറിയട്ടെ.”

“എടീ ഫോണില് ഗബ്രിയുടേം അഥീനകൊച്ചിന്റേം ഫോട്ടോയെടുത്ത് ഇട്.”

സ്റ്റെല്ല അപ്പുറത്തിരുന്ന് വർത്തമാനം പറയുന്ന ഇളയ മകൾ അന്നയോട് വിളിച്ചു പറഞ്ഞു.

അന്ന അത് കേട്ടില്ല. പക്ഷേ, അവൾ തന്റെ കൂട്ടുകാരോട് പറഞ്ഞുകൊണ്ടിരുന്നതും അഥീനയുടെ കാര്യമായിരുന്നു.

“ന്റെടാ... എന്നാ വൈബാന്നറിയാമോ? അഥീന ചേച്ചീടെ നാടകം... അഭിനയം എന്നു പറഞ്ഞാ ഉണ്ടല്ലോ ഒരു രക്ഷയും ഇല്ല. നുമ്മടെ കാരാ യങ് സ്‌റ്റൈലാ.”

“ആരാ കാരയങ്ങ്?”

“അത് നീ ഗൂഗിള്‌ചെയ്യ്... അപ്പ അറിയാം, അതാരാന്ന്...

ഞാൻ ആദ്യം അഥീനചേച്ചിയെ കാണണത് സെന്റ് തെരേസാസില് നാടകം കളിക്കുമ്പോഴാ. അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി’ പ്രകാശനം കഴിഞ്ഞ് നാടകം ഉണ്ടായിരുന്നു, ഞങ്ങൾ മഹാരാജാസുകാരാന്ന് പറഞ്ഞപ്പോൾ അഥീന ചേച്ചിയുടെ മുഖത്ത് ഒരു തെളിച്ചം കണ്ട ധൈര്യത്തില് പാവപ്പെട്ടവർക്ക് കൂടി ചേച്ചിയുടെ നാടകം കാണാൻ ഒരു അവസരം ഉണ്ടാകുമോ എന്ന് ഞാൻ ഒറ്റ ചോദ്യമായിരുന്നു, പിറ്റേ തിങ്കളാഴ്ച നുമ്മടെ മഹാരാജാസില് ചേച്ചീടെ നാടകം... ആ ചേച്ചിയാണിപ്പൊ നുമ്മടെ കൂടെ നിൽക്കുന്നത്. പൊളി സീനല്ലേ?”

അന്ന വിരലുമടക്കി വായിൽ തിരുകി ഒരു വിസിൽ അടിച്ചു. മാതാവിന്റെ മുഖത്തെ ചിരിക്കപ്പുറത്ത് കൂടി വിസിലൊച്ച കടലിലേക്ക് നീണ്ടു.

“സന്തോഷം വന്നാ അവളങ്ങനെയാ” ഗബ്രി അഥീനയോട് പറഞ്ഞു.

“നമ്മൾ തമ്മിൽ പരിചയമാകാൻ അന്നയാണല്ലോ കാരണം.”

അഥീന വിരൽ മടക്കി വായിൽ തിരുകി വിസിൽ അടിക്കാൻ ശ്രമിച്ചു.

ആദ്യം പരാജയപ്പെട്ടെങ്കിലും പിന്നീടത് വിജയം ആയി.

മാതാവിന്റെ തിരുരൂപത്തിൽനിന്നും അകന്ന് കടൽ കാണാവുന്ന ദൂരത്തിൽ ആയിരുന്നു അവർ.

കടൽമുരളുന്നുണ്ട്.

“ലാസർ എന്താ മുണ്ടാത്തത്? ഇതെന്താ കുഞ്ഞു കളിയാണെന്നാണോ വിചാരം?”

“ഞാൻ എന്ത് ചെയ്യാനാ ഹെൻട്രി.”

“അവൻ ഇങ്ങനെ ചെന്ന് പെടുമെന്ന് നുമ്മ ആരെങ്കിലും വിചാരിച്ചോ?”

ആണുങ്ങൾക്കിടയിലും വർത്തമാനം ഗബ്രിയേലും അഥീനയും ആയിരുന്നു.

“നിങ്ങ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇതൊരു അഭിമാനമായിട്ടാ തോന്നുന്നത്.”

കൂട്ടത്തിൽ ചെറുപ്പക്കാരനായ തദ്ദേവൂസ് പറഞ്ഞു:

“അഭിമാനവും അന്തസ്സും ഒക്കെ അവിടെ നിൽക്കട്ടെ... ലാസറപ്പ എന്നോട് ഒരു രഹസ്യം പറഞ്ഞായിരുന്നു.”

ആംബ്രോസ്, ലാസറിന്റെ അടുത്ത കൂട്ടുകാരൻ താൻ അത് പറയാൻ പാടുണ്ടോ എന്ന് സംശയിച്ച് പറഞ്ഞു. എല്ലാവരും നിശ്ശബ്ദരായി. രഹസ്യം പരസ്യമായി പറയാൻ പാടുണ്ടോ?

അവരുടെ മനോവിചാരമറിഞ്ഞ് ലാസർ അതിനുള്ള പരിഹാരം കണ്ടു.

“കടൽ കേറുമ്പോഴും കടലിൽ പോകുമ്പോഴും നമ്മൾ ഒന്നിച്ചല്ലേ... പിന്നെന്ത്? എനിക്ക് മാത്രം രഹസ്യം, നിങ്ങൾ അറിഞ്ഞു എന്ന് കരുതി എനിക്കൊരു പ്രശ്നവുമില്ല... പറഞ്ഞോ ആംബ്രോ, എല്ലാവരും അറിയട്ടെ.”

പ്രശ്നം പരിഹരിക്കപ്പെട്ട ആശ്വാസത്തിൽ ലാസറിന്റെ മനസ്സിലെ ചിന്ത അറിയാനായി അവർ ഒന്നാകെ ആംബ്രോയെ നോക്കി.

ഒരു നീണ്ട വിവരണം ആയിരുന്നു അവരെല്ലാം പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ആംബ്രോസ് ഒരു വാചകത്തിൽ അത് ഒതുക്കി.

“ഗബ്രി കെട്ടിക്കൊണ്ടു വന്ന പെണ്ണിന് ഭ്രാന്താണെന്നാ ലാസറപ്പ പറയുന്നത്.”

കടലിന്റെ മുരളിച്ച മാത്രമായി പിന്നെ അവിടെ. ആലോചനകൾ കണക്ക് കൂട്ടലുകൾ തിരിച്ചും മറിച്ചുമുള്ള ചിന്തകൾ.

തിരകൾ വന്നും പോയും ഇരിക്കുന്നു

അവസാനം അവരിലൊരാൾ മാത്രം രണ്ട് വാക്ക് അവിടേക്ക് കൂട്ടിവെച്ചു.

“എനിക്കുമാ സംശയമുണ്ട്.”

പിന്നെ നിശ്ശബ്ദതയായി.

“കട്ടൻചായ തിളപ്പിക്കാം.”

മറ്റൊരു കാര്യം പറയാനില്ലാതെ ചാർളി പറഞ്ഞു.

മാഗിയും ക്രിസ്റ്റീനയും കട്ടൻചായ തിളപ്പിക്കാൻ തുടങ്ങി. വേലിയേറ്റ ദിവസങ്ങളിൽ സ്ഥിരമായി പാരിഷ് ഹാളിൽ അഭയം തേടുന്നവർക്കായി ഒരു അടുപ്പും ചായക്കലവും പഞ്ചസാരയും ചായപ്പൊടിയും പാരിഷ് ഹാളിനടുത്ത് സൂക്ഷിക്കാൻ അച്ചന്റെ നിർദേശമുണ്ടായിരുന്നു.

തെങ്ങിൻ കൊതുമ്പും പഴവീഞ്ഞപ്പെട്ടിയുടെ ഉപേക്ഷിക്കപ്പെട്ട പലക കീറുംകൊണ്ട് തീപിടിപ്പിച്ച് മാഗിയും ക്രിസ്റ്റീനയും ചായക്ക് കലത്തിൽ വെള്ളം വെച്ചു, വലിയ കലം നിറയെ വെള്ളമുണ്ട്. എല്ലാവർക്കും ഓരോ ഗ്ലാസ് ചായ വേണമെങ്കിൽ ഇത്രയധികം തന്നെ വേണം.

“തീ പടർന്ന് കത്തിയാലും വെള്ളം തിളയ്ക്കാൻ ഒരുപാട് നേരം എടുക്കും.” ഇങ്ങനെ മാഗി പറഞ്ഞത് എന്തുകൊണ്ടാണെന്ന് ക്രിസ്റ്റീനക്ക് ആദ്യം മനസ്സിലായില്ല. കുറച്ചുനേരം നമുക്ക് സംസാരിച്ചിരിക്കാം എന്നായിരുന്നു അവൾ ഉദ്ദേശിച്ചതെന്ന് പിന്നീടാണ് മനസ്സിലായത്.

“എന്റെ ഒരു സ്വപ്നം നടക്കാൻ പോകുന്നു ക്രിസ്റ്റി” മാഗി ക്രിസ്റ്റീനയുടെ മറുപടിക്ക് കാത്തുനിന്നില്ല.

“ചിന്നതമ്പി അണ്ണാവിയുടെ ബൃശീന നാടകം ചെയ്യണം അതെന്റെ വലിയ മോഹമാണ് ഇത്രയും നാളും ആരെ കിട്ടും എനിക്ക് ആ കഥാപാത്രം ചെയ്യാൻ എന്ന ചിന്തയായിരുന്നു ഇപ്പോൾ ആളെത്തി.”

“അഥീനയല്ലേ?”

“ആ... ചിന്നതമ്പി അണ്ണാവിയുടെ ആദ്യത്തെ നാടകമാണിത്. സുന്ദരിയായ ബൃശീന, ബൃശീനയെ വഴിതെറ്റിക്കാൻ വരുന്ന ആൾവാൻ... ആ നാടകം എന്റെ സ്വപ്നമായിരുന്നു.”

“നിനക്ക് അഭിനയിച്ചു കൂടെ?”

“ഇല്ലെടീ എനിക്ക് രാജ്ഞി മതി, അതാകുമ്പോൾ കുട്ടികളുണ്ട്.”

മാഗി ഇത്രയും പറഞ്ഞതും ക്രിസ്റ്റീനക്ക് സങ്കടമായി, ഭർത്താവും കുട്ടികളും തനിക്കുണ്ട് ചവിട്ടു നാടക തറയിൽ മാഗിക്കും.

“അഥീനയോട് നീ പറഞ്ഞോ?”

വേഗം വിഷയം മാറ്റാനായി ക്രിസ്റ്റീന ചോദിച്ചു.

“പറഞ്ഞില്ല പറയേണ്ട കാര്യമില്ല. കലാകാരി തടസ്സം പറയില്ല അഥീന ഒരു കലാകാരിയാ.”

“മാഗി, ആ കൊച്ച് ഇവിടെ നിൽക്കുമോ? അതോ നമ്മുടെ ഗബ്രിയേയുംകൊണ്ട് ഇവിടെ നിന്ന് പോകുമോ?”

മാഗി പകച്ചു.

ഇങ്ങനെ ഒരു കാര്യം ഇതുവരെ അവൾ ചിന്തിച്ചിരുന്നില്ല... അഥീനയെ കണ്ട നിമിഷം മനസ്സിൽ അവൾ ബൃശീനയായി മാറിയിരുന്നു.

താൻ ആദ്യമായി ഒരുക്കുന്ന ചവിട്ടു നാടകം... ബൃശീനയായി അഥീന... ആ സ്വപ്നം പൊടുന്നനെ കടലെടുത്തതുപോലെ മാഗിക്ക് തോന്നി. “വെള്ളം തിളച്ചു... ചായപ്പൊടി ഇടാം...”

ക്രിസ്റ്റീന ചോദിച്ചത് മാഗി കേട്ടില്ല... ഈ കരയില് ആരാ നിൽക്കുക...? ഉപ്പുവെള്ളം കേറി മറിയുന്ന വീട്ടില് ആരാ കഴിയുക?

കടല് കേറി തീരുന്ന ഭൂമി ആർക്കുവേണം?

ചായ ഇല, കലത്തിലെ വെള്ളത്തിൽ തിളച്ചാർത്തു മറിഞ്ഞു.

മാഗി വല്ലാതെ വിയർത്തു. ആദ്യമായി ആ നാടിനോട് മാഗിക്ക് ദേഷ്യം തോന്നി. ചായക്കലം അവർ ഇരുവരും ചേർന്ന് താഴെ ഇറക്കി.

ചില്ലു ഗ്ലാസ്സുകളിൽ ചായ കടുപ്പത്തിൽ കവിഞ്ഞ് നിറഞ്ഞു.

സെൽവിക്ക് തീരുമാനം ഉണ്ടായിരുന്നു. ചായ കുടിക്കുന്നതിനിടയിൽ അത് എല്ലാവരോടും സെൽവി പറയുകയും ചെയ്തു. “നിങ്ങൾക്കറിയാമോ, ഞാനെങ്ങനെയാണ് ലാസറപ്പയുടെ ഭാര്യയായതെന്ന്, എന്നെ ചതിച്ചിട്ട് പോയവനെ കാത്തിരുന്നിട്ട് കാര്യമില്ല എന്ന് തോന്നിയപ്പോഴാ ഞാൻ എന്റെ അപ്പനോട് വേറെ ചെറുക്കനെ നോക്കാൻ പറഞ്ഞത്. ലാസറപ്പയോട് ഞാൻ ആദ്യം പറയുന്നത് എന്റെ ജീവിതാ... ജീവിതം ന്ന് പറഞ്ഞാ, എന്റെ പ്രേമം. ലാസറപ്പ ചിരിച്ചു. എന്നിട്ട് പറഞ്ഞു, ആ സ്നേഹം മുഴുവൻ എനിക്ക് തരണോന്ന് ഞാൻ പറയില്ല. പറഞ്ഞാ സെൽവിക്ക് തരാനും പറ്റില്ല, പക്ഷേ, സെൽവീനെ എനിക്കിഷ്ടമാണ്... സ്നേഹിച്ചവർ പിന്നേം സ്നേഹിക്കും കാരണമെന്താന്നറിയാവോ? സ്നേഹം ന്ന് പറയുന്നത് വളരെ കുറച്ചു പേർക്കേ ഒള്ളൂ, അത് അവർക്ക് മറച്ചുവെക്കാൻ പറ്റണതല്ല.”

“ഇതുതന്നെയാ ഞാൻ എന്റെ മക്കളോടും പറയാറ്...

ഇപ്പോ എന്റെ ഗബ്രിയുടെ സ്നേഹം തേടിയാ ആ കൊച്ച് വന്നേക്കണത്, എന്തായാലും ആ സ്നേഹം വിട്ടിട്ട് പോകാൻ ഞാൻ ഒരിക്കലും പറയില്ല...”

“അതെന്തിനാടീ സ്നേഹം വിട്ടേച്ചു പോകുന്നെ?... നീയെന്താ ഇങ്ങനെയൊക്കെ പറയുന്നത്?... വന്നു കേറിയ മാലാഖേനെ ആ രേലും കൈവിടുമോ?”

“അങ്ങനല്ല ബ്രിജീത്ത ചൂച്ചി... ചില പ്രശ്നങ്ങളുണ്ട്...”

ചായ കുടിക്കുന്നവരെല്ലാം ഇപ്പോൾ സെൽവിയെ നോക്കി.

സെൽവി ഗ്ലാസ്സിലേക്കും.

ചായപ്പൊടി തരികൾ ഒരു വലയംപോലെ ഗ്ലാസ്സിൽ പടർന്നിട്ടുണ്ട്.

“എറണാകുളത്ത് വഞ്ചി സ്‌ക്വയറിൽ നമ്മൾ സമരം നടത്തിയത് ഓർമയില്ലേ? നരകം പോലുള്ള ജീവിതം അവസാനിപ്പിച്ച് തന്നില്ലെങ്കിൽ നുമ്മള് ജീവിതം അവസാനിപ്പിക്കൂന്ന് പറഞ്ഞ് നടത്തിയ സമരം... അന്നാ ഞാൻ അഥീനയെ ആദ്യം കണ്ടത്... അന്നവള് നുമ്മടെ സമരപ്പന്തലിൽ മുഴുവൻ നേരോം ഉണ്ടായിരുന്നു. രാത്രീം പകലും... അവിടെ വെച്ച് എന്നോട് അവൾ ഒരു കാര്യം പറഞ്ഞു.” ഒരു കവിൾ ചായ സെൽവി കുടിച്ചിറക്കി, ചായ നന്നായി തണുത്തിട്ടുണ്ട്.

“പ്രണയവും ഒരു സമരമുറയാണെന്ന് '

“അപ്പഴ് എനിക്കത് മനസ്സിലായില്ല. പക്ഷേ, ഇന്നാ കൊച്ച് നമ്മുടെ നാട്ടിലേക്ക്, എന്റെ വീട്ടിലേക്ക് വന്നപ്പോ... കടല് കേറി വീടുവിട്ട് പള്ളി ക്യാമ്പിൽ വന്നിരിക്കുന്ന നമ്മുടെയൊപ്പം അവള് വന്നിരിക്കുമ്പൊ എനിക്കത് മനസ്സിലാകുന്നുണ്ട്.”

സെൽവി പറഞ്ഞതിന്റെ അർത്ഥം ആർക്കുമങ്ങോട്ട് വ്യക്തമായില്ല... പക്ഷേ, എന്തൊ പ്രശ്നം ഇതിനിടയിൽ ഉണ്ടെന്ന് അവർ തിരിച്ചറിഞ്ഞു.

എന്നാൽ, ഇതേ നേരത്ത് ലാസർ പറഞ്ഞതു മുഴുവൻ ആണുങ്ങളുടെ സംഘത്തിന് വ്യക്തമായിരുന്നു.

“ശരിയാ, ഇങ്ങനെ ഒരാളെ പ്രേമിക്കണമെങ്കിൽ ആ പെണ്ണിന് എന്തോ പ്രശ്നമുണ്ട്...”

“അതെന്താ ഉറുമീസേ, നമ്മുടെ ഗബ്രിയേലിന് എന്താ കുഴപ്പം? കാണാൻ നിറം കുറവുണ്ട്, അല്ല കറുത്തിട്ടാ, നല്ല കറുത്തിട്ട്... അല്ലേലും പണിയെടുക്കുന്നവർ എല്ലാം കറുത്തിട്ടല്ലേ പിന്നെ പണിയെടുത്താൽ ആരാ കറുക്കാത്തെ? ഇന്ത്യയിലെ പണിയെടുക്കുന്ന മനുഷ്യരെല്ലാം കറുത്തിട്ടാ. നമ്മളെ പണിയെടുപ്പിക്കാൻ വന്ന സായിപ്പ് വെളുത്തിട്ട്... ആ ശീലംകൊണ്ട് കറുപ്പരെല്ലാം പണിക്കാരും വെളുപ്പരെല്ലാം പണക്കാരുമായി...” ശരീരത്തെക്കുറിച്ച് ആണെന്ന ധാരണയിൽ കടലിൽ പോണ ഗാസ്‌പർ ദ്വേഷ്യപ്പെട്ടു.

“ദേഹമല്ല ഗാസ‌്പറേ, ഗബ്രിക്കെന്താ ജോലി?”

“അവൻ കടലിൽ പോകും, നമ്മുടെ നാട്ടിൽ കിട്ടുന്ന പണിയൊക്കെ ചെയ്യും. ഇടയ്ക്ക് കൊച്ചിയിലെ ഫ്ലാറ്റുകൾ പെയിന്റ് ചെയ്യാനും പോകും.”

“ഇതൊരു ജോലിയാണോ?”

“ആ പെൺകൊച്ച് അഥീനയ്ക്ക് എന്തായിരുന്നു ജോലി?”

“ഒള്ളത് പറയാലോ ഞാൻ ആരോടും അത് ചോദിച്ചില്ല... എന്നതാ ജോലി?”

“അമേരിക്കൻ എംബസീല് ആരുന്നു...

ഇംഗ്ലീഷുകാര്, കാശ്, കാറ്, ക്ലബ്ബ്...”

കൂട്ടത്തിൽ ചെറുപ്പക്കാരനായ ഇമ്മാനുവൽ ഇത് പറഞ്ഞതും അവരിൽ ഭൂരിഭാഗം പേരും ലാസറിനെ നോക്കി. അയാൾ ശരിയാണെന്ന ഭാവത്തിൽ തലയാട്ടി.

“അങ്ങനെ കഴിഞ്ഞ അവൾ ഇപ്പോൾ എവിടാ?... കടലുവെള്ളം കേറണ നാട്ടില്... ഉടുത്തേക്കണതും കൊണ്ട് ഓടി മറുതുണിയില്ലാതെ വന്നിരിക്കണ നമ്മുടെ കൂട്ടത്തില്... അതാ ഞാൻ പറയണത് ആ പെൺകൊച്ചിന് തലയ്ക്ക് സ്ഥിരതയില്ലാന്ന്... ഓളം കേറി ഇറങ്ങിയേക്കണതാ...”

ഇമ്മാനുവൽ ഒരു ബീഡി കത്തിച്ചു.

ഗീവറുഗീസ് ബീഡിക്ക് കൈ നീട്ടി.

“പിന്നെ, വേറൊന്ന്...” ബീഡി കത്തിച്ച് പുക ഊതി ഗീവർഗീസ് പറഞ്ഞു.

“ഈ കൊച്ച് ബീഹാറില് കുറച്ചുനാള് അലഞ്ഞു നടന്നായിരുന്നു, കീറിപ്പറിഞ്ഞ തുണീം ഉടുത്ത്, അലക്കാതേം, നനയ്ക്കാതേം... മലയാളോം പറയത്തില്ല, ഇംഗ്ലീഷും പറയത്തില്ല, മറുഭാഷയാ പറയണത്, അവിടെനിന്ന് പിടിച്ചോണ്ടു വന്നതാ.”

“സത്യമാണോ?”

“പിന്നെ.”

“അപ്പോൾ ഭ്രാന്ത് തന്നെ.”

“കണ്ടാ തോന്നത്തില്ല.”

“ഞാൻ വേറൊരു കാര്യം കേട്ടിട്ടുണ്ട്.”

അത്രയും നേരം നിശ്ശബ്ദനായിരുന്ന മോത്തിയാസ് എന്തോ പറയാനാഞ്ഞു.

അടുത്ത നിമിഷം അത് പറയണോ എന്നാലോചിച്ചു.

പറയാൻ പോകുന്നത് ഇത്തിരി കൊള്ളാത്ത കാര്യം ആണെന്ന ചിന്ത അവന്റെ മുഖത്തുനിന്ന് അറിഞ്ഞതും എല്ലാവരും ജാഗരൂകരായി. ലാസർ മാത്രം തല കുമ്പിട്ടിരുന്നു.

ഇത്രയും പറഞ്ഞ സ്ഥിതിക്ക് ബാക്കി പറയാതിരിക്കാൻ ആകില്ലെന്ന തിരിച്ചറിവോടെ മോത്തിയാസ് പറയാൻ തുടങ്ങി.

“മ്മടെ എറണാകുളത്തിപ്പോ ട്രാൻസ്‌ജെൻഡേഴ്‌സുണ്ട്, ഭിന്നശേഷിക്കാര്.”

“ഭിന്നശേഷിക്കാർ അല്ല ഭിന്നലിംഗർ.”

ഇമ്മാനുവൽ തിരുത്തി.

“ആ... അതുതന്നെ... അവരുടെ കൂടെയായിരുന്നു ഈ കൊച്ച്... ഇടപ്പള്ളിയിൽ ഒരു വീടെടുത്ത് കുറെ പേരെ താമസിപ്പിച്ച്, അതുങ്ങളുടെ കൂടെ... അതുങ്ങളെല്ലാം രാത്രിയായാ റോഡീ നിപ്പാ... ഓരോരുത്തര് വിളിച്ചാ കൂടെ പോകും. എന്നാത്തിനാ പോകണതെന്ന് ഞാമ്പറയാതെ അറിയാമല്ലൊ...

അതുങ്ങടെ കൂടെ നടന്ന ഒരു പെങ്കൊച്ചാണിപ്പം നമ്മുടെ ലാസറിന്റെ മോന്റെ, മ്മടെ ഗബ്രീടെ പെണ്ണായി വന്നിരിക്കണത്.”

Art
ചിത്രീകരണംസചീന്ദ്രന്‍ കാറഡുക്ക

പെട്ടെന്ന് അവിടം കടല് ഉൾവലിഞ്ഞതുപോലെയായി. ആർക്കും വേണ്ടാത്തതെല്ലാം അടിഞ്ഞ അടിത്തട്ട് പോലെയൊരിടം.

ലാസറിന് ഇത് പുതിയ അറിവായിരുന്നു അയാളുടെ തല വീണ്ടും താഴ്ന്നു. കണ്ണ് നിറഞ്ഞു. ചായഗ്ലാസ് പെറുക്കാൻ വന്ന അന്ന, എല്ലാവരെയും ഒന്ന് നോക്കി.

“ഗ്ലാസ്സൊക്കെ ഞങ്ങ എടുത്തു വച്ചോളാം നീ പോ.”

എസ്ത്തപ്പാൻ, അന്നയുടെ അപ്പന് മകൾ ഈ വർത്തമാനം കേൾക്കേണ്ടന്ന് തോന്നി.

“നിങ്ങ പറയണത് ഞാൻ കേട്ടാരുന്നു.”

“ആഹാ, ആണുങ്ങള് വർത്തമാനം പറേണടത്ത് നെനക്കെന്താടീ കാര്യം...”

അന്നയുടെ തൊട്ടപ്പൻ റോളണ്ട് ദേഷ്യപ്പെട്ടു.

“ആണും പെണ്ണുമൊക്കെ ഒരു പോലാന്ന്...” അന്ന എല്ലാവരെയും ഒന്ന് നോക്കി, അവളുടെ സാന്നിദ്ധ്യം അവർക്കാർക്കും അത്ര ഇഷ്ടമായിട്ടില്ലെന്ന് വ്യക്തം. അന്ന അത് മനസ്സിലേക്ക് എടുത്തില്ല.

“നിങ്ങ അഥീന ചേച്ചീനെക്കുറിച്ച് പറഞ്ഞതൊക്കെ ശരിയാണ്... പക്ഷേങ്കില് നിങ്ങ വിചാരിക്കുന്ന ശരിയല്ല അത്...”

“ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം.”

“അഥീന ചേച്ചിനെക്കുറിച്ചെല്ലാം ഫോണിലുണ്ട് നോക്കിയാൽ അറിയാം.”

“കർത്താവേ ഫോണിലും കേറിയോ ഇതെല്ലാം.”

തങ്കൻ മേസ്തിരി ലാസറെ സങ്കടത്തോടെ നോക്കി.

“അതേയ്... ഈ ഫോണില് മോശം കാര്യം മാത്രമല്ല കാണാനുള്ളത് നല്ല കാര്യങ്ങളും ഉണ്ട്... നിങ്ങൾ എല്ലാവരും കേട്ടോ.

അഥീന ചേച്ചി പത്താം ക്ലാസ് വരെ പഠിച്ചത് ഊട്ടിയിലെ വലിയ ഇംഗ്ലീഷ് സ്കൂളിലാ...

പ്ലസ് ടു കഴിഞ്ഞ് ദൽഹീല് ജെ.എൻ.യുവില്... അതുകഴിഞ്ഞ് ബനാറസ് യൂണിവേഴ്‌സിറ്റീന്ന് സൈക്കോളജിയില് എം.എ ഹ്യൂമാനിറ്റീസില് ഡോക്ടറേറ്റ്... അമേരിക്കൻ എംബസിയിലെ ജോലി രാജി വെച്ചിട്ട് നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നാടകം പഠിച്ചു. ദൽഹീലെ തെരുവ് കുട്ടികൾക്കുവേണ്ടി നാടക ക്യാമ്പ് നടത്തി. അവരുടെ നാടകസംഘം തുടങ്ങി. പിന്നെ നിങ്ങ പറഞ്ഞ ബീഹാറിലെ കഥ... മനസ്സിന്റെ സമനില തെറ്റീട്ടല്ല അഥീന ചേച്ചി ബീഹാറിൽ പോയത്... അവിടെ ഒരു ദീദി ഉണ്ട്, സുധ സിസ്റ്റർ... മലയാളിയാ, കോട്ടയത്തെ കാഞ്ഞിരത്താനത്ത്കാരി. പട്ടിണികൊണ്ട് എലികളെപോലും തിന്നുന്ന മുസഫർ വിഭാഗത്തിൽപ്പെട്ട മഹാദളിതർക്കൊപ്പം പ്രവർത്തിക്കുന്നയാളാ ദീദി. ആ മനുഷ്യരെ മനുഷ്യരാക്കാൻ അവരിലൊരാളായി മാറിയ ആ ദീദിയുടെ ഒപ്പമായിരുന്നു അഥീന ചേച്ചി. ആ മനുഷ്യര് എലികളെ തിന്നത് വിശപ്പുകൊണ്ടാ. ആ മനുഷ്യർക്കൊപ്പം ജീവിച്ചപ്പോൾ അഥീന ചേച്ചീം അവരിലൊരാളായി. അവരുടെ ഭാഷ സംസാരിച്ചു. ചേച്ചി ജീവിച്ചത് മനസ്സിന്റെ സമനില തെറ്റീട്ടല്ല, മനുഷ്യരെ സമനിലയിലേക്ക് കൊണ്ടുവരാനായിട്ടാ...

പിന്നെ, ഇപ്പോൾ പറഞ്ഞ ട്രാൻസ്‌ജെൻഡേഴ്‌സിന്റെ കാര്യം, അതും സത്യാ... നുമ്മള് കൊട്ടിഘോഷിച്ചു കൊണ്ടുവന്ന കൊച്ചി മെട്രോയുടെ സമയത്ത് ഗ്ലാമറ് കൂടാൻ മെട്രോക്കാര് ഒരു പ്രഖ്യാപനം കൂടി നടത്തിയായിരുന്നു. കൊച്ചി മെട്രോയില് ട്രാൻസ്‌ജെൻഡേഴ്‌സിന് ജോലീന്ന്... സത്യാ... ജോലി കൊടുത്തു, പക്ഷേല് അതുങ്ങടെ ഒരവകാശോം ഒരാവശ്യോം പരിഗണിച്ചില്ല. അതുങ്ങൾക്ക് ജോലി ചെയ്യുന്നിടത്ത് ടോയ്‌ലറ്റ് ഇല്ലായിരുന്നു. ആണിനും പെണ്ണിനും ഉണ്ട്. ഇവർക്കില്ല, ഇവരെ ആരും കൂട്ടത്തി കൂട്ടത്തില്ല. താമസിക്കാൻ വീട് പോലും വാടകയ്ക്ക് കിട്ടിയില്ല. ഒത്തിരി സ്വപ്നങ്ങളുമായി വന്ന അവർക്ക് അതിനേക്കാൾ ഒത്തിരി സങ്കടോം ആയിട്ട് മെട്രോക്കാരുടെ പണി വിടേണ്ടി വന്നു. പിന്നെ അവര് റോഡിലായി. ജീവിക്കണ്ടേ?... രാത്രി റോഡില് നിൽക്കും.

അവർക്കൊപ്പം അഥീന ചേച്ചി നിന്നു എന്നുള്ളത് ശരിയാണ്.

ഇടപ്പള്ളീല് പോണേക്കരേല് വീടെടുത്തു. അവർക്കൊപ്പം താമസിച്ചു. അവർക്കുവേണ്ടി കലൂർ പള്ളിയിലേക്കും ഇടപ്പള്ളി പള്ളിയിലേക്കും മെഴുതിരി ഉണ്ടാക്കിക്കൊടുക്കുന്ന പണി തുടങ്ങി. ആ മനുഷ്യരുടെ സങ്കടങ്ങളാ ഇപ്പോൾ അന്തോണീസ് പുണ്യാളന്റേയും ഗീവർഗീസ് പുണ്യാളന്റേയും മുന്നില് മെഴുകുതിരി ആയിട്ട് ഉരുകി വീഴണത്. ഇപ്പഴും കുറേ പേര് റോഡിൽ ഉണ്ട്. അവരെ കൂടി തിരിച്ചുകൊണ്ടുവരണം. അതിനുള്ള വഴിയും ചേച്ചി നോക്കുന്നുണ്ട്.

അന്ന ദീർഘമായി സംസാരിച്ചത് കൊണ്ട് കിതപ്പാറ്റി.

ആരും ഒന്നും പറഞ്ഞില്ല

“അപ്പോ അഥീന കൊച്ചിന് ഭ്രാന്തില്ല അല്ലേ?”

ആരോ ചോദിച്ചു.

അന്ന ചിരിച്ചു, എന്നിട്ട് പറഞ്ഞു.

“ഭ്രാന്തുണ്ട്, ഭ്രാന്തുള്ളവരല്ലേ ഈ ലോകം മാറ്റിയിട്ടുള്ളത്.”

പിന്നെ നിശ്ശബ്ദതയായിരുന്നു.

വെളുപ്പാൻ കാലത്തിന്റെ സൂചനപോലെ ഒരു തണുത്ത കാറ്റ് വീശി.

മാഗിക്ക് ആലോചിക്കും തോറും മനസ്സ് കൈവിട്ടു പോവുകയായിരുന്നു.

അഥീന ഇവിടെ നിന്ന് പോകുമോ?

ഇത്രയേറെ സ്നേഹം മാഗിക്ക് ഇതുവരെ ആരോടും തോന്നിയിട്ടില്ല. കുരിശടിയിലെ ഇരുട്ട് കടന്ന് മാതാവിന്റെ തിരുരൂപത്തിനപ്പുറം മാഗി എത്തുമ്പോൾ, ഗബ്രിയുടെ മടിയിൽ തല ചായ്‌ച്ച് കിടക്കുകയായിരുന്നു അഥീന.

കടലിലേക്ക് കണ്ണയച്ച് അവൾ ഒരു നാവികന്റെ കടൽ യാത്രയുടെ കഥ അവനോട് പറയുകയായിരുന്നു ഇതുവരെ.

കര കാണാത്ത കടലില്, കര തേടിയലഞ്ഞ നാവികൻ, ഒരിക്കലും എത്തില്ലെന്ന് അറിഞ്ഞിട്ടും പ്രതീക്ഷ വിടാതെ യാത്ര ചെയ്ത അയാൾ എങ്ങും എത്തില്ലായിരിക്കും, പക്ഷേ, അയാൾ മുന്നോട്ടു പോവുക തന്നെയാണ്. ലക്ഷ്യത്തിൽ എത്തിയോ എന്നതല്ല, ലക്ഷ്യത്തിനുവേണ്ടി ശ്രമിച്ചോ എന്നതാണ് പ്രധാനം.

ഗബ്രി അഥീനയുടെ മുഖം കയ്യിൽ ഒതുക്കി.

ഒരു കടലാണ് തന്റെ കയ്യിൽ എന്ന് അവനു തോന്നി.

മാഗി അഥീനയോട് ഒന്നേ ചോദിച്ചുള്ളൂ. അതിനുള്ള മറുപടി അപ്പോൾ തന്നെ മാഗിക്ക് കിട്ടി.

“സ്നേഹം സത്യമാണ്.”

“അഥീന എന്ന പേരിന്റെ അർത്ഥം മാഗി ചേച്ചിക്കറിയോ? യുദ്ധത്തിന്റെ ദേവതയാണ് അഥീന... ഏദൻസ് നഗരത്തിന്റെ സംരക്ഷക...” ഗബ്രിയേൽ മാഗിയോട് പറഞ്ഞു.

അവൾക്കിതൊന്നും കേൾക്കണ്ട അഥീനയല്ല ഇത്.

ചിന്നത്തമ്പി അണ്ണാവിയുടെ ബൃശീനയാണ്, മാഗി അവളെ ചേർത്ത് പിടിച്ചു. ആൾവാൻ എന്ന പ്രതിനായകൻ ധർമ മാർഗത്തിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുമ്പോൾ പതറാതെ സുധൈര്യം നിൽക്കുന്ന ബൃശീന...

ചവിട്ടുനാടക സ്റ്റേജിനു മുന്നിൽ കണ്ണീർ ഒഴുകുന്ന മുഖത്തോടെ മാഗി നിൽക്കുകയാണ്.

“കാര്യോക്കെ ശരിയാണ്... നുമ്മ കരുതീതൊക്കെ തെറ്റാണ് സമ്മതിച്ചു. പക്ഷേ, അതിലും വലിയ സത്യമല്ലേ യാഥാർത്ഥ്യം...?”

ജോനസ് എല്ലാവരുടെയും മുന്നിൽ ഒരു ചോദ്യം എറിഞ്ഞു.

കടലിലെത്താതെ കുരുങ്ങിപ്പോയ ചൂണ്ടപോലെ അത് അവർക്കു മുന്നിലേക്ക് നീണ്ട് വന്നു.

“ഗബ്രിയുടെ പെണ്ണിന്റെ അപ്പൻ ആരാ?”

“അയാളിത് വെറുതെ വിടൂന്ന് തോന്നണുണ്ടോ?”

“ലാസറ് ചേട്ടാ, നിങ്ങൾക്ക് ഒരു മകൻ അല്ലേ ഉള്ളൂ, അവനെന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ സഹിക്കുമോ?”

“അഥീനയുടെ അപ്പന് കാത്തിരുന്നുണ്ടായ മകളാ ഇറങ്ങി വന്നിരിക്കുന്നത്?”

“അയാളെ സൂക്ഷിക്കണം വള്ളം മറിക്കുന്ന ഒറ്റ സ്രാവാ...”

പകച്ചു നിൽക്കുന്ന കടൽ പോലെ ലാസർ.

“നിനക്കറിയാലോ എന്റെ മകനെ ഞാൻ ആദ്യം കണ്ടത്?...”

ലാസർ ആംബ്രോസിന്റെ നേർക്ക് വന്നു.

ആംബ്രോസിന് മാത്രമല്ല, അവർക്ക് എല്ലാം അത് അറിയാം. ലാസർ മീൻ പിടിക്കാൻ പോയ ബോട്ട് കടലിൽ താഴ്ന്നിട്ട് ഇരുപത്തേഴിന്റെയന്നാ ഗബ്രി ജനിച്ചത്. ലാസറിനൊപ്പം ഉണ്ടായിരുന്നവരൊക്കെ രക്ഷപ്പെട്ടു വന്നു.

ലാസർ വരുന്നതും കാത്ത് സെൽവിയും കരക്കാരും കാത്തിരുന്നു. അങ്ങനേയും സംഭവങ്ങൾ ഉണ്ടായിട്ടുണ്ടല്ലോ.

പക്ഷേ, ദിവസങ്ങൾ കഴിഞ്ഞതോടെ പ്രതീക്ഷയും അറ്റു. ലാസറിന്റെ ഷർട്ടും ഉടുമുണ്ടും ചെരിപ്പും കരയ്ക്കടിഞ്ഞ ദിവസം ആത്മാവിനു ശാന്തി കിട്ടാനായി പ്രാർത്ഥന നടത്തണമെന്ന് ആംബ്രോസും കൂട്ടുകാരും അച്ചന്റെ അടുത്തു പറഞ്ഞു. അച്ചൻ പ്രാർത്ഥന ചൊല്ലുന്ന നേരത്ത് ആയിരുന്നു സെൽവി പ്രസവ വേദനയുമായി ഗവൺമെന്റ് ആശുപത്രിയിലെത്തുന്നത്. ഏതാണ്ടതേ നേരത്ത് ലാസറും കരയ്ക്കെടുത്തു.

ഇത് എല്ലാവർക്കും അറിയാം.

“എന്നാ നിങ്ങൾ അറിയാത്ത ഒരു കാര്യമുണ്ട്. ഞാൻ ചത്താ കരയിൽ വന്നത്. എന്റെ കൊച്ച് ഉണ്ടായ നേരത്ത്, അവന്റെ കരച്ചിലൊണ്ടല്ലോ... അതാ എന്റെ ശ്വാസം ആയത്. ഗബ്രിയേൽ മാലാഖയാ എന്റെ മോൻ. എനിക്ക് ജീവൻ നൽകാൻ വന്ന ദൈവത്തിന്റെ ദൂതൻ...”

“അല്ലേൽ പറ സ്രാവും തിമംഗലവും ഉള്ള കടലിൽ ഒരാൾ ഇരുപത്തിയെട്ട് ദിവസം, ബോധമില്ലാതെ കിടന്നാ മീൻ തിന്നില്ലേ... അഴുകില്ലേ...”

“എന്റെ മോൻ ഗർഭജലത്തിൽ കിടന്നതുപോലെ ഞാനും കിടന്നു കടൽ ജലത്തില്, അവൻ ഈ ഭൂമിയിലോട്ട് വന്നപ്പോൾ ഞാനും വന്നു. നിങ്ങൾക്കറിയാലോ ഒരു കുഞ്ഞു ജനിക്കുന്നത് പോലെയല്ലേ എന്നെയും കടല് നമ്മുടെ കരയില് പെറ്റിട്ടത്.”

ലാസർ വിതുമ്പി.

ആംബ്രോസും കരഞ്ഞു.

ഇതിനു മുന്‍പും ജീവിച്ചിരുന്ന മനുഷ്യനുവേണ്ടി മരണ പ്രാർത്ഥന ചൊല്ലിച്ചതിന്റെ സങ്കട ഭാരത്താൽ അയാൾ പലവട്ടം ഇതുപോലെ കരഞ്ഞിട്ടുണ്ട്.

“എന്റെ മോന് ഗബ്രിയേൽ എന്നു ഞാൻ പേരിട്ടതല്ല. അവന്റെ പേര് ഗബ്രിയേലെന്നല്ലേയെന്ന് പള്ളിയില് ആ സമയത്ത് അച്ചൻ ചോദിച്ചതാ. എനിക്ക് വേറൊന്നും പറയാൻ തോന്നിയില്ല. അതേന്ന് ഞാൻ പറഞ്ഞു. പിന്നെയാ എനിക്ക് മനസ്സിലായത് ഗബ്രിയേൽ എന്നു പറഞ്ഞാൽ ദൈവത്തിന്റെ ദൂതനാണെന്നാ അർത്ഥമെന്ന്.”

എല്ലാവരും അത് ശരിവെച്ചു. സത്യമാണ് മറ്റൊരു പ്രവൃത്തി ഗബ്രിയേലിൽനിന്നും ഉണ്ടായിട്ടില്ല. ദൈവതീരുമാനങ്ങളേ അവൻ ചെയ്തിട്ടൊള്ളൂ.

“അവനില്ലാതെ എനിക്ക് പറ്റില്ല. അവന് എന്തേലും സംഭവിച്ച പിന്നെ ഞാനില്ല, എന്റെ മോനെ കാത്തുകൊള്ളണേന്ന് പറയാൻ എനിക്ക് നിങ്ങളല്ലാതാരുമില്ല.”

ലാസർ കൈകൂപ്പി.

കണ്ണുനീര് കൊണ്ട് കാഴ്ച മറിഞ്ഞ് അയാൾ അന്ധനെപ്പോലെ അവരെയെല്ലാം നോക്കി. ആരിലും ആ നോട്ടം എത്തിയില്ല.

പക്ഷേ, അവരൊന്നാകെ ലാസറിനെ നോക്കി.

പാരിഷ് ഹാളിന്റെ നടുവിലാണ് എല്ലാവരുമിപ്പോൾ.

“മന്ത്രീടെ മോളാ അഥീന... ഇത്രേം നേരം നുമ്മ പറഞ്ഞതൊക്കെ കഥയാ, ഇനിയാ യാഥാർത്ഥ്യം...”

ജോനസ് ഫോണിലെ തനിക്ക് കിട്ടിയ ശബ്ദസന്ദേശം എല്ലാവരെയും കേൾപ്പിച്ചു.

“ജോനസേ, മന്ത്രി രഘുവേട്ടന്റെ മോളാ നിങ്ങടെ കൂട്ടത്തിൽ ഒരുത്തനെ കെട്ടി ഇപ്പൊ അവിടൊള്ളത്... പുരോഗമനം പ്രവർത്തിയിലും വേണമെന്ന് എപ്പോഴും പറയണയാളാണ് രഘുവേട്ടൻ എന്നറിയാലോ... മോള് അമേരിക്കൻ എംബസിയിലെ ജോലിക്ക് ചേർന്നത് മുതല് രഘുവേട്ടൻ മോളെക്കുറിച്ച് പുറത്താരോടും അങ്ങനെ പറയാറില്ല. ആ ജോലി നമ്മുടെ പാർട്ടിക്കാർക്ക് പറ്റിയതല്ല എന്നതാ കാരണം... പിന്നെയാ കൊച്ച് ജോലി കളഞ്ഞ് നാടകോം ആദിവാസി ഉദ്ധാരണോം, മ്മടെ കൊച്ചിയിലെ ട്രാൻസ്‌ജെൻഡേർഡ്‌സിന്റെ കൂട്ടത്തിലും നടന്നപ്പോഴും രഘുവേട്ടൻ ഒന്നും പറഞ്ഞില്ല. പക്ഷേ, കളി ഇപ്പഴതല്ല. നമ്മുടെ ആസിഫിനെ കൊണ്ട് നാളെ അവക്കടെ കല്ല്യാണം നിശ്ചയിച്ചിരിക്കുവാ..., ചടങ്ങ് ലളിതമാണ്. ഒരു ഹാരമണിയിക്കല് മാത്രം. ആസിഫ് അടുത്ത മന്ത്രിയാണ്. അപ്പോൾ ഞാൻ പറഞ്ഞു വരുന്നത് നിങ്ങ പ്രശ്നത്തിനൊന്നും നിൽക്കരുത്. ആ പെങ്കൊച്ചിനെ നേരം വെളുക്കുമ്പോൾ തിരുവനന്തപുരത്ത് എത്തിക്കണം. നമ്മുടെ പാർട്ടിക്കാര് വണ്ടിം കൊണ്ട് വരും. പിന്നെ നിങ്ങൾ പറഞ്ഞ കടലിൽ കല്ലിടുന്ന കാര്യം, അത് പാർട്ടി നടത്തിത്തരും. പെണ്ണ് ഇവിടെ എത്തുന്ന നിമിഷം കടലിൽ കല്ലു വീഴും. പിന്നെ, ഒരു കാര്യം ഇതിന് എന്തെങ്കിലും മാറ്റം വന്നാൽ ഭർത്താവ് മരിച്ചവളെ രണ്ടാംകെട്ട് നടത്താനും ആസിഫ് തയ്യാറാ. അതിലും ഒരു പുരോഗമനം ഉണ്ടല്ലോ... ഞാൻ പറഞ്ഞത് മനസ്സിലായല്ലോ...”

വാട്‌സാപ്പിലെ സന്ദേശം അവസാനിച്ചു.

“അപ്പളതാണ് കാര്യം.”

കൂട്ടത്തിൽ ഏറ്റവും പ്രായം കൂടിയ ബാർബര കടലേറ്റത്തിന് വളരുന്ന വലിവിന്റെ ശ്വാസം തേടലിനൊപ്പം വാക്കുകൾ വലിച്ച് കുടഞ്ഞിട്ടു.

“കടലീ കല്ലിടാൻ കാരണം കിട്ടിയത് കണ്ടോ, മന്ത്രീടെ മോളായപ്പോ കളി മാറണ കണ്ടോ... നുമ്മ ഈ ഉപ്പുവെള്ളമടിച്ച് ചാകാൻ നേരം ആരും തിരിഞ്ഞു നോക്കിയില്ലല്ലോ.”

“കടലിന്റെ കരേ കിടക്കുന്നവര് ചത്തോ ജീവിച്ചോന്ന് തിരിഞ്ഞു നോക്കാത്തവന്മാരിപ്പം വന്നേക്കുന്നു.”

പാരിഷ് ഹാളിന്റെ മൂലയിൽ ചാഞ്ഞിരുന്ന ഏലിശ എഴുന്നേറ്റു വന്നു.

“കടലിൽ കല്ലിടണമെന്നും പറഞ്ഞ് നുമ്മ കടലിൽ ഇറങ്ങി സമരം ചെയ്തപ്പം എവിടാരുന്നു ഇവരൊക്കെ? കല്ലില്ലെങ്കിൽ കടലിലേയ്ക്ക്, എന്ന് വിളിച്ചു കരഞ്ഞിട്ട് ആരെങ്കിലും വന്നോ?”

“കൊച്ചീ തുറമൊഖം ഒണ്ടാക്കാൻ കടല് താഴത്തിയ അന്ന് മുതല് തുടങ്ങിയ കടലാക്രമണമാ...

കൊച്ചഴിയെ പെരുങ്കടലാക്കിയപ്പം നുമ്മടെ ജീവിതമെന്താകൂന്ന് ആരെങ്കിലും ചിന്തിച്ചാ?'

“കടലിൽ പോണോർക്ക് ബുദ്ധിയില്ലാന്നല്ലേ ഇവന്മാരുടെ ചിന്ത അതങ്ങട് മാറട്ടെടാ ഈശീ... നമ്മുടെ ചെറുക്കൻ ബുദ്ധികൊണ്ടാ ഈ പണി ചെയ്തേക്കുന്നെ... നമ്മള് ജീവിക്കുന്ന ജീവിതം നേതാക്കന്മാരും കൂടി അറിയട്ടെന്ന്...”

“നുമ്മ നടത്തിയ സമരത്തില് ഏറ്റവും ശക്തിയുള്ളത് ഈ കല്ല്യാണ സമരമാ, ഗബ്രി അവളെ കൊണ്ടുവന്നത് നുമ്മടെ കഷ്ടപ്പാട് തീർക്കാനാ... അവനാ സമരനായകൻ...”

ഏലീശ കടൽക്കരയിൽനിന്ന് പറയുന്നതുപോലെയാണ് ഇത് പറഞ്ഞത്. കടലിൽ തണ്ടുകളിൽ ഇരിക്കുന്ന ആണുങ്ങളെ നോക്കി മുന്‍പും എലിശ ഇങ്ങനെ ചിലത് പറഞ്ഞിട്ടുണ്ട്.

“അങ്ങനെ പറയരുത് എലിശ ചേച്ചി, ഇങ്ങോട്ട് വന്നത് ആ കൊച്ചാ... ഈ സമരത്തിലെ നേതാവും അണികളും ഒക്കെ അഥീനയാ... അവള് നമുക്കുവേണ്ടി നടത്തുന്ന സമരമാ ഇത്...” സെൽവി ശബ്ദം താഴ്ത്തിയാണ് ഇത് പറഞ്ഞതെങ്കിലും എല്ലാവരും അത് കേട്ടു.

Art
ചിത്രീകരണംസചീന്ദ്രന്‍ കാറഡുക്ക

അന്ന വിസിൽ അടിച്ചു.

ആഹ്ലാദംകൊണ്ട് അവളുടെ മുഖം തുടുത്തിരുന്നു.

പ്രണയം ഒരു സമരമുറയാണെന്ന് അവൾക്കിനി എത്രയോ പേരോട് പറയാനിരിക്കുന്നു.

മഹാരാജാസിലെ മലയാളം ക്ലാസ്സിൽനിന്നും പന്തിഭോജനവും മൂക്കുത്തി സമരവും മാറുമറക്കലും മിശ്രവിവാഹവും അവളിലേക്ക് ഓടിയിറങ്ങി വന്നു.

“ചില കല്ല്യാണങ്ങൾ ചരിത്രം മാറ്റിയിട്ടുണ്ട്.”

എന്ന് അവൾ പറഞ്ഞതും ഐസപ്പനും ഫ്രാങ്കിളിനും അത് ശരി വെച്ചു.

“ടി.വി. തോമസും ഗൗരിയമ്മയും.”

എന്നവര് ആവേശത്തിലായപ്പോൾ അന്ന ഗൗരവത്തിലായി.

“പതിന്നാല് വയസ്സില് വിധവയായ പെൺകൊച്ചിനെ അശ്രീകരം എന്നു വിളിച്ച് ഇരുട്ടുമുറിയിൽ തള്ളിയിരുന്ന കാലത്താ ഉമാ അന്തർജനം എന്ന വിധവയും എം.ആർ.ബിയും കല്ല്യാണം കഴിച്ചത്. ആ വിവാഹം ഒരു വലിയ സമരം ആയിരുന്നു.”

“കല്ല്യാണം ഒരു സമരമാണ്.”

“പ്രണയിക്കുന്നവര് സമരം ചെയ്യുന്നവരാണ്...”

അന്ന ആഹ്ലാദത്തോടെ ഇത് പറഞ്ഞതും അലോഷ്യസും ഉറുമീസും ലാസറിന് അടുത്തേക്ക് വന്നു.

“നമ്മുടെ പ്രശ്നങ്ങള് പാർട്ടിക്കാരാദ്യം പരിഹരിക്കട്ടെ, കടലിൽ കല്ലിട്ടോ ഭിത്തി കെട്ടിയോ കടല് കേറാതാക്കട്ടെ, നമ്മുടെ മക്കൾക്ക് വീടിനകത്ത് കിടന്നുറങ്ങാനുള്ള വഴി ആദ്യം തരട്ടെ. എന്നിട്ട് പെണ്ണിനെ വിട്ടുകൊടുക്കുന്ന കാര്യം ചിന്തിക്കാം.”

“അത് പറ്റത്തില്ല അലോഷി, ഗബ്രി കെട്ടികോകൊണ്ടു വന്ന പെണ്ണ് നുമ്മടെ കരയിൽ കഴിയണം, അവളെ വിട്ടു കൊടുത്തിട്ട് ഒരു സമാധാനോം സന്തോഷവും നുമ്മക്ക് വേണ്ട.”

പ്രസ്തീന മരുമകൻ അലോഷിയോട് എതിർത്തു.

“കടലിൽ കല്ലിടും, തിര കയറാതെ വീടുകൾ സംരക്ഷിക്കപ്പെടും.

നുമ്മടെ പ്രശ്നങ്ങൾ അവര് പരിഹരിക്കും.

ഒരു നാട് രക്ഷപ്പെടണ കാര്യമാണ്.

ലാസറപ്പ ഗബ്രിയെ പറഞ്ഞ് സമ്മതിപ്പിക്കണം, അഥീനയെ പറഞ്ഞു വിടണം ഗബ്രി അത് സമ്മതിക്കും, അവന് നാടിനോടും നാട്ടുകാരോടും ഇഷ്ടമുണ്ട്.

നമ്മളെ രക്ഷിക്കാൻ ദൈവമയച്ച മാലാഖയാണ് ഗ്രബിയേൽ.”

ആളുകൾ ചുറ്റും നോക്കി റാഫേൽ എവിടെ?

റാഫേൽ എന്തുപറയും? കടൽ ഇരുളുന്നതും വെളുക്കുന്നതും പ്രവചിക്കുന്നയാളാണ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.

ഭിത്തിയിൽ ചാരിയിരുന്ന് ഉറങ്ങുകയാണ്.

ഉണർത്ത്, റാഫേൽ പറയും.

“ഇത് നശ്വരതയുടേയും അനശ്വരതയുടേയും കാര്യമാണ്.”

റാഫേൽ പാരിഷ് ഹാളിൽനിന്നും ഇങ്ങനെ പറഞ്ഞ് ഇറങ്ങി, അയാളെ ആരും തടയുകയില്ല, കടലിനും കടലാഴത്തിനും ഇടയിലാണ് അയാളുടെ വഴികൾ.

എന്താണ് റാഫേലിന്റെ പ്രവചനത്തിന്റെ അർത്ഥം?

പ്രണയമാണോ അനശ്വരം? അതോ പ്രണയ ത്യാഗമോ അനശ്വരത?

“ഗബ്രി നാടിനും നാട്ടുകാർക്കും വേണ്ടി ത്യാഗം ചെയ്യും.

മരണമില്ലാത്തവനായി അവൻ വാഴ്ത്തപ്പെടും...

അനശ്വരതയിൽ അവൻ ജീവിക്കും.”

“ഗബ്രിയിൽനിന്ന് അഥീനയെ നമ്മൾ അകറ്റില്ല, അവർ ഈ കരയിൽ കഴിയും, കടലിൽ കല്ലിടാൻ നമ്മൾ സമരം ചെയ്യും.

അഥീനയെ വിട്ടുകൊടുത്തിട്ട് നമുക്ക് ഒന്നും നേടണ്ട.

നശ്വരതയിലാണ് നമ്മൾ വിശ്വസിക്കേണ്ടത്.”

എന്താണ് നശ്വരത? എന്താണ് അനശ്വരത?

“മനുഷ്യമനസ്സിലാണോ അനശ്വരത അങ്ങനെയെങ്കിൽ അഥീനയ്ക്കല്ലേ മനസ്സുകളിൽ സ്ഥാനം ഉള്ളത്?”

പാപവും പുണ്യവുംപോലെ.

ചർച്ചകളും ചിന്തകളും തിരയൊഴിയാതെന്നപോലെ വന്നുചേർന്നുകൊണ്ടിരുന്നു.

ലാസർ മുഖം കുനിച്ചിരിക്കുകയാണ്.

അംബ്രോസ് അത് ശ്രദ്ധിച്ചു. ലാസറെ ചേർത്തുപിടിച്ചു. തെറ്റ് ഏറ്റ് പറയാൻ വെമ്പുന്ന ഒരാളെപ്പോലെ വെപ്രാളപ്പെട്ട് ലാസർ പറഞ്ഞു.

“ഗബ്രിയേൽ എന്റെ മകനാണെന്ന് എല്ലാവരോടും ഒന്ന് പറയാമോ?”

കടൽ ഒരു പേ പിടിച്ച മൃഗത്തെപ്പോലെ മുരണ്ട്, അവർക്കിടയിലൂടെ ഉഴറി നടന്നു, ഓർമയിലെ ഏറ്റവും വലിയ കടലേറ്റമായിരുന്നു അത്.

മുറിക്കകങ്ങളിൽ കടൽ ജീവൻ പരതി.

വീടിന്റെ ഭിത്തികൾ തിരകൾക്ക് വഴിമാറി.

കണ്ണീരിന്റെ ഉപ്പ് ചവുട്ടി ഇരുട്ടിലൂടെ നടക്കുന്നവർക്കിടയിൽ.

പുലരി കാണാൻ രണ്ടുപേർ കടലിലേക്ക് കണ്ണയച്ച് ഇരിക്കുന്നുണ്ട്.

“നേരം പുലരും, വെളിച്ചം പരക്കും.”

അവരിലൊരാൾ മറ്റെയാളോട് പറഞ്ഞു.

അവർക്ക് പിന്നിൽ മോശ പകുത്ത കടലുപോലെ ആൾക്കൂട്ടം.

-------------------------------

“ഇത്രേം നേരം നുമ്മ പറഞ്ഞതൊക്കെ കഥയാ, ഇനിയാ യാഥാർത്ഥ്യം...”

“അഥീന ആരാ?”

അവർ പരസ്പരം നോക്കി.

ജോനസ് ഫോണിലെ തനിക്ക് കിട്ടിയ ശബ്ദസന്ദേശം എല്ലാവരെയും കേൾപ്പിച്ചു.

“ജോനസേ, നിങ്ങടെ കൂട്ടത്തിൽ ഒരുത്തനെ കെട്ടി ഇപ്പോ അവിടൊള്ളത് ആരാണന്നറിയാമല്ലോ? നിങ്ങള് പ്രശ്നത്തിനൊന്നും നിൽക്കരുത് ആ പെൺകൊച്ചിനെ നേരം വെളുക്കുമ്പോൾ പറഞ്ഞു വിടണം, പിന്നെ നിങ്ങൾ പറഞ്ഞ കടലിൽ കല്ലിടുന്ന കാര്യം, പെണ്ണ് ഇവിടെ എത്തുന്ന നിമിഷം കടലിൽ കല്ലു വീഴും. ഞാൻ പറഞ്ഞത് മനസ്സിലായല്ലോ...”

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com