

ഞാന്‍ ഏകദേശം അന്യന്‍.
അഥവാ എവിടെയും ഞാന്‍ ആഗതന്‍. അപ്പോള്‍ എന്നെപ്പോലെ ആലംബഹീനനായി മറ്റാരുണ്ട് വേറെ. ചിലര്‍ വല്ലപ്പോഴും (വിനോദ) സഞ്ചാരി എന്നു വിശേഷിപ്പിച്ചേയ്ക്കും എന്നല്ലേയുള്ളൂ.
“അല്ലെങ്കിലും-പ്രത്യേകിച്ച് യൊറോപ്യന്‍ നാടുകളില്‍ കിടന്ന് കറങ്ങുമ്പോള്‍ എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളതു എന്താണന്നറിയാമോ?”
“എന്താണത്?”
“അവരൊക്കെ നമ്മളെ റെഫ്യുജീസ് പോലെത്തന്നെയാണ് കാണുന്നത്. റ്റൂറിസ്റ്റ് എന്നൊന്നും അല്ല. നന്നായി പേ ചെയ്യുന്ന അഭയാര്‍ത്ഥി.”
“നല്ലോണം കര്‍ശനമായി ശാസിച്ചിട്ടല്ലേ വീസാ തരുന്നതും-എന്തു പൊല്ലാപ്പാണ്, എറിഞ്ഞ് പോരാന്‍ തോന്നും... യാതൊരു കാരണവശാലും അവിടെ കൂടുതല്‍ തങ്ങില്ല എന്നു പ്രതിജ്ഞയും.”
“ഊഉം, ശപഥമാണ് ചെയ്യിക്കുക അവര്‍.”
“ഫ്രീ കണ്‍ട്രീ എന്നതൊക്കെ പഴയ സങ്കല്പമല്ലേ അല്ലെങ്കിലും...”
ഞങ്ങള്‍ വീസാ അനുവദിച്ചുകിട്ടാനുള്ള കൂടിക്കാഴ്ചയ്ക്കായി (സൂക്ഷിക്കണേ: എനിക്ക് വേണ്ട അത്, അവള്‍ക്ക് മാത്രമേ ആവശ്യമുള്ളൂ!) കൊച്ചിയില്‍ എത്തിയതായിരുന്നു. എന്തൊരു തിരക്കാണ് ഇവിടെ! കാര്യാലയം ഉള്ള കെട്ടിടത്തിലേയ്ക്ക് പ്രവേശിക്കുന്നതുകൂടി തന്നിരിക്കുന്ന കൃത്യസമയത്ത് നമ്മുടെ പേര്‍ വിളിക്കുമ്പോള്‍ മാത്രം. അതുവരെ അങ്ങോട്ടു നോക്കി പുറത്ത് തെരുവില്‍ കാത്തു നില്‍ക്കണം. അവിടെ ജനജീവിതത്തിനും വാഹനഗതാഗതത്തിനും തടസ്സം ഉണ്ടാക്കരുത് എന്ന് ഒരു ജാഗ്രത അറിയിപ്പ് പതിച്ചുവെച്ചിട്ടുമുണ്ട്.
എന്നാലും, ഹോ, എത്ര ആളുകളാണ്. ശരാശരി ഇത്രയുംപേര്‍ ദിവസേന ഇവിടെനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്ന ഒരു നിഗമനത്തിലാണോ ഒരു നിരീക്ഷകന്‍ എത്തിച്ചേരേണ്ടത് ഇപ്പോള്‍.
നിശ്ചയിച്ച നേരത്തേ വരേണ്ടതുള്ളൂ എന്നു തീര്‍ച്ചയായപ്പോള്‍ ഞങ്ങള്‍ അമ്പിസ്വാമിയുടെ ഊട്ടുപുരയില്‍ പോയി ചായയും വടയും കഴിക്കാം എന്നുവെച്ചു.
“ഫില്‍ട്ടര്‍ കാഫി സ്ട്രോങ്-അല്ലവാ?” അയാള്‍ എന്നോട് പരിചയഭാവത്തില്‍ ചിരിച്ചപ്പോള്‍ അവള്‍ ഞെട്ടി.
“വെറുതേ പറ്റിക്കുന്നതാണ് അയാള്‍, അത്ഭുതപ്പെടണ്ട”, അയാള്‍ പോയതിനുശേഷം ഞാന്‍ വിശദീകരിച്ചു. “ചിലപ്പോള്‍ എന്നെ കണ്ടിട്ട് വേറെ ആരോ ആയി തെറ്റിദ്ധരിച്ചതാവാം. അല്ലെങ്കില്‍ അയാളുടെ ഒരു പതിവുതന്ത്രം മാത്രമാവാം.”
“എന്തു തന്ത്രം?”
“മനുഷ്യപ്പറ്റുണ്ടെന്നു കാണിക്കാനേയ്.”
ഞങ്ങള്‍ ചായയും വടയും തന്നെ മതി എന്നു നേരത്തേ ഉറപ്പിച്ചിരുന്നതാണല്ലോ. പിന്നെ അയാളെ അങ്ങനെ ശോഭിക്കാന്‍ വിടേണ്ടതുമില്ല. പാടുമോ.
“എനിക്ക് വെറും ചായ-പാലും പഞ്ചസാരയും വേണ്ട.”
“ഓ, വീഗന്‍ ആയിട്ടുണ്ട് ഈയിടെയായിട്ട്-അല്ലേ?”
“ആ സുഗ്രീവന്‍ ഇടയ്ക്ക് കളിയാക്കി ചോദിക്കുമായിരുന്നു എന്താണ് വീഗന്‍ ആവാത്തത് എന്ന്... ഹഹഹ, വെജിറ്റാറിയന്‍ മാത്രം ആയി കഴിഞ്ഞാല്‍ മതിയോ എന്ന്. എന്നാലോ ഇതിനു തന്നെ എല്ലാവരും കൂടി എപ്പോള്‍ വേണമെങ്കിലും എന്നെ തല്ലിക്കൊന്നേയ്ക്കാം.”
“ഹോ, ഞാനാണെങ്കില്‍-ഒന്ന് സ്വതന്ത്ര ആവാന്‍ ഞാന്‍ പെടുന്ന പാട്! മനുസ്മൃതിയല്ലേ ഇപ്പോഴും എല്ലാര്‍ക്കും പഥ്യം. ഭര്‍ത്താവോ അച്ഛനോ ഏട്ടനോ-ആരും വന്നില്ല എന്റെ കൂടെ ഇന്ന്, കണ്ടില്ലേ. ഞാന്‍ സ്വാതന്ത്ര്യം നേടുന്നതിനു സഹായിക്കാന്‍ ആരെയും കിട്ടില്ല.”
“ആരുമില്ലാത്തവര്‍ക്ക് ജാരന്‍ തുണ-എന്നാണോ ഒരു ചൊല്ല് ഉള്ളത്.”
“ഓ, ജാരനാണെന്നാണ് ഒരാളുടെ വിചാരം അപ്പോള്‍, അല്ലേ?” അവള്‍ കുസൃതിച്ചിരിയോടെ എന്റെ കയ്യില്‍ വിരലുകള്‍കൊണ്ട് എറ്റി. “വേണ്ടാട്ട്വോ-അതാണ് ഉള്ളിലിരിപ്പ്ച്ചാല്‍ വേണ്ടട്ട്വോ മോനേ.”
“പിന്നെ നീ എന്തിനാണ് എന്നെയും വിളിക്കുന്നത് കൂടെ വരാന്‍-പുറത്തേയ്ക്ക്.”
“കൂട്ടിന്-അല്ലാതെ?”
“വെറും കൂട്ട്-ചങ്ങാത്തം... ഹഹ, ശരി, അതുതന്നെയാണ് നല്ലതും.”
“നീ കുറേ മുഖവുര ഉണ്ടായില്ലേ ആദ്യം-ആത്മഗതം. അതു ഞാന്‍ എത്ര നിര്‍ബന്ധിച്ചാലും നീ വരാന്‍ പോവുന്നില്ല പുറത്തേയ്ക്ക് എന്ന് ശഠിക്കാന്‍ തന്നെ ആയിരുന്നില്ലേ ആവോ?”
“എനിക്ക് ഇവിടം വിടാന്‍ മടിയായിട്ടാവാം-സത്യമായിട്ടും. സ്വൈര്യം ഉണ്ടല്ലോ തല്‍ക്കാലം ഇവിടെ.”
“ഉവ്വുവ്വേ-ഇവിടെനിന്ന് പുറത്തേയ്ക്ക് പോവുന്നതിന്റെ എത്രയോ ഇരട്ടി ആളുകളാണ് ഇങ്ങോട്ട് വരുന്നത്. വടക്കുകിഴക്ക് ഉണ്ടായിരുന്നവരൊക്കെ ഇപ്പോള്‍ ഇവിടെ എത്തി... നോക്കിക്കോളൂ, ആള്‍ക്കാര്‍ ചവിട്ടിനില്‍ക്കുന്നതിന്റെ ഭാരം കൊണ്ടുതന്നെ മുങ്ങിപ്പോയീന്നു വരും ഈ കര ഉടനെ.”
“നീ മനഃപാഠം പഠിച്ചതുപോലെയുണ്ടല്ലോ ഇത്. സുഗ്രീവന്റെ വല്ല കവിതയുമാണോ?”
“ഏയ്, ഇതൊന്നും അല്ല. പക്ഷേ, ഞാന്‍ വേറെ ഒന്നു വായിച്ചു, രസമുള്ളത്-കേള്‍ക്കണോ?”
“അതും ഹൃദിസ്ഥമായോ നിനക്ക്?”
“ആറേഴുവരിയല്ലേയുള്ളൂ. വാക്കൊക്കെ ചിലപ്പോള്‍ മാറിപ്പോവും. എന്നാലും കാര്യം മനസ്സിലാവും-കേള്‍ക്കണ്ടേ?”
“ഹഹഹ, ആവാംല്ലോ-ചൊല്ലൂ.”
“ഈണം ഒന്നൂല്ല്യാ”, എന്നാലും നന്നായി ഒന്നു മുരടനക്കിയതിനുശേഷമാണ് അവള്‍ തുടര്‍ന്നത്, “പട്ടാളം ഇന്ന് എന്നെ പിടികൂടിയാല്‍ അത് മൂന്നാം തവണയായിരിക്കും ഞാന്‍ നഗ്നനായി വരിനില്‍ക്കുന്നത്. ഇതിനു മുന്‍പ് അതു പട്ടാളത്തില്‍ ചേരാനായിരുന്നു. ആദ്യത്തെ പ്രാവശ്യം അവരുടെ പള്ളിക്കൂടത്തില്‍ ചേരാനും. ഇതുവരെ എന്നെ അങ്ങനെ കണ്ടവര്‍ക്കൊന്നും കളിയാക്കാനൊന്നും തോന്നിയില്ല, പക്ഷേ, ആഭയാര്‍ത്ഥി ആയിട്ടാവുമല്ലോ മൂന്നാമൂഴം.”
“ഹോ, അത്ഭുതപ്പെടുത്തുന്നല്ലോ നീ. ഇതില്‍ തെറ്റൊന്നും ഉള്ളതുപോലെ ഇല്ല, ഇങ്ങനെ തന്നെയാണ് അവന്‍ എഴുതുക. എന്നാലും എങ്ങനെ നീ?”
“ഹ്ം, കുട്ടിയാവുമ്പോള്‍ കളകളമിളകുമൊരരുവിയിലലകളിലൊരുകുളിരൊരു പുളകം എന്ന് ഉരുവിട്ടു പഠിച്ചിരിക്കുന്നു ഞാന്‍-എന്നിട്ടാണോ?”
“ആത്മകഥ പോലെയുണ്ട് അത് അവന്റെ.”
“ആത്മകഥയോ?”
“അതിലെ ആദ്യത്തെ രണ്ട് നിര്‍ത്തം.”
“എന്തു നൃത്തം!”
“നൃത്തമല്ല, നിര്‍ത്തം. നില്‍പ്പ്. ആ രണ്ടു പ്രാവശ്യം അങ്ങനെ ക്യൂ നിന്നത് എനിക്കറിയാം. പാവമാണ്. നന്നായി എഴുതുകയൊക്കെ ചെയ്യും. പക്ഷേ, ആരും ശ്രദ്ധിക്കില്ല. അതിന്റെ പേരില്‍ അവന്‍ ആത്മഹത്യ ചെയ്തുകളയുമോ എന്നായിരുന്നു എനിക്കൊക്കെ പേടി.”
“ഹോ. ആത്മഹത്യയും വന്നോ. എനിക്ക് ഇഷ്ടമേയല്ല ആ വര്‍ത്തമാനം.”
“എന്നാല്‍, നീ വീണ്ടും പ്രേരിപ്പിച്ചോ എന്നെ ഒപ്പം വരാന്‍-പ്രലോഭിപ്പിച്ചു നോക്കിക്കോ.”
“പ്രകോപിപ്പിക്കാനൊന്നും ഞാനില്ല. എനിക്ക് മനസ്സിലാവുന്നില്ലാന്നു മാത്രം... ഒന്നുമില്ലെങ്കിലും സ്വൈര്യം ഉണ്ടാവില്ലേ അവിടെ?”
“അതൊന്നുമല്ല, എനിക്ക്... ആഹാരം ശരിയാവില്ലല്ലോ എനിക്ക്.”
“അതു പുറത്തുനിന്നും കഴിക്കുമ്പോഴല്ലേ. പാചകം ചെയ്യാന്‍ സൗകര്യമുണ്ടായാല്‍പ്പിന്നെ എന്താ പ്രയാസം?”
“ഏയ്, എന്നാലും ശരിയാവില്ല അത്...”
ഞാന്‍ ശ്രദ്ധാപൂര്‍വം വടയുടെ അവസാനത്തെ ശകലങ്ങളും ചട്ട്ണിയില്‍ ഒപ്പി എടുത്തുതിന്നുന്നതായി നടിച്ചു. അതായത് ആ പ്രവൃത്തിയില്‍ മാത്രമാണ് ഞാന്‍ മുഴുകിയിരിക്കുന്നത് എന്ന്. ഉഴുന്നുവടയും വെളുത്ത ചട്ട്ണിയും ആണ്, സാമ്പാര്‍ തന്നിട്ടില്ല. പിന്നെ ഉള്ളത് എനിക്ക് വേണ്ടാത്ത ഉള്ളിച്ചമന്തിയാണ്. ഒരുപക്ഷേ, തീര്‍ന്നതായിരിക്കാം സാമ്പാര്‍. ചോദിച്ചുനോക്കാമായിരുന്നു ആ സുഹൃത്തിനോട്, അല്ലേ.
സാമ്പാര്‍ ഇപ്പോഴും അടുപ്പത്താണോ, വെറുതെ തിളച്ചുകൊണ്ടേയിരിക്കുകയാണോ, എന്നോ മറ്റോ.
പണ്ടത്തെ ഒരു കവിതയില്ലേ-മെദുവടയല്ലെടോ മലയാളവാക്ക്. അന്നേ ഞാന്‍ ആലോചിക്കുമായിരുന്നു, മെദുവടയ്ക്കെന്താണ് തരക്കേട് എന്ന്...
മടുത്തിട്ട് എന്ന മട്ടില്‍ അവള്‍ പുറത്തേയ്ക്ക് നോക്കി ഇരിക്കുകയുമായിരുന്നു.
വാസ്തവത്തില്‍ ഒരേ രുചികളുള്ളവര്‍ തന്നെയാവാം എപ്പോഴും അടുത്ത കൂട്ടുകാര്‍ ആവുന്നത്, അല്ലേ? നാം അതങ്ങോട്ട് തുറന്നു സമ്മതിക്കുന്നില്ല എന്നേയുള്ളൂ. “ആഹാരമാണോ മുഖ്യം, ആണെങ്കില്‍ത്തന്നെ ഒന്നാംതരം സഹിഷ്ണുത വേണ്ടേ അതിലെല്ലാം” എന്നിങ്ങനെയെല്ലാം കോലാഹലം ഉണ്ടായേക്കാമല്ലോ?
ഈ സുഗ്രീവന്‍ കൂടി എന്നെ വഴുതിനിങ്ങ എന്നു പരിഹസിച്ചിട്ടില്ലേ?
പുറത്താണെങ്കിലും എന്താണ് മെച്ചം. പാവം ആ പൈതഗൊറാസ് എത്ര പുച്ഛിക്കപ്പെട്ടു. പൈത്യം എന്ന് ലോകം കൂവിവിളിച്ചു.
ഷമോനീ എന്ന ശൈത്യമേഖലയില്‍ ഉച്ചഭക്ഷണമായി ചില ഇലകള്‍ മാത്രം ചവച്ചുകൊണ്ട് എനിക്ക് ഇരിക്കേണ്ടിവന്നത് ഞാന്‍ ആനുഷംഗികമായി ഓര്‍ത്തുപോയി.
“ഇവിടെ പുതിയ ഒരു പോഷ് കഫേ തുടങ്ങിയിട്ടുണ്ട് എന്ന്-അറിഞ്ഞോ നീ അത്?” ശ്രദ്ധ തിരിച്ചു വരുത്താനായി അവള്‍ എന്റെമേല്‍ മെല്ലെ തോണ്ടി.
“കേട്ടു ഞാനും. മണിക്കൂര്‍ വാടക വെച്ചിട്ടുള്ള ഇടമാണ്. സൊള്ളാനും കെട്ടിപ്പിടിച്ചിരിക്കാനുമൊക്കെയാണ് ആളുകള്‍ വരുന്നത് അവിടെ എന്നു തോന്നുന്നു.”
“എന്താണ്-ഝാരന് ചുളുവില്‍ ആശ്ലേഷിക്കണമെന്നുണ്ടോ ആവോ എന്നെ?”, അവള്‍ നാണം നടിച്ചു.
“ഹഹഹ, ഞാന്‍ തമാശയില്‍ പങ്കുചേരാന്‍ ബുദ്ധിമുട്ടി, “ആലിംഗനചുംബനാദികള്‍ നിഷിദ്ധം എന്നു നിബന്ധനയുണ്ടായിരിക്കും അപ്പോഴും.”
“അല്ല, നിനക്ക് കുട്ടിക്കാലത്തേ ഉണ്ടോ ഈ സിന്‍ഡ്രോം.”
“ഹ്ം, എവിടെ ആയാലും വരുത്തന്‍ ആണെന്നേ തോന്നുള്ളൂ എനിക്ക്-എന്റെ സ്ഥലം എന്നൊന്നില്ലേയില്ല... അതല്ലേ നീ ചോദിച്ചത്?”
“വേരുകള്‍ ഇല്ലാത്തവര്‍ എന്നൊരു നോവല്‍ ഉണ്ടോ?”
“ഊം, എന്തേ?”
“ഇല്ലെങ്കില്‍ നിനക്ക് എഴുതാമല്ലോ-ഹഹാ.”
“ഇപ്പോള്‍ നോക്ക്, ആറേഴുവയസ്സുള്ള കുട്ടികള്‍ കൂടി വിസ്തരിക്കും-അവര്‍ക്ക് എന്തൊക്കെ കോംപ്ലെക്സ്, ഫോബിയാ, ട്രോമാ ഒക്കെ ഉണ്ടെന്ന്. അസൂയ തോന്നും എനിക്ക്. നമ്മളോടൊക്കെ ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?”
“അന്നും ചിലര്‍ക്കൊക്കെ ഉണ്ടായിരുന്നു സൗകര്യം. മൃദു എന്നൊരു കുട്ടി ഉണ്ടായിരുന്നു എന്റെ ഒപ്പം. അവള്‍ക്ക് മെന്‍സസ് തുടങ്ങുന്നതിനു മുന്‍പ് ഒരാഴ്ച ഉണ്ടാവും സിന്‍ഡ്രോം, പിന്നെ കഴിഞ്ഞിട്ടും ഒരാഴ്ച. ചുരുക്കത്തില്‍ മാസത്തില്‍ കഷ്ടി ഒരാഴ്ചയേ അവള്‍ ഓള്‍റൈറ്റ് ആവൂ, അല്ലാത്തപ്പോള്‍ അവളോട് മിണ്ടാന്‍ കൂടി പറ്റില്ല-ചിലപ്പോള്‍ അലറി എന്നുവരെ വരും.”
“ചിലര്‍ മാനിയ എന്തൊക്കെയുണ്ടെന്നും വീമ്പടിക്കുന്നതു കാണാം.”
“എന്നാലും ഇത്ര പോത്തനായിട്ട് നീ അനാഥനാണ്, ഗതികേടാണ് എന്നൊക്കെ സ്വയം പ്രാകുന്നല്ലോ. എന്തൊരു തോല്‍വിയാണ് നീ മണങ്ങൂസാ.”
“നോക്ക്, നിന്നെ ഞാന്‍ കുത്സിത എന്ന് വിളിക്കുമോ?”
“ഓ, എന്നിട്ട് നിനക്ക് നിര്‍വൃതി കിട്ടുമെങ്കില്‍ ആയിക്കോ!” അവള്‍ ഒച്ച കൂട്ടാതെ ശകാരിച്ചു.
“ഏയ്, അതല്ലെടീ... അതൊക്കെ വിട്ടു ഞാന്‍. ഇപ്പോള്‍ അതീതനാണ് എന്നാണ് ധാരണ. ഹഹഹ, അവന്‍ കവിതയില്‍ പറഞ്ഞതുമാതിരി, അതാണ് ഇപ്പോള്‍ ഞാന്‍-അതിനും അതീതന്‍...”
*
“കൊങ്കണി സാരസ്വത ബ്രാഹ്മണിയായ ധനത്തിന് ഇല്ല പ്രശ്നം... മൃദുലാ പയസ് ആണത്രേ! മൃദു എന്ത് നസ്രാണിച്ചിയാ മൃദു. എങ്ങനെ ജീവിക്കും മൃദു ഈ നാട്ടില്‍”, മുനയോ മൂര്‍ച്ചയോ ഇല്ലാതെ സുഗ്രീവന്‍ പറഞ്ഞു.
ഉണ്ട്, നല്ല വൈഷമ്യം ഉണ്ട് എനിക്ക്. മൃദു ആലോചിച്ചു. മുട്ടയുടെ മണംപോലും സഹിക്കാന്‍ പറ്റാത്ത ആളല്ലേ ഞാന്‍. പിന്നെയാണോ മീനും ഇറച്ചിയും. ഇവിടെയാണെങ്കില്‍ ഇപ്പോള്‍ പുറത്ത് എവിടെ നോക്കിയാലും ചന്തിയും കുടലും പണ്ടവും ഒക്കെയാണ് തിന്നാന്‍ വെച്ചിട്ടുണ്ടാവുക.
എന്നാലോ എത്ര സൂക്ഷിച്ചുവേണം എന്റെ പെരുമാറ്റം. എനിക്ക് ഇങ്ങനെ ഒരു അസഹ്യത ഉണ്ട് എന്ന് വല്ലവരേയും അറിയിക്കാന്‍ പറ്റുമോ. അതൊരു സുഖക്കേട് ആണെന്ന് അപേക്ഷിച്ചാല്‍ കൂടി പൊറുക്കില്ല ആരും. ചവിട്ടിക്കൂട്ടും എന്നെ ആള്‍ക്കൂട്ടം.
‘കുട്ടികളുടെ കൂടെ ടൂര്‍ പോകുന്നില്ല മൃദു എന്ന് എല്ലാവരേയും പോലെ എനിക്കും പരാതി ഉണ്ടായിരുന്നു. പക്ഷേ, ഈ ഊട്ടി ട്രിപ്പ് പോയപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു മൃദൂ, അസ്സലായി കഷ്ടപ്പെട്ടു മൃദു എന്ന് എനിക്ക് മനസ്സിലായി.”
അത് മന്ത്രിച്ചാല്‍ മതിയോ.
“വല്ലാത്ത നിസ്സഹായത തന്നെയാണ് മൃദുവിന്റേത്.”
“അതേയല്ലോ, പട്ടിണി കിടന്നു മടുത്തു എനിക്ക്. മിക്കപ്പോഴും കുറേ വൈകിയാണ് എവിടെയെങ്കിലും കഴിക്കാന്‍ നിര്‍ത്തുക. എണ്ണമെഴുക്കുള്ള നെയ്‌ച്ചോറ് കണ്ടാല്‍ത്തന്നെ ഛര്‍ദിക്കാന്‍ വരും എനിക്ക്. മൃഗക്കൊഴുപ്പ് ചേര്‍ക്കുമത്രേ അതില്‍, അതല്ലാതെ പിന്നെ കിട്ടുക ഉണക്കപ്പൊറാട്ട. ഒപ്പം ഒപ്പിത്തിന്നാന്‍ പഞ്ചസാരയോ ഉള്ളിയോ. അലിവ് തോന്നിയാല്‍ ചിലപ്പോള്‍ ഉള്ളി ഒന്ന് വഴറ്റി തന്നെന്നു വരും പോങ്ങന്മാര്‍...”
എല്ലായിടത്തും എനിക്ക് ഇങ്ങനെത്തന്നെ. കല്ല്യാണത്തിനൊക്കെ പോയാല്‍ എന്താണ് സ്ഥിതി. ബഫേ ആണല്ലോ, പലതും ഉണ്ടാവുമല്ലോ എന്നു വിചാരിക്കും. എന്നാല്‍, എനിക്ക് മീമാംസ ഒന്നും വേണ്ട എന്നു കേട്ടാല്‍ത്തന്നെ വിളമ്പുകാരുടെ മുഖം മങ്ങും. തളികയും കയ്യില്‍ ഏന്തിനില്‍ക്കുന്ന എന്നെ അവര്‍ ആട്ടിപ്പായിക്കും.
“ഓ, ഈ ച്യാച്ചി വെജ് ആണ്-ഒന്നു കാണിച്ചുകൊടുത്തേ?”
കാണാന്‍ മാത്രം എന്താണ്, അവിടെ ഒരു മൂലയില്‍ വല്ലതും വെച്ചിട്ടുണ്ടാവും. നല്ല വെളിച്ചംപോലുമുണ്ടാവില്ല കാണാന്‍. അവിടെ ഉള്ളതില്‍ തന്നെ കൊള്ളാവുന്നതെല്ലാം മറ്റുള്ളവര്‍ കയ്യിട്ടു വാരിയെടുത്ത് തീര്‍ത്തിട്ടുണ്ടാവും. മിശ്രഭുക്കുകള്‍ അഥവാ സര്‍വഭുക്കുകള്‍.
കുത്തുന്ന മസാലയുള്ള കറികളും എനിക്ക് വയ്യ എന്നു കൂടിയേ കേള്‍ക്കേണ്ടൂ. തല്ലിക്കൊല്ലും എല്ലാവരും കൂടി എന്നെ. എന്തു ചെയ്യും ഞാന്‍ കര്‍ത്താവേ.
“മൃദു ഇടയ്ക്കിടയ്ക്ക് ഓക്കാനിക്കുന്നതൊക്കെ ഞാന്‍കണ്ടിരുന്നു. വല്ലാത്ത മനംപിരട്ടല്‍ ഉണ്ടായിക്കാണും, അല്ലേ മൃദൂ.”
“എന്തു ചെയ്യാനാണ് സുഗ്രീവന്‍ മാഷേ- ഞാന്‍ ഇങ്ങനെ ആയിപ്പോയി.”
‘പ്രശ്നം എന്താണെന്നോ-മൃദു വല്ല അയ്യങ്കാരോ മറ്റോ ആയിരുന്നെങ്കില്‍ എല്ലാവരും ക്ഷമിക്കുമായിരുന്നു. ഇത് മനഃപൂര്‍വം മൃദു വളര്‍ത്തിയ ദുഃശീലമാണെന്നേ എല്ലാരും കരുതൂ. മാത്രമല്ല, സാമൂഹ്യവിരുദ്ധയായ മൃദുവിനോട് മൃദുസമീപനം എടുക്കുന്നതില്‍ എന്നോടും അമര്‍ഷമുണ്ട് അവര്‍ക്ക്.”
‘സുഗ്രീവന്‍ മാഷ് പിന്നെ അതീതനായതുകൊണ്ട് വലിയ കുഴപ്പമില്ല.”
“ഹെന്ത്, അതീതനും അനാഥനും ഒക്കെ ഒന്നാണ് മൃദൂ അങ്ങനെ ആലോചിച്ചാല്‍.”
“എന്നാലും എനിക്ക് ഒരു ഫോബിയ ആണെന്ന് വിചാരിക്കുന്നില്ലല്ലോ ആരും-കഷ്ടം. അഹമ്മതിയാണത്രേ!”
“അതിപ്പോള്‍ കേരളത്തിന്റെ കാര്യം നോക്കൂ. എന്തൊരു അഹങ്കാരമാണ് ഈ സംസ്ഥാനത്തിനുതന്നെ. ഒരു ചെറിയ പ്രളയം ഇവിടെ ഉണ്ടായതിന് എന്തായിരുന്നു പുകില്. വടക്കുകിഴക്കന്‍ പ്രവിശ്യകളിലും തെക്കുകിഴക്കന്‍ രാജ്യങ്ങളിലും ഇടയ്ക്കിടയ്ക്ക് ഉണ്ടാവുന്നതല്ലയോ ഇതെല്ലാം.
ഇവിടത്തുകാര്‍ പക്ഷേ, വാവിട്ട് നിലവിളിച്ച് ഘോഷിച്ചൂ... സകലരും ശ്രദ്ധിച്ചൂ.”
“അയ്യോ സുഗ്രീവന്‍ മാഷേ, എനിക്ക് അഹംഭാവം ഒന്നുമല്ല സത്യമായിട്ടും.”
“അറിയാം, ഒരു അയ്യോപാവം മാത്രമാണ് മൃദു. നമ്മള്‍ ഒരര്‍ത്ഥത്തില്‍ തുല്യദുഃഖിതരാണ് മൃദു. ക്രിക്കറ്റ് വര്‍ത്തമാനം വന്നു എന്നിരിക്കട്ടെ ഇപ്പോള്‍. അത് ഒട്ടും ഇഷ്ടമല്ലാത്ത എന്നെ പ്രകൃതിവിരുദ്ധന്‍ കൂടി ആയി മുദ്രകുത്തും ആളുകള്‍. ആകെ കുറച്ച് രാഷ്ട്രങ്ങള്‍ മാത്രം കളിക്കുന്ന ഒരു കളി. എന്നാല്‍, ഒരു വിനോദമായി നില്‍ക്കുമോ അത്? ഹാ, എങ്ങനെ! പണത്തിന്റെ ധൂര്‍ത്തും കൊള്ളക്കടത്തും-പോരാഞ്ഞിട്ട് കക്ഷിരാഷ്ട്രീയം, മതവികാരചൂഷണം, ദേശപക്ഷഭേദം, എന്തെല്ലാം അതിക്രമങ്ങളും അട്ടിമറികളുമാണ്.”
“അഭിപ്രായം പറയുമ്പോള്‍ ശബ്ദിച്ചപ്പോള്‍ മൃദു ഒരു അമ്പലവാസി കാവിനെപ്പോലെ തോന്നിച്ചു.” അയാള്‍ ചിരിച്ചുകൊണ്ട് തുടര്‍ന്നു: “ഹഹ, എനിക്ക് അങ്ങനെ ചൊല്ലി വിളിക്കാന്‍ തോന്നുന്നു മൃദുവിനെ-മൃദുലക്കാവേ കാവേ...”
മൃദു ഒപ്പം പുഞ്ചിരിച്ചു എന്നു വരുത്തി. ആര്‍ക്കും വലിയ അനുകമ്പയൊന്നും തോന്നാത്ത ചില അഭയാര്‍ത്ഥികളില്ലേ, അതേപ്പോലെയാണ് ഞങ്ങള്‍. ഞാനും ഈ മാഷും.
അതോ രക്തസാക്ഷികളും ആയേക്കുമോ?
അല്ലല്ല, ഇദ്ദേഹം രക്ഷപ്പെട്ടേയ്ക്കാം. കവിത ഒക്കെ എഴുതുന്ന ആളല്ലേ. എനിക്കെങ്ങനെ കിട്ടാനാണ് മാപ്പ്. ദിനംപ്രതി കൂടുതല്‍ പരിതാപകരം ആയിക്കൊണ്ടിരിക്കുകയാണ് എന്റെ അവസ്ഥ. ഇരുളടഞ്ഞ ഭാവി മാത്രമല്ല, ദാരുണാന്ത്യവും കാത്തിരിക്കുകയാണ് എന്നെ. എന്നാണാവോ ആ യേശുവിനെ ചെയ്തതുപോലെ എല്ലാവരും കൂടെ ക്രൂശിക്കുന്നത് എന്നെ.
ഹഹഹ, മൃദു ദയനീയമായി ചിരിച്ചു. എന്നിട്ട് വിശുദ്ധയായി പ്രഖ്യാപിക്കാമല്ലോ എന്നെ അവര്‍ക്ക്. ആവേ മൃദുല, ആമേന്‍!
*
“ഏട്ടാ, ആ കോഫീ ഹോം പരിസരത്ത് ഉണ്ടായിരുന്ന ജിപ്സീസ് ഇപ്പോഴും ഉണ്ടോ അവിടെ?”
സാന്ദര്‍ഭികമായി ചോദിച്ചതായിരുന്നു അവള്‍ അത്. എന്നാല്‍, യാദൃച്ഛികം, ആകസ്മികം എന്നെല്ലാം ആയാലും തെറ്റില്ല. ഒരുപക്ഷേ, അതൊക്കെയാവാം കൂടുതല്‍ ശരി.
എന്തായാലും വിഷയം നാടോടികളാണ്. അവരുടെ ഒരു പറ്റം തമ്പടിച്ചിരുന്നല്ലോ അവിടെ ഒരു ചുറ്റുവട്ടം നിറയെ. വളരെ താല്പര്യത്തോടെയാണ് അവള്‍ അവരെ നിരീക്ഷിച്ചിരുന്നത്. അവളുടെ അനുഭാവം അതില്‍ മുന്തിനിന്നിരുന്നു. എന്തുകൊണ്ടാണ് അവരെ അവസാനം രൊഹിങ്യാ എന്നു വിളിക്കാം എന്നു തീരുമാനിച്ചത് എന്നും അവള്‍ തന്നെ വ്യാഖ്യാനിച്ചല്ലോ ഒരിക്കല്‍.
“ജിപ്സീസ് ആണ് അവര്‍ എന്നു തോന്നി എനിക്ക് ആദ്യം. മുഷിഞ്ഞതെങ്കിലും നിറപ്പകിട്ടുള്ള വിചിത്രമായ ഉടയാടകള്‍ അണിഞ്ഞ്-ബലൂണ്‍ വിറ്റും ഒക്കെ ഉപജീവനം നടത്തുന്ന നാടോടികള്‍... എന്തായാലും അഭയാര്‍ത്ഥി എന്നു വേണ്ട. മോശം വാക്കാണ് അത് എന്നു വിചാരിച്ചിട്ടല്ല ഏട്ടാ-ചീത്തയല്ല, പക്ഷേ, വല്ലാത്ത സങ്കടമാവും എനിക്ക് അത് കോള്‍ക്കുമ്പോള്‍. കേട്ടാല്‍ മതി, ആ വാക്ക് കരച്ചില്‍ വരാന്‍. അപ്പോഴാണ് ഈ രൊഹിങ്യാ കിട്ടിയത്. റെഫ്യുജീസ് ആയ എല്ലാവരേയും ഇനി അതേ വിളിക്കൂ എന്ന് ഉറപ്പിച്ചു ഞങ്ങള്‍.
“ഞങ്ങള്‍?”
“ഞാനും മൃദുവും-പാവം, അവള്‍ വെജീ ആണ്. നല്ല കഷ്ടപ്പാടായിരുന്നു അന്നേ അവള്‍ക്ക്. എങ്ങനെ കഴിയാന്‍ പറ്റും അല്ലേ അത്തരക്കാര്‍ക്ക് ഇവിടെ?”
“അതെ, സവര്‍ണകുലസ്ത്രീ എന്നൊക്കെ അധിക്ഷേപിക്കുകയും ചെയ്യുമല്ലോ?”
“ആങ്, അതൊരു ആഹാരസമ്പ്രദായം മാത്രമല്ലേ, അതിനെ ചീത്തവിളിക്കാന്‍ പാടുമോ!”
“ഈ രൊഹിങ്യാ എന്നതില്‍-പൊലിറ്റിക്കല്‍ ഇസ്യൂ ഉണ്ടേ-സൂക്ഷിച്ചോളൂ. അസര്‍ബേജാന്‍, യുക്രേന്‍, പലെസ്റ്റിന്‍ എന്നിവയില്‍ നിങ്ങല്‍ക്ക് ആരോടാണ് കൂടുതല്‍ ചായ്‌വ് എന്ന് ഉറ്റു നോക്കിയിരിക്കുന്നവരാണ് ചുറ്റും എന്ന് കേട്ടിട്ടില്ലേ... തീര്‍പ്പ് കല്പിക്കാനല്ലേ ഏവര്‍ക്കും തിരക്ക്.”
“വേണമെങ്കില്‍ ഖുറൈശി എന്നാവാമായിരുന്നു. അത് പക്ഷേ, കേട്ടാല്‍ ഒരു തെമ്മാടിക്കൂട്ടം ആണെന്നു തോന്നും... ഏയ്, അര്‍ത്ഥം ചരിത്രം ശാസ്ത്രം ഒന്നും നോക്കിയിട്ടല്ലാട്ടോ ഞാന്‍-ഒരു വാക്ക് കേള്‍ക്കുമ്പോള്‍ ഉള്ള ഒരു റിങ് ഇല്ലേ?”
“അരാഷ്ട്രീയ കോമാളിയാണ് എന്ന് പറയിപ്പിക്കും നീ മിക്കവാറും.”
അവള്‍ അപ്പോള്‍ വെറുതേ ചിരിച്ചതേയുള്ളൂ. ശരിയാണ്, ഇവിടെനിന്ന് മാറി ദൂരെ വിദേശത്ത് വസിക്കുന്ന അവള്‍ക്ക് ബുദ്ധിമുട്ട് ഒന്നും വരാനില്ല. മാത്രമല്ല, ഇത്തരം വസ്തുതകളെക്കുറിച്ച് ഉച്ചത്തില്‍ അഭിപ്രായങ്ങള്‍ എഴുതുന്ന ശീലവുമില്ലല്ലോ അവള്‍ക്ക്.
ഉണ്ടെങ്കില്‍ അത് ചെറിയ ചില പൈങ്കിളിക്കഥകള്‍ പങ്കുവെയ്ക്കല്‍ മാത്രമാണ്.
“പാരീസ് നഗരത്തില്‍ ഉള്ളതുപോലെ തെണ്ടികളെ മറ്റെങ്ങും കാണാറില്ല എന്നു തോന്നുന്നു.... തെറി തെണ്ടിയല്ല ഇത് കേട്ടോ-പച്ചമലയാളം എന്നു മാത്രം-ട്രാംപ് എന്നാല്‍ എന്താണ്... അതേ മാതിരി ഹോംലെസ് എന്നും ഇല്ലേ ഒരു വലിയ വിഭാഗം... ഒരൂസം വഴിയരികില്‍ ഒരു സ്ട്രോളീ അടുത്ത് വെച്ചിട്ട് ഒരാള്‍ വീണുകിടക്കുന്നതു കണ്ടു ഞാന്‍. കുറച്ചേറെ വയസ്സായിട്ടുണ്ട് കാഴ്ചയില്‍. എന്നാലോ, അയാളുടെ കയ്യില്‍ ഒരു കുഞ്ഞിപ്പൂച്ചെണ്ട്. ആര്‍ക്കോ കൊടുക്കാന്‍ വേണ്ടി നീട്ടിപ്പിടിച്ചിരിക്കുന്നതുപോലെ... സത്യാണ്, ഞാന്‍ കെട്ടിച്ചമച്ചതൊന്നുമല്ല.”
“അതിനു ഞാന്‍ ചോദ്യം ചെയ്തോ!”
“ഇല്ലായിരിക്കാം... പക്ഷേ, മിക്കവരും വിശ്വസിക്കാന്‍ കൂട്ടാക്കില്ല. അതിശയോക്തി കലര്‍ത്തി മെനയുന്നതാണ് ഞാന്‍ എന്ന് വിമര്‍ശിക്കും.”
“എനിക്ക് അറിയുന്ന ഒരു സുഗ്രീവന്‍ ഉണ്ട്, അയാളേയും അതേ... അത് സാരമില്ല, വേറെ അനുഭവം ഉണ്ടെങ്കില്‍ വര്‍ണിക്കൂ, കേള്‍ക്കട്ടെ.”
“കൊല്‍ണ്‍, ബ്രസല്‍സ്, ആംസ്റ്റഡ് ഇവിടെയൊക്കെ കണ്ടിരുന്നു അലഞ്ഞുതിരിയുന്നവരെ. ഇതില്‍ എവിടെയാണ് എന്ന് ഓര്‍മയില്ല, ആയിരക്കണക്കിനു പ്രാവുകള്‍ പറന്നുകളിക്കുന്ന ഒരു ചത്വരം-ശരിയല്ലേ ആ വാക്ക്-ഉണ്ട്. എന്തു രസമായിരുന്നു അവിടെ ഇരിക്കാന്‍.”
“അവിടെയൊക്കെ യാചിക്കുന്നവര്‍ക്ക് പണം കൊടുക്കുന്നത് കുറ്റമാണ് എന്നു കേട്ടിട്ടുണ്ട്-ശരിയാണല്ലേ?”
“സംശയണ്ടോ. സഹായിച്ചാല്‍ നമുക്കാണ് ശിക്ഷ-അച്ചടിച്ചു വെച്ചിട്ടുണ്ട് അവിടെയൊക്കെ... ഇനി ഈ കഥ കേട്ടോളൂ: ഈ പ്രാവുകള്‍ ഉള്ള ചത്വരം-ശരിയാണല്ലോ അത്, അല്ലേ?-അവിടെ ഞാന്‍ ഇരുന്ന് രസിക്കുമ്പോള്‍ അതാ ഒരാള്‍ തൊട്ടുവിളിക്കുന്നു. എവിടെനിന്നോ വന്നുപെട്ട ആളാണ്-ഒരു റൊഹിംഗ്യാ. അയാളുടെ കയ്യില്‍ അരിയുണ്ട്-പ്രാവിന് വിതറിക്കൊടുക്കാനുള്ളത്. അത് വേണമെങ്കില്‍ എനിക്ക് തരാം എന്ന് അയാള്‍ ആംഗ്യം കാണിച്ചു. ഭയങ്കര വിലയാണ് ചോദിച്ചത് അതിന് അയാള്‍. അപ്പോള്‍ കൂടെയുള്ളവര്‍ വേണ്ട, പാടില്ല എന്നൊക്കെ വിലക്കിയെങ്കിലും ഞാന്‍ അതു വാങ്ങി.
അയാള്‍ കിട്ടിയ യൂറോ കൊണ്ട് ഓടി സ്ഥലം വിട്ടു.”
“അതു നന്നായി-അതായത്, തരക്കേടില്ല.”
“ഇല്ലല്ലോ-തരക്കേട് ഇല്ലല്ലോ അതില്‍?”
“ഇല്ലില്ല, എന്നിട്ടോ-എന്നിട്ടെന്തുണ്ടായി?”
“എന്തുണ്ടാവാനാണ് ഏട്ടാ. വല്ലാത്ത ഒരു അനുഭവമായിരുന്നു. പ്രാവുകള്‍ ഒക്കെ കൂടി പൊതിഞ്ഞു എന്നെ. കുറേ അരി ഞാന്‍ വീശിയെറിഞ്ഞു. അതൊക്കെക്കൂടി ചിറകടിച്ചു പറന്നിട്ടേയ്-പടപടപടപട-ചുറ്റും എന്റെ! പിന്നെ ഞാന്‍ കുറേ മണി എന്റെ ഉള്ളംകയ്യില്‍ പിടിച്ചപ്പോള്‍ പ്രാവ് കയറി വന്നിട്ട് കൊത്തിത്തിന്നു ഏട്ടാ എന്റെ കയ്യില്‍നിന്ന്. ഏതോ പ്രാവ്, ഏതാണെന്നൊന്നും അറിയില്ല, എല്ലാം ഒരേപ്പോലെയല്ലേ. ഇപ്പോഴുമുണ്ട് എന്റെ കയ്യില്‍-അതിന്റെ-കിരുകിരുപ്പ്...”
‘ദെന്താദ്-ഗദ്ഗദം ഒക്കെ... കരയണോ അതിനു-സന്തോഷള്ള കാര്യല്ലേ?”
“സംതോഷംന്നോ! അത്രയും സംതോഷം തോന്നിയ നിമിഷല്ല്യാ വേറെ എന്റെ ജീവിതത്തില്‍. ഇങ്ങനെ കൊത്തിക്കൊത്തിത്തിന്നുകൊണ്ടേയിരുന്നു ഏട്ടാ പ്രാവുകള്‍. ആ രൊഹിങ്യാ അപ്പോഴേയ്ക്കും പോയിരുന്നു. അല്ലേല്‍ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കുമായിരുന്നു ഞാന്‍ അയാള്‍ക്ക്.”
“അതു ശരിയാണ്-അയാള്‍ കാരണം ആണല്ലോ അതുണ്ടായത്.”
“ആങ്, അല്ലാതെ എവിടെനിന്നു കിട്ടാനാ എനിക്ക് അരി അപ്പോള്‍.”
“നന്നായി അതിനു നല്ല വില കൊടുത്തത്.”
“ആങ്, ചോദിക്കാന്‍ മറന്നു. എങ്ങനെയുണ്ട് ഏട്ടന്.”
“പതിവുപോലെ-പരാതിയില്ല, അത്രയേയുള്ളൂ.”
“എവിടെ ആണ് ഇപ്പോള്‍?”
“ഞാനോ... ഞാന്‍ ഒരു ഉരുള്‍പൊട്ടലില്‍ പെട്ടു.” ഞാന്‍ നിസ്സംഗനോ നിര്‍മമനോ നിര്‍വികരാനോ ഒക്കെ ആയി ഭാവിക്കാന്‍ ശ്രമിച്ചു. “പ്രാണന്‍ രക്ഷപ്പെട്ടു എന്നുണ്ട്. ഈയിടെ ഇവിടെയുമുണ്ടല്ലോ ഇഷ്ടംപോലെ പ്രകൃതിക്ഷോഭം. അത്യാവശ്യം തീക്ഷ്ണമായ അനുഭവം ഒക്കെ വെറുതേ ഇവിടെത്തന്നെ നിന്നാലും കിട്ടും എന്നായി-ആശുപത്രിയിലാണ് ഇപ്പോള്‍.”
“ഏട്ടാ-ദെന്താണിദ്, വല്ല നാടകോറ്റെ ആണോ?”
“ഏയ്, പരിഭ്രമിക്കാതിരിക്കൂ-സാരല്ല്യാന്നേ”, ഞാന്‍ വീണ്ടും ശാന്തനായി തുടര്‍ന്നു: “കാല്‍ രണ്ടും ഒടിഞ്ഞിട്ടുണ്ട്. ഏകദേശം മിഴുങ്ങസ്യാ എന്ന മൂവീ ഇല്ലേ- അതിലെ ആളെപ്പോലെയാണ് എന്റെ കിടപ്പ്. ശരിയാവും. ഒക്കെ ശരിയാവും എന്നാണല്ലോ ഇപ്പോള്‍ ഇവിടത്തെ പ്രധാന മുദ്രാവാക്യം-പിന്നെ, ആ കോഫീ ഹോം ഇല്ലേ, അത് ഒലിച്ചുപോയീട്ട്വോ പ്രളയത്തില്‍.
അത് അടര്‍ന്നുവീഴുന്നത് നാടകീയമായ ഒരു ദൃശ്യമായിട്ട് - വൈറല്‍ ആയിട്ടുണ്ട്. വൈകാതെ കാണും നീയും ആ റീല്‍.”
“കാലിന്... കാലിന് എന്തുപറ്റി ഏട്ടാ?”, അവള്‍ പെട്ടെന്ന് ഏങ്ങലടിച്ചു.
“ഏയ്, ഒന്നുമില്ല-മുറിച്ചുകളയേണ്ടിവരും മിക്കവാറും. പഴുപ്പ് അങ്ങോട്ട് മാറുന്നില്ല. പാറ വീണ് ചതഞ്ഞരഞ്ഞതാ... അത് സാരമില്ല. പക്ഷേ, മുട്ടില്‍ ഇഴയേണ്ടിവന്നാലും നമ്മളൊന്നും ആത്മഹത്യ ചെയില്ലല്ലോ. ഹഹ, അങ്ങനെ ഒരു ഗുണമുണ്ട്... സമ്മതിക്കുകയുമില്ലല്ലോ ഈ ലോകം. ത്വര, ആസക്തി, വാഞ്ഛ, അഭിനിവേശം ഒക്കെ നാള്‍ക്കുനാള്‍ കൂടുകയല്ലേ നമുക്ക്... അശിങ്കം!”
“എത്ര കൂള്‍ ആയിട്ടാണ് ഏട്ടന്‍ ഭയങ്കരമായ ഓരോ നുണ ഇങ്ങനെ...”
“എന്താണ് നടന്ന സംഭവം എന്നൊക്കെ കൊട്ടി ഘോഷിക്കേണ്ടിയിരുന്നു കഥ തുടങ്ങുന്നതിനു മുന്‍പ് എന്നാണോ... ഇതല്ലേ ഇപ്പോഴത്തെ സ്വാഭാവികം! പ്രതീക്ഷിച്ചതല്ലേ... കഷ്ടമാണ്... കഞ്ഞി, മരുന്ന്, ഒക്കെ കഷ്ടിയാണ്.”
“വേണ്ട ഏട്ടാ-തമാശയല്ല, ഒന്നു നിര്‍ത്ത്വോ എന്നെ കളിപ്പിക്കണത്.”
“പോടീ! എന്തു തമാശ. ഇതൊക്കെ കളവ് പറയാന്‍ ഞാനെന്താ കുമിന്താങ് ആണോ-പോടീ! നീ മിഴുങ്ങസ്യാരേ!”
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates