ടോം ജെ മങ്ങാട്ട് എഴുതിയ കഥ ‘ദേവീ ശ്രീദേവീ’

Illustration
ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക
Updated on

രാത്രി മൂടിപ്പുതച്ചു നിൽക്കുന്ന പുരയിടത്തിലൂടെ, ഇരുളിൽ ഒളിഞ്ഞും ഇത്തിരി കുനിഞ്ഞും താരു ആ വലിയ വീടിന്റെ പരിയമ്പുറത്തേയ്ക്ക് നടന്നു. നേരെ മുന്നിലൂടെ ചെന്ന് ഗേറ്റ് തുറന്നു പടിപ്പുരയിലൂടെ മുറ്റത്തേയ്ക്ക് കടന്നാലും ഒറ്റക്കുഞ്ഞും കാണില്ല. പക്ഷേ, കള്ളന്മാർ ഒരിടത്തും നേരെ ചെന്നു കയറിക്കൂടാ. ചെയ്യുന്ന കർമങ്ങൾപോലെ, അവരുടെ കാല്‍പ്പാടുകളും ഒളിഞ്ഞിരിക്കണമെന്നാണ് ശാസ്ത്രം.

തട്ടിൻപുറവും അതിനു മേലൊരു മച്ചുമൊക്കെയായി മൂന്നു നിലയിൽ വലിയ വീടാണ്. മൂന്നു പേരെ ആകെയുള്ളൂ. രാമേട്ടൻ, മാധവിയമ്മ, അവരെ നോക്കാൻ നിൽക്കുന്ന മൂധേവി. ഇന്നു തിറയാണല്ലോ; മൂന്നു പേരും പണ്ടേ കാവിലേയ്ക്ക് പോയിട്ടുണ്ടാവും. രാമേട്ടന്റെ പുരയിടം പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ പുഴവരെ നീണ്ടുപരന്നു കിടക്കുന്നതുകൊണ്ട് അടുത്തൊന്നും വീടുകളുമില്ല.

രാമേട്ടന്റേയും മാധവിയമ്മയുടേയും മൂത്ത മകൻ പ്രേമനൈരാശ്യം പൂണ്ടു നാടുവിട്ടു പോയതാണ്; ഒരു വിവരവുമില്ല. പിന്നെയുള്ളത് ഒരു മകളും മകനും. അവർ ബോംബെയിലോ ഡൽഹിയിലോ മറ്റോ ഉണ്ട്.

ഇങ്ങോട്ടുള്ള വരവൊക്കെ കണക്കാണ്. അതെന്തെങ്കിലുമായിക്കോട്ടെ, ഒരു കള്ളനെ ബാധിക്കുന്ന കാര്യങ്ങളല്ല. ബാധിക്കുന്ന ഒരു കാര്യമുണ്ട്. വീടിന്റെ മച്ചിൽ ഒരു കനകവിഗ്രഹമുണ്ടെന്നാണ് നാട്ടുവർത്തമാനം, കുലദേവതയാണ്. പക്ഷേ, നാട്ടിലാരും കണ്ടിട്ടില്ല. ആണ്ടിലൊരിക്കൽ തെക്കു നിന്നൊരു തിരുമേനി വന്ന് പൂജയും മറ്റും കഴിച്ചുപോകും. അതിന്റെ സന്തോഷത്തിൽ കനകദേവി വീടിനെ പൊന്നുപോലെ കാക്കും.

താരുവിന് ഈ പുരാവൃത്തത്തിൽ അത്ര വിശ്വാസം പോര. ഒന്നുകിൽ അങ്ങനെയൊരു ദേവി അവിടെയില്ല, അല്ലെങ്കിൽ പുള്ളിക്കാരി മര്യാദയ്ക്ക് പണിയെടുക്കുന്നില്ല. അതുകൊണ്ടാണ്, മക്കൾ മൂന്നുണ്ടായിട്ടും ഒന്നിനേയും ഉപകാരപ്പെടാതെ ഏതോ ഒരു പെണ്ണിന്റെ സംരക്ഷണയിൽ രാമേട്ടനും മാധവിയമ്മയ്ക്കും ഏറെക്കുറെ അനാഥരായി കഴിയേണ്ടിവരുന്നത്. സ്വർണദേവത മച്ചിൽ മടി പിടിച്ചിരിപ്പുണ്ടോ എന്നു തീർപ്പാക്കണം. ഉണ്ടെങ്കിൽ കൊണ്ടുപോരണം. അതിനാണ് ഈ രാത്രി താരു നീക്കിവെച്ചിരിക്കുന്നത്. വെറുതെയിരിക്കുന്ന പൊന്ന് എവിടെയിരുന്നാലെന്താ!

പരിയമ്പുറത്തിരിക്കുന്ന കോണി ചാരി കയറിയാൽ ചന്ത്രക്കാരൻ മാവിന്റെ പടർപ്പിലൂടെ മച്ചിന്റെ മുകളിലെത്താൻ മൂന്നു മിനിറ്റ് വേണ്ട. അതു ഭംഗിയായി കഴിഞ്ഞു. തിറയാട്ടത്തിന്റെ മേളം ഇപ്പോൾ നന്നായി കേൾക്കാം. കാവിൽ ചൂട്ടുവെളിച്ചങ്ങൾ ഉയർന്നും താണും കാളുന്നതു കാണാം.

മച്ചിലേക്ക് ഇറങ്ങാൻ പാകത്തിനൊരു ഇടം കണ്ടെത്തി കയർ താഴേയ്ക്കിറക്കി, ഓട് രണ്ടെണ്ണം എടുത്തു മാറ്റി, മൂന്നാമത്തേതിൽ കൈ വെച്ചപ്പോഴാണ് ഏതോ വണ്ടിയുടെ നീണ്ട വെളിച്ചം പതിയെ പടികടന്നു മുറ്റത്തേയ്ക്ക് പാറിയത്. പക്ഷേ, ഏതു തെണ്ടിയാണ് ഈ നേരത്ത് എഴുന്നള്ളുന്നത് എന്നാലോചിച്ച് ആശങ്കപ്പെടാനോ അദ്ഭുതപ്പെടാനോ അധികനേരം കിട്ടുന്നതിനു മുൻപ് വേറൊരു കാഴ്ച കണ്ടു. മച്ചിൽ ഒരു അനക്കം; ഒപ്പം, ഒരു കിലുക്കം. ഓടുകൾ മാറ്റിയ വിടവിൽ മുഖം ചേർത്ത് അകത്തേയ്ക്ക് നോക്കിയപ്പോൾ മച്ചിലെ ഇരുളിന്റെ കറുപ്പിൽ ഒരു ചുവന്ന ഉടയാടയുടെ ഉലച്ചിൽ! ശബ്ദമില്ലായ്മയും ശാന്തതയും ആ കാഴ്ചയിൽ സമം കലർന്നിരുന്നെങ്കിലും ആ അനക്കം ചെവി പൊളിക്കുന്ന മുഴക്കത്തോടെ ഇരുൾ പിളർത്തി വരുന്ന തീമിന്നലായി താരുവിന്റെ തലയിൽ തറഞ്ഞു.

“ഹെന്റെ ദേവീ!”

Illustration
ചിത്രീകരണംസചീന്ദ്രന്‍ കാറഡുക്ക

‘ശ്രീദേവീ’ എന്നാരും വിളിക്കാറില്ല. രാമേട്ടനപ്പൂപ്പനും മാധവിയമ്മമ്മയും അവരോട് അടുപ്പമുള്ളവരും ‘കുഞ്ഞേ’ എന്നാണ് വിളിക്കാറ്. തേങ്ങയും മാങ്ങയും ചക്കയും വാഴക്കുലയുമൊക്കെ തരപ്പെടുത്താൻ വേലിപൊളിച്ചു പുരയിടത്തിൽ കയറുന്നവർ ‘മൂധേവി’ എന്നും. അതുകൊണ്ട് ‘ശ്രീദേവീ, ശ്രീദേവീ’ എന്ന് ആവർത്തിച്ചു വിളിക്കുന്നതു കേട്ടപ്പോൾ സ്വപ്നത്തിലായിരിക്കുമെന്നാണ് ശ്രീദേവി വിചാരിച്ചത്. അതാരെന്നുള്ള കൗതുകത്തിൽ കിടക്കുമ്പോൾ വിളിയുടെയൊപ്പം കതകിൽ ഇടിയും കേട്ടു തുടങ്ങി.

വെളിച്ചം വീഴുന്നതേയുള്ളൂ. രാമേട്ടനപ്പൂപ്പനും മാധവിയമ്മമ്മയും ഉണർന്നിട്ടില്ല. പിടഞ്ഞെഴുന്നേറ്റു നടക്കുന്നതിനിടെ മുടി വാരിച്ചുറ്റി ഉടുപ്പ് നേരെയാക്കി കണ്ണുകളെ തടവിയുണർത്തി ശ്രീദേവി വാതിൽ തുറന്നപ്പോൾ പൂമുഖം നിറയെ മനുഷ്യർ, കുറേ പെട്ടികൾ! മുഖങ്ങളൊന്നും വ്യക്തമല്ല. മുറ്റത്തുനിന്ന് രണ്ടു കാറുകൾ മടങ്ങിപ്പോകുന്നുണ്ട്. ഇവരൊക്കെ ആരാണാവോ? ലൈറ്റ് ഇട്ടെങ്കിലും ഗുണമുണ്ടായില്ല, കറന്റില്ല.

“അങ്ങോട്ട് മാറി നിക്കെടീ അസത്തേ” എന്നു പറഞ്ഞ് ശ്രീദേവിയെ തള്ളി മാറ്റിക്കൊണ്ട് ഒരാൾ വാതിൽ കടന്നപ്പോൾ മനസ്സിലായി; ബോംബെയിൽനിന്ന് ജലജച്ചേച്ചി. പിന്നാലെ വരുന്നയാളുടെ മണം ശ്രീദേവിക്ക് മനഃപാഠമാണ്, അവൾ അറപ്പോടെ പുറകോട്ടു മാറി. എന്നിട്ടും അവളിലേയ്ക്ക് ശരീരമെത്തിക്കാൻ ശ്രമിച്ചാണ് വേണുസാർ പെട്ടി സഹിതം അകത്തേയ്ക്ക് കയറിയത്. വിഷ്ണുവിനെ കണ്ടില്ലല്ലോ; വന്നിട്ടില്ലെന്നു തോന്നുന്നു.

ഇന്ദ്രൻ ചേട്ടനും രാധച്ചേച്ചിയും വേറെ മൂന്നു സ്ത്രീകളും കുറേ പെട്ടികളും പിന്നാലെ കയറി. ഇന്ദ്രൻ ചേട്ടൻ പതിവുപോലെ പുഞ്ചിരിച്ച് അകത്തുകടന്നു. രാധച്ചേച്ചി പരിചയപ്പെടുത്തി: “ഡൽഹീലെ ഫ്രണ്ട്‌സാ.”

ശ്രീദേവി ഒരു പകപ്പോടെ അവരെ ചിരിച്ചുകാട്ടി; പകപ്പില്ലാതെ അവരും.

“നമ്മുടെ തിറ കാണാൻ വന്നതാ” -രാധച്ചേച്ചി പറഞ്ഞു.

“ഒന്നു വിളിച്ചു പറഞ്ഞിരുന്നേൽ ഞാൻ മുറിയൊക്കെ ശരിയാക്കി വെച്ചേനെ.”

“ഞാൻ വിളിച്ചിരുന്നല്ലോ! അച്ഛൻ പറഞ്ഞില്ലേ?” രാധച്ചേച്ചിക്ക് അദ്ഭുതമായി.

“ഇല്ല, ഒന്നും പറഞ്ഞില്ല!” ശ്രീദേവിക്ക് ചെറിയൊരു പന്തികേടു തോന്നി. എന്തൊക്കെയാണിവിടെ നടക്കുന്നത്?

“ആരാ, ആരാ” എന്നു ചോദിച്ചുകൊണ്ട് രാമേട്ടനപ്പൂപ്പൻ അപ്പോൾ അവിടേയ്ക്കു വന്നു. “ഞങ്ങളാ അച്ഛാ”എന്നു രാധച്ചേച്ചി പറഞ്ഞു. പിന്നെ, “ജലജയും വേണുവുമുണ്ട്” എന്നു കൂട്ടിച്ചേർത്തു.

“ഓ!” എന്നു ശബ്ദമുണ്ടാക്കി രാധച്ചേച്ചിയുടെ കൂട്ടുകാരികളെ മാത്രം ഒരു നിമിഷം നോക്കിയിട്ട് അപ്പൂപ്പൻ തിരികെ പോകാൻ നടന്നപ്പോൾ മാധവിയമ്മമ്മ വന്നു. പോയ പോക്കിൽ അമ്മമ്മയുടെ കൈ പിടിച്ചാണ് അപ്പൂപ്പൻ അകത്തേയ്ക്കു മറഞ്ഞത്.

ഇവർക്കൊക്കെ എന്തെടുത്തു കൊടുക്കും? ഉപ്പുമാവ് തട്ടിക്കൂട്ടി. ആരാധകർ തീരെയില്ലാതെ ഒരു പഴക്കുല അറയിലുണ്ട്. വിശന്നാണ് വന്നതെന്നു തോന്നുന്നു, എല്ലാവരും തൃപ്തിയായി കഴിച്ചു.

പ്രാതലിന്റെ പ്രശ്നം പരിഹരിച്ചതിൽ ആനന്ദിച്ച് പാത്രങ്ങൾ കഴുകുമ്പോഴാണ് ഊണുമുറിയിൽ നിന്നൊരു പ്രശ്നം മെല്ലെ ഉയർന്നുവരാൻ തുടങ്ങിയത്. ജലജച്ചേച്ചിയുടെ ശബ്ദമാണ് ഉച്ചത്തിൽ. ഇടയ്ക്കു മാത്രം ഇന്ദ്രൻ ചേട്ടൻ എന്തോ പറയുന്നുണ്ട്. അപ്പൂപ്പനും അമ്മമ്മയും ഏറെക്കുറെ നിശ്ശബ്ദരാണ്. ഒന്നെത്തിനോക്കാൻ ആലോചിക്കുമ്പോഴേക്കും രാധച്ചേച്ചിയും ഡൽഹിക്കൂട്ടുകാരികളും അടുക്കളയിലേയ്ക്കു വന്നു.

ശ്രീദേവിയുടെ മുഖത്തെ ചോദ്യചിഹ്നം കണ്ടതുകൊണ്ടാവണം രാധച്ചേച്ചി ചിരിയോടെ പറഞ്ഞു: “സ്ഥിരമുള്ളതു തന്നെ, ആങ്ങളയും പെങ്ങളും യുദ്ധം. നമുക്കതിലെന്തു കാര്യം?”

ശ്രീദേവി പുഞ്ചിരിച്ചു. “ഞങ്ങള് തൊടിയിലൊക്കെ ഒന്നു ചുറ്റിയിട്ടുവരാം” എന്നു പറഞ്ഞ് രാധച്ചേച്ചി കൂട്ടുകാരികളുമായി നീങ്ങി. രാധച്ചേച്ചി നല്ലതാണ്, കൂട്ടുകാരും അങ്ങനെയാണെന്നു തോന്നുന്നു.

അപ്പോൾ അമ്മമ്മയുടെ വിളി വന്നു: “കുഞ്ഞേ... കൊർച്ച് വെള്ളം.” വെള്ളവുമായി ചെന്നിട്ട് മടങ്ങുമ്പോൾ പിന്നിൽ ജലജച്ചേച്ചിയുടെ ശബ്ദം കേട്ടു: “ഒരു കുഞ്ഞ്! എന്റെ പാവം വേണൂനെപ്പോലും മയക്കാൻ നോക്കിയവളാ... മൂധേവി.” ശ്രീദേവിക്കു ചിരിയാണ് വന്നത്; പാവം വേണു എന്ന്!

പുറകേ ഇന്ദ്രൻ ചേട്ടന്റെ ശബ്ദം: “നിങ്ങളീ ബസ്റ്റാഡിനേം കെട്ടിപ്പിടിച്ച് ഇവിടിരുന്നോ...”

ആ പറച്ചിലിൽ ശ്രീദേവി ഒന്നു ഞെട്ടി. ജലജച്ചേച്ചിയുടെ വാക്കാണത്. ഇന്ദ്രൻ ചേട്ടൻ അതുപറയുമെന്ന് തീരെ കരുതിയില്ല. ശരിക്കും സങ്കടം വന്നു. നന്നായി ചിരിച്ചു കാണിക്കുന്നവരെല്ലാം നല്ല മനുഷ്യരല്ല; അങ്ങനെ നമുക്കു തോന്നുമെന്നേയുള്ളൂ. ശ്രീദേവി അതിവേഗം അടുക്കളയിലേയ്ക്കു നടന്നു.

കരയാനുള്ള പദ്ധതിയൊന്നുമില്ലായിരുന്നില്ലെങ്കിലും അതാണ് സംഭവിച്ചത്. അടുക്കളപ്പടിയിലിരുന്ന നിമിഷം ഉറക്കെ കരഞ്ഞുപോയി. ഭാഗ്യത്തിനു ശബ്ദം പുറത്തുവന്നില്ല. അല്ലെങ്കിൽ ആളുകൂടി നാണക്കേടായേനെ.

ഊണിന്റെ നേരത്ത് സമ്പൂർണ നിശ്ശബ്ദതയായിരുന്നു. അപ്പൂപ്പൻ ഇടയ്ക്കിടെ വെള്ളം കുടിക്കുന്ന ശബ്ദം മാത്രം ‘ഗ്ലം ഗ്ലം’ എന്നു കേട്ടു. എല്ലാവർക്കുമൊപ്പം ഊണുമേശയിലിരുന്നാണ് ശ്രീദേവി കഴിക്കുന്നത്. മാർട്ടിൻ മരിയ സിസ്റ്ററിന്റെ കൈ പിടിച്ച് ഈ വീട്ടിൽ വന്നുകയറിയ ദിവസം മുതൽ അതിനു മാറ്റമില്ല. ജലജച്ചേച്ചി നേരത്തെ കഴിച്ചു. ബസ്റ്റാഡിനൊപ്പം ഇരിക്കാൻ ചേച്ചിയെ കിട്ടില്ല. ജലജച്ചേച്ചിയുടെ മോനാണെങ്കിലും വിഷ്ണു അങ്ങനെയല്ല. അവൻ ശ്രീദേവിക്കടുത്തേ ഇരിക്കൂ.

പോകാൻ നേരം മാർട്ടിൻ മരിയ സിസ്റ്റർ ഒറ്റക്കാര്യമേ പറഞ്ഞുള്ളൂ: “ഞങ്ങടെ പട്ടിണിയിൽ കിടന്ന് വട്ടം കറങ്ങണ്ട കുട്ടിയല്ല നീ. ഇവരു നിന്നെ നോക്കിക്കോളും. സ്വന്തം അപ്പൂപ്പനേം അമ്മമ്മേംപോലെ നീ ഇവരേയും നോക്കണം. കണ്ണു നിറഞ്ഞ് ഒഴുകിക്കൊണ്ടേയിരിക്കുകയാണെങ്കിലും തലകുലുക്കി; അല്ലാതെ ഒരു പന്ത്രണ്ടുകാരി എന്തു ചെയ്യാനാണ്! സിസ്റ്ററിന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ശ്രീദേവിയുടെ മുഖം രണ്ടു കൈകളിലുമെടുത്ത് നെറ്റിയിൽ അമർത്തി ഉമ്മവെച്ചിട്ട് ചേർത്തുപിടിച്ച് സിസ്റ്റർ ഒരു നിമിഷം നിന്നു. പിന്നെ, ഒട്ടിനിൽക്കുന്ന ശ്രീദേവിയെ മെല്ലെ അടർത്തി അമ്മമ്മയുടെ കയ്യിലേക്ക് നൽകിയിട്ട് സിസ്റ്റർ പൊള്ളുന്ന വെയിലിലേയ്ക്കിറങ്ങി തിരിഞ്ഞുനോക്കാതെ നടന്നുപോയി. ചൂടാൻ മറന്ന കുട കയ്യിൽ മുറുക്കിപ്പിടിച്ചിട്ടുണ്ടായിരുന്നു. ഇന്നുവരെ മറവിയിലേയ്ക്കു പോകാത്ത കാഴ്ചയാണത്. മാർട്ടിൻ മരിയ സിസ്റ്ററിനെ പിന്നെ കണ്ടിട്ടില്ല. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഒരു ദിവസം അമ്മമ്മ പറഞ്ഞു, സിസ്റ്റർ മരിച്ചുപോയെന്ന്. അന്ന് കുറേ കരഞ്ഞു. അമ്മമ്മ ഒന്നും പറയാതെ മടിയിലേക്ക് ചായ്‌ച്ചിരുത്തി തലയിൽ വിരലോടിച്ചുകൊണ്ടിരുന്നു.

അപ്പൂപ്പനേം അമ്മമ്മേം സ്വന്തംപോലെ നോക്കി. അതിനിടയ്ക്ക് പഠിച്ചു. കോളേജിലേക്ക് രണ്ടു മണിക്കൂർ യാത്രയുണ്ടായിരുന്നു. ഹോസ്റ്റലിൽ നിർത്താമെന്ന് അപ്പൂപ്പൻ പറഞ്ഞപ്പോൾ അതാലോചിക്കുകയേ വേണ്ടെന്ന് അമ്മമ്മ തീർത്തു പറഞ്ഞു. അപ്പൂപ്പൻ ഒന്നും മിണ്ടിയില്ല, ചായ കുടിച്ചിട്ട് എണീറ്റുപോയി. പിന്നീട്, അപ്പൂപ്പൻ അമ്മമ്മയോട് പറയുന്നതു യാദൃച്ഛികമായി കേട്ടു, “മാധവീ, എത്ര പേർ ഹോസ്റ്റലിൽ നിൽക്കുന്നു. എല്ലാവരും ജലജയെപ്പോലെ ആകില്ലല്ലോ. കുഞ്ഞ് പൊയ്‌ക്കോട്ടെ.” ഒറ്റവാക്കിലായിരുന്നു മറുപടി, “വേണ്ട.” അത്ര കടുപ്പത്തിൽ അമ്മമ്മ അതിനു മുൻപും ശേഷവും ഒന്നും പറഞ്ഞുകേട്ടിട്ടില്ല. ജലജച്ചേച്ചി എന്തായിരിക്കും ആയത്? ഇപ്പോഴുമറിയില്ല.

ഊണുകഴിഞ്ഞ് അപ്പൂപ്പനും അമ്മമ്മയും മുറിയിലേയ്ക്കു പോയ നേരത്ത് കോളിങ്ങ് ബെൽ കേട്ടു ചെന്നപ്പോൾ വിഷ്ണു ചിരിച്ചുകൊണ്ട് നിൽക്കുന്നു! “കണ്ടില്ലല്ലോന്ന് ഞാൻ രാവിലെ ഓർത്തു” എന്നു ശ്രീദേവി പറഞ്ഞപ്പോൾ അവനൊരു ചിരി ചിരിച്ച്: “ഏച്ചീ, തീറ്റബിൾസ് വല്ലതുമുണ്ടോ” എന്നു ചോദിച്ച് അവളുടെ കൈ പിടിച്ച് അകത്തേയ്ക്കു കടന്നു. ജലജച്ചേച്ചിയെങ്ങാനും വന്നു കണ്ടാൽ ഒരു ബോംബ് ഇപ്പോൾ പൊട്ടും.

വിചാരിച്ചതേയുള്ളൂ, മുടിയൊക്കെ പിച്ചിപ്പറിച്ചിട്ട് അതാ വരുന്നു ജലജച്ചേച്ചി! പിന്നെ, ഒറ്റ അലർച്ചയായിരുന്നു, “വിടെടാ അവൾടെ കയ്യേന്ന്.”

അമ്മയെ ഒന്നു നോക്കിയിട്ട്, “വിട്ടു” എന്നു പറഞ്ഞുകൊണ്ട് വിഷ്ണു ശ്രീദേവിയുടെ കൈ താഴേക്കിട്ടു. ശ്രീദേവി തളർന്നു. വിഷ്ണു ഇന്നുവരെ ചെയ്യാത്തതാണിത്. ഭൂമിക്കടിയിലേയ്ക്ക് താണുപോയിരുന്നെങ്കിൽ എന്നാണ് ശ്രീദേവിക്കു തോന്നിയത്; ഒരേയൊരു നിമിഷത്തേയ്ക്കു മാത്രം. അപ്പോഴേയ്ക്കും വിഷ്ണു ചുമലിൽ കൈചുറ്റി അവളെ ചേർത്തുപിടിച്ചു. ശ്രീദേവി തളിർത്തു. എന്നാലും ഈ ചെക്കനിത് എന്തു ഭാവിച്ചാ!

ജലജ വീണ്ടും അലറാൻ തുടങ്ങിയപ്പോൾ “അമ്മ പൊക്കോ” എന്നു മാത്രം കനത്തിൽ പറഞ്ഞു. പിന്നെ, “ഏച്ചി വന്നേ” എന്നു പറഞ്ഞ് ശ്രീദേവിയെ ചേർത്തുപിടിച്ചുകൊണ്ടുതന്നെ അടുക്കളയിലേയ്ക്കു നടന്നു. ഈ പിടുത്തത്തിന് എന്തൊരു സുഖം!

അടുക്കളയുടെ സ്ലാബിൽ കയറിയിരുന്നു ദോശ കഴിക്കുന്ന നേരത്ത്, പതിവില്ലാതെ, വിഷ്ണു നിശ്ശബ്ദനായിരുന്നു. ശ്രീദേവി വെറുതെ അവനെ നോക്കിനിന്നു. ചെക്കനെന്തു പറ്റി?

ഇത്തിരി കഴിഞ്ഞാണവൻ ചോദിച്ചത്: “സത്യം പറ... ഏച്ചിക്ക് ഇവിടെ വല്ല ബോയ് ഫ്രണ്ട്‌സുമുണ്ടോ?”

“ഒന്നു പോ വിഷ്ണൂ!” നാണിച്ച ചിരി ശ്രീദേവിക്കു നിയന്ത്രിക്കാനായില്ല.

“പിന്നെന്താ കല്ല്യാണത്തിനു സമ്മതിക്കാത്തത്? അപ്പൂപ്പനും അമ്മമ്മേം എത്ര വട്ടം പറഞ്ഞു.”

“എനിക്ക് ഇങ്ങനെയാ ഇഷ്ടം.”

ദോശപ്പാത്രം താഴെ വെച്ചിട്ട് അവൻ പറഞ്ഞു: “അവർക്കു വല്ലതും പറ്റിയാൽ ഏച്ചി ഒറ്റയ്ക്കായിപ്പോകും.”

“ആരുമില്ലാത്തവർക്ക് ദൈവം തുണാന്നല്ലേ.”

“ഏച്ചിക്ക് ദൈവത്തിലൊക്കെ വിശ്വാസമുണ്ടോ?”

അനാഥാലയത്തിൽ എന്നും ദൈവത്തിന് അപേക്ഷ സമർപ്പിക്കുമായിരുന്നു, അന്നന്നു വേണ്ടുന്ന ആഹാരം ഇന്നു ഞങ്ങൾക്കു തരണേന്ന്. പക്ഷേ, അതത്ര എളുപ്പത്തിലൊന്നും കിട്ടിയിരുന്നില്ല. വളരെ കഷ്ടപ്പെട്ടാണ് സിസ്റ്റർമാർ അന്നന്നത്തേയ്ക്കുള്ള അന്നം അടുപ്പിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട്, ദൈവം എന്നൊരാൾ സത്യത്തിൽ ഉണ്ടോ എന്നറിയില്ല, ആലോചിക്കാറുമില്ല എന്നാണ് ശ്രീദേവിയുടെ ഉത്തരം. പക്ഷേ, പറഞ്ഞില്ല.

“ദൈവമൊന്നുമില്ല ഏച്ചീ. ഉണ്ടായിരുന്നെങ്കിൽ എന്റെ അമ്മയ്ക്ക് കുറച്ച് മനസ്സാക്ഷിയെങ്കിലും കൊടുത്ത് ഭൂമീലോട്ട് വിട്ടേനെ.” ശ്രീദേവിയുടെ കണ്ണുകളിലൊന്നു നോക്കിയിട്ട് അവൻ തുടർന്നു: “എനിക്കൊരു ജോലി കിട്ടട്ടെ, ഏച്ചിയെ ഞാൻ ഈ നരകത്തിൽനിന്നു കൊണ്ടുപോകും.”

ശ്രീദേവി ചിരിച്ചു. “ഇതു നരകമൊന്നുമല്ല, ഇവിടെ അപ്പൂപ്പനും അമ്മമ്മേമുണ്ടല്ലോ.”

വിഷ്ണു അപ്പുറത്തേയ്ക്ക് തലയെത്തിച്ചു നോക്കിയിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു: “ഇതു നരകമാക്കാനാണ് അമ്മ പെട്ടീം തൂക്കി വന്നിരിക്കുന്നത്. അപ്പൂപ്പനും അമ്മമ്മയും ഞങ്ങടെ കൂടെ മുംബൈക്കു പോരും.”

“അയ്യോ!” ശ്രീദേവി പറഞ്ഞത് ഉറക്കെയായിപ്പോയി.

“ശ്ശ്!” ശബ്ദമുണ്ടാക്കരുതെന്നു വിഷ്ണു കൈ കാണിച്ചു. “ഏച്ചിയെ അമ്മയുടെ ഒരു ഫ്രണ്ടിന്റെ വീട്ടിലേയ്ക്ക് വിടാനാണ് പരിപാടി, ബാംഗ്ലൂരിൽ. വീട്ടുജോലിക്കാരിയെ ഒപ്പിച്ചുകൊടുക്കുന്നേന് അമ്മ കമ്മീഷനും മേടിച്ചു.”

ശ്രീദേവി തരിച്ചുനിന്നു.

“അമ്മയ്ക്കൊരു പ്ലാനുണ്ട്. അതു നടന്നാൽ, അപ്പൂപ്പനേം അമ്മമ്മയേം ഇന്ദ്രമ്മാവനു കൈമാറും. അമ്മാവനും ഒരു പ്ലാനുണ്ട്. അതുകഴിഞ്ഞാൽ അമ്മാവൻ അവരെ ഏതെങ്കിലും ഏജ് കെയറിലാക്കും. ദ് എൻഡ്!”

ശ്രീദേവി പെട്ടെന്ന് മേശയുടെ വക്കിൽ മുറുക്കെപ്പിടിച്ചു, അല്ലെങ്കിൽ തല കറങ്ങി മറിഞ്ഞുവീഴും. വിഷ്ണുവിനത് മനസ്സിലായെന്നു തോന്നുന്നു. അവൻ ചാടിയെഴുന്നേറ്റു പിടിച്ച് ഒരു സ്റ്റൂളിലിരുത്തി. അവൻ നീട്ടിയ വെള്ളം വേണ്ടെന്നു പറഞ്ഞു; ദാഹമല്ല, ഒരു മരവിപ്പാണ്. നേരം പുലർന്നതു മുതൽ എന്തൊക്കെയാണിവിടെ നടക്കുന്നത്!

“എന്തിനാ ഏജ് കെയറിലാക്കുന്നത്? ഞാൻ നോക്കില്ലേ?” ശ്രീദേവി ചോദിച്ചു.

“നോക്കും, പക്ഷേ, അതവർക്കിഷ്ടമല്ല. അമ്മേം അമ്മാവനും ഏച്ചിയെ ഒരു ഭീഷണിയായിട്ടാ കാണുന്നത്?”

“അയ്യോ! ഞാനെന്തു ചെയ്യുമെന്നാണ്?”

വിഷ്ണു മറുപടി പറഞ്ഞില്ല. അവൻ ഒരു സ്റ്റൂൾ വലിച്ചിട്ട് അവൾക്കരികിൽ ഇരുന്നു. “അവരുടെ പ്ലാനൊന്നും നടക്കാതിരിക്കാൻ എന്റെ കയ്യിൽ വേറൊരു പ്ലാനുണ്ട്.”

ശ്രീദേവി വിഷ്ണുവിനെ നോക്കി ഇരുന്നു. വിഷ്ണു അവളെ എഴുന്നേല്‍പ്പിച്ച് മുറ്റത്തേയ്ക്കിറങ്ങി.

“ഇവിടെ മച്ചിലൊരു സ്വർണദേവി ഇരിപ്പില്ലേ? അപ്പൂപ്പനേം അമ്മമ്മേം ഇവിടുന്നു മാറ്റിയിട്ട് ആ വിഗ്രഹം അടിച്ചുമാറ്റലാണ് അമ്മയുടെ പരിപാടി. അതിനുമുൻപ് നമ്മളതു മാറ്റണം. അതവിടെ ഇല്ലെന്നുള്ള കാര്യം അമ്മയെ അറിയിക്കുകയും വേണം. ആ സെക്കൻഡിൽ അമ്മ ഇന്ദ്രമ്മാവനോടു യുദ്ധം പ്രഖ്യാപിക്കും. പൊരിഞ്ഞ പോരാട്ടം നടത്തി രണ്ടും രണ്ടുവഴി പൊക്കോളും. നിങ്ങൾക്കിവിടെ സമാധാനമായിട്ട് കഴിയാം.”

ശ്രീദേവി വാ തുറക്കാനാവാതെ സ്തംഭിച്ചുനിൽപ്പാണ്.

അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് വിഷ്ണു ശബ്ദം വീണ്ടും താഴ്ത്തി പറഞ്ഞു: “ഇന്നു രാത്രി അതവിടുന്ന് എടുക്കണം.”

ശ്രീദേവി വിഷ്ണുവിന്റെ കയ്യിൽ ഇറുക്കിപ്പിടിച്ചു, ഒന്നും പറഞ്ഞില്ല. ദേവിയെ എടുത്തുമാറ്റുക എന്നൊക്കെ പറഞ്ഞാൽ... അങ്ങനെയൊക്കെ ചെയ്യാൻ പാടുണ്ടോ? കൈ പിടിച്ചുകൊണ്ടുതന്നെ വിഷ്ണു ഇത്തിരി നടന്നു.

“അപ്പൂപ്പനും അമ്മമ്മയ്ക്കും വേണ്ടിയാണെന്നോർത്താൽ മതി. അല്ലെങ്കിൽ അവരുടെ സ്ഥിതി കഷ്ടാകും” -വിഷ്ണു പറഞ്ഞു.

അങ്ങനെയാണ് ശ്രീദേവി മച്ചിലെത്തിയത്. വലിയ പ്രയാസമൊന്നുമുണ്ടായില്ല. പണികളൊക്കെ ഒതുക്കിയപ്പോഴേക്കും ഇരുട്ടിയിരുന്നു. ഇന്ദ്രൻ ചേട്ടനും രാധച്ചേച്ചിയും തോഴിമാരും പോയിക്കഴിഞ്ഞു. തോഴിമാരുള്ളതുകൊണ്ട്, വേണുസാറും അക്കൂട്ടത്തിൽ പോയെന്നു തോന്നുന്നു. അപ്പൂപ്പനും അമ്മമ്മയും ജലജച്ചേച്ചിയും ഒരുങ്ങിനിൽക്കുന്നുണ്ട്. “അയ്യോ, കുഞ്ഞ് ഒരുങ്ങീല്ലേ!” എന്നാകുലപ്പെട്ട് അമ്മമ്മ ചിന്താവിഷ്ടയായപ്പോൾ ജലജച്ചേച്ചി ചാടിവീണു. “ഈ ജന്തൂനെ നോക്കി നിക്കണോര് നിന്നോ. ഞാൻ പോക്വാണ്.”

“നിങ്ങള് നടന്നോ. ഞാൻ ഏച്ചിയേം കൊണ്ട് വന്നോളാം” -വിഷ്ണു പരിഹാരമുണ്ടാക്കി.

“വൈകല്ലേ മോനേ; ഭഗവതിത്തിറയാ” -അമ്മമ്മ ഓർമിപ്പിച്ചു.

“ഒരു ഏച്ചി” എന്നു പിറുപിറുത്ത് ജലജച്ചേച്ചി നടന്നു. ശേഷമുള്ളവർ പിന്നാലേയും. “അതെ, ഏച്ചി” എന്നു കുറച്ചുറക്കെത്തന്നെ പറഞ്ഞിട്ട് വിഷ്ണു അകത്തേയ്ക്കു നടന്നു, ശ്രീദേവി പിന്നാലേയും. വിഷ്ണു സ്വന്തം അനുജനാണെന്നു തോന്നാറുണ്ട്. ആ തോന്നലൊരു തെറ്റാണോ എന്നും തോന്നാറുണ്ട്. പിന്നെ രണ്ടു തോന്നലുകളും പാടെ തൂത്തുകളയാറുമുണ്ട്. ഉള്ള ദുഃഖങ്ങൾ തന്നെ വേണ്ടുവോളം; പുതിയതെടുക്കുന്നില്ല.

വിഗ്രഹം എങ്ങനെ എടുക്കണം, എടുത്തിട്ട് എവിടെ വയ്ക്കണം, ജലജച്ചേച്ചിയെ എങ്ങനെ അറിയിക്കണം, എവിടെയെങ്കിലും പാളിയാൽ എന്തു ചെയ്യണം, എല്ലാത്തിനും വിഷ്ണുവിനു കൃത്യമായ പദ്ധതിയുണ്ട്. ചെക്കനൊരു കൊള്ളക്കാരനായിപ്പോകുമോ എന്നുപോലും ശ്രീദേവിക്കു ഭയം തോന്നിച്ചത്ര കൃത്യത. ഒടുവിൽ, വിഷ്ണു കൊടുത്ത ഇയർ പീസ് വെച്ച് ശ്രീദേവി ഫോണുമായി മുകളിലേക്കും വിഷ്ണു മുറ്റത്തേക്കും നടന്നു.

മച്ചിന്റെ വാതിൽ തുറന്ന് എമർജെൻസി ലാംപിന്റെ വെളിച്ചത്തിൽ അകത്തേയ്ക്ക് കാലെടുത്തു വെച്ച നിമിഷം വിഷ്ണുവിന്റെ കോൾ വന്നു: “ഏച്ചീ, കുഴപ്പമായി. രാധമ്മായിയും കൂട്ടുകാരികളും തിരിച്ചുവന്നിട്ടുണ്ട്, ഒരാൾക്കു വയറു പ്രശ്നമായെന്ന്.”

ശ്ശെ! എന്തു ചെയ്യണമെന്ന് ശ്രീദേവി ഒരു നിമിഷം ആലോചിച്ചു.

“ഏച്ചി അവിടെത്തന്നെ നിൽക്ക്... മച്ചിൽ നിന്നിറങ്ങുന്നത് രാധമ്മായിയുടെ കണ്ണിൽപ്പെട്ടാൽ ആകെ കുഴയും.”

“ഫോൺ വയ്ക്കല്ലേ. എനിക്കവിടെ നടക്കുന്നത് കേൾക്കാമല്ലോ” -ശ്രീദേവി തിടുക്കത്തിൽ പറഞ്ഞു.

മറുപടിയൊന്നും വന്നില്ല. തൊട്ടുപുറകേ രാധച്ചേച്ചിയുടെ ചോദ്യം കേട്ടു: “ശ്രീദേവി എവിടെ?” വിഷ്ണുവിന്റെ ശബ്ദം: “കാവിലേക്ക് പോന്നല്ലോ. കണ്ടില്ലേ?”

നുണ ചെക്കന്റെ നാവിൻതുമ്പിലാണല്ലോ! ഇവൻ കുഴപ്പക്കാരനാണോ? ചെറിയൊരു പേടി തോന്നി. നാരങ്ങ തിരയുന്നതിന്റേയും വെള്ളം തിളപ്പിക്കുന്നതിന്റേയും ശബ്ദങ്ങൾ കേൾക്കാം, ചില്ലറ സംഭാഷണങ്ങളും.

Illustration
ചിത്രീകരണംസചീന്ദ്രന്‍ കാറഡുക്ക

“അമ്മായി വേണങ്കിൽ കാവിലേക്കു പൊയ്‌ക്കോ, ലെമൺ ടീ ഞാനെടുത്തു കൊടുക്കാം.”

“ഇതു വല്യ പണിയൊന്നുമല്ലല്ലോ. മോൻ കാവിലേക്കു പൊയ്‌ക്കോ.”

“എന്റെ അമ്മായീ, എനിക്കിതിലൊന്നും വിശ്വാസമില്ല.”

“വിഷ്ണൂ... വേണ്ടാത്തതു പറയല്ലേ. വെറുതെ ഭഗവതീടെ അനിഷ്ടം പിടിച്ചുവാങ്ങണ്ട.”

“അപ്പോൾ അമ്മായിക്ക് ഭഗവതീടെ അനിഷ്ടം കിട്ടില്ലേ?”

“ഞങ്ങളു വരുമല്ലോ. മോൻ നടന്നോ.”

മ് മ്... മോൻ ഇപ്പോ നടന്നതു തന്നെ! ശ്രീദേവിക്കു ചിരി വന്നു.

ലാംപിന്റെ വെളിച്ചത്തിൽ ദേവിയെ കണ്ടുപിടിച്ചു. തൂക്കിയിട്ടിരിക്കുന്ന ചുവന്ന പട്ടുചേലകൾക്കിടയിൽ കുങ്കുമം നിറച്ച ഉരുളിക്കു നടുവിൽ ചിരിച്ചു തിളങ്ങിയിരിക്കുന്നു. മുന്നിലെ നീണ്ട പീഠത്തിൽ മണികെട്ടിയ പള്ളിവാൾ. കുങ്കുമച്ചുവപ്പിനൊരു ഇളക്കം കണ്ടപ്പോഴാണ് ശ്രദ്ധിച്ചത്, ഉരുളിയിൽ വെള്ളം നിറഞ്ഞിട്ടുണ്ട്. മഴവെള്ളം ചോർന്നതാവും. കുങ്കുമം കടുംചോരയായിരിക്കുന്നു!

പെട്ടെന്ന്, ഒരു സംശയം... മച്ചിലേക്കുള്ള മരപ്പടികളിൽ ആരോ കയറുന്നുണ്ടോ? അല്ല, സംശയമല്ല, പൂച്ചപ്പാദങ്ങളെപ്പോലെ പതുങ്ങാൻ ശ്രമിച്ചുകൊണ്ട് രണ്ടു ചുവടുകൾ മെല്ലെ മേലേക്കു കയറുന്നുണ്ട്. എന്റമ്മോ! ആരായിരിക്കും?

അപ്പോൾ ഫോണിൽ വിഷ്ണുവിന്റെ ശബ്ദം: “ഒരു കാറ് വരുന്നു!”

അപ്പോൾ താഴെ നിന്ന്: “ഇറങ്ങെടീ... ഇറങ്ങെടീ... ആരോ വന്നു” എന്നൊരു അടക്കിപ്പറച്ചിൽ കേട്ടു. പെട്ടെന്ന്, ആ രണ്ട് ചുവടുകൾ ‘പടപടാ’ന്ന് ശബ്ദമുണ്ടാക്കി മരപ്പടികളിറങ്ങിപ്പോയി.

“അച്ഛനിതെവിടുന്നു വരികാ? ഇതൊക്കെ ആരാ?” എന്നു വിസ്മയത്തോടെ വിഷ്ണു ചോദിക്കുന്നത് അപ്പോൾ ശ്രീദേവി ഫോണിൽ കേട്ടു.

“അങ്ങോട്ടു മാറി നിക്കെടാ” എന്ന് വേണുസാറ് ഉറക്കെ പറയുന്നതും തൊട്ടുപിന്നാലെ എന്തോ മറിഞ്ഞുവീഴുന്ന ശബ്ദവും ആരൊക്കെയോ ഓടുന്നതും കേൾക്കാം. ശ്രീദേവി മച്ചിന്റെ വാതിൽ ചെറുതായി തുറന്നു, വിടവിലൂടെ താഴേക്കു നോക്കി. ആരെയും കാണുന്നില്ല. പൂച്ചപ്പാദങ്ങളൊക്കെ എവിടെപ്പോയി? ഇറങ്ങി ഓടിയോ!

പെട്ടെന്ന് മുറിയുടെ വാതിൽ തുറക്കപ്പെട്ടു. “മച്ചിലാണ് സാധനം, ആ കോണിപ്പടി കയറിക്കോ.” എന്ന് ആരോ പറയുന്നു. വേണുസാറിന്റെ ശബ്ദമല്ലേ? രണ്ടു പേർ കോണിപ്പടിക്കരികിലേയ്ക്ക് നടന്നുവരുന്നുണ്ട്. പിന്നെ അവിടെ കണ്ടത് ശ്രീദേവിക്ക് മനസ്സിലാകാൻ തന്നെ കുറെ സമയമെടുത്തു. രാധച്ചേച്ചിയുടെ കൂട്ടുകാരികളിൽ രണ്ടുപേർ എവിടുന്നോ ഇരമ്പിവന്ന്, കോണിപ്പടിക്കടുത്തേക്കു നടക്കുന്നവരെ ചാടിത്തൊഴിക്കുന്നു! എന്റമ്മോ! തൊഴി കൊണ്ട രണ്ടു പേരും നിന്ന നിൽപ്പിൽ മറിഞ്ഞു താഴെ വീണു.

അപ്പോൾ വേണുസാറും വേറൊരാളും കൂടി പാഞ്ഞെത്തി. വീണു കിടന്നവർ എഴുന്നേൽക്കുകയും ചെയ്തു. നാലു പേരും എന്തിനും തയ്യാറായി നിൽക്കുകയാണ്. അവർക്കെതിരെ രാധച്ചേച്ചിയുടെ മൂന്നു കൂട്ടുകാരികൾ നിരന്നു. പിന്നെ പൊരിഞ്ഞ അടിയായിരുന്നു. വേണുസാറിന്റെ കൂട്ടുകാർക്ക് തടിമിടുക്കുണ്ടെന്നേയുള്ളൂ, പെൺപടയുടെ പറന്നുനടന്നുള്ള പ്രയോഗങ്ങൾക്കു മുന്നിൽ പിടിച്ചു നിൽക്കാൻ അവർക്കു പറ്റുന്നില്ല.

“ഏച്ചീ, ഇവിടെ നടക്കുന്നതു കാണുന്നുണ്ടോ?” ഫോണിൽ വിഷ്ണുവിന്റെ പരിഭ്രാന്തമായ ശബ്ദം കേട്ടു.

“ഉണ്ടുണ്ട്. പക്ഷേ, ഒന്നും പിടികിട്ടുന്നില്ല.”

“പിടികിട്ടാനൊന്നുമില്ല. രാധമ്മായിയുടെ കൂടെയുള്ളത് മൂന്നു പെൺ ഗൂണ്ടകളും അച്ഛന്റെ കൂടെ മൂന്ന് ആൺ ഗൂണ്ടകളും. രണ്ടു കൂട്ടർക്കും വേണ്ടത് ദേവിയുടെ വിഗ്രഹം തന്നെയായിരിക്കും.”

ഓ! ശ്രീദേവിക്ക് കുറച്ച് അദ്ഭുതം തോന്നി.

“ഏച്ചി ഇനിയവിടെ നിന്നാൽ കുഴപ്പമാണ്. ഞാൻ മെയിൻ സ്വിച്ച് ഓഫ് ചെയ്യാം. ഇരുട്ടത്ത് മച്ചിൽ നിന്നിറങ്ങി രക്ഷപ്പെടണം. വിഗ്രഹം ആരേലും എടുത്തോട്ടെ. അത് ആരെടുത്താലും നമ്മുടെ പ്രശ്നം തീരും.”

ദൂരെ ചെണ്ടയിലെ പെരുക്കങ്ങൾ ഉയർന്നുയർന്നുവരുന്നുണ്ട്, ഭഗവതി ഇറങ്ങുകയാണ്.

ശ്രീദേവി ഒരു നിമിഷം ആലോചിച്ചു, ഈ കളി ഇങ്ങനെയാണോ അവസാനിക്കേണ്ടത്? അല്ല, ഇങ്ങനെയല്ല.

ശ്രീദേവി ഫോണിൽ പറഞ്ഞു: “വിഷ്ണൂ, ഞാൻ പറഞ്ഞിട്ടേ മെയിന്‍ ഓഫ് ചെയ്യാവൂ.”

“ഓക്കെ. ഏച്ചീ, സൂക്ഷിക്കണം, ഒറ്റക്കുഞ്ഞിന്റേം കണ്ണിൽ പെടരുത്.”

ശ്രീദേവി ഒന്നു മൂളിയതേയുള്ളൂ. പിന്നെ, മച്ചിൽ തൂക്കിയിട്ടിരുന്ന ചുവന്ന പട്ടുചേല വലിച്ചെടുത്ത് അതിൽ സ്വയം ചുറ്റി. മുടി അഴിച്ച് വിടർത്തിയിട്ടു. കനത്ത പ്രകാശരേഖ പട്ടിനെ പൊതിയുന്നതുപോലെ എമർജൻസി ലൈറ്റ് വെച്ചു. പിന്നെ, ഉരുളിയിലെ കുങ്കുമച്ചാറ് വാതിലിനരികിലേക്ക് കമഴ്ത്തി. ഇനി അതൊരു ചോരച്ചാലുപോലെ മരപ്പടികളിലൂടെ താഴെ പോരടിക്കുന്നവരിലേയ്ക്ക് ഒഴുകിയിറങ്ങും.

വാളെടുത്ത് ഉയർത്തി കയ്യിൽ പിടിച്ച് ശ്രീദേവി താഴത്തെ ശബ്ദങ്ങളിലേക്ക് കാതു നീട്ടി നിന്നു. പെട്ടെന്ന്: “അയ്യോ... ചോര” എന്നൊരു അലർച്ച കേട്ടു. ആ നിമിഷം അടിപിടി നിന്നു. പുറകേ, “മച്ചിൽ നിന്നാണല്ലോ!” എന്നും കേട്ടു. “കേറി നോക്കെടാ’ എന്നൊരു ഉത്തരവ് അതിനു പിന്നാലെ. ജലജച്ചേച്ചിയുടെ ശബ്ദമല്ലേ? മരപ്പടികളിൽ ആരൊക്കെയോ ഓടിക്കയറുന്ന ശബ്ദം കേൾക്കാം, ആരൊക്കെയോ വീഴുന്നതും.

സമയമായിരിക്കുന്നു. പത്തുവരെ എണ്ണിയിട്ട് മെയിൻ സ്വിച്ച് ഓഫ് ചെയ്യാൻ വിഷ്ണുവിനോടു പറഞ്ഞിട്ട് എമർജൻസി ലൈറ്റ് തെളിയിച്ചു.

കതകിലാരോ കൈ വെച്ചിട്ടുണ്ട്. അതു തുറക്കാൻ പോവുകയാണ്. ആ നേരത്താണ് എല്ലാ കണക്കുകൂട്ടലും തെറ്റിക്കുന്ന ആ സംഭവമുണ്ടായത്. “അയ്യോ” എന്നൊരു അലർച്ചയോടെ ഒരാൾ ശ്രീദേവിയുടെ കാൽച്ചുവട്ടിൽ വന്നു പതിച്ചു. ദേവീ! ഈ കുരിപ്പിതെവിടുന്നു വന്നു?

പെട്ടെന്ന് മനസ്സാന്നിധ്യം വീണ്ടെടുത്ത ശ്രീദേവി ഒരു കാലെടുത്ത് അയാളുടെ നെഞ്ചത്തു ചവിട്ടിപ്പിടിച്ചു. അയാൾ കൈ കൂപ്പി “അമ്മേ, രക്ഷിക്കണേ!” എന്നലറിക്കരഞ്ഞു. ആ നേരത്ത്, മച്ചിന്റെ വാതിൽ തുറക്കപ്പെട്ടു. രാധച്ചേച്ചിയുടെ തല അകത്തേക്ക് ഉയർന്നുവന്നു. വിഷ്ണു മെയിൻ സ്വിച്ച് ഓഫ് ചെയ്തത് കൃത്യസമയത്തായിരുന്നു.

പട്ടു ചുറ്റിയ ശ്രീദേവി എമർജൻസി ലാംപിന്റെ നേർവെളിച്ചത്തിൽ ചോരച്ചുവപ്പായി തിളങ്ങി തലയെടുപ്പോടെ നിവർന്ന് നെഞ്ചു വിടർത്തി മുടിയിളക്കി പള്ളിവാൾ വിറപ്പിച്ച് രൗദ്രം മുഖത്തെഴുതി നിന്നു. കാലിന്റെ ചുവട്ടിൽ കിടക്കുന്നവൻ “അമ്മേ... ഭഗവതീ...” എന്ന് അലമുറയിടുന്നുണ്ട്.

ജലജച്ചേച്ചി കൈകൾ കൂപ്പി “അമ്മേ, ദേവീ” എന്നലറിവിളിച്ചതും താഴേയ്ക്കു മറിഞ്ഞതും ഒന്നിച്ചായിരുന്നു. ഇരുട്ടത്ത് ആരൊക്കെയോ ഓടുന്നതും തട്ടിമറിഞ്ഞുവീഴുന്നതും കേൾക്കാം. ശ്രീദേവി മച്ചിന്റെ വാതിൽ വലിയ ശബ്ദത്തോടെ വലിച്ചടച്ചു.

ഇനി ഈ ജന്തുവിനെ കൈകാര്യം ചെയ്യണം. കാൽക്കീഴിൽ കിടക്കുന്നവന്റെ കഴുത്തിൽ ശ്രീദേവി വാൾ അമർത്തി.

“ആരെടാ നീ?”

അയാൾ വാ തുറക്കാൻ ധൈര്യമില്ലാതെ കൈ കൂപ്പി കിടന്നു വിറയ്ക്കുകയാണ്. കഴുത്തിലിരിക്കുന്ന വാൾ ശ്രീദേവി ഒന്നിളക്കി. അവൻ “അമ്മേ!” എന്നുറക്കെ നിലവിളിച്ചു.

“പറ, എന്തിനാ വന്നത്?”

“കക്കാൻ വന്നതാ.”

“എന്തു കക്കാൻ?”

“ദേവിയെ.”

ശ്രീദേവി അട്ടഹസിച്ചു. താഴെനിന്ന് അപ്പോൾ കൂട്ടക്കരച്ചിൽ കേട്ടു. “എന്നെ ഒന്നും ചെയ്യല്ലേ” എന്നു പറഞ്ഞ് കള്ളനും ആ കരച്ചിലിന്റെ സിംഫണിയിൽ പങ്കുചേർന്നു. കാവിൽ തിറയുടെ മേളം തകർക്കുന്നുണ്ട്.

“എഴുന്നേൽക്കെടാ.”

കള്ളൻ നടു തിരുമ്മി മെല്ലെ എഴുന്നേറ്റു.

“വേഗം സ്ഥലം വിട്, വന്ന വഴീൽക്കൂടിത്തന്നെ.”

കള്ളൻ വളഞ്ഞുനിന്ന് തൊഴുതു.

“നാളെ മുതൽ കക്കരുത്. പണിയെടുത്ത് ജീവിച്ചോണം.”

“എല്ലാം ദേവീടെ ഇഷ്ടം.”

കള്ളൻ പിന്നെയും വളഞ്ഞു തൊഴുതിട്ട് തൂങ്ങിക്കിടക്കുന്ന കയറിൽ പിടിച്ച് മുകളിലേയ്ക്ക് കയറിപ്പോയി. വാൾ ശ്രീദേവി പീഠത്തിൽ തിരികെ വെച്ചു. പട്ടുചേല ഉരിഞ്ഞ് പഴയതുപോലെ തൂക്കിയിട്ടു. പിന്നെ, സ്വർണവിഗ്രഹമെടുത്ത് സാരിയുടെ മടക്കുകളിൽ ഭദ്രമായി മറച്ചു.

വാതിൽ മെല്ലെ തുറന്നു നോക്കി, ആരുമില്ല. കുങ്കുമച്ചാറ് കാലിൽ പുരളാതെ സൂക്ഷിച്ച് ശ്രീദേവി പടിയിറങ്ങി.

താഴെ ഇറങ്ങിച്ചെല്ലുമ്പോൾ വിഷ്ണു അന്തംവിട്ടു നിൽപ്പുണ്ട്.

“ഏച്ചീ, അച്ഛനും അമ്മയും സകലരും ഓടി! എന്തൊക്കെയാ ഇവിടെ നടന്നത്?”

ശ്രീദേവി പുഞ്ചിരിയോടെ മെയിൻ സ്വിച്ച് ഓണാക്കി. മടങ്ങിയെത്തിയ വെളിച്ചത്തിൽ, കനകച്ചിരി ചിരിക്കുന്ന ദേവിയെ വിഷ്ണുവിനു കാട്ടിക്കൊടുത്തിട്ട് പറഞ്ഞു: “നമ്മുടെ പ്രശ്നം തീർന്നു.”

വിഷ്ണുവിന്റെ കണ്ണുകളിലേക്ക് അവിശ്വസനീയമായ ഒരു ചിരി കയറിവന്നു.

അപ്പോൾ ആരോ പടി കടന്നുവരുന്നു, ഓടിയും നടന്നുമായി രണ്ടു പേർ. ശ്രീദേവി പെട്ടെന്ന് അകത്തേയ്ക്കു മാറി അടുക്കളവാതിലിലൂടെ പുറത്തുകടന്നു. തൊഴുത്തിനു പിന്നിലൂടെ തൊടിയിലേയ്ക്കിറങ്ങി നടക്കുമ്പോൾ വിഷ്ണുവിനോടു സംസാരിച്ചുകൊണ്ട് പൂമുഖത്തു നിൽക്കുന്നവരെ മനസ്സിലായി, ഇന്ദ്രൻ ചേട്ടനും രാധച്ചേച്ചിയുമാണ്. ഇനി അവരായി, അവരുടെ പാടായി. കാവിൽ ചെന്ന് അപ്പൂപ്പനേയും അമ്മമ്മയേയും കൂട്ടി തിരികെ വരാം. അതുവരെ വിഷ്ണുവിന്റെ വിളയാട്ടങ്ങൾ നടക്കട്ടെ.

തിറയാട്ടം കണ്ടു ഹൃദയം നിറഞ്ഞാണ് അപ്പൂപ്പനും അമ്മമ്മയും മടങ്ങിയത്. എന്തോ അത്യാവശ്യം കാരണം ഇന്ദ്രൻ ചേട്ടനും രാധച്ചേച്ചിയും ജലജച്ചേച്ചിയും വേണുസാറും പെട്ടെന്നു മടങ്ങിയെന്ന് അമ്മമ്മ പറഞ്ഞു.

Illustration
ചിത്രീകരണംസചീന്ദ്രന്‍ കാറഡുക്ക

“അവരെന്തിനാ വന്നത്, എന്തിനാ പോയത്? ആർക്കറിയാം!” അപ്പൂപ്പൻ ഇത്തിരി ഉറക്കെ സ്വയം പറഞ്ഞു.

“എനിക്കറിയാം” -ശ്രീദേവി മനസ്സിൽ ചിരിച്ചു.

തിരികെയെത്തിയപ്പോൾ വിഷ്ണു മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വിഗ്രഹം മോഷ്ടിക്കാൻ ശ്രമിച്ചതിനു ശിക്ഷിക്കാനായി ദാരികനെ വധിക്കുന്ന രൂപത്തിൽ വിഗ്രഹത്തിലെ ദേവി ഉടലാർന്നു വന്നതാണെന്നും ഏതോ കൃപകൊണ്ടു രക്ഷപ്പെട്ടതാണെന്നും ഉറച്ചുവിശ്വസിച്ചാണ് രാധച്ചേച്ചി മടങ്ങിയതെന്ന് അവൻ രഹസ്യമായി പറഞ്ഞു. ഇരുവരും രഹസ്യമായി പൊട്ടിച്ചിരിച്ചു. ഇന്ദ്രൻ ചേട്ടനു മച്ചിൽ കയറി നോക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രാധച്ചേച്ചി കൊന്നാലും സമ്മതിക്കില്ലെന്നു പറഞ്ഞ് തടുത്തു. ഡൽഹിക്കൂട്ടുകാർ പടിപ്പുരയ്ക്കു വെളിയിൽ നിന്നതേയുള്ളത്രേ. എല്ലാവരുടേയും പെട്ടിയും പ്രമാണവും രാധച്ചേച്ചിയും ഇന്ദ്രൻ ചേട്ടനും ചേർന്നു ചുമന്നുകൊണ്ടുപോയി പോലും. വേണുസാറും ജലജച്ചേച്ചിയും പെട്ടികളെടുക്കാൻപോലും തിരികെവന്നില്ല.

രാത്രി ഊണുമേശയ്ക്കു ചുറ്റുമിരുന്ന നേരത്ത് അപ്പൂപ്പൻ ഒരു കാര്യവുമില്ലാതെ ചുമച്ച് തൊണ്ടയെ മെരുക്കി, പിന്നെയും ചുമച്ചു പിന്നെയും മെരുക്കി. പിന്നെ പറഞ്ഞു: “അവരുള്ളപ്പോൾ പറയണമെന്നാണ് കരുതിയത്, പറ്റിയില്ല... ഒരു കണക്കിനു നന്നായി. നിങ്ങളോടു മാത്രമേ പറയണ്ട കാര്യമുള്ളൂ.”

“എന്താ അപ്പൂപ്പാ?” വിഷ്ണു കഞ്ഞിയിൽ സ്പൂണിട്ട് ഇളക്കുന്നതിനിടെ അലക്ഷ്യമായി ചോദിച്ചു.

അപ്പൂപ്പൻ ഇല്ലാത്ത ചുമ വീണ്ടും ചുമച്ചു. പിന്നെ ഒറ്റ ശ്വാസത്തിൽ പറഞ്ഞു: “പാതി പുരയിടവും വീടും ഞാൻ ശ്രീദേവിയുടെ പേർക്കെഴുതിവെച്ചു. ബാക്കി പുരയിടം വിഷ്ണുവിന്റെ പേർക്കും. കാരണം...”

അവിടെ നിർത്തിയിട്ട് അപ്പൂപ്പൻ പിന്നെയും ചുമച്ചു. കുപ്പിപ്പിഞ്ഞാണത്തിൽ തട്ടി ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്ന വിഷ്ണുവിന്റെ സ്പൂൺ നിശ്ശബ്ദമായി. വീട് പെട്ടെന്നു തിരിയാൻ തുടങ്ങിയതുപോലെ തോന്നിയ ശ്രീദേവി താഴെ വീഴാതിരിക്കാൻ ഊണുമേശയുടെ വക്കിൽ ഇറുക്കിപ്പിടിച്ചു.

അപ്പോൾ വിഷ്ണുവിന്റെ ശബ്ദം വളരെ വളരെ ദൂരെയൊരു തുരങ്കത്തിൽനിന്നു വരുന്നതുപോലെ കേട്ടു: “അപ്പൂപ്പാ, കാരണം എനിക്കറിയാം.”

പിന്നെ സംഭവിച്ചതൊന്നും ശ്രീദേവിക്ക് ഓർമയില്ല.

**

വീടും പുരയിടവും പ്രഭാതപ്രഭയിൽ മുഖവും മെയ്യും മിനുങ്ങിനിൽക്കുകയാണ്. താരു ഒരു നിമിഷം നോക്കിനിന്നു. ഇന്നലെ കണ്ട വീടേയല്ല; വേറൊരു വീട്, വെളിച്ചം പൂത്തുനിൽക്കുന്ന മിനുക്കം. കള്ളൻ കയറാൻ പാടില്ലാത്ത ഒരു ഇടംപോലെ. ഒരു പണി വേണം. കിട്ടാനെളുപ്പമല്ല, എവിടെച്ചെന്നാലും ആളുകൾ ഓടിക്കും. പണിയെടുത്തു ജീവിക്കാൻ പറഞ്ഞ ദേവി ഈ മച്ചിലുണ്ട്, ആ ധൈര്യത്തിലാണ് വന്നത്. ദേവി, അല്ല ശ്രീദേവി പൂമുഖത്തുതന്നെ നിൽക്കുന്നുണ്ടല്ലോ! ചോദിച്ചു നോക്കാം.

താരു ഗേറ്റ് തുറന്ന്, പടിപ്പുര കടന്ന് മുറ്റത്തേയ്ക്കു നടന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com