Card
CardSamakalika Malayalam

വി. സുരേഷ് കുമാർ എഴുതിയ കഥ സൂയിസൈഡ് ഗേൾസ്

Published on

നിഥിന്റെ വിളികളിൽ, മേസേജുകളിൽ ഈയിടെയായി വല്ലാത്തൊരു അസ്വാഭാവികത ആരതിക്ക് തോന്നിയിരുന്നു.

കൂട്ടിൽ വീണ വെരുകിനെപ്പോലെ അവൻ വെറളിപിടിച്ച് അതിന്റെ നാലുപാടും ഓടിക്കൊണ്ടിരിക്കുന്നു.

തുടർച്ചയായി വിളികൾ.

വീഡിയോ കോളുകൾ, മെസേജുകൾ... ഇരുപത്തിനാല് മണിക്കൂറും ഒരാൾക്ക് ചുറ്റിലും കറങ്ങുന്ന നിരീക്ഷണ ഉപഗ്രഹംപോലെ അവനിങ്ങനെ രാവും പകലും നോക്കിക്കൊണ്ടിരിക്കുന്നു.

രാവിലെ മുറിയിൽനിന്നും ഇറങ്ങുന്ന സമയം ഗണിച്ച് അവന്റെ ചോദ്യങ്ങൾ തുടങ്ങും ചോദ്യങ്ങൾ അന്നും ഇന്നും ഒറ്റ പാറ്റേണിലാണ്.

അതുകൊണ്ട് തന്നെ ഉത്തരങ്ങളും.

ഞാൻ വീട്ടിൽനിന്നിറങ്ങി കോളേജിലെത്തി.

ഇന്ന്

ആശുപത്രിയിലാണ് ഡ്യൂട്ടി.

ഇപ്പോൾ,

കാന്റീനിൽ ഫുഡ് കഴിക്കുന്നു.

ഞാൻ ഇറങ്ങി

റോഡിലൂടെ നടക്കുന്നു...

ഹോസ്റ്റലിലെത്തി

കിടക്കുന്നു...

ഉത്തരങ്ങൾ അവസാനിക്കുന്നു.

ഇന്ന് നിന്നെ

ഒന്നു കാണാമോ ഒറ്റ പ്രാവശ്യം...

നീയില്ലാതെ ഞാൻ മരിച്ചുപോകുമോ എന്നാണ് ഇപ്പോഴത്തെ പേടി.

നീ ഇവിടുത്തെ പഠനം കഴിഞ്ഞ് പുതിയ ജോലിക്കായി ഡൽഹിയിലേക്കോ ദുബായിലേക്കോ പോകുമ്പോൾ എന്നിൽനിന്നും കൂടുതൽ അകലുമോ?

ഇല്ലെടാ ഞാൻ അതും കഴിഞ്ഞാൽ യു.കെയിലേക്കോ ജർമനിയിലേക്കോ പോകും അങ്ങനെയാണ് എന്റെ പ്ലാൻ.

അപ്പോഴും ഞാൻ നിന്നെ മറക്കുകയൊന്നുമില്ല എന്നാൽ എന്നും അതൊന്നും ഓർക്കണമെന്നില്ല...! ആരതി എന്നെങ്കിലും ഇങ്ങനെയൊരു ഉത്തരം പറയണമെന്നു കരുതും പക്ഷേ, ഒന്നും മിണ്ടാതെ അവൻ പറയുന്നത് കേൾക്കും.

നീയിപ്പോ എവിടെയാണ്...

ഞാൻ ജോലി കഴിഞ്ഞ് സലാമിന്റെ കടയിൽനിന്ന് ഒരു ചായ കഴിക്കുന്നു.

നിനക്ക് എപ്പോഴും അവന്റെ ചായ കുടിച്ചാൽ മാത്രമേ ഉറക്കംവരൂ...?

അങ്ങനെയൊന്നുമില്ല, ഇവിടെ വന്നത് മുതൽ കണ്ട് കണ്ട് അവരുമായി നല്ല പരിചയത്തിലാണ്, എന്നെ മാത്രമല്ല, ഈ നഗരത്തിൽ ജോലി ചെയ്യുന്ന, പഠിക്കുന്ന മലയാളികളെല്ലാവരുമായി അവർ നല്ല സൗഹൃദമാണ്.

മറ്റൊരു നാട്ടിൽ ചെന്നാൽ നമ്മുടെ നാട്ടിലെ ആളുകളെ കാണുന്നത് സന്തോഷമല്ലേ? നിഥിന്റെ മെസേജിന് ആരതി മറുപടി അയച്ചുകൊണ്ടിരുന്നു.

ആദ്യം പരിചയം, പിന്നെ സൗഹൃദം, അതു കഴിഞ്ഞ് ഇൻസ്റ്റ,

തുടർന്ന് ഫോട്ടോ അയക്കല്, അവരോടൊപ്പം പോക്ക് വരവ്...

പുറത്ത് പഠിക്കുന്ന ജോലി ചെയ്യുന്ന എല്ലാ പെണ്ണുങ്ങളും ഏറെക്കുറെ ഇങ്ങനെയൊക്കെയാണ്...?

വെച്ചിട്ട് പോടാ പട്ടി... എന്ന് ആരതി ആരും കേൾക്കാതെ മുരണ്ടു.

എന്നാൽ, പെട്ടെന്ന് അവൾ നിഥിന്റെ തുടർ ചോദ്യങ്ങൾക്ക് ഉത്തരമൊന്നും പറയാതെ നിശ്ശബ്ദയായി.

വൈകുന്നേരമായതിനാൽ ചായക്കടയിൽ നല്ല തിരക്കുണ്ടായിരുന്നു.

മധുരം കൂടിയതും കുറഞ്ഞതും കടുപ്പമുള്ളതും കടുപ്പം കുറഞ്ഞതുമായി ചായ തിളച്ചുമറിഞ്ഞു.

പഴംപൊരി, ഉഴുന്നുവട, ബൺസ്, സമൂസ... ചായ കിട്ടിയ ഒരോരുത്തരും ഓരോന്നിനായി പേര് വിളിച്ചു.

ആരതി ഒരു ചായയും സമൂസയും പറഞ്ഞു.

Illustration
ചിത്രീകരണംസചീന്ദ്രന്‍ കാറഡുക്ക

നീയെന്താടി ഒന്നും മിണ്ടാതെ, നീ വീഡിയോയിൽ വാ...

എനിക്ക് നിന്നെ ഇപ്പോൾ കാണണം.

ആരതിക്ക് പെട്ടെന്ന് തന്നിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്നതായും ഹൃദയം, പൊട്ടിയ ചായ ഗ്ലാസിന്റെ അരികുകളുമായി ഉള്ളിൽ ആഴത്തിൽ കുത്തുന്നതായും തോന്നി.

ചായ കുടിക്കാൻ വന്നവർ മുഴുവൻ ഇപ്പോൾ തന്നെ മാത്രം നോക്കുന്നു.

ആരതി ചായയുടേയും സമൂസയുടേയും പൈസ കൊടുത്തു ഹോട്ടലിൽനിന്നും പെട്ടെന്നിറങ്ങി.

ആംബുലൻസിന്റെ സൈറൺ...

നിഥിന്റെ വീഡിയാ കോൾ...

അവൾ രണ്ടും നോക്കാതെ റോഡിലൂടെ നടന്നു.

ചെറിയ പട്ടണത്തിന്റെ ചുറ്റോടു ചുറ്റും അനേകം ആശുപത്രികളും മെഡിക്കൽ കോളേജുകളും മറ്റു പലതരം മെഡിക്കൽ കോഴ്‌സുകൾക്കുള്ള സ്ഥാപനങ്ങളും മാത്രമായതിനാൽ ആംബുലൻസുകളുടെ നിലവിളി എപ്പോഴും പട്ടണത്തിന്റെ ശബ്ദമായി.

ആശുപത്രിയിൽ ജോലിക്ക് ചേർന്ന ആദ്യ നാളുകളിൽ ഉറക്കം മറ്റൊരു വണ്ടിപോലെ ആംബുലൻസ് ശബ്ദവുമായി കൂട്ടിമുട്ടാതിരിക്കാൻ പാഞ്ഞുകളിച്ചു.

അല്ലെങ്കിലും എവിടെയും ആശുപത്രി ജീവനക്കാരെ സംബന്ധിച്ച് രാത്രിയും പകലും തമ്മിൽ പറയത്തക്ക വ്യത്യാസങ്ങളൊന്നും ഇല്ല. ജോലി പല ദിവസങ്ങളിലും രാത്രിയും പകലുമായി മാറി മറിയും.

അഡ്‌മിറ്റായ ആളുകൾക്കും അയാളുടെ കൂട്ടിരിപ്പുകാർക്കും സമയം അനക്കമറ്റു കിടക്കുന്ന സെക്കന്റ് സൂചിയാണെങ്കിൽ ജീവനക്കാർക്ക് ഫ്രീസറിൽ ഐസുകട്ടയായി മരവിച്ച ഉപകാരമില്ലാത്ത വെള്ളമാണ്.

നേരെ റൂമിൽ പോയിട്ട് എന്തുചെയ്യും ആരതിക്ക് ഒരു എത്തും

പിടിയും കിട്ടിയില്ല. റൂമേറ്റ് കല്യാണിക്ക് ഇന്നും, വരുന്ന ദിനങ്ങളിലും നൈറ്റ് ഡ്യൂട്ടിയാണ് നാളെ മുതൽ അവളുടെ ഡ്യൂട്ടി കടം ചോദിച്ചു വാങ്ങിയാലോ...?

പകൽപോലെയല്ല രാത്രി. നിഥിന്റെ മുറിവേല്പിക്കുന്ന വാക്കുകളിൽ തട്ടിമുറിഞ്ഞ്

ഒരു രാത്രി അനേക രാത്രികളുടെ നീളമെടുക്കും.

നമ്മുടെ ദു:ഖങ്ങൾക്ക് മീതെ പിന്നെയും പിന്നെയും പല സങ്കടങ്ങൾ വന്നുമൂടും. പുലരാതിരിക്കുമ്പോൾ ഇനി ഒരിക്കലും നമ്മുടെ ദിനങ്ങൾ പഴയതുപോലെയാകില്ലെന്ന ചിന്തയാലും ഏതോ ദുർനിമിഷത്തിൽ ചെയ്തുപോയ കാര്യമോർത്തും ഒടുക്കം നമ്മൾ ഇല്ലാതായി ഇല്ലാതായി ആത്മഹത്യ ചെയ്തുപോകും.

ആരതിയുടെ തലയ്ക്കുള്ളിലൂടെ എന്തൊക്കെയോ ചിന്തകൾ പാഞ്ഞു.

അവൾ തിരക്കുപിടിച്ച റോഡിന്റെ ഓരം ചേർന്നു നടന്നു.

നൈറ്റ് ഷിഫ്റ്റിലേക്ക് പോകുന്ന ജീവനക്കാർ, ഭക്ഷണവുമായി പോകുന്ന ബൈസ്റ്റാൻഡർമാർ, ഡിസ്ചാർജായി മടങ്ങുന്നവർ, പുതുതായി ആശുപത്രികളിലേക്ക് വരുന്നവർ... റോഡ് മറ്റൊരു ആശുപത്രി വരാന്തയായി ആരതിക്ക് തോന്നി.

വീണ്ടും നിഥിന്റെ ഫോൺ.

അവൾ ഫോൺ എടുക്കാതെ

രാത്രിമാത്രം സജീവമാകുന്ന ബിയർ ബാറുകളിൽ ഒന്നിലേക്ക്

കയറി.

ആദ്യമായി കയറുന്നതായിട്ടും ബാറിനുള്ളിലെ ഇരുട്ട് ആരതിയിൽ ഭയമൊന്നും ഉണ്ടാക്കിയില്ല.

പരസ്പരം മാറിപ്പോകുന്ന തരം ഇരുട്ടും വെളിച്ചവും നിറഞ്ഞ വഴിയിലൂടെ അവൾ ആത്മവിശ്വാസത്തോടെ മുന്നോട്ട് നടന്നു.

എവിടെയെങ്കിലും സീറ്റ് കണ്ടതും അതിലേക്ക് ഇരിക്കാൻ നോക്കുമ്പോഴേക്കും ആളുകൾ.

അവൾ നടക്കുന്നതിനിടയിൽ കണ്ണുകളടച്ചു, ഇരുട്ട് മെല്ലെ വെളിച്ചമായി മാറുന്നു.

ബിയറ് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, ഇരുട്ടിൽ ഇരിക്കാൻ എവിടെയെങ്കിലും ചെറിയ സീറ്റ് മതി -അവൾ മനസ്സിൽ പറഞ്ഞു.

നടന്ന് നടന്ന് ഉള്ളിലെത്തിയപ്പോൾ

ഒരു മേശയിൽ ഒറ്റയ്ക്കിരിക്കുന്നു സ്ത്രീ.

ആരതി അവരിലേക്ക് നോക്കി നിഴലിലും അവരുടെ ഉയർന്ന ഡോക്ടറുടെയോ പ്രഫസറുടെയോ എഴുത്തുകാരിയുടെയോ പോലുള്ള സുന്ദരമായ മുഖഭാവം.

വരുന്നവരിലും പോകുന്നവരിലും നോക്കാതെ അവർ

ബിയർ നുണഞ്ഞുകൊണ്ട് ടാബിൽ എന്തോ പരതുന്നു.

അവൾ അവരുടെ മുന്നിലെ ഒഴിഞ്ഞ സീറ്റിലേക്ക് നോക്കി.

അവർ മുഖമുയർത്താതെ ഇരിക്കാൻ കയ്യാംഗ്യം കാണിച്ചു. ആരതി അടുത്ത നിമിഷം ആശ്വാസത്തോടെ കസേരയിലിരുന്നു.

അവരുടെ മേശയിലെ പാതിയിലധികം ഒഴിഞ്ഞ ബിയർ ബോട്ടിലിലെ പേര് വായിച്ചു.

ഹൈനെകൻ

മൊബൈലിൽ ആരോടോ എന്തോ പറയുന്നതിനിടയിലും അവർ ബിയർ നുണയുന്നുണ്ടായിരുന്നു. അവർ സംസാരിക്കുമ്പോഴും മൂളുമ്പോഴും രൂപവും മുഖവും ഒന്നുകൂടി പ്രകാശിക്കുന്നതായി ആരതിക്ക് തോന്നി.

ബാർ ജീവനക്കാരൻ അവരുടെ സിറ്റിനരികിലേക്ക് വന്ന് ആരതിയെ നോക്കി.

ആരതി മേശമേലുള്ള ബിയർ ബോട്ടിലിലേക്ക് കൈ ചൂണ്ടി.

ഇതിനിടയിൽ സ്ത്രീയും ഒന്നുകൂടി എന്ന് ആംഗ്യം കാണിച്ചു.

വെയിറ്റർ രണ്ട് ബിയറും ഒരുമിച്ച് മേശമേൽവെച്ചു.

സത്യത്തിൽ ആരതിക്ക് ബിയർ എങ്ങനെയാണ് ഒഴിക്കേണ്ടത് എന്നോ കുടിക്കേണ്ടത് എന്നോ അറിയുമായിരുന്നില്ല.

അവൾ തിടുക്കത്തിൽ ബിയർ ഗ്ലാസിലേക്ക് ഒഴിച്ചു.

ഭൂമിക്കടിയിൽനിന്നും ഒരു പുതിയ നീരുറവ വരുന്നത്രയും നുരയും പതയും മേശമേൽ ഒഴുകി.

എന്താ കുട്ടി ഇത്... കഴിക്കാനാണോ അതോ ഒഴുക്കാനാണോ നീ

വാങ്ങിയത്...? സ്ത്രീ ആരതിയുടെ മുഖത്തേക്ക് ആദ്യമായി നോക്കി ശാസനപോലെ പറഞ്ഞു.

എനിക്കറിയില്ല ഇതിന്റെ രീതി...

അവർ ആരതിയുടെ ഗ്ലാസെടുത്ത് മെല്ല പാർന്നു.

എന്നിട്ടവർ അവരുടെ ഗ്ലാസിലുള്ളത് മെല്ലെ ചുണ്ടിലേക്ക് വെച്ച് പറഞ്ഞു:

ഇതുപോലെ മെല്ലെ കുടിക്കൂ...

അവൾ അവർ പറഞ്ഞത് അനുസരിച്ചു.

നീ എന്താണ് ചെയ്യുന്നത്...?

നഴ്‌സാണ്, ബി.ജി.എം ഹോസ്പിറ്റലിൽ.

സ്ത്രീ കുറേനേരം ഒന്നും മിണ്ടാതെ ടാബിൽ നോക്കുകയും ബിയർ കഴിക്കുകയും ചെയ്തു.

ഞാൻ ഡോ. വസുമതി മദർകെയർ കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. ചില സാഹചര്യങ്ങളാൽ രണ്ടു വർഷം മുന്നേ ജോലി രാജിയായി.

നമ്മുടെ കൂടെയുള്ള മനുഷ്യരും അവരോടൊപ്പമുള്ള നമ്മുടെ നിമിഷങ്ങളുമാണ് പിന്നീട് നമ്മൾ എന്താകണമെന്ന് നിശ്ചയിക്കുന്നത്... അവർക്ക് നമ്മളെ നശിപ്പിക്കാനും മെച്ചപ്പെടുത്താനും കഴിയും.

ഡോ. വസുമതി ഇതും പറഞ്ഞ് അവശേഷിക്കുന്ന ബിയർ ഒറ്റവലിക്ക് കുടിച്ചു.

ആരതി മൊബൈലിലേക്ക് വരുന്ന നിഥിന്റെ ചറ പറ മേസേജുകൾ ഓരോന്നായി നീക്കുകയായിരുന്നു.

നീ ഇനിയും റൂമിലെത്തിയില്ലേ...?

ഇപ്പോൾ ആരാണ് നിന്റെ കൂടെ...?

നിന്റെ അവിടത്തെ ജോലി എത്രയും പെട്ടെന്ന് നിർത്തി... നാട്ടിലേക്ക് വരണം.

മംഗലാപുരമൊന്നും അത്ര നല്ല സ്ഥലമല്ല!

ഡോക്ടർ എന്തോ പറയാൻ തുടങ്ങുന്നു.

ആരതി മൊബൈലിൽനിന്നും കണ്ണുകളുയർത്തി ഡോക്ടറുടെ മുഖത്തേക്ക് നോക്കി.

രണ്ടായിരത്തിനുശേഷമാണ് നമ്മുടെ നാടുകളിൽ സ്ത്രീകളുടെ ആത്മഹത്യ വല്ലാതെ കൂടിയത്, പത്തു വയസ്സു മുതൽ തുടങ്ങി 60 വയസ്സ് വരെയുള്ളവർ.

ഇതിൽ ദാരിദ്ര്യവും രോഗങ്ങളും നിമിത്തം മരണപ്പെട്ടവർ വിരലിൽ എണ്ണാവുന്നവർ മാത്രവും!

ജോലി ഉപേക്ഷിച്ചതിനുശേഷം കഴിഞ്ഞ രണ്ടു വർഷങ്ങളായി

ഞാൻ ഇങ്ങനെയൊരു അന്വേഷണത്തിലാണ്.

രണ്ടു ഗ്ലാസ് അകത്തു ചെന്നതും ആരതിക്ക് ഡോക്ടർ മറ്റേതോ ലോകത്തുനിന്നും സംസാരിക്കുന്നതായി തോന്നി.

തന്റെ ശരീരം ഒരു പക്ഷി തൂവലാണെന്നും അതിങ്ങനെ കാറ്റിലിളകി നാടു മുഴുവൻ പറന്നുനടക്കുകയാണെന്നും അവളുടെ ഉള്ളിൽനിന്നും ആരോ പറഞ്ഞു. ആരതിക്ക് കരച്ചിൽ വന്നു.

ഡോക്ടർ അവളുടെ കയ്യിൽ അമർത്തി.

എന്തിനാണ് നീ കരയുന്നത്... നമ്മളെപ്പോഴും സ്‌ട്രോങ്ങായിരിക്കണം.

എനിക്കും നിന്റെ പ്രായത്തിലൊരു മകളുണ്ട്, നിന്നെപ്പോലെ സുന്ദരി.

ആരതി അമ്മേ... എന്നു വിളിച്ച് അവരുടെ ചുമലിലേക്ക് തല ചേർത്തു.

ബാറിലെ മുഴുവൻ മനുഷ്യരുടെ കണ്ണുകളും ആ നിമിഷം അവരുടെ നേരെ തിരിഞ്ഞു.

അവസാന ഗ്ലാസ് ബിയറും കുടിച്ച്

ഡോ. വസുമതി അവളെ മകളെയെന്നപോലെ ചേർത്തുപിടിച്ച് പറഞ്ഞു: ആത്മഹത്യ ചെയ്യാനൊരുങ്ങിയ നൂറോളം പെൺകുട്ടികളെ ഞാൻ നേരിലും മെയിൽ വഴിയും നിരന്തരം ബന്ധപ്പെടുന്നുണ്ട്; അങ്ങനെയൊരാളുമായി സംസാരിക്കുന്ന തിരക്കിലായിരിന്നു നീ വരുന്നത് വരെയും.

ഇൻസ്റ്റയിലും ഫേസ്ബുക്കിലും ‘സൂയിസൈഡ് ഗേൾസ്’ എന്നൊരു അക്കൗണ്ട് ഉണ്ട് എനിക്ക്. അതിലൂടെ പലരിൽനിന്നും രഹസ്യമായും അല്ലാതേയും വിവരങ്ങൾ ലഭിക്കും, നീയും അതൊന്നു ഫോളോ ചെയ്യണം, നിന്റെ കൂട്ടുകാരികളോടും പറയണം.

Samakalika Malaylama
ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക

ഇതും പറഞ്ഞ് അവർ ആരതിയിൽനിന്നും പുറത്തേക്ക് നടക്കാനൊരുങ്ങി.

ആരതി ഡോക്ടറുടെ കയ്യിൽ പിടിച്ചു പറഞ്ഞു:

ഇപ്പോൾ പോകാൻ എനിക്കൊരു ഇടമില്ല, ഞാനിപ്പോൾ പോയാൽ എന്റെ മുറിയിലെത്തുകയുമില്ല...

നീ എന്റെ കൂടെ വന്നോളൂ.

ഡോ. വസുമതി സ്വന്തം മകളെയെന്നപോലെ ആരതിയെ ചേർത്തു ബാറിൽനിന്നും പുറത്തേക്കിറങ്ങി.

ഒരു ടാക്സിക്കാർ അവരുടെ അരികിലേക്ക് വന്നു.

അവർ കാറിലേക്ക് കയറി.

നഗരത്തിരക്കിലൂടെ കാർ ഓടി.

നഗരം എന്നത് ഭൂമിയിൽ ഒരിക്കലും ഉറങ്ങാത്തതും വെളിച്ചം കെടാത്തതുമായ ജീവിയുടെ പേരാണെന്ന് ആരതിക്ക് തോന്നി.

റോഡരികിൽ പാതിരാത്രിയിലെ ഒരു തെരുവ് സർക്കസ് ആരതി കണ്ടു.

രണ്ടറ്റവും കമ്പിയിൽ വലിച്ചുകെട്ടിയ കയറിലൂടെ ഒരു സ്ത്രീ തലയിൽ നാലോ അഞ്ചോ വെള്ളക്കുടവും ചുമന്ന് നടക്കുന്നു, താഴെ അവരെ നോക്കിനിൽക്കുന്ന രണ്ടു കുഞ്ഞുങ്ങൾ...

പുറത്തുനിന്നും തണുത്ത കാറ്റ് വേഗത്തിൽ കാറിലേക്ക് കയറുന്നുണ്ടായിരുന്നു.

ആരതി തന്റെ ശരീരത്തെ സീറ്റിനരികിലേക്ക് ഒളിപ്പിച്ച് ചുരുണ്ടിരുന്നു.

നേരെയിരിക്കൂ... ആണായാലും പെണ്ണായാലും നിവർന്നിരിക്കണം.

ഡോക്ടർ ഇതും പറഞ്ഞ് അവളുടെ കുനിഞ്ഞ മുഖവും ശരീരവും ഉയർത്തി അവരുടെ ശരീരത്തോട് ചേർത്തുപിടിച്ചു.

നഗരം തണുത്തു വിറക്കുന്നുണ്ടെങ്കിലും കാറിനുള്ളിൽ ചൂട് നിറയുന്നതായി ആരതിക്ക് തോന്നി.

ഡോ. വസുമതി എന്ന് പേരുള്ള വീട്ടിലേക്ക് കാർ കയറി.

ഒരു മധ്യവയസ്‌ക ഓടിവന്ന് വീടിന്റെ വാതിൽ തുറന്നു.

വളരെ സൂക്ഷ്മതയോടെ പരിപാലിക്കുന്ന മ്യൂസിയംപോലൊരു വീട്.

ആരതി ഉള്ളിലേക്ക് കയറി.

അവർ,

വീടിന്റെ

മുകളിലത്തെ നിലയിൽ അവൾക്കായി ഒരു മുറി തുറന്നു.

കുളിക്കൂ, വസ്ത്രങ്ങളൊക്കെ മാറ്റൂ, എന്റെ മകളുടെ, അവൾക്കായി ഞാൻ വാങ്ങിയ എന്നാൽ അവൾക്ക് ഒരിക്കലും ധരിക്കാൻ പറ്റാത്ത പുത്തൻ ഉടുപ്പുകൾ അനേകം ഉണ്ട്, അതിലേതും നിനക്ക് നന്നായിച്ചേരും...

അവർ മറ്റൊരു മുറിയിലേക്ക് നടന്നു.

ഇതാണെന്റെ മകളുടെ മുറി!

ഡോക്ടർ മുറി തുറന്നപ്പോൾ മൈസൂർ ചന്ദനത്തിന്റെ മണം പുറത്തേക്കൊഴുകുന്നത് ആരതി അറിഞ്ഞു.

അവൾ ആ മുറിയിലേക്ക് നോക്കി

ബാഗുകൾ, പുസ്തകങ്ങൾ, തുണികൾ, കളിപ്പാട്ടങ്ങൾ,

പല പ്രായത്തിലുള്ള അവളുടെ ഫോട്ടോകൾ, അവൾക്ക് ലഭിച്ച അവാർഡുകൾ, പതക്കങ്ങൾ... എല്ലാം ക്രമമായി വെച്ചിരുന്നു.

അവൾ നന്നായി പഠിക്കുമായിരുന്നു.

സിവിൽ സർവീസ് ആണ് ലക്ഷ്യം. എൻജിനീയറിംഗ് കഴിഞ്ഞ് ഡൽഹിയിൽ കോച്ചിംഗിന് പോയി.

അവിടെ ഒരുമിച്ച് പഠിക്കുന്ന ഒരാളുമായി പ്രണയമായി.

അവർ ഒഴിവുസമയങ്ങളിൽ പാർക്കുകളിലും സിനിമയ്ക്കും ബുക്‌സ്റ്റോറുകളിലും കോഫി ഷോപ്പുകളിലും പോയിരിക്കും.

എന്തൊക്കെ പറഞ്ഞാലും ആത്യന്തികമായി എന്റെ മകളൊരു സ്ത്രീയും മറ്റവനൊരു പുരുഷനും ആണല്ലോ.

ആണുങ്ങൾ, അവൻ ആരായാലും കണ്ടുമുട്ടുന്ന, പരിചയപ്പെടുന്ന സ്ത്രീകളിൽ എപ്പോഴും സെക്സ് പരതും, അതാരുടേയും കുറ്റമല്ല.

പുരുഷന്മാരുടെ ജനിതകപരമായ തകരാറാണ്.

സ്ത്രീ അവൾക്ക് സെക്സ് ആവശ്യമല്ലെങ്കിലും സ്നേഹത്തിനു പകരമായി വിധേയപ്പെട്ടുപോകും ഇതൊന്നും ഒരാളുടെ മാത്രം തകരാറല്ല.

എനിക്കും നിനക്കുമടക്കം സ്ത്രീ വംശത്തിന് ആകെ പറ്റിപ്പോകുന്ന പാകപ്പിഴയാണ്!

പ്രായപൂർത്തിയായാൽ പരസ്പര സന്തോഷത്തോടെ സെക്സ് ചെയ്യുന്നതൊന്നും വലിയ തെറ്റുമല്ല പക്ഷേ, ഒരാൾക്ക് വിശക്കുമ്പോൾ വേറെ ഒരാളുടെ കയ്യോ കാലോ പച്ചയ്ക്ക് വെട്ടി കൊണ്ടുപോകുന്നത് കുറ്റകൃത്യമാണ്.

ആണുങ്ങളിൽ തൊണ്ണൂറ് ശതമാനവും ക്രിമിനലുകളാണ്, സ്ത്രീകളിൽ പത്തു ശതമാനവും... പുരുഷന്മാർ സ്ത്രീ മാംസം പച്ചയ്ക്ക് അവരുടെ മൊബൈൽ കേമറകൊണ്ട് മുറിച്ചെടുക്കും...!

അവൻ അവന്റെ മുഖം തീരെ പതിയാതെ അതീവ ശ്രദ്ധയോടെ അവളുടെ ശരീരം, വികാരങ്ങൾ, ആഹ്ലാദങ്ങൾ, അവളുടെ രതിയുടെ ആവേശങ്ങൾ എല്ലാം കേമറയിൽ പകർത്തി.

പിന്നീട് ഇഷ്ടമുള്ളപ്പോഴും അല്ലാത്തപ്പോഴും അവളെ ബ്ലേക്ക് മെയിൽ ചെയ്തു.

അവൾ തകർന്നു, പഠനത്തിൽ മാർക്ക് കുറഞ്ഞു.

മകളുടെ ഉയർന്ന ആത്മവിശ്വാസവും കണക്കുകൂട്ടലുകളും സ്വാതന്ത്ര്യവും അന്യ മനുഷ്യരിലുള്ള പ്രതീക്ഷയും എന്നേക്കുമായി ഇല്ലാതായി പോയിരിക്കും.

പ്രിയപ്പെട്ടവരാൽ ചതിക്കപ്പെട്ടു എന്നു തോന്നുന്ന നിമിഷം മുതൽത്തന്നെ ഏതൊരു ജീവിയുടേയും ഒന്നാം മരണം സംഭവിച്ചിരിക്കും.

സ്വന്തം ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിലും വലിയൊരു പതനം നമുക്കില്ല.

അവകാശമില്ലാത്ത ഒരു ശരീരത്തെ ആരാണ് ഒരുപാട് കാലം ചുമന്ന് നടക്കുക.

അങ്ങനെ ഒരു ദിവസം എന്റെ മകൾ അവളെ കൊന്നു...!

എനിക്ക് എന്റെ മകളെ കുറ്റപ്പെടുത്താൻ കഴിയില്ല.

കുറേ വർഷങ്ങൾക്കു മുന്‍പ് എന്റെ ജീവിതത്തിലും ഇങ്ങനെയൊന്നു സംഭവിച്ചാൽ ഞാനാണെങ്കിലും അത് മാത്രമേ ചെയ്യൂ...

ഇപ്പോഴും എത്രയോ പേര് അതേ വിഡ്ഢിത്തം ആവർത്തിച്ചുകൊണ്ടിരിക്കുന്നു!

കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിൽ ആയിരത്തിലധികം സ്ത്രീകൾ ഇങ്ങനെ മരിച്ചുകഴിഞ്ഞു.

ഡോക്ടർ ഇത്രയും ഒറ്റശ്വാസത്തിൽ പറഞ്ഞ് തന്റെ ടാബ് തുറന്നു.

അതിൽ സൂയിസൈഡ് ഗേൾസ് എന്ന ഫോൾഡറിൽ മൗസ് അമർത്തി ആരതിയുടെ മുന്നിലേക്ക് നീക്കി.

ഞാൻ നേരത്തെ പറഞ്ഞിരുന്നുവല്ലോ സൂയിസൈഡ് ഗേൾസ്.

ഇതിൽ മുഴുവൻ അങ്ങനെ ആത്മഹത്യ ചെയ്ത സ്ത്രീകളുടെ ചിത്രങ്ങളാണ്.

ഇതിൽ തൊട്ടാൽ അവരുടെ വാർത്തകളും വിവരങ്ങളും കാണാം.

ആരതി അവരിലേക്ക് നോക്കി ഡോക്ടർ പറഞ്ഞതുപോലെ പത്തു വയസ്സു മുതൽ അറുപത് വയസ്സുവരെയുള്ള പെണ്ണുങ്ങൾ, സൂയിസൈഡ്‌ ഗേൾസ്!

അവൾ കണ്ണുകളടച്ചു.

അവർ വീണ്ടും പറഞ്ഞു:

ഇതാണ് എന്റെ മകളുടെ ഫോട്ടോ നേഹ വസുമതി 23 വയസ്.

മകൾ പോയതിനുശേഷമാണ് ഞാൻ ജോലി ഉപേക്ഷിച്ച് ഇതിന്റെ പിറകെ നടന്നു തുടങ്ങിയത്. ഞാൻ മരിച്ചവരുടെ പിറകെയല്ല- ജീവിച്ചിരിക്കുന്നവരുടെ... മരിച്ചവർ ജീവിച്ചിരിക്കുന്ന നമുക്കുള്ള സ്മാരകങ്ങളും പാഠങ്ങളുമാണ്...!

ആരതി പെട്ടെന്ന് അവരുടെ നെഞ്ചിലേക്ക് ചാഞ്ഞു പറഞ്ഞു:

ഡോക്ടർ, ഞാൻ ഇന്നു രാത്രി മരിക്കാൻ തീരുമാനിച്ചതായിരുന്നു.

എന്റെ സുഹൃത്തിന്റെ കയ്യിൽ എന്റെയും ചില ചിത്രങ്ങളുണ്ട്, അവൻ അതും പറഞ്ഞ് എന്നെ നിരന്തരം ബ്ലേക്ക് മെയിൽ ചെയ്യുന്നു, ഭയപ്പെടുത്തുന്നു.

ഞാൻ ജോലി ഉപേക്ഷിക്കണം അതാണ് പുതിയ ആവശ്യം...

ഡോക്ടർ ഒരു നിമിഷം അവളെ മാറ്റി തന്റെ മൊബൈൽ കയ്യിലെടുത്തു

കേമറ ഓൺ ചെയ്തു.

“നമ്മുടെ ശരീരമെന്തോ വിലകൂടിയ വസ്തുക്കളും അമൂല്യ രത്നങ്ങളും കൊണ്ടുള്ളതാണെന്ന് ആരൊക്കെയോ പറയുന്നത് വിശ്വസിച്ചതാണ് നമ്മുടെ തെറ്റ്.

എ.ഐയുടെ പുതിയ കാലത്ത് ആർക്കും ആരുടെ ശരീരവും നഗ്നചിത്രമാക്കാം ചൂഷണം ചെയ്യാം ആർക്കും ആരെയും തെളിവുകളില്ലാതെ കൊല്ലാം...

ജീവിതവും കലകളും ടെക്‌നോളജിയും മുഴുവനും യന്ത്രങ്ങളുടേയും പിശാചുക്കളുടേയും കയ്യിലായ ഈ കാലത്തും നീയും ഞാനുമിങ്ങനെ ചാവാൻ നിന്നുകൊടുക്കണോ?

ഡോക്ടർ ഒരു വലിയ സമ്മേളനത്തിലെന്നപോലെ സംസാരിക്കുന്നതായി ആരതിക്ക് തോന്നി.

ആരതി ഡോക്ടറുടെ അടുത്ത സംസാരത്തിനായി കാത്തുനിൽക്കവെ

നിഥിന്റെ വീഡിയോ കോൾ വന്നു. ആരതി ഫോൺ സ്പീക്കർ സൗണ്ടിലേക്ക് മാറ്റി ഡോക്ടറുടെ അരികിലേക്ക് നീങ്ങിയിരുന്നു.

“എടീ നീ അഹങ്കാരത്തിന്റെ കൂടാണ്... നിനക്കുള്ള പണി ഞാൻ തുടങ്ങിക്കഴിഞ്ഞു.

നിന്റെ അന്നത്തെ ഫോട്ടോയും വീഡിയോയും ഞാൻ പുറത്തുവിടാൻ തീരുമാനിച്ചു.

നിന്നെപ്പോലൊരാൾക്ക് ഈ ഭൂമിയിൽ ജീവിക്കാൻ യാതൊരു അർഹതയും ഞാൻ കാണുന്നില്ല.”

ആരതി നിന്ന നിൽപ്പിൽ ഭൂമി പിളർന്നുപോകുന്ന വേദനയോടെ ഡോക്ടറുടെ അരികിലേക്ക് നീങ്ങി.

ഡോക്ടർ ആരതിയെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുംപോലെ പറഞ്ഞു:

നമ്മുടെ ഓരോരുത്തരുടേയും ശരീരം നമ്മൾ തന്നെ പരസ്യമാക്കിയാൽപ്പിന്നെ അതും പറഞ്ഞ് നമ്മളെ ആർക്കും ഒരു ചുക്കും ചെയ്യാൻ കഴിയില്ല!

മുറുക്കി കെട്ടിയതുകൊണ്ടാണ് നമ്മുടെ ബോംബും പൊട്ടുന്നത്, കെട്ടഴിഞ്ഞാൽ അതിലൊന്നും പൊട്ടാനില്ലല്ലോ?

ഡോക്ടർ ഇതും പറഞ്ഞ് ചിരിച്ചുകൊണ്ട് തന്റെ വസ്ത്രങ്ങൾ ഒന്നൊന്നായി അഴിക്കുന്നത് ആരതി കണ്ടു.

സാരി

ബ്ലൗസ്

അടിവസ്ത്രങ്ങൾ...

ആരതി ഫോണിൽ നോക്കവെ

ഡോക്ടറുടെ ലൈവ് വീഡിയോയിൽ ആയിരക്കണക്കിന് സ്ത്രീകൾ,

പല നാടുകളിലെ പല പ്രായത്തിലുള്ള പെണ്ണുങ്ങൾ.

ആരതിക്ക് പെട്ടെന്ന് അതൊരു സ്ത്രീകളുടെ മഹാകുംഭമേളയായി തോന്നി.

വരുന്നവർ വരുന്നവർ റോഡിൽനിന്നും ആഫീസിൽനിന്നും വീട്ടിൽനിന്നും ഉടുപ്പഴിക്കുന്നു...

ആരതി നിഥിനെ നോക്കി ഒച്ചത്തിൽ പറഞ്ഞു:

“നീ എങ്ങും പോകല്ലേ ഒരു സെക്കന്റ് നിൽക്കൂ...”

ഇതും പറഞ്ഞ് ആരതി നിഥിന്റെ മൊബൈലിലേക്ക് നോക്കി.

തന്റെ ഉടുതുണിയെല്ലാം ഒന്നൊന്നായി അഴിച്ച് അവന്റെ മുഖത്തേക്കെറിഞ്ഞു.

ശേഷം, അവൾ തന്റെ

അരയിലെ അവസാന മറുകിലേക്ക് കൂടി ഫോക്കസ് ചെയ്ത്

ഡോക്ടർ വസുമതിയിൽനിന്നും

ആയിരക്കണക്കിനാളുകളിലേക്കായി നീണ്ടുകിടക്കുന്ന മഹാപ്രസ്ഥാനത്തിലേക്ക് അണി ചേർന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com