ഡൊണാൾഡ് ട്രംപിന്റെ ഫൗളുകൾ: 2026 ഫുട്‌ബോൾ ലോകകപ്പ് ഒരു ജനാധിപത്യ വിലയിരുത്തൽ

രാജ്യാതിർത്തികളോ വർണമോ വർഗമോയില്ലാതെ, ഏത് ഗണത്തിൽപ്പെട്ട മനുഷ്യരോടും കളിനിയമങ്ങളുടെ സങ്കീർണതകളൊന്നുമില്ലാതെ തുറന്ന മനസ്സോടെ സംവദിക്കാൻ ഫുട്‌ബോൾ കളിക്കു മാത്രമേ കഴിയൂ, അതാണ് ആ കളിയുടെ ജനാധിപത്യ അടിത്തറ.
Trump in fifa
ട്രംപ് ലോകകപ്പ് വേദിയില്‍ Abbie Parr
Updated on

ഫുട്‌ബോൾ കളി ജനാധിപത്യപ്രകടനമാണ്. ഒരു കളിക്കാരനും ബോൾ പൂർണമായും കൈവശം വയ്ക്കാതെ പാസുകളിലൂടെ സ്വന്തം ടീമിലെ കളിക്കാരന് കൈമാറുകയും ഗോളടിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുമ്പോൾ മൈതാനത്തെ 22 കളിക്കാരും ഒരു പന്തിനെ പങ്കുവെച്ച് എടുക്കുകയും കൂട്ടായ തീരുമാനങ്ങളിലൂടെ ഒത്തൊരുമയോടെ കളിക്കുകയും വിജയിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു, ആ അവസരത്തിൽ ജനാധിപത്യം ഉയർന്നുവരുന്നതു കാണാം. രാജ്യാതിർത്തികളോ വർണമോ വർഗമോയില്ലാതെ, ഏത് ഗണത്തിൽപ്പെട്ട മനുഷ്യരോടും കളിനിയമങ്ങളുടെ സങ്കീർണതകളൊന്നുമില്ലാതെ തുറന്ന മനസ്സോടെ സംവദിക്കാൻ ഫുട്‌ബോൾ കളിക്കു മാത്രമേ കഴിയൂ, അതാണ് ആ കളിയുടെ ജനാധിപത്യ അടിത്തറ.

Image of Trump and infantino
ട്രംപും ജിയാനി ഇന്‍ഫന്റീനോയും Ashley Landis

ബ്രസീൽ സൈനിക സ്വേച്ഛാധിപത്യ ഭരണത്തിലായപ്പോൾ കൊറിന്ത്യൻസ് ക്ലബ്ബിലെ കളിക്കാരനായ സോക്രട്ടീസിന്റെ നേതൃത്വത്തിൽ കളിക്കാർ ക്ലബ്ബിനെ ജനാധിപത്യവൽക്കരിച്ചു. കിറ്റ്മാൻ മുതൽ ക്യാപ്റ്റൻ വരെയുള്ളവർക്ക് ഒരു വോട്ട് മാത്രം നൽകിക്കൊണ്ട് ട്രെയിനിങ് ഷെഡ്യൂൾ മുതൽ കോച്ചിനെ വരെ വോട്ടിങ് നടത്തി തീരുമാനിച്ചു. കളിക്കളത്തിലേക്ക് തലയിൽ ഒരു കെട്ടുമായി ഇറങ്ങുന്ന സോക്രട്ടീസ്, തലയിലെ കെട്ടിൽ തന്റെ രാഷ്ട്രീയം എഴുതി: “പീപ്പിൾ നീഡ് ജസ്റ്റിസ്”, അമേരിക്ക ലിബിയയിൽ നടത്തിയ ബോംബാക്രമണത്തിനെതിരെ “യെസ് ടു ലവ് നോ ടു ടെറർ”, “നോ വയലൻസ്.” ബ്രസീലിലെ കത്തീഡ്രൽ സ്‌ക്വയറിൽ രണ്ട് ലക്ഷം പേർ അണിനിരന്ന റാലിയിൽ സോക്രട്ടീസ് പ്രസംഗിച്ചു, രാജ്യത്ത് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തണം, അതിന് അനുവദിച്ചില്ലായെങ്കിൽ അടുത്ത ലോകകപ്പിൽ കളിക്കില്ല. ഫുട്‌ബോൾ കളിയിൽ രാഷ്ട്രീയമുണ്ടെന്ന്, അത് വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും രാഷ്ട്രീയമല്ല, ജനാധിപത്യ രാഷ്ട്രീയമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു.

അപ്പോൾ തീർച്ചയായും ഒരു ചോദ്യമുയർന്ന് വരുന്നതു കാണാം, അമേരിക്കയും കാനഡയും മെക്‌സിക്കോയും നേതൃത്വം നൽകിയ 23-ാം ഫുട്‌ബോൾ ലോകകപ്പ് ജനാധിപത്യമൂല്യങ്ങളെ ഉയർത്തിപ്പിടിച്ചിരുന്നുവോ?

ഡൊണാൾഡ് ട്രംപും ലോകകപ്പും

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നുവീണതിനു കാരണം ഇറാനാണെന്ന് ആരോപിച്ചുകൊണ്ട് അമേരിക്ക ലോകകപ്പ് കിക്കോഫിന് 72 മണിക്കൂർ മാത്രമുള്ളപ്പോൾ ഇറാനിലേക്ക് മിസൈൽ വർഷം നടത്തി. ഇറാനാകട്ടെ, കുവൈറ്റിലേയും ബഹ്‌റൈനിലേയും യു.എസ് സേനാത്താവളങ്ങളിൽ പ്രത്യാക്രമണം നടത്തുകയും ചെയ്തു. ഫുട്‌ബോൾ ലോകകപ്പിൽ പങ്കെടുക്കാനെത്തിയ 48 ടീമുകളിലൊന്നായ ഇറാൻ ടീമിനെതിരെ അമേരിക്ക ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ-മത്സര ദിവസം മാത്രം എത്തുകയും കളി കഴിഞ്ഞാൽ ഉടൻതന്നെ തിരിച്ചുപോകണമെന്നുള്ള നിർദേശം-ഫുട്‌ബോൾ ആരാധകരുടേയും ജനാധിപത്യവാദികളുടേയും ശക്തമായ എതിർപ്പിനു കാരണമായി. ഇറാന്റെ 15 ഒഫിഷ്യലുകൾക്ക് വിസ നിഷേധിച്ചതായും വാർത്തകൾ വന്നു.

ഇറാനും സെനഗലിനും പൂർണമായും മറ്റു 17 രാജ്യങ്ങൾക്കു ഭാഗികമായും ട്രംപ് യാത്രാവിലക്ക് ഏർപ്പെടുത്തിയപ്പോൾ യൂറോപ്യൻ രാജ്യങ്ങൾക്ക് ഒരു വിലക്കുമില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാനും കഴിഞ്ഞു. ഇറാൻ ആരാധകർക്ക് മത്സരങ്ങൾ കാണാനുള്ള ടിക്കറ്റ് ക്വോട്ട അമേരിക്ക പിൻവലിച്ചു.

ഇറാനു പകരം ഇറ്റലിയെ ലോകകപ്പിൽ കളിപ്പിക്കണമെന്ന നിർദേശമാണ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ചത്. ഈ ആവശ്യത്തെ ഇറ്റാലിയൻ പ്രധാനമന്ത്രിയായ ജോർജിയ മെലോണി തള്ളിക്കളയുകയും ഇറാൻ പങ്കെടുത്തില്ലെങ്കിൽ മറ്റൊരു ടീം ഉണ്ടാവില്ലായെന്ന് ഫിഫ പ്രഖ്യാപിക്കുകയും ചെയ്തു. മിയാമി വിമാനത്താവളത്തിലെത്തിയ സോമാലിയൻ റഫറിയായ ഒമർ അബ്ദുൾ ഖാദർ ആർട്ടാന് പ്രവേശന അനുമതി നിഷേധിക്കുകയും നാട്ടിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. സെനഗൽ, ഉസ്‌ബെക്കിസ്ഥാൻ താരങ്ങളെ മണിക്കൂറുകളോളം സുരക്ഷയുടെ പേരിൽ തടഞ്ഞുവെച്ചു.

എല്ലാ മനുഷ്യരും ഒരുപോലെയെന്നും അവർക്ക് സ്വാതന്ത്ര്യവും അവകാശങ്ങളും തുല്യമാണെന്നും പ്രഖ്യാപിക്കുന്ന ഫിലാഡെൽഫിയ ഡിക്ലറേഷനിൽ ഒപ്പിട്ടതിന്റെ, അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വർഷം ആഘോഷിക്കുമ്പോൾ, അമേരിക്ക ലോകത്തിനു മുന്നിൽ ജനാധിപത്യ മൂല്യങ്ങളുടേയും കളിക്കളങ്ങളിലൂടെ ഉയർത്തുന്ന മാനവികതയുടേയും നഗ്നമായ ലംഘനങ്ങളാണ് നടത്തിയത്.

ഇറാൻ-ന്യൂസിലൻഡ് മത്സരം

ജൂൺ 16-ന് ലോസ് ഏയ്ഞ്ചലസിൽ നടന്ന ഇറാൻ-ന്യൂസിലൻഡ് മത്സരത്തിൽ ഇറാന്റെ ദേശീയഗാനം ആലപിക്കപ്പെട്ടപ്പോൾ ഒരുകൂട്ടം കാണികൾ കൂക്കിവിളികളോടെയാണ് ടീമംഗങ്ങളെ സ്വീകരിച്ചത്. അതോടൊപ്പം ഇറാനിയൻ വിപ്ലവത്തിനു മുന്‍പുള്ള പതാക ഗ്യാലറിയിൽ ഉയർത്തിയും പ്രതിഷേധിച്ചു. ഈ മത്സരം സമനിലയിൽ അവസാനിച്ചയുടൻ തന്നെ രാജ്യം വിട്ടുപോകണമെന്നാണ് ഇറാൻ ടീമംഗങ്ങളോട് നിർദേശിച്ചത്. തുടർന്ന് ഇറാൻ കോച്ചും ക്യാപ്റ്റൻ മെഹ്ദി താരെമിയും ഫിഫ പ്രസിഡന്റിനെ പ്രതിഷേധമറിയിക്കുകയും തങ്ങളുടെ മത്സരങ്ങൾ മെക്‌സിക്കോയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോൾ ഈ നിർദേശത്തെ നിരസിക്കുകയാണ് ഫിഫ ചെയ്തത്.

ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിൽ 1-1-ന് ശക്തരായ ഈജിപ്തിനെ സമനിലയിൽ തളച്ചു ഇറാൻ. ഈജിപ്‌താണ് ആദ്യ ഗോൾ നേടിയത്, മഹ്മൂദ് സാബിറിലൂടെ. എന്നാൽ, 14-ാം മിനിറ്റിൽ ഇറാന്റെ റമിൻ റസച്ചാന്റെ ഗോളിലൂടെ ഇറാൻ തിരിച്ചടിച്ചു. കളി ഇൻജുറി ടൈമിലേക്ക് നീണ്ടപ്പോൾ ഇറാൻ നേടിയ ഗോൾ VAR പരിശോധനയിൽ ഓഫ്‌സൈഡാണെന്ന് കണ്ടെത്തി, റദ്ദാക്കി. യു.എസ് അടിച്ചേല്പിച്ച യാത്രാനിയന്ത്രണങ്ങൾ കാരണം ഇറാൻ കളിക്കാർക്ക് ശരിയായ വിശ്രമം ലഭിച്ചില്ലായെന്നും മെക്‌സിക്കോയിലേക്കുള്ള മടക്കയാത്ര കളിക്കാർക്ക് ആഘാതമുണ്ടാക്കിയെന്നും ഇറാൻ കോച്ച് അമീർ ഖോനായി വിമർശിച്ചു.

12 ഗ്രൂപ്പുകളിൽനിന്നുള്ള ഒന്നാം സ്ഥാനക്കാർക്കും രണ്ടാം സ്ഥാനക്കാർക്കും പുറമേ മികച്ച എട്ട് മൂന്നാം സ്ഥാനക്കാർക്കുകൂടി നോക്കൗട്ട് റൗണ്ടിലെത്താൻ അവസരമുണ്ടായിരുന്നു. മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ ആറാം സ്ഥാനത്തായിരുന്ന ഇറാനെ ലോകകപ്പിൽനിന്നും പുറത്താക്കാൻ അൾജീരിയയും ഓസ്‌ട്രിയയും ഒത്തുകളിച്ചെന്ന ആരോപണം ഉയർന്നുവന്നിരുന്നു. അൾജീരിയയും ഓസ്‌ട്രിയയും തമ്മിലുള്ള മത്സരം 3-3 സമനിലയിൽ അവസാനിച്ചതോടെ ഈ രണ്ട് ടീമുകളും നോക്കൗട്ടിലേക്ക് കടന്നു.

ഓസ്ട്രിയൻ കളിക്കാർ ശക്തമായ പ്രതിരോധം തീർക്കാതിരുന്നതിനാലാണ് തന്റെ ആദ്യ ഗോൾ ഉണ്ടായതെന്ന് അൾജീരിയൻ ക്യാപ്റ്റൻ റിയാദ് മഹ്‌റെസിന്റെ പ്രസ്താവന ശ്രദ്ധേയമാണ്. ലോകകപ്പ് വേദിയിൽ എതിരാളികളിൽനിന്നും യാതൊരു സമ്മർദവുമില്ലാതെ 110 പാസുകളാണ് ഇരുടീമുകളും ചേർന്ന് ഇൻജുറി ടൈമിൽ അൾജീരിയ ക്യാപ്റ്റൻ റിയാദ് ഗോൾ നേടുന്നതിനു മുന്‍പ് നടത്തിയത്. ഈ അയഞ്ഞ മട്ടിലുണ്ടായ സമീപനങ്ങൾ ഒത്തുകളിയാണെന്നാണ് ഇറാൻ ആരാധകരുടെ ആരോപണം. ഇൻജുറി ടൈമിൽ ഗോൾ നേടിയതിനു പിന്നാലെ ഓസ്‌ട്രിയയുടെ മാർക്കോ അർനാട്ടോവിച്ച് ദേഷ്യത്തോടെ അൾജീരിയൻ ബഞ്ചിനടുത്തേക്ക് എത്തിയിരുന്നു. ഈ ഗോളോടെ ഓസ്‌ട്രിയ പുറത്താകലിന്റെ വക്കിലെത്തിയിരുന്നു. ഇരു ടീമുകളും ഗൂഢാലോചന നടത്തിയെന്ന് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനും ആരോപിച്ചു. മത്സരത്തിൽ ഓസ്‌ട്രിയയോ അൾജീരിയയോ ജയിച്ചിരുന്നുവെങ്കിൽ ഇറാന് നോക്കൗട്ടിലേക്ക് മുന്നേറാമായിരുന്നു. ഫലം മറിച്ചായതോടെ ഇറാൻ ലോകകപ്പിൽനിന്നും പുറത്തായി.

Bosnian player Tarik Muharemovic is fouled during the knockout round match between the USA and Bosnia.
നോക്കൗട്ട് റൗണ്ടിൽ അമേരിക്കയും ബോസ്‌നിയയും തമ്മിൽ മത്സരിച്ചപ്പോൾ, ബോസ്‌നിയൻ താരം താരിക് മുഹാരെമോവിച്ചിനെ ഫൗൾ ചെയ്യുന്നുAP

അമേരിക്കയും റെഡ് കാർഡും

നോക്കൗട്ട് റൗണ്ടിൽ അമേരിക്കയും ബോസ്‌നിയയും തമ്മിൽ മത്സരിച്ചപ്പോൾ, ബോസ്‌നിയൻ താരം താരിക് മുഹാരെമോവിച്ചിനെ ഫൗൾ ചെയ്തതിന് അമേരിക്കൻ കളിക്കാരൻ ഫൊളാരിൻ ബലോഗന് എതിരായി റഫറി ചുവപ്പു കാർഡ് കാണിച്ചു. ഇതോടെ ഗ്രൗണ്ട് വിടേണ്ടിവന്ന ബലോഗന് അടുത്ത മത്സരത്തിൽ വിലക്കും ലഭിച്ചു. ബലോഗന് ബെൽജിയത്തിനെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ കളിക്കാൻ പറ്റില്ല. മൂന്നു ഗോളുമായി അമേരിക്കയെ പ്രീക്വാർട്ടറിൽ എത്തിച്ചതിൽ നിർണായക പങ്കുവഹിച്ചത് ബലോഗനാണ്.

ഒരു മത്സരത്തിൽ മാത്രം വിലക്കു ലഭിച്ച ബലോഗന്റെ സസ്‌പെൻഷൻ ഫിഫ ഒരു വർഷത്തേക്ക് മരവിപ്പിച്ചു. എന്നാൽ, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ബലോഗന്റെ വിലക്ക് റദ്ദാക്കിയത്, അമേരിക്കൻ പ്രസിഡന്റ് വ്യക്തിപരമായി ആവശ്യപ്പെട്ടതനുസരിച്ചാണ് എന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. “ശരിയായ കാര്യം ചെയ്തതിനും വലിയ അനീതി തിരുത്തിയതിനും ഫിഫയ്ക്ക് നന്ദി” എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ചുവപ്പു കാർഡ് റദ്ദാക്കിയതിനെതിരെ ബെൽജിയം ഫുട്‌ബോൾ അസോസിയേഷൻ നൽകിയ അപ്പീൽ ഫിഫ തള്ളിയപ്പോൾ ഇംഗ്ലീഷ് പ്രതിരോധതാരം ജാറെൽ ക്വാൻസയുടെ വിലക്ക് ഫിഫ സസ്‌പെൻഡ് ചെയ്യുമോയെന്ന് ഇംഗ്ലീഷ് കോച്ച് തോമസ് ടുഷേൽ ചോദിച്ചു. യൂറോപ്യൻ ഫുട്‌ബോൾ ഭരണസമിതിയായ യുവേഫ, ദൂര വ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന അതിരുകടന്ന തീരുമാനമാണിതെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ നിഷ്‌പക്ഷത ലംഘിച്ചുവെന്ന് ആരോപിച്ച് ഫിഫയ്ക്കും ഇൻഫാന്റിനോയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് എഴുപതിലധികം യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ രംഗത്തെത്തി. ഈ വിഷയത്തിൽ ഫിഫ എടുത്ത തീരുമാനങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് 72 യൂറോപ്യൻ ഫുട്‌ബോൾ അസോസിയേഷൻ തലവൻമാർക്ക് കത്തയച്ചു.

പ്രീക്വാർട്ടർ മത്സരത്തിൽ ബെൽജിയം അമേരിക്കയെ 4-1-ന് തോല്പിച്ചു. ട്രംപിന്റെ ഇടപെടലിലൂടെ ചുവപ്പു കാർഡ് ഒഴിവാക്കി നടത്തിയ രക്ഷാപ്രവർത്തനത്തിനും അമേരിക്കയെ രക്ഷിക്കാനായില്ല. ഫൊളാരിൻ ബലോഗൻ പൂർണമായും നിറം മങ്ങിയപ്പോൾ, മാലിക് ടിൽമാന്റെ വകയായിരുന്നു അമേരിക്കയുടെ ആശ്വാസഗോൾ. ഒന്‍പതാം മിനിറ്റിൽ ബെൽജിയമായിരുന്നു ആദ്യ ഗോൾ നേടിയത്, കെറ്റലാരെനിലൂടെ. രണ്ടാം ഗോളും കെറ്റലാരെൻ നേടിയപ്പോൾ മൂന്നും നാലും ഗോളുകൾ നേടിയത് ഹാൻസ് വനാകെനും റൊമേലു ലുക്കാകുമാണ്. അമേരിക്ക ലോകകപ്പിൽനിന്നു പുറത്തായിരുന്നില്ലെങ്കിൽ ട്രംപിന്റെ ഫൗളുകൾക്ക് ലോകം വീണ്ടും സാക്ഷിയാകേണ്ടിവന്നേനെ.

നോക്കൗട്ട് റൗണ്ടിലെ പോർച്ചുഗൽ-ക്രൊയേഷ്യ മത്സര ടിക്കറ്റ് റീസെയിൽ പ്ലാറ്റ്‌ഫോമുകളിൽ തീപിടിച്ച വിലയിലാണ് വിറ്റുപോയത്, ഏകദേശം മൂന്ന് ലക്ഷം രൂപയാണ് ഈ ടിക്കറ്റിന്റെ ഏറ്റവും കുറഞ്ഞ നിരക്ക്. പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചും നേർക്കുനേർ വന്ന മത്സരമായതിനാലാണ് ആരാധകർ തള്ളിക്കയറിയത്. എന്നാൽ, അമേരിക്കയും പോർച്ചുഗലും ലോകകപ്പിൽനിന്നു പുറത്തായതിനെത്തുടർന്നു ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറഞ്ഞ് ഒരു ലക്ഷം രൂപവരെയെത്തി. പോർച്ചുഗലിനെ ഒരു ഗോളിനു തോല്പിച്ച് സ്‌പെയിൻ ക്വാർട്ടറിൽ കടന്നു, മിക്കൽ മെറീനോയാണ് സ്‌പെയിനുവേണ്ടി ഗോളടിച്ചത്. പോർച്ചുഗലിന്റെ ഗോൾ മടക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും ലോകകപ്പിൽനിന്നും പുറത്തായി.

എർലിങ് ഹാളണ്ടും നോർവീജിയൻ ദേശീയതയും

ഭാഷ, വർഗം, മതം മുതലായവയെ അടിസ്ഥാനമാക്കിക്കൊണ്ട് വളർന്നുവന്ന ദേശീയത ലോകചരിത്രത്തിൽ ഒത്തൊരുമ സൃഷ്ടിച്ച വികാരമാണ്. എന്നാൽ, ഒരു ദേശീയതയ്ക്കുള്ളിൽ ജീവിക്കുന്ന ജനത, മറ്റൊരു വർഗത്തിൽപ്പെട്ടവരെ തങ്ങളേക്കാൾ താഴ്ന്ന ജനമായും അവരെ ഒറ്റപ്പെടുത്താനും അവഗണിക്കാനും ആക്രമിക്കാനും ശ്രമിക്കുന്നത് പരസ്പരമുള്ള യുദ്ധങ്ങൾക്കു വരെ കാരണമായി തീർന്നിട്ടുണ്ട്. ഈ ലോകകപ്പിന്റെ ഏറ്റവും വലിയ സവിശേഷത ഇംഗ്ലീഷ് ജനത, കടൽക്കൊള്ളക്കാരായ വൈക്കിങുകൾ എന്നു വിളിച്ച് ഒറ്റപ്പെടുത്താൻ ശ്രമിച്ച നോർവേയുടെ ലോകകപ്പിലെ ഗംഭീര പ്രകടനങ്ങളാണ്.

പ്രാഥമിക ഗ്രൂപ്പ് ഘട്ടത്തിൽ ഇറാഖിനേയും സെനഗലിനേയും തോൽപ്പിച്ച നോർവേ ടീം, ഫ്രാൻസിനോട് പരാജയപ്പെട്ടു. റൗണ്ട് 32-ൽ ഐവറി കോസ്റ്റിനെ ഒന്നിന് എതിരെ രണ്ട് ഗോളുകൾക്കും പ്രീക്വാർട്ടറിൽ (റൗണ്ട് 16) ബ്രസീലിനെ ഒന്നിന് എതിരെ രണ്ട് ഗോളുകൾക്കും തോൽപ്പിച്ചു. ഇറാഖിനെതിരായ നോർവേയുടെ ജയം വൈക്കിങ് റോ മുഴക്കിക്കൊണ്ട് നോർവീജിയൻ ആരാധകർ സ്റ്റേഡിയത്തിലാണ് ആഘോഷിച്ചത്. എന്നാൽ, പിന്നീടുള്ള വിജയങ്ങളെല്ലാം സെനഗലിനെതിരെ, ഐവറി കോസ്റ്റിനെതിരെ, ബ്രസീലിനെതിരെ ആഘോഷിച്ചത് നോർവീജിയൻ ഫുട്‌ബോൾ ടീം അംഗങ്ങളായ എർലിങ് ഹാളണ്ടിന്റേയും മാർട്ടിൻ ഒഡേഗാർഡിന്റേയും നേതൃത്വത്തിൽ ഫുട്‌ബോൾ മൈതാനത്ത് ‘റോ റോ’ ആരവം മുഴക്കിക്കൊണ്ടാണ്. 28 വർഷങ്ങൾക്കുശേഷം ലോകകപ്പ് വേദിയിലെത്തിയ നോർവേ ടീം ഓരോ വിജയവും വഞ്ചി തുഴയുന്ന റോ... റോ പാട്ട് പാടിക്കൊണ്ട് വഞ്ചി തുഴയുന്ന താളത്തിൽ ഗ്രൗണ്ടിലിരുന്ന് ആഘോഷിച്ചപ്പോൾ ആരാധകരും കൊമ്പുവെച്ച വൈക്കിങ് തൊപ്പികൾ ധരിച്ച ‘റോ റോ’ താളത്തിൽത്തന്നെയാണ് ആഹ്ലാദം പ്രകടിപ്പിച്ചത്. അതോടൊപ്പം നോർവേയുടെ ഫുട്‌ബോൾ ടീമിനെ പ്രോത്സാഹിപ്പിക്കാനായി നോർവീജിയൻ പാർലമെന്റിലും വൈക്കിങ് റോ താളത്തിൽ വഞ്ചി തുഴയുന്ന ആഘോഷം നടത്തിയത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.

എന്നാൽ, ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് രണ്ട് ഗോളുകൾക്ക് നോർവേയെ പരാജയപ്പെടുത്തി. നോർവേയ്ക്ക് ഒരു ഗോൾ മാത്രമാണ് തിരികെ നൽകാൻ കഴിഞ്ഞത്. ഇംഗ്ലണ്ടിന്റെ രണ്ട് ഗോളും നേടിയത് ജൂഡ് ബെല്ലിംഹാമാണ്. നോർവേയുടെ ഏക ഗോൾ അടിച്ചത് ആന്ദ്രേ ഷെൽഡറൂപുമാണ്. നോർവേയെ തോൽപ്പിച്ച ഇംഗ്ലണ്ട് ടീമംഗങ്ങളും ‘May be one more time’ എന്ന ഗാനം പാടിക്കൊണ്ടാണ് തങ്ങളുടെ വിജയം ആഘോഷിച്ചത്.

ചരിത്രത്തിൽ ആദ്യമായി നോർവേക്ക് സെമിഫൈനലിൽ കടക്കാനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തിയവൻ എന്നാരോപിച്ചുകൊണ്ട് നോർവീജിയൻ കളിക്കാരൻ അലക്സാണ്ടർ സോർലോക്കിന് എതിരെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് നടന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ 44-ാം മിനിറ്റിൽ നോർവേക്ക് ലഭിച്ച സുവർണാവസരത്തിൽ മാർട്ടിൻ ഒട്ടേഗാഡ് നൽകിയ പാസിൽ മുന്നോട്ടു കുതിച്ച സോർലോക്ക്, മാർക്ക് ചെയ്യാതെ നിൽക്കുന്ന എർലിങ് ഹാളണ്ടിന് പന്ത് നൽകാതെ സ്വയം ഷൂട്ട് ചെയ്തു, ഇംഗ്ലണ്ട് കൃത്യമായി അത് തടയുകയും ചെയ്തു. നിരാശനായി തനിക്ക് പാസ് നൽകാമായിരുന്നുവെന്ന ഹാളണ്ടിന്റെ മുഖഭാവം പിന്നീട് സ്‌ക്രീനിൽ നിറഞ്ഞപ്പോഴാണ് ഹാളണ്ടിന് പാസ് നൽകിയിരുന്നുവെങ്കിൽ ആദ്യ പകുതിയിൽ രണ്ട് ഗോൾ നേടാമായിരുന്നുവെന്ന് വിമർശകർ വാദിച്ചത്. ലോകത്തിൽ ഏറ്റവും കൂടുതൽ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യസ്ഥാനമുള്ള നോർവേ ഫുട്‌ബോൾ ആരാധകരുടെ മനം കവർന്നുകൊണ്ടാണ് പടിയിറങ്ങിയത്. അവരുടെ സ്വത്വത്തെ ലോകകപ്പ് വേദിയിൽ പ്രദർശിപ്പിച്ചുകൊണ്ട് വൈക്കിങ് റോ റോ താളത്തിൽ നിറച്ചുകൊണ്ട് എർലിങ് ഹാളണ്ടും കൂട്ടരും വേദിവിടുന്നത് ഫുട്‌ബോളിനെ സ്നേഹിക്കുന്നവരുടെ മനസ്സിൽ സന്തോഷ തിരമാലകൾ സൃഷ്ടിച്ചു. വൈക്കിങ് റോ റോ താളം ദേശീയ ഐക്യത്തിന്റെ പ്രതീകമായി മാറി.

ഈ ലോകകപ്പിലെ മിന്നുംതാരമായി നോർവേയുടെ 23 വയസ്സുള്ള അറ്റാക്കിങ് മിഡ്ഫീൽഡറായ എർലിങ് ഹാളണ്ട് ഉയർന്നുവരുന്നതു കാണാം. ഇംഗ്ലണ്ടിനെതിരെയുള്ള ക്വാർട്ടർ ഫൈനൽ ഒഴിച്ച്, ഏഴ് ഗോളുകളാണ് ഈ ലോകകപ്പിൽനിന്ന് എർലിങ് ഹാളണ്ട് നേടിയത്. ഹാളണ്ടിനെ കൂടാതെ നോർവേ ടീമിൽ മാർട്ടിൻ ഒട്ടേഗാഡ്, അന്റോണിയോ നുസ എന്നിവരുമുണ്ട്. ഹാളണ്ട് 14 ടച്ചിൽ ഓരോ ഗോൾ വീതമാണ് നേടിയത്.

ഈ ലോകകപ്പിലെ മനോഹര ഗോളുകളിൽ ഒന്നായിരുന്നു 79-ാം മിനിറ്റിൽ ബ്രസീലിന് എതിരായി ഹാളണ്ട് നേടിയ ഗോൾ. ഷെൻഡറപ്പിന്റെ ഏരിയൽ ക്രോസ് കിട്ടിയ നിമിഷത്തിൽ തന്നെ ഒറ്റക്കുതിപ്പിൽ ഉയർന്നുചാടി ഒരു ഹെഡ്ഡർ, പന്ത് ബ്രസീലിയൻ ഗോളി അലിസൻ ബക്കറെ കടന്നു ഗോൾ ബോക്സിന്റെ വലത്തേമൂലയിൽ തുളച്ചുകയറുന്നു. ഗ്യാലറിയിലെ സാംബാ താളം നിലച്ചപ്പോൾ, 10 മിനിറ്റിനു ശേഷം ഷെൽഡറപ്പ്, ഹാളണ്ട് കോമ്പിനേഷനിൽ വീണ്ടുമൊരു ഗോൾകൂടി. നെയ്‌മർ ബ്രസീലിന് അനുകൂലമായ പെനൽറ്റി ഗോളാക്കി മാറ്റിയെങ്കിലും കണ്ണീർ അണിഞ്ഞുകൊണ്ടാണ് സ്റ്റേഡിയം വിട്ടത്. അപ്പോഴേക്കും നോർവേയുടെ വൈക്കിങ് റോ ആഘോഷം ഗ്രൗണ്ടിൽ ആരംഭിച്ചിരുന്നു. ലോകകപ്പ് തുടങ്ങിയ ശേഷം പെറുവിൽ ജനിച്ച 468 കുട്ടികൾക്ക് ഹാളണ്ട് എന്ന് പേരിനൊപ്പം ചേർത്തുകഴിഞ്ഞു. ഇതിൽ 91 കുഞ്ഞുങ്ങൾക്ക് എർലിങ് ഹാളണ്ട് എന്നു തന്നെയാണ് പേര് എന്നതും താരങ്ങളെ വീരാരാധന നടത്തുന്നവരുടെ എണ്ണം ഇന്നും കുറഞ്ഞിട്ടില്ല എന്നതിനുള്ള തെളിവാണ്.

Mohamed Salah (left) remonstrates with the referee, François Letexier, after Egypt’s defeat by Argentina in Atlanta
അറ്റ്ലാന്റയിൽ അർജന്റീനയ്‌ക്കെതിരായ ഈജിപ്‌തിന്റെ തോൽവിക്കു ശേഷം റഫറി ഫ്രാൻസ്വ ലെറ്റെക്‌സിയറുമായി മുഹമ്മദ് സലാ (ഇടത്) തർക്കിക്കുന്നു.AP

ഈജിപ്‌തും അർജന്റീനയും VAR-ഉം

ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിവാദമുണ്ടായത് റഫറിയിങ്ങിനെ ചൊല്ലിയാണ്, പ്രത്യേകിച്ചും അർജന്റീന-ഈജിപ്‌ത് മത്സരത്തിലെ റഫറിയിങ് നിലവാരത്തെക്കുറിച്ച്. പ്രീക്വാർട്ടർ മത്സരത്തിൽ 79 മിനിറ്റുവരെ രണ്ട് ഗോളിനു പിന്നിൽനിന്ന അർജന്റീന 15 മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. എന്നാൽ, 67-ാം മിനിറ്റിൽ മുസ്തഫ സീക്കോ നേടിയ ഗോൾ VAR (Video Assistant Referee) പരിശോധനയിൽ, ഗോളിനുള്ള ബിൽഡപ്പിന്റെ തുടക്കത്തിൽ അർജന്റീനിയൻ ഡിഫൻഡർ ലിസാൻദ്രോ മാർട്ടിനെസിനെ ഈജിപ്ഷ്യൻ താരം മർവാൻ അറ്റേയ ഫൗൾ ചെയ്തതായി കണ്ടെത്തിയതിനെത്തുടർന്ന് റദ്ദാക്കുകയും അർജന്റീനയ്ക്ക് അനുകൂലമായി ഫ്രീ കിക്ക് അനുവദിക്കുകയും ചെയ്തു.

പിന്നീട് അർജന്റീന ബോക്സിനുള്ളിൽവച്ച് ഈജിപ്‌ത് താരം ഹംദി ഫാത്തിയുടെ ജഴ്‌സിയിൽ അർജന്റീനിയൻ താരം അലക്സിസ് മക് അലിസ്റ്റർ പിടിച്ചുവലിച്ച് വീഴ്ത്തിയതിനെത്തുടർന്ന് മക് അലിസ്റ്ററിനു മഞ്ഞ കാർഡ് ലഭിക്കാവുന്നതും ഈജിപ്തിന് പെനൽറ്റി കിക്ക് അനുവദിക്കാവുന്നതുമായിരുന്നു. എന്നാൽ, റഫറി ഫ്രാൻകോയ് ലെറ്റെക്‌സിയർ ഫൗൾ അനുവദിച്ചില്ല. മാത്രവുമല്ല, VAR പരിശോധനയിൽ ഫൗൾ നൽകിയില്ല. വീണ്ടും ഈജിപ്ത് താരം മുഹമ്മദ് സലായെ പെനൽറ്റി ബോക്സിനുള്ളിൽ വെച്ച് യൂലിയൻ അൽവാരസ് ഫൗള്‍ ചെയ്തപ്പോഴും റഫറി ഫൗൾ അനുവദിച്ചില്ല.

ഈജിപ്തിനോട് റഫറി പക്ഷപാതപരമായാണ് പെരുമാറിയതെന്ന് ഈജിപ്‌ത് കോച്ച് ഹൊസ്സം ഹസ്സൻ പ്രസ്താവിച്ചതിനോടൊപ്പം റഫറിയ്‌ക്കെതിരായും VAR റഫറിമാർക്കെതിരായും ഈജിപ്‌ത് ഫുട്‌ബോൾ ഫെഡറേഷൻ, ഫിഫയ്ക്ക് പരാതി നൽകി. ഈജിപ്ഷ്യൻ കോച്ച് പലസ്തീന് തുറന്ന പിന്തുണ നൽകിയതും പലസ്തീനിയൻ പതാക വീശുകയും ചെയ്തത് മത്സരത്തിന് രാഷ്ട്രീയ പ്രാധാന്യം നൽകിയിരുന്നു. ഈ മത്സരത്തിൽ അർജന്റീന, ഈജിപ്‌തിനെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. ഈജിപ്തിന് രണ്ട് ഗോളുകൾ മടക്കി നൽകാനേ കഴിഞ്ഞുള്ളൂ. ജനപ്രീതിയും ആരാധകർ കൂടുതലുമുള്ള ടീമിനെ നിലനിർത്താനുള്ള വഴിവിട്ട നീക്കമാണ് നടന്നതെന്ന് പല സാമൂഹ്യമാധ്യമങ്ങളിലും ആരോപണം വന്നു.

പരാഗ്വൻ സെനറ്ററും വംശീയ അധിക്ഷേപവും

പ്രീക്വാർട്ടർ മത്സരത്തിൽ പരാഗ്വയും ഫ്രാൻസും തമ്മിൽ ഫിലാഡെൽഫിയ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയപ്പോൾ പരാഗ്വയുടെ ശാരീരിക ആക്രമണങ്ങളും കയ്യാങ്കളിയും കാരണം ആദ്യപകുതിയിൽ ഫ്രാൻസിന് ഗോൾ നേടാൻ കഴിഞ്ഞില്ല. എന്നാൽ, 69-ാം മിനിറ്റിൽ പരാഗ്വയുടെ ഡീഗോ ഗോമസ്, ഫ്രെഞ്ച് താരം ഡിസയർ ഡൗവിനെ പെനൽറ്റി ബോക്സിനുള്ളിൽ കാലിൽ ചവിട്ടിവീഴ്ത്തിയപ്പോൾ ലഭിച്ച പെനൽറ്റി കിക്ക് കിലിയൻ എംബാപ്പെ ഗോളാക്കി മാറ്റി. ഗോളി ഒർലാൻഡോ ഹിൽ വലത്തേക്ക് ചാടിയപ്പോൾ പന്ത് ഗോൾ പോസ്റ്റിന്റെ വലതുഭാഗത്തു പതിച്ചു. വളരെ വലിയ ശാരീരിക ആക്രമണങ്ങൾ നടന്നിട്ടും ഉസ്‌ബെക്ക് റഫറി ഇൽഗിസ് ടാൻടഷെവ് പരാഗ്വയ്ക്ക് എതിരെ ഒരു മഞ്ഞക്കാർഡ് പോലും കാണിച്ചില്ല. ഒരു ഗോളിന് ഫ്രാൻസ് ക്വാർട്ടറിൽ കടന്നു.

മത്സരശേഷം തനിക്ക് ഹസ്തദാനം നൽകാൻ തയ്യാറാവാതിരുന്ന എംബാപ്പയെ ഗോളി ഒർലാൻഡോ ഹിൽ പന്തുകൊണ്ടെറിഞ്ഞു. പരാഗ്വയ്ൻ ഗോളിക്ക് ഹസ്തദാനം നൽകാത്തതിൽ പ്രകോപിതയായ പരാഗ്വയ്ൻ സെനറ്റർ സെലെസ്റ്റെ അമറില്ല, എംബാപ്പെയ്ക്ക് എതിരെ വംശീയ അധിക്ഷേപം നടത്തി, “മുലപ്പാലല്ല, തേങ്ങാവെള്ളം കുടിച്ചിട്ടാണ് ഇവൻ വളർന്നതെന്നും, അവൻ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ബുദ്ധിയുള്ള ജീവികൾ ചിമ്പാൻസികളാണെന്നുമുള്ള” ക്രൂരമായ പരാമർശങ്ങളാണ് നടത്തിയത്. പരാഗ്വയ്ൻ വനിതാ സെനറ്ററുടെ പരാമർശങ്ങളെ ഫ്രെഞ്ച് ഫുട്‌ബോൾ ഫെഡറേഷനും ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോയും ശക്തമായി അപലപിച്ചു. എന്നാൽ, പാരഗ്വയ്ൻ സർക്കാർ വ്യക്തമാക്കിയത് സെനറ്ററുടെ പരാമർശം തീർത്തും വ്യക്തിഗതമാണെന്നാണ്. “സ്വന്തം സ്ഥാനത്തെക്കുറിച്ച് ബോധമില്ലാത്ത നികൃഷ്ടയായ സ്ത്രീയാണ് നിങ്ങൾ എന്നാണ് എംബാപ്പെ വംശീയ അധിക്ഷേപത്തിന് എതിരായി പ്രതികരിച്ചത്. സെനറ്റർക്കെതിരായി നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നു ഫ്രെഞ്ച് ഫുട്‌ബോൾ അസോസിയേഷൻ വ്യക്തമാക്കി. ഫുട്‌ബോളിൽ വർണ-വർഗ വ്യത്യാസമില്ലാതെ എല്ലാവരും തുല്യരാണെന്ന് ഇൻഫാന്റിനോ പ്രതികരിച്ചു.

വംശീയ അധിക്ഷേപത്തിന് എതിരായി ഫിഫ സ്റ്റാറ്റ്യൂട്ട് ആർട്ടിക്കിൾ നാല് പ്രകാരം നടപടി സ്വീകരിക്കാവുന്നതാണ്. ഫിഫ ഉദ്യോഗസ്ഥനോ കളിക്കാരനോ പ്രതിയായാൽ പത്ത് മത്സരങ്ങളിൽ വിലക്ക് നേരിടാം. എന്നാൽ, ഫിഫയ്ക്ക് ഒരു മന്ത്രിക്കോ സെനറ്റർക്കോ എതിരെ പ്രത്യക്ഷ നടപടി എടുക്കാൻ കഴിയില്ല. എന്നാൽ, പ്രസ്തുത രാജ്യത്തിന്റെ ഫുട്‌ബോൾ അസോസിയേഷന് വിലക്ക് കൊണ്ടുവരാം.

ഇംഗ്ലണ്ട്-അർജന്റീന സെമിഫൈനൽ

2026 ജൂലൈ 16-ന് അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമിഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെ 2-1-ന് തോൽപ്പിച്ചുകൊണ്ട് ലയണൽ മെസ്സിയുടെ ക്യാപ്റ്റൻസിയിലുള്ള അർജന്റീന, ഫൈനലിലേയ്ക്ക് പ്രവേശിച്ചു. 55-ാം മിനിറ്റിൽ ആന്റണി ഗോർഡനായിരുന്നു ഇംഗ്ലണ്ടിനായി ഗോൾ നേടിയത്. ഒരു ഗോളിനു പിന്നിൽനിന്ന ശേഷം, 85-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് അർജന്റീനയ്ക്കായി സമനില ഗോൾ നേടി, മെസ്സിയുടെ പാസ്സിൽനിന്ന്. അർജന്റീനയ്ക്കായി രണ്ടാം ഗോൾ നേടിയത് പകരക്കാരനായി ഇറങ്ങിയ ലൗട്ടാറോ മാർട്ടിനെസ് ആണ്.

അർജന്റീനിയൻ കളിക്കാർ വിജയാഹ്ലാദം പ്രകടിപ്പിക്കുമ്പോൾ, ഗാലറിയിൽനിന്ന് ആരാധകർ നൽകിയ രാഷ്ട്രീയ ബാനർ ജിയോവാനി ലോ സെൽസൊയും നിക്കോളാസ് ഒട്ടാമെൻഡിയും ഗ്രൗണ്ടിൽ പ്രദർശിപ്പിച്ചത് വിവാദങ്ങൾക്കു കാരണമായി. ബാനറിൽ ‘ലാസ് മാൽവിനാസ് സൺ അർജന്റീനാസ്’ (ഫോക്‌ലാൻഡ് ദ്വീപുകൾ അർജന്റീനയുടേതാണ്) എന്ന് സ്‌പാനിഷ് ഭാഷയിലാണ് എഴുതിയിരുന്നത്. ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഫോക്‌ലാൻഡ് ദ്വീപുകൾക്കുവേണ്ടി 1982-ൽ അർജന്റീനയും ബ്രിട്ടനും തമ്മിൽ 74 ദിവസം നീണ്ട യുദ്ധത്തിൽ അർജന്റീന തോൽപ്പിക്കപ്പെടുകയും ആയിരത്തോളം പേർക്ക് ജീവൻ നഷ്ടപ്പെടുകയുമുണ്ടായി. തങ്ങളുടെ ദ്വീപുകൾ ബ്രിട്ടീഷുകാർ ബലമായി പിടിച്ചെടുത്തുവെന്നാണ് അർജന്റീനക്കാരുടെ വാദം. 1986-ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായി മറഡോണ കൈക്കൊണ്ട് ഗോളടിച്ചതിനെ ന്യായീകരിച്ചതും ഫോക്‌ലാൻഡ് ദ്വീപിനെ കൈവശപ്പെടുത്തിയവർക്ക് എതിരായുള്ള പ്രതികാരമാണെന്നു പറഞ്ഞുകൊണ്ടാണ്. ഇംഗ്ലണ്ട്-അർജന്റീന ഫുട്‌ബോൾ മത്സരം ഇരുകൂട്ടർക്കും അഭിമാനപ്രശ്നമാകുന്നതോടൊപ്പം രാഷ്ട്രീയ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതും കാണാം.

കളിക്കാരുടെ ജേഴ്‌സിയിലോ മറ്റു വസ്തുക്കളിലോ രാഷ്ട്രീയവും മതപരവുമായ മുദ്രാവാക്യങ്ങളോ പ്രസ്താവനകളോ ചിത്രങ്ങളോ പാടില്ലായെന്ന് ഫിഫ വ്യക്തമാക്കുന്നുണ്ട്. ഇത് ലംഘിക്കുന്നവർക്കെതിരെ ഫിഫയ്ക്ക് നടപടിയെടുക്കാം. രാഷ്ട്രീയ മുദ്രാവാക്യം ഉയർത്തിയ അർജന്റീനയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ബ്രിട്ടൻ ഫിഫയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

2026 ജൂലൈ 19 - ഫൈനൽ മാച്ച്

സ്‌പെയിനിന്റെ ടിക്കി ടാക്ക ശൈലിയിലുള്ള ആക്രമണ ഫുട്‌ബോളിനെ പൂർണ പ്രതിരോധത്തിലൂന്നിയാണ് ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന, ന്യൂജെഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ തടഞ്ഞുനിർത്തിയത്. അർജന്റീനിയൻ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ സൂപ്പർ സേവുകൾ അർജന്റീനയെ വലിയ നാണക്കേടിൽ നിന്നാണ് രക്ഷിച്ചത്. ഗോളൊഴിഞ്ഞുനിന്ന രണ്ട് പകുതികൾക്കുശേഷം എക്‌സ്ട്രാ ടൈമിലെ 106-ാം മിനിറ്റിലാണ് പകരക്കാരനായി ഇറങ്ങിയ സ്‌പെയിൻ താരം ഫെറാൻ ടോറസ് വിജയഗോൾ നേടിയത്. 2022-ലെ ലോകകപ്പ് വിജയിയായ അർജന്റീനയ്ക്ക് 108-ാം മിനിറ്റുവരെ എതിർപോസ്റ്റിലേക്ക് ഷോട്ടുതിർക്കാൻപോലും കഴിയാതിരുന്നപ്പോൾ, അവർ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. സ്‌പെയിനെ സംബന്ധിച്ച് രണ്ടാമത്തെ ലോകകപ്പ് വിജയം, 2010-ലാണ് ആദ്യ ലോകകപ്പ് നേടിയത്. വളരെ വലിയ താരങ്ങൾ ഇല്ലാതെ ഒത്തൊരുമയോടെ ആക്രമണശൈലിയിൽ കളിച്ചതാണ് സ്‌പെയിനിന്റെ വിജയത്തിന്റെ അടിസ്ഥാനം. അർജന്റീനിയൻ ടീമംഗങ്ങൾ കണ്ണീരോടെ പുറത്തേക്ക് പോവുമ്പോൾ, ലോകത്തെ ആനന്ദിപ്പിച്ച, വിസ്മയിപ്പിച്ച, പ്രചോദിപ്പിച്ച മെസ്സിയും ലോകകപ്പിൽനിന്നു വിടപറയുകയാണ്. നെയ‌്മർ ജൂനിയറും മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമുൾപ്പെടെയുള്ള ഒരു തലമുറയുടെ മാറ്റം ഈ ലോകകപ്പിലുണ്ടായി. എർലിങ് ഹാളണ്ട്, ലാമിൻ യമാൽ, ജൂഡ് ബെല്ലിംഹാം, വോസീന്യോ, പാവു കുർബാസി, റോഡ്രി തുടങ്ങിയ പുതുതാരങ്ങളുടെ ഉദയവും ഈ ലോകകപ്പിൽ കണ്ടു.

ഈ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് നേടിയത് ഫ്രെഞ്ച് നായകൻ കിലിയൻ എംബാപ്പെയാണ്, 10 ഗോളും നാല് അസിസ്റ്റും വഴി. മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ ലഭിച്ചത് സ്‌പെയിൻ ക്യാപ്റ്റൻ റോഡ്രിക്കാണ്. മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ ഫ്രാൻസിനെ ആറ് ഗോളുകേ കഴിഞ്ഞുള്ളൂ. ലോകകപ്പ് ഫൈനൽ മത്സരശേഷം അർജന്റീനിയൻ- സ്‌പെയിൻ താരങ്ങൾ തമ്മിലുണ്ടായ വാക്കേറ്റവും ആക്രമണങ്ങളും ഫുട്‌ബോളിന്റെ മാന്യതയ്ക്കും മാനവികതയ്ക്കും എതിരായിരുന്നു. സ്‌പെയിൻ കിരീടം ഉയർത്തുമ്പോൾ അർജന്റീനിയൻ കളിക്കാർ പുറംതിരിഞ്ഞുനിന്നാണ് രോഷം പ്രകടിപ്പിച്ചത്. കായികവിനോദങ്ങൾ സ്നേഹത്തിന്റെ പതാകയാണ് ഉയർത്തേണ്ടത്, വെറുപ്പിന്റേയും പകയുടേതുമല്ല. അർജന്റീനിയൻ താരങ്ങളുടെ മോശം പെരുമാറ്റത്തിനെതിരായി ഫിഫ അച്ചടക്കസമിതി നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Gianni Infantino And Trump
ട്രംപും ഇന്‍ഫാന്റിനോയും Jacquelyn Martin

ഫിഫ പ്രസിഡന്റിന്റെ നിലപാടുകൾ

2027 നവംബറിൽ ഫിഫ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് നടക്കാൻ പോവുമ്പോൾ ഇൻഫാന്റിനോ മത്സരിക്കാൻ തയ്യാറാവുകയും വിവിധ രാജ്യങ്ങളിലെ ഫുട്‌ബോൾ ഫെഡറേഷനുകളുടെ പിന്തുണ തേടുകയും ചെയ്തിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഫിഫ സമാധാന പുരസ്കാരം നൽകിയതും അമേരിക്കൻ കളിക്കാരനായ ഫൊളാരിൻ ബലോഗന്റെ റെഡ് കാർഡ് മരവിപ്പിക്കാനുള്ള ട്രംപിന്റെ സമ്മർദത്തിനു വഴങ്ങിയതും ചില ടീമുകളോടുള്ള പക്ഷപാതപരമായ സമീപനങ്ങളും കാരണം ഫിഫ പ്രസിഡന്റിനെതിരായി ഒരു പൊതുസ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ചർച്ചകൾ യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ആരംഭിച്ചിട്ടുണ്ട്. ഇൻഫാന്റിനോയെ പിന്തുണയ്ക്കേണ്ടെന്ന തീരുമാനത്തിനെത്തുടർന്ന് ജർമനി ഇൻഫാന്റിനോയുടെ സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കുന്ന കത്തിൽ ഒപ്പുവച്ചിട്ടില്ല. യൂറോപ്പിലെ കൂടുതൽ ഫെഡറേഷനുകൾ ഇൻഫാന്റിനോയോട് അകലം പാലിക്കുകയും ചെയ്യുന്നു.

പോളണ്ടുകാരനായ ഡാരിയസ് മിയോഡുസ്‌കി, ഖത്തർ ബിസിനസുകാരനായ നാസർ അൽഖിലേഫി എന്നിവരാണ് യൂറോപ്യൻ രാജ്യങ്ങളുടെ ചർച്ചാ പട്ടികയിൽ ഉള്ളവർ. 2028-ലെ യൂറോ ഫുട്‌ബോൾ മത്സരങ്ങൾ സംയുക്തമായി ബ്രിട്ടനും അയർലൻഡും നടത്തുകയാണ്. ഫുട്‌ബോൾ മത്സരത്തിന്റെ ഒഴുക്കിനു വിഘാതമായി പുതുതായി ഏർപ്പെടുത്തിയ മൂന്ന് മിനിറ്റ് ഹൈഡ്രേഷൻ ബ്രേക്ക് ഉൾപ്പെടെയുള്ളവ ഒഴിവാക്കിക്കൊണ്ട് പരമ്പരാഗത നിയമങ്ങൾ മാത്രം നിലനിർത്തി മത്സരങ്ങളെ പുനഃക്രമീകരിക്കുന്നതിനായി ഇറ്റലി, ജർമനി, പോർച്ചുഗൽ, നോർവേ, അയർലണ്ട് എന്നീ രാജ്യങ്ങൾ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. കടുത്ത ചൂടുണ്ടെങ്കിൽ മാത്രം കൂളിങ് ബ്രേക്ക് നൽകിയാൽ മതിയെന്നാണ് തീരുമാനം. യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണയില്ലാതെ ഇൻഫാന്റിനോ വീണ്ടും ഫിഫ പ്രസിഡന്റ് പദവിയിൽ എത്തുമോയെന്നു കണ്ടറിയണം.

ഇംഗ്ലണ്ടിൽ വനിതാ സംഘടനകൾ ‘He is coming Home’ എന്ന ബോധവല്‍ക്കരണ പ്രചാരണ പരിപാടി ആരംഭിച്ചിട്ടുണ്ട്. ഓരോ ലോകകപ്പ് വിജയത്തിനുശേഷവും ഇംഗ്ലണ്ടുകാർ ആവേശത്തോടെ പാടുന്നതാണ് ‘It’s coming Home.’ എന്നാൽ, ഇംഗ്ലണ്ട് ടീം ഓരോ തവണ തോൽക്കുമ്പോഴും ഗാർഹിക പീഡനക്കേസുകൾ 38 ശതമാനം വർദ്ധിക്കുന്നതായും ജയിക്കുമ്പോഴും സമനിലയിലാവുമ്പോഴും 26 ശതമാനം വർദ്ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ‘He is coming Home’ എന്ന് എഴുതിയ പതാകകൾ വീടുകളിൽ സ്ഥാപിച്ച് സ്ത്രീകളെ ബോധവല്‍ക്കരിക്കുകയാണ് വനിതാ സംഘടനകൾ ചെയ്യുന്നത്.

ഉപസംഹാരം

ഫുട്‌ബോൾ കളിയിൽ ജനാധിപത്യ ദർശനങ്ങളെല്ലാമുണ്ട്, സ്വാതന്ത്ര്യം, സമത്വം, സംഘബോധം, ഒത്തൊരുമ, നിയമങ്ങൾ പാലിക്കൽ, ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനങ്ങൾ, ചുരുക്കത്തിൽ ഫുട്‌ബോൾ കളി ഒരു ജനാധിപത്യ പ്രഖ്യാപനമാണ്. ഈ കളിയുടെ കളിക്കളങ്ങളിൽ രാഷ്ട്രീയം കലർത്താൻ പാടില്ലായെന്ന് ഒരു കൂട്ടം ഫുട്‌ബോൾ കളിക്കാരും വിദഗ്ദ്ധരും വാദിക്കുന്നു. കളികൾ ഒരു സമൂഹത്തിനും ജനതയ്ക്കും സന്തോഷവും ആഹ്ലാദവും പകരുന്ന വിനോദ ഉപാധികൾ മാത്രമാണെന്നും അവിടെ രാഷ്ട്രീയം വിലക്കണമെന്നും ശക്തമായി നിലപാടെടുക്കുന്നു. എന്നാൽ, മറ്റൊരു കൂട്ടം പണ്ഡിതന്മാരും കളിക്കാരും പ്രസ്താവിക്കുന്നത് കളിക്കളങ്ങൾ സമൂഹത്തെയാണ് പ്രതിഫലിപ്പിക്കുന്നത്, അക്കാരണത്താൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങൾ കളിക്കളങ്ങളിൽ എല്ലാക്കാലത്തും ചർച്ചയാക്കപ്പെടുമെന്നാണ്. കളിക്കാർ ജീവിക്കുന്നത് ഒരു സമൂഹത്തിലാണെന്നും ആ സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളും വ്യക്തികളെ സ്വാധീനിക്കാമെന്നും ഇക്കാരണംകൊണ്ട് വ്യക്തികളുടെ രാഷ്ട്രീയം കളിക്കളങ്ങളിൽ പ്രകടമാവുമെന്നും ന്യായീകരിക്കുന്നു.

എന്നാൽ, ഈ രണ്ടുകൂട്ടരും ഒരുപോലെ ഒരുമിച്ച് നിൽക്കുന്നത് ഒരു വസ്തുതയിലാണ്, കളിക്കളങ്ങൾ സമാധാനം ഊട്ടി ഉറപ്പിക്കാനുള്ള പൊതുവേദികളാണ്. അത് യുദ്ധ പ്രഖ്യാപന-പ്രകടനവേദികളല്ല, വെറുപ്പും വിദ്വേഷവും വളർത്താനുള്ള മൈതാനങ്ങളല്ല. 2026-ലെ ഫുട്‌ബോൾ ലോകകപ്പ് വേദിയിൽ പ്രകടമായത്, കളിക്കുന്ന ചില ടീമുകളോടുള്ള പകയും അവർക്കുളള നിയന്ത്രണങ്ങളും കളിനിയമങ്ങൾക്കു നിരക്കാത്ത രീതിയിൽ റെഡ് കാർഡ് പിൻവലിക്കലും വംശീയ അധിക്ഷേപങ്ങളും രാഷ്ട്രീയ ബാനറുകളുമാണ്. ഫിഫയുടെ നിയമങ്ങൾ ശക്തമായി നടപ്പിലാക്കി ഇത്തരം പ്രവണതകളെ ഇല്ലാതാക്കേണ്ടത് ഫുട്‌ബോളിനെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഫിഫ ചെയ്യേണ്ടതാണ്. ഫിഫ പ്രസിഡന്റ് തന്നെ സമ്മർദങ്ങൾക്കു വഴങ്ങുന്നത് ഈ മനോഹര കളിയുടെ വിശ്വാസ്യത നഷ്ടമാക്കും. എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെടേണ്ടത് കളിക്കളത്തിനുള്ളിൽ നടക്കുന്ന കളിയിൽനിന്നായിരിക്കണം, അല്ലാതെ കളിക്കളത്തിനു പുറത്ത് നടക്കുന്ന കളികളിലൂടെ ആകരുത്. കളിക്കളങ്ങൾക്കു പുറത്തുവെച്ച് കളികൾ തീരുമാനിക്കപ്പെട്ടാൽ അത് ഫുട്‌ബോളിലെ ജനാധിപത്യത്തെ അപകടത്തിലാക്കുകയും ഫുട്‌ബോളിനെ സ്നേഹിക്കുന്നവർ കളിയിൽനിന്ന് അകലുകയും ചെയ്യും. കളിക്കളങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് സഹവർത്തിത്വവും സമഭാവനയും സഹാനുഭൂതിയും പ്രകടമാക്കുന്ന ജനാധിപത്യ രാഷ്ട്രീയത്തെയാണ്, പകരം സ്വേച്ഛാധിപതികളുടെ താളങ്ങൾക്കൊത്ത് പ്രവർത്തിക്കുന്ന രാഷ്ട്രീയത്തെയല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com