

കേരളത്തിലെ ഫുട്‌ബോൾ ആരാധനയെ പലപ്പോഴും ‘കളിയോടുള്ള മലയാളിയുടെ ഭ്രാന്തമായ സ്‌നേഹം’ എന്ന ലളിതവാക്യത്തിലേക്ക് ചുരുക്കിപ്പറയാറുണ്ട്. (കേരളീയരുടെ ഫുട്‌ബോൾപ്രേമം വെറും കായികാഭിരുചി മാത്രമല്ല. അതിന് ചരിത്രപരവും സാമൂഹികവും സാംസ്‌കാരികവുമായ നിരവധി കാരണങ്ങളുണ്ട്.കൊളോണിയൽ സ്വാധീനമാണ് അതിൽ പ്രധാനം. ബ്രിട്ടീഷുകാർ മലബാറിൽ സ്‌കൂളുകളിലും സൈനിക കേന്ദ്രങ്ങളിലുമായി ഫുട്‌ബോൾ പ്രചരിപ്പിച്ചു. പ്രത്യേകിച്ച് കണ്ണൂർ, കോഴിക്കോട്, തലശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ ഫുട്‌ബോൾ വേഗത്തിൽ ജനകീയമായി.
കോഴിക്കോട്, കൊച്ചി തുടങ്ങിയ തുറമുഖങ്ങളിലൂടെ യൂറോപ്യൻ കപ്പൽക്കാരും വ്യാപാരികളും എത്തി. അവർ ഒഴിവുനേരങ്ങളിൽ പങ്കിട്ട ഫുട്‌ബോൾ നാട്ടുകാരും ഏറ്റെടുത്തു.
1970-കൾക്കു ശേഷം ഗൾഫിലേക്ക് കുടിയേറിയ മലയാളികൾക്ക് ലോകഫുട്‌ബോളുമായി ബന്ധപ്പെടാനുള്ള അവസരങ്ങൾ കൂടുതൽ സാധ്യമായി. ബ്രസീൽ, അർജന്റീന, ഇറ്റലി തുടങ്ങിയ ടീമുകളോടുള്ള ആരാധനയ്ക്ക് ഇതും വലിയ കാരണമായതായി കരുതാം.
ക്രിക്കറ്റ് പോലുള്ള കായികവിനോദങ്ങൾക്ക് ഉറപ്പാക്കേണ്ടതായ ചെലവേറിയ അടിസ്ഥാന സൗകര്യങ്ങൾ ഫുട്‌ബോൾ ആവശ്യപ്പെടുന്നില്ല, ഒരു പന്തും ചെറിയ മൈതാനവും മതിയായിരുന്നു അടിസ്ഥാന ജനതയ്ക്ക് കളിയുടെ ലഹരി പങ്കിടാൻ. അതിനാൽ തൊഴിലാളിവർഗത്തിനും മത്സ്യത്തൊഴിലാളികൾക്കും ഗ്രാമീണ യുവാക്കൾക്കും ഫുട്‌ബോൾ കളിയിലൂടെ സാമൂഹിക സമത്വത്തിന്റെ ഇടങ്ങളെ എളുപ്പത്തിൽ സ്വന്തമാക്കാൻ കഴിഞ്ഞു.
കേരളത്തിലെ വായനശാലകൾ, ക്ലബ്ബുകൾ, തൊഴിലാളി സംഘടനകൾ എന്നിവയുടെ ചുറ്റുപാടിൽ ഫുട്‌ബോൾ വളർന്നു. പ്രത്യേകിച്ച് മലബാറിൽ ഫുട്‌ബോൾ ഒരു സാമൂഹിക ആഘോഷമായി മാറി.
1982-ലെ ലോകകപ്പിനു ശേഷം ടെലിവിഷൻ വ്യാപകമായതോടെ ലോകകപ്പ് കേരളത്തിലെ ജനകീയ ഉത്സവമായി. പിന്നീട് സാറ്റലൈറ്റ് ടി.വിയും ഇന്റർനെറ്റും ഈ ബന്ധം ശക്തമാക്കി.
ഇന്ന് കൂടുതൽ ആഴത്തിൽ നോക്കുമ്പോൾ, കേരളത്തിലെ ഫുട്‌ബോൾ ഹരത്തിന് മറ്റൊരു രാഷ്ട്രീയ-സാംസ്‌കാരിക വശവും കാണാം. തൊഴിലാളികൾ, ദളിതർ, മത്സ്യത്തൊഴിലാളികൾ, മുസ്‌ലിം സമൂഹങ്ങൾ, ലത്തീൻ ക്രൈസ്തവർ തുടങ്ങിയ വിവിധ സാമൂഹിക വിഭാഗങ്ങൾ ഇടകലരുന്ന പൊതുവേദിയായി ഫുട്‌ബോൾ മാറി. അതുകൊണ്ട് കേരളത്തിലെ ഫുട്‌ബോൾ ഒരു കളി മാത്രമല്ല, അത് സാമൂഹിക ഐക്യത്തിന്റേയും പ്രാദേശിക സ്വത്വത്തിന്റേയും ജനകീയ സംസ്‌കാരത്തിന്റേയും പ്രകടനവുമാണ്).
എന്തുകൊണ്ടാണ് കേരളത്തിലെ ഒരു ഗ്രാമത്തിൽ അർജന്റീനയുടേയോ ബ്രസീലിന്റേയോ പതാക നൂറുകണക്കിന് മീറ്റർ നീളത്തിലും ഭീമാകാരമായ അടിക്കണക്കിൽ ഇഷ്ടതാരങ്ങളുടെ കട്ടൗട്ടുകളും ഉയരുന്നത്? എന്തുകൊണ്ടാണ് യൂറോപ്യൻ ക്ലബ്ബുകളുടെ ജയപരാജയങ്ങൾ പ്രാദേശിക രാഷ്ട്രീയത്തെപ്പോലെ ചർച്ച ചെയ്യപ്പെടുന്നത്? എന്തുകൊണ്ടാണ് ഒരു വിദേശ താരത്തിന്റെ ജേഴ്‌സി വേറിട്ട സാമൂഹിക തിരിച്ചറിയൽ രേഖയായി മാറുന്നത്? ഈ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്താൻ കായിക വിനോദപഠനം മാത്രം പോര; രാഷ്ട്രീയ സാമ്പത്തികശാസ്ത്രം, സാംസ്‌കാരിക പഠനം, മാധ്യമപഠനം, അംബേദ്കർ ചിന്ത, ജാതിവിമർശനം എന്നിവയെ ഒരുമിച്ച് പ്രയോഗിക്കേണ്ടതുണ്ട്.
‘മല്ലു ഫുട്‌ബോൾ ഫാൻ’ എന്നത് സ്വാഭാവികമായി രൂപപ്പെട്ട ഒരു സാംസ്‌കാരിക വിഭാഗമല്ല. ആഗോള കായികവ്യവസായവും മാധ്യമ മൂലധനവും ചേർന്ന് നിർമിച്ച ഒരു സാമൂഹിക-രാഷ്ട്രീയ സ്വത്വമാണത്. ഈ സ്വത്വം രൂപപ്പെടുന്ന പ്രക്രിയയിൽ ജാതി, വർഗം, ലിംഗം, ഡിസെബിലിറ്റി, ഭാഷ, ദേശീയത, ഉപഭോഗസംസ്‌കാരം എന്നിവ പരസ്പരം ഇഴചേരുന്നുണ്ട്. ഇത്തരത്തിൽ പുതുതായി നിർമിക്കപ്പെട്ട വ്യക്തിസത്തയെ വിശകലനം ചെയ്യുന്നതിന് അംബേദ്‌കർ ചിന്ത നിർണായകമായ ഒരു ദിശ നൽകുന്നുണ്ട്. അംബേദ്കർ ജനാധിപത്യത്തെ തെരഞ്ഞെടുപ്പുകളിലോ ഭരണഘടനയിലോ മാത്രം ഒതുക്കിയിരുന്നില്ല; അത് ദൈനംദിന ജീവിതത്തിലെ സാമൂഹിക ബന്ധങ്ങളുടെ പുനർനിർമാണമായാണ് അദ്ദേഹം കണ്ടത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങൾ വിദ്യാഭ്യാസത്തിലും തൊഴിൽരംഗത്തും കുടുംബത്തിലും സംസ്‌കാരത്തിലും ഒരുപോലെ പ്രവർത്തിക്കണം. ഈ സമീപനം സ്വീകരിക്കുമ്പോൾ, കായികരംഗവും വിമർശനാത്മക പരിശോധനയ്ക്ക് വിധേയമാകും.
കേരളത്തിലെ ഫുട്‌ബോൾ ആരാധനയിൽ സാമൂഹിക നീതിയുടെ ചോദ്യങ്ങൾ എത്രത്തോളം പ്രതിഫലിക്കുന്നു? ഭിന്നശേഷിക്കാരുടെ കായികാവകാശങ്ങൾ, വനിതാ ഫുട്‌ബോൾ, ദരിദ്രരുടെ കായികസൗകര്യങ്ങൾ, പ്രാദേശിക ലീഗുകൾ, തൊഴിലാളികളുടെ അവകാശങ്ങൾ വയോജനങ്ങളുടെ പങ്കാളിത്തം എന്നിവ ആരാധനാസംസ്‌കാരത്തിന്റെ കേന്ദ്രവിഷയങ്ങളാകുന്നുണ്ടോ? അല്ലെങ്കിൽ ആഗോള താരങ്ങളുടേയും കോർപറേറ്റ് ബ്രാൻഡുകളുടേയും തിളക്കത്തിൽ ഇവ അപ്രത്യക്ഷമാകുന്നുണ്ടോ? അംബേദ്കറുടെ സാമൂഹിക ജനാധിപത്യ സങ്കല്പം ഈ വൈരുദ്ധ്യങ്ങളെ തിരിച്ചറിയാനുള്ള വിമർശനാത്മക ഉപകരണമാണ്.
അതേസമയം, ഫുട്‌ബോൾ ആരാധനയെ വെറും ‘തെറ്റായ ബോധം’ എന്ന നിലയിൽ തള്ളിക്കളയാൻ ശ്രമിക്കുന്നതും ശരിയായ നിലപാടല്ല. ഫുട്‌ബോൾ ജനങ്ങളെ ഒരുമിപ്പിക്കാനും വർഗ-മത-ഭാഷാ അതിരുകൾ മറികടന്ന് പുതിയ കൂട്ടായ്മകൾ സൃഷ്ടിക്കാനും ശേഷിയുള്ള സാംസ്‌കാരിക ഇടമാണ്. എന്നാൽ, ആ കൂട്ടായ്മകൾ സാമൂഹിക നീതിയിലേക്ക് വളരുന്നുണ്ടോ അതോ കോർപറേറ്റ് ഉപഭോഗത്തിലേക്ക് ചുരുങ്ങുകയാണോ എന്നതാണ് നിർണായക ചോദ്യം.
അതിനാൽ ഫുട്‌ബോൾ എന്ന കായിക ഇനവുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന ആരാധകക്കൂട്ടത്തെ വിമർശിച്ചു തള്ളിക്കളയുകയല്ല, മറിച്ച് ഫുട്‌ബോളിനെ ചരക്കാക്കി മാറ്റിയ ആഗോള സാമ്പത്തിക വ്യവസ്ഥയേയും അതിന്റെ സാംസ്‌കാരിക പ്രത്യാഘാതങ്ങളേയുമാണ് വിമർശനാത്മകമായി പരിശോധിക്കുകയാണ് വേണ്ടത്.
ഫിഫയുടെ രാഷ്ട്രീയ സാമ്പത്തികശാസ്ത്രം
ഫുട്‌ബോളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ, അത് തൊഴിലാളിവർഗത്തിന്റെ വിനോദത്തിൽനിന്ന് ആരംഭിച്ച് ആഗോള കോർപറേറ്റ് വ്യവസായമായി വളർന്ന ഒരു ദീർഘമായ പരിവർത്തനത്തിന്റെ ചരിത്രമാണെന്നു കാണാം. ഈ പരിവർത്തനത്തിന്റെ കേന്ദ്രത്തിൽ നിൽക്കുന്നത് ഫിഫ എന്ന സ്ഥാപനം മാത്രമല്ല, ആഗോള ധനമൂലധനം, മാധ്യമക്കമ്പനികൾ, പരസ്യവിപണി, ഡിജിറ്റൽ സാങ്കേതികവിദ്യ, ഡാറ്റാ സമ്പദ്‌വ്യവസ്ഥ എന്നിവ ചേർന്നുള്ള ഒരു അധികാരശൃംഖലയാണ്. ഫിഫ ആ ശൃംഖലയെ ഏകോപിപ്പിക്കുന്ന കേന്ദ്രമാണ്.
ഈ സാഹചര്യത്തിൽ ലോകകപ്പ് ഒരു കായികമത്സരമെന്നതിലുപരി, വൻതോതിലുള്ള സാമ്പത്തിക ഉല്പാദന പ്രക്രിയയായി മാറുന്നു. കളിക്കാർ പന്ത് തട്ടുമ്പോൾ, മറ്റൊരു തലത്തിൽ സാമ്പത്തികമൂല്യവും ഒരേസമയം ഉല്പാദിപ്പിക്കപ്പെടുന്നു. ടെലിവിഷൻ സംപ്രേഷണാവകാശങ്ങൾ കോടിക്കണക്കിന് ഡോളറിന് വിൽക്കപ്പെടുന്നു. പരസ്യ ഇടങ്ങൾ ലേലം ചെയ്യപ്പെടുന്നു. ഓരോ ഗോൾ, ഓരോ സെലിബ്രേഷൻ, ഓരോ താരചിത്രം, ഓരോ വൈറൽ വീഡിയോ പോലും ബ്രാൻഡ് മൂല്യമായി മാറുന്നു. ഇവിടെ കളിയുടെ ദൃശ്യങ്ങൾ മാത്രമല്ല വിറ്റഴിക്കപ്പെടുന്നത്; മനുഷ്യരുടെ ശ്രദ്ധയും സമയവും വികാരങ്ങളുമാണ് വിൽക്കപ്പെടുന്നത്.
ഈ അവസ്ഥയെ രാഷ്ട്രീയ സാമ്പത്തികശാസ്ത്രത്തിന്റെ ഭാഷയിൽ വിശദീകരിക്കുമ്പോൾ, ആരാധകൻ ഉപഭോക്താവ് മാത്രമല്ല, മൂല്യം സൃഷ്ടിക്കുന്ന സാംസ്‌കാരിക തൊഴിലാളിയാണ്. ഓരോ മലയാളി ആരാധകരും രാത്രിയുറക്കം നഷ്ടപ്പെടുത്തി മത്സരം കാണുമ്പോൾ, സോഷ്യൽ മീഡിയയിൽ പ്രതികരിക്കുമ്പോൾ, ക്ലബ്ബിന്റെ ജേഴ്‌സി വാങ്ങുമ്പോൾ, യൂട്യൂബ് വിശകലനങ്ങൾ കാണുമ്പോൾ, ബ്രാന്‍ഡുകളുടെ പ്രചാരണങ്ങളിൽ പങ്കാളിയാകുമ്പോൾ, അവർ അറിയാതെ തന്നെ ഫുട്‌ബോൾ വ്യവസായത്തിന്റെ സാമ്പത്തിക ചക്രം ചലിപ്പിക്കുന്നു. അവരുടെ ശ്രദ്ധ പരസ്യദാതാക്കൾക്ക് വിൽക്കപ്പെടുന്നു; ആരാധക സമൂഹത്തിന്റെ ഡിജിറ്റൽ പെരുമാറ്റം ഡാറ്റയായി ശേഖരിക്കപ്പെടുന്നു; അവരുടെ വികാരം വിപണന തന്ത്രങ്ങളുടെ ഭാഗമായി മാറുന്നു.
ഇവിടെയാണ് ‘വികാരങ്ങളുടെ ചരക്കുവൽക്കരണം’ (commodification of emotion) എന്ന ആശയം പ്രസക്തമാകുന്നത്.
വ്യവസായവല്‍ക്കരണത്തിന്റെ ആദ്യഘട്ടത്തിൽ തൊഴിൽശക്തിയായിരുന്നു പ്രധാന ചരക്ക്. ഡിജിറ്റൽ മൂലധനത്തിന്റെ കാലത്ത് മനുഷ്യരുടെ ശ്രദ്ധ, ആഗ്രഹം, സ്‌നേഹം, നിരാശ, വിജയാനുഭവം, ദേശീയ അഭിമാനം എന്നിവയും സാമ്പത്തിക മൂല്യമുള്ള വിഭവങ്ങളായി മാറിയിരിക്കുന്നു. ഫുട്‌ബോൾ ഈ പ്രക്രിയയുടെ ഏറ്റവും വിജയകരമായ മാതൃകയാണ്.
കേരളത്തിലെ ഫുട്‌ബോൾ ആരാധന ഈ പ്രക്രിയയിൽനിന്ന് വേറിട്ടുനിൽക്കുന്നില്ല. ലോകകപ്പ് കാലത്ത് കേരളത്തിലെ ഗ്രാമങ്ങളിൽ ഉയരുന്ന ഭീമൻ പതാകകളും കട്ടൗട്ടുകളും ആഘോഷയാത്രകളും വെറും പ്രാദേശിക സാംസ്‌കാരിക പ്രകടനങ്ങളല്ല. അവ ആഗോള ബ്രാന്‍ഡ് രാഷ്ട്രീയത്തിന്റെ പ്രാദേശിക രൂപങ്ങളാണ്. അർജന്റീനയേയോ ബ്രസീലിനേയോ പിന്തുണയ്ക്കുന്ന ഒരു ആരാധകൻ, യഥാർത്ഥത്തിൽ ആ ടീമുകളുമായി നേരിട്ടൊരു സാമൂഹിക ബന്ധം സ്ഥാപിക്കുന്നില്ല; മാധ്യമങ്ങൾ നിർമിച്ച ഒരു പ്രതീകാത്മക ലോകത്തോടാണ് അദ്ദേഹം ബന്ധപ്പെടുന്നത്. ഈ പ്രതീകാത്മക ബന്ധമാണ് ഫുട്‌ബോൾ വ്യവസായത്തിന്റെ ഏറ്റവും വലിയ സാമ്പത്തികശക്തി.
ഈ ഘട്ടത്തിൽ അംബേദ്കറുടെ ചിന്ത വീണ്ടും പ്രസക്തമാകുന്നു. അംബേദ്കർ ജനാധിപത്യത്തെ രാഷ്ട്രീയ സ്ഥാപനങ്ങളുടെ പ്രശ്‌നമായി മാത്രം കണ്ടില്ല; മനുഷ്യരുടെ സാമൂഹിക ബോധത്തിന്റെ പ്രശ്‌നമായും കണ്ടു. ഒരു സമൂഹത്തിന്റെ വികാരങ്ങളും വിശ്വാസങ്ങളും ആരാണ് നിർമിക്കുന്നത് എന്ന ചോദ്യം അദ്ദേഹത്തിന്റെ ചിന്തയിൽ അന്തർലീനമാണ്. ഫുട്‌ബോൾ ആരാധനയുടെ കാര്യത്തിലും ഇതേ ചോദ്യം ഉയരുന്നു. ഒരു മലയാളി യുവാവിന്റെ വികാരലോകം രൂപപ്പെടുത്തുന്നത് പ്രാദേശിക സാമൂഹിക അനുഭവങ്ങളാണോ അതോ ആഗോള കോർപറേറ്റ് മാധ്യമങ്ങളാണോ?
ഈ ചോദ്യത്തിന് ലളിതമായ ഉത്തരമില്ല. എന്നാൽ, ഒരു കാര്യം വ്യക്തമാണ്: ആഗോള കായിക വ്യവസായം പ്രാദേശിക സാംസ്‌കാരിക ഊർജത്തെ സ്വന്തമാക്കി സാമ്പത്തിക മൂല്യമാക്കി മാറ്റുന്നതിൽ അസാധാരണമായ വിജയം നേടിയിരിക്കുന്നു. കേരളത്തിലെ ആരാധകസംഘങ്ങൾ സൃഷ്ടിക്കുന്ന ആഘോഷങ്ങൾ പോലും ആഗോള മാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ, അവ ഫിഫയുടേയും ബ്രാൻഡുകളുടേയും വിപണനത്തിന് അധികമൂല്യം സൃഷ്ടിക്കപ്പെടുന്നു. ആരാധകർക്ക് പ്രതിഫലം ലഭിക്കാത്ത ഈ വികാരാധ്വാനം ആഗോള കായിക സമ്പദ്‌വ്യവസ്ഥയുടെ അദൃശ്യമായ അടിസ്ഥാനമാണ്.
അതിനാൽ, ഫുട്‌ബോൾ രാഷ്ട്രീയത്തെ മനസ്സിലാക്കാൻ കളിക്കളത്തിലേക്കു മാത്രം നോക്കിയാൽ മതിയാകില്ല. സംപ്രേഷണ കരാറുകൾ, ബ്രാൻഡ് നിക്ഷേപങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, ഡാറ്റാ ശേഖരണം, പരസ്യ വ്യവസായം, ആരാധകരുടെ വൈകാരിക പങ്കാളിത്തം എന്നിവയെ ഒരുമിച്ച് വായിക്കണം. അപ്പോഴാണ് ‘മല്ലു ഫുട്‌ബോൾ ഫാൻ’ എന്നത് ഒരു കായികാസ്വാദക(ൻ) മാത്രമല്ല, ആഗോള മൂലധനത്തിന്റെ സാംസ്‌കാരിക സാമ്പത്തികശാസ്ത്രത്തിൽ സജീവമായി ഉൾപ്പെട്ടിരിക്കുന്ന ഒരു രാഷ്ട്രീയ വിഷയമാണെന്ന് തിരിച്ചറിയാൻ കഴിയുക.
ഇവിടെയാണ് അംബേദ്കറുടെ സാമൂഹിക ജനാധിപത്യത്തിന്റെ പ്രസക്തി ഏറ്റവും ശക്തമാകുന്നത്. ജനങ്ങളുടെ വികാരങ്ങൾപോലും വിപണിയുടെ നിയന്ത്രണത്തിലാകുന്ന സാഹചര്യത്തിൽ, വിമർശനാത്മക ബോധം വളർത്തുക എന്നത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ അനിവാര്യ ഘടകമാകുന്നു. ഫുട്‌ബോളിനെ സ്‌നേഹിക്കുന്നത് പ്രശ്‌നമല്ല; എന്നാൽ ആ സ്‌നേഹം ആരുടെ സാമ്പത്തിക താല്പര്യങ്ങളെയാണ് പോഷിപ്പിക്കുന്നത്, ആരുടെ ശബ്ദങ്ങളെയാണ് മറച്ചുവെയ്ക്കുന്നത്, ഏത് സാമൂഹിക യാഥാർത്ഥ്യങ്ങളെയാണ് അദൃശ്യമാക്കുന്നത് എന്ന ചോദ്യം ചോദിക്കാനുള്ള കഴിവാണ് അംബേദ്കർ ചിന്ത നമ്മെ പഠിപ്പിക്കുന്നത്.
ഗ്രാംഷിയുടെ സാംസ്‌കാരിക ആധിപത്യവും കേരളത്തിലെ മെസ്സി-റൊണാൾഡോ/ അർജന്റീന-ബ്രസീൽ ആരാധനയുടെ പ്രത്യയശാസ്ത്രവും
കേരളത്തിലെ ഫുട്‌ബോൾ ആരാധനയെ പലപ്പോഴും ‘കളിയുടെ ആഘോഷം’ എന്ന പേരിൽ ആഘോഷിക്കാറുണ്ട്. എന്നാൽ, സാമൂഹ്യശാസ്ത്രപരമായി നോക്കുമ്പോൾ അത് ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ ഉല്പന്നമാണ്. എന്തുകൊണ്ടാണ് കേരളത്തിലെ ഒരു ഗ്രാമത്തിൽ അർജന്റീനയുടേയും ബ്രസീലിന്റേയും പതാകകൾ ദേശീയ പതാകകളെക്കാൾ വലുതായി ഉയരുന്നത്? എന്തുകൊണ്ടാണ് ഒരു വിദേശ താരത്തിന്റെ ജയവും തോൽവിയും വ്യക്തിപരമായ സന്തോഷവും ദുഃഖവുമായി മാറുന്നത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അന്റോണിയോ ഗ്രാംഷിയുടെ സാംസ്‌കാരിക ആധിപത്യം (Cultural Hegemony) എന്ന ആശയം നിർണായകമാണ്.
ഗ്രാംഷിയുടെ അഭിപ്രായത്തിൽ, അധികാരം വെറും പൊലീസിങ്ങിലൂടെയോ നിയമവാഴ്‌ചയിലൂടെയോ മാത്രമല്ല പ്രവർത്തിക്കുന്നത്. ജനങ്ങളുടെ സമ്മതം നിർമിച്ചുകൊണ്ടാണ് അത് ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുന്നത്. ജനങ്ങൾ സ്വതന്ത്രമായി തിരഞ്ഞെടുക്കുന്നതായി കരുതുന്ന പല ആഗ്രഹങ്ങളും യഥാർത്ഥത്തിൽ ആധിപത്യശക്തികൾ സൃഷ്ടിച്ചവയാണ്. മാധ്യമങ്ങൾ, വിദ്യാഭ്യാസം, മതം, ജനപ്രിയ സംസ്‌കാരം, കായികം എന്നിവ ഈ സമ്മതം നിർമിക്കുന്ന പ്രധാന സ്ഥാപനങ്ങളാണ്.
ഫുട്‌ബോൾ ഇതിന്റെ ഏറ്റവും ശക്തമായ ഉദാഹരണമാണ്. ഫിഫയുടെ ലോകകപ്പ് കായികമത്സരമെന്നതിലുപരി, ഒരു ആഗോള കൾച്ചറൽ ഇവന്റാണ്. മത്സരത്തിന് മാസങ്ങൾ മുന്‍പേ മാധ്യമങ്ങൾ താരങ്ങളെ ഇതിഹാസങ്ങളാക്കുന്നു. അവരുടെ ജീവിതം, കുടുംബം, കണ്ണീർ, വിജയങ്ങൾ, പരാജയങ്ങൾ എന്നിവയെ ചുറ്റിപ്പറ്റി കഥകൾ നിർമിക്കുന്നു. ആരാധകൻ ഒരു ടീമിനെ മാത്രമല്ല പിന്തുണയ്ക്കുന്നത്; മാധ്യമങ്ങൾ നിർമിച്ച ഒരു കഥയെയാണ് അദ്ദേഹം സ്വീകരിക്കുന്നത്.
കേരളത്തിൽ ഈ പ്രക്രിയയ്ക്ക് ഒരു പ്രത്യേക രൂപമുണ്ട്. കോളനിയാനന്തര സാംസ്‌കാരിക അനുഭവങ്ങളും ഗൾഫ് കുടിയേറ്റവും സാറ്റലൈറ്റ് ടെലിവിഷന്റെ വ്യാപനവും പിന്നീട് സോഷ്യൽ മീഡിയയുടെ വളർച്ചയും ചേർന്നാണ് ഒരു പുതിയ ഫുട്‌ബോൾ സംസ്‌കാരം രൂപപ്പെട്ടത്. ഈ സംസ്‌കാരത്തിൽ അർജന്റീനയും ബ്രസീലും വെറും രാജ്യങ്ങളല്ല; അവ വികാരങ്ങളുടെ പ്രതീകങ്ങളാണ്. മെസ്സിയും റൊണാൾഡോയും വെറും കളിക്കാരല്ല; വ്യക്തിത്വത്തിന്റേയും വിജയത്തിന്റേയും തോൽവിയുടേയും പ്രതിനിധികളാണ്.
ഈ പ്രതീകവൽക്കരണം യാദൃച്ഛികമല്ല. കോർപറേറ്റ് മാധ്യമങ്ങളും പരസ്യവിപണിയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ചേർന്ന് നിരന്തരം പുനരുല്പാദിപ്പിക്കുന്ന സാംസ്‌കാരിക നിർമിതിയാണത്. ഒരു മത്സരം അവസാനിച്ചാലും ആരാധന അവസാനിക്കുന്നില്ല. യൂട്യൂബ് വീഡിയോകൾ, ഇൻസ്റ്റഗ്രാം റീലുകൾ, മീമുകൾ, പോഡ്കാസ്റ്റുകൾ, ഫാൻ പേജുകൾ എന്നിവ ആരാധകനെ തുടർച്ചയായി ഒരേ സാംസ്‌കാരിക വലയത്തിൽ നിലനിർത്തുന്നു. ഗ്രാംഷിയുടെ ഭാഷയിൽ പറഞ്ഞാൽ, ഇത് ‘സമ്മതത്തിന്റെ തുടർച്ചയായ ഉല്പാദനം’ ആണ്.
ഈ ഘട്ടത്തിൽ അംബേദ്കറുടെ ചിന്ത ഒരു പുതിയ ചോദ്യം ഉയർത്തുന്നു. ആരുടെ വികാരങ്ങളാണ് ഇങ്ങനെ സൂക്ഷ്മമായി നിർമിക്കപ്പെടുന്നത്? ഇന്ത്യയിൽ ജാതിവ്യവസ്ഥ ഇപ്പോഴും മനുഷ്യരുടെ ജീവിതാവസരങ്ങളെ നിർണയിക്കുന്ന സാഹചര്യത്തിൽ, എന്തുകൊണ്ടാണ് സാമൂഹിക നീതിയുടെ ചോദ്യങ്ങളെക്കാൾ വിദേശ ക്ലബ്ബുകളുടേയും ദേശീയ ടീമുകളുടേയും വിജയപരാജയങ്ങൾ കൂടുതൽ വൈകാരിക നിക്ഷേപം നേടുന്നത്? ഈ ചോദ്യം ഫാനിസത്തെ കുറ്റപ്പെടുത്തുന്നതിനായി ഉയർത്തുന്നതല്ല; മറിച്ച് വികാരങ്ങളുടെ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്നതാണ്.
അംബേദ്കര്‍ ‘നായകപൂജ’ ജനാധിപത്യത്തിന് അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ജനാധിപത്യത്തിൽ വ്യക്തികളെക്കാൾ സ്ഥാപനങ്ങളും മൂല്യങ്ങളും വിമർശനാത്മക ചിന്തയുമാണ് പ്രധാനം. ഫുട്‌ബോൾ സംസ്‌കാരത്തിൽ മെസ്സിയേയോ റൊണാൾഡോയേയോ വിമർശിക്കുന്ന ഒരാളെ വ്യക്തിപരമായ ശത്രുവായി കാണുന്ന പ്രവണത ഈ നായകപൂജയുടെ പുതിയ രൂപമാണ്. ആരാധന വിമർശനത്തെ മാറ്റിസ്ഥാപിക്കുമ്പോൾ ജനാധിപത്യബോധവും ദുർബലമാകുന്നു.
കേരളത്തിലെ ആരാധനാ സംസ്‌കാരത്തിന് മറ്റൊരു വൈരുദ്ധ്യവുമുണ്ട്. പ്രാദേശിക ഫുട്‌ബോൾ ക്ലബ്ബുകൾ, സ്‌കൂൾ മത്സരങ്ങൾ, വനിതാ ലീഗുകൾ, ഭിന്നശേഷിക്കാരുടെ കായികമത്സരങ്ങൾ, ആദിവാസി മേഖലകളിലെ കായികപ്രതിഭകൾ എന്നിവയ്ക്ക് ലഭിക്കാത്ത ശ്രദ്ധ യൂറോപ്യൻ ക്ലബ്ബുകൾക്ക് ലഭിക്കുന്നു. (ഈ ലേഖകന്റെ അച്ഛൻ പെങ്ങളുടെ മൂത്തമകൾ പി.പി. ഉഷ 1980-കളുടെ അവസാനവും 1990-കളുടെ ആദ്യപകുതിയിലും കേരള വനിത ഫുട്‌ബോൾ ടീമിന്റെ ജേഴ്‌സി അണിഞ്ഞിരുന്നു. ദളിത് സാഹചര്യത്തിൽനിന്നും ഒരു പെൺകുട്ടി അത്തരം ഒരു ഇടത്തേക്ക് എത്തിച്ചേരുക എന്നത് വളരെ ദുഷ്‌കരമായിരുന്ന കാലത്താണ് അവർ അത് നേടിയെടുത്തത്. ഒഴിവുനേരം ഉപയോഗിക്കുന്നതിന്റെ ഭാഗമായി ആൺകുട്ടികൾ മാത്രം ഫുട്‌ബോൾ കളിച്ചിരുന്ന ഒരു നാട്ടുമ്പുറത്തു നിന്നാണ് അവർ ഈ നേട്ടം കൈവരിച്ചത്. എന്നാൽ, വേണ്ടത്ര തിരിച്ചറിഞ്ഞ് അംഗീകരിക്കപ്പെടുകയോ ആദരിക്കപ്പെടുകയോ ചെയ്തില്ല ഈ വനിതാ ഫുട്‌ബോളർ. അവരുടെ ജന്മനാട് ഒരു ഫുട്‌ബോൾ ഗ്രാമമായി മേനി നടിക്കുമ്പോഴും), ഈ അസന്തുലിതാവസ്ഥ ഒരു സാംസ്‌കാരിക തെരഞ്ഞെടുപ്പ് മാത്രമല്ല, ആഗോള മൂലധനത്തിന്റെ ദീർഘകാല സാംസ്‌കാരിക നിക്ഷേപത്തിന്റെ ഫലമാണ്.
അതേസമയം, ഈ ആരാധനയെ ഏകപക്ഷീയമായി തള്ളിക്കളയാനും കഴിയില്ല. കേരളത്തിലെ പല ആരാധകക്കൂട്ടായ്മകളും സൗഹൃദം, കൂട്ടായ്മ, ദുരിതാശ്വാസ പ്രവർത്തനം, രക്തദാനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയ സാമൂഹിക ഇടപെടലുകൾക്കും വേദിയായിട്ടുണ്ട്. അതിനാൽ ഫുട്‌ബോൾ സംസ്‌കാരത്തിൽ വിമോചനത്തിന്റെ സാധ്യതയും ആധിപത്യത്തിന്റെ സാധ്യതയും ഒരേസമയം നിലനിൽക്കുന്നു. ഈ വൈരുദ്ധ്യമാണ് അതിനെ സങ്കീർണമാക്കുന്നത്.
അതിനാൽ ഗ്രാംഷിയുടേയും അംബേദ്കറുടേയും ചിന്തകൾ ഒരുമിച്ച് ഉപയോഗിക്കുമ്പോൾ, ‘മല്ലു ഫുട്‌ബോൾ ഫാൻ’ എന്നത് വെറും ഒരു ആരാധകനല്ലെന്ന് കാണാം. ആഗോള മാധ്യമമൂലധനം നിർമിച്ച വികാരലോകത്തിനുള്ളിൽ ജീവിക്കുന്ന ഒരാളാണ് അദ്ദേഹം.
അതേസമയം, ആ ലോകത്തെ വിമർശനാത്മകമായി പുനർവായിക്കാനുള്ള കഴിവും ആരാധകർക്കുണ്ട്. ആ വിമർശനബോധം വളരുമ്പോൾ മാത്രമേ ഫുട്‌ബോൾ ഉപഭോഗത്തിന്റെ വസ്തുവിൽനിന്ന് സാമൂഹിക ജനാധിപത്യത്തിന്റെ സംവാദവേദിയായി മാറുകയുള്ളു. അംബേദ്കറുടെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങൾ കായികരംഗത്തും പ്രയോഗിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഈ വിശകലനം മുന്നോട്ടുവയ്ക്കുന്നു.
ജാതി, വർഗം, ഭിന്നശേഷി, വാർദ്ധക്യം
കേരളത്തിലെ ഫുട്‌ബോൾ സംസ്‌കാരത്തിൽ ആരാണ് ദൃശ്യമാകുന്നത്? ആരാണ് അദൃശ്യമാകുന്നത്?
ഒരു സമൂഹത്തെ മനസ്സിലാക്കാൻ അതിന്റെ ദേശീയോത്സവങ്ങളേയോ ആഘോഷിക്കപ്പെടുന്നവരേയോ മാത്രം പഠിച്ചാൽ മതിയാകില്ല; അതിൽനിന്നു അദൃശ്യമാക്കപ്പെടുന്നവരേയും പഠിക്കേണ്ടതുണ്ട്. അംബേദ്കറുടെ സാമൂഹിക വിമർശനത്തിന്റെ അടിസ്ഥാനപാഠം ഇതാണ്. സമൂഹം എന്താണ് സംസാരിക്കുന്നത് എന്നതുപോലെതന്നെ, എന്താണ് സംസാരിക്കാതിരിക്കുന്നത് എന്ന ചോദ്യവും രാഷ്ട്രീയമാണ്. ഈ സമീപനം കേരളത്തിലെ ഫുട്‌ബോൾ സംസ്‌കാരത്തിലേക്ക് കൊണ്ടുവരുമ്പോൾ ഒരു നിർണായക ചോദ്യം ഉയരുന്നു. ഈ ആഘോഷത്തിൽ ആരുടെ ശബ്ദമാണ് മുഴങ്ങുന്നത്? ആരുടെ ശബ്ദമാണ് നിശ്ശബ്ദമാക്കപ്പെടുന്നത്?
ലോകകപ്പ് സീസണിൽ കേരളം ഒരു വലിയ കായികോത്സവത്തിന്റെ രൂപം സ്വീകരിക്കുന്നു. തെരുവുകൾ പതാകകളാൽ നിറയുന്നു; പൊതുസ്ഥലങ്ങൾ ആരാധകകൂട്ടായ്മകളുടെ ആഘോഷവേദികളാകുന്നു; സോഷ്യൽ മീഡിയ മത്സരങ്ങളുടെ വിപുലീകരണമായി മാറുന്നു. എന്നാൽ, ഈ കാഴ്ചകളിൽ ഭിന്നശേഷിക്കാരുടെ, വയോജനങ്ങളുടെ അനുഭവങ്ങൾ എവിടെയാണ്? ഗ്രാമീണ ദരിദ്രരുടെ കായിക യാഥാർത്ഥ്യങ്ങൾ എവിടെയാണ്? ജാതി വിവേചനം നേരിടുന്ന കുട്ടികളുടെ കായിക പ്രവേശനം എവിടെയാണ്? ഈ ചോദ്യങ്ങൾ അപൂർവമായേ പൊതുചർച്ചയാകാറുള്ളൂ.
അംബേദ്കർ ജാതിയെ ഒരു സാമൂഹിക ശ്രേണീകരണ വ്യവസ്ഥയായി മാത്രമല്ല, ദൃശ്യതയുടേയും അദൃശ്യതയുടേയും രാഷ്ട്രീയമായും മനസ്സിലാക്കി. ചിലരുടെ അനുഭവങ്ങൾ സമൂഹത്തിന്റെ കേന്ദ്രമാകുമ്പോൾ, ചിലരുടെ അനുഭവങ്ങൾ നിശ്ശബ്ദതയിലേക്ക് തള്ളപ്പെടുന്നു. ഈ സിദ്ധാന്തം കായികസംസ്‌കാരത്തിലും ബാധകമാണ്.
കേരളത്തിൽ നിരവധി കുട്ടികൾക്കു ഗുണമേന്മയുള്ള പരിശീലനം, സുരക്ഷിത കളിസ്ഥലം, പരിശീലകർ, പോഷകാഹാരം എന്നിവ ലഭ്യമല്ല. സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾ കായികാവസരങ്ങളേയും സ്വാധീനിക്കുന്നു. എന്നാൽ, ലോക ഫുട്‌ബോളിന്റെ ആഘോഷങ്ങളിൽ ഈ പ്രാദേശിക അസമത്വങ്ങൾ പലപ്പോഴും പ്രധാന ചർച്ചയാകുന്നില്ല. ആഗോള ദൃശ്യങ്ങൾ പ്രാദേശിക യാഥാർത്ഥ്യങ്ങളെ മറയ്ക്കുന്ന ഒരു സാംസ്‌കാരിക സംവിധാനമാണിത്.
ഭിന്നശേഷിയുടെ കാര്യത്തിലും സമാനമായ ചോദ്യം ഉയരുന്നു. ലോകമെമ്പാടും ഉൾക്കൊള്ളുന്ന കായികസംസ്‌കാരത്തെക്കുറിച്ചുള്ള ചർച്ചകൾ വളരുന്നുണ്ടെങ്കിലും കേരളത്തിലെ ഫുട്‌ബോൾ ആരാധനയിൽ ഭിന്നശേഷിക്കാരുടെ, വയോജനങ്ങളുടെ, മറ്റു പരിമിതികൾ അനുഭവിക്കുന്നവരുടെ കായികാവകാശങ്ങൾ, അവർക്കു പ്രാപ്യതയുള്ള സ്റ്റേഡിയങ്ങൾ, പരിശീലനസൗകര്യങ്ങൾ, പ്രാദേശിക തലത്തിലെങ്കിലും ഉൾക്കൊള്ളുന്ന മത്സരങ്ങൾ എന്നിവ എത്രത്തോളം പ്രത്യക്ഷമാകുന്നു? ഈ ചോദ്യം ഒരു കുറവ് ചൂണ്ടിക്കാണിക്കാനല്ല, മറിച്ച് ശ്രദ്ധയുടെ രാഷ്ട്രീയത്തെ വിശകലനം ചെയ്യാനാണ്.
തൊഴിലാളിവർഗത്തിന്റെ ആവശ്യങ്ങളും ഇതോടൊപ്പം ചേർന്നുവരുന്നു. ലോകത്തിലെ പ്രമുഖ ക്ലബ്ബുകളുടെ ജേഴ്‌സികളും ഔദ്യോഗിക ഉല്പന്നങ്ങളും ഡിജിറ്റൽ സബ്‌സ്‌ക്രിപ്ഷനുകളും പലർക്കും സാമ്പത്തികമായി എളുപ്പത്തിൽ ലഭ്യമല്ല. എന്നിട്ടും അവ സാമൂഹിക പ്രതീകങ്ങളായി മാറുന്നു. ഉപഭോഗശേഷി സാംസ്‌കാരിക പങ്കാളിത്തത്തിന്റെ അളവുകോലായി മാറുമ്പോൾ, സാമ്പത്തിക അസമത്വങ്ങളും ആരാധനാസംസ്‌കാരത്തിനുള്ളിൽ പുതിയ രൂപങ്ങൾ സ്വീകരിക്കുന്നു.
ഇവിടെ ഒരു പ്രധാന വൈരുദ്ധ്യമുണ്ട്. ഫുട്‌ബോൾ പലപ്പോഴും ‘എല്ലാവരുടേയും കളി’ എന്ന നിലയിൽ അവതരിപ്പിക്കപ്പെടുന്നു. എന്നാൽ ‘എല്ലാവർക്കും ഒരുപോലെ പങ്കെടുക്കാൻ കഴിയുന്ന കളി’ എന്നതും ‘എല്ലാവരുടേയും കളി’ എന്നതും ഒരുപോലെയല്ല. സാമൂഹികവും സാമ്പത്തികവും ശാരീരികവുമായ തടസ്സങ്ങൾ പരിഹരിക്കാതെ ഉൾക്കൊള്ളലിനെക്കുറിച്ചുള്ള അവകാശവാദങ്ങൾ അപൂർണമാണ്.
അംബേദ്കറുടെ സാമൂഹിക ജനാധിപത്യത്തിന്റെ കാഴ്ചപ്പാടിൽ, ഒരു കായികസംസ്‌കാരത്തിന്റെ വിജയം അതിന്റെ ജനപ്രീതികൊണ്ട് മാത്രം അളക്കാനാവില്ല. ഏറ്റവും അരികുകളിലുള്ളവർക്ക് അതിൽ തുല്യമായി പങ്കെടുക്കാൻ കഴിയുന്നുണ്ടോ എന്നതാണ് പ്രധാന മാനദണ്ഡം. ഭിന്നശേഷിക്കാർക്കും ദരിദ്രർക്കും സ്ത്രീകൾക്കും ജാതിവിവേചനം അനുഭവിക്കുന്ന സമൂഹങ്ങൾക്കും ഒരേ അവസരങ്ങൾ ഉറപ്പാക്കുന്ന കായികഘടന സൃഷ്ടിക്കുമ്പോഴാണ് ഫുട്‌ബോൾ യഥാർത്ഥത്തിൽ ജനാധിപത്യപരമാകുന്നത്.
അതിനാൽ, ‘മല്ലു ഫുട്‌ബോൾ ഫാനിസ’ത്തിലെ രാഷ്ട്രീയത്തെ അംബേദ്കറുടെ വെളിച്ചത്തിൽ വായിക്കുമ്പോൾ, ചോദിക്കേണ്ടത് ആരാധകവൃന്ദങ്ങൾ ഏത് ടീമിനെ പിന്തുണയ്ക്കുന്നു എന്നതല്ല, ആരെയാണ് ഈ ആരാധനാസംസ്‌കാരം ഉൾക്കൊള്ളുന്നത്? ആരെയാണ് പുറന്തള്ളുന്നത്? ആരുടെ അനുഭവങ്ങളെയാണ് അത് ആഘോഷിക്കുന്നത്? ആരുടെ അനുഭവങ്ങളെയാണ് അത് അദൃശ്യമാക്കുന്നത്? എന്നതാണ്. ഈ ചോദ്യങ്ങളിലൂടെയാണ് കായികവിനോദ വ്യവസായത്തെ സാമൂഹിക നീതിയുടെ ചട്ടക്കൂടിൽ വിമർശനാത്മകമായി പുനർവായിക്കാൻ കഴിയുക.
ഡിജിറ്റൽ മൂലധനം: സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ
എങ്ങനെ ‘മല്ലു ഫുട്‌ബോൾ ഫാൻ’ നിർമിക്കപ്പെടുന്നു?
ഫുട്‌ബോൾ ആരാധനയുടെ ചരിത്രത്തിൽ ഒരു നിർണായക വഴിത്തിരിവ് ഡിജിറ്റൽ മാധ്യമങ്ങളുടെ വരവാണ്. ഒരുകാലത്ത് പത്രങ്ങൾ, റേഡിയോ, ടെലിവിഷൻ എന്നിവയായിരുന്നു ആരാധനയുടെ പ്രധാന ഇടങ്ങൾ. ഇന്ന് ഇൻസ്റ്റഗ്രാം, യൂട്യൂബ്, ഫേസ്ബുക്ക്, എക്‌സ്, ഷോർട്ട്-വീഡിയോ പ്ലാറ്റ്‌ഫോമുകൾ, മെസേജിങ്ങ് ഗ്രൂപ്പുകൾ എന്നിവയാണ് ആരാധനയുടെ ദൈനംദിന ജീവിതം നിർണയിക്കുന്നത്. ഈ മാറ്റം സാങ്കേതിക മാറ്റം മാത്രമല്ല, അധികാരത്തിന്റെ സ്വഭാവത്തിലും സംഭവിച്ച അടിസ്ഥാനപരമായ മാറ്റമാണ്.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വിവരങ്ങൾ കൈമാറുന്ന നിഷ്പക്ഷ ഇടങ്ങളല്ല. അവ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും അത് പരസ്യവിപണിക്കു വിൽക്കുകയും ചെയ്യുന്ന സാമ്പത്തിക സ്ഥാപനങ്ങളാണ്. അതിനാൽ ഓരോ ക്ലിക്കും ഓരോ ലൈക്കും ഓരോ ഷെയറും ഓരോ കമന്റും സാമ്പത്തിക മൂല്യമുള്ള പ്രവർത്തനങ്ങളാണ്. ഫുട്‌ബോൾ ആരാധകർ ഈ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും സജീവമായ ഉപഭോക്തൃ സമൂഹങ്ങളിലൊന്നാണ്.
കേരളത്തിലെ ഒരു യുവാവ് മെസ്സിയുടെ വീഡിയോ കാണുമ്പോൾ, അടുത്തതായി അവന് ലഭിക്കുന്നത് കൂടുതൽ മെസ്സി വീഡിയോകളായിരിക്കും. റൊണാൾഡോയുടെ അഭിമുഖം കണ്ടാൽ അതുമായി ബന്ധപ്പെട്ട നൂറുകണക്കിനു വീഡിയോകൾ പ്ലാറ്റ്‌ഫോം ശുപാർശ ചെയ്യും. അങ്ങനെ അൽഗോരിതം ഉപയോക്താവിന്റെ താല്പര്യം തിരിച്ചറിയുക മാത്രമല്ല ചെയ്യുന്നത്; അത് ആ താല്പര്യത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയിൽ ആരാധന ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പിൽനിന്ന് ക്രമേണ അൽഗോരിതാത്മികമായി പുനരുല്പാദിപ്പിക്കപ്പെടുന്ന ഒരു ശീലമായി മാറുന്നു.
ഇത് ഗ്രാംഷിയുടെ ‘സാംസ്‌കാരിക ആധിപത്യം’ എന്ന ആശയത്തിന്റെ ഡിജിറ്റൽ രൂപമാണ്. മുന്‍പ് സമ്മതം നിർമിച്ചിരുന്നത് മതങ്ങളും സ്‌കൂളുകളും പത്രങ്ങളും ടെലിവിഷനുമാണെങ്കിൽ, ഇന്ന് അതിൽ നിർണായക പങ്ക് വഹിക്കുന്നത് അൽഗോരിതങ്ങളാണ്. ഏത് വീഡിയോയാണ് ആദ്യം കാണേണ്ടത്, ഏത് വാർത്തയാണ് പ്രധാനമെന്ന് തോന്നേണ്ടത്, ഏത് താരമാണ് കൂടുതൽ പ്രസക്തൻ എന്ന ധാരണപോലും പ്ലാറ്റ്‌ഫോം സാങ്കേതികവിദ്യകൾ സ്വാധീനിക്കുന്നു.
അംബേദ്കറുടെ കാഴ്ചപ്പാടിൽ ഈ മാറ്റം ജനാധിപത്യത്തിന് പുതിയ വെല്ലുവിളിയാണ്. അദ്ദേഹം വിദ്യാഭ്യാസത്തെ വിമോചനത്തിന്റെ ഉപാധിയായി കണ്ടു. എന്നാൽ, ഡിജിറ്റൽ കാലത്ത് ജ്ഞാനത്തിന്റെ ഒഴുക്ക് പൗരന്മാർക്കു നിയന്ത്രിക്കാൻ കഴിയുന്നില്ല; കോർപറേറ്റ് പ്ലാറ്റ്‌ഫോമുകളാണ് നിയന്ത്രിക്കുന്നത്. അതിനാൽ വിമർശനാത്മക വിദ്യാഭ്യാസം എന്ന അംബേദ്കറുടെ ആശയം ഇന്ന് ‘ഡിജിറ്റൽ സാക്ഷരത’യും ‘അൽഗോരിതാത്മിക ബോധവും’ ഉൾക്കൊള്ളുന്ന തരത്തിൽ വികസിപ്പിക്കേണ്ടതുണ്ട്.
ഫുട്‌ബോൾ ആരാധകസംസ്‌കാരത്തിന്റെ ഡിജിറ്റൽ രൂപം മറ്റൊരു പ്രത്യേകതയും കാണിക്കുന്നു. ആരാധകർ ‘വെറും ഉള്ളടക്കം’ കാണുന്നില്ല; അവർ തന്നെ ഉള്ളടക്കം നിർമിക്കുന്നു. മീമുകൾ, റീൽസ്, പ്രതികരണ വീഡിയോകൾ, വിശകലനങ്ങൾ, പോസ്റ്ററുകൾ, ആരാധക പേജുകൾ, വാട്ട്സ്ആപ്പ് സ്റ്റാറ്റസുകൾ ഇവയെല്ലാം ആരാധകരാണ് സൃഷ്ടിക്കുന്നത്. എന്നാൽ, ഈ സൃഷ്ടിപരമായ അധ്വാനത്തിന്റെ സാമ്പത്തിക നേട്ടം പ്രധാനമായും പ്ലാറ്റ്‌ഫോമുകൾക്കും പരസ്യവിപണിക്കും ബ്രാൻഡുകൾക്കുമാണ് ലഭിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ആരാധകൻ, ഒരേ സമയം ഉപഭോക്താവും നിർമാതാവും ആണ്. കേരളത്തിലെ ഫുട്‌ബോൾ ആരാധനയിൽ ഇത് വ്യക്തമായി കാണാം.
ലോകകപ്പ് കാലത്ത് ലക്ഷക്കണക്കിന് മലയാളം പോസ്റ്റുകളും വീഡിയോകളും മീമുകളും ഡിജിറ്റൽ ലോകത്ത് പ്രചരിക്കുന്നു. ഈ സാംസ്‌കാരിക ഉല്പാദനം കേരളത്തിന്റെ സൃഷ്ടിപരമായ ഊർജത്തെ പ്രകടമാക്കുന്നുവെങ്കിലും അതിന്റെ സാമ്പത്തിക മൂല്യത്തിന്റെ വലിയൊരു പങ്ക് ആഗോള ഡിജിറ്റൽ കമ്പനികളുടെ പരസ്യവ്യവസ്ഥയിലേക്കാണ് ഒഴുകുന്നത്. ഇവിടെ പ്രാദേശിക സാംസ്‌കാരിക അധ്വാനം ആഗോള ഡിജിറ്റൽ മൂലധനത്തിന്റെ ഭാഗമാകുന്നു.
ഈ സാഹചര്യത്തിൽ ‘മല്ലു ഫുട്‌ബോൾ ഫാൻ’ ഒരു സാമൂഹിക വ്യക്തി മാത്രമല്ല, ഒരു ഡാറ്റാ പ്രൊഫൈലുമാണ്. അയാളുടെ ഇഷ്ടങ്ങൾ, പ്രതികരണങ്ങൾ, ഓൺലൈൻ ശീലങ്ങൾ, ക്രയശേഷി എന്നിവ നിരന്തരം അളക്കപ്പെടുകയും വിപണനം ചെയ്യപ്പെടുകയും ചെയ്യുന്നു. വികാരങ്ങൾ പോലും ഡാറ്റയാക്കി മാറ്റുന്ന ഈ പ്രക്രിയയാണ് സമകാലിക ഡിജിറ്റൽ മൂലധനത്തിന്റെ ഏറ്റവും ശക്തമായ സവിശേഷത.
അംബേദ്കറുടെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ആശയങ്ങളെ ഡിജിറ്റൽ കാലഘട്ടത്തിലേക്ക് വികസിപ്പിക്കുകയാണെങ്കിൽ, ഒരു പുതിയ ചോദ്യം ഉയരുന്നു: നമ്മുടെ ഡിജിറ്റൽ വികാരങ്ങളുടെമേൽ ജനാധിപത്യപരമായ നിയന്ത്രണം ആർക്കാണ്? പൗരന്മാർക്കോ അതോ ആഗോള കോർപറേറ്റ് പ്ലാറ്റ്‌ഫോമുകൾക്കോ? ഫുട്‌ബോൾ ആരാധനയുടെ ഡിജിറ്റൽ രാഷ്ട്രീയം ഈ ചോദ്യത്തിന് ഉത്തരം തേടാതെ മനസ്സിലാക്കാനാവില്ല.
അതിനാൽ ‘മല്ലു ഫുട്‌ബോൾ ഫാൻ’ എന്നത് ഇന്ന് ഒരു ആരാധക സ്വത്വം മാത്രമല്ല, ഡാറ്റയും വികാരവും ഉപഭോഗവും സാംസ്‌കാരിക ഉല്പാദനവും ഒരേസമയം ഉൾക്കൊള്ളുന്ന ഡിജിറ്റൽ രാഷ്ട്രീയ-സാമ്പത്തിക വിഷയമാണ്. ഈ യാഥാർത്ഥ്യത്തെ വിമർശനാത്മകമായി വായിക്കാൻ അംബേദ്കറുടെ സാമൂഹിക ജനാധിപത്യവും ഗ്രാംഷിയുടെ സാംസ്‌കാരിക ആധിപത്യവും സൈദ്ധാന്തിക ഉപകരണങ്ങളാക്കിക്കൊണ്ടുവേണം അവയെ സമീപിക്കാൻ.
ഫുട്‌ബോൾ: കാഴ്ചയുടെ രാഷ്ട്രീയം മുതൽ പ്രവേശനത്തിന്റെ രാഷ്ട്രീയം വരെ
ഫുട്‌ബോൾ പലപ്പോഴും ‘ലോകത്തിലെ ഏറ്റവും ജനാധിപത്യപരമായ കളി’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ, അംബേദ്കറുടെ സാമൂഹിക ജനാധിപത്യത്തിന്റെ കാഴ്ചപ്പാടിൽ ഒരു ചോദ്യം പ്രസക്തമാണ്. എല്ലാവർക്കും ഒരേ രീതിയിൽ പങ്കെടുക്കാൻ കഴിയാത്ത ഒരു കായികസംസ്‌കാരത്തെ ജനാധിപത്യപരമെന്ന് വിശേഷിപ്പിക്കാനാകുമോ?
ഈ ചോദ്യമാണ് ഡിസെബിലിറ്റി സ്റ്റഡീസും അംബേദ്കർ ചിന്തയും ഫുട്‌ബോൾ രാഷ്ട്രീയവും ഒരുമിച്ച് ചർച്ച ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നത്.
ഡിസെബിലിറ്റി സ്റ്റഡീസ് ഭിന്നശേഷിയെ വ്യക്തിയുടെ ശരീരത്തിലെ ‘കുറവ്’ എന്ന നിലയിൽ കാണുന്നില്ല. സമൂഹം നിർമിക്കുന്ന തടസ്സങ്ങളാണ് ഡിസെബിലിറ്റി വ്യക്തിക്കു കൂടുതൽ ക്ലേശം സൃഷ്ടിക്കുന്നത് എന്നാണ് ഈ പഠനശാഖയുടെ പ്രധാന വാദം. ഒരു സ്റ്റേഡിയത്തിലേക്ക് വീൽചെയർ ഉപയോഗിക്കുന്ന ഒരാൾക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെങ്കിൽ, പ്രശ്‌നം ആ വ്യക്തിയുടെ ശരീരത്തിലല്ല; സ്റ്റേഡിയത്തിന്റെ രൂപകല്പനയിലും സാമൂഹിക മുൻഗണനകളിലുമാണ്.
ഇവിടെ അംബേദ്കറുടെ ജാതിവിമർശനവും ഡിസെബിലിറ്റി സ്റ്റഡീസും പരസ്പരം കണ്ടുമുട്ടുന്നു. ജാതിയും ഡിസെബിലിറ്റിയും വ്യത്യസ്ത അനുഭവങ്ങളാണെങ്കിലും രണ്ടിലും ഒരു പൊതുസവിശേഷതയുണ്ട്: സാമൂഹിക ഘടനകൾ ചിലരെ കേന്ദ്രത്തിലേക്കും മറ്റു ചിലരെ അരികിലേക്കും തള്ളുന്നു. അംബേദ്കർ ഉന്നയിക്കുന്ന ‘ആരാണ് സമൂഹത്തിന്റെ കേന്ദ്രത്തിൽ?’ എന്ന ചോദ്യം ഡിസെബിലിറ്റി സ്റ്റഡീസ് ‘ആരുടെ ശരീരത്തിന്റെ സൗകര്യത്തിനാണ് ഈ ലോകം രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്?’ എന്ന ചോദ്യമായി തോൾ ചേർന്നു വികസിക്കുന്നു.
ഈ ചോദ്യങ്ങൾ ഫുട്‌ബോൾ സംസ്‌കാരത്തിലേക്ക് കൊണ്ടുവരുമ്പോൾ, കളിയെക്കാൾ വിശാലമായ ഒരു സാമൂഹിക ഭൂപടം തുറന്നുകിടക്കുന്നതായി കാണാം.
ലോകകപ്പ് സമയത്ത് കോടിക്കണക്കിന് ആളുകൾ മത്സരങ്ങൾ കാണുന്നുണ്ട്. എന്നാൽ, എത്ര സ്റ്റേഡിയങ്ങളാണ് എല്ലാ തരത്തിലുള്ള ഭിന്നശേഷിക്കാർക്കും ഒരുപോലെ പ്രാപ്യമാകുന്നത്? എത്ര ആരാധകസംഘങ്ങളാണ് സൈൻ ലാംഗ്വേജ്, ഓഡിയോ വിവരണം, പ്രാപ്യമായ ഡിജിറ്റൽ ഉള്ളടക്കം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നത്? എത്ര സ്‌പോർട്‌സ് മാധ്യമങ്ങളാണ് ഭിന്നശേഷിക്കാരുടെ ആരാധകാനുഭവത്തെ വാർത്തയാക്കുന്നത്?
കേരളത്തിലെ ഫുട്‌ബോൾ സംസ്‌കാരത്തിലും സമാനമായ ചോദ്യങ്ങൾ ഉയരുന്നു. ആരാധക ഘോഷയാത്രകൾ, പൊതുപ്രദർശനങ്ങൾ, ക്ലബ്ബ് ആഘോഷങ്ങൾ, വലിയ സ്‌ക്രീനുകളിലെ മത്സരം കാണൽ-ഇവയുടെ രൂപകല്പനയിൽ ഭിന്നശേഷിക്കാരുടെ അനുഭവം മുൻകൂട്ടി പരിഗണിക്കപ്പെടുന്നുണ്ടോ? അതോ ഉൾക്കൊള്ളൽ പിന്നീട് ചേർക്കുന്ന ഔദാര്യപൂർവമായ ‘സൗകര്യം’ മാത്രമാണോ?
അംബേദ്കറുടെ ചിന്തയിൽ ജനാധിപത്യം എന്നത് ഏറ്റവും അരികുകളിലുള്ള വ്യക്തിയുടെ മാന്യത ഉറപ്പാക്കുന്ന സാമൂഹിക ക്രമമാണ്. ഈ മാനദണ്ഡം സ്വീകരിച്ചാൽ, ഫുട്‌ബോൾ സംസ്‌കാരത്തിന്റെ വിജയത്തെ പ്രേക്ഷകരുടെ എണ്ണമോ ടെലിവിഷൻ റേറ്റിങ്ങോ ഉപയോഗിച്ച് മാത്രം അളക്കാൻ കഴിയില്ല. സാമൂഹികമായി പുറന്തള്ളപ്പെട്ടവർക്കും ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും ദരിദ്രർക്കും വയോജനങ്ങൾക്കും ഒരുപോലെ പങ്കാളികളാകാൻ കഴിയുന്നുണ്ടോ എന്നതാണ് യഥാർത്ഥ അളവുകോൽ.
ഇവിടെ ‘മല്ലു ഫുട്‌ബോൾ ഫാൻ’ എന്ന ആശയത്തിനും ഒരു പുതിയ അർത്ഥം ലഭിക്കുന്നു. ഈ വ്യക്തി ഒരു ആഗോള കോർപറേറ്റ് കാഴ്ചയുടെ ഉപഭോക്താവായിരിക്കുക മാത്രമല്ല; പ്രാദേശിക കായികസംസ്‌കാരത്തെ കൂടുതൽ ജനാധിപത്യപരമാക്കാൻ കഴിയുന്ന ഒരു സാമൂഹിക ഏജന്റുമാണ്. ആരാധകസംഘങ്ങൾ പ്രാപ്യതയെക്കുറിച്ച് സംസാരിക്കുമ്പോൾ, പ്രാദേശിക മൈതാനങ്ങൾ എല്ലാവർക്കും ഉപയോഗിക്കാവുന്ന തരത്തിൽ വികസിപ്പിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ, വനിതാ ഫുട്‌ബോളിനും ഭിന്നശേഷിക്കാരുടെ കായികരംഗത്തിനും പിന്തുണ നൽകുമ്പോൾ, ആരാധന ഒരു ഉപഭോഗപ്രവർത്തനത്തിൽനിന്ന് സാമൂഹിക പൗരത്വത്തിന്റെ രൂപത്തിലേക്ക് മാറുന്നു.
അതുകൊണ്ട്, അംബേദ്കർ ചിന്തയും ഡിസെബിലിറ്റി സ്റ്റഡീസും ചേർന്ന് മുന്നോട്ടുവയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വാദം ഇതാണ്: ഫുട്‌ബോൾ എല്ലാവരും കാണുന്ന കളിയാകുന്നത് മാത്രം പോരാ, എല്ലാവർക്കും തുല്യമായി പങ്കെടുക്കാനും അനുഭവിക്കാനും കഴിയുന്ന ഒരു സാമൂഹിക അവകാശമായി അത് മാറണം. അപ്പോഴാണ് കായികരംഗം യഥാർത്ഥത്തിൽ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ജനാധിപത്യ മൂല്യങ്ങളുടെ പൊതുവേദിയാകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates