

പരീക്ഷാഫലത്തിനുവേണ്ടി കാത്തിരിക്കുന്ന മധ്യവേനലവധിക്കാലത്താണ് ചൈനയുടെ രാഷ്ട്രീയ കാലങ്ങൾ എന്റെ മുന്നിൽ ആദ്യം തെളിഞ്ഞുവന്നത്. അതിനു മുന്‍പ് വിദ്യാർത്ഥികാലച്ചുമരിൽ-നൂറു പൂക്കൾ വിരിയട്ടെ, അധികാരം തോക്കിൻകുഴലിലൂടെ, പുറംകടലിലൂടെ പോകുന്ന കപ്പലിന്റെ പായ്മരം കരയിൽനിന്നുതന്നെ കണ്ടുതുടങ്ങിയിരിക്കുന്നു - തുടങ്ങിയ മുദ്രാവാക്യങ്ങളും വിപ്ലവവ്യാമോഹ വചനങ്ങളും മാവോ സേ തുങിന്റേയും മറ്റും ചിത്രങ്ങള്‍ കരിക്കട്ടയിലും പിന്നെ ചുവന്ന മഷിയിലും തെളിയുന്നത് കണ്ടിട്ടുണ്ട്. അയല്‍രാജ്യത്ത് നടക്കുന്ന മുന്നേറ്റത്തെക്കുറിച്ചും അതിന്റെ മുൻനിരയിൽ നിൽക്കുന്നത് മാവോ എന്ന അത്ഭുത മനുഷ്യനുമാണെന്നുമൊക്കെയുള്ള പ്രാഥമിക ധാരണകൾക്കപ്പുറം രാഷ്ട്രീയ വിവേകത്തിന്റെ ബാലപാഠം അന്ന് വശമായിരുന്നില്ല.
പട്ടിണി കിടക്കുന്ന മനുഷ്യരുടേയും ഭാരം ചുമക്കുന്നവരുടേയും ചിറകുവിടർത്തി പറക്കലാണ് ചൈനയിൽ നടക്കുന്നതെന്നും ഇന്ത്യ അങ്ങനെയൊരു ചരിത്രദൗത്യം നിറവേറ്റാനുള്ള ആയലിലാണെന്നും കരുതിയ കാലം! പട്ടിണി കിടക്കുന്ന മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളൂ എന്ന പരിഷത്തിന്റെ പാട്ട് പാടി നടന്ന കാലം! കേരളം കണികണ്ടുണരാൻ പോകുന്നത് മിൽമയല്ല കമ്യൂണിസമാണെന്ന് സ്വപ്നം കണ്ട ഒരു തലമുറ. പുന്നപ്രയും വയലാറും കയ്യൂരും കരിവള്ളൂരും ശൂരനാടുമൊക്കെ സ്വപ്നങ്ങളിൽ തോരണം കെട്ടിയ നാളുകൾ!
ബംഗാളിലും ആന്ധ്രയിലും പറന്നുയർന്ന ചുവന്ന പക്ഷികളുടെ ചിറകടിയെക്കുറിച്ചുള്ള വാർത്തകൾ. ത്രിപുരയിലെ നൃപൻചക്രവർത്തിയുടെ ലാളിത്യ യാത്രകൾ. കമ്യൂണിസ്റ്റ് ജീവിതത്തിന്റെ ഉത്തമ മാതൃക. പതിതരായ മനുഷ്യർക്ക് സ്വപ്നത്തിന്റെ തൂവലുകൾ നൽകിയ മഹാദർശനമായി മാർക്സിയൻ ദര്‍ശനം വേറിട്ടുനിന്നു. അതിന് പല കാലങ്ങളിൽ വന്ന ഇടർച്ചകൾ പരിഹൃതമാകുമെന്നു വിശ്വസിക്കുന്ന മനുഷ്യർ ലോകത്തെവിടേയും ഇമവെട്ടാതെ കാത്തിരിക്കുന്നു. മനുഷ്യനിസ്സഹായത ഇല്ലായ്മ ചെയ്യാനുള്ള മറുമരുന്നായി അവർ ആ ദർശനത്തെ ഹൃദയത്തോടു ചേർത്തുവെക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
മാവോയുടെ സമ്പൂർണകൃതികൾ വായനയിലേക്കെത്തുന്നത് എന്റെ നാടായ ആലപ്പുഴ ജില്ലയിലെ ചുനക്കര പഞ്ചായത്ത് ലൈബ്രറിയിൽനിന്നാണ്. ചെല്ലപ്പനാശാനായിരുന്നു അന്നവിടെ ലൈബ്രേറിയൻ. മുറുക്കിച്ചുവപ്പിച്ച് വായനശാലയിലെത്തുന്ന ആ മനുഷ്യൻ പുസ്തകങ്ങളെ ആത്മാവിനോടു ചേർത്തുനിർത്തി. വായനയിൽ കൗതുകമുള്ള കുട്ടികള്‍ കടന്നുവരുന്നതുകണ്ട് ആഹ്ലാദിച്ചു. അവരുമായി രാഷ്ട്രീയം പറഞ്ഞു. പുതിയ പുസ്തകങ്ങളെക്കുറിച്ചും കഥകളെക്കുറിച്ചും കവിതകളെക്കുറിച്ചും സംസാരിച്ചു. മഹത്വ്യക്തികളുടെ ആത്മകഥകൾ ശുപാർശ ചെയ്തു. ഉന്മേഷകരമായിരുന്നു ആ ദിവസങ്ങൾ!
പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞുള്ള വലിയ അവധി. അതിനിടയിൽ സാഹിത്യപോഷിണി - നേതാജി തുടങ്ങിയ വായനശാലകളിലെ പുസ്തകങ്ങൾ പലതും വായിച്ചു. മൂന്നാമതാണ് പഞ്ചായത്ത് കെട്ടിടത്തിന്റെ ഇടതുവശമുള്ള കുടുസ്സുമുറിയിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറിയിലെത്തുന്നത്. ഞാനും ഹരിയു(ഫേബിയൻ ബുക്സ്)മായിരുന്നു അന്നവിടെ എല്ലാ ദിവസവും ഒരേ സമയത്തെത്തുന്ന പുസ്തകപ്രേമികളായ കുട്ടികൾ.
അന്നൊരു നാൾ ആ പുസ്തകം മുന്നിലെത്തി. മാവോയുടെ സമ്പൂർണ കൃതികൾ! രണ്ടു കോപ്പികളുണ്ടായിരുന്ന മാവോ കൃതികളിൽ ഒന്ന് ചെല്ലപ്പനാശാൻ എനിക്ക് സമ്മാനമായി തന്നു. പ്രീഡിഗ്രി പരീക്ഷാഫലം വന്ന ശേഷമുളള ദിവസങ്ങളിലൊന്നിലായിരുന്നു അത്. പരീക്ഷ ജയിച്ചതിനുള്ള സമ്മാനം. അക്കൗണ്ടൻസി പഠിക്കാൻ ഞാൻ പെട്ട പാട് ചെല്ലപ്പനാശാൻ അതിനോടകം മനസ്സിലാക്കിയിരുന്നു. ഏറ്റവും ഇഷ്ടമുള്ള വിഷയമാണ് കുട്ടികൾ പഠിക്കേണ്ടതെന്ന വലിയപാഠം ഞാൻ ആദ്യം കേൾക്കുന്നത് ചെല്ലപ്പനാശാനിൽനിന്നാണ്. പലപ്പോഴും പലരുടേയും നിർബന്ധത്തിനു വഴങ്ങി പഠനത്തിനു പോകുന്ന കുട്ടികൾ ക്ലാസ്സുമുറിയിൽ അനുഭവിക്കുന്ന ആന്തലുകൾ ചെറുതല്ലല്ലോ.
നാട്ടിൽനിന്നും പഠനാർത്ഥം തിരുവനന്തപുരത്തേക്ക് വരും വരെ ഏതു പുതിയ പുസ്തകം പഞ്ചായത്ത് ലൈബ്രറിയിൽ എത്തിയാലും അതിന്റെ ആദ്യ വായനക്കാരില്‍ ഒരാള്‍ ഞാനായിരുന്നു.
നാലു പതിറ്റാണ്ടിനു ശേഷവും പുതുപുസ്തകങ്ങൾ തുറക്കുമ്പോൾ വായനയുടെ ആദ്യകാലങ്ങൾ ഓർമവരും. പിന്നീട് പല കാലങ്ങളില്‍ പല ലൈബ്രറികൾ സന്ദർശിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ ഭാഷകളിലെ വായനശാലകളിലൂടെ കൗതുകത്തോടെ നടന്നിട്ടുണ്ട്. കേരളത്തിലെ ഏത് ഗ്രാമത്തിലെത്തിയാലും അവിടെയുള്ള പുസ്തകശേഖരത്തിനിടയിലൂടെ നടക്കുമ്പോൾ തോന്നാറുള്ള ഉന്മേഷം ചെറുതല്ല.
പുതിയൊരു ലോകം, പുതിയ ജീവിതവ്യവസ്ഥ, പുതിയ സ്വപ്നങ്ങൾ - ഇവ ഓരോന്നായി ചിറകടിച്ചുയരുന്നതായി തോന്നിയ വായനാനുഭവം! മണ്ണിന്റെ ആഴങ്ങളിൽ വേരുകളുള്ള മനുഷ്യർക്ക് ആകാശത്തോളം പറന്നുയരാൻ കഴിയുമെന്ന് തെളിയിച്ച ചൈന.
പിന്നീട് വായിച്ച പുസ്തകങ്ങളും കണ്ട സിനിമകളും ഡോക്യുമെന്ററികളും പത്രവാർത്തകളുമൊക്കെ ചൈന ഒരു വിസ്മയദേശമാണെന്ന തോന്നലുണ്ടാക്കി. അങ്ങനെയാകണം ഒരിക്കലെങ്കിലും ചൈനയൊന്ന് കാണണമെന്ന മോഹമുദിച്ചത്.
ഇന്ത്യയുമായുള്ള അതിർത്തിപ്രശ്നം, എന്നും ഇന്ത്യയിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നതിൽ സായൂജ്യം കണ്ടെത്തുന്ന പാകിസ്താനുമായുള്ള ചില കാലങ്ങളിലെ ചൈനയുടെ സൗഹാർദം, സൈനിക നിലപാടുകൾ - ഇതൊക്കെ നിരവധി സന്ദേഹങ്ങൾ സൃഷ്ടിച്ചെങ്കിലും സ്നേഹത്തിന്റെ ഒരു നൂലേണി ആ രാജ്യത്തിന്റെ ഹൃദയത്തിലേക്ക് ബന്ധിച്ചിരിക്കുന്നതായി തോന്നാറുണ്ട്.
ആ തോന്നൽ ഉണ്ടായതുകൊണ്ടാകണം ചൈന സന്ദർശന ചർച്ചയിൽ യാതൊരു സന്ദേഹവും ആരും പ്രകടിപ്പിക്കാതിരുന്നത്. ചൈനയാത്ര എന്ന ആലോചന നിരന്തരം ഞങ്ങളിൽ കൗതുകം പകർന്നുകൊണ്ടിരുന്നു.
സഹയാത്രികരിൽ ചിലരുടെ ചില സന്ദേഹങ്ങളെ നിഗ്രഹിക്കണം. അതിനുവേണ്ടി പല തവണ ചൈന സന്ദർശിച്ചിട്ടുള്ള ഷിറാസ് ബാവ എന്ന സ്നേഹിതനുമായി ഒരു കൂടിക്കാഴ്ച നിശ്ചയിച്ചു. തിരുവനന്തപുരത്ത് വഴുതക്കാടുള്ള ആർട്ടിസ്റ്റ് ഭട്ടതിരിയുടെ വീട്ടിലായിരുന്നു ചൈനീസ് യാത്രാസംഘം ആദ്യം ഒത്തുകൂടിയത്.
വായിച്ചും കണ്ടും നേടിയ അറിവുകൾക്കപ്പുറം നേരിട്ടനുഭവിച്ചവർക്ക് ചിലത് പറയാനാകും. ഗൂഗിൾദേവത തരുന്ന വിവരങ്ങൾക്കുപരി മറ്റു ചിലതുകൂടി അറിയുന്നത് യാത്രയെ ഉഷാറാക്കും. ഷിറാസ് ചൈന സന്ദർശനങ്ങളിലെ ചില സന്ദർഭങ്ങൾ വിശദമാക്കി. ഭക്ഷണം, യാത്ര - ഇവയെക്കുറിച്ചൊക്കെ ചില അറിവുകൾ കൈമാറി.
ചൈനയുടെ വിജയരഹസ്യം
എന്റെ രണ്ട് സുഹൃത്തുക്കളുമായും ചൈന യാത്രയ്ക്ക് മുന്‍പ് കണ്ടുമുട്ടി. യാത്രയെഴുത്തുകാരനും സ്ഥിരസഞ്ചാരിയുമായ ബൈജു എൻ. നായർ, ആർക്കിടെക്ട് പദ്മകുമാർ.
ഇവർ രണ്ടുപേരും വ്യത്യസ്തമായ ലക്ഷ്യങ്ങളോടെയാണ് യാത്ര നടത്തുന്നത്. ഒരു മാധ്യമ പ്രവർത്തകന്റെ കണ്ണിലൂടെ ഓരോ ദേശത്തേയും ഒരാൾ കാണാൻ ശ്രമിക്കുമ്പോൾ ഒരാൾ ചൈനയുടെ വാസ്തുശില്പ സവിശേഷതയും പുതിയ ഗൃഹനിർമാണ രീതികളിലുമാണ് കൗതുകം കണ്ടെത്തുന്നത്.
ഇവരിൽനിന്നും ലഭിച്ച പ്രാഥമിക വിവരങ്ങൾ ജിജ്ഞാസയുളവാക്കുന്നതായിരുന്നു. ഭക്ഷണം, വസ്ത്രധാരണം, സംഗീതം, സിനിമ, വാസ്തുശാസ്ത്രം, രാഷ്ട്രീയ വിശ്വാസം, മതം, അധികാര സമവാക്യം - ഇങ്ങനെ ഓരോന്നിലും മറ്റാർക്കും അനുകരിക്കാനാവാത്ത മാതൃകയാണെന്ന് ചൈനയെക്കുറിച്ച് ഇരുവരും വാചാലരായി.
വ്യവസായത്തിലും കൃഷിയിലുമൊക്കെ ചൈനക്കാർ മുന്നേറുന്നത് ആത്മാവിന്റെ വിളിക്കൊപ്പം സഞ്ചരിക്കുന്നതുകൊണ്ടാണെന്ന് പലരും വിശദമാക്കിയത് ഓർമയിൽ ചുവന്ന കൊടി പാറിച്ചുകൊണ്ടിരുന്നു. യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടുകളാണല്ലോ എന്നും ചൈനയുടെ വിജയരഹസ്യം.
ബൈജുവും പപ്പനും ചൈനയുടെ വർത്തമാനകാലം അവരവരുടെ രീതിയിൽ വരച്ചിട്ടു. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കാർഷിക മുന്നേറ്റങ്ങൾ, മനുഷ്യപ്രയത്നങ്ങൾ - ഇവയൊക്കെ കൗതുകം സൃഷ്ടിച്ചു. ഒരു ജനത എങ്ങനെയാണ് കഠിനമായ പാതകൾ പിന്നിട്ട് ഉന്നതങ്ങളിലേക്ക് കടന്നുപോകുന്നതെന്ന് ചൈന നിരന്തരം വ്യക്തമാക്കിക്കൊണ്ടിരിക്കുന്നു. ദേശസ്നേഹത്തെ രാഷ്ട്രീയവല്‍ക്കരിക്കാൻ സാധിച്ചതും ഈ രാജ്യത്തിന്റെ വിജയരഹസ്യമാണ്.
അങ്ങനെ ചൈനയാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. പലതും വായിച്ചു. പല ഡോക്യുമെന്ററികൾ കണ്ടു. പലരുമായും സംസാരിച്ചു.
സാംസ്കാരിക വിപ്ലവം നയിച്ച മാവോയെ ഓർത്ത് രോമാഞ്ചം കൊണ്ട കാലം. വിപ്ലവം നീണാൾ വാഴട്ടെ എന്ന് നിശ്ശബ്ദമായി മുദ്രാവാക്യം വിളിച്ച നാളുകൾ.
ടിയാനൻമെൻ സ്ക്വയറിലെ കുട്ടികളുടെ നിലവിളി നമ്മുടെ സ്വപ്നത്തിൽ വീണ്ടും കടന്നുവന്നേക്കാം! ലോകമാകെ ഒറ്റക്കെട്ടായി വിമർശനമുന്നയിച്ചപ്പോഴും ചൈന ആ സംഭവത്തെ ന്യായീകരിച്ചു. കാലമേറെ കഴിഞ്ഞ് ചില തെറ്റുകൾ സ്വയംവിമർശനത്തോടെ തിരുത്തി. പിഴവുകൾ ഏറ്റുപറഞ്ഞു. തിരുത്തിയും മാറ്റിയെഴുതിയും മുന്നോട്ടുപോകാനാണ് ചൈന എന്നും ശ്രമിച്ചിട്ടുള്ളത്.
എൺപതുകളിലേയും തൊണ്ണൂറുകളിലേയും കലാലയ മതിലകങ്ങളിലെ പതിവു മുദ്രാവാക്യമായിരുന്നു മാവോ വചനങ്ങൾ. മാർക്സിന്റേയും ലെനിന്റേയും ചിത്രങ്ങൾക്കൊപ്പം പുരോഗമന ചിന്താഗതിക്കാരായ വിദ്യാർത്ഥികൾ മാവോയുടെ ധ്യാനതുല്യമായ പല ഭാവങ്ങൾ വരച്ച് ‘വരുവാനിരിക്കും വസന്തകാലത്തിന്റെ അധിപനെ’ സ്വപ്നം കണ്ടു. പ്രസംഗങ്ങളിൽ മാവോയുടെ മുദ്രാവാക്യങ്ങൾ ചുവപ്പ് രാശി വിതറി. മാവോ ദർശനം ചിറകടിച്ചു വന്ന് ഇന്ത്യയിലും വിപ്ലവത്തിന്റെ പരവതാനി വിരിച്ചിടുമെന്ന് ഞങ്ങള്‍ക്ക് മുന്‍പുള്ള തലമുറയിൽ പലരും സ്വപ്നം കണ്ടു.
ചൈന പഴയ ചൈനയല്ല. ഇല്ലായ്മയുടേയും പട്ടിണിയുടേയും കാലങ്ങളെ അവർ അതിജീവിച്ചതെങ്ങനെ എന്നറിയുമ്പോൾ അത്ഭുതം തോന്നുക സ്വാഭാവികം. യാത്രാഘട്ടങ്ങളിൽ അവ ഒന്നൊന്നായി കാണാൻ കഴിയുമെന്ന പ്രതീക്ഷയായിരുന്നു മനസ്സുനിറയെ. ജീവിച്ച ചരിത്രഘട്ടങ്ങളെ രേഖപ്പെടുത്തുന്നതിലും അവ വരുംതലമുറകൾക്കും സന്ദർശകർക്കും വേണ്ടി തുറന്നുകൊടുക്കുന്നതിലും ചൈന സവിശേഷ ശ്രദ്ധ നൽകാറുണ്ടെന്ന് കേട്ടിട്ടുണ്ട്. അവർ മല്ലിട്ടുവന്ന അതിജീവനകാലത്തിന്റെ ഓർമപ്പുസ്തകങ്ങള്‍ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ്. അതേസമയം അടച്ചുവെയ്ക്കേണ്ടത് തുറന്നുവെയ്ക്കാന്‍ ആരേയും അനുവദിക്കുകയുമില്ല.
കോഴിക്കോടുമായി നൂറ്റാണ്ടുകൾക്കു മുന്‍പ് ചൈന വ്യാപാരബന്ധം സ്ഥാപിച്ചിരുന്നു. അധികാരം വെട്ടിപ്പിടിക്കുന്നതിനുള്ള ശ്രമമൊന്നും അവർ അന്ന് നടത്തിയില്ല. ലാഭകരമായ കച്ചവടം മാത്രമായിരുന്നു ലക്ഷ്യം. അങ്ങനെയൊരു ചരിത്രകാലത്തിന്റെ ഓർമപ്പെടുത്തലാണ് മലയാളികളുടെ ചീനി(കപ്പ)യും ചീനച്ചട്ടിയും ചീനഭരണിയും ചീനവലയും ബൗദ്ധസൗഹാർദവുമൊക്കെ. വെട്ടിപ്പിടിക്കലിന്റേയും അധികാര സ്ഥാപനത്തിന്റേയും ബ്രിട്ടീഷ്- ഡച്ച് തേരോട്ടങ്ങൾ ചൈന സ്വീകരിച്ചില്ല. പഴയ ചൈനയിൽനിന്നും കേരളത്തിലേക്കുള്ള പാത കടന്നുവന്നവർ. ഒരു ഘട്ടത്തിൽ അവർ ആ വരവിൽനിന്ന് പിന്മാറുകയായിരുന്നു. സാമ്പത്തികമായ കുതിപ്പിനൊപ്പം തന്ത്രപരമായ നീക്കങ്ങളും കൗശലങ്ങളും ചൈന സ്വീകരിച്ചുകൊണ്ടിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള മത്സരത്തിന്റേയും ആയുധവിപണിയുടെ സാധ്യതയും അതിർത്തിവിസ്തൃതിയുടെ അതിമോഹവുമൊക്കെ പല പല പ്രേരണകളായി വളർന്നുകൊണ്ടിരുന്നു. അതിന്റെ നേർസാക്ഷ്യങ്ങൾ ചരിത്രത്തിൽ നിരവധി.
ആ ദിവസങ്ങളിൽ പല കാലങ്ങൾ മനസ്സെന്ന തുറമുഖത്തെത്തിക്കൊണ്ടിരുന്നു. ഇന്ത്യ-ചൈന യുദ്ധം, അതിർത്തിയിലെ എന്നത്തേയും പുകച്ചിൽ, അമേരിക്കയും ചൈനയും തമ്മിൽ നിലനിൽക്കുന്ന തർക്കം, ചൈന പാകിസ്താനു നൽകുന്ന ആയുധസഹായം, ഹോങ്കോങ് കലാപം - അങ്ങനെ പലതും. മറ്റൊരു ചൈനയാണ് ഞങ്ങളെ കാത്തിരുന്നത്.
ഇവിടുത്തെ മാറ്റങ്ങൾ ചൈനക്കാരെപ്പോലും അത്ഭുതപ്പെടുത്തുന്നതാണ്. കൃത്യമായതും കാര്യക്ഷമതയുള്ളതുമായ നിലപാടും നടപടിയും സ്വീകരിക്കാൻ രാഷ്ട്രീയ - അധികാര നേതൃത്വങ്ങൾ ജാഗ്രത പുലർത്തുന്നു. ഉദ്യോഗസ്ഥർ അത് നടപ്പിലാക്കാൻ ബദ്ധശ്രദ്ധരാണ്. അഴിമതി എന്ന ദുർഭൂതത്തെ തുറന്നുവിടാൻ ആരേയും അനുവദിക്കില്ല, അങ്ങനെ സംഭവിച്ചാൽ അഴിക്കുള്ളിലെ ജീവിതമാവും ശിഷ്ടകാല നിയോഗം.
നിർമാണ മേഖലയിലാണെങ്കിലും വിനോദസഞ്ചാരത്തിലാണെങ്കിലും മറ്റെവിടെയാണെങ്കിലും ചൈനയിലെ നിയമം കർക്കശമാണ്. സർക്കാർ അഥവാ പാർട്ടി നിശ്ചയിക്കും. സംവിധാനങ്ങൾ അത് നടപ്പിലാക്കും.
ഒരു സ്വകാര്യ ട്രാവൽ ഏജൻസിയാണ് ഞങ്ങളുടെ യാത്രാപദ്ധതി തയ്യാറാക്കിയത്. എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുക എന്നതിനപ്പുറം യാത്രക്കാരുടെ ഹിതമറിയാൻ ഇവരിൽ പലരും ശ്രമിക്കുന്നില്ല. അതുകൊണ്ട് വകതിരിവുള്ളവരും പുതുതലമുറയും ഇന്ന് സ്വന്തം നിലയ്ക്ക് യാത്ര പ്ലാൻ ചെയ്ത് ആവിഷ്കരിക്കുന്നു. കൊവിഡ് കാലത്ത് എല്ലാ യാത്രകളും നിലച്ചെങ്കിൽ ശേഷം അക്കാര്യത്തിൽ ഗണ്യമായ വർദ്ധനവ് വന്നിട്ടുണ്ട്. പണത്തിന്റെ പ്രകടനത്തിനപ്പുറം ഒരു ദേശത്തിന്റെ ഭൂപ്രകൃതിയിലൂടെ/സാംസ്കാരികതയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് ടൂർ ഓപ്പറേറ്റർമാരുടെ വേഗപ്പാച്ചിൽ അത്ര രസകരമായി തോന്നില്ല.
ഇപ്പോഴത്തെ കുട്ടികൾ കുറെയൊക്കെ മാറി യാത്ര ചെയ്യുന്നുണ്ട്. ഒറ്റയ്ക്കും കൂട്ടമായും അവർ യാത്രകൾ നടത്തുന്നു. പ്രതിസന്ധികളെ ഭയക്കാത്തവര്ക്കേ അത് സാധിക്കൂ. അല്ലെങ്കിൽ മാരത്തൺ രീതിയിൽ ജീവിതം ഓടിത്തീർക്കാൻ മാത്രമേ നമുക്ക് സാധിക്കൂ.
കൃത്യസമയത്തുതന്നെ ഞങ്ങൾ പന്ത്രണ്ടു പേർ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. സുപരിചിതരെങ്കിലും പലരും പരസ്പരം നോക്കി ചൈനീസ് ചിരി ചിരിച്ചു. ചിലർ അധികം ഇടതുപക്ഷം ചെരിഞ്ഞുനടക്കാൻ തുടങ്ങിയിട്ടുണ്ടോ എന്ന സംശയം തോന്നിയത് ഭട്ടതിരിക്കാണ്. ഇ.എം.എസിന്റെ പ്രശസ്തമായ ആ വാചകം ഓർമയിലെത്തി:
‘...ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന’- ആ രാഷ്ട്രീയ പ്രസംഗം ചില്ലറ കോലാഹലമല്ലല്ലോ അന്ന് സൃഷ്ടിച്ചത്.
ചൈനാചാരൻ എന്ന് ഇരട്ടപ്പേരുള്ള ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു. കുട്ടിക്കാലത്തിന്റെ കളിമട്ടുകൾക്കിടയിൽ എപ്പോഴും എന്റെ ഇടതുവശം ചേർന്നു നടന്നിരുന്ന ഇടതു കയ്യനായ ശ്രീനിവാസൻ. അവൻ ഇന്നില്ല. അകാലത്തിൽ ജീവിതത്തിന്റെ കളിക്കളം വിട്ടുപോയി. പുതിയ കളി നിയമങ്ങളോട് ഇണങ്ങാനാവാതെ അവൻ മറ്റൊരു ലോകത്തെ കളിപ്പറമ്പിൽനിന്ന് കരയിൽ കയറി ഒഴിഞ്ഞുമാറി ഇരിക്കുകയാവാം. ആരാണ് അവനെ ആദ്യമായി ചൈനാചാരൻ എന്നു വിളിച്ചത്? ആ വിളി വിളിക്കുന്നവർക്കു നേരേ എന്തുകൊണ്ടാണ് ശ്രീനി കൈ ചുരുട്ടി പാഞ്ഞെത്തിയത്?
ഞങ്ങൾ രണ്ടാം ക്ലാസ്സുകാരായ ചില കുട്ടികൾക്കെതിരെ എവിടെ ആരെന്തു ഗൂഢാലോചന നടത്തിയാലും ശ്രീനിവാസൻ അത് മണത്തറിയും. ശത്രുക്കളുടെ ഓരോ കരുനീക്കവും ശ്രദ്ധിച്ചു മുന്നേറും. പ്രതിയോഗികളെ തക്കം പാർത്തിരുന്ന് അക്രമിക്കും!
അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങളായിരുന്നു അന്ന്. 1976. ആ കാലത്തെ കിരാത നിലപാടുകളോട് യോജിച്ചുനിന്ന കുടുംബങ്ങളിലെ ചില കുട്ടികൾക്കത് അത്ര രസിച്ചില്ല. അവരാണ് ശ്രീനിയെ ചൈനാചാരൻ എന്നു വിളിച്ചത്.
ഓർമയുടെ വല വന്നു മൂടുന്നതിനൊപ്പം കാണാൻ പോകുന്ന പൂരത്തെക്കുറിച്ചുള്ള പല ആകാംക്ഷകൾ യാത്രികരെ വന്ന് പുതപ്പിച്ചു തുടങ്ങി.
ചൈനയില്‍ ചീനവല?
വിമാനത്താവളത്തിൽ തിരക്കേറിക്കൊണ്ടിരുന്നു. ഇനിയുള്ള കുറെ ദിവസങ്ങള്‍ മാവോയുടെ നാട്ടിലാണ്. ഷി വിരാജിക്കുന്ന മണ്ണിലാണ്. ജാക്കിച്ചന്റെ ജന്മദേശത്താണ്.
മെയ് 10. ഉഷ്ണത്തിന്റെ പൊരിച്ചിലിൽനിന്ന് മഴമേഘങ്ങള്‍ സ്വപ്നം കാണുന്ന മലയാളികൾ. മൂന്നുനാലു മാസത്തെ ചൂടും വരൾച്ചയും പിന്നിട്ട് മെയ് മാസമാകുന്നതോടെ ഒന്നു തണുക്കുന്ന ജീവിതമായിരുന്നു നമ്മുടേത്. കാലാവസ്ഥാവ്യതിയാനത്തിലൂടെ എല്ലാം മാറിമറിയുന്നതിന്റെ സൂചനകൾ കാണാൻ തുടങ്ങിയിട്ടുണ്ട്. പതിവു മഴക്കാലത്ത് വേനലും വേനൽക്കാലത്ത് മഴയും ശീലിക്കാൻ നമ്മുടെ മണ്ണ് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇനി മനുഷ്യരും ആ വഴിയെ സഞ്ചരിച്ചു തുടങ്ങാതെ വയ്യ.
ചൈന പഴയ ചൈനയല്ല. വൻശക്തിയായി ലോകക്രമത്തെ നിയന്ത്രിക്കാൻ കുതിക്കുന്ന ചൈന. അത് തടയാൻ ശ്രമിക്കുന്ന അമേരിക്ക. ഇരുരാജ്യങ്ങളും സ്വപ്നം കാണുന്നത് ലോകത്തിന്റെ അധീശത്വമാണ്. അടുത്തിടെ നമ്മുടെ മത്സ്യബന്ധനത്തിലെ പ്രധാന കഥാപാത്രമായ ചീനവലയെക്കുറിച്ചൊരു വാർത്ത കേട്ടു.
സംഗതി ഇങ്ങനെയാണ്: ചീനവല നമ്മുടെ ജലാശയങ്ങളിലെ ചെറുമീനുകളെ നശിപ്പിക്കും. മത്സ്യബന്ധന സമയത്ത് കുഞ്ഞുമീനുകൾ കൂട്ടം കൂട്ടമായി വലയിൽ കയറും. വലിയ മീനുകൾക്കൊപ്പം അവ കരയിലെത്തും. ഭക്ഷണപാകമാകാത്ത അവയെ വളമായിട്ടാണ് ഉപയോഗിക്കുക. വളർന്ന് വലിയ മത്സ്യസമ്പത്താവേണ്ട കുഞ്ഞുമത്സ്യങ്ങൾ കൂട്ടമായി നശിക്കുക വഴി ഭാവിയിൽ നമുക്ക് മറ്റു രാജ്യങ്ങളിൽനിന്നും മീൻ ഇറക്കുമതി ചെയ്യേണ്ടിവരും. അങ്ങനെ വന്നാൽ ഏറ്റവും നല്ല വിപണി കണ്ടെത്താന്‍ ചൈനയ്ക്ക് സാധിക്കും. ഇങ്ങനെയൊരു പദ്ധതിയാണ് ചൈനയ്ക്കുള്ളതെന്നു കേട്ടപ്പോൾ അതത്ര വിശ്വാസയോഗ്യമായി തോന്നിയില്ല. എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ ചീനവല മത്സ്യക്കുഞ്ഞുങ്ങളെ നശിപ്പിക്കുമെന്ന് മനസ്സിലായി. സമൃദ്ധമായ നമ്മുടെ മത്സ്യസമ്പത്തിനെ കാലങ്ങൾകൊണ്ട് നശിപ്പിക്കാനുള്ള ചൈനയുടെ പദ്ധതി ഇതിനു പിന്നിലുണ്ടോ? ലഭിക്കുന്ന ലാഭത്തിനുവേണ്ടി ചൈന മുൻകൂട്ടിയെറിഞ്ഞ ചൂണ്ടയാണോ ചീനവല?
തൊട്ടയൽ രാജ്യമായ ഇന്ത്യയിലെ മത്സ്യസമ്പത്ത് നശിപ്പിച്ച് സ്വന്തം വിപണി വിശാലമാക്കാൻ ചൈന ശ്രമിക്കുമോ?
അയൽരാജ്യങ്ങളിൽ സാഹോദര്യം വളർന്നാൽ ആയുധവിപണി തകരും. രാജ്യങ്ങൾ തമ്മിൽ കലിയും കലഹവും വളർന്നാൽ മാത്രമേ ആയുധക്കച്ചവടം സജീവമാകൂ. അങ്ങനെ മനുഷ്യനും ജീവനും പ്രകൃതിക്കുമൊക്കെയപ്പുറം ലാഭം എന്ന കൊടി പാറാൻ തുടങ്ങുന്നതോടെ അയൽ സ്നേഹത്തിന്റെ പരവതാനിയല്ല പരസ്പരം നാം വിരിച്ചുകൊണ്ടിരിക്കുന്നത്; വൈരത്തിന്റെ മുനയുള്ള പാതകളാണ്. അമേരിക്ക സൂക്ഷിക്കുന്ന ആയുധ വിപണീമോഹം ഇതിനെല്ലാം വളക്കൂറുള്ള മണ്ണൊരുക്കുന്നുണ്ട്. വൻരാജ്യങ്ങളുടെയൊക്കെ കുറുക്കൻ കണ്ണ് ആയുധക്കച്ചവടത്തിൽ തടഞ്ഞുനിൽക്കും എന്നത് ചരിത്രസത്യം!
ഇങ്ങനെയൊക്കെയാണെങ്കിലും ചീനവലയുടെ കാര്യത്തിൽ ചൈനയെ സംശയിക്കാൻ എനിക്ക് തോന്നിയില്ല. അതേസമയം ഈ വല ചൈനയിൽ ഉപയോഗിക്കുന്നില്ല എന്നു കേട്ടപ്പോൾ നേരിയൊരു സംശയം തോന്നാതേയുമിരുന്നില്ല. ബീജിംഗിൽവെച്ചാണ് ലീ എന്ന ചെറുപ്പക്കാരൻ ചീനവലയുടെ രഹസ്യം പറഞ്ഞത്. അവർ അവിടെ ഇമ്മാതിരി വലയല്ല മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്നത്! കുഞ്ഞുമത്സ്യങ്ങൾ ചീനവലയിൽ കുരുങ്ങും. അങ്ങനെ കാലാന്തരത്തിൽ മത്സ്യസമ്പത്തിൽ വലിയ ഇടിവുണ്ടാകും. പിന്നീട് ഇതേക്കുറിച്ച് നാട്ടിൽവെച്ചും ചിലതൊക്കെ കേട്ടു. ഇപ്പോഴും ചീനവല ഇന്ത്യയിൽ ഉപയോഗിക്കുന്നുണ്ട് എന്നത് മറ്റൊരു യാഥാർത്ഥ്യം! ചീനവലയെന്ന വല പല രാജ്യങ്ങളിൽനിന്നും ഇന്ത്യയിലേക്ക് എത്തുന്നതായും കേൾക്കാനായി!
നമ്മൾ ഇന്ത്യക്കാർ താല്‍ക്കാലിക ശാന്തിക്കാരാണ്. സ്ഥായിയായ അല്ലെങ്കിൽ കാലാതിവർത്തിയായ നിശ്ചയങ്ങൾ സ്വീകരിക്കാൻ ശ്രമിക്കാത്തവർ. ചൈന എല്ലാം പ്ലാൻ ചെയ്തു മുന്നേറാൻ ശ്രമിക്കുന്നു. ഇന്ത്യ താല്‍ക്കാലിക ലാഭത്തിൽ കണ്ണുനട്ട് നീങ്ങുന്നു. അടുത്തറിയാൻ ശ്രമിക്കുമ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന ദൂരം ഇതാണെന്ന് ബോധ്യമാവും! ഒരു ദശാബ്ദത്തെ മുന്നിൽ കണ്ടുകൊണ്ടാണ് ചൈന വല എറിയുക. ഇന്ത്യ ഒരു വർഷത്തേക്കും!
ഇനിയുള്ള കാലം അമേരിക്കയും ചൈനയും തമ്മിലുള്ള വൈരഗാഥകളാവാം ലോകം കേൾക്കാൻ പോകുന്നതെന്ന് പറയുന്നവരുണ്ട്. കൃത്യമായ പ്ലാനിംഗിലൂടെ മുന്നേറുന്ന ചൈന. ശാസ്ത്രസാങ്കേതിക രംഗത്തും വികസനത്തിലും കൃഷിയിലും വിദ്യാഭ്യാസത്തിലുമൊക്കെ അതിവേഗം മുന്നേറുകയാണ് ചൈന. അത് തടയാൻ അമേരിക്കയ്ക്ക് കഴിയില്ല. അതുതന്നെയാണ് എന്നും ഒന്നാം ലോക സ്വപ്നങ്ങൾ മാത്രം കാണുന്ന അമേരിക്കയെ അസ്വസ്ഥമാക്കുന്നത്!
(തുടരും)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates