എൻ.ആർ.എസ് എന്ന ബാബുസാർ

Image
എസ്. ജയചന്ദ്രന്‍ നായര്‍, എം.എസ്. മണി, എന്‍.ആര്‍.എസ് ബാബുSamakalika Malayalam
Updated on

എഴുപതുകളുടെ അവസാനത്തിലാണ് ബാബുസാറിനെ പരിചയപ്പെടുന്നത്. കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസ്സിലെ ഗവേഷണ വിദ്യാർത്ഥിയായിരുന്ന എന്നെ ബാബുസാർ കലാകൗമുദിയിലേക്ക് വിളിച്ചു. അടിയന്തിരാവസ്ഥ പിൻവലിക്കപ്പെട്ട രാഷ്ട്രീയ കാലം. കലാകൗമുദി ക്യാമ്പസ്സുകളിൽ നിറഞ്ഞുനിന്ന കാലം. എം.എസ്. മണിയും എസ്. ജയചന്ദ്രൻ നായരും എൻ.ആർ.എസ് ബാബുവുമെന്ന ത്രിമൂർത്തികൾ അക്ഷരാർത്ഥത്തിൽ മലയാളത്തിലെ ലിറ്റററി ജേർണലിസത്തേയും പൊളിറ്റിക്കൽ ജേർണലിസത്തേയും ഇളക്കി മറിക്കുകയായിരുന്നു.

മനോരമയും മാതൃഭൂമിയും കയ്യടക്കിവെച്ചിരുന്ന പരമ്പരാഗത ജേർണലിസത്തിനെതിരെ ഉയർന്നു വന്ന നവജേർണലിസത്തെ യുവാക്കൾ ആഘോഷിക്കുന്ന കാലം. മലയാളത്തിന് പരിചയമില്ലാതിരുന്ന അതിശക്തവും നിശിതവുമായ രാഷ്ട്രീയക്കുറിപ്പുകളും എഡിറ്റോറിയലുകളും. ഒ.വി. വിജയന്റെ കാർട്ടൂണുകൾ, എം. കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലം. ചിന്ത രവിയുടെ ‘സ്വിസ്സ് സ്‌കെച്ചുകൾ’, ‘അകലങ്ങളിലെ മനുഷ്യർ.’ എം. ഗോവിന്ദനും അയ്യപ്പപ്പണിക്കരും നിറഞ്ഞാടിയ കാലം, അയ്യപ്പനെപ്പോലെ പുതുതലമുറ കവികൾ തകഴി മുതൽ കൊച്ചുബാവവരെയുള്ള കഥയെഴുത്തുകാർ മാധവിക്കുട്ടിയും എം.ടിയും പത്മനാഭനും ധന്യമാക്കിയ കലാകൗമുദി (പിന്നീടാണ് നമ്പൂതിരിയുടെ വരകൾ വന്നത്). ആ കാലത്ത് കലാകൗമുദിയിലേക്ക് ചെല്ലുന്ന ഏതൊരു ചെറുപ്പക്കാരനും അന്ധാളിച്ചുപോകും. എന്റെ അമ്പരപ്പ് മാറ്റാനായി എൻ. ആർ.എസ്, മണിസാറിനോട് പറഞ്ഞ് എന്നെ കേരളകൗമുദി സിറ്റി ബ്യൂറോയിലേക്ക് വിടുന്നു, നീ ആദ്യം റിപ്പോർട്ടിങ് പഠിക്ക്... അന്ന് തിരുവനന്തപുരം പ്രസ്സ് ക്ലബ് മഹാരഥന്മാരുടെ താവളമായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ കെ.സി. ജോൺ, മനോരമയുടെ കെ.ആർ. ചുമ്മാർ, മാതൃഭൂമിയുടെ പി.സി. സുകുമാരൻ നായർ, കേരളകൗമുദിയുടെ കെ.ജി. പരമേശ്വരൻ നായർ. മലയാള പത്രപ്രവർത്തനത്തിലെ ഉജ്ജ്വലമായ ഈ ഘട്ടം പ്രിയപ്പെട്ട വായനക്കാർ ഓർക്കുന്നുണ്ടാകും. പത്രങ്ങൾ അന്നത്തെപ്പോലെ പിന്നീട് ഒരിക്കലും ശക്തമായിരുന്നില്ല. അക്കാലത്ത് പ്രഭാതചായയ്ക്കൊപ്പം, അല്ലെങ്കിൽ അതിനു മുൻപ് മലയാളി പത്രം വായിച്ചിരിക്കും. അച്ചടിച്ച പത്രം മലയാളിയുടെ ജീവശ്വാസമായിരുന്ന കാലം. പിന്നെ ദൂരദർശനും ചാനലുകളും അവസാനം സോഷ്യൽമീഡിയയും വന്നതോടെ അക്ഷരങ്ങൾ അനാഥമായി, പത്രങ്ങൾ അനാഥമായി. നമ്മളൊക്കെ മൊബൈലിൽ പരതുകയും അതിൽ ഉറങ്ങുകയും അതിൽ ഉണരുകയും ചെയ്തു. പത്രപ്രവർത്തകർ ഇപ്പോൾ വെറും ‘മാപ്ര’കളായി ഒതുങ്ങി. ‘മാപ്ര’കൾപോലും പത്രങ്ങൾ വായിക്കാതായി.

സെക്രട്ടറിയേറ്റിന്റെ പ്രധാന ഗേറ്റിന് എതിർവശത്തായിരുന്ന എൻ.ബി.എസ് ബുക്‌സ്റ്റാളിന് മുകളിലായിരുന്നു കേരളകൗമുദിയുടെ പഴയ സിറ്റിബ്യൂറോ. കെ.ജി. സാറിനും വർഗീസ് സാറിനുമിടയിൽ ഒരു കസേരയിൽ അമ്പരന്നാണ് ഇരുന്നത്. വലിയൊരു ഡൈനിങ്ങ് ടേബിൾ പോലെ ഒരു മേശ, മേശമേൽ രണ്ടുമൂന്ന് ടെലിഫോണുകൾ എപ്പോഴും ശബ്ദിച്ചുകൊണ്ടിരിക്കും. മേശ നടുവിൽ പരസ്പരാഭിമുഖമായി കെ.ജി. സാറും വർഗീസ് സാറും. ഇടയ്ക്കിടെ ഫോട്ടോഗ്രാഫറായ ശങ്കരൻകുട്ടി വരും. കംപ്യൂട്ടറും മൊബൈലും ഇല്ലാതിരുന്ന ആ കാലത്തെ റിപ്പോർട്ടിങ് ശരിക്കും ആയാസകരമായിരുന്നു. ഏതാനും മാസങ്ങളേ അവിടെയിരുന്നുള്ളൂ. ഇവനു പറ്റിയ പണി ഇതല്ലെന്നു തോന്നിയിട്ടാകണം എന്നെ വീണ്ടും കലാകൗമുദിയിലേക്ക് വിളിച്ചു. പേട്ടയിൽ കേരളകൗമുദിക്കു പിന്നിലെ ആ പഴയ കെട്ടിടം. മണിസാറിന്റേയും ജയൻസാറിന്റേയും എഡിറ്റോറിയൽ റൂമുകളിലേക്ക് കയറുന്ന വരാന്തയിൽ കള്ളിക്കാടൻ രാമചന്ദ്രനു മുന്നിൽ ഞാനിരുന്നു. എന്തെഴുതണമെന്നോ എങ്ങനെയെഴുതണമെന്നോ അറിയാതെ. അപ്പോഴും എനിക്ക് അമ്പരപ്പ് മാറിയിരുന്നില്ലായെന്ന് മാത്രമല്ല, സർവ സമയവും എഴുതിക്കൊണ്ടിരുന്ന രാമചന്ദ്രൻ എന്റെ അന്ധാളിപ്പ് കൂട്ടുകയും ചെയ്തു. ഒരു പുസ്തകം മറിച്ചുനോക്കാതെ ഒരു ഡയറിക്കുറിപ്പും നോക്കാതെ പഴയ പത്രങ്ങളോ മാസികകളോ റഫർ ചെയ്യാതെ രാമചന്ദ്രൻ എഴുതിക്കൊണ്ടേയിരുന്നു. ഇടയ്ക്ക് പുറത്തേയ്ക്ക് നോക്കും, ഇടം കണ്ണിട്ട് എന്നെയും. എഴുതിയ മാറ്റർ ജയൻസാറിന്റെ മുന്നിൽ വെച്ച് ഉച്ചയ്ക്ക് 12 മണി കഴിയുമ്പോൾ രാമചന്ദ്രൻ സ്ഥലം വിടും. പിന്നെ ഉച്ച കഴിഞ്ഞ് രണ്ടര മണിക്ക് മടങ്ങിവരും. രാമചന്ദ്രനായിരുന്നു അന്ന് ഫിലിം മാഗസിന്റെ ചുമതല. പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നം സിനിമാ സംവിധാനത്തിൽ ബിരുദം നേടി വന്നയാളായിരുന്നു രാമചന്ദ്രൻ. കലാകൗമുദി രാമചന്ദ്രന് ഒരു ഇടത്താവളമായിരുന്നു. സിനിമാസംവിധാന മോഹവുമായി രാമചന്ദ്രൻ നടന്നിരുന്ന കാലം. രാമചന്ദ്രന്റെ എഴുത്ത് ഹരം പിടിപ്പിക്കുന്നതും വിഭ്രമകരവുമായിരുന്നു.

Image of NRS Babu
എന്‍.ആര്‍.എസ് ബാബു Samakalika Malayalam

കലാകൗമുദിയുടെ പ്രധാന കവാടത്തിനരികിലായിരുന്നു എൻ.ആർ.എസ്സിന്റെ മുറി. ഒരേ സമയം ഓഫീസ് ചുമതലയും എഡിറ്റോറിയൽ ജോലിയും. എൻ.ആർ.എസ് ഇടയ്ക്കിടെ വരാന്തയിലേയ്ക്ക് വരും. കറുത്ത് കുള്ളനായ ഒരാൾ വെളുത്ത ചിരിയുമായി വരികയാണ്. രാമചന്ദ്രന്റെ തോളിൽ തട്ടി ചോദിക്കും: “എന്തടേ ഇന്നലത്തെ കട്ട് വിട്ടില്ലേ...” എന്നിട്ട് ഒരു പൊട്ടിച്ചിരി. എൻ.ആർ.എസ് കുസൃതിക്കാരനായിരുന്നു, ആരെയും വീഴ്ത്തുന്ന ചിരിയും വർത്തമാനങ്ങളും. മുഖത്തെ പുഞ്ചിരി മാറി കാറ് മൂടാൻ നിമിഷങ്ങൾ മതി. അഴികൾകൊണ്ട് മറച്ചിരുന്ന ആ വാരാന്തയിൽ പഴയ വീക്കിലികൾ മറിച്ചുനോക്കിയിരുന്ന എനിക്ക് എൻ.ആർ.എസ് ഒരു അസൈൻമെന്റ് തന്നു. ഏതെങ്കിലും ഒരു ഗ്രാമത്തെക്കുറിച്ച് ഒരു ഫീച്ചർ തയ്യാറാക്കുക. നീ പള്ളിപ്പുറത്തെക്കുറിച്ച് എഴുതിയാലും മതി എന്ന് ഉദാരതയോടെ പറയുകയും ചെയ്തു. പള്ളിപ്പുറം എന്റെ ഗ്രാമമാണ്. സ്വന്തം ഗ്രാമത്തെക്കുറിച്ച് എഴുതാൻ നമുക്ക് ഉത്സാഹമായിരിക്കുമല്ലോ. മാത്രമല്ല, വലിയ പ്രയത്നവും ആവശ്യമില്ല. ഞാൻ ആലോചിച്ചപ്പോൾ പള്ളിപ്പുറം മനോഹരമാണ്, കേരളമാകെ കാണുന്ന ഹരിതാഭയും വയലും തോടും കുളങ്ങളും ഒക്കെയുണ്ട്, ആയിരവല്ലിക്കുന്നും ആനതാഴിച്ചിറയുമുണ്ട്, പക്ഷേ, അതുപോരല്ലോ, അല്പം അകലെയുള്ള കടലോര ഗ്രാമത്തെപ്പറ്റി എഴുതാനാണ് മനസ്സ് പറഞ്ഞത്. മുൻപ് പലപ്പോഴും എഴുതിയതാണ്, എങ്കിലും ആവർത്തിക്കാതിരിക്കുന്നതെങ്ങനെ ചിലപ്പോൾ ഇങ്ങനെയാണ് അപകടങ്ങൾ വന്നുപെടുന്നത്. പെരുമാതുറ അക്കാലത്ത് ഗൾഫ് കുടിയേറ്റത്തിന്റെ പേരായിരുന്നു. വടക്കുള്ള ചാവക്കാട് പോലെ. 18 വയസ്സു കഴിഞ്ഞ ചെറുപ്പക്കാരൊക്കെ അവിടെനിന്ന് ഗൾഫിലേക്ക് പോയിരുന്നു, അതിൽ കള്ളവഞ്ചിക്കാരും നേരായിപ്പോയവരുമുണ്ട്. ഗൾഫ് പണം ഒരു അതി പിന്നോക്ക പ്രദേശത്തിന്റെ സാമൂഹിക, സാമ്പത്തിക ജീവിതത്തെത്തന്നെ എങ്ങനെ തകിടം മറിച്ചുവെന്നതായിരുന്നു എന്റെ അന്വേഷണം. ‘അവർ മടങ്ങിവന്നാൽ’ എന്ന തലക്കെട്ടിൽ കവർ സ്റ്റോറിയായി കലാകൗമുദി അത് പ്രസിദ്ധീകരിച്ചു. സംഗതി പക്ഷേ, പാളി. ആദ്യത്തെ സ്റ്റോറിക്ക് ലേഖകൻ കോടതി കയറേണ്ട അവസ്ഥയായി. ഞാൻ മൂന്നാം പ്രതിയായി. ഒന്നാം പ്രതി പത്രാധിപർ എം.എസ്. മണി രണ്ടാം പ്രതി പ്രിന്റിങ് സ്ഥാപനം. ശാരീരികാക്രമണത്തിൽനിന്ന് ഞാൻ കഷ്ടിച്ച് രക്ഷപ്പെട്ടുവെന്നേയുള്ളൂ ഒരുപാട് തെറിക്കത്തുകൾ, ആക്ഷേപങ്ങൾ. കലാകൗമദിയും കേരളകൗമുദിയും ഗൾഫിൽ നിരോധിച്ചുവെന്നു പറഞ്ഞാൽ അക്കാലത്തെ പുകില് വായനക്കാർക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഒരുപാട് രാഷ്ട്രീയ ഇടപെടലിലൂടെയാണ് പ്രശ്നം തണുപ്പിച്ചത്. ജീവൻ നഷ്ടമാകാതെ രക്ഷപ്പെട്ടത് എന്റെ മാതാപിതാക്കളുടെ പ്രാർത്ഥന ഒന്നുകൊണ്ടുമാത്രം. തന്റെ ആദ്യ ഫീച്ചർ കോടതി കയറുക, ഒരു കന്നിക്കാരന്റെ അവസ്ഥ ആലോചിച്ചുനോക്കൂ. അഡ്വ. ഈശ്വര അയ്യരിൽനിന്ന് ക്രിമിനൽ വക്കീൽ നോട്ടീസ്, അഡ്വ. എം.എൻ. സുകുമാരൻ നായരിൽനിന്ന് സിവിൽ വക്കീൽ നോട്ടീസും. അടിയന്തരാവസ്ഥയിൽ കൊല്ലപ്പെട്ട രാജന്റെ കേസ് നടത്തി കെ. കരുണാകരനെ വിറപ്പിച്ച വക്കിലായിരുന്നു ഈശ്വര അയ്യർ. രണ്ട് നോട്ടീസുകളും എന്റെ കയ്യിൽ തന്നത് എൻ.ആർ.എസ്സായിരുന്നു: “നീ വിഷമിക്കേണ്ട, പ്രശ്നങ്ങൾ ഒന്നുമുണ്ടാവില്ല, കേസ് കലാകൗമുദി നടത്തും.” അന്ന് പത്രാധിപർ കെ. സുകുമാരൻ ജീവിച്ചിരിപ്പുണ്ടായിരുന്നു. കേരള കൗമുദിക്കെതിരെ ഇത്തരമൊരു കേസുണ്ടായത് അദ്ദേഹത്തെ വിഷമിപ്പിച്ചു. പക്ഷേ, എന്നെ വിളിക്കുകയോ വഴക്കു പറയുകയോ ചെയ്തില്ല. മണിസാർ ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ പഴയതുപോലെ പെരുമാറി. ജയൻസാറും ഒന്നും പറഞ്ഞില്ല. സത്യത്തിൽ ഒരു കന്നിക്കാരന്റെ പത്രപ്രവർത്തനം എന്ന മോഹം അവിടെ അവസാനിക്കേണ്ടതായിരുന്നു. യൂണിവേഴ്‌സിറ്റിയിലേക്ക് തിരിച്ചുപോയാലോ എന്ന് ഞാൻ ആലോചിച്ചു. എന്നെ ഇഷ്ടപ്പെടുന്നവർ പലരും പറഞ്ഞു: “നിനക്ക് ഈ പണി പറ്റിയതല്ലെന്ന്.” ആ ഫീച്ചറുമായി ബന്ധപ്പെട്ട് വായനക്കാരിൽനിന്നു വന്ന കത്തുകളിൽനിന്ന് ആ ഫീച്ചറിനെ സന്തോഷത്തോടെ സ്വീകരിച്ചവരുടെ കത്തുകൾ മാത്രം എൻ.ആർ.എസ് എനിക്കു തന്നു. എന്നിട്ട് പതിവ് ചിരിയോടെ പറഞ്ഞു: “ഇതൊരു നിമിത്തമാണ്, ഒരു പത്രപ്രവർത്തകന്റെ ജീവിതം തുടക്കത്തിലേ നിനക്ക് മനസ്സിലായിരിക്കുന്നു. ഒരു മടിയും കൂടാതെ മുന്നോട്ടു പോവുക.” എൻ.ആർ.എസ് പകർന്ന ഊർജം വലുതായിരുന്നു. എങ്കിലും മനസ്സിൽ വല്ലാത്ത വേവലാതി ഉണ്ടായിരുന്നു. ഞാനാകെ വിഷണ്ണനായിരുന്ന അക്കാലത്ത് ഒരു ദിവസം ഉച്ചനേരത്ത് എൻ.ആർ.എസ് പള്ളിപ്പുറത്ത് എന്റെ വീടിനു മുന്നിൽ. അതൊരു കൊയ്ത്തുകാലം. വീട്ടുമുറ്റത്ത് ഉണങ്ങാനായി വൈക്കോൽ വാരിവിതറിയിരുന്നു. വീട്ടിലേക്ക് കയറിയ എൻ.ആർ.എസ് എന്റെ അമ്മയോട്: “ചേച്ചീ എനിക്ക് ഒരു ഗ്ലാസ്സ് മോര് (സംഭാരം) വേണം” നന്ദിയോട്ടുകാരൻ ഗ്രാമീണന്റെ നിഷ്‌കളങ്കമായ ചിരിയും വർത്തമാനവും. എന്നോട് പറഞ്ഞു ഞാൻ കോരാണിയിൽ ഭാര്യ വീട്ടിലേയ്ക്ക് പോവുകയാണ്. ഉടനെ തിരിച്ചുവരും, നീ കൂടി വാ... പള്ളിപ്പുറവും മംഗലാപുരവും കഴിഞ്ഞാണ് കോരാണി, നാഷണൽ ഹൈവേയിൽ. തൊട്ടുചേർന്ന് തോന്നയ്ക്കലും വേങ്ങോടും. ആ കോരാണി യാത്രയിൽ രാജനുമായി ചേർന്ന് ആറ്റിങ്ങലിൽ നടത്തിയിരുന്ന ട്യൂട്ടോറിയൽ കോളേജിനെപ്പറ്റി പറഞ്ഞു. ട്യൂട്ടോറിയലുകൾ കൊച്ചു പ്രേമകുടീരങ്ങളാണെന്നു പറഞ്ഞ് പൊട്ടിച്ചിരിച്ചു. ചെറുപ്പകാലത്ത് ട്യൂട്ടോറിയലിൽ പഠിപ്പിക്കുക ഒരു ഹരമായിരുന്നു. വലിയ കഷ്ടപ്പാടായിരുന്ന കുട്ടിക്കാലത്ത്. അച്ഛൻ നന്ദിയോട് എന്ന ഗ്രാമത്തിലെ കേരളകൗമുദിയുടെ ഏജന്റ്. ചെറിയ പ്രായത്തിൽ അച്ഛൻ രാഘവൻ മരിച്ചപ്പോൾ പിന്നെ അമ്മ സ്വയംപ്രഭ ഒറ്റയ്ക്കാണ് പണിയെടുത്ത് ഞങ്ങളെ പോറ്റിയത്. അമ്മ അപ്പോഴും കേരളകൗമുദിയുടെ ഏജൻസി തുടർന്നു. ഒരു ദിവസം അമ്മ പത്രാധിപരെ പോയി കണ്ട് സങ്കടങ്ങൾ പറഞ്ഞു. മകനൊരു ജോലി കൊടുക്കണമെന്ന് അപേക്ഷിച്ചു. അമ്മയുടെ അപേക്ഷ പത്രാധിപർ കേട്ടു.

Image of NRS Babu
എന്‍.ആര്‍.എസ്. ബാബുSamakaliaka Malayalam

വെറുമൊരു ട്യൂട്ടോറിയൽ അദ്ധ്യാപകനായിരുന്ന എന്നെ കെ. സുകുമാരൻ എന്ന വലിയ പത്രാധിപരാണ് എൻ.ആർ.എസ് ബാബുവെന്ന ജേർണലിസ്റ്റാക്കിയത്. ബാബുസാർ നല്ല മൂടിലായിരുന്നു. ഒരുപാട് സംസാരിച്ചു. കോരാണിയിലെ വീട്ടിലെത്തിയപ്പോൾ മുറ്റത്ത് കുറെ സ്ത്രീകളും കുട്ടികളും കൂടിനിന്ന് മാങ്ങ പറിക്കുകയാണ്. ഉമ ചേച്ചിയെ വിളിച്ച് എന്നെ പരിചയപ്പെടുത്തി. ചായ കുടിച്ച് ചേച്ചി കുറെ മാങ്ങ പൊതിഞ്ഞുതന്നു. ഞാനും മുരളിയും രണ്ടു ദിവസം കഴിഞ്ഞ് നന്ദിയോട്ട് പോകും എന്ന് ചേച്ചിയോട് പറഞ്ഞാണ് മടങ്ങിയത്. എന്റെ മനസ്സിലെ പ്രയാസം മാറ്റാൻ സാറ് കണ്ടുപിടിച്ച വിദ്യയായിരുന്നു അതെന്ന് പിന്നെ എനിക്കു മനസ്സിലായി. നെടുമങ്ങാട് താലൂക്കിൽ, വെഞ്ഞാറമൂടിനും വിതുരയ്ക്കുമിടയിലെ സുന്ദരമായൊരു ഗ്രാമമാണ് നന്ദിയോട്. എങ്ങനെയാണ് നന്ദിയോട് എന്ന ഗ്രാമത്തിന് പേര് കിട്ടിയതെന്ന് അറിയുമോ. ഈ കാട്ടുപ്രദേശം തേടി വരുന്നവരെയൊക്കെ ഞങ്ങൾ നന്നായി സല്‍ക്കരിക്കും. ‘നന്ദിയോടെ’ അവരെ യാത്രയാക്കും, അതുകൊണ്ട് ഞങ്ങളുടെ നാട് നന്ദിയോടായി. ഞാൻ എന്റെ പേരിനൊപ്പം നന്ദിയോട് കൂട്ടിച്ചേർത്തു. അങ്ങനെയാണ് ഞാൻ നന്ദിയോട് സുഭാഷ് ബാബുവായത്. അച്ഛൻ സുഭാഷ് ചന്ദ്രബോസിന്റെ ആരാധകനായിരുന്നു. വെറുമൊരു പത്രം ഏജന്റായിരുന്നില്ല. നല്ലപോലെ വായിച്ചിരുന്നു. പഴയ വീട് ഇടിഞ്ഞുപൊളിഞ്ഞിരുന്നു. അതൊരു മൺവീടായിരുന്നു. ആരും അവിടെ ഉണ്ടായിരുന്നില്ല. ഗ്രാമം മുഴുവൻ ഞങ്ങൾ കറങ്ങി. കുന്നിൻചരിവുകൾ പച്ചയിട്ട് തുടുത്തിരുന്നു. വാമനപുരം നദി ഗ്രാമത്തിന്റെ വടക്കുഭാഗത്തായി ഒഴുകുന്നു. കുന്നിൻ താഴ്‌വരകളിലാകെ നീരുറവകൾ. ആനകുളം, മീൻമുട്ടി, വട്ടപ്പൻകാട്, പച്ച, ആലുംകുഴി, പേരയം, താന്നിമൂട്, കുറുന്താളി, പാലുവള്ളി. ഓരോ കുന്നിനും മടക്കിനും നീർച്ചാലിനും ഇതുപോലെ പേരുകളുണ്ട്. മീൻമുട്ടി വെള്ളച്ചാട്ടവും തൊട്ടടുത്ത് അണക്കെട്ടും. വെള്ളച്ചാട്ടം നോക്കി ഞങ്ങൾ കുത്തിയിരുന്നു, പ്രകൃതി എത്ര രമണീയം. ഉച്ചനേരത്തും നല്ലതണുപ്പ്. ഈ ഗ്രാമത്തിൽ ജനിച്ച് പുസ്തകങ്ങൾ വായിച്ചു വളർന്നു ഞാനൊരു കവിയോ നോവലിസ്റ്റോ ആകേണ്ടതായിരുന്നു, ആയത് പക്ഷേ, ജേർണലിസ്റ്റ്. എന്നിട്ടൊരു ചിരി. ഏതോ ഒരു മൂലയിൽ വണ്ടി നിറുത്തി.

ഒരു ചായപ്പീടികയും തൊട്ടൊരു കള്ള്ഷാപ്പും. ഇതാണ് കൃഷ്‌ണേട്ടന്റെ ‘റസ്റ്റോറന്റ് കം കള്ള്ഷാപ്പ്.’ മുറ്റത്ത് നിന്ന സ്ത്രീ കടയ്ക്കുള്ളിലേക്ക് കയറി: “അണ്ണാ അണ്ണനെയിപ്പോ കാണാറേയില്ലല്ലോ, വലിയ ആളായപ്പം പാവങ്ങളെ അങ്ങ് മറന്ന്...” അവർ പരിഭവം പറയുകയാണ്. ബാബുസാർ ചിരിച്ചു. എനിക്ക് ഒന്നാംതരം ചായയും പരിപ്പുവടയും. ബാബുസാറിന് ഒന്നാംതരം കള്ള്, കള്ള് കറി നാക്കിൽ തൊട്ട് തലയാട്ടി കൃഷ്ണനേട്ടനോടും ഭാര്യയോടും കൊച്ചുവർത്തമാനങ്ങൾ. പിന്നെ വരാമെന്നു പറഞ്ഞ് കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ എന്നോട് പറയുകയാണ്: “കൃഷ്ണേട്ടന്റെ ഭാര്യയെ നീ ശ്രദ്ധിച്ചോ, എന്റെ ബാല്യകാലസഖിയായിരുന്നു.” നിറുത്താതെയുള്ള ചിരി. കുറെനേരം നിശ്ശബ്ദനായിരുന്നു. കാർ ഒരു ഇറക്കം ഇറങ്ങുകയാണ്. മെല്ലെ പറഞ്ഞു: “അമ്മ ജീവിച്ചിരിക്കുമ്പോൾ നീ വരണമായിരുന്നു” അല്പനേരം മിണ്ടാതിരുന്നു: “അമ്മയെ ഞാൻ വേണ്ടപോലെ നോക്കിയോ? അമ്മയ്ക്കെന്നും എന്നെക്കുറിച്ച് വേവലാതിയായിരുന്നു..” വഴിയോരത്തെ പാലുവള്ളികൾക്കിടയിലൂടെ പാടലവർണങ്ങളായി സൂര്യപ്രകാശം ചിതറിവീഴുന്നു. മണലയം ശിവക്ഷേത്രത്തിനു മുന്നിൽ കാറ് നിറുത്തി, ഇതാണ് ഞങ്ങളുടെ ഒരു ഗ്രാമക്ഷേത്രം. ഓരോ കുന്നിലും താഴ്‌വരയിലുമുണ്ട് കൊച്ചുകൊച്ചു ക്ഷേത്രങ്ങൾ. പക്ഷേ, ഈ മണലയം ശിവക്ഷേത്രത്തിന് ഒരു പ്രത്യേകതയുണ്ട്. ഇവിടെ ശിവനും പാർവതിയും പുറംതിരിഞ്ഞാണ് നില്‍പ്പ്. എന്തോ വഴക്കിട്ട് പിണങ്ങിനില്‍ക്കുമ്പോലെ, കിഴക്ക് മഹാദേവനും പടിഞ്ഞാറ് പാർവതിയും: “എനിക്ക് ക്ഷേത്രവിശ്വാസമൊന്നുമില്ല. പക്ഷേ, ചെറുപ്പകാലത്ത് ഇവിടെ ഞാൻ സ്ഥിരമായി വരുമായിരുന്നു.” മറ്റൊരു ബാല്യകാലസഖി മനസ്സിൽ വിടരുകയാണ്. മീൻമുട്ടിയിലെ പതഞ്ഞ് ഒഴുകുന്ന വെള്ളം മനസ്സിൽ കയറി കളകളാരവം പൊഴിക്കുന്നു. ബാബുസാർ അടിമുടി റൊമാന്റിക്കായിരുന്നു.

എൻ.ആർ.എസ് എന്നെ കലാകൗമുദിയിൽ കുത്തിയിരിക്കാൻ അനുവദിച്ചില്ല. കേരളമാകെ യാത്രചെയ്ത് എഴുതാനുള്ള അവസരം തന്നു. അങ്ങനെ കിട്ടിയ അസൈൻമെന്റ്കളായിരുന്നു നമ്മുടെ മുൻമന്ത്രിമാർ എങ്ങനെ ജീവിക്കുന്നു, നാടകം ജീവിതമാക്കിയവർ തുടങ്ങിയവ. അക്കാലത്ത് ജീവിച്ചിരുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളെയൊക്കെ കണ്ടു. കെ.പി.ആർ, എൻ.സി. ശേഖർ, സുബ്രമണ്യൻ തിരുമുൻപ്, കെ.സി. ജോർജും കേരളീയനും എം.എൻ. അച്യുതമേനോനും ഗൗരിയമ്മയും ഇ.എം.എസ്സും ദേശീയ പ്രസ്ഥാനത്തിന്റെ നായകരായ വി.ടി. ഭട്ടതിരിപ്പാട്, മൊയ്തുമൗലവി, ദാമോദരമേനോൻ. പിന്നെ കലാമണ്ഡലം കൃഷ്ണൻനായർ, കല്യാണിക്കുട്ടിയമ്മ, കുടമാളൂർ കരുണാകരൻ, കഥകളിക്ക് കണ്ണ് നൽകിയ മാണിമാധവ ചാക്യാർ, ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യവും അമ്മാന്നൂർ മാധവചാക്യാരും ചെറുതുരുത്തിയിലെ കലാമണ്ഡലവും. തോപ്പിൽഭാസിയും കെ.പി.എ.സി സുലോചനയും സുധർമയും സ്വാമി ബ്രഹ്മവൃതൻ, മാവേലിക്കര പൊന്നമ്മയും വൈക്കം വാസുദേവൻനായരും തങ്കം വാസുദേവൻ നായരും എൻ.എൻ. പിള്ളയും. ഇന്ന് ആലോചിക്കുമ്പോൾ അമ്പരപ്പും ആഹ്ലാദവും തോന്നും. തോളിൽ ഒരു സഞ്ചി തൂക്കി ഒന്നുകിൽ ശങ്കരൻകുട്ടി, അല്ലെങ്കിൽ ഗോപാലകൃഷ്ണൻ ചിലപ്പോൾ ചന്ദ്രമോഹനും ക്യാമറകളും തൂക്കി ഒപ്പമുണ്ടാകും. ഇത്രയും വൈവിധ്യമുള്ള ജീവിത മേഖലകൾ കാണാനും അറിയാനും എഴുതാനും കഴിയുക എൻ.ആർ.എസ്സും ജയൻസാറുമായിരുന്നു ആ ട്രെയിനിങ്ങിനു പിന്നിൽ. ചാരുകസേര ജേർണലിസത്തെ അവർ എതിർത്തു. ഇറങ്ങി നടക്കുക, വെയിലും മഴയും മഞ്ഞുമേൽക്കുക. കാണുന്നതൊക്കെ പകർത്തുക. ചിന്ത രവി അക്കാലത്ത് സ്വിസ് സ്‌കെച്ചുകൾ എഴുതുകയായിരുന്നു. കൊച്ചിയിൽ കണ്ടുമുട്ടിയ യൂറോപ്യൻ സഞ്ചാരികളുമായുള്ള ചങ്ങാത്തത്തിലൂടെ ആൽപ്‌സ് പർവതനിരകളിലൂടെ നടക്കാനുള്ള അസുലഭ ഭാഗ്യം രവിക്ക് ലഭിച്ചു. രവിയുടെ കുറിപ്പുകൾ അസാധാരണമായിരുന്നു. വേലപ്പൻ അന്ന് കലാകൗമുദിയിൽ ബീഹാറിലെ പട്ടിണിഗ്രാമങ്ങളെപ്പറ്റി എഴുതിക്കൊണ്ടിരുന്നു. ഏതാണ്ട് നടുവ് വളഞ്ഞ് മെലിഞ്ഞുണങ്ങിയ വേലപ്പൻ തൂവെള്ള മുണ്ടും ഷർട്ടുമിട്ട് കഴുത്തിലൊരു സഞ്ചിയും തൂക്കി ഇന്ത്യയാകെ അലഞ്ഞു. ബീഹാറിലെ ഒരു ഗ്രാമത്തിൽ വെച്ചാണ് റോസമ്മ എന്ന കന്യാസ്ത്രീയെ വേലപ്പൻ കണ്ടുമുട്ടുന്നത്. അവർ വേലപ്പനൊപ്പം കൂടി. കടുത്ത ആസ്ത‌്മയുമായി ഇന്ത്യയാകെ അലഞ്ഞുനടന്ന വേലപ്പൻ അത്ഭുതമായിരുന്നു. “ഇവന്മാരെ രണ്ടുപേരെയും ഞാൻ കാര്യവട്ടം ക്യാമ്പസ്സിൽനിന്ന് തൂക്കിയതാണ്” അങ്ങനെയായിരുന്നു ബാബുസാർ മറ്റുള്ളവർക്ക് ഞങ്ങളെ പരിചയപ്പെടുത്തിയത്. തീരദേശത്ത് മത്സ്യത്തൊഴിലാളികൾക്കിടയിൽ വേലപ്പന് ശങ്കർ ഒരു വീട് പണിതു നൽകി. കടുത്ത ആസ്ത്മ പക്ഷേ, വേലപ്പനെ തളർത്തിക്കളഞ്ഞു. വേലപ്പൻ മരണമടഞ്ഞപ്പോൾ ഭാര്യയ്ക്ക് മണിസാർ കലാകൗമുദിയിൽ ജോലി നൽകി. വേലപ്പന്റെ കൊച്ചുവീട്ടിൽ കുഞ്ഞ് അനൂപിനെ അരികിലിരുത്തി നിശ്ശബ്ദയായിരുന്ന റോസമ്മയുടെ ചിത്രം എന്റെ മനസ്സിലുണ്ട്. വലിയതുറ സ്വീവേജ് ഫാമിനടുത്ത് വേളാങ്കണ്ണി ജംഗ്ഷനിലെ ആ കൊച്ചു വീട്ടിൽ റോസമ്മയോടൊപ്പം കളിച്ചുനടന്ന അപു എന്ന വേലപ്പന്റെ മകനെ ഞാൻ ഇന്നും ഒർക്കുന്നു. സത്യജിത്ത് റേയുടെ അപുവിനെ വേലപ്പൻ കടംകൊള്ളുകയായിരുന്നു. കൊച്ചു പ്രായത്തിലെ അപു ചിത്രങ്ങൾ വരച്ചിരുന്നു. അപുവിനെ പിന്നെ ഞാൻ കണ്ടിട്ടില്ല. വളർന്ന് വലുതായിട്ടുണ്ടാകും. വിവാഹിതനായിട്ടുണ്ടാവും. പ്രിയപ്പെട്ട വായനക്കാരെ, എൺപതുകളിലെ ആ പഴയ ജേർണലിസം ഞാൻ ഓർത്തുപോയതാണ്. അക്കാലത്ത് എഴുതിയതിൽ മിക്കതും അച്ചടിച്ചുവന്നത് കൗമുദി ന്യൂസ് സർവീസ് എന്ന ബൈലയിനിലായിരുന്നു. ലേഖകൻ അങ്ങനെ പെട്ടെന്ന് അറിയപ്പെടുന്ന ബൈലൈനായി മാറേണ്ടായെന്ന് എഡിറ്റർമാരും മാനേജുമെന്റും കരുതിയിരിക്കണം. മനസ്സിൽ പ്രയാസമുണ്ടായിരുന്നു. ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലം. തിരുവനന്തപുരം മുതൽ കാസർകോടുവരെയുള്ള തെരഞ്ഞെടുപ്പ് ചിത്രങ്ങൾ (Side lights) പകർത്തണം. എന്നോടൊപ്പം ഫോട്ടോഗ്രാഫറായി ചന്ദ്രമോഹനുമുണ്ടായിരുന്നു. യാത്രയ്ക്ക് കമ്പനിയുടെ വാഹനമില്ല, സർവ സ്ഥലത്തും ടാക്സിയും ബസ്സും. കേരളകൗമുദിയുടെ ഒന്നാംപുറത്ത് ദിവസങ്ങളോളം അച്ചടിച്ചുവന്ന റിപ്പോർട്ടുകൾക്ക് കൗമുദി ന്യൂസ് സർവീസ് എന്നായിരുന്നു ബൈലൈൻ. ഫോട്ടോകളുടെ ക്യാപ്ഷനുകൾക്കിടയിൽപോലും ചന്ദ്രമോഹന്റെ പേര് വെച്ചിരുന്നില്ല. അരിശം വന്ന ചന്ദ്രമോഹൻ ഒരു ദിവസം എൻ.ആർ.എസ്സിനോട് ചോദിക്കുക തന്നെ ചെയ്തു: “എന്താ സാറേ ഇങ്ങനെ. ഞങ്ങൾ ബസ്സുകൾ കയറിയിറങ്ങി കഷ്ടപ്പെട്ട് തയ്യാറാക്കിയ റിപ്പോർട്ടുകളും ചിത്രങ്ങളുമല്ലേ, ഒരു ദിവസമെങ്കിലും ഞങ്ങളുടെ പേര് കൊടുത്തു കൂടായിരുന്നോ?” ഞങ്ങളുടെ സങ്കടം എൻ.ആർ.എസ്സിനു മനസ്സിലായി. യാത്ര കഴിഞ്ഞു വന്ന ദിവസം വൈകുന്നേരം ഞങ്ങൾ രണ്ടാളേയും കൂട്ടി മസ്‌കറ്റ് ഹോട്ടലിൽ. ഞങ്ങൾ രണ്ടാളും മദ്യപിക്കാത്തവരായിരുന്നതുകൊണ്ട് ഞങ്ങൾക്കുവേണ്ടി കൂടി എൻ.ആർ.എസ് നല്ലപോലെ മദ്യപിച്ചു. എന്നിട്ട് തന്റെ ജീവിതത്തിലെ ഓരോ സങ്കടങ്ങൾ പറയാൻ തുടങ്ങി. പത്രാധിപർ സുകുമാരനേയും എം.എസ്. മണിയേയും ഒഴിച്ച് സർവ മുതലാളിമാരേയും തെറിപറഞ്ഞു കൊണ്ടിരുന്നു. “എടേ കഷ്ടപ്പെട്ടാലേ നല്ല പത്രപ്രവർത്തകനാകൂ. ഞാനും ജയനും നല്ലപോലെ കഷ്ടപ്പെട്ടു. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ വനംമന്ത്രിയായിരുന്ന അടിയോടിയുടെ അറിവോടെ നടന്ന വനംകൊള്ളയെപ്പറ്റിയുള്ള റിപ്പോർട്ട് തയ്യാറാക്കാൻ എത്രയേറെ കഷ്ടപ്പെട്ടുവെന്ന് നിങ്ങൾക്ക് അറിയുമോ. നന്ദിയോട്ടുകാരനായ ഞാൻ കാടുകൾക്കിടയിലാണ് വളർന്നത്. പക്ഷേ, കൊടും കാടുകളായിരുന്നില്ല. ഞങ്ങൾ കൊടുംകാടുകൾക്കുള്ളിലേക്ക് പോയി. കോടീശ്വരന്മാരായ ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരുടെ അഴിമതികളെ തുറന്നുകാട്ടി. ഫോറസ്റ്റ് റിപ്പാർട്ടുമെന്റിലെ അസംതൃപ്തരായ ചില ഉദ്യോഗസ്ഥരാണ് വനംകൊള്ളയുടെ രേഖകൾ തന്നത്. കോരിച്ചൊരിയുന്ന മഴയത്ത് വിശന്നുപൊരിഞ്ഞാണ് ഞങ്ങൾ കാടുകൾ കയറിയിറങ്ങിയത്...” വനം കൊള്ളയെപ്പറ്റി എൻ.ആർ.എസ്സും എസ്. ജയചന്ദ്രന്‍നായരും നടത്തിയ ആ അന്വേഷണം മലയാള പത്രപ്രവർത്തനത്തിലെ ആദ്യത്തെ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടുകളായി കണക്കാക്കപ്പെടുന്നു. റിപ്പോർട്ടുകൾ കോടതി കയറി, അടിയോടിക്ക് രാജിവയ്ക്കേണ്ടിവന്നു. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലും അത് വഴിത്തിരിവായി. എ.കെ. ആന്റണി പരസ്യമായി കേരളകൗമുദി റിപ്പോർട്ടിനൊപ്പം നിന്നു. കേരളകൗമുദിക്കുള്ളിലും അത് പൊട്ടിത്തെറിക്ക് കാരണമായി. പത്രത്തിന്റെ എഡിറ്റർ സ്ഥാനത്തുനിന്ന് എം.എസ്. മണി ഒഴിവാക്കപ്പെട്ടു. എം.എസ്. മണി കലാകൗമുദി തുടങ്ങുന്നു. എസ്. ജയചന്ദ്രൻ നായരും എൻ.ആർ.എസ് ബാബുവും ഇടവും വലവും. ഇതാണ് പത്രപ്രവർത്തനം. “എനിക്കും ജയനും ഒരുപാട് നഷ്ടങ്ങൾ ഉണ്ടായി. പക്ഷേ, മലയാള പത്രപ്രവർത്തന ചരിത്രത്തിൽ ഞങ്ങളുടെ പേര് ഉണ്ടാകും...” ബാബുസാർ വാചാലനായി.

ImAGE OF NRS BABU
എന്‍.ആര്‍.എസ്. ബാബുSamakalika Malayalam

മദ്യം നന്നായി ഉള്ളിലെത്തിയ ലക്ഷണം. തിരുവനന്തപുരത്ത് നന്ദിയോട് കേരളകൗമുദിയുടെ ഏജന്റായിരുന്ന അച്ഛനെ ഓർമിച്ചു. പട്ടിണിക്കിടയിലൂടെ പഠിച്ച് ട്യൂട്ടോറിയൽ അദ്ധ്യാപകനായതിനെക്കുറിച്ച് സുഭാഷ്ചന്ദ്രബോസിന്റെ ആരാധകനായ അച്ഛൻ തനിക്ക് ആ പേരിട്ടതിനെക്കുറിച്ച് പറയുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ നന്ദിയോട് സുഭാഷ്ചന്ദ്രബാബു, പാവപ്പെട്ട എന്റെ അച്ഛൻ ഇട്ട പേരാണ്. നന്ദിയോട് എന്റെ ഗ്രാമം, ആ ഗ്രാമത്തിലെ കേരളകൗമുദി ഏജന്റായിരുന്നു അച്ഛൻ. ചെറുപ്പകാലത്ത് ഞാൻ കെ. ബാലകൃഷ്ണന്റെ ആരാധകനായിരുന്നു. അങ്ങനെ ആർ.എസ്.പിക്കാരനായി. ഞാൻ ട്യൂട്ടോറിയൽ അദ്ധ്യാപകനായിരുന്നു. കുട്ടികൾക്ക് എന്നെ ഇഷ്ടമായിരുന്നു. ജിയോളജി ബിരുദം നേടിയ ഞാൻ മാത്‌സ് ഒഴിച്ച് സർവ വിഷയങ്ങളും പഠിപ്പിച്ചിരുന്നു. കുമാരനാശാനാണ് എന്റെ കവി. കേൾക്കണോ വീണപൂവ് സാറ് തലയാട്ടിക്കൊണ്ട് ‘വീണപൂവ്’ ചൊല്ലാൻ തുടങ്ങി: “ഹാ പുഷ്പമേ അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ....” ചന്ദ്രമോഹൻ എന്നെ നോക്കി. ബാബുസാർ ആകെ ഇളകിപ്പോയിരിക്കുന്നു. ഞങ്ങൾ സാറിനെ മെല്ലെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചത് ഇഷ്ടമായില്ല. ഇതൊക്കെ ബാബുവിന് നിസ്സാരം എന്ന മട്ടിൽ മുന്നോട്ടു നടക്കുകയാണ്. മസ്‌കറ്റിന്റെ പുൽത്തകിടിയിൽ വൈദ്യുതവെളിച്ചത്തിൽ മഞ്ഞുതുള്ളികൾ തിളങ്ങുന്നുണ്ട്. സാറിന് ഡ്രൈവ് ചെയ്യാനാവുമോ എന്നായി ഞങ്ങടെ ആശങ്ക. നമുക്ക് ഓട്ടോയിൽ പോയാലോ എന്ന് ചന്ദ്രമോഹൻ ചോദിക്കുകയും ചെയ്തു. “എന്തിനാടാ ഓട്ടോ, വാ വന്ന് കേറ്” എന്നു പറഞ്ഞ് കാറിലേക്ക് വിളിച്ചു. ഞാൻ നന്ദിയോട് സുബാഷ്ചന്ദ്രബാബു നിങ്ങളെ വീട്ടിൽ എത്തിച്ചിരിക്കും. രാത്രി വൈകിയിരുന്നു, റോഡിൽ പക്ഷേ, തിരക്ക് കുറവായിരുന്നു. എന്നെ പാളയം ബസ്സ്‌ സ്റ്റോപ്പിൽ ഇറക്കി, ചന്ദ്രമോഹനെ പേട്ടയിലും. പിറ്റേ ദിവസം രാവിലെ യാതൊന്നും സംഭവിക്കാത്ത മട്ടിൽ ഒരു ചിരി. ഒരുപാട് ഓർമകൾ തികട്ടിവരികയാണ്. ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ ഒരിക്കൽ പെരിയാറിന്റെ തീരത്തുകൂടി നടന്നാലോ എന്ന ആലോചന, ചന്ദ്രമോഹൻ കൂടെ വരാമെന്നേറ്റു. എൻ.ആർ.എസ്സിന് വലിയ സന്തോഷം. മണിസാർ അനുമതി നൽകി. രണ്ട് ഫോറസ്റ്റ് ഗാർഡുകളുടെ സഹായത്തോടെ ഒരു ബോട്ടിൽ തേക്കടിയിലെ ഉൾവനത്തിൽ. പെരിയാർ ആ ഉൾവനവും കഴിഞ്ഞുള്ള തമിഴകത്തെ ശിവപുരത്തുനിന്നാണ് ആരംഭിക്കുന്നത്. കൊടുംകാട്ടിനുള്ളിലൂടെ പെരിയാർ ദേഷ്യപ്പെട്ട് കലങ്ങി ഒഴുകിയിറങ്ങുകയാണ്. രാത്രി കേരളത്തിന്റെ അവസാന ഫോറസ്റ്റ് ഔട്ട്‌പോസ്റ്റിൽ താമസം. അർദ്ധരാത്രിയിൽ കൊടുംകാടിനുള്ളിലെ ചിന്നംവിളികൾ കേട്ടതോടെ ഞങ്ങൾ രണ്ടാളും ഭയന്നു വിറങ്ങലിച്ചു. ഏതാണ്ട് പകുതി ജീവൻ നിലക്കുംപോലെ. എങ്ങനെയും രാവിലെ തന്നെ തിരിച്ച് തേക്കടിയിലെത്തണമെന്ന് തീരുമാനിക്കുന്നു. അന്ന് മൊബൈലില്ല, തേക്കടിയിൽനിന്നൊരു ബോട്ട് വരുന്നതുവരെ സർവദൈവങ്ങളേയും വിളിച്ച് ഔട്ട്‌പോസ്റ്റിൽ കുത്തിയിരുന്നു. പിറ്റേന്ന് പെരിയാർയാത്ര മതിയാക്കി വണ്ടിപ്പെരിയാറിലെ ആദിവാസി ഊരുകളിൽ കറങ്ങിയത്, മുതലാളിക്ക് നഷ്ടം ഉണ്ടാകരുതെന്ന് കരുതിയാണ്. വണ്ടിപ്പെരിയാറിനെക്കുറിച്ച് ഒരു ഫീച്ചർ ഒപ്പിക്കുകയായിരുന്നു. മ്ലാനവദനരായാണ് കലാകൗമുദിയിൽ മടങ്ങിച്ചെന്നത്. കണ്ടപാടെ എൻ.ആർ.എസ് പൊട്ടിച്ചിരിച്ചു. ഇങ്ങനെ എൻ.ആർ.എസ്സിന്റെ കാർമികത്വത്തിൽ എത്രയെങ്കിലും യാത്രകൾ. കോഴിക്കോട് മാതൃഭൂമിയിൽ ചെന്ന് എൻ.വി. കൃഷ്ണവാര്യരെ കാണാൻ പ്രോത്സാഹിപ്പിച്ചതും എൻ.ആർ.എസ്സായിരുന്നു. എൻ.വി വീട്ടിലേക്ക് ഞങ്ങളെ ക്ഷണിച്ചു. സമകാലിക മലയാള കവിതയെക്കുറിച്ചാണ് എൻ.വി സംസാരിച്ചത്. കവിതയുടെ എബിസിഡി അറിയാത്ത ഞാൻ എൻ.വി പറഞ്ഞതൊക്കെ ഒരു റിപ്പോർട്ടാക്കി. അക്കാലത്ത് യുവകവിയായി സച്ചിദാനന്ദൻ തിളങ്ങിനില്‍ക്കുന്ന കാലം. സച്ചിദാനന്ദന്റെ കവിതയിൽ കവിതയില്ലെന്ന് എൻ.വി പറഞ്ഞു. ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തി വരുന്ന ലാറ്റിൻ അമേരിക്കൻ, ആഫ്രിക്കൻ കവിതകളെ സച്ചിദാനന്ദൻ മലയാളീകരിക്കുകയാണ്. സച്ചിദാനന്ദന് ഒറിജിനാലിറ്റി തീരെയില്ലെന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന എൻ.വി പറഞ്ഞു. ഒന്നര പേജ് വരുന്ന ആ അഭിമുഖത്തെ ബാബുസാർ ആഘോഷിക്കുന്നതാണ് പിന്നെ കണ്ടത്. അക്കാലത്തെ മലയാള കവിതയിലെ പ്രമുഖരെക്കെ പങ്കെടുക്കുന്ന സംവാദം ഏതാണ്ട് ആറേഴ് മാസം കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. റിപ്പോർട്ടിന്റെ മർമം മനസ്സിലാക്കി തലക്കെട്ട് നൽകാൻ അസാധാരണമായ വൈഭവം എൻ.ആർ.എസ്സിനുണ്ടായിരുന്നു. വാസ്‌കോഡഗാമ ആദ്യമായി കാലുകുത്തിയ കാപ്പാടിനെക്കുറിച്ച് ഞാനൊരു സാധാരണ റിപ്പോർട്ട് എഴുതി. സ്ഥിരമൊരു ക്ലീഷേ തലക്കെട്ട് ഗാമയുടെ കാൽപ്പാടുകൾ തേടി എന്നോ മറ്റോ എഴുതിക്കൊടുക്കുന്നു.

ആദ്യ പാരഗ്രാഫ് വായിക്കും മുൻപ് തലക്കെട്ട് എൻ.ആർ.എസ് വെട്ടി: “ഈ നല്ല മണ്ണിലല്ലോ” എന്നാക്കുന്നു. രാഷ്ട്രീയ റിപ്പോർട്ടുകളുടെ ലാളിത്യവും ശക്തിയും വേഗതയും അസാധാരണമായിരുന്നു. കർണാടകയിൽ ദേവരാജ് അരശ് കോൺഗ്രസ്സിൽ കലാപം ഉയർത്തുന്നു. പത്ര വാർത്തകൾ നിറഞ്ഞുനില്‍ക്കെ എൻ.ആർ.എസ് ബാംഗ്ലൂരിലെത്തി അരശിനെ കാണുന്നു, പിറ്റേ ദിവസം മടങ്ങിയെത്തി ഒറ്റയെഴുത്താണ്, ‘അരശുനാട്ടിൽ ഇടിമുഴക്കം’ കലാകൗമുദിയുടെ കവർ സ്റ്റോറി. മനോരമയിൽ വി.കെ.ബി എന്ന വി.കെ. ഭാർഗവൻ നായരും കെ.ആർ. ചുമ്മാറും മാതൃഭൂമിയിൽ പി.സി. സുകുമാരൻ നായരും എഴുതിവന്നിരുന്ന പരമ്പരാഗത രാഷ്ട്രീയമെഴുത്തിനെ എൻ.ആർ.എസ് പൊളിച്ചെഴുതുകയായിരുന്നു. ഇന്നിപ്പോൾ വാരികകളിലെ രാഷ്ട്രീയ റിപ്പോർട്ടുകൾ അധികാരത്തിലിരിക്കുന്നവരുടെ പാദസേവകളായി തരംതാണിരിക്കുന്നു. കെ. ബാലകൃഷ്ണൻ ആയിരുന്നു എൻ.ആർ.എസ്സിന്റെ വിഗ്രഹം- എല്ലാ രാഷ്ട്രീയ നേതാക്കളുമായി അടുപ്പം സൂക്ഷിച്ചെങ്കിലും എഴുതാനുള്ളത് കൃത്യമായി എഴുതിയിരുന്നു. പില്‍ക്കാലത്ത് ആ ശീലത്തിന് മാറ്റം വന്നുവെന്നത് മറ്റൊരു കാര്യം. ഒരു പത്രപ്രവർത്തകന്റെ പതനം എന്ന് പറയാവുന്ന ആ അവസ്ഥയിൽ പില്‍ക്കാലത്ത് ബാബുസാറും വീണുപോയി. എന്റെ തലമുറയുടെ ചെറുപ്പകാലത്ത് കെ. ബാലകൃഷ്ണനെ കൂടാതെ പത്രപ്രവർത്തനത്തിൽ ജ്വലിച്ചുനിന്ന സി. നാരായണപിള്ള ഉണ്ടായിരുന്നു. മി. ഇ.എം.എസ്, മി. മേനോൻ, മി. കരുണാകരൻ എന്ന സംബോധനയോടെ സി. നാരായണപിള്ള എഴുതിയിട്ടതുപോലുള്ള രാഷ്ട്രീയ റിപ്പോർട്ടുകൾ ജേർണലിസം വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങളിൽ ഉണ്ടാവില്ല. രാത്രി ഡെസ്‌കിന്റെ ചുമതലയിലിരിക്കെ അത്യന്തം സൂക്ഷ്മമായി വാർത്തകൾക്കു പിന്നാലെ പോകാൻ എൻ.ആർ.എസ് മടികാണിച്ചില്ല. ഒരു ഉദാഹരണം കേൾക്കൂ. തിരുവനന്തപുരത്ത് പള്ളിപ്പുറത്തുള്ള സി.ആർ.പി സെന്ററിൽ ഒരു രാത്രിയിൽ സി.ആർ.പിക്കാർ സമരത്തിനിറങ്ങുന്നുവെന്ന കിംവദന്തി പരന്നു. അർദ്ധരാത്രി ഒരു മണിക്ക് പള്ളിപ്പുറത്തുകാരനായ എന്റെ വീടിന്റെ ഗേറ്റിൽ ഒരു മുട്ടൽ. ചാടിപ്പിടിച്ച് എഴുന്നേറ്റ് ഞാൻ ലൈറ്റിടുന്നു. എം.എസ്. മണിയും എൻ.ആർ.എസ്സും “നീ ഡ്രസ് മാറ്റി വാ ഒരു കാര്യമുണ്ട്” രണ്ടുപേരും നന്നായി മിനുങ്ങിയിരുന്നുവെന്ന് മനസ്സിലാക്കിയ ഞാൻ അച്ഛനെ വിളിച്ചുണർത്തി ഒരു ടോർച്ചുമായി പുറത്തേയ്ക്ക് ചെന്നു. “സി.ആർ.പിയിൽ സമരമാണ്, നമുക്ക് അവിടെ പോകണം.” ഞങ്ങൾ നടന്ന് സി.ആർ.പി ജംഗ്ഷനിൽ എത്തുമ്പോൾ പൊലീസ് തടയുന്നു. അകത്തേയ്ക്കു കയറാൻ ഒരു മാർഗവുമില്ല. പാങ്ങോട് നിന്ന് പട്ടാളമെത്തി സി.ആർ.പി കാമ്പസ്സ് ആകെ വളഞ്ഞുകഴിഞ്ഞു. “രാവിലെ നീ എങ്ങനെയെങ്കിലും സമരക്കാർക്ക് അടുത്തെത്താൻ ശ്രമിച്ചുനോക്കണം” എന്നു പറഞ്ഞ് അവർ മടങ്ങി. കേരളകൗമുദി സിറ്റി എഡീഷനിൽ ഒന്നാംപേജിൽ സി.ആർ.പി സമരം അച്ചടിച്ചുവന്നു. മറ്റൊരു പത്രത്തിലും വാർത്ത വന്നതുമില്ല. വാർത്തയുടെ പിന്നാലെ കൂടാനുള്ള ഈ ജാഗ്രത വീക്കിലി ജേർണലിസത്തിലും പ്രകടമായിരുന്നു. എൺപതുകളുടെ തുടക്കത്തിലാണ് ചെറുതുരുത്തിയിലെ വള്ളത്തോൾ ഭവനത്തിലെത്തുന്നത്, ശങ്കരൻ കുട്ടിയോടൊപ്പം. അന്ന് 97 വയസ്സായ വള്ളത്തോളിന്റെ ഭാര്യ മാധവി അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നു. അമ്മയെ കണ്ട് ഒരു ചിത്രമെടുക്കുക, കഴിയുമെങ്കിൽ ഒരു കൊച്ചുകുറിപ്പും. അന്ന് ആ വീട്ടിൽ വള്ളത്തോളിന്റെ മക്കളും പേരക്കുട്ടികളുമുണ്ടായിരുന്നു. മരുമകൻ ഇന്ദുചൂഡനും. വീട് നിറഞ്ഞ് കവിഞ്ഞപോലൊരു അനുഭവം. സർക്കാർ വള്ളത്തോൾ ഭവനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയായിരുന്നു. ഇന്ദുചൂഡനാണ് ഞങ്ങളോട് കാര്യങ്ങൾ വിശദീകരിച്ചത്. വീടും സ്വത്തും ഭാഗം വയ്ക്കുന്നതിനെപ്പറ്റി ഇന്ദുചൂഡൻ പറഞ്ഞുകൊണ്ടിരിക്കെ പെട്ടെന്ന് വള്ളത്തോളിന്റെ ഇളയ മകൻ ബാലചന്ദ്രൻ പ്രകോപിതനായി ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു: “ഇയാൾ (ഇന്ദുചൂഡൻ) പറയുന്നതൊക്കെ കള്ളമാണ്. അയാൾ പറയുന്നത് എഴുതിയാൽ ഞങ്ങൾ നിങ്ങളെ കോടതി കയറ്റും.” ഞങ്ങൾ ആകെ അന്ധാളിച്ചു പോയി. വള്ളത്തോളിന്റെ വീടും സ്വത്തും ഇത്ര വലിയ തർക്കത്തിലാണെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. മക്കളും മരുമക്കളും വിരുദ്ധചേരിയിൽനിന്ന് വഴക്കുകൂടുന്നത് ഞങ്ങൾക്കു കാണേണ്ടിവന്നു. എങ്കിലും നടന്ന അനുഭവങ്ങൾ വള്ളിപുള്ളി തെറ്റാതെ ‘വള്ളത്തോൾ ഭവനത്തിൽ’ എന്ന ലേഖനത്തിൽ ഞാൻ എഴുതി. ആദ്യം എൻ.ആർ.എസ് വായിച്ചു.

“നീ കുഴപ്പം ഉണ്ടാക്കുകയാണല്ലോടേ” മാറ്റർ ജയൻസാറും മണിസാറും വായിച്ചു. വേണ്ട വള്ളത്തോൾ ഭവനത്തെ നമ്മളായി അപമാനിക്കേണ്ട. മക്കളും മരുമക്കളും തമ്മിലുള്ള സ്വത്തുതർക്കം വെട്ടിമാറ്റി. അതായിരുന്നു അന്തസ്സുള്ള ജേർണലിസം. ഞങ്ങൾ ചെറുപ്പക്കാർക്ക് അസാധാരണമായ ഊർജമായിരുന്നു എൻ.ആർ.എസ്. എന്നും നല്ല വാക്കുകൾ, തോളിൽത്തട്ടി അഭിനന്ദനങ്ങൾ. സന്തോഷം കൂടിയാൽ സൽക്കാരത്തിനു കൂട്ടിക്കൊണ്ടു പോകൽ. ഒരു അനുഭവം കൂടി കേൾക്കൂ. കുടക് നാട് കാണുകയെന്നത് മനസ്സിലെ വലിയൊരാഗ്രഹമായിരുന്നു. ഒറ്റയ്ക്കാണ് കുടകിൽ പോയത്. എസ്.കെ. പൊറ്റക്കാടിന്റെ “പുള്ളിമാനും ആ സിനിമയും ഉറൂബിന്റെ കഥകളുമൊക്കെ മനസ്സിലുണ്ട്. കാടുകളിലൂടെ കയറി മുകളിലെത്തി തലക്കാവേരിയിലും ചുറ്റുവട്ടത്ത് അലഞ്ഞുനടന്നു, സുന്ദരികളും സുന്ദരന്മാരും, കൊടവ സ്ത്രീകളുടെ പ്രത്യേക വേഷവിധാനം. പെട്ടെന്ന് മനസ്സിലേയ്ക്ക് വന്ന ഐഡിയയാണ് എന്തുകൊണ്ട് ഫീൽഡ് മാർഷൽ കരിയപ്പയെ കണ്ടുകൂടാ. പ്രസ്സ് ക്ലബ്ബുകാർ വിലാസം തന്നു. കാടിനു നടുവിൽ കൊട്ടാരംപോലൊരു വീട്. അദ്ദേഹം ബാംഗ്ലൂരിലാണ്. കരിയപ്പയുടെ അനുജൻ അടുത്തു താമസിക്കുന്നു. അദ്ദേഹത്തെ കണ്ടു. കഷ്ടപ്പെട്ട് തിരുവനന്തപുരത്തുനിന്ന് വരികയാണ് കരിയപ്പയെ കാണാൻ സഹായിക്കണം. സഹതാപം തോന്നിയ അദ്ദേഹം എന്നോടു പറഞ്ഞു. നിങ്ങൾ ഒരു ചോദ്യാവലി എഴുതിത്തരൂ. ഞാനത് ബാംഗ്ലൂരിൽ എത്തിക്കാം, ചേട്ടൻ നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി അയയ്ക്കും. ഞാൻ ഒരു ചോദ്യാവലി എഴുതി നൽകി. ഞാൻ കരുതിയത് അദ്ദേഹം എന്നെ കളിയാക്കുകയാണെന്നായിരുന്നു. പക്ഷേ, തിരുവനന്തപുരത്ത് എത്തി കൃത്യം രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഫീൽഡ് മാർഷൽ കരിയപ്പയുടെ കത്തും, ടൈപ്പ് ചെയ്ത മറുപടിയും. ആ കത്തുമായി ഞാൻ എൻ.ആർ.എസ്സിന്റെ അടുത്തേയ്ക്ക് ഓടുന്നു. എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ. അടുത്ത ലക്കം കലാകൗമുദിയുടെ കവറിൽ കരിയപ്പ, “ഇന്ത്യ പ്രസിഡൻഷ്യൽ സമ്പ്രദായം സ്വീകരിക്കണം.” അഭിമുഖത്തിനൊപ്പം കുടക് നാടിനെക്കുറിച്ചൊരു ഫീച്ചർ, ‘കുടക് നാട്ടിൽ കുളിരൊഴിയുന്നു’. അന്ന് വൈകിട്ടും എനിക്കൊരു സൽക്കാരം കിട്ടി. അതായിരുന്നു എൻ.ആർ.എസ് ഒരു പത്രക്കാരനായി ആദ്യകാലത്ത് എവിടെയൊക്കെ പോയോ അതിനൊക്കെ എന്റെ കടപ്പാട് എൻ.ആർ.എസ്സിനോടാണ്. പക്ഷേ, മനസ്സിനെ വേദനിപ്പിച്ചതായിരുന്നു എന്റെ പത്രപ്രവർത്തനം പാർട്ട് ടൈമായപ്പോൾ സംഭവിച്ചത്. ബാബുസാറിന്റെ വാക്കുകൾ വെറുമൊരു ‘ഹാ’യിലൊതുങ്ങി. ഒരിക്കലും വേർപിരിയില്ലെന്ന് കരുതിയ ത്രിമൂർത്തികൾ പരസ്പരം പിണങ്ങി. ജയൻസാർ കലാകൗമുദി വിട്ടുപോകുന്നു. ബാബുസാറിനെ പിന്നെ അപൂർവമായേ കാണാറുണ്ടായിരുന്നുള്ളൂ. എൻ.ആർ.എസ് തിരുവനന്തപുരത്തെ അധികാരകേന്ദ്രങ്ങളുടെ വലിയ അടുപ്പക്കാരനായി. ക്ലബ്ബ് ബന്ധങ്ങളിലൂടെ തകർന്നുപോകുന്ന പത്രപ്രവർത്തനം, ധനാഢ്യരുടെ സൽക്കാരങ്ങൾ, രാഷ്ട്രീയ നേതാക്കളുടെ സൽക്കാരങ്ങൾ, ടൂർ പാക്കേജുകൾ-പത്രലോകം ആകെ വൻകിട മുതലാളിമാരുടെ കളിപ്പാവകളായി. എല്ലാവരും വേഷംകെട്ടുകയാണ്. സന്ധ്യയ്ക്ക് ചാനലുകളിലിരുന്ന് സദാചാര പ്രസംഗങ്ങൾ നടത്തുന്ന ചാനൽ മുതലാളിമാർ നമുക്ക് ഇപ്പോൾ ആശ്ചര്യമല്ലാതായിരിക്കുന്നു. പത്രസ്വാതന്ത്ര്യം എന്നത് ഒരു പഴയ ചൊല്ലായി. വെറുമൊരു തമാശയായി ഒതുങ്ങിപ്പോയി. ഇക്കഴിഞ്ഞ ഓണക്കാലത്ത് തിരുവനന്തപുരത്തെ സ്റ്റാച്ച്യൂവിൽ വെച്ച് ഒരു മുതിർന്ന പത്രപ്രവർത്തകനെ കാണാനിടയായി. കയ്യിൽ വലിയൊരു ചാക്കുകെട്ടുമായി ഓട്ടോ കാത്തുനില്‍ക്കുകയാണ്. എന്താണിത് എന്ന് ചിരിച്ചു ചോദിച്ചു. ഓണക്കിറ്റാണ്, ഏതാണ്ട് ഒരു മാസക്കാലത്തേയ്ക്കുള്ള അരിയും പലവ്യഞ്ജനങ്ങളുമുണ്ട്. തിരുവനന്തപുരത്തെ ഒരു പ്രശസ്ത ജുവലറി ഗ്രൂപ്പാണ് ഇത്തവണ കിറ്റ് നൽകിയിരിക്കുന്നതെന്നു പറഞ്ഞ് അദ്ദേഹം ചിരിച്ചു. പത്രപ്രവർത്തനം ഇങ്ങനെയായിരിക്കുന്നു. പത്രപ്രവർത്തകർ വെറും ‘മാപ്ര’ എന്ന പരിഹാസപ്പേരിൽ അറിയപ്പെടാൻ തുടങ്ങി. ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടുകളിൽനിന്ന് വലിയ ഡിഗ്രികളുമായി പത്ര സ്ഥാപനങ്ങളിലും ചാനലുകളിലും പണിയെടുക്കുന്ന ചെറുപ്പക്കാരെ കാണുമ്പോൾ എനിക്ക് ഇപ്പോൾ സങ്കടമാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ കേരളാബ്യൂറോ ചീഫായിരുന്ന കെ.സി. ജോണിനെ ഒരിക്കൽ ഇന്റർവ്യൂ ചെയ്തത്, ഏതാണ്ട് 30-35 വർഷങ്ങൾക്കു മുൻപ്. ‘കേരള രാഷ്ട്രീയം ഒരു അസംബന്ധ നാടകം’, ‘The Melting Pot’ എന്നിവയൊക്കെ കെ.സി. ജോണിന്റെ പുസ്തകങ്ങളാണ്. കെ.സി. ജോണിന്റെ സഹോദരൻ കെ.സി. സെബാസ്റ്റ്യൻ തിരുവനന്തപുരത്തെ ദീപികയുടെ ബ്യൂറോ ചീഫായിരുന്നു. കേരളാ കോൺഗ്രസ്സിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു കെ.സി. സെബാസ്റ്റ്യൻ. അദ്ദേഹം പിന്നീട് രാജ്യസഭാ എം.പിയായി. പത്രലേഖകർക്ക് രാഷ്ട്രീയത്തിലുണ്ടായിരുന്ന സ്വാധീനം അത്ര വലുതായിരുന്നു. പറഞ്ഞുതുടങ്ങിയത് കെ.സി. ജോണിന്റെ അഭിമുഖത്തെക്കുറിച്ച് അദ്ദേഹം പറയുകയായിരുന്നു, ഈ ‘പത്രസ്വാതന്ത്ര്യം’ ‘നിഷ്പക്ഷത’ എന്നൊക്കെ പറയുന്നത് ശുദ്ധ തട്ടിപ്പാണ്. പത്രങ്ങൾ നടത്തുന്നത് കച്ചവടക്കാരായ മുതലാളിമാരാണ്. എക്സ്പ്രസ്സും ടൈംസ് ഓഫ് ഇന്ത്യയും മുതൽ മലയാള മനോരമയും മാതൃഭൂമിയും വരെ ഒന്നാംതരം കച്ചവടമാണ്. ഏതു വലിയ കൊലക്കൊമ്പൻ ബൈലൈനും മുതലാളി വിചാരിച്ചാൽ നിമിഷനേരംകൊണ്ട് അപ്രത്യക്ഷമാകും. മുതലാളി പുറത്തേയ്ക്ക് കൈചൂണ്ടിയാൽ ഏത് ബൈലൈനും പുറത്തുപോയേ തീരൂ. അതോടെ തീരും പത്രസ്വാതന്ത്ര്യം! ഇന്ന് പത്രങ്ങളും ചാനലുകളും തമാശകളാണ്. അവർ സോഷ്യൽ മീഡിയയോട് മത്സരിച്ച് നിലനിന്നുപോരുന്നു. സോഷ്യൽ മീഡിയയിൽ എല്ലാവരും ജേർണലിസ്റ്റും എഴുത്തുകാരുമാണ്. എന്തും പറയാം, പരിധികളില്ലാത്ത സ്വാതന്ത്ര്യമുണ്ട്. ബാബുസാർ എവിടെയോ വെച്ച് പതറിപ്പോയി. വലിയ പണക്കാരുടെ ചങ്ങാത്തം അധികാരികളുടെ ചങ്ങാത്തം പെട്ടെന്ന് പണക്കാരനാകാനുള്ള വെപ്രാളമായോ എന്നു സംശയം. പത്രപ്രവർത്തനം എന്ന അതിവിശാലമായ ലോകത്ത് പണിയെടുക്കുമ്പോഴും താൻ ഇങ്ങനെ തിരുവനന്തപുരത്ത് കേരളകൗമുദിയിൽ ഒതുങ്ങി കഴിയേണ്ടവനല്ലെന്ന ബോധം എപ്പോഴും ഉണ്ടായിരുന്നു. വല്ലാത്തൊരു ആവേശമായിരുന്നു ബാബുസാർ. ആ ആവേശത്തിൽനിന്നാണ്, ഒരുപക്ഷേ, കേരളത്തിലെതന്നെ ആദ്യത്തെ മൾട്ടിമീഡിയ സോഫ്റ്റ്‌വെയർ കമ്പനി-ഐവിസ് തുടങ്ങാനുള്ള പ്രേരണ ഉണ്ടായത്. ഐവിസിന്റെ പ്രവർത്തനത്തിൽ മുഴുകിയിരിക്കെ ഒരിക്കൽ പറയുകയാണ്: “പുതിയ മേഖലയാണ്, ഉറങ്ങാതെ പണിയെടുക്കണം.” കേരളത്തിന്റെ സാംസ്കാരിക ഈടുവയ്പുകളെ, ജീവിതങ്ങളെ ഡോക്യുമെന്ററികളാക്കി വിദേശ വിപണിയിൽ എത്തിക്കുക എന്ന ശ്രമകരമായ പ്രവർത്തനമായിരുന്നു. ആയാസകരമായ ആ പ്രവർത്തനം വലിയ വിജയമായി. പക്ഷേ, പത്രപ്രവർത്തനം പേരിനു മാത്രമായി. കേരളകൗമുദി, കലാകൗമുദി ലേബലുകൾ ഐവിസിന്റെ വളർച്ചയ്ക്കും വലിയ സഹായമായി. ‘പിടിച്ചാൽ കിട്ടില്ല’ എന്നു നമ്മൾ സാധാരണ പറയാറില്ലേ, അതുപോലെ വേഗത്തിലായിരുന്നു വളർച്ച. പഴയ സൗഹൃദങ്ങൾ, ബന്ധങ്ങളൊക്കെ എവിടെയോ മറന്നപോലെ. കാലത്തിനനുസരിച്ച മാറ്റമായിരുന്നു അത്. മറ്റ് ഏതൊക്കെ മേഖലകളിൽ തലയിട്ടുവെന്ന് ആർക്കുമറിയുകയുമില്ല. ചുരുക്കത്തിൽ മനസ്സിന്റെ സ്വസ്ഥത നഷ്ടമായി. അമേരിക്കൻ യാത്രകൾ പതിവായി. ആദ്യത്തെ അമേരിക്കൻ യാത്ര യു.എസ് എംബസി ക്ഷണിച്ചിട്ടായിരുന്നു. പിന്നീട് ഫൊക്കാനയുടേയും മറ്റു പല സംരംഭകരുടേയും ക്ഷണത്തിൽ. ഫൊക്കാനയുടെ ക്ഷണപ്രകാരം നടന്ന സന്ദർശനം കഴിഞ്ഞു വന്നപ്പോൾ അവിചാരിതമായി കാണാനിടയായി. യൂണിവേഴ്‌സിറ്റി കോളേജിലെ പൊളിറ്റിക്കൽ സയൻസ് പി.ജി വിദ്യാർത്ഥികൾക്ക് അമേരിക്കൻ രാഷ്ട്രീയത്തെപ്പറ്റി ഒരു ക്ലാസ്സ് എടുക്കുമോയെന്ന് ചോദിച്ചു: “നീ വിളിച്ചാൽ ഞാൻ വരും.” പഴയ ഊഷ്മളത. ഒരു നാടൻ മനുഷ്യൻ ഇംഗ്ലീഷിൽ കഥ പറയുമ്പോലെയായിരുന്നു സാറിന്റെ ക്ലാസ്. സിയാറ്റിൽ മൂപ്പനിൽനിന്നാണ് സാർ തുടങ്ങിയത്. കുട്ടികൾ കയ്യടിയോടെ സ്വീകരിച്ചു. പ്രസ്സ്ക്ലബ്ബിലെ ജേർണലിസം ക്ലാസ്സുകളിൽ സാറ് നിറഞ്ഞാടിയത് ശിഷ്യർ പറയുന്നത് ഞാൻ കേട്ടിരിക്കുന്നു. ഇവിടെയും അരങ്ങ് തകർത്തു കുട്ടികൾ ഓട്ടോഗ്രാഫുകളുമായി തിക്കിക്കയറി. അമേരിക്കൻ രാഷ്ട്രീയത്തെക്കുറിച്ച് ഫുൾബ്രൈറ്റ്കാരായ യൂണിവേഴ്‌സിറ്റി പ്രൊഫസർമാരുടെ ഗഢാഗഡിയൻ ക്ലാസ്സുകൾ കേട്ട് ബോറടിച്ചിരുന്ന വിദ്യാർത്ഥികൾക്ക് വലിയ ആഹ്ലാദമായിരുന്നു ബാബുസാറിന്റെ ക്ലാസ്. ‘ആകാശരേഖകൾ’ എന്ന തന്റെ യാത്രാപുസ്തകത്തെപ്പറ്റിയും കൂട്ടത്തിൽ പറഞ്ഞു. ഡോ. ഹമീദ്ഖാന്റെ ബഹിരാകാശശാസ്ത്രം മലയാളത്തിലാക്കിയതും പറഞ്ഞു. ജിയോളജിയായിരുന്നു ഇഷ്ടവിഷയം. പക്ഷേ, ലോകത്തുള്ള ഏതു കാര്യത്തെപ്പറ്റിയും ക്ലാസ്സെടുക്കും. ക്ലാസ് കഴിഞ്ഞ് സ്വകാര്യ സംഭാഷണത്തിനിടയിൽ ഞാൻ ചോദിച്ചു. അമേരിക്കയിൽ അപഥ സഞ്ചാരമൊന്നുമുണ്ടായില്ലല്ലോ. ഒരു പൊട്ടിച്ചിരിയായിരുന്നു ഉത്തരം. എം.ടി വാസുദേവൻ നായരും വിഷ്ണു നാരായണൻ നമ്പൂതിരിയും സുഗതകുമാരി ടീച്ചറും അമേരിക്കയിലേക്കുള്ള യാത്രയിൽ ഉണ്ടായിരുന്നു. എം.ടി രസികനാണ്. പക്ഷേ, മറ്റു രണ്ടുപേർ തികഞ്ഞ സദാചാരക്കാർ. ക്ലാസ് കഴിഞ്ഞ് പട്ടത്തുള്ള വീട്ടിൽ കൊണ്ടുചെന്നാക്കി.

Image of NRS Babu
എന്‍.ആര്‍.എസ്. ബാബുSamakalika Malayalam

ഭാര്യയെ വിളിച്ചു: “ഉമേ ഇവനെ ഓർമയില്ലേ, കലാകൗമുദിയിലെ പഴയ മുരളി, കോരാണിയിലും നന്ദിയോടുമൊക്കെ വന്നിട്ടുള്ള മുരളി. ഇവൻ യൂണിവേഴ്‌സിറ്റി കോളേജിലെ പ്രൊഫസറാണ്. ഉച്ച ഊണ് തന്നാണ് എന്നെ വിട്ടത്. വീണ്ടും നീണ്ട ഒരു ഇടവേള കഴിഞ്ഞ് തികച്ചും അവിചാരിതമായി എറണാകുളത്ത് ഒരു കല്ല്യാണ ചടങ്ങിൽ കണ്ടുമുട്ടുന്നു. കൂടെ ശശികുമാറുമുണ്ട്. ശശികുമാർ ഉമചേച്ചിയുടെ അനിയത്തിയുടെ ഭർത്താവാണ്. ബി.എസ്.എന്‍ൽ.എൽ ഉദ്യോഗസ്ഥനായിരുന്നു ശശികുമാർ. ഏറെ നാൾ “കൗമുദി ന്യൂസ് സർവീസ് ബോംബെയായിരുന്നു. ബോംബെയിലെ ശശികുമാറിന്റെ ഫ്ലാറ്റിൽ കുറച്ചു ദിവസങ്ങൾ” താമസിച്ചിരുന്നതും ഓർമയിൽ വന്നു. രണ്ടുപേരും ഒന്നിച്ചാണ് തിരുവനന്തപുരത്തുനിന്നും കാറിലെത്തിയത്. കല്ല്യാണം കഴിഞ്ഞ് അവരോടൊപ്പമാണ് തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയത്. പഴയ എൻ.ആർ.എസ്സിനെ തിരികെ കിട്ടിയപോലെ. ആലപ്പുഴയിൽ വെച്ച് ചെറുതായൊന്നു മിനുങ്ങി. തോട്ടപ്പള്ളിയിൽ ശശിയുടെ വീട്ടിൽ പോയി, ശശി കായൽതീരത്ത് ഒരു മത്സ്യം വളർത്തുകേന്ദ്രം നടത്തുന്നുണ്ട്. ഒരു വലിയ പ്ലാസ്റ്റിക് ബക്കറ്റിൽ ഐസിട്ട് വരാലും കായൽകൊഞ്ചും നിറച്ച് കാറിന്റെ ഡിക്കിയിൽ വെച്ചു. ശശിയും ഭാര്യയും നല്ലപോലെ സല്‍ക്കരിച്ചു. തിരിയെ അഷ്ടമുടി കായലിന്റെ തീരത്തുകൂടി മടങ്ങുകയാണ്: “നീ പല്ലനയിലും പെരിനാട്ടുമൊന്നും പോയിട്ടില്ലല്ലോ.” കുമാരനാശാൻ ബോട്ട് അപകടത്തിൽ മരിച്ച പല്ലനയെക്കുറിച്ച്, പെരിനാട്ടുകാരനായ തിരുനെല്ലൂർ കരുണാകരനെക്കുറിച്ച് വാചാലനായി. യൂണിവേഴ്‌സിറ്റി കോളേജിൽ തിരുനെല്ലൂരിന്റെ ക്ലാസ്സിലേക്ക് ഒളിച്ചുകയറിയത് പറഞ്ഞു പൊട്ടിചിരിച്ചു. ചങ്ങമ്പുഴയുടെ രമണനുശേഷം മലയാളം കണ്ട ഏറ്റവും മനോഹരമായ പ്രണയകാവ്യമാണ് തിരുനെല്ലൂരിന്റെ ‘റാണി.’ “നിനക്കറിയുമോ കേരളകൗമുദിയുടെ ഓണപ്പതിപ്പിലാണ് അത് അച്ചടിച്ച് വന്നത്. 1955-ൽ, നീ അന്ന് ജനിച്ചിട്ടുണ്ടോ എന്നറിയില്ല. അഷ്ടമുടിക്കായലിനു ചുറ്റുമുള്ള ജീവിതമാണ്. കായലിനെ ഇതുപോലെ ആരും വർണിച്ചിട്ടില്ല. ഈ കാണുന്ന അഷ്ടമുടിക്കായലാണ് ആ കാവ്യത്തിലെ പ്രധാന കഥാപാത്ര”മെന്ന് പറഞ്ഞ് കായലിലേക്ക് വിരൽ ചൂണ്ടി. “കയർ തൊഴിലാളിയായ റാണിയും വള്ളക്കാരനായ നാണുവും തമ്മിലുള്ള പ്രണയമാണ്. പാവപ്പെട്ട തൊഴിലാളികളുടെ ആശകളും സ്വപ്നങ്ങളും ഇതുപോലെ മറ്റാരും എഴുതിയിട്ടില്ല.” പിൻസീറ്റിൽ ബാബുസാർ ഒന്നിളകിയിരുന്നു എന്നിട്ട് തിരുനെല്ലൂരിന്റെ കായൽ വർണന പാടാൻ തുടങ്ങി.

ഗ്രാമീണ ഭംഗിതൻ പൂവണിപ്പച്ചില-

പ്പോർമുലക്കച്ചയിലെങ്ങാൻ

വൃശ്ചികക്കാറ്റൊന്നു കൈവെക്കാൻ

നോക്കിയാൽ

പ്രക്ഷുബ്ധമായിടും കായൽ

കായലും ചോലയും പുൽകവേ പുഞ്ചിരി-

ച്ചാർത്തിടും പൂന്തിരമാല

പൂന്തിരമാലമേൽ നീർക്കിളിച്ചാർത്തു

പോൽ

നീന്തുമൊരായിരം തോണി

ചിത്ര ചലനമാഗ്രാമ പശ്ചാത്തലം

ചിത്രത്തിലാക്കുവാൻ മേലാ

ഭാവനയ്ക്കപ്പുറം നിൽക്കുമാ സൗഭഗം

പാടിപ്പുകഴ്ത്തുവാൻ മേലാ...

തിരുനെല്ലൂരിന്റെ ലഹരി കയറിയപ്പോൾ കാറ് നിറുത്താൻ പറഞ്ഞു. ഡ്രൈവർ കായലോരത്ത് വണ്ടിനിറുത്തി, കായലോരത്തെ പടിത്തിട്ടയിൽ കയറി ഇരുന്നു. തുടുത്ത സായാഹ്നം. കായലോളങ്ങളിൽ നേർത്ത കസവ് പാടപോലെ സൂര്യകിരണങ്ങൾ തെന്നിമറയുന്നു. ഓളപ്പരപ്പിലൂടെ ചെറിയ തോണികൾ. ബാബുസാർ കായലിനെ നോക്കി പാടുകയാണ്.

തോണിയിലൊന്നിൽ മദാലസയാംജല

ദേവതപോലെ പോം റാണി

എങ്ങുനിന്നെങ്ങുനിന്നെങ്ങനെ കാട്ടിയി-

പ്പെണ്ണിനിമ്മാതിരിച്ചന്തം

ദൂരെ നിന്നന്തി തൻ പൊന്നൊളി തട്ടിയ

കാർമുകിൽത്തുണ്ടിന്റെ ചന്തം...

കാഥികൻ സാംബശിവന്റെ കഥാപ്രസംഗംപോലൊരു കഥ പറച്ചിലായി പിന്നെ. റാണിയുടെ പ്രണയാഭ്യർത്ഥന എത്ര മനോജ്ഞമായാണ് പകർത്തിയിരിക്കുന്നത്. ഞാൻ എത്ര നാളിങ്ങനെ കാത്തിരിക്കും എന്ന റാണിയുടെ ചോദ്യത്തിന് നാണു മറുപടി പറയുകയാണ്:

സ്വന്തമായിത്തിരി മണ്ണു വാങ്ങിച്ചതിൽ

കൊച്ചൊരു കൂരയും കെട്ടി

മാനമായ് നിന്നെ ഞാൻ

കൊണ്ടുപോവില്ലയോ

താലിയും മാലയും ചാർത്തി.

പടിത്തിട്ടയിലിരുന്ന് റാണി പാടിക്കൊണ്ടേയിരുന്നു. ശശികുമാർ മെല്ലെ ചോദിച്ചു: “ഇനി പോയാലോ.” “എടേ ഞാൻ നന്ദിയോട് കുന്നിൻചരിവിലൂടെ നടന്നു കളിച്ചവനാണ്. പക്ഷേ, ഈ കായൽ എന്റെ വികാരമാണ്. എന്റെ കുമാരനാശാൻ ഈ കായലിലാണ് മുങ്ങിത്താണുപോയത്. അഷ്ടമുടി കായൽ കാണുമ്പോൾ തിരുനെല്ലൂർ എന്നു കവിയെ എങ്ങനെ ഓർക്കാതിരിക്കും.” തിരികെ കാറിൽ കയറുമ്പോൾ സാംബശിവന്റെ ‘റാണി’ എന്ന കഥാപ്രസംഗമായി. “സാംബന്റെ കഥപറച്ചിൽ എത്ര ഗംഭീരമാണ്. റാണിയെ ജനകീയമാക്കിയത് സാംബശിവനാണ്. ടോൾസ്റ്റോയിയുടെ അന്നാകരീനയും ഷേക്‌സ്‌പിയറിന്റെ ഒഥല്ലോയും റോമിയോ ആൻഡ് ജൂലിയറ്റും ബിമൽമിത്രയുടെ വിലയ്ക്കുവാങ്ങാം എന്നതുമൊക്കെ സാധാരണ മലയാളിയുടെ വികാരമാക്കിയ സാംബശിവന് റാണി അനായാസം വഴങ്ങുന്നതായിരുന്നു. സാംബന്റെ ശബ്ദം ഗംഭീരമല്ലേ, ആ പാട്ട് പാടുന്ന രീതിയുണ്ടല്ലോ.” തിരുവനന്തപുരം വരെ തുടർച്ചയായി സംസാരിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് അല്പമൊന്നു മയങ്ങി. ശ്രീകാര്യം എത്തിയപ്പോൾ ചോദിച്ചു: “നീ പോങ്ങുംമൂട്ടിൽ ഇറങ്ങുകയാണോ, അതോ ഞങ്ങളൊടൊപ്പം കൂടുകയാണോ?” പോങ്ങുംമൂട്ടിൽ എന്നെ ഇറക്കുമ്പോൾ പറഞ്ഞു: “ഞാൻ ഉമയെ കൂട്ടി ഒരു ദിവസം നിന്റെ വീട്ടിൽ വരും.” അതായിരുന്നു ബാബുസാറുമൊത്തുള്ള അവസാന യാത്ര. സാർ പക്ഷേ, എന്റെ വീട്ടിൽ വന്നില്ല. ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ ശങ്കരൻകുട്ടി എന്നെ വിളിച്ചു: “ബാബുസാറിന് എന്തോ പ്രശ്നമുണ്ട്. മനോനില തെറ്റിയപോലെ, ആരെയും തിരിച്ചറിയുന്നില്ല, ഓർമകൾ പോയതുപോലെ, പട്ടത്തെ വൃന്ദാവൻ കോളനിയിലെ ഫ്ലാറ്റിനുള്ളിൽ ബാബുസാർ ഒതുങ്ങി. ശാരീരികമായി പൂർണ ആരോഗ്യവാൻ, പക്ഷേ, ഓർമകൾ എവിടെയോ നഷ്ടമായി. എല്ലാവരേയും നോക്കി ചിരിക്കും വർത്തമാനം പറയും. ആരെയും തിരിച്ചറിയുന്നില്ല. ദീർഘമായ ഒരു തടവ് ജീവിതം തുടങ്ങുകയായി. ഇതിനിടയിലാണ് മകളുടെ മരണം. എനിക്ക്ന്ന് പോകാൻ കഴിഞ്ഞില്ല. ശങ്കരൻകുട്ടി ആ രംഗം വിവരിച്ചത് ഓർമയിൽവരുന്നു. മകൾ മരിച്ചുവെന്നത് സാറിനു മനസ്സിലായില്ല. അവിടെ കൂടിയവരെയൊക്കെ നോക്കി സാറ് ചിരിച്ച് പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പ്രിയപ്പെട്ട വായനക്കാരെ, ആ അവസ്ഥ എങ്ങനെയാണ് പറയുകയെന്ന് എനിക്കറിയില്ല. ഉമ എന്ന സാറിന്റെ ഭാര്യയെ ഓർത്തുനോക്കൂ. മകൾ മരിച്ച വിവരമറിഞ്ഞാണ് ദീർഘമായ ഇടവേളയ്ക്കുശേഷം മകൻ ശങ്കരനാരായണൻ അമേരിക്കയിൽനിന്നു വന്നത്. ബാബുസാറിന് മകനെ മനസ്സിലായോ ആവോ? ശങ്കരൻകുട്ടി അതു പറയുമ്പോൾ ശബ്ദം ഇടറിയിരുന്നു. വലിയ ആത്മബന്ധമായിരുന്നു ശങ്കരൻകുട്ടിയോട്. യാത്രകളിൽ കൂടെകൂട്ടും. സാറ് പറയുന്നതൊക്കെ ശങ്കരൻകുട്ടി ക്യാമറയിൽ പകർത്തും. ശങ്കരൻകുട്ടി എന്നോട് പറയുകയാണ്. ചെറുപ്പകാലത്ത് ക്ഷേത്രങ്ങളിൽ പോകുന്നത് ഇഷ്ടപ്പെട്ടില്ല. തളർച്ച വന്നപ്പോൾ ഒരു ദിവസം എന്നോട് പറഞ്ഞു: നമുക്ക് കന്യാകുമാരിയിൽ പോകണം, ശുചീന്ദ്രത്തും. പത്മനാഭസ്വാമി ക്ഷേത്രം നല്ലപോലെ എനിക്കൊന്നു കാണണം. മനസ്സ് പതറാൻ തുടങ്ങിയിരുന്നു അപ്പോൾ. പെട്ടെന്നായിരുന്നു മറവിയുടെ ആഴങ്ങളിലേക്ക് വീണുപോയത്. ഏതാനും ദിവസം വീട്ടിൽ തങ്ങിയശേഷം മകൻ അമേരിക്കയിലേക്ക് തിരികെപ്പോയി. മകളുടെ മരണത്തോടെ വീട് വല്ലാതെ നിശ്ശബ്ദമായി. മകൾ ചിത്രയുടെ അസുഖം എന്നും സാറിന്റെ മനസ്സിനെ അലട്ടിയിരുന്നു. ഒരുപാട് കഷ്ടപ്പെട്ട് വലിയ മോഹത്തോടെ മകനെ എന്‍ജിനീയറാക്കി അമേരിക്കയിൽ അയച്ചു, മകൻ അവിടെ കുടുംബം കൂടി സ്ഥിരതാമസമായി. നാട്ടിലേയ്ക്കുള്ള വരവ് അപൂർവമായി. സാറിന്റെ മനസ്സ് വല്ലാതെ ഉലഞ്ഞു.

പിന്നെ മുകൾനിലയിൽ ബാബുസാറും കാവലായി ഭാര്യയും! താഴെ നിലയിൽ മരുമകനും ചെറുമകളും! താഴ്‌നിലയിലേക്കുള്ള വാതിൽ അടയ്ക്കപ്പെട്ടു. അവസാനം ആ വീട്ടിൽ പോയ രംഗം ഓർത്തുപോവുകയാണ്. ജയൻസാറിനെക്കുറിച്ചുള്ള ഓർമക്കുറിപ്പിൽ എഴുതിയതാണ്. വീണ്ടും ഓർക്കാതിരിക്കാൻ ആവുന്നില്ല. ബാംഗ്ലൂരിൽനിന്നു വന്ന ജയൻസാറിന് ബാബുവിനെ കാണണം. ശങ്കരൻകുട്ടിയെ വിളിച്ചു. ഞങ്ങൾ മൂന്നാളും ചേർന്ന് വൃന്ദാവൻ കോളനിയിലെ വീട്ടിൽ. മുകൾ നിലയിലെ ബാബുസാറിന്റെ മുറിയിലേയ്ക്ക് കയറാനായില്ല. മുറിപൂട്ടി ഭാര്യ പുറത്തുപോയിരിക്കുന്നു. താഴ്‌നിലയുടെ വരാന്തയിൽ മരുമകനും ചെറുമകളും നില്‍പ്പുണ്ടായിരുന്നു. എനിക്ക് ബാബുവിനെ കാണണമെന്ന് ആ ചെറുപ്പക്കാരനോട് ജയൻസാർ പറയുന്നു. എനിക്ക് മുകൾ നിലയിലേക്ക് പ്രവേശനമില്ലെന്ന് അയാളുടെ മറുപടി. നിസ്സംഗരായി ഞങ്ങൾ കുറച്ചുനേരം നിന്നു. മടങ്ങാൻ നേരത്ത് ജയൻസാർ ചെറുപ്പക്കാരനോട് പറഞ്ഞു. നിങ്ങൾ ചെറുപ്പമാണ്. വാശിയും വൈരാഗ്യവും കളഞ്ഞ് ഒന്നിച്ച് ജീവിക്കണം. ബാബു കഷ്ടപ്പെട്ട് ഓടിനടന്നാണ് ഈ വീടും സ്വത്തുമൊക്കെ ഉണ്ടാക്കിയത്. ബാബുവിന് സമാധാനവും സന്തോഷവുമുണ്ടായിരുന്നില്ല. ഓട്ടമായിരുന്നു. നിങ്ങൾ ആലോചിക്കണം. നിങ്ങളെ കണ്ടല്ലേ ഈ കൊച്ചുമകൾ പഠിക്കേണ്ടത്. അയാൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞങ്ങൾ മടങ്ങി. കാറിലിരുന്നു പറയുകയാണ്. എന്തു കഷ്ടമാണ്, എന്തു സങ്കടമാണ്. ഇങ്ങനെയൊക്കെയാണ് ജീവിതം.

പ്രിയപ്പെട്ട വായനക്കാരെ, ബാബുസാർ അവസാനം മരണത്തിനു കീഴടങ്ങി, ദീർഘമായൊരു മൽപ്പിടിത്തത്തിനു ശേഷം. ഒരു കണക്കിൽ നന്നായി എന്ന് എനിക്ക് എങ്ങനെ എഴുതാനാവും. മരണമറിഞ്ഞ് വീട്ടിൽ ചെന്നു. മൃതദേഹം അപ്പോൾ മോർച്ചറിയിൽ ആയിരുന്നു. ശങ്കരനാരായണൻ അമേരിക്കയിൽനിന്നു വരുന്നതുവരെ മോർച്ചറിയിൽ ആയിരിക്കും. ശങ്കരൻകുട്ടി എന്നെ ഉമ ചേച്ചിയുടെ മുന്നിൽ കൊണ്ടുപോയി. ചേച്ചി എന്നെ നോക്കി, നിസ്സംഗതയോടെ. കണ്ണീരുവറ്റി നിശ്ചലമായ ആ കണ്ണുകൾ ഈ കുറിപ്പിന് അടിവരയിടുമ്പോൾ എന്റെ മനസ്സിലേക്ക് വരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com