

യമുനാതീരത്തെ വിശ്വവിസ്മയം, പ്രണയത്തിന്റെ സൗന്ദര്യം ആവോളം വഴിയുന്ന വെണ്ണക്കൽ കൊട്ടാരത്തിന്റെ പൂമുഖത്തിരുന്ന് മുഗൾ ചക്രവർത്തി ഷാജഹാൻ, മുംതാസിന്റെ കല്ലറയെ നോക്കിയിരുന്നു പ്രണയത്തിന്റെ ഹൃദയഹാരം അയാൾ അവളുടെ ഓർമകളിലേക്ക് സമർപ്പിച്ചു. കാലത്തിനും കലയ്ക്കും നിത്യവിസ്മയമായൊരു പ്രേമകുടീരം ലോകത്തിനു മുന്നിൽ ഒരു കവിതയായി വിരിഞ്ഞു. ലോകം കണ്ട ഏറ്റവും വലിയ പ്രണയ കാമുകൻ കണ്ണുനീർ പൊഴിച്ച് അന്തപ്പുരത്തിലേക്ക് മടങ്ങി. ആയിരക്കണക്കിന് അടിമത്തൊഴിലാളികളുടെ മരണത്തിലും ചോരയിലും വർഷങ്ങളോളം പണി ചെയ്ത് പടുത്തുയർത്തിയ താജ്മഹലിന്റെ ശില്പി ഉസ്താദ് ഈസയെ കൊട്ടാരത്തിലേക്ക് വിളിപ്പിക്കപ്പെട്ടു. പ്രണയവിരഹത്താലും പ്രിയതമയുടെ മരണവേർപാടിലും മനംനൊന്ത് പിടഞ്ഞ ഷാജഹാൻ ചക്രവർത്തി വർഷങ്ങളുടെ കഠിനസപര്യയിൽ പരിക്ഷീണനായ ശില്പിയോട് ചോദിച്ചു “ഈ ലോകത്തിലേക്കും മഹാനായ വിശ്വശില്പി, എന്താണ് ഞാൻ തരേണ്ടത് ഈ രമ്യകുടീരത്തിന്റെ നിർമിതിക്ക് പകരമായി?” ഉസ്താദിന്റെ കണ്ണുകൾ ഈറനണിഞ്ഞു. തന്റെ കഠിനാദ്ധ്വാനത്തിന് ഫലമുണ്ടാകുന്നു. ചക്രവർത്തി അയാളെ ഗാഢാലിംഗനം ചെയ്തു. തന്റെ എല്ലാ ദാരിദ്ര്യദുഃഖങ്ങളും അവസാനിക്കുന്നു. കണ്ണടച്ച് കൈകൾ നീട്ടാൻ ചക്രവർത്തി അയാളോട് കല്പിച്ചു. ആനന്ദനിർവൃതിയിൽ ഉസ്താദ് കണ്ണുകളടച്ചു. നിമിഷനേരത്തിൽ സ്വാർത്ഥതകൊണ്ട് അന്ധനായ ക്രൂരനായ ഭരണാധികാരിയുടെ ഉടവാൾ ഉസ്താദിന്റെ കൈകളെ അറുത്തെടുത്തു. അറ്റുവീണ രണ്ട് കരങ്ങൾ. രക്തപങ്കിലമായ കൊട്ടാരമുറ്റം അതിവേഗം ശുചീകരിക്കപ്പെട്ടു. കരങ്ങളറത്തുമാറ്റപ്പെട്ട ഉസ്താദ് ഈസ ചരിത്രത്തിന്റെ ഏടുകളിലേക്ക് മാത്രമായി വലിച്ചെറിയപ്പെട്ടു.
യമുനാതീരത്തെ കരളലിയിപ്പിക്കുന്ന ഈ ജീവിതത്തിന് തൗളവ ദേശത്തെ വീരകൽക്കുടനുമായി ചരിത്രപരമായ ബന്ധമുണ്ടാകണമെന്നില്ല. പക്ഷേ, യമുനാപുളിനത്തിൽ തെറിച്ച ചോരയ്ക്കും കാർക്കളേശന്റെ കൊട്ടാരമുറ്റത്ത് തെറിച്ചുവീണ ചോരയ്ക്കും ഒരേ നിറമായിരുന്നു. ഒരേ ജീവിതമായിരുന്നു. ശില്പികളായ രണ്ട് അസാധാരണ മനുഷ്യരുടെ ചോരച്ചുകപ്പുകൊണ്ട് രചിക്കപ്പെട്ട അദ്ധ്യായങ്ങൾ. ഒരു വ്യത്യാസം മാത്രം. യമുനാതീരത്തു വീണ രക്തം പകയുടെ പൊടിപ്പേതുമില്ലാതെ നദിയിലൊഴുകിപ്പോയി. എന്നാൽ നേത്രാവതിക്കരയിൽ വീണ ശില്പിയുടെ ചോരയിൽനിന്നും പൊടിച്ചുയർന്നുവന്നു നാരീശക്തിയുടെ പ്രചണ്ഡഭാവങ്ങളിലൊന്ന്. കാർക്കളേശന്റെ മഹാനഗരവും അരമനയും മുച്ചൂടും മുടിച്ച രൗദ്രമൂർത്തി സത്യമ്മ എന്ന വീര കൽക്കുട ഭഗിനി ‘വീര കല്ലുർട്ടി.’ ഡോലക്കിന്റെ കടും താളത്തിൽ വെള്ളോട്ട് ചിലമ്പ് കിലുക്കി ഭൂതക്കോലമായവൾ തൗളവ ദേശത്തെ കളിയാട്ട രാവുകളെ ഇന്നും തീക്ഷ്‌ണവും ഭക്തിസാന്ദ്രവുമാക്കുന്നു കാലാതിവർത്തിയായി.
ഊരുവിട്ടിറങ്ങിയ രാജശില്പി
ദക്ഷിണ കർണാടകയിലെ ജൈന രാജാവ് കാർക്കളയരചന്റെ രാജശില്പിയായ ശംഭു കൽക്കുടന്റെ ഒൻപത് ഗ്രാമങ്ങൾ ചേർന്ന ‘കെല്ലാത്ത മർന്നാട്’ എന്ന ദിക്കിലെ കുടിലിലേക്ക് രാജദൂതന്റെ പ്രയാണം. കുതിരക്കുളമ്പടി ശില്പിയുടെ കുടിലിനു മുന്നിൽ താളമിട്ട് അമർന്നുനിന്നു. ചിന്നം വിളിച്ച കുതിരയ്ക്ക് ശംഭു കൽക്കുടന്റെ ഭാര്യ വീരമ്മ (ഇരാവതി) കാടിവെള്ളം ആവോളം കൊടുത്തു. നുപ്പുല്ലും മുതിരയും ഭക്ഷിച്ച് വാചിവീര്യം തലകുനിച്ചു നിന്നു. രാജദൂതൻ കുറിമാനമെടുത്ത് ശില്പിക്ക് നൽകി. ‘ഉടൻ തന്നെ പുറപ്പെടുക.’ രാജശാസന. തന്റെ ഭാര്യ ഏഴുമാസം ഗർഭിണിയാണെന്നും അവൾക്കു വേണ്ട എല്ലാ സഹായവും പൂർത്തിയാക്കി താൻ ഉടൻ കൊട്ടാരത്തിലേക്ക് പുറപ്പെട്ടുകൊള്ളാമെന്ന് ശില്പി കുറിമാനം മടക്കി. വാചിവാഹനവുമായി വന്നയാൾ തിരിച്ച് കൊട്ടാരത്തിലേക്ക് മടങ്ങി. ശില്പി തന്റെ പ്രിയതമയുടെ നിറവയർ ചുംബിച്ചുകൊണ്ട് പറഞ്ഞു: “രാജശാസനമാണ് പോയേ പറ്റൂ. ഇല്ലെങ്കിൽ ശിരസ്സ് കാണില്ല” വീരമ്മ ആകുലയായി. പ്രസവത്തിന് ഇനിയും മാസങ്ങൾ ബാക്കിയുണ്ട്. സഹായത്തിന് മറ്റാരുമില്ല. അയാൾ ഭാര്യയെ ആശ്വസിപ്പിച്ചു. തന്റെ പ്രിയതമയുടെ പേറിന് ആവശ്യമായ എല്ലാ കാര്യങ്ങളും അയാൾ ചെയ്തുവെച്ചു. ലോഹപാത്രങ്ങളുടെ ഉപയോഗം രാജകൊട്ടാരത്തിൽ മാത്രമായതിനാൽ അയാൾ ഭക്ഷണാവശ്യത്തിനും മറ്റുമായി കുറേ മൺപാത്രങ്ങൾ നിർമിച്ചു. കുളിക്കാനുള്ള വെള്ളം നിറയ്ക്കുവാൻ കരിങ്കല്ല് ചെത്തിയൊരുക്കി വലിയ പാത്തി നിർമിച്ചു. മരംകൊണ്ട് മെതിയടി ഉണ്ടാക്കി. തെരുവിലെ ശാലിയ ചെട്ടിയാരുടെ പക്കൽനിന്നും കസവുചേലയും മുണ്ടുകളും വാങ്ങി. പെറ്റ് നിൽക്കുന്ന പെണ്ണായോൾക്ക് തലയിൽ ചൂടുവാൻ ഓറഞ്ച് നിറമുള്ള അമ്പിളിപ്പൂക്കളുടെ പൂന്തോട്ടമൊരുക്കി. മുറ്റത്തുനിന്ന തേൻമാവിലേക്ക് പടർന്ന ചക്കമുല്ലയും സൂചിമുല്ലയും വീരമ്മയുടെ വയറിനെ നോക്കിച്ചിരിച്ചു. വെളിപാട്പോലെ ശില്പി ചന്ദനത്തിൽ തീർത്ത രണ്ട് തൊട്ടിലുകളുണ്ടാക്കി. കളിപ്പാട്ടങ്ങളായി മരത്തടിയിൽ തീർത്ത ശബ്ദിക്കുന്ന ആനകളേയും കുതിരകളേയും തീർത്തു. തന്റെ പ്രിയതമയ്ക്ക് പ്രാർത്ഥിക്കാൻ ബാലാജി നാഥന്റെ അരയാളുയരത്തിലുള്ള രൂപം സാളഗ്രാമത്തിൽ നിർമിച്ചുവെച്ചു. ഒരുക്കങ്ങളെല്ലാം പൂർത്തിയായപ്പോഴേക്കും പെണ്ണിന് എട്ടാംമാസം പിറന്നു.
പുരുഷസൗന്ദര്യം ഉടൽവഴിഞ്ഞൊഴുകുന്ന രാജശില്പി തന്റെ തോൾസഞ്ചിയെടുത്തു. രാകി മിനുക്കിയ ഉളികൾ സഞ്ചിയിൽ ശൗര്യത്തോടെ കലപില കൂട്ടി. വേർപിരിയുന്നതിന്റെ മഹാമൗനം വീരമ്മയിലേക്കും ശില്പിയിലേക്കും പടർന്നു. ഗർഭക്കാരിയുടെ കണ്ണുനീരിൽ ലോകം തന്നെ നിശ്ചലമായി. “ഓമനകൾ രണ്ടുണ്ട് പത്തപത്തിൽ പിറക്കാൻ പോകുന്ന നമ്മുടെ ഉണ്ണികളായി പ്രിയപ്പെട്ടവളെ.” പുത്രന് നന്ദു (വീരൻ) എന്നും പെൺകുഞ്ഞിന് സത്യമ്മ എന്നും പേര് ചൊല്ലണമെന്നും വലുതാകുമ്പോൾ അച്ഛൻ എവിടെ എന്ന് അവർ ചോദിച്ചാൽ രാജശില്പിയായ അച്ഛൻ കാർക്കളേശന്റെ കൊട്ടാരത്തിലുണ്ടെന്നും അയാൾ തിരിച്ചുവരാൻ വൈകിയാൽ മകനെ ശില്പവിദ്യകളഭ്യസിപ്പിച്ച് കൊട്ടാരത്തിലേക്ക് അയക്കണമെന്നും മൊഴിഞ്ഞു. ബാലാജി നാഥനെ വന്ദിച്ചയാൾ തിരിഞ്ഞുനോക്കാതെ കുടിൽമുറ്റമിറങ്ങി. വരാനിരിക്കുന്ന ദുരന്തപർവത്തിന്റെ വിത്ത് പാകൽ കൂടിയായിരുന്നു ആ യാത്ര.
പത്തപ മാസത്തിൽ പിറന്നുവീണ ഇരട്ട പൊന്നുണ്ണികൾ
പത്താംമാസത്തിൽ വീരമ്മ ഇരട്ട പ്രസവിച്ചു. ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും. ശില്പിയുടെ നിർദേശപ്രകാരം ആൺക്കുഞ്ഞിന് വീരൻ എന്നും പെൺകുട്ടിക്ക് സത്യമ്മയെന്നും പേര് ചൊല്ലി വിളിച്ചു. പൂമ്പാറ്റകളെപ്പോലെ ആ ഇരട്ടക്കുഞ്ഞുങ്ങൾ കെല്ലാത്ത മർനാട് ദേശത്തിൽ പാറിനടന്നു. ശില്പികൾ മാത്രം താമസിച്ചിരുന്ന ആ ഗ്രാമത്തിൽ കുസൃതിത്തരങ്ങളാൽ അവർ പൊന്നോമനകളായി. പക്ഷികൾ അവർക്കുവേണ്ടിമാത്രം പാട്ടുകൾ പാടി. തുമ്പികൾ അവർക്കു വേണ്ടി നൃത്തം ചെയ്തു. അതുവരെ പൂക്കാത്ത മരങ്ങൾ അവരെ സ്‌നേഹപ്പൂമൂടൽ നടത്തി. കാട്ടുമൃഗങ്ങൾ അവരുടെ കളിക്കൂട്ടുകാരായി. നരിയും പുലിയും അവരുടെ കൂടെ കളിക്കുന്നത് കണ്ട് വീരമ്മ പേടിച്ചു. ശാന്തരൂപികളായി അവ കാട്ടിലേക്കു തന്നെ മടങ്ങിപ്പോകുന്നത് അവൾ ഉൾക്കിടിലത്തോടെ നോക്കിനിന്നു. കാർക്കള ദേശത്തെ വിശ്വകർമ ജാതിയിലാണ് ഈ കുട്ടികൾ പിറന്നുവീണത്. അഞ്ചാമത്തെ വയസ്സിൽ കുട്ടികളെ വീരമ്മ ഗുരുകുല വിദ്യാഭ്യാസത്തിനയച്ചു. ഗുരുവിനെ അത്ഭുതപ്പെടുത്തി എല്ലാ വിദ്യകളും അവർ വേഗത്തിൽ അഭ്യസിച്ചു. ഏഴാമത്തെ വയസ്സാകുമ്പേഴേക്കും വീരൻ സ്വയമേവ തന്നെ ശില്പനിർമാണത്തിലേക്ക് തിരിഞ്ഞു. ഏഴു വയസ്സുകാരനായൊരു കുട്ടിയുടെ ശില്പ പ്രാവീണ്യം കണ്ട് ആ ഗ്രാമം അത്ഭുതപ്പെട്ടുനിന്നു. കൂട്ടുകാരോടൊത്ത് അവർ ലീലകളാടി. സാളഗ്രാമശിലകൾ എവിടെ കണ്ടാലും വീരൻ അതിൽ മനോഹരമായ ശില്പങ്ങളൊരുക്കും. ആനയും പുലിയും ആ ശില്പങ്ങളിൽ ശബ്ദിച്ചുനിന്നു. കുലദേവതയും ഇഷ്ടദേവനുമായ തിരുപ്പതി തിമ്മപ്പ ദേവന്റെ ചെറു കൽപ്രതിമകൾ അവൻ അവിടവിടങ്ങളിലായി കൊത്തിയുണ്ടാക്കി. ബാല്യം വിടാത്ത കുരുന്നു ബാലന്റെ ശില്പവൈഭവത്തിൽ ആളും അധികാരികളും വിസ്മയംകൊണ്ടു. ഒരുനാൾ കൂട്ടുകാരോടൊന്നിച്ച് കളിച്ചുകൊണ്ടിരുന്നപ്പോൾ സഹപാഠിയായിരുന്ന ഒരു കുട്ടി വീരനേയും സത്യമ്മയേയും അച്ഛനില്ലാത്തവരെന്ന് പരിഹസിച്ചു. കൂട്ടുകാരെ നയിച്ചിരുന്ന വീരനും സത്യമ്മയും അതുകേട്ട് തളർന്നു. സത്യം പെറ്റമ്മയിൽനിന്നറിഞ്ഞേ ഇനി മടക്കമുള്ളൂ എന്ന് പറഞ്ഞ് അവർ വീട്ടിലേക്ക് തിരിച്ചു. ചെന്നപാടെ വീരൻ അമ്മയോട് തങ്ങളുടെ അച്ഛനാരെന്ന് ചോദിച്ചു. തങ്ങളെ പിഴച്ചുപെറ്റതാണെങ്കിൽ അമ്മയുടെ ശിരസ്സ് ഛേദിക്കുമെന്ന് വീരൻ ക്രൂദ്ധനായി. ഗുരുകുലത്തിൽ തന്റെ മക്കൾക്കുണ്ടായ അപമാനത്തിൽ വീരമ്മ അതീവ ദുഃഖിതയായി. നിങ്ങൾ അച്ഛനില്ലാത്തവരല്ലെന്നും കാർക്കള രാജ്യത്തെ രാജശില്പിയായ ശംഭു കൽക്കുടനാണ് നിങ്ങളുടെ പിതാവെന്നും അദ്ദേഹം ശില്പനിർമാണാവശ്യാർത്ഥം കാർക്കള രാജന്റെ രാജധാനിയിലുണ്ടെന്നും വീരന് പ്രായമാകുമ്പോൾ കാർക്കള പുരത്തേക്ക് അയക്കുവാനും അച്ഛൻ പറഞ്ഞതായി വീരമ്മ മകനെ ഉണർത്തിച്ചു. അതുകേട്ട് വീരനിൽ അഭിമാനം വളർന്നു. മുതിർന്ന ഒരാളെപ്പോലെ അവൻ പെരുമാറിത്തുടങ്ങി. ഉത്തരവാദിത്വബോധമുള്ള കുടുംബസ്ഥനെപ്പോലെ അവൻ മാറിത്തുടങ്ങി. മകന്റെ ഭാവപ്പകർച്ചയിൽ വീരമ്മ വിസ്മയംകൊണ്ടു. കൊത്തുളി വെങ്കൽപ്പൊടിയിൽ രാകിമിനുക്കാനിരുന്നപ്പോൾ മുന്നിലിരിക്കുന്നത് ശംഭു കൽക്കുടനാണോ എന്നവർ ശങ്കിച്ചു. ഉച്ചഭക്ഷണത്തിന് ഉണ്ണാനിരുന്നപ്പോഴാണ് വീരൻ അമ്മയോട് തനിക്ക് അച്ഛനെ കാണാൻ മോഹമുണ്ടെന്നും താൻ ഉടൻതന്നെ കാർക്കള ദേശത്തിലേക്ക് പുറപ്പെടുകയാണെന്നും അറിയിച്ചത്. തടസ്സവാദങ്ങൾ മുഴക്കിയ ആ അമ്മയുടെ കണ്ണീരിന് വീരന്റെ ഉറച്ച മനസ്സിനെ പിന്തിരിപ്പിക്കാനായില്ല. ഇരുത്തം വന്ന പെരിയ ശില്പിയെപ്പോലെ അവന്റെ ഭാവത്തിലും വാക്കുകളിലും ഗാംഭീര്യം നിറഞ്ഞുനിന്നു. തോൾസഞ്ചിയിൽ അവൻ പണിയായുധവും ആയുധങ്ങളും നിറച്ചു. ഭക്ഷണാവശ്യത്തിനുള്ള കായ്‌കറികൾ മുണ്ടിൽ പൊതിഞ്ഞ് ഭാണ്ഡത്തിലാക്കി. ബാല്യം കഴിഞ്ഞ് കൗമാരാവസ്ഥയിലേക്ക് നോക്കുന്ന; വീട്ടിത്തടിപോലെ കടഞ്ഞെടുത്ത അവന്റെ ദേഹത്ത് ഭാണ്ഡക്കെട്ടുകൾ ചിത്രശലഭങ്ങളെപ്പോലെ ആയാസരഹിതമായി ശയിക്കുന്നത് വീരമ്മയും സത്യമ്മയും നോക്കിനിന്നു. കിഴക്കിൽ പെരുമീനുദിക്കുന്ന നേരം അവൻ വീട്ടിൽനിന്നും ഇറങ്ങി. ദുശ്ശകുനംപോലെ അപ്പോൾ ഏഴുമല മുകളിൽ കാലൻകോഴിയുടെ മൂളൽ മലകളെ മുഴക്കി ഉയർന്നുകേട്ടു.
കാർക്കള ദേശത്തെ പിതൃപുത്ര സമാഗമം
കാടും മേടും അലഞ്ഞ് വീരൻ കാർക്കള ദേശത്തെത്തി. എതിർപ്പാനൊരുങ്ങിയ മേത്തന്മാരെ അവൻ ആയുധംകൊണ്ട് ജയിച്ചു. വഴി മുടക്കിവന്ന തസ്‌കരന്മാരെ അവൻ ശരീരംകൊണ്ട് എതിരിട്ടു. നടന്ന് കാൽ വിണ്ടുകീറിയിട്ടും വീരൻ നടത്തം തുടർന്നു. ദൂരെനിന്നും കാർക്കളേശന്റെ കൊട്ടാരത്തിന്റെ താഴികക്കുടങ്ങൾ അവൻ കണ്ടു. ആശ്വാസത്തിന്റെ പൊൻകിരണങ്ങൾ വീരനെ തേടിയെത്തി. ദീർഘദൂര യാത്രയുടെ ക്ഷീണത്താൽ കൊട്ടാരത്തിന് മുന്നിലുള്ള തെരുവിൽ അവൻ ഇരുന്നു. നേരം പുലരാനാകുന്നതേയുണ്ടായിരുന്നുള്ളു. കുതിരപ്പുറത്ത് വന്നൊരാൾ അവന്റെ അടുത്തേക്ക് ചെന്ന് എവിടെനിന്നു വരുന്നു എന്നും എന്താണ് ആഗമന ഉദ്ദേശം എന്നും ആരാഞ്ഞു. അയാളുടെ കണ്ണുകളിലെ തേജോഭാവം വീരന്റെ ഉള്ളിൽ ചലനമുണ്ടാക്കി. രാജശില്പിയായ ശംഭുക്കൽക്കുടന്റെ ഇളയമകനാണ് താനെന്നും അച്ഛനെ കാണാൻ വന്നതാണെന്നും പറഞ്ഞപ്പോൾ കുതിരപ്പുറത്തുനിന്നും അയാൾ ചാടിയിറങ്ങി അവനെ വാരിപ്പുണർന്നു. അയാളുടെ കണ്ണുകളിൽ ആനന്ദധാരയടർന്നു. ഉറച്ച ശരീരവുമായി ആജാനുബാഹുവായി തന്റെ മുന്നിൽനിൽക്കുന്നത് അച്ഛനാണെന്നറിഞ്ഞ വീരൻ ആ ശരീരത്തിലേക്ക് ഒട്ടിച്ചേർന്നുനിന്നു. പിതൃപുത്ര സമാഗമത്തിൽ, വർഷങ്ങളായി വരണ്ടുപോയ കാർക്കള ദേശത്തിന്റെ മണ്ണിൽ അന്നാദ്യമായി നിനയ്ക്കാതെ വർഷമാരി തൂകി.
ദുരന്തങ്ങൾ ഫണമുയർത്തുന്നു ബസ്തിമുറ്റത്തെ ശില്പഗോപുരത്തിൽ
മകൻ അച്ഛനെ കണ്ടെത്തിയ നിമിഷങ്ങൾക്കൊടുവിൽ പെയ്ത കുളിർമഴ തോർന്നപ്പോൾ അച്ഛൻ ചെയ്ത ശില്പങ്ങൾ കാണുവാൻ മകൻ ആഗ്രഹം പ്രകടിപ്പിച്ചു. ഭീമാകാരങ്ങളായ ആയിരത്തോളം സ്തംഭങ്ങളും നൂറ്റിരുപതോളം വലിയ പ്രതിമകളുള്ള ബസ്തി. തൊട്ടടുത്ത് മറ്റൊരു ചെറിയ ബസ്തി. അറുന്നൂറോളം ഗജവീരന്മാരുടെ പ്രതിമകൾ. വിസ്മയംപോലെ ഗോമടേശ്വര പ്രതിമ. ഒരു വാതിൽ തുറക്കുമ്പോൾ എല്ലാവാതിലും അടയും. ഒരു വാതിലടയ്ക്കുമ്പോൾ ആയിരം വാതിൽ തുറക്കും. ഏറ്റവും മികച്ചുനിന്നത് അവിടത്തെ മഹാനവമി സ്തംഭമായിരുന്നു. ഇതെല്ലാം അച്ഛൻ മകന് കാട്ടിക്കൊടുത്തു. മഹാനവമി സ്തംഭം കണ്ടപ്പോൾ ആ ശില്പത്തിൽ ചില കുറവുകളുള്ളതായി മകൻ അച്ഛന് കാട്ടിക്കൊടുത്തു. സ്തംഭമാസകലം ചന്ദനം പുരട്ടുവാൻ വീരൻ അച്ഛനോട് പറഞ്ഞു. ഒരു സ്ഥലത്തുമാത്രം തേച്ച് പിടിപ്പിച്ച ചന്ദനം ഉണങ്ങാതെ നിൽക്കുന്നത് ശംഭു കൽക്കുടന്റെ ശ്രദ്ധയിൽപ്പെട്ടു. അയാൾ സൂക്ഷിച്ചുനോക്കിയപ്പോൾ സ്തംഭത്തിൽ കൊത്തിവെച്ച തവളരൂപത്തിൽ സുഷിരങ്ങളുള്ളതായി അയാൾക്ക് ബോധ്യമായി. തന്റെ മകന്റെ അസാമാന്യ പാടവത്തിൽ അഭിമാനം കൊണ്ടപ്പോഴും അയാൾ ആകെ വിഷണ്ണനായി. രാജാവ് അറിഞ്ഞാൽ തന്നെ തുറുങ്കിലടയ്ക്കുമെന്നും കുതിരച്ചമ്മട്ടികൊണ്ട് ദേശവാസികൾക്ക് നടുവിൽവെച്ച് മർദിക്കുമെന്നും താൻ അപമാനിക്കപ്പെടുമെന്നും അയാൾ ഭയന്നു. ഈ വിവരം ആരും അറിയാതിരിക്കാൻ അവർ നന്നേ പണിപ്പെട്ടെങ്കിലും മാലോകരെല്ലാം ഈ വിവരം അറിയുകയും അവർ അച്ഛനെക്കാൾ മിടുക്കനായ മഹാശില്പിയായൊരു മകൻ വന്നിട്ടുണ്ടെന്ന് കാർക്കള രാജന്റെ സവിധത്തിലുണർത്തിച്ചു. താൻ പടർത്തുയർത്തിയ പേരും പെരുമയുമെല്ലാം തകർന്നുവീഴുന്നതായി ശംഭു കൽക്കുടന് തോന്നി. പട്ടും വളയും വീരശൃംഖലയും സമ്മാനിച്ച രാജാധികാരം തന്നെ അപമാനിക്കുന്നത് ഓർത്തപ്പോൾ അയാൾക്ക് സഹിക്കാനായില്ല. രാജകോപത്തിൽ ഭയന്നുപോയ ശംഭു കൽക്കുടൻ രാത്രിയുടെ രണ്ടാം യാമത്തിൽ മുഴക്കോലും കൊത്തുളിയുമെടുത്ത് മകൻ താമസിക്കുന്ന പ്രത്യേകം പണി കഴിപ്പിച്ച കൽക്കെട്ടിന്റെ മുറ്റത്തേക്ക് നടന്നു.
ഉളിയന്നൂർ പെരുന്തച്ചനും ശംഭു കൽക്കുട ചരിതവും
കേരളത്തിൽ കാലാകാലങ്ങളായി പ്രചരിച്ചുപോരുന്ന ഐതിഹ്യത്തിലെ; പറയിപെറ്റ പന്തിരുകുലത്തിലെ പത്താമത്തെ പുത്രൻ ഉളിയന്നൂർ പെരുന്തച്ചന്റെ കഥയെ ശംഭു കൽക്കുട ചരിതവുമായി കൂട്ടി വായിക്കാവുന്നതാണ്. ഉളിയന്നൂരിലെ രാമൻ പെരുന്തച്ചനും വീര കൽക്കുടനെപ്പോലെ ഒരു മകനുണ്ടായിരുന്നു. അച്ഛനെക്കാൾ മികച്ചവനാണെന്ന് പല പല നിർമാണത്തിലൂടെ അവൻ തെളിയിക്കുകയും തന്നെക്കാൾ മികച്ചവനാണ് തന്റെ മകനെന്ന് മാലോകർ വാഴ്‌ത്തിയപ്പോൾ അവൻ ജീവിച്ചിരുന്നാൽ തന്റെ യശ്ശസ്സിന് ഭംഗം വന്നേക്കുമെന്ന് ഭയന്ന അയാൾ ഒടുവിൽ ക്ഷേത്രനിർമാണ സന്ദർഭത്തിൽ താഴെ ഇരുന്നു ജോലി ചെയ്യുകയായിരുന്ന മകന്റെ കഴുത്തിനെ ലക്ഷ്യമാക്കി വീതുളി എറിയുകയും തന്റെ സ്വാർത്ഥതയ്ക്കു മുന്നിൽ മകനെ കൊല്ലുകയും ചെയ്യുന്നു. കാർക്കളേശന്റെ രാജശില്പിയായ ശംഭു കൽക്കുടനെ കാത്തിരുന്നതും ഇതുപോലെ ഒരു വിധി തന്നെയായിരുന്നു. തന്റെ സൃഷ്ടിയിൽ മകൻ കോട്ടങ്ങൾ കണ്ടെത്തിയപ്പോൾ അയാൾ രാജകോപത്തെ ഭയന്നു. പക്ഷേ, അയാൾ പറയിപെറ്റ പന്തിരകുലത്തിലെ പെരുന്തച്ചനെപ്പോലെ സ്വാർത്ഥനായില്ല. താൻ അപമാനിതനാകാൻ കാരണം തന്റെ പുത്രനാണെന്ന് അറിഞ്ഞിട്ടും ആ സ്വാർത്ഥതയെ അയാളിലെ പുത്രസ്‌നേഹം അലിയിച്ചുകളഞ്ഞു. മുഴക്കോലും പണിയായുധങ്ങളുമായി അയാൾ രാത്രിയുടെ രണ്ടാം യാമത്തിൽ മകൻ താമസിക്കുന്ന കെട്ടിനടുത്തെത്തി അവനെ വിളിച്ചുണർത്തി മുഴക്കോലും കൊത്തുളികളും നൽകിയിട്ട് ഇനി നീയാണ് കാർക്കളപുരത്തിന്റെ രാജശില്പിയെന്നും അച്ഛനെക്കാൾ വലിയ ശില്പിയായി ലോകത്തിൽ അറിയപ്പെടട്ടെ എന്നും പറഞ്ഞ് അവന്റെ നെറുകയിൽ കൈവെച്ചനുഗ്രഹിച്ചു. രാജാധികാരം തന്നെ അവഹേളിക്കുമെന്നും ആ അപമാനം തനിക്ക് സഹിക്കാനാവില്ലെന്നും പറഞ്ഞ് അയാൾ ആ രാത്രിയിൽ കൊത്തുളികൊണ്ട് തന്റെ ഗളച്ഛേദം ചെയ്ത് ആ കൽക്കെട്ടിന് മുന്നിൽ ജീവത്യാഗം ചെയ്തു. പെരുന്തച്ചൻ തന്റെ സ്വാർത്ഥതയ്ക്കുവേണ്ടി മകന്റെ കഴുത്ത് മുറിച്ചപ്പോൾ ഇവിടെയൊരു രാജശില്പി സ്വയംഹത്യ ചെയ്ത് മകനുവേണ്ടി വഴിമാറുന്ന അസാധാരണമായ കാഴ്ചയെ നമുക്ക് കാട്ടിത്തരുന്നു. തന്നെക്കാൾ മറ്റാരും വളരരുതെന്നും അത് മകനായാൽ പോലും സമ്മതിക്കില്ലെന്നുമുള്ള ചിന്തകളെ മറികടന്ന് പുത്രസ്‌നേഹത്താൽ അവനുവേണ്ടി സ്വന്തം ജീവൻ ബലികഴിച്ച ശംഭു കൽക്കുടനെന്ന മഹാശില്പിയുടെ ജീവചരിതം രാത്രിയുടെ പാതിയിൽ കോലക്കാർ പാട്ദെനയിൽ പാടി വരുമ്പോൾ ആ വീരചരിതത്തിൽ ഉറവ പൊട്ടുന്ന കണ്ണുനീരിന്റേയും ചോരയുടേയും ഒഴുക്ക് ഏതു ഹൃദയങ്ങളെയാണ് മുറിപ്പെടുത്താതിരിക്കുക?
ശ്രാവണബലഗോളയിലെ ബാഹുബലി പ്രതിമയും വീര കൽക്കുടനും
തുളു തെയ്യങ്ങളായ കൽക്കുടന്റേയും കല്ലുർട്ടിയുടേയും തോറ്റം പറയുന്ന തുളുഭാഷാ മുദ്രിതമായ ‘പാട്‌ദെന’യിൽ ശ്രാവണ ബലഗോളയിലെ ബാഹുബലി പ്രതിമ നിർമിച്ചത് വീര (നന്ദു) കൽക്കുടനാണെന്ന് ഐതിഹ്യമുണ്ട്. (ചാമുണ്ഡരായന്റെ കാലത്ത് അരിഷ്ടനേമി എന്ന ശില്പിയാണ് ഇത് നിർമിച്ചതെന്ന് തുളുനാടിനെക്കുറിച്ചുള്ള പഠനങ്ങളിൽ അമൃത സോമേശ്വർ പറഞ്ഞുവയ്ക്കുന്നുണ്ട്). വർഷങ്ങളോളം കാർക്കളയിലെ ബൈരഅരചന്റെ അടിമത്തൊഴിലാളികൾ വീര കൽക്കുടന്റെ നേതൃത്വത്തിൽ ഒറ്റക്കൽ സാളഗ്രാമ ശിലയിൽ ഈ ശില്പവിസ്മയം തീർത്തത്രെ. കാർക്കള ദേശത്തിന്റെ സമ്പത്തിലും ഐശ്വര്യത്തിലും കണ്ണുടക്കിയ മടിക്കേരി രാജാവ് കാർക്കളത്തെ ആക്രമിക്കുകയും സമ്പത്ത് കൊള്ളയടിക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ, എല്ലാം തകർത്ത് മുന്നേറിയ മടിക്കേരി സൈന്യത്തിനു മുന്നിൽ വീര കൽക്കുടൻ തീർത്ത കൂറ്റൻ കരിങ്കൽ ഭരണികളിൽ സ്വർണവും ദ്രവ്യവും നിറച്ച് കാർക്കള രാജാവ് കുളത്തിലൊളിപ്പിക്കുകയും ബാഹുബലി പ്രതിമ മണ്ണിൽ പൂഴ്‌ത്തിവെയ്ക്കുകയും ചെയ്തുവെന്ന് തുളുത്തെയ്യ തോറ്റംപാട്ടുകളിൽ പറയുന്നുണ്ട്. ഒന്നും ലഭിക്കാതെ മടിക്കേരി രാജാവ് യുദ്ധത്തിൽനിന്നും പിന്മാറുകയും കാർക്കള ദേശം പൂർവസ്ഥിതിയിലാവുകയും ശ്രാവണ ബലഗോളയിൽ ബാഹുബലി പ്രതിമ ഉയരുകയും കാർക്കളേശൻ അതിൽ മസ്തകാഭിഷേകം ചെയ്തു എന്നും ഐതിഹ്യമതം.
അധികാരം കൈകാലുകൾ അറുത്തെടുത്ത രാജശില്പി
കാർക്കളത്തെ ബൈരഅരചന്റെ നാട്ടിലെ ബാഹുബലി പ്രതിമയുടെ ഖ്യാതി അയൽനാട്ടുരാജ്യങ്ങളിലേക്കും വ്യാപിച്ചു. ‘അജില’ എന്ന നാട്ടുരാജാവിന് തന്റെ രാജ്യത്തും ബാഹുബലിയുടെ പ്രതിമ നിർമിക്കാൻ മോഹമുദിച്ചു. അതിനവർ രഹസ്യമായും പരസ്യമായും വീര കൽക്കുടനെ സന്ധിച്ചു. പക്ഷേ, കാർക്കള ദേശാധിപന്റെ സമ്മതമില്ലാതെ അജില ദേശത്ത് പ്രതിമ നിർമിക്കാൻ സാധ്യമല്ല എന്ന് വീര കൽക്കുടൻ അറിയിച്ചു. തന്റെ രാജ്യത്തെപ്പോലൊരു മറ്റൊരു ബാഹുബലി പ്രതിമ ലോകത്തെവിടെയും ഉണ്ടാകരുതെന്ന് കാർക്കള രാജാവിന് നിർബന്ധമുണ്ടായിരുന്നു. വീര കൽക്കുടനെ രാജകൊട്ടാരത്തിലേക്ക് കുറി അയച്ച് വരുത്തി. സ്‌നേഹബഹുമാനങ്ങൾക്കൊടുവിൽ സമ്മാനമായി വീരശൃംഖലയ്‌ക്കൊപ്പം മറ്റെന്താണ് വേണ്ടതെന്നും വീര കൽക്കുടന് സങ്കല്പിക്കാൻ പറ്റാത്തവിധത്തിലുള്ള സമ്മാനം താൻ നൽകുന്നുണ്ടെന്നും കണ്ണടച്ച് നിൽക്കാൻ രാജാവ് ആജ്ഞാപിക്കുകയും ചെയ്തു. രാജശാസന കേട്ട് കണ്ണടച്ചുനിന്ന വീര കൽക്കുടന്റെ കയ്യും കാലും രാജാവ് കൊത്തിയരിയുകയും തുറുങ്കിലടയ്ക്കുകയും ചെയ്തു. കൊട്ടാരമുറ്റം രക്തത്തിൽ മുങ്ങി. രാജാധികാരത്തെ എതിർക്കാൻ ജനങ്ങൾക്ക് ധൈര്യമുണ്ടായില്ല. കയ്യും കാലും അരിയപ്പെട്ട രാജശില്പിയുടെ കൊടിയ വേദനയിൽ പിറന്ന നിലവിളി ജയിലറയിലെ കൊട്ടക്കൊത്തളങ്ങളെ ഭേദിച്ച് വായുവിലേക്ക് പടർന്നു.
സ്വപ്നദർശനം-സഹോദരാന്വേഷണത്തിനിറങ്ങിയ പെൺശക്തിഗർജനം
സഹോദരൻ കാർക്കള ദേശത്ത് പോയപ്പോൾ സത്യമ്മ ഒറ്റയ്ക്കായി. വിദ്യാഭ്യാസത്തിലും വീട്ടുജോലികളിലും അവൾക്ക് ഒട്ടും താല്പര്യമില്ലാതായി. വീരമ്മ അവളെ ശകാരിച്ചില്ല. ഇരട്ടക്കുട്ടികളായതുകൊണ്ട് തന്നെ ജൈവികമായ ഒരു ബന്ധം ഇരുവരിലും ഉണ്ടായിരുന്നു. അവളെപ്പോഴും ഏട്ടനെക്കുറിച്ച് ഓർത്തുനിന്നു. വെള്ളിയാഴ്ചയൊന്നിൽ പുലർകാല നേരത്ത് അവൾ കയ്യും കാലും കൊത്തിയരിയപ്പെട്ട ഏട്ടനെ സ്വപ്നം കണ്ടു. ഞെട്ടിയുണർന്ന അവൾ വീരമ്മയോട് ഒന്നും പറഞ്ഞില്ല. പിന്നീട് ഒരു ദിനം ഏട്ടനെന്തോ ആപത്ത് സംഭവിച്ചിട്ടുണ്ടെന്നും താനുടനെ കാർക്കള ദേശത്തേക്ക് പുറപ്പെടുകയാണെന്നും വീരമ്മയെ അറിയിച്ചു. വയസ്സറിയിച്ചൊരു പെണ്ണ് ഒറ്റയ്ക്ക് ദേശസഞ്ചാരത്തിനിറങ്ങുന്നത് വീരമ്മ തടഞ്ഞു. പക്ഷേ, തന്റെ മാനം താൻ നോക്കിക്കോളാം എന്നും അമ്മ ഒന്നുകൊണ്ടും പേടിക്കേണ്ട എന്നും നിശ്ചയദാർഢ്യത്തോടെ പറഞ്ഞപ്പോൾ ആർക്കും തടുക്കാനാവാത്തൊരു ശക്തിയൂർജത്തെ കണ്ട് വീരമ്മ ഭയന്നു. കെല്ലാത്ത മർനാട് ചന്തയിൽനിന്നും അവൾ ആവശ്യത്തിന് തുണികളും ആഹാരം പാകം ചെയ്യാനുള്ള പാത്രങ്ങളും കായ്‌കറികളും വാങ്ങി. എല്ലാം വലിയൊരു ഭാണ്ഡത്തിലാക്കി തോൾസഞ്ചിയിൽ ചുരികയും എടുത്തുവെച്ച് അവൾ മറ്റൊരു പുലർച്ചെയിൽ ഏട്ടനെത്തേടി കാർക്കള ദേശത്തേക്ക് പുറപ്പെട്ടു.
കെല്ലാത്ത മർനാട് ദേശത്തിൽനിന്നും സത്യമ്മ യാത്ര പറഞ്ഞിറങ്ങി. ദേശമാകെ മൂകമാകുന്ന പ്രതീതി അവിടെയുണ്ടായി. പക്ഷികൾ മരക്കൊമ്പുകളിൽ നിശ്ശബ്ദരായി. ഇലപോലും ചലിപ്പിക്കാതെ മരങ്ങൾ കണ്ണീർപൂക്കളെ ഭൂമിയിലേക്ക് കൊഴിച്ചിട്ടു. മാനും മയിലും മറ്റ് കാട്ടുമൃഗങ്ങളുമെല്ലാം അവളെ നിർന്നിമേഷരായി നോക്കിനിന്നു. ആ ദേശം തനിക്ക് എന്നേക്കുമായി അന്യമാകുന്നതുപോലെ സത്യമ്മയ്ക്ക് തോന്നി. അവൾ ഒരോ പുൽക്കൊടിയോടും യാത്ര ചോദിച്ചു. വീരമ്മ കണ്ണുനീർ വാർത്തു. ഗ്രാമവാസികളെല്ലാം പ്രായപൂർത്തിയായൊരു പെണ്ണ് ഒറ്റയ്ക്ക് യാത്രപോകുന്നതിലെ ആശങ്ക പങ്കുവെച്ചു. കല്ല്യാണപ്പെണ്ണിനെപ്പോലെയാണ് അവളന്ന് അണിഞ്ഞൊരുങ്ങിയത്. ആരേയും വശീകരിക്കുന്ന സർപ്പസൗന്ദര്യമായിരുന്നു അവൾക്ക്. ചന്തയിൽനിന്നും വാങ്ങിയ ചുവന്ന ‘ഉടുഗെ’ (പട്ടുസാരി) ഉടുത്ത് വാലിട്ട് കണ്ണെഴുതി നീണ്ട് ഇടതൂർന്ന മുടി ഇരുവശത്തേക്കും മെടഞ്ഞിട്ട് അതിൽ മുല്ലയും അമ്പിളിപ്പൂവും ചൂടി അപ്‌സര കന്യകയെപ്പോലെ അവൾ നാടുകൾ താണ്ടി. ഏറെ നടന്നതിന് ശേഷം പുത്തൂർ ചന്തയിലെത്തി. അവളുടെ പെൺവീര്യത്തെ അടയാളപ്പെടുത്താൻ ഒരു ചരിത്രം അവിടെ കാത്തു കിടപ്പുണ്ടായിരുന്നു.
നാദാപുരത്തങ്ങാടിയിലെ ഉണ്ണിയാർച്ച ചരിതവും
പുത്തൂരത്തങ്ങാടിയിലെ കല്ലുർട്ടി വീര്യവും
ചരിത്രത്തിലും ഐതിഹ്യങ്ങളിലും സമാനതകൾ സജീവമാണല്ലോ. അത് നാരീശക്തിയുടെ വിളയാട്ട് ഭൂമിക കൂടിയാകുമ്പോൾ ഏറെ കൗതുകകരവും. ആണധികാരങ്ങളോട് കലഹിക്കുന്ന പെൺവീര്യങ്ങളെ ചരിത്രത്തിന്റെ ഏടുകളിൽ ചിലയിടങ്ങളിൽ നമുക്ക് സന്ധിക്കാവുന്നതാണ്. പുത്തൂരംപുത്രിയായ ഉണ്ണിയാർച്ചയുടെ ചരിത്രം നമ്മുടെ മുന്നിലേക്ക് കൊണ്ടുവന്ന് നിർത്തുന്നതും അത്തരമൊരു ചരിത്രസാധ്യതകൾ തന്നെയാണ്. പെണ്ണെന്നും ആണധികാരത്തിന്റേയും മേൽക്കോയ്മയുടേയും കീഴിൽ പതിഞ്ഞുപോകേണ്ട ഒന്നാണെന്നും ആണിന്റെ ഭോഗതൃഷ്ണയുടെ പൂരണോപകരണം മാത്രമാണെന്നുമുള്ള സങ്കല്പങ്ങളെ തച്ചുടയ്ക്കുന്ന അപൂർവം ജീവിതോപാഖ്യാനങ്ങൾ. ഐതിഹ്യങ്ങളിൽ അംബയും സീതയും ദ്രൗപതിയും ഗാന്ധാരിയുമൊക്കെ അത്തരമൊരു തീനാളത്തെ വഹിക്കുന്നവരാണ്. ഝാൻസിറാണിയെ പോലെയുള്ളവർ ചരിത്രത്തിന്റെ പടവുകൾ കയറി നിൽക്കുന്നുണ്ട്. നാദാപുരത്തങ്ങാടിയിൽ ഭർത്താവായ കുഞ്ഞിരാമനെ കാഴ്ചക്കാരനാക്കി ജോനകർക്കെതിരെ ഉറുമി ആഞ്ഞുവീശിയ ഉണ്ണിയാർച്ചയുടെ പോർവീര്യത്തെ നമുക്ക് സത്യമ്മ എന്ന കല്ലുർട്ടിയുടെ ജീവിതത്തിലും കാണാനാവും. ചരിത്രത്തിന്റെ സമാനതകൾ ഇല്ലാത്ത തനിയാവർത്തനം. നാദാപുരത്തങ്ങാടിയിലെ ജോനകർ ഉണ്ണിയാർച്ചയെന്ന പെണ്ണിനെ മോഹിച്ചു. അവർക്കവൾ ഒരു പെൺശരീരം മാത്രമായിരുന്നു. പോർവീര്യത്തിന്റേയും പെണ്ണഭിമാനത്തിന്റേയും വജ്രഖഡ്ഗങ്ങൾ അവളുടെ ഉള്ളിലെരിയുന്നത് അവരറിഞ്ഞില്ല. വീശിയ ഓരോ ഉറുമിത്തലപ്പിലും ആണഹന്തയുടെ തലയറ്റു. കല്ലുർട്ടി ചരിതത്തിലും ഇതുപോലെയൊരു സന്ദർഭം കാണാനാകും. പുത്തൂരത്തങ്ങാടിയിൽ പുളച്ചുനിന്ന മാപ്പിള ചെക്കന്മാർ അവളുടെ പുറകെ കൂടി. “എന്റെ പെണ്ണ്...എന്റെ പെണ്ണ്” എന്ന് പറഞ്ഞ് അവർ പരസ്പരം കലഹിച്ചു. ചിലർ അവളെ അപമാനിക്കാൻ ശ്രമിച്ചു. ശാന്തരൂപിയായിരുന്ന സർപ്പസുന്ദരി പെട്ടെന്ന് ഉഗ്രരൂപം പൂണ്ട് ചുരിക ആഞ്ഞുവീശി. പല ജോനക ചെക്കന്മാരുടേയും കൈകാലുകൾ അറ്റു. മരണഭയത്താൽ പേടിച്ചോടിയ അവർ അവളെ പോകാനനുവദിച്ചു. ജോനകരേയും തോൽപ്പിച്ച് പുത്തൂർ ചന്തയും ഉപ്പിനങ്ങാടിയും കടന്ന് ‘ഉബ്ബർ’ നാടും കടന്ന് കാർക്കളയിലെത്തി. അവിടെ എത്തിയപ്പോൾ പടയാളികൾ അവളെ പിടിച്ച് രാജസന്നിധിയിലെത്തിച്ചു. കാർക്കളത്തിലെ രാജശില്പിയായ ശംഭുകൽക്കുടന്റെ മകളാണെന്ന് താനെന്നും തന്റെ സഹോദരനായ വീരകൽക്കുടൻ ഇവിടേക്ക് മുന്നേ പോന്നിട്ടുണ്ടെന്നും തനിക്ക് ഏട്ടനെ കാണണമെന്നും പറഞ്ഞപ്പോൾ കാണിച്ചുകൊടുക്കാൻ പടയാളികളോട് കല്പിച്ച് കാർക്കളയരചൻ അന്തപ്പുരത്തിലേക്ക് മടങ്ങി.
നെഞ്ച് പിളർന്നുപോയ പെൺനിലവിളി
കാർക്കള ദേശത്തെ ജയിലറയിലേക്ക് പടയാളികൾ സത്യമ്മയെ കൊണ്ടുപോയി. തന്റെ സഹോദരൻ എവിടെ എന്ന് അവൾ ചോദിച്ചപ്പോൾ അന്ധകാരം നിറഞ്ഞ കൽത്തുറുങ്ക് ചൂണ്ടിക്കാട്ടി ‘നന്നായി കണ്ടുകൊൾക’ എന്ന് അവർ പരിഹസിച്ചു. ദേഹമാസകലം മുറിഞ്ഞ് ചോരയൊഴുകി കയ്യും കാലും കൊത്തിയരിയപ്പെട്ട് ഇഴയുന്ന സഹോദരനെ കണ്ട് അവൾ സ്തംഭിച്ചു നിന്നു. ആരാണ് ഇത് ചെയ്തത് എന്ന് ചോദിച്ചപ്പോൾ കാർക്കളരചനാണ് ഇങ്ങനെ ചെയ്തതെന്നും ശ്രാവണബലഗോളയിലുള്ള ബാഹുബലി പ്രതിമ നിർമിച്ചതിനുള്ള സമ്മാനമാണ് ഇതെന്നും വീരകൽക്കുടൻ പറഞ്ഞു. പതിയെ ഉഗ്രരൂപം കൈവെടിഞ്ഞ സത്യമ്മ അവിടെ ധ്യാനത്തിലിരിക്കുകയും നമുക്ക് കാർക്കളരചനോട് പകരം ചോദിക്കണമെന്നും അതിന് മനുഷ്യരൂപം വെടിഞ്ഞ് ദേവക്കരുവാകണമെന്നും പറഞ്ഞു. വീരകൽക്കുടനെ അവൾ ഇലപോലെ ചുമലിലേറ്റി. കൽത്തുറുങ്കിന്റെ വാതിലുകൾ മലർക്കെ തുറക്കപ്പെട്ടു. പടയാളികളെല്ലാം മോഹാലസ്യപ്പെട്ടു കിടന്നു. സഹോദരനേയും തോളിലെടുത്ത് വടക്ക് മഹാദേവ ക്ഷേത്രത്തിൽ ചെന്ന് പ്രാർത്ഥിക്കുകയും അവിടത്തെ കിണറാഴത്തിലേക്ക് അവർ രണ്ടുപേരും ഒരുപോലെ പതിക്കുകയും മായകം പ്രാപിക്കുകയും ആ കിണർ ജലത്തിൽനിന്നും രണ്ട് തേജോരൂപങ്ങൾ പൊടിച്ചുണ്ടാവുകയും വായുവിൽ ഉയരുകയും ചെയ്തു. ആ രണ്ടു തേജോരൂപങ്ങളും ആദ്യം ചെന്നത് നാഗലോകത്തിലേക്കായിരുന്നു. നാഗകന്യകയേയും നാഗരാജാവിനേയും കണ്ട് അവതാരോദ്ദേശ്യം വ്യക്തമാക്കുകയും നാഗപ്രീതി വരുത്തി ശക്തിയുടെ നാഗച്ചൂരൽ സ്വന്തമാക്കുകയും ചെയ്തു. അതുകൊണ്ടും മതിവരില്ല എന്ന് കരുതിക്കൊണ്ട് അവർ ഭൂമിയിലേക്ക് തിരിച്ചെത്തി തിരുമലയിൽ ചെന്ന് തിമ്മപ്പ ദേവനെ പ്രാർത്ഥിക്കുകയും പ്രതികാര നിർവഹണത്തിനുവേണ്ട ശക്തിക്കുവേണ്ടി തപം ചെയ്യുകയും ചെയ്തു. സങ്കടഹാരിയായ ബാലാജിദേവൻ അവർക്ക് ശക്തിമന്ത്രം ഓതിക്കൊടുക്കുകയും ശേഷം കാർക്കള ദേശത്തേക്ക് തിരിച്ച ആ ദൈവക്കരുക്കൾ കൊല്ലൂരിൽ ചെന്ന് മൂകാംബികയെ ഭജിക്കുകയും അനുഗ്രഹം വാങ്ങി കാർക്കളേശന്റെ പുരിയിലേക്ക് പ്രതികാരദാഹികളായി പാഞ്ഞടുക്കുകയും ചെയ്തു.
ഒറ്റച്ചിലമ്പണിഞ്ഞ് അഗ്നിരൂപംപൂണ്ട ദൈവകന്യാക്കൾ
ഒറ്റച്ചിലമ്പുമായി മുല പറിച്ചെറിഞ്ഞ് ജ്വലിക്കുന്ന സ്ത്രീരൂപം മധുരാപുരിയിലെ രാജധാനിയിലേക്ക് പാഞ്ഞടുത്തു. പഴന്തമിഴ് ഇതിഹാസകാവ്യമായ ചിലപ്പതികാരത്തിൽ ഭർതൃവധത്തിന്റെ പക പാണ്ഡ്യരാജാവിന്റെ മഹാനഗരം ചുട്ടെരിക്കാൻ ഒറ്റച്ചിലമ്പുമായി അഗ്നിച്ചിറകിലേറി കാവേരിപ്പൂമ്പട്ടണത്തിൽനിന്നും കൊടുങ്കാറ്റ്പോലെ പറന്നെത്തുന്ന ദൈവകന്യാവ്. കോവലനെത്തേടി പാഞ്ഞുവന്ന ആ കാളീരൂപം മധുരാപുരിയും കൊട്ടാരവുമെല്ലാം ചാരമാക്കി. രാജാധികാരത്തിന്റെ അഹന്തയ്ക്കു മുകളിൽ സ്ത്രീശക്തിയുടെ വജ്രതാളം മുഴങ്ങി. അധഃകൃതവർഗത്തിന്റെ തീ നോട്ടങ്ങൾക്കു മുന്നിൽ മധുരാപുരിയിലെ സകലതും ഒരു പെണ്ണലർച്ചയിൽ നടുങ്ങി വിറച്ചു. അധികാരശക്തിയുടെ ആക്രമണങ്ങളെ സ്ത്രീശക്തിയുടെ പ്രചണ്ഡഭാവത്താൽ ഭസ്മമാക്കിയ മറ്റൊരു കാളീരൂപം കണ്ണുകളിൽനിന്നുതിർന്ന ദുഃഖം ഘനീഭവിച്ച് ക്രോധത്തിന്റെ അഗ്നിസ്‌ഫുലിംഗങ്ങൾ പടർത്തി കാർക്കളപുരത്തേയും അരമനയേയും ചുട്ടുചാമ്പലാക്കി. വീരകൽക്കുടന്റെ ആത്മാവ് നഗരത്തിൽ തീനാളമായി പടർന്നപ്പോൾ കല്ലുർട്ടി വലിയ മലകളേയും പാറക്കെട്ടുകളേയും കശക്കിയെറിഞ്ഞു. കാർക്കള നഗരം കത്തിയെരിഞ്ഞു തകർന്നുവീണു. രാജഗൃഹങ്ങൾ അഗ്നിക്കിരയായി. അന്തപ്പുരവാസികളെല്ലാം തീയിൽ പെട്ടു. പേടിച്ചുപോയ കാർക്കയരചൻ കൊട്ടാരം ജ്യോത്സ്യനേയും മന്ത്രിവാദികളേയും വരുത്തി. പ്രതികാരദാഹികളായ രണ്ട് സഹോദരങ്ങളുടെ ആത്മാക്കളാണ് ഇതിനു കാരണമെന്ന് ദൈവജ്ഞൻ കവടി നിരത്തി ഗണിച്ചു പറഞ്ഞു. മന്ത്രവാദികളിൽ ഏറെ പ്രതാപിയായിരുന്ന ഉബ്ബർ ഒയിലർ കൊട്ടാരത്തിലെത്തി. പക്ഷേ, അയാൾക്കും ഈ ശക്തികളെ ബന്ധിക്കാനായില്ല. ഒടുവിൽ കാർക്കളേശൻ മാപ്പ് പറഞ്ഞ് കൊടിയിലയും സ്ഥാനപ്പെടാൻ സ്ഥലവും കൊടുത്ത് തന്റെ ആരാധനാമൂർത്തികളാക്കുകയും കോപമടങ്ങിയ മന്ത്രമൂർത്തികൾ പണോലി ബൈൽ, അറുവ ചാവിടി, കടബു (വിട്ട്‌ല) തുടങ്ങിയ നാടുകളിൽ സ്ഥാനപ്പെടുകയും തൗളവ ദേശത്തെ ഒട്ടനവധി തുളുതറവാടുകളുടെ കന്നിരാശിയിൽ ഒരു നാളികേരത്തിനും ഒരു കൊടിയിലയ്ക്കും ശേഷപ്പെട്ട് സ്ഥാനപ്പെടുകയും ചെയ്തു. തുളു ദേശത്തിലെ പല ദിക്കുകളിലും കർക്കിടകമാസം മുതൽ കല്ലുർട്ടിക്കും കൽക്കുടനും വേണ്ടി ഡോളും നാദസ്വരവും മുഴങ്ങും. മുഖത്തെഴുതി വെള്ളിക്കിരീടം ചാർത്തി വെള്ളോട്ട് ചിലമ്പണിഞ്ഞ് കുടുമ അഴിച്ചിട്ട കോലക്കാർ ആ പ്രതികാരദാഹത്തെ പ്രതീകവൽക്കരിച്ച് അരങ്ങിൽ നിറഞ്ഞാടും. അധികാരവും സവർണതയും കൊത്തിയരിയപ്പെട്ട കീഴാള ജനതയുടെ പ്രതികാരദാഹം മലയാള ദേശത്തിലെ തെയ്യങ്ങളിലെന്നപോലെതന്നെ തുളുനാട്ടിലെ തെയ്യങ്ങളിലുമുണ്ട്. ദേശം മാറിയാലും കീഴാള വിരുദ്ധത തന്നെയാണല്ലോ ലോകത്തെവിടെയും എന്നും സവർണതയെ ഭരിച്ചിരുന്നത്. അതിന് രണാങ്കണങ്ങളിലും രാജാങ്കണങ്ങളിലും ഉതിർന്നുവീണ ഒരുപാട് അവർണ നിലങ്ങളുടെ ജീവരക്തം സാക്ഷി. ചരിത്രത്തിന്റേയും ഇതിഹാസങ്ങളുടേയും താളുകളിൽ ശിലാശാസനങ്ങളായും നാരായ മുനകളിലൂടെയും പാണന്മാരുടെ ചുണ്ടുകളിലൂടെയും ഒരിക്കലും മായാതെ കൊത്തിവച്ചിട്ടുണ്ട് ഇത്തരം വീരേതിഹാസങ്ങളുടെ രക്തഹാരങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates