ശ്രീനിവാസന്‍: സാമൂഹ്യ പ്രതിബദ്ധതയുടെ വിശ്വരൂപം
മലയാള സിനിമയുടെ ജനപ്രിയ മുഖമായ ശ്രീനിവാസന്‍ വിടപറയുമ്പോള്‍ എനിക്കുമുണ്ട് കുറേ കഥകള്‍ പറയാന്‍. മേലുകാവും പരിസരവുമായിരുന്നു എന്റെ ‘പറുദീസ’ എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ഷൂട്ടിങ്ങിനിടയില്‍ എന്നെ ഏറെ വിസ്മയിപ്പിച്ചത്. ഒരുപക്ഷേ, ഞാന്‍ കൗതുകത്തോടെ നോക്കിനിന്നതും ശ്രീനിച്ചേട്ടനും ജഗതിച്ചേട്ടനും തമ്മിലുള്ള സംഭാഷണങ്ങളും സംവാദങ്ങളുമാണ്. ഒരാള്‍ ചിരിയുടെ മാലപ്പടക്കവുമായി സദാ പ്രേക്ഷകരെ ചിരിപ്പിക്കുന്ന ജനപ്രിയ മുഖം. മറ്റൊരാള്‍ ചിരിയോടൊപ്പം ചിന്തയും പകര്‍ന്നുനല്‍കുന്ന ജനപ്രിയ മുഖം. ഇവര്‍ തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ എടുക്കുമ്പോള്‍ ഒരുതരത്തില്‍ ഞാന്‍ ആസ്വദിച്ചു ഷൂട്ടു ചെയ്യുകയായിരുന്നു. 10 ദിവസത്തെ ഡേറ്റുമായി വന്ന ജഗതിച്ചേട്ടന്‍ 15 ദിവസം അഭിനയിച്ചു മടങ്ങി. ജഗതിച്ചേട്ടന്‍ ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്തിനു കൊടുക്കുന്ന ആദരവും സ്നേഹവും ഞാന്‍ അന്ന് കണ്ടറിഞ്ഞു. ഒരു സന്ദര്‍ഭത്തില്‍ ജഗതിച്ചേട്ടന്‍ ഡയലോഗ് പറയുമ്പോള്‍ അടുത്തുനിന്ന ശ്രീനിച്ചേട്ടനോടു പറഞ്ഞു: “ഇത് ഒരു താത്വിക വിഷയമാണ്. ശ്രീനി ഒന്ന് കൈ വയ്ക്കൂ. പള്ളിയും ബിഷപ്പുമൊക്കെയാണ്. കൈപൊള്ളും. സൂക്ഷിക്കണം.”
ശ്രീനിവാസന്റെ സ്വതസിദ്ധമായ ചിരിയോടെയുള്ള മറുപടി എല്ലാവരേയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. “ശരിയാണ്. ഞാന്‍ കൈവെയ്ക്കണമോ നാട്ടുകാര്‍ കൈവെയ്ക്കണമോ എന്നത് ഡയറക്ടര്‍ തീരുമാനിക്കട്ടെ.”
‘പറുദീസ’യുടെ ഷൂട്ടിങ്ങുപോലെ ഒരു സിനിമയും ഞാന്‍ റിലാക്സ് ചെയ്ത് ആസ്വദിച്ചു ചിത്രീകരിച്ചിട്ടില്ല. മേലുകാവ് പള്ളിയുടെ അന്നത്തെ വികാരിയച്ചന്‍ ഫാദര്‍ ബിജു ശ്രീനിയേട്ടനോട് ചോദിച്ചു: “എന്താണ് ഈ സിനിമയില്‍ ബിഷപ്പ് എന്ന കഥാപാത്രം ചെയ്യാമെന്ന് തീരുമാനിച്ചത്.” ചിരിയുടെ അകമ്പടിയോടെയുള്ള മറുപടി കേട്ട് ഞാനും നിര്‍മാതാവായ തമ്പി ആന്റണിയും കൂടെ ചിരിച്ചു.
തമ്പി കുറെ സിനിമകള്‍ ചെയ്തു. ഒന്നിലും മുടക്കിയ പണം തിരിച്ചുകിട്ടിയില്ല. ഇതിലെങ്കിലും ദൈവകൃപയാല്‍ മുടക്കിയ പണം തിരിച്ചുകിട്ടുന്നത് കാണാനൊരു ആഗ്രഹം. പിന്നെ ശരത്തിനെക്കൊണ്ടൊരു തിയേറ്ററില്‍ ഓടുന്ന സിനിമ ചെയ്യിക്കണമെന്നൊരു വാശിയും.” ഈയിടെ ബിജു അച്ചന്‍ അടിമാലിയില്‍നിന്നു വിളിച്ചപ്പോള്‍ ദൈവകൃപയാല്‍ രണ്ടും സാദ്ധ്യമായ കാര്യം ശ്രീനിയേട്ടന്‍ വിളിച്ചുപറഞ്ഞ കാര്യം ചിരിയോടുകൂടി ഓര്‍മിപ്പിക്കുകയും ചെയ്തു. ഇങ്ങനെ എല്ലാത്തിനും ശ്രീനിയേട്ടന്റേതായ ഒരു പദ്ധതിയുണ്ട്. ചിരിക്കുള്ളില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഒരു ചിന്ത. ചിരിയും ചിന്തയും ചേര്‍ന്നുള്ള ഒരു യാത്രയാണ് ശ്രീനിയേട്ടനെന്നും സിനിമ. ‘പറുദീസ’യുടെ സെറ്റില്‍ തിരക്കഥയും വേണ്ടത്ര മിനുക്കുപണികള്‍ അദ്ദേഹം സ്വയം ഏറ്റെടുത്തു ചെയ്തുതന്നു. നിമിഷനേരംകൊണ്ട് ചില ഡയലോഗുകള്‍ അദ്ദേഹം തിരുത്തുന്നത് ഞാന്‍ അദ്ഭുതത്തോടെ നോക്കിക്കണ്ടു. ശ്രീനിയേട്ടനിലെ തിരക്കഥാകൃത്തിനെയാണ് എനിക്കേറെ ഇഷ്ടമെന്ന് ഒരിക്കല്‍ പറഞ്ഞപ്പോള്‍ അഭിനേതാവിനെയാണ് എനിക്കിഷ്ടമെന്ന് ഉടന്‍ മറുപടി വന്നു. ശ്രീനിവാസന്‍ സിനിമയില്‍ വരേണ്ട ആളല്ല, കുഞ്ചന്‍ നമ്പ്യാരെപ്പോലെ തുള്ളി നടക്കേണ്ട ആളാണ്. അല്ലെങ്കില്‍ വി.കെ.എന്നിനെപ്പോലെ വീട്ടിലിരുന്ന് ചിരിപ്പിക്കേണ്ട ആളാണ്. “താങ്കള്‍ക്കും ഒരു പരിധിയുണ്ടല്ലോ ജഗതി. അപ്പോള്‍ അഭിനയത്തിലെ വിടവ് ആരു നികത്തുമെന്ന” മറുപടി ചിരിയില്‍ മുങ്ങിപ്പോയി. ശരിയാണ് ചിരിയും ചിന്തയുമായി ഇങ്ങനെ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന മറ്റൊരാള്‍ ഇല്ലെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തിയ നടന്‍കൂടിയാണ് ശ്രീനിയേട്ടന്‍. തിരക്കഥയില്‍ എം.ടിയും പദ്മരാജനും ലോഹിതദാസും നടന്ന വഴികളിലൂടെയല്ല ശ്രീനിയേട്ടന്‍ സഞ്ചരിച്ചത്. സാമൂഹ്യവിമര്‍ശനമെന്ന ദൗത്യം ഏറ്റെടുത്ത് മലയാളിയെ സ്വയം വിമര്‍ശനത്തിനു പ്രേരിപ്പിച്ച സാമൂഹ്യ പ്രതിബദ്ധതയുടെ വിശ്വരൂപമാണ് ശ്രീനിവാസന്‍ എന്ന സിനിമാക്കാരന്‍.
ശ്രീനിവാസന്റെ കഥാപാത്രങ്ങളെക്കുറിച്ചും തിരക്കഥയിലെ മേന്മയെക്കുറിച്ചും അറിയാത്ത മലയാളികളില്ല. അതുകൊണ്ട് ഇത്തരമൊരു അവലോകനത്തിന് പോകേണ്ടതുമില്ല. സോഷ്യല്‍ മീഡിയ സിനിമാപ്രേമികള്‍ ഏറ്റവും കൂടുതല്‍ തിരയുന്ന സംഭാഷണങ്ങളും ശ്രീനിവാസന്റേതാണ്. ശ്രീനിവാസനെ ഇഷ്ടപ്പെടാത്ത ഒരാളെ ഞാനിതുവരെ കണ്ടുമുട്ടിയിട്ടില്ല. ജനമനസ്സില്‍ ഒരുവശത്തു ജഗതിയും മറുവശത്ത് ശ്രീനിവാസനും നില്‍ക്കുന്ന ഒരു സമയമുണ്ടായിരുന്നു. ഒരാളുടെ അഭിനയവും നര്‍മവും നാം ചിരിച്ചു തള്ളുമ്പോള്‍ മറ്റൊരാളുടെ തമാശകള്‍ ചിന്തയിലേയ്ക്കുകൂടി നമ്മെ തള്ളിവിടും. ‘പറുദീസ’യുടെ ഷൂട്ടിങ്ങ് കഴിഞ്ഞ് ജഗതിച്ചേട്ടന് അപകടം സംഭവിക്കുകയും അഭിനയ രംഗത്തുനിന്ന് മാറിനില്‍ക്കേണ്ടിവരികയും ചെയ്ത അവസരത്തില്‍ ഞാന്‍ പലപ്പോഴും ഇവര്‍ ഇരുവരും വ്യത്യസ്തമായ രീതിയില്‍ സിനിമയെ സമീപിച്ചതിനെക്കുറിച്ച് ചിന്തിക്കാറുണ്ട്.
ശ്രീനിവാസന്‍ എന്ന സിനിമാക്കാരന്‍ സിനിമയുടെ സമസ്ത മേഖലകളെക്കുറിച്ചും ചിന്തിക്കാറുണ്ട്. തിരക്കഥ, അഭിനയം, സംവിധാനം, നിര്‍മാണം തിയേറ്ററില്‍ എത്തുമ്പോഴുള്ള പ്രേക്ഷകരുടെ പ്രതികരണം. ഈ ഒരു സിനിമ എന്ന മീഡിയയോടുള്ള ആത്മാര്‍ത്ഥതയായിരിക്കണം ശ്രീനിവാസനെ വ്യത്യസ്തനാക്കുന്നത്. കമ്മിറ്റ്മെന്റ് സിനിമയോട് മാത്രമാണ്. ഒരു സിനിമയ്ക്ക് ഒരു നല്ല തിരക്കഥ വേണം. അതിനു യോജിച്ച അഭിനേതാക്കള്‍ വേണം. പണം മുടക്കിയ നിര്‍മാതാവിനു പണം തിരിച്ചുകിട്ടണം. പ്രേക്ഷകര്‍ക്ക് താല്പര്യമുള്ള വിഷയമായിരിക്കണം. നല്ല സിനിമകള്‍ ഉണ്ടാവണം എന്നു മാത്രമല്ല, മോശം സിനിമകള്‍ ഉണ്ടാവരുതെന്ന വാശിയും ശ്രീനിവാസനെന്ന സിനിമാക്കാരനുണ്ടായിരുന്നു.
ഒരിക്കല്‍ അമേരിക്കയിലുള്ള ഒരു സുഹൃത്തിന്റെ ആവശ്യപ്രകാരം ഞാന്‍ ഒരു പൊങ്ങച്ചക്കാരനൊപ്പം ശ്രീനിച്ചേട്ടനെ കാണാന്‍ പോയി. അയാളുടെ കയ്യില്‍ ഒരു കഥയുണ്ട്, പണമുണ്ട്. സംവിധാനം ചെയ്യണമെന്ന മോഹമുണ്ട്. ശ്രീനിവാസനെ അഭിനയിക്കാന്‍ കിട്ടണം. അല്ലെങ്കില്‍ തിരക്കഥ എഴുതാന്‍ കിട്ടണം. അദ്ദേഹത്തെ മുന്നിലിരുത്തി. ഞാന്‍ ചിരിക്കാന്‍ തയ്യാറെടുത്തു മാറി ഇരുന്നു. ശ്രീനിയേട്ടന്‍ ഒന്നിനും വഴങ്ങിയില്ല. ഇങ്ങനെയൊരു സിനിമയുടെ ആവശ്യമില്ല എന്ന മറുപടിയില്‍ അയാള്‍ പ്രകോപിതനായി ഉടന്‍ തന്നെ ഒരു സിനിമയെടുത്ത് എങ്ങുമെത്താതെ ഒരു സംവിധായകനായി സായൂജ്യമടഞ്ഞു. ഇത്തരത്തിലുള്ള സിനിമകള്‍ ചെയ്യാതിരിക്കുന്നത് സിനിമയില്‍ നാം ചെയ്യുന്ന രക്ഷാപ്രവര്‍ത്തനമാണെന്ന് ഈയിടെ ഫോണില്‍ പറഞ്ഞ് ചിരിക്കുമ്പോള്‍ അതിലുള്ള സാമൂഹ്യവിമര്‍ശനം എത്ര വലുതാണ്.
പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന കഥ, ഇഷ്ടപ്പെടുന്ന സിറ്റുവേഷന്‍, തമാശ ഇതൊക്കെ തിരിച്ചറിയാനുള്ള ഒരു യുക്തിയും നര്‍മബോധവും ശ്രീനിയേട്ടനുണ്ടായിരുന്നു.
എല്ലാത്തിലും ഇതുപോലെ നര്‍മം കലര്‍ത്തുന്ന മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. ചലച്ചിത്ര അക്കാദമി രൂപീകരിച്ചപ്പോള്‍ ആദ്യ ജനറല്‍ കൗണ്‍സിലില്‍ ശ്രീനിവാസന്‍ അംഗമായിരുന്നു. കലാകൗമുദിയില്‍ ജോലിചെയ്ത കാലത്ത് അടുത്ത സുഹൃത്തായ പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്റഫുമായി ശ്രീനിവാസനെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോയ പരിചയം മാത്രമാണ് ഉണ്ടായിരുന്നത്. ഒരു ദിവസം രാത്രി 10 മണിയോടെ ശ്രീനിയേട്ടന്റെ ഒരു ഫോണ്‍ കോള്‍. ചലച്ചിത്ര അക്കാദമിയുടെ ഒരു ജനറല്‍ കൗണ്‍സിലുണ്ട്. താങ്കള്‍ ഇപ്പോള്‍ സെക്രട്ടറിയേറ്റിനുള്ളില്‍ ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥനാണല്ലോ. ട്രാവലിങ്ങ് അലവന്‍സിനെക്കുറിച്ച്, സിറ്റിങ്ങ് ഫീയെക്കുറിച്ച് കുറെ സംശയങ്ങള്‍ ദുരീകരിക്കുന്നതിനുവേണ്ടിയാണ്. കൊച്ചിയില്‍നിന്നു ടാക്സിയില്‍ വന്നാല്‍ ആ പണം കിട്ടുമോ. കയ്യില്‍നിന്നു പോകുമോ. ചിരിയുടെ കാഠിന്യത്തില്‍ വാക്കുകള്‍ക്ക് വ്യക്തതയില്ലെങ്കിലും എനിക്കു കാര്യം മനസ്സിലായി. ഞാന്‍ ടി.എ ക്ലെയിം ചെയ്യുന്നത് വ്യക്തമായി പറഞ്ഞുകൊടുത്തു. എല്ലാം വ്യക്തത വരുത്തിയതിനുശേഷം സര്‍ക്കാര്‍ സമിതിയിലെ നോമിനേഷനെപ്പറ്റി കുറേ തമാശകള്‍ പറഞ്ഞു. താങ്കളെ വിളിച്ചുണര്‍ത്തി ചോദിച്ചത് നോമിനേറ്റ് ചെയ്ത കക്ഷികളോട് ചോദിച്ചാല്‍ എല്ലാം കഴിയുമ്പോള്‍ അവര്‍ പറയും: “നിയമം നിയമത്തിന്റെ വഴിക്കു പോകും.” എല്ലാത്തിലും ഒരു ശ്രീനിവാസന്‍ ടച്ച്.
കുറേ നളുകള്‍ക്ക് മുന്‍പ് ഞാന്‍ ഒരു സിനിമ ചെയ്യാനായി ശ്രീനിയേട്ടനെ കാണാന്‍ പോയി. സത്യന്‍ അന്തിക്കാടും ശ്രീനിയേട്ടനുംകൂടി കൊച്ചിയില്‍ ഒരു സ്ഥലത്തിരുന്ന് എഴുത്തിന്റെ ചര്‍ച്ചയിലായിരുന്നു. കഥ മുഴുവന്‍ കേട്ടതിനുശേഷം ശ്രീനിയേട്ടന്‍ പറഞ്ഞു: “ഞാന്‍ വരും. ഇങ്ങനെയൊരു സിനിമ ചെയ്താല്‍ ഒരു സിനിമ ചെയ്തതായി ബയോഡേറ്റയില്‍ ഉണ്ടാകും. മലയാള സിനിമയ്ക്ക് ഗുണമൊന്നുമുണ്ടാവില്ല. താങ്കളെക്കൊണ്ട് മലയാള സിനിമയ്ക്ക് എന്തെങ്കിലുമൊക്കെ പ്രയോജനമുണ്ടാകണം. അങ്ങനെ കുറെ നാട്ടുകാര്യങ്ങളും രാഷ്ട്രീയവും പറഞ്ഞു ചിരിച്ചു ഞാന്‍ മടങ്ങിപ്പോന്നു. അതിനുശേഷം ഞാന്‍ 24 ഫ്രെയ്‌മസില്‍ ‘മിസ്റ്റര്‍ ടര്‍ണര്‍ എന്ന സൂര്യപുത്രന്‍” എന്ന പേരില്‍ മൈക്ക് ലിയുടെ ജെ.ഡബ്ല്യു ടര്‍ണറെക്കുറിച്ചുള്ള സിനിമയെപ്പറ്റി എഴുതിയിരുന്നു. ഇതു വായിച്ച് ശ്രീനിയേട്ടന്‍ നമ്മള്‍ അന്നു ചര്‍ച്ച ചെയ്ത കഥ ഇതുമായി ചേര്‍ത്തു വായിച്ച് മാറ്റിയെടുത്താല്‍ നന്നാവുമെന്നു പറഞ്ഞു. അപ്പോഴേയ്ക്കും ശ്രീനിയേട്ടന് ആരോഗ്യപ്രശ്നങ്ങള്‍ വന്നു കഴിഞ്ഞു. ആ വിഷയത്തിനു കൂടുതല്‍ സമഗ്രത വന്നതോടെ ശ്രീനിയേട്ടന്‍ വിടപറഞ്ഞു. തിരക്കഥ ശ്രീനി ഒന്നു തൊട്ടുനോക്കിയാല്‍ മതി. ഒരു പാചകക്കാരന്റെ കൈവിരുതുപോലെയാണയാള്‍ക്ക് തിരക്കഥ. നെടുമുടി വേണുചേട്ടന്‍ ഈ വിഷയം പറഞ്ഞപ്പോള്‍ ഇങ്ങനെയാണ് പ്രതികരിച്ചത്. ഇതില്‍ ഒരു പ്രധാനവേഷം ചെയ്യാന്‍ വേണുചേട്ടനും തയ്യാറായിരുന്നു.
ശ്രീനിയേട്ടന്റെ അഭിനയവൈഭവത്തെക്കുറിച്ച് പറഞ്ഞാല്‍ അദ്ദേഹത്തിന് ഇണങ്ങിയ വേഷങ്ങള്‍ മാത്രമേ ചെയ്യാനായി തുനിയുകയുള്ളൂ. അതിനു യോജിച്ച സംഭാഷണങ്ങളും കഥാപാത്രങ്ങളും സൃഷ്ടിച്ചെടുക്കാനുള്ള കഴിവാണ് ശ്രീനിവാസന്‍ എന്ന നടനെ വളര്‍ത്തിയത്. സ്വയം വളര്‍ത്തിയെടുത്തു എന്നു പറയുന്നതാകും നല്ലത്. മുഖ്യധാര സംവിധായകരോടും ജനപ്രിയ നടന്മാരോടും ഒപ്പം ശിരസ്സുയര്‍ത്തിനിന്ന് വേറിട്ട കഥാപാത്രങ്ങളായി സ്വയം സൃഷ്ടിച്ചും അവര്‍ക്കൊപ്പം അഭിനയിച്ചും വളര്‍ത്തിയെടുത്ത ഈ ശൈലി ഒടുവില്‍ സ്വന്തം ശൈലിയായി രൂപാന്തരപ്പെടുകയാണുണ്ടായത്. ഇവര്‍ക്കിടയില്‍ ശ്രീനിവാസന്‍ തന്റെ സ്പേസ് കണ്ടെത്തുകയും ഇവര്‍ക്കൊപ്പം തന്നെ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തിടത്താണ് ശ്രീനിവാസന്‍ എന്ന നടന്‍ ജനപ്രിയനായത്. പലപ്പോഴും സ്വന്തം കഥാപാത്രങ്ങളെ സൃഷ്ടിച്ചും സ്വയം വിമര്‍ശനത്തിന് നിന്നുകൊടുത്തും സാമൂഹ്യവിമര്‍ശനത്തിനുള്ള ഇരയായി സ്വയം മാറിയും ശ്രീനിവാസന്‍ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു. നായകസങ്കല്പം തന്നെ തൂലികകൊണ്ട് തിരുത്തിയ പ്രതിഭയാണ് ശ്രീനിവാസന്‍. അതിനയാള്‍ക്ക് എഴുത്തിന്റെ സര്‍ഗശക്തിയും തിരക്കഥയുടെ ഉള്‍ക്കരുത്തും കൈവശമുണ്ടായിരുന്നു. അഭിനേതാവും തിരക്കഥാകൃത്തും പരസ്പരം ചേര്‍ന്നു നില്‍ക്കുന്ന ആള്‍രൂപമാണ് ശ്രീനിവാസന്‍ എന്ന സിനിമാക്കാരന്‍. സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും പ്രോത്സാഹനവുമായി ഇരുവശത്തും നിന്നു. കമലും ഒപ്പമുണ്ടായിരുന്നു.
സംവിധായകന്‍ എന്ന നിലയിലുള്ള ശ്രീനിയേട്ടന്റെ പ്രാഗത്ഭ്യം രണ്ടു സിനിമകളില്‍ കണ്ടതാണ്. സംവിധാന മികവിനായി കൂടുതല്‍ പ്രയത്നിക്കുന്ന ശീലം ശ്രീനിയേട്ടനുണ്ടെന്ന് തോന്നുന്നില്ല. തിരക്കഥയും അഭിനയവും തന്നെയാണ് മുന്നില്‍നിന്ന് നയിച്ചത്. എന്റെ ‘ഡിസയര്‍’ എന്ന ഹിന്ദി സിനിമയില്‍ ചൈനീസ് സൂപ്പര്‍സ്റ്റാര്‍ സിയാവു ആയിരുന്നു നായകന്‍, നായിക ശില്പാഷെട്ടിയും. സിയാവുവിന് ചലച്ചിത്രമേളയില്‍ ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ് നേടിയ നടനാണ്. ‘പറുദീസ’യുടെ ചിത്രീകരണവേളയില്‍ ശ്രീനിയേട്ടന്‍ തമാശരൂപത്തില്‍ പറയും സിയാവുവിനെ ഡയറക്ട് ചെയ്ത ആളാണെന്നു വെച്ച് എന്നെ ഡയറക്ട് ചെയ്യാന്‍ പ്രയാസമുണ്ടാകും. നമുക്കൊരു ചൈനീസ് സിനിമയെടുത്താലോ. എന്റെ സിനിമയിലും ഒരു ചൈനാക്കാരിയുമുണ്ടായിരുന്നു. താങ്കളുടെ സിനിമയില്‍ ഒരു ചൈനാക്കാരനും. ഇങ്ങനെ ശ്രീനിയേട്ടന്‍ തമാശകള്‍ പറഞ്ഞുകൊണ്ടേയിരിക്കും. ചിരിയും ചിന്തയും നമ്മളില്‍ പ്രകാശിപ്പിച്ചുകൊണ്ടിരിക്കും. ഇങ്ങനെ തന്നെയാണ് പ്രേക്ഷകമനസ്സില്‍ ചിരിപടര്‍ത്തുക. അവര്‍ ശ്രീനിവാസന്റെ കഥാപാത്രങ്ങളേയും സംഭാഷണങ്ങളേയും മനസ്സിലേറ്റുന്നു. നല്ല സാമൂഹ്യ നിരീക്ഷണവും വായനയും സര്‍ഗപ്രതിഭയുംകൊണ്ട് സമൂഹത്തിനു നേരെ പിടിക്കുന്ന കണ്ണാടിയാണ് ശ്രീനിയേട്ടന്റെ ഓരോ സിനിമയും. അങ്ങനെ സാമൂഹ്യപ്രതിബദ്ധതയുടെ വിശ്വരൂപം ശ്രീനിവാസന്‍ സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടെത്തുന്നു. ജനപ്രീതിക്ക് ഇനിയെന്തു വേണം?
Sreenivasan is a filmmaker who thought about cinema in a comprehensive and holistic manner
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

