Image of TJS
TJS George Samakalika Malayalam

റ്റി.ജെ.എസ് ജോര്‍ജ്: സാഹസികനായ ‍മാധ്യമപ്രതിഭ

അന്ന് ഒരു കബ് റിപ്പോര്‍ട്ടര്‍ മാത്രമായിരുന്ന എനിക്കിപ്പോഴും അത് ഓര്‍ക്കുമ്പോള്‍ രോമാഞ്ചമുണ്ടാകുന്നുണ്ട്. അപ്പോള്‍ത്തന്നെ ഫ്രീ പ്രസ്സിലെ എന്റെ സുഹൃത്തിനെ വിളിച്ചിട്ട് ഇത് ആരാണ് എഴുതിയതെന്ന് ചോദിച്ചു: “റ്റി.ജെ.എസ്. ജോർജ് ആണ് ഇത് എഴുതിയത്” എന്ന് സുഹൃത്ത് പറഞ്ഞു.
Published on

എല്ലാത്തരത്തിലും സാര്‍ത്ഥകമായ ഒരു ജീവിതത്തിനാണ് കഴിഞ്ഞ ദിവസം തിരശ്ശീല വീണത്. റ്റി.ജെ.എസ് ബാംഗ്ലൂരിൽ തിരിച്ചെത്തി ‘ടൈംസ് ഓഫ് ഡെക്കാൻ’ തുടങ്ങിയ കാലം മുതല്‍ക്കുള്ള ബന്ധമാണ് എനിക്കുള്ളത്.

പക്ഷേ, കൂടുതൽ അടുത്തത് ‘ഫിനാൻഷ്യൽ എക്സ്പ്രസ്സില്‍’ വന്നതിനു ശേഷമാണ് ഇന്ത്യൻ എക്സ്പ്രസ്സിൽ വന്നുകഴിഞ്ഞിട്ട്. അദ്ദേഹം കൺസൾട്ടന്റ് ആയിട്ട് ഇടയ്ക്കിടയ്ക്ക് കൊച്ചിയിൽ വരും.

ആ സന്ദര്‍ഭത്തിലാണ് ഞങ്ങള്‍ തമ്മില്‍ കൂടുതല്‍ സൗഹൃദത്തിലാകുന്നത്. ഞാൻ ഇന്ത്യൻ എക്സ്പ്രസ്സില്‍നിന്നും വിരമിച്ചതിനുശേഷവും റ്റി.ജെ.എസ് എറണാകുളത്ത് വരുമ്പോഴൊക്കെയും വൈകുന്നേരങ്ങളില്‍ ഞങ്ങൾ കണ്ടുമുട്ടാറുണ്ടായിരുന്നു. അത്തരം സായാഹ്നങ്ങളില്‍ ഒരു കൂട്ടായ്മ ഉണ്ടാകും. ആ കൂട്ടായ്മയിൽ പലതും ചർച്ച ചെയ്യും. ഇങ്ങനെ ഒരു കൂട്ടായ്മയുടെ സന്ദര്‍ഭത്തില്‍ അദ്ദേഹം പുതിയൊരു പുസ്തകം എഴുതാനുള്ള തന്റെ ശ്രമത്തെ സംബന്ധിച്ച് പറയുകയുണ്ടായി. ‘ദി ഇന്ത്യ വി ലോസ്റ്റ്’ എന്ന തലക്കെട്ടില്‍ ഒരു പുസ്തകമാണ് അദ്ദേഹം എഴുതാൻ പദ്ധതിയിട്ടിരുന്നത്. ഓരോ അദ്ധ്യായം എഴുതിക്കഴിയുമ്പോഴും ഞാനത് വായിച്ചിട്ട് വിമര്‍ശനാത്മകമായ പ്രതികരണം റ്റി.ജെ.എസ്സിനു നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ഏഴ് അദ്ധ്യായം കൂടി അദ്ദേഹം എഴുതി. അത് കഴിഞ്ഞ് പെട്ടെന്ന് ഒരു ദിവസം എന്നോട് പറഞ്ഞു: “ഞാനിത് ഉപേക്ഷിക്കുകയാണ്” എന്ന്.

“എന്താ ഇത് നന്നായി തുടർന്നൊരു പരമ്പരയായിരുന്നല്ലോ, എന്താണ് പെട്ടെന്ന് നിർത്തിയത്?” എന്ന് ചോദിക്കാനാണ് അന്നേരം എനിക്കു തോന്നിയത്. എന്നാല്‍, ഇത് ഏറെ ആലോചിച്ചിട്ട് എടുത്ത തീരുമാനമാണെന്നും ഇത്തരത്തിലുള്ള അനവധി പുസ്തകങ്ങള്‍, പഴയ പത്രക്കാര്‍ എഴുതിയവ അടക്കം കുറേയേറെ പുസ്തകങ്ങള്‍ പുറത്തുവന്നിരിക്കുന്നുവെന്നും അതിനാല്‍ത്തന്നെ കുറേയേറെ ആവര്‍ത്തനങ്ങള്‍ ഈ പുസ്തകത്തിലും വരുമെന്നും അതില്‍ തനിക്ക് താല്പര്യമില്ലെന്നുമാണ് അപ്പോള്‍ അദ്ദേഹം പറഞ്ഞത്. പുതിയൊരു ഉള്‍ക്കാഴ്ചയും വീക്ഷണകോണും ഉണ്ടാകുമ്പോള്‍ തനിക്ക് ഈ പുസ്തകം വീണ്ടും എഴുതാന്‍ കഴിഞ്ഞേക്കാമെന്നും അപ്പോള്‍ ഞങ്ങള്‍ക്കതിലേക്ക് തിരിച്ചുവരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. എന്നാല്‍, വേറെ ചില പുസ്തകങ്ങളുടെ രചനകളിലൊക്കെ ഏർപ്പെട്ട കാരണമായിരിക്കാം അദ്ദേഹം ഇത് തുടർന്നുകൊണ്ടുപോകുകയുണ്ടായില്ല.

ഒരു പത്തോ പതിനഞ്ചോ കൊല്ലം തുടര്‍ന്ന അടുപ്പത്തില്‍നിന്നും ഉരുത്തിരിഞ്ഞ ഒരു ആത്മബന്ധം ഉണ്ടായിരുന്നു ഞങ്ങൾക്കിടയ്ക്ക്. തീര്‍ച്ചയായും പല കാര്യങ്ങളിലും ഞങ്ങൾക്ക് വിപരീത അഭിപ്രായങ്ങളുണ്ടായിരുന്നു. വളരെയേറെ നിശിതമായ ഇഷ്ടങ്ങളും അത്രത്തോളം നിശിതമായ ഇഷ്ടക്കേടുകളുമുള്ള ഒരു മനുഷ്യനായിരുന്നു റ്റി.ജെ.എസ്. ഈ പ്രകൃതത്തിന്റെ കാര്യത്തില്‍ ഞാൻ അത്രത്തോളം അദ്ദേഹത്തോട് യോജിച്ചിരുന്നില്ല. ഇഷ്ടമായാൽ റ്റി.ജെ.എസിന് കണ്ടമാനം ഇഷ്ടമാകും. ഇഷ്ടമായിട്ടില്ലെങ്കിൽ അവര്‍ നല്ലത് ചെയ്താലും കുറച്ച് ക്രിട്ടിക്കൽ ആയിട്ടേ പറയൂ. അതും പൂര്‍ണമായും പറയുകയുമില്ല. നമ്മള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അത്തരമൊരു നിലപാടെടുക്കാനാകുമോ എന്ന സംശയം അദ്ദേഹത്തോട് പലപ്പോഴും ഞാന്‍ ഉന്നയിച്ചിട്ടുണ്ട്. പക്ഷേ, അത് അദ്ദേഹത്തിന്റെ ഒരു ശൈലിയാണ്. എന്തായാലും റ്റി.ജെ.എസ്. ജോര്‍ജ് ഇന്ത്യയില്‍ ജീവിച്ചിരുന്ന ഗ്രാൻഡ് എഡിറ്റേഴ്സിലൊരാളാണ്. ഒരുപക്ഷേ, അവരില്‍ അവസാനത്തെ കണ്ണി. വിദേശത്തുനിന്നും പ്രസിദ്ധീകരിക്കപ്പെട്ട ഒരു ഇംഗ്ലീഷ് ആനുകാലികത്തിന്റെ ഇന്ത്യക്കാരനായ ആദ്യ പത്രാധിപന്മാരില്‍ ഒരാളായിട്ട് റ്റി.ജെ.എസ്. ജോർജിനെ തീർച്ചയായിട്ടും കാണാം. അദ്ദേഹം ഹോങ്കോങ്ങിൽ പോയിട്ട് കുറേക്കാലം ‘ഫാർ ഈസ്റ്റ് എക്കണോമിക് റിവ്യൂ’വിലാണ് വർക്ക് ചെയ്തിരുന്നത്. അന്ന് ഡെറിക് ഡേവിസ് എന്നു പേരായിട്ട് എഡിറ്റർ ഉണ്ടായിരുന്നു ‘ഫാർ ഈസ്റ്റ് എക്കണോമിക് റിവ്യൂ’വില്‍. അന്ന് അനവധി മലയാളികൾ അതിന്റെ മറ്റേ വീക്കിലിയിൽ ജോലി ചെയ്തിരുന്നു. നാരായണപിള്ള, ഹോങ്കോങ്ങ് ഗോപി, റ്റി.ജെ.എസ്. അങ്ങനെ പലരും. ഡെറിക് ഡേവിസ് എല്ലാ ആഴ്ചയിലും ഒരു കോളം എഴുതിയിരുന്നു. ആ കോളത്തിൽ ഒരിക്കൽ ഡെറിക് ഡേവിസ് അഭിപ്രായപ്പെട്ടത് ഏത് ഇന്റർനാഷണൽ മാസിക തുടങ്ങിയാലും അതില്‍ നല്ല ഇംഗ്ലീഷ് വായിക്കണമെങ്കിൽ മലയാളികളുണ്ടാകണം എന്ന്. ഇക്കാര്യത്തില്‍ അദ്ദേഹം ഉദാഹരിച്ചത് തന്റെ പത്രത്തിൽ തന്നെയുള്ള മലയാളികളായ എഴുത്തുകാരെയാണ്. റ്റി.ജെ.എസ് ജോര്‍ജിനേയും നാണപ്പന്‍ എന്ന് ഞങ്ങളുടെ സൗഹൃദവലയങ്ങളില്‍ അറിയപ്പെടുന്ന എം.പി. നാരായണപിള്ളയേയും ഡെറിക് ഡേവിസ് പേരെടുത്ത് പറഞ്ഞിരുന്നു. അങ്ങനെയൊരു പശ്ചാത്തലം അദ്ദേഹത്തിനുണ്ടായിരുന്നു. പിന്നെ എന്തുകൊണ്ടാണ് അദ്ദേഹം ‘ഫാർ ഈസ്റ്റ് എക്കണോമിക് റിവ്യൂ’ വിട്ടിട്ട് പുതിയൊരു പ്രസിദ്ധീകരണം തുടങ്ങിയതെന്നും എന്തായിരുന്നു അതിനുള്ള പ്രചോദനമെന്നും ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോടു ചോദിക്കുകയുണ്ടായി.

image of MK Das
എം.കെ. ദാസ് Samakalika Malayalam

വിശേഷിച്ച് ഒരു പ്രചോദനഹേതുവൊന്നും ചൂണ്ടിക്കാണിക്കാന്‍ തനിക്ക് പറ്റില്ലെന്നും ചില കാര്യങ്ങളിൽ ഡെറിക്കും താനും തമ്മില്‍ കുറച്ച് വ്യത്യാസങ്ങളൊക്കെ ഉണ്ടായിരുന്നു എന്നുമാണ് റ്റി.ജെ.എസ്. പ്രതികരണമെന്ന നിലയില്‍ പറഞ്ഞുതുടങ്ങിയത്. അങ്ങനെയിരിക്കേ, ഒന്ന് രണ്ട് സുഹൃത്തുക്കൾ തന്റെ ആശയം പ്രാവര്‍ത്തികമാക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ടു വന്നു. എന്തുകൊണ്ട് പുതിയൊരു പ്രസിദ്ധീകരണം എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ വേണ്ടി ശ്രമിച്ചുകൂടാ എന്നും തോന്നി. ഇതായിരുന്നു റ്റി.ജെ.എസ്സിന്റെ മറുപടി. എപ്പോഴും പുതിയ പരീക്ഷണങ്ങള്‍ക്ക് ധൈര്യമുള്ള ഒരാള്‍. ഒരു ഡെയറിംഗ് എഡിറ്റര്‍. റിസ്ക് എടുക്കാനായി ഭയങ്കര സന്നദ്ധതയുള്ള ഒരു മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. ഈ ‘ഫ്രീ പ്രസ്സ്’ വിട്ടിട്ട് ഇന്റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ടില്‍ ചേർന്നു. കുറച്ച് കാലം യു.എന്‍.ഐയില്‍ ജോലിയെടുത്തു. അങ്ങനെ പല സ്ഥാപനങ്ങളില്‍. ഏറ്റവും സാഹസികമായിട്ടും. ഏറ്റവും അഡ്വഞ്ചറസ് ജേർണി - ഫ്രീപ്രസ്സിൽ വർക്ക് ചെയ്യുന്ന സമയത്ത് ഒരു കപ്പലിൽ കുക്കിന്റെ പണി ഏറ്റെടുത്ത് കപ്പൽയാത്ര ചെയ്തതാണ്. ആ യാത്രയെപ്പറ്റി പ്രസിദ്ധമായ ഒരു പുസ്തകവും അദ്ദേഹം എഴുതിയിട്ടുണ്ട്. മലയാറ്റൂർ രാമകൃഷ്ണനെയൊക്കെ ഒരുപാട് പ്രചോദിപ്പിച്ച ഒരു പുസ്തകം. അങ്ങനെ ഒരു സാഹസിക പ്രകൃതമുണ്ട് റ്റി.ജെ.എസിന്. സാഹസികമായി എടുത്തുചാടിയിട്ട് ശ്രമം നടത്തുന്ന ഒരു പ്രകൃതം. പരീക്ഷണങ്ങള്‍ക്ക് മുതിരുന്ന ഒരു മനസ്സാണ്. അതുകൊണ്ടായിരിക്കണം ഇങ്ങനെയൊരു പ്രസിദ്ധീകരണം തുടങ്ങാന്‍ അദ്ദേഹം തയ്യാറായത്. ഒരുകാലത്ത് ഈ ‘ഫാർ ഈസ്റ്റ് എക്കണോമിക് റിവ്യൂ’ ആയിരുന്നു സൗത്ത് ഏഷ്യയിലും സൗത്ത് ഈസ്റ്റ് ഏഷ്യയിലും ഏറ്റവും ആധികാരികമായിട്ട് വാർത്തകൾ തന്നിരുന്ന ഒരു പ്രസിദ്ധീകരണം. അതിനു കിടനില്‍ക്കുന്ന ഒരു പ്രസിദ്ധീകരണമായിരുന്നു ഈ ‘ഏഷ്യാവീക്ക്.’ ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ഓഫിസില്‍ ഫാര്‍ ഈസ്റ്റ് ഇക്കണോമിക് റിവ്യൂ വരുമായിരുന്നു. അതിനോട് മത്സരിച്ചുനില്‍ക്കാന്‍ കഴിവുള്ള ഒന്നായിട്ടായിരുന്നു ഇടയ്ക്കൊക്കെ കാണാറുള്ള ‘ഏഷ്യാവീക്ക്’ ഞങ്ങൾക്ക്.

റ്റി.ജെ.എസിന്റെ വഴികാട്ടിയും ഗുരുവും എന്നൊക്കെ വിശേഷിപ്പിക്കാവുന്നത് ഫ്രീ പ്രസ്സിന്റെ സ്ഥാപകനായ എസ്. സദാനന്ദനെ ആണ്. ഒരു ലെജൻഡറി എഡിറ്റർ ആയിരുന്നു സദാനന്ദ്. സദാനന്ദനാണ് റ്റി.ജെ.എസ്സിന്റെ മെന്റർ എന്ന് എനിക്കു പറയാൻ പറ്റും. അതിനൊരു ഉദാഹരണം ഞാൻ പറയാം. അത് ആൾക്കാർക്ക് അറിയാത്ത ഒരു കാര്യമാണ്. ’62-ല്‍ ഒരു രാഷ്ട്രീയ സംഭവവികാസത്തിന്റെ ഭാഗമായി വി.കെ. കൃഷ്ണമേനോൻ ക്യാബിനറ്റില്‍നിന്നും രാജിവെച്ചു. എല്ലാ പത്രങ്ങളും ഇതു സംബന്ധിച്ച് എഡിറ്റോറിയൽ എഴുതി. ‘ടൈംസ് ഓഫ് ഇന്ത്യ’യും ‘ഇന്ത്യൻ എക്സ്പ്രസ്സും’ ‘ഹിന്ദുസ്ഥാൻ ടൈംസും’ ഒക്കെ അതിനെ സ്വാഗതം ചെയ്തു. അക്കൂട്ടത്തില്‍ ഫ്രീ പ്രസ്സിൽ വന്ന എഡിറ്റോറിയൽ ഏറെ ശ്രദ്ധേയമായിരുന്നു. വിശേഷിച്ച് ഒന്നും വ്യക്തമാക്കാത്ത ഒരു തലക്കെട്ടായിരുന്നു ആ എഡിറ്റോറിയലിന്. ‘മേനോൻ’ എന്നുമാത്രം. ആ എഡിറ്റോറിയൽ തുടങ്ങുന്നത് യേശുക്രിസ്തുവിനെ വിചാരണ ചെയ്യുന്ന വേളയില്‍ പീലാത്തോസ് യേശുവിനെ കൊണ്ടുവന്ന ആൾക്കാരെ അഭിസംബോധന ചെയ്തിട്ട് ചോദിക്കുന്ന ചോദ്യത്തിലാണ്: “ഇദ്ദേഹം ചെയ്തത് അത്ര വലിയ കുറ്റങ്ങൾ ഒന്നുമല്ല. ഇദ്ദേഹത്തിനെ ക്രൂശിക്കേണ്ടുന്നതിനു തക്ക വിധത്തിൽ അദ്ദേഹം എന്തെങ്കിലും ചെയ്തിട്ടുണ്ടോ?” എന്നാണ് ആ ചോദ്യം. അപ്പോള്‍ അവര്‍ പ്രതികരിക്കുന്നത്, “അവനെ ക്രൂശിക്ക, അവനെ ക്രൂശിക്ക.” രണ്ടാമതും പീലാത്തോസ് ചോദിക്കും: “ഇദ്ദേഹം, നിങ്ങൾ പറ... നിങ്ങൾ തെറ്റിദ്ധരിച്ച പല കാരണങ്ങളും...” അപ്പോഴും ഈ രണ്ടാമത്തെ ചോദ്യത്തിനും യേശുവിനെ കൊണ്ടുവന്നവര്‍ തിരിച്ചു പറയുന്നത്: “അവനെ ക്രൂശിക്ക, അവനെ ക്രൂശിക്ക” എന്നാണ്. മൂന്നാമത്തെ തവണ ഒന്നുകൂടി ഇദ്ദേഹം ഇത് ആവർത്തിച്ചു ചോദിച്ചപ്പോഴും ജനക്കൂട്ടം ഇതേ മറുപടിയാണ് കൊടുക്കുന്നത്. എഡിറ്റോറിയൽ അവിടെ അവസാനിക്കുന്നു. അഗാധ അര്‍ത്ഥതലങ്ങളുള്ളതും ഭയങ്കര സെൻസേഷണലുമായ എഡിറ്റോറിയലായിരുന്നു അത്. അന്ന് ഒരു കബ് റിപ്പോര്‍ട്ടര്‍ മാത്രമായിരുന്ന എനിക്കിപ്പോഴും അത് ഓര്‍ക്കുമ്പോള്‍ രോമാഞ്ചമുണ്ടാകുന്നുണ്ട്. അപ്പോള്‍ത്തന്നെ ഫ്രീ പ്രസ്സിലെ എന്റെ സുഹൃത്തിനെ വിളിച്ചിട്ട് ഇത് ആരാണ് എഴുതിയതെന്ന് ചോദിച്ചു: “റ്റി.ജെ.എസ്. ജോർജ് ആണ് ഇത് എഴുതിയത്” എന്ന് സുഹൃത്ത് പറഞ്ഞു. പിന്നീട് ഫ്രീ പ്രസ്സിലെ ഒരാൾ എന്നോട് പറഞ്ഞത് അവരുടെ എഡിറ്റര്‍ സദാനന്ദ് പലപ്പോഴും മഹാഭാരതത്തിലേയും ബൈബിളിലേയും ഖുർആനിലേയും രാമായണത്തിലേയും ചില കഥകൾ എടുത്ത് പ്രതീകാത്മകമായിട്ടായിരുന്നത്രേ അക്കാലത്തെ കാര്യങ്ങൾ ചർച്ച ചെയ്തിരുന്നത് എന്നാണ്. ആ ശൈലി പിന്തുടര്‍ന്നാണ് റ്റി.ജെ.എസ്സും കൃഷ്ണമേനോന്റെ രാജിയെക്കുറിച്ചുള്ള എഡിറ്റോറിയല്‍ കൈകാര്യം ചെയ്തത് എന്നു മനസ്സിലാക്കാം. ആ ബൈബിള്‍ കഥയില്‍ റ്റി.ജെ.എസ്. ഒരു നോവൽറ്റി കണ്ടു. കാലത്തിനു ചേരുന്ന ഒരു കഥയായിട്ട് കണ്ടു. കൃഷ്ണമേനോന്‍ ഉള്‍പ്പെട്ട സംഭവത്തെ പ്രതീകവല്‍ക്കരിക്കാവുന്ന ഒരു കഥ. അത് ആ സമയത്തു തോന്നുന്നതിലാണ് ഒരാളുടെ കഴിവ്. ഇക്കാരണം കൊണ്ടാണ് റ്റി.ജെ.എസ്സിന്റെ മെന്റർ ആയിട്ട് സദാനന്ദിനെ കാണാം എന്നു ഞാന്‍ പറയുന്നത്.

Image of kr narayanan and tjs
കെ.ആര്‍. നാരായണനും റ്റി.ജെ.എസും Samakalika Malayalam

രണ്ടോ മൂന്നോ പത്രാധിപന്മാരെ മാത്രമേ അക്കാലത്ത് ‘കംപ്ലീറ്റ് എഡിറ്റേഴ്സ്’ എന്ന് വിശേഷിപ്പിക്കാന്‍ കഴിയുമായിരുന്നുള്ളൂ. അതായത് ഒരു വര്‍ത്തമാനപത്രത്തിന്റെ സകല തലങ്ങളേയും സംബന്ധിച്ച് ആധികാരികമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പറ്റുന്ന ഒന്നുരണ്ടുപേര്‍. ഒന്ന് മുൾഗാവോക്കർ ആയിരുന്നു. മറ്റൊരാള്‍ ശ്യാംലാൽ ആയിരുന്നു. പിന്നെ റ്റി.ജെ.എസ്. ജോര്‍ജും. പക്ഷേ, അതിലൊരു വ്യത്യാസമുണ്ട്. വ്യത്യാസം എന്താണെന്ന് വെച്ചാൽ, ശ്യാംലാലും മുള്‍ഗാവോക്കറും സബ് എഡിറ്റ‍ര്‍മാരായി തുടങ്ങി പടിപടിയായി ഉയർന്ന് എഡിറ്റര്‍മാരാകുകയാണ് ഉണ്ടായത്. ഫ്രാങ്ക് മോറേയ്സ് ഉള്‍പ്പെടെയുള്ള സകല മാധ്യമ മുഖ്യന്മാര്‍ക്കും എഡിറ്റ് പേജായിരുന്നു കൺസേൺ. ബാക്കിയുള്ള പേജുകളെല്ലാം ന്യൂസ് എഡിറ്റർമാര്‍ക്ക് വിട്ടുകൊടുത്തു. ഞാന്‍ പത്രപ്രവർത്തനം തുടങ്ങിയ സമയത്ത് ന്യൂസ് എഡിറ്ററായിരുന്നു ഏറ്റവും നിര്‍ണായക സ്ഥാനത്തിരിക്കുന്നയാള്‍. എന്നാല്‍, പുറംലോകം അറിഞ്ഞത് എഡിറ്റര്‍മാരെപ്പറ്റി മാത്രമാണ്. എന്തെന്നാല്‍ അവരുടെ പേര് വരുന്നുണ്ടല്ലോ. ഒരു കാലത്ത് പത്രങ്ങള്‍ അറിയപ്പെട്ടത് എഡിറ്ററുടെ പേരിലാണ്. ഇന്ന് പത്രങ്ങളുടെ പേരിലാണ് അവര്‍ അറിയപ്പെടുന്നത്. അങ്ങനെ വലിയ വ്യത്യാസമാണ് ഇന്ന് വന്നിരിക്കുന്നത്. റ്റി.ജെ.എസ് ആണ് ആദ്യമായിട്ട് എഡിറ്ററുടേയും ന്യൂസ് എഡിറ്ററുടേയും ചീഫ് റിപ്പോര്‍ട്ടറുടേയും റോളുകള്‍ ഒന്നിച്ച് കൈകാര്യം ചെയ്യാന്‍ തുടങ്ങുന്നത്. ആ കാലത്ത് അദ്ദേഹം റിപ്പോർട്ടര്‍മാരെ വിളിച്ചിട്ട്: “ഇങ്ങനെ നല്ലൊരു ആംഗിൾ ഉണ്ട്. Why don’t you take this?” എന്നു പറയുന്നത്. ഒരു എഡിറ്ററാണ് പറയുന്നത്, ന്യൂസ് എഡിറ്ററല്ല എന്ന് ഓർക്കണം. ഫ്രീ പ്രസ്സിൽ ഒരിക്കല്‍ ഒരു പരമ്പര തുടങ്ങി. ‘ബോംബെ ഈസ് മിനി ഇന്ത്യ’ എന്ന പുതിയൊരു പരമ്പര അദ്ദേഹം നിര്‍ദേശിച്ചു. വിവിധ ദേശങ്ങളില്‍നിന്നും വന്ന, വിവിധ ഭാഷകള്‍ സംസാരിക്കുന്ന, വ്യത്യസ്ത ജാതികളിലും മതങ്ങളിലുമൊക്കെ പെട്ടവര്‍ ജീവിക്കുന്ന ഒരു മെട്രോപോളിസ് ആണത്. അതിൽ ആൾക്കാർ എങ്ങനെ ജീവിക്കുന്നു എന്നൊരു സീരീസ് തുടങ്ങി. തലക്കെട്ട് എനിക്കോർമയുണ്ട്. ‘ദ ഗ്രാൻഡ് ബൊക്കെ’ എന്നായിരുന്നു. ആദ്യം പറഞ്ഞതുപോലെ ഗുജറാത്തികളെപ്പറ്റിയും മാർവാഡി സമൂഹത്തെപ്പറ്റിയും തെലുങ്കരെപ്പറ്റിയും മലയാളികളെപ്പറ്റിയും എഴുതി. ഇതിനുവേണ്ടി റ്റി.ജെ.എസ്. ഒന്നോ രണ്ടോ മിടുക്കന്മാരായ റിപ്പോര്‍ട്ടര്‍മാരെ ഞങ്ങള്‍ക്കിടയ്ക്ക് നിന്നും കണ്ടെത്തി അവരെക്കൊണ്ട് എഴുതിച്ചു. അതൊരു സീരീസ് ആയിരുന്നു. ചുരുക്കത്തില്‍ അദ്ദേഹം ഒരു എഡിറ്ററായും ന്യൂസ് എഡിറ്ററായും ചീഫ് റിപ്പോര്‍ട്ടറായും ഒരേ സമയം പ്രവര്‍ത്തിച്ചു. അപൂർവം ചിലരില്‍ മാത്രമേ ഇങ്ങനെയൊരു കഴിവ് ഞാൻ കണ്ടിട്ടുള്ളൂ.

സ്വതന്ത്ര ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം നടത്തിയ ‘കുറ്റത്തിന്’ ആദ്യകാലത്ത് ജയിലിലാക്കപ്പെട്ട ഒരാളായിരുന്നു റ്റി.ജെ.എസ്. സെര്‍ച്ച് ലൈറ്റില്‍ ഉള്ളപ്പോഴായിരുന്നു അത്. ഫ്രീപ്രസ്സ് വിട്ടിട്ടാണ് അദ്ദേഹം സെര്‍ച്ച്‌ലൈറ്റില്‍ ചേര്‍ന്നത്. ബിഹാറില്‍ കൃഷ്ണസഹായ് ഭരിക്കുന്ന കാലത്ത് ഒരു വിദ്യാര്‍ത്ഥിസമരം നടന്നു, ഫീസിനെച്ചൊല്ലി. അത് അടിച്ചമര്‍ത്താന്‍ സഹായ് ശ്രമിച്ചു. അതിനെ വിമര്‍ശിച്ചും സഹായ്‍യുടെ നടപടികളെ എതിര്‍ത്തും നിരവധി റിപ്പോര്‍ട്ടുകള്‍ റ്റി.ജെ.എസ് എഴുതി. അതിനെത്തുടര്‍ന്നാണ് റ്റി.ജെ.എസ് ജയിലിലാകുന്നത്. ‘ഘോഷയാത്ര’യില്‍ ഇതൊക്കെ ഗംഭീരമായി വിവരിച്ചിട്ടുണ്ട്. എന്തൊരു പുസ്തകമാണത്. അതില്‍ അദ്ദേഹം ഇതൊക്കെപ്പറ്റി എന്തുമാത്രം മിതത്വത്തോടെയാണ് വിവരിച്ചിട്ടുള്ളത്. ഒരു വീരപരാക്രമങ്ങളും അതിലില്ല. ശക്തവും എന്നാല്‍ സരളവുമായിരുന്നു അദ്ദേഹത്തിന്റെ മലയാളത്തിലുള്ള എഴുത്തും.

പല പ്രശസ്തരുടേയും ജീവചരിത്രങ്ങള്‍ റ്റി.ജെ.എസ് രചിച്ചിട്ടുണ്ട്. അവയൊന്നും ലീ കുവാൻ യൂവിന്റെ ആയാലും മാർക്കോസിന്റെ ആയാലും പോത്തൻ ജോസഫിന്റെ ആയാലും എം.എസ്. സുബ്ബലക്ഷ്മിയുടേതായാലും കൃഷ്ണമേനോന്റേതായാലും അവരോടൊന്നും നേരിട്ട് സംസാരിച്ചിട്ടില്ല. പോത്തൻ ജോസഫിന്റെ പുസ്തകത്തിന്റെ കാര്യത്തില്‍ പോത്തൻ ജോസഫിന്റെ മകൻ കുറെ സഹായിച്ചിട്ടുണ്ട്. കൃഷ്ണമേനോനെക്കുറിച്ച് ഒരു സമ്പൂര്‍ണ ജീവചരിത്രം എഴുതിയത് റ്റി.ജെ.എസ് മാത്രമാണ്. ഈ കഥാപാത്രങ്ങളോട് നേരിട്ട് സംസാരിക്കാതെ എങ്ങനെയാണ് ഈ ജീവചരിത്രങ്ങള്‍ എഴുതുന്നതെന്ന് ഞാന്‍ നേരിട്ട് ചോദിച്ചിട്ടുണ്ട്. അവരുമായി ഇക്കാര്യത്തില്‍ അഭിമുഖങ്ങള്‍ നടത്താന്‍ മുതിര്‍ന്നാല്‍ വൈകാരികമായ ഒരു അടുപ്പം ഉണ്ടാകുമെന്നും അത് വിമര്‍ശനാത്മക വിലയിരുത്തലിന് വിലങ്ങുതടിയാകുമെന്നുമായിരുന്നു റ്റി.ജെ.എസ്സിന്റെ മറുപടി. വീസ നിഷേധിക്കപ്പെട്ടിരുന്നതുകൊണ്ട് കുറേക്കാലം സിംഗപ്പൂരിലും ഫിലിപ്പീൻസിലും അദ്ദേഹത്തിനു പ്രവേശനമേയില്ലായിരുന്നു. എന്നിട്ടും ലീ ക്വവാന്‍ യൂവിനെപ്പറ്റിയും മാര്‍ക്കോസിനെപ്പറ്റിയും അദ്ദേഹം എഴുതി. കൃഷ്ണമേനോന്റെ പുസ്തകത്തിന് ഭയങ്കര പ്രചാരം കിട്ടാനായിട്ട് ഒരു കാരണം ആ ബുക്ക് വരുന്നതിനു മുന്‍പ് ഫ്രാങ്ക് മൊറെയ്സ് അത് റിവ്യൂ ചെയ്തതായിരുന്നു. ഫ്രാങ്ക് മൊറീസ് എല്ലാ തിങ്കളാഴ്ചകളിലും ഒരു ആർട്ടിക്കിൾ എഴുതിയിരുന്നു. ആ ആർട്ടിക്കിളിന് ടൈറ്റിൽ കൊടുത്തത് നെഹ്‌റു, ബോസ്, മേനോൻ എന്നായിരുന്നു.

അദ്ദേഹം എഴുതിയവയില്‍ ഏറ്റവും മനോഹരമായ ജീവചരിത്രം സുബ്ബലക്ഷ്മിയുടേതാണ് എന്നാണ് വായനക്കാര്‍ വിലയിരുത്തുന്നത്. വിജയകരമായിരുന്നു ആ പുസ്തകം. ആ പുസ്തകത്തില്‍ ഏറ്റവും ആകര്‍ഷകമായ ഒരു കാര്യം ജി.എന്‍. സുബ്രഹ്മണ്യത്തിന് അവരെഴുതിയ ഒരു പ്രണയലേഖനമാണ്. പിന്നെ ബാലസരസ്വതിയും എം.എസ്സും കൂടിയിട്ട് സിഗരറ്റ് വലിക്കുന്ന ഒരു ഫോട്ടോ. ഏറെ പ്രശസ്തമായി ആ പടം. അത് സംബന്ധിച്ച് ഒരു രസകരമായ സംഭവം ഞാന്‍ ഓര്‍ക്കുന്നു. ഞാൻ മദ്രാസിൽ ജോലി ചെയ്യുന്ന കാലത്ത് ഞാൻ ഒരാളുടെ അടുത്ത് ഈ ഫോട്ടോ ഉണ്ട്. എനിക്ക് കാണിച്ചു തരുമായിരുന്നു. ഈ ഫോട്ടോ ആരുമായും അയാള്‍ ഷെയര്‍ ചെയ്യില്ല. ഇത് അദ്ദേഹം എങ്ങനെ കൈവശപ്പെടുത്തി എന്ന് എനിക്കറിയില്ല.

ആകാശത്തിനു കീഴിലുള്ള എല്ലാ കാര്യങ്ങളേയും കുറിച്ച് താല്പര്യത്തോടെ അറിയാന്‍ ശ്രമിക്കുകയും ഒരു മാധ്യമ പ്രതിഭ ആയിരുന്നു റ്റി.ജെ.എസ്. യൂണിവേഴ്സിറ്റി കോളേജ് പഠനകാലത്ത് നാടകത്തില്‍ പെണ്‍വേഷം കെട്ടിയ സംഭവത്തെക്കുറിച്ച് ഞാന്‍ ഒരിക്കല്‍ ആരാഞ്ഞപ്പോള്‍ തമാശയായി തള്ളുകയാണ് ഉണ്ടായത്. താന്‍ ഇടപെടുന്ന മാധ്യമം ഏതായാലും അതു സംബന്ധിച്ച് സമഗ്രമായ കാഴ്ചപ്പാടുണ്ടായിരുന്ന എഡിറ്ററായിരുന്നു റ്റി.ജെ.എസ് ജോര്‍ജ്. മാധ്യമരംഗത്തെ എല്ലാ ശാഖകളെക്കുറിച്ചും ആഴത്തിലുള്ള അറിവുണ്ടായിരുന്നു അദ്ദേഹത്തിന്. ലേഔട്ടിന്റെ കാര്യത്തിലൊക്കെ ഏറെ ശ്രദ്ധയും നിഷ്കര്‍ഷയും ഉണ്ടായിരുന്നു അദ്ദേഹത്തിന്. എന്റെ കാഴ്ചപ്പാട് വ്യത്യസ്തമായിരുന്നു. ഞാന്‍ ഉള്ളടക്കത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കാന്‍ ശ്രമിച്ചത്. വാർത്ത വായിക്കാനല്ലേ ആളുകൾ പത്രം വാങ്ങുന്നതെന്നും അവർക്ക് ലേഔട്ടിനെക്കുറിച്ച് അധികം വിഷമിക്കേണ്ട കാര്യമില്ലല്ലോ എന്നും പിന്നെന്തിനാണ് ലേഔട്ടിന് ഇത്രയും പ്രാധാന്യം നൽകുന്നത് എന്നും ഒരിക്കൽ ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്: “ഒരു നല്ല എഡിറ്റര്‍ എല്ലായ്‌പോഴും ലേഔട്ടില്‍ വലിയ പ്രാധാന്യം കാണുമെന്നായിരുന്നു. ഒരാൾ പത്രം വായിക്കാനെടുക്കുമ്പോള്‍, അത് വായനക്കാരന്റെ കണ്ണിന് എളുപ്പമുള്ളതായിരിക്കണം. ഓരോ ന്യൂസ് ഐറ്റത്തിന്റേയും ഫോണ്ടും ലേഔട്ടും ഉള്‍പ്പെടെ എല്ലാം വായനക്കാരനെ ആകർഷിക്കുന്നതായിരിക്കണം”. ഇതായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. തന്റെ മാധ്യമ പ്രവര്‍ത്തന ജീവിതത്തിലുടനീളം ആ സിദ്ധാന്തം അദ്ദേഹം കർശനമായി പിന്തുടർന്നിട്ടുണ്ട്.

Summary

TJS George

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com