സമ്പത്ത്, മൂലധനം, ഭരണകൂടം ഒരു വിചാരം
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഒരു യാത്രയ്ക്കിടയില്‍ വെച്ച് ഇടതുപക്ഷ പ്രവര്‍ത്തകനും ഭരണാധികാരിയുമായ ഒരാളുമായി കണ്ടുമുട്ടാന്‍ ഇടവന്നു. ഒരു മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ സ്വാഭാവികമായും അദ്ദേഹത്തില്‍നിന്ന് എനിക്കറിയാനുള്ളത് ഭരണത്തിലിരിക്കുമ്പോള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചായിരുന്നു. എല്ലാ തലങ്ങളിലും ഫെഡറലിസത്തിന്റെ മൂല്യങ്ങള്‍ ഇല്ലാതാകുകയും സംസ്ഥാനങ്ങള്‍ കേവലം ശക്തമായ കേന്ദ്രത്തിനു കീഴില്‍ നിലനില്‍ക്കുന്ന താരതമ്യേന പരിമിതമായ അധികാരങ്ങളുള്ള പ്രവിശ്യകളായി രൂപാന്തരം പ്രാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന കാലത്ത് എങ്ങനെയാണ് കേന്ദ്രത്തില്‍ നിലനില്‍ക്കുന്ന സര്‍വശക്തമായ ഒരു വലതുപക്ഷ വംശീയ ഭരണകൂടത്തിനു കീഴില്‍ കേരളം എന്ന ഒരു ചെറിയ പ്രവിശ്യയുടെ ഭരണം മുന്നോട്ടുകൊണ്ടുപോകുന്നത് എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ഭരണകൂടത്തിന്റെ വര്‍ഗസ്വഭാവം (Class character of the state) എന്ന നേരത്തെ തന്നെ നിരന്തരം ചര്‍ച്ച ചെയ്യപ്പെട്ട, ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന പരിമിതിക്കു പുറമേയാണിത്. അതേപ്പറ്റിയുള്ള ചര്‍ച്ചയ്ക്കിടയില്‍ നവലിബറല്‍ സമ്പദ്‍വ്യവസ്ഥയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പരിമിതികളെപ്പറ്റിയും സംസാരിക്കാനിടവന്നു. ആ സന്ദര്‍ഭത്തില്‍ ‘സമൃദ്ധിയുടെ പങ്കുവെയ്പാണ് സോഷ്യലിസമെന്നും’ ‘സമ്പത്തുല്പാദനം തെറ്റായ ഒരു കാര്യമെന്ന ധാരണ’യ്ക്ക് പരമ്പരാഗതമായി മാര്‍ക്സിസ്റ്റുകള്‍ അടിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഇപ്പോള്‍ നവലിബറല്‍ നയങ്ങളുടെ ഫ്രെയിംവര്‍ക്കിനുള്ളില്‍ തുടരുന്ന വികസന പരിപാടികളുടെ ഇടതുപക്ഷ വിരുദ്ധതയെക്കുറിച്ച് ഉയരുന്ന ആരോപണങ്ങളെക്കുറിച്ച് കൂടി അദ്ദേഹത്തെ ഓര്‍മിപ്പിച്ചപ്പോഴായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ഇന്ത്യയില്‍ ഒരു കമ്യൂണിസ്റ്റ് ഭരണകൂടമല്ല നിലവിലുള്ളത്. കേരളത്തിലേതുപോലെ ഒരു ഇടതുപക്ഷ ജനാധിപത്യ ഗവണ്‍മെന്റ് പോലുമല്ല നിലവിലുള്ളത്. ഇടയ്ക്കിടയ്ക്ക് കമ്യൂണിസ്റ്റ് നേതാക്കന്മാര്‍ ആവര്‍ത്തിക്കാറുള്ള കാര്യമാണത്. അത്തരത്തില്‍ ഒരു ബൂര്‍ഷ്വാ-ഭൂപ്രഭു ഭരണകൂടത്തിനു കീഴില്‍, അനുദിനം ചുരുങ്ങിവരുന്ന ഫെഡറല്‍ സ്വാതന്ത്ര്യങ്ങള്‍ക്കു കീഴില്‍ ഒരു സംസ്ഥാനത്ത് നിലവില്‍ വന്ന ഇടതുപക്ഷ ജനാധിപത്യ പരിപാടി മുന്നോട്ടുവെയ്ക്കുന്ന ഗവണ്‍മെന്റാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. പിന്നെയെന്തിനാണ് സമ്പത്തുല്പാദനത്തെ സംബന്ധിച്ച ഒരു തെറ്റിദ്ധാരണയ്ക്ക് മാര്‍ക്സിസ്റ്റുകാര്‍ അടിപ്പെട്ടിട്ടുണ്ട് എന്ന് സ്വയംവിമര്‍ശനപരമായി ആവര്‍ത്തിക്കപ്പെടുന്നത്? അതിനു നമുക്കു കണ്ടെത്താന്‍ കഴിയുന്ന ഒരേ ഒരു ഉത്തരമേയുള്ളൂ. കേരളത്തില്‍ നവലിബറല്‍ ചട്ടക്കൂടിനുള്ളില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇടതുപക്ഷത്തുനിന്നുള്ള വിമര്‍ശനങ്ങളെ ചരിത്രത്തെ സംബന്ധിച്ച ഒരു യാന്ത്രിക മാര്‍ക്സിസ്റ്റ് വീക്ഷണത്തെ മുന്‍നിര്‍ത്തി നേരിടുക എന്ന സൂക്ഷ്മതന്ത്രമാണത്. ചരിത്രം രേഖീയമായി വികസിക്കുന്നു എന്നതാണ് ഈ യാന്ത്രിക വീക്ഷണത്തില്‍ ഒന്നാമതായി വരുന്നത്. രണ്ടാമത്തേതാകട്ടെ, മുതലാളിത്ത ഉല്പാദനരീതിയും വികസനവും സമ്പത്തുല്പാദനവും പുരോഗതിയും കൊണ്ടുവരട്ടെ, അത് നമുക്കു പിന്നീട് നീതിപൂര്‍വം പങ്കുവെയ്ക്കാം എന്നതാണ്. ഈ രണ്ടു കാര്യങ്ങളും മാര്‍ക്സ് തന്നെ തിരുത്തിയിട്ടുണ്ട്.
തീര്‍ച്ചയായും “മുതലാളിത്തത്തിലൂടെ സമ്പത്തുണ്ടാക്കി, സോഷ്യലിസത്തിലൂടെ അത് നീതിപൂർവം വിതരണം ചെയ്യാം” എന്ന ലളിതവൽക്കരിച്ച ധാരണ ഇന്ത്യയിലടക്കം പലയിടത്തും ഇടതുപക്ഷക്കാര്‍ക്കിടയില്‍ നിലനിൽക്കുന്നുണ്ട് എന്നുവേണം കരുതാന്‍. എന്നാൽ, ഉല്പാദനബന്ധങ്ങളെ മാറ്റാതെ വിതരണത്തെ മാത്രം നന്നാക്കിയെടുക്കാം എന്നത് വെറും വ്യാമോഹമാണെന്ന് 1875-ൽ തന്നെ ‘ഗോദ പരിപാടിയെക്കുറിച്ചുള്ള വിമർശനം’ എന്ന കൃതിയില്‍ കാൾ മാർക്സ് എഴുതിയിട്ടുണ്ട്. ജർമൻ വർക്കേഴ്സ് പാർട്ടിയുടെ കരട് രേഖയിൽ കടന്നുകൂടിയ ഫെർഡിനാൻഡ് ലസ്സാലെയുടെ ആശയങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ടാണ് മാർക്സ് ഈ നിലപാട് വ്യക്തമാക്കുന്നത്. “അദ്ധ്വാനമാണ് എല്ലാ സമ്പത്തിന്റേയും ഉറവിടം” എന്ന ഗോദ പരിപാടിയിലെ പ്രസ്താവന തെറ്റാണെന്നും, പ്രകൃതിയും സമ്പത്തിന്റെ ഉറവിടമാണെന്നും മാർക്സ് ചൂണ്ടിക്കാട്ടുന്നു. അദ്ധ്വാനത്തെ മാത്രം പുകഴ്ത്തുന്നത് വഴി, പ്രകൃതിവിഭവങ്ങൾ കയ്യടക്കി വെച്ചിരിക്കുന്ന മുതലാളിമാരുടെ ഉടമസ്ഥാവകാശത്തെ (Private Property) മറച്ചുവെക്കാനേ സാധിക്കൂ.
മാര്‍ക്സിന്റെ കാഴ്ചപ്പാടില്‍ വിതരണം എന്നത് ഉല്പാദനരീതിയുടെ ഒരു നിഴൽ മാത്രമാണ്; ഉല്പാദനം മുതലാളിത്തപരമാണെങ്കിൽ വിതരണവും അസമത്വത്തിൽ അധിഷ്ഠിതമായിരിക്കും. കമ്യൂണിസത്തെ മാർക്സ് രണ്ട് ഘട്ടങ്ങളായി തിരിക്കുന്നതും ഈ കൃതിയിലാണ്. മുതലാളിത്തത്തിന്റെ അവശേഷിപ്പുകളുള്ള ഒന്നാം ഘട്ടത്തിൽ (സോഷ്യലിസം) ‘ഓരോരുത്തർക്കും അവരുടെ അധ്വാനത്തിന് അനുസരിച്ച്’ എന്ന തത്ത്വം നടപ്പിലാക്കുമ്പോൾ, ഉല്പാദനശക്തികൾ വളർന്ന് സമൃദ്ധിയിലെത്തുന്ന ഉയർന്ന ഘട്ടത്തിൽ (കമ്യൂണിസം) “ഓരോരുത്തരിൽനിന്നും അവരുടെ കഴിവനുസരിച്ച്, ഓരോരുത്തർക്കും അവരുടെ ആവശ്യാനുസരണം” എന്ന തത്ത്വം പ്രാവർത്തികമാകും. ചുരുക്കത്തിൽ, ഉല്പാദന വ്യവസ്ഥയെ ഉടച്ചുവാർക്കാതെ നീതിപൂർവമായ വിതരണം സാധ്യമല്ലെന്ന് ഈ കൃതി അടിവരയിടുന്നുണ്ട്.
ചരിത്രം എന്നത് ഘട്ടംഘട്ടമായുള്ള ഒരു പുരോഗതിയാണ് എന്ന ധാരണയേയും മാർക്സ് തന്റെ അവസാനകാലത്ത് തിരുത്തുന്നുണ്ട്. കാൾ മാർക്സിന്റെ ചിന്തകളിൽത്തന്നെ ‘യൂറോകേന്ദ്രിതമായ ആദ്യകാല മാർക്സും’, ‘എത്‌നോളജിക്കൽ നോട്ട്ബുക്കിലെ മാർക്സും’ തമ്മിലുള്ള വ്യത്യാസം ഇവിടെ പ്രസക്തമാണ്. റഷ്യൻ ഗ്രാമക്കൂട്ടായ്മകളേയും ഇറോക്വാ ഗോത്രങ്ങളേയും മുൻനിർത്തി, മുതലാളിത്തത്തിലൂടെ കടന്നുപോകാതെ തന്നെ സോഷ്യലിസത്തിലേക്ക് എത്താൻ സാധിക്കുമെന്ന് അദ്ദേഹം ചിന്തിച്ചിരുന്നു. മാർക്സിന്റെ പിൽക്കാല ചിന്തയായ ‘ബഹുസ്വരമായ ചരിത്രവഴികളെ’ ശരിവെയ്ക്കുന്ന അടുത്തകാലത്തിറങ്ങിയ രണ്ടു കൃതികള്‍ ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാകുന്നു. ജെയിംസ് സി. സ്കോട്ടിന്റെ ‘Against the Grain’ A Deep History of the Earliest States (2017) എന്ന പുസ്തകമാണ് ഒന്നാമത്തേത്. ഡേവിഡ് ഗ്രേബറും ഡേവിഡ് വെൻഗ്രോയും ചേർന്നെഴുതിയ ‘The Dawn of Everything: A New History of Humanity’ (2021) ആണ് രണ്ടാമത്തെ പുസ്തകം.
ഒഴുക്കിനെതിരെ നീന്തുന്ന ചിന്തകള്‍
മനുഷ്യസമൂഹത്തിന്റെ ആദ്യകാല ചരിത്രത്തെക്കുറിച്ച് ഇന്നും നിലനിൽക്കുന്ന പ്രബലമായ ഒരു ധാരണയുണ്ട്. നവശിലായുഗത്തിലെ കാർഷിക വിപ്ലവമാണ് (Neolithic Revolution) സസ്യങ്ങളേയും മൃഗങ്ങളേയും മെരുക്കിയെടുക്കുന്നതിലേക്കും അതുവഴി സ്ഥിരവാസത്തിലേക്കും ഒടുവിൽ ഭരണകൂടങ്ങളുടെ (States) രൂപീകരണത്തിലേക്കും നയിച്ചത് എന്നതാണിത്. ആദ്യകാല ഭരണകൂടങ്ങളെ മനുഷ്യപുരോഗതിയുടെ നാഴികക്കല്ലുകളായാണ് പൊതുവെ വിലയിരുത്തുന്നത്. നാഗരികത, ക്രമസമാധാനം, ആരോഗ്യം, വിശ്രമജീവിതം എന്നിവ മനുഷ്യനു സമ്മാനിച്ച ഒരു നേർരേഖയിലുള്ള വളർച്ചയുടെ ഭാഗമായിട്ടാണ് ഇതിനെ കാണുന്നത്.
എന്നാൽ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നടന്ന പുരാവസ്തു ഗവേഷണങ്ങൾ ഈ ധാരണയെ പാടെ തിരുത്തുന്ന തെളിവുകളാണ് നൽകുന്നത്. ജെയിംസ് സി. സ്കോട്ടിന്റെ ‘എഗെയ്ൻസ്റ്റ് ദ ഗ്രെയിൻ’ എന്ന കൃതി, ലഭ്യമായ അനേകം പുരാവസ്തു പഠനങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ആദ്യകാല ഭരണകൂടങ്ങളുടെ യഥാർത്ഥ ചിത്രം വെളിപ്പെടുത്താൻ ശ്രമിക്കുന്നു. സ്കോട്ട് ഒരു പുരാവസ്തു ഗവേഷകനല്ല; മറിച്ച്, നിലവിലുള്ള അറിവുകളെ കോർത്തിണക്കി അതിൽനിന്നും വിശാലമായ ചില നിഗമനങ്ങളിൽ എത്തിച്ചേരുകയാണ് അദ്ദേഹം ചെയ്യുന്നത്.
ഈ പുസ്തകത്തിന്റെ തലക്കെട്ടുതന്നെ രസകരമായ ഒന്നാണ്. Grain എന്നതിന് മലയാളത്തില്‍ നമ്മള്‍ ധാന്യം എന്നാണല്ലോ അര്‍ത്ഥമാക്കുന്നത്. ഈ പുസ്തകം ധാന്യങ്ങളുടെ ഉല്പാദനത്തെ ആശ്രയിച്ചു ജീവിക്കാന്‍ തുടങ്ങിയ കാലത്തെക്കുറിച്ചുള്ള ഒരു വിമര്‍ശനമാണ്. എന്നാല്‍, ഈ പുസ്തകത്തിന്റെ തലക്കെട്ടാകട്ടെ, Double Entendre എന്നോ Pun എന്നോ ഒക്കെ പറയാവുന്ന ഇരട്ട അര്‍ത്ഥമുള്ള ഒരു ഭാഷാപ്രയോഗമാണ്. ഇംഗ്ലീഷ് ഭാഷയില്‍ത്തന്നെ മരപ്പണിയുമായി ബന്ധപ്പെട്ട് ഉരുവംകൊണ്ട ഒരു ഭാഷാപ്രയോഗമാണ് ഇത്. തടിയുടെ നാരുകൾക്ക് (Grain) വിപരീതമായി ചീകുകയോ അറക്കുകയോ ചെയ്യുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്; അത് സ്വാഭാവികമായ വഴിയല്ല. അതുകൊണ്ട്, ഒരു വ്യക്തി ‘Against the grain’ ആയി പ്രവർത്തിക്കുന്നു എന്നു പറഞ്ഞാൽ, അയാൾ പതിവിനു വിപരീതമായി പ്രവർത്തിക്കുന്നു അല്ലെങ്കിൽ പൊതുസമ്മതമായ ധാരണകൾക്ക് എതിരെ നിൽക്കുന്നു, ഒഴുക്കിനെതിരെ നീന്തുന്നു എന്നൊക്കെയാകുന്നു അർത്ഥം. ചരിത്രത്തിന്റേയും സമൂഹത്തിന്റേയും ഗതിവിഗതികളെക്കുറിച്ചുള്ള അക്കാദമിക ലോകത്തെ അംഗീകൃത സിദ്ധാന്തങ്ങളെ പരോക്ഷമായി ഖണ്ഡിച്ചുകൊണ്ട് എഴുതപ്പെട്ട പുസ്തകമായതുകൊണ്ടാണ് അദ്ദേഹം ഈ പുസ്തകത്തിന് ഇങ്ങനെ ഒരു പേരു നല്‍കുന്നത്.
“നമ്മുടെ ചരിത്രത്തിൽ വളരെ അടുത്തകാലത്തു മാത്രം, ധാന്യകൃഷിയേയും വളർത്തുമൃഗങ്ങളേയും ആശ്രയിച്ച്, തിങ്ങിപ്പാർക്കുന്ന ജനതയെ ഭരിക്കുന്ന ഭരണകൂടങ്ങൾ എങ്ങനെ രൂപപ്പെട്ടു?” എന്ന ചോദ്യമാണ് സ്കോട്ട് പ്രധാനമായും ഉന്നയിക്കുന്നത്. ഏകദേശം 6,000 വർഷങ്ങൾക്കു മുന്‍പ് ആദ്യത്തെ ഭരണകൂടങ്ങൾ ഉദയം ചെയ്ത തെക്കൻ മെസൊപ്പൊട്ടേമിയയാണ് അദ്ദേഹത്തിന്റെ പ്രധാന പഠനവിഷയം. ചൈന, ഗ്രീസ്, റോം, മായൻ സംസ്കാരങ്ങൾ എന്നിവയുമായി അദ്ദേഹം താരതമ്യപഠനവും നടത്തുന്നുണ്ട്. ആദ്യകാല ഭരണകൂടങ്ങൾ മനുഷ്യജീവിതം സുഖകരമാക്കി എന്ന വാദത്തെ സ്കോട്ട് ചോദ്യം ചെയ്യുന്നു.
വേട്ടയാടിയും വനവിഭവങ്ങൾ ശേഖരിച്ചും ജീവിച്ചിരുന്നവർക്ക് (Hunter-gatherers) ഒരിടത്ത് സ്ഥിരതാമസമാക്കാൻ കൃഷി അത്യന്താപേക്ഷിതമായിരുന്നു എന്നതായിരുന്നു പഴയ വിശ്വാസം. എന്നാൽ, സസ്യങ്ങളെ മെരുക്കിയെടുക്കുന്നതിനും എത്രയോ മുന്‍പ് തന്നെ മനുഷ്യർ സ്ഥിരവാസം തുടങ്ങിയിരുന്നതായി തെളിവുകളുണ്ട്. സിറിയ, തുർക്കി, ഇറാൻ എന്നിവിടങ്ങളിലെ ജലസമൃദ്ധമായ പ്രദേശങ്ങളിൽ വേട്ടയാടിയും മീൻപിടിച്ചും മനുഷ്യർ സ്ഥിരമായി താമസിച്ചിരുന്നു. മാത്രമല്ല, ധാന്യകൃഷി ആരംഭിച്ച് ഏകദേശം 4,000 വർഷങ്ങൾക്കുശേഷമാണ് ആദ്യത്തെ ഭരണകൂടങ്ങൾ തന്നെ രൂപപ്പെടുന്നത്. അതുകൊണ്ട് കാർഷികവൃത്തി സ്വാഭാവികമായും ഭരണകൂട രൂപീകരണത്തിലേക്ക് നയിച്ചു എന്ന വാദം തെറ്റാണെന്ന് സ്കോട്ട് വാദിക്കുന്നു.
ജലസേചന സൗകര്യങ്ങൾ ഒരുക്കുന്നതിനും കാർഷികോല്പാദനം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഭരണകൂടങ്ങൾ രൂപപ്പെട്ടതെന്നതാണ് പൊളിച്ചെഴുതപ്പെടുന്ന മറ്റൊരു മിഥ്യാധാരണ. ഇന്നത്തെ മെസൊപ്പൊട്ടേമിയ വരണ്ട പ്രദേശമാണെങ്കിലും ബി.സി.ഇ 6,000-ൽ അത് ഫലഭൂയിഷ്ഠമായ തണ്ണീർത്തടങ്ങളായിരുന്നു. ഭക്ഷണവും വിഭവങ്ങളും സുലഭമായിരുന്ന ഈ പ്രദേശത്താണ് ആദ്യകാല ഭരണകൂടങ്ങൾ വളർന്നത്. അതുകൊണ്ട് ജലസേചനത്തിന്റെ ആവശ്യകതയിൽ നിന്നല്ല ഭരണകൂടങ്ങൾ ഉണ്ടായത്.
എളുപ്പത്തിൽ ഭക്ഷണം ലഭിച്ചിരുന്ന ജീവിതരീതി ഉപേക്ഷിച്ച്, കഠിനാധ്വാനം ആവശ്യമുള്ള കൃഷിയിലേക്ക് മനുഷ്യർ എന്തിനു തിരിഞ്ഞു? സ്കോട്ടിന്റെ അഭിപ്രായത്തിൽ, നദീതീരങ്ങളിലെ വെള്ളപ്പൊക്കത്തിനുശേഷം അടിയുന്ന എക്കൽ മണ്ണിൽ വിത്ത് വിതയ്ക്കുന്ന ലളിതമായ രീതിയിലാവാം കൃഷി തുടങ്ങിയത്. എന്നാൽ, പിന്നീട് കലപ്പ ഉപയോഗിച്ചുള്ള കഠിനമായ കൃഷിരീതികളിലേയ്ക്കു മാറാൻ കാരണം ജനസംഖ്യാ വർദ്ധനവും വന്യമൃഗങ്ങളുടെ ലഭ്യതയിലുണ്ടായ കുറവുമാകാം. കൂടുതൽ അദ്ധ്വാനിച്ച് കൂടുതൽ ഭക്ഷണം ഉല്പാദിപ്പിക്കാൻ അവർ നിർബന്ധിതരായി.
ഭരണകൂടങ്ങളുടെ ഉദയം മനുഷ്യചരിത്രത്തിലെ ഒരു സുവർണകാലഘട്ടമായിരുന്നു എന്ന വാദത്തെ സ്കോട്ട് ശക്തമായി എതിർക്കുന്നു. കാർഷികസമൂഹം യഥാർത്ഥത്തിൽ മനുഷ്യന്റെ ആരോഗ്യത്തേയും പോഷകാഹാര ലഭ്യതയേയും ദോഷകരമായി ബാധിക്കുകയാണ് ചെയ്തത്. ഒരേയൊരുതരം ധാന്യത്തെ മാത്രം ആശ്രയിക്കുന്നത് പോഷകക്കുറവിനും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ക്ഷാമത്തിനും കാരണമായി. വേട്ടയാടി ജീവിച്ചിരുന്നവരെ അപേക്ഷിച്ച് കർഷകർ ശരീരം മെലിഞ്ഞവരും രോഗബാധിതരുമായി മാറി. പേലിയോപത്തോളജി' (Paleopathology - പുരാതന രോഗപഠനം), ‘ബയോആർക്കിയോളജി'’ (Bioarchaeology) എന്നീ ശാഖകളിൽ നടന്ന വിപുലമായ ശാസ്ത്രീയപഠനങ്ങളെ അടിസ്ഥാനമാക്കി നവീനശിലായുഗത്തിന്റെ അന്ത്യത്തോടെ മനുഷ്യൻ വേട്ടയാടൽ ജീവിതം ഉപേക്ഷിച്ച് സ്ഥിരവാസത്തിലേക്കും കൃഷിയിലേക്കും മാറിയത് ശരീരപ്രകൃതിയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത് എന്ന നിഗമനത്തില്‍ ശാസ്ത്രലോകം എത്തിച്ചേര്‍ന്നിട്ടുണ്ട്. ‘പുരോഗതി’ എന്ന് നാം വിളിക്കുന്ന ഈ മാറ്റം യഥാർത്ഥത്തിൽ മനുഷ്യശരീരത്തെ ദുർബലപ്പെടുത്തുകയാണ് ചെയ്തത്. ഇതിൽ ഏറ്റവും പ്രകടമായ മാറ്റം ഉയരത്തിലുണ്ടായ കുറവാണ്. മാംസ്യം കുറഞ്ഞതും അന്നജം കൂടിയതുമായ ഭക്ഷണരീതിയിലേക്ക് മാറിയതോടെ പുരുഷന്മാരുടെ ശരാശരി ഉയരം ഏകദേശം അഞ്ച് അടി 10 ഇഞ്ചിൽനിന്ന് അഞ്ച് അടി അഞ്ച് ഇഞ്ചായും സ്ത്രീകളുടേത് അഞ്ച് അടി ആറ് ഇഞ്ചിൽനിന്ന് അഞ്ച് അടി ഒരിഞ്ചായും കുറഞ്ഞു. വേട്ടയാടി നടന്ന കാലത്തെ ബലമുള്ള എല്ലുകൾക്കു പകരം, കഠിനമായ ഓട്ടവും സഞ്ചാരവും കുറഞ്ഞതോടെ മനുഷ്യന്റെ അസ്ഥികൾ കൂടുതൽ നേർത്തതും ദുർബലവുമായി (Gracilization) മാറിയെന്നും പറയുന്നത്. ജോര്‍ജ് ആര്‍മിലാഗോസ്, മാര്‍ക്ക് നതാന്‍ കോഹെന്‍, ക്ലാര്‍ക്ക് സ്പെന്‍സര്‍ ലാര്‍സന്‍ എന്നിവര്‍ നടത്തിയ പഠനങ്ങള്‍ ഈ മാറ്റങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ആദ്യകാല ഭരണകൂടങ്ങൾ വളരെ ദുർബലമായിരുന്നു. ജനസാന്ദ്രതയും ഇണക്കി വളര്‍ത്തിയ മൃഗങ്ങളും പകർച്ചവ്യാധികൾക്ക് കാരണമായി. പലപ്പോഴും ഭരണകൂടങ്ങളുടെ തകർച്ച ജനങ്ങൾക്ക് ‘ഇരുണ്ട യുഗ’ത്തേക്കാൾ (Dark age) സ്വാതന്ത്ര്യത്തിന്റേയും ആരോഗ്യത്തിന്റേയും കാലമായിരുന്നു എന്നാണ് സ്കോട്ട് നിരീക്ഷിക്കുന്നത്.
ഭരണകൂടങ്ങൾ നിലനിന്നത് തന്നെ അടിമപ്പണിയിലും നിർബന്ധിത തൊഴിലിലുമാണ്. യുദ്ധത്തടവുകാരെ അവരുടെ കഴിവനുസരിച്ച് തരംതിരിച്ച് പണിയെടുപ്പിച്ചിരുന്നു. നഗരങ്ങൾക്ക് ചുറ്റും വൻമതിലുകൾ പണിതത് ശത്രുക്കളെ തടയാൻ മാത്രമല്ല, പ്രജകൾ ഓടിപ്പോകാതിരിക്കാൻ കൂടിയായിരുന്നു. മെച്ചപ്പെട്ട ജീവിതം വാഗ്ദാനം ചെയ്യുന്ന ഇടങ്ങളായിരുന്നില്ല, മറിച്ച് ഭയപ്പെടുത്തുന്ന ഇടങ്ങളായിരുന്നു ഈ ഭരണകൂടങ്ങൾ.
സ്കോട്ടിന്റെ ‘എഗേയ്ന്‍സ്റ്റ് ദ ഗ്രെയിന്‍’ എന്ന പുസ്തകം ക്ലാസിക്കൽ മാർക്സിസ്റ്റ് ചിന്താഗതിയോട്, പ്രത്യേകിച്ച് ചരിത്രപരമായ ഭൗതികവാദത്തോട് (Historical Materialism) ചേർന്നുനിൽക്കുന്ന ഒന്നാണെന്നാണ് തീര്‍ച്ചയായും വായനയില്‍നിന്നും ബോദ്ധ്യമാകുന്ന ഒന്നാമത്തെ കാര്യം. മിക്കപ്പോഴും ഏറെ യാന്ത്രികമായി വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും വസ്തുനിഷ്ഠതയിലൂന്നിയ അടിത്തറ - മേൽപ്പുര (Base and Superstructure) സിദ്ധാന്തത്തെ അത് ശരിവെയ്ക്കുന്നുമുണ്ട്. മാർക്സിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ് സാമ്പത്തിക അടിത്തറയാണ് (Base) സമൂഹത്തിന്റെ രാഷ്ട്രീയ മേൽപ്പുരയെ (Superstructure) തീരുമാനിക്കുന്നത് എന്നത്. സ്കോട്ടിന്റെ പുസ്തകം ഈ സങ്കല്പത്തെ മുറുകെപ്പിടിക്കാന്‍ മടികാട്ടുന്നില്ല. സ്കോട്ട് വാദിക്കുന്നത് ‘ധാന്യം’ (Grain) എന്ന ഭൗതിക വസ്തുവാണ് ഭരണകൂടം, നികുതി, സൈന്യം, നിയമം എന്നിവയെ സൃഷ്ടിച്ചത് എന്നാണ്. ഗോതമ്പ് സൂക്ഷിച്ചുവെക്കാനും അളക്കാനും എളുപ്പമായതുകൊണ്ടാണ് (Material condition) അത് ചൂഷണത്തിനു വഴിയൊരുക്കിയത് എന്നും സ്കോട്ട് ചൂണ്ടിക്കാട്ടുന്നു.
ആദിമ സഞ്ചയം (Primitive Accumulation) എന്ന മാര്‍ക്സിയന്‍ പരികല്പനയേയും സ്കോട്ടിന്റെ നിരീക്ഷണങ്ങള്‍ സാധൂകരിക്കുന്നുണ്ട്. കർഷകരെ ബലമായി പിടിച്ചുനിർത്തി, മതിലുകൾക്കുള്ളിലാക്കി, അവരുടെ അദ്ധ്വാനഫലം കവർന്നെടുത്താണ് ആദ്യകാല ഭരണകൂടങ്ങൾ മൂലധനം ഉണ്ടാക്കിയത്. ഇത് സമാധാനപരമായ ഒരു മാറ്റമായിരുന്നില്ല, മറിച്ച് വൻ അക്രമത്തിലൂടെ നടന്ന ഒന്നാണെന്ന് സ്കോട്ട് തെളിയിക്കുന്നു. എംഗൽസ് തന്റെ ‘കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉദ്ഭവം’ എന്ന പുസ്തകത്തിൽ പറഞ്ഞതുപോലെ, ഭരണകൂടം എന്നത് വർഗവൈരുദ്ധ്യങ്ങളിൽനിന്ന് (Class Antagonism) ഉദയം ചെയ്ത ഒന്നാണ്. അത് ഒരു മർദനോപകരണം (State as an Instrument of Oppression) ആണ്. സ്കോട്ടിന്റെ കാഴ്ചപ്പാടിലും ഭരണകൂടം എന്നത് ജനക്ഷേമത്തിനായി സൃഷ്ടിക്കപ്പെട്ടതല്ല. മറിച്ച് മിച്ചമൂല്യം (Surplus) കവർന്നെടുക്കാനായി ഭരണവർഗം ഉണ്ടാക്കിയ ഒരു ഉപകരണമാണ്.
വളരെ യാന്ത്രികമായ ഒരു മാർക്സിസ്റ്റ് വായനയിൽ, സ്കോട്ട് ‘ധാന്യങ്ങൾ’ക്ക് നൽകുന്ന പ്രാധാന്യം ഒരുതരം ‘ഭൗതിക നിർണയവാദം’ (Material Determinism) ആയിപ്പോയോ എന്ന് സംശയിച്ചേക്കാം. വർഗസമരത്തേക്കാൾ (Class Struggle) അദ്ദേഹം ഊന്നൽ നൽകിയത് പാരിസ്ഥിതിക ഘടകങ്ങൾക്കാണെന്നും കാണാം.
സ്കോട്ടിന്റെ വിശകലനത്തിൽ മറ്റൊരു പ്രധാന പോരായ്മയുണ്ട്. ഭൗതിക സാഹചര്യങ്ങളെക്കുറിച്ച് പറയുമ്പോഴും ചരിത്രത്തെ രൂപപ്പെടുത്തുന്നതിൽ മനുഷ്യന്റെ ഇച്ഛാശക്തിക്കുള്ള (Human Agency) പങ്കിനെ അദ്ദേഹം കാണാതെ പോകുന്നു. നികുതി പിരിക്കാനും സൂക്ഷിച്ചുവെയ്ക്കാനും എളുപ്പമായതുകൊണ്ടാണ് ധാന്യങ്ങൾ (Grains) ഭരണകൂടങ്ങളുടെ അടിത്തറയായതെന്ന് സ്കോട്ട് വാദിക്കുന്നു. കിഴങ്ങുവർഗങ്ങൾ മണ്ണിനടിയിൽ കിടക്കുന്നതുകൊണ്ട് നികുതി പിരിക്കാൻ പ്രയാസമാണ്. ഈ വാദം യുക്തിഭദ്രമാണെങ്കിലും ഭരണകൂടങ്ങൾ ‘എന്തുകൊണ്ട്’ രൂപപ്പെട്ടു എന്ന് ഇതു വിശദീകരിക്കുന്നില്ല. ഇതൊരു യാന്ത്രികമായ നിർണയവാദം (Mechanical determinism) മാത്രമായി മാറുന്നു.
ഭരണകൂടങ്ങൾ സ്വയംഭൂവായ ഒന്നല്ല, മറിച്ച് മിച്ചം വരുന്ന ഉല്പാദനം കൈക്കലാക്കിയ ഒരു ന്യൂനപക്ഷം തങ്ങളുടെ അധികാരം നിലനിർത്താൻ രൂപപ്പെടുത്തിയ ഉപകരണങ്ങളാണ്. ചൂഷണം ചെയ്യുന്ന ഭരണവർഗത്തിനെതിരെ ജനങ്ങൾ നടത്തിയ പോരാട്ടങ്ങളുടെ തെളിവുകൾ (ഉദാഹരണത്തിന് തുർക്കിയിലെ Çayönü പ്രദേശം) പുരാവസ്തു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. വർഗപരമായ ഈ വശത്തിനു സ്കോട്ട് വേണ്ടത്ര ഊന്നല്‍ നല്‍കിയില്ലെങ്കിലും.
ആദ്യകാല കാർഷിക സമൂഹങ്ങളുടേയും ഭരണകൂടങ്ങളുടേയും യഥാർത്ഥ ചിത്രം നൽകുന്നതിൽ ‘എഗെയ്ൻസ്റ്റ് ദ ഗ്രെയിൻ’ എന്ന പുസ്തകം വലിയൊരു സംഭാവനയാണ്.
മനുഷ്യരാശിയുടെ ചരിത്രം എല്ലായ്‌പോഴും ഏകദിശോന്മുഖമായ ഒരു യാത്രയല്ല; മറിച്ച് ഇരുദിശകളിലേക്കും ചലിക്കുന്ന ഒരു പ്രവാഹമായിട്ടാണ് ഈ പുസ്തകത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. ജനങ്ങൾ ഭരണകൂട വ്യവസ്ഥകളിലേക്ക് മാറിയിട്ടുണ്ട്. എന്നാൽ, ഭരണകൂടങ്ങൾ പരാജയപ്പെടുകയോ അമിതമായ മർദകസ്വഭാവം കാണിക്കുകയോ ചെയ്തപ്പോഴൊക്കെയും ഭരണകൂടമില്ലാത്ത ‘അപരിഷ്കൃത’ (barbarian) ജീവിതരീതികളിലേക്ക് അവർ മടങ്ങിപ്പോയിട്ടുണ്ടെന്ന് പുസ്തകത്തില്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ ലൂയി ഹെന്റി മോര്‍ഗന്റെ ദ ആന്‍ഷ്യന്റ് സൊസൈറ്റി പോലുള്ളവയോടാണ് ചരിത്രത്തെ വിവിധ ഘട്ടങ്ങളാക്കി ചിത്രീകരിക്കുന്ന മാര്‍ക്സിന്റെ വ്യാഖ്യാനങ്ങള്‍ കടപ്പെട്ടിരിക്കുന്നത്.
വളഞ്ഞും പുളഞ്ഞും ഒരു പുഴ
ഡേവിഡ് ഗ്രേബറും ഡേവിഡ് വെൻഗ്രോയും ചേർന്നെഴുതിയ ‘ദ ഡോൺ ഓഫ് എവരിതിങ്: എ ന്യൂ ഹിസ്റ്ററി ഓഫ് ഹ്യുമാനിറ്റി’ എന്ന പുസ്തകവും മനുഷ്യചരിത്രത്തെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത ധാരണകളെ അപ്പാടെ പൊളിച്ചെഴുതുന്നുണ്ട്. മാര്‍ക്സിസ്റ്റുകളും മനുഷ്യപുരോഗതിയുടെ ഘട്ടങ്ങളെ (Linear Progress) ഈ പുസ്തകം ചോദ്യം ചെയ്യുന്നു. മനുഷ്യർ ആദ്യം വേട്ടയാടി നടന്ന ചെറിയ സംഘങ്ങളായിരുന്നുവെന്നും പിന്നീട് കൃഷി കണ്ടുപിടിച്ചതോടെ സ്വകാര്യസ്വത്തും നഗരങ്ങളും ഉണ്ടായെന്നും അതിനെ നിയന്ത്രിക്കാൻ രാജാക്കന്മാരും ഭരണകൂടങ്ങളും അനിവാര്യമായി വന്നുവെന്നുമാണ് നാം സാധാരണയായി വിശ്വസിച്ചുപോരുന്ന ചരിത്രം. “നാഗരികത വേണമെങ്കിൽ അസമത്വം (Inequality) സഹിച്ചേ പറ്റൂ” എന്ന ചിന്താഗതിയാണ് ഇതിലൂടെ നിർമിക്കപ്പെട്ടത്. എന്നാൽ, ഗ്രേബറും വെൻഗ്രോയും ഈ ധാരണ തെറ്റാണെന്ന് സമർത്ഥിക്കുന്നു. മനുഷ്യചരിത്രം ഇത്ര ലളിതമായ ഒരു രേഖയിലൂടെയല്ല സഞ്ചരിച്ചത്; മറിച്ച് പതിനായിരക്കണക്കിനു വർഷങ്ങളായി മനുഷ്യർ വളരെ സങ്കീർണവും പരീക്ഷണാത്മകവും വൈവിധ്യപൂർണവുമായ രാഷ്ട്രീയ സംവിധാനങ്ങളിലാണ് ജീവിച്ചിരുന്നത്.
യൂറോപ്യൻ നവോത്ഥാന കാലഘട്ടത്തിലാണ് ‘സ്വാതന്ത്ര്യം’, ‘സമത്വം’ തുടങ്ങിയ ആശയങ്ങൾ ഉണ്ടായതെന്ന പാശ്ചാത്യരുടെ അവകാശവാദത്തേയും തദ്ദേശീയരുടെ വിമർശനം (The Indigenous Critique) എന്ന ആശയത്തിലൂടെ ഈ പുസ്തകം നേരിടുന്നുണ്ട്. യഥാർത്ഥത്തിൽ ഈ ആശയങ്ങൾ അമേരിക്കയിലെ തദ്ദേശീയ ജനതയിൽനിന്ന് യൂറോപ്യന്മാർക്ക് ലഭിച്ചതാണ്. കാൻഡിയാറോങ്ക് (Kandiaronk) എന്ന തദ്ദേശീയ നേതാവിനെ ഇതിൽ എടുത്തുപറയുന്നുണ്ട്. യൂറോപ്യൻ സമൂഹത്തിലെ പണത്തിനോടുള്ള ആർത്തി, അധികാരം, ദാരിദ്ര്യം എന്നിവയെ അദ്ദേഹം നിശിതമായി വിമർശിച്ചിരുന്നു. ഈ വിമർശനങ്ങളിൽനിന്നാണ് പാശ്ചാത്യ ചിന്തകർ തന്നെ തങ്ങളുടെ സമൂഹത്തെപ്പറ്റി പുനരാലോചന തുടങ്ങിയത്. ആദിമ മനുഷ്യർക്ക് പ്രധാനമായും മൂന്നുതരം സ്വാതന്ത്ര്യങ്ങൾ ഉണ്ടായിരുന്നതായി ഗ്രേബറും വെൻഗ്രോയും നിരീക്ഷിക്കുന്നു. ഇഷ്ടമില്ലാത്ത ഒരിടത്തുനിന്ന് മാറിപ്പോകാനുള്ള സ്വാതന്ത്ര്യം, ആരെങ്കിലും അധികാരം കാണിച്ചാൽ അത് വകവെച്ചുകൊടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം, തങ്ങളുടെ സമൂഹത്തിന്റെ നിയമങ്ങളേയും ഘടനയേയും ആവശ്യാനുസരണം മാറ്റിമറിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയായിരുന്നു അവ. ഇന്നത്തെ ഭരണകൂടങ്ങളിൽ നമുക്ക് ഈ മൂന്ന് സ്വാതന്ത്ര്യങ്ങളും നഷ്ടപ്പെട്ടു എന്നതാണ് നമ്മുടെ യഥാർത്ഥ പ്രശ്നം.
കൃഷി തുടങ്ങിയതുകൊണ്ട് മനുഷ്യർ സ്വാഭാവികമായും അടിമകളായി മാറി എന്ന വാദത്തേയും ഈ കൃതി നിരാകരിക്കുന്നു. കൃഷി ചെയ്തിട്ടും ഭരണകൂടങ്ങളോ രാജാക്കന്മാരോ ഇല്ലാതെ ജീവിച്ച ഉക്രൈനിലെ മെഗാ-സൈറ്റുകൾ, മെക്സിക്കോയിലെ തിയോത്തിവാക്കൻ (Teotihuacan) പോലുള്ള വലിയ നഗരങ്ങൾ ചരിത്രത്തിലുണ്ടായിരുന്നു. ഇവിടെയൊക്കെ ആയിരക്കണക്കിന് ആളുകൾ തിങ്ങിപ്പാർത്തിട്ടും അവിടെ കൊട്ടാരങ്ങളോ ക്ഷേത്രങ്ങളോ വലിയ ഭരണാധികാരികളോ ഉണ്ടായിരുന്നില്ല (നമ്മുടെ സിന്ധുനദീതടത്തില്‍നിന്നും കണ്ടെടുക്കപ്പെട്ട സാംസ്കാരികാവശിഷ്ടങ്ങളില്‍നിന്നും നമുക്ക് ഇതുവരെ ഒരു കേന്ദ്രീകൃത ഭരണകൂടത്തിന്റേയും ക്ഷേത്രങ്ങളുടേയും അവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായിട്ടില്ല എന്ന് ഈ സന്ദര്‍ഭത്തില്‍ ഓര്‍മിപ്പിക്കുന്നു). ഇവിടങ്ങളിലൊക്കെ കാര്യങ്ങള്‍ ജനാധിപത്യപരമായോ കൂട്ടായോ ആയിട്ടായിരിക്കണം തീരുമാനിച്ചിരുന്നത്. മാത്രമല്ല, പുരാതന മനുഷ്യർ ഋതുക്കൾക്കനുസരിച്ചുള്ള രാഷ്ട്രീയം (Seasonal Politics) പയറ്റിയിരുന്നു. ചില സമൂഹങ്ങൾ വേട്ടയാടൽ കാലത്ത് കടുത്ത നിയന്ത്രണങ്ങളുള്ള ചെറിയ സംഘങ്ങളായി മാറുമ്പോൾ, വർഷത്തിന്റെ മറ്റു സമയങ്ങളിൽ അവർ എല്ലാം പങ്കുവെയ്ക്കുന്ന ആർക്കും അധികാരമില്ലാത്ത വലിയ കൂട്ടങ്ങളായി മാറും. അവർക്ക് അധികാരത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും വ്യക്തമായ ബോധമുണ്ടായിരുന്നു. അധികാരം തലയ്ക്കു പിടിക്കാതിരിക്കാൻ അവർ ബോധപൂർവം ഇത്തരം മാറ്റങ്ങൾ വരുത്തിയിരുന്നു.
ചുരുക്കത്തിൽ, “എവിടെനിന്നാണ് അസമത്വം തുടങ്ങിയത്?” എന്ന ചോദ്യം തന്നെ തെറ്റാണെന്ന് ഗ്രേബറും വെൻഗ്രോയും പറയുന്നു. കാരണം ചരിത്രത്തിൽ ഉടനീളം അസമത്വം വരികയും പോവുകയും ചെയ്തിട്ടുണ്ട്. “നമ്മൾ എങ്ങനെയാണ് കുടുങ്ങിപ്പോയത്?” (How did we get stuck?) എന്നതാണ് യഥാർത്ഥ ചോദ്യം. പണ്ട് മനുഷ്യർക്ക് തങ്ങളുടെ ഭരണരീതികൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് മാറ്റിപ്പണിയാൻ സാധിച്ചിരുന്നു. എന്നാൽ, ഇന്നു നമുക്ക് അതിനു സാധിക്കുന്നില്ല. ഒരു മോശം വ്യവസ്ഥിതിയിൽ നമ്മൾ കുടുങ്ങിപ്പോയിരിക്കുന്നു. മനുഷ്യർ ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ പരിണമിച്ച് ഒടുവിൽ ഭരണകൂടങ്ങളുടെ കീഴിലായി എന്ന വാദം ഈ പുസ്തകം തള്ളിക്കളയുന്നു. നമ്മുടെ പൂർവികർ നമ്മളെക്കാൾ രാഷ്ട്രീയ ബോധമുള്ളവരും പരീക്ഷണങ്ങൾ നടത്താൻ ധൈര്യമുള്ളവരും ആയിരുന്നു. ചരിത്രം എന്നത് ഒരു നേർരേഖയല്ല, മറിച്ച് സാദ്ധ്യതകളുടെ ഒരു വലിയ കലവറയാണ് എന്നു നമ്മെ ഓർമിപ്പിക്കുന്നതോടൊപ്പം വർത്തമാനകാലത്തെ മാറ്റാൻ നമുക്ക് ഇനിയും സാധിക്കും എന്ന പ്രത്യാശയും ഈ പുസ്തകം നൽകുന്നു.
‘ദ ഡോൺ ഓഫ് എവരിതിങ്’ എന്ന പുസ്തകം ഘട്ടങ്ങളായുള്ള വികാസത്തെ ചോദ്യം ചെയ്യുന്നു (Challenging Stageism). കേരളത്തിലടക്കമുള്ള കമ്യൂണിസ്റ്റുകള്‍ ആദ്യം പ്രാകൃതകമ്യൂണിസവും പിന്നീട് അടിമത്തവും നാടുവാഴിത്തവും നാടുവാഴിത്തത്തില്‍നിന്നും മുതലാളിത്തവും മുതലാളിത്തത്തെ തകര്‍ത്ത് സോഷ്യലിസവും സോഷ്യലിസത്തില്‍നിന്നും ക്രമേണ ചരിത്രപരമായി സമൂഹം പരിവര്‍ത്തനം ചെയ്യപ്പെട്ട് കമ്യൂണിസവും വരുന്നെന്ന് കരുതുന്നവരാണ്. നേര്‍രേഖയിലൂടെ മാത്രം നീങ്ങുന്ന ഒന്നായിട്ടാണ് അവര്‍ ചരിത്രത്തെ കരുതിപ്പോരുന്നത്. എന്നാല്‍, ഈ പുസ്തകം സ്റ്റാലിന്റെ കാലഘട്ടത്തില്‍ പ്രചരിച്ച ‘ഘട്ടങ്ങളായുള്ള വികാസം’ (Stage Theory) അടക്കമുള്ള മാർക്സിസ്റ്റ് ചരിത്രരചനയിലെ ചില യാന്ത്രിക സമീപനങ്ങളെ വെല്ലുവിളിക്കുന്നുണ്ട്. മാർക്സിസ്റ്റ് ചരിത്രത്തിൽ, മനുഷ്യർ ആദ്യം ‘ആദിമ കമ്യൂണിസ’ത്തിൽ ആയിരുന്നു എന്നും പിന്നീട് അടിമത്തത്തിലേക്കും നാടുവാഴിത്തത്തിലേക്കും മുതലാളിത്തത്തിലേക്കും വളർന്നു എന്നും ഉള്ള മാര്‍ക്സിസ്റ്റ് ധാരണയെ ഗ്രേബറും വെൻഗ്രോയും തിരുത്തുന്നു, “ആദിമ മനുഷ്യർ ലളിതമായ സമത്വവാദം മുറുകെപ്പിടിച്ചവര്‍ ആയിരുന്നു” എന്നതിനേക്കാളുപരി സങ്കീർണമായ രാഷ്ട്രീയബോധമുള്ളവരായിരുന്നു അവര്‍. “ആട്ടിൻകൂട്ടങ്ങളെപ്പോലെ ചരിത്രത്തിലൂടെ തെളിക്കപ്പെട്ട് കടന്നുപോയവരാണ് മനുഷ്യർ” എന്ന ധാരണയെ ഈ പുസ്തകം വെല്ലുവിളിക്കുന്നു. മാർക്സിസത്തിൽ പലപ്പോഴും ഭൗതിക സാഹചര്യങ്ങൾക്കാണ് മുൻതൂക്കം. എന്നാൽ, മനുഷ്യന്റെ ഇച്ഛാശക്തിക്കും (Agency) രാഷ്ട്രീയ ബോധത്തിനുമാണ് ഈ പുസ്തകം വലിയ പ്രാധാന്യം നൽകുന്നത്. മനുഷ്യചരിത്രത്തില്‍ വിപ്ലവം എന്നത് എപ്പോഴോ സംഭവിക്കുന്ന ഒന്നല്ല, മറിച്ച് നിത്യജീവിതത്തിൽ സാമൂഹിക ബന്ധങ്ങളെ മാറ്റിമറിക്കാൻ മനുഷ്യർക്ക് കഴിഞ്ഞിരുന്നു. അങ്ങനെ ഒരുകാലമുണ്ടായിരുന്നു എന്ന് ഇവർ ഓർമിപ്പിക്കുന്നു. മാർക്സ് മുന്നോട്ടുവെച്ച ‘അന്യവൽക്കരണം’ എന്ന ആശയത്തെ പുസ്തകത്തില്‍ മറ്റൊരു തലത്തിൽ വായിക്കപ്പെടുന്നുമുണ്ട്. പണ്ട് മനുഷ്യർക്ക് ഉണ്ടായിരുന്ന ‘അനുസരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം’ നഷ്ടപ്പെട്ടതാണ് ഇന്നത്തെ വ്യവസ്ഥിതിയുടെ ഏറ്റവും വലിയ പ്രശ്നം. നാം നമ്മൾ സൃഷ്ടിച്ച ഭരണകൂടത്തിന്റെ തന്നെ തടവുകാരായി മാറിയതിനെ ഈ പുസ്തകം തുറന്നുകാട്ടുന്നു.
ഒരു പുതിയ മാർക്സിസ്റ്റ് വീക്ഷണം
ഈ രണ്ടു പുസ്തകങ്ങളും ചേർത്തു വായിക്കുമ്പോൾ ഒരു ആധുനിക മാർക്സിസ്റ്റിനു ലഭിക്കുന്ന ഉൾക്കാഴ്ചകൾ എന്തൊക്കെയാണ്? ഭരണകൂടം അനിവാര്യമല്ലെന്ന ധാരണയെ ഇവയുടെ വായന ഊട്ടിയുറപ്പിക്കുന്നുണ്ട്. ഭരണകൂടം എന്നത് മനുഷ്യപുരോഗതിയുടെ സ്വാഭാവിക ഫലമല്ലെന്നും അത് ചൂഷണത്തിനുവേണ്ടി നിർമിക്കപ്പെട്ടതാണെന്നും രണ്ട് പുസ്തകങ്ങളും സമ്മതിക്കുന്നു. ഇത് ‘ഭരണകൂടം കൊഴിഞ്ഞുപോവുക’ (Withering away of the state) എന്ന കമ്യൂണിസ്റ്റ് സ്വപ്നത്തിനു ചരിത്രപരമായ സാധുത നൽകുന്നു. ഭരണകൂടം പൊഴിഞ്ഞുപോകും എന്നു പറയുന്നത് ഇന്ന് തമാശയായി തോന്നാം. എന്തെന്നാല്‍ എന്നെത്തേക്കാളുമധികം പാനോപ്റ്റിസിസം പ്രയോഗവല്‍ക്കരിക്കുന്ന ഭരണകൂടങ്ങളാണ് ഇപ്പോഴുള്ളത്. നമ്മുടെ ഓരോ ചലനവും ശാസ്ത്രസാങ്കേതികവിദ്യകളുടെ സഹായത്തോടെ നിരീക്ഷിക്കപ്പെടുന്ന ഒരുകാലത്താണ് നാം ജീവിക്കുന്നത്. സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് ചേരിയും ശക്തമായി നിലകൊണ്ട കാലത്ത് സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ ഭരണകൂടം സ്വാഭാവികമായി പൊഴിഞ്ഞുപോയില്ല. അവിടങ്ങളില്‍ അവ സര്‍വശക്തമായി നിലകൊണ്ടു. ഒടുവില്‍ അവ തച്ചുതകര്‍ക്കപ്പെടുകയും പകരം മുതലാളിത്തഭരണകൂടങ്ങള്‍ പുന:സ്ഥാപിക്കപ്പെടുകയുമാണ് ഉണ്ടായത്.
മനുഷ്യര്‍ ഒരിടത്ത് പാര്‍പ്പുറപ്പിക്കുകയും കൃഷി ചെയ്യാനാരംഭിക്കുകയും ചെയ്തതു മുതല്‍ മുതലാളിത്തം വരെ എത്തിനില്‍ക്കുന്ന മനുഷ്യരാശിയുടെ യാത്ര സൃഷ്ടിച്ച സാങ്കേതിക പുരോഗതി മനുഷ്യനെ സ്വതന്ത്രനാക്കി എന്ന വാദത്തെ ഈ രണ്ട് പുസ്തകങ്ങളും എതിർക്കുന്നു (സ്കോട്ട് ആരോഗ്യത്തിന്റെ കാര്യത്തിലും ഗ്രേബർ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും). മുൻകൂട്ടി തീരുമാനിക്കപ്പെട്ട ഒരു തിരക്കഥയ്ക്ക് അനുസരിച്ചല്ല (Not Deterministic) മനുഷ്യര്‍ ജീവിച്ചു പോന്നിട്ടുള്ളത്. മനുഷ്യർക്ക് എപ്പോൾ വേണമെങ്കിലും തങ്ങളുടെ സാമൂഹികക്രമത്തെ മാറ്റിപ്പണിയാൻ സാധിക്കും.
ചുരുക്കത്തില്‍, ജെയിംസ് സി. സ്കോട്ട് “എങ്ങനെയാണ് വർഗസമൂഹം രൂപപ്പെട്ടത്” എന്നതിന്റെ ഭൗതികസാഹചര്യം (Material base) വിശദീകരിച്ചു തരുമ്പോൾ, ഗ്രേബറും വെൻഗ്രോയും “എന്തുകൊണ്ട് നമുക്ക് അതിൽനിന്നു പുറത്തുകടക്കാൻ കഴിയുന്നില്ല” എന്ന രാഷ്ട്രീയ ചോദ്യമാണ് (Political superstructure) ഉന്നയിക്കുന്നത്. വർഗസമരത്തിന്റെ ചരിത്രം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ രണ്ട് പുസ്തകങ്ങളും നൽകുന്നത് വിലപ്പെട്ട പാഠങ്ങളാണ്.
സമ്പത്തിന്റെ ഉല്പാദനം ഏത് സാമൂഹിക വ്യവസ്ഥയിലും സാദ്ധ്യമാണ്. മാർക്സിസ്റ്റ് സിദ്ധാന്തപ്രകാരം ‘സമ്പത്ത്’ (Wealth) എന്നതും ‘മൂലധനം’ (Capital) എന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന വസ്തുക്കളെയാണ് (ഉപയോഗ മൂല്യങ്ങൾ അഥവാ Use Values) മാർക്സ് സമ്പത്ത് എന്നു വിളിക്കുന്നത്. ഇത്തരം സമ്പത്തിന്റെ ഉല്പാദനം മുതലാളിത്തത്തിന് മുൻപുള്ള പ്രാകൃത കമ്യൂണിസം, അടിമത്തം, ഫ്യൂഡലിസം എന്നീ വ്യവസ്ഥകളിലെല്ലാം നിലനിന്നിരുന്നു. എന്നാൽ, സമ്പത്തിനെ ‘ലാഭ’മാക്കി മാറ്റുന്ന (മൂലധന സഞ്ചയം) പ്രക്രിയയ്ക്ക് മാത്രമാണ് മുതലാളിത്തം അനിവാര്യമായിരിക്കുന്നത്. ഒരു മുതലാളിത്ത വ്യവസ്ഥയില്‍ ഉല്പാദനം നടക്കുന്നത് ഉപയോഗത്തിനല്ല, മറിച്ച് ലാഭം (Profit) ഉണ്ടാക്കി മൂലധനം വളർത്താനാണ്. സമ്പത്തിന്റെ ഉല്പാദനം ഒരു പാപമായി കരുതുന്നത് ശരിയല്ല എന്ന് ഇപ്പോള്‍ ചിലര്‍ പറയുന്നത് മൂലധനം വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ്പ് ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് എന്നത് ശ്രദ്ധേയമാണ്.
എന്നാല്‍, സമ്പത്ത് ഉല്പാദിപ്പിക്കാൻ മുതലാളിത്തം അനിവാര്യമല്ലെങ്കിലും, ഉല്പാദന ശക്തികളെ (Productive Forces) വൻതോതിൽ വികസിപ്പിക്കാൻ ചരിത്രപരമായി മുതലാളിത്തം ആവശ്യമായിരുന്നുവെന്ന് മാർക്സ് നിരീക്ഷിക്കുന്നുണ്ട്. വൻകിട വ്യവസായങ്ങളും സാങ്കേതികവിദ്യയും വഴി ഉല്പാദനം പതിന്മടങ്ങ് വർദ്ധിപ്പിക്കാൻ മുതലാളിത്തത്തിനു കഴിഞ്ഞു. സോഷ്യലിസത്തിൽ എല്ലാവർക്കും ആവശ്യമായ സമ്പത്ത് നൽകാൻ കഴിയുന്ന ഭൗതിക സാഹചര്യമൊരുക്കിയത് ഈ വളർച്ചയാണ്. മുതലാളിത്ത ഉല്പാദന വ്യവസ്ഥ പൂർണമായി വികസിക്കാത്ത ഇടങ്ങളിലും സോഷ്യലിസം സാധ്യമാണെന്നതാണ് പിൽക്കാല മാർക്സിസ്റ്റ് നിലപാട്. ഈ നിലപാട് മാർക്സിസത്തിനുള്ളില്‍ത്തന്നെ നടന്ന വലിയൊരു ആശയസമരത്തിന്റെ സൃഷ്ടിയായിരുന്നു. എല്ലാ രാജ്യങ്ങളും നിർബന്ധമായും മുതലാളിത്തത്തിലൂടെ കടന്നുപോകണം എന്ന ‘ഏകദിശ’യിലുള്ള വാദത്തെ കാൾ മാർക്സ് തന്നെ പിൽക്കാലത്ത് തള്ളിക്കളഞ്ഞിരുന്നു. റഷ്യൻ വിപ്ലവകാരിയായ വെരാ സാസുലിച്ചിന് (Vera Zasulich) 1881-ൽ അയച്ച കത്തിൽ മാർക്സ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
What is the underlying nuance in the critique that Marxists interpret wealth production as morally suspect or sinful?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

