

സംഭാഷണങ്ങളിലും ചലനങ്ങളിലും എപ്പോഴും ജനപ്രിയരാകാൻ പരിശ്രമിക്കുന്ന പ്രസിഡന്റുമാരാണ് സാധാരണഗതിയിൽ അമേരിക്കയിൽ ഉണ്ടായിരുന്നത്. അവരുടെ രാഷ്ട്രീയ തീരുമാനങ്ങളിൽ വിയോജിപ്പുള്ളവർപോലും അവരെ വ്യക്തിപരമായി അധിക്ഷേപിക്കാൻ മുതിരാറില്ല. ഇടയ്ക്കൊരിക്കൽ പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റൺ വ്യക്തിപരമായി ചീത്തപ്പേര് കേൾപ്പിച്ചെങ്കിലും അതൊരു ഒറ്റപ്പെട്ട സംഭവം മാത്രമായിരുന്നു, അമേരിക്കൻ പ്രസിഡന്റുമാരുടെ ചരിത്രത്തിൽ പതിവില്ലാത്തൊരു അപഭ്രംശം. പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾത്തന്നെ അവരുടെ വേഷം, നടപ്പ്, ചലനങ്ങൾ, ഉച്ചരിക്കുന്ന വാക്കുകൾ, ചെയ്തികൾ, എല്ലാം അമേരിക്കൻ മാധ്യമങ്ങളിൽ നിറയും. എല്ലാറ്റിലും ഒരു അമേരിക്കൻ ടച്ച് വോട്ടർമാർ ആഗ്രഹിക്കുന്നുണ്ട്. അതുകൂടി വിലയിരുത്തിയാണ് ജനങ്ങൾ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് സാധാരണഗതിയിൽ വോട്ടുചെയ്യുന്നത്.
പക്ഷേ, ആ നിലവാരമൊന്നും ട്രംപിന്റെ കാര്യത്തിൽ കാണുന്നില്ല. അദ്ദേഹം ഇഷ്ടമില്ലാത്തവരെ പരസ്യമായി തെറിവിളിക്കും. അതു മാർപ്പാപ്പയായാലും വേണ്ടില്ല, തനിക്ക് ഇഷ്ടമില്ലാത്ത രാജ്യത്തെ ഭരണാധികാരിയായാലും വേണ്ടില്ല. ഇറാനിലെ ഷിയാ വിഭാഗം മതനേതാവായിരുന്ന ഖൊമേനി ബോംബാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. വെനീസ്വലൻ പ്രസിഡന്റ് മഡൂറയേയും ഭാര്യയേയും പിടിച്ചുകെട്ടി ട്രംപ് നാടുകടത്തുകയായിരുന്നു! ഇറാൻ കഴിഞ്ഞശേഷം വേണം ഇനി ക്യൂബ പിടിക്കാൻ എന്ന് അദ്ദേഹം പരസ്യമായി പറഞ്ഞിട്ടുമുണ്ട്. പണ്ടും എതിരാളികളെ കൈകാര്യം ചെയ്യാൻ അമേരിക്ക എന്തുമാർഗവും ഉപയോഗിക്കാറുണ്ട്. എങ്കിലും ട്രംപിന്റേത് പരിധിവിട്ട പ്രവൃത്തികളാണ്.
ട്രംപിന്റെ തെരഞ്ഞെടുപ്പ് പക്ഷേ, അമേരിക്കൻ ജനതയ്ക്ക് ഒരു കൈപ്പിഴ പറ്റിയതാണെന്ന് പറയാൻ വയ്യ. ഇതു രണ്ടാംവട്ടമാണ് അദ്ദേഹം അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇടക്കൊരിക്കൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ട അദ്ദേഹം ആളെ കൂട്ടി അമേരിക്കയിൽ അലമ്പുണ്ടാക്കാൻ പരസ്യമായി ശ്രമിച്ചതാണ്. എന്നിട്ടും പിന്നീടു നടന്ന തെരഞ്ഞെടുപ്പിലും അദ്ദേഹം അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
അമേരിക്കയിലെ അടിസ്ഥാന തൊഴിൽവിഭാഗങ്ങളെ ആവേശഭരിതരാക്കാൻ ആദ്യതെരഞ്ഞെടുപ്പു മുതൽ ട്രംപിനു കഴിഞ്ഞിട്ടുണ്ട്. അതിനുതക്ക കാരണങ്ങളും അമേരിക്കയിൽ ഉണ്ടായിരുന്നു, ഉണ്ടായിരുന്നു എന്ന ഭൂതകാല പ്രത്യയത്തിനു പകരം ഉണ്ട് എന്ന വർത്തമാനകാല പ്രത്യയം ചേർത്താലും ഇവിടെ വാചകം തെറ്റില്ല. ലോകത്തിന്റെ മാനുഫാക്ച്ചറിങ് ഹബ്ബ് ആയിമാറിയ ചൈനയിലാണ് അമേരിക്കൻ കോർപ്പറേറ്റുകളുടെ വൻനിക്ഷേപങ്ങൾ. അമേരിക്കയെക്കാൾ കുറഞ്ഞകൂലിക്ക് അച്ചടക്കമുള്ള തൊഴിലാളികളെ കിട്ടുമെന്നുള്ളതുകൊണ്ട് അമേരിക്കൻ കോർപ്പറേറ്റുകൾ ചൈനയിൽ മുതൽ മുടക്കുന്നു, ലോകം മുഴുവൻ അവരുടെ ഉല്പന്നങ്ങൾ വിറ്റഴിച്ച് അവർ ലാഭം കൊയ്യുന്നു. ലാഭം മാത്രം സർവപ്രധാനമായി കാണുന്ന അമേരിക്കൻ കോർപ്പറേറ്റുകൾക്ക് അമേരിക്കൻ രാഷ്ട്രീയവും ചൈനീസ് രാഷ്ട്രീയവും തമ്മിലുള്ള വൈരുദ്ധ്യമൊന്നും വിഷയമല്ല. ലാഭം മാത്രമാണ് അവരുടെ കൊടിയടയാളം.
സ്വാഭാവികമായും അമേരിക്കയിലെ അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ആവശ്യമായ അളവിലുള്ള തൊഴിലുകൾ അമേരിക്കയിൽ ഉണ്ടാകുന്നില്ല. സമൂഹത്തിന്റെ ഉന്നതങ്ങളിൽ ജീവിക്കുന്നവർക്ക് അതൊന്നും വലിയ പ്രശ്നമല്ലെങ്കിലും താഴേത്തട്ടുകാർക്ക് അതൊക്കെ പ്രശ്നങ്ങളാണ്. അമേരിക്കൻ സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ താഴേത്തട്ടിലുള്ളവർക്ക് ലഭ്യമാണെങ്കിലും അത്തരം പിച്ചക്കാശുകൊണ്ട് മൂന്നാംലോകരാജ്യങ്ങളിലെ അടിസ്ഥാന വിഭാഗങ്ങൾപോലും തൃപ്തരാകില്ല. മാത്രമല്ല, അമേരിക്കൻ കോർപ്പറേറ്റുകളുടെ പണം ചൈനയിലേക്ക് ഒഴുകുന്നതുകൊണ്ട് അതിന്റെ പ്രയോജനം ലഭിക്കുന്നത് ചൈനക്കാണെന്ന് അമേരിക്കൻ തൊഴിലാളികൾക്ക് അറിയാം. അമേരിക്കയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ തൊഴിൽ പ്രതിസന്ധിക്ക് പ്രധാന കാരണം അതാണെന്ന് അവർ കരുതുന്നു.
ആദ്യ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പ്രധാന കാരണവും അതുമാത്രമായിരുന്നു. സർവസന്നാഹങ്ങളുമുള്ള അമേരിക്കൻ മാധ്യമങ്ങളം അമേരിക്കൻ കോർപ്പറേറ്റുകളും സമൂഹത്തിലെ ഉന്നതരും ട്രംപിന് എതിരായിരുന്നിട്ടും അദ്ദേഹം വിജയിച്ചതിന് പ്രധാന കാരണം അമേരിക്കയുടെ താഴേത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ അസംതൃപ്തി ആയിരുന്നു. ഓർക്കുന്നുണ്ടാകുമല്ലോ, ചൈനയിൽനിന്ന് അമേരിക്കൻ കോർപ്പറേറ്റുകൾ മടങ്ങിയെത്തി അമേരിക്കയിൽ സംരംഭങ്ങൾ ആരംഭിക്കണമെന്നതായിരുന്നു ട്രംപ് പ്രസിഡന്റായ ആദ്യനാളുകളിൽ കർശനമായി ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. പക്ഷേ, അതൊന്നും വിജയിച്ചില്ല.
അമേരിക്കയിലേക്കാൾ കുറഞ്ഞചെലവിൽ കാര്യക്ഷമതയുള്ള തൊഴിലാളികളെ കിട്ടുന്ന ചൈനയിൽത്തന്നെ അമേരിക്കൻ കോർപ്പറേറ്റുകൾ തുടർന്നു. ട്രംപിന്റെ വാക്കുകേട്ട് അവരാരും അമേരിക്കയിൽ വലിയ നിക്ഷേപങ്ങൾ നടത്തിയില്ല. ഇടക്ക് ചൈനയ്ക്ക് പകരം ഇന്ത്യയുടെ കാര്യം അവർ ആലോചിച്ചെങ്കിലും അതൊന്നും വിചാരിച്ച അളവിൽ ഫലവത്തായില്ല. ഈ വിഷയത്തിൽ നോം ചോംസ്‌കിയുടെ ഒരു നിരീക്ഷണവും പ്രസക്തമാണ്, കോർപ്പറേറ്റുകളെ വരച്ചവരയിൽ നിർത്തുന്ന കാര്യത്തിൽ ട്രംപും മോദിയും വിജയിച്ചില്ല. ഭരണാധികാരത്തേക്കാൾ ശക്തമാണ് കോർപ്പറേറ്റ് ഭീമന്മാരുടെ അധികാരം. അതുകൊണ്ടാണ് ട്രംപിനും മോദിക്കും ഫാസിസ്റ്റ് പ്രവണതകൾ ഉണ്ടെങ്കിലും അവർ രണ്ടുപേരും ലക്ഷണമൊത്ത ഫാസിസ്റ്റുകളായി പരിണമിച്ചിട്ടില്ലെന്ന് നമുക്കു പറയാമെന്നാണ് നോം ചോംസ്‌കി എഴുതിയത്.
അമേരിക്കൻ കോർപ്പറേറ്റുകൾ ചൈനയിൽനിന്നു മടങ്ങിയെത്തി അമേരിക്കയെ കൂടുതൽ ശക്തമാക്കുമെന്ന പ്രതീക്ഷയിലാണ് ട്രംപ് ‘അമേരിക്ക ഫസ്റ്റ്’ എന്ന മുദ്രാവാക്യം ഉയർത്തിയത്. അതും വേണ്ടത്ര വിജയിച്ചില്ല. മാത്രമല്ല, ഒടുവിലായപ്പോൾ ആയുധങ്ങളല്ലാതെ, അമേരിക്കൻ ഭരണനേതൃത്വത്തിന് ലോകത്തെ നിയന്ത്രിക്കാൻ ആവശ്യമായ ബൗദ്ധിക നേതൃത്വവും കൂടെയില്ലാതായി. അമേരിക്കയിലെ മിക്കവാറും ബുദ്ധിജീവികൾ തുടക്കം മുതൽ ട്രംപിന്റെ എതിർപക്ഷത്ത് ആയിരുന്നു. ഇനി ആരെങ്കിലും ഉപദേശം നൽകാൻ തുനിഞ്ഞാൽ അതൊന്നും സ്വീകരിക്കാനുള്ള മനോഘടനയും ട്രംപിന് ഉണ്ടായിരുന്നുമില്ല. നയതന്ത്ര ചർച്ചകൾക്കു പകരം, അഴിച്ചുവിട്ട കാളക്കൂറ്റനെപ്പോലെ അലറിപ്പാഞ്ഞ് നടക്കുന്ന ട്രംപിന്റെ കയ്യിൽ അമേരിക്ക സുരക്ഷിതമാകില്ലെന്ന് കരുതുന്ന വലിയൊരു വിഭാഗം അമേരിക്കയിൽ രൂപപ്പെട്ടു. ബോംബിടലും താരിഫ് പ്രഖ്യാപനവും ആയിരുന്നല്ലോ ട്രംപിന്റെ രണ്ട് പ്രധാന കലാപരിപാടികൾ. ചർച്ചകൾ പലതും നടന്നിട്ടുണ്ടെങ്കിലും അതൊന്നും ഒട്ടും ജനാധിപത്യപരമായിരുന്നില്ല. അദ്ധ്യക്ഷനും ശേഷം സഭാവാസികളും എന്ന നാടൻ ഫലിതംപോലെ, ട്രംപ് പറയുന്നത് അംഗീകരിച്ച് മറ്റുള്ളവർക്ക് മടങ്ങിപ്പോകാം. ജനാധിപത്യപരമായ ചർച്ചകൾ എപ്പോഴും ട്രംപിന് അന്യമായിരുന്നു. ഓർക്കുക, സൂര്യനസ്തമിക്കാത്ത രാജ്യമായി ബ്രിട്ടൻ വിരാജിച്ച കാലത്തും അവർ വട്ടമേശ സമ്മേളനങ്ങൾ നടത്തിയിട്ടുണ്ട്. പറയാനും കേൾക്കാനുമുള്ളവർക്ക് തുല്യസ്ഥാനം ഉറപ്പാക്കുന്നതാണ് വട്ടമേശ. അതൊന്നും ട്രംപിനു ശീലമുള്ള കാര്യങ്ങളായിരുന്നില്ല. അതുകൊണ്ട്, ട്രംപിന്റെ ഓരോ നടപടികളും സാവകാശത്തിൽ അമേരിക്കയിൽപോലും ട്രംപ് ഒറ്റപ്പെടലിനു കാരണമായി. ട്രംപിന്റെ ചെയ്തികളുടെ പരിണിതഫലമായി ലോകരാജ്യങ്ങൾക്കു മുന്നിൽ ട്രംപ് അതിനുമുന്നേ ഒറ്റപ്പെട്ടിരുന്നു.
എങ്കിലും ട്രംപ് ചെറിയൊരു കഥാപാത്രമല്ല. ലോകത്ത് സർവസന്നാഹങ്ങളുമുള്ള അമേരിക്കയുടെ അധിപനാണ് അദ്ദേഹം. സ്വന്തം നിലയ്ക്കും അദ്ദേഹം അതീവ സമ്പന്നനാണ്. ആളൊരു പേടിത്തൊണ്ടനുമല്ല. അവസാന തെരഞ്ഞെടുപ്പിൽ അദ്ദേഹം അക്ഷരാർത്ഥത്തിൽ വെടിയുണ്ടകളെ നേരിട്ടത് ലോകമെമ്പാടും നമ്മൾ ടെലിവിഷനിൽ കണ്ടതുമാണ്. അമേരിക്ക ഫസ്റ്റ് എന്ന തന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം ലോകത്ത് നടപ്പാക്കിയേ അടങ്ങൂ എന്ന ദൃഢനിശ്ചയത്തിലാണ് അദ്ദേഹം. അതിനായി അദ്ദേഹം ആരെയും പേടിപ്പിക്കും. തടസങ്ങൾ തട്ടിമാറ്റും. ജനാധിപത്യപരമായ ചർച്ചകളേക്കാൾ അദ്ദേഹം ഊന്നുന്നത് അമേരിക്കയുടെ മസിൽ പവറിലാണ്. ആധുനിക കാലത്ത് ലോകരാഷ്ട്രങ്ങൾ പരസ്പരം ഇടപെടുമ്പോൾ പാലിക്കുന്ന നയതന്ത്ര മര്യാദകൾ ട്രംപിനു താല്പര്യമുള്ള വിഷയമല്ല.
അമേരിക്കയുടെ അധിപനായിരുന്നിട്ടും ലോകമെമ്പാടും നിയന്ത്രിക്കാൻ കെൽപ്പുള്ള ആയുധങ്ങൾ കയ്യിലുണ്ടായിട്ടും, ട്രംപ് എന്തുകൊണ്ടിങ്ങനെ അപക്വമായി പെരുമാറുന്നു എന്നതാണ് കഥയിലെ പ്രധാന ചോദ്യം.
ഒരാളെ നമുക്കു പലരീതിയിൽ വിലയിരുത്താം. രാഷ്ട്രീയമായി, മനഃശാസ്ത്രപരമായി, മതപരമായി, ഭാഷാശാസ്ത്രപരമായി, അങ്ങനെ എത്രയോ വ്യത്യസ്തമായ രീതികളിൽ ഒരാളുടെ ജീവിതം നമുക്കു വായിക്കാം. മതപരമായി നോക്കിയാൽ, ക്രിസ്ത്യാനിയാണെങ്കിലും ട്രംപ് ഒരു കത്തോലിക്കനല്ല. അതുകൊണ്ട്, അദ്ദേഹം മാർപ്പാപ്പയുടെ കീഴിൽ വരുന്നില്ല. മാർപ്പാപ്പയുടെ കല്പനകൾ അനുസരിക്കാൻ അക്കാരണംകൊണ്ട് അദ്ദേഹം ബാധ്യസ്ഥനുമല്ല. അമേരിക്കയിൽനിന്ന് ആദ്യമായി മാർപ്പാപ്പയായ ആളെന്ന നിലയിൽ പുതിയ മാർപ്പാപ്പയെക്കുറിച്ച് ട്രംപ് ആലോചിക്കുമ്പോൾ ഏത് അമേരിക്കൻ പൗരനേക്കാളും മേലെയാണ് അമേരിക്കൻ പ്രസിഡന്റ്! ഇനി വത്തിക്കാൻ രാജ്യത്തിന്റെ അധിപനെന്ന നിലക്കാണ് ഉപദേശമെങ്കിൽ, നൂറേക്കറോളംമാത്രം വലിപ്പമുള്ള ചെറിയൊരു രാജ്യമാണ് വത്തിക്കാൻ. ഭൂമിയിലെ ഏറ്റവും ചെറിയ രാജ്യം വത്തിക്കാൻ ആണെന്നു പറയപ്പെടുന്നു. വത്തിക്കാനേക്കാൾ എത്രയോ വലുതാണ് അമേരിക്ക! അങ്ങനെയൊക്കെയായിരിക്കണം ട്രംപിന്റെ മനോവിചാരം എന്നു തോന്നുന്നു. അല്ലാതെ ലോകം ബഹുമാനിക്കുന്ന ധാർമികാധികാരം എന്തെന്ന് ട്രംപിന് ഇനിയും മനസ്സിലായിട്ടില്ലെന്ന് തോന്നുന്നില്ല. കൈക്കരുത്തിന്റെ ബലത്തിൽ മാത്രം വിശ്വാസമർപ്പിക്കുന്ന ഒരാൾക്ക് ധാർമികാധികാരം എന്ന വാക്കിന്റെ വിവക്ഷ മനസ്സിലാക്കാൻ എളുപ്പമല്ല.
അതുകൊണ്ട്, ട്രംപിന്റെ മാർപ്പാപ്പ വിമർശനങ്ങൾ നമുക്കു മറക്കാം. പക്ഷേ, യുദ്ധത്തിനെതിരെ മാർപ്പാപ്പ നടത്തിയ പരാമർശങ്ങളാണ് ട്രംപിനെ ചൊടിപ്പിച്ചതെന്ന് വ്യക്തം. ഏത് മതത്തിന്റെ അധിപനായാലും മാനവരാശിക്ക് മരണം വിതക്കുന്ന യുദ്ധങ്ങളെ അവർക്ക് ന്യായീകരിക്കാൻ കഴിയില്ല. ഭൂമിയിൽ മരണം വിതക്കുന്ന ആയുധങ്ങൾ വിറ്റ് ലാഭമുണ്ടാക്കാൻ ഇറങ്ങി പുറപ്പെടുന്നവർക്ക് ധാർമികാധികാരം ഉപയോഗിക്കുന്നവരെ മനസ്സിലാകുകയുമില്ല. അതിന്റെയൊക്കെ ബാക്കിപത്രമാണ് ട്രംപിന്റെ മാർപ്പാപ്പ വിമർശനങ്ങൾ. ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട ഖൊമേനി ഇസ്‌ലാമിലെ ഷിയാ വിഭാഗത്തിന്റെ നേതാവാണ്. അദ്ദേഹം മാർപ്പാപ്പയെപ്പോലെ ട്രംപിനാൽ വിമർശിക്കപ്പെടുകയല്ല, കൊല ചെയ്യപ്പെടുകയാണ് ഉണ്ടായത്. അങ്ങനെയൊരു മതാധിപനെ ഇതര മതവിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ വധിക്കുന്നത് ഇക്കാലത്ത് പതിവില്ലാത്തതാണ്. മതനേതാക്കളെ ആക്രമിക്കാൻ ഉദ്ദേശിക്കുന്നവർപോലും അവർക്കു രക്ഷപ്പെടാൻ വഴിയൊരുക്കും. പണ്ട്, ടിബറ്റ് പിടിച്ചെടുക്കാൻ ചൈന ശ്രമിച്ചപ്പോൾ ദലൈലാമക്കം സംഘത്തിനും ഇന്ത്യ അഭയം കൊടുത്തത് ഓർക്കുക. അവരൊക്കെ ഇപ്പോഴും ഇന്ത്യയിൽ തുടരുന്നുമുണ്ട്. അതൊക്കെയാണ് പരിഷ്‌കൃത മനസ്സുകളുടെ ലക്ഷണം. അത്തരം രീതികളൊന്നും വഴങ്ങാത്ത മനസ്സാണ് ട്രംപിന്.
രണ്ടാംലോക മഹായുദ്ധത്തോടെ രൂപപ്പെട്ട എല്ലാ അധികാരകേന്ദ്രങ്ങളേയും ട്രംപ് നിസ്സാരവല്‍ക്കരിക്കുന്നു. അദ്ദേഹം ഐക്യരാഷ്ട്രസഭയെ വകവെക്കില്ല. ലോകാരോഗ്യ സംഘടനയേയും അദ്ദേഹം തൃണവൽഗണിക്കുന്നു. ഇറാൻ കഴിഞ്ഞശേഷം ക്യൂബ പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ക്യൂബയിലെ സ്ഥിതി മോശമാണെന്ന് അവിടന്നു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതൊന്നും പക്ഷേ, ആ രാജ്യം പിടിച്ചെടുക്കാനുള്ള ന്യായീകരണമല്ല. ജനാധിപത്യപരമായ വോട്ടെടുപ്പിലൂടെ ക്യൂബൻ ജനത മാർക്സിസം ഉപേക്ഷിച്ചാൽ അതു മനസ്സിലാക്കാം. അതല്ലാതെ വെനിസ്വേലയിൽ നടന്നതുപോലുള്ള പിടിച്ചെടുക്കലാണ് അമേരിക്ക ലക്ഷ്യംവെക്കുന്നതെങ്കിൽ, അതിനെ ജനാധിപത്യവിരുദ്ധമായ നടപടിയെന്നു പറയേണ്ടിവരും.
അമേരിക്കയും കുറേ സാമന്തരാഷ്ട്രങ്ങളും എന്ന മട്ടിലാണ് ഇപ്പോൾ ലോകം സഞ്ചരിക്കുന്നത്. ശക്തരായ വലിയ രാജ്യങ്ങൾപോലും ചെറിയ വാചകങ്ങളിൽ അവരുടെ വിമർശനങ്ങൾ ഒതുക്കുന്നു. അവർ പരിമിതമായി വിയോജിപ്പുകൾ പറയുമെന്നല്ലാതെ അമേരിക്കയെ എതിരിടാൻ തക്ക ധൈര്യം അവർക്കുമില്ല. റഷ്യക്കും ചൈനയ്ക്കും അവരുടേതായ തലവേദനകളുണ്ട്. ഉക്രൈൻ പ്രശ്നത്തിൽ കുടുങ്ങിക്കിടപ്പാണ് റഷ്യ. ചൈനയ്ക്ക് ജനകോടികൾക്ക് ആഹാരമുണ്ടാക്കാനുള്ള പണം കണ്ടെത്തണം. തുല്യബുദ്ധിമുട്ട് നമുക്കുമുണ്ട്. നമുക്ക് അമേരിക്കയെ പിണക്കാൻ വയ്യ, ഇറാനെ പിണക്കാനും വയ്യ. നമ്മുടെ വീടുകളിലും അടുപ്പ് പുകയണമല്ലോ. യൂറോപ്പിന് അവരുടേതായ പരാധീനതകളുമുണ്ട്. കയ്യിൽ പണമുണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല, അവർക്കും ഇന്ധനം എത്തണമല്ലോ. അതുകൊണ്ട്, ഈ സാഹചര്യത്തിൽ ആരും അമേരിക്കയെ പിണക്കാൻ തയ്യാറല്ല. അതുകൊണ്ട്, ഇന്നത്തെ ലോകസാഹചര്യം ഉടനെയൊന്നും മാറുമെന്ന് പ്രതീക്ഷിക്കാനും കഴിയില്ല.
ഇപ്പോൾ, യുവാൽ നോവാ ഹരാരി എഴുതിയ പുസ്തകം കൂടുതൽ പ്രസക്തമാകുന്നു, 21-ാം നൂറ്റാണ്ടിലെ 21 പാഠങ്ങൾ എന്ന പുസ്തകം. ആഗോള ബുദ്ധിജീവികളിൽ പ്രമുഖനാണ് ഹരാരി. ആളൊരു ജ്യൂത സോഷ്യലിസ്റ്റ്, ഇസ്രയേലുകാരൻ. കേരളത്തിലും അദ്ദേഹം വന്നിട്ടുണ്ട്. നിരവധി പുസ്തകങ്ങൾവഴി പ്രശസ്തനായ അദ്ദേഹത്തിന്റെ പരാമർശവിഷയമായ പുസ്തകത്തിലെ ഒരു ചാപ്റ്റർ ഇവിടെ പ്രസക്തമാണ്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലോകത്തെ സ്വാധീനിച്ചിരുന്നത് പ്രധാനമായും മൂന്ന് പൊളിറ്റിക്കൽ ഐഡിയോളജികൾ ആയിരുന്നു, ഫാസിസം, മാർക്സിസം, ക്യാപ്പറ്റലിസം എന്നിങ്ങനെ. അതിൽ, രണ്ടാംലോക മഹായുദ്ധത്തോടെ ഫാസിസ്റ്റ് ചേരി നിലംപൊത്തി. പഴയ കമ്യൂണിസ്റ്റ് റഷ്യയുടെ പതനത്തോടെ പഴയ മട്ടിലുള്ള മാർക്സിസ്റ്റ് ചേരിയും അസ്തമിച്ചു. അവശേഷിച്ചത് ക്യാപ്പിറ്റലിസ്റ്റ് ലോകമാണ്. അതിന്റെ നേതൃത്വം രണ്ടാംലോക മഹായുദ്ധംവരെ ബ്രിട്ടന് ആയിരുന്നു. അതിനുശേഷം ആ ചേരിയുടെ നേതൃത്വം അമേരിക്ക ഏറ്റെടുത്തു. ശാസ്ത്ര സാങ്കേതികവിദ്യകളുടെ സാധ്യതകൾകൂടി സംയോജിപ്പിച്ച് ക്യാപ്പലിസ്റ്റ് ചേരി കുതിക്കുന്ന ലോകമാണ് ഇപ്പോൾ നമ്മുടെ കൺമുന്നിൽ. അത് എങ്ങോട്ടോക്കെ തിരിയുമെന്നോ ആർക്ക് അനുകൂലമാകുമെന്നോ പ്രവചിക്കാൻ എളുപ്പമല്ല.
കേരളത്തിലിരുന്ന് ഹരാരിയെ വായിക്കുന്നവർ, ഹരാരിയുടെ മാർക്സിസ്റ്റ് വായനയോട് വിയോജിച്ചേക്കാം. ഇതു മാർക്സിസ്റ്റ് കേരളമാണല്ലോ. മാത്രമല്ല, നമ്മുടെ തൊട്ടപ്പുറം ചൈനയുമുണ്ട്. അങ്ങനെ ആശങ്കപ്പെട്ട് വായന അവസാനിപ്പിക്കുന്നവർ മാർക്സിസത്തിന്റെ ആഗോള പ്രഹരശേഷി അസ്തമിച്ചു എന്നുമാത്രം മനസ്സിലാക്കിയാൽ മതി. പഴയ സോവിയറ്റ് യൂണിയന് ഉണ്ടായിരുന്ന ആഗോള പ്രഹരശേഷി ചൈനയ്ക്ക് ഇല്ല എന്നത് നമ്മൾ ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും വാസ്തവം മാത്രമാണ്.
ഇനി കുറച്ചുകാലത്തേയ്ക്ക് ലോകത്ത് ക്യാപ്പിറ്റലിസ്റ്റ് ചേരിയുടെ റീലുകളാണ് ഓടിക്കൊണ്ടിരിക്കുന്നത്. അതിലെ നായകനടനാണ് ഡൊണാൾഡ് ട്രംപ്. പല പേരുകളിലും ആ ചേരി ലോകത്ത് പ്രത്യക്ഷപ്പെടാം. തൽക്കാലം സോഷ്യലിസ്റ്റ് ചേരി ശക്തമല്ലാത്തതുകൊണ്ട് ട്രംപ് മാറിയാലും മറ്റൊരു ട്രംപിനെ ലോകത്തിന് അഭിമുഖീകരിക്കേണ്ടിവരും. ഏത് റീലും കുറച്ചുകാലം ഓടിയശേഷമാണല്ലോ അസ്തമിക്കുന്നത്. മാറിയ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് ട്രംപ് വീണ്ടുംവീണ്ടും നമ്മളെ ഓർമിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates