മൈക്ക്ൾ പാരെന്റി: സാമ്രാജ്യത്വ വിരുദ്ധതയുടെ രാഷ്ട്രീയ ശബ്ദം
ഒരു യുഗത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട്, വിപ്ലവകാരിയായ ചിന്തകന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ മൈക്ക്ള്‍ പാരെന്റി ജനുവരി 24-ന്, തന്റെ 93-ാമത്തെ വയസ്സില്‍ വിടവാങ്ങി. അമേരിക്കൻ രാഷ്ട്രീയ ചിന്തകരിൽ ഏറ്റവും വിപ്ലവകരമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള പാരെന്റി മുഖ്യധാരാ ചരിത്രരചനകളേയും മാദ്ധ്യമ വിശകലനങ്ങളേയും കീഴ്‍മേല്‍ മറിക്കുന്ന നിരീക്ഷണങ്ങൾ നടത്തിയിട്ടുള്ളയാളാണ്. ലോകമെമ്പാടുമുള്ള ഇടതുപക്ഷ ചിന്തകർക്കും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്കും വലിയ ഊർജം പകര്‍ന്നുനല്‍കിയ ധിഷണാശാലി. വെറുമൊരു അക്കാദമിക് പണ്ഡിതൻ എന്നതിലുപരി മുതലാളിത്തലോകത്തില്‍ അധികാരം എന്നാല്‍ എന്തെന്ന് ജനമധ്യത്തിൽ തുറന്നുകാട്ടിയ ഒരു രാഷ്ട്രീയ പോരാളി കൂടിയായിരുന്നു പാരെന്റി.
സോവിയറ്റ് യൂണിയന്റേയും കിഴക്കൻ യൂറോപ്പിലേയും സോഷ്യലിസ്റ്റ് ഭരണകൂടങ്ങളുടെ തകർച്ചയെ ഏറെ ഗൗരവത്തോടേയും സത്യസന്ധതയോടേയും വിശകലനം ചെയ്യാന്‍ മുതിര്‍ന്നയാളാണ് പാരെന്റി. ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ ആന്തരിക പ്രതിസന്ധികളെ നേരിട്ടുവെന്ന് അംഗീകരിക്കുമ്പോഴും സോഷ്യലിസത്തിന്റെ തകർച്ച ആ ജനതയുടെ ജീവിതനിലവാരത്തിൽ വരുത്തിയ വമ്പിച്ച തകര്‍ച്ചയെക്കുറിച്ച് അദ്ദേഹം വസ്തുതകൾ നിരത്തിയാണ് സംസാരിക്കാനൊരുമ്പെടുന്നത്. മുതലാളിത്ത മാദ്ധ്യമങ്ങൾ ആഘോഷിച്ച ‘സ്വാതന്ത്ര്യം’ യഥാർത്ഥത്തിൽ തൊഴിലില്ലായ്മയിലേക്കും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ തകർച്ചയിലേക്കും മാഫിയാ ഭരണത്തിലേക്കുമാണ് ആ രാജ്യങ്ങളെ നയിച്ചതെന്ന് പാരെന്റി ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘വീണുകിടക്കുന്ന സോഷ്യലിസത്തെ’ ചവിട്ടിമെതിച്ച് കടന്നുപോകുന്നതിനുപകരം, സോഷ്യലിസ്റ്റ് വ്യവസ്ഥിതി സാധാരണക്കാർക്ക് നൽകിയിരുന്ന സുരക്ഷാകവചങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.
പാരെന്റിയുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിൽ ഒന്ന് ‘സാമ്രാജ്യത്വം’ എന്ന ആശയത്തെ അദ്ദേഹം വിശകലനം ചെയ്യുന്ന രീതിയാണ്. അമേരിക്കയെപ്പോലുള്ള വികസിത രാജ്യങ്ങൾ മൂന്നാം ലോകരാജ്യങ്ങളിൽ നടത്തുന്ന ഇടപെടലുകൾ കേവലം ജനാധിപത്യം സംരക്ഷിക്കാനല്ല, മറിച്ച് അവിടുത്തെ വിഭവങ്ങൾ കൊള്ളയടിക്കാനാണെന്ന് അദ്ദേഹം വസ്തുതകൾ നിരത്തി സമർത്ഥിക്കുന്നു. ‘ദ സോർഡ് ആൻഡ് ദ ഡോളർ’ പോലുള്ള അദ്ദേഹത്തിന്റെ കൃതികൾ ഈ വിഷയത്തിൽ ആധികാരികമായ കാഴ്ചപ്പാടുകൾ മുന്നോട്ട് വെയ്ക്കുന്നുണ്ട്. വികസ്വര രാജ്യങ്ങൾ ‘ദരിദ്ര’ രാജ്യങ്ങളല്ല, മറിച്ച് അവിടുത്തെ ജനങ്ങൾ ദരിദ്രരാക്കപ്പെട്ടവരാണെന്നാണ് പാരെന്റിയുടെ പ്രശസ്തമായ നിരീക്ഷണം. മാദ്ധ്യമങ്ങളെക്കുറിച്ചുള്ള പാരെന്റിയുടെ വിശകലനങ്ങൾ ‘ഇൻവെന്റിംഗ് റിയാലിറ്റി’ എന്ന പുസ്തകത്തിൽ സ്പഷ്ടമായി ദര്‍ശിക്കാം. കോർപ്പറേറ്റ് നിയന്ത്രണത്തിലുള്ള മാദ്ധ്യമങ്ങൾ എങ്ങനെയാണ് പൊതുജനത്തിന്റെ ചിന്താഗതികളെ നിർമിച്ചെടുക്കുന്നതെന്നും ഭരണവർഗത്തിന് അനുകൂലമായ വാർത്തകൾ മാത്രം എങ്ങനെ പ്രചരിപ്പിക്കപ്പെടുന്നുവെന്നും അദ്ദേഹം ഇതിൽ വിവരിക്കുന്നുണ്ട്.
മുഖ്യധാരാ മാദ്ധ്യമങ്ങളെ അമിതമായി വിശ്വസിക്കുന്ന സഹ ഇടതുപക്ഷ ബുദ്ധിജീവികളെ നിരന്തരം തിരുത്താൻ ശ്രമിച്ചയാളായിരുന്നു മൈക്ക്ൾ പാരെന്റി. ഏതര്‍ത്ഥത്തിലും ഒരു പബ്ലിക് ഇന്റലക്‍ച്വല്‍. വിട്ടുവീഴ്ചയില്ലാത്ത മാര്‍ക്സിസ്റ്റ് ആയിരുന്നു പാരെന്റി. അദ്ദേഹത്തിന്റെ ഈ കടുത്ത മാര്‍ക്സിസ്റ്റ് ആഭിമുഖ്യം തന്നെയായിരുന്നു അമേരിക്കൻ അക്കാദമിക് ലോകം അദ്ദേഹത്തിന് അപ്രഖ്യാപിത ഭ്രഷ്ട് കല്പിക്കുന്നതിന് കാരണമായത്.
മുതലാളിത്തത്തിന്റേയും ലിബറലിസത്തിന്റേയും ഫാസിസത്തിന്റേയും വക്താക്കളെ മാത്രമല്ല, പാരെന്റിക്ക് നേരിടേണ്ടിവന്നത്. നോം ചോംസ്കിയുടേതടക്കമുള്ള നിലപാടുകളോട് അദ്ദേഹം വിയോജിച്ചു. കമ്യൂണിസ്റ്റ് വിരുദ്ധപക്ഷത്തുള്ള പ്രമുഖ ഇടതുപക്ഷക്കാരെ നേരിട്ടുകൊണ്ടും ദീർഘകാലം അദ്ദേഹം സജീവമായിരുന്നു. മുതലാളിത്ത പക്ഷത്തുള്ള തങ്ങളുടെ പ്രത്യയശാസ്ത്ര വൈരികളിൽനിന്ന് അംഗീകാരം തേടുന്ന ഇടതുപക്ഷ ബുദ്ധിജീവികളുടെ കടുത്ത വിമർശകനായിരുന്നു അദ്ദേഹം. 1990-കളില്‍ എഴുതിയ ഒരു ലേഖനത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി: “യഥാർത്ഥ സാമൂഹിക ലക്ഷ്യങ്ങളെ പരിഗണിക്കാതെ അധികാരത്തിനുവേണ്ടി മാത്രം അധികാരം കൊതിക്കുന്ന ‘ചുവപ്പന്മാരെ’ക്കുറിച്ചുള്ള പഴയ വാർപ്പുമാതൃകകളെ ചില ഇടതുപക്ഷക്കാരും മറ്റുള്ളവരും ഇപ്പോഴും മുറുകെപിടിക്കുന്നു. ഇത് ശരിയാണെങ്കിൽ, ഈ ചുവപ്പന്മാർ എന്തിനാണ് ഓരോ രാജ്യത്തും വലിയ അപകടങ്ങളും ത്യാഗങ്ങളും സഹിച്ചുകൊണ്ട് ദരിദ്രരുടേയും നിരാലംബരുടേയും പക്ഷം ചേരുന്നത്? ഭരണവർഗത്തെ സേവിക്കുന്നതിലൂടെ ലഭിക്കുന്ന പ്രതിഫലങ്ങൾ കൈപ്പറ്റുന്നതിനുപകരം അവർ എന്തിനാണ് ഈ വഴി തിരഞ്ഞെടുക്കുന്നത്?”
ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകളോട് നിശിതമായ വിമര്‍ശനം ഉണ്ടായിരുന്ന ആളായിരുന്നു പാരെന്റി. നിലവിലുള്ള മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിൽനിന്നുകൊണ്ട് മാറ്റങ്ങൾ കൊണ്ടുവരാമെന്ന ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകളുടെ കാഴ്ചപ്പാടിലെ നിരര്‍ത്ഥകത പാരെന്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വന്തം രാജ്യം നടത്തുന്ന യുദ്ധങ്ങളേയും അധിനിവേശങ്ങളേയും നിശ്ശബ്ദമായി പിന്തുണയ്ക്കുന്ന അമേരിക്കന്‍ ഇടതുപക്ഷത്തെ അദ്ദേഹം ‘ഇമ്പീരിയൽ ലെഫ്റ്റ്’ (Imperial Left) എന്നാണ് വിളിച്ചത്. സോവിയറ്റ് യൂണിയൻ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളെ പലപ്പോഴും ‘സ്വേച്ഛാധിപത്യം’ എന്നു വിളിച്ച് തള്ളിക്കളയുന്ന ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകളെ കടുത്ത ഭാഷയിലാണ് പാരെന്റി എതിർത്തത്. ആ രാജ്യങ്ങൾ നേരിടുന്ന സാമ്രാജ്യത്വ ഉപരോധങ്ങൾ, അട്ടിമറി ശ്രമങ്ങൾ ബാഹ്യമായ വെല്ലുവിളികളും അവിടുത്തെ ജനങ്ങൾ കൈവരിച്ച നേട്ടങ്ങളും കണക്കിലെടുക്കാതെ അവരെ വിമർശിക്കുന്നത് പാശ്ചാത്യ പ്രചാരണങ്ങൾക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വാദിച്ചു.
1933-ൽ ന്യൂയോർക്കിലെ ഈസ്റ്റ് ഹാർലെമിലുള്ള ഒരു സാധാരണ തൊഴിലാളി കുടുംബത്തിലാണ് പാരെന്റി ജനിച്ചത്. താൻ എഴുതി തന്റെ അച്ഛന് സമർപ്പിച്ച ഒരു ഗഹനമായ പുസ്തകം കയ്യിൽ കിട്ടിയപ്പോൾ, അതിലെ കാര്യങ്ങൾ ഗ്രഹിക്കാൻ കഴിയാതെ അദ്ദേഹം വിങ്ങിപ്പൊട്ടിയതിനെക്കുറിച്ച് പാരെന്റി ഹൃദയസ്പർശിയായി സംസാരിച്ചിട്ടുണ്ട്. തന്റെ വേരുകൾ തൊഴിലാളിവർഗത്തിലാണെന്ന കാര്യം അദ്ദേഹം ജീവിതത്തിലുടനീളം നെഞ്ചോട് ചേർത്തുപിടിച്ചു.
സ്കൂൾ പഠനത്തിനുശേഷം ഏതാനും വർഷം ജോലിചെയ്ത ശേഷമാണ് അദ്ദേഹം ഉപരിപഠനത്തിലേക്ക് കടന്നത്. സിറ്റി കോളേജ് ഓഫ് ന്യൂയോർക്കിൽനിന്ന് ബി.എയും ബ്രൗൺ യൂണിവേഴ്സിറ്റിയിൽനിന്ന് എം.എയും യേൽ സർവകലാശാലയിൽനിന്ന് പിഎച്ച്.ഡിയും കരസ്ഥമാക്കി. ഇത്രയും ഉന്നതമായ യോഗ്യതകൾ ഉണ്ടായിരുന്നിട്ടും മുൻനിര സർവകലാശാലകളിൽ അദ്ദേഹത്തിന് ഇടം ലഭിച്ചില്ല. രാഷ്ട്രീയ പ്രവർത്തനങ്ങളും മുതലാളിത്തത്തോടുള്ള അദ്ദേഹത്തിന്റെ കടുത്ത വിമർശനങ്ങളുമായിരുന്നു ഇതിന് പ്രധാന തടസ്സമായത്. കൂടാതെ, സോവിയറ്റ് ബ്ലോക്കിലേയും ക്യൂബയിലേയും സോഷ്യലിസ്റ്റ് നേട്ടങ്ങളെ മാദ്ധ്യമങ്ങൾ വളച്ചൊടിക്കുന്നതിനെതിരെ അദ്ദേഹം ഉയർത്തിയ മൂർച്ചയുള്ള വിമർശനങ്ങളും ഇതിനു കാരണമായി. സോഷ്യലിസത്തിന്റെ ഗുണഫലങ്ങളെക്കുറിച്ചും സമ്പത്തിന്റെ നീതിയുക്തമായ വിതരണത്തെക്കുറിച്ചും പഠിക്കാനും സംസാരിക്കാനുമായി അദ്ദേഹം ക്യൂബയിൽ വിപുലമായി സഞ്ചരിച്ചിരുന്നു.
പി.എച്ച്.ഡിക്കുശേഷം ഇല്ലിനോയിസ് സർവകലാശാലയിൽ പഠിപ്പിച്ചു തുടങ്ങിയെങ്കിലും എഴുപതുകളിൽ വിയറ്റ്നാം യുദ്ധത്തിനും സർക്കാർ നയങ്ങൾക്കുമെതിരെ അദ്ദേഹം നടത്തിയ സമരങ്ങൾ സർവകലാശാലാ അധികൃതരെ ചൊടിപ്പിച്ചു. അതിന്റെ ഫലമായി വർഷങ്ങളോളം അദ്ദേഹത്തിനു സ്ഥിരമായ ജോലി നിഷേധിക്കപ്പെട്ടു. എങ്കിലും പാരെന്റി എന്ന പണ്ഡിതനോ വിപ്ലവകാരിയോ അതുകൊണ്ടൊന്നും പതറിയില്ല. സാമ്രാജ്യത്വത്തെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും അദ്ദേഹം നിരന്തരം എഴുതുകയും സംസാരിക്കുകയും ചെയ്തു. അക്കാദമിക് സൗകര്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ പല ഇടതുപക്ഷക്കാരും തങ്ങളുടെ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യുന്നത് പാരെന്റി കടുത്ത ഭാഷയിൽ വിമർശിച്ചു.
നോം ചോംസ്കിയെപ്പോലുള്ള ചിന്തകരുമായി ചേർന്നുനിൽക്കുന്നതാണ് പാരെന്റിയുടെ മാദ്ധ്യമ വിമർശനമെങ്കിലും കൂടുതൽ തീക്ഷ്ണവും വിട്ടുവീഴ്ചയില്ലാത്തതുമായ ഭാഷയാണ് അദ്ദേഹം ഉപയോഗിക്കുന്നത്.
ചരിത്രത്തെ നോക്കിക്കാണുന്ന രീതിയിലും പാരെന്റി വ്യത്യസ്തനാണ്. ജൂലിയസ് സീസറെക്കുറിച്ച് അദ്ദേഹം എഴുതിയ ‘ദ അസ്സാസിനേഷൻ ഓഫ് ജൂലിയസ് സീസർ’ എന്ന പുസ്തകത്തിൽ, സീസറുടെ കൊലപാതകത്തെ കേവലം ഒരു അധികാരത്തർക്കമായല്ല അദ്ദേഹം കാണുന്നത്. മറിച്ച്, ജനപക്ഷ നിലപാടുകൾ സ്വീകരിച്ച ഒരു നേതാവിനെ ഉപരിവർഗമായ സെനറ്റർമാർ ചേർന്ന് ഇല്ലാതാക്കിയതാണെന്ന് അദ്ദേഹം വാദിക്കുന്നു. ചരിത്രം എപ്പോഴും വിജയികളുടേത് മാത്രമല്ലെന്നും അത് സാധാരണക്കാരന്റെ പക്ഷത്തുനിന്ന് വായിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
മാർക്സിസ്റ്റ് ദർശനങ്ങളെ സമകാലിക സാഹചര്യങ്ങളുമായി ഇണക്കിച്ചേർക്കുന്നതിൽ പാരെന്റി വലിയ വിജയം കൈവരിച്ചിട്ടുണ്ട്. ‘ബ്ലാക്ക്ഷേട്സ് ആന്റ് റെഡ്സ്’ എന്ന പുസ്തകത്തിൽ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ പതനത്തേയും സോവിയറ്റ് യൂണിയന്റെ തകർച്ചയേയും കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമാണ്. ഫാസിസവും മുതലാളിത്തവും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെ തുറന്നുകാട്ടുന്നതിനൊപ്പം തന്നെ കമ്യൂണിസ്റ്റ് - ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നേരിടുന്ന വെല്ലുവിളികളേയും അദ്ദേഹം കൃത്യമായി വിശകലനം ചെയ്യുന്നുണ്ട്. സങ്കീർണമായ രാഷ്ട്രീയ വിഷയങ്ങളെ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാനുള്ള പാരെന്റിയുടെ കഴിവ് അദ്ദേഹത്തെ ഒരു മികച്ച പ്രഭാഷകനാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ യൂട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ഇന്നും ദശലക്ഷക്കണക്കിന് ആളുകളാണ് കാണുന്നത്. ലോകക്രമം കൂടുതൽ വലതുപക്ഷത്തേക്ക് നീങ്ങുന്ന ഈ കാലഘട്ടത്തിൽ, മൈക്ക്ൾ പാരെന്റിയുടെ ചിന്തകൾക്ക് പ്രസക്തിയേറുകയാണ്. നീതിക്കും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളിൽ പാരെന്റിയുടെ രചനകൾ എന്നും ഒരു വഴികാട്ടിയായി നിലകൊള്ളും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

