തിരശ്ശീല വീഴും മുൻപ് ഇറങ്ങിപ്പോയൊരാള്‍; ഒരു സ്‌നേഹ സ്മരണ

P Balachandran
തിരശ്ശീല വീഴും മുൻപ് ഇറങ്ങിപ്പോയൊരാള്‍
Updated on: 

'എടാ ഉവ്വേ, അങ്ങേര്‍ക്ക് നമ്മളെപ്പോലുള്ളവരോട് ഇത്രേം എളിമേം വിനയോം കാണിക്കണ്ട വല്ല കാര്യോമൊണ്ടോ? അങ്ങേരെവിടെ നിക്കുന്നു, നമ്മളെവിടെ നിക്കുന്നു! അതാ ഈ മനസ്സിന്റെ വലിപ്പമെന്നൊക്കെ പറേന്നത്! ഞാനാലോചിക്കുവാരുന്നു, പണ്ട് ഞങ്ങടെ സ്‌കൂള്‍ ഓഫ് ഡ്രാമയില് നാടകത്തിന്റെ വല്യ ഓരോ കൊണാണ്ടര്‍മാര് വന്നിട്ട് ഓരോന്നൊക്കെ പറയുന്നതു കേട്ട് കേട്ട് ഞങ്ങള്‍ക്കിങ്ങേരുടെ നാടകങ്ങളോട് എന്തൊരു പുച്ഛോം പരിഹാസോം ആയിരുന്നു! ഈ ഞാന്‍ പോലും എന്തെല്ലാം പറഞ്ഞു വിമര്‍ശിച്ചേക്കുന്നു! എന്നിട്ട് പുള്ളീടെ നമ്മളോടുള്ള പെരുമാറ്റം കണ്ടോ?'

അന്നൊരു വൈകുന്നേരം നാടകകൃത്തും നടനും സംവിധായകനുമൊക്കെയായ പി ബാലചന്ദ്രനും ഞാനും കൂടി വള്ളികുന്നം എന്ന ഗ്രാമത്തിലെ നാട്ടുവഴിയിലൂടെ നടക്കുകയായിരുന്നു. തോപ്പില്‍ ഭാസിയെന്ന വിഖ്യാത നാടകകാരനെ സന്ദര്‍ശിച്ചശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നിറങ്ങി പുറത്തേക്ക് നടക്കുകയാണ്. ആ ഉച്ച തിരിഞ്ഞ നേരത്ത് പ്രത്യേകിച്ച് ഒരു മുന്നറിയിപ്പും നല്‍കാതെ തോപ്പില്‍ വീട്ടിലേക്ക് കയറി ചെന്നപ്പോള്‍, മുറ്റത്ത് മരത്തിന്റെ തണലില്‍ ചാരുകസേരയിലിരുന്ന് ലൗ ബേര്‍ഡ്‌സിന്റെ നിറുത്താത്ത വായ്ത്താരിക്കിടയില്‍ എന്തോ ശ്രദ്ധയോടെ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു മലയാളത്തിന്റെ നാടകാചാര്യന്‍. ബാലേട്ടനെ കണ്ടപ്പോള്‍ അദ്ദേഹം ആഹ്ലാദത്തോടെ വരവേറ്റു. 'ഇതാര് ബാലചന്ദ്രനോ? വാ വാ..'

thoppil bhasi
തോപ്പില്‍ ഭാസി, വയലാറിനും കാമ്പിശ്ശേരിക്കുമൊപ്പംfile

ഞാന്‍ ശ്രദ്ധിച്ചു. തന്നേക്കാള്‍ എത്രയോ വയസ്സിന് താഴെയുള്ള, നാടകരംഗത്ത് വളരെ ജൂനിയറായ ബാലചന്ദ്രനോട് ഏറെ ആദരവ് കലര്‍ന്ന മട്ടിലും ഭാവത്തിലുമാണ് അദ്ദേഹത്തിന്റെ സംസാരം. തോപ്പില്‍ ഭാസി എന്ന വലിയ മനുഷ്യന്റെ സഹജമായ പെരുമാറ്റ രീതിയാണതെന്ന് എനിക്കറിയാമായിരുന്നു. ഓണാട്ടുകരക്കാരുടെ പൊതുവെയുള്ള സംസാരവും പെരുമാറ്റവുമൊക്കെ വിനയം കലര്‍ന്നതാണല്ലോ. തോപ്പില്‍ ഭാസിയെ സംബന്ധിച്ചിടത്തോളം പക്ഷെ, അരങ്ങത്ത് വ്യത്യസ്തമായ ഒരു വഴിവെട്ടി മുന്നോട്ടു നടക്കുന്ന പ്രതിഭാധനനായ ഒരു ഇളമുറക്കാരനോടുള്ള ഇഷ്ടവും ബഹുമാനവും കൂടി ആ പെരുമാറ്റത്തിലുണ്ടായിരുന്നു. പിന്നീടുള്ള ഒന്നൊന്നര മണിക്കൂര്‍ നേരം നാടകത്തെക്കുറിച്ചും മറ്റും ആ മൂപ്പിളമക്കാര്‍ തമ്മില്‍ നടന്ന സംഭാഷണം ഞാന്‍ താല്‍പര്യത്തോടെ കേട്ടുകൊണ്ടിരുന്നു.

എടാ ഉവ്വേ, ഈ പ്രൊഫഷണല്‍ നാടകക്കാര്‍ക്ക് നാടകം ഓടിക്കാന്‍ വേണ്ടുന്ന ചില ഫോര്‍മുലകളൊക്കെ ഒണ്ട്. എനിക്കാണെങ്കി ആ ഹിക്മത്തുകളൊന്നും അറിയത്തുമില്ല

1990 ലായിരുന്നു അത്. ഞാനും ബാലേട്ടനും അന്ന് കായംകുളത്ത് കെപിഎസി സുലോചനയുടെ വീട്ടില്‍ നിന്നാണ് തോപ്പില്‍ ഭാസിയെ കാണാന്‍ ചെന്നത്. സുലോചന ചേച്ചിയെക്കുറിച്ച് ഞാന്‍ ദൂരദര്‍ശനുവേണ്ടി ഒരു ഡോക്യുമെന്ററി ചെയ്യുകയായിരുന്നു. അതിലെ അഭിമുഖകാരന്റെ റോളായിരുന്നു ബാലേട്ടന്റേത്. രസകരമായ ഒരനുഭവമായിരുന്നു അതും. പ്രത്യേകിച്ച് ആ രണ്ട് ഓണാട്ടുകരക്കാര്‍ തമ്മിലുള്ള 'പുനിതം പറച്ചില്‍' കേട്ടുകൊണ്ടിരിക്കുന്നത്. പി ബാലചന്ദ്രന്‍ സ്‌കൂള്‍ ഓഫ് ഡ്രാമാക്കാരനാണെന്ന് അറിയുമെങ്കിലും കാളിദാസകലാകേന്ദ്രത്തിനുവേണ്ടി ആ കൊല്ലത്തെ നാടകമെഴുതിയ ആ പി ബാലചന്ദ്രനാണ് ഇദ്ദേഹമെന്ന കാര്യം സുലോചനച്ചേച്ചി അപ്പോഴാണ് മനസ്സിലാക്കുന്നത്. സുലോചനച്ചേച്ചിയുടെ നേതൃത്വത്തില്‍ അന്ന് നടന്നിരുന്ന കായംകുളം സംസ്‌കാര എന്ന സമിതിക്കുവേണ്ടി ഒരു നാടകമെഴുതിക്കൊടുക്കണമെന്ന് ചേച്ചി ആവശ്യപ്പെട്ടു. ബാലേട്ടന്‍ മറുപടി ഒന്നും പറയാതെ ചിരിച്ചുകൊണ്ട് വെറുതെ നിന്നതേയുള്ളൂ.

'അതെന്തുവാ, കാളിദാസന് മാത്രമേ നാടകം കൊടുക്കത്തൊള്ളോ? ഞങ്ങള്‍ക്കും കൂടി എഴുതിത്താ ഒരെണ്ണം.'

'നീ കൂടി ഒന്നു പറ മോനേ' എന്ന് ചേച്ചി നിര്‍ബന്ധിച്ചതുകൊണ്ട് ഞാനും ബാലേട്ടനോട് ഒന്നു ശുപാര്‍ശ ചെയ്തു നോക്കാതിരുന്നില്ല.

'എടാ ഉവ്വേ, ഈ പ്രൊഫഷണല്‍ നാടകക്കാര്‍ക്ക് നാടകം ഓടിക്കാന്‍ വേണ്ടുന്ന ചില ഫോര്‍മുലകളൊക്കെ ഒണ്ട്. എനിക്കാണെങ്കി ആ ഹിക്മത്തുകളൊന്നും അറിയത്തുമില്ല. പിന്നെ കാളിദാസന് എഴുതിക്കൊടുത്തത് ആ സന്ധ്യേം രാജേന്ദ്രനും കൂടെ മനുഷന് ഒരു സൊയിരോം തരാതെ കിടന്ന് ബഹളം വച്ചതുകൊണ്ടാ. ഇയാള് ഈ കാര്യം ചേച്ചിയെ ഒന്നു പറഞ്ഞു മനസിലാക്ക്.'

kpac sulochana
കെപിഎസി സുലോചനയെക്കുറിച്ച് ബൈജു ചന്ദ്രന്‍ എഴുതിയ, കെപിഎസി സുലോചന

ഞാന്‍ അക്കാര്യം സുലോചനച്ചേച്ചിയോട് പറഞ്ഞെങ്കിലും അവരുടെ പരിഭവം അങ്ങോട്ട് പൂര്‍ണ്ണമായും മാറിയില്ല. കെപിഎസിയിലെ തന്റെ പഴയ സഖാക്കളായ ഒ മാധവന്റെയും വിജയകുമാരിയുടെയും സമിതിക്കുവേണ്ടി നാടകമെഴുതിക്കൊടുക്കാമെങ്കില്‍ തനിക്കു വേണ്ടിക്കൂടി എഴുതിയാലെന്താ എന്നായിരുന്നു ചേച്ചിയുടെ നിലപാട്. അതൊന്നും ഏതായാലും ഷൂട്ടിങ്ങിനെ ബാധിച്ചില്ല. 'സമരപുളകങ്ങളുടെ പാട്ടുകാരി' എന്ന ആ പരിപാടി കണ്ട പലര്‍ക്കും അതിഷ്ടപ്പെട്ടു. പ്രേക്ഷകര്‍ക്ക് പരിപാടി ഇഷ്ടമായതിന് പിന്നിലുള്ള ഒരു പ്രധാന ഘടകം സുലോചനച്ചേച്ചിയും ബാലേട്ടനും തമ്മില്‍ വളരെ അനൗപചാരികമായി, ഹൃദയം തുറന്നു നടത്തിയ ആ സംഭാഷണമായിരുന്നു.

മലയാളത്തിന്റെ അമേച്വര്‍ അരങ്ങിനെ ഒരു കാലത്ത് ഇളക്കി മറിച്ച പ്രതിഭയാണ് നാടകരചനയിലെ തന്റെ പരിമിതികളെക്കുറിച്ച് പറഞ്ഞത് എന്ന് ഞാനപ്പോള്‍ ഓര്‍ത്തു. ഞങ്ങളൊക്കെ കോളജില്‍ പഠിക്കുന്ന കാലത്ത് ക്യാംപസുകളെ ആവേശം കൊള്ളിക്കുകയും അവിടെ ആരവം സൃഷ്ടിക്കുകയും ചെയ്ത നാടകങ്ങളായിരുന്നു ചെണ്ടയും മകുടിയും പാവം ഉസ്മാനുമൊക്കെ. 1970 കളുടെ ആദ്യവര്‍ഷങ്ങളിലൊരിക്കല്‍ മാതൃഭൂമിയുടെ വിഷുപ്പതിപ്പിനുവേണ്ടി കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ സാഹിത്യ മത്സരത്തില്‍ നാടകവിഭാഗത്തില്‍ ഒന്നാം സമ്മാനാര്‍ഹനായ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജ് വിദ്യാര്‍ത്ഥി പി ബാലചന്ദ്രന്റെ ഏകാങ്കം വായിച്ചതോര്‍ക്കുന്നു. പി ബാലചന്ദ്രന്‍ എഴുതിയ നാടകമില്ലാതെ യുവജനോത്സവങ്ങളില്‍ നാടകമത്സരം നടക്കില്ല എന്ന നാളുകളായിരുന്നു പിന്നീട്. നിറഞ്ഞു കവിഞ്ഞ സദസ്സുകളിലാണ് ആ നാടകങ്ങള്‍ അരങ്ങേറിയിരുന്നത്. അങ്ങനെ നാടകരചനയിലുള്ള തന്റെ കയ്യടക്കവും കൗശലവും തെളിയിച്ച ശേഷമാണ് നാടകകലയെ കുറച്ചുകൂടി അടുത്തറിയണമെന്നും നാടകരചനയുടെ തന്ത്രങ്ങളേയും വ്യാകരണത്തെയും നാടകാവതരണത്തിന്റെ ശൈലിഭേദങ്ങളെയും കുറിച്ചൊക്കെ കൂടുതല്‍ മനസ്സിലാക്കണമെന്നും കരുതി, ഡി ബി കോളജിലെ തന്റെ ഗുരുനാഥന്‍ കൂടിയായിരുന്ന ജി ശങ്കരപ്പിള്ളസ്സാറിന്റെ പ്രേരണയില്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ആദ്യത്തെ ബാച്ചില്‍ ചേര്‍ന്നത്. അവിടെ തന്നേക്കാള്‍ പ്രായത്തിന് ഇളപ്പമുള്ള ശ്യാമപ്രസാദ്, ജോസ് ചിറമ്മല്‍, ദിലീപ്, പികെ വേണുഗോപാല്‍, സന്ധ്യ, ഗീത, വിന്ധ്യന്‍, ശിവകരന്‍, ബാബു സെബാസ്റ്റ്യന്‍, വില്‍സണ്‍, ശിവാനന്ദന്‍ തുടങ്ങിയ സഹപാഠികളുടെയും തൊട്ടുപിന്നാലെയെത്തിയ മുരളി മേനോന്‍, രഞ്ജിത്ത്, ജയകുമാര്‍, പിജെ രാധാകൃഷ്ണന്‍, വികെ പ്രകാശ്, നരിപ്പറ്റ രാജു, ലത (പിന്നീട് ബാലേട്ടന്റെ ജീവിതപങ്കാളിയായി) മാല കാലായ്ക്കല്‍, കുക്കു പരമേശ്വരന്‍, ശ്രീലത, അലക്‌സ് കടവില്‍, പ്രേംകുമാര്‍ തുടങ്ങിയവരുടെയുമെല്ലാം പ്രിയപ്പെട്ട 'ബാലേട്ടനാ 'യി ജീവിതനാടകത്തിലെ അടുത്ത അങ്കത്തിന് ആരംഭം കുറിച്ചു.

school of drama
സ്കൂൾ ഓഫ് ഡ്രാമ ആദ്യ ബാച്ച് - നിൽക്കുന്നവർ: പി ബാലചന്ദ്രൻ, ശിവകരൻ, കെ ജെ വിൽ‌സൺ, കെ ടി ശിവാനന്ദൻ ഇരിക്കുന്നവർ: പി കെ വേണുഗോപാൽ, ശ്യാമപ്രസാദ്, ബാബു സെബാസ്റ്റ്യൻ,എം എ ദിലീപ്special arrangement

1984 ല്‍ തിരുവനന്തപുരം ദൂരദര്‍ശന്‍ ആരംഭിച്ചപ്പോള്‍ ബാലേട്ടന്റെ സഹപാഠികളായ ശ്യാമും ദിലീപും ജൂനിയര്‍ ബാച്ചില്‍പ്പെട്ട ജയകുമാറും പ്രോഗ്രാം പ്രൊഡ്യൂസര്‍മാരുടെ ആദ്യത്തെ സംഘത്തിലുണ്ടായിരുന്നു. പിന്നീട് വേണുവും മുരളിയും രാധാകൃഷ്ണനും ശിവാനന്ദനും വില്‍സണും എത്തി. അവരെ കാണാനും ചില പരിപാടികളില്‍ പങ്കെടുക്കാനുമൊക്കെയായി സ്‌കൂള്‍ ഓഫ് ഡ്രാമക്കാര്‍ അവിടെ ഏതാണ്ട് നിത്യസന്ദര്‍ശകരായിരുന്നു. കൂട്ടത്തില്‍ ബാലേട്ടനും. ഞങ്ങളുടെയൊക്കെ ഒരു അഭ്യുദയ കാംക്ഷിയും മാര്‍ഗ്ഗ നിര്‍ദ്ദേശകനും എന്ന് പറയാവുന്ന (എന്റെ പിതാവിന്റെ ഉറ്റ സുഹൃത്ത് കൂടിയായ) ശ്രീവരാഹം ബാലകൃഷ്ണന്‍ സാറിന്റെ ഭാര്യാ സഹോദരനായിരുന്നു ബാലേട്ടന്‍ എന്നത് ഈ സൗഹൃദബന്ധത്തെ കൂടുതല്‍ ദൃഢമാക്കി. ഞങ്ങളെല്ലാം സഹകരിച്ചുകൊണ്ട് ബഷീറിന്റെ പൂവമ്പഴം എന്ന ചെറുകഥ ദിലീപിന്റെ നേതൃത്വത്തില്‍ ടെലിഫിലിമാക്കിയപ്പോള്‍ അതിന്റെ പിന്നില്‍ ബാലേട്ടനുമുണ്ടായിരുന്നു. ബാലേട്ടന്റെ അസാമാന്യമായ 'കഥാകഥനവൈഭവ'ത്തെക്കുറിച്ചു സ്‌കൂള്‍ ഓഫ് ഡ്രാമക്കാര്‍ പറഞ്ഞ് ധാരാളം കേട്ടിട്ടുണ്ടെങ്കിലും അതു നേരിട്ടു മനസ്സിലാക്കുന്നത് ആ നാളുകളിലാണ്. ചിരി അടക്കിവെക്കാന്‍ കഴിയാതെ വിഷമിച്ചിരുന്നുകൊണ്ട് ആ കഥകള്‍ കേട്ടാസ്വദിക്കുന്നത് ഞങ്ങള്‍ക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള കാര്യമായിരുന്നു. പില്‍ക്കാലത്ത് എഴുതിയ മായാസീതാങ്കവും ഒരു മധ്യവേനല്‍ പ്രണയരാവും പോലെയുള്ള നാടകങ്ങളില്‍ തനിമയും വ്യത്യസ്തതയുമാര്‍ന്ന നര്‍മ്മരസം നിറഞ്ഞു തുളുമ്പുന്നത് കാണാമല്ലോ.

ആ കാലത്തൊരിക്കലാണ് സുലോചനച്ചേച്ചിയുമായുള്ള അഭിമുഖം നടത്താന്‍ ഞാന്‍ ബാലേട്ടനെ കൂട്ടിക്കൊണ്ടുപോകുന്നത്. അന്ന് ചേച്ചിയുടെ ആവശ്യമനുസരിച്ച് നാടകമെഴുതാന്‍ ബാലേട്ടന്‍ തയ്യാറാകാതിരുന്നത് പ്രൊഫഷണല്‍ നാടകവേദിക്ക് അത്യന്താപേക്ഷിതമായ മെലോഡ്രാമ എന്ന സംഗതി തനിക്ക് വശമില്ലെന്ന് കരുതിയാകണം.

P Balachandran
പി ബാലചന്ദ്രന്‍ Manu R Mavelil

അതിനുശേഷമാണ് ബാലേട്ടന്‍ തിരക്കഥാരചനയുടെ രംഗത്തേക്ക് പ്രവേശിക്കുന്നത്. ഉള്ളടക്കം, പവിത്രം, അങ്കിള്‍ ബണ്‍, പുനരധിവാസം തുടങ്ങിയ ചിത്രങ്ങളിലൊക്കെ അതിഭാവുകത്വത്തിലേക്ക് വഴുതി വീഴാതെ സൂക്ഷിച്ച് കരുതലോടെ നില്‍ക്കുന്ന ഒരു തിരക്കഥാകൃത്തിനെ നമുക്കു കാണാം. വേണു നാഗവള്ളി ചിത്രമായ അഗ്‌നിദേവനില്‍ ആ കരുതലപ്പാടെ കൈവിട്ടു പോകുന്നതും. രാജീവ് രവിയുടെ കമ്മട്ടിപ്പാടവും ബാലേട്ടന്‍ തന്നെ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപനും എഴുതുമ്പോഴേക്കും ആ രംഗത്ത് പക്വതയും കരുത്തുമാര്‍ജ്ജിച്ചു കഴിഞ്ഞിരുന്നു.

മദ്ധ്യപ്രായമൊക്കെ പിന്നിടുന്ന നാളുകളില്‍, തന്നെ തേടിയെത്തിയ ചലച്ചിത്ര അഭിനേതാവിന്റെ വേഷവും ബാലേട്ടന്‍ മോശമാക്കിയില്ല - ഗംഭീരമാക്കി എന്നു പറഞ്ഞുകൂടെങ്കിലും. കുറുക്കന്‍ വക്കീലിന്റെയും ഹൈടെക് ജ്യോത്സന്റെയും അധോലോക തലവന്റെയും ഒക്കെ വേഷം കെട്ടിയെങ്കിലും നല്ലവനായ അച്ഛന്റെ റോളുകളിലായിരുന്നു കൂടുതലും. ബാലേട്ടനിലെ നടനെ മലയാള സിനിമക്ക് കുറച്ചുകൂടൊക്കെ ഉപയോഗപ്പെടുത്താമായിരുന്നു എന്നു തോന്നിയിട്ടുണ്ട്. സംവിധായകന്‍ എന്ന നിലയിലും ഇനിയും എന്തെല്ലാം ചെയ്യാന്‍ ബാക്കിയുണ്ടായിരുന്നു!

അരങ്ങിനെ സംബന്ധിച്ചിടത്തോളം ബാലേട്ടന്റെ പ്രതിഭയുടെ ചെറിയൊരംശം മാത്രമാണ് ചിലവഴിക്കപ്പെട്ടത് എന്നു ഞാന്‍ കരുതുന്നു. മായാ സീതാങ്കം പോലെയൊരു നാടകം - തികച്ചും unique ആയ അതിന്റെ തീം, സവിശേഷ രീതിയിലുള്ള ഘടന - അതൊക്കെ മറ്റാര്‍ക്കാണ് സങ്കല്‍പ്പിക്കാന്‍ കഴിയുക!

സത്യം പറയണമല്ലോ ബൈജു - വീട്ടുകാര്‍ക്ക് ഉള്‍പ്പെടെ പലര്‍ക്കും ഇപ്പഴാ എന്നെക്കുറിച്ച് ഒരു വില തോന്നിത്തുടങ്ങിയത്

സ്‌കൂള്‍ ഓഫ് ഡ്രാമയിലും പിന്നീട് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലും 'പിള്ളാരെ പഠിപ്പിച്ചിരുന്ന ' ബാലേട്ടനെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്. മുട്ടിന് മുട്ടിന് ജാര്‍ഗണുകള്‍ എടുത്തുവീശിക്കൊണ്ട് വിദ്യാര്‍ത്ഥികളെ അമ്പരപ്പിക്കാനും അടിച്ചിരുത്താനും ശ്രമിക്കുന്ന അക്കാദമിക് പണ്ഡിതനായല്ല, അനുഭവസമ്പത്തിന്റെയും ജീവിതാവബോധത്തിന്റെയും നിരീക്ഷണങ്ങളുടെയും പ്രായോഗികജ്ഞാനത്തിന്റെയുമൊക്കെ പിന്‍ബലത്തോടെ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തിലൊരാളായി അവരോടൊപ്പമിരുന്നുകൊണ്ട് ക്ലാസെടുക്കുന്നു എന്ന് തോന്നിക്കാത്ത വിധത്തില്‍ കാര്യങ്ങള്‍ രസകരമായി പറഞ്ഞുകൊടുക്കുന്ന ജ്യേഷ്ഠ സഹോദരനായാണ് അവര്‍ പലരും ബാലേട്ടനെ ഓര്‍മ്മിക്കുന്നത്.

ബാലേട്ടനെ ഞാന്‍ അവസാനമായി കണ്ടത് എറണാകുളത്തേക്കുള്ള ഒരു ട്രെയിന്‍ യാത്രയില്‍ വെച്ചാണ്. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമ ഇറങ്ങി അപ്പോള്‍ കുറച്ചു നാള്‍ ചെന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. സഹയാത്രക്കാരില്‍ ഒട്ടേറെപ്പേര്‍ പ്രിയതാരത്തെ കണ്ട് ഇങ്ങോട്ടുവന്ന് സംസാരിക്കുന്നുണ്ടായിരുന്നു. എല്ലാവര്‍ക്കും ട്രിവാന്‍ഡ്രം ലോഡ്ജിലെ പെര്‍ഫോമന്‍സിനെക്കുറിച്ചാണ് പറയാനുണ്ടായിരുന്നത്.

'എന്റെ ബൈജു, ഞാന്‍ സിനിമേല്‍ വന്നിട്ട് ഇതാദ്യമായിട്ടാ ഇങ്ങനൊരു സ്‌നേഹം ആളുകള് കാണിക്കുന്നത്. ഭാര്യേടേം മോന്റേം കൂടാ ഞാനാ സിനിമ കാണാന്‍ പോയത്. ഒടുക്കം പടം കഴിഞ്ഞ് തീയേറ്ററിന് പുറത്തേക്ക് വരുമ്പഴേക്കും എന്തുവാ എന്നെക്കണ്ട് വലിയൊരാള്‍ക്കൂട്ടം വന്ന് ചുറ്റിനും കൂടി. എന്നിട്ട് അവരെല്ലാരും കൂടി എന്നെയങ്ങ് മോളീലേക്ക് എടുത്തുപൊക്കി തോളത്തിരുത്തി ആര്‍ത്തു വിളിച്ചും കൊണ്ട് താഴത്തെ നിലയിലേക്ക് കൊണ്ടു വരികയാ. ഞാനാണെങ്കി അന്നേരം മുഴുവന്‍ ഇപ്പത്താഴെ വീണുപോകുമെന്ന് പേടിച്ച് ആരെയൊക്കെയോ കേറിയങ്ങനെ അള്ളിപ്പിടിച്ചിരിക്കുവാരുന്നു... ഒരു സത്യം പറയണമല്ലോ ബൈജു - വീട്ടുകാര്‍ക്ക് ഉള്‍പ്പെടെ പലര്‍ക്കും ഇപ്പഴാ എന്നെക്കുറിച്ച് ഒരു വില തോന്നിത്തുടങ്ങിയത്.'

ബാലേട്ടന്റെ അവസാന നാളുകളെയും അന്നത്തെ ആ രോഗാവസ്ഥയെയും കുറിച്ച് കേട്ടപ്പോള്‍ ഒരുപാട് ദുഃഖം തോന്നി. മനസ്സുകൊണ്ട് അത്രയും ഊര്‍ജ്ജസ്വലനായ ഒരാള്‍ ഒരിക്കലും അര്‍ഹിക്കാത്തതായിരുന്നു അങ്ങനെയൊരു അന്ത്യം. നേരത്തെ പറഞ്ഞതുപോലെ ഇനിയും ഒരുപാടു കാര്യങ്ങള്‍ സര്‍ഗാത്മകതയുടെ ലോകത്ത് ചെയ്യാന്‍ ബാക്കിയുണ്ടായിരുന്ന ഒരാള്‍. ശരിയായിക്കളി തീരുന്നതിന് മുന്‍പ് അരങ്ങില്‍ നിന്ന് പിരിയേണ്ടി വന്ന നട്ടുവന്‍.

P Balachandran
രേണു ചക്രവര്‍ത്തി; മറന്നുകളയാന്‍ പാടില്ലാത്ത ഉജ്ജ്വലമായ പേര്
P Balachandran
പകരക്കാരനില്ലാത്ത ഒരാള്‍
P Balachandran
മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ട്!
Summary

When it comes to the stage, I feel only a small portion of Balettan's brilliance was tapped into, Baiju Chandran writes about P Balachandran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER