ബാലറ്റ് യുദ്ധത്തിന്റെ ഇന്നലെകളില്‍

gouriyamma, vs
കാലചക്രം - ബൈജു ചന്ദ്രന്‍ എഴുതുന്ന പംക്തിfile
Updated on

ന്നാ ദിവസം തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് കാതോര്‍ത്തുകൊണ്ട് റേഡിയോയുടെ മുന്നില്‍ ചടഞ്ഞുകൂടി ഇരിക്കുകയായിരുന്നു ഞാന്‍. കൂട്ടിന് രാഷ്ട്രീയത്തില്‍ അതീവ താല്‍പര്യമുള്ള അമ്മയും. ലോക്സഭയിലേക്കും കേരള നിയമസഭയിലേക്കും ഒരുമിച്ചു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ബാലറ്റു പെട്ടിയിലെ വോട്ടുകള്‍ എണ്ണി തീരണമെങ്കില്‍ ദിവസങ്ങള്‍ തന്നെവേണം അന്നൊക്കെ. നേരം ഏതാണ്ട് അര്‍ദ്ധരാത്രിയോട് അടുത്തു. അപ്പോഴാണ് ആ വാര്‍ത്ത വരുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള ഇംഗ്ലീഷ് ബുള്ളറ്റിനിലായിരുന്നു എല്ലാവരെയും നടുക്കിയ ആ വലിയ വാര്‍ത്തയുണ്ടായിരുന്നത്. ന്യൂസ് റീഡറുടെ ശബ്ദത്തില്‍ എന്തോ വലിയൊരു ആപത്ത് സംഭവിച്ച കാര്യം ലോകത്തെ അറിയിക്കുന്നതുപോലെയുള്ള ഗൗരവമുണ്ടായിരുന്നു.

ഉത്തര്‍പ്രദേശിലെ റായ് ബറേലി നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഇന്ത്യയുടെ പ്രധാന മന്ത്രിയുമായ ശ്രീമതി ഇന്ദിരാഗാന്ധി പരാജയപ്പെട്ടു. ജനതാ മുന്നണിയുടെ രാജ് നാരായണനാണ് ശ്രീമതി ഗാന്ധിയെ പരാജയപ്പെടുത്തിയത്.

ആ വാര്‍ത്ത കേട്ട് വിശ്വസിക്കാനാകാതെ അമ്മയുടെ നേര്‍ക്ക് നോക്കിയപ്പോള്‍ ആ കണ്ണുകള്‍ നിറയുന്നത് കണ്ടു....

Karunakaran,indira gandhi
ഇന്ദിരാഗാന്ധിക്കൊപ്പം കരുണാകരൻTNIE File

1977 മാര്‍ച്ച് 21. പത്തൊന്‍പത് മാസക്കാലം നീണ്ടുനിന്ന അടിയന്തരാവസ്ഥയ്ക്ക് അയവു വരുത്തിക്കൊണ്ട് പ്രധാനമന്ത്രി അവിചാരിതമായി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിന്റെ ക്ലൈമാക്‌സ് രംഗമാണ് അന്ന് അരങ്ങേറിയത്. രാഷ്ട്രീയത്തെക്കുറിച്ചും ജനാധിപത്യത്തിന്റെ നട്ടെല്ലായ തെരഞ്ഞെടുപ്പുകളെക്കുറിച്ചുമൊക്കെ കുറച്ചൊക്കെ ധാരണയും അറിവും ഉണ്ടായിരുന്ന, അതിലേറെ സംശയങ്ങളും ചോദ്യങ്ങളുമൊക്കെ മനസ്സില്‍ നാമ്പിട്ടിരുന്ന എന്റെ പതിനാറാം വയസ്സില്‍ നടന്ന ആ തിരഞ്ഞെടുപ്പ് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായിരുന്നു.

പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട വിഷയം, സിനിമയേക്കാള്‍, അന്ന് രാഷ്ട്രീയമായിരുന്നു. പ്രത്യേകിച്ച് രാഷ്ട്രീയ ചരിത്രം. എന്റെ അച്ഛന്‍ കെഎസ് ചന്ദ്രന്‍ അന്ന് ഒരു രാഷ്ട്രീയ വാരികയുടെ പത്രാധിപരായിരുന്നു എന്നതായിരിക്കാം ഒരുപക്ഷേ എന്നെ ആ വിഷയത്തില്‍ ഏറെ താല്‍പ്പര്യമുള്ള ഒരാളാക്കിത്തീര്‍ത്തത്.

എനിക്ക് തിരഞ്ഞെടുപ്പ് എന്നൊരു സംഭവത്തെക്കുറിച്ച് ചെറുതാണെങ്കിലും ഒരു ധാരണയൊക്കെ ഉണ്ടാകുന്നത് 1970 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ്. അന്ന് ഞങ്ങള്‍ കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് വന്നിട്ടേയുള്ളൂ. 1967 ലെ നിയമസഭാ - ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഞാന്‍ പ്രൈമറി സ്‌കൂളില്‍ പഠിക്കുകയാണ്. എങ്കിലും വീട്ടില്‍ നടക്കുന്ന സംഭാഷണങ്ങളില്‍ നിന്നൊക്കെ ചില പേരുകളെല്ലാം എന്റെ ഉള്ളിലേക്ക് കയറിക്കൂടിയിട്ടുണ്ട്. ടികെ ദിവാകരന്‍, ഹെന്‍ട്രി ഓസ്റ്റിന്‍ തുടങ്ങിയ പേരുകളാണവ. ഞങ്ങള്‍ താമസിച്ചിരുന്ന കൊല്ലം നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളായിരുന്നു അവര്‍ രണ്ടാളും. കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ചെയര്‍മാനും ആര്‍ എസ് പിയുടെ നേതാവുമായിരുന്ന ടികെ ദിവാകരനെ കണ്ട ചെറിയ ഒരോര്‍മ്മയുമുണ്ട്. അച്ഛന്റെ നാടായ പാലായില്‍ പോയി മടങ്ങിവരുന്ന യാത്രയില്‍ ട്രെയിനിലെ തേര്‍ഡ് ക്ലാസ്സ് (ഇന്നത്തെ ജനറല്‍) കമ്പാര്‍ട്ട്‌മെന്റില്‍ വെച്ചായിരുന്നു അത്. കോട്ടയം മുതല്‍ കൊല്ലം വരെ ഞങ്ങളോടൊപ്പമുണ്ടായിരുന്ന ആ നേതാവ്, കൊല്ലത്തെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഞങ്ങളോടൊപ്പം ഒരു ടാക്‌സിയില്‍ കയറി വഴിയിലെവിടെയോ ഇറങ്ങിയതും. തിരഞ്ഞെടുപ്പില്‍ ജയിച്ച് മന്ത്രിയാകുന്നതിന് തൊട്ടു മുമ്പെപ്പോഴോ ആണതെന്ന് അമ്മ പിന്നീട് പറഞ്ഞു കേട്ടിട്ടുണ്ട്. 1967ല്‍ എംഎല്‍എ ആയിരുന്ന മറ്റൊരാളെയും പലതവണ കണ്ടിട്ടുണ്ട്. കുണ്ടറ മണ്ഡലത്തില്‍ നിന്ന് ജയിച്ച സിപിഎം നേതാവ് ഡോ. പി കെ സുകുമാരന്റെ ഹോമിയോ ക്ലിനിക്കില്‍ എത്രവട്ടം പോയിരിക്കുന്നു. തിരഞ്ഞെടുപ്പ്, എംഎല്‍എ, മന്ത്രി, മന്ത്രിസഭ... തുടങ്ങിയ വാക്കുകളൊക്കെ പരിചിതമായതും അതിനെക്കുറിച്ചൊക്കെ ചെറിയൊരു അറിവുണ്ടായതുമൊക്കെ ആ നാളുകളിലാണ്. വീട്ടില്‍ വരുത്തുന്ന പത്രങ്ങളും അച്ഛന്‍ ഓഫീസില്‍ നിന്നും കൊണ്ടുവരുന്ന പ്രസിദ്ധീകരണങ്ങളുമെല്ലാം ഒന്നും മനസ്സിലായില്ലെങ്കില്‍ പോലും അക്ഷരം വിടാതെ വായിക്കും. അച്ഛന്റെ പത്രാധിപത്യത്തിലുള്ള കേരളശബ്ദം സ്വതന്ത്ര രാഷ്ട്രീയ വാരിക പ്രത്യേകിച്ചും. പുതിയ ലക്കങ്ങള്‍ മാത്രമല്ല, വീട്ടില്‍ ബൈന്‍ഡ് ചെയ്തു സൂക്ഷിച്ചിട്ടുള്ള പഴയ ലക്കങ്ങളും. അങ്ങനെയാണ് ഇഎംഎസ്, എകെജി, എംഎന്‍, ടിവി, പട്ടം താണുപിള്ള, ആര്‍ ശങ്കര്‍, പിടി ചാക്കോ തുടങ്ങിയ പേരുകളൊക്കെ പരിചിതമാകുന്നത്. അക്കൂട്ടത്തില്‍ എകെജിയെയും എംഎനെയും നേരിട്ടു കണ്ടിട്ടുമുണ്ട്.

Image of MN Govindan Nair
എം.എന്‍.ഗോവിന്ദന്‍ നായര്‍ സമകാലിക മലയാളം വാരിക

കേരളശബ്ദം, കുങ്കുമം പ്രസിദ്ധീകരണങ്ങള്‍ കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് ആസ്ഥാനം മാറിയതിനെ തുടര്‍ന്ന് 1970 ഫെബ്രുവരിയില്‍ ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് വന്നു. ആദ്യത്തെ അച്യുത മേനോന്‍ മന്ത്രിസഭയുടെ കാലം. ആ വര്‍ഷത്തിലും അതിന്റെ തലേവര്‍ഷത്തിലുമായി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ അതികായന്മാരായ കുറെ വ്യക്തികള്‍ വിടപറഞ്ഞുപോകുന്നുണ്ട്. സി കേശവന്‍, പറവൂര്‍ ടികെ നാരായണപിള്ള, കുമ്പളത്ത് ശങ്കുപ്പിള്ള എന്നിവര്‍ 69 ലും പട്ടം താണുപിള്ള, മന്നത്ത് പത്മനാഭന്‍, ആര്‍ സുഗതന്‍, മത്തായി മാഞ്ഞൂരാന്‍ എന്നിവര്‍ 70 ലും. പത്രത്തില്‍ ഇവരെക്കുറിച്ച് വന്ന വാര്‍ത്തകളും ജീവചരിത്ര കുറിപ്പുകളുമൊക്കെ വായിച്ചു മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. ഇഎംഎസിന്റെ രാജി, അച്യുതമേനോന്റെ മുഖ്യമന്ത്രിപദമേറ്റെടുക്കല്‍, തുടര്‍ന്നുള്ള രാജി സെപ്റ്റംബറില്‍ തിരഞ്ഞെടുപ്പ് നടത്താനായുള്ള പ്രഖ്യാപനം... ഈ സംഭവങ്ങളെല്ലാം കേരളകൗമുദി

പത്രത്തിലും കേരളശബ്ദത്തിലുമൊക്കെ വായിക്കുന്നുണ്ട്.

ഞങ്ങള്‍ അന്നു താമസിച്ചിരുന്ന പാല്‍ക്കുളങ്ങര പ്രദേശ മുള്‍ക്കൊള്ളുന്ന മണ്ഡലത്തിന്റെ പേര് അന്ന് തിരുവനന്തപുരം ഒന്ന് എന്നാണ്. പിന്നീടത് തിരുവനന്തപുരം വെസ്റ്റും ഇപ്പോള്‍ വെറും തിരുവനന്തപുരവുമായി മാറി. കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയ സിപിഐ, ആര്‍എസ്പി, മുസ്ലീം ലീഗ്, പിഎസ്പി പാര്‍ട്ടികളുടെ ഐക്യമുന്നണിയുടെ സ്ഥാനാര്‍ത്ഥി കെ പങ്കജാക്ഷനും ( ആര്‍എസ്പി)മാര്‍ക്‌സിസ്റ്റ് മുന്നണിയുടെ സ്ഥാനാര്‍ത്ഥി സിപിഎം സ്വതന്ത്രന്‍ പെരുന്താന്നി സോമന്‍ നായരു മായിരുന്നു. അന്ന് ഇന്നത്തെ പോലെ സ്ഥാനാര്‍ത്ഥിയുടെ പല പോസുകളിലുള്ള ബഹുവര്‍ണ്ണ പോസ്റ്ററുകളൊന്നുമില്ല. ചിഹ്നത്തോടു കൂടി ഇന്ന സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക എന്ന് കല്ലച്ചില്‍ അടിച്ച കറുപ്പിലും വെളുപ്പിലുമുള്ള ചെറിയ പോസ്റ്ററുകള്‍മാത്രം. പിന്നെ ചുമരെഴുത്തും. ചുറ്റുപാടുമുള്ള മണ്‍കയ്യാലകളുടെയൊക്കെ ചുവരുകളില്‍ കുമ്മായത്തില്‍ ബ്രഷ് മുക്കിയെഴുതിയ എ ഴുത്തുകള്‍ ഇപ്പോഴും മനസ്സില്‍ മറയാതെ കിടപ്പുണ്ട്. 'മണ്‍ വെട്ടിയും മണ്‍ കോരികയും അടയാളത്തില്‍ ഐക്യമുന്നണി സ്ഥാനാര്‍ത്ഥി സ: കെ പങ്കജാക്ഷനെ വിജയിപ്പിക്കുക'.

പെരുന്താന്നി സോമന്‍ നായരുടെ അടയാളം ഇപ്പോള്‍ ഓര്‍മ്മ വരുന്നില്ല. ഐക്യ മുന്നണി ജയിച്ചു, അച്യുതമേനോന്‍ വീണ്ടും മുഖ്യമന്ത്രിയായി.

അച്യുത മേനോന്റെ രണ്ടാമത്തെ ഗവണ്‍മെന്റ് രൂപം കൊണ്ട് അധികനാള്‍ ചെല്ലുന്നതിന് മുന്‍പ് 1971 ഫെബ്രുവരിയില്‍ ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് വന്നു. കോണ്‍ഗ്രസ് - സിപിഐ - കേരളാ കോണ്‍ഗ്രസ് - മുസ്ലീം ലീഗ് - ആര്‍എസ്പി - പിഎസ്പി കക്ഷികളുടെ ഐക്യമുന്നണി ഒരു ഭാഗത്തും ചില ചെറു കക്ഷികളെ നയിച്ചുകൊണ്ട് സിപിഎം മറുഭാഗത്തുമായി നടന്ന തിരഞ്ഞെടുപ്പ് മത്സരത്തില്‍ എകെ ജി, എംകെ കൃഷ്ണന്‍ എന്നീ സിപിഎം നേതാക്കളും പാര്‍ട്ടി പിന്തുണ നല്‍കിയ സ്വതന്ത്രന്‍ വികെ കൃഷ്ണമേനോനും ഒഴിച്ചാല്‍ മറ്റു പതിനാറു സീറ്റുകളിലും ഐക്യമുന്നണി യാണ് ജയിച്ചത്. ഇന്ദിരാഗാന്ധി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് തിരിച്ചുവന്നു.

തിരുവനന്തപുരത്ത് മത്സരിച്ച വികെ കൃഷ്ണ മേനോന്റെ ഒരു തിരഞ്ഞെടുപ്പ് യോഗത്തില്‍ അച്ഛനോടൊപ്പം പോയത് ഓര്‍മ്മയുണ്ട്. 1957ല്‍ തിരുവനന്തപുരം പാര്‍ലമെന്റ് സീറ്റില്‍ നിന്നു കമ്മ്യൂണിസ്റ്റ് സ്വതന്ത്രനായി വിജയിച്ച അഡ്വ.എസ് ഈശ്വരയ്യരായിരുന്നു അദ്ധ്യക്ഷന്‍. കൃഷ്ണ മേനോനെ ഒന്നു നേരിട്ടു കാണുക എന്നതായിരുന്നു എന്റെ ആഗ്രഹം.

ജുബ്ബയും ദോത്തിയും കഴുത്തില്‍ വളച്ചിട്ട രണ്ടാം മുണ്ടും ധരിച്ച് വാക്കിങ് സ്റ്റിക്കും കയ്യിലേന്തി തലപ്പൊക്കത്തോടെ നില്‍ക്കുന്ന കൃഷ്ണ മേനോനും സാമാന്യത്തിലധികം സ്ഥൂലിച്ച ശരീരവുമായി കസേരയിലങ്ങനെ നിറഞ്ഞിരിക്കുന്ന ഈശ്വരയ്യരും.

കൃഷ്ണ മേനോന്റെ ചിഹ്നം ഇപ്പോള്‍ ഓര്‍മ്മയിലില്ലെങ്കിലും എതിര്‍ സ്ഥാനാര്‍ത്ഥി പിഎസ്പിയുടെ ഡി ദാമോദരന്‍ പോറ്റിയുടെ ചിഹ്നം നല്ലതുപോലെ ഓര്‍മ്മയുണ്ട്. കുടില്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്ന ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് പെരുന്താന്നിയിലെ ഞങ്ങളുടെ വീടിന് മുന്നിലൂടെ, റോഡിന്റെ ഇരുവശത്തും തിങ്ങിക്കൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് തുറന്ന ജീപ്പില്‍ പോകുന്നതാണ് ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്ന മറ്റൊരു ദൃശ്യം.

ഞാന്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന 1974 കാലഘട്ടത്തിലാണ് രാഷ്ട്രീയത്തോട് എനിക്ക് കലശലായ ആഭിമുഖ്യം തോന്നിത്തുടങ്ങിയത്. തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മ്മകള്‍ എന്ന പുസ്തകമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയത്തിലേക്ക് എന്നെ വഴി തിരിച്ചുവിട്ടത്. എസ്എല്‍പുരം സദാനന്ദന്റെ ആയിരം വര്‍ണ്ണങ്ങള്‍ എന്ന ആത്മകഥയില്‍ നിന്നാണ് പുന്നപ്ര വയലാര്‍ സമരത്തെയും സഖാവ് പി കൃഷ്ണപിള്ളയെയും കുറിച്ച് ആദ്യമായി വായിക്കുന്നത്. പിന്നീട് ടിവികെ എഴുതിയ സഖാവിന്റെ ജീവചരിത്രവും വായിച്ചു. കയ്യില്‍ കിട്ടുന്ന രാഷ്ട്രീയസംബന്ധിയായി എന്തും വായിക്കുന്ന സ്വഭാവം വളര്‍ന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനെക്കുറിച്ച് വായിച്ചു. അച്ഛനോട് ധാരാളം സംശയങ്ങള്‍ ചോദിച്ചിരുന്ന നാളുകള്‍. ജെപിയുടെ സമ്പൂര്‍ണ്ണ വിപ്ലവ പ്രസ്ഥാനത്തെയും ബിഹാറിലും ഗുജറാത്തിലും നടന്ന സംഭവ വികാസങ്ങളെയും കുറിച്ചൊക്കെ മനസ്സിലാക്കാന്‍ ശ്രമിച്ചു. അലഹാബാദ് കോടതിയുടെ വിധിയും അടിയന്തരാവസ്ഥയുടെ വരവുമൊക്കെ അപ്പോഴാണ് സംഭവിക്കുന്നത്. മനസ്സിലാകായ്കകള്‍ ഒരുപാട് ഉണ്ടായിരുന്നു. എങ്കിലും കൃത്യമായ രാഷ്ട്രീയ നിലപാട് ഉള്ളില്‍ രൂപപ്പെട്ടിരുന്നു. അടിയന്തരാവസ്ഥയോടും സമഗ്രാധിപത്യത്തോടുമുള്ള വിയോജിപ്പിനോടൊപ്പം ഏതാണ്ട് തുല്യ ശക്തിയോടുകൂടിത്തന്നെ ജയപ്രകാശ് നാരായണന്റെ പിറകില്‍ കൂട്ടം ചേര്‍ന്ന പ്രതിലോമ വര്‍ഗ്ഗീയ ശക്തികളോടുള്ള കടുത്ത എതിര്‍പ്പും ഉള്ളിലുണ്ടായിരുന്നു.

ഒരു തിരഞ്ഞെടുപ്പിലേക്ക് നയിച്ച രാഷ്ട്രീയ സംഭവ വികാസങ്ങളും തിരഞ്ഞെടുപ്പിന്റെ പ്രസക്തിയും പ്രാധാന്യവുമെല്ലാം സാമാന്യം നന്നായി മനസ്സിലാക്കിക്കൊണ്ട് കണ്ടു നിന്ന തിരഞ്ഞെടുപ്പായിരുന്നു 1977 ല്‍ നടന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളാണ് ആദ്യം വരുന്നത്. 1970 മുതല്‍ അധികാരത്തിലിരിക്കുന്ന അച്യുതമേനോന്റെ ഗവണ്‍മെന്റ് കേരളം കണ്ട ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച ഒന്നായിരുന്നെങ്കിലും പരാജയപ്പെടുമെന്നായിരുന്നു ഞാന്‍ കരുതിയത്. അടിയന്തരാവസ്ഥ ഉള്‍പ്പെടെ പ്രതികൂലമായ ഘടകങ്ങള്‍ പലതും ഉണ്ടായിരുന്നല്ലോ. മാത്രമല്ല, സിപിഎമ്മിന്റെ ആത്മവിശ്വാസവും അത്ര വലുതായിരുന്നു. രണ്ടു വര്‍ഷക്കാലത്തോളം ഏതാണ്ട് നിര്‍ജീവമായി കിടന്നശേഷം വര്‍ദ്ധിത വീര്യത്തോടെ ഉണര്‍ന്നെഴുന്നേറ്റതിന്റെ ആവേശം അവര്‍ നടത്തിയ ജാഥകളിലും മീറ്റിങ്ങുകളിലുമെല്ലാം ദൃശ്യമായിരുന്നു. '57ല്‍ ഇഎംഎസ്, 67ല്‍ ഇഎംഎസ്, 77ല്‍ ഇഎംഎസ്' എന്നൊരു മുദ്രാവാക്യം തന്നെ അന്തരീക്ഷത്തില്‍ അന്ന് മുഴങ്ങിക്കേട്ടിരുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ അന്നത്തെ വിദ്യുച്ഛക്തി മന്ത്രി എംഎന്‍ ആയിരുന്നു ഐക്യമുന്നണിയുടെ സ്ഥാനാര്‍ത്ഥി. സോഷ്യലിസ്റ്റ് നേതാവ് പി വിശ്വംഭരന്‍ എതിര്‍സ്ഥാനാര്‍ത്ഥിയും. ഞങ്ങളുടെ വീട് സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തില്‍ അന്നത്തെ പൊതു മരാമത്ത് മന്ത്രി കെ പങ്കജാക്ഷന്‍ വീണ്ടും ജനവിധി തേടി.

കോണ്‍ഗ്രസ്, സിപിഐ, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്, ആര്‍എസ്പി, കേരളാ കോണ്‍ഗ്രസ് (മാണി), എന്‍ഡിപി, പിഎസ്പി കക്ഷികള്‍ ചേര്‍ന്ന ഐക്യമുന്നണി ഒരു ഭാഗത്തും സിപിഎമ്മിന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി, ജനസംഘം, സംഘടനാ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളെല്ലാം ചേര്‍ന്നുണ്ടാക്കിയ ജനതാ പാര്‍ട്ടി, അഖിലേന്ത്യാ മുസ്ലീം ലീഗ്, കേരളാ കോണ്‍ഗ്രസ് (പിള്ള ഗ്രൂപ്പ്) എന്നീ കക്ഷികള്‍ അണിനിരന്ന പ്രതിപക്ഷ മുന്നണി മറുഭാഗത്തുമായിട്ടാണ് മത്സരം.

അടിയന്തരാവസ്ഥ സൃഷ്ടിച്ച വല്ലാത്ത ഒരു ശാന്തതയ്ക്ക് അറുതി വരുത്തിക്കൊണ്ട് പ്രകടനങ്ങളും മുദ്രാവാക്യം വിളികളുമെല്ലാം കൊണ്ട് അന്തരീക്ഷം മുഖരിതമായി. യൂത്ത് കോണ്‍ഗ്രസ്സുകാര്‍ അന്നു തിരുവനന്തപുരത്ത് നടത്തിയ ഒരു പ്രകടനത്തില്‍ ഇങ്ങനെ മുദ്രാവാക്യം വിളിച്ചു:

'കാലന്‍ വന്നു വിളിച്ചിട്ടും പോകാത്തതെന്താ ഗോപാലാ!'

ആ ദിവസങ്ങളില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആസന്ന നിലയില്‍ കിടക്കുകയായിരുന്ന എകെജിയെയും ടി വി തോമസിനെയും കാണാന്‍ അച്ഛനോടൊപ്പം പലതവണ പോയിരുന്നു. അതുകൊണ്ട് ആ മുദ്രാവാക്യം എന്നില്‍ ഉണ്ടാക്കിയത് വല്ലാത്തൊരു വികാരമാണ്.

EMS, Pinarayi Vijayan
EMS, Pinarayi Vijayanഫയൽ

നിയമസഭാ ഫലങ്ങളില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ പിന്നിലാണെന്നുള്ള വാര്‍ത്തകളാണ് വന്നുകൊണ്ടിരുന്നത്. ഉച്ച കഴിഞ്ഞപ്പോഴേക്കും അവരില്‍ പലരും പരാജയപ്പെട്ടതിന്റെ വാര്‍ത്തകളും വന്നുതുടങ്ങി. അതിലേറ്റവും ഞെട്ടിച്ചത് അരൂര്‍ മണ്ഡലത്തിലെ ഗൗരിയമ്മയുടെ പരാജയമായിരുന്നു. എന്റെ അച്ഛന് ഒരു ജ്യേഷ്ഠ സഹോദരിയെപ്പോലെയായിരുന്നു ഗൗരിയമ്മ. അവരെ തോല്‍പ്പിച്ച പി എസ് ശ്രീനിവാസനോടും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സിപിഐയോടുമായിരുന്നു എന്റെ രാഷ്ട്രീയാഭിമുഖ്യമെങ്കിലും ഗൗരിയമ്മ തോറ്റത് ഉള്‍ക്കൊള്ളാന്‍ പറ്റാത്തതുപോലെ തോന്നി. ഗൗരിയമ്മയുടെ തോല്‍വി ഒരു തുടക്കം മാത്രമായിരുന്നു. വിഎസ് അച്യുതാനന്ദന്‍, ഇ ബാലാനന്ദന്‍, കെ ചാത്തുണ്ണി മാസ്റ്റര്‍ തുടങ്ങി സിപിഎമ്മിന്റെ അതികായര്‍ ഓരോരുത്തരായി നിലംപതിക്കുന്ന വാര്‍ത്തകള്‍ വന്നു തുടങ്ങി. പട്ടാമ്പിയില്‍ ഇഎംഎസ് തന്നെ കഷ്ടപ്പെട്ടാണ് സിപിഐയുടെ ഇപി ഗോപാലനോട് ജയിച്ചത്.111 സീറ്റുകളോടെ ഐക്യമുന്നണി വന്‍ ഭൂരിപക്ഷം നേടിയപ്പോള്‍ മാര്‍ക്‌സിസ്റ്റ് മുന്നണിക്ക് 28 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. (ഒരു കാര്യം വ്യക്തമാക്കട്ടെ - സിപിഎമ്മിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ആ മുന്നണിയുടെ പേര് ഇടതു മുന്നണി എന്നായിരുന്നില്ല, അങ്ങനെ ഇപ്പോള്‍ പലരും എഴുതിയും പറഞ്ഞും കാണുന്നുണ്ട്)

കേരളത്തിലെ സിപിഎമ്മിന്റെ തോല്‍വിയേക്കാള്‍ ഞെട്ടലുണ്ടാക്കികൊണ്ട് വൈകുന്നേരമായതോടെ വടക്കു നിന്നുള്ള തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഓരോന്നായി പുറത്തുവരാന്‍ തുടങ്ങി. അന്നു വൈകുന്നേരം ഞാന്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ചെന്ന് അവിടെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വലിയ ബോര്‍ഡില്‍ ഡിസ്‌പ്ലേ ചെയ്യുന്നത് കണ്ടുകൊണ്ട് നിന്നു. റോഡിലെ വിജയാഹ്ലാദ പ്രകടനങ്ങള്‍ക്കൊന്നും വലിയ ആവേശമില്ലായിരുന്നു. കേരളത്തില്‍ അത്ര കനത്ത തോല്‍വിയാണല്ലോ സിപിഎം മുന്നണിക്കുണ്ടായത്. കോണ്‍ഗ്രസ്സിനാകട്ടെ ഇവിടെ ഗംഭീര വിജയം നേടിയിട്ടും ഡല്‍ഹി കൈവിട്ടു പോയതിന്റെ, അതിനുമപ്പുറത്ത് പ്രധാനമന്ത്രിയും മകനുമടക്കമുള്ള നേതാക്കള്‍ പരാജയത്തോടടുക്കുന്നു എന്നറിഞ്ഞതിലുള്ള ആഘാതവും. രാത്രി നഗരത്തില്‍ വിതരണം ചെയ്ത കേരളകൗമുദിയുടെ ലേറ്റ് സിറ്റി എഡിഷനിലും പ്രധാനമന്ത്രി പിന്നിലാണ് എന്നതായിരുന്നു പ്രധാന വാര്‍ത്ത.

ദക്ഷിണേന്ത്യയിലെ കോണ്‍ഗ്രസിന്റെ വിജയവാര്‍ത്തകള്‍ ഒന്നൊഴിയാതെ പറഞ്ഞുകൊണ്ടിരുന്ന ആകാശവാണി വളരെ വൈകിയാണ് ഉത്തരേന്ത്യന്‍ തിരഞ്ഞെടുപ്പ് ഫലങ്ങളിലേക്ക് കടന്നത്. വിസി ശുക്ലയുടെയും ബന്‍സിലാലിന്റെയും ഒടുവില്‍ സഞ്ജയ് ഗാന്ധിയുടെയും തോല്‍വികള്‍ ലോകത്തെ അറിയിച്ചതിന് ശേഷമാണ് അര്‍ദ്ധരാത്രിയടുപ്പിച്ച് സകലമാനപേരും ഉദ്വേഗത്തോടെ കാത്തിരുന്ന ആ തിരഞ്ഞെടുപ്പ് ഫലം പുറത്തുവിട്ടത്. റായ് ബറേലിയിലെ ഇന്ദിരാ ഗാന്ധിയുടെ തോല്‍വി.

എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും ഉള്‍ക്കൊള്ളാനാകാത്ത മറ്റൊരു തിരഞ്ഞെടുപ്പ് ഫലമുണ്ട്. എന്നെപ്പോലെയുള്ള വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തകരടക്കംഎത്രയോ പേര്‍ രാപകല്‍ പ്രയത്‌നിച്ച ശേഷവും വിജയിക്കാതെ പോയ ഒരു തിരഞ്ഞെടുപ്പിന്റെ റിസല്‍ട്ട്. 1979 ന്റെ ഒടുവിലാണ് ദീര്‍ഘനാളുകളിലെ ഭിന്നതകളും കലഹങ്ങളുമെല്ലാം അവസാനിപ്പിച്ചശേഷം രണ്ടു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ചേര്‍ന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നണി രൂപീകരിച്ചത്. ചരിത്രപ്രാധാന്യമുള്ള ആ വലിയ രാഷ്ട്രീയലക്ഷ്യം സഫലീകരിക്കാനായി പികെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞു. ഇഷ്ടദാന ബില്ല് പാസ്സായിക്കഴിഞ്ഞപ്പോള്‍ സിഎച്ച് മുഹമ്മദ് കോയ മന്ത്രിസഭയുടെ പാലം വലിച്ചുകൊണ്ട് ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും മാണിയുടെ കേരളാ കോണ്‍ഗ്രസും എല്‍ഡിഎഫിലേക്ക് വന്നു. ഇവര്‍ക്കു പുറമെ ആര്‍എസ്പിയും ആള്‍ ഇന്ത്യാ മുസ്ലീം ലീഗും പിള്ള കേരളാ കോണ്‍ഗ്രസുമെല്ലാം ചേര്‍ന്ന എല്‍ഡിഎഫ് 1980 ജനുവരി യില്‍ രണ്ടു ഘട്ടങ്ങളിലായി നടന്ന ലോക്‌സഭാ - നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിട്ടു. അപ്പുറത്ത് കരുണാകരന്‍ നയിക്കുന്ന കോണ്‍ഗ്രസ് ( ഐ), ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്, കേരളാ കോണ്‍ഗ്രസ് (ജോസഫ് ഗ്രൂപ്പ്) എന്‍ഡിപി, എസ്ആര്‍പി, പിഎസ്പി എന്നീ കക്ഷികള്‍ കൂട്ടുചേര്‍ന്ന ഐക്യ ജനാധിപത്യ മുന്നണിയും അവരുടെ സഖ്യകക്ഷിയായി ജനസംഘം മുഖ്യഘടകമായ ജനതാ പാര്‍ട്ടിയും.

ഒരു തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞു. ഇടതുപക്ഷം ഇതിനുമുമ്പും എത്രയോ പരാജയങ്ങളെ നേരിട്ടിരിക്കുന്നു. ചരിത്രത്തിന്റെ അപൂര്‍വമായ ഈ ദശാ സന്ധിയില്‍ ഇപ്പോഴത്തെ ഈ തോല്‍വിയുണ്ടാക്കുന്ന പ്രകമ്പനങ്ങളെയും അവര്‍ക്ക് അതിജീവിക്കാന്‍ കഴിയുമായിരിക്കും.

ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ ആദ്യത്തെ പൊതുസമ്മേളനവേദിയായ പുത്തരിക്കണ്ടം മൈതാനത്തിലേക്ക് വലിയ പ്രകടനമായി പോയതും നിറഞ്ഞുകവിഞ്ഞ ആത്മാര്‍ത്ഥതയോടെയും ആവേശത്തോടെയും മുദ്രാവാക്യം വിളിച്ചു കൊടുത്തതുമൊക്കെ ഇന്നലെ നടന്നതുപോലെ. അതുപോലെ തന്നെ ഓര്‍മ്മയില്‍ തിളങ്ങി നില്‍പ്പുണ്ട്. 1979 സെപ്റ്റംബര്‍ മാസത്തിലെ ഒരു സായാഹ്നത്തില്‍ പഴയ എകെജി സെന്ററിന് പിറകിലുള്ള ഹസന്‍ മരിക്കാര്‍ ഹാളില്‍ നടന്ന ഒരു മീറ്റിങ്ങും അവിടെ നടന്ന എംഎന്‍ ഗോവിന്ദന്‍ നായരുടെയും ഇഎംഎസിന്റെയും ആവേശമുണര്‍ത്തുന്ന പ്രസംഗങ്ങളും. ഹാളിനകവും വിശാലമായ ആ കോമ്പൗണ്ടും പ്രസംഗങ്ങള്‍ കേള്‍ക്കാനെത്തിയ മനുഷ്യരെക്കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു. ആ യോഗമായിരുന്നു ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ രൂപീകരണത്തിലേക്കുള്ള വഴി തുറന്നത്.

ജനുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ സിറ്റിങ് എംപിയായ എമ്മെന്‍ തന്നെയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. രണ്ടു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ആന്റണിവിഭാഗം കോണ്‍ഗ്രസും കൂടി ആഞ്ഞൊന്നു പിടിച്ചാല്‍ എമ്മെന്‍ നിഷ്പ്രയാസം ജയിക്കുമെന്ന് മനസ്സിലാക്കിയ കരുണാകരന്‍ പുതിയൊരു കാര്‍ഡ് ഇറക്കി. അതാണ് പിന്നീട് ദീര്‍ഘകാലം തിരുവനന്തപുരം മണ്ഡലത്തിലെ മുഖ്യ വിജയഘടകമായി മാറിയ നാടാര്‍ കാര്‍ഡ്.

1970 കളില്‍ കോണ്‍ഗ്രസിന്റെ തിളക്കമുള്ള യുവനേതാവായിരുന്ന നീല ലോഹിതദാസന്‍ നാടാര്‍ 1977 ലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ജഗജീവന്‍ റാമും എച്ച് എന്‍ ബഹുഗുണയും മറുകണ്ടം ചാടി കോണ്‍ഗ്രസ് ഫോര്‍ ഡെമോക്രസി ഉണ്ടാക്കിയപ്പോള്‍ അതില്‍ ചേര്‍ന്നു. 1977ല്‍ മാര്‍ക്‌സിസ്റ്റ് മുന്നണിയില്‍ മത്സരിച്ച് എംഎല്‍എയായി. 1979ല്‍ സിഎച്ച് മുഹമ്മദ്‌കോയയുടെ ഇഷ്ടദാന മന്ത്രിസഭയിലെ അംഗമായി. അതു താഴെ വീണയുടനെ ഇന്ദിരാ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കരുണാകരന്‍ ഉടനെ പിടിച്ച് തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയുമാക്കി. ജാതികാര്‍ഡിന് പുറമേ താരതമ്യേനെ ചെറുപ്പക്കാരനും കൂടിയാണെന്നുള്ളത് ചെറുഗുണക്ക് അഡീഷണല്‍ ക്വാളിഫിക്കേഷനായി.

'വയസ്സായ എംഎന്‍ ഗോവിന്ദന്‍ നായരെക്കൊണ്ട് എന്തിന് കൊള്ളാം? അങ്ങേരെ പാസ്‌പോര്‍ട്ട് ഫോമില്‍ ഒപ്പിടാന്‍ പോലും കിട്ടില്ല. നമുക്കെന്തെങ്കിലും പ്രയോജനമുണ്ടോ' എന്നൊക്കെയുള്ള കോണ്‍ഗ്രസുകാരുടെ പ്രചാരണമേറ്റു. അന്നോളം ആജന്മശത്രുക്കളെപ്പോലെ പരസ്പരം പോരാടിക്കൊണ്ടിരിക്കുകയായിരുന്ന എല്‍ഡിഎഫിലെ പാര്‍ട്ടികള്‍ തമ്മിലുള്ള യോജിപ്പിന്റെ സിമന്റ് കൂട്ട് വേണ്ടത്ര ഉറച്ചിരുന്നില്ല എന്ന് വേണം കരുതാന്‍. വോട്ടെണ്ണിയപ്പോള്‍ 72 കാരനായ എമ്മെന്‍ മാത്രമല്ല, സമപ്രായക്കാരനായ ശ്രീകണ്ഠന്‍ നായര്‍ കൊല്ലത്തും അന്‍പതു തികഞ്ഞിട്ടില്ലാത്ത വയലാര്‍ രവി ചിറയിന്‍കീഴിലും ദയനീയമായി തോറ്റിരുന്നു.

1954 ലെ തിരുകൊച്ചി നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരം മണ്ഡലത്തില്‍ പരാജയപ്പെട്ടതൊഴിച്ചാല്‍ തോല്‍വി നേരിട്ടിട്ടില്ലാത്ത എമ്മെന് ഒരു ലക്ഷം വോട്ടുകളുടെ മാര്‍ജി നിലുള്ള പരാജയം കനത്ത ആഘാതമേല്‍പ്പിച്ചിട്ടുണ്ടാകണം. അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഞങ്ങള്‍ക്കൊന്നും അതൊരിക്കലും സഹിക്കാനായില്ല. പക്ഷെ എമ്മെന്‍ അതൊന്നും പുറത്തുകാണിക്കാതെ ഏകദേശം അഞ്ചു വര്‍ഷക്കാലം കൂടി ജീവിച്ചു. ശ്രീകണ്ഠന്‍ നായര്‍ വൈകാതെ ബേബി ജോണുമായി ഇടഞ്ഞ് ആര്‍എസ്പിയുടെ ഒരു കഷണവുമായി കരുണാകരന്റെ മുന്നണിയിലേക്ക് പോയി. 1983ല്‍ ഒരു യാത്രയ്ക്കിടയില്‍ ഹൃദയാഘാതം വന്നു മരിക്കുകയും ചെയ്തു. വയലാര്‍ രവി തന്നെ കാലുവാരിയ മാര്‍ക്‌സിസ്റ്റുകാരോട് പക വീട്ടിയത് രണ്ടു വര്‍ഷം തികയുന്നതിന് മുന്‍പേ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ മറിച്ചിടാനുളള അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ടാണ്.

1977 ലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നതിന്റെ തൊട്ടടുത്ത ദിവസമാണ് എകെജി വിട പറയുന്നത്. പാളയത്തെ സിപിഎം സംസ്ഥാന ക്കമ്മിറ്റി ഓഫീസില്‍ അന്ത്യനിദ്രയിലാണ്ട് കിടക്കുന്ന ആ വലിയ മനുഷ്യനെ കാണാന്‍ അച്ഛനോടൊപ്പം ഞാനും പോയിരുന്നു. ഓടിട്ട ആ കൊച്ചു കെട്ടിടത്തിനുള്ളിലേക്ക് എങ്ങനെയെങ്കിലും കയറിച്ചെന്ന് പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരു നോക്കുകാണാന്‍വേണ്ടി നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു. കേരളത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള രാഷ്ട്രീയ നേതാക്കള്‍, പ്രത്യേകിച്ച് സിപിഎമ്മിന്റെ നേതാക്കളും പ്രവര്‍ത്തകരും അവിടെയെത്തിച്ചേര്‍ന്നിരുന്നു. എകെജിയെ കിടത്തിയിരിക്കുന്ന മുറിയുടെ ഒരു ഭാഗത്തായി മൂന്നാലു മണിക്കൂര്‍ നേരം നില്‍ക്കുമ്പോള്‍ ഞാന്‍ അവരെയെല്ലാം ശ്രദ്ധിക്കുകയായിരുന്നു. പ്രമുഖരായ ഒട്ടേറെ നേതാക്കള്‍. അക്കൂട്ടത്തിലുള്ള മിക്കപേരും തലേന്ന് ഫലം പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് മത്സരത്തില്‍ തോറ്റു പോയവരാണ്. അടര്‍ക്കളത്തില്‍ അവരെ അടിയറവ് പറയിച്ച മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതാക്കളും അവിടെയെത്തിയിരുന്നു. ആ രാഷ്ട്രീയപ്രവര്‍ത്തകരൊക്കെ തമ്മില്‍ സൗഹൃദഭാവത്തില്‍ സംസാരിക്കുന്നതു കണ്ടപ്പോള്‍ എനിക്ക് അതിശയം തോന്നി. പരാജിതരുടെ മനസ്സില്‍ എന്തായിരിക്കും അപ്പോള്‍ എന്നായിരുന്നു എന്റെ ആലോചന. എകെജിയുടെ വേര്‍പാട് സൃഷ്ടിച്ച വലിയ ആഘാതം, തോല്‍വി കൊണ്ടുണ്ടായ മാനസിക വിഷമത്തെയും സങ്കടത്തെയുമൊക്കെ മായ്ച്ചു കളഞ്ഞിട്ടുണ്ടാകുമെന്ന് ഞാന്‍ വിചാരിച്ചു. പിന്നീടാലോചിച്ചപ്പോള്‍ മനസ്സിലായി മുള്ളുകളും കനലുകളും നിറഞ്ഞ വഴിത്താരകളിലൂടെയുള്ള ആ മനുഷ്യരുടെ രാഷ്ട്രീയജീവിതത്തില്‍ തിരഞ്ഞെടുപ്പിനും അതുമൂലം ലഭിക്കുന്ന സ്ഥാനമാനങ്ങളുടെ സുഖശീതളിമക്കുമെല്ലാം അത്രത്തോളം പ്രാധാന്യമേ അവര്‍ കല്പിച്ചിട്ടുണ്ടാകൂ....

ഒരു തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞു. ഇടതുപക്ഷം ഇതിനുമുമ്പും എത്രയോ പരാജയങ്ങളെ നേരിട്ടിരിക്കുന്നു. ചരിത്രത്തിന്റെ അപൂര്‍വമായ ഈ ദശാ സന്ധിയില്‍ ഇപ്പോഴത്തെ ഈ തോല്‍വിയുണ്ടാക്കുന്ന പ്രകമ്പനങ്ങളെയും അവര്‍ക്ക് അതിജീവിക്കാന്‍ കഴിയുമായിരിക്കും.

Summary

Baiju Chandran remembers past elections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com