കാലാവസ്ഥാ ധനസഹായം: വാഗ്ദാനങ്ങള്‍ വലുത്, പണം എവിടെ?

കോപ്പന്‍ഹേഗനില്‍ തുടങ്ങിയ വാഗ്ദാനത്തില്‍നിന്ന് അന്റാല്യയിലെ കോപ് 31 വരെ
farmer with his bullocks
കാലാവസ്ഥാ ധനസഹായം എന്നത് ഒരു കര്‍ഷകന് വരള്‍ച്ചയെയും വെള്ളപ്പൊക്കത്തേയും അതിജീവിക്കാന്‍ ലഭിക്കുന്ന സഹായം കൂടിയാണ്ഫയല്‍
Updated on: 

ഒരു ഗ്രാമത്തില്‍ മഴ പെയ്യാതിരുന്നാല്‍ കൃഷിയെ മാത്രമല്ല, അവിടത്തെ ജനങ്ങളുടെ ഉപജീവനത്തെയും അത് ബാധിക്കും. കടല്‍ക്ഷോഭം തീരദേശ ഗ്രാമങ്ങളെ ഭീഷണിയിലാക്കുമ്പോഴും സ്ഥിതി വ്യത്യസ്തമല്ല. ഇത്തരം പ്രതിസന്ധികളെ നേരിടാന്‍ മുന്നറിയിപ്പുകള്‍ മാത്രം മതിയാകില്ല; സാമ്പത്തിക സഹായവും ആവശ്യമാണ്. എന്നാല്‍ ഈ സഹായം എവിടെനിന്ന് വരും? ആര്‍ക്കാണ് ഉത്തരവാദിത്വം? വാഗ്ദാനം ചെയ്യപ്പെടുന്ന പണം യഥാര്‍ഥത്തില്‍ ദുരിതം നേരിടുന്നവരിലേക്ക് എത്തുന്നുണ്ടോ? കാലാവസ്ഥാ ധനസഹായത്തെക്കുറിച്ചുള്ള ആഗോള ചര്‍ച്ചകളുടെ കാതല്‍ ഈ ചോദ്യങ്ങളാണ്.

2009 ഡിസംബറില്‍ ഡെന്‍മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ ലോകനേതാക്കള്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒത്തുചേര്‍ന്നപ്പോള്‍ വികസ്വര രാജ്യങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്ന് കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായമായിരുന്നു. ആഗോളതാപനത്തിന് ചരിത്രപരമായി കൂടുതല്‍ ഉത്തരവാദികളായ വികസിത രാജ്യങ്ങള്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ നേരിടാന്‍ ശേഷി കുറഞ്ഞ രാജ്യങ്ങളെ സഹായിക്കണമെന്ന ആവശ്യം അന്ന് ശക്തമായിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ വികസിത രാജ്യങ്ങള്‍ ഒരു പ്രധാന വാഗ്ദാനം മുന്നോട്ടുവച്ചു. 2020 ആകുമ്പോഴേക്കും വികസ്വര രാജ്യങ്ങള്‍ക്കായി പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളര്‍ സമാഹരിക്കുമെന്നതായിരുന്നു അത്. ഇതിനു പുറമേ, 2010 മുതല്‍ 2012 വരെയുള്ള കാലയളവില്‍ 30 ബില്യണ്‍ ഡോളറിന്റെ അടിയന്തര ധനസഹായവും വാഗ്ദാനം ചെയ്തു. കാലാവസ്ഥാ ധനസഹായത്തിന്റെ ചരിത്രത്തിലെ നിര്‍ണായകമായ ഒരു തുടക്കമായിരുന്നു ഇത്. എന്നാല്‍ ആ വാഗ്ദാനം യാഥാര്‍ഥ്യമാകാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. 2020-ല്‍ കൈവരിക്കേണ്ടിയിരുന്ന 100 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക ലക്ഷ്യം ആദ്യമായി മറികടന്നത് 2022-ലാണ്. അതായത് നിശ്ചയിച്ച സമയത്തേക്കാള്‍ രണ്ടുവര്‍ഷം വൈകി. കോപ്പന്‍ഹേഗനില്‍ തുടങ്ങിയ ഈ വാഗ്ദാനങ്ങളുടെ യാത്ര പിന്നീട് നടന്ന ഓരോ കാലാവസ്ഥാ ഉച്ചകോടിയിലും പുതിയ ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും വഴിയൊരുക്കി.

2010-ലെ കാന്‍കൂണ്‍ സമ്മേളനത്തില്‍ (COP16) വികസ്വര രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ ധനസഹായം ലഭ്യമാക്കുന്നതിനുള്ള പ്രധാന സംവിധാനമായി ഗ്രീന്‍ ക്ലൈമറ്റ് ഫണ്ട് (Green Climate Fund - GCF) സ്ഥാപിക്കാന്‍ തീരുമാനിച്ചു. 2015-ലെ പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ 100 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക ലക്ഷ്യം 2025 വരെ തുടരാനും അതിനുശേഷമുള്ള പുതിയ കൂട്ടായ ധനസഹായ ലക്ഷ്യം 2025-നു മുമ്പ് നിശ്ചയിക്കാനും തീരുമാനിച്ചു. 2021-ലെ ഗ്ലാസ്‌ഗോ സമ്മേളനം വികസിത രാജ്യങ്ങളോട് 2019-ലെ നിലവാരത്തെ അപേക്ഷിച്ച് 2025-ഓടെ വികസ്വര രാജ്യങ്ങള്‍ക്കുള്ള പൊരുത്തപ്പെടല്‍ ധനസഹായം (Adaptation Finance) കുറഞ്ഞത് ഇരട്ടിയാക്കാന്‍ ആവശ്യപ്പെട്ടു. 2022-ലെ ഷാം എല്‍ ഷെയ്ഖ് (Sharm el-Sheikh) സമ്മേളനത്തില്‍ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും (Loss and Damage) സഹായം നല്‍കുന്നതിനായി പ്രത്യേക ഫണ്ട് സ്ഥാപിക്കാന്‍ തീരുമാനിച്ചു. 2023-ലെ ദുബൈ സമ്മേളനത്തില്‍ ഈ ഫണ്ട് പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. ഓരോ സമ്മേളനവും പുതിയ സംവിധാനങ്ങളും ലക്ഷ്യങ്ങളും മുന്നോട്ടുവച്ചെങ്കിലും ആവശ്യമായ പണം കണ്ടെത്തുന്നതിലും അത് അര്‍ഹരായ രാജ്യങ്ങളിലേക്ക് എത്തിക്കുന്നതിലും വലിയ വെല്ലുവിളികള്‍ തുടര്‍ന്നു.

Baku
ബകുവിലെ കാലാവസ്ഥാ ഉച്ചകോടി വേദി file

കാലാവസ്ഥാ ധനസഹായത്തെക്കുറിച്ചുള്ള ഏറ്റവും നിര്‍ണായകമായ പുതിയ തീരുമാനം ഉണ്ടായത് 2024-ല്‍ അസര്‍ബൈജാന്‍ തലസ്ഥാനമായ ബകുവില്‍ നടന്ന COP29ലാണ്. കോപ്പന്‍ഹേഗനിലെ 100 ബില്യണ്‍ ഡോളര്‍ ലക്ഷ്യത്തിന് പകരമായി, 2035-ഓടെ വികസ്വര രാജ്യങ്ങള്‍ക്കായി പ്രതിവര്‍ഷം കുറഞ്ഞത് 300 ബില്യണ്‍ ഡോളര്‍ സമാഹരിക്കണമെന്ന പുതിയ കൂട്ടായ ലക്ഷ്യം അംഗീകരിച്ചു. വികസിത രാജ്യങ്ങള്‍ ഇതിന് നേതൃത്വം നല്‍കണമെന്നാണ് തീരുമാനം. ഇതോടൊപ്പം, പൊതുമേഖലയില്‍നിന്നും സ്വകാര്യ മേഖലയില്‍നിന്നുമുള്ള എല്ലാ സ്രോതസ്സുകളും ഉള്‍പ്പെടുത്തി 2035-ഓടെ പ്രതിവര്‍ഷം 1.3 ട്രില്യണ്‍ ഡോളര്‍ കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭ്യമാക്കാന്‍ എല്ലാ പങ്കാളികളും ശ്രമിക്കണമെന്ന വിശാലമായ ആഹ്വാനവും ഉണ്ടായി.

ഈ രണ്ട് കണക്കുകളും ഒരേ അര്‍ഥത്തിലുള്ളതല്ല. 300 ബില്യണ്‍ ഡോളര്‍ വികസിത രാജ്യങ്ങളുടെ നേതൃത്വത്തില്‍ വികസ്വര രാജ്യങ്ങള്‍ക്കായി സമാഹരിക്കേണ്ട വാര്‍ഷിക ലക്ഷ്യമാണ്. 1.3 ട്രില്യണ്‍ ഡോളറാകട്ടെ, പൊതുമേഖലയുടെയും സ്വകാര്യ മേഖലയുടെയും വിവിധ സ്രോതസ്സുകളില്‍നിന്ന് കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം വര്‍ധിപ്പിക്കാനുള്ള വിശാലമായ ലക്ഷ്യമാണ്. ഈ തുക എങ്ങനെ സമാഹരിക്കും, രാജ്യങ്ങള്‍ക്കിടയില്‍ ഉത്തരവാദിത്വം എങ്ങനെ പങ്കിടും, പണം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ എന്തായിരിക്കും തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ഇനിയും ആവശ്യമാണ്.

ഒരു റോഡ് മാപ്പ് തയ്യാറായതുകൊണ്ടുമാത്രം ലക്ഷ്യങ്ങള്‍ കൈവരിക്കപ്പെടുന്നില്ല. അവ നടപ്പാക്കാനുള്ള സാമ്പത്തിക സ്രോതസ്സുകളും ഉത്തരവാദിത്വങ്ങളും സമയക്രമവും വ്യക്തമാകേണ്ടതുണ്ട്

2025-ല്‍ ബ്രസീലിലെ ബെലേമില്‍ നടന്ന COP30ല്‍ ബകു-ബെലേം റോഡ് മാപ്പിന്റെ (Baku-to-Belém Roadmap) അടിസ്ഥാനത്തില്‍ കാലാവസ്ഥാ ധനസഹായം വര്‍ധിപ്പിക്കുന്നതിനുള്ള തുടര്‍നടപടികള്‍ ചര്‍ച്ചയായി. പ്രതിവര്‍ഷം 1.3 ട്രില്യണ്‍ ഡോളര്‍ സമാഹരിക്കുകയെന്ന ലക്ഷ്യത്തിലേക്ക് എത്താനുള്ള മാര്‍ഗങ്ങളാണ് ഈ റോഡ് മാപ്പില്‍ വിശദീകരിച്ചത്. ഗ്രാന്റുകളും കുറഞ്ഞ പലിശയുള്ള വായ്പകളും വര്‍ധിപ്പിക്കുക, ബഹുമുഖ വികസന ബാങ്കുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക, സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുക, വികസ്വര രാജ്യങ്ങള്‍ക്ക് സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 2035-ഓടെ പൊരുത്തപ്പെടല്‍ ധനസഹായം കുറഞ്ഞത് മൂന്നിരട്ടിയാക്കാനുള്ള ശ്രമങ്ങള്‍ക്കും ബെലേം സമ്മേളനം ആഹ്വാനം ചെയ്തു. എന്നാല്‍ ഒരു റോഡ് മാപ്പ് തയ്യാറായതുകൊണ്ടുമാത്രം ലക്ഷ്യങ്ങള്‍ കൈവരിക്കപ്പെടുന്നില്ല. അവ നടപ്പാക്കാനുള്ള സാമ്പത്തിക സ്രോതസ്സുകളും ഉത്തരവാദിത്വങ്ങളും സമയക്രമവും വ്യക്തമാകേണ്ടതുണ്ട്.

കണക്കുകളില്‍ കാണുന്നതും കാണാത്തതും

കാലാവസ്ഥാ ധനസഹായത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പലപ്പോഴും ഉദ്ധരിക്കപ്പെടുന്ന കണക്കാണ് 100 ബില്യണ്‍ ഡോളറിന്റെ ലക്ഷ്യം കൈവരിച്ചുവെന്നത്. സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമുള്ള സംഘടനയുടെ (Organisation for Economic Co-operation and Development - OECD) 2026ലെ കണക്കുകള്‍ പ്രകാരം വികസിത രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്കായി നല്‍കിയതും സമാഹരിച്ചതുമായ കാലാവസ്ഥാ ധനസഹായം 2022-ല്‍ 115.9 ബില്യണ്‍ ഡോളറായിരുന്നു. 2023-ല്‍ ഇത് 132.8 ബില്യണ്‍ ഡോളറായും 2024-ല്‍ 136.7 ബില്യണ്‍ ഡോളറായും ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്നുവര്‍ഷം 100 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക ലക്ഷ്യം മറികടന്നുവെന്നാണ് OECDയുടെ വിലയിരുത്തല്‍. എന്നാല്‍ ഈ കണക്കുകള്‍ വിശദമായി പരിശോധിക്കുമ്പോഴാണ് ചില കാര്യങ്ങള്‍ വ്യക്തമാകുന്നത്. 2024-ലെ 136.7 ബില്യണ്‍ ഡോളര്‍ മുഴുവന്‍ വികസിത രാജ്യങ്ങളുടെ പൊതുധനസഹായമല്ല. അതില്‍ ഉഭയകക്ഷി സഹായവും ബഹുമുഖ ധനകാര്യ സ്ഥാപനങ്ങള്‍ വഴിയുള്ള സഹായവും കാലാവസ്ഥാ പദ്ധതികള്‍ക്കായി സമാഹരിച്ച സ്വകാര്യ നിക്ഷേപവും കാലാവസ്ഥയുമായി ബന്ധപ്പെട്ട കയറ്റുമതി വായ്പകളും ഉള്‍പ്പെടുന്നു. ഇതില്‍ പൊതുമേഖലാ ധനസഹായം 101.6 ബില്യണ്‍ ഡോളറായിരുന്നു. പൊതുമേഖലാ ഇടപെടലുകളിലൂടെ സ്വകാര്യ മേഖലയില്‍നിന്ന് സമാഹരിച്ച തുക 30.5 ബില്യണ്‍ ഡോളറും കാലാവസ്ഥയുമായി ബന്ധപ്പെട്ട കയറ്റുമതി വായ്പകള്‍ 4.6 ബില്യണ്‍ ഡോളറുമായിരുന്നു.

sea
കാലാവസ്ഥാ ദുരന്തങ്ങള്‍ മൂലം ഇതിനകം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ കടബാധ്യത സൃഷ്ടിക്കുന്ന തരത്തിലുള്ള സഹായം എത്രത്തോളം പ്രയോജനകരമാണ്?file

പൊതുമേഖലാ ധനസഹായത്തിന്റെ സ്വഭാവവും ശ്രദ്ധേയമാണ്. 2024-ല്‍ ഇതില്‍ 67 ശതമാനവും വായ്പകളുടെ രൂപത്തിലായിരുന്നു. ഏകദേശം 68.5 ബില്യണ്‍ ഡോളര്‍. ഗ്രാന്റുകളുടെ രൂപത്തില്‍ ലഭിച്ചത് 29.7 ബില്യണ്‍ ഡോളര്‍ അഥവാ 29 ശതമാനം മാത്രമാണ്. ഓഹരി നിക്ഷേപങ്ങളുടെ പങ്ക് താരതമ്യേന കുറവായിരുന്നു. അതായത്, കാലാവസ്ഥാ ധനസഹായത്തിന്റെ ആകെ തുക വര്‍ധിച്ചുവെന്നത് ആശ്വാസകരമാണെങ്കിലും അതില്‍ എത്രത്തോളം തിരിച്ചടയ്‌ക്കേണ്ട വായ്പകളാണ്, എത്രത്തോളം തിരിച്ചടവ് ആവശ്യമില്ലാത്ത സഹായമാണ് എന്നതും പ്രധാനമാണ്. കാലാവസ്ഥാ ദുരന്തങ്ങള്‍ മൂലം ഇതിനകം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ കടബാധ്യത സൃഷ്ടിക്കുന്ന തരത്തിലുള്ള സഹായം എത്രത്തോളം പ്രയോജനകരമാണ്? തീരസംരക്ഷണം, വെള്ളപ്പൊക്ക നിയന്ത്രണം, വരള്‍ച്ചാ പ്രതിരോധം, ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍നിന്ന് നേരിട്ട് സാമ്പത്തിക വരുമാനം ലഭിക്കണമെന്നില്ല. അതിനാല്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് ഗ്രാന്റുകള്‍ക്കും കുറഞ്ഞ പലിശയുള്ള ദീര്‍ഘകാല വായ്പകള്‍ക്കും പ്രത്യേക പ്രാധാന്യമുണ്ട്.

കാലാവസ്ഥാ ധനസഹായത്തിന്റെ കണക്കുകളില്‍ മറ്റൊരു പ്രധാന വ്യത്യാസവുമുണ്ട്. ഒരു പദ്ധതി പ്രഖ്യാപിക്കുന്നതും അതിന് പണം അനുവദിക്കുന്നതും പണം യഥാര്‍ഥത്തില്‍ കൈമാറുന്നതും ഒരേ കാര്യമല്ല. ഒരു രാജ്യത്തിന് സഹായം വാഗ്ദാനം ചെയ്തിരിക്കാം; ഒരു പദ്ധതിക്ക് അംഗീകാരം ലഭിച്ചിരിക്കാം. എന്നാല്‍ ആ പണം പദ്ധതി നടപ്പാക്കുന്ന ഏജന്‍സിയിലേക്കോ അതിന്റെ ഗുണഭോക്താക്കളിലേക്കോ എത്താന്‍ ഇനിയും സമയമെടുത്തേക്കാം. അതിനാല്‍ വാഗ്ദാനം ചെയ്ത തുക, അംഗീകരിച്ച തുക, ചെലവഴിക്കാന്‍ പ്രതിബദ്ധത അറിയിച്ച തുക, യഥാര്‍ഥത്തില്‍ വിതരണം ചെയ്ത തുക എന്നിവ വേര്‍തിരിച്ചറിയേണ്ടതുണ്ട്. COP31നു മുന്നോടിയായി 2026 നവംബര്‍ 3-ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ചട്ടക്കൂട് കണ്‍വെന്‍ഷന്റെ (UNFCCC) Standing Committee on Finance GgmaXv Biennial Assessment of Climate Finance Flows പ്രസിദ്ധീകരിച്ചു. ഇതിലെ കണക്കുകള്‍ കാലാവസ്ഥാ ധനസഹായത്തിന്റെ ആഗോള ചിത്രം കൂടുതല്‍ വ്യക്തമാക്കുന്നു. 2023-24 കാലത്ത് ആഗോളതലത്തില്‍ കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിവര്‍ഷം ശരാശരി 1.9 ട്രില്യണ്‍ ഡോളര്‍ ചെലവഴിച്ചതായി റിപ്പോര്‍ട്ട് കണക്കാക്കുന്നു. എന്നാല്‍ ഇതില്‍ ഏകദേശം ഒന്‍പത് ശതമാനം മാത്രമാണ് അതിര്‍ത്തി കടന്ന് വികസ്വര രാജ്യങ്ങളിലെത്തിയത്. അതായത് പ്രതിവര്‍ഷം ഏകദേശം 183 ബില്യണ്‍ ഡോളര്‍. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, 1.9 ട്രില്യണ്‍ ഡോളര്‍ മുഴുവന്‍ വികസ്വര രാജ്യങ്ങള്‍ക്ക് ലഭിക്കുന്ന അന്താരാഷ്ട്ര സഹായമല്ല എന്നതാണ്. വിവിധ രാജ്യങ്ങളിലെ ആഭ്യന്തരവും അന്താരാഷ്ട്രവുമായ പൊതുമേഖലാ-സ്വകാര്യ നിക്ഷേപങ്ങള്‍ ഉള്‍പ്പെടുന്ന ആഗോള കണക്കാണത്.

കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ക്കായി അന്താരാഷ്ട്രതലത്തില്‍ പല ധനസഹായ സംവിധാനങ്ങളും നിലവിലുണ്ട്. അവയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനരീതികളും വ്യത്യസ്തമാണ്.

പൊരുത്തപ്പെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായത്തിന്റെ കുറവും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2023-24 കാലത്ത് ആഗോളതലത്തില്‍ രേഖപ്പെടുത്തിയ പൊരുത്തപ്പെടല്‍ ധനസഹായം പ്രതിവര്‍ഷം ശരാശരി 63 ബില്യണ്‍ ഡോളറായിരുന്നു. അതേസമയം, ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പരിപാടി (UNEP) 2025ലെ Adaptation Gap Report-ല്‍ വികസ്വര രാജ്യങ്ങള്‍ക്ക് 2035-ഓടെ പ്രതിവര്‍ഷം 310 മുതല്‍ 365 ബില്യണ്‍ ഡോളര്‍ വരെ പൊരുത്തപ്പെടല്‍ ധനസഹായം ആവശ്യമാണെന്ന് കണക്കാക്കിയിട്ടുണ്ട്. എന്നാല്‍ 2023-ല്‍ വികസിത രാജ്യങ്ങളില്‍നിന്ന് വികസ്വര രാജ്യങ്ങള്‍ക്ക് ലഭിച്ച അന്താരാഷ്ട്ര പൊതുമേഖലാ പൊരുത്തപ്പെടല്‍ സഹായം 26 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. ആവശ്യവും ലഭ്യമായ സഹായവും തമ്മിലുള്ള വലിയ അന്തരം ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഫണ്ടുകള്‍ പലതുണ്ട്; ആവശ്യത്തിന് പണം എത്തുന്നുണ്ടോ?

കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ക്കായി അന്താരാഷ്ട്രതലത്തില്‍ പല ധനസഹായ സംവിധാനങ്ങളും നിലവിലുണ്ട്. അവയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനരീതികളും വ്യത്യസ്തമാണ്. ഗ്രീന്‍ ക്ലൈമറ്റ് ഫണ്ട് (Green Climate Fund - GCF), ഗ്ലോബല്‍ എന്‍വയണ്‍മെന്റ് ഫെസിലിറ്റി (Global Environment Facility - GEF), അഡാപ്‌റ്റേഷന്‍ ഫണ്ട് (Adaptation Fund), നഷ്ട-നാശനഷ്ടങ്ങള്‍ക്കായുള്ള ഫണ്ട് (Fund for Responding to Loss and Damage - FRLD) എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. ഈ ഫണ്ടുകളുടെ പ്രവര്‍ത്തനം പരിശോധിക്കുമ്പോള്‍ കാലാവസ്ഥാ ധനസഹായത്തിന്റെ യഥാര്‍ഥ സ്ഥിതിയെക്കുറിച്ച് ചില സൂചനകള്‍ ലഭിക്കും. വികസ്വര രാജ്യങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പ്രധാന സംവിധാനമാണ് ഗ്രീന്‍ ക്ലൈമറ്റ് ഫണ്ട്. ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ക്കും കാലാവസ്ഥാ ആഘാതങ്ങളോട് പൊരുത്തപ്പെടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇത് സഹായം നല്‍കുന്നു. കൃഷി, ജലസുരക്ഷ, വനസംരക്ഷണം, തീരദേശ സംരക്ഷണം, ശുദ്ധമായ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ വിവിധ രാജ്യങ്ങളില്‍ GCF പദ്ധതികള്‍ നടപ്പാക്കിവരുന്നു.

ഫണ്ടിന്റെ 2026 ജൂലൈ 7-ലെ പോര്‍ട്ട്‌ഫോളിയോ കണക്കുകള്‍ പ്രകാരം 379 പദ്ധതികള്‍ക്കായി 22.3 ബില്യണ്‍ ഡോളര്‍ അനുവദിക്കാന്‍ പ്രതിബദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ വിതരണം ചെയ്ത തുക 7.4 ബില്യണ്‍ ഡോളര്‍ മാത്രമാണ്. ഈ രണ്ട് കണക്കുകള്‍ തമ്മിലുള്ള വ്യത്യാസം മാത്രം നോക്കി പണം വിതരണം ചെയ്യുന്നതില്‍ കാലതാമസമുണ്ടെന്ന് നിഗമനം ചെയ്യാനാവില്ല. പദ്ധതികളുടെ വിവിധ ഘട്ടങ്ങള്‍, കരാറുകള്‍, നടപ്പാക്കല്‍ പുരോഗതി എന്നിവയും പരിഗണിക്കണം. എങ്കിലും അംഗീകരിച്ച പദ്ധതികള്‍ക്ക് പണം സമയബന്ധിതമായി ലഭ്യമാക്കുന്നതിന്റെ പ്രാധാന്യം ഈ കണക്കുകള്‍ ഓര്‍മിപ്പിക്കുന്നു. ആഗോള പരിസ്ഥിതി പ്രശ്‌നങ്ങള്‍ നേരിടുന്നതിനുള്ള മറ്റൊരു പ്രധാന ധനകാര്യ സംവിധാനമാണ് ഗ്ലോബല്‍ എന്‍വയണ്‍മെന്റ് ഫെസിലിറ്റി. കാലാവസ്ഥാ വ്യതിയാനത്തിനുപുറമേ ജൈവവൈവിധ്യ സംരക്ഷണം, ഭൂമിയുടെ നാശം, അന്താരാഷ്ട്ര ജലസ്രോതസ്സുകളുടെ സംരക്ഷണം തുടങ്ങിയ മേഖലകള്‍ക്കും ഇത് സഹായം നല്‍കുന്നു. കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ക്കായി GEF Trust Fund, Least Developed Countries Fund (LDCF), Special Climate Change Fund (SCCF) എന്നിവ വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്. ഗ്രാന്റ് സഹായമാണ് ഇതിന്റെ പ്രധാന പ്രവര്‍ത്തനരീതികളിലൊന്ന്.

climate change
മഴയുടെ സമയത്തിലും വിതരണത്തിലുമുള്ള മാറ്റങ്ങള്‍, നീണ്ടുനില്‍ക്കുന്ന വരള്‍ച്ച, അതിതീവ്രമഴ, വെള്ളപ്പൊക്കം, ഉഷ്ണതരംഗങ്ങള്‍ എന്നിവ വിളകളുടെ ഉല്‍പാദനത്തെയും കന്നുകാലി പരിപാലനത്തെയും ബാധിക്കുന്നുfile

2026-ല്‍ അംഗീകരിച്ച GEFന്റെ ഒമ്പതാമത് ധനസമാഹരണ ചക്രത്തിന് (GEF-9) 2026 ജൂലൈ മുതല്‍ 2030 ജൂണ്‍ വരെയുള്ള കാലയളവിലേക്ക് 3.9 ബില്യണ്‍ ഡോളറിന്റെ ധനവിഭവമാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഈ തുക മുഴുവന്‍ കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതല്ല; വിവിധ ആഗോള പരിസ്ഥിതി ലക്ഷ്യങ്ങള്‍ക്കായി വിനിയോഗിക്കേണ്ടതാണ്. ഇതിലെ 35 ശതമാനം വിഭവങ്ങള്‍ ഏറ്റവും കുറഞ്ഞ വികസനം കൈവരിച്ച രാജ്യങ്ങള്‍ക്കും ചെറുദ്വീപ് വികസ്വര രാജ്യങ്ങള്‍ക്കും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഭക്ഷ്യവ്യവസ്ഥ, നഗരങ്ങള്‍, ഊര്‍ജം, പ്രകൃതി സംരക്ഷണം തുടങ്ങിയ മേഖലകളെ പരസ്പരം ബന്ധിപ്പിച്ചുള്ള പദ്ധതികള്‍ക്കും GEF-9 പ്രാധാന്യം നല്‍കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളോട് പൊരുത്തപ്പെടുന്നതിനുള്ള പദ്ധതികള്‍ക്ക് പ്രത്യേകമായി ഗ്രാന്റ് സഹായം നല്‍കുന്ന സംവിധാനമാണ് അഡാപ്‌റ്റേഷന്‍ ഫണ്ട്. കൃഷി, ജലലഭ്യത, തീരദേശ സംരക്ഷണം, ദുരന്തസാധ്യത കുറയ്ക്കല്‍, ഗ്രാമീണ ഉപജീവനം തുടങ്ങിയ മേഖലകളില്‍ ഇത് പിന്തുണ നല്‍കുന്നു. ഫണ്ടിന്റെ 2025-ലെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രകാരം 108 രാജ്യങ്ങളിലായി 199 പദ്ധതികള്‍ക്ക് മൊത്തം 1.39 ബില്യണ്‍ ഡോളറിന്റെ സഹായം അംഗീകരിച്ചിട്ടുണ്ട്. ഈ പദ്ധതികളിലൂടെ 51 ദശലക്ഷത്തിലധികം ആളുകള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. അംഗീകരിച്ച പദ്ധതികളില്‍ 112 എണ്ണം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്; 45 എണ്ണം പൂര്‍ത്തിയായി. പ്രതിബദ്ധത അറിയിച്ച തുകയുടെ ഏകദേശം 70 ശതമാനം ഇതിനകം ദുര്‍ബല സമൂഹങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് ഫണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവയില്‍നിന്ന് വ്യത്യസ്തമായ ലക്ഷ്യമാണ് നഷ്ട-നാശനഷ്ടങ്ങള്‍ക്കായുള്ള ഫണ്ടിനുള്ളത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ തടയാനോ അവയോട് പൊരുത്തപ്പെടാനോ കഴിയാത്ത സാഹചര്യങ്ങളില്‍ ഇതിനകം സംഭവിച്ച സാമ്പത്തികവും സാമ്പത്തികേതരവുമായ നഷ്ടങ്ങള്‍ നേരിടാന്‍ വികസ്വര രാജ്യങ്ങളെ സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ചുഴലിക്കാറ്റുകളും വെള്ളപ്പൊക്കങ്ങളും മൂലമുള്ള വീടുകളുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും നാശം, കൃഷിനാശം, ഉപജീവനമാര്‍ഗങ്ങളുടെ തകര്‍ച്ച, കടല്‍നിരപ്പ് ഉയരുന്നതുമൂലം ജനവാസമേഖലകള്‍ നഷ്ടപ്പെടുന്നത് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇതിന്റെ പരിധിയില്‍ വരാം.

2022-ലെ COP27ലാണ് ഈ ഫണ്ട് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 2023-ലെ COP28ല്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. 2026 മാര്‍ച്ച് 15 വരെയുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഫണ്ടിന് 27 പങ്കാളികളില്‍നിന്നായി 822.06 മില്യണ്‍ ഡോളറിന്റെ സഹായവാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 25 പങ്കാളികള്‍ സംഭാവനാ കരാറുകളില്‍ ഒപ്പുവെച്ച് പണം കൈമാറുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. എന്നാല്‍ വാഗ്ദാനം ചെയ്ത തുക മുഴുവന്‍ ഫണ്ടില്‍ എത്തിയെന്നോ രാജ്യങ്ങളിലേക്ക് വിതരണം ചെയ്‌തെന്നോ ഇതിനര്‍ഥമില്ല. ഫണ്ടിന്റെ ആദ്യഘട്ട സഹായവിതരണത്തിനായി രൂപപ്പെടുത്തിയ ബാര്‍ബഡോസ് ഇംപ്ലിമെന്റേഷന്‍ മോഡാലിറ്റീസ് (Barbados Implementation Modalities - BIM) പ്രകാരം ആദ്യം 250 മില്യണ്‍ ഡോളറാണ് നീക്കിവച്ചത്. പിന്നീട് 92 മില്യണ്‍ ഡോളര്‍ കൂടി അനുവദിച്ചതോടെ ആകെ വിഹിതം 342 മില്യണ്‍ ഡോളറായി ഉയര്‍ന്നു. 2026 ജൂണ്‍ 15-ന് അവസാനിച്ച ആദ്യ ധനസഹായ അപേക്ഷാ കാലയളവില്‍ 119 രാജ്യങ്ങളില്‍നിന്നായി 176 അപേക്ഷകള്‍ ലഭിച്ചു. ആവശ്യപ്പെട്ട ആകെ തുക 2.8 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ ഈ അപേക്ഷകള്‍ക്കായി ലഭ്യമായ 342 മില്യണ്‍ ഡോളറിന്റെ വിഹിതം അതിനേക്കാള്‍ വളരെ കുറവാണ്. ഈ അപേക്ഷകളില്‍ ആദ്യത്തെ ധനസഹായ തീരുമാനങ്ങള്‍ 2026 ഡിസംബറില്‍ പരിഗണിക്കാനാണ് ഫണ്ടിന്റെ ഭരണസമിതി നിശ്ചയിച്ചിരിക്കുന്നത്. അതിനാല്‍ COP31 ആരംഭിക്കുന്നതിന് മുമ്പ് ഈ ഫണ്ടില്‍നിന്നുള്ള ആദ്യഘട്ട സഹായവിതരണത്തിന്റെ ഫലം വിലയിരുത്താനാവില്ല.

modi in climate summit
കാലാവസ്ഥാ ധനസഹായത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇന്ത്യയ്ക്ക് നിര്‍ണായകമായൊരു സ്ഥാനമുണ്ട്file

ഈ നാല് സംവിധാനങ്ങളും കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ണായകമായ പിന്തുണ നല്‍കുന്നവയാണ്. എന്നാല്‍ അവയുടെ സാമ്പത്തിക ശേഷിയും പ്രവര്‍ത്തനപരിധിയും വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പരിമിതമാണ്. പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുന്നതും പണം യഥാര്‍ഥത്തില്‍ കൈമാറുന്നതും തമ്മിലുള്ള കാലതാമസം, സങ്കീര്‍ണമായ അപേക്ഷാ നടപടികള്‍, കൂടുതല്‍ വിഭവങ്ങള്‍ കണ്ടെത്തേണ്ടതിന്റെ ആവശ്യകത എന്നിവയെല്ലാം പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളാണ്. പ്രത്യേകിച്ച് ഏറ്റവും കുറഞ്ഞ വികസനം കൈവരിച്ച രാജ്യങ്ങള്‍ക്കും ചെറുദ്വീപ് രാജ്യങ്ങള്‍ക്കും ഫണ്ടുകളിലേക്ക് നേരിട്ട് പ്രവേശിക്കാനുള്ള സൗകര്യവും ലളിതമായ നടപടിക്രമങ്ങളും ഉറപ്പാക്കേണ്ടതുണ്ട്. അതിനാല്‍ ഫണ്ടുകളുടെ എണ്ണം മാത്രമല്ല, അവയില്‍ എത്ര പണമുണ്ട്, എത്രത്തോളം സഹായം ലഭിക്കുന്നു, എത്ര തുക യഥാര്‍ഥത്തില്‍ ഗുണഭോക്താക്കളിലേക്ക് എത്തുന്നു എന്നിവയും പരിശോധിക്കണം.

ഇന്ത്യയുടെ നിലപാടും സ്വന്തം ഉത്തരവാദിത്വങ്ങളും

കാലാവസ്ഥാ ധനസഹായത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇന്ത്യയ്ക്ക് നിര്‍ണായകമായൊരു സ്ഥാനമുണ്ട്. വികസിത രാജ്യങ്ങള്‍ ചരിത്രപരമായി കൂടുതല്‍ ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളിയവരാണെന്നും കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ സാമ്പത്തികവും സാങ്കേതികവുമായ ശേഷി അവര്‍ക്കാണെന്നും ഇന്ത്യ വാദിക്കുന്നു. അതുകൊണ്ടുതന്നെ കാലാവസ്ഥാ ധനസഹായം വികസിത രാജ്യങ്ങള്‍ നല്‍കുന്ന ഔദാര്യമല്ല, മറിച്ച് അവരുടെ ഉത്തരവാദിത്വമാണെന്ന നിലപാടാണ് ഇന്ത്യയ്ക്കുള്ളത്. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉടമ്പടിയിലെ പൊതുവായതും എന്നാല്‍ വ്യത്യസ്തവുമായ ഉത്തരവാദിത്വങ്ങള്‍ (Common but Differentiated Responsibilities and Respective Capabilities - CBDR-RC) എന്ന തത്ത്വമാണ് ഈ വാദത്തിന്റെ അടിസ്ഥാനം.

നവംബര്‍ മൂന്നിന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പ്രഖ്യാപിച്ച ഇന്ത്യയുടെ COP31 മുന്‍ഗണനകളിലും കാലാവസ്ഥാ ധനസഹായത്തിന് പ്രധാന സ്ഥാനമുണ്ട്. പാരിസ് ഉടമ്പടിയിലെ ഒന്‍പതാം അനുച്ഛേദം 1 (Article 9.1) വികസിത രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക സഹായം നല്‍കേണ്ട ഉത്തരവാദിത്വം വ്യക്തമാക്കുന്നു. ഈ സഹായം പ്രവചനാതീതമാകരുതെന്നും പ്രധാനമായും പൊതുമേഖലയില്‍നിന്നുള്ളതും അനുകൂല വ്യവസ്ഥകളിലുള്ളതുമായിരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു. സഹായം വലിയ വായ്പാഭാരമായി മാറരുതെന്നതും ഇന്ത്യയുടെ പ്രധാന നിലപാടാണ്. സാങ്കേതികവിദ്യ കൈമാറ്റത്തിലെ ഉയര്‍ന്ന ചെലവും ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട തടസ്സങ്ങളും വ്യാപാരതടസ്സങ്ങളും നീക്കണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു. കാലാവസ്ഥാ ധനസഹായത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി പ്രത്യേക പ്രവര്‍ത്തനപരിപാടി (Climate Finance Work Programme) ആരംഭിക്കണമെന്നും ഇന്ത്യ COP31-ല്‍ ആവശ്യപ്പെടും.

2026 ജൂണ്‍ 30-ലെ കണക്കനുസരിച്ച് ഇന്ത്യയുടെ വൈദ്യുതി സ്ഥാപിതശേഷിയില്‍ ഫോസില്‍ ഇതര ഊര്‍ജസ്രോതസ്സുകളുടെ പങ്ക് 54.18 ശതമാനമായി ഉയര്‍ന്നു

കൃഷി, ഭക്ഷ്യസുരക്ഷ, ചെറുകിട-നാമമാത്ര കര്‍ഷകരുടെ ഉപജീവനം എന്നിവ തമ്മിലുള്ള ബന്ധവും ഇന്ത്യ ഉയര്‍ത്തിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിക്കുന്നത് താപനില ഉയരുന്നതിലൂടെ മാത്രമല്ല. മഴയുടെ സമയത്തിലും വിതരണത്തിലുമുള്ള മാറ്റങ്ങള്‍, നീണ്ടുനില്‍ക്കുന്ന വരള്‍ച്ച, അതിതീവ്രമഴ, വെള്ളപ്പൊക്കം, ഉഷ്ണതരംഗങ്ങള്‍ എന്നിവ വിളകളുടെ ഉല്‍പാദനത്തെയും കന്നുകാലി പരിപാലനത്തെയും ബാധിക്കുന്നു. അതിനാല്‍ കൃഷിയിലെ പൊരുത്തപ്പെടല്‍ നടപടികള്‍ക്ക് ആവശ്യമായ ധനസഹായം ലഭിക്കേണ്ടത് ഭക്ഷ്യസുരക്ഷയുടെ കൂടി പ്രശ്‌നമാണ്. ഇന്ത്യയുടെ ഈ വാദത്തിന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കാര്‍ഷികമേഖലയുടെ അനുഭവങ്ങള്‍ വ്യക്തമായ പശ്ചാത്തലം നല്‍കുന്നു. അതേസമയം, അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്കൊപ്പം സ്വന്തം കാലാവസ്ഥാ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും പരിമിതികളും പരിശോധിക്കേണ്ടതുണ്ട്. 2026 മാര്‍ച്ചില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയും ഏപ്രില്‍ 24-ന് UNFCCC-ക്ക് സമര്‍പ്പിക്കുകയും ചെയ്ത 2031-2035 കാലയളവിലേക്കുള്ള പുതിയ ദേശീയമായി നിര്‍ണയിക്കപ്പെട്ട സംഭാവനയില്‍ (Nationally Determined Contribution - NDC) ഇന്ത്യ മൂന്ന് പ്രധാന ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2005-ലെ നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍, സമ്പദ്വ്യവസ്ഥയുടെ ഉല്‍പാദനമൂല്യവുമായി താരതമ്യം ചെയ്യുമ്പോഴുള്ള ഹരിതഗൃഹവാതക പുറന്തള്ളല്‍ 2035-ഓടെ 47 ശതമാനം കുറയ്ക്കുക, വൈദ്യുതി സ്ഥാപിതശേഷിയില്‍ ഫോസില്‍ ഇതര ഊര്‍ജസ്രോതസ്സുകളുടെ പങ്ക് 60 ശതമാനമാക്കുക, വന-വൃക്ഷാവരണത്തിലൂടെ 3.5 മുതല്‍ 4 ബില്യണ്‍ ടണ്‍ വരെ കാര്‍ബണ്‍ ഡൈഓക്‌സൈഡിന് തുല്യമായ അധിക കാര്‍ബണ്‍ സംഭരണം സൃഷ്ടിക്കുക എന്നിവയാണവ. 2070-ഓടെ നെറ്റ് സീറോ കൈവരിക്കുകയെന്ന ദീര്‍ഘകാല ലക്ഷ്യവും ഇന്ത്യയ്ക്കുണ്ട്.

ഈ ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതിയില്‍ ചില നേട്ടങ്ങളുണ്ട്. 2026 ജൂണ്‍ 30-ലെ കണക്കനുസരിച്ച് ഇന്ത്യയുടെ വൈദ്യുതി സ്ഥാപിതശേഷിയില്‍ ഫോസില്‍ ഇതര ഊര്‍ജസ്രോതസ്സുകളുടെ പങ്ക് 54.18 ശതമാനമായി ഉയര്‍ന്നു. 2005-നെ അപേക്ഷിച്ച് 2022-ല്‍ സമ്പദ്വ്യവസ്ഥയുടെ ഉല്‍പാദനമൂല്യവുമായി താരതമ്യം ചെയ്യുമ്പോഴുള്ള ഹരിതഗൃഹവാതക പുറന്തള്ളല്‍ 37.38 ശതമാനം കുറഞ്ഞതായി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിട്ടുണ്ട്. വന-വൃക്ഷാവരണത്തിലൂടെ 2005-നും 2022-നും ഇടയില്‍ 2.44 ബില്യണ്‍ ടണ്‍ CO2-ന് തുല്യമായ അധിക കാര്‍ബണ്‍ സംഭരണം സൃഷ്ടിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഈ കണക്കുകള്‍ വ്യാഖ്യാനിക്കുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി സ്ഥാപിതശേഷിയില്‍ ഫോസില്‍ ഇതര സ്രോതസ്സുകളുടെ പങ്ക് 54 ശതമാനം കടന്നുവെന്നത് വൈദ്യുതി ഉല്‍പാദനത്തിന്റെ അതേ അനുപാതം പുനരുപയോഗ ഊര്‍ജത്തില്‍ നിന്നാണെന്നര്‍ഥമല്ല. സ്ഥാപിതശേഷിയും യഥാര്‍ഥ വൈദ്യുതി ഉല്‍പാദനവും രണ്ടാണ്. സൗരോര്‍ജത്തിന്റെയും കാറ്റാടിയുടെയും ശേഷി വര്‍ധിക്കുന്നതിനൊപ്പം വൈദ്യുതി സംഭരണം, ഗ്രിഡിന്റെ കാര്യക്ഷമത, ആവശ്യാനുസരണം വൈദ്യുതി ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ എന്നിവയും ശക്തിപ്പെടുത്തേണ്ടതുണ്ട്. കല്‍ക്കരിയെ ആശ്രയിക്കുന്ന വൈദ്യുതി ഉല്‍പാദനം ഇപ്പോഴും ഇന്ത്യയുടെ ഊര്‍ജമേഖലയിലെ പ്രധാന വെല്ലുവിളിയാണ്.

farmer
കര്‍ഷകര്‍ക്ക് സമയബന്ധിതമായി വിവരങ്ങളും സാങ്കേതിക സഹായവും സാമ്പത്തിക പിന്തുണയും ലഭിക്കുന്നുണ്ടോ എന്നതും പരിശോധിക്കണംfile

കാലാവസ്ഥാ പ്രവര്‍ത്തനം ഊര്‍ജമേഖലയിലൊതുങ്ങുന്നതുമല്ല. കൃഷിയിലെ ജലസംരക്ഷണം, മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തല്‍, വരള്‍ച്ചയും വെള്ളപ്പൊക്കവും നേരിടാന്‍ കഴിയുന്ന കൃഷിരീതികള്‍, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കര്‍ഷകരിലെത്തിക്കല്‍, തീരപ്രദേശങ്ങളുടെയും വനങ്ങളുടെയും സംരക്ഷണം എന്നിവയും അതിന്റെ ഭാഗമാണ്. ദേശീയ സുസ്ഥിര കൃഷി ദൗത്യം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ഈ രംഗത്ത് പ്രസക്തിയുണ്ട്. എന്നാല്‍ പദ്ധതികള്‍ നിലവിലുണ്ടെന്നതുകൊണ്ടുമാത്രം കാലാവസ്ഥാ ആഘാതങ്ങളെ നേരിടാനുള്ള ശേഷി എല്ലാ പ്രദേശങ്ങളിലും ഒരുപോലെ വര്‍ധിച്ചുവെന്ന് പറയാനാവില്ല. കര്‍ഷകര്‍ക്ക് സമയബന്ധിതമായി വിവരങ്ങളും സാങ്കേതിക സഹായവും സാമ്പത്തിക പിന്തുണയും ലഭിക്കുന്നുണ്ടോ എന്നതും പരിശോധിക്കണം. ഇന്ത്യയുടെ നിലപാടിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒരു വശത്ത്, വികസ്വര രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മയായ G77 and China (Group of 77 and China), സമാന നിലപാടുകളുള്ള വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ LMDC (Like-Minded Developing Countries) എന്നിവയിലും ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന BASIC കൂട്ടായ്മയിലും ഇന്ത്യ പ്രവര്‍ത്തിക്കുന്നു. മറുവശത്ത്, വലിയ ജനസംഖ്യയും വളരുന്ന സമ്പദ്വ്യവസ്ഥയും ഊര്‍ജാവശ്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയുടെ സ്വന്തം തീരുമാനങ്ങള്‍ ആഗോള കാലാവസ്ഥാ പ്രവര്‍ത്തനത്തെയും സ്വാധീനിക്കുന്നു. വികസനത്തിനും ഊര്‍ജസുരക്ഷയ്ക്കുമുള്ള അവകാശം സംരക്ഷിക്കുമ്പോള്‍ത്തന്നെ കുറഞ്ഞ കാര്‍ബണ്‍ പാതയിലേക്ക് മാറാനുള്ള ഉത്തരവാദിത്വവും ഇന്ത്യയ്ക്കുണ്ട്.

അന്റാല്യയിലെ ചര്‍ച്ചകളില്‍ ഇന്ത്യ ഉന്നയിക്കുന്ന ചോദ്യം വികസിത രാജ്യങ്ങള്‍ എത്ര പണം നല്‍കുമെന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. വാഗ്ദാനം ചെയ്യുന്ന പണം യഥാര്‍ഥത്തില്‍ ലഭിക്കുന്നുണ്ടോ എന്നതും പ്രധാനമാണ്. അത് വായ്പയായാണോ ഗ്രാന്റായാണോ നല്‍കുന്നത്? കാലാവസ്ഥാ ആഘാതങ്ങള്‍ നേരിടുന്ന കര്‍ഷകരിലേക്കും തീരദേശ സമൂഹങ്ങളിലേക്കും ഈ സഹായം എങ്ങനെ എത്തും? പ്രഖ്യാപിച്ച ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ ആവശ്യമായ സാങ്കേതികവിദ്യയും പരിശീലനവും ലഭ്യമാകുമോ? അന്താരാഷ്ട്ര ധനസഹായത്തിനായി ഇന്ത്യ ശക്തമായി വാദിക്കുമ്പോള്‍ത്തന്നെ സ്വന്തം ഉത്തരവാദിത്വങ്ങളും മറക്കാനാവില്ല. രാജ്യത്തിനകത്തെ കാലാവസ്ഥാ പദ്ധതികള്‍ക്ക് ആവശ്യമായ പണം കണ്ടെത്തണം. അവ ഫലപ്രദമായി നടപ്പാക്കാനുള്ള സംവിധാനങ്ങളും ശക്തിപ്പെടുത്തണം.

kerala rain
കാലാവസ്ഥാ ധനസഹായത്തെക്കുറിച്ചുള്ള ഈ ചര്‍ച്ചകള്‍ കേരളത്തിനും ഏറെ പ്രസക്തമാണ്file

കേരളത്തിനും കാലാവസ്ഥാ ധനസഹായം പ്രധാനം

കാലാവസ്ഥാ ധനസഹായത്തെക്കുറിച്ചുള്ള ഈ ചര്‍ച്ചകള്‍ കേരളത്തിനും ഏറെ പ്രസക്തമാണ്. മഴയുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, അതിതീവ്രമഴയും വെള്ളപ്പൊക്കവും, നീണ്ടുനില്‍ക്കുന്ന വരള്‍ച്ച, ഉയരുന്ന താപനില, തീരശോഷണം എന്നിവ സംസ്ഥാനത്തിന്റെ വിവിധ മേഖലകളെ ബാധിക്കുന്നു. കൃഷിയും മത്സ്യബന്ധനവും ഉള്‍പ്പെടെയുള്ള ഉപജീവനമേഖലകള്‍ക്ക് ഇത്തരം മാറ്റങ്ങള്‍ വലിയ വെല്ലുവിളിയാണ്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, കൃഷിരീതികളില്‍ മാറ്റം വരുത്തുക, ജലസ്രോതസ്സുകള്‍ സംരക്ഷിക്കുക, തീരദേശങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിരമായ സാമ്പത്തിക പിന്തുണ ആവശ്യമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം എവിടെനിന്ന് കണ്ടെത്തും എന്നത് സംസ്ഥാനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ഒരുപോലെ പ്രധാനപ്പെട്ട ചോദ്യമാണ്. അന്താരാഷ്ട്ര ധനസഹായം ലഭ്യമാകുമ്പോള്‍ അത് പ്രാദേശിക ആവശ്യങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. വലിയ പദ്ധതികള്‍ക്കൊപ്പം കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, തീരദേശവാസികള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവര്‍ക്കും അതിന്റെ പ്രയോജനം ലഭിക്കണം.

പ്രഖ്യാപനങ്ങള്‍ക്കപ്പുറം പണം എത്തണം

2009-ല്‍ കോപ്പന്‍ഹേഗനില്‍ മുന്നോട്ടുവെച്ച നൂറു ബില്യണ്‍ ഡോളറിന്റെ വാഗ്ദാനത്തില്‍നിന്ന് 2024-ല്‍ ബാക്കുവില്‍ അംഗീകരിച്ച 300 ബില്യണ്‍ ഡോളറിന്റെ പുതിയ ലക്ഷ്യത്തിലേക്കുള്ള യാത്ര പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. കാലാവസ്ഥാ ധനസഹായത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. എന്നാല്‍ ആവശ്യവും ലഭ്യമായ സഹായവും തമ്മിലുള്ള അന്തരം ഇപ്പോഴും വലുതാണ്. പ്രത്യേകിച്ച് കാലാവസ്ഥാ ആഘാതങ്ങളെ നേരിടാന്‍ ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ള ദരിദ്ര രാജ്യങ്ങള്‍ക്കും ചെറുദ്വീപ് രാഷ്ട്രങ്ങള്‍ക്കും പണം സമയത്ത് ലഭ്യമാകുന്നുണ്ടോ എന്ന ചോദ്യം നിലനില്‍ക്കുന്നു.

നവംബര്‍ 9-ന് തുര്‍ക്കിയിലെ അന്റാല്യ (Antalya)യില്‍ COP31 സമ്മേളനത്തിന് തുടക്കമാകും. തുര്‍ക്കിയാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഓസ്‌ട്രേലിയന്‍ മന്ത്രി ക്രിസ് ബോവനാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രസിഡന്റ് ഓഫ് നെഗോഷിയേഷന്‍സ്. പസഫിക് ദ്വീപ് രാഷ്ട്രങ്ങളുടെ ആശങ്കകള്‍ക്കും ഈ സമ്മേളനത്തില്‍ പ്രാധാന്യം ലഭിക്കും. കാലാവസ്ഥാ ആഘാതങ്ങള്‍ ഏറ്റവും രൂക്ഷമായി അനുഭവിക്കുന്ന രാജ്യങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ചകളില്‍ എത്രത്തോളം പരിഗണിക്കപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്. എത്ര തുക സമാഹരിക്കുമെന്നതിനു പുറമെ, അതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്, പണം എവിടെനിന്നാണ് വരുന്നത്, വായ്പയുടെയും ഗ്രാന്റിന്റെയും അനുപാതം എന്താണ്, ഏറ്റവും കൂടുതല്‍ ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് അത് എങ്ങനെ ലഭ്യമാക്കും തുടങ്ങിയ കാര്യങ്ങളും നിര്‍ണായകമാണ്. കാലാവസ്ഥാ ധനസഹായം എന്നത് സമ്മേളനങ്ങളില്‍ പ്രഖ്യാപിക്കുന്ന വലിയ തുകകളുടെ മാത്രം കണക്കല്ല. അത് ഒരു കര്‍ഷകന് വരള്‍ച്ചയെ അതിജീവിക്കാന്‍ ലഭിക്കുന്ന സഹായമാണ്. വെള്ളപ്പൊക്കത്തിനും കടല്‍ക്ഷോഭത്തിനും മുന്നില്‍ വീടും ഉപജീവനവും നഷ്ടപ്പെടാതിരിക്കാന്‍ ഒരു തീരദേശ സമൂഹത്തിന് ലഭിക്കുന്ന പിന്തുണയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കാനും അതിനോട് പൊരുത്തപ്പെടാനും ദുര്‍ബല സമൂഹങ്ങള്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക ശേഷിയാണ്.

അതിനാല്‍ COP31ന്റെ പ്രാധാന്യം പുതിയ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. കാലാവസ്ഥാ ധനസഹായത്തെക്കുറിച്ച് വര്‍ഷങ്ങളായി നല്‍കിയ വാഗ്ദാനങ്ങള്‍ എത്രത്തോളം പാലിക്കപ്പെടുന്നു എന്നതും, ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ളവരിലേക്ക് പണം യഥാര്‍ഥത്തില്‍ എത്തുന്നുണ്ടോ എന്നതുമാണ് അതിന്റെ പ്രധാന പരീക്ഷണം. കാലാവസ്ഥാ നീതി ഉറപ്പാക്കണമെങ്കില്‍ വാഗ്ദാനങ്ങള്‍ക്കപ്പുറം പണം എത്തണം. അതും ആവശ്യമായ സമയത്ത്, ആവശ്യമായ അളവില്‍, അര്‍ഹരായവരിലേക്ക്.

Summary

Climate finance: Big promises, where is the money?, writes Gopakumar Cholayil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER