

വ്യക്തികളുടെ കഥ പറഞ്ഞ് അതിന്റെ സാമൂഹ്യ ബന്ധങ്ങള്‍ അടിവരയിടുന്ന രീതിയാണ് ഇതുവരെ ഞാന്‍ 'സാമൂഹ്യപാഠ'ത്തില്‍ അവലംബിച്ചിട്ടുള്ളത്. ഏറെക്കാലമായി സാമൂഹ്യശാസ്ത്രപഠനങ്ങളിലും ഗവേഷണത്തിലും മരങ്ങളെ ചേര്‍ത്തു വെച്ച് കാടുകളെ അറിയാന്‍ ശ്രമിക്കുന്ന രീതി പൊതുവെ ശീലിച്ചു പഴകിയതിനാലാവാം സൂക്ഷ്മത്തില്‍ നിന്ന് സ്ഥൂലത്തിലേക്ക് (മൈക്രോ ടു മാക്രോ) എന്ന മാര്‍ഗം പൊതുവെ അനുവര്‍ത്തിക്കാനുള്ള കാരണം.
പക്ഷെ ഇത്തവണ എനിക്ക് പറയാനുള്ള വ്യക്തിയെ ഒറ്റമരമായിക്കണ്ട് കഥ പറയാന്‍ പറ്റില്ല തന്നെ! ഒരൊറ്റ വ്യക്തി തന്നെ ഒരു മുഴുവന്‍ സമൂഹത്തിന്റെയും മുഖമായി നിറഞ്ഞുനില്‍ക്കുന്ന അവസ്ഥയാണ് പതിനാലാമത് ദലൈലാമ എന്ന ടിബറ്റന്‍ ബുദ്ധമതാചാര്യനെക്കുറിച്ച് കൂടുതലറിയുമ്പോള്‍ നമുക്ക് മനസ്സിലാവുക. ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ടിബറ്റന്‍ സമൂഹത്തിന്റെ ആത്മീയ നേതാവാണ് കഴിഞ്ഞ എട്ടര പതിറ്റാണ്ടിലധികമായി അദ്ദേഹമെന്നും; ആ പേര്‍ ചേര്‍ത്തുവെച്ചല്ലാതെ ഇരുപതും ഇരുപത്തിയൊന്നും നൂറ്റാണ്ടുകളിലെ ടിബറ്റന്‍ ജനതയുടെ ചരിത്രം വായിക്കാനാവില്ല എന്നുമറിയുമ്പോള്‍ ഒരു വ്യക്തിയില്‍ സമൂഹമൊന്നാകെ ഒത്തുചേരുന്ന അപൂര്‍വ്വതയാണ് നമ്മള്‍ തിരിച്ചറിയുക. അനുകമ്പയുടെ ആ ഒറ്റമരക്കാടിന്റെ തണലിലുള്ളത് ലക്ഷക്കണക്കിന് അനുയായികളും ലോകം മുഴുവനുമുള്ള സമാധാന പ്രേമികളുമാണെന്നറിയുമ്പോള്‍ ഈ യുഗപുരുഷന്‍ നമ്മുടെ സമകാലീനാണെന്ന സന്തോഷകരമായ തിരിച്ചറിവിലാണ് നമ്മള്‍ ചെന്നെത്തുക!
ഇന്ന് ജൂലൈ 6, 2026. പതിനാലാമത് ദലൈലാമ എന്ന ഇന്ത്യയുടെ ഏറ്റവും വിശേഷപ്പെട്ട അതിഥിയുടെ 91-ാം പിറന്നാള്‍ ദിനം. ഒരു വര്‍ഷം നീണ്ടു നിന്ന അദ്ദേഹത്തിന്റെ നവതി ആലോഷങ്ങളുടെ കലാശക്കൊട്ടിന്റെ ഭാഗമായി ധരംശാലയിലെ ടിബറ്റന്‍ മ്യൂസിയം ഡല്‍ഹിയില്‍ സംഘടിപ്പിച്ച 'അനുകമ്പയുടെ വര്‍ഷം' എന്ന, ദലൈലാമയുടെ ജീവിതത്തെപ്പറ്റിയുള്ള ഫോട്ടോ എക്‌സിബിഷന്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് കാണാന്‍ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ അനുയായികളും ആരാധകരും 'ആഗോള അനുകമ്പാ ദിനമായി' ആചരിക്കുന്ന ഈ പിറന്നാള്‍ ദിനത്തില്‍ 'സാമൂഹ്യപാഠ'ത്തിന്റെ വായനക്കാര്‍ക്കായി ദലൈലാമയെപ്പറ്റിയും അദ്ദേഹം നമുക്കിയിടയില്‍ വിതറിയിടുന്ന മാനവിക സന്ദേശങ്ങളെപ്പറ്റിയും കുറിപ്പെഴുതാനുള്ള ആത്മവിശ്വാസം നല്‍കിയത്. പലപ്പോഴായി ഞാന്‍ അറിഞ്ഞ പതിനാലാമത് ദലൈലാമയുടെ ജീവിതത്തെ ഒന്നിച്ചൊരിക്കല്‍കൂടി സംക്ഷിപ്തമായും വിശദമായും ഓര്‍മ്മിച്ചെടുക്കാന്‍ തികച്ചും യാദൃച്ഛികമായി കാണാനിട വന്ന ആ പ്രദര്‍ശനം നിമിത്തമായി എന്നത് ഒരു നിയോഗമായാണ് ഞാന്‍ കരുതുന്നത്!
അനുകമ്പയുടെ ബോധിസത്വനായ അവലോകിതേശ്വരന്റെ പുനഃരവതാരങ്ങളാണ് ദലൈലാമകള്‍ എന്നാണ് ടിബറ്റന്‍ ബുദ്ധമത വിശ്വാസം. ലോക നന്മയ്ക്കായി പ്രവര്‍ത്തിക്കാനായി പുനഃരവതാരത്തിലൂടെ ഭൂമിയില്‍ തുടരുന്നവരാണ് ബോധിസത്വന്മാര്‍. ടിബറ്റന്‍ ബുദ്ധമതാനുയായികളുടെ ആത്മീയ നേതാവു മാത്രമല്ല, ഭരണാധികാരി കൂടിയാണ് ദലൈലാമ. 'ദലൈ' എന്ന മംഗോളിയന്‍ വാക്കിന് സാഗരമെന്നാണര്‍ത്ഥം. അത് 'സന്യാസിവര്യന്‍' എന്നോ 'ഗുരു'വെന്നോ അര്‍ത്ഥം വരുന്ന 'ലാമ'യോടു ചേര്‍ന്നു വരുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ദലൈലാമ ടിബറ്റുകാരുടെ 'ഗുരു സാഗരമാണ്'!
1935 ല്‍ വടക്കുകിഴക്കന്‍ ടിബറ്റില്‍ കര്‍ഷക കുടുംബത്തില്‍ പിറന്ന ടെന്‍സിന്‍ ഗ്യാസ്റ്റോ എന്ന ഇപ്പോഴത്തെ ദലൈലാമയെ തന്റെ പിന്‍ഗാമിയായി പതിമൂന്നാമത് ദലൈലാമ കണ്ടെത്തുമ്പോള്‍ അദ്ദേഹത്തിന് രണ്ട് വയസ്സു മാത്രമായിരുന്നു പ്രായം! 1940 ല്‍, അഞ്ചു വയസ്സ് തികയും മുമ്പ് ലാസയിലെ പൊട്ടാല കൊട്ടാരത്തില്‍ വെച്ച് ഔദ്യോഗമായി കിരീടധാരണം ചെയ്യപ്പെട്ട അദ്ദേഹം ആറാം വയസ്സു മുതല്‍ സന്യാസ പഠനം തുടങ്ങി.
നളന്ദാ സമ്പ്രദായത്തില്‍ ഊന്നിയുള്ള ആ പഠനപ്രക്രിയ ഇരുപത്തി മൂന്ന് വയസ്സില്‍ ഗെഷെ ലാരംപ എന്ന ബുദ്ധിസ്റ്റ് തത്വശാസ്ത്രത്തിലെ പി.എച്ച്.ഡിക്ക് തത്തുല്യമായ ബിരുദം നേടുന്നതുവരെ അദ്ദേഹം തുടര്‍ന്നു.
മാറിമറിഞ്ഞ ചൈനയിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ടിബറ്റന്‍ ജനജീവിതവും ഭരണകൂടവും ഏറ്റവും വെല്ലുവിളികളിലൂടെ കടന്നു പോകേണ്ടി വന്നപ്പോള്‍ 1950 ല്‍ തന്റെ പതിനാറാം വയസ്സില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ ടിബറ്റിന്റെ പൂര്‍ണ്ണ അധികാരം കൈയാളേണ്ടിവന്നു പതിനാലാമത് ദലൈലാമയ്ക്ക്. അന്നു മുതല്‍ കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടിലധികമായി 'ദലൈലാമ'യും 'ടിബറ്റും' എല്ലാ അര്‍ത്ഥത്തിലും ഒന്നായിമാറിയ രണ്ട് പദങ്ങളാണ്!
കഷ്ടിച്ച് ഇരുപതുവയസ്സു പ്രായമുള്ളപ്പോഴാണ് 1954 ല്‍ മാവോ സേതുങ്, ചൗഎന്‍ലായ് തുടങ്ങിയ ചൈനീസ് രാഷ്ട്രീയത്തിലെ അതികായരുമായി ദലൈലാമ ടിബറ്റിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായുള്ള സമാധാന ചര്‍ച്ചകളിലേര്‍പ്പെട്ടത്. ഏറെത്താമസിയാതെ 1959 ല്‍ ടിബറ്റ് പൂര്‍ണ്ണമായും ചൈനയുടെ കൈപ്പിടിയിലായപ്പോള്‍, സ്വജീവന്‍ പോലും അപകടത്തിലായ ഘട്ടത്തില്‍, ലാസയിലെ നോര്‍ബുലിങ്കാ കൊട്ടാരം വിട്ട്, ഒരു പട്ടാളക്കാരനായി വേഷപ്രച്ഛന്നനായി ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടി വന്ന സ്ഥാനഭ്രഷ്ടനായ രാഷ്ട്രത്തലവനാണ് ഇന്ന് ലോക നേതാക്കളില്‍ക്കിടയില്‍ ഏറെ തലപ്പൊക്കത്തോടെ ടിബറ്റിന്റെയും ഇന്ത്യയുടേയും അഭിമാനമായി തുടരുന്ന ദലൈലാമ എന്ന അപൂര്‍വ്വ വ്യക്തിത്വം.
പതിനഞ്ച് ദിവസത്തെ ക്ലേശകരമായ ഹിമാലയന്‍ യാത്രയ്ക്കു ശേഷം തവാങ് ചുരം താണ്ടി ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടിയെത്തുമ്പോള്‍ അദ്ദേഹത്തിന് അന്താരാഷ്ട്ര നയതന്ത്ര മേഖലയിലെ ബാലപാഠങ്ങള്‍ പോലുമറിയില്ലായിരുന്നു. തന്റെ കൂടെ നാടും വീടും വിട്ടിറങ്ങിയ എണ്‍പതിനായിരത്തോളമുള്ള ടിബറ്റന്‍ ജനതയുമായി ഇന്ത്യയിലെത്തിയ അദ്ദേഹത്തിന് മുമ്പില്‍ പ്രശ്‌നങ്ങള്‍ ഏറെയുണ്ടായിരുന്നു. ടിബറ്റന്‍ സംസ്‌കാരത്തിന്റെ തനിമ ചോരാതെ സ്വന്തം ജനതയെ പുനരധിവസിപ്പിക്കുക, വിദ്യാഭ്യാസവും തൊഴിലും സാമൂഹ്യ അംഗീകാരവും ഉറപ്പു വരുത്തിക്കൊണ്ട് അവരെ ബുദ്ധമത തത്വങ്ങള്‍ക്കനുസരിച്ചുള്ള നല്ല മനുഷ്യരാക്കി നിലനിറുത്തുക; രാഷ്ടീയമായി ചൈനയോടുള്ള അസ്വാരസ്യങ്ങള്‍ അന്താരാഷ്ട്രവേദികളില്‍ പങ്കുവെച്ച് ടിബറ്റ് തിരികെ നേടി വീണ്ടും ജന്മനാട്ടിലെത്തുക എന്നിങ്ങനെ ആര്‍ക്കും അസൂയ തോന്നാത്ത വിധം കുഴപ്പം പിടിച്ച കാര്യങ്ങള്‍ മുന്നിലുണ്ടായപ്പോഴും സമചിത്തതയോടെ, അനുകമ്പ അടിവരയിട്ട ഒറ്റമനസ്സോടെ ഹിമാചല്‍ പ്രദേശിലെ ധരംശാലയിലുള്ള മക്ലിയോഡ് ഗഞ്ചില്‍ താമസിച്ച് ടിബറ്റന്‍ പ്രവാസ ഗവണ്‍മെന്റിന്റെ നേതൃ സ്ഥാനം കൈയാളിക്കൊണ്ട് ദലൈലാമ മുന്നേറിയപ്പോള്‍ ലോക സമാധാന ചരിത്രത്തില്‍ തന്നെ പുതിയൊരു അധ്യായമാണ് എത്തിച്ചേര്‍ക്കപ്പെട്ടത്!
ലോക ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമായ ഒരു അഭയാര്‍ത്ഥി സമൂഹത്തിന്റെ വിജയഗാഥയാണ് ദലൈലാമ എന്ന വ്യക്തിയുടെ ജീവിത കഥയില്‍ നിന്ന് നമുക്ക് മനസ്സിലാക്കാനാവുക. എല്ലാം നഷ്ടപ്പെട്ട് ഇന്ത്യയിലെത്തിയ ഒരു ജനസമൂഹം ആറരപ്പതിറ്റാണ്ടു പിന്നിട്ട പ്രവാസകാലത്തിനു ശേഷവും തങ്ങളുടെ സാംസ്‌കാരികത്തനിമ നിലനിര്‍ത്തി ഏറ്റവും സുരക്ഷിതരായി അഭിമാനത്തോടെ തങ്ങളുടെ അഭയ ഭൂമിയില്‍ പ്രത്യാശയോടെ തുടരുന്നു എന്നത് കഴിഞ്ഞ എണ്‍പത്തിയേഴു വര്‍ഷമായി അവരെ നയിക്കുന്ന ആത്മീയ ചൈതന്യമായ ദലൈലാമയ്ക്ക് ഏറ്റവും അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്. ഈയിടെ പ്രവാസത്തിന്റെ 67 വര്‍ഷം തികച്ച ദലൈലാമയുടെ നേട്ടങ്ങള്‍ ഏറ്റവും ചുരുക്കി പറഞ്ഞാല്‍ പോലും ഏറെ പരത്തിപ്പറയേണ്ടത്ര വിശദമാണ്.
ജവഹര്‍ലാല്‍ നെഹ്രു മുതല്‍ നരേന്ദ്ര മോദിവരെയുള്ള എല്ലാ ഇന്ത്യന്‍ പ്രധാനമന്ത്രിമാരോടും മമതയോടെ പരസ്പരബഹുമാനവും ധാരണയോടും കൂടി ബന്ധങ്ങള്‍ നിലനിറുത്തി എന്നതു തന്നെ ദലൈലാമയുടെ നയതന്ത്രജ്ഞതയുടെ ഒന്നാമത്തെ തെളിവാണ്. ഇക്കാലമത്രയും ടിബറ്റിന്റെ മോചനം എന്ന തങ്ങളുടെ അന്തിമലക്ഷ്യം നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും സമാധാന പൂര്‍ണ്ണമായ ജീവിതത്തിലൂന്നി, തങ്ങളുടെ സാംസ്‌കാരിക തനിമ നിലനിറുത്തിക്കൊണ്ട് ലക്ഷ്യം കാണും വരെയും മുന്നോട്ടു തന്നെ പോകാന്‍ തന്റെ അനുയായികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ ദലൈലാമയ്ക്ക് കഴിഞ്ഞുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്.
ഇന്ത്യയില്‍ പലയിടങ്ങളിലും നേപ്പാളിലും ഭൂട്ടാനിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലുമൊക്കെയായി ടിബറ്റന്‍ ജനതയുടെ പുനഃരധിവാസം വിജയകരമായി നടത്താന്‍ കഴിഞ്ഞു എന്നതിലുപരി, ആഗോളതലത്തില്‍ തന്നെ ആത്മീയതയുടെയും അനുകമ്പയുടേയും ആള്‍രൂപമായി അംഗീകാരം നേടിയെടുക്കാനും കഴിഞ്ഞുവെന്നത് ഏറ്റവും അസൂയാര്‍ഹമായ നേട്ടം തന്നെ! ദലൈലാമയെ സന്ദര്‍ശിക്കാനായി മാത്രം ഹിമാചല്‍ പ്രദേശിലെ ധരംശാലയിലേക്ക് ദിനംപ്രതി വന്നു ചേരുന്നത് നൂറു കണക്കിന് ആരാധകരാണ്.
ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ ദലൈലാമ സജീവമായി പ്രവര്‍ത്തിക്കുന്ന മേഖലകള്‍ സമാധാനം, സര്‍വ്വമത സൗഹാര്‍ദ്ദം, ഭാരതീയ വിജ്ഞാനം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം, മനുഷ്യാവകാശ സംരക്ഷണം എന്നിങ്ങനെ പരന്നു കിടക്കുകയാണ്.
നാളിതുവരെയുള്ള എല്ലാ ദലൈലാമമാരിലും വെച്ച് ആഗോളതലത്തില്‍ ഏറ്റവും നേരറിവും ബന്ധങ്ങളുമുള്ളയാളാണ് പതിനാലാമത് ദലൈലാമ. ലോകമെമ്പാടും ആരാധകരെ നേടിയ അദ്ദേഹം നേരിട്ടു സന്ദര്‍ശനം നടത്തിയോ, ധരംശാലയില്‍ വെച്ചോ സംഭാഷണത്തിലേര്‍പ്പെട്ടിട്ടുള്ള പ്രമുഖരില്‍ നിരവധി രാഷ്ട്രത്തലവന്മാരും രാഷ്ട്രീയ നേതാകളും ശാസ്ത്രജ്ഞരും ചിന്തകരും മതനേതാക്കളും വിദ്യാഭ്യാസ വിചക്ഷണരും സിനിമാ താരങ്ങളുമൊക്കെ ഉള്‍പ്പെടും. ഇവരോടൊല്ലാം തന്നെ പ്രത്യേകിച്ചൊരു മുന്നൊരുക്കങ്ങളുമില്ലാതെ ഏറ്റവും ലളിതവും ഹൃദ്യവുമായി ദലൈലാമ ഇടപഴകിയപ്പോള്‍ സംഭവിച്ചത് നയതന്ത്രത്തിന്റെയും മാനവികതയുടേയും ഏറ്റവും വ്യത്യസ്തമായ അധ്യായങ്ങളാണ്.
'ഞാന്‍ വെറുമൊരു സന്യാസിയാണ്' എന്ന് വാക്കിലും പ്രവൃത്തിയിലും അടിവരയിട്ടു കൊണ്ട് ദലൈലാമ തന്റെ പ്രവൃത്തിപഥത്തില്‍ മുന്നേറുമ്പോള്‍ മറ്റേതൊരു മത നേതാവിനും ആത്മീയാചാര്യനും മനുഷ്യാവകാശ പ്രവര്‍ത്തകനും നേടാന്‍ കഴിയാത്തവിധം ബന്ധപ്പെട്ടവരുടെയെല്ലാം ഹൃദയത്തില്‍ സ്ഥാനം നേടിക്കൊണ്ട് തന്റെ സന്ദേശങ്ങള്‍ അവരിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു എന്നതു തന്നെയാണ് നമ്മളെയെല്ലാം അത്ഭുത പരതന്ത്രരാക്കുന്ന ദലൈലാമ മാജിക്!
അനിതരസാധാരണമായ നര്‍മ്മബോധം വിശുദ്ധ ദലൈലാമയുടെ ട്രേഡ് മാര്‍ക്കാണ്. സാധാരണക്കാരില്‍ സാധാരണക്കാരനായി തമാശകള്‍ പറഞ്ഞു കൊണ്ട് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ അറിയേണ്ടവരിലേക്ക് ഏറ്റവും അനായാസമായി പകര്‍ന്നു നല്‍കുക എന്നതാണ് ദലൈലാമയുടെ രീതി. ഉദാഹരണത്തിന് ചില കുടുംബകാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ ഉപദേശങ്ങളും അഭിപ്രായങ്ങളും ചോദിച്ചയാളോട് 'അവിവാഹിതനായ ഒരു സന്യാസി മാത്രമായ ഞാന്‍ എങ്ങനെയാണ് ഇക്കാര്യത്തില്‍ മറുപടി നല്‍കുക' എന്ന് പറഞ്ഞയാളാണ് ദലൈലാമ. പിസ്സ വില്‍ക്കുന്ന കടയില്‍ ചെന്ന് 'മേക്ക് മി വണ്‍ വിത്ത് എവരിത്തിങ്' എന്ന് പറഞ്ഞ ദലൈലാമയുടെ ഫലിതത്തില്‍ ദാര്‍ശനികതയാണ് കൂടുതല്‍ മുറ്റി നില്‍ക്കുന്നത് എന്നാണ് പൊതുവെ ചൂണ്ടിക്കാണിക്കുന്നത്!
1989ല്‍ ലഭിച്ച സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും മഗ്‌സസേ അവാര്‍ഡും ടെംപിള്‍ടണ്‍ പുരസ്‌കാരവുമൊക്കെയടക്കം നൂറുകണക്കിന് അന്താരാഷട്ര അംഗീകാരങ്ങളാണ് നാളിതുവരെ ദലൈലാമയെ തേടിയെത്തിയത്. അതില്‍ എണ്‍പതില്‍ പരം ഓണററി ഡോക്ടറേറ്റുകള്‍ ഉള്‍പ്പെടുന്നുവെന്നറിഞ്ഞത് എനിക്ക് ഏറ്റവും കൗതുകകരമായി തോന്നിയ ഒരു കണ്ടെത്തലായിരുന്നു. ഈ അംഗീകാരങ്ങളെല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള ടിബറ്റന്‍ മ്യൂസിയത്തിന്റെ വെബ് സൈറ്റ് സന്ദര്‍ശിച്ച് അദ്ദേഹത്തിന് ലഭിച്ച ഡോക്ടറേറ്റുകളുടെ എണ്ണമെടുക്കാന്‍ ഞാന്‍ ചെറുതായി ഒന്നു ശ്രമം നടത്തിയെങ്കിലും ഏറെ താമസിയാതെ 'പണിത്തിരക്കിനിടയില്‍ ഇക്കാര്യത്തിനായി കൂടുതല്‍ സമയം ചെലവിടേണ്ട' എന്ന തീരുമാനത്തിലെത്തുകയാണുണ്ടായത് !
അഞ്ചു തവണ പരിഗണനയില്‍ വന്നെങ്കിലും ഗാന്ധിജിക്ക് ലഭിക്കാതെ പോയ സമാധാനത്തിന്റെ നൊബേല്‍ സമ്മാനം മഹാത്മാവിന്റെ നാട്ടിലേക്ക് (മദര്‍ തെരേസയ്ക്ക് ശേഷം) കൊണ്ടു വന്നയാളാണ് ഗാന്ധിജിയുടെ കടുത്ത ആരാധകനായ ദലൈലാമ! നൊബേല്‍ സമ്മാനം ദലൈലാമയ്ക്ക് സമര്‍പ്പിക്കുന്ന ചടങ്ങില്‍ നൊബേല്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ ആ വര്‍ഷത്തെ സമാധാന പുരസ്‌കാരം 'ഭാഗികമായി ഗാന്ധിജിക്കുള്ള ആദരവുകൂടിയാണെന്ന്' ചൂണ്ടിക്കാട്ടി മഹാത്മാവിനെ നൊബേല്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കാതിരുന്ന തങ്ങളുടെ അക്ഷന്തവ്യമായ തെറ്റിനെപ്പറ്റിയുള്ള കുറ്റബോധം തെല്ലൊന്നു കുറച്ചപ്പോള്‍ തനിക്കു കിട്ടിയ സമ്മാനം, ഗാന്ധിജിക്ക് ഔപചാരികമായി സമര്‍പ്പിച്ചു കൊണ്ടാണ് അഹിംസയുടെയും സഹിഷ്ണുതയുടെയും പാതയില്‍ തന്റെ വഴിവിളക്കായ മഹാത്മാവിനെ ദലൈലാമ ആദരിച്ചത്.
ഒന്നല്ല, രണ്ടു തവണ ദലൈലാമയെ നേരിട്ടുകാണാനും അദ്ദേഹത്തിന്റ ഉള്ളറിവുകളും സന്തുഷ്ട സാന്നിധ്യവും നേരിട്ടറിയാനും ഇഗ്‌നൗ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായിരിക്കുമ്പോള്‍ എനിക്കും ഭാഗ്യം ലഭിച്ചിട്ടുണ്ട്. അറിവുള്ളവരെ അംഗീകരിക്കാനും ആദരിക്കാനും അവരുടെ സാന്നിധ്യവും സേവനങ്ങളും യൂണിവേഴ്‌സിറ്റിയ്ക്കു വേണ്ടി പരമാവധി പ്രയോജനപ്പെടുത്താനും ഏറ്റവുമധികം ഉത്സാഹം കാണിച്ചിരുന്ന അന്നത്തെ വൈസ് ചാന്‍സലര്‍ പ്രൊഫ. വി. എന്‍. രാജശേഖരന്‍ പിള്ളയുടെ പ്രത്യേക ഉത്സാഹം കൊണ്ടാണ് 2010 ല്‍ മദര്‍ തെരേസാ അനുസ്മരണ പ്രഭാഷണം നടത്താനും 2011 ല്‍ ഇഗ്‌നൗ സമ്മാനിച്ച ഓണററി ഡോക്ടറേറ്റ് ബിരുദം ഏറ്റുവാങ്ങാനും ദലൈലാമ ഡല്‍ഹിയിലെത്തിയത്. ഈ അവസരങ്ങളില്‍ അദ്ദേഹത്തിന്റെ വിവരവും വിനയവും ലാളിത്യവും പോസിറ്റിവിറ്റിയും നര്‍മ്മബോധവുമൊക്കെ നേരിട്ടറിയാന്‍ പറ്റി എന്നതിലുപരി അദ്ദേഹത്തെ ഒരു നോക്കു കാണാനായി ഡല്‍ഹിയുടെ പരിസര പ്രദേശങ്ങളില്‍ നിന്നുമാത്രമല്ല ഉത്തരേന്ത്യയുടെ പല ഭാഗത്തു നിന്നും വന്നെത്തിയ നൂറുകണക്കിന് ടിബറ്റുകാര്‍ക്ക് അവരുടെ ആത്മീയ നേതാവിനോടുള്ള അളവറ്റ ആദരവും ആരാധനയും സ്‌നേഹവും നേരിട്ടു കാണാനും ഞങ്ങള്‍ക്ക് കഴിഞ്ഞു.
2014 ല്‍ ദലൈലാമയുടെയും ടിബറ്റന്‍ പ്രവാസ ഗവണ്‍മെന്റിന്റേയും ആസ്ഥാനമായ ധരംശാലയിലെ മക്ലിയോഡ് ഗഞ്ച് സന്ദര്‍ശിച്ചെങ്കിലും ദലൈലാമയെ നേരിട്ട് കാണാന്‍ അത്തവണ തരപ്പെട്ടില്ല. എന്നാല്‍ ടിബറ്റന്‍ ജനതയുടെ ആത്മീയ, രാഷ്ട്രീയ നേതാക്കളില്‍ ദ്വിതീയനായ പഞ്ചന്‍ലാമയെപ്പറ്റി അറിയാനും ഇപ്പോഴത്തെ പഞ്ചന്‍ലാമയുടെ ദുരൂഹമായ തിരോധാനത്തെപ്പറ്റി പകൂടുതല്‍ മനസ്സിലാക്കാനും ആ ധരംശാലാ സന്ദര്‍ശനം സഹായിച്ചു. ദലൈലാമയും പഞ്ചന്‍ലാമയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് നേതാക്കളാണ്. കൂട്ടത്തില്‍ പ്രായത്തില്‍ മുതിര്‍ന്നയാള്‍ മറ്റേയാള്‍ക്ക് ഗുരുസ്ഥാനീയനും വഴികാട്ടിയുമായിരിക്കും.
1995 ല്‍, ഇപ്പോഴത്തെ ദലൈലാമ, പതിനൊന്നാമത് പഞ്ചന്‍ലാമയായി ഒരു ആറുവയസ്സുകാരനെ തിരഞ്ഞെടുത്തുവെങ്കിലും ആ കുട്ടി ഏതാനും ദിവസങ്ങള്‍ക്കകം ദുരൂഹമായ സാഹചര്യത്തില്‍ അപ്രത്യക്ഷനാവുകയാണുണ്ടായത്. ചൈനയുടെ അറിവോടെ അജ്ഞാതമായൊരിടത്തേയ്ക്ക് ഈ കുട്ടിയെ മാറ്റിയതാണെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. മുപ്പത്തൊന്നു വര്‍ഷങ്ങള്‍ക്കു ശേഷവും പതിനൊന്നാമത് പഞ്ചന്‍ലാമ എവിടെയാണെന്ന് യാതൊരു അറിവുമില്ലെന്നതും, ചൈന മറ്റൊരു പതിനൊന്നാമത് പഞ്ചന്‍ലാമയെ കണ്ടെത്തി ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടെന്നുള്ളതും ഈ പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.
തുടക്കം മുതലേ ജനാധിപത്യ രീതിയില്‍ ടിബറ്റന്‍ പ്രവാസ ഗവണ്‍മെന്റ് കെട്ടിപ്പെടുത്ത ദലൈലാമ 2011 ല്‍ തന്റെ എല്ലാ പൊളിറ്റിക്കല്‍ അധികാരങ്ങളും തിരഞ്ഞെടുക്കപ്പെട്ട ടിബറ്റന്‍ പ്രവാസ ഗവണ്‍മെന്റിന് കൈമാറിയശേഷം ടിബറ്റന്‍ ജനതയുടെ ആത്മീയ നേതാവു മാത്രമായി തുടരുകയാണ്. ടിബറ്റ് തിരികെ നേടി തങ്ങളുടെ സ്വപ്നഭൂമിയില്‍ വീണ്ടുമെത്തുക എന്ന ടിബറ്റന്‍ ജനതയുടെ വിശ്വാസം എന്തായാലും സാക്ഷാത്കരിക്കപ്പെടും എന്നു തന്നെയാണ് ശുഭാപ്തിവിശ്വാസത്തിന്റെ നേര്‍രൂപമായ ദലൈലാമയുടെ പക്ഷം.
'അടുത്ത ദലൈലാമ ആര്?' 'അടുത്ത ദലൈലാമയെയും ചൈന പ്രഖ്യാപിക്കുമോ?' എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഏറെക്കാലമായി ദലൈലാമയെ സ്‌നേഹിക്കുന്നവര്‍ക്കിടയിലും ലോകരാഷ്ട്രീയത്തിലും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും പൊതുവെ എല്ലാ കാര്യങ്ങളെയും ഏറ്റവും യാഥാര്‍ത്ഥ്യബോധത്തോടെ നോക്കിക്കാണുന്ന ദലൈലാമയ്ക്ക് ഇക്കാര്യങ്ങളിലെല്ലാം വളരെ വ്യക്തമായ വീക്ഷണങ്ങളുണ്ട്. ദലൈലാമ എന്നത് മനുഷ്യനിര്‍മ്മിതമായ ഒരു ഇന്‍സ്റ്റിറ്റിയൂഷനാണെന്നും, ടിബറ്റന്‍ ജനതയ്ക്ക് അത്തരം ഒരു സ്ഥാനം വേണ്ടത്ര കാലത്തോളം അതു തുടരുമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. 'അതാര്? 'എപ്പോള്‍ പ്രഖ്യാപിക്കപ്പെടും' എന്നിങ്ങനെ ചര്‍ച്ചകള്‍ ചൂടുപിടിച്ചു നില്‍ക്കുന്നതിനിടയിലാണ് കഴിഞ്ഞ വര്‍ഷം ജൂലൈ 6 ന് നവതി ആഘോഷ വേളയില്‍ 'നിങ്ങള്‍ക്കൊപ്പം ഇനിയും മുപ്പത് നാല്‍പ്പത് വര്‍ഷങ്ങള്‍ കൂടി ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം' എന്നു ദലൈലാമ പറഞ്ഞത്!
ടിബറ്റന്‍ ജനതയ്ക്കും തന്നെ സ്‌നേഹിക്കുന്ന മറ്റ് ലക്ഷക്കണക്കിന് ആരാധകര്‍ക്കും വേണ്ടി ഇനിയുമെത്രയോ പ്രവര്‍ത്തിക്കാനുണ്ടെന്ന ദലൈലാമയുടെ തിരിച്ചറിവു കൂടിയാണ് ഈ പ്രഖ്യാപനത്തില്‍ നമ്മള്‍ കണ്ടെത്തുക.
അതെ, ഇനിയും മുപ്പതു നാല്‍പ്പതുകൊല്ലം കൂടി ദലൈലാമയെന്ന ഒറ്റമരക്കാടിന്റെ തണല്‍ പടര്‍ന്നുപന്തലിക്കട്ടെ എന്നു തന്നെയാണ് ആ ഗുരുസാഗരത്തിന്റെ മഹത്വം അറിഞ്ഞ ആരും ആഗ്രഹിച്ചു പോവുക !
(ഡല്‍ഹിയിലെ അംബേദ്കര്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറും ഡീനുമാണ് ലേഖകന്‍)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates