മലയാളി മനസ്സിലൂടെയുള്ള അടൂരിന്റെ പദയാത്രകൾ
ഒരു ദശാബ്ദകാലത്തെ ദീർഘമായ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ വിഖ്യാത ചലച്ചിത്രകാരൻ വീണ്ടും സംവിധായക മേലങ്കിയണിയുന്നു. അതും തന്റെ 85 വയസ്സിൽ ഒരുപക്ഷേ മലയാള സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും മുതിർന്ന സംവിധായകന്റെ ചലച്ചിത്ര സംരംഭം ആകും ഈ സിനിമ. ലോക സിനിമയിൽ മലയാളത്തിന്റെ കയ്യൊപ്പ് ചാർത്തിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ ഏറ്റവും പുതിയ ചലച്ചിത്ര സംരംഭത്തിന് ഇന്ന് തുടക്കമായി.
അടൂർ പത്ത് വർഷത്തിന് ശേഷം സംവിധാനം ചെയ്യുന്നു എന്നത് പോലെ തന്നെ ശ്രദ്ധേയമാണ് 30 വർഷത്തിന് ശേഷം മമ്മുട്ടിയും അടൂരും ഒന്നിക്കുന്നു എന്നതും. അടൂരിന്റെ അനന്തരം, മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങളിലാണ് മമ്മൂട്ടി ഇതിന് മുമ്പ് അനശ്വരമാക്കിയ വേഷങ്ങൾ. 1987 ൽ അനന്തരം എന്ന ചിത്രത്തിലൂടെയാണ് അടൂർ ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. അനന്തരത്തിൽ ഡോ ബാലു മലയാളത്തിന് പുതിയൊരു കാഴ്ചയായിരന്നു. 1990ൽ മതിലുകൾ സംവിധാനം ചെയ്തപ്പോൾ അടൂരിന് മുന്നിൽ ബഷീറായി, മമ്മൂട്ടി എത്തി. നാല് വർഷത്തിന് ശേഷം 1993വിധേയൻ (1994 ൽ ആണ് ചിത്രം ഔദ്യോഗിക റിലീസ് ) എടുക്കുമ്പോൾ ഭാസ്കരപട്ടേലരായി മമ്മൂട്ടി പകരം മറ്റൊരാളെ കുറിച്ച് അടൂർ ചിന്തിച്ചിട്ടുണ്ടാകില്ല. പിന്നീട് നീണ്ട 32 വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി ചിത്രം വരുന്നത്.
എറണാകുളത്തെ അമ്പലമേട്ടിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ, ഭൂരിഭാഗവും ഇവിടെയാണ് ഷൂട്ട് ചെയ്യുന്നത്. വയനാട്, പൂയംകുട്ടി, തിരുവനന്തപുരം, എറണാകുളത്തിന്റെ മറ്റു ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ബാക്കി ചിത്രീകരിക്കുക. ഏതാണ്ട് രണ്ടുമാസം കൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
1972 ൽ സ്വയംവരം എന്ന തന്റെ ആദ്യത്തെ ചലച്ചിത്രത്തിലൂടെ ദേശീയ, രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റുകയും അംഗീകാരങ്ങൾ നേടുകയും ചെയ്ത അടൂരിന്റെ ചലച്ചിത്ര യാത്രയിലെ പതിമൂന്നാമത് സിനിമയ്ക്കാണ് തുടക്കമായത് . മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്ന അടൂരും എഴുത്തുകാരനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ.വി മോഹൻ കുമാറും ചേർന്നാണ്.
സിനിമയിലെ മുഖ്യ കഥാപാത്രം ചെയ്യുന്നത് അടൂരിന്റെ ഇഷ്ടനടൻ കൂടിയായ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയാണ്. മമ്മൂട്ടി തന്നെ നിർമിക്കുന്ന സിനിമയാണ് പദയാത്ര
അഞ്ചു പതിറ്റാണ്ടിലേറെ നീളുന്ന ചലച്ചിത്രസപര്യയിൽ അടൂരിന്റെതായി 12 മുഴുനീള ചലച്ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഓരോന്നും വേറിട്ട് നിൽക്കുന്ന പ്രമേയങ്ങളിലൂടെയും ആഖ്യാനങ്ങളിലൂടെയും ലോക ചലച്ചിത്ര വേദികളിൽ മലയാളത്തിന്റെ ശബ്ദമായി മാറാനും അന്താരാഷ്ട്ര തലത്തിൽ തന്നെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റാനും അടൂർ ചലച്ചിത്രങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. മധുവും ശാരദയും പ്രധാന വേഷത്തിൽ അഭിനയിച്ച സ്വയംവരത്തിൽ തുടങ്ങിയ യാത്ര തുടർന്നങ്ങോട്ട് മലയാളി ജീവിതത്തെയും സമൂഹത്തെയും അതിന്റെ വിവിധ തലങ്ങളെയും ലോകത്തിനു മുന്നിൽ തുറന്നുകാട്ടിയ ഒരുപിടി ചലച്ചിത്രങ്ങളിലൂടെ മുന്നേറി.
ഭരത് ഗോപി അസാമാന്യ പ്രകടനത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ 'കൊടിയേറ്റം', മലയാളത്തിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയ സിനിമകളിൽ ഒന്നായ 'മുഖാമുഖം', മലയാളി മനസ്സിന്റെ ജീർണിച്ച സാമൂഹിക യാഥാർത്ഥ്യങ്ങളെ തുറന്നുകാട്ടിയ 'എലിപ്പത്തായം', ബഷീറിയൻ കഥയെ ആസ്പദമാക്കിയ 'മതിലുകൾ', 'ഭാസ്കര പട്ടേലരും എന്റെ ജീവിതവും' എന്ന സക്കറിയയുടെ കഥയെ അധികരിച്ച് തയ്യാറാക്കിയ 'വിധേയൻ' എന്നിങ്ങനെ ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച ചലച്ചിത്രകാരനാണ് അടൂർ.
2016 ൽ പുറത്തിറങ്ങിയ, ദിലീപും കാവ്യാമാധവനും പ്രധാന വേഷങ്ങൾ ചെയ്ത 'പിന്നെയും' ആണ് അടൂരിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മുഴുനീള ഫീച്ചർ ഫിലിം. എന്നാൽ മുൻ ചിത്രങ്ങളിലേത് പോലെ നിരൂപക പ്രശംസ പിടിച്ച് പറ്റാൻ ഈ ചലച്ചിത്രത്തിന് കഴിഞ്ഞില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അടൂർ തന്റെ ഏറ്റവും പുതിയ ചലച്ചിത്രവുമായി എത്തുന്നത് സിനിമാ ആരാധകരും നിരൂപകരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ശ്രദ്ധേയമായ ചലച്ചിത്രങ്ങളിലൂടെ മാത്രമല്ല സാമൂഹിക രംഗത്തെ ഇടപെടലുകളിലൂടെയും മലയാളി സമൂഹത്തിൽ സ്വന്തമായ ഇടമുള്ള വ്യക്തിയാണ് അടൂർ ഗോപാലകൃഷ്ണൻ. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയതിന് ശേഷം കുളത്തൂർ ഭാസ്കരൻ നായരുമായി ചേർന്ന് ചിത്രലേഖ എന്ന പേരിൽ ഫിലിം സൊസൈറ്റി സ്ഥാപിച്ച് മലയാളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് തന്നെ തുടക്കം കുറിച്ച വ്യക്തിയാണ് അദ്ദേഹം. ദേശീയ രാജ്യാതന്തര തലത്തിൽ ചർച്ച ചെയ്യപ്പെട്ട നല്ല സിനിമകൾ പ്രദർശിപ്പിക്കുന്നതിലൂടെ മലയാളിക്ക് മുന്നിൽ ലോകസിനിമയുടെ വിശാലമായ ജാലകം തുറന്നിട്ടു കൊടുത്തു ചിത്രലേഖ. മലയാളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് അങ്ങനെ തുടക്കം കുറിച്ച വ്യക്തികൾ ഒരാളായും അടൂർ മലയാള ചലച്ചിത്ര മേഖലയ്ക്ക് സംഭാവന നൽകിയിട്ടുണ്ട്.
അടൂരിന്റെ സിനിമകൾ പലതും പല കാരണങ്ങളാൽ വിമർശന വിധേയവുമായിട്ടുണ്ട്. രാഷ്ട്രീയമായ വിമർശനങ്ങളായിരുന്നു മുഖാമുഖം നേരിട്ടതെങ്കിൽ വിധേയൻ, കഥാകൃത്തായ സക്കറിയുടെ ഭാഗത്ത് നിന്നുണ്ടായ വിമർശനത്തിനാണ് വിധേയമായത്.
അതേസമയം തന്നെ സാമൂഹിക രംഗത്തെ ചില നിരീക്ഷണങ്ങളിലൂടെയും ഇടപെടലുകളിലൂടെയും പലപ്പോഴും വാർത്തകൾ നിറഞ്ഞു നിൽക്കാറുണ്ട് അടൂർ ഗോപാലകൃഷ്ണൻ. കോട്ടയത്തെ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ അടൂരിന്റെ താരതമ്യേന കർശനമായ നിലപാടുകൾ കടുത്ത വിമർശനങ്ങൾ ക്ഷണിച്ചു വരുത്തി. എന്നാൽ വിമർശനങ്ങൾക്ക് മുന്നിലും തന്റെ നിലപാടുകൾ പലപ്പോഴും അതേപടി നിലനിർത്തിയ ആളാണ് അദ്ദേഹം.
നടിയെ ആക്രമിച്ച കേസിൽ ആരോപണ വിധേയനായ നടൻ ദിലീപിനെ ന്യായീകരിച്ചതിലൂടെയും ദളിത്, വനിത സംവിധായകർക്ക് സർക്കാർ നൽകുന്ന ഗ്രാന്റിന് കൃത്യമായ ഓഡിറ്റ് വേണമെന്ന് അവർക്ക് പരിശീലനം നൽകണമെന്നും അഭിപ്രായപ്പെട്ടതിലൂടെയും ഒക്കെ പലപ്പോഴും പുരോഗമന സമൂഹത്തിന്റെ അപ്രീതിക്ക് പാത്രമായിട്ടുണ്ട് ഈ ചലച്ചിത്രകാരൻ.
വലതുപക്ഷ രാഷ്ട്രീയത്തിന്റെ നിശിത വിമർശകൻ കൂടിയാണ് അടൂർ ഗോപാലകൃഷ്ണൻ. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങൾക്കെതിരെയും ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെയും നെഹ്റുവിയൻ സോഷ്യലിസത്തെ തുടർച്ചയായി അപകീർത്തിപ്പെടുത്തുന്നതിനെതിരെയും ഒക്കെ പലപ്പോഴും ശബ്ദം ഉയർത്തിയിട്ടുള്ള ചലച്ചിത്രകാരനാണ് അടൂർ. എന്തിനേറെ ആൾക്കൂട്ട കൊലപാതകങ്ങളെ വിമർശിച്ച അടൂർ ഗോപാലകൃഷ്ണനോട് സഹിക്കാൻ ആകില്ലെങ്കിൽ ചന്ദ്രനിലേക്ക് പോകാൻ ഒരു ബിജെപി നേതാവ് നിർദ്ദേശിക്കുക വരെ ചെയ്തിട്ടുണ്ട്.
ഒരറ്റത്ത് ജാതി പോലുള്ള വിഷയങ്ങളിൽ അടൂരിന്റെ നിലപാടിനെ പുരോഗമനവാദികൾ എതിർക്കുമ്പോൾ മറുവശത്ത് രാഷ്ട്രീയ വിഷയങ്ങളിൽ അടൂരിന്റെ നിലപാടിന് ചരിത്രവും സാമൂഹിക രാഷ്ട്രീയവുമായ വിഷയങ്ങളിൽ അടൂരിന്റെ നിലപാടിന് പിന്തുണ ഏറെയുണ്ട്. ചലച്ചിത്ര അവാർഡ് നിർണയങ്ങളിലെ പാകപ്പിഴകളെ കുറിച്ചും കലാമൂല്യമുള്ള സിനിമകളിൽ സെൻസർ ബോർഡിന്റെ അനാവശ്യ ഇടപെടലുകളെ കുറിച്ചും ചലച്ചിത്രമേളകളിലെ അച്ചടക്കം ഇല്ലായ്മയെ കുറിച്ചും അടൂർ പലവട്ടം തുറന്നടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മിത്രങ്ങളെ പോലെ തന്നെ വിമർശകരും ഏറെയാണ് ഈ ചലച്ചിത്രകാരന്.
സിനിമയിലെ കഥാപാത്രങ്ങളായി നടീനടന്മാരെ കണ്ടെത്തന്നതിലും അടൂരിന് വ്യത്യസ്തമായ രീതി ഉണ്ട് എന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ കടന്നുപോകുമ്പോൾ തിരിച്ചറിയാൻ സാധിക്കും. സമാന്തര സിനിമകളുടെയും വാണിജ്യേതര സിനിമകളുടെയും കാര്യത്തിൽ പൊതുവിൽ നിലനിന്നിരുന്ന മാനദണ്ഡങ്ങളെ പലപ്പോഴും മറികടക്കുകയാണ് അടൂർ ആദ്യ ചിത്രം മുതൽ ചെയ്തു തുടങ്ങിയത്.
അടൂർ സംവിധാനം ചെയ്ത ആദ്യ ചിത്രമായ സ്വയംവരത്തിൽ അന്ന് മലയാളത്തിലെ സൂപ്പർതാരങ്ങളായിരുന്ന മധുവിനെയും ശാരദയെയും നായികാനായകന്മാരാക്കി ആയിരുന്നു. പൊതുവിൽ സമാന്തര സിനിമകളും വാണിജ്യേതര സിനിമകളും വാണിജ്യ സിനിമയിലെ താരങ്ങളെ ഒഴിവാക്കുന്ന കാലത്തായിരുന്നു അടൂർ അവരെ വച്ച് സ്വന്തം സിനിമ ചെയ്തത്. അതിന് ശേഷം ഗോപിയും കരമന ജനാർദ്ദനൻനായരും അടൂരിന്റെ നായകരായി എത്തി.1987 ൽ മമ്മൂട്ടിയും. പിന്നെ തുടർച്ചായായി രണ്ട് ചിത്രങ്ങൾ വന്നതിലും നായകൻ മമ്മൂട്ടി തന്നെ. പിന്നെ 2016ൽ ദിലീപിനെയും കാവ്യാ മാധവനെയും നായക കഥാപാത്രങ്ങളാക്കിയായിരുന്നു അടൂർ ചിത്രം.
മലയാളത്തിൽ നിന്ന് ആദ്യമായി ദാദ സാഹിബ് ഫൽകെ അവാർഡ് നേടിയ ചലച്ചിത്രകാരനാണ് അടൂർ. ഏതാണ്ട് രണ്ടര ദശാബ്ദം മുൻപ്. അതിനുശേഷം മലയാളത്തിന് അവാർഡ് കിട്ടുന്നത് ഇക്കഴിഞ്ഞ വർഷം മോഹൻലാലിലൂടെയാണ്. കേരളത്തിലെത്തിയത്. വിധേയൻ, മതിലുകൾ തുടങ്ങിയ ചിത്രങ്ങളിലൂടെ മമ്മൂട്ടിക്ക് പലവട്ടം സംസ്ഥാന ദേശീയ ബഹുമതികൾ നേടിക്കൊടുത്ത ചലച്ചിത്രകാരനാണ് അടൂർ.രസകരമെന്നു പറയട്ടെ എന്നാൽ ഒരുവട്ടം പോലും മോഹൻലാലിനെ വച്ച് അടൂർ സിനിമ ചെയ്തിട്ടില്ല.
മലയാള സിനിമയിൽ നവതരംഗത്തിന് തുടക്കം കുറിച്ച ചലച്ചിത്രകാരനാണ് അടൂർ ഗോപാലകൃഷ്ണൻ. കഥ പറച്ചിലിൽ ദൃശ്യഭാഷയുടെ സർവ്വസാധ്യതകളും ഉപയോഗിച്ച സംവിധായകൻ. സങ്കീർണമായ കഥാതന്തുക്കൾ ദൃശ്യപരതയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് അടൂർ ആവിഷ്കരിക്കുന്നത്. പലപ്പോഴും ഡയലോഗുകൾക്കപ്പുറത്ത് ദൃശ്യം കൊണ്ട് മാത്രം പ്രേക്ഷകരിലേക്ക് കഥ എത്തിക്കാനുള്ള അടൂരിന്റെ മികവ് അതിശയിപ്പിക്കുന്നതാണ്. തന്റെ ആദ്യചിത്രമായ സ്വയംവരത്തിൽ തന്നെ മൗനത്തിന്റെ വാചാലതയും നിശബ്ദതയുടെ സാധ്യതകളും അതിസൂക്ഷ്മമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട് ഈ ചലച്ചിത്രകാരൻ.
അറിയപ്പെടുന്ന കഥകൾക്ക് ദൃശ്യ ഭാഷ്യം ചമയ്ക്കുമ്പോഴും അതിൽ തന്റേതായ കയ്യൊപ്പ് കൊണ്ടു വരുന്നു അടൂർ. അത് ബഷീറിൻറെ മതിലുകൾ ആകട്ടെ സക്കറിയയുടെ പട്ടേലരും തൊമ്മിയുമാകട്ടെ അടൂരിന്റെ കയ്യിൽ എത്തുമ്പോൾ തികച്ചും വ്യത്യസ്തമായി മാറുന്നു. മലയാളിയുടെ നിത്യജീവിതത്തിലെ ഏറ്റവും സൂക്ഷ്മായ ഭാവങ്ങളെ ഒപ്പിയെടുക്കുകയും അവയെ അഭ്രപാളികളിൽ പ്രതിഫലിപ്പിക്കുകയും ചെയ്ത് മലയാളി മനസ്സിന്റെ നേർക്കാഴ്ചയായി മാറിയവയാണ് അടൂർ ചിത്രങ്ങളിലേറെയും.
അടൂർ ചിത്രങ്ങൾക്ക് എപ്പോഴും സമാന്തരമായൊരു സാംസ്കാരിക കാഴ്ചയുണ്ട്. അടൂർ ചിത്രങ്ങൾ അത്, സ്വയംവരം മുതൽ പിന്നെയും വരെയുള്ള ഏതിലാണെങ്കിലും. അത് തെക്കൻ തിരുവിതാംകൂറിനെ കേന്ദ്രീകരിച്ചുള്ള നിഴൽക്കുത്ത് ആകട്ടെ, ദക്ഷിണകർണ്ണാടകയുടെ സ്വാധീനമുള്ള വിധേയനാകട്ടെ, ആ സിനിമയെ താൻ കണ്ട, ജീവിച്ച, വേരുകൾ ഊന്നിനിൽക്കുന്ന സാംസ്കാരിക ഭൂപടത്തിലേക്ക് ആഴത്തിലും സമർത്ഥമായും സന്നിവേശിപ്പിക്കുന്നത് കാണാം. ദാർശനികമായൊരു സാംസ്കാരിക മൊണ്ടാഷ് എന്ന് വേണമെങ്കിൽ പറയാം. അതിലെ ദർശനത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാൽ, സൗന്ദര്യശാസ്ത്രപരമായി അതിനെ അംഗീകരിക്കാതിരിക്കാൻ സാധ്യമാകില്ല. അവിടെയാണ് അടൂർ എന്ന ചലച്ചിത്രാകാരൻ തന്റെ സർഗാത്മകത കൊണ്ട് ഉയരങ്ങളിൽ എത്തുന്നത്.
ഇന്ത്യൻ സമാന്തര സിനിമയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നും അടൂരിന്റേതാണ്. ക്രാഫ്റ്റ് മികവുകൊണ്ട് മാത്രമല്ല കഥയുടെ ഉൾകാമ്പിന്റെ കരുത്തുകൊണ്ടു കൂടിയാണ് അടൂർ ചിത്രങ്ങൾ പ്രേക്ഷക മനസ്സിൽ ഇടംപിടിക്കുന്നത്. അവ നിശബ്ദമായി എന്നാൽ ഘന ഗംഭീരമായി പ്രേക്ഷകനോട് സംവദിക്കുന്നു.
അതുകൊണ്ടുതന്നെ ഓരോ കാലഘട്ടത്തിലും കേരളം മാറിയ വഴികൾ,മലയാളി സമൂഹത്തിന് സംഭവിച്ച മാറ്റങ്ങൾ ഇവയൊക്കെ സസൂക്ഷ്മം ഒപ്പിയെടുത്ത കാമറയുമായി തന്റെ 85 ആം വയസ്സിൽ അടൂർ ഗോപാലകൃഷ്ണൻ മിഴി തുറക്കുമ്പോൾ കേരളത്തിൽ മാത്രമല്ല, ലോകത്ത് വിവിധ സ്ഥലങ്ങളിലെ സിനിമാ പ്രേമികളെ സംബന്ധിച്ച് ഈ വർഷം പ്രതീക്ഷയോടെ കാത്തിരിക്കാൻ ഒരു കാരണം കൂടിയാകുന്നുണ്ട്.
After a ten-year break, legendary filmmaker Adoor Gopalakrishnan makes a comeback at 85, directing a new film starring Mammootty, who reunites with him after three decades.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

