പേടിക്കണം, പെരുകി വളരുന്ന ഈ 'മരുന്നു ചെടി'യെ

insulin plant
ഇന്‍സുലിന്‍ ചെടി
Updated on

ഷധമൂല്യമുള്ള അലങ്കാരച്ചെടികള്‍ക്ക് വിപണന മൂല്യം എപ്പോഴും കൂടുതലാണ്. മറ്റുള്ള അലങ്കാരച്ചെടികളെ അപേക്ഷിച്ച് ഇത്തരം ചെടികള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് എത്തപ്പെടുകയും അവിടെയെല്ലാം ഈ സസ്യങ്ങള്‍ സ്വാഭാവികമാകുവാനുള്ള സാധ്യതയും കൂടുതലാണ്. അത്തരത്തിലൊരു ചെടിയാണ് ഇന്‍സുലിന്‍ ചെടി (Chamaecostus cuspidatus). പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുമെന്ന വിശ്വാസമാണ് വിവിധ പ്രദേശങ്ങളിലേക്ക് ഈ ചെടിയെ അതിവേഗം വ്യാപിപ്പിച്ചത്.

കേരളത്തില്‍ ധാരാളം പ്രദേശങ്ങളില്‍ ഈ ചെടി വ്യാപിച്ചിരിക്കുന്നതായി യാത്രകളില്‍ പലപ്പോഴും നിരീക്ഷിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ളത് കേരളത്തിലാണ് എന്ന വസ്തുതതയും അലങ്കാര സസ്യങ്ങളോടുള്ള കേരള ജനതയുടെ മമതയും ഈ വ്യാപനത്തിന് പിന്നിലുണ്ടാകാം എന്നു കരുതേണ്ടിയിരിക്കുന്നു.

അധ്യാപികയായി വിരമിച്ച ഈശ്വരിയമ്മാള്‍ പി. ജി. പറയുന്നതിങ്ങനെ,''അടുത്ത വീട്ടില്‍ കൊണ്ടുവന്നു നട്ട ചെടി, തോട്ട മാലിന്യത്തിലൂടെയാവാം, ഞങ്ങളുടെ പറമ്പില്‍ എത്തി. പിന്നീട് വലിയൊരു പ്രദേശം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. പിഴുതുമാറ്റുവാനായി ധാരാളം പണം മുടക്കിക്കഴിഞ്ഞു. പക്ഷേ, അവ വീണ്ടും മുളച്ചുകൊണ്ടിരിക്കുന്നു. വേരുകളില്‍ നിന്നും കിഴങ്ങുകളുടെ ശകലങ്ങളില്‍ നിന്നു പോലും അവ മുള പൊട്ടുന്നു.''ഈ വാക്കുകളില്‍ നിന്ന് ഈ സസ്യം എത്ര ആക്രമണ സ്വഭാവമുള്ളതാണെന്നു മനസ്സിലാക്കാം.

പ്രമേഹരോഗികള്‍ക്ക് സഹായകമാണെന്ന പ്രചാരണമാണ് ഇതിന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചത്

ഇന്‍സുലിന്‍ ചെടിയുടെ ജന്മദേശംകിഴക്കന്‍ ബ്രസീലാണ്. ബ്രസീലിലെ ഉഷ്ണമേഖലാ മഴക്കാടുകളിലും ഈര്‍പ്പമുള്ള വനപ്രദേശങ്ങളിലുമാണ് ഇത് സ്വാഭാവികമായി വളരുന്നത്. പിന്നീട് അലങ്കാരസസ്യമായും ഔഷധസസ്യമായും ലോകത്തിന്റെ വിവിധ ഉഷ്ണമേഖലാ രാജ്യങ്ങളിലേക്ക് ഈ ചെടി കൊണ്ടുപോകപ്പെട്ടു. ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്കുമുമ്പാണ് ഈ സസ്യം ഇന്ത്യയില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. പ്രമേഹരോഗികള്‍ക്ക് സഹായകമാണെന്ന പ്രചാരണമാണ് ഇതിന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചത്.

അറിയാം ഇന്‍സുലിന്‍ ചെടിയെ

ഇന്‍സുലിന്‍ ചെടി, ഫെയറി കോസ്റ്റസ്, സ്‌പൈറല്‍ ഫ്‌ലാഗ്, എന്നീ പേരുകളില്‍ അറിയപ്പെടുന്ന ചാമികോസ്റ്റസ് കസ്പിഡാറ്റസ് (Chamaecostus cuspidatus) കോസ്റ്റേസി (Costaceae) എന്ന സസ്യകുടുംബത്തില്‍ പെടുന്ന സസ്യമാണ്. ഇതിന്റെ മുന്‍ ശാസ്ത്രീയ നാമം കോസ്റ്റസ് ഇഗ്‌നിയസ് (Costus igneus) എന്നാണ്.

ഇന്‍സുലിന്‍ ചെടി ബഹുവര്‍ഷിയായ (Perennial) സസ്യമാണ്. ഏകദേശം അന്‍പത് സെന്റിമീറ്റര്‍ മുതല്‍ ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ ഈ ചെടി വളരുന്നു. ഇതിന്റെ പ്രധാന പ്രത്യേകത സര്‍പ്പിളാകൃതിയില്‍ ക്രമീകരിച്ചിരിക്കുന്ന ഇലകളാണ്. ഇലകള്‍ കട്ടിയുള്ളതും മിനുസമുള്ളതും കടുംപച്ച നിറമുള്ളതുമാണ്.

തണ്ടിന്റെ മുകള്‍ഭാഗത്ത് വിരിയുന്ന ഓറഞ്ച്-ചുവപ്പ്-മഞ്ഞ നിറമുള്ള പൂക്കള്‍ ചെടിക്ക് പ്രത്യേക ഭംഗി നല്‍കുന്നു. ഒരു കുലയില്‍ എകദേശം എട്ടു മുതല്‍ പത്തു വരെ പൂക്കള്‍ കാണപ്പെടുന്നു. ശാഖകളുടെ അഗ്രഭാഗത്ത് കാണപ്പെടുന്ന പൂക്കള്‍ക്ക് ഏകദേശം ഒന്നര ഇഞ്ച് വ്യാസമുണ്ടാകും. ഇളം പച്ച അല്ലെങ്കില്‍ മഞ്ഞ നിറമുള്ള മാംസളമായ വലിയ സഹപത്രങ്ങള്‍ക്കുള്ളിലാണ് പൂക്കള്‍ കാണപ്പെടുന്നത്. ഈ ചെടി സാധാരണയായി, ചൂടുള്ള മാസങ്ങളില്‍, പ്രത്യേകിച്ച് വേനല്‍ക്കാലം മുതല്‍ ശരത്കാലം വരെ പൂവിടുന്നു. തേന്‍ സമ്പുഷ്ടമായ പൂക്കള്‍, തേനീച്ചകള്‍, ചിത്രശലഭങ്ങള്‍, തുടങ്ങിയ വിവിധ പ്രാണികളേയും പരാഗണകാരികളേയും ആകര്‍ഷിക്കുന്നു. കോസ്റ്റേസി കുടുംബത്തിലെ പല അംഗങ്ങളേയും പോലെ, പൂവ് പൂര്‍ണ്ണമായും വിരിയുന്നതിനു മുമ്പോ ശേഷമോ ഉറുമ്പുകളെ ആകര്‍ഷിക്കുന്ന പഞ്ചസാര ദ്രവങ്ങള്‍ സ്രവിപ്പിക്കാന്‍ ഈ സസ്യത്തിന്റെ സഹപത്രങ്ങള്‍ക്ക് കഴിയും.

insulin plant
ഇന്‍സുലിന്‍ ചെടിspecial arrangement

പൂക്കള്‍ കൊഴിഞ്ഞ ശേഷം ചെറിയ കായകള്‍ രൂപപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയിലെ പല പ്രദേശങ്ങളിലും വിത്തുത്പ്പാദനം വളരെ പരിമിതമാണ്. ഭൂഗര്‍ഭ കിഴങ്ങുകള്‍ (Rhizomes) വികസിക്കുന്നതിനാല്‍ ഒരിക്കല്‍ വേരുപിടിച്ചാല്‍ ഈ സസ്യം വര്‍ഷങ്ങളോളം നിലനില്‍ക്കുന്നു. ഭൂഗര്‍ഭ കിഴങ്ങുകളില്‍ നിന്ന് നാരുകളുള്ള വേരുകള്‍ കാണപ്പെടുന്നു.

ഔഷധഗുണവും അലങ്കാര ഉപയോഗങ്ങളും

ഇന്‍സുലിന്‍ ചെടിയുടെ പ്രധാന പ്രചാരം പ്രമേഹനിയന്ത്രണവുമായി ബന്ധപ്പെട്ടാണ്. ജനകീയ ചികിത്സയില്‍ ഇലകള്‍ നേരിട്ട് ചവച്ചുതിന്നുകയും ഇലകള്‍ ഉണക്കി പൊടിയാക്കി ഉപയോഗിക്കുകയും കഷായമായി തയ്യാറാക്കുകയും ഹെര്‍ബല്‍ സപ്ലിമെന്റുകളുടെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുകയും ചെയ്യുന്നു. പൂക്കളുടെ ഇതളുകള്‍ ഭക്ഷ്യയോഗ്യവുംമധുരമുള്ളതും പോഷകസമൃദ്ധവുമാണ്.

ഫ്‌ലാവനോയിഡുകള്‍, ടെര്‍പീനോയിഡുകള്‍, ഫിനോളിക് സംയുക്തങ്ങള്‍ തുടങ്ങിയ ജൈവസജീവ ഘടകങ്ങള്‍ ഈ ചെടിയില്‍ അടങ്ങിയിട്ടുണ്ടെന്ന് ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന് ചില മൃഗപരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു. എന്നിരുന്നാലും മനുഷ്യരില്‍ നടത്തിയ പരീക്ഷണങ്ങള്‍ ഇപ്പോഴും പര്യാപ്തമല്ല. അതിനാല്‍ ഇന്‍സുലിന്‍ മരുന്നിന് പകരമായി ഈ ചെടി ഉപയോഗിക്കാമെന്നതിന് ശാസ്ത്രീയ തെളിവില്ലെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

insulin plant
ഇന്‍സുലിന്‍ ചെടിspecial arrangement

പനി, ചര്‍മ്മ തിണര്‍പ്പ്, ബ്രോങ്കൈറ്റിസ്, ദഹന സംബന്ധമായ അസുഖങ്ങള്‍ എന്നിവ ചികിത്സിക്കാന്‍ സിദ്ധ, ആയുര്‍വേദ വൈദ്യങ്ങളില്‍ ഭൂഗര്‍ഭ കിഴങ്ങുകളും വേരുകളും പരമ്പരാഗതമായി ഉപയോഗിക്കുന്നതായി പറയപ്പെടുന്നു.

ഇതിന്റെ മറ്റൊരു പ്രധാന ഉപയോഗം അലങ്കാരസസ്യമെന്ന നിലയിലാണ്. പെട്ടെന്ന് വേരുപിടിക്കുന്നതു കൊണ്ടും കുറഞ്ഞ പരിപാലനം മതിയെന്നതിനാലും വീടുകളിലും റിസോര്‍ട്ടുകളിലും പാര്‍ക്കുകളിലുമടക്കം വ്യാപകമായി നട്ടുപിടിപ്പിക്കുന്നു.

വളര്‍ച്ചയും പ്രത്യുല്‍പാദന സവിശേഷതകളും

ഇന്‍സുലിന്‍ ചെടിയുടെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത അതിന്റെ അതിവേഗ സസ്യജന്യ വ്യാപനമാണ്. ഭൂഗര്‍ഭ കിഴങ്ങുകളില്‍ അഥവാ റൈസോമുകളില്‍ നിന്ന് തുടര്‍ച്ചയായി പുതിയ മുളകള്‍ ഉണ്ടാകുന്നു. കിഴങ്ങിന്റേയോ വേരിന്റേയോ ഒരു ചെറിയ ശകലത്തില്‍ നിന്നു പോലും പുതിയ ചെടികള്‍ വളരുന്നു. തണ്ടിന്റെ ചെറിയ ഭാഗങ്ങളും ഇലകള്‍ പോലും ഈര്‍പ്പമുള്ള മണ്ണില്‍ എളുപ്പത്തില്‍ വേരുപിടിക്കുന്നു.

ഒരു ചെടി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വലിയ കൂട്ടങ്ങളായി മാറുന്നു. അതിനാല്‍ ചെറിയ സ്ഥലങ്ങള്‍ മുഴുവന്‍ കൈയടക്കാന്‍ ഇതിന് കഴിയും. ബ്രസീലിലെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ വിത്തുവഴി വ്യാപനം നടക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ പ്രധാനമായും സസ്യജന്യ വ്യാപനമാണ് കാണപ്പെടുന്നത്.

insulin plant
ഇന്‍സുലിന്‍ ചെടിspecial arrangement

അധിനിവേശ സ്വഭാവവും വ്യാപനത്തിന്റെ മാര്‍ഗങ്ങളും

ഇന്‍സുലിന്‍ ചെടി നിലവില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ അധിനിവേശ സസ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. എന്നിരുന്നാലും,തോട്ടങ്ങളില്‍ നിന്ന് പ്രകൃതിദത്ത ആവാസവ്യവസ്ഥകളിലേക്ക് വ്യാപിക്കുന്ന വിദേശസസ്യമായി ഇതിനെ കണക്കാക്കുന്നു. ഉഷ്ണവും ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ ഈ ചെടി അതിവേഗം വളരുന്നു. ഇടതൂര്‍ന്ന കൂട്ടങ്ങളായി വളരുകയും പ്രകാശം ഭൂമിയില്‍ പതിക്കുന്നത് തടയുകയും ചെയ്യുന്നതിലൂടെ ചെറിയ തദ്ദേശീയ സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് തടസ്സമുണ്ടാക്കുന്നു. ക്രമേണ, അവയെ ഉന്മൂലനം ചെയ്യുകയും ആവാസവ്യവസ്ഥയുടെ ഘടനയ്ക്ക് മാറ്റം വരുത്തുകയും തദ്ദേശീയ ചെടികളെ ആശ്രയിച്ചു കഴിയുന്ന ജീവജാലങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുകയും ചെയ്യും. കേരളത്തില്‍ പല പ്രദേശങ്ങളിലും പാതയോരങ്ങളിലും ഈ ചെടി ഇപ്പോള്‍ കൂട്ടമായി കാണപ്പെടുന്നുണ്ട്. മുന്‍കരുതല്‍ സ്വീകരിക്കേണ്ട സസ്യമായി ആക്രമണകാരിയായ ഈ ചെടി വിലയിരുത്തപ്പെടുന്നതിനാല്‍ നിയന്ത്രണവും പ്രതിരോധവും അനിവാര്യമാണ്.

നഴ്‌സറികളടക്കമുള്ള അലങ്കാരസസ്യ വിപണികളിലൂടെ ധാരാളം തൈകള്‍ ദിനംപ്രതി വിതരണം ചെയ്യപ്പെടുന്നു. ഔഷധസസ്യമാണെന്ന പ്രചാരണം, പ്രത്യേകിച്ച് പ്രമേഹത്തിന് ഉപയോഗിക്കാമെന്ന വിശ്വാസം വ്യാപനത്തെ ഗണ്യമായി വര്‍ദ്ധിപ്പിച്ചു. തോട്ടങ്ങളില്‍ നിന്ന് ഭൂഗര്‍ഭക്കിഴങ്ങുകള്‍ വഴി ഈ ചെടി അനിയന്ത്രിതമായി സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കുവാന്‍ കാരണമാകുന്നു. കിഴങ്ങുകളും വേരും അടങ്ങിയ മണ്ണ് മറ്റിടങ്ങളിലേക്ക് മാറ്റുമ്പോള്‍ പുതിയ ചെടിക്കൂട്ടങ്ങള്‍ രൂപപ്പെടുന്നു. വെട്ടിമാറ്റിയ തണ്ടുകളും ഭൂഗര്‍ഭക്കിഴങ്ങുകളും അടങ്ങിയ തോട്ടമാലിന്യം തുറസ്സായ സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നത് വ്യാപനം വര്‍ദ്ധിപ്പിക്കുന്നു. കള പറിക്കുമ്പോഴോ മണ്ണിളക്കുമ്പോഴോ തണ്ടുകളോ കിഴങ്ങുകളോ വേരുകളോ പൊട്ടിയാല്‍ അതില്‍ നിന്നും വേഗത്തില്‍ പുതിയ മുളകള്‍ പൊട്ടുന്നതും വ്യാപനത്തിന് വഴിയൊരുക്കുന്നു. നനഞ്ഞ നിലത്ത് സ്പര്‍ശിക്കുന്ന തണ്ടുകളിലോ ഇലകളുടെ അഗ്രങ്ങളിലോ മുട്ടുകളിലോ എളുപ്പത്തില്‍ വേരൂന്നി പുതിയ ചെടികള്‍ ഉണ്ടാകുന്നതും ഇതിന്റെ ആക്രമണകരമായ പുനരുജ്ജീവനത്തെ സഹായിക്കുന്നു. കൂടാതെ, ഉയര്‍ന്ന സ്വാഭാവിക പ്രതിരോധശേഷിയും ഗുരുതരമായ ആയ സസ്യരോഗങ്ങളൊന്നും പിടിപെടാത്തതും ഇന്‍സുലിന്‍ ചെടിയെ കൂടുതല്‍ കരുത്തുള്ളതാക്കുന്നു.

insulin plant
ഇന്‍സുലിന്‍ ചെടിspecial arrangement

ജന്മദേശവും ചേക്കേറിയ രാജ്യങ്ങളും

ജന്മദേശം ബ്രസീല്‍ ആണെങ്കിലും ഇന്‍സുലിന്‍ ചെടി ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, തായ്ലന്‍ഡ്, മലേഷ്യ, ഇന്‍ഡോനേഷ്യ, സിംഗപ്പൂര്‍, ഫിലിപ്പീന്‍സ്, ചൈനയിലെ ചില ഭാഗങ്ങള്‍, അമേരിക്കയിലെ ഫ്‌ലോറിഡ, മെക്‌സിക്കോ, കരീബിയന്‍ ദ്വീപുകള്‍, ഓസ്‌ട്രേലിയയിലെ ചില പ്രദേശങ്ങള്‍, തുടങ്ങിയ രാജ്യങ്ങളിലേക്ക് ചേക്കേറിക്കഴിഞ്ഞു.

ലഭ്യമായ ശാസ്ത്രീയ വിവരങ്ങള്‍ പ്രകാരംഈ ചെടി അധിനിവേശയിനമായി സ്ഥാനം പിടിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യ, ശ്രീലങ്ക, അമേരിക്ക (ഫ്‌ലോറിഡ), ഓസ്‌ട്രേലിയയിലെ ചില സംസ്ഥാനങ്ങള്‍, തുടങ്ങിയ രാജ്യങ്ങളില്‍ ഇത് സ്വാഭാവികമാകുകയോ തോട്ടത്തില്‍ നിന്ന് പുറത്തേക്ക് വ്യാപിക്കുകയോ അധിനിവേശ സാധ്യതയുള്ളതോ ആയി രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളത്തില്‍ പ്രശ്‌നകാരിയാകുന്നതെങ്ങനെ?

ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വര്‍ഷം മുഴുവന്‍ ഈര്‍പ്പവും ഉയര്‍ന്ന താപനിലയും ലഭ്യമാകുന്നതിനാല്‍ ഇന്‍സുലിന്‍ ചെടിക്ക് വളരാന്‍ ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ലഭിക്കുന്നത്. ഈ അനുയോജ്യ കാലാവസ്ഥ വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. തദ്ദേശീയ ഔഷധസസ്യങ്ങളെ മത്സരിച്ച് പിന്നിലാക്കുകയും വനത്തിന്റെ അടിത്തട്ടില്‍ ഏകവിള (Monoculture) ആയി സസ്യജാലങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. പ്രകാശലഭ്യത കുറയ്ക്കുകയും വിത്തുകള്‍ മുളയ്ക്കുന്നത് തടയുകയും ചെറുസസ്യങ്ങളുടെ പുനരുജ്ജീവനം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. തന്മൂലം ജൈവവൈവിധ്യം കുറയുവാന്‍ കാരണമാകുന്നു.

insulin plant
ഇന്‍സുലിന്‍ ചെടിspecial arrangement

കേരളത്തില്‍ പ്രധാനമായും വീടുകളിലും സ്വകാര്യതോട്ടങ്ങളിലുമാണ് ഇന്‍സുലിന്‍ ചെടി കാണപ്പെടുന്നത്. എന്നിരുന്നാലും, വനാതിര്‍ത്തികള്‍, ഈര്‍പ്പമുള്ള പ്രദേശങ്ങള്‍, ഉപേക്ഷിക്കപ്പെട്ട തോട്ടങ്ങള്‍, റോഡരികുകള്‍, എന്നിവിടങ്ങളില്‍ സ്വാഭാവികമായി വളരുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതീവ സൂക്ഷ്മ ആവാസവ്യവസ്ഥകളിലേക്ക് ഇത് വ്യാപിക്കുകയാണെങ്കില്‍ ഭാവിയില്‍ നിയന്ത്രണം ദുഷ്‌കരമാകുവാന്‍ സാധ്യതയുണ്ട്.

നിയന്ത്രണ മാര്‍ഗങ്ങള്‍

നേരത്തെയുള്ള കണ്ടെത്തലും ചെറിയ കൂട്ടങ്ങള്‍ രൂപപ്പെടുമ്പോള്‍ തന്നെ നീക്കം ചെയ്യുന്നതും നിയന്ത്രണത്തെ സഹായിക്കും. ഭൂഗര്‍ഭ ഭാഗങ്ങള്‍ അവശേഷിച്ചാല്‍ വീണ്ടും വളരുമെന്നതിനാല്‍ കിഴങ്ങുകളും വേരുകളും പൂര്‍ണമായും നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. തോട്ടമാലിന്യ സംസ്‌കരണം വളരെ സൂക്ഷ്മതയോടെ ചെയ്യണം. വെട്ടിയ തണ്ടുകളും റൈസോമുകളും തുറസ്സായ സ്ഥലങ്ങളില്‍ ഉപേക്ഷിക്കരുത്. നഴ്‌സറികള്‍ വ്യാപാര ആവശ്യത്തിനുള്ള വിതരണത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ഈ ചെടിയുടെ ആക്രമണസ്വഭാവത്തെപ്പറ്റിയും ചെടി വളര്‍ത്തുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെപ്പറ്റിയും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കണം. ദീര്‍ഘകാല നിരീക്ഷണവും നിയന്ത്രണവും അനിവാര്യമാണ്. സംരക്ഷിത വനമേഖലകള്‍ക്ക് സമീപമുള്ള ചെടികളെ തുടര്‍ച്ചയായി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും വേണം.

ഇന്‍സുലിന്‍ ചെടി ഔഷധാവശ്യങ്ങള്‍ക്കും അലങ്കാരത്തിനുമായി ഉപയോഗിക്കുന്ന ഒരു ജനപ്രിയ സസ്യമാണ്. എന്നാല്‍ ഒരു വിദേശസസ്യത്തെ ഔഷധഗുണങ്ങളുടെ പേരില്‍ നിയന്ത്രണമില്ലാതെ വ്യാപിപ്പിക്കുമ്പോള്‍ അത് പ്രകൃതിക്ക് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും പരിഗണിക്കേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള അധിനിവേശ സസ്യങ്ങളില്‍ പലതും ആദ്യം അലങ്കാരയിനമായോ ഔഷധാവശ്യയിനമായോ ആണ് പരിചയപ്പെടുത്തപ്പെട്ടത്. പിന്നീട് അവ സ്വാഭാവിക ആവാസവ്യവസ്ഥകളിലേക്ക് കടന്നുകയറി ജൈവവൈവിധ്യത്തിന് ഗുരുതരമായ ഭീഷണിയായി മാറി. ഇന്‍സുലിന്‍ ചെടി ഇപ്പോള്‍ അത്രത്തോളം ഗുരുതരമായ അധിനിവേശ സസ്യമല്ലെങ്കിലും, ഉഷ്ണമേഖലാ സാഹചര്യങ്ങളില്‍ അതിന്റെ അതിവേഗ സസ്യജന്യ വ്യാപനശേഷി ഭാവിയില്‍ വെല്ലുവിളിയാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

കേരളം പോലുള്ള ജൈവവൈവിധ്യ മേഖലകളില്‍ ഓരോ വിദേശസസ്യത്തിന്റെയും പരിസ്ഥിതിപ്രഭാവം ശാസ്ത്രീയമായി വിലയിരുത്തുകയും, മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ആരോഗ്യസംരക്ഷണത്തിനായി വളര്‍ത്തുന്ന സസ്യങ്ങള്‍ പ്രകൃതിയുടെ ആരോഗ്യത്തെ ബാധിക്കാതെയിരിക്കണമെങ്കില്‍ ഉത്തരവാദിത്തമുള്ള കൃഷിയും ബോധപൂര്‍വമായ ഉപയോഗവും തുടര്‍ച്ചയായ പരിസ്ഥിതി നിരീക്ഷണവും അത്യന്താപേക്ഷിതമാണ്.

Summary

Chamaecostus cuspidatus, common name insulin plant, is a species of herbaceous plant in the family Costaceae native to eastern Brazil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com