Ram Vilas Paswan
രാംവിലാസ് പാസ്വാന്റെ ജീവിത രേഖ Ram Vilas PaswanFile

ഇത് ചിരാഗിന്റെയല്ല, രാംവിലാസ് പാസ്വാന്റെ കഥ; രാഷ്ട്രീയച്ചൂടിലും തണുത്തു പോവാത്ത പ്രണയം

Published on

ഴു വര്‍ഷം ലോക്‌സഭാംഗമായി ഇരുന്ന ശേഷവും ഏഴു രൂപയുടെ ഓട്ടോക്കാശ് എടുക്കാനില്ലാതെ ഡല്‍ഹിയില്‍ ജീവിച്ച ഒരു നേതാവിന്റെ കഥ പറയുന്നുണ്ട്, മാധ്യമ പ്രവര്‍ത്തകയായ ശോഭന കെ നായര്‍ എഴുതിയ ദി വെദര്‍മാന്‍ ഓഫ് ഇന്ത്യന്‍ പൊളിറ്റിക്‌സില്‍. 1984ല്‍ ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും ഡല്‍ഹിയില്‍ തന്നെ കഴിയുകയാണ് കക്ഷി, അതും കുടുംബ സമേതം. താമസം മറ്റൊരു എംപിയുടെ ഔദാര്യത്തില്‍. ഒരു ദിവസം ബിജു പട്‌നായിക് അടിയന്തരമായി ഒരു കൂടിക്കാഴ്ചയ്ക്കു വിളിച്ചു. പോകാനിറങ്ങിയപ്പോഴാണ് പോക്കറ്റ് നോക്കുന്നത്. ഓട്ടോക്കാശ് തികയില്ല. അവിടെയും ഇവിടെയും തപ്പി ആറോ ഏഴോ രൂപ ഒപ്പിച്ചുകൊടുത്തതിനെപ്പറ്റി പറഞ്ഞത് റീനയാണ്, റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ പാര്‍ലമെന്റിലെത്തി തലസ്ഥാനത്തെ താരമായി വിളങ്ങിയിട്ടും ഡല്‍ഹിയിലെ തെരുവോരത്ത് നിസ്വനായി നിന്ന നേതാവ്, രാംവിലാസ് പാസ്വാന്റെ ഭാര്യ. പുതിയ സാഹചര്യം ചേര്‍ത്തുവച്ചു പറഞ്ഞാല്‍ ബിഹാറില്‍ തിളങ്ങുന്ന ജയം നേടി പുതിയ താരോദയമായി മാറിയ ചിരാഗ് പാസ്വാന്റെ അമ്മ.

Ram Vilas Paswan
Archives | ഒരുപാടു പേര്‍ വന്നു, പക്ഷേ അയാള്‍ മാത്രമായിരുന്നു അങ്ങനെ

രസകരമാണ്, രാംവിലാസ് പാസ്വാന്റെയും റീനയുടെയും പ്രണയകഥ. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ഇന്റര്‍വ്യൂ കാത്തിരിക്കുന്ന പത്തൊന്‍പതുകാരി മകളുമായി എംപിയെ കാണാനെത്തിയതാണ്, വാണിജ്യ മന്ത്രാലയത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന ഗുരുബച്ചന്‍ സിങ്. ഭരണകക്ഷി നേതാക്കള്‍ പറഞ്ഞാല്‍ ഇന്റര്‍വ്യൂ കടന്നുകൂടാം. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ, 32കാരനായ പാസ്വാന്റെ മനസ്സിലേക്കും കടന്നിരുന്നു അവിനാശ് കൗര്‍. അവിനാശിന് അങ്ങനെയൊരു പ്രഥമ ദര്‍ശന അനുരാഗം ഉണ്ടായിരുന്നോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു പറയേണ്ടി വരും. എങ്കിലും പാസ്വാന്റെ തുറന്ന പ്രകൃതം ഇഷ്ടപ്പെട്ടു, അവള്‍ക്ക്. അന്നേ വിവാഹിതനായിരുന്ന പാസ്വാന്‍ ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. ''തുടക്കത്തില്‍ തന്നെ അദ്ദേഹം എല്ലാം തുറന്നു പറഞ്ഞു. വിവാഹവും ഭാര്യയുമായുള്ള അകല്‍ച്ചയുമെല്ലാം. കുട്ടിക്കാലത്തു നടന്നതാണ് ആ വിവാഹം. ഇപ്പോള്‍ അവരുമായി ബന്ധമൊന്നുമില്ലെന്നും പറഞ്ഞു'' - പ്രദീപ് ശ്രീവാസ്തവ എഴുതിയ രാംവിലാസ് പാസ്വാന്‍ - സങ്കല്‍പ്പ്, സാഹസ് ഔര്‍ സംഘര്‍ഷില്‍ റീന പറയുന്നു.

പരസ്പരമുള്ള കൂടിക്കാഴ്ചകള്‍ അടുപ്പമായി മാറിയ ദിവസങ്ങളിലൊന്നില്‍ റീന ചോദിച്ചു, നിങ്ങള്‍ക്കീ പുകവലി നിര്‍ത്തിക്കൂടേ? അന്ന് ബിഹാറില്‍നിന്നു വരുന്ന മിക്കവരെയും പോലെ പുകവലി, മുറുക്കല്‍, ഇടയ്ക്കിടെയുള്ള ചായ ഇങ്ങനെയൊക്കെയുള്ള ശീലങ്ങളുണ്ടായിരുന്നു, പാസ്വാന്. പെട്ടെന്നായിരുന്നു മറുപടി, അതിനെന്താ, ഇപ്പോള്‍ തന്നെ നിര്‍ത്തിയേക്കാം. അതിനു ശേഷം മരണം വരെ പാസ്വാന്‍ മുറുക്കുകയോ പുക വലിക്കുകയോ ചെയ്തിട്ടില്ലെന്ന് ഓര്‍ത്തെടുക്കുന്നുണ്ട്, റീന. ചായ വരെ അദ്ദേഹം ഉപേക്ഷിച്ചു.

Ram Vilas Paswan
'ഡിയര്‍ മാഡം ഡിക്റ്റേറ്റര്‍... '; ഇന്ദിരയുടെ ഉറക്കം ഞെട്ടിച്ച ശബ്ദം

വിവാഹത്തിനു മുന്‍പു തന്നെ ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങിയിരുന്നു, പാസ്വാനും അവിനാശും. 1983ല്‍ വിവാഹത്തിനു ശേഷം അവിനാശ് റീനയെന്നു പേരു മാറ്റി. അമ്മയ്ക്ക് ഈ വിവാഹത്തോട് ഇഷ്ടമുണ്ടായിരുന്നില്ല. ചുരുങ്ങിയ ചെലവില്‍ നടത്തിയ വിവാഹത്തില്‍ പാസ്വാന്റെ സഹോദരങ്ങള്‍ പശുപതിയും രാമചന്ദ്ര പാസ്വാനും പങ്കെടുത്തു. ഡല്‍ഹിയിലെ അടുത്ത കൂട്ടുകാരെപ്പോലും പാസ്വാന്‍ വിവാഹക്കാര്യം അറിയിച്ചിരുന്നില്ല. റീനയെ ഒപ്പം കൂട്ടുന്നതിന് രണ്ടു വര്‍ഷം മുമ്പ് ആദ്യഭാര്യ രാജ്കുമാരി ദേവിയുമായി ഔദ്യോഗികമായിതന്നെ പിരിഞ്ഞിരുന്നെന്ന് 2014ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പാസ്വാന്‍ വെളിപ്പെടുത്തി. പാസ്വാന്‍ - റീന ദമ്പതികള്‍ക്ക് ആദ്യം പിറന്നത് പെണ്‍കുഞ്ഞാണ്, നിഷ. രണ്ടാമത്തെ മകന്‍ ചിരാഗ്.

റീനയുടെ മാതാപിതാക്കളും ഡല്‍ഹിയില്‍ തന്നെയായിരുന്നു താമസം. പക്ഷേ പാസ്വാനുമായി ജീവിച്ചു തുടങ്ങിയ ശേഷം ഒരു രാത്രി പോലും അവര്‍ അവിടെ താമസിച്ചില്ല. പകല്‍ മാതാപിതാക്കളെ കാണാന്‍ എത്തിയാലും വൈകുന്നേരം തിരികെയെത്തും. പസ്വാന്റെ ഭക്ഷണം, മരുന്ന്, യാത്ര എല്ലായിടത്തും റീനയുടെ കൈയെത്തി. ഒരു രാത്രി പോലും റീനയെ പിരിഞ്ഞിരുന്നിട്ടില്ലെന്ന് പാസ്വാനും പറയുമായിരുന്നു. 1984ലെ അമേരിക്കന്‍ യാത്രയുടെ കഥ, ഏറെ കൗതുകം ഉണര്‍ത്തുന്ന ഒന്നാണ്്. യൂണിസെഫിന്റെ ക്ഷണപ്രകാരം പാസ്വാന് അമേരിക്ക സന്ദര്‍ശിക്കാന്‍ അവസരം കിട്ടി. ഒരു മാസത്തേക്കായിരുന്നു യാത്ര. താമസത്തിനും ഭക്ഷണത്തിനുമായി പ്രതിദിനം 100 ഡോളറാണ് കിട്ടുക. ഭാര്യയെയും കുട്ടികളെയും കൂടെ കൂട്ടാന്‍ അതു പോര.

അമേരിക്കയിലെത്തി ഒരാഴ്ചയായപ്പോഴേക്കും അസ്വസ്ഥതയായി. കുടുംബത്തെ വല്ലാതെ മിസ്സ് ചെയ്യുന്നു. റീനയെ കൊണ്ടുവരണം. അതിന് പണം വേണം. ദിവസം കിട്ടുന്നതില്‍ നിന്നു വേണം അതുണ്ടാക്കാന്‍. പണം ലാഭിക്കാന്‍ വേണ്ടി പാസ്വാന്‍ വിലകുറഞ്ഞ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. പരിചയക്കാര്‍ ആരെങ്കിലും ക്ഷണിച്ചാല്‍ ഏതു ഡിന്നറിനും ഹാജരാവും. നൂറു ഡോളറില്‍നിന്ന് മിച്ചമുണ്ടാക്കുകയാണ് ലക്ഷ്യം. എന്തായാലും പത്തു പതിനഞ്ചു ദിവസം കൊണ്ടു തന്നെ കാര്യം നടന്നു. റീനയെ അമേരിക്കയിലേക്ക് കൊണ്ടുവന്നു. ചിരാഗും നിഷയും നന്നേ കുട്ടികളായിരുന്നു. അവരെ മുത്തശ്ശിയുടെ കൂടെ നിര്‍ത്തി.

വിവാഹം കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, പാസ്വാന്റെ ഇളയ സഹോദരന്‍ രാമചന്ദ്ര പാസ്വാന്റെ വിവാഹവേളയിലാണ് റീന ഭര്‍തൃവീട്ടുകാരെ ആദ്യമായി കാണുന്നത്. ആ യാത്രയും അവര്‍ ഓര്‍ത്തെടുക്കുന്നുണ്ട്. ബിഹാറിലെ ഷര്‍ബനിയിലേക്കുളള വഴിയില്‍, വണ്ടി കേടായി. മൊബൈലോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത കാലമാണ്. ബാക്കി ദൂരം നടന്നുപോവാമെന്ന് പാസ്വാന്‍ പറഞ്ഞു. ബാക്കിയെന്നാല്‍ കുറച്ചൊന്നുമല്ല. കിലോമീറ്ററുകള്‍ നടക്കണം. കുറേ നടന്നപ്പോള്‍ ഒരു കാളവണ്ടി കിട്ടി. എന്തായാലും ആദ്യ വരവില്‍ തന്നെ പാസ്വാന്റെ വീട്ടുകാരെ കൈയിലെടുത്തെന്ന് റീന പറയുന്നു. അവര്‍ക്കു തന്നെ വലിയ കാര്യമായി. പിന്നീട് ഡല്‍ഹിയില്‍ വന്ന് ഒപ്പം താമസിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പുകളില്‍, പാസ്വാന്‍ വീണ്ടും ഹാജിപൂര്‍ സീറ്റ് നേടി. 2009 വരെ തുടര്‍ച്ചയായി ലോക്സഭാംഗമായി തുടര്‍ന്നു. എച്ച്ഡി ദേവഗൗഡയുടെയും അടല്‍ ബിഹാരി വാജ്പേയിയുടെയും സര്‍ക്കാരുകളില്‍ മന്ത്രിസ്ഥാനം ലഭിച്ചു. 2000ലാണ് പാസ്വാന്‍ ലോക് ജനശക്തി പാര്‍ട്ടി രൂപീകരിച്ചത്. 2004-ല്‍ യുപിഎ സര്‍ക്കാരിലും മന്ത്രിയായിരുന്നു.

2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹാജിപൂരില്‍ നിന്ന് പാസ്വാന്‍ പരാജയപ്പെട്ടെങ്കിലും രാജ്യസഭയിലൂടെ പാര്‍ലമെന്റില്‍ എത്തി. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍, പാസ്വാന്‍ വീണ്ടും എന്‍ഡിഎയില്‍ ചേരുകയും മന്ത്രിയാകുകയും ചെയ്തു. ആരോഗ്യസ്ഥിതി മോശമായതിനാല്‍, 2019-ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചില്ല.

2020 ഒക്ടോബര്‍ എട്ടിന്, രാം വിലാസ് പസ്വാന്‍ ദീര്‍ഘനാളത്തെ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ വച്ച് അന്തരിച്ചു. ആരോഗ്യാവസ്ഥ മുന്‍കൂട്ടി കണ്ട പസ്വാന്‍, 2019 ല്‍ ചിരാഗിനെ ലോക് ജനശക്തി പാര്‍ട്ടിയുടെ പ്രസിഡന്റാക്കി. പക്ഷേ, പാസ്വാന്റെ മരണശേഷം, കുടുംബത്തിനുള്ളില്‍ പാര്‍ട്ടിയിലെ അധികാരത്തിനായുള്ള വടംവലി ശക്തമായി. ലോക് ജനശക്തി പാര്‍ട്ടിയില്‍ ഒരു വശത്ത് രാം വിലാസിന്റെ സഹോദരന്‍ പശുപതി പരസും മറുവശത്ത് ഭാര്യ റീനയും മകന്‍ ചിരാഗും നിലയുറപ്പിച്ചു. ചിരാഗ് അമ്മാവനില്‍ നിന്ന് വേര്‍പിരിഞ്ഞ് ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) രൂപീകരിച്ചു. ഇപ്പോള്‍, രാഷ്ട്രീയ വേദികളില്‍ റീനയെ പലപ്പോഴും ചിരാഗിനൊപ്പം കാണാം.

Summary

Bihar Election: Life sketch of former leader Ram Vilas Paswan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com