സുഗന്ധം പൊഴിക്കും മെക്‌സിക്കന്‍ ഹൈഡ്രാഞ്ചിയ

Mexican hydrangea
സുഗന്ധം പൊഴിക്കും മെക്‌സിക്കന്‍ ഹൈഡ്രാഞ്ചിയ
Updated on: 

റോസ് ഗ്ലോറിബവര്‍ അഥവാ ക്ലെറോഡെന്‍ഡ്രം ബംഗേ, നിറമുള്ള പൂങ്കുലകളും അവയുടെ സൗരഭ്യവും കൊണ്ട് ആരേയും ആകര്‍ഷിക്കുവാന്‍ കഴിവുള്ളവയാണ്. ഗ്ലോറി ബവര്‍ നമ്മുടെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയാല്‍ എന്താവും എന്നു നോക്കി, പൂച്ചെണ്ടുകളുടെ വള്ളിക്കുടില്‍ അല്ലെങ്കില്‍ പൂച്ചെണ്ടുകളുടെ ലതാഗൃഹം അല്ലെങ്കില്‍ ആനന്ദത്തിന്റെ വള്ളിക്കുടില്‍! ആ പേരില്‍ തന്നെ അതിന്റെ സ്വഭാവ സവിശേഷതകള്‍ മനസ്സിലാക്കാം. പൂക്കളുടെ നിറവും ഭംഗിയും സന്ദര്യവും കൊണ്ട് നമ്മുടെ ഇന്ദ്രിയങ്ങളെ ത്രസിപ്പിക്കുവാനും ആനന്ദിപ്പിക്കുവാനുമുള്ള കഴിവ് ഈ ചെടിക്കുണ്ട്. പൂന്തോട്ടങ്ങളില്‍ വിസ്മയക്കാഴ്ചയൊരുക്കുന്ന ഈ ചെടി, സൂര്യപ്രകാശം ലഭിക്കുന്നതോ ഭാഗികമായി തണലുള്ളതോ ആയ സ്ഥലങ്ങളില്‍ സമൃദ്ധമായി തഴച്ചുവളരുന്നു.

Mexican hydrangea
പ്രകൃതിക്കു ഭീഷണിയൊരുക്കുന്ന മഞ്ഞവസന്തം

നല്ല പൂക്കളുള്ള അലങ്കാരച്ചെടികള്‍ക്ക് വിപണന മൂല്യം എപ്പോഴും കൂടുതലാണ്. മറ്റുള്ള അലങ്കാരച്ചെടികളെ അപേക്ഷിച്ച് ഇത്തരം ചെടികള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് എത്തപ്പെടുകയും അവിടെയെല്ലാം ഈ സസ്യങ്ങള്‍ സ്വാഭാവികമാകുവാനുള്ള സാധ്യതയും കൂടുതലാണ്. അത്തരത്തിലൊരു ചെടിയാണ് ക്ലെറോഡെന്‍ഡ്രം ബംഗേ (Clerodendrum bungei). ഈ ചെടിയുടെ അലങ്കാര മൂല്യം വര്‍ദ്ധിപ്പിച്ചതും വിവിധ പ്രദേശങ്ങളിലേക്ക് ഈ ചെടിയെ അതിവേഗം വ്യാപിപ്പിച്ചതും മറ്റൊന്നുമല്ല; അതിന്റെ നയനമനോഹരവും സുഗന്ധവാഹിയുമായ പൂങ്കുലകളും അതിവേഗ വളര്‍ച്ചയും കുറഞ്ഞ പരിചരണവുമാണ്.

അറിയാം ഗ്ലോറി ഫ്‌ലവറിനെ

ലാമിയേസി (Lamiaceae) കുടുംബത്തില്‍ പെടുന്ന ക്ലെറോഡെന്‍ഡ്രം ബംഗേ (Clerodendrum bungei), ക്ലെറോഡെന്‍ഡ്രം (Clerodendrum) ജനുസ്സില്‍ പെടുന്ന സസ്യമാണ്. ചൈനയില്‍ നിന്നുള്ള ഈ പൂച്ചെടി, 'റോസ് ഗ്ലോറി ബവര്‍', ഗ്ലോറി ഫ്‌ലവര്‍, ഗ്ലോറി ബവര്‍, മെക്‌സിക്കന്‍ ഹൈഡ്രാഞ്ചിയ, എന്നീ പേരുകളിലാണ് സാധാരണയായി അറിയപ്പെടുന്നത്. സുഗന്ധമുള്ളതും പിങ്ക് അല്ലെങ്കില്‍ ചുവപ്പ് കലര്‍ന്ന പിങ്ക് നിറങ്ങളിലുള്ളതുമായ പൂങ്കുലകളും, കടും പച്ച നിറത്തിലുള്ള വലിയ ഇലകളുമാണ് ഈ ചെടിയുടെ പ്രത്യേകതകള്‍.

ഇലപൊഴിയും അര്‍ദ്ധ-നിത്യഹരിത വിഭാഗത്തില്‍ പെടുന്ന പൂക്കുന്ന കുറ്റിച്ചെടിയായ ക്ലെറോഡെന്‍ഡ്രം ബംഗേ സാധാരണയായി ഒന്നു മുതല്‍ രണ്ടു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. വേരുകളില്‍ നിന്നുള്ള ഭൂഗര്‍ഭ തണ്ടുകളിലൂടെ പടരുകയും പലപ്പോഴും ഇടതൂര്‍ന്ന കൂട്ടങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. ഇതിന്റെ ഇലകള്‍, പല്ലുപോലെയുള്ള അരികുകളുള്ള വലിയതും വീതിയേറിയതും അണ്ഡാകാകൃതിയിലുള്ളതുമാണ്. ഈ ഇലകള്‍ ചതയ്ക്കുകയോ ഞെരുടുകയൊ ചെയ്താല്‍ രൂക്ഷമായ ദുര്‍ഗന്ധം വമിക്കാറുണ്ട്.

Mexican hydrangea
മെക്‌സിക്കന്‍ ഹൈഡ്രാഞ്ചിയ special arrangement

വേനല്‍ക്കാലം മുതല്‍ ശരത്കാലം വരെയാണ് സാധാരണയായി പൂക്കള്‍ വിരിയുന്നത്. സുഗന്ധമുള്ള, പിങ്ക് അല്ലെങ്കില്‍ ചുവപ്പ് കലര്‍ന്ന പിങ്ക് നിറമുള്ള പൂക്കളുടെ വൃത്താകൃതിയിലുള്ള കൂട്ടങ്ങളാണ് ഇതിന്റെ സവിശേഷത. ശാഖാഗ്രങ്ങളിലാണ് പൂങ്കുലകള്‍ കാണപ്പെടുന്നത്. ഇതിലെ ഓരോ പൂവും ചെറുതും, കുഴല്‍ രൂപത്തിലുള്ളതും സുഗന്ധമുള്ളതുമാണ്. പൂവിതളുകള്‍ക്കു പുറത്തേക്ക് നീണ്ടുനില്‍ക്കുന്ന കേസരങ്ങളും ജനിയും ഇവയുടെ പ്രത്യേകതയാണ്. തേന്‍ സമ്പുഷ്ടമായ പൂക്കള്‍ തേനീച്ചകളേയും ചിത്രശലഭങ്ങളേയും മറ്റ് പരാഗണകാരികളെയും ആകര്‍ഷിക്കുന്നു.

പരാഗണവും ബീജസങ്കലനവും വിജയകരമായി നടന്നുകഴിഞ്ഞാല്‍, ഈ ചെടിയില്‍ ചെറിയ ഗോളാകൃതിയിലുള്ള മാംസളമായ ഫലങ്ങള്‍ ഉണ്ടാകുന്നു. ഇവ പഴുക്കുമ്പോള്‍ കടും നീലയോ നീല കലര്‍ന്ന കറുപ്പു നിറമോ ആയി മാറുന്നു. ഓരോ ഫലത്തിനും ഏകദേശം ആറു മുതല്‍ പന്ത്രണ്ട് മില്ലിമീറ്റര്‍ വരെ വ്യാസമുണ്ടാകും. ഇതിനുള്ളില്‍ വിത്തുകള്‍ കാണപ്പെടുന്നു. പക്ഷികള്‍ ഈ മാംസളമായ ഫലങ്ങള്‍ ഭക്ഷിക്കുകയും, പിന്നീട് കാഷ്ഠത്തിലൂടെ വിത്തുകള്‍ പുതിയ സ്ഥലങ്ങളില്‍ എത്തിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയിലൂടെ മാതൃസസ്യത്തില്‍ നിന്ന് വളരെ അകലെ വരെ പുതിയ ചെടികള്‍ വളരാന്‍ ഇടയാകുന്നു.

Mexican hydrangea
മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ട്!

കൂടാതെ, ഭൂമിക്കടിയിലൂടെ വളരുന്ന 'സക്കറുകള്‍' (suckers) അഥവാ ഭൂഗര്‍ഭ തണ്ടുകള്‍ വഴിയും ഈ സസ്യം വ്യാപകമായി പടരുന്നു. ഇത് സസ്യങ്ങളുടെ അലൈംഗിക പ്രജനനത്തിനുള്ള (vegetative reproduction) ഒരു പ്രധാന മാര്‍ഗ്ഗമാണ്. ചിത്രശലഭങ്ങളും തേനീച്ചകളും ഉള്‍പ്പെടെയുള്ള പ്രാണികളാണ് പരാഗണത്തിന് സഹായിക്കുന്നതെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, ഈ സസ്യത്തെ സംബന്ധിച്ചിടത്തോളം പ്രധാന പരാഗകാരികള്‍ ആരൊക്കെയാണെന്നോ, തേനീച്ചകള്‍ക്ക് ലഭിക്കുന്ന തേനിന്റെ അളവ് എത്രയാണെന്നോ കൃത്യമായി സ്ഥിരീകരിക്കുന്ന പഠനങ്ങള്‍ വളരെ കുറവാണ്.

ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ ഉഷ്ണമേഖലാ കാലാവസ്ഥയില്‍ ഈ ചെടി നന്നായി വളരുന്നു, നല്ല സൂര്യപ്രകാശത്തിലും ഭാഗിക തണലിലും വളരുവാനുള്ള കഴിവുണ്ട്. ഈര്‍പ്പമുള്ള, നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ഈ ചെടി ഇഷ്ടപ്പെടുന്നത്. ആകര്‍ഷകമായ ഒരു അലങ്കാര സസ്യമായി വിലമതിക്കപ്പെടുന്നുണ്ടെങ്കിലും വേരുകളിലൂടെയും ഭൂഗര്‍ഭ തണ്ടുകളിലൂടെയും വിത്തുകളിലൂടെയും വേഗത്തില്‍ വ്യാപിക്കുന്നതിനാല്‍ ക്ലെറോഡെന്‍ഡ്രം ബംഗേ ആക്രമണകാരിയാകാം.

ഔഷധഗുണവും അലങ്കാര ഉപയോഗങ്ങളും

പെട്ടെന്ന് വേരുപിടിക്കുന്നതു കൊണ്ടും കുറഞ്ഞ പരിപാലനം മതിയെന്നതിനാലും ക്ലെറോഡെന്‍ഡ്രം ബംഗേ പ്രധാനമായും പൂന്തോട്ടങ്ങളിലും പാര്‍ക്കുകളിലും വീടുകളിലും ലാന്‍ഡ്‌സ്‌കേപ്പിലും ഒരു അലങ്കാര സസ്യമായി ഉപയോഗിക്കുന്നു. ചെടിയുടെ ഇലകള്‍, തണ്ട്, വേരുകള്‍ എന്നിവ പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തില്‍ നീര്‍വീക്കം തടയുന്നതിനും അനുബന്ധ രോഗങ്ങള്‍ക്കും ഉപയോഗിക്കുന്നതായി പറയപ്പെടുന്നു.

Mexican hydrangea
മെക്‌സിക്കന്‍ ഹൈഡ്രാഞ്ചിയ special arrangement

വളര്‍ച്ചയും പ്രത്യുല്‍പാദന സവിശേഷതകളും

ക്ലെറോഡെന്‍ഡ്രം ബംഗേ പ്രധാനമായും അലൈംഗിക പ്രജനനത്തിലൂടെ വേഗത്തില്‍ പടരുകയും ഇടതൂര്‍ന്ന കൂട്ടങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. ഇതിന്റെ ഭൂഗര്‍ഭ വേരുപടലവും സക്കറുകളും മാതൃ സസ്യത്തിന് ചുറ്റും ഉയര്‍ന്നുവരുന്ന പുതിയ മുളകളും തൈകളും ഉത്പാദിപ്പിക്കുകയും ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയുംചെയ്യുന്നു. മുറിച്ചതിനും വെട്ടിമാറ്റിയതിനു ശേഷവും ശക്തമായ ഈ ഭൂഗര്‍ഭ വളര്‍ച്ച ചെടിയെ പുനരുജ്ജീവിക്കുവാന്‍ സഹായിക്കുന്നു. ഈ അനുകൂലന സ്വഭാവം ഗ്ലോറി ബവറിനെ നിയന്ത്രിക്കാനും നശിപ്പിക്കാനും പ്രയാസകരമാക്കുന്നു.

പൂവിടുമ്പോഴും പരാഗണത്തിനുശേഷവും രൂപം കൊള്ളുന്ന വിത്തുകള്‍ വഴിയും പുതിയ ചെടികള്‍ മുളയ്ക്കുന്നു. വിത്തുവഴി വ്യാപനം നടക്കുന്നുണ്ടെങ്കിലും പ്രധാനമായും സസ്യജന്യ വ്യാപനമാണ് കൂടുതലായി കാണപ്പെടുന്നത്. ഒരു ചെടി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വലിയ കൂട്ടങ്ങളായി മാറുന്നു. അതിനാല്‍ ചെറിയ സ്ഥലങ്ങള്‍ മുഴുവന്‍ കൈയടക്കാന്‍ ഇതിന് കഴിയും.

അധിനിവേശ സ്വഭാവവും വ്യാപനത്തിന്റെ മാര്‍ഗങ്ങളും

ആക്രമണാകരമായ സസ്യവളര്‍ച്ചയും ഭൂഗര്‍ഭ വേരുകളിലൂടെയും റൈസോമുകളിലൂടെയും വേഗത്തില്‍ പടരാനുള്ള കഴിവും കാരണം ക്ലെറോഡെന്‍ഡ്രം ബംഗേ അധിനിവേശയിനമാകാന്‍ സാധ്യതയുണ്ട്. ഇതിന്റെ വിപുലമായ ഭൂഗര്‍ഭ വേരുകളും സക്കറുകളും മാതൃ സസ്യത്തില്‍ നിന്ന് വളരെ അകലെ പോലും പുതിയ ചെടികള്‍ മുളപൊട്ടുവാന്‍ കാരണമാകുന്നു. ഇത് ഇടതൂര്‍ന്ന കോളനികള്‍ രൂപപ്പെടുത്താനും അതിന്റെ യഥാര്‍ത്ഥ നടീല്‍ സ്ഥലത്തിനപ്പുറം പടര്‍ന്നു പിടിക്കുവാനും കാരണമാകുന്നു. മണ്ണിനു മുകളിലുള്ള തണ്ടുകള്‍ മുറിച്ചുമാറ്റിയതിനുശേഷവും ഇങ്ങനെ സംഭവിക്കാമെന്നുള്ളതുകൊണ്ട് ചെടിയെ നിയന്ത്രിക്കാനും നശിപ്പിക്കാനും പ്രയാസകരമാകുന്നു.

അനുകൂല സാഹചര്യങ്ങളില്‍ ചെറിയ വേരുകളുടെയും ഭൂഗര്‍ഭ തണ്ടുകളുടെയും ശകലം പുനരുജ്ജീവിപ്പിക്കുകയും നീക്കം സങ്കീര്‍ണ്ണമാക്കുകയും ചെയ്യും. കേരളത്തിന്റെ ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ ഉഷ്ണമേഖലാ കാലാവസ്ഥ ഈ ചെടിയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായതിനാല്‍ ഇതിന്റെ ശക്തമായ വളര്‍ച്ചയെയും വ്യാപനത്തെയും പ്രോത്സാഹിപ്പിച്ചേക്കാം. അതിനാല്‍, ക്ലെറോഡെന്‍ഡ്രം ബംഗേയുടെ കാര്യത്തില്‍ ജാഗ്രത വേണം; അതിന്റെ വ്യാപനം നിരീക്ഷിക്കുകയും ഭൂഗര്‍ഭ വളര്‍ച്ച നിയന്ത്രിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

തോട്ടങ്ങളില്‍ നിന്ന് പ്രകൃതിദത്ത ആവാസവ്യവസ്ഥകളിലേക്ക് വ്യാപിക്കുന്ന വിദേശസസ്യമായി ഇതിനെ കണക്കാക്കുന്നു. ഉഷ്ണവും ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ ഈ ചെടി അതിവേഗം വളരുന്നു. ഇടതൂര്‍ന്ന കൂട്ടങ്ങളായി വളരുകയും പ്രകാശം ഭൂമിയില്‍ പതിക്കുന്നത് തടയുകയും വെള്ളം, പോഷകങ്ങള്‍ എന്നിവയ്ക്കായി മത്സരിക്കുകയും ചെയ്യുന്നതിലൂടെ ചെറിയ തദ്ദേശീയ സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് തടസ്സമുണ്ടാക്കുന്നു. ക്രമേണ, അവയെ ഉന്മൂലനം ചെയ്യുകയും ആവാസവ്യവസ്ഥയുടെ ഘടനയ്ക്ക് മാറ്റം വരുത്തുകയും തദ്ദേശീയ ചെടികളെ ആശ്രയിച്ചു കഴിയുന്ന ജീവജാലങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുകയും ചെയ്യും. മുന്‍കരുതല്‍ സ്വീകരിക്കേണ്ട സസ്യമായി ആക്രമണകാരിയായ ഈ ചെടി വിലയിരുത്തപ്പെടുന്നതിനാല്‍ നിയന്ത്രണവും പ്രതിരോധവും അനിവാര്യമാണ്.

Mexican hydrangea
മെക്‌സിക്കന്‍ ഹൈഡ്രാഞ്ചിയ special arrangement

നഴ്‌സറികളടക്കമുള്ള അലങ്കാരസസ്യ വിപണികളിലൂടെ ധാരാളം തൈകള്‍ ദിനംപ്രതി വിതരണം ചെയ്യപ്പെടുന്നു. തോട്ടങ്ങളില്‍ നിന്ന് ഭൂഗര്‍ഭവേരുകളും തണ്ടുകളും വഴി ഈ ചെടി അനിയന്ത്രിതമായി സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കുവാന്‍ കാരണമാകുന്നു. തണ്ടുകളും വേരും അടങ്ങിയ മണ്ണ് മറ്റിടങ്ങളിലേക്ക് മാറ്റുമ്പോള്‍ പുതിയ ചെടിക്കൂട്ടങ്ങള്‍ രൂപപ്പെടുവാനും വഴിയൊരുക്കുന്നു. വെട്ടിമാറ്റിയ തണ്ടുകളും വേരുകളും അടങ്ങിയ തോട്ടമാലിന്യം തുറസ്സായ സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നത് വ്യാപനം വര്‍ദ്ധിപ്പിക്കുന്നു. കള പറിക്കുമ്പോഴോ മണ്ണിളക്കുമ്പോഴോ തണ്ടുകളോ വേരുകളോ പൊട്ടിയാല്‍ അതില്‍ നിന്നും വേഗത്തില്‍ പുതിയ മുളകള്‍ പൊട്ടുന്നതും വ്യാപനത്തിന് വഴിയൊരുക്കുന്നു.

ജന്മദേശവും ചേക്കേറിയ രാജ്യങ്ങളും

റോസ് ഗ്ലോറിബോവര്‍ അല്ലെങ്കില്‍ ഗ്ലോറി ഫ്‌ലവര്‍ എന്നറിയപ്പെടുന്ന ക്ലെറോഡെന്‍ഡ്രം ബംഗേ, ചൈന, തായ്വാന്‍, വിയറ്റ്‌നാം, മ്യാന്‍മര്‍, ഇന്തോ-ചൈനയുടെ വടക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളതാണ്. ഒരു അലങ്കാര സസ്യമായി ലോകമെമ്പാടുമുള്ള നിരവധി പ്രദേശങ്ങളിലേക്ക് ഈ ചെടി കുടിയേറിയിട്ടുണ്ട്.

ബംഗേ അമേരിക്കയുടെ ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് ജോര്‍ജിയ ഉള്‍പ്പെടെയുള്ള തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജന്മദേശ ശ്രേണിക്ക് പുറത്ത്, ക്ലെറോഡെന്‍ഡ്രം ബംഗേ അധിനിവേശയിനമായോ അധിനിവേശ സാധ്യതയുള്ളയിനമായോ രേഖപ്പെടുത്തിയിട്ടുണ്ട്. ദി ഗ്ലോബല്‍ കോമ്പന്‍ഡിയം ഓഫ് വീഡ്സ് (TheGlobalCompendiumofWeeds) ഇതിനെ കളയോ അധിനിവേശയിനമോ ആകാന്‍ സാധ്യതയുള്ള ഒരു ഇനമായി തിരിച്ചറിയുന്നു. തുര്‍ക്കിയില്‍, പ്രത്യേകിച്ച് കരിങ്കടല്‍ മേഖലയില്‍, സമീപകാല ഗവേഷണങ്ങള്‍ പാര്‍ക്കുകള്‍ക്കും പൂന്തോട്ടങ്ങള്‍ക്കും പുറത്തുള്ള വ്യാപനത്തെ രേഖപ്പെടുത്തുകയും അധിനിവേശ സാധ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

കേരളത്തില്‍ പ്രശ്‌നകാരിയാകുന്നതെങ്ങനെ

കേരളം പോലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ക്ലെറോഡെന്‍ഡ്രം ബംഗേയ്ക്ക് അധിനിവേശ സ്വഭാവസവിശേഷതകള്‍ പ്രകടിപ്പിക്കാന്‍ കഴിയും. കേരളത്തിലെ ചൂടുള്ള താപനില, ഉയര്‍ന്ന ഈര്‍പ്പം, കാലാനുസൃതമായ മഴ എന്നിവ ഇതിന്റെ ശക്തമായ വളര്‍ച്ചയ്ക്ക് സഹായകമായേക്കാം. ഭൂഗര്‍ഭ വേരുകളിലൂടേയും സക്കറുകളിലൂടേയുമുള്ള ദ്രുതഗതിയിലുള്ള സസ്യവ്യാപനം ഈ സസ്യത്തെ ചുറ്റുപാടും അതിവേഗം വ്യാപിക്കുവാനും തദ്ദേശീയ സസ്യങ്ങളുടെ വളര്‍ച്ചയെ അടിച്ചമര്‍ത്താനും സഹായിക്കുന്നു.

Mexican hydrangea
മെക്‌സിക്കന്‍ ഹൈഡ്രാഞ്ചിയ special arrangement

കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയില്‍ ഈ ചെടിയുടെ ആക്രമണകരമായ സ്വഭാവം ഇതിനെ അധിനിവേശ സാധ്യതയുള്ള ഒരു അലങ്കാര കുറ്റിച്ചെടിയാക്കി മാറ്റുന്നു. തദ്ദേശീയ സസ്യങ്ങളെ മത്സരിച്ച് പിന്നിലാക്കുകയും ഏകവിള (Monoculture) ആയി സസ്യജാലങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. പ്രകാശലഭ്യത കുറയ്ക്കുകയും വിത്തുകള്‍ മുളയ്ക്കുന്നത് തടയുകയും ചെറുസസ്യങ്ങളുടെ പുനരുജ്ജീവനം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. തന്മൂലം ജൈവവൈവിധ്യം കുറയുവാന്‍ കാരണമാകുന്നു. അതീവ സൂക്ഷ്മ ആവാസവ്യവസ്ഥകളിലേക്ക് ഇത് വ്യാപിക്കുകയാണെങ്കില്‍ ഭാവിയില്‍ നിയന്ത്രണം ദുഷ്‌കരമാകുവാന്‍ സാധ്യതയുണ്ട്.

നിയന്ത്രണ മാര്‍ഗങ്ങള്‍

ആക്രമണകരമായ സസ്യവളര്‍ച്ചയും ഭൂഗര്‍ഭ വേരുകളില്‍ നിന്നും ഭൂഗര്‍ഭ തണ്ടുകളില്‍ നിന്നും പുനരുജ്ജീവിക്കാനുള്ള കഴിവും കാരണം ക്ലെറോഡെന്‍ഡ്രം ബംഗേയുടെ നിയന്ത്രണത്തിന് സ്ഥിരമായ നിരീക്ഷണം ആവശ്യമാണ്. നേരത്തെയുള്ള കണ്ടെത്തലും ചെറിയ കൂട്ടങ്ങള്‍ രൂപപ്പെടുമ്പോള്‍ തന്നെ നീക്കം ചെയ്യുന്നതും നിയന്ത്രണത്തെ സഹായിക്കും. ഇളം ചെടികളെ പിഴുതെറിയുകയും ശ്രദ്ധാപൂര്‍വ്വം കുഴിച്ച് ഭൂഗര്‍ഭ വേരുകളും സക്കറുകളും പൂര്‍ണ്ണമായി നീക്കം ചെയ്യുകയും ചെയ്യുന്നത് നിയന്ത്രണത്തെ സഹായിക്കും. മണ്ണില്‍ വേരുകളുടെയോ സക്കറുകളുടെയോ ശകലങ്ങള്‍ അവശേഷിച്ചാല്‍ അവയില്‍ നിന്ന് പുതിയ ചെടികള്‍ മുളയ്ക്കുവാന്‍ കാരണമാകും. അതുകൊണ്ട് പൂര്‍ണ്ണമായ നീക്കം ചെയ്യല്‍ അനിവാര്യമാണ്.

കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിച്ച് മുറിക്കുന്നത് ചെടിയെ ദുര്‍ബലപ്പെടുത്താനും അതിന്റെ വ്യാപനം പരിമിതപ്പെടുത്താനും സഹായിക്കും. എന്നിരുന്നാലും മുറിക്കുന്നതു കൊണ്ടുമാത്രം സ്ഥാപിതമായ കോളനികളെ നശിപ്പിക്കാന്‍ സാധിക്കില്ല. ചെടി ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുമ്പ് തിരിച്ചറിയുന്നതിനും നീക്കം ചെയ്യുന്നതിനും പതിവ് നിരീക്ഷണം അത്യാവശ്യമാണ്. വിത്തിലൂടെയുള്ള വ്യാപന സാധ്യത കുറയ്ക്കുന്നതിന് വിത്ത് രൂപപ്പെടുന്നതിന് മുമ്പ് വാടിയ പൂക്കളുടെ കുലകള്‍ നീക്കം ചെയ്യണം. തോട്ടമാലിന്യ സംസ്‌കരണം വളരെ സൂക്ഷ്മതയോടെയും ഉത്തരവാദിത്തത്തോടെയും കൃത്യമായ രീതിയില്‍ ചെയ്യണം. തോട്ടമാലിന്യങ്ങള്‍ ഉപേക്ഷിക്കുകയോ കമ്പോസ്റ്റ് ചെയ്യുകയോ ചെയ്യരുത്.

ഭൂഗര്‍ഭ ഭാഗങ്ങള്‍ അവശേഷിച്ചാല്‍ വീണ്ടും വളരുമെന്നതിനാല്‍ വേരുകളും ഭൂഗര്‍ഭ തണ്ടുകളും പൂര്‍ണമായും നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. വെട്ടിയ തണ്ടുകളും വേരുകളും സക്കറുകളും തുറസ്സായ സ്ഥലങ്ങളില്‍ ഉപേക്ഷിക്കരുത്. ദീര്‍ഘകാല നിരീക്ഷണവും നിയന്ത്രണവും അനിവാര്യമാണ്. സംരക്ഷിത വനമേഖലകള്‍ക്ക് സമീപമുള്ള ചെടികളെ തുടര്‍ച്ചയായി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും വേണം.

അധിനിവേശ സസ്യങ്ങളില്‍ പലതും അലങ്കാരയിനമായിട്ടാണ് നമ്മുടെ വാസസ്ഥലത്തേയ്ക്ക് എത്തിച്ചേര്‍ന്നത്. പിന്നീട് അവ സ്വാഭാവിക ആവാസവ്യവസ്ഥകളിലേക്ക് കടന്നുകയറി ജൈവവൈവിധ്യത്തിന് ഗുരുതരമായ ഭീഷണിയായി മാറി. ഉഷ്ണമേഖലാ സാഹചര്യങ്ങളില്‍ ക്ലെറോഡെന്‍ഡ്രം ബംഗേയുടെ അതിവേഗ സസ്യജന്യ വ്യാപനശേഷി ഭാവിയില്‍ വെല്ലുവിളിയാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കേരളം പോലുള്ള ജൈവവൈവിധ്യ മേഖലകളില്‍ ഓരോ വിദേശസസ്യത്തിന്റെയും പരിസ്ഥിതിപ്രഭാവം ശാസ്ത്രീയമായി വിലയിരുത്തുകയും മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

Mexican hydrangea
നാട്ടുചെടികളെ നാമാവശേഷമാക്കും, ഗ്ലോ വൈന്‍
Summary

Rose glory bower is a deciduous, suckering flowering shrub belonging to the mint/deadnettle family. It is also commonly known as the glory flower or Mexican hydrangea, though it is not a true hydrangea.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com