ശങ്കര്‍: കാര്‍ട്ടൂണിസ്റ്റ് ഇന്‍ ചില്‍ഡ്രന്‍സ് ലാന്‍ഡ്!

cartoonist shankar
ശങ്കര്‍, ശിശുദിനം കടന്നുപോവുമ്പോള്‍ വിട്ടുപോവരുതാത്ത പേര്
Updated on: 

പ്രശസ്തിയുടെ പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ സ്വന്തം കര്‍മ്മമേഖലയില്‍ നിന്ന് പൊടുന്നനെ വിരമിക്കുകയും, അതില്‍ പിന്നീട് മനസ്സിനിണങ്ങിയ മറ്റൊരു പ്രവര്‍ത്തനപഥത്തില്‍ തുടര്‍ന്നു പ്രയത്നിച്ച് ആ രംഗത്ത് എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന കനത്ത സംഭാവനകള്‍ നല്‍കുകയും ചെയ്ത പ്രതിഭാശാലികള്‍ എണ്ണത്തില്‍ വളരെ കുറവാണെന്നു പറയാം. അത്തരക്കാരില്‍ തന്നെ ഏറിയ പങ്കും, മറ്റേതെങ്കിലും മേഖലയില്‍ മികവു പുലര്‍ത്തിയ ശേഷം പിന്നീട് രാഷ്ട്രീയ രംഗത്തേയ്ക്കിറങ്ങിയവരാണെന്നു കാണാം. എന്നാല്‍ സ്വന്തം പ്രവര്‍ത്തന മണ്ഡലത്തില്‍ മുടിചൂടാമന്നരായി നില്‍ക്കുമ്പോള്‍ തന്നെ, ആ രംഗം വിട്ടിറങ്ങി വേറെയാരും അധികം പ്രവര്‍ത്തിക്കാനില്ലാത്ത, സ്വയം കണ്ടെത്തിയ മറ്റൊരു മേഖലയില്‍ മനസ്സും പ്രയത്‌നവുമിട്ട് മുന്നേറുന്നവരെ വളരെ വളരെ വിരളമായേ നാം കണ്ടുമുട്ടാറുള്ളൂ. ഉദാഹരണത്തിന്, പ്രൊഫഷണല്‍ മാജികില്‍ കത്തിജ്വലിച്ചു നില്‍ക്കുമ്പോള്‍, വൈയക്തിക സാമ്പത്തിക ലാഭത്തിനായി മാജിക് പ്രദര്‍ശനങ്ങള്‍ ഇനി നടത്തുന്നില്ലെന്നും, മറിച്ച് തന്റെ പ്രയത്‌നങ്ങളെല്ലാം ഇനിമേല്‍ ഭിന്ന ശേഷിക്കാരായ കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായിരിക്കുമെന്നും പ്രഖ്യാപിച്ച് 'മാനവികതയിലേക്ക് ഒഴുകിപ്പരന്ന' ഗോപിനാഥ് മുതുകാട് എന്ന 'മാന്ത്രിക വിസ്മയ'ത്തെ മുന്‍പൊരു 'സാമൂഹ്യ പാഠ'ത്തില്‍ നമ്മള്‍ വിശദമായി പരിചയപ്പെട്ടതാണല്ലൊ. ആ ഗണത്തില്‍, അഗ്രഗണ്യനായി ഉള്‍പ്പെടുത്തേണ്ട മറ്റൊരു പ്രതിഭാശാലിയെപ്പറ്റിയാണ് ഇത്തവണത്തെ 'സാമൂഹ്യപാഠം'.

Cartoonist Shankar
കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ childrensbooktrust.com

മുതിര്‍ന്നവര്‍ക്കു വേണ്ടി ഞാനിനി കാര്‍ട്ടൂണുകള്‍ വരക്കുന്നില്ല, പകരം നിഷ്‌കളങ്കരായ കുഞ്ഞുങ്ങള്‍ക്ക് 'ഏറ്റവും നല്ലതെല്ലാം' നല്‍കാനായിരിക്കും ഇനിയുള്ള എന്റെ ശ്രമങ്ങളെല്ലാം എന്ന് പ്രഖ്യാപിച്ചു കൊണ്ട് 1975 ല്‍ 'ശങ്കേഴ്സ് വീക്ക്‌ലി' എന്ന തന്റെ വിഖ്യാതമായ പ്രസിദ്ധീകരണ സംരംഭത്തിന് ശങ്കര്‍ എന്ന 'ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ കുലപതി' വിരാമമിട്ടപ്പോള്‍ അത് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് താങ്ങാവുന്നതിനും മേലെയായിരുന്നു. അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു, ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള കാര്‍ട്ടൂണ്‍ കുതുകികള്‍ക്ക് ശങ്കറിന്റെ തൂലികയില്‍ വിടര്‍ന്നിരുന്ന ആക്ഷേപഹാസ്യ ചിത്രങ്ങളോരോന്നും! പക്ഷെ, ശങ്കറിന്റെ ആ ഉറച്ച തീരുമാനം കുട്ടികള്‍ക്കായി അദ്ദേഹം മുമ്പേ തുടങ്ങി വെച്ച ഒട്ടനവധി കാര്യങ്ങള്‍ക്ക് കൂടുതല്‍ മിഴിവും അര്‍ത്ഥവും നല്‍കാനായിരുന്നുവെന്നത് അടുത്ത ഒരു വ്യാഴവട്ടത്തിലധികക്കാലത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തും. ശങ്കറിന്റെ വിയോഗത്തിന് മൂന്നരപ്പതിറ്റാണ്ടുകള്‍ക്കപ്പുറം നമ്മള്‍ തിരിഞ്ഞു നോക്കുമ്പോള്‍ വിഖ്യാതനായ കാര്‍ട്ടൂണിസ്റ്റ് എന്നതിലുപരിയായി ശങ്കറിന്റെ യശസ്സ് ചേര്‍ത്തു വെയ്ക്കപ്പെടുന്നത് ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ്, അന്താരാഷ്ട്ര പാവ മ്യൂസിയം തുടങ്ങിയ കുട്ടികള്‍ക്കായി അദ്ദേഹം സ്ഥാപിച്ച മഹത്തായ സ്ഥാപനങ്ങളുടെ പേരുകളോടൊപ്പമാണെന്ന് കാണാം.

കായംകുളം സ്വദേശിയായ കേശവ ശങ്കര്‍ പിള്ള എന്ന ശങ്കര്‍ ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ ആദ്യത്തെ രാഷ്ട്രീയകാര്യ കാര്‍ട്ടൂണിസ്റ്റാണ്. ക്ലാസ്സിലിരുന്നുറങ്ങുന്ന സ്വന്തം അധ്യാപകന്റെ ചിത്രം വരച്ചായിരുന്നു ശങ്കറിന്റെ ഹാസ്യ ചിത്രരചനയിലേക്കുള്ള പ്രവേശം! പിന്നീട്, മുതിര്‍ന്നപ്പോള്‍, ദ ഫ്രീ പ്രസ് ജേണല്‍, ദ ബോംബെ ക്രോണിക്കിള്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ച ശേഷമാണ് പോത്തന്‍ ജോസഫ് എന്ന പ്രശസ്ത പത്രാധിപരുടെ ക്ഷണം സ്വീകരിച്ച് 1932ല്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി ശങ്കര്‍ ഡല്‍ഹിയിലെത്തുന്നത്. അന്ന് മുതല്‍ 1946 വരെ ഹിന്ദുസ്ഥാന്‍ ടൈംസില്‍ വന്ന ശങ്കറിന്റെ കാര്‍ട്ടൂണുകളാണ് സ്വാതന്ത്ര്യത്തിനു മുമ്പെ തന്നെ ഇന്ത്യയിലെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിങ്ങിന് അടിത്തറ പാകിയത്. പിന്നീട് 1948 മുതല്‍ 1975 ല്‍ അടിയന്തരാവസ്ഥക്കാലത്ത് പ്രവര്‍ത്തനമവസാനിപ്പിക്കും വരെ ഇന്ത്യയുടെ 'പഞ്ച്' വാരിക എന്ന വിളിപ്പേര് കിട്ടിയ 'ശങ്കേഴ്സ് വീക്ക്‌ലി' എന്ന ശങ്കറിന്റെ സ്വന്തം സംരഭമായിരുന്നു ആക്ഷേപഹാസ്യത്തിലും രാഷ്ട്രീയ നിരീക്ഷണത്തിലും ഏറ്റവും മുന്നിട്ടു നിന്നിരുന്ന ഇന്ത്യന്‍ പ്രസിദ്ധീകരണം.

Shakar`s weekly cover photo
ശങ്കേഴ്‌സ് വീക്ക്‌ലി കവര്‍ childrensbooktrust.com

ലോക നേതാക്കളും വൈസ്രോയിമാരും ഗാന്ധിയും ജിന്നയും അംബേദ്കറും എസ് രാധാകൃഷ്ണനും നെഹ്രുവും രാജാജിയൊമൊക്കെ ഉള്‍പ്പെടുന്ന ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളൊക്കെയും ശങ്കറിന്റെ സൂക്ഷ്മമായ നിരീക്ഷണത്തിനും നിശിതമായ വിമര്‍ശനങ്ങള്‍ക്കും വിധേയമായ അക്കാലം സ്വതന്ത്ര ഹാസ്യ ചിത്രീകരണത്തിന്റെ പുഷ്‌കലകാലമായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ഇന്നത്തെ ട്രോളുകള്‍ക്കും മീമുകള്‍ക്കും ഉള്ളത്ര തന്നെ പ്രാധാന്യം ശങ്കറിന്റെയും ശങ്കേഴ്‌സ് വീക്ക്‌ലിയിലേയും കാര്‍ട്ടൂണുകള്‍ക്ക് പൊതുസമൂഹത്തിലുണ്ടായിരുന്ന അക്കാലത്ത് ശങ്കര്‍ കണക്കിന് പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്ന പലരും അദ്ദേഹത്തിന്റെ ആരാധകരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായിരുന്നുവെന്നതാണ് ഏറ്റവും ഹൃദ്യവും രസകരവുമായ കാര്യം!

ശങ്കറിന്റെ കാര്‍ട്ടൂണുകളുടെ ഇരകളായ വില്ലിങ്ടണ്‍, ലിന്‍ലിത്‌ഗോ തുടങ്ങിയ വൈസ്രോയിമാരൊക്കെ ശങ്കറിനെ പ്രത്യേകം വിളിച്ച് അഭിനന്ദിക്കുകയും വര ഇങ്ങനെത്തന്നെ തുടരണമെന്ന് നേരിട്ട് പ്രോത്സാഹിപ്പിക്കുകയും ചെയ്തവരാണ്.

'ഡോണ്ട് സ്‌പെയര്‍ മി, ശങ്കര്‍' എന്നാണ് ശങ്കേഴ്സ് വീക്ക്‌ലി ഉദ്ഘാടന വേളയില്‍ നെഹ്രു പറഞ്ഞത്. ശങ്കറാണെങ്കിലോ അക്കാര്യം അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തു. ഈ അടുത്ത ദിവസം 'മറിമായം' എന്ന ആക്ഷേപഹാസ്യ പരമ്പരയുടെ ആയിരാമത്തെ എപ്പിസോഡിന്റെ ആഘോഷവേളയില്‍, തന്നെ 'മറിമായക്കാര്‍' ഇടയ്‌ക്കെല്ലാം 'വെറുതെ വിടാതിരിക്കുന്നതില്‍' ഏറ്റവും സന്തോഷമേയുള്ളൂ എന്ന് അടിവരയിട്ടു പറയാന്‍ മുഖ്യമന്ത്രി വിഡി സതീശനും മുന്‍പറഞ്ഞ നെഹ്രുവിന്റെ വാക്കുകളാണ് എടുത്തു പറഞ്ഞത്.

ഒരിക്കല്‍ ജിന്നയെപ്പറ്റി ശങ്കര്‍ വരച്ച ഒരു കാര്‍ട്ടൂണിനെപ്പറ്റിയുള്ള തന്റെ അഭിപ്രായ വ്യത്യാസമറിയിക്കാന്‍ മഹാത്മാ ഗാന്ധി തന്നെ ചിത്രകാരന് നേരിട്ട് ഒരു പോസ്റ്റ് കാര്‍ഡയക്കുകയുണ്ടായി!

എന്നാല്‍ എല്ലായ്‌പോഴും എല്ലാവരും പരിഹാസത്തെ സന്തോഷത്തോടു കൂടി മാത്രം സ്വീകരിക്കാറില്ല എന്നതിനാല്‍ പലപ്പോഴും ശങ്കറിന് തന്റെ 'ഇര'കളുടെയും രാഷ്രീയ നേതാക്കളുടെയുമൊക്കെ അപ്രീതിയും പരാതിയുമൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ ജിന്നയെപ്പറ്റി ശങ്കര്‍ വരച്ച ഒരു കാര്‍ട്ടൂണിനെപ്പറ്റിയുള്ള തന്റെ അഭിപ്രായ വ്യത്യാസമറിയിക്കാന്‍ മഹാത്മാ ഗാന്ധി തന്നെ ചിത്രകാരന് നേരിട്ട് ഒരു പോസ്റ്റ് കാര്‍ഡയക്കുകയുണ്ടായി! പേരെടുത്ത പല രാഷ്ട്രീയ നേതാക്കളും ശങ്കറിനോട് നീരസം വെച്ചുപുലര്‍ത്തിയ കഥകളും അത്രയൊന്നും വിരളമല്ല. ഒരിക്കല്‍ ഡല്‍ഹിയിലെ ലേഡി ഇര്‍വിങ് കോളജിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം അവിടുന്ന് കിട്ടിയ ഒരു ത്രെഡിന്റെ അടിസ്ഥാനത്തില്‍ ശങ്കര്‍ വരച്ച ഒരു കാര്‍ട്ടൂണിനെപ്പറ്റി അസ്വസ്ഥയായ ഒരു പ്രമുഖ വനിത, സരോജനി നായിഡു അടക്കമുള്ള പലരേയും 'ശങ്കറിനെ ശാസിച്ചു നിയന്ത്രിക്കേണ്ടതുണ്ട്' എന്ന അഭ്യര്‍ത്ഥനയോടെ ചെന്നു കണ്ടതും, അവരെല്ലാം കൈയൊഴിഞ്ഞപ്പോള്‍ ഒടുവില്‍ സാക്ഷാല്‍ മഹാത്മാ ഗാന്ധി തന്നെ ആ കേസില്‍ മാധ്യസ്ഥം വഹിച്ച് ഇരുപക്ഷത്തിന്റെ വാദങ്ങളും കേട്ട്, ശങ്കറിന്റെ വിവാദ കാര്‍ട്ടൂണ്‍ സൂക്ഷ്മമായി പരിശോധിച്ച്, ആസ്വദിച്ച ശേഷം ചിത്രകാരനെ 'കുറ്റവിമുക്തനാക്കി'യ കഥയും ഏറെ പ്രസിദ്ധമാണ്!

കുറിക്കു കൊള്ളുന്നവയും വളരെ സൂക്ഷ്മമായ രാഷ്ട്രീയ അര്‍ത്ഥ തലങ്ങളുള്ളവയുമായിരുന്നു ശങ്കറിന്റെ കാര്‍ട്ടൂണുകള്‍ എല്ലാം തന്നെ. 1933ല്‍ ഗാന്ധിജിയെ യെര്‍വാദാ ജയിലിലടച്ചപ്പോള്‍ 'ലോര്‍ഡ് വില്ലിങ്ടണ്‍സ് ഡിലമ്മ' (വില്ലിങ്ടണ്‍ പ്രഭുവിന്റെ വിഷമസന്ധി) എന്ന പേരില്‍ ശങ്കര്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ഇപ്പോഴും കാര്‍ട്ടൂണ്‍ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഗാന്ധിജിയെ ജയിലിലടച്ച് താഴിട്ടു പൂട്ടുന്നതിനിടയില്‍ പുറകിലേയ്ക്ക് തിരിഞ്ഞു നോക്കുന്ന വൈസ്രോയി കാണുന്നത് നൂറുകണക്കിന് ഗാന്ധിമാര്‍ പുറത്ത് തന്നെയും നോക്കി നില്‍ക്കുന്നതാണ്!

ശങ്കറിന്റെ കാര്‍ട്ടൂണുകളില്‍ ഏറ്റവുമധികം ചിത്രീകരിക്കപ്പെട്ട പണ്ഡിറ്റ് നെഹ്രു മരിക്കുന്നതിന് പത്ത് ദിവസം മുമ്പെ, 1964 മെയ് 17 ന്, 'ശങ്കേഴ്സ് വീക്കലി'യില്‍ വന്ന കാര്‍ട്ടൂണ്‍ ചിന്തോദ്ദീപകം മാത്രമല്ല, പ്രവചനാത്മകം കൂടിയായിരുന്നു. ഒരു ഓട്ട മത്സരത്തിന്റെ അവസാന റൗണ്ടില്‍ കിതച്ചുകൊണ്ട് നെഹ്രുവിന്റെ ക്ഷീണിത രൂപം ദീപശിഖയേന്തി ഓടുന്നതും അത് കൈമാറി വാങ്ങാനായി അദ്ദേഹത്തിന്റെ രാഷ്ട്രീയ പിന്‍ഗാമികളുടെ സാധ്യതാലിസ്റ്റിലെ പ്രമുഖരായ ഗുല്‍സാരിലാല്‍ നന്ദ, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ഇന്ദിരാ ഗാന്ധി, വികെ കൃഷ്ണമേനോന്‍, മൊറാര്‍ജി ദേശായി എന്നിവര്‍ പുറകെയുമോടുന്ന ഈ ചിത്രത്തിലെ ഐവരില്‍ നാലു പേരും ചിത്രത്തിലെ അതേ ക്രമത്തില്‍ താത്കാലികമായോ സ്ഥിരമായോ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തി എന്നു കാണുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അടുത്ത കുറേയേറെ വര്‍ഷങ്ങളാണ് ഒരൊറ്റ ചിത്രത്തില്‍ ശങ്കര്‍ ദീര്‍ഘവീക്ഷണം ചെയ്തു വരച്ചു വെച്ചത് എന്നു കാണാം!

Nehru in Shankar cartoon
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അടുത്ത കുറേയേറെ വര്‍ഷങ്ങളാണ് ഒരൊറ്റ ചിത്രത്തില്‍ ശങ്കര്‍ ദീര്‍ഘവീക്ഷണം ചെയ്തു വരച്ചു വെച്ചത്

ഈ വര്‍ഷം നവംബര്‍ ഒന്നിന് കേരളപ്പിറവിയുടെ എഴുപതാം വര്‍ഷം ആലോഷിക്കുന്ന വേളയില്‍ പല പ്രമുഖരും തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെച്ചതിനിടയില്‍ നോവലിസ്റ്റ് സേതു, ഐക്യ കേരളപ്പിറവിക്കും വളരെ മുമ്പെ ഏഴു വയസ്സുകാരനായ അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന 1949 ലെ

തിരുവിതാംകൂര്‍ബകൊച്ചി രാജ്യങ്ങളുടെ സംയോജനത്തെപ്പറ്റി വിവരിക്കുന്നുണ്ട്. ആ കുറിപ്പ് വായിച്ചപ്പോള്‍, തലേ ദിവസം സര്‍ദാര്‍ പട്ടേലിന്റെ വലംകൈയായി നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് ചുക്കാന്‍ പിടിച്ച വിപി മേനോന്റെ ജീവചരിത്രത്തിലൂടെ കടന്നു പോയപ്പോള്‍ ഏറെനേരം കണ്ണുടക്കിപ്പോയ ശങ്കറിന്റെ ശ്രദ്ധേയമായ ഒരു കാര്‍ട്ടൂണാണ് പെട്ടെന്ന് എന്റെ മനസ്സിലെത്തിയത്. ഒട്ടും ഐക്യമില്ലാതെ, വിപരീത ദിശയിലേക്ക് കുതിക്കുന്ന രണ്ട് കരിവീരന്മാര്‍. അതിലൊന്നിന് 'കൊച്ചി'യെന്നും മറ്റേതിന് 'തിരുവിതാംകൂര്‍' എന്നും ലേബല്‍ ചെയ്തിട്ടുണ്ട്. ഒത്തു ചേരാനാഗ്രഹമില്ലാത്ത ആ ആനകളുടെ വാലുകള്‍ രണ്ടും ഏച്ചു കെട്ടി ആ കെട്ടിന്റെ മുകളില്‍ ബാലന്‍സ് ചെയ്ത് നിന്ന് തന്റെ 'യോജിപ്പിക്കല്‍' ശരിയായോ എന്ന് നോക്കിക്കാണുകയാണ് വിപി മേനോന്‍! രണ്ട് നാട്ടുരാജ്യങ്ങളുടെ സംയോജനത്തിലടങ്ങിയ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളെ എത്രമേല്‍ അനായാസമായാണ് ശങ്കര്‍ തന്റെ വരകളിലൊതുക്കി അവതരിപ്പിച്ചത് എന്ന് നമ്മള്‍ ഈ കാര്‍ട്ടൂണ്‍ കണ്ടാല്‍ അതിശയിച്ചു പോകും!

ഇന്ത്യന്‍ കാര്‍ട്ടൂണിങ്ങിന് അടിത്തറ പാകുകമാത്രമല്ല, തനിക്ക് പിന്നാലെ പുതിയ കാര്‍ട്ടൂണിസ്റ്റുകളുടെ ഒരു നിര തന്നെ ഉണ്ടാക്കിയെടുക്കാനും ശങ്കര്‍ ശ്രദ്ധ വെച്ചിരുന്നു. പില്‍ക്കാലത്ത് ഇന്ത്യന്‍ കാര്‍ട്ടൂണ്‍ രംഗത്തെ അറിയപ്പെടുന്ന പേരുകാരായി മാറിയ അബു അബ്രഹാം, ആര്‍കെ ലക്ഷ്മണ്‍, നരേന്ദ്ര, ബിരേശ്വര്‍, രംഗ, കുട്ടി, ഒവി വിജയന്‍, ഉണ്ണി, കേവി (കേരള വര്‍മ്മ), യേശുദാസന്‍, മിക്കി പട്ടേല്‍, പ്രകാശ് ഘോഷ്, ബിഎം ഗഫൂര്‍ എന്നിവരൊക്കെ വരച്ചു തെളിഞ്ഞത് ശങ്കേഴ്‌സ് വീക്ക്‌ലിയിലൂടെയാണ്.

shankar cartoon
തിരു കൊച്ചി സംയോജനം ശങ്കറിന്റെ കാഴ്ചയില്‍

1972 ല്‍ ശങ്കറിന്റെ എഴുപതാം ജന്മദിന വേളയില്‍ ഡല്‍ഹിയിലെ ഹാസ്യ ചിത്രകാരന്മാര്‍ ചേര്‍ന്ന് ശങ്കറിന് സമ്മാനിച്ച ചിത്രത്തില്‍ അദ്ദേഹത്തെ ജര്‍മ്മന്‍ നാടോടിക്കഥയിലെ കുട്ടികളെ കുഴലൂതി മയക്കിയെടുത്ത ഹാമ്ലിനിലെ 'പൈഡ് പൈപ്പറാ'യിട്ടാണ് സങ്കല്‍പിച്ചിരിക്കുന്നത്. ഇന്ത്യയിലെയെന്നല്ല ലോകത്തിലെ തന്നെ നിരവധി കുഞ്ഞുങ്ങളെ കുഴലൂതി മയക്കി തന്റെ മാസ്മരിക വലയത്തിലാക്കിയ ശങ്കറിനെ അടയാളപ്പെടുത്താന്‍ ഇതില്‍പരം ഉചിതമായൊരു ചിത്രം കണ്ടെത്താന്‍ കഴിയില്ല തന്നെ!

ശങ്കറിന്റെ കാര്‍ട്ടൂണുകളും ഹാസ്യചിത്രങ്ങളും പണ്ഡിതരേയും പാമരരേയും ഫലിതപ്രിയരെയും അരസികരെയും ഒരുപോലെ രസിപ്പിച്ചവയായിരുന്നു. കാര്‍ട്ടൂണ്‍ വിരോധിയും ഹാസ്യ ചിത്രവിദ്വേഷിയുമായ താന്‍ ശങ്കേഴ്‌സ് വീക്ക്‌ലിയില്‍ ശങ്കര്‍ വരച്ച നെഹ്രുവിന്റെ കാര്‍ട്ടൂണ്‍ കണ്ടതില്‍ പിന്നെ സകല വാരികകളിലും പത്രങ്ങളിലും വരുന്ന കാര്‍ട്ടൂണുകള്‍ നോക്കിയിട്ടേ, ചെറുകഥകളും ലേഖനങ്ങളും വായിക്കാറുള്ളൂ എന്ന് മടിയൊന്നും കൂടാതെ, തുറന്ന അനുഭവ സാക്ഷ്യം നല്‍കിയിട്ടുണ്ട്, അത്ര എളുപ്പമൊന്നും ആരെയും വകവെച്ചു കൊടുക്കാത്ത സാക്ഷാല്‍ 'സാഹിത്യ വാരഫലക്കാരന്‍' എം കൃഷ്ണന്‍ നായര്‍!

മറ്റൊരിക്കല്‍, ബിഎം ഗഫൂര്‍ ശങ്കേഴ്സ് വീക്ക്‌ലിയില്‍ വരച്ചു തുടങ്ങിയതിന്റെ സന്തോഷം തന്റെ വായനക്കാരോട് പങ്കുവെയ്ക്കുമ്പോള്‍ കുറേക്കൂടി വിശദമായി ശങ്കറിനോടുള്ള തന്റെ മതിപ്പ് അദ്ദേഹം കുറിച്ചു വെച്ചത് ഇപ്രകാരമാണ്:

'ശങ്കേഴ്‌സ് വീക്കിലി ആരംഭിച്ച നാള്‍ മുതല്‍ ഇതെഴുതുന്നയാള്‍ അതിന്റെ വായനക്കാരനാണ്. ശ്രീ. ശങ്കറിന്റെ ഉജ്ജ്വല പ്രതിഭയുടെ ചേതോഹരങ്ങളായ ആവിഷ്‌കാരങ്ങള്‍ കൊണ്ട് ആ വാരിക എല്ലാ കാലത്തും സഹൃദയരെ രസിപ്പിച്ചിട്ടുണ്ട്. ഇന്നും രസിപ്പിക്കുന്നു. ശങ്കറിന്റെ ഹാസ്യ ചിത്രങ്ങള്‍ ഗഹനസ്വഭാവമുള്ളവയാണ്; അതേസമയം ആര്‍ക്കും ആഹ്ലാദമരുളുന്നവയാണ്. ഭാരതീയ സംസ്‌കാരത്തിലും പശ്ചാത്യ സംസ്‌കാരത്തിലും അദ്ദേഹത്തിനുള്ള അവഗാഹം ആ ചിത്രങ്ങള്‍ വിളംബരം ചെയ്യുന്നു. ആ അവഗാഹം പ്രകടനത്ഥകമാവുന്നില്ല. ലഘുത്വം ആവഹിക്കുന്നതേയുള്ളൂ'.

cartoonist shankar
ഡല്‍ഹിയിലെ ഹാസ്യ ചിത്രകാരന്മാര്‍ ചേര്‍ന്ന് ശങ്കറിന് സമ്മാനിച്ച ചിത്രത്തില്‍ അദ്ദേഹത്തെ ജര്‍മ്മന്‍ നാടോടിക്കഥയിലെ കുട്ടികളെ കുഴലൂതി മയക്കിയെടുത്ത ഹാമ്ലിനിലെ 'പൈഡ് പൈപ്പറാ'യിട്ടാണ് സങ്കല്‍പിച്ചിരിക്കുന്നത്childrensbooktrust.com

ശങ്കറും പണ്ഡിറ്റ് നെഹ്രുവും തമ്മിലുള്ള സ്‌നേഹബന്ധം എത്രയും അനന്യമായിരുന്നു. നാലായിരത്തോളം കാര്‍ട്ടൂണുകളില്‍ നെഹ്രുവിനെ ഉള്‍പ്പെടുത്തുകയും പലപ്പോഴും വളരെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിട്ടുള്ള ശങ്കറിന്റെ വ്യക്തിജീവിതത്തിലെ സ്‌നേഹബന്ധങ്ങളിലും നെഹ്രു തന്നെയായിരുന്നു, ഏറ്റവും മുമ്പില്‍. കുട്ടികളോടുള്ള അകമഴിഞ്ഞ സ്‌നേഹം ഇരുവര്‍ക്കുമുണ്ടായിരുന്നു എന്നത് ആ അടുപ്പത്തെ സിമന്റിട്ടുറപ്പിക്കാനും സഹായിച്ചു. നേരിട്ടു പരിചയപ്പെടും മുമ്പു തന്നെ ശങ്കറിന്റെ ആരാധകനായി മാറിയിരുന്ന നെഹ്രു ജയിലില്‍ നിന്ന് മകള്‍ക്ക് ഇന്ദിരയ്ക്കയച്ച പല കത്തുകളോടൊപ്പവും ശങ്കറിന്റെ കാര്‍ട്ടൂണുകളുടെ ക്ലിപ്പിങ്ങുകളും അയച്ചിരുന്നുവത്രെ. അച്ഛന് ശങ്കറിന്റെ കാര്‍ട്ടൂണുകളോടുള്ള മമത തന്നെയായിരിക്കാം, നെഹ്രുവിന്റെ അറുപതാം പിറന്നാളിന് ശങ്കേഴ്‌സ് വീക്ക്‌ലിയില്‍ നിന്ന് സംഘടിപ്പിച്ച ഇരുപതോളം നെഹ്രുവിനെ അധികരിച്ചുള്ള ശങ്കര്‍ കാര്‍ട്ടൂണുകളുടെ ഒറിജിനലുകള്‍ തന്റെ പിറന്നാള്‍ സമ്മാനമായി അച്ഛനു നല്‍കാന്‍ ഇന്ദിരാ ഗാന്ധിയെ പ്രേരിപ്പിച്ചത്. വരച്ചു മുഴുമിപ്പിക്കാതെ പോയ ശങ്കറിന്റെ അവസാനത്തെ കാര്‍ട്ടൂണില്‍ പോലും നെഹ്രു ഉണ്ടായിരുന്നു എന്നതും കൗതുകകരമായ ഒരു സത്യമാണ്. സുഹൃത്തും വഴികാട്ടിയുമായ പണ്ഡിറ്റ്ജിയുടെ സ്മരണ എന്നേക്കും തന്റെ സ്വപ്നത്തോട് ചേര്‍ത്തു വെയ്ക്കാന്‍ വേണ്ടിയാണ് ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റിന്റെ കെട്ടിടത്തിന് 'നെഹ്രു ഹൗസ്' എന്ന പേരു തന്നെ ശങ്കര്‍ നല്‍കിയതും!

'അസാധ്യം' എന്ന വാക്ക് ശങ്കറിന്റെ നിഘണ്ടുവിലില്ലായിരുന്നു. ഒരിക്കല്‍ ഒരു കാര്യത്തില്‍ മനസ്സുറപ്പിച്ചാല്‍ പിന്നെ അക്കാര്യം നേടും വരെ മുന്നോട്ടു തന്നെ എന്നതായിരുന്നു ശങ്കറിന്റെ രീതി. അതു കൊണ്ടു തന്നെയാണ് 1975 ല്‍ ശങ്കേഴ്‌സ് വീക്ക്‌ലി നിര്‍ത്തി അധികം കഴിയും മുമ്പു തന്നെ ചില്‍ഡ്രന്‍സ് ബുക്സ് ട്രസ്റ്റിന്റെ (സി ബിടി) പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായത്. മികച്ച ബാല പ്രസിദ്ധീകരണങ്ങള്‍ക്ക് അവശ്യം വേണ്ട 'നല്ല' ബാലസാഹിത്യ എഴുത്തുകാരുടെ ദൗര്‍ലഭ്യം തിരിച്ചറിഞ്ഞ ശങ്കര്‍, ആ വെല്ലുവിളിയെ നേരിടുന്നതിന്റെ ഭാഗമായി സ്വയം ഒരു കുട്ടികളുടെ എഴുത്തുകാരനായി മാറുക കൂടി ചെയ്തു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ശങ്കറിന്റെ തൂലികയില്‍ നിന്ന് അമ്പതോളം പുസ്തകങ്ങളാണ് കുട്ടികള്‍ക്കായി പിറന്നത്. അതില്‍ ഏതാനും പുസ്തകങ്ങള്‍ക്ക് ശങ്കര്‍ തന്നെയാണ് ചിത്രങ്ങളുമൊരുക്കിയത്. കഴിഞ്ഞ അരനൂറാണ്ടോളമായി ശങ്കറിന്റെ ഈ പുസ്തകങ്ങള്‍ പലതും പല തലമുറകളുടെയും ഇഷ്ടപ്പെട്ട ബാലസാഹിത്യകൃതികളായി തുടരുകയാണ്. സ്വയം ബാലസാഹിത്യ രചനയിലേര്‍പ്പെടുന്നതിനോടൊപ്പം കുട്ടികള്‍ക്കും ബാലസാഹിത്യ എഴുത്തുകാര്‍ക്കും രചനയെപ്പറ്റിയും ചിത്രങ്ങള്‍ തയ്യാറാക്കുന്നതിനെപ്പറ്റിയും നിരവധി ക്യാമ്പുകളും വാര്‍ഷിക മത്സരങ്ങളുമൊക്കെ സിബിടിയുടെ സ്ഥിരം പരിപാടികളുടെ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശങ്കര്‍ പ്രത്യേകം മനസ്സു വെച്ചു. എന്തിനധികം, 1981 ല്‍ ബാലസാഹിത്യ എത്തുകാരുടെയും ചിത്രകാരന്മാരുടേയും ഒരു അസോസിയേഷന്‍ തന്നെ സ്ഥാപിച്ചു കൊണ്ട് തന്റെ വഴിയില്‍ സഞ്ചരിക്കാന്‍ തയ്യാറുള്ളവരുടെ ഒരു കൂട്ടായ്മ തന്നെ ഉണ്ടാക്കിയെടുത്തു, ശങ്കര്‍ എന്ന ദീര്‍ഘദര്‍ശി!

Jawahar Lal Nehru, Indira Gandhi
ശങ്കറും പണ്ഡിറ്റ് നെഹ്രുവും തമ്മിലുള്ള സ്‌നേഹബന്ധം എത്രയും അനന്യമായിരുന്നുExpress photo

1979 ല്‍ അന്താരാഷ്ട്ര ശിശു വര്‍ഷം കൊണ്ടാടിയപ്പോള്‍ അത് പത്തു ദിവസത്തെ കുട്ടികളുടെ അന്താരാഷ്ട്ര ആഘോഷമായാണ് ശങ്കര്‍ ഡല്‍ഹിയില്‍ കൊണ്ടാടിയത് . ഇന്ത്യാ ഗേറ്റിനുമുമ്പിലെ തുറന്ന പുല്‍ത്തകിടിയില്‍ അവതരിപ്പിച്ച ആ മേളയില്‍ അന്തര്‍ദേശീയ ബാല പുസ്തകമേളയും പാവകളുടേയും കളിപ്പാട്ടങ്ങളുടേയും പ്രദര്‍ശനവും നാടക മേളയും ബാലചലച്ചിത്രോത്സവവും മൂന്നു നാള്‍ നീണ്ടു നിന്ന ബാലസാഹിത്യ സെമിനാറുമൊക്കെയുണ്ടായിരുന്നു. ഇതൊക്കെ കൂടാതെ ബാലസാഹിത്യ മേഖലയിലെ എഴുത്തുകാര്‍ക്കു വേണ്ടിയുള്ള ഒരു മത്സരം കൂടി സംഘടിപ്പിച്ച ഈ ബാലോത്സവത്തില്‍ പന്ത്രണ്ട് വിദേശ രാജ്യങ്ങളില്‍ നിന്നു വന്ന മുപ്പതോളം കുട്ടികള്‍ ശങ്കേഴ്സ് ഇന്റര്‍നാഷണല്‍ ചിത്രരചനാ മത്സരത്തിന്റെ സ്വര്‍ണ്ണപ്പതക്കങ്ങള്‍ ഏറ്റു വാങ്ങുകയും കൂടി ചെയ്തപ്പോള്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒരു ബാലോത്സവത്തിനാണ് ഡല്‍ഹി സാക്ഷ്യം വഹിച്ചത്.

1949 മുതല്‍ ശങ്കര്‍ തുടങ്ങിവെച്ച കുട്ടികള്‍ക്കായുള്ള അന്താരാഷ്ട്ര പെയിന്റിങ് മത്സരം ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള കുട്ടികള്‍ക്കിടയില്‍ വ്യാപകമായി സ്വീകാര്യത നേടിയെടുത്ത ഒരു പരിപാടിയായിരുന്നു. (1980 കളില്‍ ഒന്നു രണ്ടു തവണ ഈ മത്സരത്തിന് പെയിന്റിങ്ങുകള്‍ അയച്ച അനേകായിരം കുട്ടികളില്‍ ഞാനും എന്റെ ഉറ്റ സുഹൃത്ത് കെയുവുമൊക്കെ ഉണ്ടായിരുന്നു എന്നതും ഇവിടെ പ്രത്യേകം പറയട്ടെ). തപാലിലൂടെ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള കുട്ടികള്‍ക്ക് സൃഷ്ടികള്‍ അയയ്ക്കാവുന്ന ഈ മത്സരം കൂടാതെ 1951 മുതല്‍ ഡല്‍ഹിയില്‍ ശങ്കര്‍ ആരംഭിച്ച തത്സമയ പെയിന്റിങ് മത്സരവും ഏറെ വിജയിച്ച സംരംഭമാണ്. രണ്ടാഴ്ച മുമ്പാണ് ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ഈ മത്സരത്തിന്റെ അറുപത്തി രണ്ടാമത്തെ എഡിഷന്‍ സംഘടിപ്പിക്കപ്പെട്ടത്.

dolls museum
പാവ മ്യൂസിയത്തില്‍നിന്ന്‌ childrensbooktrust.com

1957 മുതല്‍ തന്നെ ചില്‍ഡ്രന്‍സ് ബുക്ട്രസ്റ്റ് എന്ന സ്ഥാപനത്തിനെ കേന്ദ്രീകരിച്ചായിരുന്നു കുട്ടികള്‍ക്കായുള്ള പല പരിപാടികളും ശങ്കര്‍ രൂപകല്‍പന ചെയ്ത് നടപ്പിലാക്കിയത്. കുട്ടികള്‍ക്ക് സന്തോഷപൂര്‍വം സമയം ചെലവഴിക്കാനായി പ്രത്യേകം തയ്യാറാക്കിയ ഡോ. ബിസി റോയ് ലൈബ്രറിയുടെ ചുവരുകളില്‍ അതാതു കാലത്തെ പെയിന്റിങ് മത്സരങ്ങളുടെ വിജയികളുടെ സൃഷ്ടികള്‍ കൂടി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

യാദൃച്ഛികമായാണ് ശങ്കറിന്റെ മനസ്സ് പാവക്കുട്ടികളുടെ ലോകത്തിലേക്ക് ആകര്‍ഷികപ്പെടുന്നത്. ഒരിക്കല്‍ ഹംഗറിയുടെ അംബാസഡര്‍ സമ്മാനിച്ച ഒരു മഗ്യാര്‍ പാവയാണ്, ലോകത്തെ എല്ലായിടങ്ങളില്‍ നിന്നുമുള്ള പാവകളുടെ ഒരു ശേഖരമുണ്ടാക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അതില്‍ പിന്നെ ശങ്കറിന്റെ ഓരോ വിദേശയാത്രകളും പുതിയ പാവക്കുട്ടികളെ അന്വേഷിച്ചുള്ളതായി മാറി. തങ്ങളുടെ ഇഷ്ട കാര്‍ട്ടൂണിസ്റ്റിന്റെ പുതിയ കമ്പം കേട്ടറിഞ്ഞ ഡല്‍ഹിയിലുള്ള പല ഉന്നത ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരുമൊക്കെ ശങ്കറിന് പാവകളെ സമ്മാനിക്കുന്നത് പതിവാക്കി. എന്നും ശങ്കറിന്റെ ആരാധകനും വഴികാട്ടിയും സുഹൃത്തുമായിരുന്ന ജവഹര്‍ലാല്‍ നെഹ്രു ആവട്ടെ, പിന്നീടങ്ങോട്ട് തനിക്ക് സമ്മാനമായി കിട്ടിയ എല്ലാ പാവകളെയും ശങ്കറിന്റെ ശേഖരത്തിലേയ്ക്ക് വിട്ടു നല്‍കി. നെഹ്രുവിന്റെ ഈ പതിവ് മകള്‍ ഇന്ദിരയും പൗത്രന്‍ രാജീവും തുടര്‍ന്നു പോന്നു.

വിദേശങ്ങളില്‍ നിന്ന് സംഘടിപ്പിച്ച പാവകളെക്കൂടാതെ നിരവധി ഇന്ത്യന്‍ പാവകളെ കൂടി തന്റെ ശേഖരത്തില്‍ ചേര്‍ക്കാനും ശങ്കര്‍ പ്രത്യേക ശ്രദ്ധ വെച്ചിരുന്നു. പലപ്പോഴും ഇക്കാര്യം നടപ്പിലാക്കിയത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാവ നിര്‍മ്മാണ വിദഗ്ധരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ശില്പശാലകള്‍ സംഘടിപ്പിച്ചു കൊണ്ടായിരുന്നു.

പാവകളുടെ ശേഖരം അതിശയകരമായി വളര്‍ന്നപ്പോള്‍, ഡല്‍ഹിയിലും ഇന്ത്യയിലെ മറ്റ് നഗരങ്ങളിലുമൊക്കെയായി പല പാവ പ്രദര്‍ശനങ്ങളും ശങ്കറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടു. അത്യന്തം വിജയകരമായിരുന്നു ഈ പ്രദര്‍ശനങ്ങള്‍ ഓരോന്നുമെങ്കിലും, പലപ്പോഴും ദൂരയാത്രകളും സ്ഥാനം മാറിയുള്ള താല്‍ക്കാലിക താമസങ്ങളും പാവക്കുട്ടികളുടെ ആഹാര്യ ഭംഗി മങ്ങാനിടയാക്കുന്നുവെന്ന തിരിച്ചറിവിന്റെ പരിഹാരമന്വേഷിച്ചപ്പോഴാണ് ഡല്‍ഹിയില്‍ സ്ഥിരമായി ഒരു പാവ മ്യൂസിയം എന്ന ആശയം പൊന്തിവന്നതും അതു മുന്നോട്ടുവെച്ച ഇന്ദിരാ ഗാന്ധിയുടെ സഹായത്താല്‍ ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റിന് ബഹാദൂര്‍ ഷാ സഫര്‍ റോഡില്‍ സ്വന്തമായൊരു സ്ഥലം കിട്ടുന്നതും. വര്‍ഷങ്ങള്‍ നിരവധി കഴിഞ്ഞിട്ടും ഇന്ത്യയ്ക്കകത്തും പുറത്തും നിന്ന് ഡല്‍ഹിയിലെത്തുന്ന ആയിരക്കണക്കിന് കുട്ടികളുടെ കൗതുക കേന്ദ്രമായി 1965 ല്‍ സ്ഥാപിതമായ ഈ 'പാവക്കൂടാരം' ഇന്നും കുട്ടികളേയും പാവക്കുട്ടികളേയും സ്‌നേഹിച്ച ശങ്കറെന്ന മഹാനായ കാര്‍ട്ടൂണിസ്റ്റിന്റെ ഓര്‍മ്മകളുമായി ഡല്‍ഹിയില്‍ നിലനില്‍ക്കുന്നു. 'ശങ്കറിന്റെ പാവകളെപ്പറ്റി' വൈലോപ്പിള്ളി ഒരു ഹൃദ്യമായ കവിത എഴുതിയിട്ടുണ്ടെന്ന കാര്യം 1978 ജനുവരിയിലെ സാഹിത്യ വാരഫലത്തില്‍ കൃഷ്ണന്‍ നായര്‍ രേഖപ്പെടുത്തിയത് ഈയിടെയാണ് ഞാന്‍ വായിക്കാനിടയായത്.

പദ്മശ്രീയും(1956) പദ്മഭൂഷണും (1966) പദ്മവിഭൂഷണും(1976) അടക്കം അനവധി അംഗീകാരങ്ങള്‍ കാലാകാലങ്ങളില്‍ ശങ്കറിനെ തേടിയെത്തിയിടുണ്ട്. ഇതില്‍ ആദ്യത്തെ രണ്ട് പദ്മാ പുരസ്‌കാരങ്ങളും പത്രപ്രവര്‍ത്തനത്തിലും കാര്‍ട്ടൂണ്‍ വരയിലുമുള്ള നേട്ടങ്ങളെ മുന്‍ നിറുത്തിയിട്ടുള്ളതായിരുന്നുവെങ്കില്‍ മൂന്നാമത്തേത് കുട്ടികള്‍ക്കായി ശങ്കര്‍ നടത്തിയ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചായിരുന്നുവെന്നു കാണാം.

ശങ്കറിന് ലഭിച്ച ഒട്ടനവധി അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരങ്ങളില്‍ പോളണ്ടിലെ കുട്ടികള്‍ 1977 ല്‍ അദ്ദേഹത്തിന് സമ്മാനിച്ച 'ഓര്‍ഡര്‍ ഓഫ് സ്‌മൈല്‍' എടുത്തു പറയേണ്ടതാണ്. 1979 ല്‍ ഐക്യരാഷ്ട്ര സഭയുടെ ഹാമില്‍ട്ടണ്‍ ബ്രാഞ്ച് ഒരു പ്രശസ്തിപത്രവും പിന്നും നല്‍കിയാണ് ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങള്‍ക്കായി ശങ്കര്‍ ചെയ്തുവന്ന സേവനങ്ങളെ അംഗീകരിച്ചത്. ഇതിനു പുറമെ ഹംഗറി, റഷ്യ, ജര്‍മ്മനി, ചെക്ക് റിപ്പബ്ലിക് തുടങ്ങി നിരവധി വിദേശരാജ്യങ്ങളില്‍ ശങ്കര്‍ സമ്മാനിതനായിട്ടുണ്ട്.

1991 ല്‍ ശങ്കറിനോടുള്ള ആദരസൂചകമായി രണ്ട് തപാല്‍ സ്റ്റാമ്പുകളാണ് പ്രകാശിതമായത്. പിന്നീട് ആര്‍കെ ലക്ഷ്മണ്‍; മരിയോ മിരാന്‍ഡ എന്നീ കാര്‍ട്ടൂണിസ്റ്റുകളെപ്പറ്റിയും സ്റ്റാമ്പുകള്‍ വന്നിട്ടുണ്ടെങ്കിലും, ശങ്കര്‍ തന്നെയാണ് ഇക്കാര്യത്തിന് ആദ്യമായി പരിഗണിക്കപ്പെട്ടയാള്‍!

കോണാട്ട് പ്ലേസില്‍ നിന്ന് ഏറെ ദൂരെയല്ലാതെ ബാബര്‍ ലേനിലുണ്ടായിരുന്ന ശങ്കറിന്റെ വീട് സ്ഥാനമാന വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ആതിഥ്യമേകിയ ഒരിടമായിരുന്നു. അവിടെ വന്ന് ഇഡ്ഢലിയും വടയും കേരളാ സദ്യയുമൊക്കെ കഴിച്ചു പോയ പ്രമുഖരില്‍ സരോജനി നായിഡുവും ഇന്ദിരാ ഗാന്ധിയുമൊക്കെ ഉള്‍പ്പെടും. ഒരിക്കല്‍ പ്രത്യേകം ക്ഷണം കിട്ടാതിരുന്നിട്ടുപോലും മറ്റു കുടുംബാംഗങ്ങളെ വിളിച്ചതിനൊപ്പം 'ഇടിച്ചു കയറി' ശങ്കറിന്റെ വീട്ടിലെത്തി കേരളാ ഭക്ഷണം കഴിച്ചയാളാണ് എന്നും ശങ്കറിന്റെ ആത്മാര്‍ത്ഥമിത്രവും വഴികാട്ടിയുമായിരുന്ന ജവഹര്‍ലാല്‍ നെഹ്റ്രു!

ശങ്കറിന്റെ ജീവചരിത്രം വരും തലമുറയ്ക്കായി കുറിച്ചിട്ട ശങ്കറിന്റെ മരുമകള്‍ അളക ശങ്കര്‍ തന്റെ പുസ്തകം അവസാനിപ്പിക്കുന്നത്, ലോകത്തെമ്പാടുമുള്ള കുട്ടികള്‍ക്കായി ശങ്കര്‍ ന്യൂ ഡെല്‍ഹിയില്‍ സ്ഥാപിക്കാന്‍ ആഗ്രഹിച്ച അന്താരാഷ്ട്ര കേന്ദ്രത്തെപ്പറ്റിയുള്ള കഥാനായകന്റെ സ്വപ്ന പദ്ധതിയെപ്പറ്റി അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ കുറിച്ചിട്ടു കൊണ്ടാണ്.

'എന്റെ സങ്കല്‍പം, ആയിരം കുട്ടികളെ ഒരേസമയം കൊണ്ടുവരാവുന്ന ഒരു അന്താരാഷ്ട്ര കേന്ദ്രമാണ്. അയ്യായിരം കുട്ടികളുടെ ചിത്രങ്ങള്‍ ഒറ്റയടിക്ക് പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമുള്ള ആര്‍ട്ട് ഗ്യാലറികളും; ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും വരുന്ന അഞ്ഞൂറു കുട്ടികള്‍ക്ക് താമസിക്കാനുള്ള സൗകര്യവും; ഒരു വിനോദ കേന്ദ്രവും; ഒരു കളിസ്ഥലവും അവിടെ വേണം. തീര്‍ച്ചയായും ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് ഒത്തുകൂടാനും താമസിക്കാനും പറ്റുന്ന ഒരു കേന്ദ്രമായിരിക്കണം അത്. അങ്ങനെ മാത്രമേ അവരെല്ലാം 'ഒരൊറ്റ ലോകത്തിന്റേതാണെന്ന' വിചാരം നമുക്ക് അവരില്‍ വളര്‍ത്തിയെടുക്കാനാവൂ'.

തന്റെ ജീവിതത്തിന്റെ വലിയൊരു പങ്ക് കുട്ടികള്‍ക്കായി മാത്രം മാറ്റിവെച്ച ശങ്കറിന്റെ ഈ സ്വപ്നം, അദ്ദേഹത്തിന്റെ വിയോഗത്തിന് മൂന്നരപ്പതിറ്റാണ്ടിലധികം ആഴമായെങ്കില്‍ പോലും ഇന്നും പൂര്‍ണമായി സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല എന്ന കാര്യം ഇനിയും ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കായി പലതും നമുക്ക് ചെയ്യാനുണ്ട് എന്ന സത്യത്തിന്റെ ശക്തമായ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

(ഡല്‍ഹിയിലെ അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറും ഡീനുമാണ് ലേഖകന്‍)

Summary

It was Shankar’s cartoons that laid the foundation for political cartooning in India, even before independence. Later, Shankar’s Weekly—his own venture, often dubbed India’s answer to the British magazine Punch—emerged as the preeminent Indian publication for satire and political commentary, remaining active from 1948 until it ceased operations during the Emergency in 1975.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER