Kerala Football
Is Kerala football entering a new golden era? Increased investment and the revival of club tournaments are injecting fresh energy into the sport across the state.Samakalika malayalam

പ്രതീക്ഷയിലേക്ക് ഉയരുന്ന പന്ത്, കേരളത്തിന്റെ ഫുട്ബോൾ ലോകത്ത് മാറ്റങ്ങളുടെ കാറ്റ്

കേരളത്തിലെ ഫുട്ബോളിൽ വന്ന മാറ്റങ്ങളെ കുറിച്ച് കേരളാ യുണൈറ്റഡ്, റിയൽ മലബാർ എഫ് സി, ലോഡ്സ് എഫ് എ, കോവളം എഫ് സി എന്നീ ക്ലബ്ബുകളുടെ മുൻപരിശീലകനും ഫുട്ബോൾ കമന്റേറ്ററുമായ അഭിലാഷ് എഴുതുന്നു
Published on

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും കേരളം രൂപപ്പെടുന്നതിനും മുൻപ് തന്നെ ഇവിടുത്തെ മണ്ണിലും, മനസ്സിലും കാൽ പന്ത് ഉരുണ്ടു തുടങ്ങിയിരുന്നു.വാഴയില കൊണ്ടു പന്തുണ്ടാക്കി കളിച്ച മലപ്പുറത്തുകാർ സൃഷ്ടിച്ച ചരിത്രത്തിൽ തുടങ്ങുന്നു കേരളത്തിന്റെ കാൽപ്പന്തുകളിചരിത്രത്തിലെ ഒരേട്.

ബ്രിട്ടീഷുകാരോട് മത്സരിച്ച് പൊരുതി വന്ന ചരിത്രം ഇന്നും കേരള ഫുട്ബോൾ ഭൂപടത്തിൽ മായാതെ നിൽക്കുന്നു. ബ്രിട്ടീഷുകാരുമായി നഗ്നപാദരായി മലപ്പുറത്തുകാർ നടത്തിയ ഫുട്ബോൾ മത്സരത്തിന്റെ ഓ‍ർമ്മകളുമായി ബെയർഫുട്ട് ഫുട്ബോൾ നടത്തിയിരുന്ന ചരിത്രവുമുണ്ട് പറയാൻ.

1973 ൽ ആദ്യമായി സന്തോഷ്‌ ട്രോഫി നേടിയതും, 1990 കളിൽ ഫെഡറേഷൻ കപ്പും, സന്തോഷ്‌ ട്രോഫി തിരികെ എത്തിച്ചതും, 2014 ൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തിയതും കേരള ഫുട്ബോളിലെ സുവ‍ർണ്ണ നിമിഷങ്ങളാണ്. കേരളത്തിലെ ഫുട്ബോൾ കളിയുടെ ചരിത്രത്തിന് തിരമാലകൾ പോലെ കയറ്റിറക്കങ്ങളുടെ കഥയാണ് പറയാനുള്ളത്.

Kerala Football
അവര്‍ക്ക് ഫുട്‌ബോള്‍ ഉന്മാദമാണ്; ചോര തെറിക്കും കലഹവും കലാപവും...!

കേരളത്തിൽ ഫുട്ബോളിന് നേട്ടങ്ങളുടെ നീണ്ട ചരിത്രമുണ്ട്. ഒളിമ്പിക്സിലും ദേശീയതലത്തിലുമൊക്കെ കളിമികവ് തെളിയിച്ച നിരവധി കളിക്കാർ കേരളത്തിൽ നിന്നുയർന്നു വന്നിട്ടുണ്ട്. ഈ നേട്ടങ്ങളിലൂടെ കടന്നു പോകുമ്പോഴും നിരവധി കളിക്കാരും,പരിശീലകരും വന്നു പോയെങ്കിലും അക്കാലത്തൊന്നും കേരള ഫുട്ബോളിലേക്ക് പ്രൊഫഷണലിസം കാലെടുത്തുവച്ചിരുന്നില്ല.

ഇന്ത്യൻ സൂപ്പർ ലീഗും, ഐ ലീഗും, കേരള പ്രീമിയർ ലീഗും വന്നതിനു ശേഷമാണ് പ്രൊഫഷണൽ രീതിയിൽ കാര്യങ്ങൾ മാറിയത്. അത് വരെ മതിയായ സൗകര്യങ്ങളോ, ഗ്രാസ് റൂട്ട് ഡെവലപ്പ്മെന്റോ കേരള ഫുട്ബോളിന്റെ അജണ്ടയിലെ പ്രധാന ഇനമായിരുന്നില്ല.

സന്തോഷ്‌ ട്രോഫിയും, ഓൾ ഇന്ത്യ ടൂർണമെന്റ്, മറ്റ് ഇൻവിറ്റേഷൻ ടൂർണമെന്റുകളുമായിരുന്നു ഒരു കാലത്ത് കേരളത്തിലെ കളിക്കാർക്ക് ലഭിച്ചിരുന്ന അവസരങ്ങൾ. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ അന്നത്തെ കാലത്ത് കളിക്കാർക്ക് കൂടുതൽ അവസരം നൽകിയത്.

Kerala Football
എസ് കല്യാണ രാമന്റെ 'ചാരുകേശി'യും... ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ബൈസിക്കിള്‍ കിക്കും'!

തിരുവനന്തപുരത്ത് ജി വി രാജ, കൊല്ലത്ത് ഗോൾഡൻ ജൂബിലി, കോട്ടയത്ത്‌ മാമൻ മാപ്പിള, എറണാകുളത്ത് നെഹ്‌റു കപ്പ്‌, തൃശ്ശൂരിൽ ചാക്കോള ട്രോഫി, കോഴിക്കോട് നാഗ്ജി, കണ്ണൂരിൽ ശ്രീ നാരായണ എന്നിങ്ങനെയുള്ളവയായിരുന്നു അക്കാലത്തെ പ്രധാന ടൂർണമെന്റുകൾ.

ഇതിനൊക്കെ പുറമെ ആവേശത്തിരകളിളക്കിയ സെവൻസ് ഫുട്ബോളാണ് മലബാറിലെ ഫുട്ബോൾ പ്രേമത്തെ എക്കാലവും സജീവമാക്കി നിർത്തിയത്. ലെവൻസിൽ വന്നിട്ടുള്ള കയറ്റിറക്കങ്ങളൊന്നും ബാധിക്കാതെ സെവൻസിന്റെ ആരവങ്ങൾ മലബാറിൽ എപ്പോഴും മുഴങ്ങിക്കേട്ടു.

 AIFF Indian Football team 1948
1948ലെ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്ബോൾ ടീം Photo: AIFF

കേരള താരങ്ങൾ ഒളിമ്പിക്സിൽ

സ്വാതന്ത്ര്യം കിട്ടി തൊട്ടടുത്ത വർഷം സ്വതന്ത്ര ഇന്ത്യയുടെ ടീം ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്തു. ആ വർഷം മുതൽ ഇന്ത്യൻ ടീമിൽ മലയാളി സാന്നിദ്ധ്യം ഉണ്ടായിരുന്നു. 1948 ഒളിമ്പിക്സിൽ തിരുവല്ല പാപ്പൻ, തോമസ് വർഗീസ്,1952 ൽ കോട്ടയം സാലി, 1956 ൽ റഹ്മാൻ, ചന്ദ്രശേഖരൻ,1960ൽ ദേവദാസ് എന്നീ കരുത്തുറ്റ താരങ്ങൾ ഇന്ത്യൻ ദേശീയ ടീമിനായി മികച്ച പ്രകടനം നടത്തിയിരുന്നു,പക്ഷേ, അതൊന്നും പിൽക്കാലങ്ങളിൽ ഓർമ്മിക്കപ്പെടാതിരിക്കുന്നത് വളരെ നിരാശ ജനകമാണ്.

1948 ൽ ഇന്ത്യൻ ടീം ബൂട്ട് ഇല്ലാതെയാണ് ഒളിമ്പിക്സ് മത്സരത്തിൽ പങ്കെടുത്തത് എന്ന് ഇപ്പോഴും ഓർമ്മിക്കപ്പെടുന്നതാണ്. എന്നാൽ അത് സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഒളിമ്പിക്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച 'ഇന്ത്യൻ ഫുട്ബോൾ അറ്റ് ദി ഒളിമ്പിക്സ്' എന്ന കുറിപ്പിൽ, 1948 ജൂലൈ 31 ന് നടന്ന മത്സരത്തിൽ ഇന്ത്യൻ ടീമിലെ 11 പേരിൽ എട്ട് പേരും ബൂട്ട് ധരിക്കാതിരുന്നത് അവരുടെ മാത്രം തീരുമാനത്താലാണെന്ന് പറയുന്നു. ഇതിന് പുറമെ അന്ന് ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്ന താലിമെറെൻ ആവോയെ (Talimeren Ao ) ഉദ്ധരിച്ചുകൊണ്ടുള്ള ഒരു ബ്ലോഗിൽ ഈസ്റ്റ് ലണ്ടനിലെ ക്രിക്കിൾഫീൽഡ് സ്റ്റേഡിയത്തിലെ നനവുള്ളതും വഴുവഴുപ്പുള്ളതുമായ ഗ്രൗണ്ടിൽ ഷൂസില്ലാതെ കളിക്കാൻ എട്ട് കളിക്കാർ ഇഷ്ടപ്പെട്ടിരുന്നതായും അവരിൽ പലരും കണങ്കാൽ സ്ട്രാപ്പുകൾ ധരിച്ചിരുന്നുവെന്നും പറയുന്നു.

1953 വരെ, ഫിഫയുടേത് ഉൾപ്പെടെ പല അന്താരാഷ്ട്ര ടൂർണമെന്റുകളിലും മത്സരങ്ങളിൽ ഷൂ ധരിക്കുന്നത് സംബന്ധിച്ച് നിയമങ്ങളോ നിയന്ത്രണങ്ങളോ ഉണ്ടായിരുന്നില്ലെന്ന് സ്റ്റോറീസ് ഫ്രം ഇന്ത്യൻ ഫുട്‌ബോൾ എന്ന പുസ്തകത്തിന്റെ രചയിതാവായ ജയദീപ് ബസു സ്‌ക്രോളിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്.

 Kerala Foot ball  team Santhosh trophy winners
1973 ൽ സന്തോഷ് ട്രോഫി നേടിയ കേരളാ ടീംTNIE FIle

കേരളം സന്തോഷ്‌ ട്രോഫിയിൽ

1941 ൽ സന്തോഷ്‌ ട്രോഫി ആരംഭിച്ചെങ്കിലും കേരള സംസ്ഥാനം പിറവിയെടുക്കുന്നതിനു മുൻപേ തിരു-കൊച്ചി ടീമായി സന്തോഷ് ട്രോഫിയിൽ പങ്കെടുത്തിരുന്നു.1973 വരെ കാത്തിരിക്കേണ്ടി വന്നു കേരളത്തിന് സന്തോഷ്‌ ട്രോഫിയിൽ മുത്തമിടാൻ. തമിഴ്നാട് തഞ്ചാവൂർ സ്വദേശി സൈമൺ സുന്ദർ രാജ് പരിശീലിപ്പിച്ച കേരള ടീം1973 ഡിസംബർ 27 ന് എറണാകുളം മഹാരാജാസ് കോളജ് മൈതാനത്ത് റെയിൽവേസിനെ 2-3 എന്ന സ്കോറിൽ പരാജയപെടുത്തി കപ്പ് ഉയർത്തിയപ്പോൾ കേരളം, ദേശീയ ഫുട്ബോൾ ചരിത്രത്തിൽ ഇടം നേടുകയായിരുന്നു. മലയാളിയുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ഓ‍ർമ്മയാണ് ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ ഹാട്രിക്. ആദ്യമായി സന്തോഷ്‌ ട്രോഫി നേടിയ സന്തോഷത്തിൽ അടുത്ത ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു.

അതിനു ശേഷം സന്തോഷ് ട്രോഫിയിൽ ഒന്ന് തൊടാൻ 19 വർഷം കാത്തിരിക്കേണ്ടി വന്നു കേരളത്തിന്. 1992 ൽ കോയമ്പത്തൂരിൽ നടന്ന സന്തോഷ് ട്രോഫിയിൽ കേരള ടീം ഫൈനലിൽ ഗോവ യെ പരാജയപെടുത്തി കപ്പ് ഉയർത്തിയപ്പോൾ കേവലം ഒരു ട്രോഫി മാത്രമായിരുന്നില്ല മറിച്ച് ഫുട്ബോൾ ആവേശം തിരികെ കൊണ്ട് വരുകയായിരുന്നു. ടി എ ജാഫർ എന്ന പരിശീലകന്റെ നേതൃത്വത്തിൽ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന വി പി സത്യൻ നയിച്ച കേരളമാണ് രണ്ടാമത്ത് സന്തോഷ് ട്രോഫി വിജയം നേടിയത്.

തൊട്ടടുത്ത വർഷം 1993 ൽ എറണാകുളം മഹാരാജാസ് കോളജ് മൈതാനത് നടന്ന സന്തോഷ്‌ ട്രോഫിയിൽ കേരള പൊലീസിന്റെ മിന്നും താരം കുരികേശ് മാത്യു നയിച്ച കേരള ടീം ഒന്ന് കൂടെ സന്തോഷ് ട്രോഫി ഉയർത്തി ശക്തി തെളിയിക്കുകയായിരുന്നു. പിന്നെ 2001ൽ മഹാരാഷ്ട്രയിൽ നടന്ന സന്തോഷ്‌ ട്രോഫിയിലാണ്. പീതാംബരൻ പരിശീലിപ്പിച്ച ടീമിൽ എസ് ബി ടി താരം വി ശിവകുമാറാണ് ടീമിനെ മുന്നിൽ നിന്ന് നയിച്ചത്. ഫൈനലിൽ ഗോവക്കെതിരെ അബ്ദുൽ ഹക്കിം നേടിയ ഗോൾഡൻ ഗോളിലാണ് കേരളം നാലാം തവണ കപ്പിൽ മുത്തമിടുന്നത്.

vp sathyan, kerla football team, santhosh trophy 1992
വി പി സത്യൻ നയിച്ച കേരളാ ഫുട്ബോൾ ടീം 1992ൽ സന്തോഷ് ട്രോഫി നേടിയപ്പോൾ TNIE FIle

2004 ഡൽഹിയിലും ആവർത്തിച്ചു ടി കെ ചാത്തുണ്ണി പരിശീലനം നൽകിയ ടീമിനെ എസ് ബി ടി താരം ഇഗ്നേഷ്യസ് ആണ് നയിച്ചത്. ഫൈനലിൽ പഞ്ചാബ് ആയിരുന്നു എതിരാളികൾ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് കേരളം വിജയം സ്വന്തമാക്കിയത്.

വീണ്ടും നീണ്ട കാത്തിരിപ്പിന്റെ 14 വർഷങ്ങൾകടന്നുപോയി. ഒടുവിൽ 2018 ൽ സതീവൻ ബാലൻ കേരള ടീമിന്റെ മുഖ്യ പരിശീലകനായി എത്തി അടിമുടി മാറ്റങ്ങൾ വരുത്തി. യൂണിവേഴ്സിറ്റി താരങ്ങൾക്കും യുവ താരങ്ങൾക്കും കൂടുതൽ അവസരം നൽകി ടീം രൂപീകരിച്ചു. എസ് ബി ഐ താരം രാഹുലിനെ ക്യാപ്റ്റൻ ആക്കി ആയിരുന്നു ബംഗാളിലേക്ക് കേരളം വണ്ടി കയറിയത്. ബംഗാളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ ആതിഥേയരെ കണ്ണീരിലാഴ്ത്തി കേരളം ആറാം തവണ കിരീടമുയർത്തി.

തുടർന്ന് നാല് വർഷങ്ങൾക്കിപ്പുറം കേരളത്തിന്റെ മണ്ണിൽ വീണ്ടും സന്തോഷ് ട്രോഫി എത്തി. അന്ന് കേരളത്തിലെ ഒരേ ഒരു പ്രൊ ലൈസൻസ് പരിശീലകനായിരുന്ന ബിനോ ജോർജിനായിയിരുന്നു ടീമിന്റെ ചുമതല കേരള എസ് ബി ഐ താരം ജിജോ ജോസഫ് ആയിരുന്നു ക്യാപ്റ്റൻ, കലാശ ഫൈനലിൽ ബംഗാളിനെ തകർത്തായിരുന്നു ഏഴാം തവണ കേരള ടീമിന്റെ വിജയം. മഞ്ചേരിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ അകമൊഴിഞ്ഞ പിന്തുണയാണ് കേരള ടീമിന് ലഭിച്ചത്.

Kerala Football
ഒരു തുകല്‍ പന്തും അതിന് ചുറ്റും സ്വപ്‌നം നെയ്ത ഒരുകൂട്ടം ജനതയും...

ഇതിനിടയിൽ ഒരുപാട് കേരള താരങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്കും റെയിൽവേസിനും, സർവീസസ് ടീമുകൾക്കും വേണ്ടി കളിച്ചതും ഗോളുകൾ നേടിയതും ഒരിക്കലും മറക്കാൻ കഴിയാത്ത മലയാളി ഫുട്ബോൾ നേട്ടങ്ങളായി നിൽക്കുന്നു.

കേരള ഫുട്ബോളിന്റെ സുവർണ്ണ കാലഘട്ടം

1970 കളിലാണ് സുവർണ്ണ കാലഘട്ടം തുടങ്ങുന്നത്. അന്നത്തെ ഗ്ലാമർ ടീമുകളായ പ്രീമിയർ ടയേഴ്സ്, എഫ് എ സി ടി ആലുവ, കെ എസ് ആർ ടി സി,പോർട്ട്‌ ട്രസ്റ്റ്‌, ടൈറ്റാനിയം, എ ജി കേരള, കസ്റ്റംസ് തുടങ്ങി വിവിധ ടീമുകളുടെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. ആക്കാലത്തു നിരവധി ദേശീയ താരങ്ങളെ സംഭാവന ചെയ്യാൻ കേരള ഫുട്ബാളിന് കഴിഞ്ഞു. 1977 ൽ ആരംഭിച്ച പ്രഥമ ഫെഡറേഷൻ കപ്പിൽ മികച്ച ഗോൾ കീപ്പർ ആകാൻ കഴിഞ്ഞതും അന്നത്തെ സ്റ്റാർ മലയാളി ഗോൾ കീപ്പർ വിക്റ്റർ മഞ്ഞിലക്കായിരുന്നു.

കാക്കിക്കുപ്പായത്തിനുള്ളിൽ കളിഹൃദയം നിറഞ്ഞാടിയ കാലമായിരുന്നു കേരള ഫുട്ബോളിന്റെ ഉയരങ്ങളുടെ കൊടുമുടി കയറിയത്. 1984 ൽ കേരള പൊലീസ് ഫുട്ബോൾ ടീം വന്നതോടെയാണ് ഈ സുവർണ്ണ കാലഘട്ടം പൂർണ്ണമാകുന്നത്, ഐ എം വിജയനും, വി പി സത്യനും, കുരികേശ് മാത്യുവും, സി വി പാപ്പച്ചനും, കെ ടി ചാക്കോയും,യു ഷറഫലിയും തുടങ്ങി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കളിക്കാർ ഇന്ത്യൻ കുപ്പായമണിഞ്ഞു. അന്ന് കേരള ഫുട്ബോളിന്റെ യശസ് വാനോളം ഉയർന്നു. അക്കാലത്തു നടന്ന പ്രധാന ടൂർണമെന്റ്കളെല്ലാം കേരള പൊലീസ് ചാമ്പ്യൻ പട്ടം നേടി.ഫെഡറേഷൻ കപ്പ്‌, രണ്ടു തവണ നേടിയതും, സന്തോഷ്‌ ട്രോഫി 92-93 വർഷങ്ങളിൽ നേടിയതും കേരള പൊലീസ് ഫുട്ബോൾ ടീമംഗങ്ങൾ എന്നത് ഇന്ത്യൻ ഫുട്ബോൾ രംഗത്ത് പുതിയൊരു തരംഗം തന്നെ സൃഷ്ടിച്ചു.

ISL,Kerala Blasters
കേരളാ ബ്ലാസ്റ്റേഴ്സ് ടീം ( ഫയൽ ചിത്രം)Indian super league

കേരളത്തിലെ ഫുട്ബോളിന് മുന്നിൽ ഏറ്റവും വലിയ പ്രതിസന്ധി ഉയർന്നു വന്ന കാലഘട്ടമായിരുന്നു 1990 കളോടെ സംഭവിച്ച മറ്റൊരു വസ്തുത. ഫുട്ബോൾ രംഗത്ത് മികച്ച നിന്ന പല സ്ഥാപനങ്ങളും നഷ്ടക്കണക്കുകളുടെ പേരിലോ മറ്റ് നയപരമായ തീരുമാനങ്ങളിലോ ഫുട്ബോളിന് നൽകി വന്നിരുന്ന പ്രാധാന്യം കുറച്ചു. പല മത്സരങ്ങളും പതുക്കെ ഇല്ലാതായി. ഇതോടെ കേരളത്തിൽ ഫുട്ബോൾ ആവേശം മനസ്സുകളിൽ മാത്രമായി ഒതുങ്ങി. കളിക്കളങ്ങളുടെ കുറവും ഇതിനൊപ്പം കളിയെ ബാധിച്ചു. സാമ്പത്തിക പ്രതിസന്ധി, കളിക്കാർ ലഭിക്കുന്ന സേവന വേതന വ്യവസ്ഥകളിലെ കുറവ്, സ്പോൺസർമാരുടെ കുറവ് ഒക്കെ ഫുട്ബോൾ കളിയെ ബാധിച്ചു.

കേരള ഫുട്ബോളിൽ മാറ്റത്തിന്റെ വിസിൽ

പഴയ കാലത്തിൽ നിന്നും പുതിയ കാലത്തിലേക്ക് വരുമ്പോൾ കളിക്കാർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഇന്ന് ലഭിക്കുന്നുണ്ട്, അതിനു പ്രധാന കാരണം ഫുട്ബോൾ കളിയുടെ സാധ്യതകൾ മൈതാനത്തിന് പുറത്തേക്ക് വളർന്നു. ഇത് സ്വാഭാവികമായും ഈ കളിയിലേക്ക് നിക്ഷേപ സാധ്യതകൾ കണ്ടെത്തിയവർ അത് മുതൽ മുടക്കാൻ മുന്നോട്ട് വന്നു. ഫുട്ബാളിനെ ബിസിനസ് രീതിയിൽ കൈകാര്യം ചെയ്യുന്നത് കൊണ്ടാണ് പുതിയ കാലഘട്ടത്തിൽ കൂടുതൽ ഇൻവെസ്റ്റേഴ്സ് വരുന്നത്. ഇപ്പോഴത്തെ കളിക്കാർക്ക് അത് കൂടുതൽ ഗുണം ചെയ്യുന്നുണ്ട്.

അതുകൊണ്ടാണ് കേരളത്തിൽ ഇപ്പോൾ നിരവധി ഫുട്ബോൾ ക്ലബ്ബുകൾ നിലനിൽക്കുന്നത്. ക്ലബ്‌ ഫുട്ബോൾ ടൂർണമെന്റുകളാണ് നിലവിൽ കൂടുതലും. ഇൻവെസ്റ്റേഴ്സും സ്പോൺസേഴ്സും സജീവമായി രംഗത്തു വന്നതോടെ കളിയുടെ മുഖച്ഛായ തന്നെ മാറിത്തുടങ്ങി. കളിക്കാർക്ക് അനുകൂലമായ അന്തരീക്ഷം ഒരുങ്ങി. ഇതിന് പുറമെ ടർഫുകൾ സജീവമായതോടെ ഫുട്ബോൾ ചെറിയ ടീമുകൾ വച്ചാണെങ്കിൽ പോലും കളിക്കാൻ ഇടം കിട്ടി തുടങ്ങി. അടിസ്ഥാനപരമായ സൗകര്യങ്ങളും വർദ്ധിച്ചു. ഫുട്ബോൾ കളി പരിശീലിപ്പിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും വീണ്ടും സജീവമായി. കേരള ഫുട്ബോൾ അസോസിയേഷൻ വളരെ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. ആയിരത്തിലേറെ മത്സരങ്ങൾ നടത്താൻ കഴിഞ്ഞ സീസണിൽ കഴിഞ്ഞു. അതിൽ പകുതിയും യുവ കളിക്കാർക്കായിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം.

Kerala Football
മാടൻ കാട്

ഏറ്റവും കൂടുതൽ കളിക്കാരെ രജിസ്റ്റർ ചെയ്ത സംസ്ഥാനമായും കേരളം മാറിക്കഴിഞ്ഞു. നിലവിൽ എല്ലാ പ്രായ വിഭാഗങ്ങളിലും ഇന്ത്യൻ ടീമിൽ കേരളത്തിലെ കളിക്കാരുണ്ട്. ഇരുപതോളം ടീമുകളെ അണി നിരത്തി കേരള പ്രീമിയർ ലീഗ് നടത്തുകയും, കേരള വനിതാ ലീഗ്,

അണ്ട‍ർ 13,15,17 എന്നീ കാറ്റഗറികളിൽ യൂത്ത് ലീഗ് മത്സരങ്ങൾ നടത്തുകയും ഇന്റർ ഡിസ്ട്രിക്ട് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നതാണ് നിലവിലെ വളർച്ചക്ക് കാരണം. ഇതിന്റെയൊക്കെ പ്രതിഫലമായി 2018,2022 വർഷങ്ങളിൽ സന്തോഷ് ട്രോഫി നേടുകയും 28 വർഷങ്ങൾക്ക് ശേഷം നാഷണൽ ഗെയിംസ് ചാമ്പ്യൻസ് ആകുകയും ചെയ്തു.

അതോടൊപ്പം ബീച്ച് ഫുട്ബോൾ, ഫുട്സാൽ ചാമ്പ്യൻഷിപ് നടത്തുകയും ഇന്ത്യൻ ദേശീയ ടീമിലേക്ക് കളിക്കാരെ സംഭാവന ചെയ്യാൻ കഴിഞ്ഞതും കേരള ഫുട്ബോളിന്റെ നേട്ടമാണ്.പുതിയ കാലഘട്ടത്തിൽ കൂടുതൽ കോച്ചസ് കോഴ്സ്, റഫറീസ് കോഴ്സ് നടത്തുന്നതിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ കേരളം മുന്നിലെത്തിയിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിലും, ഐ ലീഗിലും കേരള ടീമുകളായ കേരള ബ്ലാസ്റ്റേഴ്‌സ്, ഗോകുലം കേരള എഫ് സി എന്നിവർ ദേശീയ തലത്തിൽ ശ്രദ്ധ ആകർഷിക്കുന്നുണ്ട്.

Kerala Football
ഈജിയന്‍ മിത്തുകളും മീശ വിറപ്പിക്കുന്ന തത്വജ്ഞാനികളും

കേരള ഫുട്ബോളിന്റെ തലവര മാറ്റികൊണ്ടാണ് കഴിഞ്ഞ സീസണിൽ സൂപ്പർ ലീഗ് കേരള എത്തിയത്. എങ്ങനെയാണോ പ്രൊഫഷണൽ രീതിയിൽ മത്സരങ്ങൾ നടത്തേണ്ടത് അതുപോലെ നടത്തി മികച്ച കളിക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

പഴയ കാലത്തെ അപേക്ഷിച്ചു ഇന്നത്തെ കളിക്കാർക്ക് കഴിവ് തെളിയിക്കാൻ അവസരങ്ങൾ കൂടുതലുണ്ട്, മാന്യമായ വേതനവും കളിക്കാർക്ക് ലഭിക്കുന്നുണ്ട്. കേരളത്തിൽ ഇപ്പോഴും ദേശീയ തലത്തിൽ കളിക്കാൻ ശേഷിയുള്ള നിരവധി കളിക്കാർ ഉണ്ട്, അവർ അവിടെ എത്താതിരിക്കുന്നതിന് പിന്നിലെ ചില താൽപ്പര്യങ്ങൾ മാത്രമാണ്. അത്തരം താൽപ്പര്യങ്ങൾ കൈയൊഴിഞ്ഞാൽ കേരളത്തിലെ താരങ്ങൾ ഇന്ത്യൻ ഫുട്ബോളിൽ നക്ഷത്രശോഭയോടെ തിളങ്ങുന്നത് നമുക്ക് കാണാനാകും-

Summary

Growing financial support and the resurgence of club tournaments are fueling hopes of a new golden era for Kerala football.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com