സന്ധ്യയ്ക്കു വിരിഞ്ഞ പൂവില്‍ മിന്നി മാഞ്ഞ ഉമ്മന്‍ ചാണ്ടി, ചീട്ടുകളി സ്ഥലത്തെ ശശീന്ദ്രന്‍; സിനിമയില്‍ പതിഞ്ഞ തെരഞ്ഞെടുപ്പു ചിത്രങ്ങള്‍

എ കെ ശശീന്ദ്രന്റെ സ്‌പെഷ്യല്‍ കാമിയോ (ചുവരെഴുത്ത്) ട്രെന്റിങായതോടെ പഴയ സിനിമകളിലെ സമാന ചുവരെഴുത്തുകള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തൂവാനത്തുമ്പികള്‍ മുതല്‍ വിക്രമാദിത്യന്‍ വരെ അതില്‍ പെടും.
election graffiti in malayalam films
സിനിമകളിലെ ചുവരെഴുത്ത് രാഷ്ട്രീയം graffiti
Updated on

കണ്ണൂരുനിന്നും 47 കിലോമീറ്റര്‍ വടക്കോട്ടുപോയാല്‍ അതിര്‍ത്തിക്കരികേയുള്ള കരിവെള്ളൂര്‍ എത്തും. കീനേരി കുഞ്ഞമ്പുവിന്റെയും തിടില്‍ കണ്ണന്റെയും ചോരയില്‍ ചുവന്ന കരിവെള്ളൂര്‍. വിപ്ലവവീര്യത്തിനു പഞ്ഞമുണ്ടായിട്ടില്ലാത്ത നാട്. അവിടെ പഴയൊരു ബീഡിനിര്‍മ്മാണശാലയുണ്ട്. അതിന്റെ നെറ്റിയില്‍ വലുതായി എഴുതിച്ചേര്‍ത്ത വാക്കുകള്‍ കേരളക്കരയിലങ്ങോളമിങ്ങോളം ആളിപ്പടര്‍ന്നു കത്തിജ്വലിച്ചതു രാഷ്ട്രീയ കേരളം മറക്കാനിടയില്ല. അടിയന്തരാവസ്ഥയുടെ ചൂടേറ്റു പൊള്ളുന്ന കാലത്ത്, ഇന്ദിരാഗാന്ധിയെ വരവേല്‍ക്കാന്‍ കാത്തിരുന്ന വഴിയരികില്‍ കരിവെള്ളൂരെ സഖാക്കള്‍ ചങ്കൂറ്റത്തോടെ ഇങ്ങനെ കുറിച്ചിട്ടു 'അടിയന്തരാവസ്ഥ അറബിക്കടലില്‍' 'ഇന്ത്യയെന്നാല്‍ ഇന്ദിരയല്ല; ഇന്ദിരയെന്നാല്‍ ഇന്ത്യയുമല്ല' (India is not Indira , Indira is not India) എന്ന്. പട്ടാളഭരണക്കാലത്താണ് ബീഡിത്തൊഴിലാളികളായ സഖാക്കളുടെ പ്രതിരോധം. കടന്നുപോയ കെട്ടകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ആ വാക്കുകളും വഹിച്ച് കാലങ്ങളോളം കരിവള്ളൂരില്‍ ആ ചുമര്‍ തെളിച്ചത്തോടെ, തലയെടുപ്പോടെ നിന്നു.

Graffiti against Indira Gandhi found in Karivellur
ഇന്ദിരാഗാന്ധിക്കെതിരെ കരിവെള്ളൂരിൽ തെളിഞ്ഞ ചുവരെഴുത്Google Gallery

ചുവരെഴുത്തുകള്‍ക്കു കേരള രാഷ്ട്രീയത്തിലുള്ള സ്ഥാനം അത്രവലുതാണ്. ചെറുവാക്കുകള്‍കൊണ്ട് കൊടുങ്കാറ്റൊരുക്കുന്ന തന്ത്രം. മുദ്രാവാക്യങ്ങളോളം ആവേശമാണ് ആ എഴുത്തുകള്‍ക്ക്. കടന്നുപോകുന്ന മനുഷ്യരെ സെക്കന്റുകള്‍കൊണ്ട് പിടിച്ചുനിര്‍ത്തണം. തിരക്കുള്ള മനുഷ്യരുടെ ജീവിതത്തിലേക്ക് ആശയങ്ങളെത്തിക്കണം. മനോഹരമായ കലാപ്രവര്‍ത്തനം കൂടിയാണത്. എറണാകുളത്തെ മഹാരാജാസ് കോളജിന്റെ മുറ്റം ഇരുപത്തിയൊന്നുകാരനായ അഭിമന്യുവിന്റെ രക്തത്തില്‍ കുതിര്‍ന്നപ്പോള്‍ ആ കുട്ടിസഖാവിനു വേണ്ടി വിദ്യാര്‍ത്ഥികള്‍ നീലമഷിയില്‍ ചുവരില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു: 'കൊല്ലാനാണ് ഉദ്ദേശമെങ്കില്‍, എഴുതാനാണു തീരുമാനമെന്ന്'.

കാലം കടന്നുപോകെ എഴുത്തും എഴുത്തുരീതികളും മാറിമാറി വന്നു. നിര്‍മ്മിതബുദ്ധിയുടെ കാലത്ത് ചുവരെഴുത്തിനും റോബോട്ടുകളെത്തി. പ്രോംപ്റ്റ് കൊടുക്കുന്ന വിധം റോബോട്ടു കൈകള്‍ ചുവരുകളില്‍ രാഷ്ട്രീയം വരച്ചിടും. പലനിറങ്ങള്‍കൊണ്ട് തെരഞ്ഞെടുപ്പുകാലം മതിലുകളെ അണിയിച്ചൊരുക്കുകയാണ്. കലാകാരന്മാര്‍ക്ക് രാപ്പകല്‍ പണിയാണ്.

തെരഞ്ഞെടുപ്പിനു ചൂടുപിടിക്കുന്ന ഇതേ കാലത്താണ് ഒരു ഗംഭീര സിനിമാ പ്രഖ്യാപനം കൂടെയെത്തിയത്. സെന്‍സേഷണലായ ഒരു പേര്. മലയാള സിനിമയെ ചേരിതിരിക്കാന്‍ കോര്‍ത്തിണക്കിയ ഒരിരട്ടപ്പേര് - മട്ടാഞ്ചേരി മാഫിയ. മലയാള സിനിമയിലെ മുന്‍നിര സാങ്കേതികപ്രവര്‍ത്തകരും താരങ്ങളും നിരക്കുന്ന ചിത്രം ചര്‍ച്ചയായി. പക്ഷെ തെരഞ്ഞെടുപ്പ് കാലമായതുകൊണ്ടാവാം സൂക്ഷ്മപരിശോധനയില്‍ അതില്‍ തെളിഞ്ഞ അവ്യക്തമായൊരു പോസ്റ്ററായി പിന്നീട് സിനിമാകൂട്ടങ്ങളിലെ മുഖ്യവിഷയം. 'വിജയിപ്പിക്കുക' എന്ന വാചകത്തിനൊപ്പം തെളിഞ്ഞ പോസ്റ്റര്‍ പാലക്കാട്ടെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രമേശ് പിഷാരടിയുടേതാണെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നു. തമാശക്കെങ്കിലും സിനിമക്കുള്ളിലെ രാഷ്ട്രീയമെന്ന് ആ ചെറിയൊരു പോസ്റ്റര്‍ വിലയിരുത്തപ്പെട്ടു. പതിയെ സിനിമകളിലെ പോസ്റ്ററുകള്‍ ചികഞ്ഞുതുടങ്ങി സാമൂഹ്യമാധ്യമങ്ങള്‍.

സിനിമകളിലെ ചുവരെഴുത്തു കണ്ടെത്തലുകളില്‍ കൗതുകം കൂട്ടിയത് മേളയാണ്. 1980 ല്‍ പുറത്തിറങ്ങിയ കെ.ജി. ജോര്‍ജ് ചിത്രം. മമ്മൂട്ടി, ശ്രീനിവാസന്‍, രഘു തുടങ്ങിയവര്‍ പ്രധാനവേഷങ്ങളെ അവതരിപ്പിച്ച മേള ഒരു സര്‍ക്കസ്‌ക്കൂടാരത്തെ ചുറ്റിപ്പറ്റിയുള്ള കഥയവതരിപ്പിച്ചു. പെരിങ്ങളത്തു ചിത്രീകരിച്ച മേളയില്‍ പലയിടങ്ങളിലായി ശശീന്ദ്രന് വോട്ടു ചോദിച്ചുകൊണ്ടുള്ള ചുവരെഴുത്തു തെളിഞ്ഞിരുന്നു. എ.കെ. ശശീന്ദ്രനെ വിജയിപ്പിക്കുക എന്ന ചുവരെഴുത്ത് പശ്ചാത്തലമായി വന്ന ഫ്രയിമുകള്‍ നാല്പത്തിയാറു വര്‍ഷത്തിന്റെ മാറ്റം അടയാളപ്പെടുത്തി. 1980-ല്‍ അന്നത്തെ പെരിങ്ങളം നിയമസഭ മണ്ഡലത്തില്‍നിന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (യു) സ്ഥാനാര്‍ത്ഥിയായി കന്നിയങ്കത്തിനിറങ്ങി വിജയിച്ചായിരുന്നു എ.കെ. ശശീന്ദ്രന്റെ നിയമസഭാ പ്രവേശനം. പിന്നീട് 1982 മുതല്‍ 1987 വരെ എടക്കാട് മണ്ഡലത്തെയും 2006 മുതല്‍ 2011 വരെ ബാലുശ്ശേരി മണ്ഡലത്തെയും പ്രതിനിധീകരിച്ചു. 2011 മുതല്‍ എലത്തൂരു നിന്നും മികച്ച ഭൂരിപക്ഷത്തില്‍ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെടുന്ന ശശീന്ദ്രന്‍ ഈ വര്‍ഷം, തന്റെ എണ്‍പതാം വയസ്സില്‍ വീണ്ടും അതേ മണ്ഡലത്തില്‍ ജനവിധി തേടുകയാണ്. തുടര്‍ച്ചയായി ഒരേ മണ്ഡലത്തില്‍ നിന്നുള്ള ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എതിര്‍പ്പുയരുന്നതിനിടെയാണ് നാല്പത്തിയാറു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ചിത്രവും ശ്രദ്ധനേടുന്നത്.

 Saseendran graffiti in Movie Mela
മേള സിനിമയിലെ എ കെ ശശീന്ദ്രന്റെ ചുവരെഴുത്ത്Movie Mela

എ കെ ശശീന്ദ്രന്റെ സ്‌പെഷ്യല്‍ കാമിയോ (ചുവരെഴുത്ത്) ട്രെന്റിങായതോടെ പഴയ സിനിമകളിലെ സമാന ചുവരെഴുത്തുകള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തൂവാനത്തുമ്പികള്‍ മുതല്‍ വിക്രമാദിത്യന്‍ വരെ അതില്‍ പെടും.

സിനിമയുടെ രാഷ്ട്രീയ പശ്ചാത്തലത്തിനു ഊര്‍ജ്ജംപകരാനൊരു ടൂളായി ഇത്തരം പോസ്റ്ററുകളും മുദ്രാവാക്യങ്ങളും ചുവരെഴുത്തുകളും ഉപയോഗപ്പെടുത്തിയ ചിത്രമായിരുന്നു ജോണ്‍ എബ്രഹാമിന്റെ 'അമ്മ അറിയാന്‍'. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഐതിഹാസിക സമരപശ്ചാത്തലത്തിലേക്കാണ് നായകന്‍ കടന്നു വരുന്നത്. ആ കാംപസ് എത്ര സംഘര്‍ഷഭരിതമാണെന്ന് അവിടെ തെളിഞ്ഞു തുടങ്ങുന്ന എഴുത്തുകള്‍ കാട്ടിത്തരും. ആരോഗ്യമേഖലയുടെ സ്വകാര്യവത്കരണത്തിന്റെ വരുംകാല പ്രതിഫലനങ്ങള്‍ ജോണ്‍ എബ്രഹാം ഒളിമറകളില്ലാതെ എഴുതിയിടുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ തൊഴിലാളികളെ തമ്മിലടിപ്പിച്ചതിന്റെ രാഷ്ട്രീയ ലാഭം ഒരു കൈപ്പത്തിക്ക് സമീപത്തുപതിയുന്ന ചോരപുരണ്ട കൈകളില്‍ ആ സംവിധായകന്‍ മറച്ചുപിടിക്കുന്നുണ്ട്. ചുവര്‍ഛായങ്ങളെ അത്രത്തോളം ഉപയോഗപ്പെടുത്തിയ കഥാകാരന്‍ ജോണ്‍ എബ്രാഹിമു മുന്‍പോ ശേഷമോ ഒരുപക്ഷേ, ഉണ്ടായിരിക്കില്ല.

Scene from the movie 'Amma Ariyan'
'അമ്മ അറിയാൻ' എന്ന ചിത്രത്തിലെ രംഗംMovie Amma Ariyan

കാലങ്ങള്‍ക്കപ്പുറവും ഇപ്പുറവും രാഷ്ട്രീയ, അരാഷ്ട്രീയ സിനിമകള്‍ കണക്കില്ലാത്തയളവില്‍ പ്രത്യക്ഷപ്പെട്ടു. സന്ദേശം മുതല്‍ എമ്പുരാന്‍വരെ തിയേറ്ററില്‍ ആളുകേറാന്‍മാത്രം പ്രാപ്തിയില്‍ കൊമേഴ്ഷ്യലായി. പൊളിറ്റിക്കല്‍ ത്രില്ലറുകളില്‍ പ്രചാരണതന്ത്രങ്ങള്‍ വിജയം കൊയ്യുന്ന ഫോര്‍മാറ്റായി. വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ 'ഫ്‌ളെക്‌സ്' തമാശയൊക്കെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചു. അപ്പോഴും ഒളിഞ്ഞും മറിഞ്ഞും പല പശ്ചാത്തലങ്ങളൊരുക്കി, എ.കെ. ശശീന്ദ്രനെപ്പോലെ മറ്റു സ്ഥാനാര്‍ത്ഥികളും ഫ്രയിമുകളില്‍ ഡോക്യുമെന്റു ചെയ്യപ്പെടുന്നുണ്ടായിരുന്നു.

ഒരു ഡ്രാമക്ക് ത്രില്ലിംഗ് റിവഞ്ച് ക്ലൈമാക്‌സ് സമ്മാനിച്ച വിക്രമാദിത്യന്‍ വല്ലാത്തൊരു എനര്‍ജി പമ്പിങ്ങിലാണ് അവസാനിക്കുന്നത്. മത്സരത്തില്‍ ഒന്നിച്ചോടിയ രണ്ടോട്ടക്കാര്‍ രണ്ടുവിധം പരസ്പരം ഓടിത്തോല്‍പ്പിച്ച കഥ ഒരു പൊലീസ് ഓഫീസിനുമുന്നില്‍ അവസാനിക്കുമ്പോള്‍ കഥയ്ക്ക് പശ്ചാത്തലമൊരുക്കുന്ന തെരഞ്ഞെടുപ്പ് തോരണങ്ങളും പോസ്റ്ററുകളും കാണാം. സിനിമയില്‍ നിന്നും മങ്ങിമാഞ്ഞുപോയ പരിചിതമായൊരു മുഖം അവിടെ ഫോക്കസൗട്ടില്‍ നമ്മുടെ ശ്രദ്ധപിടിച്ചുപറ്റും. മലയാള സിനിമയുടെ ഇന്നച്ചന്‍. 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുടയില്‍ നിന്നും മത്സരിച്ച ഇടതുപക്ഷ സ്ഥാനാര്‍ഥി ഇന്നസെന്റിന്റെയും യു.ഡി.എഫ് സ്ഥാനാര്‍ഥി പി.സി. ചാക്കോയുടെയും പോസ്റ്ററുകളാണ് വിക്രമാദിത്യയുടെ ക്ലൈമാക്‌സിലുള്ളത്. അതേ വര്‍ഷമാണ് ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനും ഒന്നിച്ചഭിനയിച്ച വിക്രമാദിത്യൻ 78 കോടിയുടെ മിന്നും ജയം കാഴ്ചവെച്ചതും. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ആ പാര്‍ലമെന്റിലേക്ക് ഇരിങ്ങാലക്കുടക്കാര്‍ ഇന്നസെന്റിനെ തെരഞ്ഞെടുത്തു. 13,884 വോട്ടുകളുടെ ഭൂരിപക്ഷമാണ് ചാക്കോക്കെതിരെ ഇരിങ്ങാലക്കുടയില്‍ നേടിയതെങ്കിലും 2019 ല്‍ വീണ്ടും മത്സരിച്ച ഇന്നസെന്റ് ബെന്നി ബഹനാനോട് തോല്‍വിയേറ്റുവാങ്ങി. ഇന്നും വിക്രമാദിത്യന്റെ ക്ലൈമാക്‌സില്‍ സൂപ്പര്‍ ഹീറോയ്ക്ക് മൊമന്റ്സ് സമ്മാനിച്ച് ദുല്‍ഖര്‍ കഥാപാത്രം യാത്രയാകുമ്പോള്‍ 2014 ലെ തെരഞ്ഞെടുപ്പില്‍ ഇന്നസെന്റൊരുക്കിയ ഓളവും മനസ്സില്‍ തെളിയും.

Vikramadityan movie climax scene
വിക്രമാദിത്യൻ സിനിമയുടെ ക്ലൈമാക്സ് രംഗം Movie Vikramadithyan

സന്ധ്യക്ക് വിരിഞ്ഞ പൂവ് എന്ന തോപ്പില്‍ ഭാസി കഥയൊരുക്കിയ ചിത്രത്തില്‍ വളരെ പെട്ടന്ന് തീര്‍ന്നു പോകുന്ന ഒരു സീനില്‍ കേരളത്തിലെ പ്രമുഖനായൊരു നേതാവിന്റെ ചുവരെഴുത്തുണ്ട്. കേരളചരിത്രത്തില്‍ തന്നെ ഒരേ മണ്ഡലത്തില്‍ നിന്നും ഏറ്റവുമധികം തവണ തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു നേതാവ്. പുതുപ്പള്ളിയുടെ സ്വന്തം ഉമ്മന്‍ ചാണ്ടി. 'നമ്മുടെ സ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടിയെ വിജയിപ്പിക്കുക' - സിനിമയില്‍ നായികയെ കാണാനായി കാറില്‍ നിന്നും പുറത്തിറങ്ങുന്ന നായകന് പിറകിലായി ഈ വാക്യങ്ങള്‍ തെളിഞ്ഞു കാണാം. 1983 ല്‍ പുറത്തിറങ്ങിയ ചിത്രം കോട്ടയത്തിന്റെ വിവിധയിടങ്ങളിലാണ് ചിത്രീകരിച്ചിട്ടുള്ളത്. 1982 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുവരെഴുത്തുകളാകണം സിനിമയുടെ പശ്ചാത്തലത്തിലേക്ക് ഒരതിഥിയായി കടന്നുവന്നത്. 1970 ല്‍ സിപിഎം സ്ഥാനാര്‍ഥി ഇ.എം. ജോര്‍ജിനെ 7288 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് ഇരുപത്തിനാലുകാരന്‍ ഉമ്മന്‍ ചാണ്ടി ആദ്യമായി പുതുപ്പള്ളിയില്‍ നിന്നും നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. ശേഷം 1970, 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021വര്‍ഷങ്ങളില്‍ പുതുപ്പള്ളിക്കാര്‍ക്കു മറ്റൊരു നേതാവിനെക്കുറിച്ചു ചിന്തിക്കേണ്ടി വന്നിട്ടില്ല. ഉമ്മന്‍ചാണ്ടിക്കായി ഒരുക്കിയ തെരഞ്ഞെടുപ്പ് വാക്യം കൂടെയാണ് അറിഞ്ഞോ അറിയാതെയോ സിനിമ അതിന്റെ ഫ്രയിമില്‍ പകര്‍ത്തിയത്.

Scene from the movie "Sandhyakk Virinja Poovu"
സന്ധ്യക്ക് വിരിഞ്ഞ പൂവ് എന്ന ചിത്രത്തിലെ രംഗംMovie Sandhyakku Virinja Poovu

മോഹന്‍ലാലിന്റെ കരിയറിലെ സുപ്രധാന ചിത്രമായിരുന്ന ഇരുപതാം നൂറ്റാണ്ടിലും മറ്റൊരു സമുന്നത നേതാവിന്റെ പഴയകാല ചുവരെഴുത്ത് കാണാനാകും. കെ. ശങ്കരനാരായണ പിള്ളയുടേത്. രണ്ടാം ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ ഗതാഗത മന്ത്രിയായിരുന്നു ശങ്കരനാരായണ പിള്ള. 1982, 1987 വര്‍ഷങ്ങളിലായി രണ്ടുതവണ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജയിച്ചാണ് നിയമസഭയിലെത്തിയത്. പിന്നീട് കോണ്‍ഗ്രസ്സിലേക്കു മാറുകയും കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്ത ശങ്കരനാരായണ പിള്ള കേരള വികാസ് പാര്‍ട്ടിക്ക് രൂപം നല്‍കി.

കെ.ജി. ജോര്‍ജിന്റെ പൊലീസ് പ്രൊസീജ്യറല്‍ ഡ്രാമയായ 'ഈ കണ്ണികൂടി' എന്ന സിനിമ ആരംഭിക്കുന്നതുതന്നെ 1990 ലെ വക്കം പുരുഷോത്തമന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായുള്ള ചുവരെഴുത്തിലാണ്. കൂടിക്കാഴ്ച എന്ന ജയറാം ചിത്രത്തില്‍ മുസ്ലിം ലീഗ് നേതാവ് എ.യഹിയയുടെ ചുവരെഴുത്തും മുത്താരം കുന്ന് (പി ഓ)യില്‍ കെ കുഞ്ഞമ്പുവിന്റെ ചുവരെഴുത്തും കാണാം. 1980 ല്‍ പുറത്തിറങ്ങിയ സുകുമാരന്‍ നായകനായ വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രത്തില്‍ ഒരു അമ്പലത്തിന്റെ മതിലില്‍ നീളത്തില്‍ കുറിച്ചിരിക്കുന്ന പേര് അവ്യക്തമായി കാണാനാവും. തിയേറ്ററില്‍ ദയനീയമായി പരാജയപ്പെടുകയും പിന്നീട് മലയാള പ്രണയചിത്രങ്ങളുടെ നിരയില്‍ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെടുകയും ചെയ്ത പദ്മരാജന്റെ തൂവാനത്തുമ്പികളില്‍ തൃശൂര്‍ ടൗണില്‍ അക്കാലത്ത് പ്രത്യക്ഷപ്പെട്ട ബിജെപി പോസ്റ്ററുകളുണ്ട്. 'ഒരു നാരങ്ങ സോഡാ കാച്ചാനുള്ള' ജയകൃഷ്ണന്റെ പോക്കിനിടയില്‍ നാലുവശങ്ങളിലേക്കും നീട്ടിവലിച്ചുകെട്ടിയ പോസ്റ്ററുണ്ട്. പ്രൊഫസര്‍ പി രാമചന്ദ്രന് താമര അടയാളത്തില്‍ വോട്ടുചെയ്യുക എന്നാണ് ആ ഫ്രയിമിനെ തന്നെ ഡോമിനേറ്റ് ചെയ്തുകൊണ്ട് എഴുത്ത് പറഞ്ഞത്.

സൂക്ഷ്മമായ നോട്ടങ്ങളില്‍ കഥകള്‍ക്കിടയിലൂടെ മറ്റെന്തെല്ലാം കഥകളും യാഥാര്‍ഥ്യങ്ങളുമാണ് സിനിമകള്‍ പറഞ്ഞു വെച്ചതും വരും കാലങ്ങള്‍ക്കായി മാറ്റിവെച്ചതും. തെരഞ്ഞെടുപ്പ് ചൂടില്‍ ഈ കൗതുക ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. അറിഞ്ഞോ അറിയാതെയോ സിനിമ കാലത്തിന്റെ ഡോക്യൂമെന്റേഷനായി തീരുന്നത് അങ്ങനെയാണ്. ചലിക്കുന്ന ആ ചിത്രങ്ങള്‍ വരും കാലത്തോട് ഒരു കഥമാത്രമല്ല പറയുന്നത്; ആ കാലത്ത് ഈ ലോകം ഇതാ ഇങ്ങനെയൊക്കെ ആയിരുന്നു എന്നുകൂടെയാണ്.

Summary

With A.K. Saseendran's special cameo (graffiti) trending, social media is finding similar graffiti from old movies. It includes movies from Thuvanathumbikal to Vikramadityan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com